സിൽക്ക് മോടി

സിൽക്കിനൊരു പ്രത്യേകതയുണ്ട്. ചെറിയ പ്രത്യേകതയൊന്നുമല്ല അത്. സിൽക്ക് അഥവാ പട്ട് ധരിച്ചാൽ, ധരിച്ചവരുടെ ഭംഗി അഥവാ ഗ്രേസ് ഇരട്ടിയാകും. അതുകൊണ്ടാണല്ലോ പ്രധാനപ്പെട്ട ചടങ്ങുകൾക്കും ആഘോഷങ്ങൾക്കുമെല്ലാം പട്ടുസാരി ആഢംബരമല്ല, ആവശ്യമായി പലരും കണക്കാക്കുന്നത്.

തലമുറകൾക്ക് മുന്നേ തന്നെ പട്ടിന്‍റെ വൈഭവം നാം മനസിലാക്കിയതാണ്. കണ്ടിട്ടില്ലേ രാജാക്കന്മാരുടെയും രാജകുമാരിമാരുടെയുമൊക്കെ ചിത്രങ്ങൾ. അതിലവർ അത്രയും ശോഭയോടെ വിരാജിക്കുന്നതിൽ പട്ടിനുമുണ്ട് പലമടങ്ങ് പങ്ക്.

സിൽക്ക് എന്ന മെറ്റീരിയലിനെ മറ്റൊരു തരം മെറ്റീരിയലുമായും താരതമ്യം ചെയ്യാൻ പോലും നിർവാഹമില്ല. നൂറ്റാണ്ടു മുമ്പ് പട്ട് ധരിക്കുന്നത് പ്രത്യേക വംശത്തിൽ പെട്ടവർ മാത്രമായിരുന്നു. 1990 നു ശേഷം സാന്‍റ് വാഷ് സിൽക്ക് കടന്നു വന്നതോടെ ഇടത്തരക്കാരിലേക്കും പട്ടിന്‍റെ തിളക്കം പടർന്നു പിടിച്ചു. തുടർന്ന് സിൽക്ക് രംഗത്ത് വലിയ മാറ്റങ്ങളും പരീക്ഷണങ്ങളും ആരംഭിക്കുകയും ചെയ്‌തു. സിൽക്കും മറ്റ് ഫാബ്രിക്കും കൂടി മിക്‌സ് ചെയ്‌തു കൊണ്ടും കൃത്രിമ സിൽക്ക്സ് ഉണ്ടാക്കിയും മറ്റും സിൽക്ക് രംഗം വിപണിയിലേക്കും ജനഹൃദയങ്ങളിലേക്കും കുടിയേറി .

സിൽക്ക് ഉണ്ടാകുന്നത്

സിൽക്ക് ഉണ്ടാക്കുന്ന രീതി വളരെ സവിശേഷതയർഹിക്കുന്നു. പട്ടുനൂൽ പുഴുവിൽ നിന്നാണ് പട്ട് ഉണ്ടാക്കുന്നത്. ഇതിന് ഒന്നു മുതൽ മൂന്നു ദിവസം വരെയാണ് ജീവിത ചക്രം. മൾബറി ഇല മാത്രമാണ് ഇവ ഭക്ഷിക്കുന്നത്. അതിനായി മൾബറിത്തോട്ടം ഉണ്ടാക്കുന്നു. ഈ ഇല തിന്ന് പട്ടുനൂൽപ്പുഴുക്കൾ വളരുന്നു. ഇല തിന്നുന്ന സമയത്താണ് വായിൽ നിന്ന് സിൽക്ക് നൂൽ പുറപ്പെടുവിക്കുന്നത്. ആ നൂൽ കൊണ്ട് ഇവ സ്വയം ചുറ്റുന്നു. ഒരു നൂലിന് ഏതാണ്ട് 1000 മുതൽ 1300 മീറ്റർ വരെ നീളം ഉണ്ടാകും. ഈ പ്രക്രിയ നടക്കുമ്പോൾ പുഴു ഒരു നൂൽക്കെട്ടിനുള്ളിലാകുന്നു. ഇതിനെയാണ് കൊക്കൂൺ എന്നു പറയുന്നത്. ഇത് ചൂടു വെള്ളത്തിലിടുമ്പോഴാണ് പട്ടുനൂൽ ഇഴ തിരിഞ്ഞു ലഭിക്കുന്നത്. തുടർന്ന് നെയ്ത്തുയന്ത്രം ഉപയോഗിച്ച് ഇവ നെയ്യ്തെടുത്തു വയ്ക്കുന്നു. ഈ സിൽക്ക് നൂൽ ഉപയോഗിച്ചാണ് പട്ടു വസ്ത്രങ്ങൾ ഉണ്ടാക്കുന്നത്. പലതരം പട്ടു വസ്ത്ര ങ്ങൾ എങ്ങനെയാണ് ഫാഷനിൽ ഉപയോഗിക്കപ്പെടുന്നത് എന്ന് നോക്കാം.

സിൽക്ക് സിൽക്ക്

പട്ട്, സിൽക്ക് എന്നീ പേരുകളിൽ പൊതുവേ അറിയപ്പെടുന്ന സിൽക്ക് നാലു തരത്തിലുണ്ട്. മൾബറി സിൽക്ക്, എറി സിൽക്ക്, ടസർ സിൽക്ക്, മുംഗാ സിൽക്ക്.

മൾബറി സിൽക്ക് വളരെ കനം കുറഞ്ഞതും തിളക്കമുള്ളതും ആയിരിക്കും. മാർക്കറ്റിൽ കിട്ടുന്ന പ്രധാന സിൽക്ക് മൾബറി സിൽക്ക് വിഭാഗത്തിൽ പെടുന്നു. ടസർ, മുംഗാ, എറി എന്നിവ വനത്തിൽ നിന്ന് ലഭിക്കുന്ന സിൽക്കിന്‍റെ പട്ടികയിൽ പെടുന്നു. പട്ടുനൂൽ പുഴുവിൽ നിന്നല്ലാതെ ഉണ്ടാക്കുന്ന നിരവധി തരം സിൽക്കുകൾ വേറെയുമുണ്ട്.

ഫാഷനും സിൽക്കും

സിൽക്ക്, ഇന്ത്യൻ സ്ത്രീകളുടെ പ്രിയപ്പെട്ട ഇനമാണ്. ചടങ്ങുകളിലും ആഘോഷങ്ങളിലും സ്ത്രീകൾ സാരി ധരിക്കാനാണ് ഇഷ്ടപ്പെടുക. സാരി എന്നു പറഞ്ഞാൽ സിൽക്ക് സാരിയാണ് ഏവർക്കും കൂടുതൽ ഇഷ്ടം. ഫാഷൻ ഡിസൈനറായ രുക്സാർ പറയുന്നു. സിൽക്ക് സാരികൾ സിംപിൾ ഡിസൈനുള്ളതും ഹെവി ഡിസൈനുള്ളതുമുണ്ട്. പാർട്ടി ഫംഗ്ഷനുകൾക്ക് ഹെവി ഡിസൈനുകൾ ധരിക്കാൻ ഇഷ്ടമല്ലാത്ത സ്ത്രീകളുമുണ്ട്. അവർക്ക് സിംപിളായ കനം കുറഞ്ഞ സിൽക്കു സാരികൾ വളരെ നന്നായി പ്രയോജനപ്പെടും.

സിൽക്ക് സാരിക്കൊപ്പം ഏറ്റവും ഇണങ്ങുന്നത് സ്വർണ്ണാഭരണങ്ങളാണ്. സിംപിൾ സിൽക്ക് സാരിയാണ് ധരിക്കാനിഷ്ടമെങ്കിൽ അതിനൊപ്പം ഗോൾഡ് ധരിക്കുക തന്നെ വേണം. സിൽക്ക് സാരികൾക്ക് നാച്ചുറൽ ആയി ഒരു തിളക്കം ഉണ്ട്. അത് ധരിക്കുന്ന ആളിലും പ്രതിഫലിപ്പിക്കും.

പെൺകുട്ടികൾക്കും

പെൺകുട്ടികൾ ഏറ്റവും വ്യത്യസ്തമായി അണിഞ്ഞൊരുങ്ങാൻ ആഗ്രഹിക്കുന്നവരാണ്. ഇവർക്കും സിൽക്ക് സാരികൾ ഇടയ്ക്കൊക്കെ നല്ല ഓപ്ഷനാണ്. ഫ്ളോറൽ പ്രിന്‍റുള്ള സിൽക്ക് സാരികൾ ചെറുപ്പക്കാരായവർക്ക് ഏറ്റവും ആകർഷകമായിരിക്കും. ടസർ സിൽക്കിലാണ് ഫ്ളവർ പ്രിന്‍റ് ലഭിക്കുക. സ്ലീവ്ലസ് ബ്ലൗസിനൊപ്പം ഇത്തരം സാരികൾ ധരിച്ചാൽ സ്റ്റൈലിഷ് ലുക്ക് ലഭിക്കും. ഇതിനൊപ്പം വലിപ്പമുള്ള ജിമ്മിക്കി കമ്മൽ നന്നായി ഇണങ്ങും.

നവവിവാഹിതർക്ക്

നവവിവാഹിതരായ പെൺകുട്ടികൾക്ക് സിൽക്ക് സാരി ഒഴിച്ചു കൂടാനാവാത്ത ഒരു കോസ്റ്റ്യൂം തന്നെയാണ്. കാഞ്ചിപുരം, ബനാറസ് സിൽക്ക്, ഭഗൽപൂരി സിൽക്ക് ഇതൊക്കെ ഇവർക്ക് നല്ല ഓപ്ഷനാണ്. വിവാഹവേളയിൽ ഏറ്റവും കൂടുതൽ വാങ്ങുന്നതും കാഞ്ചിപുരം, ബനാറസ് സാരികളാണ്. ചുവപ്പ്, പച്ച, നീല തുടങ്ങിയ ബ്രൈറ്റ് ഷേഡുകൾ കൂടാതെ ലൈറ്റ് ഷേഡുകളും സിൽക്ക് സാരികളിൽ ലഭ്യമാണ്.

സൈസ് സീറോ അപകടം

ഫാഷൻ ലോകത്തെ എല്ലാ പുതുമകളും വരുന്നത് ഫ്രാൻസിൽ നിന്നാണ്. എന്നാൽ ഫ്രഞ്ച് സർക്കാർ കൈക്കൊണ്ട നിലപാട് മൂലം ഉടനെ തന്നെ ഫാഷൻ ലോകത്ത് വലിയൊരു മാറ്റം വരാൻ പോവുകയാണ്. ഫ്രാൻസിൽ സൈസ് സീറോ മോഡലുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ഫാഷൻ, മോഡലിംഗ് രംഗത്ത് ഇത് വലിയ ചലനങ്ങൾ സൃഷ്ടിക്കും. ഇത് നിർണ്ണായകവും നല്ലതുമായ ഒരു നിലപാടാണ്. ഇതിന് മുമ്പ് 2006 ൽ ഇറ്റലിയും സ്പെയിനും 2013 ൽ ഇസ്രയേലും സൈസ് സീറോക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

ലണ്ടൻ ഫാഷൻ വീക്കിൽ സൈസ് സീറോയെ ചൊല്ലി സീറോ ടോളറൻസ് ചർച്ച വരെയുണ്ടായി. ഫ്രാൻസിലെ പാരീസാണ് ഫാഷന്‍റെ ലോക തലസ്‌ഥാനം. അതിനാൽ ലോകമെങ്ങുമുള്ള ഫാഷൻ പ്രേമികൾ ഈ സംഭവത്തെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഫ്രാൻസിൽ ഈ നിയമം കൊണ്ടു വരുന്നതിനു മുമ്പ് നിയമ നിർമ്മാണ സഭകളിലും ചർച്ചയായി. ഇതിന്‍റെ പേരിൽ ഒരു ബില്ലും പാസാക്കപ്പെട്ടു. അതിൽ സർക്കാർ ഇങ്ങനെ പറയുന്നു. മോഡലിന്‍റെ ബിഎംഐ (ബോഡിമാസ് ഇൻഡക്സ്) ഒരു പൊടിക്ക് കുറവാണെങ്കിൽ പോലും അവരെ വച്ച് ഒരു ഉൽപ്പന്നത്തിന്‍റെയും പരസ്യം നിർമ്മിക്കാൻ പാടില്ല. ഇത്തരക്കാരെ ഫാഷൻ ഷോയിൽ പങ്കെടുപ്പിക്കാനും പാടില്ല.

വലിയ ചർച്ചകൾക്ക് ശേഷമാണ് ബിൽ പാസാക്കപ്പെട്ടത്. ഈ നിയമം ലംഘിച്ചാൽ 6 മാസം വരെ തടവും 75 അയ്യായിരം യൂറോ പിഴ നൽകേണ്ടിയും വരും. അതായത് 50 ലക്ഷം രൂപ.

മോഡലിംഗ് കരിയർ തുടങ്ങണമെങ്കിൽ സർക്കാർ നിയന്ത്രണങ്ങൾ പാലിക്കുകയും ആരോഗ്യപരിശോധനയക്ക് വിധേയമാക്കുകയും വേണം. മോഡലിന്‍റെ നീളത്തിന് അനുവദിച്ച തൂക്കവും മുഖത്തിന്‍റെ ഘടനയും ഇനി പരിശോധിച്ച് സർട്ടിഫൈ ചെയ്യേണ്ടി വരും. ഇതിനു ശേഷം ലഭിക്കുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്‍റെ ബലത്തിൽ മാത്രം മോഡലിംഗിനിറങ്ങാം. ഈ സർട്ടിഫിക്കറ്റ് ഇല്ലാത്ത മോഡലുകളെ കമ്പനികൾക്ക് അസൈൻ ചെയ്യാനും സാധിക്കുകയില്ല.

ഏതെങ്കിലും മോഡൽ വിലക്ക് ലംഘിച്ച് ജോലി ചെയ്‌താൽ ഏകദേശം 3 ലക്ഷം രൂപ വരെ പിഴയൊടുക്കേണ്ടി വരും. ഇനി ഏതെങ്കിലും മോഡലിന്‍റെ ഫോട്ടോയിൽ സ്പെഷ്യൽ ഇഫക്റ്റ് നൽകി മെലിഞ്ഞതായി തോന്നിപ്പിച്ചാൽ പരസ്യത്തിൽ അത് വെണ്ടയ്‌ക്ക അക്ഷരത്തിൽ സൂചിപ്പിക്കുകയും വേണം. ഇല്ലെങ്കിൽ പരസ്യ ഏജൻസിയും വെട്ടിലാകും. നിയമം തെറ്റിച്ചാൽ തടവും പിഴയും ശിക്ഷയായി ലഭിക്കും. ഇനി ഏതെങ്കിലും വെബ്സൈറ്റിൽ സൈസ് സീറോയോ കുറിച്ചോ അനോരോകിസിയയെ കുറിച്ചോ പ്രകീർത്തിച്ച് എഴുതിയാലും ഒഫൻസായി കണക്കാക്കും.

സൈസ് സീറോ

ഈ ആശയത്തെക്കുറിച്ച് എല്ലാവർക്കും അറിയാം. എന്നാൽ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നത്തെക്കുറിച്ച് ആരും അധികം കേട്ടിട്ടുണ്ടാവില്ല. ഈ സീറോ സൈസ് എന്നാൽ എന്താണ്? ഈ സീറോ സൈസ് എന്ന് പറയുന്നത് സ്ത്രീകളുടെ ഡ്രസ്സിന്‍റെ ആണ്.

തടിച്ച ആളുകളുടെ ഫിഗറിന് അഴകളവ് കാണില്ല. മാറിടം, അരക്കെട്ട്, നിതംബം എന്നിവയുടെ അളവ് കണക്കാക്കിയാണിത് നിർവചിക്കുന്നത്. നല്ല ഫിഗറിന്‍റെ അളവ് ഏകദേശം ഇങ്ങനെയാണ്. 30-22-32 ഇഞ്ച് (76-56-81 സെ.മീ) മുതൽ 33-25-35 ഇഞ്ച് (84-64-89 സെ.മീ) വരെയോ, ഇതിനിടയിലോ വരാം.

ഫ്രാൻസിൽ സീറോ സൈസിന്‍റെ പേരിൽ വലിയ വിവാദവും നടക്കുന്നുണ്ട്. അനോരേസ്കിയയും ചുറുചുറുക്കും ഒന്നാണോ എന്നാണ് എതിർക്കുന്നവർ ചോദിക്കുന്നത്. അനരോക്‌സിയ ഒരു രോഗമാണ്. ചുറുചുറുക് ശരീരഘടനയും അതായത് 5 അടി 7 ഇഞ്ച് നീളമുള്ള ഒരാൾക്ക് 55 കിലോഗ്രാം ഭാരമെങ്കിലും വേണം. ഇതാണ് ഉചിതമായ ബോഡി ഇൻഡെക്സ്.

എന്താണ് അനരോക്സിയ?

ഇക്കാലത്ത് പെൺക്കുട്ടികൾ തങ്ങളുടെ ഫിഗറിനെ ചൊല്ലി ബോദ്ധവതികളാണ്. ഇവരിൽ പലരും അനരോക്‌സിയ ബാധിച്ചവരാണ്. വിശപ്പ് കെടുത്തുന്ന അവസ്‌ഥയാണ് അനരോക്‌സിയ എന്ന് പറയാം. ഇത് സത്യത്തിൽ ഒരു രോഗമല്ല. ഒരു മാനസ്സികാവസ്‌ഥയാണ്. തടികൂടും എന്ന ഭയം കൊണ്ട് ആവശ്യത്തിന് ഭക്ഷണം കഴിക്കാതിരിക്കുന്ന അവസ്‌ഥ. ഇതിനെ അനരോക്‌സിയ നർവസ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതൊരുത്തരം ഈറ്റിംഗ് ഡിസോഡർ ആണ്.

ഈ ഡിസോഡർ ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിലാണ് കൂടുതലായി കണ്ടു വരുന്നത്. ഈ സ്വഭവമുള്ള പെൺകുട്ടികൾ ഭക്ഷണം കഴിച്ച ശേഷം ചർദ്ദിച്ചു കളയും. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടാതിരിക്കാനാണിങ്ങനെ ചെയ്യുന്നതത്രേ. ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു.

അനരോക്സിയയുടെ ഇരകൾ

ഈ അവസ്‌ഥ കാരണം മരണപ്പെട്ട മോഡലുകളുടെ ലിസ്‌റ്റ് വളരെ വലുതാണ്. ഇതുവരെയായി 600 ൽ അധികം മോഡലുകളാണ് അനരോക്‌സിയ മൂലം മരണമടഞ്ഞത്. ഈയടുത്താണ് ബ്രസീലിയൻ മോഡലായ അന്നാ കരോസീനയ്ക്ക് സൈസ് സീറോ സിൻട്രാം കാരണം ജീവൻ നഷ്‌ടമായത്. അവർക്ക് ഡയറ്റ് ചാർട്ട് പോലും ഇല്ലായിരുന്നു. തക്കാളിയും ആപ്പിളും മാത്രമാണ് കഴിച്ചിരുന്നത്.

ഇതുപ്പോലെ അനരോക്‌സിയയുടെ ഇരയാണ് കാലിഫോർണിയയിലെ പ്രശസ്ത മോഡലായ രഷേൽ ഫറാക്ക്. അവർ മരണത്തോടെ മല്ലിടുകയാണിപ്പോൾ. വളരെ കാലമായി അവർ അനരോക്സിയയുടെ പിടിയിലാണ്. 37 കാരിയായ ഇവരുടെ തൂക്കം ഇപ്പോൾ വെറും 18 കിലോഗ്രാം മാത്രമാണുള്ളത്. ഇത്രയും അണ്ടർവെയ്‌റ്റുള്ള ഒരാളെ ആശുപത്രിയിൽപ്പോലും അഡ്മിറ്റ് ചെയ്യുന്നില്ല. ചികിത്സ നടക്കുന്നുണ്ട്. അത് ചെലവേറിയതാണ്. ജനകീയ പിരിവെടുത്താണ് ചികിത്സ നടത്തുന്നത്.

റാഷേലിന് തന്‍റെ തെറ്റ് ബോധ്യമായിട്ടുണ്ട്. അതിനാൽ ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള കഠിനശ്രമവും അവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നുണ്ട്. പക്ഷേ ചികിത്സയ്ക്കുള്ള പണം കൈയ്യിൽ ഇല്ലെന്ന് മാത്രം. അതിനാൽ സോഷ്യൽ മീഡിയയെ ആശ്രയിക്കുന്നു.

ഫണ്ടിംഗ് ചില സംഘടനകളും കൂട്ടായ്മകളും ഏറ്റെടുത്തിട്ടുണ്ട്. അവരുടെ ഭർത്താവ് ഗോ ഫണ്ട് മീ എന്ന പേജും തുറന്നിട്ടുണ്ട്. എല്ലാവരും റാഷേലിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ തീവശ്രമം നടത്തുന്നുണ്ടെങ്കിലും റാഷേലിന്‍റെ ആരോഗ്യനില അനുദിനം വഷളായി കൊണ്ടിരിക്കുകയാണ്.

ഡയറ്റിംഗ് ഭ്രാന്ത്

ഒരു ബ്രിട്ടീഷ് ആൺ മോഡലും ഈ അവസ്‌ഥയ്ക്ക് ഇരയായിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് അവിടുത്തെ റോമാൻറിക് കവിയായിരുന്ന ലോഡ് ബയറണും ഈ അസുഖം പിടിപ്പെട്ടിരുന്നു. മെലിഞ്ഞ അഴകളവുള്ള ശരീരത്തിനു വേണ്ടി അശാസ്‌ത്രീയമായ ഡയറ്റിംഗും മറ്റും സ്വീകരിച്ചതായിരുന്നു രോഗത്തിന് കാരണം.

എല്ലാ കാലാവസ്‌ഥയിലും അദ്ദേഹം ശരീരം വിയർക്കുന്ന തരം കോട്ടാണ് ധരിച്ചിരുന്നത്. അതും മുഴുവൻ സമയവും. രാവിലെ ഒരു ചെറിയ ബ്രഡ് കഷണം കഴിക്കും. കൂടെ ഒരു കപ്പ് ചായയും. വൈകുന്നേരം ഒരു കപ്പ് ഗ്രീൻ ടീ. അത്താഴത്തിനും പച്ചക്കറികൾ അതും വളരെ ചെറിയ അളവ്. 1806 ൽ ലോർഡ് ബയറിന്‍റെ ഭാരം 88 കിലോഗ്രാം ആയിരുന്നു. 1811 ൽ അത് 57 ആയി കുറഞ്ഞു.

ലേഡി ഡയാനയും ഇത്തരത്തിൽ തടി നിയന്ത്രിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്.

