കോഫി ഇനി വെറൈറ്റി ടേസ്റ്റിൽ!!!

പൊതുവെ ജോലി ചെയ്ത് ക്ഷീണിക്കുന്നവർക്ക് ഒരു റിഫ്രഷ്മെന്‍റ് ആവശ്യമല്ലേ. അതിനായി മിക്കവരും ആദ്യം എന്താവും ചെയ്യുക? കടുപ്പത്തിലോ ലൈറ്റാക്കിയോ ഒരു ചായ കുടിക്കും, അല്ലെങ്കിൽ ഒരു ചൂടൻ കോഫി അതുമല്ലെങ്കിൽ ഹെൽത്ത് കോൺഷ്യസായിട്ടുള്ളവർ ഗ്രീൻ ടീയോ ഫ്രഷ് ഫ്രൂട്ട് ജ്യൂസോ കുടിച്ച് ക്ഷീണമകറ്റും.

ഓപ്ഷനുകൾ നിരവധിയുണ്ടെങ്കിലും ഭൂരിഭാഗംപ്പേരുടെയും ഇഷ്ട ചോയിസ് കോഫി തന്നെയായിരിക്കും. എക്സ്പ്രസ്സോ, ലോട്ടെ, കാപ്പുച്ചിനോ, ഫ്ളാറ്റ് വൈറ്റ്, മോചാ കോഫി എന്നിങ്ങനെ കോഫിയിൽ വെറൈറ്റി ടേസ്റ്റുകളുണ്ട്. എന്നാലും ഇന്ത്യക്കാർക്ക് പൊതുവെ പാലൊഴിച്ച് തയ്യാറാക്കുന്ന കോഫിയോടാണ് പ്രിയം കൂടുതൽ.

ഒരേ തരത്തിലുള്ള കോഫി കുടിച്ച് മടുത്തവർക്ക് ചില വെറൈറ്റി ടിപ്സുകൾ പരീക്ഷിച്ച് കോഫിയുടെ വ്യത്യസ്ത രുചികൾ ആസ്വദിക്കാം.

വാനില ക്രീമർ കോഫി

ഒരു കപ്പ് കണ്ടൻസ്ഡ് മിൽക്ക്, കാൽ വലിയ സ്പൂൺ വാനില എസൻസ് എന്നിവ മിക്സിയിൽ ബ്ലൻഡ് ചെയ്‌ത മിക്സ് ഏതെങ്കിലും ഗ്ലാസ് ജാറിൽ വായു കടക്കാത്തവിധം അടച്ച് ഫ്രിഡ്ജിൽ വയ്ക്കുക.

ഒരു കപ്പ് പാലിൽ 2 വലിയ സ്പൂൺ ബ്ലൻഡ് ചെയ്‌ത ഈ വാനില ക്രീമറും കാൽ വലിയ സ്പൂൺ കോഫിയും ചേർത്ത് മൈക്രോ വേവ് അല്ലെങ്കിൽ ഗ്യാസടുപ്പിലോ ചൂടാക്കി കുടിച്ചു നോക്കൂ.

ചോക്ക്ളേറ്റ് കോഫി

ഒരു കപ്പ് കോഫിയിൽ അര വലിയ സ്പൂൺ കൊക്കോ പൗഡർ അല്ലെങ്കിൽ ഡ്രിങ്കിംഗ് ചോക്ക്ളേറ്റ് പൗഡർ ചേർത്ത് മികച്ചൊരു ചോക്കോ ഫ്ളേവർ കോഫി തയ്യാറാക്കാം. ഇത് മിക്‌സിയിൽ അടിച്ചെടുത്ത് ഗ്ലാസിലൊഴിച്ച് മുകളിൽ കൊക്കോ പൗഡർ വിതറി കുടിച്ചു നോക്കുക.

സ്പിൻ ഫിസ് കോഫി

സ്പിൻ ഫിസ് കോഫി തയ്യാറാക്കുന്നതിന് ഒരു ഗ്ലാസ് ഐസ്ഡ് ചിൽഡ് കോഫിയിൽ കാൽ കപ്പ് സ്പാർക്ക്ളിംഗ് വാട്ടർ അഥവാ ക്ലബ് സോഡ ചേർക്കുക. ക്ലബ് സോഡ ഷുഗർ ഫ്രീയും കലോറിരഹിതവുമാണ്.

ഫ്ളേവേഡ് കോഫി

കോഫി തയ്യാറാക്കാൻ സ്വാദനുസരിച്ച് കറുവാപ്പട്ട, കുരുമുളക്, ജാതിക്ക, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് സ്പൈസി ഫ്ളേവേഡ് കോഫി തയ്യാറാക്കാം.

ഫ്ളേവേഡ് കോഫിയിപ്പോൾ ട്രെന്‍റാണ്. ഇതിൽ കോഫിക്കൊപ്പം മസാലയുടെ രുചിയും ആസ്വദിക്കാം.

പീനട്ട് ബട്ടർ കോഫി

കോഫി പ്രോട്ടീൻ അടങ്ങിയ ഒരു പാനീയമാക്കണോ? എങ്കിൽ ഒരു കപ്പ് കോഫിയിൽ അര വലിയ സ്പൂൺ പീനട്ട് ബട്ടർ ചേർക്കൂ. സ്വാദിഷ്ഠവും പോഷക ഗുണവുമടങ്ങിയ കോഫി റെഡി. പ്രോട്ടീനിനൊപ്പം ഈ സ്പെഷ്യൽ കോഫിയിൽ ഫൈബറുകളും അടങ്ങിയിരിക്കും.

ഫ്രീസ്ഡ് കോഫി

നിങ്ങൾക്ക് അമിതമായ തളർച്ചയോ ക്ഷീണമോ ഉണ്ടെങ്കിൽ അതിനായി നല്ലൊരു ഓപ്ഷനുണ്ട്. അത്തരം ദിവസങ്ങളിൽ ഇഷ്ടപ്പെട്ട ഫ്ളേവറിൽ കൂടിയ അളവിൽ കോഫി തയ്യാറാക്കി ഫ്രീസറിൽ ഇതിന്‍റെ ക്യൂബ്സുകൾ തയ്യാറാക്കുക. കോഫി കുടിക്കാൻ തോന്നുമ്പോൾ പാലിൽ ഈ കോഫി ക്യൂബ്സുകൾ ഇട്ട് തിളപ്പിച്ച് കുടിച്ച് നോക്കൂ.

ആ ദിനങ്ങളെ ആരോഗ്യത്തോടെ നേരിടാം

ആർത്തവവുമായി ബന്ധപ്പെട്ട് ശാരീരികവും മാനസ്സികവുമായ പല പ്രശ്നങ്ങൾ പെൺകുട്ടികളിൽ കണ്ടുവരാറുണ്ട്. മാനസിക പിരിമുറുക്കം, അസ്വസ്ഥത, തളർച്ച, ദേഷ്യം തുടങ്ങിയ പല ലക്ഷണങ്ങളും പിഎംഎസ് (പ്രീമെൻസ്ട്രുവൽ സിൻഡ്രോം അല്ലെങ്കിൽ പ്രീമെൻസ്ട്രുവൽ ടെൻഷൻ) ആയി കണ്ടുവരാറുണ്ട്. 95 ശതമാനം സ്ത്രീകൾക്കും പീരിയഡ്സിന് മുന്നോടിയായി ചില അസ്വസ്ഥതകൾ കണ്ടുവരുന്നുണ്ട്. ഇത് ചിലപ്പോൾ ശാരീരികവുമായിരിക്കാം അല്ലെങ്കിൽ മാനസികവുമായിരിക്കാം. ഇത്തരം പ്രശ്നങ്ങൾ 30 വയസ്സിന് ശേഷമായിരിക്കും കൂടുതലും കണ്ടുവരിക.

ശാരീരികവും വൈകാരികവുമായ ഇത്തരം മാറ്റങ്ങൾ ചില സ്ത്രീകളെ സംബന്ധിച്ച് വളരെയേറെ പ്രയാസകരമായിരിക്കും. എന്നാൽ ചില മാസങ്ങളിൽ ഇത്തരം യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകണമെന്നില്ല.

പീരിയഡ്സിന് മുമ്പായി ഉണ്ടാകുന്ന ലക്ഷണങ്ങളുടെ വലിയ നീണ്ട നിര തന്നെയുണ്ട്. ഭൂരിഭാഗം സ്ത്രീകൾക്കും ഇതിൽ പല പ്രശ്നങ്ങളും ഉണ്ടാകാം.

ഡൽഹി ബിഎൽകെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റായ ഡോ. ദിനേശ് കൺഡൽ പറയുന്നതിങ്ങനെ, നൈസർഗ്ഗീകമായി സ്ത്രീയുടെ ശാരീരം രക്‌തക്കുറവുമായി പോരാടുന്ന തരത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, പ്രത്യേകിച്ചും അമ്മയാകുന്ന ഘട്ടത്തിലുള്ള സ്ത്രീകൾ. ഈ രക്തക്കുറവിന് പിന്നിൽ വലിയൊരു കാരണമുണ്ട് ആർത്തവം. ഇക്കാരണത്താൽ ജോലി ചെയ്യാനുള്ള ക്ഷമത കുറയും. മാത്രവുമല്ല തളർച്ചയും ക്ഷീണവുമുണ്ടാകും.

രക്‌തക്കുറവ് രോഗപ്രതിരോധത്തെ ബാധിക്കും. ഇക്കാരണം കൊണ്ട് വളരെയെളുപ്പം അവർക്ക് രോഗങ്ങൾ പിടിപ്പെടും. മാസമുറ കാരണം സ്ത്രീകൾക്ക് ഒരു ലിറ്റർ രക്‌തം വരെ കുറയാം. ഒരു വർഷത്തിൽ 3 തവണ രക്‌തദാനം ചെയ്യുന്നതിന് തുല്യമായിരിക്കുമിത്. മാസമുറ കാരണം ഉണ്ടാകുന്ന അയണിന്‍റെ അഭാവം സ്ത്രീയുടെ ഏകാഗ്രതയെയും ബാധിക്കുന്നു.

മാറിടത്തിലുണ്ടാകുന്ന അസ്വസ്ഥതകൾ തുടങ്ങി ഛർദ്ദി, ദേഷ്യം മറ്റ് അസ്വസ്ഥതകൾ തുടങ്ങിയ പിഎംഎസ് ലക്ഷണങ്ങൾ ഉണ്ടാകാം. ഓരോ സ്ത്രീയിലും ഇത് വ്യത്യസ്തമായ തരത്തിലായിരിക്കും. ചില സ്ത്രീകളെ ഇത് അധികമായി ബാധിക്കുമ്പോൾ മറ്റ് ചിലരെ വളരെ സാധാരണമായ രീതിയിലെ ബാധിക്കൂ. ചിലരിൽ മാസമുറ തുടങ്ങി കഴിഞ്ഞ് ശാരീരികാസ്വസ്ഥതകൾ മാറും. എന്നാൽ ചിലരിൽ ഇത്തരം പ്രശ്നങ്ങൾ ദീർഘസമയം നിലനിൽക്കും.

പിഎംഎസ് ഉണ്ടാകുന്നതിനുള്ള ശരിയായ കാരണമെന്താണെന്ന് വൈദ്യശാസ്ത്രം ഇതുവരെ കണ്ടെത്തിയിട്ടില്ല. പാരമ്പര്യം ഒരു വലിയ കാരണമായിരിക്കും. അതായത് വീട്ടിൽ അമ്മയ്ക്കോ, സഹോദരിക്കോ, പിഎംഎസ് ചരിത്രമുണ്ടെങ്കിൽ മകൾക്കും മാസമുറ സമയത്ത് അതേ പ്രശ്നമുണ്ടാകാം. യഥാർത്ഥത്തിൽ സ്ത്രീയുടെ ആർത്തവ പ്രിക്രിയയുമായി ബന്ധപ്പെട്ടുള്ള ശാരീരികവും മാനസികവുമായ മാറ്റങ്ങളെയാണ് പിഎംഎസ് വിശേഷിപ്പിക്കുന്നത്.

പിഎംഎസ് അനുഭവിക്കുന്ന സ്ത്രീകളിൽ ചിലർ വിഷാദത്തിനും അടിമപ്പെടാറുണ്ട്. പക്ഷേ ഈ വിഷാദം എല്ലാ ലക്ഷണങ്ങളുടേയും കാരണമാകണമെന്നില്ല. മാനസികപിരിമുറുക്കം ചില ലക്ഷണങ്ങളെ ഗുരുതരമാക്കാം. എന്നു വിചാരിച്ച് ഇത് പിഎംഎസിന്‍റെ ഒരെയൊരു കാരണമാകണമെന്നില്ല. വിറ്റാമിനുകളുടെയും ധാതുക്കളുടേയും അഭാവം കാരണമാകാം. അമിതമായ ഉപ്പ് ഉപയോഗിക്കുന്നതും പിഎംഎസിനുള്ള ഒരു കാരണമാണ്.

അമിതമായ ഉപ്പിന്‍റെ ഉപയോഗം ശരീരത്തിൽ ദ്രവ നഷ്ടമുണ്ടാക്കും. ചായ, കാപ്പി, മദ്യം തുടങ്ങിയവ ഉപയോഗിക്കുന്നത് മൂഡിലും ഊർജ്ജത്തിലും താളം തെറ്റിക്കൽ സൃഷ്ടിക്കും അതുകൊണ്ട് അവ കഴിക്കുന്നത് കുറയ്ക്കുകയോ നിർത്തുകയോ ചെയ്യാം. സ്വന്തം ഡയറ്റിൽ നല്ലൊരു മാറ്റം സൃഷ്ടിക്കുകയാണ് വേണ്ടത്.

ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയാൽ നല്ലൊരു പരിധി വരെ പിഎംഎസ് ലക്ഷണങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും.

കൊഴുപ്പ്, മധുരം, ഉപ്പ് എന്നിവ കുറയ്ക്കുക. ഇടയ്ക്ക് ഡോക്ടറെ കണ്ട് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ ആരായുക. അതിന് പുറമേ, സ്ത്രീ ആരോഗ്യത്തെ സംബന്ധിച്ചുള്ള പ്രസിദ്ധീകരണങ്ങൾ വായിച്ച് വേണ്ട അറിവുകൾ നേടുക.

അമിത വേദന

ആർത്തവ സമയത്തുണ്ടാകുന്ന വേദന സാധാരണമാണ്. ഡിസ്മെനോറിയ എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. ചില സമയത്ത് ഈ വേദന കൂടുതൽ പ്രശ്നമുണ്ടാക്കാം. അതിന് പുറമെ പീരിയഡ്സ് ഉള്ളപ്പോൾ വേദനയും ഛർദ്ദി പോലെയുള്ള പ്രശ്നവുമുണ്ടാകാം. ചിലപ്പോൾ അസഹനീയമായ വേദന മൂലം കോളേജിലോ ഓഫീസിലോ പോകാൻ കഴിയാതെ വരുന്ന സാഹചര്യവും ഉണ്ടാകും. മണിക്കൂറുകളോളമോ ദിവസങ്ങളോ ഇത്തരത്തിൽ വേദന തുടരാം. ആർത്തവം കഴിയുന്നതോടെ വേദനയും പതിയെ കുറയും. വേദന ഏതെങ്കിലും അസുഖമോ ഡിസോഡർ മൂലമോ ആണെങ്കിൽ അതിനെ സെക്കന്‍ററി ഡിസ്മെനോറിയയെന്നാണ് പറയുക.

സെക്കന്‍ററി ഡിസ്മെനോറിയ പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം. ഉദാ: എൻഡോമെട്രിയോസിസ്, യൂട്ടറൈയിൻ ഫൈബ്രോയിഡ്സ്, സെക്ഷ്വലി ട്രാൻമിറ്റഡ് ഡിസീസ് എന്നിങ്ങനെ. എൻഡ്രോമെട്രിയോസിസ് പ്രശ്നം പല കുടുംബങ്ങളിലും കണ്ടുവരാറുണ്ട് എന്നാണ് ന്യൂഡൽഹി ഇന്ദിരാ ഐവിഎഫ് ഹോസ്പിറ്റലിലെ ഐവിഎഫ് എക്സ്പെർട്ട് ഡോ. നതാഷാ ഗുപ്ത പറയുന്നത്.

അമ്മയ്ക്ക് ഈ രോഗമുണ്ടെങ്കിൽ പെണ്മക്കളിലും 8 ശതമാനം ഇത് വരാനുള്ള സാധ്യതയുണ്ട്. അടുത്ത സഹോദരിമാരാണെങ്കിൽ 6 ശതമാനം വരെ ഇതുണ്ടാകാനുള്ള സാധ്യതയുണ്ട്. സഹോദരി സഹോദരന്മാരുടെ പെണ്മക്കൾക്കിടയിൽ 7 ശതമാനം ആണ് സാധ്യത. എൻഡോമെട്രിയോസിസ് ഉള്ള 30-40 പേർക്ക് വന്ധ്യത പ്രശ്നങ്ങൾ ഉണ്ടാകുമെന്നും പഠനങ്ങൾ പറയുന്നു.

ലക്ഷണങ്ങൾ

എൻഡോമെട്രിയോസിസിസ് രോഗികളിൽ ഒരാൾക്കുള്ള ലക്ഷണങ്ങൾ മറ്റൊരാളിൽ കാണണമെന്നില്ല. അടിവയറ്റിലുണ്ടാകുന്ന വേദനയാണ് പൊതുവേ എല്ലാവരിലും കണ്ടുവരുന്ന അസ്വസ്ഥത. ആർത്തവ സമയത്താണ് അടിവയറ്റിൽ വേദനയുണ്ടാവുക. മാത്രവുമല്ല ചിലപ്പോൾ വേദന ആർത്തവത്തിന് മുമ്പോ ശേഷമോ ഉണ്ടാകാമെന്നതാണ്. ചില സ്ത്രീകളിലാകട്ടെ, ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന അവസരത്തിലോ അതിനു ശേഷമോ വേദനയുണ്ടാവുന്നു. അതുമല്ലെങ്കിൽ കുടലിൽ ചലനങ്ങൾ അനുഭവപ്പെടുകയോ യൂറിൻ റിലീസ് ചെയ്യുമ്പോൾ, മലശോധനാ വേളയിലോ വേദനയുണ്ടാകാം.

പ്രതീക്ഷ

ഇൻവിട്രോ ഫർട്ടിലൈസേഷൻ (ഐവിഎഫ്) പ്രക്രിയ ഇത്തരം കേസുകളിൽ കൂടുതൽ ഗുണകരമായിട്ടുണ്ടെന്ന് ഡോ.നതാഷാ ഗുപ്ത പറയുന്നു. പ്രത്യേകിച്ചും എൻഡോമെട്രിയോസിസ് മൂലം വന്ധ്യത പ്രശ്നമുണ്ടാകുന്നവർക്ക്.

