അമീർ ഖാൻ ചിത്രമായ ദംഗലിൽ ഗീത ഫൊഗോട്ടിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ച കാശ്മീരി പെൺകുട്ടിയെ പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. രണ്ടാമത്തെ ചിത്രമായ സീക്രട്ട് സൂപ്പർസ്‌റ്റാറിലും ആ പെൺകുട്ടി ശ്രദ്ധിക്കപ്പെട്ടു. താൻ ഒരു അഭിനേത്രിയാവുമെന്ന് സിനിമയിൽ അഭിനയിക്കാൻ ചാൻസ് എത്തുന്നവരെ അവൾ വിചാരിച്ചതേയില്ല. അതാണ് സൈറ വസിം.
എന്തു ചെയ്‌താലും അത് വ്യത്യസ്തമായിരിക്കണം എന്ന ചിന്ത ബാല്യം മുതൽ സൈറയ്ക്കുണ്ട്. പക്ഷേ ആ ചിന്തയിലൊന്നും അഭിനയമോ സിനിമയോ കടന്നു വന്നിരുന്നില്ല.
വളരെ ചെറുപ്രായത്തിൽ ഏതാനും പരസ്യങ്ങളിൽ പങ്ക് ചേരാൻ കഴിഞ്ഞിരുന്നു. അതിൽ നിന്നാണ് സിനിമാ ലോകത്തേക്കുള്ള വാതിൽ തുറക്കപ്പെട്ടത്. അമീർ ഖാൻ തന്‍റെ ചിത്രമായ ദംഗലിലേക്ക് പുതിയ മുഖങ്ങൾ തെരയുന്ന സമയത്താണ് സൈറയുടെ സ്ക്കൂൾ പ്രിൻസിപ്പൽ, സൈറയോട് അവളുടെ പേര് കൊടുക്കാൻ നിർദ്ദേശിച്ചത്. സൈറ തന്‍റെ ചിത്രം അയച്ചു കൊടുത്തു. ഓഡിഷനിൽ വിജയിക്കുകയും ചെയ്‌തു. പക്ഷേ വീട്ടുകാർക്ക് സൈറയെ അഭിനയ ലോകത്തേക്ക് അയക്കാൻ താൽപര്യമില്ലായിരുന്നു. പിന്നെ ബന്ധുക്കളും സുഹൃത്തുക്കളും പ്രിൻസിപ്പലും നിർബന്ധിച്ചപ്പോൾ വീട്ടുകാർ സമ്മതം മൂളുകയായിരുന്നു.
കാലത്തിനൊപ്പം ജീവിക്കണമെന്ന പക്ഷക്കാരിയാണ് സൈറ. മുൻകൂട്ടി ഒന്നും പ്ലാൻ ചെയ്യാറില്ല. ജോലിയും പഠനവും ഒരുമിച്ച് കൊണ്ടു പോകണമെന്നാണ് ആഗ്രഹം. പത്താം ക്ലാസ്സ് പരീക്ഷയിൽ 92 ശതമാനം മാർക്ക് നേടിയാണ് കഴിഞ്ഞ വർഷം സൈറ വിജയിച്ചത്. നല്ല പാട്ടുകാരി കൂടിയാണ് ഈ കൊച്ചു മിടുക്കി.
ശ്രീനഗറിലെ ഒരു യാഥാസ്‌ഥിതിക മുസ്ലീം ജന്മി കുടുംബത്തിലാണ് സൈറ ജനിച്ചത്. അച്‌ഛൻ വസിം ബാങ്ക് ഉദ്യോഗസ്‌ഥനാണ്. അമ്മ ജർക്കാ വസിം. സിനിമാ ലോകത്തെ തന്‍റെ എൻട്രിക്കും പ്രശസ്തിക്കും കാരണം തന്‍റെ കുടുംബത്തിന്‍റെ പിന്തുണ മാത്രമാണെന്ന് സൈറ കരുതുന്നു. 16-ാം ജന്മദിനം തന്‍റെ സുഹൃത്തുക്കൾക്കൊപ്പമാണ് ആഘോഷിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് വിവാദത്തിലും പെട്ടു സൈറ. കൊച്ചു നായികയ്ക്കൊപ്പം ചെറിയൊരു ചാറ്റ്.
സിനിമ സ്വപ്നം എപ്പോഴെങ്കിലും മനസ്സിലുണ്ടായിരുന്നോ?
ഇല്ലേയില്ല. അതൊരു അതിശയം തന്നെയാണ്. ദംഗലിന്‍റെ ഓഡിഷനു പോയപ്പോൾ ആ ചിത്രത്തിലേക്ക് സെലക്ട് ആയേക്കും എന്ന് പ്രതീക്ഷിച്ചിരുന്നു. അങ്ങനെ തന്നെ സംഭവിച്ചു. സീക്രട്ട് സൂപ്പർ സ്റ്റാറിന്‍റെ ഓഡിഷനു പോയപ്പോഴും അതായിരുന്നു അനുഭവം. കിട്ടിയ അവസരങ്ങളിൽ ഞാൻ അങ്ങേയറ്റം ഹാപ്പിയാണ്.
ഈ ചിത്രങ്ങളിൽ അഭിനയിക്കാൻ ഒരുപാട് തയ്യാറെടുപ്പ് വേണ്ടി വന്നോ?
ദംഗലിന്‍റെ സമയത്ത് റസ് ലിംഗ് പഠിക്കേണ്ടി വന്നു. ഒരുപാട് വിയർപ്പൊഴുക്കിയാണ് ആ റോൾ ചെയ്‌തത്. സീക്രട്ട് സൂപ്പർ സ്‌റ്റാറിൽ ഗിറ്റാർ വായിക്കാൻ പഠിച്ചു.
ഒരു കാര്യം ചെയ്യാൻ പറ്റുമെന്ന് വിശ്വാസം വന്നാൽ മാത്രമേ അതു ഞാൻ ഏറ്റെടുക്കുകയുള്ളൂ. സീക്രട്ട് സൂപ്പർ സ്‌റ്റാറിൽ ഗായികയുടെ റോൾ ആയിരുന്നല്ലോ. ആരെങ്കിലും എന്നോട് തമാശയ്ക്ക് എന്നാൽ ഒന്ന് പാടൂ കേൾക്കട്ടെ എന്നു പറഞ്ഞാൽ അതു ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ നല്ല ഗായികയല്ല. പക്ഷേ ഈ റോൾ ചെയ്‌തപ്പോൾ ഞാൻ പാട്ട് പഠിച്ചു.