247 ഇന്‍റർനെറ്റ്, സോഷ്യൽ മീഡിയ സൗഹൃദങ്ങൾ, കിടിലൻ ക്യാമറ ഗിമ്മിക്കുകൾ ഇങ്ങനെ സൈബർ യുഗം വളരുന്തോറും പ്രായഭേദമെന്യേ പലർക്കും ഇപ്പോൾ മൊബൈൽ ഫോൺ ഫോബിയ എന്ന അവസ്‌ഥ. എപ്പോഴും കൂട്ടുകാരനെപ്പോലെ ഫോൺ കയ്യിൽ സൂക്ഷിക്കുന്നതാണ് നമ്മുടെ ശീലം. അതങ്ങനെ അടുത്തില്ലെങ്കിൽ ഒന്നും തൊട്ടുതലോടിയില്ലെങ്കിൽ വല്ലാത്തൊരു വീർപ്പുമുട്ടൽ! ഈ അവസ്ഥ പരിധി വിടുന്നതിനെയാണ് നോ മൊബൈൽ ഫോൺ ഫോബിയ അല്ലെങ്കിൽ നോമോഫോബിയ എന്നു വിളിക്കുന്നത്.
ഫോൺ വീട്ടിലോ ഓഫീസിലോ വച്ചു മറന്നു പോയാൽ പിന്നെ ആകെ ടെൻഷൻ ആകും. മറ്റുള്ളവർ എടുക്കുമോ ഫോൺ നഷ്ടപ്പെടുമോ എന്നീ ആശങ്കകൾ ആണ് പ്രധാനം എങ്കിൽ നോമോ ഫോബിയ ഉണ്ടെന്ന് കരുതാം. അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ ഇത്തരം ടെൻഷനുകൾക്ക് സ്‌ഥാനമില്ലെന്നറിഞ്ഞാലും വെറുതെ ടെൻഷനടിക്കും.
മൊബൈൽ ഫോൺ നഷ്ടപ്പെടുന്നതു മാത്രമല്ല ഇനി നെറ്റ് വർക്ക് ഇല്ലാത്ത അവസ്‌ഥ പോലും നോമോ ഫോബിയക്കാർക്ക് സഹിക്കാൻ കഴിഞ്ഞെന്നു വരില്ല. നിങ്ങൾ ഈ ലക്ഷണങ്ങളൊക്കെ ഉണ്ടെങ്കിൽ കുറച്ചു ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
ഒരു കാര്യമില്ലെങ്കിലും വെറുതെയിരിക്കുമ്പോൾ ഫോൺ എടുത്തു നോക്കുന്നവരാണ് നമ്മൾ. ബോറടി മാറ്റാനാണ് വെറും കൗതുകത്തിലോ ഇങ്ങനെ ചെയ്‌തു തുടങ്ങുന്നു. തുടർന്ന് അതൊരു അഡിക്ഷനായി മാറുന്നു. ഒരു ദിവസം ഫോൺ ഓഫായാലോ മറന്നു വച്ചാലോ ഒന്നും സംഭവിക്കില്ല എന്ന് ചിന്തിക്കാൻ ഇവർക്ക് കഴിയില്ല. ഫോണിന് ഫുൾ ചാർജ് ഉണ്ടെങ്കിലും ചാർജർ കരുതുക, ഇന്‍റർനെറ്റിനായി മറ്റൊരു ഫോൺ കൂടി കൂടെ കരുതുക എന്നീ ശീലവും ഉണ്ടാകും. വിമാനത്തിൽ കയറിയാൽ പോലും ഫോൺ ഓഫ് ചെയ്യാൻ മടി കാണിക്കും. കുറേ നേരം ഫോൺ കോൾ വന്നില്ലേങ്കിൽ തന്നെ അസ്വസ്ഥതയാണ്.
ഫോൺ നെറ്റ് വർക്ക് ഇല്ലാതാവുമ്പോൾ നഷ്‌ടമാകുന്ന കോളുകളെയും മെസേജുകളെയും ഓർത്തിട്ട് ഇരിക്കപ്പൊറുതി ഉണ്ടാവില്ല. ഇതൊക്കെ ആർക്കും ഉണ്ടാകാം. പ്രത്യേക സാഹചര്യങ്ങളിലാണെന്നു മാത്രം. എന്നാൽ അങ്ങനെ പ്രത്യേകത ഒന്നുമില്ലാതെ തന്നെ സദാസമയം ഫോൺ, ഫോൺ എന്നു ചിന്തിച്ചാലോ! അതിനെ ഒരു മാനസികാവസ്‌ഥ എന്നു മാത്രമേ പറയാൻ പറ്റൂ. ഈ അവസ്‌ഥ ഉണ്ടാകുന്നവരിൽ ഉൽകണ്ഠയും വിഷാദവും ആത്മവിശ്വാസക്കുറവുമൊക്കെ കാണാനിടയുണ്ട്. ഇതൊരു പ്രത്യേക മാനസികാവസ്‌ഥയാണ്, ഇതിൽ നിന്ന് രക്ഷപ്പെടണം എന്ന് സ്വയം തിരിച്ചറിയുമ്പോൾ പരിഹാരവും എളുപ്പമാകും. ഇടയ്ക്കൊക്കെ ഫോണില്ലാതെയും ജീവിക്കാമെന്നും. അങ്ങനെ ജീവിച്ചാലും ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും സ്വയം മനസ്സിലാക്കുക.
ഒരു പകൽ വേളയിൽ അര മണിക്കൂറെങ്കിലും ഫോൺ ഓഫ് ചെയ്‌തു വച്ച്, ക്രമേണ ഇത് ഒന്നോ രണ്ടോ മണിക്കൂർ ആയി വർദ്ധിപ്പിച്ച് നോമോ ഫോബിയയെ തോൽപ്പിക്കാൻ ശ്രമിക്കാം. ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഫോൺ കയ്യെത്താദൂരത്ത് വയ്ക്കുന്നതും ഒരു പരിഹാരമാണ്. ആഴ്ചയിലൊരിക്കൽ നോ ഫോൺ ഡേ ആചരിക്കുന്നതിലും തെറ്റില്ല. അതെല്ലാം ശ്രമിച്ചു പരാജയപ്പെട്ടെങ്കിൽ ഉടനെ ഒരു മനഃശാസ്ത്രഞ്ജന്‍റെ സഹായം തേടാവുന്നതാണ്.