സ്നേഹസമ്പന്നനായ ഭർത്താവ്, അച്ഛനമ്മമാരെപ്പോലെ കെയറിങ്ങും സപ്പോർട്ടീവുമായ ഇൻലോസ്, സൗഹൃദം പങ്കു വയ്ക്കാൻ തയ്യാറാവുന്ന ഭർതൃസഹോദരങ്ങൾ…. സ്വന്തം വീടിനെക്കാൾ പ്രിയങ്കരം ഭർത്യ വീടാവണം… ഇങ്ങനെയൊക്കെ സ്വപ്നം കണ്ടു നടക്കുന്ന പെൺകുട്ടി വിവാഹ ശേഷം ഭർതൃഗൃഹത്തിലെത്തുമ്പോൾ അവിടത്തെ സാഹചര്യങ്ങൾ അവൾ കരുതും വിധം തൃപ്ത‌ികരമാവണമെന്നില്ല. ഭർതൃസഹോദരങ്ങളും അവരുടെ കുടുംബവും ഒന്നിച്ചു താമസിക്കുകയാണെങ്കിലാണ് കൂടുതൽ അഡ്‌ജസ്‌റ്റ്‌മെന്‍റ് ആവശ്യമായി വരുന്നത്. ബന്ധങ്ങളിൽ കയ്‌പു നിറയാൻ ചെറിയൊരു തെറ്റിദ്ധാരണ മതി. വളർന്നുവരുന്ന പെൺകുട്ടികളോട് നാളെ മറ്റൊരു വീട്ടിലേയ്ക്ക് പോകേണ്ടതാണ് നീയെന്നും, നല്ല അടക്കവും ഒതുക്കവും ക്ഷമയുമൊക്കെ വേണമെന്നും മുതിർന്നവർ ഉപദേശിക്കുന്നത് ഇതുകൊണ്ടാവും. അന്യവീട്ടിൽ നിന്നും വന്നതാണെങ്കിലും സൗമ്യവും ഹൃദ്യവുമായ പെരുമാറ്റത്തിലൂടെ മരുമകൾക്കും ഭർതൃഗൃഹത്തിൽ സ്നേഹത്തിന്‍റെ സുഗന്ധം നിറയ്ക്കാനാവും. ഓരോ കുടുംബാംഗവും നിങ്ങളുടെ ശ്രദ്ധയും പരിഗണനയും ആഗ്രഹിക്കുന്നുണ്ട്. “മരുമകളല്ല മകളാണ് ഇതെന്നു” പറയിക്കാൻ…

  • വീട്ടിലെ മുതിർന്നവരെ ആദരിക്കാനും ബഹുമാനിക്കാനും പഠിക്കുക. ഭർതൃ രക്ഷിതാക്കളോട് നിങ്ങൾ സ്നേഹത്തോടെ പെരുമാറുന്നത് ഭർത്താവിന് നിങ്ങളിലുള്ള മതിപ്പ് വർദ്ധിപ്പിക്കുകയേയുള്ളൂ.
  • നാത്തൂനോടും സഹോദരങ്ങളോടും സൗഹൃദപരമായി പെരുമാറാം. സ്വന്തം സഹോദരിയെന്ന പോലെ സ്നേഹവും അടുപ്പവും അവരോടുമാവാം. കൊച്ചു കൊച്ചു സഹായങ്ങൾക്കും വിട്ടുവീഴ്ചകൾക്കും തയ്യാറാവണം. ഉദാരമനസ്കതയും ഷെയറിംഗ് മെന്‍റാലിറ്റിയും നല്ലതാണ്.
  • കുടുംബാംഗങ്ങൾ ഏതെങ്കിലും തരത്തിലുള്ള പ്രശ്ന‌ങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ അത് ചോദിച്ചു മനസ്സിലാക്കി പരിഹാരം കണ്ടെത്താൻ ശ്രമിക്കുക. സ്വന്തം കാര്യം സിന്ദാബാദ് നയം വേണ്ട. ഭർതൃ കുടുംബാംഗങ്ങളും നിങ്ങൾക്ക് വേണ്ടപ്പെട്ടവരാണെന്ന കാര്യം മറക്കരുത്.
  • കുടുംബാംഗങ്ങളുടെ ഭക്ഷണകാര്യത്തിൽ അവഗണനയോ അമിത ഇടപെടലോ പാടില്ല.
  • ഭർത്താവുമൊന്നിച്ച് ഷോപ്പിംഗിങ്ങിനു പോകുന്നുവെങ്കിൽ വീട്ടിലെ മറ്റ് അംഗങ്ങൾക്കും എന്തെങ്കിലും ചെറിയ ഗിഫ്റ്റ് വാങ്ങുക.
  • കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ഒരാൾക്ക് സുഖമില്ലാതെ വരികയാണെങ്കിൽ അവർക്ക് വേണ്ട സഹായം ചെയ്‌തു കൊടുക്കുക. ആവശ്യമെങ്കിൽ ഡോക്‌ടറുടെ അടുത്തു കൊണ്ടു പോകണം.
  • കൂടുതൽ പരാതിയും പരിഭവങ്ങളും കടപ്പാടുകളുമൊന്നും വേണ്ട.

വീട്ടുത്തരവാദിത്തങ്ങൾ അവഗണിക്കരുത്

  • ഭർതൃഗൃഹവും സ്വന്തം വീടു തന്നെ. അപ്പോൾ വീട്ടിലെ ഉത്തരവാദിത്തങ്ങൾ സ്വയം ഏറ്റെടുത്ത് കുടുംബാംഗങ്ങളുടെ പ്രശംസയും ശ്രദ്ധയും നേടിയെടുക്കുക.
  • വീട്ടുജോലി ഒരു ഭാരമായി കാണരുത്. ഉത്തരവാദിത്തമായി ഏറ്റെടുക്കുക.
  • ഉദ്യോഗസ്ഥയാണ് നിങ്ങളെങ്കിൽ ജോലിഭാരം അധികമാവുന്ന പക്ഷം നാത്തുനോടോ, അമ്മായിയമ്മയോടോ സഹായം അഭ്യർത്ഥിക്കാം.
  • ജോലി കൃത്യസമയത്ത് തന്നെ ചെയ്‌ തീർക്കാൻ ശ്രമിക്കുക. കുറ്റം പറയുവാൻ അവസരം ഒരുക്കി കൊടുക്കാതിരിക്കുക.
  • വൃത്തിയും വെടിപ്പുമുള്ള വീട് കണ്ടാൽ വീട്ടമ്മയുടെ മിടുക്കാണെന്നേ ആരും പറയൂ. ഇടയ്ക്ക് വീടിന്‍റെ അറേഞ്ച്മെന്‍റ്സിൽ മാറ്റം വരുത്തി ആകർ ഷകമാക്കാം.

പോസിറ്റീവ് അറ്റിറ്റ്യൂഡ്

  • ഹോം മെയിന്‍റനൻസിൽ പോസിറ്റീവ് സമീപനം വച്ചു പുലർത്തുന്നതാണ് നല്ലത്. വളരെ ക്രിയാത്മകമായ രീതിയിൽ കാര്യങ്ങൾ നോക്കി കാണുകയാണെങ്കിൽ ഏതു പ്രശ്നത്തിനും അനായാസ പരിഹാരം കണ്ടെത്താനാവും.
  • മുഖത്ത് പ്രസന്നഭാവം സൂക്ഷിക്കുക. വിഷമവും ദേഷ്യവും നിറഞ്ഞ ഭാവം മറ്റുള്ളവർക്കും അനിഷ്‌ടം തോന്നിക്കുകയേയുള്ളൂ. സൗമ്യമായും പുഞ്ചിരിച്ച മുഖത്തോടും കൂടി കാര്യങ്ങൾ അവതരിപ്പിച്ചു നോക്കൂ. നിങ്ങളുടെ പ്രശ്‌നങ്ങൾ ആരും ശ്രദ്ധയോടെ തന്നെ കേൾക്കും.
  • ഏതൊരു പ്രശ്‌നത്തിന്‍റെയും നല്ല വശം. മാത്രം സ്വീകരിക്കുക.
  • സദാ വഴക്കുണ്ടാക്കലും പരാതി ബോധിപ്പിക്കലുമൊന്നും വേണ്ട. ഇല്ലായ്‌മകളും വല്ലായ്‌മകളും പറഞ്ഞു കൊണ്ടിരിക്കാതെ ഉള്ളതുകൊണ്ട് ഓണം പോലെ എന്ന സമീപനം വളർത്തിക്കൊണ്ടു വരിക. സദാ ഭർതൃവീട്ടുകാരെക്കുറിച്ച് കുറ്റം പറയുന്നതിനു പകരം അവരെക്കുറിച്ച് നല്ലത് പറയാൻ ശ്രമിക്കുക. വഴക്കുകളും പ്രശ്‌നങ്ങളുമുണ്ടാവുമ്പോൾ നിശ്ശബ്ദത പാലിക്കുകയാണ് ബുദ്ധി. നിങ്ങളുടെ ഭാഗത്താണ് ന്യായമെങ്കിൽ പോലും സൗമ്യമായി സംസാരിച്ച് രമ്യതയിലെത്തിക്കാൻ ശ്രമിക്കണം.
  • രണ്ടു കൈയും കൊട്ടിയാലേ ശബ്ദമുണ്ടാവൂ എന്നതിനാൽ നിങ്ങളുടെ ഭാഗം കറക്‌ടായിരിക്കാൻ ശ്രദ്ധിക്കുക. തർക്കത്തിന് വരുന്നവർ ശബ്ദമുയർത്തിയാണ് സംസാരിക്കുന്നതെങ്കിൽ നിങ്ങൾ തല്ക്കാലം ശാന്തരായിരിക്കാൻ ശ്രമിക്കുക. അവരുടെ ദേഷ്യം കുറയുമ്പോൾ പ്രശ്നം അവതരിപ്പിക്കുക.

അമ്മായിയമ്മ ശത്രുവല്ല

ടി.വി. സീരിയലുകളിലും കഥകളിലുമെക്കെ അമ്മായിയമ്മയ്ക്ക് വില്ലൻ റോളാണ് നൽകുന്നത്. ഈയൊരു സങ്കല്പ‌ത്തോടെയാണ് മരുമകൾ ഭർതൃഗൃഹത്തിലെത്തുന്നതെന്നതിനാൽ അവൾ സ്വാഭാവികമായി തന്നെ നെർവസ്സാകും. അമ്മായിയമ്മപ്പോര് ഉണ്ടാകുമോയെന്ന ആശങ്ക അവരെ അലട്ടും. ഈ ചിന്തയിൽ മാറ്റം വരുത്തുകയാണ് വേണ്ടത്.

  • സ്വന്തം അമ്മയോടെന്ന പോലെ സ്നേഹത്തോടെയും അടുപ്പത്തോടെയും അമ്മായിയമ്മയോട് പെരുമാറുക. ഓപ്പൺ ആയി സംസാരിക്കുക.
  • നിങ്ങൾക്ക് ഒരു പ്രശ്‌നമുണ്ടാവുമ്പോൾ അമ്മായിയമ്മയുമായി ചർച്ച ചെയ്യുക. സ്‌ഥാനവും പരിഗണനയും നൽകുന്നുവെന്ന തോന്നൽ അവർക്കുണ്ടാവട്ടെ.
  • നല്ല ഭക്ഷണം തയ്യാറാക്കുമ്പോൾ അമ്മായിയമ്മയെ പ്രശംസിക്കാം. കൈപ്പുണ്യത്തേയും വൈദഗ്ദ്ധ്യത്തെയും കുറിച്ച് പ്രത്യേകിച്ച് എടുത്തു പറയുകയോ പരാമർശിക്കുകയോ ചെയ്യാം.
  • അമ്മായിയമ്മ ഉപദേശിക്കുമ്പോൾ ഇടയ്ക്കു കയറി സംസാരിക്കാതെ അവരുടെ സംസാരം ശ്രദ്ധയോടെ കേൾക്കുക. തന്നെക്കാൾ അനുഭവസമ്പന്നയാണ് അമ്മായിയമ്മ എന്നുൾക്കൊണ്ട് തർക്കിക്കാതിരിക്കുക.

ഭർതൃമനസ്സും കീഴടക്കാം

ഭർത്താവിന്‍റെ മനസ്സിൽ ഇടം നേടിയാൽ നിങ്ങൾക്ക് ഭർതൃഗൃഹത്തിൽ മഹാറാണിയെപ്പോലെ ജീവിക്കാം.

  • ശരിയായ സന്ദർഭം കണക്കിലെടുത്ത് ഭർത്താവിനെ പ്രശംസിക്കാം. ഭർത്താവിന്‍റെയും ഭർതൃവീട്ടുകാരുടെയും കുറ്റങ്ങളും കുറവുകളും എടുത്തു പറയാതെ അവരുടെ നല്ല വശങ്ങളെക്കുറിച്ച് സംസാരിക്കാം.
  • അപ്രതീക്ഷിതമായി ഓഫീസിലെ സുഹൃത്തുക്കളെയും കൂട്ടി അദ്ദേഹം വീട്ടിലെത്തിയാൽ മുഖം കനപ്പിച്ചു വയ്ക്കാതെ അവരോട് മാന്യമായി പെരുമാറൂ. അത്യാവശ്യമില്ലാത്ത ജോലികൾ പിന്നത്തേയ്ക്ക് മാറ്റിവച്ച് ഉടനെ ഒരു ലഞ്ചോ ഡിന്നറോ തയ്യാറാക്കാം. നിങ്ങളുടെ ഹൃദ്യമായ പെരുമാറ്റം ഭർത്താവിന് നിങ്ങളിലുള്ള മതിപ്പ് വർദ്ധിപ്പിക്കും.
  • ഭർത്താവ് വീട്ടിലുള്ളപ്പോൾ അദ്ദേഹത്തിന്‍റെ കാര്യത്തിൽ പൂർണ്ണശ്രദ്ധ നൽകുക. അദ്ദേഹത്തിന്‍റെ ഇഷ്‌ടാനിഷ്ടങ്ങൾ മനസ്സിലാക്കുക. സെക്സ് അവഗണിക്കാതിരിക്കുക. വിവാഹ ബന്ധത്തിൽ സെക്‌സിനുള്ള പ്രാധാന്യം വളരെ വലുതാണ്.
  • അശ്രദ്ധയോടെ നടക്കുന്നതിനു പകരം വൃത്തിയായി ഒരുങ്ങുക. ഭാര്യ സുന്ദരിയായി നടക്കുന്നതു കാണാനാണ് ഏതൊരു ഭർത്താവും ഇഷ്ടപ്പെടുക.

ബജറ്റ് തയ്യാറാക്കുക

സാമ്പത്തിക ഭദ്രതയുണ്ടെങ്കിൽ മാത്രമേ വീട് ശരിയായ രീതിയിൽ നോക്കി നടത്താനാവു. അതിനാൽ ആദ്യമേ തന്നെ ശരിയായ ഒരു ഇക്കണോമിക് പ്ലാനിംഗ് വേണം. ഇതിൽ കുറഞ്ഞ ചെലവിൽ വീട്ടു കാര്യങ്ങൾ എത്ര ഭംഗിയോടെ നോക്കി നടത്തുന്നുവെന്നതും സുപ്രധാനമാണ്.

  • ഭർത്താവ് വീട്ടുചെലവിന് നൽകുന്ന തുകയിൽ നിന്നും ചെറിയൊരു സംഖ്യ മിച്ചം പിടിക്കുകയോ, സേവിംഗ് സ്‌കീമുകളിൽ നിക്ഷേപിക്കുകയോ ചെയ്യണം. പണത്തിനേറെ ആവശ്യം വരുന്ന സാഹചര്യത്തിൽ ഈ തുക നിങ്ങൾക്ക് വലിയൊരനുഗ്രഹമായിരിക്കും.
  • സാധനങ്ങളുടെ വില തട്ടിച്ചു നോക്കിയ ശേഷം പർച്ചേസിംഗ് ആവാം. എന്നാൽ വിലക്കുറവു നോക്കി പായുമ്പോൾ ഗുണനിലവാരം നഷ്ടമാവുന്നില്ലെന്നു കൂടി ഉറപ്പു വരുത്തുക.
  • ആർഭാടവും അനാവശ്യച്ചെലവുകളും വേണ്ട. ഉദ്യോഗസ്ഥയല്ലെങ്കിൽ ട്യൂഷൻ, ഫ്രീലാൻസ് റൈറ്റിംഗ്, ഫോട്ടോഗ്രാഫി, പെയിന്‍റിംഗ് പോലുള്ള ഹോബികളിലൂടെയും വീട്ടിലിരുന്നു വരുമാനമുണ്ടാക്കാം.

ഓർഗനൈസ്‌ഡ് ആവാം

അടുക്കും ചിട്ടയും വൃത്തിയും വെടിപ്പുമൊക്കെയുള്ള വീടാണെങ്കിൽ വഴക്കും പ്രശ്‌നങ്ങളും നന്നേ കുറവായിരിക്കും.

  • എന്തൊക്കെ വേണമെന്നതിനെക്കുറിച്ച് ആദ്യമേ ഒരു ലിസ്‌റ്റ് തയ്യാറാക്കുക. ഷോപ്പിംഗിനു പോകുന്നതിനു മുമ്പ് വേണ്ടവയെക്കുറിച്ച് ഒരു കടലാസ്സിൽ കുറിച്ചു വയ്ക്കണം.
  • എന്നും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക. ഓരോ ജോലിയും നിശ്ചിത ദിവസം നിശ്ച‌ിത സമയത്തിനു ള്ളിൽ തന്നെ ചെയ്തു തീർക്കാനാവും.
  • ഉദ്യോഗസ്‌ഥയാണെങ്കിൽ സമയത്തിന് ജോലികൾ ചെയ്‌ത് തീർക്കുന്നതിന് കുട്ടികളുടെയും ഭർത്താവിന്‍റെയും മറ്റു കുടുംബാംഗങ്ങളുടെയും സഹായം തേടാം. പരസ്പര സഹകരണവും സ്നേഹമനോഭാവവുമാണ് നിങ്ങളുടേതെങ്കിൽ കുടുംബാംഗങ്ങൾ നിങ്ങളുടെ അഭ്യർത്ഥന ഒരിക്കലും നിരസിക്കില്ല.
  • വീട് വൃത്തിയായി സൂക്ഷിക്കുന്നതു പോലെ ജീവിതത്തിനും ഒരടുക്കും ചിട്ടയും വരുത്താൻ ശ്രമിക്കുക. ഓരോന്നും അതാതിടത്ത് തന്നെ വയ്ക്കുക. ആവശ്യം വരുന്ന സാഹചര്യങ്ങളിൽ അന്വേഷണവും ടെൻഷനും വേണ്ട. കുട്ടികളെ അച്ചടക്കവും സമയനിഷ്ഠയും പാലിക്കാൻ പരിശീലിപ്പിക്കണം.
  • അടുക്കള ജോലികൾ പോലും നിമിഷനേരത്തിനകം ചെയ്‌ത് തീർക്കുന്ന ഇലക്ട്രോണിക്‌സ് ഉല്‌പന്നങ്ങൾ ഇന്ന് വിപണിയിലുണ്ട്. സമയലാഭം മാത്രമല്ല നല്ല റിസൾട്ടും ലഭിക്കും. ഇരുപത്ത നാലു മണിക്കൂറും അടുക്കള ജോലി എന്ന പരാതിയും വേണ്ട.

സ്വയം അവഗണിക്കാതിരിക്കുക

  • അല്പസമയം നിങ്ങൾക്കു വേണ്ടിയും മാറ്റി വയ്ക്കുക. സംഗീതം ഇഷ്ടമുള്ളവർക്ക് പാട്ടു കേൾക്കാം. എക്സർസൈസ്, യോഗ എന്നിവ ചെയ്യാം. കൂട്ടുകാരികളോട് തമാശ പറയാം.
  • സൗന്ദര്യ പരിചരണത്തിലും ശ്രദ്ധയാവാം. നെയിൽ കെയർ, പെഡിക്യൂർ, മാനിക്യൂർ, ഫേഷ്യൽ, ബ്ലീച്ചിംഗിനുമൊക്കെ സമയം കണ്ടെത്തുക. മനസ്സിനിണങ്ങിയ വസ്ത്രങ്ങൾ ധരിക്കുക. നിങ്ങൾക്കു വേണ്ടിയും ചെറിയൊരു ഷോപ്പിംഗ് ആവാം.
  • വീട്ടമ്മയാണെങ്കിൽ വീട്ടിലിരുന്ന് ബോറടിക്കാതെ തയ്യലിനോ, ബ്യൂട്ടീഷ്യൻ കോഴ്സസിനോ മറ്റോ ചേരാം. നിങ്ങൾക്ക് ഈ രംഗത്ത് മിടുക്കും തെളിയിക്കാം. മനസ്സിനും റിലാക്സേഷൻ ലഭിക്കും.
  • സ്വന്തം ആരോഗ്യവും പ്രധാനമാണ്. കാരണം നിങ്ങൾക്ക് ആരോഗ്യമുണ്ടെങ്കിലേ വീട്ടുകാര്യങ്ങൾ ശരിയായി നോക്കി നടത്താനാവൂ എന്നു മനസ്സിലാക്കുക. രോഗമുണ്ടെങ്കിൽ അവഗണിക്കാതിരിക്കുക. ഇടയ്ക്ക് ചെക്കപ്പ് ചെയ്‌ത് ആരോഗ്യനില ശരിയാണെന്ന് ഉറപ്പു വരുത്തുക. എല്ലാം ഭംഗിയായി നിർവഹിച്ചാൽ നിങ്ങളും ഒരു ഓൾറൗണ്ടറായി.
और कहानियां पढ़ने के लिए क्लिक करें...