സൈസ് സീറോ തരംഗം ഉടലെടുത്തത് പാശ്ചാത്യ രാജ്യത്താണ്. ഹോളിവുഡ് അഭിനേത്രി കെറ്റി മോസ്, ബ്രെഡി ക്വിഡ്, സാറാ ജസിക്ക, കേറ്റ് ബേസ്വർത്ത് എൽക്സ് ചുങ്ക്, നിക്കോൾ റിത്ഷേ ഇവരെല്ലാം തന്നെ തങ്ങളുടെ സീറോ സൈസ് കൊണ്ട് അറിയപ്പെട്ടവരാണ്.

ഇന്ന് ഈ സൈസ് ഫാഷൻ ലോകത്തെ മരണമണി മുഴക്കുകയാണ്. പല രാജ്യങ്ങളും സൈസ് സീറോയ്ക്ക് വിലക്ക് ഏർപ്പെടുത്തുന്നു. അർമാനി, വിക്ടോറിയ, ബെക്ക് ഹാം തുടങ്ങിയ അതിപ്രശസ്തമായ ഫാഷൻ ഹൗസുകൾ എല്ലാം തെന്ന സൈസ് സീറോ മോഡലുകളെ വച്ച് പരസ്യം ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.

പാശ്ചാത്യരെ അനുകരിച്ച് ഭാരതത്തിലും സൈസ് സീറോന് പ്രചാരം ലഭിച്ചിരുന്നു. കരീന കപൂർ ഖാൻ സൈസ് സീറോ സ്വീകരിച്ചിരുന്നു. അതിനു ശേഷം കത്രീന, പ്രിയങ്ക, ദീപിക എന്നിവരും സൈസ് സീറോ പാത പിന്തുടർന്നു.

പക്ഷേ നമ്മുടെ വിദ്യാ ബാലൻ, സോനാക്ഷി സിൻഹ, പരിണിതി ചോപ്ര, ഹുമാ ഖുറേഷി, സണ്ണി ലിയോൺ എന്നിവർ സൈസ് സീറോ ആവാതെ തന്നെ പ്രേക്ഷകരുടെ മനം കീഴടക്കിയവരാണ്. ജീവൻ വെടിയുന്ന ഈ സൈസ് എന്തിനാണ്. അഴക് അളവിൽ മാത്രം തളച്ചിടേണ്ട സംഗതിയുമല്ലല്ലോ

മഴമേഘങ്ങളുടെ നിഴലിൽ നടന്നവർ

സ്നേഹം ഒരു കലയാണ്. എനിക്കാ കല വശമുണ്ടായിരുന്നു. നിങ്ങൾക്ക് വശമുണ്ടായിരുന്ന ഒരേയൊരു കല ചതിയുടെ കല മാത്രമായിരുന്നു.

ജയദേവനെ ഓൺലൈനിൽ കണ്ടപ്പോൾ ഇങ്ങനെയൊരു വാചകം ടൈപ്പ് ചെയ്‌തു സെൻഡ് ചെയ്യാൻ പോകും മുമ്പ് ഒരു നിമിഷം ഞാനാലോചിച്ചു. എഴുതിയ വാചകങ്ങൾ ഒന്നു കൂടി വായിച്ചു നോക്കി. ഉള്ളിൽ കത്തുന്ന വേദനയും ഏകാന്തതയും അനുഭവപ്പെടുമ്പോ പ്രതികരിക്കാൻ പാടില്ലെന്നു രാവിലെ ഗുരുജി മോട്ടിവേഷൻ ക്ലാസ്സിൽ പറഞ്ഞ ഓർമ്മ വന്നതും എഴുതിയ വാചകങ്ങൾ മായ്ച്ചു കളഞ്ഞിട്ട് ബാഗ് തുറന്നു വിക്ടർ ലിനസിന്‍റെ കഥാസമാഹാരം എടുത്തു.

മഴമേഘങ്ങളുടെ നിഴലിൽ എന്ന കഥയിൽ എനിക്കേറ്റവും പ്രിയപ്പെട്ട വരികൾ വായിച്ചു.

“അവൾ എന്‍റെ ലോകത്തിന് എന്താണെന്ന് അവളോടു പറയാൻ എനിക്കൊരിക്കലും കഴിയില്ലെന്നു ഭയന്നിരുന്ന കാലത്ത് ഞാനനുഭവിച്ച വേദനയെ കുറിച്ച് അവളോടു പറഞ്ഞതും ഈ മുറിയിൽ വച്ചാണ്. എനിക്കും അവൾക്കും വേണ്ടി ഞാൻ സ്വപ്നം കണ്ട ജീവിതത്തെ കുറിച്ച് അവളോടു പറഞ്ഞതും മറ്റെങ്ങും അനുഭവപ്പെട്ടിട്ടില്ലാത്ത ഒരു താരള്യം സ്വന്തമാക്കിയ ഈ മുറികളിലെ രാത്രികളിൽ തന്നെ.”

വിക്ടർ എനിക്കു സംസാരിക്കാൻ ഏത് കാലത്തും കൂടുതൽ അടുത്തു നിന്ന പുരുഷൻ നീയായിരുന്നു. നിന്നോടു സംസാരിക്കുകയും പങ്ക് വയ്ക്കുകയും ചെയ്‌തിട്ടുള്ളത്രയും മറ്റൊരാളുമായി സംവദിക്കുവാൻ എനിക്കു സാധിച്ചിട്ടില്ല.

വിക്ടർ അന്നേരം എനിക്കെതിരെയുള്ള കസേരയിൽ വന്നിരുന്നു.

നീ കുടിച്ചിട്ടുണ്ടോ?

ഉണ്ട്, ഒരൽപ്പം അടിക്കാതെ പ്രണയിക്കുന്ന പെണ്ണിനെ കാണാനുള്ള ചങ്കുറപ്പ് കിട്ടിയില്ല.

ഞാനെപ്പോഴെങ്കിലും നിന്നെ പ്രണയിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ടോ?

സ്നേഹം ഒരു കലയാണെന്ന് ഒരൽപം മുമ്പ് ടൈപ്പ് ചെയ്‌തതോ. ആ കലയിൽ കുരുക്കിയല്ലേ നീയെന്നെയിവിടെ തളച്ചിട്ടിരിക്കുന്നത്.

എനിക്കു ചിരിയടക്കാൻ കഴിഞ്ഞില്ല. അയാൾക്കടുത്ത് ഒരു കസേര വലിച്ചിട്ടിരുന്നു കൊണ്ട് ഞാൻ ലീലയെ കുറിച്ച് പറഞ്ഞു.

നിനക്കറിയുമോ, പണ്ടൊക്കെ ഞാൻ ലീലയെ സ്വപ്നം കാണുമായിരുന്നു. അവളുടെ വെളുത്ത സാരി പറന്നു വന്ന് എന്‍റെ മുഖത്ത് തട്ടുന്നത്. ഞാനൊരു കാര്യം ചോദിക്കട്ടെ.

നിനക്കെപ്പോഴെങ്കിലും ലീലയെ കല്യാണം കഴിക്കണമെന്ന് തോന്നിയിട്ടുണ്ടോ?

വിക്ടർ എന്‍റെ കണ്ണിലേക്ക് ഉറ്റുനോക്കി.

കട്ടി പുരികങ്ങൾക്ക് താഴെ മയങ്ങി കിടക്കുന്ന കൃഷ്ണമണികൾ ഒരൽപം ചുവപ്പ് രാശി കലർന്ന സ്ഫടിക പാത്രത്തിൽ പതിച്ച ഗോലികൾ പോലെ എനിക്കു തോന്നി.

നീ ലീലയെ കണ്ടോ?

ഉം, ഇവിടെ എനിക്കവൾ നിന്‍റെ ലീലയാണ്. ഭസ്മത്തിന്‍റെ പരിശുദ്ധിയുള്ള ആ ലീല. അല്ലേ അങ്ങിനെയല്ലേ.

ഉവ്വ്.

ഉവ്വ് എന്ന ഒരേയൊരു പദത്തിന് എന്‍റെ ജീവിതത്തിൽ എത്ര ആഴത്തിൽ സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് ഓർത്തിരിക്കെ ലീല എന്നെ അന്വേഷിച്ച് മുറിയിലേക്ക് വന്നു.

മനോരോഗാശുപത്രിയിൽ അമ്മു എന്നെ കൊണ്ടാക്കി പോന്നതിന് ശേഷം ഡ്യൂട്ടി നേഴ്സ് ആയിരുന്നത് മിക്കപ്പോഴും രാധയായിരുന്നു. രാധയെ ആദ്യം കണ്ടപ്പോൾ എനിക്കു ലീലയെ ഓർമ്മ വന്നു. രാധയെന്ന പേര് എത്ര ഉച്ചരിക്കാൻ ശ്രമിച്ചിട്ടും ലീലയെന്ന് മാത്രം നാവിൽ വന്നു. അവസാനം രാധ തന്നെ പരിഹാരം കണ്ടെത്തി. എനിക്കവളെ ലീലയെന്ന് വിളിക്കാമെന്ന്.

ലീല ആരാണെന്നോ വിക്ടർ ലിനസ് ആരാണെന്നോ അറിയാത്ത ഒരു പാവമായിരുന്നു അവൾ. ഈ ആശുപത്രിയിൽ മനസ്സ് തുറന്നു സംസാരിക്കാൻ എനിക്കുണ്ടായ ഒരേയൊരു മനുഷ്യജീവി. എന്‍റെ നിർബന്ധം സഹിക്കാൻ വയ്യാതെയാണ് അമ്മു എന്നെ ഈ ഹോസ്പറ്റലിൽ അഡ്മിറ്റ് ചെയ്‌തത്.

ഗുരുജി പറഞ്ഞിട്ടാകം രാധ എന്നേയും കൂട്ടി പുറത്തേക്ക് നടന്നു. ടൈലുകൾ പാകിയ നടപ്പാതയും ഇരുവശവും പൂത്തു നിൽക്കുന്ന ബോഗൺവില്ലാ ചെടികളും പിന്നിട്ട് ഞങ്ങൾ മതിൽ കെട്ടിനോട് ചേർന്നുള്ള മഹാഗണി മരത്തിന് ചുവട്ടിലിരുന്നു.

കടലിലേക്ക് താഴുന്ന സൂര്യനെ നോക്കി കൊണ്ടു അന്നേരം ഞാൻ രാധയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു.

ഈ ഹോസ്പിറ്റൽ കടലിന് അഭിമുഖമായി നിൽക്കുന്ന കെട്ടിടമായത് കൊണ്ടാവാം ഇവിടം തന്നെ അമ്മു തെരഞ്ഞെടുത്തതെന്ന് എനിക്കു തോന്നിയിട്ടുണ്ട്. അവൾക്ക് ചികിത്സയെക്കാൾ ചികിത്സിക്കുന്ന സാഹചര്യങ്ങളിലായിരുന്നു വിശ്വാസം.

ലീലേ നീ എപ്പോഴെങ്കിലും അപമാനത്തിന്‍റെ തീയിൽ വെന്തു വെന്തു ജീവിച്ചിട്ടുണ്ടോ? നിന്‍റെ കണ്ണിൽ നിന്നും ലോകത്തെ ചുട്ടെരിച്ചു കളയാൻ മാത്രം അഗ്നിപർവതം പൊട്ടി ഒലിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ നിർഭാഗ്യകരം. കാരണം നിനക്ക് ഈ ലോകത്തെ കാപട്യം മനസിലാക്കാൻ അവസരം ലഭിച്ചിട്ടില്ല. നിനക്കൊരിക്കലും അതിജീവനത്തിന്‍റെ പുഴ കടക്കാൻ കഴിഞ്ഞിട്ടില്ല.

നീയെപ്പോഴെങ്കിലും മാതാപിതാക്കളാൽ താരതമ്യത്തിന് വിധേയയായിട്ടുണ്ടോ. ഇല്ലെങ്കിൽ കഷ്ടം നിനക്കൊരു കൊടുമുടി കീഴടക്കാൻ സാധിക്കില്ലെന്നു ചുരുക്കം.

അതെല്ലാം പോട്ടെ നീ എപ്പോഴെങ്കിലും പ്രണയിച്ച പുരുഷനാൽ ആട്ടിയോടിക്കപ്പെട്ടിട്ടുണ്ടോ. ഇല്ലെങ്കിൽ ഒന്നും പറയാനില്ല പൊന്നേ. നിനക്ക് അനസ്തേഷ്യ കൂടാതെ ഹൃദയ ശസ്ത്രക്രിയ നടത്തിയതിന്‍റെ അനുഭവം പങ്ക് വയ്ക്കാനില്ലെന്നു ചുരുക്കം. എന്‍റെയീ ഭ്രാന്ത് ഒരു സ്ത്രീയോടുള്ള അസൂയയിൽ നിന്നാണ് തുടങ്ങിതെന്ന് പറഞ്ഞാൽ നീ ചിന്തിക്കും അവളെന്നെക്കാൾ സുന്ദരിയായ ഒരുത്തിയായിരിക്കുമെന്ന്.

ഞാൻ കാണുമ്പോഴും അവർ വീൽ ചെയറിൽ ആയിരുന്നു. വഞ്ചിക്കപ്പെടുന്നത് അറിയാതെ എപ്പോഴും പുഞ്ചിരിക്കാൻ പരിശീലനം ചെയ്തു പാകപ്പെട്ട ഒരുവള്. അവരോടു ചോദിക്കാൻ എന്‍റെയുള്ളിൽ ഒരു ചോദ്യമിരുന്ന് വിങ്ങി വിങ്ങി വേദനിച്ചിരുന്നു ആ നിമിഷത്തിലും.

ചതിക്കപ്പെട്ട സ്ത്രീയുടെ മുഖത്തിന്‍റെ ഭാഷ എന്തായിരിക്കുമെന്ന് ഊഹിച്ചിട്ടുണ്ടോ?

ആ ചോദ്യം ചോദിക്കാനുള്ള മനോധൈര്യം എനിക്കുണ്ടായില്ല. അവരെപ്പോലെ പുഞ്ചിരിക്കാൻ ശ്രമിക്കൂ ചുണ്ടേയെന്ന് സങ്കടത്തോടെ സ്വയം പറയാൻ ശ്രമിച്ചു പരാജയപ്പെട്ട് കൊണ്ട് അപരിചിത്വം നടിച്ചു തൊട്ടടുത്ത കസേരയിൽ ഞാനിരുന്നു.

ഈ സ്ത്രീയെ ഒന്നു കാണണമെന്ന് ആഗ്രഹിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. കാണാൻ കഴിയുമെന്ന് വിചാരിച്ചതല്ല. അതും ഈ വേഷത്തിൽ. തിളങ്ങുന്ന അവരുടെ പുടവയിലേക്കും ആഭരണങ്ങളിലേക്കും നോക്കിയപ്പോൾ വായിൽ ഉളുപ്പ് രസം നിറയുന്നത് പോലെ ഒരനുഭവമുണ്ടായി.

വലിയ വലിയ വാക്കുകൾ കൊണ്ട് എന്‍റെ ഹൃദയം നിറച്ച പുരുഷന്‍റെ കാപട്യം ഉള്ളിലെ പുകച്ചിൽ കൂട്ടി. പെട്ടെന്ന് എനിക്കു തോന്നി ഇവരോട് ഉറക്കെ ഉറക്കെ വിളിച്ചു പറയണമെന്ന്. ഇതൊക്കെ വെറും ട്രാപ്പ് ആയിരുന്നുവെന്ന്. വഞ്ചിക്കപ്പെട്ട് തകരാൻ പോകുന്ന ആ ജീവിതത്തിൽ നിന്നും അവരെ രക്ഷിക്കണമെന്നൊക്കെ ഒരു കലാപകാരി ഉള്ളിലിരുന്നു വിറച്ചുതുള്ളി.

അന്നേരം അമ്മു എന്‍റെ കൈയിൽ കടന്നു പിടിച്ചിട്ടു പറഞ്ഞു. നമുക്ക് പുറത്തേക്ക് നിൽക്കാം. അയാൾ വരുമ്പോൾ നിന്നെ കാണാതിരിക്കുന്നതാണ് നല്ലത്. എനിക്കവരെ കണ്ടു കൊതി മാറിയിട്ടില്ലായിരുന്നു. ഞാൻ സ്നേഹിച്ച പുരുഷനെ തട്ടിയെടുത്തവളായി ഏതാനും ദിവസം മുമ്പ് വരെ വെറുത്തു പോയവളെ.

പലപ്പോഴും അമ്മു എന്‍റെ തലയിൽ തഴുകി കൊണ്ട് പറഞ്ഞിട്ടുണ്ട്.

നിനക്കു യാതൊരു കുറവും ഇല്ല ജിനി. ആ സ്ത്രീയെ അയാൾ തെരഞ്ഞെടുത്തത് മനസിന്‍റെ നന്മയായി കണ്ടൂടെയെന്നൊക്കെ.

ആ ന്യായീകരണങ്ങൾ മനസിലാക്കാൻ തക്ക വിവേകമില്ലായ്മയല്ല എന്നെ പൊള്ളിച്ചതും വേദനിപ്പിച്ചതും. ഞങ്ങളുടെ പ്രണയം തുടങ്ങിയ അതേ സമയത്താണ് അവരുമായി ജയദേവന്‍ പരിചയത്തിലായതും അടുപ്പത്തിലായതുമെന്ന അറിവാണ്. അയാളുടെ നിലപാടുകളും അവരുടെ സാഹചര്യവും രണ്ടായതു കൊണ്ട് മാത്രം ഒരുമിച്ചുള്ള ജീവിതം കുറച്ചു കഴിഞ്ഞാകാമെന്ന് തീരുമാനിച്ചു കാത്തിരുന്നവർ.

അഞ്ജുവിന്‍റെ വീട്ടുകാർക്ക് ഈ ബന്ധത്തോട് താൽപര്യമില്ലായിരുന്നു. ജയദേവന്‍റെ രാഷ്ട്രീയ ബന്ധവും, പ്രൈവറ്റ് കമ്പനിയിലെ ഉദ്യോഗത്തോടുള്ള താൽപര്യ കുറവും മാത്രമായിരുന്നില്ല എതിർപ്പിന് കാരണമെന്ന് എനിക്കു തോന്നുന്നു ജീനി. ആ സ്ത്രീ വീട്ടുകാരുടെ കറവ പശു ആണെന്നൊക്കെ പറയാം.

അമ്മു ആ വിവരങ്ങൾ എന്നോടു പറഞ്ഞു കൊണ്ടിരുന്ന രാത്രിയിലും എന്‍റെ ഫോണിലേക്ക് ഉമ്മ എന്നൊരു മെസേജ് വന്നിരുന്നു.

ഉറങ്ങുമ്പോഴും ഉണരുമ്പോഴും നിന്‍റെ ചുംബനമാണ് എന്‍റെ ഊർജ്ജമെന്ന് പറഞ്ഞയാളുടെ.

അമ്മുവിന്‍റെ നേർക്ക് ഫോൺ നീട്ടിയിട്ട് നോക്കെന്ന് പറഞ്ഞിട്ട് സങ്കടവും വെറുപ്പും കൂടി കലർന്ന നിരാശയോടെ കുളിമുറിയിൽ കയറി ഷവറിന് കീഴിൽ നിന്ന് ആർത്തലച്ചു ഞാൻ കരഞ്ഞു.

അഞ്ജുവിനെ കുറിച്ച് മുഴുവൻ വിവരങ്ങളും സംഘടിപ്പിച്ചു കൊണ്ട് വന്നത് അമ്മു തന്നെയാണ്.

തൊട്ടടുത്ത നഗരത്തിൽ അവർ ജോലി ചെയ്യുന്ന കോർപ്പറേഷൻ ഓഫീസും താമസിക്കുന്ന ഹോസ്റ്റലും ഉണ്ട്. കൂടുതൽ ചികഞ്ഞു പോകാനുള്ള താൽപര്യം ഞാൻ പ്രകടിപ്പിച്ചപ്പോൾ അമ്മു ഒഴിഞ്ഞു മാറി. ചീഞ്ഞാൽ മുറിച്ച് മാറ്റ് എന്നു കടുപ്പിച്ചു പറഞ്ഞിട്ടു തോളിൽ ഒരൊറ്റ അടി വച്ചു തന്നു.

ആ അടിയുടെ വേദനയേക്കാൾ കടുപ്പം കൂടിയ ഹൃദയവേദന അടക്കാൻ വയ്യാതെ അയാൾക്കും അവർക്കും പിന്നാലെ വീണ്ടും വീണ്ടും ഞാനലഞ്ഞു നടന്നു. ചോദിച്ചപ്പോൾ അയാൾ നിരസിച്ചു, തെളിവ് തിരത്തിയപ്പോൾ ആദ്യം ഒഴിഞ്ഞു മാറി. പിന്നെ ഒച്ചയുണ്ടാക്കി ആക്ഷേപിച്ചു. എന്നെ മനോരോഗിയെന്ന് വിളിച്ചു. മറ്റുള്ളവരുടെ കാര്യം തിരക്കി നടക്കാൻ അന്തസില്ലേയെന്ന് അപമാനിച്ചു.

എന്നെ അധിക്ഷേപിച്ചതല്ല വേദന കൂട്ടിയത്. ഒരു പുരുഷനെ പോലെ അയാളത് സമ്മതിക്കാഞ്ഞതായിരുന്നു. വഴക്കിട്ട് ഓഫീസിൽ നിന്നും ഞാനിറങ്ങി പോന്നു. രാത്രിയിൽ ഒന്നും സംഭവിക്കാത്തതു പോലെ ഫോണിൽ അയാളുടെ മെസേജ്.

നീ പിണങ്ങിയോയെന്ന്.

എന്‍റെ ഹൃദയം കത്തിക്കാളി. ഫോണെടുത്ത് അയാളെ വിളിച്ചിട്ട് ഞാനലറി നിങ്ങളുടെ മറ്റവളോട് ചെന്ന് ചോദിക്കെന്ന്. എനിക്കു വീണ്ടും സമനില തെറ്റി. ഇയാളെന്നെ പിന്തുടരുന്നത് എന്തിനാണെന്ന് ഉള്ളിൽ കരഞ്ഞു. മറക്കാനും സമ്മതിക്കില്ലേ.

എന്‍റെ വാശി സഹിക്കാൻ പറ്റാതായപ്പോഴാണ് അമ്മു വീണ്ടും അഞ്ജുവിനെ പറ്റിയുള്ള ബാക്കി വിവരങ്ങൾ തപ്പിയെടുത്ത് കൊണ്ടു വന്നത്.

മറ്റൊന്നും അറിയേണ്ട ആ സ്ത്രീയെ ആണോ എന്നെയാണോ അയാൾ വഞ്ചിച്ചത് എന്നു മാത്രം.

നിങ്ങൾ ഒരുമിച്ച് വഞ്ചിക്കപ്പെട്ടു. രണ്ടു ദിവസം കഴിഞ്ഞു അമ്മു പറഞ്ഞു. അന്നേരം എന്‍റെ ഹൃദയത്തിൽ എല്ലാ അലകളും ഒരുമിച്ച് അടങ്ങി. മനസ് നിശ്ചലമായി.

ആ സ്ത്രീയുമായുള്ള ജയദേവന്‍റെ ബന്ധം ഒരു കുടുക്കായിരുന്നു ജിനി. അയാളുടെ സുഹൃത്തിന്‍റെ നാട്ടുകാരിയും എഫ്ബിഫ്രണ്ടും ആയിരുന്നു അഞ്ജു. അരക്കു കീഴേക്ക് തളർന്ന ഒരു സ്ത്രീ. കോർപ്പറേഷനിൽ ജോലി ഉള്ളത് കൊണ്ട് വീട്ടിൽ നിന്നും മാറി ഹോസ്റ്റലിൽ താമസിക്കുന്നു. കുറെയധികം സ്വാതന്ത്ര ചിന്താഗതിയൊക്കെ ഉള്ള കൂട്ടത്തിലാണ്. അവർക്ക് ഏതാണ്ട് മുപ്പത്തിയെട്ട് വയസൊക്കെ കാണും.

കല്യാണമൊന്നും നടക്കാൻ വഴിയില്ലെന്നു ബോധ്യമായി തുടങ്ങിയ കാലമായത് കൊണ്ട് അത്യാവശ്യം ആണ് സൗഹൃദങ്ങളൊക്കെയുണ്ട്. ചിലരൊക്കെ അവരെ ചൂഷണം ചെയ്‌തിരിക്കാം. പണമായും മറ്റ് പലതുമായും. നിന്‍റെ ആളും അങ്ങിനെയൊരു ലക്ഷ്യം വച്ചു തന്നെയാവണം അവരുമായി അടുത്തത്. ആ ബന്ധം ഏതാണ്ട് വിവാഹത്തോളം എത്തിയെന്നാണ് ഞാനറിഞ്ഞത്.

അവരുടെ കൈയിൽ അത്യാവശ്യം സമ്പാദ്യമൊക്കെയുണ്ട്. ഭാഗം വച്ചു കിട്ടിയ സ്വത്ത് വിറ്റ് കാശ് ബാങ്കിൽ ഡെപ്പോസിറ്റ് ആയിട്ട് വേറെയും. വയസായാൽ പെൻഷനും കിട്ടുമല്ലോ. അതൊക്കെ മുന്നിൽ കണ്ടാണ് അയാളീ കല്യാണത്തിന് തയ്യാറായതെന്നാണ് ഞാനറിഞ്ഞത്.

പക്ഷേ ഇനി പറയാൻ പോകുന്നത് നീ ശ്രദ്ധയോടെ കേൾക്കണം.

ഇതിലും വലുതോ അറിയാനുള്ളതെന്ന് ഓർത്തപ്പോൾ ചെറിയ ഒരു ചിരി എന്‍റെ ഉള്ളിൽ പൊട്ടി.

ആ അടുപ്പം വല്ല്യ പാടായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. അഞ്ജുവിനെ ലക്ഷ്യം വച്ച് കുറച്ചു പേരെ ഫോളോ ചെയ്യിക്കാൻ ശ്രമിച്ചു ആദ്യം. അതിനു അയാളുടെ സുഹൃത്തിന്‍റെ സഹായമുണ്ടായിരുന്നു. ഇങ്ങിനെയൊരു കക്ഷിയുണ്ട് ഒന്ന് മുട്ടി നോക്കിയാൽ ചിലപ്പോ വല്ലതും തടയുമെന്ന് സുഹൃത്താണ് ഇയാൾക്ക് സൂചന കൊടുത്ത്.

ചുമ്മാ ചെന്ന് മുട്ടിയാൽ വളയാനുള്ള സാധ്യത ഉണ്ടാകില്ലെന്നു കണ്ടാകണം ഇങ്ങിനെയൊരു പ്ലാൻ ക്രിയേറ്റ് ചെയ്‌തത്. സ്വഭാവികമായും അഞ്ജു നിന്‍റെ ആളുടെ സുഹൃത്തിന്‍റെ സഹായം തേടി. അങ്ങിനെയാണ് പ്രശ്നം കണ്ടുപിടിക്കാൻ ജയദേവനും ഇടപെടുന്നത്. നിനക്കറിയാമല്ലോ അയാൾക്ക് രാഷ്ട്രീയത്തിലൊക്കെയുള്ള പിടിപാട്.

അഞ്ജു അങ്ങിനെ പെട്ടു പോയി എന്നതാണു സത്യം. പിന്നെ സംഭവിച്ചത് നിനക്കു പറ്റിയത് തന്നെ. തീവ്രമായ ആരാധന. വീൽ ചെയറിൽ കഴിയുന്ന ഒരു പെണ്ണ്. അവിവാഹിത, സ്വഭാവികമായും മധുര വാക്കുകൾ പറയാതെ കെയർ ചെയ്‌തു കൂടെ നിൽക്കുമെന്ന് ബോധ്യം വരുത്തുന്ന ഒരാളിൽ ആകർഷണവും വിധേയത്വവും സംഭവിക്കും.

മതി, കൂടുതൽ കേൾക്കാൻ നിൽക്കാതെ പുതപ്പെടുത്തു തലവഴി പുതച്ചു മൂടി ഞാൻ കിടന്നു. മോളെ, അമ്മു എന്‍റെ അരികിലിരുന്നു വിളിച്ചു.

സങ്കടം കൊണ്ട് എന്‍റെ നെഞ്ചു പൊള്ളിയടർന്നു. ഞാനെത്ര ശ്രമിച്ചിട്ടും അയാളെ മറക്കാൻ പറ്റുന്നില്ലായിരുന്നു. അത്രമേൽ അയാളെന്നിൽ ആഴത്തിൽ വേരൂന്നിയിരുന്നു.

കഴിഞ്ഞു പോയ ഏതാനും വർഷങ്ങൾ ജീവിതത്തിൽ നിന്നും മായ്ച്ചു കളയാൻ ഈ ജന്മം കഴിയില്ലെന്നു എനിക്കു തോന്നി. എനിക്കു പണമോ സർക്കാർ ജോലിയോ ഉണ്ടായിരുന്നില്ല. പക്ഷേ അയാൾ ലാളിച്ച ശരീരം, ഉമ്മ വച്ച ചുണ്ടുകൾ, അയാളെ ഉൻമാദിയാക്കിയിരുന്ന എന്‍റെ സ്പർശനങ്ങൾ ഇതൊക്കെ അവരിലും കണ്ടെത്താൻ അയാൾക്ക് സാധിച്ചിരിക്കാമെന്ന ഓർമ്മയിൽ വിഷാദ രോഗം വീണ്ടും എന്നിലേക്ക് മടങ്ങി വന്നു.

അമ്മു ജോലിക്കു പോയ ശേഷം മരിക്കാനായി വിഫലമായ ശ്രമം നടത്തി പരാജയപ്പെടുകയും രാത്രിയിൽ കൈയിലെ മുറിവ് പാട് കണ്ടു അവളെന്നെ ചീത്തവിളിക്കുകയും മുഖമടച്ച് തല്ലുകയും ചെയ്‌തു.

എനിക്കപ്പോൾ കരയാൻ തോന്നിയില്ല. ഞങ്ങളൊരുമിച്ചു ഈ വീട് വാടകക്ക് എടുത്തതും കെട്ടും ഭാണ്ഡവും പെറുക്കി കൂട്ടി താമസിക്കാൻ വന്നതുമാണ് അന്നേരം ഓർമ്മയിൽ വന്നത്. പരാജയപ്പെട്ട ഒരു വിവാഹവും വിവാഹമോചനവും നൽകിയ മുറിവുകൾ ഏതാണ്ട് ഉണങ്ങി തുടങ്ങിയ നാളുകൾ. വിഷാദരോഗത്തിനുള്ള മരുന്ന് മുടക്കരുതെന്ന ഡോക്‌ടറുടെ നിർദ്ദേശം കൂടെ നിന്ന് ഓർത്ത് പാലിച്ചത് അമ്മുവാണ്.

ആഴ്ചയിൽ രണ്ടു ദിവസത്തേക്കു ഭർത്താവിന്‍റെയും കുട്ടികളുടെയും അടുത്തേക്ക് അവളോടിപ്പോയി തിരികെ എത്തുന്നതു വരെ ഈ നഗരത്തിൽ ചുറ്റി നടന്നു കൊണ്ടു എനിക്കെന്നെ തിരിച്ചെടുക്കാൻ നന്നേ പണിപ്പെടേണ്ടി വന്നിട്ടുണ്ട്.

ജയദേവനുമായി അടുപ്പമുണ്ടാകുന്നത് ആ കാലത്താണ്. മേലാധികാരി, കർക്കശക്കാരൻ, അവിവാഹിതൻ എങ്കിലും ഒഴിവുവേളകളിൽ മധുരമായി സംസാരിക്കും. ധാരാളം തമാശകൾ പറയുമായിരുന്നു. സ്നേഹിക്കപ്പെടുന്നത് ആദ്യമായിട്ടായിരുന്നു. വേറെ ഒരാളും നല്ല വാക്കുകൾ പറഞ്ഞിട്ടില്ല. വീടിന് ഭാരമായ മകളെ ഒഴിവാക്കാൻ ശ്രമിച്ചതല്ലാതെ ആരും അന്വേഷിച്ചു വരില്ലന്നു ഉറപ്പായിരുന്നു.

ഒരാളെ മുഴുവനുമായി വിശ്വസിച്ചു. ആരൊക്കെ ഉപേക്ഷിച്ചാലും ആ ആളുടെ തണലുണ്ടാകുമെന്ന ആത്മവിശ്വാസം ചെറുതായിരുന്നില്ല.

അഞ്ജുവിനെ കുറിച്ച് ഞാൻ അന്വേഷിക്കുന്ന കാര്യം അറിഞ്ഞതും അയാളെന്നെ ചീത്ത വിളിച്ചു. മനോരോഗി നാണം കെട്ടവൾ മേലിൽ എന്‍റെ ഓഫീസിന്‍റെ പടി നീ കയറരുത്. ഒപ്പിടാൻ കൊണ്ട് വച്ച ഫയലുകൾ എന്‍റെ മുഖത്തേക്ക് എറിഞ്ഞിട്ട് പുറത്തേക്ക് പോകാൻ വിരൽ ചൂണ്ടി കൊണ്ടു അയാളലറി.

അപമാനം കൊണ്ട് കത്തിയ ഹൃദയവുമായി ഡിസ്സ്മിസ്സ് ലെറ്റർ കൈപ്പറ്റി വീട്ടിൽ വന്നു കയറിയതും അമ്മുവിനെ കെട്ടിപ്പിടിച്ചു ഞാൻ വാവിട്ടു കരഞ്ഞു.

ജോലിയോ വരുമാനമോയില്ലാതെ അമ്മുവിന്‍റെ തണലിൽ ഒന്നരമാസം. ഉറക്കമില്ലാത്ത രാത്രികളിലും പകലുകളിലും ജയദേവനെ വാട്സ്ആപ്പിൽ ഓൺലൈനിൽ കാണുമ്പോഴൊക്കെ ഉള്ളുരുകി. ഒരിക്കലും അയാളെന്നെ വിളിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്തില്ല.

അങ്ങോട്ട് വിളിക്കാൻ അഭിമാനം എന്നെയും അനുവദിച്ചില്ല.

ഒരിക്കൽ സഹിക്കെട്ടപ്പോൾ അമ്മു ദേഷ്യത്തിൽ പറഞ്ഞു.

ഒരാൾക്ക് മറ്റൊരാളെ എളുപ്പത്തിൽ ഉപേക്ഷിക്കാൻ കഴിയണമെങ്കിൽ ഒരു കാരണമോ ഉണ്ടാകൂ ജിനി. നിന്നെക്കാൾ പ്രിയപ്പെട്ട മറ്റൊരാൾ അയാളുടെ ജീവിതത്തിൽ ഉണ്ടെന്ന്.

ജയദേവന്‍റെ ജീവിതത്തിലെ പ്രിയപ്പെട്ട ആ ആള് ഞാനോ അഞ്ജുവോ മാത്രമല്ലെന്നു കണ്ടുപിടിച്ചാണ് അമ്മു ഒരു ദിവസം വന്നുകയറിയത്.

അയാൾക്ക് വേറെ ഒരുപാട് സ്ത്രീ ബന്ധങ്ങളുണ്ട്. പലയിടത്തും അയാളോടൊപ്പം പല പല സ്ത്രീകളുമായി കണ്ടവരുണ്ട്. ഒരു ചതിയനെയോർത്ത് നീ വെറുതെ കണ്ണീർ വാർക്കരുത് പൊട്ടീ.

എനിക്കയാളെ ഒന്നൂടെ കാണണം.

ഇനിയും നാണം കെടാനൊ?

അല്ല, ഞാനിപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നു കാണിച്ചു കൊടുക്കാന്.

അമ്മു എതിർത്തിട്ടും വകവയ്ക്കാതെ ഞാൻ വീണ്ടും അതേ ഓഫീസിൽ ചെന്നു. ജയദേവന് ഉണ്ടായിരുന്നില്ല. പഴയ സഹപ്രവർത്തകർ സഹതപിച്ചു കൊണ്ട് ചോദിച്ചു.

ഇപ്പോ ചികിത്സയൊക്കെ ഉണ്ടോ? സാർ പറഞ്ഞപ്പോഴാ പിരിഞ്ഞു പോകാനുള്ള കാരണം അറിഞ്ഞത്. എനിക്കു ഭ്രാന്താണ് എന്ന് അതിനകം അവിടെ കഥകൾ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞെന്നു ബോധ്യമായി. അടുത്ത ആഴ്ച ജയദേവന്‍റെ വിവാഹമാണെന്ന് അറിഞ്ഞതും ഞാൻ വീണ്ടും പരാജിതയായി. അയാളുടെ വലിയ മനസിനെ കുറിച്ചായിരുന്നു കേട്ടത് മുഴുവൻ. നമുക്കാ കല്യാണത്തിന് പോകണം അമ്മൂ. എനിക്കയാളെ മറക്കാൻ ആ കാഴ്ച ഉള്ളിൽ നിറക്കണം. അമ്മുവിന് ഭയമുണ്ടായിരുന്നു. എന്‍റെ മനോനില തെറ്റുമോയെന്ന്.

ഞങ്ങൾ ചെല്ലുമ്പോ ആ സ്ത്രീക്ക് ചുറ്റിലും ധാരാളം പേര് കൂടി നിൽപ്പുണ്ടായിരുന്നു. പത്രക്കാർ ആണെന്ന് തോന്നുന്നു. ഈ കല്യാണം ജയദേവന് തന്‍റെ ഇമേജ് കൂട്ടാൻ നന്നായി വിനിയോഗിച്ചിട്ടുണ്ടെന്ന് മനസിലായി. അവരുടെ മുഖം വേണ്ടതിൽ അധികം മേക്കപ്പ് ചെയ്‌തു ചുവപ്പിച്ചിരുന്നു. മുപ്പത്തിയെട്ട് വയസ്സിനു ചേരാത്ത ലജ്ജ എടുത്തണിയാൻ പരിശ്രമിക്കുന്ന ആ സ്ത്രീയോട് എനിക്കു സഹതാപം തോന്നി.

ചെറുക്കന്‍റെ കൂട്ടർ എത്തിയിട്ടില്ലാത്തത് കൊണ്ട് ഞങ്ങളുടെ കാഴ്ച സൗകര്യപ്രദമായിരുന്നു. ആളുകൾ തിക്കി തിരക്കി വിശേഷങ്ങൾ ചോദിക്കുന്നതിനിടയിൽ അടുത്ത കസേരയിലിരുന്നു അവരെ വീക്ഷിക്കുന്നത് രസകരമായി ഞാനസ്വദിച്ചു.

പോയാലോ, അമ്മു എന്‍റെ കൈയിൽ തൊട്ടു കൊണ്ട് വീണ്ടും ചോദിച്ചു. പോകാം.

തൊണ്ടയിൽ കയ്ക്കുന്ന വേദന അടക്കി കൊണ്ട് ഞാനെഴുന്നേറ്റ് പുറത്തേക്ക് നടന്നു.

ഞാൻ ഭയന്നിരുന്നു. അമ്മു ആശ്വാസത്തിൽ പറഞ്ഞു.

എന്ത്?

നീ എന്തേലും മണ്ടത്തരം ചെയ്യുമൊയെന്ന്?

ഇല്ല, ഞാനാ കുട്ടിയുടെ കഥ ഓർത്തു ആശ്വസിക്കാൻ ശ്രമിക്കുകയായിരുന്നു.

ഏത് കുട്ടിയുടെ?

ഷൂസ് വാങ്ങാൻ കരഞ്ഞ കുട്ടിയുടെ. കാലുകൾ ഇല്ലാത്ത ഒരാളെ കാണും വരെയേ എന്‍റെ കരച്ചിൽ ഉണ്ടായിരുന്നുള്ളൂവെന്ന് പറഞ്ഞ ആ കുട്ടിയുടെ. പക്ഷേ ഈ ഷൂസ് അവരുടെ കാലുകളെ കൂടുതൽ മുറിവേൽപ്പിക്കുമെന്ന വേദനയാണ് എന്നെ അലട്ടുന്നത്.

പോകാം ജിനി. അമ്മു സങ്കടപ്പെട്ടു കൊണ്ട് എന്‍റെ കൈയിൽ പിടിച്ച് വലിച്ചു കൊണ്ട് അവിടെനിന്നിറങ്ങി പോന്നു. മടങ്ങി പോക്കിൽ എനിക്കൊരു പട്ടം വേണമെന്ന് അമ്മുവിനോടു വാശി പിടിച്ചു. പിന്നെ ഈ പ്രായത്തിലിനി പട്ടംപറപ്പിക്കാഞ്ഞിട്ടാണ്. അവൾ ശാസിച്ചെങ്കിലും എന്‍റെ മുഖത്ത് വാട്ടം കണ്ടതും കടയിൽ നിന്നും ചുവന്ന നിറത്തിലുള്ള ഒരു പട്ടം വാങ്ങി തന്നു.

വൈകുന്നേരം ടെറസിൽ നിന്നു പട്ടം പറത്താൻ അശ്രാന്ത പരിശ്രമം നടത്തി കൊണ്ടിരിക്കെ ഞാൻ ചോദിച്ചു. നീയെപ്പോഴെങ്കിലും പട്ടം പറത്തിയിട്ടുണ്ടോ. നൂലിന്‍റെ അറ്റം ഹൃദയത്തിൽ കൊളത്തിയിട്ടു കൊണ്ട് വേണം ആകാശത്തേക്കത് പറത്തി വിടാൻ. പട്ടം പറത്തും മുമ്പ് കാറ്റിന്‍റെ ദിശ ഏത് ദിക്കിലേക്കെന്നറിയാൻ അയയിൽ ഒരു പ്ലാസ്റ്റിക് കവർ കെട്ടിത്തൂക്കിയിടണം. കവർ പറക്കുന്ന ദിശ നോക്കി വേണം പട്ടം വിട്ടു കൊടുക്കാൻ. അങ്ങിനെ ചെയ്‌തില്ലെങ്കിൽ പട്ടം പറക്കില്ലേ എന്നു ചോദിക്കാം. ഇതൊക്കെ അച്‌ഛന്‍റെ ബുദ്ധിയായിരുന്നു. അപാര ബുദ്ധിമാനായ ഒരാളായിരുന്നു അച്‌ഛൻ. എന്നിട്ടു എന്‍റെയേും അജയന്‍റേയും വിവാഹത്തിൽ അച്‌ഛന് തെറ്റുപറ്റി.

ഹൃദയത്തിൽ കൊളുത്തിയിട്ട നൂലിലാണ് ഞാൻ ജയദേവനോടുള്ള സ്നേഹം നിറച്ചതും. അച്‌ഛന്‍റെ ബുദ്ധിയിലും എന്‍റെ ബുദ്ധിശൂന്യതയിലും പൊട്ടിപ്പോയ പട്ടം പോലെയാണ് എന്‍റെ ജീവിതമെത്തിയതെങ്കിൽ അതാരുടെയും കുറ്റമാവില്ല അല്ലേ അമ്മൂ.

ആ ചോദ്യം ചോദിച്ച ശേഷം ടെറസിൽ കുത്തിയിരുന്നു ആർത്തലച്ചു ഞാൻ കരഞ്ഞു. ഞാനും ജയദേവനും ഒരുമിച്ച് പങ്കുവച്ച പകലുകളും രാത്രികളും ഓർമ്മ വന്നതും നിലത്തേക്ക് കമിഴ്ന്നടിച്ചു കിടന്നു കരഞ്ഞു.

ഒരു സായാഹ്നത്തിൽ ജയദേവന്‍റെ കൂടെ ലോഡ്ജിൽ മുറിയെടുത്തതും രാത്രിയിൽ ടെറസിൽ പോയി ആകാശത്തേക്ക് നോക്കി നക്ഷത്രങ്ങൾ കണ്ടുകൊണ്ടു കിടന്നതുമെല്ലാം ഓർമ്മയിലേക്ക് ഇരച്ചു കയറി വന്നു. ഞങ്ങൾ ഒരുമിച്ച് കണ്ട ആകാശം, നക്ഷത്രങ്ങൾ, നിലാവ്.

പട്ടം പൊട്ടിപ്പോയത് ആരുടേയും കുറ്റമാവില്ല അല്ലേ ലീലേ.

ഒരു സന്ധ്യയിൽ നിന്നു കൊണ്ട് ചോദിച്ച ചോദ്യം ഈ സന്ധ്യയിൽ നിൽക്കേ വീണ്ടും എന്‍റെ നാവിൽ നിന്നും വീണു. അന്നേരം വീശിയടിച്ച കാറ്റിൽ മുഖത്തേക്ക് പാറി വീണ മുടിയിഴകൾ ഇടം കൈകൊണ്ടു ഒതുക്കി വയ്ക്കാൻ ഞാൻ ശ്രമിച്ചു. ലീല പിന്നിൽ നിന്നും എന്‍റെ കണ്ണു പൊത്തി പിടിച്ചു. എന്‍റെ കണ്ണിലും അവളുടെ കൈയിലും പടർന്ന നനവ് ഞങ്ങളെ ഇരുവരെയും അന്നേരം ഒരു നദിയാക്കി മാറ്റിക്കളഞ്ഞു.

കുഞ്ഞിന്‍റെ സ്മാർട്ട് പാരന്‍റ്സ് ഇങ്ങനെയാവാം…

കുഞ്ഞ് അതിഥി പിറവി കൊള്ളുന്നതോടെ വീടാകെ ഉണരുകയാണ് ചെയ്യുക. കുഞ്ഞിച്ചിരികളും കൊഞ്ചലും കൊണ്ട് വീടിന്‍റെ അന്തരീക്ഷമാകെ മാറുന്നു. കുഞ്ഞിന്‍റെ വരവ് കുടുംബാംഗങ്ങളിലെല്ലാം നിറഞ്ഞ ഉത്സാഹവും സന്തോഷവും പകരുന്നു. കുഞ്ഞിന്‍റെ മാതാപിതാക്കൾക്കാകട്ടെ തങ്ങളുടെ ജീവിതത്തിൽ പുതിയ ഊർജ്ജം നിറഞ്ഞ പ്രതീതിയാണ് ഉണ്ടാകുക. കുഞ്ഞിന്‍റെ വരവിൽ തങ്ങളുടെ ജീവിതരീതി പൂർണ്ണമായും മാറും പോലെ. കുഞ്ഞിന്‍റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും നമ്മുടെ ദിനചര്യകളും മാറും. റൂട്ടീനിലുണ്ടാവുന്ന മാറ്റം അവരുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നു. ജീവിതത്തിലുണ്ടാകുന്ന ഈ പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ ചില ചിട്ടകൾ പാലിക്കുക.

ഭക്ഷണക്രമത്തിൽ അലസത

മുഴുവൻ ദിവസവും ശിശുസംരക്ഷണക്കാര്യത്തിൽ വ്യാപൃതരാവുന്നതിനാൽ മാതാപിതാക്കൾ ഭക്ഷണ കാര്യത്തിൽ വേണ്ട ശ്രദ്ധ നൽകാറില്ല. സമയമില്ലാത്തതിനാൽ കയ്യിൽ കിട്ടുന്നത് കഴിച്ച് വിശപ്പടക്കുകയാണ് ചെയ്യുക. ചിലപ്പോൾ ഫാസ്റ്റ് ഫുഡായിരിക്കും അവർ കഴിക്കുക. ഇത്തരം ഈറ്റിംഗ് ഹാബിറ്റ് തന്നെ പലതരം ശാരീരികാസ്വസ്ഥതകൾക്ക് കാരണമാകാം.

എങ്ങനെ ഭക്ഷണരീതി ക്രമീകരിക്കാം

ജീവിതത്തിൽ പുതുതായി എന്തെങ്കിലും സംഭവിച്ചാൽ മാറ്റം സ്വഭാവികമായും ഉണ്ടാവും. എന്നാൽ ആ മാറ്റത്തിനനുസരിച്ച് സ്വയം അഡ്ജസ്റ്റ് ചെയ്യേണ്ടി വരുന്നത് വെല്ലുവിളിയായിരിക്കും. നിങ്ങൾ തനിച്ചാണ് കഴിയുന്നതെങ്കിൽ ഭക്ഷണ സംബന്ധമായ ടൈംടേബിൾ തയ്യാറാക്കി അതിനനുസരിച്ച് ജീവിക്കാം. എന്നാൽ അതിൽ അനാരോഗ്യകരമായ ഭക്ഷണം ഉണ്ടാകാൻ പാടില്ല.

ബ്രേക്ക് ഫാസറ്റായി സ്പ്രൗട്ട്സ്, മുട്ട, ഏത്തപ്പഴം എന്നിവ കഴിക്കാം. ഇപ്രകാരം ലഞ്ചിൽ പരിപ്പ്, ചപ്പാത്തി, തൈര്, മോര് അല്ലെങ്കിൽ പുഴുങ്ങിയ കടല എന്നിവ ഉൾപ്പെടുത്താം. ഡിന്നറായി ഓട്സ് മുതലായവ ഉൾപ്പെടുത്താം. ഇവയൊക്കെയും ഹൈ ഫൈബർ റിച്ച് ഡയറ്റാണ്. ഇതിനിടെ വിശപ്പ് തോന്നുമ്പോൾ ഫ്രൂട്ട്സ്, കടല മുതലായവ കഴിക്കാം. വിശപ്പടക്കുന്നതിനൊപ്പം ഹെൽത്തിയുമായിരിക്കും അവ.

ഉറങ്ങാനുള്ള സമയക്കുറവ്

കുഞ്ഞ് ജനിക്കുന്നതോടെ പല മാതാപിതാക്കൾക്കും ശരിയാംവണ്ണം ഉറങ്ങാൻ കഴിയാറില്ല. കുഞ്ഞുങ്ങളുടെ ഉറക്ക ക്രമമനുസരിച്ച് മാതാപിതാക്കൾക്ക് ഉണരുകയും ഉറങ്ങുകയും ചെയ്യേണ്ടി വരും. അത് തളർച്ചയ്ക്കൊപ്പം മാനസികപിരിമുറുക്കവും സൃഷ്ടിക്കും. വ്യക്‌തി ജീവിതത്തെ മാത്രമല്ല പ്രൊഫഷണൽ ജീവിതത്തേയും അത് ബാധിക്കും.

എങ്ങനെ നേരിടാം

ഈ സാഹചര്യത്തിൽ മാതാപിതാക്കൾ ഒരുമിച്ച് ഉത്തരവാദിത്തങ്ങൾ നിറവേറ്റുകയാണ് വേണ്ടത്. വീട്ടിലായിരിക്കുമ്പോൾ ഭാര്യയും ഭർത്താവും ഒരുമിച്ച് വീട്ടുജോലികൾ ചെയ്‌ത് തീർക്കാം. കുഞ്ഞ് ഉറങ്ങുന്ന സമയത്ത് മാതാപിതാക്കൾക്ക് വേണ്ട വിശ്രമവും ലഭിക്കും. രാത്രിയിലും ഇപ്രകാരം മാനേജ് ചെയ്യുകയാണെങ്കിൽ റൂട്ടീൻ കുറേക്കൂടി സുഖകരമാവും.

ഇമോഷണൽ ബാലൻസ്

വർക്കിംഗ് കപ്പിൾ ആയിരുന്നപ്പോൾ ഇടവേളകളിൽ സമയം ചെലവഴിക്കാൻ രണ്ടുപേർക്കും വേണ്ടത്ര സമയം മുമ്പ് കിട്ടിയിരിക്കാം. എന്നാൽ കുഞ്ഞിന്‍റെ വരവോടെ ഇരുവരുടെയും തിരക്കുകളും ഏറുന്നു. പരസ്പരം സമയം ചെലവഴിക്കാൻ കഴിയാതെ വരുന്നു. പഴയ സന്തോഷകരമായ നിമിഷങ്ങൾ ഇല്ലാതെ വരുന്നു. ഇത്തരം സാഹചര്യങ്ങൾ ഇരുവർക്കുമിടയിലെ ഇമോഷണൽ അറ്റാച്ച്മെന്‍റിൽ കുറവ് വരുത്തും.

എങ്ങനെ നേരിടാം

മാതാപിതാക്കളായതിനാൽ പഴയതു പോലെ പരസ്പരം റൊമാന്‍റിക്കാവാൻ പാടില്ലാ എന്നൊന്നുമില്ല. പഴയതു പോലെ തന്നെ ഇരുവർക്കും സമയം ചെലവിടാം. കളിച്ചിരികൾ പറയാം. സിനിമ കാണാം. ഇടയ്ക്ക് ചെറിയ ഔട്ടിംഗുകൾക്ക് പോകാം. ഭർത്താവ് ഭാര്യയുടെയും ഭാര്യ ഭർത്താവിന്‍റെയും ഫീലിംഗുകൾ മനസിലാക്കുകയും ഉൾക്കൊള്ളുകയും വേണം.

ചിട്ടവട്ടങ്ങൾ ഇല്ലാതിരിക്കുക

എല്ലാത്തിനും ഒരു അടുക്കും ചിട്ടയും ഉണ്ടായിരിക്കുകയെന്നത് എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. ഉദാ: സമയത്ത് എഴുന്നേൽക്കുക, സമയത്ത് കഴിക്കുക, കൃത്യസമയത്ത് ഓഫീസിലെത്തുക, പതിവായി വ്യായാമം ചെയ്യുക എന്നിങ്ങനെ… എന്നാൽ കുഞ്ഞിന്‍റെ മാതാപിതാക്കളായതോടെ പഴയ ചിട്ടയിലേക്ക് വരാൻ കഴിയാത്തത് ഉള്ളിൽ അസ്വസ്ഥതകൾ സൃഷ്ടിക്കും.

എങ്ങനെ നേരിടാം

തുടക്കത്തിൽ 1-2 ആഴ്ച കുഞ്ഞിനെ പരിചരിക്കലും മറ്റ് കാര്യങ്ങളുമായി വളരെ തിരക്കുകളിലാവുന്നത് സ്വഭാവികമാണ്. എന്നാൽ പിന്നീട് കാര്യങ്ങൾ ഷെഡ്യൂളിലാക്കി ജീവിതത്തെ ചിട്ടപ്പെടുത്താം. ഉദാ: വ്യായാമം ചെയ്യാൻ പുറത്തു പോകാനാവുന്നില്ലെങ്കിൽ വീട്ടിൽ ചെയ്യാം ഡിന്നർ കൃത്യസമയത്ത് കഴിക്കാൻ പറ്റുന്നില്ലെങ്കിൽ കൃത്യസമയത്ത് കഴിക്കാനായി ഓട്സ്, സൂപ്പ്, സലാദ്, കിച്ചടി എന്നിവ ഡിന്നറിൽ ഉൾപ്പെടുത്താം.

വൈദ്യുതി ഉപയോഗം കുറയ്ക്കാൻ 9 വഴികൾ

ഇന്നത്തെ കാലത്ത് ഓരോ വീടുകളിലും വൈദ്യുത ഉപകരണങ്ങളുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. അതിനാൽ വൈദ്യുതിയുടെ ഉപയോഗവും അത്രമാത്രം ഉയർന്നിരിക്കുന്നു. വൈദ്യുതി ബിൽ കാണുമ്പോഴാണ് എത്രമാത്രം വൈദ്യുതി ഉപയോഗിച്ചിരിക്കുന്നുവെന്ന കാര്യം ഓർമ്മ വരിക. അൽപം ജാഗ്രതയും കരുതലും പുലർത്തിയാൽ വൈദ്യുതി ഉപയോഗം കുറയ്ക്കാം. ഒപ്പം ബില്ലും… അതിനുള്ള 9 എളുപ്പ വഴികൾ.

  • മുറിയിൽ ആരുമില്ലാത്ത അവസരങ്ങളിൽ ലൈറ്റും ബൾബും ഓഫാക്കാം. പൊതുവെ മുറിയിൽ ആരുമില്ലെങ്കിലും ബൾബ് കത്തി കിടക്കുന്ന പതിവ് പലരുടേയും വീടുകളിൽ സംഭവിക്കുന്ന കാര്യമാണ്. മുറിക്കു പുറത്തു പോകുമ്പോൾ ലൈറ്റും ഫാനും ഓഫാക്കിയ ശേഷം മാത്രം പുറത്തു പോവുക. രാത്രിയിൽ ലൈറ്റ് ഓഫാക്കാം. ഇതുവഴി വൈദ്യുതി ലാഭിക്കാം. പകൽ സമയം ജനാലകൾ തുറന്നിടുക. പുറത്ത് നിന്നുള്ള കാറ്റും വെളിച്ചവും അകത്ത് കടക്കട്ടെ.
  • വൈദ്യുതി ലാഭിക്കാനുള്ള എളുപ്പ വഴികളിലൊന്നാണ് സാധാരണ ബൾബിന്‍റെ സ്‌ഥാനത്ത് എൽഇഡി ബൾബ് ഉപയോഗിക്കുകയെന്നത്. 60 വാട്ടിന്‍റെ സാധാരണ ബൾബിന് തുല്യമായ പ്രകാശമാണ് 9 വാട്ടിന്‍റെ എൽഇഡി ബൾബ് നൽകുന്നത്. എൽഇഡി ബൾബ് 70 മുതൽ 75 ശതമാനം വൈദ്യുതി ഉപയോഗം കുറയ്ക്കുകയും 10 മുതൽ 15 ഇരട്ടിയിലധികം സേവനവും നൽകുന്നു. ഇന്ന് വിപണിയിൽ ഒന്ന് മുതൽ 2 വർഷം വാറന്‍റിയുള്ള എൽഇഡി ബൾബ് ലഭ്യമാണ്. നൈറ്റ് ബൾബിൽ 15 വാട്ടിന്‍റെ സ്‌ഥാനത്ത് 2 വാട്ട് എൽഇഡി ഘടിപ്പിക്കാം. 40 വാട്ട് ട്യൂബിന്‍റെ സ്‌ഥാനത്ത് 36 വാട്ടിന്‍റെ സ്ലീം ട്യൂബ് ഉപയോഗിക്കാം.

ഇലക്ട്രോണിക് ചോക്ക് ഉള്ള ട്യൂബ് ലൈറ്റ് ഉപയോഗിക്കാം. ട്യൂബ് പെട്ടെന്ന് കത്തും. സ്റ്റാർട്ടറിന്‍റെ ആവശ്യമുണ്ടാവുകയില്ല. കുറഞ്ഞ വോൾട്ടേജിലും പ്രവർത്തിക്കും. വൈദ്യുതി ലാഭിക്കാം.

  • വെള്ളം ചൂടാക്കാൻ വാട്ടർ ഹീറ്റർ ഉപയോഗിക്കുകയാണെങ്കിൽ വാട്ടർ ഹീറ്ററിന്‍റെയോ ഗീസറിന്‍റെയോ താപമാനം 48 ഡിഗ്രിയിൽ സെറ്റ് ചെയ്‌ത് വയ്ക്കാം. കൂടുതൽ വാട്ട്സിന്‍റെ എമേഴ്സൺ റോഡിന്‍റെ ഉപയോഗം ഒഴിവാക്കാം. ഐഎസ്ഐ മാർക്ക് ഉള്ള ഉൽപ്പന്നം ഏറേക്കാലം ഈടു നിൽക്കുന്നതിനൊപ്പം വൈദ്യുതിയുടെ ഉപയോഗം ലാഭിക്കാം.
  • റഫ്രിജറേറ്റർ ഒഴിച്ചിടരുത്, ഫ്രീസറിൽ ഫ്രഷ് പച്ചക്കറികളും മറ്റ് വസ്തുക്കളും വയ്ക്കുക. ഫ്രിഡ്ജ് നോർമൽ മോഡിൽ പ്രവർത്തിപ്പിക്കാം. അടിക്കടി ഫ്രിഡ്ജ് തുറക്കുന്നത് ഒഴിവാക്കുക. എന്തെങ്കിലും വസ്തു എടുക്കാനോ വയ്ക്കാനോ ഉണ്ടെങ്കിൽ ഒരുമിച്ച് എടുക്കുകയോ വയ്ക്കുകയോ ചെയ്യാം.

ചൂടുള്ള ഭക്ഷ്യ വിഭവങ്ങൾ ഫ്രിഡ്ജിൽ വയ്ക്കരുത്. തണുത്ത ശേഷം ഫ്രിഡ്ജിൽ വയ്ക്കാം. ഫ്രിഡ്ജ് വർഷം തോറും ചെക്ക് ചെയ്യാം. എവിടെയെങ്കിലും തകരാറുണ്ടോയെന്ന് പരിശോധിക്കുക. ഫ്രിഡ്ജ് ഇടയ്ക്കിടയ്ക്ക് തുറക്കുന്നത് ഒഴിവാക്കുക. അല്ലാത്തപക്ഷം കംപ്രഷറിന് കൂടുതൽ വർക്ക് ചെയ്യേണ്ടി വരും. ഒപ്പം വൈദ്യുതി ഉപഭോഗം കൂടുകയും ചെയ്യും. ഫ്രിഡ്ജിന്‍റെ പ്ലേസിംഗും ശരിയായ രീതിയിലായിരിക്കണം. ചുവരിനും ഫ്രിഡ്ജിനും ഇടയിൽ 2 ഇഞ്ച് ഗ്യാപ് ഉണ്ടാവണം. എയർ സർക്കുലേഷൻ മൂലം ഇതിന്‍റെ ഫംഗ്ഷന് കുറച്ച് പവർ അതാവശ്യമാണ്.

  • വാഷിംഗ് മെഷീനിൽ അലക്കാനായി വസ്ത്രമിടുന്ന സമയത്ത് മെഷീനിന്‍റെ കപ്പാസിറ്റിയനുസരിച്ച് അതിൽ വസ്ത്രമുണ്ടോയെന്ന് ശ്രദ്ധിക്കേണ്ട താവശ്യമാണ്. കുറഞ്ഞയളവിൽ വസ്ത്രമലക്കുന്നതിന് പകരം ഒരുമിച്ച് മെഷീനിൽ വസ്ത്രമിട്ട് അലക്കാം. വൈദ്യുതി ഉപഭോഗം കുറയുന്നതിനൊപ്പം കൂടുതൽ തുണികൾ അലക്കുകയും ചെയ്യാം. വസ്ത്രങ്ങൾ വെയിലത്ത് ഇട്ട് ഉണക്കിയെടുക്കാം. മെഷീനിൽ ഡ്രൈ ചെയ്യുകയാണെങ്കിൽ ടൈമർ കുറഞ്ഞ സമയത്തേക്ക് സൈറ്റ് ചെയ്യാം.
  • വീട്ടിൽ എല്ലാതരം ഇലക്ട്രോണിക് ഉപകരണങ്ങളും പവർ എക്സറ്റൻഷൻ കോർഡുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാം. രാത്രി കിടക്കാൻ നേരത്ത് സ്വിച്ച് ഓഫ് ചെയ്യാൻ മറക്കരുത്. കപ്യൂട്ടർ, പ്രിന്‍റർ, ടിവി, ഡിവിഡി പ്ലെയർ നിങ്ങളുടെ വൈദ്യുതി ബിൽ വർദ്ധിപ്പിക്കാം.
  • വിലക്കുറവ് നോക്കാതെ ഗുണനിലവാരവും ഈടും നോക്കി ഉപകരണങ്ങൾ വാങ്ങുക. ഉദാ: ട്യൂബ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ എയർ കണ്ടീഷണർ, വാട്ടർ പമ്പ്, ഗീസർ, ഫാൻ, ടിവി എന്നിവ സ്റ്റാർ റേറ്റിംഗ് നോക്കി വാങ്ങാം. എത്രയധികം സ്റ്റാർ റേറ്റിംഗ് ഉണ്ടോ അത്രയും തന്നെ വൈദ്യുതി ലാഭിക്കുകയും ചെയ്യാം. ഇന്ന് അൽപ്പം വില കൂടിയാലും ഭാവിയിൽ വൈദ്യുതി ലാഭിക്കുന്നതിനൊപ്പം പണവും ലാഭിക്കാം.
  • വേനൽക്കാലത്ത് എയർകണ്ടീഷണർ പ്രവർത്തിപ്പിക്കുന്നതിനാൽ വീടുകളിൽ വൈദ്യുതി ചെലവ് വർദ്ധിക്കും. എന്നാൽ ഇത് ശരിയായ രീതിയിൽ മാനേജ് ചെയ്യുകയാണെങ്കിൽ വൈദ്യുതി ചെലവ് നിയന്ത്രിക്കാനാവും. എയർ കണ്ടീഷണർ ഫിൽറ്റർ ഇടയ്ക്ക് വൃത്തിയാക്കുക. ഇങ്ങനെ ചെയ്‌താൽ ശരിയായ രീതിയിൽ മുറിയിൽ കൂളിംഗ് കിട്ടും. വൈദ്യുതി ഉപയോഗം കുറയും. എയർ കണ്ടീഷണറിന്‍റെ മോഡറേറ്റ് ഊഷ്മാവ് 24 ഡിഗ്രി സെന്‍റിഗ്രേഡിൽ സെറ്റ് ചെയ്യാം.
  • ഫാനും കൂളറും ശരിയായത് തെരഞ്ഞെടുക്കുന്നതിലൂടെയും ഉപയോഗിക്കുന്ന രീതികളിലൂടെയും വൈദ്യുതി ലാഭിക്കാം. ലൈറ്റ് രാത്രിയിൽ മാത്രം കത്തിക്കാം. വേനൽക്കാലത്ത് ഫാൻ ഫുൾ ടൈം പ്രവർത്തിപ്പിക്കേണ്ടി വരും. അതിനാൽ വൈദ്യുതി ബില്ലിൽ വലിയ വർദ്ധനവ് ഉണ്ടാകും. ഒരു ഫാനിന്‍റെ ചെലവ് വർഷത്തിൽ 1000 രൂപയ്ക്ക് അടുത്ത് വരും.

ബി റേറ്റഡ് ഫാൻ ഉപയോഗിക്കുകയാണെങ്കിൽ ഈ ചെലവ് 700 മുതൽ 750 ന് ഇടയിലെ വരൂ. സൂപ്പർ എഫിഷ്യന്‍റ് ഫാനാണെങ്കിൽ ഈ ചെലവ് 500 രൂപയ്ക്കടുത്തേ വരൂ.

വൈദ്യുതി ലാഭിക്കുന്നതിന് ഇൻവർട്ടർ ടെക്നോളജി അടിസ്‌ഥാനമായുള്ള കമ്പനി കൂളർ വാങ്ങാം. മാർക്കറ്റിലെ കൂളറുകളെ അപേക്ഷിച്ച് 50 ശതമാനം കുറഞ്ഞ വൈദ്യുതിയെ ഉപയോഗിക്കൂ. സാധാരണ 200 വാട്ടിന്‍റെ മോട്ടർ ഉള്ള കൂളർ 12 മണിക്കൂർ പ്രവർത്തിക്കുമ്പോൾ മാസത്തിൽ ഏകദേശം 100 യൂണിറ്റ് വൈദ്യുതി മാത്രമേ ഇത് ഉപയോഗിക്കൂ. ആ സ്‌ഥാനത്ത് മോഡേൺ ടെക്നോളജി ഉള്ള കൂളർ ഉപയോഗിച്ചാൽ മാസം 60 യൂണിറ്റ് ഉപയോഗമേ ഉണ്ടാകൂ.

മഞ്ഞപ്പല്ലുകൾ വെളുപ്പിക്കാം

പ്രായം വർദ്ധിക്കുന്നതിനു അനുസരിച്ച് ചില ഭക്ഷണ സാധനങ്ങളുടെ ഉപയോഗം കൊണ്ടോ പല്ലിന്‍റെ നിറം മങ്ങി മഞ്ഞയായി മാറുക സ്വാഭാവികമാണ്. ഈ പ്രശ്നം വളരെ വേഗം പരിഹരിക്കാൻ കഴിഞ്ഞാൽ പിന്നീട് വിഷമിക്കേണ്ടി വരില്ല.

ചിരി ആകർഷകമായിരുന്നാൽ ആ വ്യക്‌തിയ്ക്ക് മറ്റുള്ളവരിൽ ഉണ്ടാകുന്ന ഇംപാക്ട് വളരെ വലുതാണല്ലോ. അതിനാൽ ദന്തനിരകളുടെ ഭംഗിയും വൃത്തിയും പ്രധാന പങ്കു വഹിക്കുന്നു. പല്ലിന് സ്വാഭാവികമായി നിറം നൽകാൻ സഹായിക്കുന്ന നിരവധി പ്രോഡക്ടുകൾ മാർക്കറ്റിൽ ലഭ്യമാണ്. പേസ്റ്റ്, പൗഡർ, ടീത്ത് വൈറ്റ്നിംഗ് കിറ്റ്, ടീത്ത് വൈറ്റ്നിംഗ് സ്ട്രിപ്സ് ഇങ്ങനെയുള്ള പ്രോഡക്ടുകൾ ആണ് ഉപയോഗിക്കപ്പെടുന്നത്.

പല്ല് വെളുപ്പിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ടിപ്സുകളിതാ.

  • ആപ്പിൾ സിഡർ വിനാഗർ ഒരു സ്പൂൺ അര ഗ്ലാസ് വെള്ളത്തിൽ മിക്സ് ചെയ്‌ത് മൗത്ത് വാഷ് പോലെ കുലുക്കുഴിയുക. 30 സെക്കന്‍റ് വായ്ക്കുള്ളിൽ തന്നെ വച്ച ശേഷം തുപ്പിക്കളയുക. തുടർന്ന് വെള്ളം കൊണ്ട് വാ കഴുകിയ ശേഷം ബ്രഷ് ചെയ്യുക. കൃത്യമായ അളവിൽ മാത്രമേ ആപ്പിൾ സിഡർ വിനിഗർ ഉപയോഗിക്കാവൂ. അതു പ്രത്യേകം ശ്രദ്ധിക്കണം.
  • ഒരു സ്പൂൺ ബേക്കിംഗ് സോഡയിൽ രണ്ട് സ്പൂൺ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് പേസ്റ്റാക്കുക. ഈ പേസ്റ്റ് കൊണ്ട് പല്ലു തേയ്ക്കാം. പല്ലിലെ പ്ലാക്ക്, കീടാണു ഇതൊക്കെ നീക്കം ചെയ്യാൻ സഹായകമാണ്. ഇത് നിത്യേന ചെയ്യാം.
  • മാർക്കറ്റിൽ ആക്ടിവേറ്റഡ് ചാർക്കോൾ ലഭിക്കും. അതുകൊണ്ട് പല്ലു തേയ്ക്കാം പല്ലും വെളുക്കും കീടാണുക്കളും പോകും.
  • സ്ട്രോബറിയിൽ അടങ്ങിയിട്ടുള്ള മാലിക് ആസിഡ് പല്ലു വെളുപ്പിക്കാൻ നല്ലൊരു ഉപായമാണ്. സ്ട്രോബറി മുറിച്ച ശേഷം ബേക്കിംഗ് സോഡയിൽ ചേർത്ത് പല്ലു തേക്കുക. പല്ലിലെ ചെറിയ മഞ്ഞനിറം നീങ്ങാൻ ഇതുമതിയാകും. ആഴ്ചയിൽ മൂന്ന് തവണ ഇങ്ങനെ ചെയ്യുക.
  • പല്ലിന് മഞ്ഞനിറം ഉണ്ടാകാതിരിക്കാൻ പഞ്ചസാര അടങ്ങിയ ഭക്ഷണസാധനങ്ങളുടെ ഉപയോഗം കുറയ്ക്കുക. ഭക്ഷണത്തിൽ കാത്സ്യത്തിന്‍റെ അളവ് വർദ്ധിപ്പിക്കുക. പുകയില, മുറുക്ക് ഇവ ഒഴിവാക്കുക. രാവിലെയും രാത്രിയും ബ്രഷിംഗ് ശീലമാക്കുക. കാപ്പി, സോഡ, റെഡ് വൈൻ ഇവ കഴിച്ചാൽ പല്ലിൽ നിറം മങ്ങാൻ സാധ്യത കൂടുതലാണ്.

വീട്ടിൽ പലതരം ഉപായങ്ങള്‍ പരീക്ഷിച്ചിട്ടും ഫലം കിട്ടിയില്ലെങ്കൽ ഡോക്ടറെ കണ്ട് ടീത്ത് വൈറ്റ്നിംഗ് ചികിത്സ തേടാവുന്നതാണ്.

 

നിങ്ങൾക്കുണ്ടോ മൊബൈൽ ഫോൺ അഡിക്ഷൻ

247 ഇന്‍റർനെറ്റ്, സോഷ്യൽ മീഡിയ സൗഹൃദങ്ങൾ, കിടിലൻ ക്യാമറ ഗിമ്മിക്കുകൾ ഇങ്ങനെ സൈബർ യുഗം വളരുന്തോറും പ്രായഭേദമെന്യേ പലർക്കും ഇപ്പോൾ മൊബൈൽ ഫോൺ ഫോബിയ എന്ന അവസ്‌ഥ. എപ്പോഴും കൂട്ടുകാരനെപ്പോലെ ഫോൺ കയ്യിൽ സൂക്ഷിക്കുന്നതാണ് നമ്മുടെ ശീലം. അതങ്ങനെ അടുത്തില്ലെങ്കിൽ ഒന്നും തൊട്ടുതലോടിയില്ലെങ്കിൽ വല്ലാത്തൊരു വീർപ്പുമുട്ടൽ! ഈ അവസ്ഥ പരിധി വിടുന്നതിനെയാണ് നോ മൊബൈൽ ഫോൺ ഫോബിയ അല്ലെങ്കിൽ നോമോഫോബിയ എന്നു വിളിക്കുന്നത്.

ഫോൺ വീട്ടിലോ ഓഫീസിലോ വച്ചു മറന്നു പോയാൽ പിന്നെ ആകെ ടെൻഷൻ ആകും. മറ്റുള്ളവർ എടുക്കുമോ ഫോൺ നഷ്ടപ്പെടുമോ എന്നീ ആശങ്കകൾ ആണ് പ്രധാനം എങ്കിൽ നോമോ ഫോബിയ ഉണ്ടെന്ന് കരുതാം. അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ ഇത്തരം ടെൻഷനുകൾക്ക് സ്‌ഥാനമില്ലെന്നറിഞ്ഞാലും വെറുതെ ടെൻഷനടിക്കും.

മൊബൈൽ ഫോൺ നഷ്ടപ്പെടുന്നതു മാത്രമല്ല ഇനി നെറ്റ് വർക്ക് ഇല്ലാത്ത അവസ്‌ഥ പോലും നോമോ ഫോബിയക്കാർക്ക് സഹിക്കാൻ കഴിഞ്ഞെന്നു വരില്ല. നിങ്ങൾ ഈ ലക്ഷണങ്ങളൊക്കെ ഉണ്ടെങ്കിൽ കുറച്ചു ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

ഒരു കാര്യമില്ലെങ്കിലും വെറുതെയിരിക്കുമ്പോൾ ഫോൺ എടുത്തു നോക്കുന്നവരാണ് നമ്മൾ. ബോറടി മാറ്റാനാണ് വെറും കൗതുകത്തിലോ ഇങ്ങനെ ചെയ്‌തു തുടങ്ങുന്നു. തുടർന്ന് അതൊരു അഡിക്ഷനായി മാറുന്നു. ഒരു ദിവസം ഫോൺ ഓഫായാലോ മറന്നു വച്ചാലോ ഒന്നും സംഭവിക്കില്ല എന്ന് ചിന്തിക്കാൻ ഇവർക്ക് കഴിയില്ല. ഫോണിന് ഫുൾ ചാർജ് ഉണ്ടെങ്കിലും ചാർജർ കരുതുക, ഇന്‍റർനെറ്റിനായി മറ്റൊരു ഫോൺ കൂടി കൂടെ കരുതുക എന്നീ ശീലവും ഉണ്ടാകും. വിമാനത്തിൽ കയറിയാൽ പോലും ഫോൺ ഓഫ് ചെയ്യാൻ മടി കാണിക്കും. കുറേ നേരം ഫോൺ കോൾ വന്നില്ലേങ്കിൽ തന്നെ അസ്വസ്ഥതയാണ്.

ഫോൺ നെറ്റ് വർക്ക് ഇല്ലാതാവുമ്പോൾ നഷ്‌ടമാകുന്ന കോളുകളെയും മെസേജുകളെയും ഓർത്തിട്ട് ഇരിക്കപ്പൊറുതി ഉണ്ടാവില്ല. ഇതൊക്കെ ആർക്കും ഉണ്ടാകാം. പ്രത്യേക സാഹചര്യങ്ങളിലാണെന്നു മാത്രം. എന്നാൽ അങ്ങനെ പ്രത്യേകത ഒന്നുമില്ലാതെ തന്നെ സദാസമയം ഫോൺ, ഫോൺ എന്നു ചിന്തിച്ചാലോ! അതിനെ ഒരു മാനസികാവസ്‌ഥ എന്നു മാത്രമേ പറയാൻ പറ്റൂ. ഈ അവസ്‌ഥ ഉണ്ടാകുന്നവരിൽ ഉൽകണ്ഠയും വിഷാദവും ആത്മവിശ്വാസക്കുറവുമൊക്കെ കാണാനിടയുണ്ട്. ഇതൊരു പ്രത്യേക മാനസികാവസ്‌ഥയാണ്, ഇതിൽ നിന്ന് രക്ഷപ്പെടണം എന്ന് സ്വയം തിരിച്ചറിയുമ്പോൾ പരിഹാരവും എളുപ്പമാകും. ഇടയ്ക്കൊക്കെ ഫോണില്ലാതെയും ജീവിക്കാമെന്നും. അങ്ങനെ ജീവിച്ചാലും ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും സ്വയം മനസ്സിലാക്കുക.

ഒരു പകൽ വേളയിൽ അര മണിക്കൂറെങ്കിലും ഫോൺ ഓഫ് ചെയ്‌തു വച്ച്, ക്രമേണ ഇത് ഒന്നോ രണ്ടോ മണിക്കൂർ ആയി വർദ്ധിപ്പിച്ച് നോമോ ഫോബിയയെ തോൽപ്പിക്കാൻ ശ്രമിക്കാം. ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഫോൺ കയ്യെത്താദൂരത്ത് വയ്ക്കുന്നതും ഒരു പരിഹാരമാണ്. ആഴ്ചയിലൊരിക്കൽ നോ ഫോൺ ഡേ ആചരിക്കുന്നതിലും തെറ്റില്ല. അതെല്ലാം ശ്രമിച്ചു പരാജയപ്പെട്ടെങ്കിൽ ഉടനെ ഒരു മനഃശാസ്ത്രഞ്ജന്‍റെ സഹായം തേടാവുന്നതാണ്.

നമ്മുടെ ക്രിയേറ്റിവിറ്റിയെയും സാമൂഹ്യ ജീവിതത്തേയും പാടേ തകർക്കുന്ന വിധത്തിൽ നോ ഫോൺ ഫോബിയ പിടി മുറിക്കാതിരിക്കട്ടെ.

തുടക്കം

വിമാനമിറങ്ങി പുറത്തിറങ്ങവെ ബാംഗ്ലൂരിലെ തണുത്ത കാറ്റേറ്റപ്പോൾ പ്രാചിയ്ക്ക് ചെറുതായൊന്ന് തണുത്തു. തണുത്ത കാറ്റേൽക്കാതിരിക്കാൻ പ്രാചി പീഹുവിനെ സമീപത്തേക്ക് ചേർത്തു പിടിച്ചു.

“മമ്മി, വല്യമ്മ നമ്മളെ പിക്അപ്പ് ചെയ്യാൻ വരുമല്ലോ അല്ലേ?” 7 വയസുകാരിയായ പീഹു ഏറെ ഉത്സാഹത്തോടെ ചോദിച്ചു.

“ഇല്ല… നമ്മൾ ഓഫീസ് ഗസ്റ്റ്ഹൗസിലേക്കാ പോവുന്നത്.”

പ്രാചിയുടെ മറുപടി കേട്ട് പീഹുവിന്‍റെ മുഖത്ത് നിരാശ പടർന്നു. പ്രാചി തിടുക്കപ്പെട്ട് തന്‍റെ കയ്യിലുള്ള ഹാന്‍റ് ബാഗ് പീഹുവിനെ ഏൽപ്പിച്ച ശേഷം ട്രോളി എടുക്കാനായി പോയി. ട്രോളി ഉരുട്ടി കൊണ്ട് തങ്ങളുടെ ബാഗേജ് വരുന്നതും കാത്ത് നിന്നു. പ്രാചി മിക്കപ്പോഴും ബാംഗ്ലൂരിൽ വന്ന് പോകാറുണ്ട്. ഓഫീസ് ആവശ്യങ്ങൾക്കായും മറ്റ് ചിലപ്പോൾ സഹോദരിയെ കാണാനുമൊക്കെയായി. പക്ഷേ ഇന്ന് അവൾ ഏതോ വിചിത്രമായ ഭാവത്തിലായിരുന്നു. സ്വന്തം ലാപ്ടോപ്പ് ട്രോളിയിൽ വച്ചശേഷം പ്രാചി ബാഗേജും മറ്റും ട്രോളിയിൽ വച്ചു.

എയർപോർട്ടിന് പുറത്ത് ഓഫീസ് കാർ പ്രാചിയെ കാത്തു നിന്നിരുന്നു. അവർ ഇരുവരും കാറിൽ കയറി ഗസ്റ്റ്ഹൗസിൽ എത്തി. പ്രാചി തനിക്കായി കോഫിയും പീഹുവിനായി ജ്യൂസും സാൻവിച്ചും ഓർഡർ ചെയ്തു. കോഫി കുടിച്ചു കൊണ്ടിരിക്കെ പ്രാചി പീഹുവിനെ തന്നെ നോക്കിയിരുന്നു. അവൾ നിശബ്ദയായി സാൻവിച്ച് കഴിച്ചു കൊണ്ടിരുന്നു. ഫോൺ ബെൽ മുഴങ്ങിയത് കേട്ട് ചിന്തയിൽ നിന്നും ഉണർന്ന് പ്രാചി മൊബൈൽ സ്ക്രീനിലേക്ക് നോക്കി. ചേച്ചിയുടെ കോൾ ആണ്.

“നീയെവിടെയാ പ്രാചി… ചേട്ടൻ നിന്നെ പിക്ക് ചെയ്യാൻ എയർപോർട്ടിൽ പോയിരുന്നു. നിന്‍റെ ഫോൺ ഓഫായിരുന്നല്ലോ.”

“പ്രാചിയുടെ സഹോദരി ഉൽക്ക്ണഠ നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.”

“ചേച്ചീ, എങ്ങും പോകാൻ മനസ്സ് തോന്നിയില്ല” പ്രാചി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“ഞാനും ചേട്ടനും നിന്നെ കൂട്ടിക്കൊണ്ടുവരാൻ വരുന്നുണ്ട്.”

“പ്ലീസ്… ഇന്ന് വേണ്ട. ഞാൻ നാളെ വരാം.” എന്ന് പറഞ്ഞു കൊണ്ട് പ്രാചി അസ്വസ്ഥതയോടെ ഫോൺ കട്ട് ചെയ്‌തു.

കുളി കഴിഞ്ഞതോടെ പ്രാചിയ്ക്ക് ചെറിയൊരു ഉന്മേഷം തോന്നി. പീഹു ടിവി കാണുന്നതിൽ മുഴുകി. പ്രാചി ലാപ്ടോപ്പ് തുറന്ന് തന്‍റെ മെയിൽ ചെക്ക് ചെയ്യാൻ തുടങ്ങി.

പുതിയൊരു കാഴ്ചപ്പാടോടെ ചിന്തിച്ച് തീരുമാനമെടുക്കേണ്ട കുറേ കാര്യങ്ങൾ ഉണ്ടായിരുന്നു. ഇനി ജീവിതം പുതുതായി തുടങ്ങേടണ്ടതുണ്ട്. കുറേയേറെ വെല്ലുവിളികൾക്കു ശേഷം എവിടെയൊക്കെയോ എന്തൊക്കെയോ ആശ്വാസം പോലെ അവൾക്കനുഭവപ്പെട്ടു. ജീവിതം ഈ രീതിയിൽ തകിടം മറിയുമെന്ന് ഒരിക്കലും അവൾ വിചാരിച്ചിരുന്നില്ല.

ഓഫീസിൽ ബ്രെയിൻ വിത് ബ്യൂട്ടി ഇന്ന് ആ ടാഗ് എപ്പോഴും അവൾക്ക് ചാർത്തപ്പെട്ടിരുന്നു. പക്ഷേ ഇന്ന് ഈ ടാഗ് വെറും പൊള്ളയായതു പോലെ തോന്നുന്നു.

ചെറിയ പ്രായത്തിൽ തന്നെ എന്തെല്ലാം നേട്ടങ്ങളാണ് താൻ കൈവരിച്ചത്. മികച്ചൊരു കോളേജിൽ നിന്നും എൻജിനീയറിംഗ് ബിരുദം കരസ്ഥമാക്കി.എംബിഎ ടോപ്പറായി. ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ഉയർന്ന പദം കരസ്ഥമാക്കി. എന്നാൽ ഈ നേട്ടങ്ങൾക്കൊക്കെ സന്തുഷ്ടി നിറഞ്ഞ ജീവിതം ഉറപ്പുവരുത്താനായില്ലല്ലോ? മൗസ് ചലിപ്പിച്ചു കൊണ്ടിരുന്ന വിരലുകൾ പെട്ടെന്ന് നിശ്ചലമായി.

ടിവി കണ്ടുകൊണ്ടിരുന്ന പീഹു ഇതിനോടകം ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു. അവളുടെ മനസിൽ അപ്പോൾ മാതൃത്വഭാവത്തോടൊപ്പം നിർവചിക്കാനാവാത്ത സങ്കടവും നിറഞ്ഞു വന്നു. ലാപ്ടോപ്പ് അടച്ച് വച്ചശേഷം പ്രാചി പീഹുവിനെ എടുത്ത് കിടക്കയിൽ കിടത്തി. അവളുടെ കുഞ്ഞ് തലമുടിയിഴകളിൽ പ്രാചി വാത്സല്യത്തോടെ തഴുകി കൊണ്ടിരുന്നു.

പാവം ഈ കുഞ്ഞ് എന്ത് പിഴച്ചു. മനസിൽ നിന്നും പടിയിറക്കിവിട്ടിട്ടും അക്കാര്യങ്ങളൊന്നും മറക്കാനാവുന്നില്ലല്ലോ. എന്നാലും നിശബ്ദമായി അവയൊക്കെ തന്നെ പിന്തുടർന്നു കൊണ്ടിരിക്കുന്നതായി അവൾക്ക് തോന്നി.

  • ••

“പ്രാചി… പീഹു… വാതിൽ തുറക്ക്.” രാത്രി 9 മണിക്ക് മനീഷ് ഫ്ളാറ്റിന്‍റെ വാതിലിൽ ശക്തിയായി മുട്ടി കൊണ്ടിരുന്നു.

“മമ്മി തുറക്ക്… പപ്പ വന്നു,” പപ്പയെ കാണാനുള്ള ഉത്സാഹത്തിൽ പീഹു മമ്മിയുടെ കൈകളിൽ ഇറുക്കി പിടിച്ച് വാതിലിന് നേർക്ക് ചൂണ്ടി.

പക്ഷേ പ്രാചിയുടെ മനസ് കല്ലായി മാറിയിരുന്നു. പീഹുവിന്‍റെ കയ്യും പിടിച്ച് അവൾ ബെഡ്റൂമിൽ പോയിരുന്നു. മനീഷ് വാതിലിൽ മുട്ടുന്ന ശബ്ദം തുടർന്നു കൊണ്ടിരുന്നു.

അടുത്ത ഫ്ളാറ്റുകാർ ശബ്ദകോലാഹലം സഹിക്കാനാവാതെ അയാളെ തടഞ്ഞപ്പോൾ അയാൾ ഉഗ്രരൂപിയായി ഭീഷണി മുഴക്കി കൊണ്ട് കടന്നു പോയി.

“ഇന്നലെ രാത്രി കുടിച്ചിട്ട് മനീഷ് വന്നിരുന്നു” ലഞ്ച് കഴിച്ചു കൊണ്ടിരിക്കെ പ്രാചി തന്‍റെ സഹപ്രവർത്തകയായ സ്നേഹയോടായി പറഞ്ഞു.

“വീണ്ടും… എങ്ങനെ ധൈര്യമുണ്ടായി?” പോലീസിനെ എന്താ വിളിക്കാതിരുന്നത്?” സ്നേഹ അരിശത്തോടെ ചോദിച്ചു.

“എനിക്ക് വയ്യ അടിക്കടി തമാശ കാട്ടാൻ…”

“അയാളല്ലേ നിന്‍റെ ജീവിതം തമാശയാക്കിയത്…” സ്നേഹയ്ക്ക് ദേഷ്യമടക്കാനായില്ല.

“എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല.” പ്രാചി താടിയ്ക്ക് കയ്യും കൊടുത്ത് ചിന്തയിലാണ്ടു. സ്നേഹ കുറച്ചു നേരം അവളെ നോക്കിയിരുന്ന ശേഷം എഴുന്നേറ്റ് അവളുടെ മുതുകിൽ തലോടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

മൂന്ന് സഹോദരങ്ങളിൽ ഏറ്റവും ഇളയവളാണ് പ്രാചി. തുടക്കം മുതലെ വീട്ടിൽ കാര്യസ്ഥയെ പോലെ പെരുമാറിയിരുന്ന പ്രാചിയെ ഓർത്ത് വീട്ടിലെല്ലാവർക്കും അഭിമാനമെ ഉണ്ടായിരുന്നുള്ളൂ. എന്തിലും ഏതിലും നേതൃസ്‌ഥാനം അവൾ വഹിച്ചിരുന്നു. ഏത് കാര്യവും അവൾ പൂർണ്ണ ആത്മവിശ്വാസത്തോടെ നിർവഹിച്ചിരുന്നു. അവളുടെ നേട്ടങ്ങളിൽ കുടുംബം അഭിമാനം കൊണ്ടിരുന്നു.

മൂത്ത സഹോദരി ഉയർന്ന നിലയിൽ വിവാഹിതയായി കുടുംബജീവിതം ആരംഭിച്ചു. പഠനത്തിൽ സാധാരണ നിലവാരം പുലർത്തിയിരുന്ന രണ്ടാമത്തെ സഹോദരൻ ഡിഗ്രി പഠനം കഴിഞ്ഞ ശേഷം അച്‌ഛന്‍റെ പിൻബലത്തോടെ ബിസിനസ്സ് ആരംഭിച്ചു.

പ്രാചിയ്ക്കായി പീഡിയാട്രിഷ്യനായ ഡോക്ടർ മനീഷിന്‍റെ ആലോചന വന്നതോടെ വീട്ടുകാർക്ക് ഏറെ സന്തോഷമായി. നല്ല പെരുമാറ്റം ആകർഷകമായ വ്യക്തിത്വം പ്രാചിയ്ക്കും അയാളെ ഏറെയിഷ്ടമായി. വിവാഹശേഷം ഇരുവരും ഹൈദരാബാദിൽ സെറ്റിൽ ചെയ്‌തു. സ്വന്തം ജോലികളിലായി മുഴുകി.

രണ്ട് വർഷങ്ങൾക്ക് ശേഷമായിരുന്നു പീഹുവിന്‍റെ ജനനം. അതോടു കൂടി ജീവിതം കൂടുതൽ സന്തോഷഭരിതമായി. അച്‌ഛൻ ഒരു തവണയെങ്കിലും തന്‍റെ വീട്ടിൽ വരാതെ ഈ ലോകം വിട്ടുപോയല്ലോയെന്നായിരുന്നു പ്രാചിയുടെ സങ്കടം.

ജോലിയിൽ ഉയർച്ചയുണ്ടാക്കുന്നതിലും മറ്റുമായി പ്രാചി തിരക്കുകളിൽ മുഴുകി. പലപ്പോഴും അവൾക്ക് ജോലിയുടെ ഭാഗമായി മറ്റ് നഗരങ്ങളിൽ പോകുന്നതിന് പുറമെ വിദേശ രാജ്യങ്ങളിലും പോകേണ്ടി വന്നു. ആ സമയത്തൊക്കെ പീഹു സഹായിയായ അനിതയുടെ സംരക്ഷണത്തിൽ കഴിഞ്ഞു.

പീഹുവിനെ കാണുമ്പോഴൊക്കെ ജോലിയുപേക്ഷിച്ചാലോയെന്ന് അവൾ പലപ്പോഴും ചിന്തിക്കുക പോലും ചെയ്‌തിരുന്നു. പക്ഷേ വീടിന്‍റെയും കാറിന്‍റെയും ലോൺ അടയ്ക്കാനുള്ളതു കൊണ്ട് അവൾക്കതിനുള്ള ധൈര്യമുണ്ടായിരുന്നില്ല. പിന്നെ മനീഷിന് നേഴ്സിംഗ് ഹോം തുടങ്ങണമെന്നുള്ള സ്വപ്നവും. അന്ന് രാത്രി ഒരു മണിയായിട്ടും മനീഷ് വീട്ടിൽ എത്തിയിരുന്നില്ല. വിളിച്ചിട്ട് മനീഷ് ഫോണും എടുത്തില്ല. മനീഷ് എത്താത്തതിനെ തുടർന്ന് ആധി പൂണ്ട് പ്രാചി മുറിയിൽ ഉലാത്തി കൊണ്ടിരുന്നു.

രാത്രി 2 മണി കഴിഞ്ഞ് കാറിന്‍റെ ശബ്ദം കേട്ട് പ്രാചി വാതിൽ തുറന്നു.

“എവിടെയായിരുന്നു?”

“ഒരു എമർജൻസി കേസ് ഉണ്ടായിരുന്നു.” എന്നു പറഞ്ഞു കൊണ്ട് മനീഷ് ബാത്ത്റൂമിലേക്ക് നടന്നു.

പിന്നീട് എന്നും എമർജൻസി കേസ് ആവർത്തിച്ചു കൊണ്ടിരുന്നു. പ്രാചിയ്ക്ക് പലപ്പോഴും ഇക്കാര്യത്തിൽ സംശയം തോന്നി. എന്നാൽ തന്‍റെ ജോലി തിരക്കുകളും മനീഷിലുള്ള അന്ധമായ വിശ്വാസവും മൂലം അവൾ അതിനെ കുറിച്ചോർത്ത് കൂടുതൽ വ്യാകുലപ്പെട്ടില്ല. എന്നാൽ രാത്രി വൈകി വരുന്നത് ആവർത്തിച്ചതോടെ അവൾ അതിനുള്ള കാരണമന്വേഷിക്കാൻ തന്നെ തീരുമാനിച്ചു.

അന്ന് രാത്രി സഹായിയായ അനിതയെ വീട്ടിൽ നിർത്തിയ ശേഷം മനീഷിനെ കാണാനായി രാത്രി 11 മണിയോടെ പ്രാചി നേഴ്സിംഗ് ഹോമിൽ പോയി. മനീഷിന്‍റെ ക്യാബിൻ അടഞ്ഞു കിടന്നതിനാൽ റിസപ്ഷനിലുണ്ടായിരുന്ന പെൺകുട്ടിയോട് പ്രാചി മനീഷിനെപ്പറ്റി അന്വേഷിച്ചു.

“മാം, ഡോക്ടർ 7 മണിയോടെ പോയല്ലോ.” പെൺകുട്ടി തെല്ലൊരു ആശങ്കയോടെ പറഞ്ഞു.

“7 മണിക്കോ…” പ്രാചിയുടെ മനസ്സിൽ സംശയത്തിന്‍റെ കൊടുങ്കാറ്റ് വീശി. നിനക്കെന്ന് മുതലാണ് നൈറ്റ് ഷിഫ്റ്റ് ആയത്?”

“മാഡം മൂന്നാഴ്ചയായി… ഡോക്ടർ ചിലപ്പോൾ…” പെൺകുട്ടി വാക്കുകൾ മുഴുമിക്കാതെ പരിഭ്രമിച്ചു നിന്നു.

“പറയൂ…” നെഞ്ചിടിപ്പിന്‍റെ വേഗതയെ നിയന്ത്രിച്ചു കൊണ്ട് പ്രാചി ചോദിച്ചു.

“മാം… പ്ലീസ് എന്‍റെ പേര് പറയല്ലേ… ഡോക്ടർ… ലീന നേഴ്സിനൊപ്പം” അവൾ ഭയപ്പാടോടെ പറഞ്ഞു.

“എന്താ” പ്രാചി പ്രഹരമേറ്റ കണക്കെ സ്തബ്ധയായി നിന്നു. തനിക്ക് ചുറ്റുള്ള കാഴ്ചകൾ അതിവേഗം കറങ്ങി കൊണ്ടിരിക്കുന്ന പോലെ അവൾക്ക് തോന്നി. സ്വന്തം മനസ്സിനെ വീണ്ടെടുത്ത ശേഷം പ്രാചി പെൺകുട്ടിയോട് ചോദിച്ചു.

“അവരുടെ അഡ്രസ് തരാമോ?”

“മാം…” പെൺകുട്ടി വീണ്ടും ആശങ്കയിലായി.

“നീ ഒട്ടും വിഷമിക്കണ്ട… നിന്‍റെ പേര് ഞാൻ പറയില്ല.”

പ്രാചി, ധൈര്യം പകർന്നതോടെ അവൾ ഒരു പേപ്പറിൽ ലീനയുടെ അഡ്രസ് എഴുതി പ്രാചിയെ ഏൽപ്പിച്ചു.

രാത്രി 12 മണിക്ക് ടാക്സിയിൽ കയറി അവൾ അസ്വസ്ഥമായ മനസ്സോടെ ലീനയുടെ വീടിനടുത്തായി ഇറങ്ങി. ഒരു തെളിവെന്ന നിലയിൽ വീടിന് മുൻവശത്തായി മനീഷിന്‍റെ കാർ കിടപ്പുണ്ടായിരുന്നു. അത്യുൽക്കടമായ ദേഷ്യത്തോടെ വാതിൽ തുറക്കും വരെ അവൾ ഡോർ ബെൽ മുഴക്കി കൊണ്ടിരുന്നു. ഒടുവിൽ മുതിർന്ന പ്രായത്തിലുള്ള ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു.

“നിങ്ങൾ…” ഉറക്കച്ചടവോടെ കണ്ണുതിരുമ്മി കൊണ്ട് മുതിർന്ന സ്ത്രീ ചോദിച്ചു.

“ഞാൻ ആ മനുഷ്യന്‍റെ ഭാര്യയാണ്. അയാളിപ്പോൾ നിങ്ങളുടെ വീട്ടിലുണ്ട്.” പ്രാചി ദേഷ്യത്തോടെ പറഞ്ഞു.

“ഇവിടെയാരുമില്ല” മുതിർന്ന സ്ത്രീ ഈർഷ്യയോടെ മറുപടി പറഞ്ഞു.

“ഈ ബാഗ് ആരുടേതാണ്?” സോഫയിൽ കിടന്ന മനീഷിന്‍റെ ബാഗിലേക്ക് ചൂണ്ടി കൊണ്ട് പ്രാചി ഉടനടി ചോദിച്ചു.

“എനിക്കറിയില്ല…” ആ സ്ത്രീ അപ്പോഴും ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“കള്ളം പറയുന്നോ…” പ്രാചിയുടെ ശബ്ദം ഉയർന്നു. കുറച്ചു കഴിഞ്ഞതോടെ അകത്തെ വാതിൽ തുറക്കുന്ന ശബ്ദം മുഴങ്ങി. പൊക്കമുള്ള സുന്ദരിയായ ഒരു പെൺകുട്ടി അലക്ഷ്യമായി കിടന്ന ഗൗൺ ഒതുക്കി പിടിച്ചു കൊണ്ട് പുറത്തു വന്നു.

“മമ്മി, എന്തായി ബഹളം? മാം… നിങ്ങൾ…” പ്രാചിയെ കണ്ടതോടെ അവളുടെ മുഖഭാവമാകെ മാറി.

വർദ്ധിച്ചു വന്ന വെറുപ്പോടെ ലീനയെ അടിമുടി നോക്കിയ ശേഷം പ്രാചി ലീന ഇറങ്ങി വന്ന മുറിയിലേക്ക് നടന്നു. ലീന പ്രാചിയെ തടയാൻ ശ്രമിച്ചുവെങ്കിലും പ്രാചി അവളെ തട്ടിമാറ്റി കൊണ്ട് മുറിയിൽ പ്രവേശിച്ചു. മനീഷ് പുറത്തെ ബഹളമൊന്നും അറിയാതെ സുഖമായി ഉറക്കത്തിലായിരുന്നു.

“മനീഷ്” പ്രാചി ഉച്ചത്തിൽ അലറി വിളിച്ചു.

ശബ്ദം കേട്ട് കണ്ണുതിരുമ്മി കൊണ്ട് മനീഷ് എഴുന്നേറ്റു. കണ്മുന്നിൽ പ്രാചിയെ കണ്ട് അയാൾ അദ്ഭുതപ്പെട്ടു. പരിസരബോധം വന്നതോടെ അയാൾ പരിഭ്രമത്തോടെ പുതപ്പെടുത്ത് ശരീരം മറയ്ക്കാൻ ശ്രമിച്ചു.

“എന്തിന് മറയ്ക്കണം മനീഷ്… മറയ്ക്കാൻ ഇനിയെന്താണ് ഉള്ളത്?” കസേരയിൽ തൂക്കിയിട്ടിരുന്ന ഷർട്ടെടുത്ത് അവൾ അയാളുടെ നേർക്കെറിഞ്ഞു കൊണ്ട് മുറിയിൽ നിന്നും പുറത്തു കടന്നു.

പുറത്തെ മുറിയിൽ എന്ത് ചെയ്യണമെന്നറിയാതെ ലീന സങ്കോചത്തോടെ നിൽപ്പുണ്ടായിരുന്നു. അൽപ്പ സമയം കൊണ്ട് തന്നെ വസ്ത്രമണിഞ്ഞ് പുറത്ത് വന്ന മനീഷ് പ്രാചിയുടെ കയ്യും പിടിച്ച് പുറത്തേക്കിറങ്ങാൻ തുനിഞ്ഞയുടൻ പ്രാചി ദേഷ്യത്തോടെ കൈ തട്ടിമാറ്റി.

പ്രാചി കുത്തുന്ന കണ്ണുകളോടെ ലീനയുടെ അമ്മയെ നോക്കി.“ നാണമില്ലേ നിങ്ങൾക്ക്… നിങ്ങളുടെ മുന്നിൽ… മകൾ അപരിചിതനായ ഒരാൾക്കൊപ്പം…”

“എന്‍റെ വീട്ടിൽ വന്ന് എന്നെ കുറ്റപ്പെടുത്തുന്നോ… നീ നിന്‍റെ ഭർത്താവിനോട് ചോദിക്ക്” തെല്ലും കൂസലില്ലാതെ മുതിർന്ന സ്ത്രീ ധിക്കാരത്തോടെ മറുപടി പറഞ്ഞു.

“ഓഹോ… അപ്പോൾ ഇതാണ് നിങ്ങളുടെ നിലവാരം…” പ്രാചി മനീഷിന്‍റെ നേരെ നോക്കി പരിഹാസച്ചുവയോടെ പറഞ്ഞ ശേഷം പുറത്തേക്ക് ഇറങ്ങി. “പ്രാചി… പ്രാചി…” എന്ന് വിളിച്ചു കൊണ്ട് മനീഷ് അവൾക്ക് പിന്നാലെ ഓടി വന്നു.

ടാക്സിയിൽ കയറിയ പ്രാചിയുടെ മനസ്സിനെ രാത്രിയുടെ നിശബ്ദതയും ഇരുട്ടും വെട്ടി നുറുക്കി കൊണ്ടിരുന്നു. അവളുടെ മനസിൽ ഉഗ്രമായ കൊടുങ്കാറ്റ് വീശി കൊണ്ടിരുന്നു. ആ കൊടുങ്കാറ്റിൽ മനീഷിനോട് ഉണ്ടായിരുന്ന ബഹുമാനവും പ്രണയവും വിശ്വാസവും പറന്നു പോയി. വേദന നീലനിറം പൂണ്ട് അവളുടെ കണ്ണുകളിലൂടെ കണ്ണീർ ചാലുകളായി പ്രവഹിച്ചു കൊണ്ടിരുന്നു.

“മാം…” ഡ്രൈവർ വിളിച്ചു.

“ഓ…” വർദ്ധിച്ച വേദനയെ മറച്ചു കൊണ്ട് അവൾ യാന്ത്രികമായി അയാൾക്ക് പണം നൽകിയ ശേഷം വീട്ടിലേക്ക് നടന്നു. ഇന്നാദ്യമായി ആ വീട് അപരിചിതമായ പോലെ അവൾക്ക്തോന്നി. അൽപ്പം സമയം കഴിഞ്ഞ് മനീഷും എത്തി. പ്രാചിയോട് എന്തെങ്കിലും പറയാനുള്ള ധൈര്യം അയാൾക്കുണ്ടായിരുന്നില്ല. അയാൾ നേരെ ബെഡ്റൂമിൽ പോയി.

പ്രാചി സോഫയിൽ തളർന്നിരുന്നു.

മനസ്സിൽ കൊടുങ്കാറ്റ് കെട്ടടങ്ങുന്നില്ല. താൻ ചെയ്ത തെറ്റ് എന്താണെന്ന് മനീഷിനോട് ചോദിക്കാൻ അവളുടെ മനസ്സ് വെമ്പൽ കൊണ്ടു. പക്ഷേ അനിതയെക്കുറിച്ചോർത്ത് അവൾ നിശബ്ദത പാലിച്ചു. മുറിവേറ്റ മനസ് ഉറക്കവും മറന്നിരിക്കുന്നു. സമയത്തിന് ഭാരമേറിയ പോലെ. പിന്നീട് എപ്പോഴോ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു.

“മമ്മി…” പീഹു തന്‍റെ കുഞ്ഞു കൈകൾ കൊണ്ട് പ്രാചിയെ ഉണർത്തി. രാവിലെ 10 മണിയായതറിഞ്ഞ് അവൾ തിടുക്കപ്പെട്ട് എഴുന്നേറ്റു. മനീഷ് നേഴ്സിംഗ് ഹോമിലേക്ക് പോയി കഴിഞ്ഞിരുന്നു. രാത്രിയിലെ കാര്യം ഓർത്തപ്പോൾ അതേതോ ദുസ്വപ്നം പോലെ ഒരുവേള അവൾക്ക് തോന്നി. എന്നാൽ അടുത്തനിമിഷം അതെല്ലാം യാഥാർത്ഥ്യമാണെന്ന് തോന്നിയതോടെ അവൾ പീഹുവിനെ വാരിയെടുത്ത് മടിയിലിരുത്തി ഉച്ചത്തിൽ കരയാൻ തുടങ്ങി.

അടുക്കളയിൽ ജോലി ചെയ്‌തു കൊണ്ടിരുന്നു അനിത അമ്പരപ്പോടെ ഓടി വന്നു. മമ്മിയുടെ കരച്ചിൽ കണ്ട് പീഹുവും കരയാൻ തുടങ്ങി.

“എന്ത് പറ്റി മാഡം…” കാര്യമറിയാതെ അനിത പ്രാചിയുടെ ചുമലിൽ പിടിച്ചാശ്വസിപ്പിച്ചു.

“ഒന്നുമില്ല” കണ്ണു തുടച്ചു കൊണ്ട് പ്രാചി മറുപടി പറഞ്ഞു. പെട്ടെന്ന് ഓഫീസിൽ 12 മണിക്ക് മീറ്റിംഗ് വച്ച കാര്യമോർത്ത് പ്രാചി ഫോണെടുത്ത് ഓഫീസിൽ വിളിച്ച് അവധി പറഞ്ഞു. ശേഷം പീഹുവിനെയെടുത്ത് ബെഡ്റൂമിലേക്ക് പോയി. ജോലി കാര്യത്തിൽ കണിശത പുലർത്തിയിരുന്നുവെങ്കിൽ വീട്ടിൽ ഓടിയെത്താൻ കൊതിച്ചിരുന്ന പ്രാചിക്ക് ഇപ്പോൾ ആ വീട് നരകമായതു പോലെ തോന്നി. പീഹുവിനെയുമെടുത്ത് എവിടെയെങ്കിലും ഓടി പോകാനാണ് അവൾക്ക് തോന്നിയത്.

വൈകുന്നേരം നേഴ്സിംഗ് ഹോമിൽ നിന്നെത്തിയ മനീഷ് പ്രാചിയോട് ക്ഷമയാചിച്ചു.

“നിങ്ങളെന്തിനാണ് എന്നോടിത് ചെയ്‌തത്?” മനീഷിന്‍റെ കൈപിടിച്ചു കൊണ്ട് പ്രാചി ഉച്ചത്തിൽ ചോദിച്ചു.

“നീ നിന്‍റെ ജോലിയിൽ ഫുൾടൈം തിരക്കിലായിരുന്നു. എനിക്ക് വേണ്ടി മാറ്റി വയ്ക്കാൻ നിനക്ക് സമയമുണ്ടായിരുന്നില്ലല്ലോ…” തെല്ലും ലജ്‌ജയില്ലാതെ മനീഷ് മറുപടി പറഞ്ഞു.

“ആർക്കുവേണ്ടിയായിരുന്നു എന്‍റെ തിരക്കുകൾ? സ്വന്തം കുടുംബത്തിനു വേണ്ടി. നിങ്ങളുടെ സ്വപ്നമായിരുന്നില്ലേ നേഴ്സിംഗ് ഹോം എന്നുള്ളത്.”

സ്വയം രക്ഷയ്ക്കായി അയാൾ നടത്തിയ പ്രതിരോധങ്ങളിൽ അയാൾ സ്വയം വീണു കൊണ്ടിരുന്നു. ഇരുവരുടെ തർക്കം കേട്ട് പീഹു ഉച്ചത്തിൽ കരയാൻ തുടങ്ങി. പെട്ടെന്ന് മനീഷ് ചാടിയെഴുന്നേറ്റ് മനുഷ്യത്വം സ്നേഹം വിശ്വാസം എന്നിവയുടെ കഴുത്ത് ഞെരിച്ചു കൊണ്ട് വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി പോയി.

അതിനുശേഷം പിന്നീടൊരിക്കലും കാര്യങ്ങൾ സാധാരണ രീതിയിലായില്ല.

“ഇറങ്ങി പോ ഈ വീട്ടിൽ നിന്നും എനിക്ക് നിങ്ങളുമായി ഒരു ബന്ധവുമില്ല.” സർവ്വ നിയന്ത്രണം വിട്ട പ്രാചി അലറി.

“ഇത് എന്‍റേയും വീടാണ്” മനീഷിന്‍റെയും ശബ്ദവും ഉയർന്നു.

“ഈ ഫ്ളാറ്റും കാറും എന്‍റെ പേരിലാണെന്ന കാര്യം മറക്കണ്ട. മാത്രമല്ല ലോൺ അടയ്ക്കുന്നതും ഞാനാ.” പ്രാചി ദേഷ്യത്തോടെ മറുപടി പറഞ്ഞു.

മനീഷ് സമയമൊട്ടും പാഴാക്കാതെ സ്വന്തം സാധനങ്ങൾ പായ്ക്ക് ചെയ്‌ത് വീട് വിട്ടിറങ്ങി. മനീഷിന്‍റെ വാക്കുകളും പ്രവർത്തികളും അവളുടെ മനസിനെ കുത്തി നോവിച്ചു.

ഒടുവിൽ അവൾ രണ്ട് വീട്ടുകാരേയും വിളിച്ച് വിവാഹമോചനത്തിനുള്ള തന്‍റെ തീരുമാനം അറിയിച്ചു. അദ്ഭുതസ്തബ്ധരായ അവർ പ്രാചിയെ ഉപദേശിച്ചു. എങ്ങനെ ഒറ്റയ്ക്ക് ജീവിക്കും. പീഹുവിന്‍റെ ഭാവി… മനീഷിനെ ഉപദേശിക്കാം. എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ അവർ മുന്നോട്ട് വച്ചു.

ഓഫീസിൽ സഹപ്രവർത്തകർ പ്രാചിയ്ക്ക് വേണ്ട പിന്തുണയെല്ലാം നൽകി. നഗരത്തിന് പുറത്തുള്ള മീറ്റിംഗുകളിൽ പ്രാചിയെ അവർ അയച്ചില്ല. ഉറ്റ കൂട്ടുകാരിയായ സ്നേഹ എല്ലാ നിമിഷവും അവൾക്കൊപ്പം നിന്നു. വീട്, ഓഫീസ്, പീഹു… എല്ലാ ഒറ്റയ്ക്ക് നടത്തി കൊണ്ടു പോവുക അത്രയെളുപ്പമായിരുന്നില്ല പ്രാചിയ്ക്ക്.

ശാരീരികമെന്നതിലുപരിയായി മാനസികമായി പ്രാചി തളർന്നു പോയിരുന്നു. ആരൊക്കെ ചുറ്റിലും ഉണ്ടെങ്കിലും അവൾ പീഹുവിനൊപ്പം തനിച്ചായിരുന്നുവെന്നതാണ് സത്യം.

പലപ്പോഴും ഏകാന്തത അവളെ വല്ലാതെ അലട്ടി കൊണ്ടിരുന്നു. രാത്രിയിൽ ചെറിയൊരു അനക്കം കേട്ടാൽ പോലും അവൾ ഞെട്ടിയുണർന്നിരിക്കുമായിരുന്നു.

“മമ്മി, പപ്പ എന്‍റെ ബർത്ത്ഡേയ്ക്ക് വരുമോ?” ജന്മദിനത്തിന് അതിഥികളുടെ ലിസ്റ്റ് തയ്യാറാക്കി കൊണ്ടിരുന്ന പ്രാചിയോട് പീഹു ചോദിച്ചു.

“ഇല്ല മോളെ…”

“എന്താ വരാത്തെ?” പീഹുവിന്‍റെ മുഖം വാടി.

“പപ്പ മരിച്ചു പോയി.” ഉള്ളിലുയർന്ന ദേഷ്യത്തെ കടിച്ചമർത്തി കൊണ്ട് പ്രാചി മറുപടി പറഞ്ഞു.

ഇപ്പോൾ തികച്ചും മദ്യപാനിയായി മാറിയ മനീഷ് ഇടയ്ക്കിടെ വീട്ടിൽ വന്ന് വാതിലിൽ മുട്ടുന്നതും പപ്പയെ കാണണമെന്നുള്ള പീഹുവിന്‍റെ വാശിയുമൊക്കെ പ്രാചിയുടെ അസ്വസ്ഥത വർദ്ധിപ്പിച്ചു. ഒരു ദിവസം ഓഫീസ് ജോലിത്തിരക്കിൽ മുഴുകിയിരുന്ന പ്രാചിയുടെ ഫോണിലേക്ക് അനിത വിളിച്ചു. “എന്താ അനിത?”

ലാപ്ടോപ്പിൽ നിന്നും കയ്യെടുത്തു കൊണ്ട് പ്രാചി കസേരയിൽ ചാരിയിരുന്നു.

“മാഡം കുഞ്ഞിന് സുഖമില്ലായെന്ന് തോന്നുന്നു.” അനിത വളരെ സങ്കടത്തോടെ പറഞ്ഞു.

“എന്ത് പറ്റി?” പ്രാചി പരിഭ്രമത്തോടെ കസേരയിൽ നിന്നും എഴുന്നേറ്റു.

“വൈകുന്നേരം വരെ കുഴപ്പമില്ലായിരുന്നു. പക്ഷേ ഇപ്പോ… മാഡം വേഗം വരാമോ.” എന്ന് പറഞ്ഞു കൊണ്ട് അനിത ഫോൺ വച്ചു.

പരിഭ്രമത്തോടെ പ്രാചി വീട്ടിലേക്ക് വേഗം കാറോടിച്ച് വന്നു. പീഹു കിടക്കയിൽ അനക്കമറ്റ് കിടക്കുന്നു.

“പീഹു…പീഹു…” എന്ത് പറ്റി മോൾക്ക്?” എന്ന് പറഞ്ഞു കൊണ്ട് പ്രാചി അനിതയുടെ നേർക്ക് നോക്കി.

“അറിയില്ല മാഡം. പകൽ കുഴപ്പമില്ലായിരുന്നു.” പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന വണ്ണം അനിത പറഞ്ഞു.

“മോളുടെ സ്ക്കൂളിൽ നിന്നും ഫോൺ വന്നിരുന്നു, മോൾ വീണെന്ന് പറഞ്ഞായിരുന്നു ഫോൺ കുറച്ചുനേരം ബോധമില്ലാതായിയെന്നും പറഞ്ഞു. അവർ മാഡത്തെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ചോഫ് ആയിരുന്നു. പക്ഷേ മോൾ വീട്ടിൽ വന്നപ്പോൾ കുഴപ്പമില്ലായിരുന്നു. ഭക്ഷണവും നല്ലവണ്ണം കഴിച്ചു. പക്ഷേ വൈകുന്നേരം പാൽ കുടിച്ചതത്രയും ഛർദ്ദിച്ചു. .”

“എന്ത്” മീറ്റിംഗ് ഉള്ളതിനാൽ മൊബൈൽ ഓഫാക്കി വച്ചതോർത്ത് പ്രാചിയ്ക്ക് കുറ്റബോധം തോന്നി.

ആ സമയത്ത് പീഹുവിന്‍റെ ഈയവസ്‌ഥയിൽ അവളുടെ മനസ്സിൽ ഒരെയൊരാളുടെ ചിത്രമാണ് തെളിഞ്ഞത്. മനീഷിന്‍റെ, പീഹുവിന്‍റെ പപ്പയുടെ.

“മനീഷ്… മോൾക്ക് സുഖമില്ല… ഞാൻ മോളേയും കൊണ്ട് നേഴ്സിംഗ് ഹോമിൽ വരികയാണ്.” പരിഭ്രമവും ഭയവും മൂലം വാക്കുകൾ മുഴുവിക്കാനാവാതെ പ്രാചി അസ്വസ്ഥയായി.

“എന്ത് പറ്റി പീഹുവിന്?” മനീഷ് അമ്പരപ്പോടെ ചോദിച്ചു. അവൾ പീഹുവിനെ എടുത്ത് കാറിൽ കിടത്തിയ ശേഷം എങ്ങനെയൊക്കെയോ കാറോടിച്ച് നേഴ്സിംഗ് ഹോമിലെത്തി.

അവൾ കാർ പാർക്ക് ചെയ്‌ത് പീഹുവിനെ എടുത്ത് നേഴ്സിംഗ് ഹോമിലേക്ക് തിടുക്കപ്പെട്ട് നടക്കവെ ആരോ അവളുടെ ചുമലിൽ കൈ വച്ചു. അവൾ തിരിഞ്ഞു നോക്കി. അത് മനീഷായിരുന്നു. അയാൾ പീഹുവിനെ വാരിയെടുത്ത ശേഷം പ്രാചിയെ ആശ്വസിപ്പിച്ചു.

എമർജൻസി വാർഡിൽ പീഹുവിനെ അഡ്മിറ്റ് ചെയ്‌തു. ഡോക്‌ടർമാർ പീഹുവിനെ പരിശോധിച്ചു. ഡ്രിപ്പിട്ട് മരുന്ന് നൽകി. പുറത്ത് പ്രാചി കരഞ്ഞു കൊണ്ടിരുന്നു. അവൾക്ക് ഓരോ നിമിഷവും ഭാരമുള്ളതായി തോന്നി.

ബോധം വീണ സമയത്ത് പീഹു അമ്മയെ വിളിച്ചു. “മമ്മി” നഴ്സ് പറഞ്ഞതനുസരിച്ച് പ്രാചി ഒരു ഭ്രാന്തിയെപ്പോലെ മുറിയിലേക്ക് ഓടി ചെന്നു. അവൾ പീഹുവിനെ കെട്ടിപ്പിടിച്ച് തെരുതെരെ ഉമ്മ നൽകവെ മനീഷ അവളെ തടഞ്ഞു.

പപ്പയെ അടുത്ത് കണ്ട സന്തോഷത്തിൽ പുഞ്ചിരിച്ചയുടൻ പീഹുവിന്‍റെ ബോധം മറിഞ്ഞു.

“വിഷമിക്കണ്ട, സെഡേഷന്‍റെ ഇഫക്റ്റാണ്.” പ്രാചിയെ ആശ്വസിപ്പിച്ചു കൊണ്ട് മനീഷ് പറഞ്ഞു.”

അതുകൊണ്ട് ചില ടെസ്റ്റുകൾ നടത്തണം. 1-2 ദിവസം കിടക്കേണ്ടി വരും. ഞാൻ അതിനുള്ള ഏർപ്പാടുകൾ ചെയ്യട്ടെ.”

മുഴുവൻ പരിശോധനകൾ നടത്തിയെങ്കിലും പ്രശ്നങ്ങളൊന്നുമില്ലെന്ന് അറിഞ്ഞ് പ്രാചിയ്ക്ക് ആശ്വാസം തോന്നി. 2 ദിവസത്തിനു ശേഷം പീഹുവിനെ ഡിസ്ചാർജ് ചെയ്‌തു. മനീഷ് അവരെ വീട്ടിൽ കൊണ്ട് വിട്ടശേഷം മടങ്ങാനൊരുങ്ങവെ പീഹു പപ്പയുടെ കയ്യിൽ മുറുക്കി പിടിച്ചു. കുറേ ദിവസങ്ങൾക്ക് ശേഷം പപ്പയെ അടുത്ത് കിട്ടിയ സന്തോഷത്തിലായിരുന്നു അവൾ.

“പ്ലീസ് പപ്പ പോകണ്ട,” പീഹുവിന്‍റെ നിർബന്ധത്തിന് മുന്നിൽ പിടിച്ച് നിൽക്കാനാവാതെ മനീഷ് പ്രാചിയെ നിസഹായതോടെ നോക്കി.

“മോൾ പറഞ്ഞതല്ലേ പ്ലീസ്…” പ്രാചി സ്വയമറിയാതെ മറുപടി പറഞ്ഞു.

പഴയതു പോലെ പീഹു ഇരുവർക്കുമിടയിൽ വളരെ സമാധാനത്തോടെ ഉറങ്ങി. അവൾ പപ്പയുടെ കയ്യിൽ മുറുക്കി പിടിച്ചായിരുന്നു പീഹുവിന്‍റെ ഉറക്കം.

അതിനുശേഷം ആ പതിവ് തുടർന്നു കൊണ്ടിരുന്നു. സ്വന്തം ജീവിതത്തിലുണ്ടായ ഏകാന്തതയുടെ മടുപ്പിൽ താനിപ്പോൾ മനീഷിന്‍റെ ഭാര്യ അല്ലായെന്ന കാര്യവും അവൾ മറന്നു പോയിരുന്നു.

“ഞാനെന്താ ഈ കേൾക്കുന്നത്.” ഒരു ദിവസം സ്നേഹ ദേഷ്യത്തോടെ പറഞ്ഞു.

“ഒറ്റയ്ക്ക് മടുത്തു. ഞാൻ തളർന്നു പോയിരിക്കുന്നു,” നിരാലംബയായ സ്ത്രീയുടെ പാരവശ്യത്തോടെ പ്രാചി പറഞ്ഞു.

“ഇത് ശരിയാണോ?” സ്നേഹയുടെ ശബ്ദത്തിൽ ദേഷ്യം കലർന്നിരുന്നു.

“പീഹുവിന്‍റെ മുഖത്ത് ഇപ്പോൾ പഴയ സന്തോഷമാണ്. ഞാനെങ്ങനെ അവളുടെ…”

“എവിടെ പോയി നിന്‍റെ അഭിമാനബോധം? നീയൊരു ശക്തയായ സ്ത്രീയാണ്. മനീഷ് നിന്നെ വഞ്ചിക്കുക മാത്രമല്ല നിന്നെ ഡൈവോഴ്സും ചെയ്‌തു. അതു മറക്കരുത്.”

ഒരു ദിവസം രാത്രി ലീന പ്രാചിയുടെ വീട്ടിലെത്തി അവളോട് ഉച്ചത്തിൽ കയർത്തു.

“മനീഷ് നിങ്ങളെന്തിനാ ഇവിടെ വന്നത്. രാത്രിയിൽ?” അവൾ ദേഷ്യത്തോടെ മനീഷിനോട് പുലമ്പി കൊണ്ടിരുന്നു.

“ഞാൻ…” മനീഷ് മറുപടി പറയാനാവാതെ കുഴങ്ങി.

“നാണമില്ലേ നിങ്ങൾക്ക് മറ്റൊരു സ്ത്രീയുടെ ഭർത്താവിന്‍റെ കൂടെ…” ലീന പ്രാചിയുടെ നേരെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.

“നിങ്ങൾ രണ്ടുപേരും എന്നോട് ചെയ്‌തത് എന്താണ്. അയാൾ എന്‍റെ ഭർത്താവായിരുന്നു.” പ്രാചി ദേഷ്യത്തോടെ പറഞ്ഞു.

“ആയിരുന്നു… ഇപ്പോൾ എന്‍റെ ഭർത്താവ്” വാ എന്‍റെ കൂടെ വീട്ടിൽ പോകാം.” അവൾ മനീഷിനെ നിർബന്ധിച്ച് കൂടെ കൂട്ടി കൊണ്ടു പോയി. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് മനീഷ് പ്രാചിയുടെ വീട്ടിൽ വന്ന് പോകുന്നത് പതിവാക്കി. ലീന ആ സമയത്തൊക്കെ ഫോൺ ചെയ്ത് ഭീഷണി മുഴക്കി കൊണ്ടിരുന്നു. വീട്ടിൽ നടക്കുന്ന പ്രശ്നങ്ങളെപ്പറ്റി പീഹുവിന് കുറച്ചൊക്കെ മനസിലായി തുടങ്ങിയിരുന്നു.

വഞ്ചകനായ മനീഷ് ഒരു ലജ്ജയുമില്ലാതെ ഇരുവരേയും വിഡ്ഢികളാക്കി കൊണ്ടിരുന്നു. അയാൾക്ക് പ്രാചിയെ പൂർണ്ണമായും മറക്കാനാവുമായിരുന്നില്ല.

“മനീഷ്, നിങ്ങൾക്കവളെ ഉപേക്ഷിച്ചു കൂടെ?” പ്രാചി ഒരിക്കൽ അവളോട് ചോദിച്ചു.

“അവൾ എന്‍റെ ഭാര്യയല്ലേ. എന്‍റെ കുഞ്ഞിന്‍റെ അമ്മ.” അയാൾ കുടിലമായ ചിരിയോടെ പറഞ്ഞു.

“ഞാനോ?” പ്രാചി അയാളുടെ മുഖത്തേക്ക് തുറിച്ചു നോക്കി.

“നീ… നീ… എന്‍റെ ഭാര്യയായിരുന്നു.” യാതൊരു സങ്കോചവുമില്ലാതെ അയാൾ ചെറുചിരിയോടെ പറഞ്ഞു.

അയാളുടെ മറുപടി അവളുടെ നെഞ്ചിൽ ആഴ്ന്നിറങ്ങി. അന്ന് രാത്രി അവർ പരസ്പരം കലഹിച്ചു കൊണ്ടിരുന്നു. മമ്മിയുടെ കരച്ചിലും നിസ്സഹായവസ്‌ഥയും കണ്ട് പീഹുവിന്‍റെ മുഖം വാടി. അവൾ പപ്പയുടെ അടുത്ത് ചെന്ന് പറഞ്ഞു.

“പപ്പ ഇവിടെ നിന്ന് പൊയ്ക്കോ.”

മനീഷ് പോയതോടെ പ്രാചി അസ്വസ്ഥതയോടെ മുറിയിൽ ഉലാത്തി കൊണ്ടിരുന്നു. സങ്കടം സഹിക്കാതെ അവൾ സ്നേഹയെ ഫോൺ ചെയ്‌തു.

“ഹലോ…” ഉറക്കത്തിൽ നിന്നെഴുന്നേറ്റ സ്നേഹ തളർന്ന ശബ്ദത്തിൽ ചോദിച്ചു. പ്രാചിയുടെ കരച്ചിൽ കേട്ട് സ്നേഹ എഴുന്നേറ്റിരുന്നു.

“നീ പറഞ്ഞത് ശരിയാ എന്‍റെ ജീവിതം ഒരു തമാശയായിരിക്കുന്നു.” പ്രാചി നിർത്താതെ കരഞ്ഞു കൊണ്ടിരുന്നു.

“പ്രാചി, നമ്മൾ കഴിഞ്ഞ അധ്യായം അടയ്ക്കാതെ പുതിയ അധ്യായം തുറക്കാനാവില്ല.” കാര്യങ്ങൾ കേട്ട ശേഷം സ്നേഹ മറുപടി പറഞ്ഞു.

“മനീഷ് നിന്‍റെ ജീവിതത്തിലെ മോശം അധ്യായമായിരുന്നു. നീയത് ഇപ്പോഴും അടയ്ക്കാൻ ശ്രമിച്ചില്ല. അയാളെ ഒഴിവാക്കുക.”

രാവിലെ നിർത്താതെയുള്ള ഡോർബെൽ മുഴങ്ങുന്നത് കേട്ടാണ് പ്രാചി ഉറക്കമുണർന്നത്. അവൾ ഓടിപോയി വാതിൽ തുറന്നതും ചേച്ചിയും ചേട്ടനും മക്കളായ റിയയും രാഹുലും മുന്നിൽ നിൽക്കുന്നത് കണ്ട് അദ്ഭുതപ്പെട്ടു. പ്രാചി ഓടിച്ചെന്ന് ചേച്ചിയെ കെട്ടിപിടിച്ചു.

പീഹു റിയയേയും രാഹുലിനെയും കണ്ട് തുള്ളിച്ചാടി. കുട്ടികൾ മൂവരും മുറിയിൽ ബഹളം വച്ച് ഓടി നടന്നു.

“വേഗം സാധനം പായ്ക്ക് ചെയ്യ് നമുക്ക് വീട്ടിൽ പോകാം.” ചേച്ചി മുറിയിൽ കടന്നയുടൻ സാധനങ്ങൾ പെറുക്കിയൊതുക്കി പായ്ക്ക് ചെയ്യാൻ തുടങ്ങി.

“നീ ട്രാൻസ്ഫർ വാങ്ങി വന്നത് നന്നായി.” ചേട്ടൻ അവളെ അഭിനന്ദിച്ചു.

പ്രാചി മറുപടിയൊന്നും പറയാതെ പുഞ്ചിരിച്ചു.

നിയമപരമായി വേർപ്പെടുത്തിയ ബന്ധത്തെ തന്‍റെ മനസ്സിൽ നിന്നും ശരീരത്തിൽ നിന്നും വേർപ്പെടുത്തിയ ആശ്വാസതണലിലായിരുന്നു അവൾ…

ഇനി ഒരു പുതിയ അധ്യായം തുറക്കണം. തീരാത്ത മധുരിതമായ അധ്യായം. ചേച്ചി അവളെ ചേർത്തു പിടിച്ച് ചുമലിൽ തലോടി.

വസ്ത്രങ്ങളിൽ പൂക്കുന്ന കവിത

ഇലകളും പൂക്കളും, കവിത ശകലങ്ങളും അക്ഷരങ്ങളും കഥകളിലെ കഥാപാത്രങ്ങളും മനുഷ്യരൂപങ്ങളും നവരസഭാവങ്ങളു മൊക്കെ ഹാൻഡ് മെയ്ഡ് ഫാബ്രിക് ഡിസൈനുകളായി വസ്ത്രങ്ങളിൽ ആവിഷ്കരിക്കുകയാണ് ഈ കലാകാരി. യൂണിക് ആന്‍റ് പെർഫക്റ്റ് എന്നതാണ് വിനിത, വസ്ത്രങ്ങളിൽ ഒരുക്കുന്ന ഓരോ ഡിസൈനിന്‍റെ യും മുഖമുദ്ര. ഒപ്പം കസ്റ്റമൈസ്ഡ് ഡിസൈനുകളുമുണ്ട് അക്കൂട്ടത്തിൽ. “ഇല”യെന്ന തന്‍റെ പെറ്റ് ബ്രാന്‍റിൽ ഹാന്‍റ് പെയിന്‍റഡ് വസ്ത്രങ്ങളുടെ ബിസിനസ് സംരഭവും വിനീതയ്ക്ക് സ്വന്തമായുണ്ട്.

വസ്ത്രങ്ങളിൽ ഹാൻഡ് മെയ്ഡ് ഡിസൈനുകൾ ഒരുക്കുന്ന വിനിതയ്ക്ക് ഒരു കാര്യം നിർബന്ധമാണ്. ഓരോ ഡിസൈനിലും തന്‍റെ കയ്യൊപ്പ് പതിഞ്ഞിരിക്കണമെന്നത്. അത്രയേറെ നിഷ്ഠയോടെയും അർപ്പണത്തോടെയുമാണ് ഈ കലാകാരി വസ്ത്രങ്ങളിൽ ഹാൻഡ് മെയ്ഡ് ഡിസൈനുകൾ ഒരുക്കുന്നത്.

ഇക്കാര്യത്തിൽ വിനീത കുറേയേറെ നിരീക്ഷണങ്ങളും നടത്തുന്നുണ്ട്. തുടർന്നാണ് അവയൊക്കെയും വസ്ത്രങ്ങളിൽ മനോഹരങ്ങളായ ഡിസൈനുകളായി പിറവി കൊള്ളുന്നത്. കവയത്രിയും കൂടിയായതിനാൽ വിനിതയുടെ വരകളിലുമുണ്ട് കാവ്യഭംഗിയുടെ ഇമ്പവും താളവും. അതുകൊണ്ടാണ് തന്‍റെ കലാവിഷ്ക്കാരങ്ങളിൽ ഈ കലാകാരി നവീന ആശയങ്ങൾ ഉൾപ്പെടുത്തുന്നതും. ടൈപ്പോഗ്രാഫി, മലയാള അക്ഷരങ്ങൾ, ഇല്യുസ്ട്രേഷൻ, പുസ്തകങ്ങളുടെ കവർ പേജ് ഇല്യുസ്ട്രേഷൻ, ഡൂഡിൽ ആർട്ട്, സൂഫി സ്കെച്ച് ഡിസൈൻ എന്നിങ്ങനെ ഹാൻഡ് പെയിന്‍റഡ് ഡിസൈനുകളിൽ നവീനങ്ങളായ ആശയങ്ങളും ഈ കലാകാരി ഉൾപ്പെടുത്തുന്നു. സുഗന്ധി എന്ന ആണ്ടാൾ ദേവനായകിവ എന്ന ടിഡി രാമ കൃഷ്ണന്‍റെ പ്രശസ്ത നോവലിന്‍റെ കവർ ഇല്യുസ്ട്രേഷൻ ആലേഖനം ചെയ്‌ത ഫാബ്രിക്ക് ഹാൻഡ് പെയിന്‍റിംഗ് ഏറെ ശ്രദ്ധേയമാണ്.

സാരിയിലും കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളിലും ചെയ്യുന്ന പോർട്രെയിറ്റ് ഡിസൈനുകളാണ് വിനിതയുടെ മറ്റൊരു പരീക്ഷണം. പ്രിയപ്പെട്ടവർക്കോ കൂട്ടുകാർക്കോ സമ്മാനമായി നൽകാൻ ആവശ്യപ്പെട്ട് വരുന്നവർക്കാണ് വിനിത ഇത്തരത്തിൽ കസ്റ്റമൈസ്ഡ് ഡിസൈനുകൾ ചെയ്‌ത് കൊടുക്കുന്നത്.

വരയുടെ ലോകത്ത്

“ടിടിസി കഴിഞ്ഞ് അദ്ധ്യാപികയായി ജോലി ചെയ്‌ത് കൊണ്ടിരിക്കുന്നതിനിടെയാണ് നടുവേദന വില്ലനായി കടന്നു വരുന്നത്. ദീർഘനേരം നിന്നു കൊണ്ട് കുട്ടികളെ പഠിപ്പിക്കലും ഇരുപ്പും വേദനയുടെ കാഠിന്യം കൂട്ടി. ഒടുവിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തിയപ്പോഴാണ് നട്ടെല്ലിലെ ഡിസ്കിന് പ്രശ്നമുള്ളതായി കണ്ടെത്തിയത്. സ്ട്രെയിൻ കൂടുമ്പോൾ നട്ടെല്ലിന് പ്രശ്നമാകും. കഠിനമായ വേദനയുണ്ടാവും. അതുകൊണ്ട് അദ്ധ്യാപന ജോലി ഉപേക്ഷിക്കുകയല്ലാതെ മറ്റ് നിവൃത്തിയില്ലാതെയായി.” വിനിത ആ സങ്കട കാലത്തെക്കുറിച്ച് പറയുന്നു.

vinitha_raphael

തുടർന്ന് മാനസിക സംഘർഷങ്ങളുടെ കാലം. ഇഷ്ടപ്പെട്ട ജോലിയിൽ ഇനി തുടരാനാവില്ലല്ലോയെന്ന സങ്കടം. ആ യാഥാർത്ഥ്യത്തെ ഉൾക്കൊണ്ട് മറ്റൊന്നിലേക്ക് മനസ് കേന്ദ്രീകരിക്കേണ്ടതാവശ്യമാണെന്ന് വിനിതയ്ക്ക് സ്വയം തോന്നി തുടങ്ങി. അവിടെ നിന്ന് നിറക്കൂട്ടുകളുടെ മറ്റൊരു ലോകത്തെക്കുറിച്ച് വിനിത സ്വപ്നം കണ്ടു തുടങ്ങി. തന്നിലൊരു കലാകാരി ഒളിഞ്ഞിരുപ്പുണ്ടെന്ന തിരിച്ചറിവിലേക്കുള്ള യാത്രയായിരുന്നു പിന്നീട്.

അദ്ധ്യാപനത്തിൽ നിന്നും വരയുടെ ലോകത്തേക്കുള്ള ചുവടു മാറ്റത്തെക്കുറിച്ച് വിനിത പറയുന്നതിങ്ങനെ, “ടിടിസിയ്ക്ക് പഠിക്കുന്ന സമയത്ത് ഒരു പെയ്ന്‍റിംഗ് വർക്ക്ഷോപ്പിൽ അറ്റൻഡ് ചെയ്യാനുള്ള അവസരം കിട്ടിയതാണ് പിന്നീട് വരയുടെ ലോകത്തേക്ക് എന്നെ എത്തിച്ചത്. ആ സമയത്ത് എന്‍റെയും അമ്മയുടെയും സാരിയിലായിരുന്നു ഫാബ്രിക്ക് പെയ്ന്‍റിംഗ് പരീക്ഷണങ്ങളത്രയും… പെയ്ന്‍റ് ചെയ്‌ത് കുറേ സാരി നശിപ്പിച്ചു. അതിന് അമ്മയുടെ കയ്യിൽ നിന്നും ശകാരവും കിട്ടിയിട്ടുണ്ട്. ഇക്കാര്യത്തിൽ വേണ്ട ഗൈഡൻസ് തരാൻ ആരുമുണ്ടായിരുന്നില്ല. വീട്ടിൽ ബന്ധുക്കളും അച്‌ഛനും സഹോദരൻ വിപിൻ റാഫേലുമൊക്കെ ചിത്രരചനയിൽ താൽപര്യമുള്ളവരായിരുന്നു. അതുകൊണ്ടാവും എനിക്കും വരയോട് ഇഷ്ടം തോന്നിയത്.”

“സ്ക്കൂളിൽ പഠിക്കുമ്പോൾ എനിക്കിങ്ങനെയൊരു കഴിവുണ്ടെന്ന കാര്യമേ അറിയില്ലായിരുന്നു. അന്നൊക്കെ നാണം കുണുങ്ങിയായ കുട്ടിയായിരുന്നു. ഒരാളുടെ മുഖത്തേക്ക് നോക്കി ചിരിക്കാനുള്ള ധൈര്യം പോലുമില്ല. അത്ര പേടിയായിരുന്നു. ആ ഞാനിപ്പോൾ ക്യാമറ നോക്കി ചിരിക്കും. ഒരുപാട് മാറ്റമുണ്ടായി. ആ ട്രാൻസിഷൻ ഒരു പക്ഷേ ഈ കലയിൽ നിന്നുണ്ടായതാവാം…” വിനിത ചിരിയോടെ പഴയ സ്ക്കൂൾ ദിനങ്ങളെപ്പറ്റി ഓർത്തെടുത്തു.

ഫാബ്രിക്ക് പെയ്ന്‍റിംഗ് ചെയ്‌ത് തുടങ്ങിയത് വിനിതയ്ക്കത് കൂടുതൽ പ്രതീക്ഷ നൽകി. “കൊള്ളാം! സ്ക്കൂളിൽ ജോലി കിട്ടിയില്ലേലും പെയ്ന്‍റിംഗ് ചെയ്‌ത് വരുമാനം കണ്ടെത്താമല്ലൊ… എന്നൊക്കെ ഞാൻ തമാശയായി കൂട്ടുകാരോട് പറയുമായിരുന്നു. പക്ഷേ അത് പിന്നീട് യാഥാർത്ഥ്യമായി മാറിയെന്നതാണ് വലിയൊരു അദ്ഭുതം. നമ്മളെന്ത് ചിന്തിക്കുന്നോ അത് യാഥാർത്ഥ്യമാകുമെന്ന ബുദ്ധവചനം എന്‍റെ കാര്യത്തിൽ അക്ഷരംപ്രതി ശരിയായി.”

കലാജീവിതത്തിലെ ആദ്യനാളുകൾ

“വസ്ത്രങ്ങളിൽ ഹാൻഡ് പെയിന്‍റഡ് ഡിസൈനുകൾ ചെയ്‌ത് തുടങ്ങിയ സമയത്ത് യുട്യൂബും സ്മാർട്ട് ഫോണുമൊന്നും അത്ര പോപ്പുലറല്ലാത്തതിനാൽ ഫാബ്രിക്ക് പെയിന്‍റിംഗിനെപ്പറ്റി ആധികാരികമായ അറിവുകൾ ഉണ്ടായിരുന്നില്ല. മ്യൂറൽ വർക്ക് ചെയ്യുന്ന ചില കലാകാരികൾ ചെയ്‌ത ചില വർക്കുകളുടെ ഫോട്ടോ വെബ് പേജിലുണ്ടായിരുന്നതാണ് എന്‍റെ ആദ്യ റഫറൻസ്. അതൊക്കെ നോക്കിയായിരുന്നു മ്യൂറൽ ചിത്ര കലാരീതിയെക്കുറിച്ച് അറിഞ്ഞത്. അന്നൊക്കെ അതൊക്കെ കണ്ട് ഫാബ്രിക് ഡിസൈനുകൾ ചെയ്യുമ്പോൾ എല്ലാവരും എന്നെ കുറ്റം പറയുമായിരുന്നു. എന്ത് കാര്യത്തിനും നല്ലതും മോശവും പറയാനാളുകൾ ഉണ്ടാവുമല്ലോ.

മേശയുടെ പുറത്തും കട്ടിലിലുമൊക്കെ സാരി വിരിച്ചിട്ടാണ് ഞാൻ ഡിസൈൻ ചെയ്‌തിരുന്നത്. അന്നൊക്കെ സ്വന്തമായി ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ഞാൻ തന്നെ അണിഞ്ഞു നടക്കുമായിരുന്നു. ആളുകൾ അതൊക്കെ കണ്ട് ഹാൻഡ് പെയിന്‍റഡ് വസ്ത്രങ്ങൾക്കായി താൽപര്യം കാട്ടി തുടങ്ങി. നെട്ടൂര് എന്‍റെ വീടിന് പരിസരത്ത് നിന്നും സ്ത്രീകൾ അവരുടെ സാരിയിൽ കസ്റ്റമൈസ്ഡ് ഡിസൈൻ ചെയ്‌ത് നൽകാമോ എന്നാവശ്യപ്പെട്ട് എന്നെ സമീപിക്കാൻ തുടങ്ങി. അതായിരുന്നു ഒരു ബിസിനസ് സംരംഭം തുടങ്ങാനുള്ള ലക്ഷ്യത്തിൽ എത്തിച്ചത്. അതും കസ്റ്റമൈസ്ഡ് ഹാൻഡ് പെയിന്‍റഡ് വസ്ത്രങ്ങൾക്കായി. അതിന് പിന്തുണയായി സുഹൃത്തുക്കളും വീട്ടുകാരും ഒപ്പം നിന്നതോടെ ഇല ഹാൻഡ് പെയിന്‍റഡ് സാരീസ് എന്ന പേരിൽ ബിസിനസ് സംരംഭം പിറവി കൊണ്ടു. ഇപ്പോൾ 4 വർഷമായിരിക്കുന്നു.” ഇലയുടെ ഹാൻഡ് മെയ്ഡ് ഡിസൈനുകൾക്ക് കേരളത്തിനകത്തും പുറത്തും നിറയെ ആരാധകരാണിപ്പോൾ. ബോംബെ, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്നു വരെ കസ്റ്റമൈസ്ഡ് ഡിസൈനുൾക്കായി ഓർഡറുകൾ വിനിതയെ തേടി വരുന്നുണ്ട്. അതിനൊപ്പം സെലിബ്രിറ്റികളായ മധുപാൽ, ടിവി അവതാരക അശ്വതി ശ്രീകാന്ത്, മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ചു രഞ്ചിമാർ, സൂര്യ ഇഷാൻ, എഴുത്തുകാരി ഇന്ദുമോനോൻ, സിനിമ താരം അശ്വിൻ (ജേക്കബിന്‍റെ സ്വർഗ്ഗരാജ്യം) ഗായകൻ മുഹമ്മദ് മഖ്ബൂൽ മൻസൂർ, മായാ മോനോൻ എന്നിവരും വിനിതയുടെ ഹാൻഡ് മെയ്ഡ് ഡിസൈനുകളുടെ ആരാധകരാണ്.

ഇലയുടെ പ്രത്യേകതകൾ

ഹാൻഡ് മെയ്ഡ് ഡിസൈനുകളിൽ സ്വന്തം ഡിസൈനുകൾ ഒരുക്കുന്നതിനൊപ്പം വസ്ത്രങ്ങളിൽ കസ്റ്റമൈസ്ഡ് ഡിസൈനുകളും ചെയ്ത് നൽകാറുണ്ട് വിനിത. വിശേഷാവസരങ്ങളിൽ സമ്മാനിക്കാനായി വസ്ത്രങ്ങളിൽ കസ്റ്റമൈസ്ഡ് ഡിസൈൻ ചെയ്യണമെന്നാവശ്യവുമായി വരുന്നവരുമുണ്ട്. ഈയടുത്ത് ഒരു ഉത്തരേന്ത്യൻ പെൺകുട്ടിയ്ക്ക് മൺകുടം തയ്യാറാക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം വസ്ത്രത്തിൽ ഡിസൈൻ ചെയ്‌ത് നൽകിയിരുന്നു. അതുപോലെ കോളേജ് കുട്ടികൾ ദുപ്പട്ടയിലും മറ്റും കസ്റ്റമൈസ്ഡ് ഡിസൈനുകൾ ചെയ്യിക്കാൻ വിനിതയെ സമീപിക്കാറുണ്ട്.

മിനിമലിസ്റ്റിക് ഡിസൈനുകളാണ് ലേറ്റസ്റ്റ് ട്രെന്‍റ്. അതിൽ ഫ്ളോറൽ, മനുഷ്യരൂപങ്ങൾ, ഇലകൾ എന്നിവയെല്ലാം മിനിമലിസ്റ്റിക് ഡിസൈനുകളിൽ വിനിതയുടെ ചായം പുരണ്ട ബ്രഷിൽ പിറവി കൊള്ളുന്നു. ഹാൻഡ് മെയ്ഡ് ഡിസൈൻ ചെയ്ത വസ്ത്രങ്ങളുടെ ഫാഷൻ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ അവതരിപ്പിക്കാറുമുണ്ട്. വിനിതയുടെ കൂട്ടുകാർ തന്നെയാണ് മോഡലുകളും ഫോട്ടോഗ്രാഫർമാരായും ഫാഷൻ ഫോട്ടോ ഷൂട്ടിൽ അണിനിരക്കുന്നത്. ചിലപ്പോൾ മോഡലുകളെ ലഭ്യമല്ലെങ്കിൽ ഡിസൈൻ ചെയ്‌ത വസ്ത്രങ്ങൾക്ക് വിനിത സ്വയം മോഡലുമാകാറുണ്ട്.

പുതിയ പരീക്ഷണങ്ങൾ

ക്രിസ്മസ്സിനു വേണ്ടി ഫാബ്രിക്കിൽ യേശു ക്രിസ്തുവിന്‍റെ മ്യൂറൽ ഡിസൈൻ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കലാകാരി. അതുപോലെ പഴയ മ്യൂറൽ ചിത്രങ്ങളെ ആവിഷ്കരിച്ച് നവരസ ഭാവങ്ങൾ ഒരുക്കിയുള്ള ഹാൻഡ് മെയ്ഡ് ഡിസൈനൊരുക്കണമെന്നതാണ് വിനിതയുടെ മറ്റൊരു സ്വപ്നം.

ഹാൻഡ് മെയ്ഡ് ഡിസൈനുകളിൽ കാലികവും തനതുമായ മാറ്റങ്ങൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്ന വിനിതയ്ക്ക് മറ്റൊരു മോഹം കൂടിയുണ്ട്. സിനിമയിൽ കൊസ്റ്റ്യും ഡിസൈൻ ചെയ്യണമെന്ന മോഹം.

കലാകാരിയും കവയത്രിയും

മികച്ചൊരു കലാകാരിയെന്ന പോലെ തന്നെ മികച്ചൊരു കവയത്രിയും കൂടിയാണ് വിനിത. നിരവധി കവിതകൾ രചിച്ചിട്ടുള്ള വിനിത തന്‍റെ രണ്ടാമത്തെ പുസ്തകത്തിന്‍റെ പണിപ്പുരയിലാണിപ്പോൾ. ഫോസിലുകൾ ആയിരുന്നു ആദ്യ കവിതാ സമാഹാരം. 2011 ൽ മലയാള നാടിന്‍റെ അവാർഡും വിനിതയ്ക്ക് ലഭിച്ചിരുന്നു. അന്ന് മഹാകവി അക്കിത്തത്തിനൊപ്പം വേദിയിലിരിക്കാൻ അവസരം കിട്ടിയത് മഹാഭാഗ്യമായി കരുതുന്നു ഈ കവയത്രി. ഓൺലൈൻ മാഗസിനുകളിൽ കവിത എഴുത്തിൽ സജീവമാണ്.

കഥാരചനയേക്കാളിലും കവിതാ രചനയോടാണ് വിനിതയ്ക്ക് ഏറെ താൽപര്യം. ലിംഗപരമായ അസമത്വങ്ങളും പൊതു സമൂഹത്തിൽ നിന്നും പാർശ്വവൽക്കരിക്കപ്പെട്ട വിഷയങ്ങളുമാണ് വിനിതയുടെ കവിതകളിലെ പ്രമേയം. അതേക്കുറിച്ച് രസകരമായ ഒരനുഭവം വിനിത പങ്കുവയ്ക്കുന്നു. “ഒരിക്കൽ മുലകളെക്കുറിച്ച് കവിതയെഴുതി അമ്മയെ കാണിച്ചപ്പോൾ അമ്മയ്ക്ക് ദേഷ്യം വന്നു. നീയെന്തൊക്കെ ഊളത്തരമാ എഴുതിവച്ചിരിക്കുന്നത് എന്നായിരുന്നു അമ്മയുടെ വിമർശനം. ഇത്തരം പദങ്ങൾ പൊതു സമൂഹത്തിൽ പറയുന്നത് തെറ്റായി കാണുന്നു. സമൂഹം അവയെ ലൈംഗികാവയവമായി കാണുന്നത് കൊണ്ട് മാറ്റി നിർത്തപ്പെടുന്നു.”

“കവിതയെഴുത്തിൽ കുറേയേറെപ്പേരെ ഇഷ്ടമാണെങ്കിലും കൂഴുർ വിൽസണിന്‍റെ കവിതകളോട് ഒരു പ്രത്യേകയിഷ്ടമുണ്ട്. ഹൃദയ സ്പർശിയായിട്ടുള്ള കവിതകളാണ് അദ്ദേഹത്തിന്‍റേത്. അദ്ദേഹം അത് ചൊല്ലുന്നത് കേൾക്കാനും ഒരു പ്രത്യേക രസമാണ്. സ്ത്രീകളിൽ ഗിരിജ ചേച്ചിയുടെ (വിഎം.ഗിരിജ) കവിതകളും. ഇപ്പോൾ ലോകകവിതകൾ വായിച്ച് തുടങ്ങിയിട്ടുണ്ട്. അത്തരത്തിൽ ഏറെയിഷ്ടപ്പെട്ട കവിയാണ് അഡോണിസ്. കവിതയുടെ ലോകം എത്ര വിശാലമാണ്.”

കലയേയും കവിതയേയും ഒരുപാടിഷ്ടപ്പെടുന്ന വിനിത പറയുന്നതിങ്ങനെ, “കവിത എന്‍റെ ആത്മാവിനോട് ചേർന്നു നിൽക്കുന്ന ഒന്നാണ്. എന്നാൽ ചിത്രരചന മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള ഉദാത്തമായ ഒരു ഉപാധിയും. രണ്ടിലൂടെയും എന്‍റെ ലക്ഷ്യം സന്തോഷവും ആത്മസംതൃപ്തിയും തന്നെ.”

ചിക്കൻ ടിക്ക മസാല

ഏതു നാട്ടിൽ ചെന്നാലും വീട്ടിലെ ഭക്ഷണം ഒരു വികാരമാണ്.  അടുക്കളയിൽ തയ്യാറാക്കുന്ന വിഭവങ്ങളുടെ സ്വാദ് ഒന്നു വേറെ തന്നെയാണ്. അത്തരം വിഭവങ്ങളെ പരിചയപ്പെടാം. ഇത് രുചിയുടെ നൊസ്റ്റാൾജിയ!

മിക്കവരുടെയും ഇഷ്ട വിഭവമാണ് ചിക്കൻ ടിക്ക, ഉണ്ടാക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

ബോൺലസ് (തൊലിയില്ലാതെ) ചിക്കൻ ബ്രസ്റ്റ് 3 എണ്ണം

തൈര് 120 ഗ്രാം

നാരങ്ങാനീര് 2 ടേബിൾ സ്പൂൺ

ഇഞ്ചി 6 അല്ലി അരച്ചത്

ഉപ്പ് 2 ടീസ്പൂൺ

ജീരകം അരച്ചത് 2 ടീസ്പൂൺ

കുരുമുളക് മസാല 2 ടീസ്പൂൺ

സോസിന്

എണ്ണ 3 ടേബിൾ സ്പൂൺ

സവാള ഒന്ന് അരിഞ്ഞത്

ഇഞ്ചി 2 ടേബിൾ സ്പൂൺ അരച്ചത്

ഇഞ്ചി 8 അല്ലി അരച്ചത്

മഞ്ഞൾപ്പൊടി 2 ടീസ്പൂൺ

ജീരകം 2 ടീസ്പൂൺ

മല്ലിപ്പൊടി 2 ടീസ്പൂൺ

കുരുമുളക് മസാല 2 ടീസ്പൂൺ

മുളകുപൊടി 2 ടീസ്പൂൺ

ഗരം മസാല 2 ടീസ്പൂൺ

തക്കാളി ഒന്ന് അരച്ച് പ്യൂരിയാക്കിയത്

തക്കാളി സോസ് മൂന്നര കപ്പ്

വെള്ളം ഒന്നര കപ്പ്

ക്രീം ഒന്നര കപ്പ്

തയ്യാറാക്കുന്ന വിധം

ചിക്കൻ ചെറിയ കഷണങ്ങളാക്കാം. തൈര്, നാരങ്ങാനീര്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, ജീരകപ്പൊടി, ഗരം മസാല, കുരുമുളക് മസാല (പാപരിക്ക) എന്നിവ മിക്സ് ചെയ്ത് ചിക്കൻ കഷണങ്ങളിൽ പുരട്ടി വച്ച് ഒരു മണിക്കൂറോ ഒരു രാത്രിയോ ഫ്രിഡ്ജിൽ വയ്ക്കാം.

ഓവൻ 260 ഡിഗ്രി സെന്‍റിഗ്രേഡ് ചൂടാക്കുക. ബേക്കിംഗ് പാനിൽ എണ്ണ പുരട്ടി ബട്ടർ പേപ്പർ വിരിക്കുക.

മാരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങൾ വുഡൻ സ്ക്കീവേഴ്സിൽ വച്ച് ബേക്കിംഗ് പാനിൽ സെറ്റ് ചെയ്യാം. ബ്രൗൺ നിറമാകും വരെ ഇത് 15 മിനിറ്റ് നേരം ബേക്ക് ചെയ്യാം.

സോസ് തയ്യാറാക്കാൻ

വലിയൊരു പാനിൽ എണ്ണ മീഡിയം ഫ്ളെയിമിൽ ചൂടാക്കുക. അതിൽ സവാള, ഇഞ്ചി, വെളുത്തുള്ളി ഇവ ഇളം ബ്രൗൺ നിറമാകുംവരെ വഴറ്റുക.

ജീരകം, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളക് മസാല, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് നന്നായി ഇളക്കുക. പച്ചമണം മാറും വരെ പാകം ചെയ്യാം.

തക്കാളി പ്യൂരി, തക്കാളി സോസ് ഇവ ചേർക്കുക. ഒന്നേകാൽ കപ്പ് വെള്ളം ചേർക്കുക. തിള വന്ന് 5 മിനിറ്റ് കൂടി പാകം ചെയ്യാം. ഇനി ക്രീം ചേർക്കാം.

സ്ക്വീവേഴ്സിൽ നിന്ന് ചിക്കൻ ടിക്ക എടുത്ത് സോസിൽ ചേർക്കുക. 1-2 മിനിറ്റ് കൂടി പാകം ചെയ്ത് സർവ്വ് ചെയ്യാം.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें