ദീത്യയുടെ വിളയാട്ടം

കോവിഡ് -19 നാട്ടിൽ പറന്നിറങ്ങുന്നതിനു മുമ്പാണ് ദീത്യയും അമ്മയും നാട്ടിലെത്തിയത്. ഒരു വിവാഹാഘോഷത്തിൽ പങ്കു ചേരനാനായിരുന്നു ശിഖ മകൾ ദീത്യയോടൊപ്പം നാട്ടിൽ വന്നത്. ആഘോഷത്തിൽ പങ്കെടുത്ത് തിരിച്ചു പോകുന്നതിനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന അന്നേക്ക് ലോക്ക്ഡൗൺ ചാടി വീണതിനാൽ അവർക്ക് തിരിച്ചു പോകാൻ കഴിയാതെ വന്നു.

സ്കൂൾ അവധി കാലത്താണ് ദീത്യയും അമ്മയും നാട്ടിൽ വരിക പതിവ്. അച്‌ഛനും അമ്മയും മകളും ഒരുമിച്ചാണ് നാട്ടിലെത്തുക. രണ്ടുമൂന്നു ദിവസം അച്‌ഛൻ അവരോടൊപ്പം ഇവിടെ നിന്ന് തിരിച്ചു പോകും. അച്‌ഛന് ജോലി മറുനാട്ടിലായതിനാൽ അധികനാൾ ഇവിടെ നിൽക്കാൻ കഴിയാറില്ല. ഇത്തവണ ലോക്ക്ഡൗണിനോട് ചേർന്ന് സ്ക്കൂൾ അവധി കൂടി വന്നതിനാൽ നാട്ടിൽ കൂടുതൽ നാൾ നിൽക്കാൻ സാധിച്ചു.

നഗരത്തിലെ പ്രശസ്തമായൊരു വിദ്യാലയത്തിൽ യുകെജിയിലാണ് ദീത്യ പഠിക്കുന്നത്. അന്യസംസ്ഥാനക്കാരൊടൊപ്പം പഠിക്കുകയും വളരുകയും ചെയ്യുന്നതിനാൽ ആ നാടിന്‍റെ ഭാഷയും മാതൃഭാഷയും ഒരു പോലെ കൈകാര്യം ചെയ്യാനുള്ള കഴിവ് അവൾക്കുണ്ടായിരുന്നു. ഇരുഭാഷകളും അനായാസേന സംസാരിക്കുന്നതിനാൽ സഹപാഠികളുടെയും അധ്യാപകരുടെയും ഇടയിൽ സൂപ്പർ ഗേളായി അവൾ വിലസി നടന്നു.

സ്കൂൾ അവധിയിൽ ഒരു മാസം ദീത്യ ഞങ്ങൾക്കൊപ്പമാണ്. ഞങ്ങൾ എന്നു പറഞ്ഞാൽ അമ്മയുടെ അച്‌ഛനും അമ്മയും മാമനും മാമിയും. ഞങ്ങളുടെയെല്ലാം ചെല്ലക്കുട്ടിയായി അവൾ ഞങ്ങളെ ഭരിച്ച് നടക്കും. ദീത്യ നാട്ടിലെത്തിയാൽ ഞങ്ങൾ ഇവിടെ ക്വാറന്‍റൈയിനിൽ ആകും. അവൾ എന്തു പറയുന്നുവോ അതനുസരിച്ച് തന്നെ എല്ലാം ചെയ്‌തു കൊടുക്കണം. അതാണ് ഇവിടുത്തെ കീഴ്വഴക്കം. ആരെങ്കിലും അവൾക്കെതിരുനിന്നാൽ എനിക്ക് അച്ഛന്‍റെടുത്തേക്ക് പോകണമെന്ന് പറഞ്ഞ് വാശിപിടിക്കും. അതിനാൽ അവൾ ഞങ്ങൾക്ക് ഒരു പേടി സ്വപ്നം കൂടിയാണ്.

നഗരത്തിലെ ഇടുങ്ങിയ ജീവിതത്തിൽ നിന്നും തെന്നിമാറി ഗ്രാമത്തിലെ വിശാലതയിലെ ഊഷ്മളത ദീത്യ അതിസൂതം ആസ്വദിച്ചിരുന്നു. വീടിനുള്ളിൽ ഒതുങ്ങി ഇരിക്കാതെ മുറ്റത്തും തൊടിയിലും അവൾ യഥേഷ്ടം പാറി നടന്നു.

തൊടിയിലെ വിഭവ സമൃദ്ധി അവൾക്ക് ഒരു അദ്ഭുതമാണ്. ചക്കയും മാങ്ങയും വാഴക്കുലകളും കയ്യെത്തും ദൂരത്ത് കായ്ച്ചു നിൽക്കുന്ന ചെന്തെങ്ങിൻ കുലകളും അവളെ വിസ്മയിപ്പിച്ചിരുന്നു. അവയെ ചുംബിക്കാൻ ഓടിയെത്തുന്ന അണ്ണാനെയും പറവകളെയും ഇമകൾ പൂട്ടാതെ നോക്കി നിൽക്കുമ്പോൾ ആ കണ്ണുകളിലെ തിളക്കവും മുഖത്തെ തേജസ്സും അവളെ കൂടുതൽ സുന്ദരിയാക്കും.

പറമ്പിൽ സ്വൈര്യ വിഹാരം നടത്തുന്ന മയിൽ കൂട്ടങ്ങളെ നോക്കി ശിഖ ഒരിക്കൽ പറഞ്ഞു. നാടാകെ മാറി പോയി എന്നു തോന്നുന്നു. പണ്ടൊക്കെ മയിലുകളെ കാണാൻ നാം കാഴ്ച ബംഗ്ലാവിൽ പോകണമായിരുന്നു. ഇന്നു അവ നമ്മളെ കാണാൻ വീടുകളിൽ വന്നു തുടങ്ങി അല്ലേ? ചോദ്യരൂപേണയാണ് ചോദിച്ചതെങ്കിലും ഒരു നിമിഷം ഞാൻ അവരുടെ ബാല്യത്തിലേക്ക് നടന്നിറങ്ങി.

മകനെയും മകളെയും കൊണ്ട് കാഴ്ച ബംഗ്ലാവിലേക്ക് പോയ ആ നാളുകളിലേക്ക്. പകൽ മുഴുവനും മൃഗശാലയിലെ പക്ഷികളെയും മൃഗങ്ങളെയും കണ്ട് നടന്ന് സന്ധ്യമയങ്ങിയിട്ടു വീട്ടിലേയ്ക്ക് മടങ്ങി പോരാൻ സമ്മതിക്കാതെ അവിടെ തന്നെ നിന്ന് തിരിഞ്ഞ് കളിക്കുന്ന മക്കളുടെ ബാല്യത്തിലേയ്ക്ക്. ഗേയ്റ്റിനു പുറത്തെ ഐസ്ക്രീം വിൽപനക്കാരന്‍റെ പിപി വിളിയാണ് പുറത്ത് കടക്കാൻ അന്ന് ഞങ്ങളെ സഹായിച്ചത്. നീയും മോളും ഇവിടെ എത്തിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ അവ നിങ്ങളെ കാണാൻ വന്നതാണ്. ശിഖയെ സന്തോഷിപ്പിക്കാനായി ഞാനും പറഞ്ഞു.

പൂന്തോട്ടത്തിൽ തേൻ കുടിക്കാൻ പറന്നു നടക്കുന്ന തുമ്പികളെയും ശലഭങ്ങളെയും പിടിക്കാൻ ഒപ്പം ഓടി നടന്ന് ക്ഷീണിതയായി ദീത്യ കിതച്ചു കൊണ്ട് ഒരിടത്ത് ഇരിപ്പായി.

കൊച്ചുമകൾക്കായി ഞാൻ തയ്യാറാക്കി വച്ചിരുന്ന ചെംതെങ്ങിൽ നിന്ന് അടർത്തിയെടുത്ത് ചെത്തികുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഇളനീർ വെള്ളം എടുത്ത് ശിഖയെ ഏൽപിച്ചു. ദീത്യയ്ക്ക് കൊടുക്കാനായി, അവളിലെ നഷ്ടപ്പെട്ട ഊർജ്ജം തിരിച്ചെടുക്കാൻ. ബോട്ടിൽ കൈയ്യിൽ കിട്ടിയതും ചുണ്ടോടു ചേർത്ത് മതിവരുവോളും വലിച്ചു കുടിച്ച് ഒഴിഞ്ഞ കുപ്പി ഒരു ദീർഘ നിശ്വാസത്തോടെ അവൾ അമ്മയെ ഏൽപിച്ചു.

വാ… ഇനി നമുക്ക് കല്ലു കളിക്കാം. എന്നു പറഞ്ഞ് മകളെ കൈപിടിച്ച് ശിഖ എഴുന്നേൽപ്പിച്ചു. ഇന്നത്തെ തലമുറയിലെ പെൺകുട്ടികളിൽ നിന്നും കല്ലുകളി അകന്നു പോകുന്നതിലെ ആകുലത ശിഖയുടെ വാക്കുകളിൽ നിഴലിച്ചിരുന്നു. ആ കളിയെ ഉത്തേജിപ്പിച്ചെടുക്കാമെന്നു കരുതിയാണ് മകളെ കൂട്ടിയത്. ഒരിടത്ത് അടങ്ങിയിരിക്കുമല്ലോ, അവളോടൊപ്പം താനും ഓടി നടക്കേണ്ടല്ലോ എന്ന ഉദ്ദേശശുദ്ധി കൂടി അമ്മ മനസ്സിലുണ്ടായി കാണും.

മഴക്കാലത്ത് വീടിന്‍റെ ചുമരുകളിലേക്ക് ചളിവെള്ളം തെറിക്കാതിരിക്കാനായി തറ ഭാഗത്തിനു ചുറ്റും കരിങ്കൽ മെറ്റൽ ഭംഗിയിൽ പാകി നിരത്തിയിരുന്നു. അതിൽ മേൽ മകളെ ഇരുത്തി ശിഖ അവൾക്കഭിമുഖമായി ഇരുന്നു. കൊത്തം കല്ല് കളി എങ്ങിനെ തുടങ്ങാമെന്ന് ദീത്യയ്ക്ക് പറഞ്ഞു കൊടുക്കുന്നതിനോടൊപ്പം കളിച്ചു കാണിച്ചു കൊണ്ടിരുന്നു. ഏതാനും കല്ലുകൾ ഉള്ളം കൈയ്യിലെടുത്ത് അവയെല്ലാം ഒരുമിച്ച് മേലോട്ട് ഇട്ട് ഉള്ളം കൈതിരിച്ചു പിടിച്ച് കൈ പത്തിയുടെ പുറകിൽ കല്ലുകൾ വീഴ്ത്തുകയും അവ വീണ്ടും മുകളിലേക്കിട്ട് ഉള്ളം കൈയ്യിൽ പിടിക്കുകയും ചെയ്ത് മകൾക്ക് കളി പഠിപ്പിച്ചു കൊണ്ടിരുന്നു.

പഴയ തലമുറയിലെ ഈ പഴയ കളിയിൽ സംതൃപ്തി വരാതെ മകൾ എഴുന്നേറ്റു നിന്ന് അവിടെ കിടന്നിരുന്ന മെറ്റൽ ഇരുകൈ കൊണ്ടു വാരി എടുത്ത് പുറത്തേക്ക് എറിഞ്ഞു കളിച്ചു തുടങ്ങി. മകളെ എത്ര ശ്രമിച്ചിട്ടും തന്‍റെ വലയത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയാതെ വന്നപ്പോൾ ദേഷ്യത്തോടെ അമ്മ മകളോടു പറഞ്ഞു. “അച്ഛാച്ഛൻ പൈസ കൊടുത്ത് വാങ്ങിച്ചിട്ടതാണ്. അത് വാരിയെടുത്ത് പുറത്തേക്ക് കളയണ്ട.” തന്നോടാണ് അമ്മ പറയുന്നതെന്ന ഭാവം പോലും കാണിക്കാതെ മകൾ തന്‍റെ ഈ കളിയിൽ വിനോദം കണ്ടെത്തി.

കൊറോണ നാട്ടിലെ ജനങ്ങളുമായി കൂടുതൽ ആത്മബന്ധം സ്‌ഥാപിച്ചെടുക്കുകയും ഇവിടെ നിന്ന് ഒഴിഞ്ഞു പോകാൻ വൈമനസ്യം കാണിച്ചു തുടങ്ങുകയും ആയപ്പോൾ ചെറിയ ചെറിയ അയവോടെ ലോക്ക്ഡൗൺ നീണ്ടു നീണ്ടു പോയി. 65 വയസ്സിനു മുകളിൽ പ്രായം ഉള്ളവരും 10 വയസ്സിനു താഴെയുള്ളവരും വീട്ടു തടങ്കലിൽ തന്നെ അപ്പോഴും അടഞ്ഞു കിടക്കേണ്ടി വന്നു. പാർക്കും ബീച്ചും അമ്പലങ്ങളും പുറം കാഴ്ചകളും എനിക്കും കൊച്ചുമകൾക്കും നിഷിധ്യമായി. അയവ് ഞങ്ങൾക്ക് ആശ്വാസ മരുഭൂമിയില്ല.

അടുത്തൊരു ദിവസം അത്യാവശ്യ കാര്യത്തിനായി പുറത്ത് പോകേണ്ടി വന്നപ്പോൾ ആരോഗ്യ വകുപ്പിന്‍റെ നിബന്ധനകൾ എല്ലാം അനുസരിച്ച് ഞാൻ മുഖാവരണം ധരിക്കുമ്പോൾ ശിഖ ഓർമ്മിപ്പിച്ചു. “അച്‌ഛൻ ടൗണിൽ നിന്നും മടങ്ങി വരുമ്പോൾ ഒരു ബോൾ വാങ്ങിച്ചു കൊണ്ടു വരണംട്ടൊ…. ദീത്യയ്ക്ക് കളിക്കാനാണ്.” ദീത്യയുടെ ആവശ്യമായതിനാൽ മറക്കാൻ പാടില്ലല്ലോ? ഞാൻ ബോൾ… ബോൾ… ബോൾ… എന്ന് മനസ്സിൽ ഉരുവിട്ടു കൊണ്ട് തന്നെ നടന്നു.

മകളുടെ ആവശ്യത്തെക്കാൾ പേരകുട്ടിയുടെ സന്തോഷത്തെ മനസ്സിൽ കണ്ടു കൊണ്ടാണ് ഞാൻ മടങ്ങി വന്നത്. വിവിധ വർണത്തിലുള്ള ബോൾ മകൾക്കു കൈമാറുമ്പോൾ ദീത്യയുടെ മുഖമാണ് ശ്രദ്ധിച്ചത്. ഇരുവരുടെയും മുഖത്തെ വിസ്മയം എന്‍റെ മനസ്സിനും കുളിരേകി.

പന്തു കിട്ടിയ സന്തോഷത്താൽ പുതിയ കളി തുടങ്ങാനായി ശിഖ മകളെയും കൂട്ടി മുറ്റത്തേക്കിറങ്ങി. മുറ്റത്തിന്‍റെ ഒരു ഭാഗത്ത് മകളെ നിർത്തി പന്തുകളിയുടെ ബാല പാഠങ്ങൾ വിവരിച്ചു കൊടുത്തു കൊണ്ടിരുന്നു. അമ്മ അവിടെ നിന്ന് കാലു കൊണ്ട് മോളുടെ അടുത്തേക്ക് പന്ത് അടിച്ചു തരും. മോളുടെ അടുത്ത് പന്ത് എത്തിയാൽ കാലു കൊണ്ട് അമ്മയുടെ അടുത്തേക്ക് അടിച്ചു തരിക. കളിയുടെ വശങ്ങളെക്കുറിച്ച് ദീത്യയ്ക്ക് കളിയിലൂടെ തന്നെ മനസ്സിലാക്കി കൊടുത്തു കൊണ്ടിരുന്നു. ഏതാനും സമയം അമ്മയുടെ ഇംഗീതമനുസരിച്ച് പന്ത് അടിച്ചു കൊടുത്തതിനു ശേഷം തൃപ്തി വരാതെ മകൾ ഓടി പോയത് തന്‍റെ പഴയ കളിയിലേക്ക് തന്നെ. കല്ലുകൾ എടുത്ത് വാരിയെറിയുന്നതിനായി.

മകൾ അടിച്ചു തെറിപ്പിച്ച പന്ത് എടുത്ത് മകൾക്ക് പിന്നാലെ ചെന്ന അമ്മ ശാസന രൂപത്തിലാണ്. ദീത്യയോട് പറഞ്ഞത് “ അച്ഛാച്ഛൻ കണ്ടാൽ ചീത്ത പറയും…വാ… നമുക്ക് ഇവിടെ ഇരുന്ന് കളിക്കാം.” ശിഖ പരന്നു കിടന്നിരുന്ന മെറ്റലിൽ ഇരുകാലുകളും കൂട്ടി ചമ്രം പടിഞ്ഞിരുന്നു.

മനസ്സിൽ എന്തോ ആലോചിച്ചെടുക്കും പോലെ ദീത്യ ഏതാനും നിമിഷം മൗനിയായി നിന്നു. അടുത്ത നിമിഷം അമ്മയുടെ അരികിലേയ്ക്ക് ഓടി വന്ന് അമ്മയുടെ കൈകൾ പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു.

അമ്മ വന്ന് അവിടെ നിൽക്കൂ. മകൾ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് ശിഖ നോക്കി. മകൾക്കു എതിർ ദിശയിലേക്കാണ് വിരൽ ചൂണ്ടിയിരുന്നത്. അവൾ തുടർന്ന്, ഞാൻ ഇവിടെ നിന്ന് എറിയുന്ന കല്ലുകൾ അമ്മ അവിടെ നിന്ന് പെറുക്കി ഇങ്ങോട്ടെറിയുക. അപ്പോൾ അച്ഛാച്ഛൻ ചീത്ത പറയില്ല.

തികച്ചും അപ്രതീക്ഷിതമായിരുന്നു ദീത്യയുടെ ഈ മറുപടി. മകളുടെ ഈ വാക്കുകൾ അമ്മയുടെ മനസ്സിൽ അസ്വാസ്‌ഥ്യം കലർത്തിയെങ്കിലും ഒരു കോംമ്പ്രമൈസിന്‍റെ സുഖം ആ വാക്കുകളിൽ നിന്ന് അമ്മ മനസ്സ് ചികഞ്ഞെടുത്തു. മനസ്സിനെ ഒരു നിമിഷം നിയന്ത്രിച്ച് മകളെ കെട്ടി പിടിച്ചു നെറ്റിയിൽ തുരുതുരാ ചുംബിച്ചു കൊണ്ടിരുന്നു.

അകലെ നിന്ന് ഇതെല്ലാം വീക്ഷിച്ചു കൊണ്ടിരുന്ന എന്നെ നോക്കി മകൾ ശിഖ പറഞ്ഞു. എങ്ങിനെ ഒരു പ്രശ്നം കോമ്പ്രമൈസ് ചെയ്യാം എന്നുള്ള അറിവ് ഇപ്പോൾ തന്നെ അവളുടെ മനസ്സിൽ ഉണർന്നല്ലോ.

മകളുടെ വാക്കുകൾ കേട്ട് എന്‍റെ മനസ്സിൽ നുരഞ്ഞു പൊന്തിയ ചിരിയെ കൊച്ചുമകൾ കാണാതിരിക്കാൻ ചുണ്ടുകൾ കടിച്ചമർത്താൻ ഞാനും പാടു പെടുന്നുണ്ടായിരുന്നു.

മൈക്രോവേവിൽ പാസ്റ്റിക് പാത്രം വയ്ക്കരുതേ

പ്ലാസ്റ്റിക് ബൗളിൽ ഭക്ഷ്യവസ്‌തുക്കൾ അടച്ച് വച്ച് മൈക്രോവേവ് ഓവനിൽ പാചകം ചെയ്‌ത് കഴിച്ചാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ? വന്ധ്യത, പ്രമേഹം, അമിതവണ്ണം, കാൻസർ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇതിട വരുത്തുമോ?

പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷ്യവസ്തുക്കൾ മൈക്രോവേവിൽ പാകം ചെയ്‌തോ ചൂടാക്കിയോ കഴിച്ചാൽ ഉയർന്ന രക്‌തസമ്മർദ്ദമുണ്ടാകുമെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്. ഇത് പ്രത്യുല്പാദനശേഷിയേയും ബാധിക്കും. മസ്‌തിഷ്കത്തിന്‍റെ പ്രവർത്തന ശൃംഖലയേയും ഇത്തരം ഭക്ഷണശീലം ബാധിക്കും. അതായത് മൈക്രോവേവ് ഓവനിൽ പ്ലാസ്റ്റിക് പാത്രം ചൂടാവുമ്പോൾ പ്ലാസ്റ്റിക്കിലുള്ള രാസവസ്‌തുക്കളിൽ 95 ശതമാനവും സ്രവിക്കും.

ആരോഗ്യത്തിന്‍റെ ശത്രു

പ്ലാസ്റ്റിക് പാത്രങ്ങൾ നിർമ്മിക്കുന്നതിനായി വിസ്ഫെനോൾ എ എന്ന രാസ വസ്‌തു ഉപയോഗിക്കാറുണ്ട്. ഈ രാസവസ്തു പൊതുവെ ബിപിഎ എന്ന പേരിലാണ് അറിയപ്പെടുന്നത്. വന്ധ്യത, ഹോർമോൺ അസന്തുലിതാവസ്‌ഥ, കാൻസർ തുടങ്ങിയ രോഗങ്ങൾക്ക് ഈ രാസവസ്തു ആക്കം കൂട്ടും. വ്യക്‌തിയുടെ ലൈംഗിക സ്വഭാവത്തിലും മാറ്റങ്ങൾ സൃഷ്ടിക്കും. അതായത് പൗരുഷ ഗുണങ്ങളെ കുറയ്ക്കുമെന്നർത്ഥം. മസ്‌തിഷ്ക ഘടനയേയും ഇത് ദോഷകരമായി ബാധിക്കും. പൊണ്ണത്തടിക്കും ഇത് കാരണമാകാം. പ്ലാസ്റ്റിക് പാത്രത്തിൽ ഭക്ഷ്യവസ്തുക്കൾ മൈക്രോവേവിൽ വച്ച് പാകം ചെയ്യുമ്പോൾ പ്ലാസ്റ്റിക്കിലുള്ള രാസവസ്‌തുക്കൾ ഓവനിന്‍റെ ചൂടിൽ അലിഞ്ഞ് ഭക്ഷ്യപദാർത്ഥങ്ങളിൽ അലിഞ്ഞു ചേരുന്നു. മൈക്രോവേവിൽ ഏത് തരം പ്ലാസ്റ്റിക് പാത്രം വയ്ക്കുന്നതും സുരക്ഷിതമല്ല. മൈക്രോവേവിൽ ഉപയോഗിക്കുന്ന ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് പാത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മറ്റ് തരം പ്ലാസ്റ്റിക് പാത്രങ്ങൾ അപകടം കുറഞ്ഞവയായിരിക്കും. അവയിലൊക്കെ വളരെ കുറച്ചേ ഹാനികരകങ്ങളായ രാസവസ്തുക്കളെ ഉപയോഗിക്കുന്നുള്ളൂ.

മൈക്രോവേവിന്‍റെ ഉപയോഗം പല അപകടങ്ങളേയും ക്ഷണിച്ചു വരുത്തും. മൈക്രോവേവ് ഉപയോഗിക്കുമ്പോൾ ഹാനികാരകങ്ങളായ വികിരണങ്ങൾ ഉണ്ടാകും. എന്നാലും ഭൂരിഭാഗം കേസുകളിലും മൈക്രോവേവിലുള്ള പാചകവും ഭക്ഷണം ചൂടാക്കലുമൊന്നും അത്ര അപകടകരമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മൈക്രോവേവിൽ തെറ്റായ പാത്രങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ചില്ല് പാത്രങ്ങൾ കൂടുതൽ സുരക്ഷിതം

ഭക്ഷണം വിളമ്പി വയ്ക്കാൻ ചില്ല് പാത്രങ്ങൾ ഉപയോഗിക്കുന്നത് തീർത്തും സുരക്ഷിതമാണ്. ചൂടായാലും ചില്ല് പാത്രങ്ങളിൽ രാസവസ്‌തുക്കൾ സ്രവിക്കുകയില്ല. പ്ലാസ്റ്റിക് പാത്രങ്ങൾ സർവ്വസാധാരണമായതിനാൽ അവയുടെ ഉപയോഗം ഫലപ്രദമായി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതാണ് നല്ലത്. പ്ലാസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കുകയും കുറയ്ക്കുകയും ചെയ്യുന്നതു വഴി ശരീരത്തിൽ വിഷപദാർത്ഥങ്ങൾ പ്രവേശിക്കുന്നത് തടയാനാവും.

– ഡോ. നതാഷാ ഗുപ്ത

ഗൈനക്കോളജിസ്റ്റ് ആന്‍റ് ഐവിഎഫ് എക്സ്പെർട്ട്, ഇന്ദിരാ ഐവിഎഫ് ഹോസ്പിറ്റൽ ന്യൂഡൽഹി

സന്ധിവേദന

ഇരിക്കുന്ന രീതി കൊണ്ടും മുട്ട് വേദനയുണ്ടാവാം. പലപ്പോഴും ഇരിപ്പിലും നടപ്പിലുമുള്ള തെറ്റായ രീതികൾ കൊണ്ട് മുട്ട് വേദനയുണ്ടാകാം. ചില കാര്യങ്ങൾ ശ്രദ്ധിക്കുന്ന പക്ഷം ഈ പ്രശ്നത്തിൽ നിന്നും മോചനം നേടാം.

കോവിഡ് – 19 മൂലമുണ്ടായ ലോക്ക്ഡൗൺ വേളയിൽ സന്ധിവേദനയുള്ള സ്ത്രീകളുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. സാധാരണ ദിനങ്ങളെ അപേക്ഷിച്ച് ലോക്ക്ഡൗൺ വേളയിൽ സ്ത്രീകൾക്ക് മുട്ട് വേദനയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിരിക്കുകയാണ്.