മുൻകരുതൽ

വർഷത്തിൽ ഒരു സ്ത്രീയ്ക്ക് ഏകദേശം 22 ശതമാനം രക്‌തമാണ് നഷ്ടപ്പെടുന്നത്. ഈ സാഹചര്യത്തിൽ സ്ത്രീകൾ രക്‌തം ഉണ്ടാകാനുള്ള ഭക്ഷ്യവസ്‌തുക്കൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ അത്തരക്കാർക്ക് അനീമിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. ഇന്ത്യയിൽ ഭൂരിഭാഗം സ്ത്രീകളിലും വിളർച്ചയുണ്ടാകുന്നുവെന്നത് ഗുരുതരമായ കാര്യമാണ്.

ഒരു സാധാരണ ഇന്ത്യൻ വെജിറ്റേറിയൻ ഭക്ഷണത്തിൽ രക്‌തമുണ്ടാകാനുള്ള ആവശ്യമായ പോഷകങ്ങൾ ഉണ്ടാകണമെന്നില്ല എന്നാണ് ന്യൂഡൽഹി സരോജ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോ. നിധി ധവൻ പറയുന്നത്. പകുതി കപ്പ് അരിയിൽ 0.5 മി.ഗ്രാം അയൺ മാത്രമേ ഉണ്ടാകൂ. എന്നാൽ ഒരു കപ്പ് പാലിൽ നിന്നും 0.1 ഗ്രാം അയൺ ലഭ്യമാകും. മാസമുറയുള്ള ഒരു സ്ത്രീയ്ക്ക് ദിവസവും 28 മി.ഗ്രാം അയൺ ആവശ്യമായി വരും.

ശരീരത്തിൽ നിന്നും അയണിനെ ആഗീരണം ചെയ്യുന്നത് തടയുന്ന ചില പദാർത്ഥങ്ങളുണ്ട്. ഉദാ: ഫൈറ്റേറ്റ്. ആട്ടയിലും മറ്റ് ധാന്യങ്ങളിലും ഇത് കണ്ടു വരുന്നുണ്ട്. അല്ലെങ്കിൽ കാപ്പി, ചായ, വാഴപ്പഴം എന്നിവയിൽ കണ്ട് വരുന്ന കഫീൻ എന്ന വസ്തുവും അയണിന്‍റെ സ്വാംശീകരണത്തെ തടയുന്നു.

പിഎംഎസിനെ നേരിടാൻ വിറ്റാമിൻ ബി 6 ഫലവത്താണ്. വിഷാദം, തളർച്ച, ശരീരത്തിൽ ദീർഘസമയം വെള്ളം കെട്ടികിടന്നുള്ള നീർവീക്കം, മാറിടത്തിലുണ്ടാകുന്ന അസ്വസ്ഥത, വിരലുകളിലും മുഖത്തുമുണ്ടാകുന്ന നീര് എന്നീ പ്രശ്നങ്ങൾ ഉണ്ടാകുന്നു.

ഉപ്പിന്‍റെ അളവ് കുറയ്ക്കുക വഴി നീർവീക്കം കുറയും. വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുക വഴി സ്തനങ്ങളിലുണ്ടാകുന്ന അസ്വസ്ഥതകളിൽ നിന്നും ആശ്വാസം ലഭിക്കും. മാസമുറ സമയത്തുണ്ടാകുന്ന പിരിമുറുക്കം കുറയ്ക്കാൻ കാത്സ്യം ഫലവത്താണ്. ജീവിതശൈലിയിൽ മാറ്റമുണ്ടാക്കി ഇത്തരം പ്രശ്നങ്ങളിൽ നിന്ന് തടിയൂരാം.

പതിവായി പരിശോധന

ഡോക്ടറെ കണ്ട് വേണ്ട പരിശോധനകൾ നടത്തുകയെന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. രക്ത പരിശോധനയിലൂടെ ഹീമോഗ്ലോബിൻ ലെവൽ അറിയുവാൻ സാധിക്കും. ഹീമോഗ്ലോബിൻ നില താഴുന്നത് വിളർച്ചയുണ്ടാക്കും. അനിമീയ (വിളർച്ച) അസാധാരണമായ സ്‌ഥിതി വിശേഷമാണ്. രക്‌തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കുറയുന്നതാണ് അനീമിയ്ക്ക് കാരണം. അതുകൊണ്ട് കൃത്യമായ പരിശോധനയിലൂടെ വിളർച്ചക്കുറവ് കണ്ടെത്തി പരിഹരിക്കാം.

അയൺ ധാരാളമായി അടങ്ങിയ ഭക്ഷ്യവസ്തുക്കൾ കഴിക്കുക മാത്രമല്ല അവ കൂടുതൽ ആഗീരണം ചെയ്യപ്പെടാൻ വിറ്റാമിൻ സി, ബി-12 അടങ്ങിയ ഭക്ഷ്യവസ്‌തുകൾ വേണ്ടയളവിൽ ഡയറ്റിൽ ഉൾപ്പെടുത്തണം. ഒപ്പം അയൺ ടാബ്‍ലെറ്റും കഴിക്കാം.

ഫേഷ്യൽ ചെയ്തിട്ട് ഇത് ചെയ്യരുത്

ഫേഷ്യൽ ചെയ്‌തു കഴിഞ്ഞാൽ അടുത്ത നാലു മണിക്കൂർ നേരത്തേക്ക് സോപ്പ് മുഖത്ത് ഉപയോഗിക്കരുത്. മുഖം വൃത്തിയാക്കണ്ട ആവശ്യമുണ്ടെങ്കിൽ വെള്ളം മാത്രം ഉപയോഗിച്ച് കഴുകിക്കളയുക.

ഒരു പാർട്ടി, അഥാവാ വിവാഹത്തിന് പങ്കെടുക്കേണ്ടതുണ്ടെങ്കിൽ നമ്മൾ ആദ്യം തയ്യാറെടുക്കുന്ന കാര്യം ബ്യൂട്ടിപാർലറിൽ പോയി ഫേഷ്യൽ ചെയ്യുന്നതായിരിക്കും. സ്കിൻ, നിറം ഇതിന് ചേരുന്ന തരം ഫേഷ്യലുകൾ പാർലറുകളിൽ ലഭ്യമാണ്. 30 വയസിനു ശേഷം മാസത്തിലൊരിക്കൽ ഫേഷ്യൽ ചെയ്യുന്നതാണ് ഉത്തമം. ഇപ്പോൾ ചെറുപ്രായത്തിലുള്ള പെൺകുട്ടികൾ പോലും മാസത്തിലൊരിക്കൽ ഫേഷ്യൽ ചെയ്യാൻ ശ്രമിക്കാറുണ്ട്. ഫേഷ്യൽ പതിവായി ചെയ്യുമ്പോൾ സ്കീൻ ടോണിംഗ് ചെയ്യാൻ കഴിയും, അതോടൊപ്പം തന്നെ ചർമ്മത്തിന്‍റെ ആരോഗ്യം വർദ്ധിക്കുകയും ചെയ്യും.

എന്നാൽ ഫേഷ്യൽ ചെയ്‌തതിനു ശേഷം ചെയ്തു കൂടാത്ത ചില കാര്യങ്ങൾ ഉണ്ട്. അങ്ങനെ ചെയ്താൽ ഫേഷ്യൽ റിയാക്ഷൻ സംഭവിക്കാം. ഫേഷ്യൽ ചെയ്‌ത ആറു മണിക്കൂറിനുള്ളിൽ ചില കാര്യങ്ങൾ തീർച്ചയായും ചെയ്യാൻ പാടില്ല. ഒരാഴചയ്ക്കുള്ളിലും ചെയ്യരുത്താത്ത ചിലതുണ്ട്. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെയിരുന്നാൽ റിയാക്ഷൻ ഉണ്ടാകാം.

വെയിൽ കൊള്ളരുത്

ഫേഷ്യൽ ചെയ്‌ത ശേഷം നേരെ വെയിലേക്ക് ഇറങ്ങി നടക്കുന്നത് നല്ലതല്ല. ഫേഷ്യൽ റിയാക്ഷൻ സംഭ വിക്കാം. പുറത്തിറങ്ങേണ്ടി വന്നാൽ മുഖം ടവൽ കൊണ്ട് കവർ ചെയ്തു മാത്രം പുറത്തിറങ്ങുക.

4 മണിക്കൂർ വരെ സോപ്പ് വേണ്ട

ഫേഷ്യൽ ചെയ്‌ത് മുഖം ചുരുങ്ങിയത് നാലു മണിക്കൂറെങ്കിലും അങ്ങനെ തന്നെ നിലനിർത്തുക. അതായത് സോപ്പ്, ഫേസ്വാഷ് ഇവ ഉപയോഗിക്കരുത്. മുഖം കഴുകി വൃത്തിയാക്കണമെന്നുണ്ടെങ്കിൽ വെള്ളം ചെറുതായി മുഖത്ത് തളിച്ച് ഒഴിച്ച് ക്ലീൻ ചെയ്യാം.

ത്രെഡിംഗ് പാടില്ല

ഫേഷ്യൽ ചെയ്ത ശേഷം സ്കിൻ വളരെ സോഫ്റ്റ് ആകും. അപ്പോൾ ത്രെഡ് ചെയ്യുന്നത് സ്കിനിൽ പോറ ലു ണ്ടാക്കും. പലയിടങ്ങളിലും ആദ്യം ഫേഷ്യൽ ചെയ്‌ത് അവസാനം ത്രെഡ് ചെയ്യുന്ന രീതിയുണ്ട്. എന്നാൽ ആദ്യം ത്രെഡ് ചെയ്യാൻ അവരോട് പറയുക.

ഫേസ് മാസ്ക്

ഫേഷ്യൽ ചെയ്‌ത ശേഷം ഒരാഴ്ച ഫേസ് മാസ്ക്കുൾ ഉപയോഗിക്കാതിരിക്കുക. ഫേഷ്യൽ മൂലം ഉണ്ടായ ഗ്ലോ നഷ്ടമാകാൻ ഇതിടയാക്കും.

വാക്സിംഗ്

ഫേഷ്യൽ ചെയ്ത ശേഷം മുഖത്ത് വാക്സിംഗ് ചെയ്യരുത്. ഫേഷ്യലിലൂടെ മൃദുവായ ചർമ്മത്തിൽ പരിക്ക് ഉണ്ടാകാൻ വാക്സിംഗ് കാരണമാകും.

മൂന്ന് ദിവസത്തേക്ക് സ്ക്രബ്ബ് വേണ്ട

ഫേഷ്യൽ ചെയ്ത മുഖത്ത് അടുത്ത മൂന്നു ദിവസത്തേക്ക് സ്ക്രബ്ബുകൾ ഒന്നും ഉപയോഗിക്കരുത്.

തേച്ചിട്ട് പോ പെണ്ണേ!

പെണ്ണ് തേച്ചിട്ട് പോയി എന്ന് പറയുമ്പോൾ മിക്കവരും പറയുന്ന കാരണം എന്തായിരിക്കുമെന്നറിയാലോ. അവൾക്ക് അവനെക്കാൾ നല്ല ചെക്കനെ കിട്ടിക്കാണും. അതാണീ മനം മാറ്റം. പക്ഷേ ആളുകൾ പൊതുവേ പറയുന്ന ഈ കാര്യങ്ങൾക്കപ്പുറം മറ്റ് ഇഞ്ചു സംഗതികൾ കൂടിയുണ്ട് അതറിഞ്ഞു വച്ചാൽ ചിലപ്പോൾ അങ്ങനെ പറയാൻ നിങ്ങൾക്കും തോന്നിയേക്കില്ല. അതെന്തൊക്കെ ആണെന്നറിയേണ്ടേ? സ്നേഹിക്കപ്പെടുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് ഏറ്റവും വലിയ അനുഭൂതിയാണ്.

പ്രണയത്തിലകപ്പെട്ടവൾ പാട്ടറിയില്ലെങ്കിലും പാട്ടുപാടുകയും ഡാൻസ് അറിയാതെ നൃത്തം വയ്ക്കുകയും ചെയ്യും. മണ്ടത്തരം എന്ന് മറ്റുള്ളവർ ചിന്തിക്കുന്ന പല കാര്യങ്ങളം അവൾ ചെയ്തെന്നിരിക്കും. പ്രിയപ്പെട്ടവനുമൊത്തുള്ള നിമിഷങ്ങളായിരിക്കും അവളുടെ മനസ്സിലെപ്പോഴും. യഥാർത്ഥ സ്നേഹം ഉള്ള മനസ്സ് ഏറ്റവും ഉദാരതയും വിനയവും പ്രകടിപ്പിക്കുകയും ചെയ്യും. പല പെൺകുട്ടികൾക്കും തന്‍റെ ട്രൂ ലവിനെ കണ്ടുമുട്ടാൻ കഴിഞ്ഞെന്നു വരും. പക്ഷേ, ചിലർക്കെങ്കിലും ഉണ്ടാവുന്ന പ്രശ്നങ്ങൾ വേറെ ചിലതാണ്.

കാമുകൻ പഴയ സ്നേഹം കാണിക്കാത്തതിന്‍റെ പേരിൽ പിരിയാൻ നിർബന്ധിതരാകുന്നവരും ധാരാളം. അകൽച്ചയുടെയും താൽപര്യക്കുറവിന്‍റെയും ലക്ഷണങ്ങൾ ആണിന്‍റെ ഭാഗത്തു നിന്നുണ്ടാകുമ്പോഴാണ് പെണ്ണ് മെല്ലെ പിന്മാറിത്തുടങ്ങുന്നത്. ഒരു പക്ഷേ അണിന്‍റെ താൽപര്യക്കുറവ് വേറെ പ്രശ്നങ്ങൾ കൊണ്ടുള്ള താൽക്കാലിക സംഗതി മാത്രമായിരിക്കാം. അത്രയും സ്നേഹിച്ചിട്ട് ഒരു ദിനം പെണ്ണ് ഇട്ടിട്ട് പോയി എന്നു പറയുന്നവർ ഈ കാരണങ്ങൾ കൂടി അറിഞ്ഞിരുന്നാൽ നന്നായിരിക്കും.

ഇന്‍റിമസി പ്രകടിപ്പിക്കാതിരിക്കുമ്പോൾ

പ്രണയത്തിൽ സ്നേഹത്തിനും ലൈംഗീകാകർഷണത്തിനും ഒരുപോലെ സ്‌ഥാനമുണ്ട്. തന്നോട് കടുത്ത അഭിനിവേശം തന്‍റെ പുരുഷന് ഉണ്ടെന്ന് തോന്നുന്ന പ്രകടനങ്ങൾ കിട്ടാതെ വരുമ്പോൾ സ്ത്രീ ഒരു പക്ഷേ മെല്ലെ പിന്നോക്കം പോകാനിടയുണ്ട്. പ്രത്യേകിച്ചും ബന്ധത്തിന്‍റെ തുടക്കത്തിൽ അതു കാണിക്കുകയും പിന്നീട് കുറേശേ ഇല്ലാതാവുകയും ചെയ്യുമ്പോൾ തീർച്ചയായും സ്ത്രീയുടെ ഭാഗത്ത് പിൻവലിയാനുള്ള പ്രേരണ ഉണ്ടാകും.

ഒന്നു ചേർത്തു പിടിക്കാനോ, വിരൽ കോർക്കാനോ പോലും പുരുഷൻ തയ്യാറാവുന്നില്ലെങ്കിൽ തന്നോടുള്ള താൽപര്യം നഷ്‌ടപ്പെട്ടതായി സ്ത്രീക്കു തോന്നും. ഇതിന്‍റെ പേരിൽ പെട്ടെന്ന് ഒഴിവാകുന്നത് പരിഹാരമല്ലെങ്കിൽ കൂടി ഇത്തരം അകൽച്ചകൾ കാണിക്കുമ്പോൾ സ്ത്രീ സംസാരിക്കാൻ ശ്രമിച്ചാൽ അതിനോട് പോസിറ്റീവായി പ്രതീകരിച്ചാൽ ബന്ധം തകരാതിരിക്കാൻ സാധ്യതയുണ്ട്. കമിതാവ് സെക്ഷ്വൽ അട്രാക്ഷൻ പ്രകടിപ്പിക്കാത്തതിന് മാനസികമായ മറ്റ് കാരണങ്ങൾ ഉണ്ടാവാമെങ്കിൽ കൂടി (ഉദാഹരണം വീട്ടിൽ അമ്മയ്ക്ക് കടുത്ത രോഗം) അത് തുറന്നു പറയാതിരിക്കുമ്പോൾ സംഗതി വഷളാവുന്നു. പെണ്ണ് മെല്ലെ അകലാൻ തുടങ്ങുന്നു. ഇതിനെ തേപ്പ് എന്നു വിളിക്കാൻ പറ്റുമോ?

ഷോപ്പിംഗ് ഇല്ലെങ്കിൽ

ബോയ്ഫ്രണ്ടുമായി വല്ലപ്പോഴുമൊക്കെ ഒരു ഷോപ്പിംഗിനോ ഔട്ടിംഗിനോ പോകാൻ ആഗ്രഹിക്കാത്ത പെണ്ണുണ്ടാവില്ല. അതിന്‍റെ അർത്ഥം അവൾക്ക് വില പിടിച്ച സാധനങ്ങൾ വാങ്ങിക്കൊടുക്കണമെന്നല്ല. കയ്യിലെ പണത്തിനനുസരിച്ച് അത് തനിക്കായി ചെലവിടാൻ പുരുഷന് മടിയില്ല എന്ന തോന്നൽ തന്നെ അവളെ ഏറെ സന്തുഷ്ടയാക്കും. ഇങ്ങനെ പോകാത്ത അവസരങ്ങളിൽ പുരുഷൻ ഹൃദയപൂർവ്വം പെരുമാറിയില്ലെങ്കിൽ തന്നോട് താൽപര്യക്കുറവുണ്ട് എന്നാണ് സ്ത്രീ മനസ്സിലാക്കുക.

തന്‍റെ പെണ്ണിനെ സന്തോഷിപ്പിക്കാൻ മനസ്സുണ്ടെങ്കിൽ ഒരു മടുപ്പും അവൻ കാണിക്കില്ല എന്നാണ് പെണ്ണിന്‍റെ വിചാരം. ബന്ധത്തിന്‍റെ തുടക്കത്തിലൊക്കെ പലയിടങ്ങളിലും പോകുകയും, പിന്നീട് മെല്ലെ ഒഴിവാക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ രണ്ട് സാധ്യതകളാണ് സംശയിക്കേണ്ടത്. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഉള്ള ആളാണെങ്കിൽ അത് തുറന്നു പറയാതിരിക്കുന്നത് നല്ലതല്ല. സാമ്പത്തിക പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ കൂടി പുരുഷൻ അതിനു തയ്യാറാവുന്നില്ലെങ്കിൽ അവൻ മറ്റൊരാൾക്കൊപ്പം ആ കാര്യം ചെയ്‌തു തുടങ്ങി എന്ന് അവൾ ചിന്തിക്കും. മിക്കവാറും ഇത് സത്യവുമായിരിക്കും. അതോടെ അവൾ പിൻവാങ്ങുകയല്ലാതെ വേറെന്തെു വഴി?

വ്യക്‌തി ശുചിത്വം

സ്വന്തം പുരുഷന് നല്ല വൃത്തിയുണ്ടായിരിക്കണം എന്നാഗ്രഹിക്കാത്ത പെണ്ണില്ല. ഭൂരിഭാഗം പുരുഷന്മാരും വ്യക്‌തിശുചിത്വത്തിലും ഗ്രൂമിംഗിലും വളരെ താൽപര്യം കാണിക്കുന്നവരാണ്. പക്ഷേ അങ്ങനെ അല്ലാത്തവരും ഉണ്ട്. തങ്ങളുടെ സ്നേഹം മാത്രം മതി, പെണ്ണിനെ പിടിച്ചു നിർത്താൻ എന്നു ചിന്തിക്കും. പക്ഷേ അതു വലിയൊരു തെറ്റിദ്ധാരണയാണ്. ഒപ്പം നടക്കുമ്പോൾ വിയർപ്പുനാറ്റവും, വായ്നാറ്റവുമൊക്കെ അസഹ്യമായാൽ അവളുടെ താൽപര്യം കുറഞ്ഞു വരും.

സ്വന്തം വ്യക്‌തിശുചിത്വത്തിന് ഒപ്പമോ, അതിനു മേലെയോ നിൽക്കുന്നവരെയാണ് സ്ത്രീകൾക്കു താൽപര്യം. ഇത്തരം കേസുകളിൽ സ്ത്രീക്ക് ഒരു കാര്യം ചെയ്യാവുന്നതാണ്. പുരുഷനോട് തന്‍റെ പ്രശ്നം പറയാം. അത് മനസ്സിലാക്കി പരിഹരിക്കാൻ അവൻ തയ്യാറാവുന്നില്ലെങ്കിൽ വേറെ വഴിയില്ല, വിട്ടു പോവുകയാവും ഉത്തമം.

വഞ്ചന

ഏതു ബന്ധത്തിലും ഉലച്ചിൽ ഉണ്ടാക്കാവുന്ന ഒരു പ്രധാന വില്ലൻ വഞ്ചന തന്നെ. രണ്ടു വ്യക്‌തികൾക്കിടയിലെ ബന്ധം നിലനിൽക്കാൻ വിശ്വസ്തവും ആവശ്യമാണ്. ഒരു പരിപാടിക്ക് രണ്ടുപേരും കൂടി പോവുകയും അവിടെ ചെല്ലുന്നതിനു ശേഷം പുരുഷൻ മറ്റുള്ളവരോട് കൂടുതൽ പരിഗണന കാണിക്കുകയും ചെയ്‌താൽ അവൾ മെല്ലെ പിൻവലിയാൻ ശ്രമിച്ചേക്കാം. ഇത് ഒരു ഉദാഹരണം മാത്രമാണ്.

പുറത്തിറങ്ങുമ്പോൾ തന്നെക്കാൾ കൂടുതൽ മറ്റുള്ളവരോടാണ് ശ്രദ്ധ എന്നു കണ്ടാൽ അവൾക്ക് അനിഷ്ടം തോന്നുക സ്വാഭാവികമാണ്. പുരുഷന്മാർ സ്ത്രീകളോട് വഞ്ചന കാണിക്കുന്നതിനും പല കാരണങ്ങളുണ്ട്. വിരസത, ലൈംഗിക താൽപര്യങ്ങൾ നടക്കാതെ വരിക, വേറെ സ്ത്രീകളോട് താൽപര്യം തോന്നുക ഇതൊക്കെയാണ്. കാരണമെന്നു മനസ്സിലായാൽ ഉടനെ വിട്ടു പോവുക അല്ലാതെ വേറെ വഴിയില്ല. ചിലരെ കണ്ടിട്ടില്ലേ, സ്ത്രീ കൂടെക്കൂടെ വിളിച്ചാലും ഫോൺ എടുക്കാതിരിക്കും. ആളെ കിട്ടാതെ വരുമ്പോൾ അവളുടെ ആകാംക്ഷയും ഭയവും വർദ്ധിച്ച് വല്ലാത്തൊരവസ്‌ഥയിലാണ് തന്‍റെ സ്നേഹഭാജനം കഴിയുക എന്നറിയാമെങ്കിൽ പോലും, അതിന് യാതൊരു പരിഗണനയും നൽകിയെന്ന് വരില്ല. ഈ പ്രയാസം പവലട്ടം നേരിടുകയും അതേക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടും, കക്ഷിക്ക് കുലുക്കമൊന്നുമില്ലെങ്കിൽ തേച്ചിട്ട് പോവുക തന്നെ.

പെട്ടെന്നൊരു മാറ്റം

ആദ്യമൊക്കെ ഭയങ്കര സ്നേഹം ശ്രദ്ധ, പിന്തുണ, സഹതാപം. പക്ഷേ പെട്ടെന്നൊരു ദിനം ആള് വേറെ ലെവൽ ആവുന്നു. ഒന്നിനും താൽപര്യമില്ലാത്ത പോലെ സംസാരിക്കുന്നു. പ്രണയിനിയുടെ ജീവിതത്തെ കുറിച്ചോ അവളെക്കുറിച്ചോ ചോദിക്കാനും പറയാനും പോലും മറക്കുന്നു. അങ്ങനെ കണ്ടാൽ ഒരു കാര്യം തീരുമാനിക്കാം. നിലവിലുള്ള ബന്ധം തുടരണമോ വേണ്ടയോ എന്നതിനെക്കുറിച്ച് ആൾ കൺഫ്യൂഷനിലാണ്. തനിക്ക് ഈ പെൺകുട്ടി പോര എന്ന തോന്നലോ, അല്ലെങ്കിൽ അവൾക്ക് തന്നെക്കാൾ നല്ല വ്യക്‌തിയെ കിട്ടുമെന്ന തോന്നലൊക്കെയാവാം കാരണം.

സ്ത്രീയെ അപേക്ഷിച്ച് പുരുഷൻ സങ്കീർണ്ണമായ സ്വഭാവമുള്ള ജീവിയാണ്. ജീവിതത്തിലെ ഓരോ ഘട്ടങ്ങളിൽ അവർ പല രീതിയിൽ പ്രതികരിക്കും. ഗേൾഫ്രണ്ടിനോട് തണുപ്പൻ മട്ട് പ്രകടിപ്പിക്കുന്നതും ഈ ഒരു കാരണം കൊണ്ടാണ്. ഇത്തരം സാഹചര്യങ്ങളും സ്നേഹ ബന്ധത്തിൽ നിന്ന് സ്വയം പിൻവാങ്ങാൻ പെണ്ണിനെ പ്രേരിപ്പിക്കാറുണ്ടെന്നറിയുക.

ശരീരപുഷ്ടിക്ക് ഇതാ വഴിയുണ്ട്!

പ്രായത്തിനനുസരിച്ച് ആവശ്യമുള്ളത്ര ശരീരഭാരം ഇല്ലാത്തവർ, ജീവിതശൈലിയിൽ മാറ്റം വരുത്തുമ്പോൾ നല്ല മാറ്റം സംഭവിക്കും. ഉദാഹരണത്തിന് നിത്യേന ഒരേ വ്യായാമം ചെയ്യുന്നത് ശരീരത്തിന് കാര്യമായ ഗുണം ചെയ്യില്ല.

മെലിഞ്ഞ ശരീരം ചിലരെ സംബന്ധിച്ച് വളരെ വിഷമിപ്പിക്കുന്ന സംഗതിയാണ്. എന്തു കഴിച്ചാലും ശരീരത്തിൽ കാണാൻ പാകത്തിന് ഒന്നുമുണ്ടാകില്ല എന്ന അവസ്‌ഥ. ഒരു വ്യക്‌തിയുടെ പ്രായത്തിനും ഉയരത്തിനും അനുസരിച്ചുള്ള ഭാരം ആ വ്യക്‌തിക്ക് ഉണ്ടായില്ലെങ്കിൽ തീർച്ചയായും ശ്രദ്ധിക്കണം. പക്ഷേ മറ്റു രോഗാവസ്‌ഥകളൊന്നുമില്ലാതെ ശരീരം മെലിഞ്ഞിരിക്കുന്നതിനെ അത്ര കാര്യമാക്കേണ്ടതില്ല എന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.

എന്തൊക്കെ പറഞ്ഞാലും നല്ലൊരു വസ്ത്രം ധരിക്കുമ്പോൾ ഭംഗി കിട്ടാൻ, ആളുകൾക്കിടയിൽ പോകുമ്പോൾ പരിഹാസത്തിന ഇരയാകാതിരിക്കാനൊക്കെ കുറച്ചു ശരീരം വേണമെന്ന് തോന്നുന്നത് തെറ്റല്ല. തടി വയ്ക്കാനായി മരുന്നു കഴിക്കുകയും ഹെൽത്ത് സപ്ലിമെന്‍റുകൾ ഉപയോഗിക്കുകയും ചെയ്യാറുണ്ട്. എന്നിട്ടും ശരീരം നന്നാവാത്തവരുണ്ട്. മെലിഞ്ഞ ശരീരം മൂലം ഉണ്ടാകുന്ന കോംപ്ലക്സുകളും ചില്ലറയല്ല. സ്കൂളിലും കോളേജിലും ഓഫീസിലും ഒക്കെ പോകുമ്പോൾ ലജ്ജ തോന്നുന്നവരുണ്ട്. ആനയെ പോലെ തിന്നാലും ആടു പോലെ ഇരിക്കുന്നു എന്ന പരിഹാസം കേട്ടു മടുത്തിട്ടുണ്ടെങ്കിൽ ചില കാര്യങ്ങൾ കൂടി നിങ്ങൾ ശ്രദ്ധിക്കണം.

എന്തുകൊണ്ട് ഇങ്ങനെ?

ശരീരഭാരം കുറയുന്നത് ആരോഗ്യമില്ലാത്ത അവസ്‌ഥ ഉണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്. ചില തെറ്റായ ജീവിതശൈലിയും ഇതിന്‍റെ കാരണമായി വന്നേക്കാം. ഈ ശീലങ്ങൾ ശരീരത്തിന്‍റെ പുറത്തും അകത്തും പ്രയാസങ്ങൾ ഉണ്ടാകാം. വളരെയധികം ഭക്ഷണം കഴിച്ചിട്ടും ശരീരം നന്നാവുന്നില്ല എങ്കിൽ, താഴെ പറയുന്ന തെറ്റായ രീതികൾ ജീവിതശൈലിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.

വിശക്കുമ്പോൾ ഭക്ഷിക്കാതിരിക്കൽ

തിരക്കിട്ട ജീവിതമാണ് പലർക്കും. സമയം ഷെഡ്യൂൾ ചെയ്യുന്നതിന്‍റെ അപാകത കൊണ്ട് യഥാസമയം ഭക്ഷണം കഴിക്കാൻ പറ്റാതെ വരുന്നു. ഇങ്ങനെ പതിവായി ചെയ്താൽ ആരോഗ്യം മോശമായി ബാധിക്കുന്നു. തുടർച്ചയായി ഈ രീതി ഉണ്ടാകുമ്പോൾ വിശപ്പ് കുറഞ്ഞു വരികയും ചെയ്യും. വിശക്കുമ്പോൾ ഭക്ഷണം കഴിക്കാതെയിരുന്നാൽ ശരീരത്തിൽ വിപരീതഫലമാണ് ഉളവാക്കുക.

നിത്യേന ഒരേതരം വ്യായാമം

ഫിറ്റായിരിക്കാനും ശരീരഭാരം വർദ്ധിപ്പിക്കാനും നിത്യേന വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. മൈതാനത്തിലോ പാർക്കിലോ നടക്കുന്നതും ചാടുന്നതുമൊക്കെ ആരോഗ്യം മികച്ചതാക്കും. ഇതിനു പകരം പലരും ജിം ആണ് തെരഞ്ഞെടുക്കുന്നത്.

ബോഡി ക്രിയേറ്റ് ചെയ്യാനായി മരുന്നുകളും സപ്ലിമെന്‍റുകളും എടുക്കുകയും ഇവ മസിലുകളുടെ വളർച്ചയെ ഒട്ടൊക്കെ സഹായിക്കുകയും ചെയ്യുന്നു. പക്ഷേ തുടർന്ന് ഇതിന് സൈഡ് ഇഫക്ടുകൾ ഉണ്ടാകാനും സാധ്യതയുണ്ട്. മറ്റുള്ളവർ ചെയ്യുന്നതു പോലെ ബോഡി ബിൽഡിംഗ് നോക്കി കണ്ടു മനസിലാക്കി ദിവസവും അതേ രീതി പിന്തുടരുന്നവരുണ്ട്. ഇത് ശരിയായ ആരോഗ്യ പരിപാലന രീതിയല്ല.

ജിമ്മിൽ പോയി നിത്യേന ഒരേതരം വ്യായാമം ചെയ്‌തു കൊണ്ടിരിക്കുന്നത് ശരീര ഭാഗങ്ങളെ ദുർബലമാക്കുകയാണ് ചെയ്യുന്നത്. ഇനി ജിമ്മിലെ വ്യായാമങ്ങളാണ് ചെയ്യുന്നതെങ്കിൽ മികച്ച ട്രെയിനറുടെ സഹായം തേടണം. ഓരോ വ്യക്‌തിയുടെ ശരീരപ്രകൃതിക്കനുസരിച്ചുള്ള വ്യായാമം ട്രെയിനർക്ക് പറഞ്ഞു തരാൻ കഴിയും. ആഴ്ചയിൽ 6 ദിവസവും വ്യത്യസ്തമായ വ്യായാമങ്ങളാണ് ചെയ്യേണ്ടത്. ട്രെയിനറുടെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് വ്യായാമം പതിവായി ചെയ്‌താൽ ശരീരത്തിന്‍റെ ആകൃതിയും ഭാരവും അനുയോജ്യമായ വിധം വികസിക്കുകയും ചെയ്യും.

വെള്ളം കുറഞ്ഞാൽ 

24 മണിക്കൂറിനുള്ളിൽ ഒരു മനുഷ്യൻ നിശ്ചിത അളവ് വെള്ളം കുടിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുമ്പോൾ ശരീരത്തിനകത്തും പുറത്തും അതിന്‍റെ ഗുണം ലഭിക്കും. ശരീരഭാരം വർദ്ധിക്കാനും മുടിയും ചർമ്മവും തിളങ്ങാനും വെള്ളം അനിവാര്യമാണ്. ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യാനും, ടോക്സിനുകൾ പുറന്താള്ളാനും പ്രതിദിനം 8 മുതൽ 10 ഗ്ലാസ് വരെ കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. തേങ്ങ വെള്ളവും, വെള്ളം നിറഞ്ഞ പഴവർഗ്ഗങ്ങളും വളരെ നല്ലതാണ്. അതിനാൽ ദിവസവും 8 ഗ്ലാസ് വെള്ളം ശീലമാക്കുക.

ഉറക്കമില്ലായ്മ

 ആരോഗ്യമുള്ള ശരീരത്തിന് ശരിയായ ഉറക്കം അത്യാവശ്യമാണ്. ഉറക്കം പൂർണ്ണമായില്ലെങ്കിൽ തലയ്ക്ക് ഭാരം അനുഭവപ്പെടാം. രക്‌തസമ്മർദ്ദം വർദ്ധിക്കും. ക്ഷീണം, ദേഷ്യം ഇവ ഉണ്ടാകാം. 7 മണിക്കൂറാണ് ശരിയായ ഉറക്കസമയം. ഫിറ്റ്നസിനും മിതമായ ഭാരം നിലനിർത്താനും നല്ല ഉറക്കം സഹായിക്കും. രാത്രി ഉറക്കം കളഞ്ഞിരിക്കുന്നവർ ആ ശീലം തീർച്ചയായും ഉപേക്ഷിക്കുക. ആരോഗ്യമുള്ള ജീവിതത്തിനും ശരീരത്തിനും ആരോഗ്യകരമായ ശീലങ്ങൾ ആവശ്യമാണ്. മനുഷ്യനെ സന്തുഷ്ടനാക്കാനും ഈ ശീലങ്ങൾ സഹായിക്കും. രോഗങ്ങളെ അകറ്റി നിർത്തും. ക്രമേണ ശരിയായ ശരീരഭാരം ഉണ്ടാകുകയും ചെയ്യും.

ഗർഭാവസ്ഥയിൽ സെക്‌സ്

ഗർഭിണി ആയിരിക്കുന്ന വേളയിൽ സ്ത്രീകൾ പൊതുവേ സെക്സിനോട് താൽപര്യം കാണിക്കുന്നത് കുറവാണ്. ഇനി താൽപര്യം ഉണ്ടെങ്കിൽ തന്നെയും ഭയമായിരിക്കും. ഗർഭാവസ്ഥയിൽ ലൈംഗീക ബന്ധത്തിലേർപ്പെടുന്നത് അപകടമാവുമെന്ന ആശങ്കയാണ് പ്രധാനം. എന്നാൽ ഗർഭാവസ്‌ഥയിലാണെങ്കിലും നീണ്ട കാലയളവ് സെക്സിൽ ഏർപ്പെടാതെയിരിക്കുന്നത് നല്ലതല്ലെന്നാണ് സൈക്കോളജിസ്റ്റ് ഡോ. ചന്ദ്ര കിഷോർ കുന്ദ്ര പറയുന്നത്.

ആദ്യത്തെ 3 മാസം

ഗർഭിണിയുടെ ആദ്യത്തെ മൂന്നു മാസങ്ങൾ വളരെ ശ്രദ്ധാപൂർവ്വം ജീവിക്കണം. സെക്സ് എന്നു മാത്രമല്ല ഏതുതരം ആക്ടിവിറ്റികളും ശ്രദ്ധയോടെ ചെയ്യേണ്ട സമയമാണത്. ലൈംഗീകബന്ധത്തിനു പകരം ഫോർപ്ലേയും മറ്റു മാർഗ്ഗങ്ങളും ഈ സമയം ഉപയോഗപ്പെടുത്താം. വയറിൽ സമ്മർദ്ദം വരാത്ത പൊസിഷനുകൾ ശ്രദ്ധയോടെ ചെയ്യാം. ഗർഭധാരണത്തിനു ശേഷമുള്ള ആദ്യമാസങ്ങളിൽ സ്ത്രീകളിൽ ലൈംഗീക താൽപര്യം ഉണ്ടായിരിക്കും.

3 മുതൽ 6 മാസം വരെ

ഈ സമയത്ത് ഗർഭാവസ്‌ഥയും ഗർഭിണിയും ആരോഗ്യത്തോടെയിരിക്കുന്നു എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ടെങ്കിൽ സെക്‌സ് ചെയ്യുന്നതിൽ കുഴപ്പമില്ല. പക്ഷേ അതും ശ്രദ്ധയോടെ തന്നെ വേണം. അമിതസമ്മർദ്ദം ഒഴിവാക്കണം. സ്ത്രീയ്ക്ക് ബ്ലീഡിംഗ്, വേദന, ചൊറിച്ചിൽ എന്നിവ തോന്നിയാൽ തീർച്ചയായും ഒഴിവാക്കുക.

6 മുതൽ 9 മാസം വരെ

ഈ സമയത്ത് ഫോർപ്ലേയും മറ്റു ആനന്ദ ഉപാധികളും സ്വീകരിക്കാം. അവസാന മാസങ്ങളിൽ കുഞ്ഞിനു ചുറ്റും അംമ്നിയോട്ടിക് ഫ്ളൂയിഡ് നിറഞ്ഞിരിക്കുന്നതിനാൽ അമിത സമ്മർദ്ദം ഒഴിവാക്കണം.

• ഗർഭാവസ്‌ഥയിൽ കിടന്നു കൊണ്ടുള്ള ലൈംഗീക ബന്ധങ്ങൾ ഒഴിവാക്കാവുന്നതാണ്.

• ഗർഭിണിക്ക് ഇരുന്നുള്ള സെക്‌സ് ആണ് സുരക്ഷിതം.

• മുമ്പ് അബോർഷൻ സംഭവിച്ചിട്ടുള്ളവർ സെക്‌സ് ഒഴിവാക്കണം.

• ഗർഭാവസ്ഥയിൽ ഓറൽ സെക്സ് നല്ലതല്ല.

• സെക്‌സ് ചെയ്യാൻ ക്രീം ഉപയോഗിക്കുന്നതും ഒഴിവാക്കുക.

• കോണ്ടം ഉപയോഗിക്കുക.

• ലൈംഗീക ബന്ധം ഒഴിവാക്കാൻ ഡോക്‌ടർ പറഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും അതു ഫോളോ ചെയ്യുക.

മാധവി

ഏതോ ഒരു സ്ത്രീയാണ്. കൊച്ചച്ചമ്മയെ കാണണമെന്ന്.” കോളിംഗ് ബെല്ലിന്‍റെ സ്വരം കേട്ടപ്പോൾ ആരാണെന്നന്വേഷിക്കാൻ ഉമ്മറത്തേക്ക് പോയ വിമല തിരികെ വന്നറിയിച്ചു. വീട്ടുജോലിയിൽ ഞങ്ങളെ സഹായിക്കുന്നത് അവളാണ്.

മകന്‍റെ പിറന്നാളായതു കൊണ്ട് അടുക്കളയിൽ അൽപം ജോലിത്തിരക്കിലായിരുന്നു ഞാൻ. കൈകഴുകി മുഖമൊന്ന് തുടച്ച് ഉമ്മറത്തേക്ക് ചെന്നപ്പോൾ മെലിഞ്ഞുണങ്ങിയ ശരീരവുമായി ഒരു പാവം സ്ത്രീ.

അമ്മയുടെ അകന്ന ചാർച്ചയിലുള്ള അമ്മുച്ചിറ്റയുടെ “ബോഡിഗാർഡ്” എന്ന് ബന്ധുക്കളെല്ലാവരും വിശേഷിപ്പിച്ചിരുന്ന മാധവി!

കാലത്തിന്‍റെ ചിതൽ തിന്ന ആ പ്രാകൃതരൂപത്തെ ഞാൻ ഒരുനിമിഷം നടുക്കത്തോടെ നോക്കി നിന്നു പോയി. മുഖഛായയുടെ ചെറിയൊരംശം ഇപ്പോഴും അവശേഷിച്ചിട്ടുള്ളതു കൊണ്ട് മാത്രമാണ് എനിക്കവരെ തിരിച്ചറിയാൻ കഴിഞ്ഞത്. ഞാനവരെ അകത്തേക്ക് വിളിച്ചു കൊണ്ടുപോയി. അടുക്കളക്കോലായിലെ ബഞ്ചിലിരുന്ന് തോൾമുണ്ടുകൊണ്ട് മുഖം തുടച്ചു കൊണ്ട് മാധവി ചോദിച്ചു.

“അപ്പു എവിടെ?”

“അകത്തുണ്ട്. ഇന്നവന്‍റെ പിറന്നാളാണ്”

പിറന്നാളിനെക്കുറിച്ച് മാധവിയോട് സൂചിപ്പിക്കേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നി. അവരുടെ മനസ്സിൽ ഒരിക്കലും ഉണങ്ങാത്ത മുറിവിലാണ് സ്പർശിച്ചത്. ആ കണ്ണുകളിപ്പോൾ നിറഞ്ഞൊഴുകി തുടങ്ങിയേക്കാമെന്ന വേവലാതിയോടെ അടുക്കളയിലേക്ക് നടക്കുമ്പോൾ എന്‍റെ ഓർമ്മകളിൽ വർഷങ്ങൾക്കു മുമ്പ് എപ്പോഴും കളിയും ചിരിയുമായി നടന്നിരുന്ന ഒരു നാടൻ പെണ്ണ് ഉയർത്തെഴുന്നേറ്റു വന്നു.

അവൾ സുന്ദരിയൊന്നുമായിരുന്നില്ല. പൊക്കം കുറഞ്ഞ് തടിച്ച് ഇരുണ്ട നിറമുള്ള ഒരു ഇരുപത്തഞ്ചുകാരിയായിരുന്നു അവൾ. എത്ര അധ്വാനിക്കാനും മടിയില്ല. ദേഷ്യമോ പരിഭവമോ തീരെ ഇല്ല. എല്ലാവരോടും സ്നേഹം. എപ്പോഴും സന്തോഷം. നിസ്സാര കാര്യത്തിനു പോലും കൈപ്പത്തി കൊണ്ട് മുഖം മറച്ച് കുടുകുടെ ചിരിക്കും, ശബ്ദമില്ലാതെ.

എന്തെല്ലാമോ മാറാരോഗങ്ങളുള്ള അമ്മുച്ചിറ്റയെ ശുശ്രൂഷിക്കണം. തൊഴുത്തിലെ പശുക്കളുടെ കാര്യങ്ങൾ ഉൾപ്പെടെ ആ വീട്ടിലെ എല്ലാ പണികളും ചെയ്യണം. അമ്മുച്ചിറ്റ “മാധവീ” എന്ന് വിളിച്ചു തീരും മുമ്പ് അവളവരുടെ കട്ടിലിനരികിൽ എത്തിക്കഴിയും. അമ്മുച്ചിറ്റക്ക് അവളെ വലിയ കാര്യവുമായിരുന്നു. മാധവിയുടെ കൊച്ചുവർത്തമാനങ്ങൾ കേൾക്കാൻ തനിക്കും ഇഷ്ടമായിരുന്നല്ലോ. അന്നൊക്കെ സ്ക്കൂൾ വിട്ടെത്തിയാൽ തൊട്ടടുത്തു തന്നെയുള്ള അമ്മുച്ചിറ്റയുടെ വീട്ടിലേക്ക് ഒരൊറ്റയോട്ടമാണ്.

നേരം അന്തിമയങ്ങുമ്പോഴാണ് മാധവിയുടെ കുളി. കുളി കഴിഞ്ഞാൽ നിത്യവും ഉമ്മറത്തെ തൊടിയിൽ നിന്ന് ഓറഞ്ചു നിറത്തിലുള്ള രണ്ടു മൂന്ന് ജമന്തി പൂക്കൾ പറിച്ച് നൂലിൽ കോർത്ത് അവൾ മുടിയിൽ ചൂടുമായിരുന്നു.

മൂക്ക് ചുളിച്ചു കൊണ്ട് അമ്മുച്ചിറ്റ പറയും “നീ അടുത്ത് വന്നാൽ ജമന്തിപ്പൂവിന്‍റെ നാറ്റാ.”

അവളപ്പോൾ ശബ്ദമില്ലാതെ കുലുങ്ങി ചിരിക്കും “എനിക്കിതിന്‍റെ വാസന വല്യ ഇഷ്ടമാ”

“അപ്പഴേ നീ നിന്‍റെ ആൾക്ക് മണിയറക്കട്ടിൽ ഒരുക്കാൻ പോണതും ജമന്തിപ്പൂ വിതറീട്ടാ?” ചിറ്റ കളിയാക്കും.

മാധവി നാണിച്ച് വാപൊത്തിച്ചിരിച്ചു കൊണ്ട് ഓടിമറയും. ഒരിക്കലും ആ മണിയറ ഒരുങ്ങില്ലെന്ന് അമ്മുച്ചിറ്റയപ്പോൾ വിചാരിച്ചിട്ടുണ്ടാവില്ല. പെട്ടെന്നാണ് അമ്മുച്ചിറ്റ മരിച്ചത്. അവർക്ക് മക്കളുമില്ലായിരുന്നു. പശുക്കളെ കിട്ടിയ വിലയ്ക്ക് വിറ്റ് വീട് താഴിട്ടു പൂട്ടി.

ചിറ്റയുടെ ഭർത്താവ് സ്വന്തം സഹോദരിയുടെ വീട്ടിലേക്ക് താമസം മാറ്റി. മാധവിയെ അവളുടെ ഏകബന്ധുവായ ചേട്ടൻ വന്ന് കൂട്ടിക്കൊണ്ടുപോയി.

യാത്ര പറയാൻ നേരം മാധവി പറഞ്ഞു. “വേറെ എവിടേങ്കിലും ഒരു ജോലി അന്വേഷിക്കണം. ഭാര്യേം കുട്ട്യോളുമുള്ള ഏട്ടന് ഭാരമാവരുതല്ലോ.”

കാലം കടന്നു പോയി. എന്‍റെ കോളേജ് വിദ്യാഭ്യാസവും വിവാഹവും കഴിഞ്ഞ് അന്യനാട്ടിലെ കുടുംബ ജീവിതത്തിനിടക്ക് മാധവിയെനിക്ക് പഴയൊരു ഓർമ്മ മാത്രമായി.

പ്രസവത്തിന് നാട്ടിലേക്ക് വന്നിരിക്കുമ്പോഴാണ് ഒരു ദിവസം തീരെ അപ്രതീക്ഷിതമായി മാധവി വീണ്ടും പ്രത്യക്ഷപ്പെടുന്നത്. അതും നിറ വയറോടെ. “എപ്പോഴാ നിന്‍റെ കല്യാണം കഴിഞ്ഞത്?” അവളെ കണ്ടയുടനെ അമ്മ ചോദിച്ചു.

“ഞാൻ… എനിക്ക്…” മാധവിയുടെ കണ്ണുകൾ നിലം പൊത്തുന്നത് കണ്ടപ്പോഴേ എന്തോ പന്തികേട് തോന്നി.

“നിന്‍റെ ആൾ എവിടെ?”

തലയും കുമ്പിട്ട് മാധവി അപ്പോഴും അതേ നിൽപ്പ് തന്നെ. ആ മൗനം അമ്മയിൽ ചില സംശയങ്ങളുണ്ടാക്കിയിരിക്കണം. “അസത്ത്… എവിടെയോ അലഞ്ഞ് വയിറ്റിലുണ്ടാക്കീട്ട്…” തിരിഞ്ഞു നടക്കുന്നതിനിടയിൽ അമ്മ പിറുപിറുക്കുന്നുണ്ടായിരുന്നു.

അവിഹിത ഗർഭമെന്ന മഹാപരാധത്തിന്‍റെ ഭാരവും പേറി എല്ലാ അവജ്ഞയും ഏറ്റുവാങ്ങാൻ തയ്യാറായി അവളപ്പോഴും തലയും കുമ്പിട്ട് നിന്നതേയുള്ളൂ.

അമ്മയുടെ പിറകേ ഞാനും നടന്നകലാൻ തുടങ്ങുമ്പോൾ മാധവിയുടെ ഇടറുന്ന സ്വരം “കുട്ടിക്കും മാസം തികഞ്ഞിരിക്ക്യാല്ലേ?”

“ഉം” ഗൗരവം വിടാതെ ഞാനൊന്ന് മൂളുക മാത്രം ചെയ്‌തു.

“കുട്ടിക്കെന്നോട് വെറുപ്പാണല്ലേ? തെറ്റ് എന്‍റേതല്ല കുട്ടി, ഞാൻ ജോലിക്ക് നിന്ന വീട്ടിലെ സാറെന്നെ ബലം പ്രയോഗിച്ച്…” മാധവിയുടെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.

“കുഞ്ഞിനെ നശിപ്പിക്കാമെന്ന് ആ സാറ് പറഞ്ഞു. എനിക്കതിനു കഴിഞ്ഞില്ല കുട്ടീ. ഏട്ടനെന്നോട് നാഴികയ്ക്ക് നാൽപതുവട്ടം വീട്ടിന്നിറങ്ങി പോകാൻ പറയും. ഞാനെങ്ങോട്ടു പോകാനാ. ഇപ്പെഴെനിക്ക് മരിക്കാനും തോന്നണില്ല.”

മാധവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി “ആശുപത്രിയിൽ പോകാൻ സമയമായി. കുറച്ച് പൈസ കിട്ടിയാൽ…”

സത്യാവസ്‌ഥ അറിഞ്ഞപ്പോൾ അമ്മയുടെ മനസ്സും ആർദ്രമായി. അമ്മ വിളമ്പിക്കൊടുത്ത ചോറ് ആർത്തിയോടെ അകത്താക്കി പഴന്തുണിക്കെട്ടും കുറച്ച് പണവുമായി അവർ മടങ്ങിപ്പോയി.

അപ്പുവിന്‍റെ ചോറൂണിന് ഞങ്ങൾ നാട്ടിലേക്ക് വന്നയിടക്ക് വീണ്ടും മാധവി വന്നു. ഓരോമനക്കുഞ്ഞിനെ മാറോട് ചേർത്തു പിടിച്ചു കൊണ്ട്. നിറചിരിയുമായി. അവനെ പ്രസവിച്ചത് എന്‍റെ മകൻ അപ്പു ജനിച്ച ദിവസം തന്നെയാണ്. ആ കുഞ്ഞിനെ വിളിക്കുന്നതും അപ്പുവെന്നു തന്നെയാണത്രേ. കുഞ്ഞിനെ മുലയൂട്ടി ഉറക്കിക്കിടത്തി എന്‍റെ മകനെ എടുത്ത് ലാളിച്ച്, ഞങ്ങളുടെ കുടുംബ വിശേഷങ്ങളെല്ലാം ചോദിച്ച്, സ്വന്തം പരാധീനതകളെക്കുറിച്ച് പറഞ്ഞ് കണ്ണീരൊഴുക്കി, അമ്മ വിളമ്പി വച്ച ഭക്ഷണം രുചിയോടെ കഴിച്ച്, വെയിലാറും വരെ വിശ്രമിച്ച് ഞങ്ങൾ നൽകിയ ധനസഹായം നന്ദിയോടെ ഇരുകൈയും നീട്ടി വാങ്ങി കുഞ്ഞിനെ ഒക്കത്തെടുത്ത് മാധവി യാത്രയാവുകയും ചെയ്‌തു.

നാലഞ്ചു വർഷങ്ങൾ കടന്നു പോയി. ഒരു വേനലൊഴിവിന് നാട്ടിൽ വന്നപ്പോൾ മാധവിയതാ വീണ്ടും, കൈവിരലിൽ തൂങ്ങി നടക്കുന്ന ഒരഞ്ചുവയസ്സുകാരന്‍റെ അഭാവം ഓർമ്മിപ്പിച്ചു കൊണ്ട് ഏകയായി.

എന്നെ കണ്ടയുടനെ രണ്ടുവയസ്സ് തികയും മുമ്പേ വിധി തട്ടിയെടുത്ത തന്‍റെ കുഞ്ഞിനെ കുറിച്ച് എന്തെല്ലാമോ പറഞ്ഞ് മാധവി നിർത്താതെ കരഞ്ഞു.

അപ്പുവിനെ ചേർത്തു പിടിച്ച് തലോടിക്കൊണ്ട് വീണ്ടും ഹൃദയം പൊട്ടിക്കരഞ്ഞു. കൂലിപ്പണി ചെയ്‌തു കിട്ടുന്ന കാശ് ഏട്ടനെ ഏൽപ്പിക്കുന്നതു കൊണ്ട് ആരുമിപ്പോൾ വീട്ടീന്നിറങ്ങാൻ പറഞ്ഞ് ശല്യം ചെയ്യുന്നില്ലെന്ന് സ്വയം ആശ്വസിച്ചു. പതിവു പോലെ സുഖവിവരങ്ങൾ അന്വേഷിച്ചു. ഭക്ഷണം കഴിച്ച് അൽപം വിശ്രമിച്ച ശേഷം ഞങ്ങൾ നൽകിയ വസ്ത്രങ്ങളും പണവും സഞ്ചിയിലാക്കി കണ്ണീരോടെ യാത്രയാകുകയും ചെയ്‌തു.

അപ്പു പ്ലസ്ടുവും മെഡിക്കൽ എൻട്രൻസും പരീക്ഷകളെഴുതിക്കഴിഞ്ഞ് ആ വേനലൊഴിവിന് ഞങ്ങൾ നാട്ടിൽ വന്നിരിക്കുമ്പോഴാണ് നീണ്ട ഇടവേളയ്ക്കു ശേഷം തികച്ചും അപ്രതീക്ഷിതമായി മാധവി വന്നത്. അവർ വല്ലാതെ ക്ഷീണിച്ചിരുന്നു. “കുറെ കാലായല്ലോ കണ്ടിട്ട്?” ഞാൻ ഓർമ്മിപ്പിച്ചു.

“ഒന്നും പറയേണ്ടെന്‍റെ കുട്ട്യേ. വാർക്ക പണിക്കിടക്ക് പൊക്കത്തീന്നു വീണ് നട്ടൊല്ലൊടിഞ്ഞു. ഇപ്പോഴും ഭാരപ്പെട്ട പണിയെടുത്താൽ സഹിക്കാനാവാത്ത നട്ടെല്ലുവേദനയാ. കാലുമ്മേ നിറച്ചാണീംണ്ട്. പണിക്കു പോയില്ലെങ്കിൽ ഏടത്തി കുത്തുവാക്ക് പറയാൻ തുടങ്ങും. അതുകൊണ്ട് പോകാതിരി ക്കാനും വയ്യ. അപ്പു എവിടെ?”

ഞാൻ അപ്പുവിനെ വിളിച്ചു കൊണ്ടു വന്നു. മാധവിയുടെ ദുരന്തകഥ ഒരിക്കൽ ഞാനവനോട് പറഞ്ഞിരുന്നു.

അപ്പുവിന്‍റെ കൈയിൽ തലോടിക്കൊണ്ട് അണപൊട്ടിയൊഴുകുന്ന കണ്ണീർ നിയന്ത്രിക്കാനുള്ള വിഫലശ്രമത്തോടെ മാധവിയും ഒരു കൗമാരക്കാരന്‍റെ സങ്കോചത്തോടെ എന്നാൽ ആ ലാളന നിഷേധിക്കാനാകാതെ അപ്പുവും ഏതോ പൂർവ ജന്മബന്ധത്തിന്‍റെ കാണാച്ചരടിൽ കുരുങ്ങി നിൽക്കുന്ന നിമിഷങ്ങൾ… അതിനെല്ലാം സാക്ഷിയായി ഈ ഞാനും…

എല്ലാവരുടെയും വിശേഷങ്ങളെല്ലാം ചോദിച്ചും സ്വന്തം മനസ്സിലെ ദുഃഖഭാരം കുറെ കരഞ്ഞു തീർത്തും ഞങ്ങളുടെ മനസ്സിൽ സഹാനുഭൂതിയുടേയും നിസ്സഹായതയുടേയും ആകുലതകൾ അവശേഷിപ്പിച്ചു കൊണ്ട് പതിവു പോലെ മാധവി യാത്രയാകുകയും ചെയ്‌തു.

പിന്നീടവരെ കാണുന്നത് ഇന്നാണ്. അഞ്ചാറ് വർഷങ്ങൾക്ക് ശേഷം അപ്പുവിന്‍റെ പിറന്നാൾ ദിവസമായ ഇന്ന്. ഒരു ഗ്ലാസിൽ കാപ്പിയുമായി അടുക്കള കോലായിലേക്ക് നടക്കുമ്പോൾ ഞാൻ ആലോചിച്ചിരുന്നത് സ്വന്തം മകനെക്കുറിച്ചോർത്ത് കണ്ണീരൊഴുക്കുന്ന മാധവിയെ എങ്ങനെ സമാധാനിപ്പിക്കുമെന്നാണ്. പക്ഷേ ഉണങ്ങി വരണ്ട ചതുപ്പുനിലം പോലെയുള്ള ആ കണ്ണുകൾ എന്നെ അമ്പരപ്പിച്ചു.

നിശ്ചേതനമായ ആ കണ്ണുകളിലേക്ക് നോക്കും തോറും വല്ലാത്തൊരു അസ്വാസ്‌ഥ്യം എന്നെ പിടിക്കൂടി. കീറിപ്പറിഞ്ഞ വസ്ത്രങ്ങളും ജടകെട്ടിയ തലമുടിയും മൊരിപിടിച്ച ശരീരവുമായി കൂനിക്കൂടിയിരുന്ന് കാപ്പിയൂതിക്കുടിക്കുന്ന ആ പ്രാകൃതരൂപത്തിൽ പഴയ മാധവിയെ കണ്ടെത്താനുള്ള എന്‍റെ ശ്രമം പരാജയപ്പെടുകയാണെന്ന് ഞാൻ ഒരു നടുക്കത്തോടെയറിഞ്ഞു.

അകത്തു ചെന്ന് മാധവിയെത്തിയിട്ടുണ്ട് എന്നറിയിച്ചപ്പോൾ എന്നോടൊപ്പം അടുക്കളക്കോലായിലേക്ക് നടന്നു കൊണ്ട് അപ്പു പറഞ്ഞു “എന്നെക്കണ്ടാൽ അവരപ്പോൾ കരയാൻ തുടങ്ങും. അതാ പ്രശ്നം.” എന്നാൽ അങ്ങനെയൊന്നും സംഭവിച്ചില്ല.

നിർവികാരതയോടെ ഏതാനും നിമിഷം അവരവന്‍റെ മുഖത്തേക്ക് മിഴി ചിമ്മാതെ നോക്കി. പിന്നെ ഓർമ്മകളിൽ പരതും പോലെ കണ്ണുകൾ അകലെയെങ്ങോ അലഞ്ഞു. ചുണ്ടുകളപ്പോൾ അവ്യക്‌തമായി എന്തെല്ലാമോ പിറുപിറുത്തു കൊണ്ടിരുന്നു. പെട്ടെന്ന് എന്തോ ഓർമ്മ വന്നതുപോലെ അവർ മടിക്കുത്തിൽ നിന്ന് ഒരു ചെറിയ പന്തെടുത്ത് അപ്പുവിന്‍റെ നേരെ നീട്ടി. എന്തെല്ലാമോ പറയാൻ ബാക്കിയുണ്ടെന്ന പോലെ അവന്‍റെ കണ്ണുകളിലേക്ക് നോക്കി അപ്പുവും ഞാനും ഇമ ചിമ്മാൻ പോലും മറന്ന് നിൽക്കുമ്പോൾ അവർ വീണ്ടും പിറുപിറുക്കാൻ തുടങ്ങിയിരുന്നു.

ഒരിലയിൽ പിറന്നാൾ വിഭവങ്ങൾ വിളമ്പി മാധവിയുടെ മുന്നിൽ വച്ച ശേഷം ഞാനവർക്ക് കൊടുക്കാനായി അലമാരയിൽ നിന്ന് മുണ്ടുകളെടുക്കുവാൻ ചെറിയൊരു പനിയും ചുമയുമായി വിശ്രമിക്കുന്ന അമ്മയുടെ മുറിയിലേക്ക് ചെന്നു. ഇടയ്ക്കിടെ വിസ്മൃതിയുടെ അന്ധകാരത്തിലേക്ക് വഴുതി പോകുന്ന മാധവിയുടെ മാനസിക നിലയെക്കുറിച്ച് അപ്പു അപ്പോൾ അമ്മയോട് സംസാരിക്കുകയായിരുന്നു.

ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ കരുതലോടെ അപ്പു പറഞ്ഞു.

“അവർ കടുത്ത ഡിപ്രഷനിലാണ്. സ്‌ഥിതി കൂടുതൽ വഷളാകുന്നതിന് മുമ്പ് അവരെ ഇവിടെ ഏതെങ്കിലും നല്ല അനാഥാലയത്തിലാക്കാൻ കഴിഞ്ഞാൽ…” അപ്പുവിന്‍റെ അഭിപ്രായം എനിക്കും സ്വീകാര്യമായിത്തോന്നി.

“രാമകൃഷ്ണാശ്രമത്തിന്‍റെ കീഴിലുള്ള അനാഥാലയത്തിൽ ഒഴിവുണ്ടോയെന്നന്വേഷിക്കാം. മാധവിക്കതിന് സമ്മതമാണോ എന്ന് ചോദിക്ക്. സമ്മതമാണെങ്കിൽ നമ്മുടെ രാജപ്പനോട് പറഞ്ഞ് ഏർപ്പാടാക്കാം. അയാൾ അവിടത്തെ കമ്മിറ്റി അംഗമാണല്ലോ” അമ്മ പറഞ്ഞു.

“ഞാൻ മാധവിയോട് ചോദിച്ചിട്ട് വരാം.” അലമാരയിൽ നിന്നെടുത്ത കുറച്ച് മുണ്ടുകളും പണവുമായി ഞാൻ അടുക്കള കോലായിലേക്ക് ചെന്നു. പക്ഷേ മാധവിയവിടെ ഉണ്ടായിരുന്നില്ല. വിളമ്പി വച്ചിരുന്ന ഭക്ഷണത്തിൽ ഉറുമ്പരിക്കാൻ തുടങ്ങിയിരുന്നു. പിന്നെ ഒരിക്കലും മാധവി ഞങ്ങളെ കാണാൻ വന്നതേയില്ല.

ഇതാ എത്തി നോ മേക്കപ്പ് കാലം!

സിനിമാ രംഗത്തു മാത്രമല്ല ഏതു രംഗത്തുള്ളവർക്കും സൗന്ദര്യവും സ്വന്തം ലുക്കും എല്ലാം വളരെ പ്രധാനപ്പെട്ട സംഗതി തന്നെയാണ്. എന്നാൽ ഇപ്രാവശ്യത്തെ ലോക്ക്ഡൗൺ കാലയളവിൽ വളരെയധികം പേർ, റിയൽ ലുക്കിലേക്ക് മാറാനുള്ള തീരുമാനമെടുത്തിട്ടുണ്ട്. ബ്യൂട്ടിപാർലറുകളും സർവീസുകളും എല്ലാം താൽക്കാലികമായി നിർത്തി വച്ചതോടെയാണ് സ്വന്തം ലുക്കിൽ റിയലായി പ്രത്യക്ഷപ്പെടാൻ പലരും തയ്യാറായതെന്ന് മാത്രം.

മേക്കപ്പ് ആർട്ടിസ്റ്റിനെ കൊണ്ട് മേക്കപ്പ് ചെയ്താലും സ്വയം ഗ്രൂം ചെയ്താലും, റിയൽ ലുക്ക് വേണം എന്നാഗ്രഹിക്കുന്നുണ്ടെങ്കിൽ അതു ചെയ്യാം. ഇന്നത്തെ തലമുറ മാത്രമല്ല, ഭൂരിഭാഗം പേരും തന്നെ റിയൽ ലുക്ക് അല്ലെങ്കിൽ നോ മേക്കപ്പ് ലുക്കിന്‍റെ ഫാൻസ് ആയിക്കഴിഞ്ഞു.

എന്തുകൊണ്ട് പെട്ടെന്നൊരു മാറ്റം

വാഷിംഗ്ടൺ പോസ്റ്റ് റിയൽ ലുക്കിനെക്കുറിച്ച് ഒരു സ്റ്റോറി തന്നെ ചെയ്യുകയുണ്ടായി. പ്രമുഖ സാമ്പത്തിക വിദഗ്ധൻ ജെഫ്രി ടാക് ടിവി ഷോയ്ക്കിടെ ഡൊണാൾഡ് ട്രംപിനെ ഇഡിയറ്റ് പ്രസിഡന്‍റ് എന്ന് വിളിക്കുകയുണ്ടായി. ആ ഷോയിൽ അദ്ദേഹം ഷേവ് ചെയ്യാതെയാണ് പ്രത്യക്ഷപ്പെട്ടത്. ഈ കമന്‍റിനെ പ്രതി, ഷോ വലിയ കോലാഹലങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ലോക്ക്ഡൗണിനു മുമ്പാണ് ഈ ഷോ വന്നതെങ്കിൽ ജെഫ്രിയുടെ ഷേവു ചെയ്യാത്ത മുഖവും റോ ലുക്കും കൂടി വിമർശിക്കപ്പെടുമായിരുന്നു. എന്തായാലും അതിനു ശേഷം അമേരിക്കയിലെ നിരവധി മേഖലകളിലെ പ്രമുഖർ ന്യൂസ് ആങ്കർമാർ അടക്കം റിയൽ ലുക്കിൽ മിനി സ്ക്രീനിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. പ്രത്യേകിച്ചും സ്ത്രീകൾ. നരച്ച മുടിയും ഷേപ്പ് ചെയ്യാത്ത പുരികവും ട്രീം ചെയ്യാത്ത മുടിയുമായി പൊതുജനത്തെ അഭിമുഖീകരിക്കാൻ തയ്യാറാവുന്നു എന്നത് നല്ല മാറ്റം ആണ്.

നോ മേക്കപ്പ് ലുക്ക് ആണ് ഇനി ട്രെന്‍റ്

മേക്കപ്പില്ലാതെ ആരാധകരെ അഭിമുഖീകരിക്കാറുള്ള നടന്മാരിൽ ഏറ്റവും ശ്രദ്ധേയൻ ഒരുപക്ഷേ രജനികാന്ത് ആയിരിക്കും. മേക്കപ്പില്ലാതെ നടിമാർ പുറത്തിറങ്ങിയാൽ ആരാധകരുടെ പൊങ്കാല ആയിരിക്കും ഫലം എന്ന് പലരും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. കൊറോണ വൈറസിന്‍റെ വരവോടെ ലോക്ക്ഡൗണും സോഷ്യൽ ഡിസ്റ്റൻസിംഗും പാലിക്കേണ്ടി വന്നു. ബ്യൂട്ടിപാർലറുകളും കോസ്മെറ്റിക് ഷോപ്പുകളും തുറക്കുന്നുമില്ല. (ഓൺലൈൻ പർച്ചേസ് ആകാം കേട്ടോ) എന്തായാലും രോഗ പകർച്ച ഭയന്ന് ബ്യൂട്ടിപാർലറുകളിൽ അധികമാരും കടന്നുചെല്ലാറില്ല എന്നതാണ് വാസ്തവം.

അങ്ങനെ ഒരു കാലം

ഭാരതത്തിലെ ആദ്യകാല ന്യൂസ് ആങ്കർമാരെ കുറിച്ചോർക്കുമ്പോൾ മനസിൽ വരുന്നത് മിടുക്കിയായ സൽമാ സുൽത്താൻ ആണ്. സുന്ദരമായി സാരി ധരിച്ച് ചെവിക്കു പിന്നിൽ ഒരു റോസാപ്പൂവും വച്ചാണ് അവർ വാർത്താ അവതരിപ്പിച്ചു കൊണ്ടിരുന്നത്. ഇപ്പോൾ ചാനലുകൾക്കൊക്കെ സ്റ്റൈലിസ്റ്റും കോസ്റ്റ്യൂം ഡിസൈനറുമെല്ലാം സ്വന്തമായുണ്ട്. വർഷങ്ങൾക്ക് മുമ്പ് അതല്ല അവസ്‌ഥ. ദൂരദർശന് അത്തരം ബജറ്റുകൾ പോലും ഉണ്ടായിരുന്നില്ല. അതിനാൽ വാർത്താവായനക്കാർ സ്വയം മേക്കപ്പിട്ടു വരും. ഫൗണ്ടേഷൻ, ലിപ്സ്റ്റിക്, കണ്മഷി ഇതിലപ്പുറം ഒന്നുമില്ല.

സൽമാ സുൽത്താൻ തന്‍റെ അനുഭവം ഇങ്ങനെ വിവരിക്കുന്നു “സ്റ്റൈലിംഗ് ഞങ്ങൾ സ്വയം ചെയ്യുമായിരുന്നു. എന്‍റെ വീട്ടിലെ പൂന്തോട്ടത്തിൽ ധാരാളം റോസാപ്പൂക്കൾ ഉള്ള സമയം. ഒരു ദിവസം പൂന്തോട്ടത്തിലിരിക്കുമ്പോൾ ആ തോന്നലുണ്ടായി. വാർത്ത വായിക്കുമ്പോൾ ഒരു റോസാപ്പൂ വച്ചാലോ? പിറ്റേന്ന് ഞാൻ ഒരു പൂവ് ചെവിയുടെ പിന്നിൽ വച്ചു. രണ്ടു ദിവസം അങ്ങനെ ചെയ്‌തു. മൂന്നാമത്തെ ദിവസം പൂ വയ്ക്കൽ വിട്ടു കളഞ്ഞു. അതിനു ശേഷം പത്രങ്ങളിലും മറ്റും ചെറിയ ഗോസിപ്പ് കോളങ്ങൾ വന്നു. പിന്നെ ഫോണിലും മറ്റും ആളുകൾ അന്വേഷിക്കാൻ തുടങ്ങി. തുടർന്ന് ഞാൻ പൂവ് വയ്ക്കാനും തുടങ്ങി.”

“ഇത്തരം അനുഭവങ്ങൾ ഇന്നത്തെ ആളുകൾക്ക് ഒട്ടും കുറവായിരിക്കില്ല. അത്രയേറെ ഗ്ലാമറസ് ആക്കപ്പെട്ട രംഗമാണ് ടിവി ആങ്കറിംഗ്.” സൽമാ സുൽത്താൻ പറയുന്നു. “ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് മേക്കപ്പ് ഉപയോഗിക്കേണ്ടി വരും. അതു പാടില്ല എന്നൊന്നും നിബന്ധനയ്ക്ക് നിർവാഹമില്ല. പക്ഷേ മേക്കപ്പിന്‍റെ മറയ്ക്കുള്ളിൽ സ്വന്തം വ്യക്‌തിത്വവും സ്വതസിദ്ധമായ സൗന്ദര്യവും ഒളിപ്പിക്കാതിരിക്കുക. മേക്കപ്പും ഒരു കലയാണ്. അതിൽ ഒരുപാട് ഇറങ്ങിച്ചെന്ന് പലവിധ ജാലങ്ങൾ കാട്ടാൻ മേക്കപ്പ് ആർട്ടിസ്റ്റിനു കഴിയും. ആ ജാലത്തിനു മുന്നിൽ നമ്മൾ നഷ്ടമാവണോ വേണ്ടയോ എന്നതാണ് ചോദ്യം.”

മേക്കപ്പിന്‍റെ മുഖം മൂടിയ്ക്കുള്ളിൽ തടങ്കലിൽ കഴിഞ്ഞിരുന്ന പലരും ഇപ്പോൾ അതെല്ലാം വിട്ട് പുറത്തു വരാൻ തയ്യാറായിട്ടുണ്ട്. ഈ സാഹചര്യത്തിൽ, അല്ലെങ്കിൽ ഇതിനിടയിൽ സംഭവിച്ച പോസിറ്റീവായ ചലഞ്ച് ആണ് നോ മേക്കപ്പ് ചലഞ്ച്! മേക്കപ്പില്ലാത്ത ചിത്രങ്ങൾ, വീഡിയോകളൊക്കെ ഷെയർ ചെയ്യാൻ പലരും തയ്യാറായി എന്നതു തന്നെ വലിയ കാര്യം. നോ മേക്കപ്പ് ലുക്ക് എന്ന പേരിലായിരുന്നു ഈ ചലഞ്ച്.

ബോളിവുഡും പിന്നിലല്ല

ബോളിവുഡിലെ കലാകാരന്മാരും നോ മേക്കപ്പ് ലുക്ക് ചലഞ്ച് വളരെ ആസ്വദിച്ചു വരികയാണിപ്പോൾ. തങ്ങളുടെ ഒറിജനൽ ചിത്രങ്ങൾ പങ്കുവയ്ക്കാൻ അവർക്ക് കൂടുതൽ താൽപര്യം വന്നിരിക്കുന്നു. ലോക്ക്ഡൗൺ വേളയിൽ സെലിബ്രിറ്റികൾ എല്ലാവരും തന്നെ സ്വന്തം ഭവനങ്ങളിൽ തന്നെ കഴിഞ്ഞു കൂടേണ്ടി വന്നവരാണ്. അവിടെ ഗ്രൂമിംഗിനോ മേക്കപ്പിനോ അവസരമില്ല. സ്ക്രീനിൽ കാണുന്ന താരവും ഒറിജിനൽ താരവും തമ്മിലുള്ള അന്തരം പ്രകടമാക്കാൻ അവരും തയ്യാറായി എന്നർത്ഥം.

സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ താരമാണ് കരീന കപൂർ. ഇടയ്ക്കിടെ തന്‍റെ വീഡിയോകളും ചിത്രങ്ങളും അവർ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ അവർ പങ്കുവച്ച മേക്കപ്പ് ഫ്രീ ചിത്രങ്ങൾ ഒരു പാട് പ്രശംസ നേടിക്കൊടുക്കുകയാണ് ചെയ്‌തത്. മേക്കപ്പില്ലാത്ത ലുക്കിനെ കളിയാക്കിയവരും ഇല്ല എന്നല്ല.

തെന്നിന്ത്യൻ താരമായ സമീര റെഡ്ഡി ഫേസ്ബുക്ക് ലൈവിലൂടെ തന്‍റെ ഇപ്പോഴത്തെ രൂപം പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ ധൈര്യം കാണിച്ചു. മുഖത്തെ പാടുകൾ, കണ്ണിനു താഴെ കറുപ്പ്, നരച്ച മുടി, പാഡുകൾ വച്ച് പൊലിപ്പിക്കാത്ത യഥാർത്ഥ ശരീരം. ഇതാ ഞാൻ” എന്നു പറഞ്ഞാണ് അവർ ഫേസ്ബുക്കിൽ ലൈവ് വന്നത്.

ചർമ്മ സംരക്ഷണമാവട്ടെ മുഖ്യം

വീട്ടിലിരിക്കാൻ പറ്റിയ ഈ വേളയിൽ ചർമ്മ സംരക്ഷണത്തിന് പ്രാധാന്യം നൽകാൻ ശ്രമിച്ചു എന്നതാണ് ടിവി സെലിബ്രിറ്റികളടക്കം പലരുടെയും സന്തോഷകരമായ അനുഭവം. മേക്കപ്പിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്ന സമയമായതിനാൽ നല്ലൊരു സെൽഫ് കെയർ റൂട്ടീൻ ആർക്കും സാധ്യമാണ്. അലാവുദ്ദീൻ സീരിയൽ ഫേയിം അവനീത് കൗർ തന്‍റെ ബ്യൂട്ടി ടിപ്സ് ഷെയർ ചെയ്തത് ശ്രദ്ധിക്കൂ.

“ഞാൻ ഫേസ്മാസ്ക് ഇടാറുണ്ട്. മഞ്ഞൾ, നാരങ്ങ, തൈര് ഇവ ചേർത്താണ് ഉണ്ടാക്കാറ്, നമ്മുടെ കിച്ചനിൽ സുലഭമായ സംഗതികൾ. കാമറയ്ക്ക് മുന്നിലേക്ക് ഇനിയും വരാനുള്ളതാണ്. അതിനാൽ പരമാവധി സ്കിൻ പെർഫെക്ടാക്കാമല്ലോ.”

സെലിബ്രിറ്റീസിനു ഷൂട്ടിംഗ് വേളയിൽ സ്വന്തം ആരോഗ്യ സംരക്ഷണത്തിനൊന്നും വേണ്ടത്ര സമയം ലഭിക്കാറില്ല എന്നതാണ് വാസ്തവം. കരീന കപൂർ ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പങ്കുവച്ചു. ഫേസ്മാസ്ക് ഇട്ട് ഇരുന്നു മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്ന ടിപ്സ് പറയുന്ന ചിത്രം. കരീനയുടെ ഫേസ്മാസ്ക് ഇപ്രകാരമാണ്. ഒരു പാത്രത്തിൽ രണ്ട് സ്പൂൺ ചന്ദനപ്പൊടി, രണ്ട് തുള്ളി വിറ്റാമിൻ ഇ, ഒരു നുള്ള് മഞ്ഞൾപ്പൊടി അൽപം പാൽ ഇവ ചേർത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് കഴുകുക.

ഡു ഇറ്റ് യുവേഴ്സ് സെൽഫ്

വരാൻ പോകുന്ന കാലത്തിൽ ഹെയർ, ബ്യൂട്ടി, മേക്കപ്പ് ഇൻഡസ്ട്രി വളരെയധികം മാറും. ജാവേദ് ഹബീബ് എന്ന മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നത് അതാണ്. പ്രൊഫഷണലുകൾക്ക് പുറമേ, ഡു ഇറ്റ് യുവേഴ്സ് സെൽഫ് എന്ന ട്രെന്‍റാണ് ഇനി വരാൻ പോകുന്നത്. അതിനർത്ഥം ആളുകൾ സലൂണിൽ പോകുന്നത് നിർത്തുമെന്നല്ല. ചർമ്മ സംരക്ഷണം സ്വയം ചെയ്യുമെന്നർത്ഥം. ഫേഷ്യൽ മസാജ് ചെയ്യുന്ന രീതി വർദ്ധിക്കും, പക്ഷേ മേക്കപ്പ് ഫോക്കസ് ചെയ്യുന്നത് കുറയും. ബ്രാന്‍റിലുള്ള ക്വാളിറ്റിയിലും കൂടുതൽ ശ്രദ്ധിക്കും.

സ്ക്കൂൾ കൗൺസലിംഗ്

വലിയ സമ്മർദ്ദങ്ങളുടെ ലോകത്താണ് മുതിർന്നവരും കുട്ടികളും. മത്സരങ്ങളുടെയും പരീക്ഷകളുടെയും സമ്മർദ്ദം താങ്ങാൻ കുട്ടികൾക്ക് വളരെ പ്രയാസം ആയിരിക്കും. അതിനാൽ സ്ക്കൂൾ കൗൺസിലിംഗിന്‍റെ പ്രാധാന്യം വളരെ വർദ്ധിച്ചിരിക്കുകയാണ്. വിദ്യാർത്ഥികളുടെ സമഗ്ര മേഖലകളിലുമുള്ള വളർച്ചയും വിജയവുമാണ് സ്ക്കൂൾ കൗൺസിലിംഗ് കൊണ്ട് ലക്ഷ്യമിടുന്നത്.

നിർണ്ണായകമായ ഔപചാരിക വിദ്യാഭ്യാസ കാലത്ത് കുട്ടികൾ നേടേണ്ട വികാസ ശേഷികൾ വിലയിരുത്തി അതിന് വേണ്ട നിർദ്ദേശങ്ങൾ നൽക്കുകയാണ് ഇതിൽ ആദ്യം ചെയ്യുന്നത്. കുട്ടിയുടെ മാനസിക ശാരീരിക സാമൂഹീക പഠന വൈകല്യങ്ങൾ കണ്ടെത്തി അതിന്‍റെ കാരണങ്ങൾ തിരിച്ചറിഞ്ഞ് പ്രതിനിധികൾ നിർദ്ദേശിക്കുകയാണ് നല്ല സ്ക്കൂൾ കൗൺസിലറുടെ ചുമതല.

കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്നതിന് വിവിധ ഘട്ടങ്ങൾ ഉണ്ട്. വിശ്വാസപൂർണ്ണമായ ബന്ധം കൗൺസിലറും കുട്ടിയും തമ്മിൽ ഉണ്ടാവേണ്ടതുണ്ട്. അതുപ്പോലെ ആദ്യ വിവര ശേഖരണം, ആദ്യ കൂടിക്കാഴ്ച, സഹായക കൂടിക്കാഴ്ചകൾ ഓക്കെ അതിന്‍റെ ഭാഗമാണ്.

സ്ക്കൂൾ കൗൺസിലിംഗിന്‍റെ ലക്ഷ്യങ്ങൾ

  • ഏതു സാഹചര്യത്തേയും നേരിടാനും ഉൾക്കൊള്ളാനും കുട്ടികളെ പ്രാപ്തമാക്കുക.
  • കുട്ടികളിലെ മാനസിക ശാരീരിക സാമൂഹക പഠന വൈകല്യങ്ങൾ കണ്ടെത്തുക, പരിഹരിക്കുക.
  • കുട്ടികളിലെ പ്രശ്ന പരിഹാരശേഷി രൂപപ്പെടുത്തിയെടുക്കുക.
  • സ്വഭാവ രൂപീകരണം അനാവശ്യ കാര്യങ്ങൾ തിരസ്ക്കരിക്കാനുള്ള ധൈര്യം പകർന്നു കൊടുക്കൽ.
  • പ്രശ്നങ്ങൾക്ക് സ്വയം പരിഹാരം കണ്ടെത്താനാവുന്ന ശേഷി വർദ്ധിപ്പിക്കുക.
  • സഹപാഠികളും ഇടപ്പെടുന്ന മുതിർന്നവരുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കുക.
  • ലൈംഗീക ചൂഷണത്തിന് ഇരയായ കുട്ടികളെ കണ്ടെത്തുന്നതിനും സഹായിക്കുന്നതിനും കുറ്റവാളികളെ നിയമത്തിനു മുന്നിൽ എത്തിക്കുന്നതിനും സ്ക്കൂൾ കൗൺസിലിംഗ് മുഖ്യപങ്ക് വഹിക്കുന്നുണ്ട്.
  • കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ സഹായിക്കുന്നു.

കുട്ടികളുടെ വ്യക്‌തിപരവും സാമൂഹികവുമായ വികാസത്തെ സഹായിക്കുകയാണ് നല്ല സ്ക്കൂൾ കൗൺസിലർ ചെയ്യുന്നത്. ഈ  ദൗത്യത്തിൽ മാതാപിതാക്കൾ, അദ്ധ്യാപകർ, സ്കൂൾ അധികൃതർ, സാമൂഹ്യ പ്രവർത്തകർ എന്നിവരെല്ലാം സ്കൂൾ കൗൺസിലറെ കൂടാതെ പങ്കാളികളാവുന്നു.

സഹായം ആവശ്യമുള്ള കുട്ടികൾക്ക് ഉൾക്കാഴ്ച നൽക്കുകയാണ് അടുത്ത പടി. കാര്യ കാരണശേഷിയോടെ പ്രശ്നത്തെ സമീപിക്കാൻ കുട്ടിയ്ക്ക് ധൈര്യം നൽകുന്നു.

കുട്ടികളുടെ വികാസം ലക്ഷ്യമിട്ടു കൊണ്ടുള്ള ഈ പദ്ധതികൾ ഇപ്പോൾ മിക്ക സ്കൂളുകളിലും നടപ്പിലാക്കി വരുന്നുണ്ട്. പുതിയ കാലത്തെ ധൈര്യപൂർവ്വം നേരിടാൻ കുട്ടികളെ വീട്ടിൽ നിന്ന് മാത്രം പരിശീലിപ്പിക്കാനാവില്ല. രക്ഷിതാക്കളുടേയും അദ്ധ്യാപകരുടേയും സഹായം പുതിയ തലമുറയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമാണ്. ഇനി കൗൺസിലിംഗിലൂടെ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ശിശു മാനസികാരോഗ്യ വിദ്ഗദ്ധരുടെ സഹായത്താൽ ചർച്ച ചെയ്യുകയും തുടർ നടപടികൾ സ്വീകരിക്കുകയും വേണം. കുട്ടികളുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിന് രക്ഷിതാക്കൾ വിദ്ഗദ്ധരുടെ സഹായം തേടേണ്ടതാണ്.

അമാവാസി

രാത്രിയിൽ അവസാന ബസ്സിലാണ് അപരിചിതമായ ആ നാട്ടിൽ കവലയിൽ വന്നിറങ്ങിയത്. വിജനമായ തെരുവിൽ തനിച്ചാക്കിക്കൊണ്ട് കടന്നുപോയി. കറന്‍റ് പോയതാവണം, തെരുവുവിളക്കുകൾ നിശ്ചലം കണ്ണിമ ചിമ്മാതെ നിൽക്കുകയായിരുന്നു. ആകാശത്ത് നക്ഷങ്ങ്രളെയോ ചന്ദ്രനെയോ കാണാനുണ്ടായിരുന്നില്ല. ഇടക്കിടെ വിശുന്ന മിന്നൽ വെട്ടത്തിൽ ഒന്നു രണ്ട് മാടക്കടകൾ കാണാൻ സാധിച്ചു. സമയമറിയാൻ മൊബൈൽ എടുത്തു നോക്കി. ദീർഘദൂര യാത്രയിരുന്നതിലാവണം ചാർജില്ലാതെ ഓഫായിപ്പോയിരുന്നു. നവവത്സരാഘോഷങ്ങളുടെ ഭാഗമായി സുഹൃത്തിന്‍റെ വീട്ടിലേക്ക് ക്ഷണിച്ചതായിരുന്നു.

ഫോണിൽ വിളിച്ചപ്പോൾ തന്നെ അവൻ പറഞ്ഞിരുന്നു. “ഞാൻ നിന്നെപ്പോലെ ഒരു നഗരത്തിന്‍റെ സന്തതിയോ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവനോ അല്ല. അതകൊണ്ടുതന്നെ ഞാനൊഴികെ നിന്നെ ആഹ്ലാദിപ്പിക്കുന്ന ഒന്നും അവിടുണ്ടാകില്ല. കേട്ടോ…”

“പക്ഷേ നിന്നെക്കൂടാതെ ശുദ്ധ വായുവും പ്രകൃതിഭംഗിയും ശാലീന സൗന്ദര്യവുമുണ്ടല്ലോ… അതാസ്വദിക്കാനാണ് വരുന്നത്” എന്നുമാത്രം മറുപടി പറഞ്ഞു.

“ശാലീന സൗന്ദര്യം എന്നതുകൊണ്ട് നീ ഉദ്ദേശിച്ചതെന്താണെന്ന് മനസ്സിലായി” അവൻ പ്രത്യേക ഈണത്തിൽ മൂളി.

“അവിടങ്ങളിലൊക്കെ പാവങ്ങളാണുള്ളതു കേട്ടോ. നിന്‍റെ വേലകളൊന്നും അവിടെ പുറത്തേക്ക് എടുത്തേക്കല്ലേ”

“അതൊക്കെ അവിടെ വന്നിട്ടു നോക്കട്ടെ…”

ഉച്ചയൂണ് കഴിഞ്ഞ് പുറപ്പെട്ടതാണ്. നീണ്ട യാത്രയായിരുന്നതിനാൽ വൈകിട്ട് പതിവായുള്ള ചായയും ഒഴിവാക്കേണ്ടി വന്നു. ബസ്സിൽ സീറ്റിൽ അടുത്ത് വന്നിരുന്ന ഒരു പെൺകുട്ടി ഇടയ്ക്ക് നീട്ടിയ ഒരു കഷണം ചോക്ലേറ്റ് മാത്രമാണ് ആകെ കഴിച്ചത്. യാത്ര തുടങ്ങുമ്പോൾ കൂടെ ആരുമില്ലായിരുന്നു. പുറം കാഴ്ചകളൊക്കെ ശ്രദ്ധിച്ച് ബസ് നീങ്ങുന്നതിനിടക്കെപ്പോഴോ ആണ് അവൾ കയറി വന്ന് അടുത്തിരുന്നത്.

യാത്രക്കിടയിൽ തുറസ്സായ ഒരു സ്ഥലത്ത് ഒരു ചിത കത്തുന്നതും ചുറ്റും നിരവധിയാളുകൾ കൂടി നിൽക്കുന്നതും കണ്ട് അങ്ങോട്ട് ദൃഷ്ടി പായിച്ചിരിക്കയായിരുന്നു. പെട്ടെന്നാണ് സമീപത്ത് പെട്ടെന്ന് പനിനീർ ചെമ്പകപ്പൂക്കളുടെ ഗന്ധം വിടർന്നതും അവളെ കണ്ടതും.

അതിവേഗം പിന്നിലേക്ക് പായുന്ന ചിതയിലേക്ക് തന്നെ നോക്കിയിരുന്നതിലാവണം അവൾ ചോദിച്ചു.

“മരണം ദു:ഖകരമല്ലേ… മാഷേ…. പിന്നെന്തിനാ അതുതന്നെ നോക്കിയിരിക്കുന്നത്. ലോകത്ത് സന്തോഷകരങ്ങളായ ദൃശ്യങ്ങളുമില്ലേ… അവയിലല്ലേ കണ്ണ് വീഴ്ത്തേണ്ടത്.” അതുപറഞ്ഞ് അവൾ ചിരിച്ചു.

“ലോകത്തിന്‍റെ സ്ഥായീ ഭാവം ദു:ഖമാണ്. അനിവാര്യമായ മരണം മാത്രമാണ് ശാശ്വതമായ സത്യം”

“സാർ പറഞ്ഞതു ശരിയായിരിക്കാം. പക്ഷേ ദു:ഖത്തിലും ആനന്ദം കണ്ടെത്തുകയല്ലേ വേണ്ടത്”

“അത് ജീവിതത്തിന്‍റെ നിലനിൽപ്പിനാവശ്യമാണ്. അതിരിക്കട്ടെ കുട്ടിയുടെ പേരെന്താണ്?”

“ഗായത്രി”

യൂണിവേഴ്സിറ്റി കോളേജിൽ സ്ഥിരം വായിക്കാറുണ്ട്. ലോകത്തിലെ ഏറ്റവും പുരാതനവും ഏറ്റവും മനോഹരവുമായ ഛന്ദസ്സാണ് ഗായത്രി. സർവ്വസാക്ഷിയായ സൂര്യനെ സ്തുതിക്കുന്ന പ്രാർത്ഥന.

“അറിയാം വിശ്വാമിത്രനാൽ രചിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഋഗ്വേദമന്ത്രം. പക്ഷേ വേദങ്ങൾക്ക് മരണമില്ലെന്നല്ലേ… അവിടെ സാറിന്‍റെ തിയറി തെറ്റി”

“അങ്ങനെയല്ല ഞാൻ പറഞ്ഞത്. മരണം സത്യമാണെങ്കിലും അത് ഒരിക്കലും ഒരു ഫുൾസ്റ്റോപ്പല്ല. അതായത് ഞാൻ മരിച്ചു എന്നു കരുതുക, എന്‍റെ ശരീരം അചേതനമായ കാർബൺ മൂലകങ്ങളായി ഇവിടെ കാണുമല്ലോ… പിന്നീട് അത് വേരുകളിലൂടെ സസ്യങ്ങളിലെത്താം… തുടർന്ന് വേറൊരു ജീവിയിലേക്കും.

“അത് അചേതനത്തിന്‍റെ കാര്യം… അപ്പോൾ ചേതനയുടെ കാര്യമോ?”

“അതാണ് ഞാൻ പറഞ്ഞുവന്നത്. നാശമില്ലാത്തതാണ് അക്ഷരം എന്നല്ലേ… നമ്മളൊക്കെ മരിച്ചാലും ഭാഷ നിലനിൽക്കുന്നില്ലേ…”

“ആത്മാവ് എന്നൊക്കെ നാം പറയാറില്ലേ… അതിന്‍റെ കാര്യമാണ് ചോദിച്ചത്.”

“ആത്മാവ് എനർജിയാണ്. അത് പ്രകൃതിലുണ്ടാവും. ശക്‌തമായ വിശേഷണങ്ങൾ കൊടുത്തു എന്നുവരാം. യക്ഷി എന്നൊക്കെ കേട്ടിട്ടില്ലേ… നിസ്സഹായവസ്ഥയിൽ നിന്നുള്ള അതിതീവ്രമായ പ്രതികാര വാഞ്‌ഛയൊക്കെ ഒരു പക്ഷേ ആത്മാവിൽ ചേക്കേറിയെന്നു വരാം”

അതു പറഞ്ഞു കഴിഞ്ഞപ്പോഴാണ് അവളെ ശരിക്ക് ശ്രദ്ധിക്കുന്നത്. നേരത്തെ അവളുടെ വാചകങ്ങളിലേക്കും ആശയങ്ങളിലേക്കും മാത്രമാണ് മനസ്സ് പോയത്. അവൾ രക്‌തവർണ്ണത്തിലുള്ള ചുരിദാറാണ് ധരിച്ചിരിക്കുന്നത്. അഴിഞ്ഞുലഞ്ഞു കിടക്കുന്ന മുടി കാറ്റിൽ തെന്നിത്തെറിക്കുന്നു. വശ്യമായ പുഞ്ചിരി. അവളുടെ കണ്ണുകൾക്ക് തീവ്രമായ ഒരു കുത്തിത്തുളക്കുന്ന നോട്ടം സ്വന്തമായിട്ടുണ്ടായിരുന്നു.

അവൾ ഇടയ്ക്ക് ബാഗിൽ നിന്ന് ചോക്ലേറ്റ് എടുത്തു കഴിക്കുന്നുണ്ടായിരുന്നു. സാകൂതം നോക്കുന്നതു കണ്ട് അവൾ ഒരു കഷണം ഒടിച്ച് നീട്ടി. അത് പതുക്കെ കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു വണ്ട് പറന്ന് തെറിച്ചു വന്ന് കൈത്തണ്ടയിലിരുന്നു. കുടഞ്ഞു കളയാൻ ശ്രമിച്ചപ്പോൾ ബസ്സിന്‍റെ സൈഡിൽ അറിയാതെ കൈ ശക്‌തിയിൽ തട്ടി. പഴക്കമുള്ള ഒരു ബസ്സായിരുന്നു. തുരുമ്പിച്ച കമ്പിയിലടിച്ച് ചോര പൊടിഞ്ഞു. അവൾ അതുകണ്ട് കയ്യിലിരുന്ന ചോക്ലേറ്റ് പുറത്തേക്ക് വലിച്ചെറിഞ്ഞ് മുറിവുള്ള വിരൽ പെട്ടെന്ന് അവളുടെ വായിലേക്കെടുത്തു വച്ച് ഈമ്പി. അവളുടെ പെരുമാറ്റം അസഹ്യമായി തോന്നി. വളരെ ബലം പ്രയോഗിച്ചാണ് അവളുടെ വായിൽ നിന്ന് വിരൽ വലിച്ചെടുത്തത്. വല്ലാത്ത നീറ്റൽ അനുഭവപ്പെട്ടു. രക്‌തം പൊടിഞ്ഞ ഭാഗത്തേക്ക് അവളുടെ ശക്‌തമായ നോട്ടം പിന്തുടർന്നു വന്നു.

അവൾ എന്തോ വിശദമാക്കുന്ന മട്ടിൽ പറഞ്ഞു.

“ക്ഷമിക്കണം പെട്ടെന്ന് ഞാൻ വീട്ടിലാണെന്ന് വിചാരിച്ചുപോയി. നമ്മുടെ കൈ മുറിയുമ്പോഴൊക്കെ പെട്ടെന്ന് ഇതുപോലെ ചെയ്യാറുണ്ടല്ലോ.”

അവിചാരിതമായ ജാള്യത്തിൽ നിന്ന് അവളെ രക്ഷിക്കാനായി “ഹേയ് അതു കുഴപ്പമില്ല, ഉമിനീർ നല്ലൊരു അണുനാശകമാണ്” എന്നു പറഞ്ഞെങ്കിലും വിചിത്രമായ ആ പെരുമാറ്റം സംശയം ജനിപ്പിക്കാൻ പോന്നതായി. ആദ്യമായി ബസ്സിൽ വച്ച് കണ്ടുമുട്ടുന്ന അജ്‌ഞാതയായ ഒരു പെൺകുട്ടി വർഷങ്ങളായി അടുത്തിടപഴകുന്ന ഒരു കാമുകിയെപ്പോലെ ഇടപെടുകയെന്നുവച്ചാൽ യഥാർത്ഥത്തിൽ ലജ്‌ജ കലർന്നുള്ള ശൃംഗാരത്തോടെയുള്ള രോമാഞ്ചം അനുഭവപ്പെട്ടു.

യാത്രയിൽ അവൾ അനുവാദത്തിനായി കാത്തുനിൽക്കാതെ ഇടക്കിടെ അവൾ വിരൽ കയ്യിലെടുത്ത് വിശദമായി പരിശോധിക്കും, വേദനയുണ്ടോയെന്നും മറ്റും തിരക്കും. കുറേക്കഴിഞ്ഞ് ഏതോ സ്റ്റോപ്പിൽ അവൾ യാത്ര പറഞ്ഞ് ഇറങ്ങിപ്പോയപ്പോൾ നഷ്ടബോധം തോന്നി.

പിന്നെയെപ്പോഴോ ബസ്സിൽ വച്ച് മയങ്ങിപ്പോയി. നീണ്ട ഉറക്കത്തിൽ പ്രാചീനമായ ചുടുകാടുകളും മീസാൻ കല്ലുകളും ക്രിമറ്റോറിയങ്ങളും കാശിയിൽ ഗംഗാതീരത്തെ മണികർണ്ണികാ ഘാട്ടും അവിടെ കത്തിയെരിയുന്ന മൃതദേഹങ്ങളും സ്വപ്നത്തിൽ നിറഞ്ഞു. ഘാട്ടിലെ ശുഷ്കമായ ചിതയിൽ തീ പിടിച്ച് ഉടലാകെ പൊള്ളി, പാതിയെരിഞ്ഞ്, കുതിച്ചൊഴുകുന്ന ഗംഗയിലേക്ക് ആരോ വലിച്ചെറിഞ്ഞതും ആ ജലതണുപ്പ് ഉടലാകെ പരന്നപ്പോൾ ഞെട്ടിയുണർന്നു.

ബസ് തള്ളിത്തെറിച്ച് ഇരുളിലൂടെ നീങ്ങുകയായിരുന്നു. മനോഹരമായ സായാഹ്നം ഉറക്കം കവർന്നെടുത്തു നഷ്ടപ്പെടുത്തി. പിന്നെയും ഏതൊക്കെയോ വഴികളിലൂടെ അജ്‌ഞാതമായ ദേശങ്ങളിലൂടെ യാത്ര നീണ്ടുപോയി. ഇറങ്ങേണ്ട സ്റ്റോപ്പ് നേരത്തെ തന്നെ കണ്ടക്ടറോട് പറഞ്ഞുവച്ചിരുന്നു. ബസ്സിലെ യാത്രക്കാർ കുറഞ്ഞുവന്ന് രണ്ടോ മൂന്നോ പേർ മാത്രം അവശേഷിച്ചപ്പോൾ അയാൾ അടുത്തുവന്നു തട്ടി.

“അടുത്ത സ്റ്റോപ്പാണ്” റെംബ്രാന്‍റ് പെയിൻറിംഗുകളിലെപ്പോലെ നിഴലും വെളിച്ചവും ഇടകലർന്ന ഒരു ചലിക്കുന്ന അയാളുടെ ചിത്രം കണ്ണുകൾക്ക് ലഭിച്ചു.

വിജനമായ തെരുവിൽ സുഹൃത്ത് കാത്തുനിൽക്കുമെന്നാണ് കരുതിയത്. അവിടെ ആരെയും കാണാനുണ്ടായിരുന്നില്ല. വിളിക്കാമെന്നുവച്ചാൽ മൊബൈൽ ഓഫായിപ്പോയിരുന്നു. മൊബൈൽ പവർ ബാങ്ക് കൈവശം എടുക്കാൻ വിട്ടുപോയി. അവന്‍റെ വീടെവിടെയാണെന്ന് തിരക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ. അൽപം തെക്കോട്ടു നടന്നു.

അവിടെ ഒരു ചെറിയ കുന്നിനു ചേർന്നുള്ള ഇടവഴിയിലൂടെ കുറച്ചുദൂരം കിഴക്കോട്ടു നടന്നാൽ പലതരം പനിനീർച്ചെടികൾ നട്ടുവളർത്തുന്ന വീട്ടുമുറ്റത്തെത്താമെന്ന് പണ്ട് ഹോസ്റ്റലിൽ താമസിക്കുമ്പോൾ അവൻ പറഞ്ഞത് ഓർമ്മയുണ്ട്. അത് മനസ്സിലിട്ട് പതിയെ കാൽ വച്ചു. ഇടയ്ക്കിടെ മിന്നൽ വെട്ടം ചൂട്ടുകത്തിക്കുന്നു. റോഡ് വാഹനങ്ങളുടെ സൗഹൃദവും ശല്യവുമില്ലാതെ ഉറങ്ങി കിടക്കുന്നു. അൽപം നടന്നപ്പോൾ നിരത്തിനോട് ചേർന്ന് വെള്ളമണൽ നിരന്ന വിശാലമായ മൈതാനം കാണായി. പ്രതീക്ഷിച്ച കുന്ന് കണ്ടില്ല.

“എവിടേക്കാ? ” പെട്ടെന്ന് പിന്നിൽ നിന്ന് ഒരു നനുത്ത സ്ത്രീശബ്ദം. ഞെട്ടി പിന്തിരിഞ്ഞുനോക്കി.

ഒരു സ്ത്രീ അവിടെ നിൽപ്പുണ്ടായിരുന്നു, മിന്നൽ വെള്ളമണലിൽ പ്രതിഫലിച്ചു വന്ന വർദ്ധിച്ച വെളിച്ചത്തിൽ കടുത്ത ചുവന്ന വസ്ത്രത്തിൽ ആ രൂപം നിശ്ചലമായി കണ്ണിൽ പതിച്ചു. ഈ ശബ്ദം നേരത്തെ എവിടെയോ കേട്ടിട്ടുള്ളതുപോലെ തോന്നി. പനിനീർ ചെമ്പകഗന്ധം അവിടമാകെ പരന്നു.

“ഞാനാണ് ആ ഛന്ദസ്” അവൾ വശ്യമായി ചിരിക്കുന്നു.

അത് ഗായത്രിയാണെന്നറിഞ്ഞപ്പോൾ മനസ്സിലുളവായ ഇടിമിന്നൽ ശരീരമാസകലം വ്യാപിച്ചു.

“മണക്കൂറുകൾക്ക് മുമ്പ് കിലോമീറ്ററുകളകലെ ബസ്സിറങ്ങിയ നിങ്ങൾ ഇവിടെ?” ചോദിച്ചു പോയി.

“ഞാൻ രക്‌തം കുടിക്കാൻ വന്ന യക്ഷിയാണെന്ന് വിചാരിച്ചു പേടിച്ചു പോയോ? ദൂരെ ഒരിടത്തിറങ്ങിയ സഹയാത്രക്കാരി കുറേനേരം കഴിഞ്ഞ് അപ്രതീക്ഷിതമായി കണ്മുന്നിൽ പ്രത്യക്ഷപ്പെടുന്നു. പോരെങ്കിൽ ഇന്ന് വെള്ളിയാഴ്ചയും അമാവാസിയും ഒന്നിച്ച്. നിങ്ങൾ പുരുഷന്മാരൊക്കെ ധൈര്യശാലികളാണെന്നാണല്ലോ പൊതുവേ വയ്പ്. വെറുതേ ആ ധാരണ തെറ്റിക്കല്ലേ… ആണുങ്ങളൊക്കെ മീശയും വച്ച് വീരവാദവുമടിച്ച് നടന്നോട്ടെ…”

“പക്ഷേ, ഒന്നു പറയാം… യക്ഷിക്കും നിങ്ങൾക്കും സാമ്യതയുണ്ട്…”

“അതുകൊള്ളാമല്ലോ… യക്ഷി ചുരിദാറാണോ ധരിക്കാറുള്ളത്?” ഞാൻ സാറിനോട് ചുണ്ണാമ്പ് ചോദിച്ചോ?”

“അതല്ല, സ്ത്രീകളെ സാധാരണ അസമയത്ത് ഒറ്റയ്ക്ക് കാണാറില്ല….” ഡൽഹി നിർഭയ സംഭവവും ഉന്നാവ് സംഭവവുമൊക്കെ കോളിളക്കമുണ്ടാക്കുന്ന ഈ കാലത്ത് മാത്രമല്ല, ചുവന്ന വസ്ത്രം ഭയം ലവലേശമില്ലാതെ സംസാരിക്കുകയും ചെയ്യുന്നു.

“ഞാൻ നിങ്ങളെപ്പോലെ അസമയത്ത് ഒറ്റപ്പെട്ടു പോയതാണെങ്കിൽ….? നിങ്ങൾ ഉമ്മറോ ജോസ്പ്രകാശോ ബാലൻ കെ.നായരോ ഒന്നുമല്ലല്ലോ ചാരിത്യ്രം കവരുമെന്ന് കരുതാൻ…

സാറിനെ പരിചയമുള്ള സ്ഥിതിയ്ക്ക് പേടിക്കേണ്ടതുമില്ലല്ലോ? ചുവന്ന വസ്ത്രം യക്ഷികൾ മാത്രമാണോ ധരിക്കാറ്? ദേവിയുടെ ഉടയാടയുടെ നിറം ചുവപ്പാണന്നല്ലേ… എങ്കിൽ എന്നെ ഭഗവതിയായി സങ്കൽപ്പിക്കാത്തതെന്താ? വഴിയറിയാതെ ഉഴലുന്ന ഒരു വഴിപ്പോക്കനെ സഹായിക്കാനെത്തുന്ന ഒരു ദേവി… യക്ഷികൾ സാധാരണ വെള്ള വസ്ത്രമാണ് ധരിക്കാറ്…”

“ദേവതമാർ സ്വയം പുകഴ്ത്തൽ നടത്തുമോയെന്നതിൽ സംശയമുണ്ട്. നിങ്ങൾക്ക് യക്ഷിയോടാണ് സാമ്യം… ശ്രദ്ധിച്ചിട്ടുണ്ടോയെന്നറിയില്ല… യക്ഷികൾ എല്ലായ്പ്പോഴും ഫെമിനിസ്റ്റുകളായിരിക്കും. പുരുഷനിൽ നിന്നുണ്ടാകുന്ന കൊടിയ പീഡനത്തിന്‍റെ പരിണത ഫലമായാണല്ലോ യക്ഷികൾ പരുവപ്പെടുന്നത്… അവർ പിന്നീട് ആണുങ്ങളുടെ ചോര കുടിച്ച് പക വീട്ടാൻ ഇറങ്ങി തിരിച്ചവരായിരിക്കും… മാത്രമല്ല രക്‌ത യക്ഷികൾക്ക് അസാമാന്യമായ ഓർമ്മ ശക്‌തിയും ധാരണാ ശക്‌തിയുമുണ്ടായിരിക്കും. ഇപ്പോൾ തന്നെ കണ്ടില്ലേ… വെള്ളിയാഴ്ചയും അമാവാസിയും പക്കവുമൊക്കെ പറഞ്ഞത്…”

അവൾ വീണ്ടും ചിരിച്ചു. ഇപ്രാവശ്യം ചിരി അൽപം കൂടി ഉച്ചത്തിലായി.

“അപാര കോമഡിയാണല്ലോ… ഞാൻ കുറെ മുമ്പേ ബസ്സിറങ്ങിയെന്നത് നേരാ… അവിടെ എന്‍റെ സുഹൃത്ത് കാത്തുനിൽപ്പുണ്ടായിരുന്നു… അയാളൊടൊപ്പം കാറിലാണ് ഇവിടെ വരെ എത്തിയത്… നിങ്ങൾ ഇവിടെ ബസ്സിറങ്ങിയ സ്റ്റോപ്പെത്തുന്നതിനു കുറേ മുമ്പായി ഒരു ചുവന്ന മാരുതി സ്വിഫ്റ്റ് ഓവർടേക്ക് ചെയ്തു പോയത് ശ്രദ്ധിച്ചിരുന്നോ?”

“അതു ശ്രദ്ധിച്ചില്ല… യക്ഷി സഞ്ചരിച്ച വാഹനത്തിന്‍റെയും നിറം ചുവപ്പ് തന്നെ. ചുവപ്പിനെ വിടാൻ ഭാവമില്ലല്ലോ… ചുവപ്പ് നിങ്ങളുടെ വീക്ക്നെസ്സാണോ? അതിരിക്കട്ടെ നിങ്ങളുടെ അച്ഛനോ ആങ്ങളയോ കാത്തുനിൽക്കാത്തതെന്താ? നിങ്ങളുടെ വീടെവിടെയാണ്? കൊണ്ടുചെന്നാക്കാം… ഒരു സുന്ദരി രാത്രിയിൽ വിജനമായ റോഡിലൂടെ പോകണ്ട… അപകടമുണ്ടാകും”

“ഒറ്റയ്ക്കാണെങ്കിലും എനിക്ക് പേടിയൊന്നുമില്ല കേട്ടോ… അത്യാവശ്യം മാർഷ്യൽ ആർട്സൊക്കെ പഠിച്ചിട്ടുണ്ട്. ഞാൻ ഒറ്റമകളായതുകൊണ്ടു തന്നെയാണെന്നു വച്ചോ… രണ്ട് വയസ്സുള്ളപ്പോൾ തന്നെ പപ്പ മരിച്ചുപോയി. മമ്മി മാത്രമേ ഉള്ളൂ. പിന്നെ അമ്മാവന്മാരൊക്കെ അടുത്ത് താമസമുണ്ട്. ഇന്നാണെങ്കിൽ വീട്ടിൽ മമ്മിയുമില്ല. ഒരു ബന്ധുവീട്ടിൽ പോയിരിക്കുന്നു” അവൾ നടന്നു.

“ഓഹോ മാർഷ്യൽ ആർട്സൊക്കെ പഠിച്ചിട്ടുണ്ടോ… എതിരിടാൻ പറ്റിയ ഒരാളെ നോക്കി നടക്കുവായിരുന്നു. കുറേ നാളായി കൈത്തരിപ്പൊക്കെ തീർത്തിട്ട്… അതിരിക്കട്ടെ ഏതൊക്കെ പഠിച്ചിട്ടുണ്ട്?” തമാശക്കായി ചോദിച്ച് അവളെ അനുഗമിച്ചു.

“കരാട്ടെ, കുംഗ്ഫൂ, കളരിപ്പയറ്റ്…”

“ഇതൊക്കെ അത്യാവശ്യത്തിനും അടിയന്തിരഘട്ടങ്ങളിലും ഉപകാരപ്പെടുമോ?”

“മാത്രമല്ല സ്ത്രീശാക്‌തീകരണ ബില്ലും സ്ത്രീ സംരക്ഷണ നിയമവുമൊക്കെ ഇക്കാലത്ത് ഞങ്ങളുടെ രക്ഷയ്ക്കുണ്ട് കേട്ടോ… എന്തിനെങ്കിലും തുനിയും മുമ്പ് ഇതെല്ലാം ഓർമ്മ വേണം…” അവൾ ചിരിച്ചു. പിന്നീട് മുകളിലേക്ക് നോക്കി പറഞ്ഞു.

“നല്ല മഴക്കാറുണ്ട്… മഴ പെയ്യാൻ സാദ്ധ്യതയുണ്ട്”

“ഇപ്പറഞ്ഞ ബില്ലും നിയമവുമൊക്കെ ഈ കാളരാത്രി, ഈ കുരിരുട്ടിൽ ഇപ്പോൾ രക്ഷയ്ക്കെത്തുമോ?”

“ഇതെപ്പോഴും ഓർമ്മയിൽ സൂക്ഷിക്കുന്നത് നന്നായിരിക്കും… ഇന്നോ രാത്രിയോ പകലോ എന്നൊന്നും നോക്കണ്ട… ബുദ്ധിജീവിയുടെ നല്ല ഭാവി ഇരുട്ടിലാകും… ഞാൻ പറഞ്ഞില്ലെന്നു വേണ്ട കേട്ടോ… അതുപോട്ടെ… നിങ്ങൾ ആരെക്കാണാനാ ഇവിടെ വന്നത്?”

“പ്രദീപ്… എന്‍റെ സുഹൃത്ത്”

“ആ ചനലിൽ വർക്ക് ചെയ്യുന്ന പ്രദീപാണോ?”

“അതേ അതു തന്നെ…”

“അയ്യോ… കഷ്ടമായല്ലോ… അയാളുടെ വീട് ഇവിടെ നിന്നും പത്തിരുപത് കിലോമീറ്റർ ഇനിയും പോകണം. ആളെ എനിക്ക് അടുത്ത പരിചയമുണ്ട്. എന്‍റെ നൃത്തത്തെപ്പറ്റി ചാനലിൽ അയാൾ ഫീച്ചർ ചെയ്തിട്ടുണ്ട്. ഈ കുഗ്രാമത്തിൽ ഓട്ടോ പോലും കിട്ടില്ല. ഇനിയിപ്പോൾ വണ്ടികളുമില്ല, ലാസ്റ്റ് ബസ്സിലല്ലേ നിങ്ങൾ വന്നത്”

“പൊല്ലാപ്പായല്ലോ, പണി കിട്ടി… ലോഡ്ജോ, ഹോസ്റ്റലോ അങ്ങനെയെന്തെങ്കിലും കാണുമോ?”

“ഇതൊരു പട്ടിക്കാടാ മാഷേ, അതൊന്നും പ്രതീക്ഷിക്കണ്ട. പത്തിരുപത് കിലോമീറ്ററപ്പുറത്ത് പ്രദീപിന്‍റെ നാട്ടിൽ ചെന്നാൽ ഇതൊക്കെ കിട്ടും”

“ആ ഫോൺ ഒന്നു തരൂ… ഫോൺ ചാർജില്ലാതെ ചത്തുപോയി… പ്രദീപിന്‍റെ നമ്പർ കാണാതറിയില്ല… വീട്ടിലേക്ക് വിളിച്ച് കളക്ട് ചെയ്തു വിളിക്കാം…”

“എന്‍റെ മൊബൈലും ദീർഘയാത്രയായതിനാൽ ഇപ്പറഞ്ഞ പോലെ ഓഫായി..”

“നിങ്ങൾക്ക് ടൂവിലറുണ്ടോ?”

“സൈക്കിൾ പോലുമില്ല…”

“പരിചയമുള്ള അയൽ വീടുകളിൽ നിന്ന് സംഘടിപ്പിച്ചു തരാമോ?”

“മാഷിന്‍റെ ഇപ്പോഴത്തെ ആവശ്യമെന്താ? പ്രദീപിന്‍റെ അടുത്തെത്തണം… അല്ലേ? എന്നാൽ അതിനി നടപ്പില്ല… ഇന്നെന്‍റെ വീട്ടിൽ തങ്ങാം. നാളെ രാവിലെ തിരിക്കാം…. എന്തു പറയുന്നു?” പതുക്കെ നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു.

“അതുശരിയാവില്ല, ഞാൻ ഒരു അന്യപുരുഷൻ… ഗായത്രി കല്യാണ പ്രായമായ സുന്ദരിയായ ഒരു പെൺകുട്ടി… രാത്രിയിൽ തനിച്ച് നിങ്ങളുടെ വീട്ടലും ആരുമില്ല… ഇവിടെ വല്ല കടത്തിണ്ണയോ ആൽത്തറയോ ഉണ്ടെങ്കിൽ എന്നെ സംബന്ധിച്ചടുത്തോളം അത് വ്യത്യസ്തമായ ഒരു എക്സ്പീരിയൻസുമായിരിക്കും.

“സാറിന് ഇത്ര പേടിയാണോ? ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇത്തരം സാഹചര്യങ്ങളിൽ സാധാരണ സ്ത്രീകളാണ് ഭീരുക്കളാകാറുള്ളത്… ബാംഗ്ലൂരിലൊക്കെ ആണും പെണ്ണുമൊക്കെ ഒന്നിച്ച് ഒരു റൂമിലൊക്കെ വാടകയ്ക്ക് താമസിക്കാറുണ്ട്… പിന്നെയാണോ ഒരു വീട്…”

“നാം സമൂഹത്തെ പേടിക്കണം… ഇപ്പോഴും എന്‍റെ കാര്യമല്ല ഉദ്ദേശിച്ചത്.. ഒരു സ്ത്രീ പുരുഷനെ അപേക്ഷിച്ച് നൂറിരട്ടി സമൂഹത്തെ ഭയക്കേണ്ടിയിരിക്കുന്നു. കാരണം ലോകം പുരുഷനേക്കാൾ സ്ത്രീയെ കൂടുതൽ ശക്‌തിയായി അവളുടെ നിലനിൽപും അതിജീവനവും വരെ തകർക്കുന്ന രീതിയിൽ അടിമുടി ഇടവേളകളില്ലാതെ ശ്വാസമെടുക്കാൻ പോലും അവസരം കൊടുക്കാതെ ആക്രമിച്ചുകളയും. ആകെ ഒരു ജന്മവും ജീവിതവുമേയുള്ളൂ അതെപ്പോഴും ഓർക്കണം”

“ങേ നിങ്ങളും ഫെമിനിസ്റ്റാണോ? ഫെമിനിസ്റ്റിന്‍റെ ഭാഷയിലാണല്ലോ നിങ്ങൾ ഇപ്പോൾ സംസാരിക്കുന്നത്. സ്ത്രീകളുടെ പ്രശ്നങ്ങൾ മറയില്ലാതെ പറഞ്ഞാൽ അത് ഫെമിനിസം… അല്ലേ? സമൂഹം… എനിക്ക് പുച്ഛമാണ് ആ വാക്കിനോട്. ഇപ്പറയുന്ന സമൂഹം പ്രതിനിധീകരിക്കുന്നത് ആരെയൊക്കെയാണ്? ചുറ്റുവട്ടത്തിന്‍റെ കടന്നുകയറ്റമൊക്കെ എനിക്കറിയാം… പുരുഷ കേന്ദ്രീകൃതമായ ഈ ദുരഭിമാന മേൽകോയ്മ വേരുകളാഴ്ത്തിയ സമൂഹത്തെ എനിക്ക് വെറുപ്പാണ്” തണുത്ത ഇളം കാറ്റ് അവളുടെ മുടിയിഴകളിലുടക്കിത്തെറിച്ച് കടന്നു പോകുന്നുണ്ടായിരുന്നു.

അൽപം കഴിഞ്ഞ് ഒരു കെട്ടിടത്തിനടുത്തെത്തി.. “ഇതാണ് വീട്… വരൂ കറന്‍റ് പോയിരിക്കുകയാണ്” എന്നുപറഞ്ഞ് അവൾ ക്ഷണിച്ചു… നടത്തത്തിനിടക്ക് വേറെ വീടുകൾ കാണാഞ്ഞത് അദ്ഭുതപ്പെടുത്തി.

ഇരുട്ടിൽ തപ്പിപ്പിടിച്ച് വാനിറ്റി ബാഗിൽ നിന്ന് ചാവിയെടുത്ത് പരതി, വാതിൽ തുറന്ന് ഇരുവരും അകത്ത് പ്രവേശിച്ചപ്പോഴേക്കും പുറത്ത് കനത്ത മഴ പെയ്യാൻ തുടങ്ങി. ഇരുട്ടിൽ എവിടെയോ നിന്ന് അവൾ മെഴുകുതിരി കൊണ്ടുവന്ന് തെളിച്ചു. പുറുത്തു നിന്ന് കാറ്റ് ജ്വാല കെടുത്താൻ തുടങ്ങിയപ്പോഴേക്കും അവൾ ചെന്ന് വാതിലടച്ചു.

“ഹം… തും എക് കമ്രേ മേം ബന്ദ് ഹോ..” അവൾ ചെറുചിരിയോടെ പാടി.

“നിങ്ങൾക്ക് കുളിക്കണമെന്നുണ്ടോ” അവൾ ബാത്ത്റൂം കാണിച്ചു തന്നു.

അകത്തെ ഇരുട്ടിൽ തണുത്ത വെള്ളത്തിൽ യാത്രാക്ഷീണം ഒഴുക്കിക്കളഞ്ഞു. തിരിച്ചുവന്നപ്പോൾ കത്തുന്ന മെഴുകുതിരികളുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു… അതുകൊണ്ട് തന്നെ വെളിച്ചവും… തീൻമേശക്കരികിൽ അവൾ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്നു.

“ഡാഡി മമ്മി വീട്ടിൽ ഇല്ലൈ… വീണ്ടും അവളുടെ ചിരിയുടെ മേമ്പൊടിയോടെയുള്ള തമിഴ് ഗാനം മേശക്കരികിൽ അവളുടെ സമീപത്ത് ചെന്നിരുന്നു. ഇപ്പോഴാണ് ശ്രദ്ധിച്ചത്. അവളും കുളിച്ച് വസ്ത്രം മാറിയിരിക്കുന്നു. വെളുത്ത നേര്യതിൽ നിന്ന് താഴംപൂവിന്‍റെ ഗന്ധം ഉതിരുന്നു. മേശയിൽ ഫലവർഗ്ഗങ്ങൾ നിരന്നിരിക്കുന്നു.

“വീട്ടിൽ ആരു ഇല്ലാത്തതിനാൽ ഭക്ഷണം ഒന്നും ഉണ്ടാക്കാനായില്ല. തൽക്കാലം പഴങ്ങൾ കഴിച്ച് വിശപ്പടക്കാം…”

നല്ല വിശപ്പുണ്ടായിരുന്നു. “രാത്രി ഭക്ഷണം പഴങ്ങളാക്കുന്നതാണ് നല്ലത്” ഒരു ചുവന്ന ആപ്പിളെടുത്ത് കടിച്ചുകൊണ്ട് പറഞ്ഞു.

ഭക്ഷണം കഴിഞ്ഞപ്പോൾ സോഫയിൽ അവൾ അരികിൽ വന്നിരുന്നു, പഴയ ആൽബമെടുത്ത് താളുകൾ മറിച്ചു. അതിൽ അവളുടെ കുട്ടിക്കാലം മുതലുള്ള ചിത്രങ്ങൾ ഉണ്ടായിരുന്നു. ഓരോ ചിത്രങ്ങൾ കാണിക്കുമ്പോഴും “ഇത് പപ്പ… ഇത് മമ്മി… ഇത് അങ്കിൾ എന്നൊക്കെപ്പറഞ്ഞ് പരിചയപ്പെടുത്തി.

അവൾ നൃത്തം ചെയ്യുന്ന ചിത്രങ്ങളുമുണ്ടായിരുന്നു. മെഴുകുതിരി നാളങ്ങളുടെ അരണ്ട സ്വർണ്ണ വെളിച്ചത്തിൽ കുരുത്തോലയുടെ മിനുസതയുള്ള മുഖത്ത് പെട്ടെന്ന് ലജ്‌ജ വിരുന്നുവന്നത് കണ്ടു.

“ഇത് എന്‍റെ ആളാണ്… ജമാൽ വിവാഹത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഒരു പ്രണയം…”

“നിങ്ങൾ വ്യത്യസ്ത മതക്കാരല്ലെ…?”

“അതിനെന്താ? പ്രണയത്തിന് മതം, ജാതി, രാഷ്ട്രീയം പ്രായം ഒന്നും പ്രശ്നമല്ല… അങ്ങനെയായിരുന്നെങ്കിൽ ഞാനവിടെ ഇങ്ങനെ ഉണ്ടാകുമായിരുന്നില്ല.”

“അതെന്താ?”

“എന്‍റെ പപ്പയും മമ്മിയും പ്രേമിച്ചാണ് വിവാഹം കഴിച്ചത്… അവർ വെവ്വേറെ മതക്കാരായിരുന്നു. പപ്പ ക്രിസ്ത്യനും മമ്മി ഹിന്ദുവുമാണ്.”

“നിങ്ങളുടെയും പേരന്‍റ്സിന്‍റെയും സംഭവബഹുലമായ പ്രണയ കഥകൾ കേൾക്കണമെന്നുണ്ട്. പക്ഷേ, ക്ഷീണം കൊണ്ട് ഉറക്കം വരുന്നു. നാളെ പറയണം” കറന്‍റ് വന്നിരുന്നില്ല… അവൾ ഒരു മെഴുകുതിരി കയ്യിലെടുത്ത് കിടപ്പുമുറിയിലേക്ക് നയിച്ചു.

മൃദുലമായ കട്ടിലിൽ ഇരുന്നു. “ഇനി മനസ്സിൽ ചീത്ത വിചാരങ്ങളൊന്നും വരാതെ നോക്കണം… ഉറങ്ങിക്കോ” അവൾ കുലുങ്ങിച്ചിരിച്ചുകൊണ്ട് പതുക്കെ നടന്ന് മുറിക്കു പുറത്തു നിന്ന് വാതിലടച്ചു. പുറത്ത് ശക്‌തിയാർജിക്കുന്ന മഴയുടെ ഇരമ്പം കേട്ടു. പിറ്റേന്ന് വർദ്ധിച്ച ബഹളത്തിൽ ആരോ ശക്‌തിയായി കുലുക്കി വിളിച്ചപ്പോഴാണ് കണ്ണ് തുറന്നത്. തീവ്രമായ പകൽ വെട്ടം കണ്ണിലടിക്കുന്നു. മുന്നിൽ പ്രദീപാണ്. അവൻ ഭയചകിതനായിരിക്കുന്നു.

“എടാ, നീയിന്നലേ ഇവിടെയായിരുന്നോ? നിന്നെ വിളിച്ചിട്ട് സ്വിച്ച് ഓഫാരുന്നു. പലയിടത്തേക്കും വിളിച്ച് വെപ്രാളപ്പെട്ടു. നീ യാത്ര തിരിച്ചില്ലെന്ന് പിന്നെ കരുതി. ഇന്ന് പുലർച്ചേ നടക്കാൻ പോയ ചിലരാ, നീയിവിടെ ബോധം കേട്ടു കിടക്കുന്നതുകണ്ട് പാൽ വാങ്ങാൻ പോയ എന്നോട് പറഞ്ഞത്… ആരാണെന്നറിയാനുള്ള കൗതുകം കൊണ്ടാണ് വന്നു നോക്കിയത്. നിനക്കെന്തുപറ്റീ? നീയെന്താ ഇവിടെ?…”

ഞെട്ടിത്തരിച്ച് ചുറ്റും നോക്കി. ചുറ്റുപാടും ജീർണിച്ച മരക്കുരിശുകളുള്ള കുഴിമാടങ്ങളും കല്ലറകളും… ഏതോ ഗ്രാനൈറ്റ് കല്ലറക്കു മുകളിലിരുന്ന് പ്രദീപിനോട് പുലമ്പി.

“ഗായത്രി എവിടെ… ഗായത്രി എവിടെ?”

“ഏത് ഗായത്രി? ഇതിവിടെ പള്ളിയുടെ സെമിത്തേരിയാ… ഒരു ഗായത്രിയുടെ കല്ലറക്കു മുകളിലാ നീയിന്നലെ രാത്രി കടന്നുറങ്ങിയത്?”

ഉൾക്കിടിലത്തോടെ എഴുന്നേറ്റ് നോക്കി. കല്ലറയുടെ മുൻഭാഗത്ത് ഗായത്രി ഗോൺസാൽവസ് ആർ.ഐ.പി എന്നെഴുതിയിരുന്നു.

“ദുരഭിമാനക്കൊലയുടെ ഇരയാ ഇവൾ… അപമാനവും ദുരഭിമാനവും സ്റ്റാറ്റസും മതവും പറഞ്ഞ് വിരലിലെണ്ണാവുന്ന അകന്ന ബന്ധുക്കളും സമുദായക്കാരും അനാവശ്യമായി അവളുടെ പേഴ്സണൽ കാര്യത്തിലിടപെട്ട് കൊന്നു തള്ളിയ കഴിവുള്ള ഒരു പാവം പെൺകുട്ടി… അവളടെ കാമുകനേയും അവർ വകവരുത്തി. സത്യം പറ… ഇന്നലെ രാത്രി എന്താ ഉണ്ടായത്?”

അവന്‍റെ ഭയവും ഉദ്വേഗവും നിഴലിക്കുന്ന മുഖം കണ്മുന്നിൽ മങ്ങി അവ്യക്‌തമായിക്കൊണ്ടിരുന്നു. ശരീരത്തിലൂടെ ഒരുമിന്നൽ പാഞ്ഞു. തലേന്നത്തെ ഇരുട്ട് തലയിൽ വന്നു നിറഞ്ഞു. വേച്ചുവേച്ച് അവന്‍റെ ദേഹത്തേക്ക് പതിയെ ചാഞ്ഞു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें