അങ്ങനെ ഒരു പുതുവർഷം കൂടി വന്നു പോയി, പുതുവർഷത്തെ എനിക്ക് സ്വതവേ ഇഷ്‌ടമാണ്. വാക്കുകളാൽ ആശംസകളാൽ പോസിറ്റിവിറ്റി മാത്രം സ്ഫുരിക്കുന്ന നാളുകളാണ് പുതുവത്സരത്തിലെ ആദ്യ ദിനങ്ങൾ. ഒത്തു കൂടലുകൾ, കളിചിരികൾ, പുതുവർഷ പ്രതിജ്ഞകൾ എന്നിങ്ങനെ സർവം പ്രത്യാശയും ആനന്ദവും മാത്രം ഉള്ള ഒരു സമയം. അത് കൊണ്ട് തന്നെ അത്തരത്തിലൊരു ആനന്ദ കഥ കൂട്ടാക്കാം എന്ന് വിചാരിച്ചു.
കഴിഞ്ഞ വർഷം ഇതേ സമയത്ത് വരാനിരിക്കുന്ന കോവിഡ് എന്ന ഇത്തിരിക്കുഞ്ഞനായ വിനാശകനെക്കുറിച്ച് ഒരു ധാരണയുമില്ലാതെ നമ്മളേവരും 2020 എന്ന അടിപൊളി വർഷത്തിന്‍റെ വരവ് പ്രത്യാശയോടെ ആഘോഷിച്ചു.
മാർച്ച് മുതൽ കഥ മാറി, 2020 പലർക്കും ഓർക്കാൻ പോലും ആഗ്രഹിക്കാത്ത വർഷമായി മാറി. എത്ര എത്ര പേരാണ് നമ്മെ വിട്ടു പോയത്. സുശാന്ത്, എസ്പിബി, മറഡോണ, എന്‍റെ അമ്മ... എത്ര എത്ര പേർ. അത് കൊണ്ട് തന്നെ 2021 ന്‍റെ പുതുവത്സര പടിവാതുക്കൽ എത്തി നിൽക്കുമ്പോൾ ആർക്കും അത്ര ആനന്ദമില്ല, പ്രത്യാശ പോരാ, ആഗ്രഹങ്ങളേക്കാൾ ആകുലതകളാണ് ഏറെ.
2021 ൽ എങ്കിലും കോവിഡ് മാറി ആ പഴയ ലോകം നമുക്ക് തിരിച്ചു കിട്ടുമോ? സമാധാനവും സന്തോഷവും സമൃദ്ധിയും മടങ്ങി വരുമോ? 2021 ൽ നമുക്ക് എന്താണ് വ്യത്യസ്തമായി ചെയ്യാനാവുക? ഞാൻ നിങ്ങളോടു ചില കഥകൾ പറയാം. കഥ പറഞ്ഞാൽ എല്ലാം ശരിയാവും എല്ലാവരും നന്നാവും എന്നൊന്നും വിചാരിച്ചിട്ടല്ല കേട്ടോ, മറിച്ചു കഥ കേൾക്കാൻ ഇഷ്ടമല്ലാത്ത ആരാണുള്ളത്? നല്ല കഥകളോളം ആനന്ദദായകമായി മറ്റെന്താനുള്ളത്?
പാഠം ഒന്ന്: ആനന്ദത്തിന്‍റെ വഴി ലളിതമാണ്
2015-17 കാലഘട്ടത്തിൽ ഞാൻ മഹാരാജാസ് കോളേജിൽ ഗസ്റ്റ് (അനുഭവങ്ങളുടെ വെളിച്ചത്തിൽ അതിഥി, തത്ക്കാല എന്നീ വാക്കുകളോട് താൽപര്യമില്ലാത്തത് കൊണ്ട് തന്നെയാണ്) അദ്ധ്യാപകനായി ജോലി ചെയ്‌തിരുന്നു. അവിടത്തെ ആപ്പീസിലെ ഏമാന്മാരുടെ (എന്ന് പറയുമ്പോ പ്രത്യേകിച്ചും ചില വനിതാ ക്ലാർക്കുമാരുടെ) സന്മനസ്സു കാരണം (നടത്തി തരാം നടത്തി തരാം എന്ന് പറഞ്ഞ് എനിക്കർഹതപ്പെട്ട ശമ്പളത്തിനായി എന്നെ പിന്നെയും ഒരു ഒന്നൊന്നര കൊല്ലം നടത്തിച്ചു സഹായിച്ചത് കൊണ്ട്) 2017- 18 കാലയളവിൽ സാലറി എരിയേഴ്സ് കിട്ടാനായി ഇടയ്ക്കിടയ്ക്ക് മഹാരാജാസിൽ പോകുമായിരുന്നു (ആ സംഭവബഹുലമായ കഥകളൊക്കെ പിന്നീടൊരിക്കൽ എഴുതാം).
അങ്ങനെ, ഒരു ദിവസം മഹാരാജാസിൽ പോയപ്പോൾ എന്നെ കണ്ട് അവിടത്തെ തൂപ്പുകാരൻ ഇക്ക സന്തോഷത്തോടെ ഓടി വന്നു. കൈയ്യിൽ പിടിച്ച് സുഖ വിവരങ്ങൾ അന്വേഷിച്ചു. എന്നെ ട്രാൻസ്ഫർ ചെയ്‌ത രാഷ്ട്രീയ ശക്‌തികളെ പ്രാകി (ഞാൻ സ്‌ഥിരാധ്യാപകൻ ആണെന്നു തെറ്റിദ്ധരിച്ചിട്ടാണ് കേട്ടോ), എന്നിട്ട് എന്നോട് “ഞാൻ സാറിനെ ഒരുപാട് മിസ്സ് ചെയ്യുന്നൂണ്ട് കേട്ടോ” എന്ന് പറഞ്ഞു.
ഞാൻ ആകെ സ്തബ്ധനായി പോയി. സത്യം പറഞ്ഞാൽ എനിക്ക് അദ്ദേഹത്തെ കുറിച്ച് കാര്യമായി ഒന്നും തന്നെ അറിവില്ലായിരുന്നു. പഠിപ്പിച്ചിരുന്നപ്പോൾ കണ്ട അവ്യക്‌തമായ ഒരു ഓർമയല്ലാതെ, പേര് പോലും ഓർത്തെടുക്കാനായില്ല. അതുകൊണ്ട് തന്നെ അടക്കാനാവാത്ത ജിജ്‌ഞാസയോടെ ഞാൻ അദ്ദേഹത്തോട് എന്നെ ഇത്ര മാത്രം മിസ്സ് ചെയ്യുന്നതെന്താ എന്ന് ആരാഞ്ഞു.