കുട്ടികളിൽ അനാവശ്യമായ ഡയറ്റ് കൺട്രോൾ

ബോഡി കോൺഷ്യസായ ന്യൂ ഏജ് അമ്മമാർ തങ്ങളുടെ ആറും ഏഴും വയസ്സായ കുട്ടികൾക്ക് കലോറി ഫിക്‌സ് ഡയറ്റ് ചാർട്ട് തയ്യാറാക്കിക്കുന്നതിനു വേണ്ടി ഡോക്ടർമാരെ സമീപിച്ച് കാണാറുണ്ടെന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഒരു പീഡിയാട്രിഷ്യൻ ചൂണ്ടിക്കാട്ടുന്നത്. കുട്ടികളിലുണ്ടാവുന്ന അമിത വണ്ണത്തെ ചൊല്ലിയുള്ള ആശങ്കയിൽ നിന്നാണ് അമ്മമാർ ഇത്തരത്തിൽ ചിന്തിച്ചു തുടങ്ങിയിരിക്കുന്നത്.

കുഞ്ഞിന് അമിതവണ്ണമുണ്ടാകുമോയെന്ന ഭയത്താൽ നല്ല ആരോഗ്യവും കരുത്തുമുള്ള കുഞ്ഞുങ്ങൾക്കും ഡയറ്റ് കൺട്രോൾ ഏർപ്പെടുത്തുന്ന പ്രവണതയാണ് കാണുന്നത്. ഒരു പുഴുങ്ങിയ മുട്ട അല്ലെങ്കിൽ രണ്ട് ഇഡ്ഡലി എന്നിങ്ങനെ വളരെ നിയന്ത്രിതമായ അളവിൽ കുട്ടികൾക്ക് പ്രാതൽ നൽകുന്നവരാണിവർ. ഉച്ചയ്ക്ക് അൽപം ചോറ് പുഴുങ്ങിയ പച്ചക്കറികൾ എന്നിങ്ങനെയാവും മെനു.

മാനസിക സമ്മർദ്ദം

അമ്മമാരുടെ ഇത്തരം ആശങ്ക കോർപ്പറേറ്റ് ലോകവും മുതലെടുക്കുകയാണ്. കുഞ്ഞുങ്ങൾ എന്തെങ്കിലും ഇഷ്‌ടപ്പെട്ട് കഴിക്കാനോ കുടിക്കാനോ ശ്രമിച്ചാൽ അമ്മമാർ അതെല്ലാം തടയും. പകരം പരസ്യത്തിൽ കണ്ട പാക്കറ്റ് ഫുഡ് നൽകുന്നു. നാടൻ ഭക്ഷണത്തിന് കലോറി കൂടുതലാണ്. കൊഴുപ്പുണ്ട്. കാത്സ്യം കൂടുതലാണ് എന്നിങ്ങനെ ഓരോന്ന് പറഞ്ഞ് അവർ കുട്ടികളെ കഴിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കും. എന്തിനേറെ കുഞ്ഞുങ്ങൾ വെണ്ണ കഴിക്കുന്നതു പോലും അവർ ഭയക്കുകയാണ്. ഇക്കാരണത്താൽ കുഞ്ഞിന്‍റെ ആരോഗ്യത്തിന് വേണ്ടതായ ഒന്നും ലഭിക്കാതെ പോകുന്നു. കുട്ടികൾ മാനസിക സമ്മർദ്ദത്തിന് വരെ വശംവദരാകുന്ന കേസുകളുമുണ്ട്.

കുട്ടികൾ അവർക്കിഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തുകയോ അവരെ നിർബന്ധിച്ച് ഇഷ്ടമില്ലാത്ത ഭക്ഷണം കഴിപ്പിക്കുന്നതിന് പകരം ചില കാര്യങ്ങൾ അമ്മമാർ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും. ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്.

മുഴുവൻ നിരോധനം വേണ്ട

പിസ്സാ, ബർഗർ, ഫാസ്റ്റ് ഫുഡ് തുടങ്ങിയവ കഴിക്കാൻ കുട്ടികൾ നിർബന്ധം പിടിക്കാം. ഈ സാഹചര്യത്തിൽ അവ പൂർണ്ണമായും നിരോധിക്കുന്നതിന് പകരമായി അവർക്കിഷ്ടമുള്ളത് രുചിക്കാനുള്ള അവസരവും കൂടി നൽകുക. മാത്രവുമല്ല അത്തരം ഭക്ഷ്യവസ്‌തുക്കൾ ഏറെക്കുറെ അതെ രുചിയിൽ വീട്ടിൽ തയ്യാറാക്കി നൽകാനും അമ്മമാർ ശ്രമിക്കണം. വേണമെങ്കിൽ സ്വന്തമിഷ്ട പ്രകാരം പോഷക സമ്പന്നമായ ഭക്ഷ്യ വസ്‌തുക്കൾ – പച്ചക്കറികൾ, ഡ്രൈഫ്രൂട്ട്സ് എന്നിവ അതിൽ ചേർക്കുന്നതും നല്ലതായിരിക്കും.

അതുപോലെ കുട്ടികൾക്കായി ആകർഷകങ്ങളായ ചില പാക്കറ്റ് ഫുഡുകളും മാതാപിതാക്കൾ വാങ്ങാറുണ്ട്. കാഴ്ചയിൽ മാത്രമല്ല അവ കഴിക്കുന്നതും പ്രയോജനമുണ്ടാക്കാം. ഉദാ: റെഡി ടു ഈറ്റ് ഉപ്പുമാവ്, ഇൻസ്റ്റന്‍റ് വീറ്റ് ന്യൂഡിൽസ്, ഇഡ്ഡലി മിക്‌സ് മുതലായവ. കുട്ടികൾക്ക് പഞ്ചസാരയ്ക്കു പകരം മധുരമുള്ള മറ്റ് ഭക്ഷ്യ വസ്‌തുക്കൾ നൽകാം. ഉദാ: മാമ്പഴം, ഈന്തപ്പഴം, ശർക്കര, തണ്ണിമത്തൻ, മുന്തിരി, മാതളം മുതലായവ.

സിംഗിൾ ബ്യൂട്ടിഫുൾ ലൈഫ്!

ജീവിതത്തിൽ വിജയം കൈവരിച്ച സ്ത്രീകൾ എന്നു വിളിക്കുന്ന ഏതാനും രാഷ്‌ട്രീയ നേതാക്കൾ നമുക്കുണ്ട്. ജയലളിത, മമതാ ബാനർജി, മായാവതി ഇങ്ങനെ പലരും ഉണ്ട് ഈ പട്ടികയിൽ. ഇവരുടെയെല്ലാം വ്യക്‌തി ജീവിതം പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാവും. ഇവരെല്ലാം അവിവാഹിതരാണ്. അവരുടെ ജീവിതത്തിൽ വിവാഹം എന്ന വാക്കിനു പോലും പ്രാധാന്യം നൽകിയിട്ടില്ല.

പലപ്പോഴും സ്ത്രീകൾ വൈകി വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും. വിവാഹം വേണ്ട എന്നു ചിന്തിക്കുന്നതും ഇക്കാലത്ത് അത്ര പുതിയ കാര്യമല്ല. ഇതിന്‍റെ പേരിൽ സമൂഹവും കുടുംബവും പെൺകുട്ടികളെ വേട്ടയാടുന്ന പതിവ് മുമ്പത്തെ അപേക്ഷിച്ച് കുറയുകയും ചെയ്‌തു. സിംഗിൾ ലൈഫ് തെരഞ്ഞെടുക്കുന്ന സ്ത്രീകൾക്ക് ജീവിത വിജയം നേടാൻ സഹായിക്കുന്ന 10 കാര്യങ്ങൾ ഇതാ.

കരിയറിൽ മുന്നേറാം

ബന്ധങ്ങൾ നില നിർത്താനും പൊരുത്തപ്പെട്ടു പോകാനും വേണ്ടി ധാരാളം സമയവും പ്രയത്നവും ഊർജ്‌ജവും വേണ്ടി വരിക സ്വാഭാവികമാണ്. സിംഗിൾ ആണെങ്കിൽ ഇത്തരം സമ്മർദ്ദം പൊതുവെ കുറവായിരിക്കും. സ്വന്തം എനർജിയും സമയവും ശ്രദ്ധയും എല്ലാം പ്രൊഫഷനിലും കരിയറിലും പൂർണ്ണമായി കേന്ദ്രീകരിക്കാൻ കഴിയും. അതിലൂടെ പ്രൊഡക്‌ടിവിറ്റി കൂട്ടുന്നു. ലേറ്റ് നൈറ്റ് മീറ്റിംഗ്, ബിസിനസ്സ് ഡിന്നർ, ഒഫീഷ്യൽ ടൂർ ഇവയ്ക്ക് പങ്കെടുക്കുന്നതിന് കൂടുതൽ സ്വാതന്ത്യ്രവും താൽപര്യവും ഉണ്ടാകും. സ്‌ഥാപനത്തിനു വേണ്ടി പൂർണ്ണമനസ്സോടെ ജോലി ചെയ്യാനും കഴിയുന്നു. അങ്ങനെ പ്രൊമോഷൻ സാധ്യതയും മറ്റുള്ളവരെക്കാൾ വർദ്ധിക്കുകയും ചെയ്യുന്നു.

ഇഷ്‌ടമുള്ളത് ചെയ്യാം

വിവാഹിതരായാൽ പങ്കാളിയുടെ ഇഷ്‌ടാനിഷ്ടങ്ങൾ പരിഗണിക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. ഇഷ്‌ടമുള്ളത് ചെയ്യാൻ ഒട്ടും പ്രയാസമോ തടസമോ സിംഗിൾ ലൈഫിൽ ഉണ്ടാകില്ല. ജീവിതത്തിന്‍റെ ഓരോ വേളയും മനം നിറയെ ആസ്വദിക്കാനും ആഘോഷിക്കാനും സ്വന്തം തീരുമാനത്തിലൂടെ മാത്രമേ കഴിയൂ. കുറ്റബോധമില്ലാതെ ആരെയും ഭയക്കാതെ ജീവിതത്തിൽ മുന്നോട്ടു പോകാൻ കഴിയുമെന്നതാണ് സിംഗിൾ ലൈഫിന്‍റെ പ്രത്യേകത. കോളേജ് കാലത്തെ ജീവിതം പോലെ അടിച്ചു പൊളിക്കാൻ ഏതാനും കൂട്ടുകാർ കൂടി ഉണ്ടെങ്കിൽ രസം കൂടും. സ്വന്തം കാര്യം മാത്രമല്ല സ്വന്തം അച്‌ഛനമ്മമാരുടെ കാര്യം നോക്കാനും കൂടുതൽ സമയം ലഭിക്കും. എപ്പോഴും സന്തോഷമായിരിക്കാനും റിലാക്‌സ് ആവാനും ഇതു തന്നെ ധാരാളം.

ഫിറ്റ്, യംഗ്

സ്വന്തം കാര്യം നോക്കാൻ കൂടുതൽ സമയം കിട്ടുമെന്ന് പറഞ്ഞല്ലോ. അത് സൗന്ദര്യപരിചരണത്തിലും ലഭിക്കും. ആരോഗ്യം, ഡയറ്റ്, ബ്യൂട്ടി ഇതൊക്കെ യഥേഷ്ടം ശ്രദ്ധിക്കാൻ സമയം ലഭിച്ചാൽ കൂടുതൽ കാലം സുന്ദരിയായിരിക്കാം. അവിവാഹിതരുടെ ദീർഘ യൗവനത്തിന്‍റെ ഒരു രഹസ്യം ഇതാണ്. കരിയർ ഗേൾ ആകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്വയം ഫിറ്റും ഗ്ലാമറസും പ്രസൻറബിളും ആയിരിക്കണം.

ഇൻഡിപെൻഡന്‍റ്

വിവാഹം മാത്രമല്ല, മറ്റൊരു തരത്തിലുള്ള ബന്ധത്തിലും (പ്രണയം, ലിവ് ഇൻ റിലേഷൻഷിപ്പ്) ഏർപ്പെടാതിരിക്കുമ്പോൾ ദൈനംദിന ജീവിതത്തിന്‍റെ ഓരോ നിമിഷവും വളരെ സ്വാതന്ത്യ്രത്തോടെ ചെലവിടാൻ കഴിയും. മാത്രമല്ല മറ്റൊരാളുടെ സഹായം നിത്യേനയുള്ള ജീവിതത്തിൽ ഒന്നിലും ലഭിക്കാൻ സാധ്യത ഇല്ലാത്തതിനാൽ ആരെയും ആശ്രയിക്കാതെ എല്ലാം ചെയ്യാൻ ശീലിക്കുകയും ചെയ്യും.

ഏതു ഘട്ടവും സ്വീകാര്യം

സിംഗിൾ ഹുഡ് മാനസികമായി ശക്‌തി പകരും. സ്ട്രെസ് കൂടിയാൽ അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സ്വയം മനസ്സിലാക്കുകയും അതിന് സ്വയം തയ്യാറാവുകയും ചെയ്യുന്നു. ഒരു തരത്തിലും സ്വയം സന്തോഷത്തെ നഷ്‌ടപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നവരായിരിക്കും സിംഗിൾ പേഴ്സൺ. മുന്നിൽ എത്തുന്ന ഏതു വിഷയവും നിഷ്പക്ഷതയോടെ നോക്കിക്കണ്ട് സ്വീകരിക്കാൻ കഴിയുന്നു.

ഉറങ്ങാം കൊതി തീരെ

വിവാഹിതരായ സ്ത്രീകളെ അപേക്ഷിച്ച് അവിവാഹിത സ്ത്രീകൾക്ക് ഉറങ്ങാൻ കൂടുതൽ സമയം ലഭിക്കാറുണ്ട്. അവരുടെ സ്ലീപ്പിംഗ് റുട്ടീൻ തന്നെയാണ് അവരുടെ ശരീരത്തിന്‍റെയും ജോലിയുടെയും ഊർജ്‌ജസ്വലതയുടെ അടിസ്‌ഥാനം. ഭർത്താവിന്‍റെ പിണക്കം, അമ്മായിയമ്മയുടെ ദേഷ്യം ഇതൊന്നും കാണേണ്ടി വരുന്നില്ലാത്തതിനാൽ സ്ട്രെസ് ഫ്രീ സ്ലീപ്പ് ലഭിക്കുന്നു. തലച്ചോറിന് വേണ്ടത്ര ആരോഗ്യം ഇതിലൂടെ ലഭിക്കുകയും ചെയ്യുന്നു.

ലൈഫ്സ്റ്റൈൽ

ഇഷ്‌ടമുള്ള ലൈഫ്സ്റ്റൈൽ പിന്തുടരുന്നതിന് മറ്റാരുടെയും അനുവാദം വേണ്ടിവരില്ല. ഭക്ഷണ ശീലം, ഡ്രസ്സിംഗ്, വ്യായാമത്തിന്‍റെ ഷെഡ്യൂൾ ഇവയൊക്കെ സ്വന്തം സമയവും സൗകര്യവും നോക്കി ചെയ്യാൻ കഴിയും.

സാമ്പത്തിക പ്രതിസന്ധി കുറയും

ഉദ്യോഗസ്‌ഥ ദമ്പതികൾക്കിടയിൽ പലപ്പോഴും ഉണ്ടാകുന്ന എന്‍റെ പണം, നിന്‍റെ പണം എന്ന ചിന്തയും ഈഗോയും ഇടയ്ക്കിടെ കടന്നു വരും. വാദപ്രതിവാദങ്ങൾ കടുത്ത സമ്മർദ്ദം മനസ്സിലുണ്ടാക്കും. ഒറ്റയ്ക്കുള്ള ജീവിതത്തിൽ സ്വന്തം പണം സ്വന്തം ഇഷ്‌ട പ്രകാരം ചെലവഴിക്കാനുള്ള സ്വാതന്ത്യ്രം കൂടുതലുണ്ടാകും. എത്ര സേവ് ചെയ്തു, എത്ര ചെലവഴിച്ചു തുടങ്ങിയ ചോദ്യങ്ങളും ഉത്തരങ്ങളും സിംഗിൾ ലൈഫിൽ ഇല്ല. യഥേഷ്ടം ഷോപ്പിംഗ് ചെയ്യാം, ബ്യൂട്ടി പാർലറിൽ പോകാം, ബാങ്കിൽ നിക്ഷേപിക്കാം.

വേറിട്ട വ്യക്‌തിത്വം 

കരിയറിൽ സെറ്റിൽ ആയാൽ പിന്നെ സ്വന്തം ഹോബികളൊക്കെ പൊടിതട്ടി മിനുക്കിയെടുക്കാം. സമയമില്ലാത്തതുകൊണ്ടോ മറ്റോ പാതിവഴിയിൽ ഉപേക്ഷിച്ച പലആഗ്രഹങ്ങളും ഹോബികളും വീണ്ടും പുറത്തു കൊണ്ടു വരാം. വ്യക്‌തിത്വത്തിന് മാറ്റ് കൂട്ടാൻ ഇത് നല്ല മാർഗ്ഗമാണ്.

എപ്പോൾ വേണം ഹോളിഡേ?

 സിംഗിൾ ആയി ജീവിക്കുന്നതിന്‍റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്നാണ് നമുക്ക് ആവശ്യമുള്ളപ്പോൾ അവധി ആഘോഷിക്കാം എന്നത്. ഒരു സ്ഥലം തെരഞ്ഞെടുത്ത് കറങ്ങാൻ പോകാൻ മറ്റൊരാളുടെ സമയവും കാലവും സമ്മതവും കാത്തു നിൽക്കേണ്ടിവരില്ല. മഞ്ഞു മൂടിയ മലകളോ, സമുദ്ര തീരങ്ങളോ വിളിക്കുന്നുവെന്നു തോന്നിയാൽ ഉടനെ പോകാം ഒട്ടും മടിക്കേണ്ട. അറിയുക, ഹോളിഡേ ശരിക്കും സിംഗിൾ ലൈഫ്കാരുടെതാണ്.

സാരി സാരി!

വിശേഷാവസരങ്ങളിൽ പരമ്പരാഗത ശൈലിയുലുള്ള സാരി ധരിക്കാനാണ് പുതുതലമുറയ്ക്ക് പ്രിയം. പക്ഷേ, ഒരു ചെയ്ഞ്ചൊക്കെ സാരി ഉടുപ്പിലും നല്ലതല്ലേ. മനസ്സിലാക്കാം, വ്യത്യസ്‌തമായ സാരി ഡ്രേപിംഗ് സ്റ്റൈലുകൾ.

സാധാരണ രീതി

ഇടതു വശത്തെ തോളിലേക്ക് സാരിത്തുമ്പിട്ട് ഞൊറിഞ്ഞുടുക്കുന്ന സാധാരണ രീതിയാണ് ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളത്. ദിവസവും ഉടുക്കുന്നവർക്ക് വേണ്ടിയുള്ള ഏറ്റവും എളുപ്പമായ സാരി ഡ്രേപിംഗ് ആണിത്. മലയാളി വനിതകൾ ഈ രീതിയിലാണ് സാരി ഉടുക്കുക. യഥാർത്ഥത്തിൽ ഇത്തരം സാരി ഉടുക്കൽ രീതി ആന്ധ്രപ്രദേശിലാണത്രേ ആരംഭിച്ചത്. ഇപ്പോൾ ഇത് ഭാരതം മുഴുവൻ വ്യാപകമായ സാരി ഡ്രേപിംഗ് സ്റ്റൈൽ ആണ്.

മുംതാസ് സ്റ്റൈൽ

പാർട്ടികൾക്ക് പോകാൻ തയ്യാറെടുക്കുന്നവരുണ്ടെങ്കിൽ റെട്രോ ലുക്ക് ലഭിക്കുന്ന മുംതാസ് സ്റ്റൈൽ പരീക്ഷിക്കാവുന്നതാണ്. നല്ല ബോഡി ഷേയ്പ്പ് ഉള്ളവരാണെങ്കിൽ മുംതാസ് സ്റ്റൈൽ നന്നായി ചേരും.

ബട്ടർഫ്ളൈ സ്റ്റൈൽ

സാധാരണ രീതിയിൽ സാരി ചുറ്റുന്നതു പോലെയാണ് ബട്ടർ ഫ്ളൈ സ്റ്റൈലും. പല്ലു ചുറ്റുന്നതിൽ മാത്രമാണ് വ്യത്യാസം. സാരിത്തുമ്പ് നന്നായി ഡിസ്പ്ലേ ചെയ്‌ത് വയറിന്‍റെ ഭാഗം മൂടാതെ ധരിക്കുന്നതാണ് ബട്ടർഫ്ളൈ സാരി ഡ്രേപിംഗ് സ്റ്റൈല്‍.

പാന്‍റ് സ്റ്റൈൽ

പാന്‍റിന്‍റെയും ജെഗിംഗിന്‍റെയും ഒപ്പം സാരിക്കും കൊടുക്കാം കിടിലൻ സ്റ്റൈൽ. സാരി ഉടുക്കലിലെ ലേറ്റസ്റ്റ് ഫാഷൻ എന്നും പറയാം. റാമ്പുകളിലെ ഫേവറിറ്റ് സാരി സ്റ്റൈൽ കൂടിയാണിത്. സോളിഡ് പാന്‍റിന് പ്രിന്‍റഡ് സാരി നന്നായിട്ട് ഇണങ്ങും.

ലഹംഗ സ്റ്റൈൽ

ഇതും ഒരു മോഡേൺ ഡിസൈൻ ആണ്. സാരിയും ലഹംഗയും ചേർത്ത് ഉള്ള സ്റ്റൈൽ ആണിത്. ലഹംഗ ധരിക്കുന്നതു പോലെ സാരി ധരിക്കുന്നതാണ് രീതി. സാരിത്തുമ്പ് പിറകോട്ട് ഇടുന്നതിനു പകരം മുന്നോട്ടു ധരിക്കും.

ബംഗാളി സ്റ്റൈൽ

പരമ്പരാഗത ലുക്ക് ലഭിക്കാൻ ബംഗാളി സാരി സ്റ്റൈലിനേക്കാൾ മികച്ച മറ്റൊരു സ്റ്റൈൽ ഇല്ല. കഹാനി സിനിമയിൽ വിദ്യാബാലൻ സാരി ധരിച്ചതു പൊലെ മനോരഹരമായി ഇത് അണിയാം. ധരിക്കാനും എളുപ്പമാണ്. ഉടുത്താൽ ഭംഗിയും അപാരം.

കൂർഗ് സ്റ്റൈൽ

ഇത് വളരെ സവിശേഷമായ സാരി ഡ്രേപിംഗ് ആണ്. പ്ലീറ്റ്സ് പിന്നിലേക്കാണ് വരുന്നത്. പല്ലു മുന്നിലേക്ക് നെഞ്ചിനെ ചുറ്റി പിന്നിലൂടെ എടുത്ത് തോളിലേക്ക് ഇടും.

മറാഠി സ്റ്റൈൽ

സാധാരണ സാരി ഉടുക്കലിൽ നിന്ന് വളരെ വ്യത്യസ്‌തമാണ് മറാഠി പരമ്പരാഗത സാരി ഡ്രേപിംഗ് സ്റ്റൈൽ. 6 അടി നീളം പോര ഈ രീതിയിൽ ഉടുക്കാൻ. കുറഞ്ഞത് 9 അടി നീളം വേണം. മറാഠി സ്റ്റൈലിൽ സാരിക്ക്, ബ്ലൗസ് ധരിക്കേണ്ട ആവശ്യമില്ല. നെഞ്ചും കൂടി മറഞ്ഞിരിക്കാൻ പാകത്തിനാണ് ഇത്രയും നീളമുള്ള സാരി ഉപയോഗിക്കുന്നത്.

ഹെറ്ററോടോപ്പിക് പ്രഗ്നൻസി

ഒരു ഡോക്ടറുടെ കേസ് ഡയറിയിൽ നിന്നും. 32 വയസ്സുകാരിയായ പൂജയ്‌ക്ക് അസഹ്യമായ വയറുവേദനയായിരുന്നു. ഒപ്പം രക്‌തസ്രാവവും. പരിശോധനയിൽ പൂജയ്‌ക്ക് ഹെറ്ററോടോപ്പിക് പ്രഗ്നൻസിയാണെന്ന് തിരിച്ചറിഞ്ഞു.

ഈ പ്രശ്നം തിരിച്ചറിയുന്നതിന് ഒരു മാസമെടുത്തു. കഴിഞ്ഞ മാസം എംടിപിയും ചെയ്‌തു. എംടിപിക്ക് മുമ്പ് പെൽവിക്ക് ഏരിയയിൽ വേദനയുണ്ടായിരുന്നു. സർജറിയിലൂടെ ഗർഭചിദ്രം ചെയ്‌ത ശേഷവും ആ വേദന തുടർന്നു. ഈ സ്ഥിതിയിൽ ഗർഭപാത്രത്തിലും ഫലോപ്പിയൻ ട്യൂബിലും ഗർഭധാരണം ഒരുമിച്ചുണ്ടാകാം. അതുകൊണ്ട് ഇത്തരമൊരു പരിശോധനയെക്കുറിച്ച് ആരും ചിന്തിക്കാറില്ല.

എന്താണ് ഹെറ്ററോടോപ്പിക് പ്രഗ്നൻസി?

ഹെറ്ററോടോപ്പിക് പ്രഗ്നൻസി ഒരു സാധാരണ അവസ്‌ഥയാണ്. രണ്ട് അല്ലെങ്കിൽ മൂന്നിലധികം ഗർഭധാരണം ഒരേ സമയത്ത് വ്യത്യസ്‌ത സ്‌ഥാനങ്ങളിലായി അതായത് ഗർഭാശയത്തിന് അകത്തോ പുറത്തോ ഉണ്ടാകുന്ന അവസ്‌ഥയാണിത്. ഹെറ്ററോടോപ്പിക് കേസുകൾ വളരെ വിരളമായാണ് കണ്ടു വരുന്നത്. ഇന്ത്യയിൽ 10000 മുതൽ 30,000 ഗർഭിണികളിൽ ഒരാൾക്ക് മാത്രമാണ് ഈ പ്രശ്നമുണ്ടാകുന്നത്. അമേരിക്കയിലും മറ്റ് പശ്ചിമ രാജ്യങ്ങളിലും ഏകദേശം 2 ശതമാനം സ്ത്രീകളിൽ ഈ പ്രശ്നം കണ്ടുവരാറുണ്ട്.

അസിസ്‌റ്റഡ് റിപ്രൊഡക്ഷൻ ഐവിഎഫ് ചെയ്യുന്നവരിലാണ് ഇത്തരം കേസുകൾ കൂടുതലായി കണ്ടു വരുന്നതെന്നാണ് അടുത്തിടെ നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഐവിഎഫ് ചെയ്യുന്ന വേളയിൽ ഹൈഡ്രോസ്‌റ്റാറ്റിക്ക് പ്രഷർ സൃഷ്‌ടിക്കപ്പെടുന്നു. അതിന്‍റെ ഫലമായി ഭ്രൂണത്തെ ഗർഭാശയത്തിലേക്ക് സ്വീകരിക്കപ്പെടുമ്പോൾ അപകട സാധ്യത ഒന്നു കൂടി വർദ്ധിക്കുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹെറ്ററോടോപ്പിക് പ്രഗ്നൻസി കേസുകൾ വർദ്ധിച്ചു വരികയാണ്. ഗർഭധാരണത്തിനായി ഐവിഎഫും മറ്റ് അസിസ്റ്റഡ് റിപ്രൊഡക്റ്റീവ് ടെക്‌നിക്കുകൾ ഉപയോഗിക്കുന്നത് വർദ്ധിച്ചിരിക്കുന്നതാണ് കാരണം.

മരണസാധ്യത ഏറുന്നു 

കണക്കുകൾ പ്രകാരം ഗർഭകാലത്തും പ്രസവ സമയത്തുണ്ടാകുന്ന മൊത്തം മരണങ്ങളിൽ 10 മുതൽ 15 ശതമാനം കേസുകളും ഹെറ്ററോടോപ്പിക് പ്രശ്നങ്ങൾ മൂലമാണ്. ഇതിന്‍റെ പരിശോധന അൽപം കഠിനമാണ്. അതുകൊണ്ട് ഇതിന്‍റെ ഫലമായുണ്ടാകുന്ന രക്‌തസ്രാവം അപകടകരമാണ്.

കാരണങ്ങൾ

 ആദ്യ ഗർഭധാരണത്തിൽ ഈ പ്രശ്നമുണ്ടായ സ്ത്രീകളിൽ രണ്ടാമതും ഈ പ്രശ്നമുണ്ടാകാനുള്ള സാധ്യത 35 ശതമാനം ആണെന്നാണ് അടുത്തിടെ നടന്ന സർവ്വേയിൽ പറയുന്നത്. 31 ശതമാനം പേരിൽ പെൽവിക്ക് ഏരിയയിൽ നേരത്ത തുടങ്ങി നീര് ഉണ്ടാകാം.

ട്യൂബൽ സർജറി ചെയ്‌തിട്ടുള്ള സ്ത്രീകളിൽ 33 ശതമാനം പേരിലും ഈ രോഗമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഹെറ്ററോടോപ്പിക് കേസുകളിൽ ഭൂരിഭാഗവും അസിസ്റ്റഡ് റിപ്രൊഡക്ടീവ് സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടുള്ളതാണ്. അതുപോലെ പുകവലി, ലഹരി വസ്‌തുക്കൾ എന്നിവ ഉപയോഗിക്കുന്നവരിലും ഈ പ്രശ്നമുണ്ടാകാം.

ലക്ഷണം

 അടിവയറ്റിലുണ്ടാകുന്ന വേദനയാണ് ഇതിന്‍റെ ഏറ്റവും സാധാരണമായ ലക്ഷണം. യോനിയിൽ നിന്നുള്ള രക്‌തസ്രാവവും വയറിന്‍റെ ഇടത് ഭാഗത്ത് വേദനയുണ്ടാകുന്നതും ഇതിന്‍റെ ലക്ഷണമാണ്. ആന്തരിക രക്‌തസ്രാവവും മിക്ക സ്ത്രീകളിലും ലക്ഷണമായി പ്രത്യക്ഷപ്പെടാറുണ്ട്.

റിസ്ക്ക് ഫാക്ടേഴ്സ് 

ചുവടെ കൊടുത്തിരിക്കുന്ന പരിസ്‌ഥിതികളിൽ ഹെറ്ററോടോപ്പിക് പ്രഗ്നൻസി ഗുരുതരമായ പ്രശ്നമാകാം.

• ആദ്യമായി ഹെറ്ററോടോപ്പിക് പ്രഗ്നൻസി ഉണ്ടായ സ്ത്രീകളിൽ

• സർജറി അല്ലെങ്കിൽ അണുബാധ എന്നിവ മൂലം ഫലോപ്പിയൻ ട്യൂബിന് അസാധാരണങ്ങളായ പ്രശ്നങ്ങൾ ഉണ്ടാകുക. ഇക്കാരണത്താൽ ഫലോപ്പിയൻ ട്യൂബ് തകരാറിലാവുന്നു. തടസ്സങ്ങൾ ഉണ്ടാകുന്നു. ഇതു മൂലം ഹെറ്ററോടോപിക് പ്രഗ്നൻസിക്കുള്ള സാധ്യത വർദ്ധിക്കുന്നു.

• പെൽവിക്ക് ഏരിയയിലുണ്ടാകുന്ന അണുബാധ ഇതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

• ചിലരിൽ ശാരീരിക ബന്ധം പുലർത്തുക വഴിയും അണുബാധയേറാം.

• ഗർഭധാരണ വേളയിൽ പുകവലിച്ചാൽ ഹെറ്ററോടോപ്പിക് പ്രഗ്നൻസിക്കുള്ള സാധ്യത കൂടുന്നു.

ഡയഗ്‍നോസിസ്

ബ്ലാക്ക് ഹോർമോൺ ടെസ്‌റ്റ്, പെൽവിക്ക് അൾട്രാസൗണ്ട് എന്നീ പരിശോധനകൾ വഴിയാണ് ഹെറ്ററോടോപ്പിക് പ്രഗ്നൻസി പരിശോധിക്കുക. പെൽവിക്ക് ഏരിയയിലുണ്ടാകുന്ന വേദനയും രക്‌തസ്രാവവും ഒരിക്കലും അവഗണിക്കാൻ പാടില്ല. സാധാരണ രീതിയിൽ ഗർഭിണിയായവരോ അതുമല്ലെങ്കിൽ അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജിയുടെ സഹായത്തോടെ ഗർഭിണിയായവരോ ആണെങ്കില്‍ വയറുവേദന അനുഭവപ്പെട്ടാൽ പലതരം പരിശോധനകൾക്ക് വിധേയമാക്കുന്നു. അതോടൊപ്പം തന്നെ ഹെറ്ററോടോപ്പിക് പ്രഗ്നൻസിക്കുള്ള സാധ്യതയും പരിശോധിക്കുന്നു.

ചികിത്സ

 സർജറി അല്ലെങ്കിൽ മരുന്നുകൾ വഴിയാണ് ഹെറ്ററോടോപ്പിക് ചികിത്സിക്കുക. ഹെറ്ററോടോപ്പിക് പ്രഗ്നൻസിക്ക് സാധാരണ സർജറിക്ക് പകരമായി ലാപ്രോസ്കോപിക്ക് സർജറിയാണ് ഡോക്‌ടർമാർ നിർദ്ദേശിക്കുക. അതിനാൽ രക്‌തസ്രാവവും വേദനയും വളരെ കുറവായിരിക്കും. മാത്രവുമല്ല ശസ്‌ത്രക്രിയ കഴിഞ്ഞാൽ ആശുപത്രിയിൽ ഏറെ ദിവസം താമസിക്കേണ്ടിയും വരികയില്ല.

തമ്മിൽ തമ്മിൽ അടിപിടിയുണ്ട് സ്നേഹവുമുണ്ട്!

സ്ത്രീകൾ ഒരു കാര്യത്തിലും പുരുഷന്മാരേക്കാൾ ഒട്ടും പിറകിലല്ല. പല രംഗത്തും അവർ പുരുഷന്മാരേക്കാൾ മുന്നിലാണു താനും. വരുമാനമുണ്ടാക്കുന്നതിന്‍റെ കാര്യമായാലും കുടുംബം കെട്ടിപ്പടുക്കുന്ന കാര്യത്തിലായാലും പെണ്ണുങ്ങൾ തന്നെയാണ് ഫസ്റ്റ്! ഈ പോസിറ്റീവ് കാര്യങ്ങൾ ഒക്കെയുണ്ടെങ്കിലും ചില കുസൃതികളും കുന്നായ്മകളും ഇല്ലാതില്ലാതില്ല. അവ ഏതൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം…

മുന്നിൽ നിന്ന് ചിരിച്ച് പിന്നിൽ നിന്ന് കുത്തുക

നിങ്ങളുടെ ഭാര്യ അവരുടെ സ്നേഹിതയോട് പരദൂഷണം പറയുന്നത് നിങ്ങൾ കേട്ടിരിക്കുമല്ലോ. “എടി ആ സുനന്ദയുണ്ടല്ലോ അവളുടെ വിചാരം അവളെപ്പോലെ സുന്ദരമായി സാരിയുടുക്കുന്നവർ വേറെയില്ല എന്നാണ്” പക്ഷേ സുനന്ദയെ നേരിൽ കണ്ടാലോ… ഭാര്യ പറയുന്നത് എന്താണെന്ന് കേൾക്കണ്ടേ…“ ഹോ സുനന്ദ നീ ഈ സാരിയിൽ എത്ര മനോഹരിയായിരിക്കുന്നു. നീയൊരു ബ്യൂട്ടി ക്യൂൻ ആണ്. നിന്‍റെ സാരിയുടെ കളക്ഷൻ അപാരം തന്നെ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് നിന്‍റെ ഡ്രസ്സിംഗ് സെൻസ് വലിയ ഇഷ്ടമാണ് കെട്ടോ.”

ഭാര്യ… നിനക്ക് ഒരാളെ അഭിനന്ദിക്കണമെന്നുണ്ടെങ്കിൽ പിന്നെ അവരെ പറ്റി ദുഷിപ്പ് പറയുന്നത് എന്തിനാണ്. വെളുക്കെ ചിരിച്ച് അകമേ കുത്തുന്ന ഈ ഏർപ്പാട് ഒട്ടും നല്ലതല്ല ഒന്നു നന്നായി കൂടെടോ?

ഉപദേശം തേടുമെങ്കിലും ഇഷ്‌ടമുള്ളത് ചെയ്യും

“അമ്മേ… ഞാൻ യോഗാ ക്ലാസിന് എവിടെയാണ് ചേരേണ്ടത്. വീടിന്‍റെ അടുത്തുള്ള സെന്‍ററിൽ പോണോ അതോ ആശ്രമത്തിനടുത്തെ ക്ലാസിലോ?” ഭർത്താവും അമ്മായിയമ്മയും പറഞ്ഞത് കേട്ടിരിക്കുമെങ്കിലും അവസാനം ഇവരൊന്നും പറയുന്നിടത്താവില്ല യോഗാ ക്ലാസ്സിനു ചേരുക. ഇതേ ചോദ്യം 2-3 കൂട്ടുകാരികളോടും ചോദിച്ചിട്ടുണ്ടാവും. അവസാനം തന്നിഷ്ടം ചെയ്യും. ഇങ്ങനെ ചെയ്യാനാണെങ്കിൽ എന്തിനാണ് ഭാര്യേ നീ എല്ലാവരോടും അഭിപ്രായം ചോദിക്കുന്നത്.

വാരിവലിച്ചു കഴിക്കും അമിതവണ്ണം പിടിപെടും

“മതി… മതി… എനിക്കധികം വിളമ്പല്ലേ” ഇങ്ങനെ പറയുമെങ്കിലും നിർബന്ധിച്ചാൽ “എങ്കിൽ കുറച്ചു കൂടി ഇട്ടോളൂ” എന്ന് പറയും. എന്നിട്ട് അധികം കഴിച്ചാൽ വണ്ണം വയ്ക്കും എന്ന് സങ്കടം പറയുകയും ചെയ്യും. ഡയറ്റിനെപ്പറ്റിയൊക്കെ വലിയ വാചകമടിയാവും. പക്ഷേ ഇഷ്‌ടമുള്ളത് മുന്നിൽ കിട്ടിയാൽ എല്ലാം മറന്ന് കഴിച്ചു തീർക്കും. ജങ്ക് ഫുഡായാലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണമായാലും യാതൊരു കൺട്രോളും ഇല്ലാതെ അകത്താക്കും. അല്ല ശരിക്കും ഭക്ഷണപ്രിയയാണെങ്കിൽ പിന്നെ ഡയറ്റിനെപ്പറ്റിയും അമിതവണ്ണത്തെപ്പറ്റിയും വേവലാതിപ്പെടുന്നതെന്തിനാ പാർട്ണർ!

5 മിനിറ്റെന്നു പറഞ്ഞ് അരമണിക്കൂർ

“ഞാനിതാ 5 മിനിറ്റിനുള്ളിൽ റെഡിയായി വരാം.” “ഇതാ വന്നൂ…” നമ്മൾ വിചാരിക്കും ഉടനെ മേക്കപ്പിട്ട് വരുമെന്ന്. കണ്ണാടി കണ്ടാൽ പിന്നെ അരമണിക്കൂർ കഴിഞ്ഞ് നോക്കിയാൽ മതി ഭായ്. അതു സഹിക്കാം എന്നാൽ ആരെങ്കിലും നിങ്ങളെ കാണാൻ നല്ല ഭംഗിയുണ്ടല്ലോ ഈ വേഷത്തിൽ എന്നെങ്ങാനും പറഞ്ഞു പോയാൽ പിന്നെ വരുന്ന മറുപടിയാണ് അസഹനീയം” അയ്യോ… എനിക്ക് ഒരുങ്ങാൻ തീരെ സമയം കിട്ടിയില്ല. അല്ലെങ്കിൽ കുറേക്കൂടി നന്നായി ഒരുങ്ങാമായിരുന്നു.”

പങ്കാളിയെ മാറ്റും പക്ഷേ മാറ്റം അംഗീകരിക്കില്ല.

മാറ്റത്തിനു മാത്രമേ മാറ്റമില്ലാതുള്ളൂ എന്നാണല്ലോ പറയാറ്. എന്നാൽ ഭാര്യമാർ ഭർത്താവ് പഴഞ്ചനാണെന്ന് പറയുകയോ, ബന്ധം ഒഴിയുകയോ ഒക്കെ ചെയ്യുമെങ്കിലും ക്രിയാത്മകമായി സ്വയം മാറാൻ ഒട്ടും താൽപര്യം കാണിക്കില്ല. ഭർത്താവ് എത്ര നല്ല മനുഷ്യനായാലും പെർഫെക്ട് അല്ല എന്ന ചിന്ത വച്ചു പുലർത്തും. പാർട്ടിക്ക് പോയാൽ നിങ്ങളെന്താ ആരോടും സംസാരിക്കാത്തത്, ഷോപ്പിംഗിന് പോയാൽ നിങ്ങൾ എന്താ എനിക്കൊന്നും വാങ്ങാതെ വന്നത് എന്നൊക്കെ പിറുപിറുക്കും.

പാവം ഭർത്താവ് ഇതെല്ലാം കുറേ കേട്ട് കഴിയുമ്പോൾ സ്വയം മാറാം എന്ന് കരുതുകയും ചെയ്യാം. അതോടെ വ്യക്‌തിത്വം പണയപ്പെടുത്തിയതിന്‍റെ ആത്മസംഘർഷത്തിലാവും കക്ഷിയുടെ ജീവിതം.

ഷോപ്പിംഗ് ഭ്രമം

 “ഞാൻ ഓൺലൈൻ ഷോപ്പിംഗിൽ വിശ്വസിക്കുന്നില്ല” ഇതാവും നയം. എന്നാലോ ഇന്‍റർനെറ്റിൽ മാലയുടെയോ ചുരിദാറിന്‍റെയോ പരസ്യം കണ്ടാൽ ക്ലിക്ക് ചെയ്‌ത് അരിച്ചു പെറുക്കുകയും ചെയ്യും. എന്നാൽ മാളിൽ പോയി സമയം ചെലവഴിച്ചു ഇതൊക്കെ വാങ്ങാനാവും പെരുത്തിഷ്ടം. പിന്നെ ഒരു കാര്യം ചോദിച്ചോട്ടെ, ഓൺലൈനിൽ വാങ്ങാൻ ഇഷ്ടമില്ലെങ്കിൽ പിന്നെ വെറുതെ നെറ്റിൽ കേറി നോക്കുന്നതെന്തിനാ… അതുപോലെ പുതിയ ഷോറും എവിടെ തുറന്ന് കണ്ടാലും വെറുതെ ഒന്ന് കേറി നോക്കും.

“ഞാൻ സൺഡേ മാത്രമേ ഷോപ്പിംഗ് നടത്തുള്ളൂ.” ഇങ്ങനെ പറയുന്ന സ്ത്രീകളും ഒട്ടും കുറവല്ല. എന്നാൽ ഒഴിവു കിട്ടുമ്പോഴെല്ലാം ഷോപ്പിംഗ് ആയിരിക്കുമെന്നതാണ് സത്യം.

സകല കാര്യത്തിലും കൺഫ്യൂഷൻ

“എനിക്കറിയില്ല, കല്യാണത്തിനു ഞാനെന്ത് അണിയണമെന്ന് ലഹങ്ക മതിയോ അതോ സാരി ധരിക്കണോ. സാരിയാണേൽ തന്നെ അത് മഞ്ഞ വേണോ, അതോ ചുവപ്പോ?” തീരുമാനമെടുക്കുന്ന കാര്യത്തിൽ സ്ത്രീകൾ ഇപ്പോഴും കൺഫ്യൂസ്ഡ് ആയിരിക്കും. ഉറച്ച തീരുമാനം പറയാൻ അവർ മെനക്കെടില്ല.

വെല്ലുവിളിക്കും, കണ്ണീർ പൊഴിക്കും 

ഭർത്താവിന്‍റെ അരികിൽ ഭാര്യമാർ തങ്ങളുടെ കണ്ണുനീർ മൂർച്ചയുള്ള വാളുപോലെയാണ് ഉപയോഗിക്കുക. ഇതു കാണുമ്പോൾ ഭർത്താവ് ഒന്നയയും. വാലുചുരുട്ടി സംഗതി ഒത്തുതീർപ്പാക്കും. തെറ്റ് ഭാര്യയുടെ ഭാഗത്തായാലും അവസാനം സമ്മതിച്ചു കൊടുക്കേണ്ടി വരുന്നു. കണ്ണീരാണ് പലപ്പോഴും ഭർത്താവിനെ വെട്ടിലാക്കുന്നത്. ഏതു പ്രതിസന്ധിയിലും ഞാൻ ഓകെ ആണെന്ന് പറയും.

“മനുഷ്യാ… നിങ്ങൾക്ക് എന്നെപ്പറ്റി യാതൊരു വിചാരവും ഇല്ല. ഇന്നലെ മുതൽ എന്‍റെ ആരോഗ്യം മോശമാണ്. തലവേദന വിട്ടുപോകുന്നേയില്ല.”

“എന്‍റെ തല പൊട്ടിത്തെറിക്കുന്ന വേദന എന്നിട്ടും നിങ്ങൾക്കൊരു കുലുക്കവുമില്ല.” ഇങ്ങനെ തട്ടിവിടും. അപ്പോൾ ഭർത്താവ് ക്ഷേമം അന്വേഷിക്കും. ചായ ഇട്ടു കൊടുക്കും, എന്നാലോ ഭർത്താവിന് ജലദോഷം വന്നാൽ ഒരു ചുക്ക് കാപ്പി പോലും ആ കൈ കൊണ്ട് കിട്ടില്ല! നാട്ടുകാരോടൊക്കെ ഞാൻ സുഖമായിരിക്കുന്നു എന്ന് പറയുകയും ചെയ്യും. വീട്ടിലെത്തിയാലോ മുട്ടുവേദന, തലവേദന, കാലുവേദന… ഇങ്ങനെ ഓരോരോ ഒഴിവു കഴിവുകൾ നിരത്തുകയും ചെയ്യും.

മുഖം വീർപ്പിക്കും

 അമ്പിളി അമ്മാവനെ പിടിച്ചു കൊണ്ടു വന്നു കൊടുത്താലും തെളിയാത്ത മുഖമാവും ഭാര്യയുടേത്. സന്തോഷിപ്പിക്കാൻ ചെയ്യുന്നതൊന്നും നമ്മൾ വിചാരിക്കുന്നത്ര ഏൽക്കില്ല. എന്നാലോ നിനച്ചിരിക്കാത്ത അവസരത്തിൽ നമ്മളെ വല്ലാതെയങ്ങ് പരിഗണിക്കുകയും ചെയ്യും. എന്തൊരു സ്വഭാവമാണിത്. നീരസം പ്രകടിപ്പിക്കുന്നതിന്‍റെ പിന്നിൽ സ്നേഹം ഒളിപ്പിച്ചു വച്ചിട്ടുണ്ടാവും. എന്നാലോ ഭർത്താവിന്‍റെ നീരസം അവൾ മൈന്‍റ് ചെയ്യുകപോലുമില്ല. ഇനി നിങ്ങൾ പറയൂ ഞാൻ പറഞ്ഞ കാര്യങ്ങൾ സത്യമല്ലേ?

പാവാടയ്ക്ക് എന്നും പ്രായം 17

പാവാടയുടെ പുതിയ നീളൻ ട്രെൻഡ്

ആഷിക്കി 2 വിലും സോൾട്ട് ആന്‍റ് പൈപ്പറിലും നായികമാർ ധരിച്ച നീളൻ പാവാടയ്‌ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ആഷിക്കി 2 പ്രേക്ഷകർ ഇഷ്‌ടപ്പെടാൻ നിരവധി കാരണങ്ങളുണ്ടായിരുന്നുവെങ്കിലും അതിൽ ശ്രദ്ധാ കപൂർ ധരിച്ച ലോംഗ് സ്കർട്ട് കോളേജു കുമാരിമാർക്കിടയിൽ തരംഗമായി. സോൾട്ട് ആന്‍റ് പെപ്പറിൽ മൈഥിലി ധരിച്ചതുപോലുള്ള പാവാടയും ഇപ്പോഴും മാർക്കറ്റിൽ ചോദിച്ചു വാങ്ങുന്നവരുണ്ട്. ലോംഗ് സ്കർട്ട് ധരിക്കുന്നത് ഫാഷനബിൾ ആണെന്നു മാത്രമല്ല, ഏതു ചടങ്ങുകൾക്കും ഏതവസരങ്ങളിലും അംഗീകരിക്കപ്പെടുന്നതുമാണ്.

ലോംഗ് സ്കർട്ട് പണ്ടും ഉണ്ടായിരുന്നു, പക്ഷേ അന്നത് പിക്നിക് സ്കർട്ട് എന്നാണ് അറിയപ്പെട്ടിരുന്നത്! പഴയ സിനിമകളിലും ഇത്തരം നീളൻ പാവാട നായികമാർക്ക് സൗന്ദര്യം വർദ്ധിപ്പിച്ചിരുന്നു. അന്ന് ഞൊറിവുകൾ ഉപയോഗിച്ച് ഇറങ്ങിയ പാവാടയ്ക്കു പകരം ഇന്ന് അംബ്രലാ കട്ട് ചെയ്‌ത പാവാടകളായി രൂപാന്തരം സംഭവിച്ചു എന്നു മാത്രം. അന്ന് നാടകളിൽ ബന്ധിച്ചു നിർത്തിയ പാവാടകൾ ഇന്ന് ഇലാസ്‌റ്റിക് നാടകൾക്കു വഴി മാറി. അതുകൊണ്ട് ആർക്കും എളുപ്പം ഉപയോഗിക്കാനും കഴിയുന്നു.

ഷിഫോൺ, ജോർജ്‌ജറ്റ്, കോട്ടൺ, ക്രേപ്പ് തുടങ്ങിയ തരം തുണിത്തരങ്ങളാണ് ലോംഗ് സ്കർട്ടിന് അനുയോജ്യം. ഡിസൈനിംഗിലാണ് ലോംഗ് സ്കർട്ടിന്‍റെ ലുക്ക് ലഭിക്കുന്നത്. ലോംഗ് സ്കർട്ടിന് സവിശേഷതയുണ്ട്. ഏത് അവസരത്തിലും ധരിക്കാമെന്നു മാത്രമല്ല, അതിന് ഇന്ത്യൻ ലുക്ക് ഉണ്ട്. അതോടൊപ്പം വെസ്റ്റേൺ സ്റ്റൈലും. കൂടുതൽ ഫാഷനബിൾ ആകാൻ ആഗ്രഹിക്കുന്നവർക്ക് വെസ്റ്റേൺ ലുക്കിലുള്ള ലോംഗ് സ്കർട്ടുകൾ ആ ലുക്ക് നൽകും. ഏതു കാലാവസ്‌ഥയിലും ഈ ഡ്രസ് ഉപയോഗിക്കുകയുമാവാം.

മൾട്ടിപർപ്പസ് ലോംഗ് സ്കർട്ട്

ഒരു പാർട്ടിക്കു പോകണം. പുതിയ ഡ്രസ് വാങ്ങാൻ സമയമില്ല. ഒരു ലോംഗ് സ്കർട്ട് കയ്യിലുണ്ടെങ്കിൽ പിന്നെ എന്താണ് പ്രശ്നം. അതു ധരിക്കാം. ടോപ്പിനു മുകളിൽ ഒരു ജാക്കറ്റോ ഷ്രഗ്ഗോ അണിയുക. സ്മാർട്ട് ലുക്ക് ലഭിക്കാൻ ഇതിലും നല്ല മാർഗമില്ല. അൽപം കൂടി ഹോട്ട് ലുക്ക് ആഗ്രഹിക്കുന്നുണ്ടെങ്കിൽ കഴുത്തിൽ ഒരു സ്റ്റോൾ സ്റ്റൈലായി ചുറ്റിയിടാം. ഒപ്പം മാച്ചിംഗ് ഇയറിംഗ്സും ബ്രേസ്‍ലെറ്റും ധരിക്കാൻ മറക്കരുത്. ഈസി ഫീൽ തോന്നുകയും ചെയ്യും. ഫാഷനബിൾ ആകാനും എളുപ്പമാവും.

ഇനി ഫാമിലിയിൽ ഒരു ഫംഗ്ഷൻ നടക്കുന്നു. അൽപം ട്രഡീഷണൽ ലുക്ക് ആണ് വേണ്ടത് എങ്കിലും ലോംഗ് സ്കർട്ടിനെ തന്നെ കൂട്ടുപിടിക്കാം. സിൽക്കിന്‍റേയോ ജോർജെറ്റിന്‍റേയോ സ്കർട്ടുകൾ ഇത്തരം ലുക്കിന് അനുയോജ്യമാണ്. ടോപ്പിനു പകരമായി രാജസ്‌ഥാനി കുർത്തയോ ഗുജറാത്തി ചോളിയോ ധരിക്കാം. വ്യത്യസ്‌തമായ ലുക്ക് നൽകാൻ ഈ കോമ്പിനേഷനു കഴിയും.

ഉത്സവ സീസണാണെങ്കിൽ ലോംഗ് സ്കർട്ട് ധരിക്കുന്നത് ഒരു ട്രെന്‍റ് ആണ്. ഇവിടെയും നിങ്ങൾക്ക് ഡിഫറന്‍റ് ആകാം. കടും നിറത്തിൽ പ്ലെയ്ൻ സ്കർട്ട് വാങ്ങുക. ചെറിയ സീക്വൻസ് പിടിപ്പിച്ച കുർത്ത അതിനോടൊപ്പം ധരിക്കാം.

ഏതു സീസണിലും ലോംഗ് സ്കർട്ട് ധരിക്കാം, വെയിലത്തും മഴയത്തും. വെയിലിൽ നല്ല ഇറക്കമുള്ള സ്കർട്ടുകൾ ധരിക്കുന്നത് കാലുകൾക്ക് സംരക്ഷണം നൽകും. മഴക്കാലത്ത് നിലത്ത് മുട്ടുന്ന അത്രയും ഇറക്കം അസൗകര്യമായേക്കാം. കാൽവണ്ണവരെ നിൽക്കുന്ന കനം കുറഞ്ഞ സ്കർട്ടുകൾ ധരിക്കാം. നനഞ്ഞാലും കാലിൽ ഒട്ടിപ്പിടിക്കാതെ വേഗം ഉണങ്ങും. ചർമ്മത്തിൽ ഇൻഫെക്ഷൻ ഉണ്ടാവുകയുമില്ല.

ഫ്‌ളവർപ്രിന്‍റ്, ഫ്രിൽ സ്റ്റൈൽ സ്കർട്ടുകൾക്കാണ് ഇപ്പോൾ കൂടുതൽ ഡിമാന്‍റ്. ഫ്ളവർപ്രിന്‍റ് സ്കർട്ട് ധരിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

  • ഉയരം കുറഞ്ഞ് അൽപം തടിച്ച പ്രകൃതമാണെങ്കിൽ വലിയ ഫ്ളവർ പ്രിന്‍റുള്ള സ്കർട്ട് ഉപയോഗിക്കാതെ ചെറിയ പ്രിന്‍റുള്ളവ തെരഞ്ഞെടുക്കാം.
  • ഉയരമുള്ള ആളാണെങ്കിൽ വലിയ പ്രിന്‍റ് ഇണങ്ങും.
  • ലോംഗ് സ്കർട്ടിനൊപ്പം ജയ്പൂരി ചെരിപ്പും വളകളും ആണ് കൂടുതൽ ഇണങ്ങുക. കമ്മൽ ഒഴിവാക്കരുത്.
  • സ്കർട്ട് ധരിക്കുമ്പോൾ കാഷ്വൽ ലുക്ക് വേണമെന്നുണ്ടെങ്കിൽ സാൻഡൽ ധരിക്കുകയും മുടി അഴിച്ചിടുകയും ചെയ്യുക.
  • ഫോർമൽ വിയർ ആണെങ്കിൽ ചെറിയ തോതിൽ മേക്കപ്പ് ചെയ്‌ത് മുടി പോണിടെയിൽ കെട്ടാം.

ആനന്ദം (അ) വിവാഹിതർ

കല്യാണം! ഈ വാക്കു കേൾക്കുമ്പോൾ നിങ്ങൾക്ക് ആണും പെണ്ണും തമ്മിലുള്ള, വർണാഭമായ, നാലാളെ വിളിച്ചുകൂട്ടിയുള്ള, ഒരു മത പുരോഹിതന്‍റെ കാർമികത്വത്തിൽ നടക്കുന്ന ചടങ്ങാണ് ഓർമ്മ വന്നതെങ്കിൽ നിങ്ങൾ ഒന്നുകിൽ ഒരു പാട്രിയാർക്കാണ്, അല്ലെങ്കിൽ പാട്രിയാർക്കിയൽ കണ്ടിഷൻ ചെയ്‌തെടുക്കപ്പെട്ട ഒരു ഇര! കല്യാണത്തെക്കുറിച്ചു ഗൃഹശോഭ ഒരു പ്രത്യേക പതിപ്പ് ഇറക്കുമ്പോൾ കല്യാണേതര ജീവിതങ്ങളെക്കുറിച്ചും ഭിന്ന ലൈംഗീകതയെ കുറിച്ചും കൂടി സംസാരിക്കേണ്ടതുണ്ട്; ഒപ്പം ഒരു ആരോഗ്യമുള്ള സമൂഹത്തിനായി അവയെയും കൂടി ഉൾക്കൊള്ളേണ്ടതിനെ കുറിച്ചും ചിന്തേറുകളുമായി ആനന്ദ് കൃഷ്ണമൂർത്തി എഴുതുന്ന പംക്തി തുടരുന്നു…

രണ്ടു കൊല്ലം മുൻപാണ്. ഒരു ദിവസം ക്ലാസ്സിൽ കേറി ചെന്നപ്പോൾ (ക്ലാസുകൾ ലെക്ചർ എന്നതിനേക്കാൾ ചർച്ചകൾക്കുള്ള വേദിയാകാൻ പരിശ്രമിക്കാറുള്ളതുകൊണ്ടാവണം) ഒരു കുട്ടികുറുമ്പൻ എണീറ്റ് നിന്ന് ചോദിച്ചു: “സർ ഈ ആർട്ടിക്കിൾ 377, 497 എന്നിവയെകുറിച്ചു എന്താണഭിപ്രായം?” ചരിത്രപ്രധാനമായ കോടതി വിധി വന്ന പശ്ചാത്തലത്തിലായിരുന്നു കുസൃതി ഒളിപ്പിച്ച ആ ചോദ്യം. (ആർട്ടിക്കിൾ 377: സ്വവർഗ രതി നിയമവിരുദ്ധമല്ല എന്ന് തിരുത്തിയ വിധി; 497 അഡൽറ്ററി (adultery) നിയമവിരുദ്ധമല്ല എന്ന വിധി പ്രസ്താവം.) ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുടെ ചോദ്യമാണ് എന്നത് കൊണ്ട് തന്നെ ഒന്ന് മയപ്പെടുത്തിയ ഉത്തരം കൊടത്തു: “ഇവയ്ക്കാധാരമായ സാംഗത്യങ്ങൾ മുൻപ് നടക്കാത്തതോ ഇനി നടക്കില്ലാത്തതോ അല്ല. ഈ വിധിക്ക് മുൻപും ഭിന്ന ലൈംഗീക താല്പര്യമുള്ളവർ ഉണ്ടായിരുന്നു, ഇനിയും ഉണ്ടാവും. ഈ വിധി വന്നത് കൊണ്ട് മാത്രം നാളെ രാവിലെ മുതൽ ജാരൻ ചെന്ന് “നിങ്ങളുടെ ഭാര്യയും ഞാനുമായി ബന്ധത്തിലാണ്” എന്ന് പ്രഖ്യാപിക്കില്ല. സമൂഹം സ്വവർഗ ലൈംഗീകതയോടോ അവിഹിത ബന്ധങ്ങളോടോ ഉള്ള സമീപനം ഒരു കോടതി വിധി കൊണ്ട് ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോളേക്കും മാറ്റാനും പോണില്ല. ആ കോടതി വിധി കൊണ്ട് ആകെ ഉള്ള ആശ്വാസം എന്നത് അത്തരക്കാർക്ക് നിയമ ദുരിതങ്ങളിൽ നിന്നും മോചനവും ആശ്വാസവും കിട്ടി എന്നത് മാത്രമാണ്! Marital- rape ഇന്നും ലീഗൽ ആയ നാടാണ് നമ്മുടേത് എന്നത് മറക്കരുത്!”

ഇരട്ടത്താപ്പിന്‍റെ സമൂഹപാഠങ്ങൾ!

സമൂഹം പ്രവർത്തിക്കുന്ന വഴികൾ അതീവ വിചിത്രമാണ്, പ്രത്യേകിച്ച് ലൈംഗീക സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിൽ. നമുക്ക് ഒരു എളിയ ഉദാഹരണം നോക്കാം: രാജു എന്ന ഒരു കൗമാരക്കാരനുണ്ട് എന്ന് വെക്കുക. നാളെ അവനു പരീക്ഷയായതിനാൽ അവനെ വീട്ടിൽ തനിച്ചാക്കി അവന്‍റെ വീട്ടുക്കാർ എവിടെയെങ്കിലും അത്യാവശ്യമായി യാത്ര പോകുന്നു എന്ന് വെക്കുക (കഥയിൽ ചോദ്യമില്ല). കമ്പൈൻ സ്റ്റഡിക്കായി രാജുവിന്‍റെ സഹപാഠിയായ രാധ അവന്‍റെ വീട്ടിൽ വരുന്നു എന്ന് വെക്കുക. അവൾ വീട്ടിൽ കയറി ആ വാതിൽ അടയുന്ന നിമിഷം മുതൽ അയല്പക്കത്തു സദാചാരത്തിന്‍റെ കടുകുകൾ പൊട്ടി തുടങ്ങും. ഏറെ നേരമായിട്ടും വാതിൽ തുറക്കാഞ്ഞാൽ ചിലപ്പോൾ നാട്ടുകാർ ആ സദാചാര ബോധം അടക്കാൻ വയ്യാതെ വാതിലിൽ മുട്ടി പോലീസ് ചമയാനും മടിക്കില്ല. (രാജുവും രാധയും സത്യമായിട്ടും ആ അടഞ്ഞ വാതിലിനുള്ളിൽ അടുത്ത ദിവസത്തെ പരീക്ഷയ്ക്ക് പഠിക്കുക തന്നെ ആയിരുന്നിരിക്കാം, ഇല്ലേ?)

ഇനി, നമുക്ക് ഇതേ കഥയെ ചെറുതായ് ഒന്ന് മാറ്റി ചിന്തിക്കാം! രാജു എന്ന കൗമാരക്കാരന് രാജീവ് എന്നൊരു സുഹൃത്തുണ്ട്. അവരിരുവരും വാതിൽ അടച്ചിട്ട് ഏറെ നേരം വീട്ടുകാരില്ലാത്തപ്പോ ഒരുമിച്ച് പഠിക്കുന്നു; അഥവാ രാധ എന്ന കൗമാരക്കാരിക്ക് റാണി എന്നൊരു കൂട്ടുകാരിയുണ്ട്, അവരിരുവരും ഇത് പോലെ വീട്ടുകാരില്ലാത്തപ്പോ ഏറെ നേരം വാതിലടച്ചിട്ട് കുറെ നേരം ഒറ്റയ്ക്ക് പഠിക്കുന്നു. ആർക്കും ഒരു പ്രശ്നവും ഉണ്ടാവാനിടയില്ല. സദാചാര മുട്ടലുകളുമായി ഒരു നാട്ടുകാരനും വാതിലിൽ മുട്ടുകയില്ല. (ചിലപ്പോൾ രാജുവും രാജീവും പഠിക്കുകയല്ലായിരിക്കാം; രാധയും റാണിയും പഠിക്കുകയല്ലായിരിക്കാം; അവർ കൗമാര സഹജമായ ലൈംഗീക ജിജ്ഞാസകൾ പരസ്പരം പരീക്ഷിച്ച് ആഹ്ളാദിക്കുകയാവാം.)

ഈ കഥയിലെ വിരോധാഭാസമെന്തെന്നാൽ ആദ്യത്തെ സംഭവത്തിൽ വിവരിച്ച പോലുള്ള എതിർ ലിംഗ കൂടികാഴ്ചകളെ, എതിർ ലിംഗ ഇണചേരൽ ചോദനകളെ (ഇനി അഥവാ രാജുവും രാധയും തമ്മിൽ മുറി അടച്ചിരുന്നു ലൈംഗീക ആനന്ദത്തിൽ ആറാടുകയായിരുന്നെങ്കിൽ തന്നെ) തല്ലിക്കെടുത്തുന്ന അതെ സമൂഹം തന്നെ പിന്നീട് ഹെറ്ററോസെക്ഷ്വവൽ (hetero-sexual) വൈവാഹിക ജീവിതങ്ങളെയെ പിന്തുണയ്ക്കൂ എന്നതാണ്! മറ്റൊരു വിരോധാഭാസം ഇത്തരം ലൈംഗീക താൽപര്യമുള്ളവരെ “സ്ട്രൈറ്റ്” (straight) എന്ന് വിശേഷിപ്പിക്കുന്നു എന്നുള്ളതാണ്!

ഇനി, രണ്ടാമത്തെയും മൂന്നാമത്തെയും ഉദാഹരണങ്ങളിൽ ചൂണ്ടിക്കാണിച്ചത് പോലെ പ്രഥമദൃഷ്ട്യാ ഒരേ ലിംഗത്തിലുള്ള രണ്ടു പേരുടെ ഒരുമിച്ചിരിക്കലിനെ പ്രശ്നവത്കരിക്കാത്ത സമൂഹം തന്നെയാണ് ഹോമോസെക്ഷ്വവാലിറ്റിയെ കല്ലെറിയുന്നത് എന്നതാണ്! നേരത്തെ സൂചിപ്പിച്ച ആർട്ടിക്കിൾ 377 തിരുത്തപ്പെടുന്നത് വരെ അത് ‘അൺനാച്ചുറൽ’ അഥവാ ‘പ്രകൃതി വിരുദ്ധം’ എന്ന വിഭാഗത്തിലായിരുന്നു താനും!

തീർച്ചയായും ഇത് ഭിന്ന അഭിരുചിയുള്ളവരിൽ ഉണ്ടാക്കുന്ന സമ്മർദ്ദവും സംഘർഷവും ഒട്ടും ചെറുതല്ല.

ലൈംഗീകതയെ, ഇണ ചേരലിനെ, ഒരുമിക്കലിനെ ഹെറ്ററോസെക്ഷ്വവാലിറ്റിയിൽ തളച്ചിടുമ്പോൾ പലരും തങ്ങളുടെ യഥാർത്ഥ ലൈംഗീക സ്വത്വം തിരിച്ചറിയാനാവാതെ ജീവിതം തള്ളി നീക്കുന്നു. “സ്ട്രൈറ്റ്” (straight) എന്ന പദം മാത്രം കേട്ട് കണ്ടീഷൻ ചെയ്യപ്പെട്ട സമൂഹത്തിന് ചിലപ്പോ “ഹോമോസെക്ഷ്വവാലിറ്റി” എന്ന് കേട്ടാൽ ദഹിക്കാതെ വരും. മോണോഗമി നിഷ്കർഷിച്ചു നീങ്ങുന്ന സമൂഹത്തിൽ അത് കൊണ്ട് തന്നെ പോളിഗാമി പോളിആൻഡ്രി എന്നൊക്കെ കേട്ടാൽ തലകറങ്ങും; പോളിഅമോറി ഒന്നും സങ്കൽപ്പിക്കാൻ പോലും പറ്റാത്ത ഒരു ഊതി വീർപ്പിച്ച കുമിളയാണ് “പരിഷ്‌കൃത” സമൂഹം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നത്! അത് കൊണ്ട് ഉണ്ടാകുന്ന വിപത്തുകളാണ് വിവാഹമോചനവും (അ)വിഹിത ബന്ധവും (വിപത്തു എന്നത് കൊണ്ട് നിങ്ങൾ വിചാരിക്കുന്നത് പോലെ സംഭവിക്കാൻ പാടില്ലാത്തത് എന്നല്ല ഞാൻ ഉദേശിച്ചത് കേട്ടോ! കല്യാണം എന്ന ഏക-ചിന്തീക-വ്യവസ്ഥാപിത പ്രസ്ഥാനത്തിന്‍റെ പരിണിത ഫലം ആണ് വിപത്തു എന്നതുകൊണ്ട് ഉദ്ദേശിച്ചത്.)

എന്ത് കൊണ്ട് എനിക്ക് ഒരു ഭാര്യയെ വേണം?

മഹാരാജാസ് കോളേജിൽ പഠിപ്പിച്ചിരുന്ന കാലത്തു ജൂഡ് ബ്രാഡിയുടെ “എന്ത് കൊണ്ട് എനിക്ക് ഒരു ഭാര്യയെ വേണം” എന്ന ലേഖനം പഠിപ്പിച്ചത് ഇപ്പോഴും ഓർക്കുന്നു: “എന്ത് കൊണ്ടാണ് ഭാവിയിൽ നിങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത്?” എന്ന ചോദ്യത്തിലാണ് ക്ലാസ് തുടങ്ങിയത്. “വെച്ച് വിളമ്പി തരാൻ ഒരുത്തിയെ വേണം, പാത്രം കഴുകാൻ ഒരുത്തിയെ വേണം, തുണിയലാക്കിത്തരാൻ ഒരുത്തിയെ വേണ്ടേ സാർ!!” എന്നിങ്ങനെ ഉത്തരങ്ങൾ വന്നുകൊണ്ടിരിക്കെ ഒരുത്തൻ നിഷ്കളങ്കമായ കൂസലില്ലായ്മയോടെ പറഞ്ഞു “എനിക്ക് സെക്സ് ചെയ്യാനും എന്‍റെ അച്ഛനേം അമ്മേനേം നോക്കാനും ഒരു ഭാര്യയെ വേണമല്ലോ!!” നേരത്തെ സൂചിപ്പിച്ച സ്റ്റീരിയോടൈപ്പിക്കൽ കണ്ടിഷനിംഗിന്‍റെ ഫലം ആണ് ഈ ഉത്തരങ്ങൾ ഒക്കെയും! അതിനെ തന്നെയാണ് ബ്രാഡി തന്‍റെ ലേഖനത്തിൽ പരിഹസിക്കുന്നതും. കുട്ടികളുമായുള്ള ചർച്ചയിൽ ഇത് പ്രതിപാദിക്കവേ ഞാൻ അവരോട് ചോദിച്ചു: “നിങ്ങൾക്ക് തുണി അലക്കാനോ, പാത്രം കഴുകാനോ, പാചകം ചെയ്യാനോ ആണെങ്കിൽ ഒരു വേലക്കാരിയെ വെച്ചാൽ പോരെ അല്ലാതെ വിവാഹം കഴിക്കേണ്ടതുണ്ടോ?” പറഞ്ഞപ്പോൾ ശ്രദ്ധിക്കാത്ത അബദ്ധം ക്ലാസ് കഴിഞ്ഞു ആലോചിച്ചപ്പോൾ തോന്നുകയും അടുത്ത ക്ലാസ്സിൽ തിരുത്തുകയും ചെയ്തു “നിങ്ങൾക്ക് തുണി അലക്കാനോ, പാത്രം കഴുകാനോ, പാചകം ചെയ്യാനോ ആണെങ്കിൽ ഒരു ‘വേലക്കാരനെയോ’ വേലക്കാരിയെയോ വെച്ചാൽ പോരെ അല്ലാതെ വിവാഹം കഴിക്കേണ്ടതുണ്ടോ?” ജൻഡർ ന്യുട്രാലിറ്റി (gender-nuetrality) ഒരു തരത്തിൽ പൊളിറ്റിക്കൽ കറക്ട്നെസ്സ് കൂടി ആണ്.

living together

(അ) വിവാഹിതർ!

“വിവാഹം” എന്ന പാട്രിയാർക്കൽ ജീവിതശൈലി പിന്തുടരാൻ ആഗ്രഹിക്കാത്ത ഒരുപാട് പേർ നമുക്കിടയിലുണ്ട്. ആണ്, പെണ്ണിനെ “കെട്ടു”ന്ന, ആണിന് പെണ്ണിനേക്കാൾ അനാവശ്യ മേൽകൈ നൽകുന്ന, അടിമത്തമാണ് വിവാഹം എന്ന് വിശ്വസിക്കുന്ന ഒരുപാട് പേർ! ആധുനിക സമൂഹത്തിൽ, പ്രത്യേകിച്ചു മെട്രോ നഗരങ്ങൾ പകർന്നു നൽകുന്ന അപരിചിതത്വത്തിന്‍റെ സുരക്ഷാകവചത്തിൽ, “ലിവിങ് ടുഗെതെർ” എന്ന ഓമന പേരിലറിയപ്പെടുന്ന ആശയത്തെ പിൻപറ്റി സ്നേഹം പങ്കിടുന്നവരും ഒരു പടി കൂടി മുകളിൽ ലജ്ജയേതുമില്ലാതെ കാമം എന്ന നൈസർഗ്ഗീക ചോദനയെ ആഘോഷിക്കുന്നവരും നമുക്കിടയിൽ ജീവിക്കുന്നുണ്ട്. ഇത്തരക്കാർ സമൂഹത്തിനു നിരക്കാത്തവരാണ് എന്ന് വരുത്തിത്തീർക്കാനും “കൈ”കാര്യം ചെയ്യാനും സദാചാരത്തിന്‍റെ കാവൽക്കാർ സദാ മുന്നിട്ടിറങ്ങാറുമുണ്ട്. അല്ലെങ്കിലും ഈ ലോകത്തു ഭൂരിപക്ഷത്തിന്‍റെയും കൈയൂക്കിന്‍റെയും ഭയത്തിന്‍റെയും ഇരകളാണല്ലോ എപ്പോഴും ന്യൂനപക്ഷങ്ങൾ!

എന്നിരിക്കിലും എത്രമേൽ മനോഹരമായ ഒരു മോഹന ഏർപ്പാടാണ് അത്! പരിചയമില്ലാത്ത ഒരാളെ പൊതു ബോധത്തെയും സ്വകുടുംബത്തെയും ബോധിപ്പിക്കാൻ വേണ്ടി കെട്ടുന്നതിനേക്കാൾ എത്ര അഭികാമനീയമാണ് സ്വയം തിരഞ്ഞെടുത്ത സ്വന്തം അഭിരുചികളുമായി ഇണങ്ങി പോവുന്ന, തന്നെ ചരക്കായോ കച്ചവട വസ്തുവായോ കാണാത്ത, റെസിസ്റ്റോ കാസ്ടിസ്റ്റോ അല്ലാത്ത ഒരാളുമായി ജീവിതം പങ്കിടുന്നത്! അതല്ലേ ശെരിക്കും ഡെമോക്രസി?

അമ്മയുടെ മരണാനന്തരം എഴുതിയ ഓർമ്മക്കുറിപ്പിൽ ഒരൊറ്റ വരിയിൽ വന്നു പോകുന്ന എന്‍റെ ഇണയുണ്ടല്ലോ, ഒരുപാട് ബ്രോക്കൺ മാര്യേജുകൾ കണ്ടു വളർന്നത് കൊണ്ടാവാം “ഒരു ചരടിന്‍റെ ബലത്തിലുള്ള, അഥവാ ഒരു ഒപ്പാൽ രജിസ്റ്റർ ചെയ്യപ്പെടുന്ന” ദാമ്പത്യം നമുക്ക് വേണോ എന്ന് പലപ്പോഴും സന്ദേഹിക്കുന്നത്. പഠിപ്പിക്കാൻ തുടങ്ങിയ കാലം തൊട്ടേ വിവാഹം ധൂർത്താണെന്നും (അനാവശ്യ ആർഭാടം) സാമൂഹ്യ വിപത്താണെന്നും പ്രസംഗിച്ചു നടന്നിട്ടുള്ളത് കൊണ്ടും കൂടി ആവണം എനിക്കും മറിച്ചൊരു അഭിപ്രായം തോന്നിയിട്ടില്ല.

ഒരുമിച്ചുള്ള ജീവിതം പ്രണയത്തിന്‍റെ പൂര്‍ണ്ണതയാണെന്നും വിശ്വസിക്കുന്നില്ല; അതും പരസ്പര ബഹുമാനത്തിന്‍റെയും പങ്കുവെക്കലിന്‍റെയും തുടര്‍ച്ച മാത്രമാണ്. മാനസികമായി ഇരുവർക്കും ആ പാകതയെത്തുമ്പോൾ അങ്ങനൊരു ചരടേതുമില്ലാതെ (താലി ചരട് എന്ന അർത്ഥത്തിൽ മാത്രമല്ല, നോ സ്ട്രിങ്സ് അറ്റാച്ചഡ് എന്ന അർത്ഥത്തിലും), ഒരുമിച്ചു ജീവിക്കുന്ന ഒരു കിനാശ്ശേരി, അത് തന്നെയാണ് മോഹവും സ്വപ്നവും! രാവിലെ എണീക്കുമ്പോൾ ഒരു കപ്പ് കാപ്പിയുമായി ചെന്നു വിളിച്ചെണീപ്പിക്കുന്ന, പ്രാതലും ഊണും ഉണ്ടാക്കി ഊട്ടുന്ന, ജോലിക്ക് പോയി ക്ഷീണിച്ചു വരുമ്പോൾ വാതിൽ തുറന്നു കൊടുത്തു ആശ്ലേഷിക്കുന്ന, ആർത്തവ കാലത്തു കാൽ തിരുമ്മി കൊടുക്കുന്ന ആ “കുല” ഭർത്താവാകാൻ എനിക്ക് കൊതിയായിട്ട് വയ്യ!

അറേഞ്ച് മാര്യേജിനു മലയാള പദം എന്താണെന്ന് ചോദിച്ചാൽ ‘വിവാഹം’ എന്നും അതല്ലാത്തത് പ്രണയ വിവാഹമെന്നും പറഞ്ഞു തരുന്ന ഗൂഗിൾ ട്രാൻസ്‍ലേറ്ററെ പിൻപറ്റുന്ന യാഥാസ്ഥിതികർക്ക് ഞങ്ങളുടെ അത്തരമൊരു മായാ ലോകത്തിനെ വ്യാഖ്യാനിക്കാൻ വാക്കുകൾ കിട്ടിയേക്കില്ല, തീർച്ച! നിങ്ങളും മനസ്സിൽ ചോദിക്കുന്നുണ്ടാവും “നിങ്ങൾക്ക് വിവാഹം കഴിച്ചൂടെ?” എന്ന്!

വിവാഹം എന്ന സംഘടിത ആഭാസം!

ഒന്നോർത്താൽ വിവാഹത്തെക്കാൾ വലിയ ആഭാസം വേറെ ഇല്ല ലോകത്തിൽ. മതം, ലിംഗം, രാഷ്ട്രീയം എന്നിങ്ങനെ എല്ലാ വിപത്തുകളും വിവാഹത്തെ ഒരു നിയന്ത്രിക്കൽ മാർഗ്ഗമായി നിർലജ്ജം ഉപയോഗിച്ച് പോരുന്നു. എത്രയെത്ര കുരുന്നു പെൺജീവിതങ്ങളെയാണ് ഇവയൊക്കെ വിവാഹത്തിൽ കെട്ടി ഹോമിച്ചത്. വിവാഹ പ്രായം ഉയർത്തൽ നിയമം നടപ്പാവുമോ? അങ്ങനെയെങ്കിലും ഈ നാട്ടിലെ പെൺകുട്ടികൾക്ക് ഒരു വിമോചനപാത തുറക്കുമോ? മകന്‍റെ ദുശീലങ്ങൾ മാറ്റാനുള്ള ദുർഗുണ പരിഹാര പാഠശാലയല്ല വിവാഹം എന്നു എന്നാണ് മാതാപിതാക്കൾ തിരിച്ചറിയുക? നടന്നതിനേക്കാൾ പതിന്മടങ്ങുവേഗത്തിൽ എത്രയെത്ര വിവാഹങ്ങളാണ് വേർപിരിയലിനായ് കോടതിയിൽ എത്തുന്നത്?

കുറെപേരുടെ കച്ചവട താല്പര്യങ്ങളുടെ ഇര കൂടിയാണ് വിവാഹം. പൂക്കടകൾ, കാറ്ററിങ് സെർവീസുകാർ, ബാറുകൾ, ഡാൻസ് ഹാളുകൾ, തുണി കടകൾ, ആഭരണ നിർമാതാക്കൾ എന്നിവയ്ക്ക് ലാഭം കൊയ്യാനുള്ള ഒരു ഉപാധിയായി വിവാഹം മാറ്റപ്പെട്ടു കഴിഞ്ഞു. കുറച്ചു പേരെങ്കിലും ഇതിലൂടെ ജീവിത മാർഗം തേടുന്നു എന്ന സത്യവും മറക്കുന്നില്ല.

അതിനപ്പുറം മാഫിയകളും തീവ്രവാദികളും ആശ്രയിക്കുന്ന കള്ളപണത്തിന്‍റെ മുഖ്യ ശ്രോതസ്സു സ്വർണ-വജ്ര കടത്താണെന്നു ഇതിനകം നമുക്കെല്ലാം ബോദ്ധ്യപ്പെട്ടതാണല്ലോ. എന്നിട്ടും സാമ്പത്തിക ഞെരുക്കം പോലും വകവെക്കാതെ സമൂഹത്തിനെ/ പൊതു ബോധത്തിനെ തൃപ്തിപ്പെടുത്തുവാനായ് വിറ്റു പെറുക്കിയും കടമെടുത്തും ആർഭാട വിവാഹം നടത്തുന്നവർ നിരവധിയാണ്. ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്ത ഒരാൾ പോലും വിവാഹ സദ്യക്ക് ക്ഷണിക്കപ്പെടുന്നവരിൽ ഉണ്ടാവാറില്ല; എന്നിട്ടും എരിവില്ലെന്നും പുളിയില്ലെനും കുറ്റം പറയാൻ നാം അവരെ ക്ഷണിച്ചു വരുത്തി ഊട്ടുന്നു! ആ തുകയ്ക്ക് ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്തവർക്ക് ഒരു പൊതിച്ചോറ് വാങ്ങി നൽകിയാൽ പുണ്യം കിട്ടും, ഇല്ലേ? ഇതൊക്കെ കൊണ്ട് തന്നെയാണ് ‘ഗ്രാൻഡ് ഇന്ത്യൻ വെഡിങ്’ നെ തമസ്കരിക്കുന്ന ചെറിയപക്ഷം യുവതലമുറക്കാരെ ഞാൻ ബഹുമാനിക്കുന്നതും. പ്രണയിച്ചു വിവാഹം കഴിക്കുന്നവരാരും അർഭാടവിവാഹം നടത്തുന്നില്ല എന്നും പറയുന്നില്ല. ഒരുപാട് പേർ അങ്ങനെയും ചെയുന്നുണ്ട്.

രാഷ്ട്രീയ പ്രബുദ്ധതയുടെ പേരിലും നിർലോഭം സംഭാവന ചെയ്യുന്ന കലാകാരന്മാരുടെ പേരിലും “മിനി അധോലോകം” എന്ന ഓമനപേരിലൊക്കെ ചിലർ വിളിക്കുന്ന എറണാകുളത്തെ മഹാരാജാസ് കോളേജ്നു അധികമാർക്കും അറിയാത്ത വേറൊരു ഖ്യാതി കൂടി ഉണ്ട്: ഏറ്റവും കൂടുതൽ പ്രേമ വിവാഹങ്ങൾ (പ്രത്യേകിച്ചും മിശ്ര-വിവാഹങ്ങൾ) നടക്കുന്ന കലാലയം കുടി ആണ് അത്! അതായത് വിവാഹം എന്ന വൈറസിനെ ഉച്ചാടനം ചെയ്യുന്ന ഒരു ലബോറട്ടറി കൂടിയാണ് മഹാരാജാസ്!

എന്‍റെ സുഹൃത്തും അനിയനുമായ അമൽ ലാൽ പണ്ട് എഴുതിയത് പോലെ “അയ്യേ… നാണമില്ലേ തന്‍റെ മോളെ ഇന്നലെ കണ്ട, 5 മിനിട്ടു ചായ കുടിച്ചു സംസാരിച്ച, അപരിചിതന്‍റെ കൂടെ എന്നന്നേയ്ക്കുമായി ഇറക്കി വിടാൻ” എന്ന് അയൽവാസികൾ ചോദിക്കാൻ തുടങ്ങിയാൽ തീരാവുന്നതേയുള്ളു ഇതൊക്കെയും.

യൗവനം പ്രണയസുരഭിലവും ജീവിതം പരസ്പര ബഹുമാനം നിറഞ്ഞ പങ്കുവെക്കലും ആയിരിക്കട്ടെ.

ടുങ്കു ടുഹു ടുഹു!

ഇന്ത്യൻ വൈഫ്

ഹലോ”, ഫോൺ റിങ് ചെയ്യുന്നതു കേട്ട് മിത ഓടി വന്നു. രഞ്ജനാണ് മറുവശത്ത്.

“ കേൾക്കൂ, ഒരു സന്തോഷവാർത്തയുണ്ട്.”

“എങ്കിൽ വേഗം പറ…”

“പറഞ്ഞാൽ എന്തു തരും.”

“എന്തും”

“ഉറപ്പാ?”

“അതേ, പക്ഷ ഒന്നും വേഗം പറയുന്നുണ്ടോ. വെറുതെ പറ്റിപ്പാണോ?”

“നിനക്ക് പാസ്പോർട്ട് ഇല്ലേ?”

“ഉണ്ടല്ലോ… കാര്യം പറ”

“ശരി, നീ ഒന്ന് ഗസ് ചെയ്യൂ.”

“എവിടെയെങ്കിലും കറങ്ങാൻ പോകാനാ?”

“അതേ, ഡാർലിംഗ്, കമ്പനി 6 മാസത്തേക്ക് എന്നെ ലണ്ടനിലേക്ക് അയയക്കുന്നു.

“സത്യം!”

“അതേ, സത്യം അടുത്ത മാസം 10-ാം തീയതി അവിടെ റിപ്പോർട്ട് ചെയ്യണം. നീ പാസ്പോർട്ട് എടുത്തു നോക്കൂ. എക്സ്പയർ ആയിട്ടില്ലല്ലോ”. മിത ഫോൺ വച്ചിട്ട് കസേരയിൽ വന്നിരുന്നു. അവൾക്ക് ഫോണിൽ കേട്ട കാര്യം വിശ്വസിക്കാൻ കഴിഞ്ഞതേയില്ല.

ലണ്ടൻ! ആ മായാനഗരം സന്ദർശിക്കണമെന്ന ആഗ്രഹം എത്രയോ കാലമായി മനസിലുള്ളതാണ്. വിദേശത്തു പോകുന്ന കാര്യം ആരു പറഞ്ഞാലും തന്‍റെ മനസിൽ ലണ്ടൻ നഗരമാണ് കടന്നെത്തുക. സ്ക്കൂളിൽ പഠിക്കുമ്പോൾ അടുത്ത കൂട്ടുകാരിയുടെ അച്ഛന് ലണ്ടനിലായിരുന്നു ജോലി. അവൾ അവധിക്കാലത്ത് ലണ്ടൻ പോകുക പതിവാണ്. അങ്ങനെ ഒരു പ്രാവശ്യം അവൾ ഒരു വർഷം ലണ്ടനിൽ താമസിച്ചു. അതിനു ശേഷം മടങ്ങി വന്നപ്പോൾ എന്തു രസത്തോടെയാണ് ആ യാത്രാവിവരണം കേട്ടിരുന്നത്. അങ്ങനെയാണ് മിതയ്ക്കും ലണ്ടൻ പ്രിയപ്പെട്ട നഗരമായത്. ജീവിതത്തിൽ എന്നെങ്കിലും ലണ്ടൻ കാണണം അതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. ആ സ്വപ്നമാണ് സഫലീകരിക്കാൻ പോകുന്നത്.

മിതയുടെയും രഞ്ജന്‍റെയും വിവാഹം കഴിഞ്ഞിട്ട് 3 വർഷമായി. ഇപ്പോഴും കുടുംബം വിപുലമാക്കണമെന്ന ചിന്ത രണ്ടുപേർക്കുമില്ല. യഥേഷ്ടം കറങ്ങി നടക്കാം. കുഞ്ഞുണ്ടായാൽ പിന്നെ അതിനു പറ്റില്ലല്ലോ!

ലണ്ടനിൽ പോകാൻ എന്തായാലും അവസരം ഒത്തു വന്നതല്ലേ, ഓഫീസിൽ നിന്ന് ലോംഗ് ലീവെടുത്തു. തിരിച്ചു വരുമ്പോൾ ജോലി ഉണ്ടാകുമോ എന്നൊന്നും ഉറപ്പില്ല. എന്നാലും വേണ്ടില്ല. ഈ അവസരം പാഴാക്കുകയില്ല. വലിയ ഉത്സാഹത്തോടെ ഇരുവരും യാത്രക്കൊരുങ്ങി. അപ്പോഴാണ് അമ്മ അക്കാര്യം സൂചിപ്പിച്ചത്.

“ലണ്ടനിൽ ഹോട്ടലിലോ ഫ്‌ളാറ്റിലോ താമസിക്കുക വലിയ ചെലവ് വരുന്ന കാര്യമാണ്. അവിടെ അമ്മയുടെ ഒരു സ്നേഹിത താമസിക്കുന്നുണ്ട്. അവരുടെ കൂടെ പേയിങ് ഗസ്‌റ്റായി താമസിക്കാൻ പറ്റുമോ എന്നനേഷിക്കാം.”

“റാണി ആന്‍റിയുടെ കാര്യമാണോ അമ്മ പറഞ്ഞത്.”

“അതെ, കല്യാണം കഴിഞ്ഞ് റാണി ലണ്ടനിൽ സെറ്റിൽഡ് ആയി. അവരുടെ മകളും ഭർത്താവും ഒപ്പമുണ്ട്. നിങ്ങൾക്കും അവിടെ താമസിക്കാമല്ലോ. മരുമകൻ വിദേശിയാണ്. ഞാൻ റാണി വിളിച്ചു പറയാം. അവളുടെ നമ്പറും തരാം. ബാക്കി നിങ്ങൾ നോക്കൂ.”

“ഭാഗ്യം… അമ്മ ആ നമ്പർ തരൂ. ഞാൻ ഇന്നു തന്നെ വിളിക്കാം. മിതയ്‌ക്ക് അവിടെ ഇന്ത്യൻ കുടുംബത്തോടൊപ്പം താമസിക്കാൻ കഴിഞ്ഞാൽ അതല്ലേ കംഫർട്ട്!” രഞ്ജൻ പറഞ്ഞു.

രഞ്ജന്‍റെ അമ്മ തന്‍റെ കൂട്ടുകാരിയെ വിളിച്ചു കാര്യം പറഞ്ഞു. അവർക്ക് വലിയ സന്തോഷം. പക്ഷേ കുറച്ചു നാൾ ആന്‍റി അവിടെ ഉണ്ടാവില്ല. അവർ അമേരിക്കയിലുള്ള മകളുടെ അടുത്തേക്ക് പോകുന്നു. എന്നാലും പ്രശ്നമില്ല. ആന്‍റിയുടെ മകളും ഭർത്താവും വീട്ടിലുണ്ടാകും.

റാണി ആന്‍റിയുടെ മകൾ നീനയും ഭർത്താവ് റോബിനും നല്ല ഫ്രണ്ട്‍ലിയാണ്. ഇന്ത്യൻ സംസ്കാരവും, പാശ്ചാത്യ സംസ്കാരവും കൂടിച്ചേർന്ന ഒരു ജീവിതശൈലിയാണ് അവർക്ക്. സ്വന്തം കാര്യം അതാരായാലും സ്വയം ചെയ്യണം എന്ന നിർബന്ധം നീനയ്ക്കുണ്ടായിരുന്നു. അതിനാൽ മറ്റുള്ളവർക്കു വേണ്ടി, ഭർത്താവിനു വേണ്ടി പോലും ഒന്നും ചെയ്‌തു കൊടുക്കാറില്ല നീന.

10 മണിക്ക് നീന വീട്ടിൽ നിന്നിറങ്ങും. അതിനാൽ 9 മണി വരെ അടുക്കളിയിലുണ്ടാകും. അതിനുശേഷമാണ് മിതയ്ക്ക് അടുക്കള കിട്ടുക. നീനയുടെ പാചകവും ഓഫീസിൽ പോക്കും കഴിഞ്ഞാണ് റോബിന്‍റെ ഊഴം. റോബിൻ പക്ഷേ പാചകത്തിനൊന്നും നിൽക്കാറില്ല. പഴവും, പാലും ആണ് മിക്കവാറും റോബിന്‍റെ ബ്രേക്ക്ഫാസ്റ്റ്.

ബെഡ് കോഫിയും ചായയുമൊക്കെ മിത ബെഡ്റൂമിൽ തന്നെ ഉണ്ടാക്കും. 10 മണി കഴിഞ്ഞാലാണല്ലോ അടുക്കള കിട്ടുക. നീന അടുക്കളയിൽ കയറിയാൽ എല്ലാം ഒതുക്കി വൃത്തിയാക്കി മെല്ലേ പുറത്തു കടക്കൂ. അതിലൊക്കെ വലിയ കണിശക്കാരിയാണ് നീന. രഞ്ജനു പോകാറാവുമ്പോഴേയ്ക്കും മിത പ്രഭാത ഭക്ഷണം പെട്ടെന്ന് തയ്യാറാക്കും. മിക്കപ്പോഴും ഓംലറ്റും ബ്രഡ് ടോസ്റ്റും തന്നെ.

ഉച്ചയ്ക്കും വൈകിട്ടും കഴിക്കാൻ മിത നല്ല ഇന്ത്യൻ ഭക്ഷണം തന്നെ റെഡിയാക്കും. എല്ലാവരും പോയിക്കഴിഞ്ഞാൽ പാചകമാണ് മിതയുടെ ഇഷ്‌ട ഹോബി. ഉച്ചയ്ക്കുള്ളിൽ പാചകമെല്ലാം കഴിഞ്ഞ് തൊട്ടടുത്തുള്ള സൂപ്പർ മാർക്കറ്റിൽ പോയി പിറ്റേന്നത്തേക്കുള്ള സാധനങ്ങൾ വാങ്ങും. അവിടെ നിന്ന് അൽപം നടന്നാൽ ഒരു പാർക്കുണ്ട്. അവിടെ കുറച്ചു നേരം ഇരുന്ന് ആളുകളെ കണ്ട് ഇരിക്കും. പിന്നെ വീട്ടിൽ മടങ്ങി വന്ന് കുശാലായി ഭക്ഷണം ഉണ്ടാക്കും. ഇതാണ് മിതയുടെ ദിനചര്യ.

ലണ്ടനിൽ ജനിച്ചു വളർന്ന നീനയ്ക്ക് പാശ്ചാത്യ രീതികളാണ് കൂടുതൽ ഇഷ്ടം. സ്വയം പാചകം ചെയ്‌തു കഴിക്കുക. സ്വന്തം വസ്‌ത്രം മാത്രം കഴുകി ഇസ്‌തിരിയിടുക ഇങ്ങനെയൊക്കെയാണ് നീനയുടെ രീതികൾ. ഭർത്താവ് റോബിനും, റോബിൻ തനിക്കാവശ്യമായ ഭക്ഷണവും ചായയും സ്വയം ഉണ്ടാക്കും. വാഷിംഗ് മെഷീനിൽ ആഴ്ചയിലൊരിക്കൽ നീന വസ്‌ത്രം കഴുകും. അത് ഉണക്കിയെടുക്കുന്നത് റോബിൻ ആയിരിക്കും.

വീട് വൃത്തിയാക്കാനായി എല്ലാം ഒതുക്കി വയ്‌ക്കുന്ന ജോലി നീന ചെയ്താൽ വാക്വം ക്ലീനർ പ്രവർത്തിപ്പിച്ചിരുന്നത് റോബിൻ ആയിരിക്കും.

ജോലിയ്‌ക്കു പോകുന്നതെ വീട്ടിൽ തന്നെ കഴിയുന്നതിനാൽ രഞ്ജന്‍റെ കാര്യങ്ങൾ നോക്കാൻ മിതയ്ക്ക് കൂടുതൽ സമയം ലഭിക്കുന്നുണ്ടായിരുന്നു. രഞ്ജന് ഇഷ്‌ടമുള്ള ഭക്ഷണം ഉണ്ടാക്കാനും അതാത് ദിവസത്തെ വസ്‌ത്രം തെരഞ്ഞെടുത്ത് തേയ്ച്ചു വയ്‌ക്കാനും എല്ലാം മിതയ്‌ക്ക് ഇഷ്ടമാണ്. അതിന് അവൾ മുൻഗണന നൽകാറുണ്ട്.

ഒരു ദിവസം രഞ്ജന്‍റെ ഷർട്ട് തേയ്‌ക്കുന്ന സമയത്താണ് ആ സംഭവം. നീന അതു കണ്ട് അങ്ങോട്ട് വന്നു. “എന്താണിത് മിത, നീ എന്തിനാ രഞ്ജന്‍റെ ഡ്രസ് തേയ്ക്കുന്നത്. അത് ഒക്കെ അവനവൻ തന്നെ ചെയ്യേണ്ട കാര്യമല്ലേ! ഇനി നിനക്ക് ഭർത്താവിനെ ഇങ്ങനെ സേവിച്ചേ മതിയാവൂ എന്നാണെങ്കിൽ റോബിൻ ഇവിടെ ഉള്ളപ്പോൾ ദയവായി ഒഴിവാക്കൂ. ഇതു കണ്ടാൽ പിന്നെ എന്നോടും ചോദിക്കും, ഡ്രസ് തേയ്ച്ച് കൊടുക്കാൻ. അല്ലെങ്കിൽ തന്നെ ഇന്ത്യൻ വൈഫ് എന്ന സങ്കൽപം അൽപം കൂടുതലാണ് റോബിന്.”

മീത ഞെട്ടിപ്പോയി! നീനയെ അവൾ അമ്പരപ്പോടെ നോക്കി നിന്നു എന്തു മറുപടിയാണ് പറയുക.

അതു കണ്ട് നീന വീണ്ടും പറഞ്ഞു. “ഞാൻ സീരിയസ് ആയിട്ടു തന്നെയാ പറഞ്ഞത്. ഇങ്ങനെയൊക്കെ ചെയ്‌ത് ഞങ്ങൾക്കിടയിൽ പ്രശ്നം ഉണ്ടാക്കരുത്. എന്നെ വിവാഹം ചെയ്തതു തന്നെ ഇന്ത്യൻ വൈഫ് എന്ന ആഗ്രഹത്തിലാണ്. പക്ഷേ എനിക്ക് ട്രഡീഷണൽ ആകാൻ ഒരിക്കലും പറ്റില്ല.” മിതയ്ക്ക് ഇതൊക്കെ കേട്ടിട്ട് വല്ലായ്മ തോന്നി.

തന്‍റെ വ്യക്‌തിപരമായ കാര്യങ്ങൾ കൊണ്ട് ഇങ്ങനെയൊക്കെ കുഴപ്പം ഉണ്ടാകുമെന്ന് എങ്ങനെ ചിന്തിക്കാനാണ്. രാത്രിയിൽ രഞ്ജൻ വന്നപ്പോൾ അവൾ ഈ കാര്യങ്ങൾ തുറന്നു പറഞ്ഞു.

“നീന പറയുന്നതു കേൾക്കൂ, അവരെ വിഷമിപ്പിക്കാൻ പോവണ്ട. എങ്ങനെയെങ്കിലും രണ്ടു മാസം കൂടി കഴിയണം.” തങ്ങളുടെ വ്യക്‌തി ജീവിതം നീനയ്ക്കു ഒരു തരത്തിലുമുള്ള പ്രയാസം ഉണ്ടാക്കാതിരിക്കാൻ മിത ആവതു ശ്രമിച്ചു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ആ സംഭവം ഉണ്ടായത്.

അന്ന് ഞായറാഴ്ച ആയിരുന്നു. അവധി ദിനമായതിനാൽ എല്ലാവരും വൈകി ആണ് എഴുന്നേറ്റത്. നീന ആദ്യം എഴുന്നേറ്റ് കാപ്പി ഉണ്ടാക്കി ഐപാഡുമായി ഇരിപ്പായി. അൽപം കഴിഞ്ഞ് റോബിൻ എഴുന്നേറ്റു. അയാൾ ഗ്രീൻ ടീ ഉണ്ടാക്കി, പത്രവുമായി ഡ്രോയിംഗ് റൂമിലും. അവരുടെ തിരക്ക് കഴിഞ്ഞപ്പോൾ മിത അടുക്കളയിൽ ചെന്ന് മസാല ചായ ഉണ്ടാക്കി. നീനയ്‌ക്കു ചായ വേണോ എന്ന് ചോദിക്കാനും മിത മറന്നില്ല. പക്ഷേ അവൾ വേണ്ട പറഞ്ഞതിനാൽ റോബിനോടും ചോദിച്ചില്ല. രണ്ടു കപ്പു ചായയുമായി മിത സ്വന്തം മുറിയിലേക്ക് പോയി. അവരിരുവരും വീട്ടിൽ നിന്ന് അമ്മ കൊടുത്തു വിട്ട കായുപ്പേരിക്കൊപ്പം ചായ ആസ്വദിച്ചു കുടിച്ചു.

“മിത, എനിക്ക് തലയ്‌ക്ക് നല്ല ഭാരം പോലെ അൽപനേരം ഒന്നു മസാജ് ചെയ്‌തുതാ. മുടി വെട്ടുന്നിടത്ത് മസാജ് ചോദിച്ചപ്പോൾ എന്തൊരു റേറ്റ്! ഇന്ന് നീ ഒന്നു ട്രൈ ചെയ്യ്! നിന്‍റെ കൈപുണ്യം അറിയട്ടെ.” മിത അൽപം എണ്ണ ചൂടാക്കിയെടുത്തു വന്ന് രഞ്ജന്‍റെ മുടിയിഴകളിലും താലയോട്ടിയിലും പുരട്ടി മെല്ലെ മസാജ് ചെയ്‌തു. രഞ്ജൻ ആ മസാജിംഗ് ആസ്വദിച്ച് കസേരയിൽ ചാഞ്ഞു കിടന്നു. ആ സമയത്താണ് പത്രം അന്വേഷിച്ച് റോബിൻ അവരുടെ അടുത്തേക്ക് വന്നത്. അകത്തേയ്‌ക്കു വന്ന റോബിൻ ആ കാഴ്ച കണ്ട് അതിശയിച്ചു.

“എന്താ ഇത്? ഇന്ത്യൻ വൈഫ് ഇതും ചെയ്യുമോ?” ആ നിഷ്കളങ്കമായ ചോദ്യം കേട്ട് രഞ്ജനും മിതയും പൊട്ടിചിരിച്ചുപോയി.

“ രാവിലെ എഴുന്നേറ്റപ്പോൾ തുടങ്ങിയതാ ചെറിയൊരു തലവേദന. മിത ഒന്നു മസാജ് ചെയ്‌താൽ അത് മാറും.” ഒരു വിചിത്ര ജീവിയെ കാണും പോലെ റോബിൻ മിതയെ നോക്കി.

അപ്പോൾ മിതയ്‌ക്ക് നീനയുടെ വാക്കുകൾ ഓർമ്മ വന്നു. അവൾ മസാജിംഗ് നിർത്തി റോബിനെ വൈക്ലബ്യത്തോടെ നോക്കി. അവളുടെ മുഖത്തെ ഭാവമാറ്റം കണ്ടപ്പോൾ റോബിൻ ഒന്നും മിണ്ടാതെ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി. അടുത്ത മുറിയിൽ ഉണ്ടായിരുന്ന നീനയോട് റോബിൻ ഇക്കാര്യം പറയുന്നത് മിതയും രഞ്ജനും കേൾക്കുന്നുണ്ടായിരുന്നു.

“ഇന്ത്യൻ ഹസ്ബന്‍റ്സിനും വിചിത്ര സ്വഭാവം തന്നെ. സ്വന്തം ഭാര്യയെ സർവെന്‍റിനെപ്പോലെയാണോ അവർ കരുതുന്നത്? കണ്ടില്ലേ അയാൾ കസേരയിൽ ഇരിക്കുന്നു. അവരാകട്ടെ തല മസാജ് ചെയ്‌തു കൊടുക്കുന്നു.”

അതു കേട്ടപ്പോൾ രഞ്ജനും മിതയും അമ്പരന്നു. ഹൊ! റോബിൻ ഇങ്ങനെയൊക്കെയാണോ ഭാര്യാഭർതൃ ബന്ധത്തെ കാണുന്നത്? ഒരാൾ മറ്റൊരാളെ സ്നേഹിക്കുന്നതും പരിചരിക്കുന്നതും അടിമയായതു കൊണ്ടല്ല എന്ന് എങ്ങനെ റോബിനെ മനസ്സിലാക്കിക്കും? രഞ്ജന് അതിന് മറുപടി കൊടുക്കാതെ പോകാൻ മനസുവന്നില്ല. അയാൾ കസേരയിൽ നിന്നെഴുന്നേറ്റ് റോബിന്‍റെ അടുത്തു ചെന്നു.

“റോബിൻ, നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുന്നു. മിത ഇതൊക്കെ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നതാണ്. ഞാൻ പറഞ്ഞിട്ടല്ല. ഞാൻ അവളെ ഒന്നിനും നിർബന്ധിക്കാറില്ല. അവൾക്ക് ഇതൊക്കെ ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള അധികാരം ഉണ്ട്. റോബിൻ ഒന്നും മറുപടി പറഞ്ഞില്ലെങ്കിലും നീന പറയാതിരുന്നില്ല.

“പിന്നെ, അതെ നിഷ്കളങ്കമൊന്നുമല്ല ഇവരൊക്കെ. ഇന്ത്യയിലെ ഭാര്യമാർ ഭർത്താക്കന്മാരോട് വഴക്കുക്കൂടാനും മിടുക്കികളാണ്.” അടുത്ത മുറിയിൽ നിന്ന് മിത ഇതെല്ലാം കേട്ടുവെങ്കിലും അവിടെ ചെന്ന് സംസാരിക്കാൻ അവൾ ഭയപ്പെട്ടു. നീന എന്തെങ്കിലും കടുത്ത വാക്കുകൾ പറയും. ബന്ധം വഷളാകും. അന്നു മിത നീനയ്‌ക്ക് മുഖം കൊടുക്കാതെ കഴിച്ചുക്കൂട്ടി. എങ്കിലും പിറ്റേന്ന് കണ്ടപ്പോൾ നീന പറയാനുള്ളത് പറഞ്ഞു.

“ഭർത്താവിനെ അത്രയ്ക്കങ്ങ് സേവിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അത് ഇന്ത്യയിൽ ചെന്നിട്ടു മതി. എനിക്ക് തലവേദന ഉണ്ടാക്കരുത്. പ്ലീസ്.”

“ഇന്നലെ മുഴുവനും റോബിൻ അതു തന്നെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യൻ പെൺകുട്ടിയെ വിവാഹം ചെയ്യണമെന്നായിരുന്നു റോബിന്‍റെ ആഗ്രഹം. റോബിന്‍റെ അങ്കിൾ കുറേക്കാലം ഇന്ത്യയിൽ ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു കേട്ട കാര്യങ്ങളിലൂടെയാണ് അങ്ങനെയൊരു മോഹം റോബിനുണ്ടായത്. ഞാൻ ഇന്ത്യൻ ഒറിജിൻ ആണെന്നറിഞ്ഞാണ് എന്നെ സ്നേഹിച്ചത്. നിന്നെ കണ്ടശേഷം ഇങ്ങനെയൊക്കെയാണല്ലോ ഇന്ത്യൻ വൈഫ് എന്ന ചിന്ത റോബിനു വന്നിട്ടുണ്ട്. എന്തായാലും നീ ചെയ്യുന്ന പോലെയൊന്നും ആവാൻ എനിക്കു വയ്യാ.”

“നീന, എനിക്ക് ദു:ഖമുണ്ട്. ഞാൻ കാരണം ഇങ്ങനെയൊക്കെ ഉണ്ടായല്ലോ! റോബിനും നീനയ്ക്കുമിടയിൽ പ്രശ്നമുണ്ടാകാൻ ഇടയാവുന്ന ഒന്നും ചെയ്യാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാം.”

അന്ന് റോബിന്‍റെ ജന്മ ദിനമായിരുന്നു. രാവിലെ തന്നെ മിതയും രഞ്‌ജനും ജന്മദിനാംശംസകൾ നേർന്നു. “ഇന്നെന്താ സ്പെഷ്യൽ?”

“മദർ ഇൻ ലോ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ കാരറ്റ് ഹൽവ ഉണ്ടാക്കുമായിരുന്നു. എല്ലാ ബർത്ത്ഡേയ്ക്കും മമ്മി അതുണ്ടാക്കും. എന്തു ടേസ്റ്റിയാണെന്നോ!”

“ആഹാ! അതു മിത ഉണ്ടാക്കും. അവൾക്കു നല്ല ടേസ്റ്റായി പ്രിപ്പെയർ ചെയ്യാനറിയാം. എന്താ മിത? നീ തയ്യാറല്ലേ? റോബിന്‍റെ ബർത്ത്ഡേ ആഘോഷം ഇന്ത്യൻ സ്റ്റൈലിൽ ആക്കാം.”

അതിന് മറുപടി ഒന്നും പറഞ്ഞില്ല മിത. അവൾക്ക് പേടിയായി. നീന എന്തു പറയും എന്നോർത്തിട്ടാണ്. എന്നാൽ വയ്യ എന്നു പറഞ്ഞാൽ രഞ്‌ജനും റോബിനും എന്തു വിചാരിക്കും?

“വൈകിട്ട് ഇന്ത്യൻ സ്റ്റോറിൽ നിന്ന് വാങ്ങാം. അവിടെ കിട്ടും കാരറ്റ് ഹൽവ. എന്തിനാ മിതയെ കഷ്‌ടപ്പെടുത്തുന്നോ?”

“ഏയ്, മിത വെറുതെ ഇരിക്കുകയല്ലോ, അവൾക്ക് നന്നായി ഉണ്ടാക്കാനുമറിയാം. പിന്നെന്തിനാ പുറത്തു നിന്നു വാങ്ങുന്നേ?” റോബിൻ ഇങ്ങനെ പറഞ്ഞപ്പോൾ നീന പിന്നെ എതിർത്തു പറഞ്ഞില്ല.

വൈകിട്ട് വീട്ടിൽ നടന്ന ചെറിയ ബർത്ത്ഡേ പാർട്ടിയിൽ മിത ഉണ്ടാക്കിയ കാരറ്റ് ഹൽവ എല്ലാവർക്കും കൊടുത്തു. എതിർപ്പു പ്രകടിപ്പിച്ച് നീന പോലും യഥേഷ്ടം ഹൽവ കഴിച്ചു. അതു കണ്ടപ്പോൾ മിത ആശ്വസിച്ചു. ഇന്ന് ഇതിന്‍റെ പേരിൽ ഒരു പ്രശ്നം ഉണ്ടാകില്ലല്ലോ…

അപ്പോഴാണ് അവരെ എല്ലാം അമ്പരപ്പിച്ചു കൊണ്ട് റോബിന്‍റെ വാചകം.

“നീനയെ ഞാൻ വിവാഹം കഴിച്ചത് ഇന്ത്യൻ പെൺകുട്ടി ആണല്ലോ എന്നു കരുതിയായിരുന്നു. പക്ഷേ ഇന്ത്യൻ വൈഫ് എങ്ങനെയാണെന്ന് എനിക്ക് മനസ്സിലായത് മിതയെ കണ്ടശേഷമാണ്. അടുത്ത ജന്മം എനിക്ക് രഞ്ജനായി ജനിച്ചാൽ മതിയായിരുന്നു.”

ഇതു കേട്ടതോടെ മൂവരുടെയും മുഖഭാവം മാറി. അതു കണ്ടപ്പോൾ താൻ പറഞ്ഞത് അബന്ധമായോ എന്ന് റോബിന് തോന്നാതിരുന്നില്ല.

“അയ്യോ… ഞാൻ പറഞ്ഞത്, രഞ്ജൻ ആകണമെന്നല്ല. മിതയെപ്പോലെ നല്ലൊരു ഇന്ത്യൻ പെൺകുട്ടിയെ ഭാര്യയായി കിട്ടണമെങ്കിൽ ഇന്ത്യാക്കാരനായി ജനിക്കണമെന്നേ ഉദ്ദേശിച്ചുള്ളൂ. കാരറ്റ് ഹൽവ സൂപ്പർ. താങ്ക്യൂ മിതാ!” റോബിൻ ചിരിച്ചു.

ആ സംഭാഷണത്തോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി.

“റോബിന് എന്തുപറ്റി? സ്വന്തം ഭാര്യയെ കുറിച്ച് ഇത്രവേഗം അഭിപ്രായം മാറിയോ?” രഞ്ജൻ അതിശയത്തോടെ പറഞ്ഞു.

“ഹൊ! നീനയെ എങ്ങനെ ഫെയ്സ് ചെയ്യും? എനിക്ക് പേടി തോന്നുന്നു രഞ്ജു ഏതാനും ദിവസങ്ങൾ കൂടിയല്ലേ ഉണ്ടായിരുന്നുള്ളൂ. സന്തോഷത്തോടെ പിരിയേണ്ടവരായിരുന്നു നാം.”

പിറ്റേന്ന് നീനയെ കണ്ടപ്പോൾ മിത ചിരിക്കാൻ ശ്രമിച്ചു. പക്ഷേ നീന ദേഷ്യത്തിലാണ്. “റോബിൻ നിന്‍റെ ആരാധകനായി മാറിയല്ലോ. ഇനിയും എനിക്ക് ഇത് സഹിക്കാൻ പറ്റില്ല. രണ്ടുപേരും ഇവിടെ നിന്ന് മാറിത്താമസിക്കാനുള്ള വഴി ഉടനെ കണ്ടെത്തണം. അല്ലെങ്കിൽ മിത ഇന്ത്യയിലേയ്‌ക്ക് മടങ്ങൂ. ഇപ്പോൾ എന്നോട് റോബിൻ പറയുന്നത് നിന്നെപ്പോലെ ആകാനാണ്. എനിക്ക് ഇനി മാറാനൊന്നും വയ്യ. ഞാൻ എന്തോ അങ്ങനെ തന്നെ ജീവിക്കും.”

മിതയ്ക്ക് വലിയ വിഷമം തോന്നി. എങ്ങനെയും ഇവിടെ നിന്ന് ഉടനെ പോകണം. രാത്രി രഞ്ജൻ വന്നപ്പോൾ അവൾ അതു പറഞ്ഞു.

“ശരി നീ അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങു. രണ്ടാഴ്ച കഴിയുമ്പോൾ ഞാനും വരുമല്ലോ.” റോബിനോട് ഒന്നും പറയാതെ മിത പിറ്റേന്നുള്ള ഫ്ളൈറ്റിനു തന്നെ നാട്ടിലേക്ക് മടങ്ങി. എങ്കിലും മിതയിലൂടെ ഇന്ത്യൻ പെൺകുട്ടിയെ കുറിച്ച് റോബിന്‍റെ മനസ്സിൽ ഉണ്ടായ മതിപ്പ് നഷ്ടമായതേയില്ല. മിത പോയിട്ടും അയാൾ ഇന്ത്യൻ വൈഫ് എന്ന സ്വപ്നത്തിൽ നിന്ന് അകന്നതേയില്ല.

അടുക്കളയോട് അടുപ്പം തോന്നാനുള്ള സൂത്രം!

ഒരു വീടിന്‍റെ ഹൃദയഭാഗമാണ് അടുക്കള. വീട്ടിലെ ആരോഗ്യത്തിന്‍റെ ഉറവിടം. അലങ്കോലപ്പെട്ട് കിടക്കുന്ന അടുക്കള കാണുമ്പോൾ എന്തെങ്കിലും പാചകം ചെയ്‌ത് കഴിക്കാനുള്ള മൂഡ് തന്നെ പോകും. അടുക്കും ചിട്ടയും വൃത്തിയും വെടിപ്പുമുള്ള ഒരു അടുക്കളയിലാണെങ്കിലോ ഉത്സാഹവും ഉന്മേഷവും ഞൊടിയിടയിൽ നിറയും അല്ലേ… അതോടെ പാചകവും ഗംഭീരവുമാകും.

നിറം

അടുക്കളയ്ക്ക് ഇണങ്ങുന്ന കളർ തെരഞ്ഞെടുക്കുക പ്രധാനമാണ്. കാരണം ഈ നിറം അടുക്കളയുടെ മൊത്തം ലുക്കിനെ തന്നെ മാറ്റിമറിക്കും. അടുക്കളയ്ക്കായി ഇളം നിറം തെരഞ്ഞെടുക്കുന്നതാണ് നല്ലത്. വയലറ്റ് അല്ലെങ്കിൽ പച്ച തുടങ്ങി ഇരുണ്ട നിറങ്ങൾ ഒഴിവാക്കാം. മനസ്സിനിഷടം തോന്നുന്ന അന്തരീക്ഷമൊരുക്കാൻ അതിന് പകരമായി മഞ്ഞ, ലെമൺ യെല്ലോ, പീച്ച് തുടങ്ങിയ നിറങ്ങൾ തെരഞ്ഞെടുക്കാം.

ടൈൽസ്

അലങ്കാരങ്ങളുള്ള കിച്ചൺ ടൈലുകൾ ചുവരുകളുടെ നല്ലൊരു ഭാഗം മറച്ച് ചുവരുകളിൽ അഴുക്ക് പറ്റിപിടിക്കാതെ സഹായിക്കുന്നു. മാത്രവുമല്ല ടൈലുകൾ അടുക്കളയ്ക്ക് ചന്തം പകരുകയും ചെയ്യും. സെറാമിക്, പ്രിൻഡ് സെറാമിക്, റസ്റ്റിക്ക്, ഗ്ലോസി സീരിസ്, ഡിജിറ്റൽ വാൾ ടൈൽസ് തുടങ്ങിയ ഇഷ്ടമുള്ള വെറൈറ്റി തെരഞ്ഞെടുക്കാം. ഫലങ്ങളുടെ ചിത്രങ്ങളും മറ്റ് വിഭവങ്ങളുടെ ചിത്രങ്ങളും ആലേഖനം ചെയ്ത ടൈൽസും ഇഷ്‌ടമുള്ളവർക്ക് ചൂസ് ചെയ്യാം.

ജനാലകൾ

ഒരു അടുക്കളയുടെ പ്രധാനപ്പെട്ട ഭാഗമാണ് ജനാല. അതുകൊണ്ട് ഏറ്റവും വെറൈറ്റിയിലുള്ള ഇഷ്‌ടപ്പെട്ട ജനാല തന്നെ പിടിപ്പിക്കാം. പ്രകൃതിദത്തമായ പ്രകാശം ഉള്ളിലേക്ക് കടത്തി വിടുകയാണ് ജനാലയുടെ ധർമ്മം. ഒപ്പം ഫ്രഷ് വായുവും. സൺബ്ലൈൻഡ് ഡിസൈനിലുള്ള ജനാലകൾക്ക് ഇപ്പോൾ പ്രിയമേറിയിരിക്കുകയാണ്. അടുക്കളയുടെ അഴക് വർദ്ധിപ്പിക്കാൻ ഇന്‍റീരിയർ ഡിസൈനർമാർ സൺബ്ലൈൻഡ് വിൻഡോയാണ് ഇപ്പോൾ അധികവും ഉപയോഗിക്കുന്നത്

ചിമ്മിനി

കിച്ചൺ ചിമ്മിനിയിൽ ഓരോ വർഷവും കുറെ മാറ്റം ഉണ്ടാകാറുണ്ട്. മാത്രവുമല്ല ഇതിന് ഡിമാന്‍റും കൂടി വരികയാണ്. കാരണം മൊഡ്യുളാർ കിച്ചണിന്‍റെ ഏറ്റവും അനിവാര്യമായ ഭാഗമാണിത്. കിച്ചൺ ചിമ്മിനി പ്രധാനമായും 3 തരം ഫിൽറ്റേഴസിനൊപ്പമാണ് ലഭിക്കുക. കാസറ്റ് ഫിൽറ്റർ, കാർബൺ ഫിൽറ്റർ, ബൈഫൽ ഫിൽറ്റർ. ഇതിൽ ബൈഫൽ ഫിൽറ്ററാണ് ഇന്ത്യൻ അടുക്കളക്ക് അനുയോജ്യം

കിച്ചൺ കൗണ്ടർ ടോപ്പ്

ശരിയായ കിച്ചൺ ടോപ്പ് തെരഞ്ഞെടുക്കുക വഴി കിച്ചണിന് സ്റ്റൈലൻ ലുക്ക് കൈവരുമെന്ന് മാത്രമല്ല അടുക്കള ജോലി ഈസിയുമാകും. ഗ്രാനൈറ്റ് കിച്ചൺ ടേബിൾ അല്ലെങ്കിൽ ടോപ്പ് ആണിപ്പോൾ ട്രെൻഡി. എന്നാൽ മാർബിൾ (ബ്ലാക്ക്, വൈറ്റ്) അതുമല്ലെങ്കിൽ പലതരം ചൈനാ ക്ലേയും വിപണിയിൽ ലഭിക്കുന്നുണ്ട്. കിച്ചൺ കൗണ്ടർ ടോപ്സിൽ കോംപാക്റ്റ് ക്വാർട്ടേഴ്സ് പോലുള്ളവയും ട്രെൻഡാണ്.

പ്രകാശം

അടുക്കളയിലെ പ്രകാശ സംവിധാനവും പ്രധാനമാണ്. അതുകൊണ്ട് അടുക്കളയുടെ സമ്പൂർണ്ണ നവീകരണത്തിനായി മികച്ച ക്വാളിറ്റിയിലുള്ള ലാംപ്, ബൾബ് എന്നിവ ഫിക്‌സ് ചെയ്യാം. എൽഇഡി, ഹാലോജൻ കിച്ചൺ ലൈറ്റുകൾക്കും ഇപ്പോൾ പ്രിയമേറിവരികയാണ്.

കിച്ചൺ കാബിനറ്റ്

കിച്ചൺ സ്റ്റോറേജിനെക്കുറിച്ചാണ് പറയുന്നതെങ്കിൽ കിച്ചൺ കാബിനറ്റ്സ് ഏറ്റവും പ്രധാനമാണ്. പ്രീലാമിനേറ്ററ്റ് പാർട്ടിക്കിൾ ബോർഡ്സ്, ഹാർഡ്‍വുഡ്, മറൈൻ പ്ലൈ, ഹൈബ്രിഡ് വുഡ്, പ്ലാസ്റ്റിക്ക് കോമ്പോസിറ്റ് എന്നിവ മികച്ച ചോയിസുകളാണ്. അടുക്കളയിലെ ഇത്തരം അലങ്കാരങ്ങൾക്കും ഉപാധികൾക്കും പുറമെ കിച്ചൺ കെറോസെല്ലും ഉപയോഗിക്കാം. അതുപോലെ സ്‌ഥലം ലാഭിക്കാനായി യോജിച്ച ടേബിളും വാങ്ങി അടുക്കളയ്ക്ക് മോടി കൂട്ടാം.

അടുക്കളയ്ക്ക് മോടിയും പ്രൗഢിയും കൂട്ടുന്ന മറ്റ് ചില വസ്‌തുക്കളുമുണ്ട്.

എയർ ഫ്രയർ

ഭക്ഷണത്തിലെ കൊഴുപ്പിന്‍റെ അളവ് കുറച്ച് വറുത്തെടുക്കുന്ന അടുക്കള ഉപകരണമാണ് എയർ ഫ്രയർ. എണ്ണയിൽ വറുത്തെടുക്കുന്ന വിഭവത്തേക്കാളിലും 80 ശതമാനം കുറവ് ഫാറ്റേ എയർ ഫ്രയറിൽ വറുത്തെടുക്കുന്ന വിഭവങ്ങൾക്കുണ്ടാകൂ. സ്വാദിലും ഒരു കുറവും ഉണ്ടാകില്ല. ചിപ്സ്, ചിക്കൻ ഫ്രൈ, ഫിഷ് ഫ്രൈ എന്നിവ തയ്യാറാക്കാം.

ജ്യൂസർ

പാക്ക്ഡ് ജ്യൂസിനെ അപേക്ഷിച്ച് മികച്ചതാണ് ഫ്രഷ് ജ്യൂസ് എന്ന കാര്യം എല്ലാവർക്കും അറിയാം. വീട്ടിൽ ജ്യൂസർ ഉണ്ടായാൽ എന്നും ഫ്രഷ് ജ്യൂസ് കഴിക്കാം. ജ്യൂസ് അനായാസമായി തയ്യാറാക്കുകയും ചെയ്യാം.

സ്മാർട്ട് കുക്കി ഓവൻ

കുക്കീസും, കേക്കും 10 മിനിറ്റിനുള്ളിൽ ബേക്ക് ചെയ്തെടുക്കാമെന്നതാണ് സ്മാർട്ട് കുക്ക് ഓവനിന്‍റെ സവിശേഷത.

ഷവർമ്മ ഗ്രില്ലർ

ഷവർമ്മ ഗ്രില്ലറിൽ  ഷവർമ്മ തയ്യാറാക്കാം. ഇത് സ്വാദിഷ്ടമാണെന്ന് മാത്രമല്ല മറിച്ച് ഇതിൽ ധാരാളം പോഷക ഗുണങ്ങളുമുണ്ട്. നല്ലവണ്ണം തയ്യാറാക്കിയെടുക്കുന്ന ഷവർമ്മ പ്രോട്ടീനിന്‍റെയും കാർബോഹൈഡ്രേറ്റിന്‍റെയും മികച്ച സ്ത്രേസാണ്. ഇതിൽ നല്ല കൊഴുപ്പ് ഉണ്ടാകും.

സുനിൽ ഗുപ്ത

ഡയറക്ടർ, എക്സ്പെർട്ട് ഇന്ത്യ.കോം

അമ്മേ ടിഫിൻ സൂപ്പറാ….

കുഞ്ഞുങ്ങളുടെ ലഞ്ച് ബോക്‌സിൽ രുചികരമായി എന്താണ് കരുതേണ്ടതെന്നതിനെപ്പറ്റി എല്ലാ അമ്മമാരും ആശങ്കപ്പെടുന്ന ഒരു കാര്യമാണ്. അതിന് കാരണവുമുണ്ട്. വീട്ടിൽ നിന്നും കൊടുത്തു വിടുന്ന ഭക്ഷണം പാതി കഴിച്ചോ കഴിക്കാതെയോ ആകും മിക്ക കുട്ടികളും സ്ക്കൂളിൽ നിന്നും തിരിച്ചു കൊണ്ടുവരിക. പതിവ് രുചി കഴിച്ചുള്ള മടുപ്പോ ഭക്ഷണത്തോടുള്ള താൽപര്യക്കുറവോ ആകാം ഇതിനുള്ള പ്രധാന കാരണങ്ങൾ.

പൊന്നോമനകൾക്കായി തയ്യാറാക്കുന്ന വിഭവങ്ങളിൽ സ്വാദും പോഷകങ്ങളും ഒരുപോലെ വേണമെന്നുണ്ടെങ്കിൽ കുഞ്ഞുങ്ങൾക്കിഷ്ടപ്പെടുന്ന രുചിക്കും പ്രാധാന്യം നൽകണം. എന്നും ഒരേ തരം ഭക്ഷണം കഴിക്കുക ഏതൊരാൾക്കും മടുപ്പുണ്ടാക്കുന്ന കാര്യമാണ്. എന്നും ഒരേ വിഭവം ടിഫിനിൽ കാണുന്ന കുഞ്ഞ് അതിൽ നിന്നും മുഖം തിരിക്കും. അതോടെ കുഞ്ഞിന്‍റെ ആരോഗ്യ കാര്യമോർത്ത് അമ്മമാർ കൂടുതൽ വേവലാതിപ്പെടും.

പക്ഷേ എന്നും കുട്ടികൾക്കിഷ്ടപ്പെടുന്ന ഭക്ഷണം ഒരുക്കി ടിഫിനിൽ കൊടുത്തു വിടുകയെന്നത് പ്രയാസമേറിയ കാര്യമാണ്. എന്നാൽ ഇവിടെ കൊടുത്തിരിക്കുന്ന ടിഫിൻ ഐഡിയകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ. ടെൻഷൻ അകന്നു കിട്ടും.

പ്രോട്ടീൻ ദോശ

ആട്ടമാവു കൊണ്ടുള്ള ചപ്പാത്തി തയ്യാറാക്കുന്നതിന് പകരം മൾട്ടിഗ്രെയിൻ മാവ് കൊണ്ട് മറ്റൊരു പരീക്ഷണം നടത്തി നോക്കിയാലോ?

മൾട്ടിഗ്രെയിൻ ആട്ട അല്ലെങ്കിൽ മുളപ്പിച്ച ചെറുപ്പയർ അല്ലെങ്കിൽ പലയിനം പരിപ്പുകളും ധാന്യങ്ങളും ചേർത്ത് തയ്യാറാക്കി നോക്കൂ. പ്രോട്ടീൻ ദോശ തയ്യാറാക്കാൻ എളുപ്പമാണ്. ഒരു വ്യത്യാസം മാത്രമേയുള്ളൂ. പലയിനം ധാന്യങ്ങൾ തലേന്ന് കുതിർത്ത് അരച്ച് വയ്ക്കണം. എന്ന് മാത്രമേയുള്ളൂ.

മാവ് തയ്യാറാക്കാൻ വെള്ളത്തിന്‍റെ സ്‌ഥാനത്ത് വെജിറ്റബിൾ സ്റ്റോക്ക് അല്ലെങ്കിൽ വെള്ളം ചേർത്ത തൈരോ ചേർത്താൽ മതി. ഇനി ഇതിൽ ചെറുതായി നുറുക്കിയ പച്ചക്കറികൾ, ഉപ്പ്, മസാല എന്നിവ ചേർത്ത് മിക്‌സഡ് ദോശ തയ്യാറാക്കാം. സോസിനൊപ്പം ടിഫിനിൽ കൊടുത്തുവിടുകയും ചെയ്യാം. കുട്ടികൾക്ക് ഇതിഷ്ടമാകും.

സ്വീറ്റ് വൈറ്റ് ഫിഗ്

നിങ്ങളുടെ പിഞ്ചോമനയ്ക്ക് മധുരം ഇഷ്‌ടമല്ലേ. ഇഷ്‌ടമാണെങ്കിൽ കൂടി ആർട്ടിഫിഷ്യൽ സ്വീറ്റ്നർ കൊണ്ട് തയ്യാറാക്കി മധുരം കൊടുക്കരുത്, ഇത് മധുരവും രുചിയുമുണ്ടെങ്കിലും ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യില്ല. മറിച്ച് അത് ആരോഗ്യത്തെ പ്രതീകൂലമായി ബാധിക്കും.

സ്വീറ്റ് വൈറ്റ് ഫിഗ് തയ്യാറാക്കാൻ ചീനച്ചട്ടിയിൽ ഫിഗ് (അത്തിപ്പഴം), പാൽ, തേങ്ങ നന്നായി അരച്ചതും ചേർത്ത് പാകം ചെയ്യുക. വെള്ളവും പാലും നന്നായി വറ്റും വരെ പാകം ചെയ്യണം. ഇനി ഇത് മിക്‌സറിലിട്ട് അരച്ച് പേസ്റ്റാക്കാം. പാനിൽ നൊയ്യൊഴിച്ച് പേസ്റ്റ് ഇട്ട് ഇളക്കുക. ഇനി ഇതിൽ എള്ള്, തേൻ, ഏലയ്ക്ക പൊടി, ബദാം നുറുക്കിയതുമിട്ട് അൽപനേരം ഇളക്കി ഫ്രൈ ചെയ്യാം.

തണുത്ത ശേഷം ഇത് ഉരുട്ടി ബോൾസ് തയ്യാറാക്കാം. ഓരോ ബോളിലും കശുവണ്ടി പരിപ്പ് ഒട്ടിച്ച് വയ്‌ക്കുക. സ്വീറ്റ് വൈറ്റ് ഫിഗ് തയ്യാർ. ടിഫിനിൽ സ്നാക്ക്സായി സ്വീറ്റ് വൈറ്റ് ഫിഗ് കുട്ടികൾക്ക് കൊടുത്തു വിടാം.

ചീസി റവ ഉപ്പുമാവ്

റവ കൊണ്ടും കുട്ടികൾക്കിഷ്ടമുള്ള വിഭവം ഉണ്ടാക്കാം. സാധാരണ റവ  ഉപ്പുമാവിൽ ചീസ്, പനീർ തുടങ്ങിയവ ഇട്ട് കുട്ടികൾക്കിഷ്ടപ്പെട്ട ഡിഷ് തയ്യാറാക്കാം. പനീർ മാത്രമല്ല ന്യൂടില്ല, ബ്രോക്കോലി, മുളപ്പിച്ച ധാന്യങ്ങൾ, ചെറുപ്പയർ, ചുവന്ന പരിപ്പ് അല്ലെങ്കിൽ ചോറ് വേവിച്ച് ചേർത്തും ഉപ്പുമാവ് സ്വാദിഷ്ടമാക്കാം.

കളർഫുൾ ആട്ട

ചപ്പാത്തിയോ പൊറോട്ടയോ തയ്യാറാക്കാൻ മാവ് വെള്ളം ചേർത്ത് കുഴയ്ക്കുന്നതിന് പകരമായി പരിപ്പ് വേവിച്ച വെള്ളമോ, പാലോ, വെജിറ്റബിൾ സ്റ്റോക്കോ, പച്ചക്കറി ജ്യൂസോ, പച്ചക്കറി അരച്ച പേസ്റ്റോ ചേർത്ത് കുഴച്ച് സ്വാദിഷ്ടമായ ചപ്പാത്തിയോ പൊറോട്ടയോ തയ്യാറാക്കാം.

പനീർ ഊത്തപ്പം

ദോശമാവു കൊണ്ടാണ് ഊത്തപ്പം തയ്യാറാക്കേണ്ടത്. ഊത്തപ്പം ടേസ്റ്റിയും പോഷകസമ്പന്നവുമാക്കാൻ ഇത് പ്രോട്ടീൻ സമ്പന്നമാക്കുക. ഊത്തപ്പത്തിനുള്ള മാവ് തയ്യാറാക്കുന്നതിന് റവയിൽ തൈര് ചേർത്ത് മാവ് തയ്യാറാക്കാം. ചെറുതായി നുറുക്കിയ പനീറും ഇഷ്‌ടപ്പെട്ട പച്ചക്കറികളും തയ്യാറാക്കി വയ്‌ക്കുക. മാവ് ചൂട് തവയിൽ കോരിയൊഴിച്ച് ദോശ പോലെയാക്കുക. രണ്ട് വശവും ഷാലോ ഫ്രൈ ചെയ്യാം. തയ്യാറായ ഊത്തപ്പത്തിൽ പനീറും പച്ചക്കറികളും ആവശ്യമെങ്കിൽ ചാട്ട്മസാലയും വിതറി എടുക്കുക. ടിഫിനിൽ ഊത്തപ്പത്തിനൊപ്പം പച്ച ചട്നിയോ തക്കാളി ചട്നിയോ കൊടുത്തുവിടാം.

കോൺ കബാബ്

ചോളത്തിന്‍റെ ഗുണഗണങ്ങളെക്കുറിച്ച് എല്ലാവർക്കും നന്നായി അറിയാവുന്ന കാര്യമാണല്ലോ. കുഞ്ഞുങ്ങൾക്ക് ചോളമലരിലുള്ള പോഷകങ്ങൾ കിട്ടണമെന്നുണ്ടെങ്കിൽ പലതരം വിഭവങ്ങളിൽ ചോളം ചേർത്ത് കുഞ്ഞുങ്ങൾക്ക് കൊടുക്കാം. കോൺ കബാബ് അത്തരത്തിലുള്ള നല്ലൊരു ചോയിസാണ്. അതിനായി പുഴുങ്ങിയ ഉരുളക്കിഴങ്ങിൽ തരിതരിയായി അരച്ച ചോള മലരുകൾ, ചീകിയെടുത്ത പനീർ, ചെറുതായി അരിഞ്ഞ പച്ചക്കറികൾ, ഇഷ്‌ടപ്പെട്ട സീസണിംഗ് എന്നിവ ചേർത്ത് ചെറിയ കബാബ് തയ്യാറാക്കി ഡീപ് ഫ്രൈ ചെയ്തെടുക്കാം. തയ്യാറാക്കിയ കോൺ കബാബ് ചട്നിക്കൊപ്പം കുട്ടികളുടെ ടിഫിനിൽ തയ്യാറാക്കി കൊടുത്തു വിടാം. എണ്ണയുടെ അളവ് പരമാവധി കുറയ്ക്കണമെന്നുണ്ടെങ്കിൽ കബാബ് നന്നായി പരത്തി ചൂട് പാനിൽ തിരിച്ചും മറിച്ചുമിട്ട് ഷാലോ ഫ്രൈ ചെയ്യാം.

ടാംഗി ഉപ്പുമാവ്

 തക്കാളിയുടെ പുളിപ്പും മധുരവും ചേർന്ന രുചി ഇഷ്‌ടപ്പെടുന്നവരാണല്ലോ കുട്ടികൾ. അങ്ങനെയാണെങ്കിൽ റവ ഉപ്പുമാവിൽ ചെറിയൊരു മാറ്റം വരുത്തി രുചി വൈവിധ്യമൊരുക്കാം. റവ ഉപ്പുമാവ് ഉണ്ടാക്കുന്ന സമയത്ത് വെള്ളത്തിന് പകരമായി തക്കാളി നീരോ പരിപ്പ് വേവിച്ച വെള്ളമോ വെജിറ്റബിൾ സ്റ്റോക്കോ ചേർക്കാം. സ്വാദ് കൂട്ടാൻ ഉപ്പും മസാലയും സീസണിംഗ് ചെയ്യാം. ഉപ്പുമാവ് നല്ല ക്രഞ്ചിയും ടേസ്റ്റിയുമായി തയ്യാറാക്കാൻ അതിൽ നട്ട്സ് നെയ്യിൽ വറുത്ത് ചേർക്കാം. ടാംഗോ ഉപ്പുമാവ് ടുമാറ്റോ കെച്ചപ്പിനൊപ്പം കുട്ടിയ്ക്ക് ടിഫിനിൽ കൊടുത്തു വിട്ടോളൂ.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें