ഇലകളും പൂക്കളും, കവിത ശകലങ്ങളും അക്ഷരങ്ങളും കഥകളിലെ കഥാപാത്രങ്ങളും മനുഷ്യരൂപങ്ങളും നവരസഭാവങ്ങളു മൊക്കെ ഹാൻഡ് മെയ്ഡ് ഫാബ്രിക് ഡിസൈനുകളായി വസ്ത്രങ്ങളിൽ ആവിഷ്കരിക്കുകയാണ് ഈ കലാകാരി. യൂണിക് ആന്‍റ് പെർഫക്റ്റ് എന്നതാണ് വിനിത, വസ്ത്രങ്ങളിൽ ഒരുക്കുന്ന ഓരോ ഡിസൈനിന്‍റെ യും മുഖമുദ്ര. ഒപ്പം കസ്റ്റമൈസ്ഡ് ഡിസൈനുകളുമുണ്ട് അക്കൂട്ടത്തിൽ. “ഇല”യെന്ന തന്‍റെ പെറ്റ് ബ്രാന്‍റിൽ ഹാന്‍റ് പെയിന്‍റഡ് വസ്ത്രങ്ങളുടെ ബിസിനസ് സംരഭവും വിനീതയ്ക്ക് സ്വന്തമായുണ്ട്.
വസ്ത്രങ്ങളിൽ ഹാൻഡ് മെയ്ഡ് ഡിസൈനുകൾ ഒരുക്കുന്ന വിനിതയ്ക്ക് ഒരു കാര്യം നിർബന്ധമാണ്. ഓരോ ഡിസൈനിലും തന്‍റെ കയ്യൊപ്പ് പതിഞ്ഞിരിക്കണമെന്നത്. അത്രയേറെ നിഷ്ഠയോടെയും അർപ്പണത്തോടെയുമാണ് ഈ കലാകാരി വസ്ത്രങ്ങളിൽ ഹാൻഡ് മെയ്ഡ് ഡിസൈനുകൾ ഒരുക്കുന്നത്.
ഇക്കാര്യത്തിൽ വിനീത കുറേയേറെ നിരീക്ഷണങ്ങളും നടത്തുന്നുണ്ട്. തുടർന്നാണ് അവയൊക്കെയും വസ്ത്രങ്ങളിൽ മനോഹരങ്ങളായ ഡിസൈനുകളായി പിറവി കൊള്ളുന്നത്. കവയത്രിയും കൂടിയായതിനാൽ വിനിതയുടെ വരകളിലുമുണ്ട് കാവ്യഭംഗിയുടെ ഇമ്പവും താളവും. അതുകൊണ്ടാണ് തന്‍റെ കലാവിഷ്ക്കാരങ്ങളിൽ ഈ കലാകാരി നവീന ആശയങ്ങൾ ഉൾപ്പെടുത്തുന്നതും. ടൈപ്പോഗ്രാഫി, മലയാള അക്ഷരങ്ങൾ, ഇല്യുസ്ട്രേഷൻ, പുസ്തകങ്ങളുടെ കവർ പേജ് ഇല്യുസ്ട്രേഷൻ, ഡൂഡിൽ ആർട്ട്, സൂഫി സ്കെച്ച് ഡിസൈൻ എന്നിങ്ങനെ ഹാൻഡ് പെയിന്‍റഡ് ഡിസൈനുകളിൽ നവീനങ്ങളായ ആശയങ്ങളും ഈ കലാകാരി ഉൾപ്പെടുത്തുന്നു. സുഗന്ധി എന്ന ആണ്ടാൾ ദേവനായകിവ എന്ന ടിഡി രാമ കൃഷ്ണന്‍റെ പ്രശസ്ത നോവലിന്‍റെ കവർ ഇല്യുസ്ട്രേഷൻ ആലേഖനം ചെയ്‌ത ഫാബ്രിക്ക് ഹാൻഡ് പെയിന്‍റിംഗ് ഏറെ ശ്രദ്ധേയമാണ്.
സാരിയിലും കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളിലും ചെയ്യുന്ന പോർട്രെയിറ്റ് ഡിസൈനുകളാണ് വിനിതയുടെ മറ്റൊരു പരീക്ഷണം. പ്രിയപ്പെട്ടവർക്കോ കൂട്ടുകാർക്കോ സമ്മാനമായി നൽകാൻ ആവശ്യപ്പെട്ട് വരുന്നവർക്കാണ് വിനിത ഇത്തരത്തിൽ കസ്റ്റമൈസ്ഡ് ഡിസൈനുകൾ ചെയ്‌ത് കൊടുക്കുന്നത്.
വരയുടെ ലോകത്ത്
“ടിടിസി കഴിഞ്ഞ് അദ്ധ്യാപികയായി ജോലി ചെയ്‌ത് കൊണ്ടിരിക്കുന്നതിനിടെയാണ് നടുവേദന വില്ലനായി കടന്നു വരുന്നത്. ദീർഘനേരം നിന്നു കൊണ്ട് കുട്ടികളെ പഠിപ്പിക്കലും ഇരുപ്പും വേദനയുടെ കാഠിന്യം കൂട്ടി. ഒടുവിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തിയപ്പോഴാണ് നട്ടെല്ലിലെ ഡിസ്കിന് പ്രശ്നമുള്ളതായി കണ്ടെത്തിയത്. സ്ട്രെയിൻ കൂടുമ്പോൾ നട്ടെല്ലിന് പ്രശ്നമാകും. കഠിനമായ വേദനയുണ്ടാവും. അതുകൊണ്ട് അദ്ധ്യാപന ജോലി ഉപേക്ഷിക്കുകയല്ലാതെ മറ്റ് നിവൃത്തിയില്ലാതെയായി.” വിനിത ആ സങ്കട കാലത്തെക്കുറിച്ച് പറയുന്നു.
തുടർന്ന് മാനസിക സംഘർഷങ്ങളുടെ കാലം. ഇഷ്ടപ്പെട്ട ജോലിയിൽ ഇനി തുടരാനാവില്ലല്ലോയെന്ന സങ്കടം. ആ യാഥാർത്ഥ്യത്തെ ഉൾക്കൊണ്ട് മറ്റൊന്നിലേക്ക് മനസ് കേന്ദ്രീകരിക്കേണ്ടതാവശ്യമാണെന്ന് വിനിതയ്ക്ക് സ്വയം തോന്നി തുടങ്ങി. അവിടെ നിന്ന് നിറക്കൂട്ടുകളുടെ മറ്റൊരു ലോകത്തെക്കുറിച്ച് വിനിത സ്വപ്നം കണ്ടു തുടങ്ങി. തന്നിലൊരു കലാകാരി ഒളിഞ്ഞിരുപ്പുണ്ടെന്ന തിരിച്ചറിവിലേക്കുള്ള യാത്രയായിരുന്നു പിന്നീട്.
അദ്ധ്യാപനത്തിൽ നിന്നും വരയുടെ ലോകത്തേക്കുള്ള ചുവടു മാറ്റത്തെക്കുറിച്ച് വിനിത പറയുന്നതിങ്ങനെ, “ടിടിസിയ്ക്ക് പഠിക്കുന്ന സമയത്ത് ഒരു പെയ്ന്‍റിംഗ് വർക്ക്ഷോപ്പിൽ അറ്റൻഡ് ചെയ്യാനുള്ള അവസരം കിട്ടിയതാണ് പിന്നീട് വരയുടെ ലോകത്തേക്ക് എന്നെ എത്തിച്ചത്. ആ സമയത്ത് എന്‍റെയും അമ്മയുടെയും സാരിയിലായിരുന്നു ഫാബ്രിക്ക് പെയ്ന്‍റിംഗ് പരീക്ഷണങ്ങളത്രയും... പെയ്ന്‍റ് ചെയ്‌ത് കുറേ സാരി നശിപ്പിച്ചു. അതിന് അമ്മയുടെ കയ്യിൽ നിന്നും ശകാരവും കിട്ടിയിട്ടുണ്ട്. ഇക്കാര്യത്തിൽ വേണ്ട ഗൈഡൻസ് തരാൻ ആരുമുണ്ടായിരുന്നില്ല. വീട്ടിൽ ബന്ധുക്കളും അച്‌ഛനും സഹോദരൻ വിപിൻ റാഫേലുമൊക്കെ ചിത്രരചനയിൽ താൽപര്യമുള്ളവരായിരുന്നു. അതുകൊണ്ടാവും എനിക്കും വരയോട് ഇഷ്ടം തോന്നിയത്.”