മുട്ട് വേദന, സന്ധിവേദന മൂലം അവർക്ക് നടക്കാനും ഇരിക്കാനും പ്രത്യേകിച്ച് കോണിപ്പടികൾ കയറാനും ബുദ്ധിമുട്ട് ഉണ്ടായിരിക്കുകയാണ്. മുട്ട് വേദനയ്ക്കുള്ള പ്രധാന കാരണം സന്ധി വാതമാണ്. മാത്രവുമല്ല നടപ്പിലും ഇരിപ്പിലുമുള്ള രീതികൾ ഒരു പരിധി വരെ ഈ പ്രശ്നത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്. പതിവ് ദിനചര്യയിലെ ചെറിയ കാര്യങ്ങൾ പോലും മുട്ട് വേദനയുണ്ടാക്കാം.

മുട്ട് മടക്കി ഇരിക്കാനും ചമ്രം പടിഞ്ഞിരിക്കാനും ശീലമുള്ളവരാണ് ഇന്ത്യയിലെ ആളുകൾ. സാമൂഹ്യഭോജനത്തിനായാലും വീട്ടു ജോലികൾ ചെയ്യുന്ന അവസരത്തിലും പരസ്പരം കൂട്ടം കൂടിയിരുന്ന് സംസാരിക്കുമ്പോഴുമൊക്കെ സ്ത്രീകൾ മുട്ട് മടക്കിയിരിക്കും. എന്തിന് ഇന്ത്യൻ ടോയ്‍ലെറ്റ് ഉപയോഗിക്കുന്ന വേളയിലും അവർക്ക് മുട്ട് മടക്കേണ്ടി വരും. ഇരിക്കുന്ന ഈ ശൈലി നമ്മുടെ ശീലങ്ങളിൽ പ്രശസ്തമാണ്. ഈ ശീലം കാരണം ഇവിടെയുള്ള ആളുകൾ കസേര, സോഫ എന്നിവ ഉപയോഗിക്കുന്നതും കുറവാണ്. ഇത്തരം ഇരിപ്പു ശീലങ്ങൾ മുട്ടിന്‍റെ അവസ്‌ഥയെ വഷളാക്കുന്ന സാഹചര്യമുണ്ടാക്കുന്നു. ഇതിന്‍റെ ലക്ഷണങ്ങൾ വളരെ വേഗം പ്രകടമാകില്ലെങ്കിലും പ്രായമേറുന്നതിനനുസരിച്ച് മുട്ടുകളിൽ പ്രശ്നമുണ്ടായി തുടങ്ങുന്നു.

ഇതും അറിയുക

നല്ല രോഗപ്രതിരോധശേഷിക്കായി എന്തെല്ലാം കഴിക്കാം? ഭൂരിഭാഗം സമയവും ഇരുന്ന് ജോലി ചെയ്യു, വളരെ കുറച്ചുള്ള നടപ്പ്, അമിത വണ്ണം, വെയിലുമായുള്ള കുറഞ്ഞ സമ്പർക്കം, ജങ്ക് ഫുഡ് കഴിക്കുക, വിറ്റാമിൻ ഡിയുടെ കുറവ് എന്നിവ മൂലമാണ് സന്ധിവേദന ഉണ്ടാകുക. തുടക്കത്തിൽ മുട്ടുകളിൽ വേദനയനുഭവപ്പെടുകയും നടക്കാനും ഇരിക്കാനും ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യും. എന്നാൽ പ്രശ്നം ഗുരുതരമാവുന്നതോടെ രോഗിക്ക് നടക്കാനും ഇരിക്കാനുമൊക്കെ വലിയ പ്രയാസമായി മാറും.

രാജ്യത്ത് പൊതുവേ 40 വയസിന് മേൽ പ്രായമുള്ളവരിലാണ് മുട്ട് സംബന്ധമായ പ്രശ്നം കണ്ടുവരുന്നത്. എന്നാൽ പുരുഷന്മാരിൽ പ്രായമേറുമ്പോഴാണ് പ്രശ്നമുണ്ടാവുക. ഏകദേശം 90 ശതമാനം ഇന്ത്യൻ സ്ത്രീകളിൽ വിറ്റാമിൻ ഡിയുടെ അഭാവം കണ്ടുവരുന്നു. ബോൺ മെറ്റബോളിസം നിയന്ത്രിക്കുന്നതിന് വിറ്റാമിൻ ഡി നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്.

മുട്ടിൽ വേദനയോ കോച്ചിപ്പിടുത്തമോ നടക്കുമ്പോഴോ ഇരിക്കുമ്പോഴോ മുട്ടിൽ നിന്നും ശബ്ദം വരുന്നുണ്ടെങ്കിലോ സന്ധിവാതത്തിന്‍റെ ആരംഭമാണെന്ന് അനുമാനിക്കാം. പ്രശ്നം തുടങ്ങി കഴിഞ്ഞാൽ ഇരിക്കുന്ന രീതിയിൽ മാറ്റം വരുത്താം. ഇരിക്കുമ്പോൾ മുട്ട് വളയ്ക്കാൻ പ്രയാസം ഉണ്ടാകും. അത് മുട്ടിന്‍റെ ആകൃതിയിൽ മാറ്റം ഉണ്ടാകും.

ഈ പ്രശ്നത്തിൽ നിന്നും മോചനം നേടുന്നതിന് വ്യായാമം ചെയ്യുകയെന്നതാണ് ഏറ്റവും മികച്ച പരിഹാരം. അസുഖത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ രോഗികൾക്ക് സ്റ്റാറ്റിക് ക്വാഡ്രിസ്പ്സ് വ്യായാമം, സൈക്കിളോടിക്കൽ, നീന്തൽ എന്നീ മൂന്ന് വ്യായാമങ്ങൾ മികച്ചതാണ്. വ്യായാമത്തിലൂടെ സന്ധികളിലെ മാംസപേശികൾക്ക് നല്ല ബലം കിട്ടും. ഫള്ക്സിബിലിറ്റി നിലനിർത്തും. സന്ധികൾക്ക് നല്ല സപ്പോർട്ടും ലഭിക്കും.

അമിതവണ്ണം നിയന്ത്രിക്കുന്നതിനായി ഭക്ഷണം സന്തുലിതമാക്കാം. കായികമായി ആക്ടീവായിരിക്കാൻ ശ്രദ്ധ നൽകാം. ശരീരഭാരം കുറയ്ക്കുന്നതിലൂടെ സന്ധികൾക്ക് മേലുള്ള സമ്മർദ്ദം കുറയും. ഇതിന് പുറമെ വിറ്റാമിൻ ഡി ആവശ്യമായ അളവിൽ ശരീരത്തിൽ ലഭ്യമാക്കാം.

ഡിസൈനർ ട്രിക്സ്

സാധാരണക്കാരായ ആളുകൾ പോലും വീടു വയ്ക്കുമ്പോൾ അത് തങ്ങളുടെ അഭിരുചിയ്ക്ക് അനുസരിച്ച് ഏറ്റവും മനോഹരമാക്കാനാണ് ആഗ്രഹിക്കുക. പക്ഷേ ആഗ്രഹങ്ങൾ പലതും അറിവില്ലായ്മയിലും ബജറ്റിലും മണ്ടൻ ഐഡിയ ഉപദേശിക്കുന്നവരുടെ ബുദ്ധിയിലും തട്ടി തടഞ്ഞ് വീഴാറാണ് പതിവ്. വീടിന്‍റെ ശാന്തവും മനോഹരവുമായ ഇന്‍റീരിയറാണ് ഒരു വീടിനെ പാർക്കുന്നവരുടെ സ്വർഗ്ഗം ആക്കുന്നത്. യുവ ആർക്കിടെക്റ്റ് ശാലിനിയും സിവിൽ എഞ്ചിനീയർ ദീപുവും നൽകുന്ന ഡിസൈനർ സീക്രട്ട്സ് നിങ്ങളുടെ വീടിനെ മാറ്റി മറിക്കാതിരിക്കില്ല. സ്നേഹമുള്ള ആർക്കും സ്നേഹം തോന്നുന്ന വീട് ഇങ്ങനെ ഒരുക്കാം…

  • എന്തെങ്കിലും പ്രത്യേക ആവശ്യത്തിനു വേണ്ടിയാവണം ഒരു സ്പേസ് ഡിസൈൻ ചെയ്യേണ്ടത്. അല്ലാതെ നിങ്ങളുടെ ഫർണീച്ചർ കളക്ഷൻ കുത്തി നിറയ്ക്കാൻ വേണ്ടിയാവരുത്. ഒഴിഞ്ഞയിടതെല്ലാം ഫർണീച്ചറുകളും മറ്റും നിരത്തിയിട്ടാൽ ആ സ്പേസിന്‍റെ ചാം പോകും. അതിനാൽ നിങ്ങളുടെ വീടിന്‍റെ സൗകര്യത്തിനിണങ്ങിയ സാധനങ്ങൾ മാത്രം വാങ്ങുക.
  • സൗന്ദര്യാത്മകതയും പ്രായോഗികതയും പരസ്പരം പൂരകങ്ങളാണ്. മനോഹരമായ ആർട്ട് വർക്കുള്ള ഒരു ഫർണീച്ചർ ഇഷ്ടപ്പെട്ട് വാങ്ങുമ്പോൾ അതിന്‍റെ ഉപയോഗവശവും ചിന്തിക്കണം. അതിൽ ഒരിക്കലും കോപ്രമൈസ് പാടില്ല. ഉദാ: ഒരു സോഫ റിലാക്സ് ചെയ്യാൻ ധാരാളമാണ്. പക്ഷേ അതൊരു ആർട്ട് പീസിന്‍റെ ഉപയോഗത്തിനായി ഏതെങ്കിലും സ്പേസിൽ കൊണ്ടു വയ്ക്കരുത്. സ്പെയ്സ് എൻഹാൻസ് ചെയ്യാനായി വാൾ ആർട്ട്, ലാമ്പ് ഷേയ്ഡുകൾ എന്നിവ ഉപയോഗിക്കാമല്ലോ. മൂഡ് ക്രിയേറ്റ് ചെയ്യാൻ ഇതുപ്പോലുള്ള സാധനങ്ങൾ മാത്രം ഉപയോഗിക്കുക.
  • അകത്തേക്ക് കടന്നു വരുന്ന ഇടം അല്ലെങ്കിൽ എൻട്രി സ്പേസ് എൻട്രൻസ് ഹാൾ എപ്പോഴും സ്വച്ഛവും വരവേൽക്കുന്ന മൂഡിലുള്ളതുമായിരിക്കണം. നിങ്ങളുടെ അഭിരുചിയ്ക്ക് അനുസരിച്ച് അവിടെ കുറച്ച് ഡെക്കറേഷൻ ആവാം. വാൾ ഹാഗിംഗ്, ആർട്ട് വർക്കുകൾ നിങ്ങൾ തന്നെ തയ്യാറാക്കിയ പെയിന്‍റിംഗുകൾ മുതലായവ വയ്ക്കാം.
  • അധികം റിഫ്ളക്ഷൻ നല്ലതല്ലെങ്കിലും കണ്ണാടി നോക്കാൻ മാത്രമുള്ളതല്ല പ്രതിഫലിപ്പിക്കാൻ കൂടിയുള്ളതാണെന്ന ബോധ്യം ഇന്‍റീരിയർ ചെയ്യുമ്പോൾ ഉണ്ടാവണം. ബെഡ് റൂമിൽ വാൾ ഹാംഗിംഗ് പോലെ കണ്ണാടി സ്‌ഥാപിക്കാം. പാസേജിലും കൗണ്ടർ ഡാഡോവാളിലും പല വലുപ്പത്തിലുള്ള കണ്ണാടി ആവാം. ഇടുങ്ങിയ ഇടങ്ങൾക്ക് ഡെപ്ത് തോന്നിക്കാൻ കണ്ണാടി തൂക്കുന്നത് സഹായിക്കും.
  • അടുക്കളയെ ഡൈനിംഗുമായി എന്തുകൊണ്ട് ക്ലബ് ചെയ്‌തു കൂടാ? സ്‌ഥലം ലാഭിക്കുന്നത് ഒരു പ്രശ്നമാണിത്. അതു പരിഹരിക്കാൻ ഡൈനിംഗിനോട് കൂട്ടിയിണക്കിയ ഓപ്പൺ കിച്ചൺ ആവാം. ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ സ്‌ഥാപിക്കുന്നത് പാശ്ചാത്യ രീതിയാണെങ്കിലും അതും സ്‌ഥലപരിമിതിയുള്ളവർക്ക് ഡൈനിംഗായി ഉപയോഗപ്പെടുത്താം.
  • ക്രോസ് വെന്‍റിലേഷൻ പരമപ്രദാനമാണ്. ഒരു ദ്വാരം പോലും വലിയ വ്യത്യാസം ഉണ്ടാകാം. പണ്ടുള്ളവർ വീടുകളിൽ കർണസൂത്രം എന്ന പേരിലൊക്കെ ചുമരിൽ ദ്വാരം നിർമ്മിച്ചിരുന്നു. കാറ്റും വെളിച്ചവും ലഭിക്കാനായി. ക്രോസ് വെന്‍റിലേഷനായി നിശ്ചിത വലുപ്പത്തിലുള്ള ജനാലകളും വാതിലുകളും തന്നെ വേണമെന്നില്ല എന്നർത്ഥം. ഈ കാര്യത്തിൽ യാതൊരു ഒത്തുതീർപ്പും പാടില്ല.
  • വീടിനു വ്യക്തിത്വം നൽകാനായി മുഴുവൻ ഭാഗവും പെയിന്‍റ് അടിക്കണമെന്ന ചിന്ത പഴഞ്ചനാണ്. പ്രത്യേകിച്ച് മുറി വളരെ സിമ്പിളായിട്ടുള്ള സ്റ്റെൻസിൽ ആർട്ട് വർക്ക് ചുമരിൽ ചെയ്‌താൽ തന്നെ നല്ല മൂഡ് ക്രിയേറ്റ് ചെയ്യാൻ സാധിക്കും.
  • വീട്ടിലെ ശാന്തമായ ഇടം കാണാനും തൊടാനും മാത്രമല്ല കേൾക്കാനും സാധിക്കും! പുറത്തെ ബഹളമയവും അലോസരപ്പെടുത്തുന്നതുമായ ശബ്ദങ്ങളിൽ നിന്ന് മോചനം നേടാൻ വീട്ടിൽ വാട്ടർ വാൾ അല്ലെങ്കിൽ വിന്‍റ് ചൈം സ്‌ഥാപിക്കാം.
  • സ്‌ഥല പരിമിതി മറികടക്കാനായി റോബ് ഹുക്ക്സിനു പ്രധാന പങ്കുവഹിക്കാനാവും. ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഇടങ്ങളായ വാതിലിന്‍റെ പിറകുവശം, വാർഡ്രോബ് ഷട്ടർ ഒക്കെ ഇതിനു അനുയോജ്യമായിരിക്കും.
  • മുറികൾക്ക് ഒരേ കളർ തീം കൊടുക്കുന്നതാണ് പലർക്കും പറ്റുന്ന തെറ്റ്. ഇങ്ങനെ ഒരിക്കലും ചെയ്യരുത്. ഫർണീച്ചറുകൾക്ക് ഒരേ ടോൺ കൊടുക്കാമെങ്കിലും സോഫ്റ്റ് ഫർണീച്ചറുകളായ കർട്ടൺ, ബെഡ് ഷീറ്റുകൾ, പില്ലോ കവർ എന്നിവയ്ക്ക് വർണ്ണ വൈവിധ്യം നൽകാം. ഇങ്ങനെ ഫർണീച്ചറുകൾ മാറ്റാതെയും വൈവിധ്യം നിലനിർത്താം.
  • അടുക്കളയിലെ ഗോൾഡൻ ട്രയാങ്കിൾ സ്‌ഥല പരിമിതി മറികടക്കാൻ സഹായകമാണ്. ഹോബ്-സിങ്ക്- ഫ്രിഡ്ജ് (കുക്കിംഗ്, ക്ലീനിംഗ്, സ്റ്റോറേജ്) എന്നിവയുടെ ശരിയായ വിനിയോഗം അടുക്കള ഉപകരണങ്ങൾ വളരെ നന്നായി ഫിക്സ് ചെയ്യാനും അതുവഴി പാചകം സൗകര്യപ്രദമാക്കാനും സാധിക്കുന്നു.
  • കുളിമുറി പോലുള്ള വീട്ടിലെ അതീവ സ്വകാര്യ ഇടങ്ങൾ വൃത്തിയുള്ളതും മനോഹരവും ആയാൽ അത് നിങ്ങളുടെ പ്രഭാതങ്ങളെ ഉൻമേഷമുള്ളതാക്കും. പക്ഷേ ടോയ്‍ലെറ്റുകളുടെ ഇന്‍റീരിയർ പലരും അവഗണിക്കാറാണ് പതിവ്. വളരെ സിബിളായി അവിടം ഹൈലൈറ്റ് ചെയ്യാവുന്നതേയുള്ളൂ. ഇൻഡോർ പ്ലാന്‍റ്, വാൾ ഡാഡും എന്നിവയൊക്കെ വയ്ക്കാം.
  • സുഖപ്രദമായ ഇടത്തിരുന്ന് ടെലിവിഷൻ കാണുന്നതാണ് എന്തുകൊണ്ടും നല്ലത്. ടിവി കാണാൻ നിങ്ങളിരിക്കുമ്പോൾ ഐ ലെവൽ സ്ക്രീനിന്‍റെ സെന്‍ററിലായി വരും വിധം ആ ഇടം ഒരുക്കണം.
  • ഫാൾസ് സീലിംഗ് ചെയ്യുമ്പോൾ വായു സഞ്ചാരത്തിനായി നിർമ്മിക്കുന്ന എയർ ഹോളിനെപ്പറ്റി മറന്നു പോകരുത്. പലരും ഫോൾസ് സീലിംഗ് ചെയ്യുമ്പോൾ എയർഹോൾ അവഗണിക്കാറുണ്ട്. അടച്ചു കളയുന്നവിധം ചെയ്യുന്നവരുമുണ്ട്. ഇത് പാടില്ല. ചൂട് കൂടാനും വായുസഞ്ചാരം നിലയ്ക്കാനും ഇതിടവരുത്തും. എസി ബില്ല് കൂടും.
  • നിങ്ങളുടെ വീട് ശ്വസിക്കട്ടെ. എപ്പോഴും വീട് വയ്ക്കുമ്പോൾ മിനിമം സ്‌ഥലം പിന്നീട് കൂട്ടി ചേർക്കലുകൾക്കായി ഒഴിച്ചിടണം. ഇല്ലെങ്കിൽ എന്താണ് കുഴപ്പം എന്നു വച്ചാൽ ഭാവിയിൽ വീടിന്‍റെ സൺഷെയ്ഡ് അയൽക്കാരന്‍റെ തൊടിയിലേയ്ക്ക് എത്തി നോക്കും. വീടിനു ശ്വസിക്കാനിട നൽകണം. ചുറ്റിലുമുള്ള നിലം സ്‌ഥിരമായ സീലിംഗ് ചെയ്യരുത്. ഉദാ: കോൺക്രീറ്റ് ഇടുക.

ഫിഷ് പെരളൻ

ഏതു നാട്ടിൽ ചെന്നാലും വീട്ടിലെ ഭക്ഷണം ഒരു വികാരമാണ്.  പരമ്പരാഗതമായി നമ്മുടെ അടുക്കളയിൽ തയ്യാറാക്കുന്ന നാടൻ വിഭവങ്ങളുടെ സ്വാദ് ഒന്നു വേറെ തന്നെയാണ്. അത്തരം വിഭവങ്ങളെ പരിചയപ്പെടാം. ഇത് രുചിയുടെ നൊസ്റ്റാൾജിയ!

പരമ്പരാഗത കറി വിഭവങ്ങളിൽ ധാരാളം പേരുടെ ഇഷ്ടപ്പെട്ട വിഭവമാണ് മീന്‍ കറി.  ഫിഷ് പെരളന്‍ ഉണ്ടാക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

മീൻ ഒരു കിലോ കഷണങ്ങളാക്കിയത്

എണ്ണ അര കപ്പ്

മല്ലി 2 ടീസ്പൂൺ വറുത്തത്

കടുക് ഒരു ടീസ്പൂൺ

ഉലുവ കാൽ ടീസ്പൂൺ

സവാള നേർത്തതായി അരിഞ്ഞത് ഒന്നര കപ്പ്

മുളകുപൊടി ഒരു ടേബിൾ സ്പൂൺ

മല്ലിപ്പൊടി ഒരു ടീസ്പൂൺ

മഞ്ഞൾപ്പൊടി അര ടീസ്പൂൺ

വാളൻ പുളി ഒരു നാരങ്ങാ വലിപ്പ ത്തിൽ വെള്ളത്തിൽ കുതിർക്കുക

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക. അതിൽ മല്ലിയും കടുകും ഉലുവയും ഇട്ട് വറുക്കുക. അത് വറുത്ത് പൊട്ടുമ്പോൾ സവാള അരിഞ്ഞതിട്ട് നല്ലവണ്ണം വഴറ്റുക.

ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി ഇവ ചേർത്ത് വെള്ളം ചേർത്ത് മിക്സ് ചെയ്യുക. ചെറുതീയിൽ നന്നായി വഴറ്റുക. നല്ല മസാല മണം വരുന്നതോടെ മീൻ കഷണങ്ങൾ ഇതിലേക്ക് ഇട്ട് ശ്രദ്ധയോടെ എല്ലാം മിക്സ് ചെയ്യുക.

ഇനി പുളി വെള്ളവും ഉപ്പും ചേർക്കാം. ആവശ്യമെങ്കിൽ കുറച്ച് വെള്ളം കൂടി ചേർത്ത് അടച്ചവച്ച് പാകം ചെയ്യുക.

ഗ്രേവി കുറുകുമ്പോൾ കറിവേപ്പില കൂടി ചേർത്ത് അടച്ച് പാകം ചെയ്യുക. ഗ്രേവി അൽപം കുറുകി വറ്റുമ്പോൾ ഗ്യാസ് ഓഫാക്കി കറി താഴെ ഇറക്കി വയ്ക്കാം.

മീൻ പെരളൻ റെഡി. ചപ്പാത്തിക്കോ ചോറിനോ ഒപ്പം ഇത് നല്ലൊരു കോമ്പിനേഷനാണ്.

ചിക്കൻ പെരട്ട്

ഏതു നാട്ടിൽ ചെന്നാലും വീട്ടിലെ ഭക്ഷണം ഒരു വികാരമാണ്.  പരമ്പരാഗതമായി നമ്മുടെ അടുക്കളയിൽ തയ്യാറാക്കുന്ന നാടൻ വിഭവങ്ങളുടെ സ്വാദ് ഒന്നു വേറെ തന്നെയാണ്. അത്തരം വിഭവങ്ങളെ പരിചയപ്പെടാം. ഇത് രുചിയുടെ നൊസ്റ്റാൾജിയ!

കേരളത്തിലെ പരമ്പരാഗത കറി വിഭവങ്ങളിൽ ധാരാളം പേരുടെ ഇഷ്ടപ്പെട്ട വിഭവമാണ് ചിക്കന്‍ കറി.  വേറിട്ട രീതിയില്‍ ചിക്കന്‍ ഉണ്ടാക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

ചിക്കൻ ഒരു കിലോ ചെറിയ കഷണങ്ങളാക്കിയത്

മല്ലിപ്പൊടി 2 ടേബിൾ സ്പൂൺ

കാഷ്മീരി മുളകുപൊടി ഒരു ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ

സവാള 1 നേരിയതായി അരിഞ്ഞത്

ചെറിയ ഉള്ളി 10-15 എണ്ണം നേരിയ തായി അരിഞ്ഞത്

വറ്റൽമുളക് രണ്ട്

പച്ചമുളക് മൂന്ന് ചെറുതായി മുറിച്ചത്

ഇഞ്ചി 2 മീഡിയം സൈസ് അരിഞ്ഞത്

വെളുത്തുള്ളി 6 അല്ലി നന്നായി അരച്ചത്

ഗരംമസാല ഒരു ടീസ്പൂൺ

പെരുംജീരകം മുക്കാൽ ടീസ്പൂൺ

കുരുമുളകുപൊടി ഒരു ടീസ്പൂൺ

തേങ്ങാക്കൊത്ത് കാൽ കപ്പ്

കടുക് അര ടീസ്പൂൺ

കറിവേപ്പില ഒരു തണ്ട്

എണ്ണ ആവശ്യത്തിന്

വെള്ളം ആവശ്യത്തിന്

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ മിക്സിയിൽ നന്നായി അരച്ചെടുക്കുക.

കഴുകി വൃത്തിയാക്കിയ ചിക്കൻ കഷണങ്ങളിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല, പെരുംജീരകം പൊടിച്ചത്, കുരുമുളകുപൊടി, ഉപ്പ് എന്നിവയ്ക്കൊപ്പം അരച്ച ഈ പേസ്റ്റ് പുരട്ടുക. അതിനുശേഷം 15-20 മിനിറ്റുനേരം ചിക്കൻ അടച്ച് വയ്ക്കുക.

ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കി അതിൽ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് വറ്റൽ മുളക്, കറിവേപ്പില എന്നിവ ഇടുക. തുടർന്ന് സവാള അരിഞ്ഞത് ഇട്ട് വഴറ്റുക.

തുടർന്ന് മാരിനേറ്റ് ചെയ്ത ചിക്കൻ ഇട്ട് 2-3 മിനിറ്റ് നേരം ഇളക്കുക. ശേഷം അടച്ച് 10 മിനിറ്റ് നേരം പാകം ചെയ്യാം. ശേഷം മീഡിയം ഫ്ളെയിമിൽ ഇടയ്ക്ക് ഇളക്കി അതിലെ ഗ്രേവി വറ്റുന്നതുവരെ പാകം ചെയ്യാം.

തേങ്ങാക്കൊത്തും അൽപം ഗരം മസാലയും കൂടി വിതറുക. നന്നായി എല്ലാം കൂടി മിക്സ് ചെയ്തശേഷം 5 മിനിറ്റ് നേരം കൂടി പാകം ചെയ്യുക. ഒരു ടീസ്പൂൺ വെളച്ചെണ്ണ മീതെ ഒഴിച്ച് നന്നായി ഇളക്കി ചേർക്കുക. ഇത് പുട്ടിനോ, കപ്പയ്ക്കോ, പൊറോട്ടയ്ക്കോ ഒപ്പമോ കഴിക്കാം.

കാർ സാനിറ്റൈസ് ചെയ്യാൻ മറക്കല്ലേ…

കോവിഡ് മഹാമാരിയുടെ വ്യാപനത്തോടെ എല്ലാവരും സ്വയം ശുചിത്വം പാലിക്കുന്നതിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. അതുപോലെ വീടും പരിസരവും വൃത്തിയാക്കുന്നുണ്ട്. എന്നാൽ എപ്പോഴെങ്കിലും കാർ സാനിറ്റൈസ് ചെയ്യുന്നതിനെപ്പറ്റി ഓർത്തിട്ടുണ്ടോ? ഒരു സ്റ്റിയറിംഗ് വീലിൽ 629 സിഎഫ്ക്യൂ അതായത് കോളനി ഫോമിംഗ് യൂണിറ്റ് ഓഫ് ബാക്ടീരിയ വസിക്കുന്നുണ്ടെന്നാണ് ഒരു റിസർച്ച് പറയുന്നത്. ഒരു ടോയ്‍ലെറ്റ് സീറ്റിൽ ഉണ്ടാകുന്നതിലും കൂടുതൽ. അതുകൊണ്ട് സ്വയം ശുചിത്വം പാലിക്കുന്നതിനൊപ്പം സ്വന്തം വാഹനവും വൃത്തിയായി സൂക്ഷിക്കുന്നതിൽ അതീവ ജാഗ്രത പുലർത്തുക. വാഹനമങ്ങനെ അനായാസം വൃത്തിയാക്കാം.

സ്വയം സുരക്ഷിതരാകാം

കാർ പാർക്കിംഗിൽ പാർക്ക് ചെയ്യുന്നുണ്ടെങ്കിൽ അല്ലെങ്കിൽ വഴിയരികിൽ പാർക്ക് ചെയ്യുന്നുണ്ടെങ്കിൽ ഇന്നത്തെയവസ്‌ഥയിൽ കാർ ദിവസവും സാനിറ്റൈസ് ചെയ്യേണ്ടത് ആവശ്യമാണ്. സ്വയം സുരക്ഷിതത്വം പാലിച്ച് വേണം കാർ ശുചിത്വത്തിൽ ശ്രദ്ധിക്കാൻ. കൈകൾ സാനിറ്റൈസ് ചെയ്‌തും മാസ്ക്, ഗ്ലൗസ് എന്നിവ ധരിച്ച ശേഷവും വേണം വാഹനം ശുചിയാക്കൽ ആരംഭിക്കാൻ. വൈറസ് ബാധയിൽ നിന്നും പൂർണ്ണ സുരക്ഷിതത്വം പാലിക്കാൻ ഇത് സഹായിക്കും.

ആദ്യം കാറിന്‍റെ അകവശം വൃത്തിയാക്കാം. ആദ്യം കാറിനായി ഏറ്റവും മികച്ച കാർ സാനിറ്റൈസർ ഉപയോഗിക്കാം. ശേഷം ഡാഷ്ബോർഡ്, സ്റ്റിയറിംഗ് വീൽ, സീറ്റ്, സീറ്റ് ബെൽറ്റ്, ഗിയർ എന്നിവിടങ്ങളിൽ സാനിറ്റൈസർ ഉപയോഗിച്ച് സാനിറ്റൈസ് ചെയ്യാം. എപ്പോഴും എഫ്നോൾ ബേസ്ഡ് കാർ സാനിറ്റൈസർ വാങ്ങുക. കാരണം ഇത് വൈറസിനെയും ബാക്ടീരിയയേയും തീർത്തും ഇല്ലാതാക്കും.

കാർപറ്റുകൾ അണുനാശിനികൾ കൊണ്ട് ശുചിയാക്കാം

അത്യാവശ്യ ജോലിയുമായി ബന്ധപ്പെട്ട് പുറത്തു പോകുന്നതിനോ അല്ലെങ്കിൽ ഓഫീസിൽ പോയി വരുന്നതിനോ കാറിനോളം സുരക്ഷിതമായ മറ്റൊരു വാഹനമില്ല. പലതരം വഴികളിലൂടെ സഞ്ചരിക്കേണ്ടി വരുന്നതിനാൽ കാറിൽ അണുക്കൾ പ്രവേശിക്കാൻ എളുപ്പമാണ്. മറ്റൊന്ന് നമ്മൾ പല സ്ഥലത്തും നടന്ന ശേഷമാവും കാറിൽ കയറുക. അതോടെ കാറിനകത്തെ കാർപ്പറ്റിൽ അണുക്കൾ വ്യാപിക്കാം. അതുകൊണ്ട് കാർപ്പറ്റ് നന്നായി ക്ലീൻ ചെയ്യാം.

കാറിനകത്തെ മുഴുവൻ കാർപ്പറ്റും പുറത്തെടുത്ത് ആദ്യം വൃത്തിയുള്ള ബ്രഷു കൊണ്ട് അഴുക്ക് നീക്കിയ ശേഷം വെള്ളത്തിൽ അണുനാശിനി ചേർത്ത് കാർപ്പറ്റ് മുക്കി വച്ച് വാഷ് ചെയ്യാം. വാഷ് ചെയ്‌ത ശേഷം വെയിലത്ത് ഇട്ട് ഉണക്കിയെടുക്കാം. ദിവസവും ഇങ്ങനെ ചെയ്യുന്നത് പ്രായോഗികമല്ലാത്തതിനാൽ കാർ സാനിറ്റൈസർ കൊണ്ട് ഇത് സാനിറ്റൈസ് ചെയ്യാം.

സീറ്റുകളും വൃത്തിയാക്കാം 

മഴ ഉള്ള സമയങ്ങളില്‍ കാറിനകത്ത് ഈർപ്പം ഉണ്ടാകാം. ഇത്തരം സാഹചര്യം അണുക്കളും വൈറസുകളും പെരുകാൻ ഇടവരുത്തും. കാർ സാനിറ്റൈസർ കൊണ്ട് നിത്യവും സീറ്റുകളും വൃത്തിയാക്കാം. കാർ സീറ്റുകളിൽ ഈർപ്പമുണ്ടകാനുള്ള സാദ്ധ്യത ഉള്ളതിനാൽ കാർ സീറ്റുകൾ ആഴ്ചയിൽ 2-3 തവണ ബ്ലോ ഡ്രയർ ഉപയോഗിച്ച് ക്ലീൻ ചെയ്യാം. സീറ്റിലിരിക്കും മുമ്പ് കാർ സാനിറ്റൈസർ സ്പ്രേ ചെയ്യാം. കാർ സാനിറ്റൈസർ ഉപയോഗിക്കുന്ന സമയത്ത് കാർ സ്റ്റാർട്ട് ചെയ്യരുത്.

ഇതും ശ്രദ്ധിക്കാം 

ഡ്രൈവിംഗ് സമയത്ത് മ്യൂസിക് സിസ്റ്റം പാനൽ, വാട്ടർ ബോട്ടിൽ ഹോൾഡർ, മൊബൈൽ ഹോൾഡർ, ഇഗ്നിഷൻ സ്റ്റാർട്ട് പോയിന്‍റ്, ബാക്ക് വ്യൂ മിറർ, ഡോർ ഓപ്പണിംഗ് യൂണിറ്റ്, ഗ്ലാസ് എന്നിവ നമ്മൾ കൂടുതലായി പ്രവർത്തിപ്പിക്കാറുണ്ട്. താൻ ഒരാൾ മാത്രമല്ലേ ഇവയെല്ലാം സ്പർശിക്കുന്നത്. ഇവിടെ വൈസ് എങ്ങനെ എത്താനാണ് എന്നിങ്ങനെ ചിന്തിക്കുന്നത് തെറ്റാണ്. ഇത്തരമിടങ്ങളിൽ വൈറസ് അനായാസം പെരുകും. അതിനാൽ കാർ സാനിറ്റൈസർ ഇത്തരമിടങ്ങളിൽ നിർബന്ധമായും ഉപയോഗിക്കണം.

ഇനി കാറിനെ ബാഹ്യതലത്തിൽ വൃത്തിയാക്കുകയെന്നതാണ് മറ്റൊരു കാര്യം ഡിറ്റർജന്‍റ് ചേർത്ത വെള്ളമുപയോഗിച്ച് കാർ വാഷ് ചെയ്യാം. ഇത് എന്നും ചെയ്യുക പ്രയാസകരമാണ്. എന്നാൽ ബാഹ്യതലത്തിൽ വൃത്തിയുള്ളതായിരിക്കുക പ്രധാനമാണ്. അതിനാൽ സൈഡ് വ്യൂ മിററുകളും ഡോർ ഓപ്പണിംഗ് യൂണിറ്റുകളും ഉപയോഗിക്കും മുമ്പ് സാനിറൈസർ ഉപയോഗിച്ച് നന്നായി ക്ലീൻ ചെയ്യുക.

വെണ്മയുടെ ശക്തി

ഏവരും ശുഭ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പുതുവർഷത്തെ. പ്രതീക്ഷയുടെയും സമാധാനത്തിന്‍റെയും നിറമായ വെള്ള നിറമാകട്ടെ നമ്മുടെ വേഷങ്ങളിൽ ചിലത്. സമാധാനത്തെ പ്രതിനിധാനം ചെയ്യുന്ന നിറമാണല്ലോ വെളുപ്പ് നിറം. അതുപോലെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയേയും.

നാമെല്ലാവരും മഹാമാരിയുടെ ദുരന്തഫലം അനുഭവിച്ചവരാണ്. ഇപ്പോഴും അതിൽ നിന്നും പൂർണ്ണമായും നമ്മൾ മുക്തരായിട്ടില്ല. ഈ സാഹചര്യത്തിൽ ഭയത്തെ അതിജീവിക്കാനും ആത്മധൈര്യം പകരാനും ചുറ്റുപാടും പ്രതീക്ഷ ചൊരിയാനും വെളുത്ത നിറത്തെ സ്വാഗതം ചെയ്യാം.

സ്വാതന്ത്യ്രത്തിനും ഊർജ്ജസ്വലതയ്ക്കും വെണ്മയാർന്ന ഉടയാടകളെ സ്വീകരിക്കാം. പരമ പ്രധാനമായി ആരോഗ്യത്തിനു വേണ്ടിയും. ഒട്ടുമിക്കയാളുകൾക്കും യോജിച്ച നിറമാണ് വെള്ള.

രാത്രിയോ പകലോ ആകട്ടെ ഏതവസരത്തിനും യോജിച്ച നിറം. ഏത് വസ്ത്രം അണിയണമെന്ന് കൺഫ്യൂഷൻ ഉള്ളപ്പോൾ ധൈര്യമായി വെളുത്ത വസ്ത്രം അണിഞ്ഞു നോക്കൂ. വെളുപ്പിനെ ചൊല്ലി അത്ര റിസ്ക്കൊന്നുമില്ല. ഏറ്റവും സന്തോഷം നിറഞ്ഞ അവസരത്തിലും ദുഃഖസാഹചര്യങ്ങളിലും ഒരേ പോലെ ധരിക്കാവുന്ന ഒന്നാണ് വെളുത്ത വസ്ത്രം. അതുപോലെ കാഷ്വലും ഫോർമലുമായ നിറമാണത്. മറ്റ് നിറങ്ങൾ കൂട്ടിച്ചേർത്തും വെളുപ്പ് നിറം വൈബ്രന്‍റാക്കാം.

ഇനി വെളുത്ത വസ്ത്രത്തിന് അൽപ്പം സൂതിംഗ് ഇഫക്റ്റ് പകരണോ… എങ്കിൽ മറ്റ് ലൈറ്റ് നിറങ്ങൾ അതിൽ കൂട്ടി ചേർത്താൽ മതി. ഏത് നിറവും പകരാൻ കഴിയുന്ന ഒരു ക്യാൻവാസ് പോലെയാണ് വെളുപ്പ് നിറം. എന്ത് നിറം പകർന്നാലും അത് അപ്പോഴും സുന്ദരമായിരിക്കും. വൈറ്റിനൊപ്പം ഏത് കളറിലുള്ള കോമ്പിനേഷനും ആഡ് ചെയ്യാം. അതിനൊരു ലിമിറ്റുമില്ല. വൈറ്റിന് കോമ്പിനേഷൻ തീർക്കാൻ ഒരു ഡിസൈനറിന്‍റെയും ആവശ്യമില്ല. ഏത് സാധാരണക്കാരനും വൈറ്റിന് യോജിച്ച കളർ കോമ്പിനേഷൻ സൃഷ്ടിക്കാൻ കഴിയും.

വളരെ പവർ ഫുള്ളായ നിറമാണ് വെളുപ്പ്. അതേപോലെ വളരെ സാധാരണക്കാരനും ഈസിയായി വൈറ്റിന് കളർ കോമ്പിനേഷൻ കണ്ടുപിടിച്ച് കൂളായി ധരിക്കാം. വളരെ പ്രൗഢമായ ലുക്ക് സൃഷ്ടിക്കുന്നതിനൊപ്പം വെളുപ്പ് നിറം ലാളിത്യത്തിന്‍റെയും കൂടി വക്താവാകുന്നു. മികച്ച ടെക്സ്ച്ചറും കൂടിയായാൽ വൈറ്റ് നിറത്തിന്‍റെ മഹത്വം വേറെ ലെവൽ. അതിനാൽ 2021 വൈറ്റ് ഫാഷന്‍റെ കാലമാകട്ടെ. ചുറ്റിലും പ്രസരിപ്പ് നിറയട്ടെ.

സുഹൃത്ത്

ഇന്നലെ ശിപ്പായി ധരം സിംഗ് മേശവലിപ്പിൽ വച്ചു പോയ കത്ത്. അമ്മയെഴുതിയതാണത്. ഓഫീസിലെ തിരക്കൊഴിഞ്ഞ് അതെടുത്തു വായിച്ചപ്പോഴാണ് രവിയെപ്പറ്റി ഓർത്തു പോയത്. നാട്ടിലെ പല വിശേഷങ്ങൾ എഴുതിയ കൂട്ടത്തിൽ എന്‍റെ സുഹൃത്ത് രവി വീട്ടിൽ വന്നിരുന്നതായി അമ്മ എഴുതിയിരിക്കുന്നു. എന്‍റെ വിവരങ്ങളെല്ലാം തിരക്കി ഒരുപാട് തേന്മാമ്പഴം വീട്ടിൽ ഏൽപ്പിച്ചിട്ടാണ് പോയതത്രേ. അതാ മാന്തോപ്പിലെ മാമ്പഴം തന്നെ. അത്തരം മാമ്പഴം അവന്‍റെ വീടിനു പിറകിലെ മാമ്പഴഗന്ധം തിരതല്ലുന്ന മാന്തോപ്പിൽ ധാരാളമായുണ്ട്. ചെറുപ്പത്തിൽ ഞാനും രവിയുമടക്കമുള്ള കൂട്ടുകാരുടെ പ്രധാന മേച്ചിൻ പുറമായിരുന്നു ആ മാന്തോപ്പ്.

മരങ്ങളും ചെടികളും പടർന്നു പച്ച തഴച്ചു കിടക്കുന്ന മാന്തോപ്പ്. ഇളം കാറ്റിൽ ചില്ലയൊന്നുലഞ്ഞാൽ പൂമരപ്പൂക്കൾ പൊഴിയുമാറ് പഴുത്ത മാമ്പഴങ്ങൾ വീഴുമായിരുന്നു. കിളികൾക്കും അണ്ണാനും എല്ലാർക്കും ഇഷ്ടം പോലെ മാമ്പഴം അവിടെയുണ്ടാകും. വേരുകൾ മുരടിച്ച നാട്ടുമാവാകട്ടെ, പ്രസന്ന ചിത്തനായ തറവാട്ടു കാരണവരെപ്പോലെ ദീർഘകായനായി ചില്ലകളിലൂടെ തണലു പടർത്തി ആ മാന്തോപ്പിൽ എഴുന്നു നിന്നു. ഞാൻ എന്നാണ് അവധിക്ക് നാട്ടിൽ വരുന്നതെന്ന് അവൻ കൂടക്കൂടെ അന്വേഷിച്ചിരുന്നു. അവന്‍റെ അന്വേഷണവും മറ്റു വിശേഷങ്ങളുമെല്ലാം വിശദമായി ചോദിച്ചു കൊണ്ടായിരുന്നു അമ്മയുടെ കത്ത്.

ജോലി സംബന്ധമായ തിരക്കുകൾ മൂലം നാട്ടിലേക്ക് പോയിട്ട് വർഷം ഏറെയാകുന്നു. ഇക്കുറി ഏതെങ്കിലും മാർഗ്ഗത്തിലൂടെ അവധി തരപ്പെടുത്തി നാട്ടിൽ പോകണം. ഞാൻ തീർച്ചപ്പെടുത്തി. അമ്മയുടെ അസുഖം തുടങ്ങി, തന്‍റെ സാമീപ്യം ആവശ്യപ്പെടുന്ന വിഷയങ്ങളെല്ലാം മേലുദ്യോഗസ്‌ഥനെ കണ്ട് വിശദമായി അറിയിച്ചു. അദ്ദേഹമാകട്ടെ ഇക്കുറി മറുത്തൊന്നും പറയാതെ എന്നെ അദ്ഭുതപ്പെടുത്തി കൊണ്ട് അവധിക്കുള്ള അപേക്ഷ പരിഗണിച്ച് അനുവദിച്ചു തന്നു. അതിനുശേഷം എല്ലാ കാര്യങ്ങളും തീരുമാനിച്ച് അമ്മയ്ക്ക് വിശദമായി കത്ത് തയ്യാറാക്കി അന്നത്തെ തീയതി 06-01-1973 രേഖപ്പെടുത്തി ശിപ്പായി ധരം സിംഗിനെ ഏൽപ്പിച്ചു.

ഏറെ നാളുകൾക്കു ശേഷം നാട്ടിൽ പോകുകയാണ്. അതിന്‍റെ സന്തോഷം കൊണ്ട് ഇരിപ്പുറക്കുന്നില്ല. കാന്‍റീനിൽ പോയി പൂരി സബ്ജിക്കൊപ്പം എരുമപ്പാലൊഴിപ്പിച്ചു കൊഴുപ്പിച്ച ചായ ഊതിക്കുടിക്കുമ്പോഴും പിന്നെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പോകുമ്പോഴും നാട്ടിലെ ഓരോ ഓർമ്മകൾ ഇളങ്കാറ്റ് തിരതല്ലും പോലെ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു. ഗൃഹാതുരത്വത്തിന്‍റെ ചേറ്റുമണമുള്ള ഇളങ്കാറ്റ്.

തന്നെ കൂട്ടാനായി രവി എന്തായാലും റെയിൽവേ സ്റ്റേഷനിൽ കാത്തു നിൽക്കും. തീർച്ച! അവനായി എന്തെങ്കിലും വാങ്ങണം. നല്ലൊരു കമ്പിളിപ്പുതപ്പ് ആവട്ടെ, നാട്ടിലിപ്പോൾ തണുപ്പാണ്. സ്‌ഥിരം വസ്ത്രങ്ങൾ വാങ്ങുന്ന പീതാംബർ സിംഗിനെ സമീപിച്ചു. ഭാംഗിന്‍റെ കറപിടിച്ച പല്ല് വെളിയിൽ കാട്ടി വെളുക്കെ ചിരിച്ചു കൊണ്ട് പീതാംബർ അടുക്കി വച്ചിരിക്കുന്ന കമ്പിളിക്കെട്ടിൽ നിന്നും മേൽത്തരം കമ്പിളി പുതപ്പു തന്നെ എടുത്തു തന്നു. നാട്ടിലേക്കുള്ള യാത്ര മുൻകൂട്ടി കണ്ട് ഒരു അമ്മയ്ക്കും ഏടത്തിക്കുമുള്ള വസ്ത്രങ്ങളും മറ്റും അയാളിൽ നിന്നും മുന്നേ വാങ്ങി വച്ചിരുന്നു…

വീണ്ടും യാത്ര… അപരിചിതത്വത്തിന്‍റെ ഗന്ധമൂറുന്ന പൊടിമണ്ണിനെ പറത്തിക്കൊണ്ട് മിലട്ടറി ജീപ്പിൽ റെയിൽവേ സ്റ്റേഷനിലേക്ക്… അവിടുന്നങ്ങോട്ട് സർവ്വത്തിനേയും പുറകോട്ടു തള്ളിപ്പായുന്ന യാത്രാവണ്ടിയിൽ… പൊതുവെ എനിക്ക് യാത്ര ഇഷ്ടമല്ല. ഓരോ യാത്രയും വേപഥു പൂണ്ടൊരു പറിച്ചു നടലാണെനിക്ക്. പച്ച മണ്ണിലേക്കു പടർന്ന വേരുകളുടെ പിഴുതുമാറ്റം.

ജീവിതത്തിലെ ഏറ്റവും സന്തോഷമേകുന്ന യാത്ര ഏതെന്ന് ചോദിച്ചാൽ ഞാൻ പറയും വീട്ടിലേക്കുള്ള യാത്രയെന്ന്. നാട്ടിലെ ഏതെങ്കിലും സർക്കാരാഫീസിലെ ഉദ്യോഗമായിരുന്നു ലക്ഷ്യം. പക്ഷേ വിധി ദൂരയാത്ര ആവശ്യമായി വരുന്ന ജോലിയിൽ എന്നെക്കൊണ്ടെത്തിച്ചു.

അകലങ്ങളിലെ വെയിലെത്തി നോക്കുന്ന ജനലഴിയിലൂടെ വിസ്തൃതമായ ഗോതമ്പുപാടങ്ങൾ, പിന്നെ പച്ചപിടിച്ച പാടങ്ങൾ. കറുത്ത് ഭീമാകാരനായ രാക്ഷസനെപ്പോലെ എഴുന്നു നിൽക്കുന്ന പാറക്കൂട്ടങ്ങൾ, നിറം മങ്ങി പതഞ്ഞൊഴുകുന്ന നദിയിലെ ജലസാന്ദ്രത, ജാലകത്തിലൂടെത്തുന്ന തിളച്ച വെയിലിൽ കണ്ണുമഞ്ഞളിക്കുന്നു.

തെല്ലിട നേരം ഇമ തല്ലി മിഴിച്ചു. അപ്പോൾ ഒരു കറ്റക്കളം മിഴിവാർന്ന് തെളിഞ്ഞു വന്നു. അവിടെ ഓടിക്കളിക്കുന്ന കുട്ടികൾ. ഗോപി, രവി എല്ലാവരുമുണ്ട്. വേഗതയിൽ ഓടുന്ന ഗോരിയെ തൊടാൻ പിറകെ രവിയാണ് ഓടുന്നത്, ഒപ്പം താനുമുണ്ട്. ആ ഓട്ടത്തിനിടക്ക് ഞൊടി നേരം രവിയുടെ കണ്ണൊന്നു പതറി. കാലിൽ എരടിയ ഒരു മരകുറ്റി. കറ്റ മെതിക്കുന്ന പാറക്കല്ലിൽ മുഖമടിച്ചാണ് രവി വീണത്. കറ്റക്കല്ലിൽ ഒഴുകിപ്പരക്കുന്ന ചോര… രവി ഞരങ്ങിക്കൊണ്ട് മുഖം തിരിച്ചു. മുഖത്ത് നിന്നും ചീറ്റിയൊഴുകുന്ന ചുവന്ന നീരൊഴുക്കുകൾ. ഉറക്കെ നിലവിളിക്കാൻ ശ്രമിച്ചു. കഴിയുന്നില്ല, ശബ്ദം തൊണ്ടയ്ക്കുള്ളിൽ കുരുങ്ങിക്കിടന്നു.

ഏറെ പണിപ്പെട്ട് തീവണ്ടി ഒന്നു കുലുങ്ങി നിന്നു. അൽപം കഴിഞ്ഞ് അരിച്ചരിച്ച് നീങ്ങാൻ തുടങ്ങി വല്ലാതെ വിയർത്തു കുളിച്ചിരിക്കുന്നു. ഏറെ പണിപ്പെട്ടാണ് സ്‌ഥലകാലബോധം വീണ്ടെടുത്തത്. പാതി തുറന്ന ട്രെയിനിലെ ഇരുമ്പു ജനൽപ്പാളി പ്രയാസപ്പെട്ട് മുഴുവനായി തുറന്നു. എവിടെയോ പെയ്ത മഴയുടെ തണവുകൾ കൊണ്ട കാറ്റേറ്റപ്പോൾ വല്ലാത്ത ആശ്വാസം തോന്നി. ഏതായാലും ഒരു അനുഭവമായി പോയി. കണ്മുമ്പിൽ നടന്ന പോലെ ഒരു സംഭവം. പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല.

പുറത്തെ ഭ്രമിപ്പിക്കുന്ന ഇരുട്ടിലേക്ക് നോക്കിക്കൊണ്ട് ഇരുന്നു. നിയതമായ ആകൃതിയില്ലാത്ത നിഴൽ രൂപങ്ങൾ പിറകിലേക്ക് പാഞ്ഞുമറിഞ്ഞു. ഏതോ സ്റ്റേഷനിൽ തെല്ലിട നേരം വണ്ടി നിർത്തിയപ്പോൾ പുറത്തിറങ്ങി. ഒരു ചായ വാങ്ങിക്കുടിച്ച് തിരിച്ച് വീണ്ടും ഇരിപ്പിടത്തിലേക്ക്. വെളിയിൽ അന്ധമായ കനത്ത ഇരുട്ട്. ഇടക്കെപ്പോഴോ വിദൂരത്തുള്ള വീടുകളിൽ നിന്നുള്ള വെളിച്ചത്തിന്‍റെ തരികൾ. ആകൃതിയില്ലാത്ത നിഴലുകൾ. ഒടുവിൽ ദീർഘദൂര ഓട്ടക്കാരനെപ്പോലെ ട്രെയിൻ തന്‍റെ ഗ്രാമത്തിലെ സ്റ്റേഷനിൽ മെല്ലെ വന്നു നിന്നു. ഇവിടെ യാത്രയുടെ അവസാനം…

അടുത്ത ദിവസം ഈ ട്രെയിൻ തിരിച്ച് യാത്ര തുടരും. ജന്മജന്മാന്തരങ്ങളിലേക്കുള്ള പടു യാത്രകൾ എത്ര പൂർത്തിയായാലും ഇവിടെ കാലം മാത്രം ചലനമറ്റ് കിടക്കും.

തന്‍റെ ഗ്രാമത്തിൽ ഇറങ്ങാൻ രണ്ടോ മൂന്നോ ആളുകളെ കണ്ടുള്ളൂ. അവരെ കാത്തിരിക്കാനോ കൂട്ടാനോ ആരും തന്നെ വന്നതായി കണ്ടില്ല. വണ്ടിയിറങ്ങിയവർ സ്റ്റേഷനു പുറത്തേക്കുള്ള ഊടുവഴിയിലൂടെ പൊടുന്നനെ അപ്രത്യക്ഷരായി. ആ വഴിയുടെ ഇടതുവശത്തെ കരിങ്കൽ ഇരിപ്പിടത്തിൽ ഇരുന്ന ആളെ അപ്പോഴാണ് ശ്രദ്ധിച്ചത്. രവി! രവി എന്നെക്കണ്ടതും ഓടി അടുത്തേക്ക് വന്നു.

ഏറെ നാളുകൾക്കു ശേഷം എന്നെ കണ്ടതിലുള്ള സന്തോഷം ആ മുഖത്ത് ദൃശ്യമായിരുന്നു. ഒപ്പം വിളറിയ ക്ഷീണഭാവവും. അതേപ്പറ്റി ചോദിച്ചപ്പോൾ കറ്റക്കളത്തിലെ നിരന്തരമായ പണിയെക്കുറിച്ച് പറഞ്ഞു. സമയം പന്ത്രടോടടുക്കുന്നു. ഒരുപാടു സമയം കാത്തിരിക്കേണ്ടി വന്നതിന്‍റെ പരിഭവം പറഞ്ഞ് രവി എന്‍റെ പെട്ടികൾ എടുത്ത് നടന്നു. നിറനിലാവിൽ കുറ്റിമുല്ലയുടെ വാസന പുരണ്ട നാട്ടുവഴിയിലൂടെ നടക്കുന്നതിനിടയിൽ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ആയിടെ വിവാഹം കഴിപ്പിച്ചയച്ച പെങ്ങളെക്കുറിച്ച് പറഞ്ഞു. അവർക്ക് സ്ക്കൂൾ ടീച്ചറായി ഉദ്യോഗം ലഭിച്ചതിൽ രവി ആശ്വാസം കൊണ്ടു.

അവന്‍റെ അമ്മയ്ക്ക് വലിവിന്‍റെ അസുഖം കൂടുതലാണെന്നും നാട്ടിലെ വൈദ്യരുടെ ചികിത്സ കൊണ്ട് വലിയ സൗഖ്യമൊന്നും ഇല്ലെന്ന് അവൻ അറിയിച്ചു. അവന്‍റെ അമ്മയെ ഒന്നു പോയി കാണണമെന്ന് ഞാൻ തീർച്ചപ്പെടുത്തി. അക്കാര്യം പറഞ്ഞപ്പോൾ അവനത് വലിയ സന്തോഷമായി. മാമ്പഴഗന്ധം പടർന്ന ഇടവഴിയിലേക്ക് തിരിഞ്ഞപ്പോൾ മാങ്ങ എന്‍റെ വീട്ടിൽ ഏൽപ്പിച്ച കാര്യം അവൻ സൂചിപ്പിച്ചു. അവന്‍റെ കണക്കനുസരിച്ച് ഇന്നേക്ക് അവ പഴുത്തിരിക്കണം.

അങ്ങനെ പലതും പറഞ്ഞ് നടന്ന് എന്‍റെ വീടെത്തി. എന്‍റെ ഭാരിച്ച പെട്ടി പടിക്കെട്ടിനരികെ വച്ച് രവി തിരികെ പോകാനൊരുങ്ങി. ഞാൻ ആശ്ചര്യപ്പെട്ടു. ഇത്ര ദൂരം വന്ന് വീട്ടിൽ കയറാതെ രവി പോകാനൊരുങ്ങുന്നു. എന്‍റെ മനോഗതം അറിഞ്ഞിട്ടെന്ന പോലെ രവി പ്രതികരിച്ചു.

വീട്ടിൽ അമ്മ തനിച്ചാണ്. നിന്നെ ഒന്നു കാണണം. കണ്ടിട്ട് ഒരുപാടായല്ലോ ആ ആഗ്രഹത്തിനു പുറത്താണ് ഈ അസമയത്ത് വീട്ടിൽ നിന്നിറങ്ങിയത്. പിന്നെ ദുഃഖത്തോടെ പറഞ്ഞു. “അമ്മയ്ക്ക് വലിവ് കൂടുതലാണ്.” രാത്രി മഞ്ഞേറ്റു തണുത്ത കൈത്തടം തോളിൽ വച്ച് ഞാൻ ആശ്വസിപ്പിച്ചു. “ടൗണിൽ ഞാൻ അറിയുന്ന പ്രശസ്തനായ ഡോക്ടറുണ്ട്. അദ്ദേഹത്തെക്കാണാം. അമ്മയുടെ അസുഖം പൂർണ്ണമായും മാറും, തീർച്ച” രവിക്കു സന്തോഷമായി. യാത്ര പറഞ്ഞ് അയാൾ പോയി.

കുളിർന്ന കിണറു വെള്ളത്തിന്‍റെ സാന്ദ്രമായ തഴുകലിൽ സ്നിഗ്ധമായ തൊലിയടരുകളിൽ പുതു ജീവൻ മുളപൊട്ടി. അകത്തളത്ത് ചെമ്പു കിണ്ണത്തിൽ കഞ്ഞിയുമായി അമ്മയുണ്ട്. കൂട്ടിരിക്കാൻ വരാറുള്ള ഏടത്തിയുണ്ട്.

നല്ല പോലെ വെന്ത കഞ്ഞി, പച്ചപ്പയറു മെഴുക്കുവരട്ടിയും പപ്പടവും ചേർത്ത് കഴിക്കുമ്പോൾ എന്‍റെ നിറം പൊയ് പോയതായി അമ്മ പരിഭവിച്ചു. തറവാട്ടിലെ കുട്ടികളിൽ ഏറ്റവും നിറം എനിക്കായിരുന്നെന്ന് ഏടത്തിയും ഓർമ്മിച്ചു. ശ്രോതാവായി പുതിയൊരാളെക്കിട്ടിയ അവർ കഥകളുടെ കെട്ടഴിച്ചു.

അമ്മയും ഏടത്തിയും മാടായി കാവ് ക്ഷേത്രത്തിൽ പോയ ഒരു കഥ പറഞ്ഞു തുടങ്ങി. ശത്രുസംഹാര പൂജയ്ക്ക് പ്രസിദ്ധമാണാ ക്ഷേത്രം. ക്ഷേത്രത്തിൽ പേരുകേട്ട ഒരു സിനിമാനടിയേയും കണ്ടുവത്രേ. ചൊവ്വാദോഷക്കാരി അമ്മു, അത്തർ, വാസനാ സോപ്പ് വിൽപ്പനക്കാരനായ കാദറോടൊപ്പം പോയ സംഭവം ഏടത്തി പറഞ്ഞു. അടുത്ത ആഴ്ച വാസനാദ്രവ്യങ്ങളുടെ പണം പിരിക്കാനെത്തിയ കാദറോടൊപ്പം മുഖപടമിട്ട അമ്മുവിനെ നാട്ടുകാർ കണ്ടു.

വയറ്റാട്ടി ശാന്തയുടെ മകൾ ഒരുനാൾ ദേവി കൂടി തുള്ളലാരംഭിച്ചു. പാലും പഴവുമേ കഴിക്കൂ ചില ദിവസങ്ങളിൽ ജലപാനമില്ല. കാഷായ വസ്ത്രം ധരിച്ച് ഒരേ ഇരിപ്പാണ്. വീട്ടിൽ ഭജനയുണ്ട്. ഉച്ചയ്ക്ക് ഭക്‌തർക്ക് അന്നദാനവും. നാട്ടിലെ വലിയ പ്രമാണിമാർ അവിടേക്ക് ദർശനത്തിന് എത്തുന്നുണ്ട്. നാട്ടുകാരുടെ പ്രയാസങ്ങൾക്ക് അവിടെ പരിഹാരമുണ്ട്. അവരുടെ തേജസ് പ്രസരിച്ച മുഖം കണ്ടാൽ കൈ തലോടലേറ്റാൽ വിഷമതകൾ അലിഞ്ഞില്ലാതാവുമെന്ന് വൃദ്ധ സ്ത്രീകൾ പറഞ്ഞു. ഏടത്തി പോയിരുന്നോ? എന്ന ചോദ്യത്തിന് നിറഞ്ഞ ചിരിയായിരുന്നു മറുപടി.

പിന്നെ കഴിഞ്ഞാണ്ടിലെ ഉത്സവ നടത്തിപ്പ് അലങ്കോലമായ കഥ പറഞ്ഞ് ഏടത്തി തലയിൽ കൈവച്ചു. അമ്മയും ഏടത്തിയും പിന്നെയും കഥകൾ പറഞ്ഞു കൊണ്ടിരുന്നു. അതിരുകളില്ലാത്ത സ്‌ഥലകാല സീമയിൽ കഥാപാത്രങ്ങൾ തങ്ങളുടെ വേഷം ആടിത്തീർത്തു. കഥകൾ പിന്നെയും ആവർത്തിച്ചു കൊണ്ടിരുന്നു. കഞ്ഞി കുടിച്ചു കഴിഞ്ഞു.

സ്വല്പം മധുരം കഴിക്കാനാഗ്രഹം. രവിയുടെ തേന്മാമ്പഴത്തെപ്പറ്റി അപ്പോഴോർമ്മ വന്നു. രവി റയിൽവേ സ്റ്റേഷനിൽ കാത്തു നിൽക്കാനുണ്ടായതും മറ്റും അമ്മയോടു പറഞ്ഞു. പൊടുന്നനെ ഏടത്തിയുടേയും അമ്മയുടേയും മുഖം വിവർണ്ണമായി. ചിലമ്പിച്ച ശബ്ദത്തോടെ അമ്മ പറഞ്ഞു.

“എന്താ കുട്ടി നീ പറയണേ… ദേവകീടെ മോൻ രവീന്ദ്രന്‍റെ കാര്യമാണോ ഈ പറേണത്? ഈശ്വരാ! രവീന്ദ്രൻ മരണപ്പെട്ടു. ഇന്നലെ കറ്റക്കളത്തിൽ കറ്റ കൊണ്ടു പോകാൻ വന്ന ലോറി പുറകോട്ട് എടുത്തപ്പോൾ രവീന്ദ്രനെ തട്ടി. കറ്റ തല്ലുന്ന വലിയ കല്ലിലേക്കാ തലയിടിച്ച് വീണത്. പിന്നെ ചോരപ്രളയമായിരുന്നു.”

അമ്മ ഒന്നു നിർത്തി…

“എന്താ അമ്മേ ഈ അസമയത്ത് ഇത്രക്കങ്ങട് വിസ്തരിക്കാനുള്ളതാണോ ഇതൊക്കെ.”

ഏടത്തി അമ്മയെ ശാസിച്ചു.

പിന്നെ എന്‍റെ നേരെ തിരിഞ്ഞ് പറഞ്ഞു.

“ഉണ്ണി ഒന്നൂല്യ അവൻ എടക്ക് വന്ന് നിന്നെ തിരക്ക്വാർന്നു. നിന്‍റെ കത്തു വന്നപ്പോഴും അവനവിടെ ഉണ്ടാർന്നു. എന്താ ചെയ്യാ ഈശ്വര നിശ്ചയം ല്ലാണ്ടെന്താ പറയാ… എല്ലാരടടുത്തും നല്ല സ്നേഹം ഉള്ള കൊച്ചനായിരുന്നു. ആർക്കും അലോഹ്യായിട്ട് ഒന്നു പറയൂല്യ… പ്രവർത്തിക്കൂല്യ. സുഖല്ലാത്ത ദേവ്യോടത്തി ഇതെങ്ങനെ സഹിക്ക്യാവോ? ശരി ശരി കുട്ടി പോയി ഉറങ്ങിക്കോ വണ്ടീല് നേരെ ഒറങ്ങീണ്ടാവില്യ”

ഞാൻ തലയാട്ടി. പിന്നെ അവർ നാമം ജപിച്ചു കൊണ്ട് അമ്മയേയും കൂട്ടി മുറിക്കുള്ളിലേക്ക് പോയി.

ചൂടു കഞ്ഞി ദേഹത്തെ തപിപ്പിച്ചിരുന്നു. ഇറയത്തിരുന്നാൽ തണുത്ത കാറ്റു കിട്ടും. കിണ്ണം കഴുകി കമഴ്ത്തി വച്ചു. ഇറയത്തേക്ക് നടന്നു. ഉൾമുറിക്കകത്തെ നാമജപം നേർത്തു നേർത്തു ശമിച്ചു.

ജന്മാന്തരങ്ങളിലെ മാമ്പഴഗന്ധം പൂണ്ട ഇളനിലാവിൽ രവിക്ക് താൻ വാക്കു കൊടുത്തതാണ്. അവന്‍റെ അമ്മയെ നല്ലൊരു ഡോക്‌ടറെ കാണിക്കണം. അസുഖം ഭേദമാക്കണം. നിലാവിൽ മുറ്റത്തെ വാഴത്തോട്ടത്തിലെ നിഴലുകൾ വികലമായ ആൾരൂപങ്ങളായി.

ദൂരെ മാമ്പഴത്തിന്‍റെയും കുറ്റിമുല്ലയുടേയും വാസന പ്രസരിക്കുന്ന ഇടവഴിയിലൂടെ ചൂട്ട് വീശിക്കൊണ്ട് ഒരു യാത്രക്കാരൻ നടന്നു നീങ്ങുന്നതു കണ്ടു. ജന്മ ജന്മാന്തരങ്ങളിലെ കർമ്മബന്ധത്തിന്‍റെ ഗർഭ ഭാണ്ഡം പേറിയുള്ള അയാളുടെ യാത്ര? ആ യാത്രക്കാരനോട് വല്ലാതെ അനുകമ്പ തോന്നുകയാണ്.

അയാളുടെ ചൂട്ടിലെ തീത്തുമ്പ് അങ്ങകലെയുള്ള സൂക്ഷ്മ പ്രകാശത്തിലേക്ക് അലിഞ്ഞ് ചേരും വരെ ഞാൻ നോക്കി നിന്നു.

പെൺകുട്ടികളിൽ അമിത രോമ വളർച്ച എന്തുകൊണ്ട്?

വളരെ നേർത്തതും മൃദുലവുമായ രോമങ്ങൾ വളരുന്നത് പെൺകുട്ടികളെ സംബന്ധിച്ച് വളരെ സാധാരണമായ കാര്യമാണ്. എന്നാൽ വളരെ കട്ടി കൂടിയ രീതിയിലാണ് രോമങ്ങൾ വളരുന്നതെങ്കിൽ അത് ചില സങ്കീർണ്ണതകളുടെ സൂചനയായി കരുതാം. ഈ പ്രശ്നത്തെ ഹിർസുട്ടിസം എന്നാണ് വിശേഷിപ്പിക്കുന്നത്.

താടി, സ്തനങ്ങളുടെ മധ്യഭാഗം, തുട, വയറ്, മുതുക് എന്നിവിടങ്ങളിൽ അസാധാരണമാം വിധം രോമങ്ങൾ വളരുന്നതിനുള്ള കാരണം പുരുഷ ഹോർമോണായ ആൻഡ്രജന്‍റെ അത്യധികമായ ബാഹുല്യമാണ്. അഡ്രൗൽസ് അല്ലെങ്കിൽ അണ്ഡാശയ രോഗങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അണ്ഡോല്പാദനത്തിൽ തടസ്സം സൃഷ്ടിച്ച് പ്രത്യുല്പാദന ക്ഷമത കുറയ്ക്കുന്നതിന് ഈ സ്‌ഥിതിവിശേഷം കാരണമാകും. പോളിസിസ്റ്റിക്ക് ഓവറി സിൻഡ്രോം (പിസിഒഎസ്) അങ്ങനെയുള്ള ഒരു അവസഥയാണ്.

ശരീരത്തിൽ അനാവശ്യ രോമങ്ങൾ വളരുന്നതുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ ഡയബറ്റീസ്, ഹൃദ്രോഗം തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യതയിലേക്കും ഇത് വിരൽ ചൂണ്ടുന്നു.

ജോർജിയ ഹെൽത്ത് സയൻസസ് യൂണിവേഴ്സിറ്റിയിൽ നടന്ന പഠനമനുസരിച്ച് പിസിഒഎസ് സ്ത്രീകളിൽ ഹോർമോൺ അസന്തുലിതാവസ്‌ഥ സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രധാന കാരണമായി കണ്ടെത്തുകയുണ്ടായി. അതുപോലെ ഇത് 10 ശതമാനം സ്ത്രീകളെ ബാധിക്കുന്നുണ്ടെന്നും പഠനം പറയുന്നു.

ഹിർസുട്ടിസം എന്ന സ്ഥിതി വിശേഷമുള്ള 90 ശതമാനം സ്ത്രീകളിലും പിസിഎസ് അല്ലെങ്കിൽ ഇഡിയോപതിക് ഹിർസുട്ടിസം കണ്ടെത്തുകയുണ്ടായി. ഭൂരിഭാഗം കേസുകളിലും ഈസ്ട്രജൻ ഹോർമോണിന്‍റെ ഉത്പാദനം കുറയുകയും ടെസ്റ്റിസ്റ്റിറോൺ ഹോർമോണിന്‍റെ ഉത്പാദനം കൂടുകയും ചെയ്യുന്നതിനാൽ കൗമാരപ്രായം പിന്നിടുന്നതോടെ ഈ പ്രശ്നം കൂടുതൽ ഗുരുതരമാവുന്നു.

ചുവടെ കൊടുത്തിരിക്കുന്ന കാരണങ്ങളാൽ ആൻഡ്രജൻ ഹോർമോൺ ഉത്പാദനം ഉയർന്ന അളവിലാക്കുകയും ഹിർസുട്ടിയത്തിന് കാരണമാവുകയും ചെയ്യുന്നു.

പാരമ്പര്യ കാരണം

കുടുംബത്തിലാർക്കെങ്കിലും പാരമ്പര്യമായി ഈ പ്രശ്നമുണ്ടെങ്കിൽ ഈ പ്രശ്നം അടുത്ത തലമുറയിലേക്കും വരാം. ചർമ്മത്തിന്‍റെ സംവേദന ക്ഷമതയും ഒരു പാരമ്പര്യ കാരണമാണ്. ടെസ്റ്റിസ്റ്റിറോൺ ഹോർമോണിന്‍റെ ഉൽപാദനം കുറഞ്ഞാലും കട്ടികൂടിയ രോമങ്ങൾ വളരാൻ അതിടയാക്കും.

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഉള്ള സ്ത്രീകളുടെ മുഖത്ത് രോമങ്ങൾ അമിതമായി വളരാറുണ്ട്. പിസിഒഎസ് പ്രത്യുല്പാദന ക്ഷമതയെ കുറയ്ക്കുന്നതിൽ ഒരു പ്രമുഖ കാരണമായി മാറുന്നുണ്ട്. പിസിഒഎസ് പിടിപ്പെടുന്നവരുടെ അണ്ഡാശയത്തിൽ ചെറിയ ചെറിയ മുഴകൾ രൂപപ്പെടും. പുരുഷ ഹോർമോണിന്‍റെ അത്യധിക ഉത്പാദനം മൂലം അണ്ഡോല്പാദനത്തിൽ ക്രമക്കേടുകൾ ഉണ്ടാവും. അതുപോലെ മാസമുറയുമായി ബന്ധപ്പെട്ട് സങ്കീർണ്ണതകളും അമിതവണ്ണവും ഇതിന്‍റെ ഫലമായുണ്ടാകുന്നു.

അണ്ഡാശയത്തിലെ ട്യൂമർ

ചില കേസുകളിൽ ആൻഡ്രജൻ മൂലമുണ്ടാകുന്ന അണ്ഡാശയ ട്യൂമർ ഹിർസുട്ടിസത്തിന് കാരണമാകാറുണ്ട്. ഇക്കാരണത്താൽ ട്യൂമർ അതിവേഗം വളരാൻ തുടങ്ങുന്നു. ഈയവസ്ഥ മൂലം സ്ത്രീകൾക്ക് പുരുഷന്മാരെ പോലെ സമാനമായ ലക്ഷണങ്ങൾ ഉണ്ടാവുകയും ശബ്ദം കനത്തതാവുകയും ചെയ്യും. ഇതിന് പുറമെ യോനിയിൽ ക്ലിറ്റോറിസിന്‍റെ ആകാരത്തിന് വലിപ്പം കൂടുകയും ചെയ്യുന്നു.

അഡ്രിനൽ സംബന്ധമായ തകരാറുകൾ

കിഡ്നിയ്ക്ക് തൊട്ട് മുകളിലായുള്ള അഡ്രിനൽ ഗ്രന്ഥികൾ ആണ് ആൻഡ്രിജൻ ഉൽപാദിപ്പിക്കുന്നത്. ഈ ഗ്രന്ഥികൾ ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വരുന്നതിനാൽ ഹിർസുട്ടിസം എന്ന അവസ്‌ഥയുണ്ടാകും.

സ്ത്രീകളുടെ മുഖത്തുണ്ടാവുന്ന രോമവളർച്ച പിസിഒഎസ്, കൻജൂനിറ്റൽ അഡ്രീനൽ ഹൈപ്പോതലാമസ് (സിഎഎച്ച്) തുടങ്ങിയ പ്രത്യുല്പാദന ക്ഷമതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

പാരമ്പര്യത്തിന്‍റെ സ്വാധീനം

ഏത് പ്രായത്തിലാണ് പെൺകുട്ടി പ്രായപൂർത്തിയായത്, രോമങ്ങളുടെ വളർച്ച നിരക്ക് എങ്ങനെ (പെട്ടെന്നാണോ അതോ മന്ദഗതിയിലാണോ), ക്രമം തെറ്റിയുള്ള മാസമുറ, സ്തനാരോഗ്യം, സെക്സിനോടുള്ള താൽപര്യം, ശരീരഭാരം വർദ്ധിക്കൽ, കുടുംബത്തിലാർക്കെങ്കിലും ഡയബറ്റീസുണ്ടോ തുടങ്ങി ഉദരത്തിൽ എന്തെങ്കിലും വളർച്ചയുണ്ടോ ഇല്ലയോ എന്നു വരെ ഡോക്ടർ പരിശോധന വിധേയമാക്കാം. ഇതിന് പലതരം സിറം മാർക്കർ പരിശോധനകളുമുണ്ട്.

ടെസ്റ്റിസ്റ്റിറോൺ

സാധാരണയിലും അൽപം കൂടിയ നിലയിലാണ് ഇതെങ്കിൽ പിസിഒഎസ് അല്ലെങ്കിൽ സിഎഎച്ച് ഉണ്ട് എന്ന് അനുമാനിക്കാം. അഥവാ ഇതിന്‍റെ നിലയിലുള്ള മാറ്റം സാധാരണയിലും വളരെ അധികമാണെങ്കിൽ ഒവേറിയൻ ട്യൂമറാണെന്ന് സംശയിക്കാം.

പ്രൊജസ്ട്രോൺ

മാസമുറയുടെ പ്രഥമ ഘട്ടത്തിൽ ചെയ്യുന്ന പരിശോധനയാണിത്. സിഎഎച്ച് നിർണയിക്കാനാണിത്. ഹോർമോണുകളുടെ ഉയർന്ന അളവ് പിസിഒഎസ് സൂചന നൽകുന്നു. പ്രൊലാക്റ്റിൻ ഹോർമോൺ നില വർദ്ധിച്ചിരിക്കുകയാണെങ്കിൽ രോഗി ഹൈപ്പർ പ്രൊലാക്റ്റീമിയ എന്ന അവസ്‌ഥയിലാണെന്ന് അനുമാനിക്കാം.

സിറം ടിഎസ്എച്ച്

തൈറോയിഡിനെ സ്റ്റിമുലേറ്റ് ചെയ്യുന്ന ഹോർമോൺ നില കുറഞ്ഞാൽ ഹൈപ്പോ തൈറോയിഡിസമാണെന്ന് പറയാം. ഈയവസ്ഥ സ്ത്രീകളിൽ വന്ധ്യതയ്ക്ക് കാരണമാകാം.

പെൽവിക് അൾട്രാസൗണ്ട്

ഒവേറിയൻ നിയോ പ്ലാസ്മ അല്ലെങ്കിൽ പോളിസിസ്റ്റിക് ഓവറീസ് ഉണ്ടോയെന്നറിയാനുള്ള പരിശോധനയാണിത്.

ചികിത്സ

സാധാരണ രീതിയിലുള്ള ഹിർസുട്ടിസത്തിന്‍റെ ഭൂരിഭാഗം കേസുകളിലും യാതൊരു ലക്ഷണവും കാട്ടണമെന്നില്ല. അതുകൊണ്ട് ചികിത്സയാവശ്യമായി വരാറില്ല. ഹിർസുട്ടിസത്തിനുള്ള ചികിത്സ വന്ധ്യതയുമായി ബന്ധപ്പെട്ടുള്ളതാണ് പ്രത്യുല്പാദന ശേഷിക്കുള്ള ചികിത്സയാണ് ഇതിൽ പ്രധാനം. അതുകൊണ്ട് ഇതിന്‍റെ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്.

ഏതെങ്കിലും സ്ത്രീ ഗർഭധാരണം ചെയ്യാൻ തയ്യാറെടുക്കുകയാണെങ്കിൽ ആൻഡ്രജൻ നില സാധാരണ നിലയിലാക്കാനുള്ള മരുന്നുകൾ നൽകുകയാണ് ചെയ്യുക. അത് ദിവസവും കഴിക്കേണ്ടതുണ്ട്. പ്രൊജസ്ട്രോൺ കുറയ്ക്കാനും പ്രത്യുല്പാദന ക്ഷമത വീണ്ടെടുക്കാനും ചികിത്സ സഹായിക്കും.

– ഡോ.സാഗരിക അഗ്രവാൾ

ഗൈനക്കോളജിസ്റ്റ്, ഇന്ദിര ഐവിഎഫ് ഹോസ്പിറ്റൽ, ന്യൂഡൽഹി

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें