സൗന്ദര്യവും മൃദുലതയും മുഖത്തും മുടിക്കും മാത്രം മതിയെന്നു ചിന്തിച്ച് ധാരാളം ബ്യൂട്ടിട്രീറ്റുമെന്‍റുകൾ പലരും ചെയ്യാറുണ്ട്. അതിനിടയിൽ കൈകളേയും കാലുകളേയും ഒക്കെ അവഗണിച്ചു കളയും. പക്ഷേ സ്ലീവ്‍ലെസ് ഡ്രസ്, ഷോർട്ട് സ്കർട്ട് തുടങ്ങിയവ ധരിക്കേണ്ടി വരുമ്പോൾ മാത്രമാണ് അക്കാര്യത്തെ കുറിച്ച് ചിന്തിക്കുന്നത്. വേനൽക്കാലത്തായാലും മഞ്ഞുകാലത്തായാലും സ്ലീവ്‍ലെസ് ധരിക്കുമ്പോൾ, കൈകൾക്ക് വേണ്ടത്ര മോയിസ്ചുറൈസിംഗ് നൽകണം. കൈകൾ വരണ്ടുണങ്ങി, കറുത്ത നിറത്തോടെ ഇരിക്കുമ്പോൾ സ്ലീവ്‍ലെസ് ധരിക്കുന്നത് അരോചകമാണ്. ശരീരത്തിന്‍റെ ഈ ഭാഗത്തിനു ലഭിക്കേണ്ട സംരക്ഷണത്തെക്കുറിച്ച് മേക്കപ്പ് എക്സ്പെർട്ട് ആയ രേണു മഹേശ്വരി നൽകുന്ന ടിപ്സുകൾ ശ്രദ്ധിക്കാം.
- സ്ലീവ്‍ലെസ് സ്‌ഥിരമായി ധരിക്കരുത് എന്നതു തന്നെയാണ് ആദ്യത്തെ നിർദേശം. പ്രത്യേകിച്ചും കടുത്ത വെയിലോ തണുപ്പോ ഉള്ള സമയത്ത് ഇത്തരം അവസരങ്ങളിൽ ഫുൾസ്ലീവ് വസ്‌ത്രമാണ് ഉചിതം.
- വെയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും സൺസ്ക്രീൻ ലോഷനോ ക്രീമോ കൈകളിലും പുരട്ടാൻ മറക്കരുത്.
- മഞ്ഞുകാലത്ത് സ്ലീവ്‍ലെസ് ധരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ സ്‌കിൻ കളറിലുള്ള ഗ്ലൗസ് ഉപയോഗിക്കുന്നത് നന്നായിരിക്കും. വെയിലാണെങ്കിലും ഇങ്ങനെ ചെയ്യാം. ഫുൾ, ഹാഫ് സൈസിൽ ഇത്തരം ഗ്ലൗസുകൾ ലഭിക്കും.
- കൈകളിൽ വാക്‌സിംഗ് ചെയ്യാം. നോർമൽ വാക്‌സിംഗിനു പകരം ചോക്ലേറ്റ് വാക്‌സിംഗ് ചെയ്യാം. സ്ക്രബിംഗ് കൂടി ഉൾപ്പെടുന്ന വാക്‌സിംഗ് ആണിത്. ഇനി നോർമൽ വാക്‌സിംഗ് മതി എന്നാണെങ്കിൽ അതിനൊപ്പം സ്ക്രബിംഗ് കൂടി ചെയ്യണം. സ്ക്രബ് ഉപയോഗിക്കുമ്പോൾ നനവില്ലാത്ത ശരീരത്തിൽ ആദ്യം ഉരുമ്മിക്കളയുക. മസാജ് ചെയ്യുന്ന വേളയിൽ സ്ക്രബ് കൊണ്ട് ഉരുമ്മിയാൽ റിങ്കിൾസ് ഉണ്ടാവാൻ സാധ്യത കൂടുതലാണ്.
- രാത്രിയിൽ കോൾഡ് ക്രീം അല്ലെങ്കിൽ മോയിസ്ചുറൈസർ ഉപയോഗിച്ച് മസാജ് ചെയ്യുക. അന്തരീക്ഷ മലിനീകരണവും അൾട്രാ വയലറ്റ് രശ്മികളും ഉണ്ടാക്കുന്ന കേടുപാടുകൾ കുറയ്ക്കാൻ ഇതിലൂടെ കഴിയും.
- കൈകൾക്ക് അമിതമായ വണ്ണം ഉണ്ടെങ്കിലും സ്ലീവ്‍ലെസ് യോജിക്കില്ല. കൈകൾ മെലിയാൻ സഹായിക്കുന്ന വ്യായാമങ്ങൾ പതിവായി ചെയ്‌താൽ ഒരു പ്രശ്നം മറികടക്കാം.
വീട്ടിൽ ചെയ്യാവുന്നത്
കൈകൾ വെയിൽ കൊണ്ടു കറുത്തു പോയിട്ടുണ്ടെങ്കിൽ വല്ലപ്പോഴും കൈകൾ മുഴുവൻ ബ്ലീച്ച് ചെയ്യാം. ഇതിന് പാർലറിൽ പോകണമെന്ന് നിർബന്ധമില്ല. നാരങ്ങ പ്രകൃതിദത്തമായ ബ്ലീച്ച് ഏജൻറ് ആണ്. നാരങ്ങാനീരിൽ പഞ്ചസാര ചേർത്ത് കൈ നന്നായി മസാജ് ചെയ്യുക. പഞ്ചസാര പൂർണ്ണമായും അപ്രത്യക്ഷമാകും വരെ മസാജ് ചെയ്‌ത ശേഷം 10 മിനിട്ടിൽ കഴുകിക്കളയാം.
മഞ്ഞ് കാലം നേരിടാനുള്ള ടിപ്സ്
മഞ്ഞുക്കാലത്ത് കൈകളും കാലുകളും ആന്‍റി ബാക്‌ടീരിയൽ മേക്കപ്പ് ഉപയോഗിച്ച് കഴുകരുത്. ചർമ്മം വരളാൻ സാധ്യത കൂടുതലാണ്. ഇത്തരം സോപ്പ് ഉപയോഗിച്ച് കുളിക്കുന്നതും നന്നല്ല. ഇത് ചർമ്മത്തെ കൂടുതൽ സെൻസിറ്റീവ് ആക്കുന്നു. സോപ്പ് ഫ്രീ ക്ലൻസറുകളും നന്ന്. ശരീരം വൃത്തിയാക്കാൻ മോയിസ്ച്ചുറൈസിംഗ് സോപ്പ് ഫ്രീ ക്ലൻസർ അല്ലെങ്കിൽ ഹൈഡ്രേറ്റിംഗ് ആന്‍റി ബാക്‌ടീരിയൽ ജെൽ ഉപയോഗിക്കാം. കുളി കഴിഞ്ഞ് ലോഷൻ പുരട്ടണം.
- ഡിസംബർ ജനുവരി മാസത്തെ മഞ്ഞിൽ നിന്നും മുടിയെ സംരക്ഷിക്കാം. വരണ്ട കാറ്റും തണുത്ത അന്തരീക്ഷവും മുടിയെ വരണ്ടതാക്കും. മുടി അറ്റം പിളരാനും ഇതിടയാക്കുന്നു. മഞ്ഞ് കാലത്ത് സ്‌ഥിരമായി മുടി കഴുകുന്നത് വരൾച്ച കൂട്ടുന്നു. മാത്രമല്ല തീരെ കഴുകാതിരുന്നാൽ താരൻ വരാനും ഇതിടയാക്കും. സ്‌ത്രീകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തലമുടി കഴുകുന്നതാണ് നല്ലത്. കഴുകി കഴിഞ്ഞാൽ കണ്ടീഷണർ ഉപയോഗിക്കണം. എണ്ണമയമുള്ള മുടിയാണെങ്കിൽ നേർത്ത കണ്ടീഷണർ ഉപയോഗിക്കുക. ഇതു ചെയ്‌ത ശേഷവും മുടി വരണ്ടിരിക്കുന്നുവെങ്കിൽ കണ്ടീഷനിംഗ് സിറം ഉപയോഗിക്കാം.
- കളിക്കുമ്പോൾ ഗ്ലിസറിൻ അടങ്ങിയ മൈൽഡ് സോപ്പ് ഉപയോഗിക്കാം. അല്ലെങ്കിൽ മോയിച്ചുറൈസിംഗ് ബോഡി വാഷ് ആവാം. ഇത് ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുന്നു. ക്ലൻസിംഗ് ഷവർ ഓയിൽ ഉപയോഗിക്കുന്നതാണ് ഉത്തമം.
- മഞ്ഞുക്കാലത്ത് മേക്കപ്പ് ചെയ്യുമ്പോൾ, ബേസ് അപ്ലൈ ചെയ്യും മുമ്പേ ചർമ്മം നന്നായി മോയിസ്ച്ചുറൈസ് ചെയ്യണം. മിനറൽ അല്ലെങ്കിൽ ക്രീം ബേസ്ഡ് മേക്കപ്പ് അതിനു മുകളിൽ ചെയ്യാം. മിനിമം മേക്കപ്പാണ് ഉചിതം. ഹെവി മേക്കപ്പ് ഒഴിവാക്കുക. മഞ്ഞുകാലത്തും സൺസ്ക്രീൻ ഉപയോഗിക്കാം.
- മഞ്ഞുക്കാലത്ത് വസ്ത്രം അണിയുമ്പോൾ വളരെ ശ്രദ്ധിക്കണം. വളരെ കട്ടിയുള്ള ഒറ്റ വസ്ത്രം ധരിക്കുന്നതിനേക്കാൾ നല്ലതും ആരോഗ്യകരവും നേർത്ത ലെയറുകളിൽ ഉള്ള വസ്ത്രങ്ങൾ ഒന്നിനു മീതെ ഒന്നായി ധരിക്കുന്നതാണ്. താപനില മാറുന്നതിനനുസരിച്ച് വേണമെങ്കിൽ മുകളിൽ ഉള്ളവ അഴിച്ചു മാറ്റാവുന്നതാണ്. ജോലിയ്ക്ക് തടസ്സം നിൽക്കാത്ത വിധത്തിലുള്ള കുപ്പായങ്ങൾ തെരഞ്ഞെടുക്കാം.
- മഞ്ഞുക്കാലത്ത് സോക്സ് തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. വിന്‍റർ സോക്സ് വിപണിയിൽ ലഭ്യമാണ്. അതു ഉപയോഗിക്കാം. പരുത്തിയുടെ സോക്സാണിത്. സിന്തറ്റിക് സോക്സ് ഒഴിവാക്കാം.
- തൊപ്പി ഉപയോഗിക്കാം. വല്ലാതെ തണുപ്പ് ഉള്ള ദിവസം പുറത്തിറങ്ങുമ്പോൾ വേണമെങ്കിൽ ഗ്ലൗസ് ഉപയോഗിക്കാം. കംഫർട്ടബിൾ ആയവ തെരഞ്ഞെടുക്കാം.