ഒന്നും ചെയ്യാതെ ജനാലയ്ക്കരികിൽ വെറുതെ പുറത്തേക്ക് നോക്കിയിരിക്കുന്ന ടിൻസിയെ വാസുദേവ് ശ്രദ്ധിച്ചു. തന്‍റെ മകൾ ഇങ്ങനെ ആക്ടിവല്ലാതെ ഉത്സാഹമൊന്നും കാണിക്കാതെ ഇരിക്കുന്നതിനോട് അയാൾക്ക് യോജിപ്പില്ല.
“ഇവളെന്താ ഇങ്ങനെ ഒന്നും മിണ്ടാതെ ഇരിക്കുന്നത്. ആരെങ്കിലും അവളെ ശല്യപ്പെടുത്തുന്നുണ്ടോ” അയാൾ ഭാര്യ റോമയെ വിളിച്ച് സംശയം പ്രകടിപ്പിച്ചു.
“ഏയ്... എന്‍റെ അറിവിൽ ആരും അവളെ ശല്യപ്പെടുത്തുന്നില്ല. ഇത് ഒട്ടുമിക്ക കൗമാരക്കാരും കടന്നു പോകുന്ന അവസ്ഥയല്ലേ. നാളയെക്കുറിച്ച് ആലോചിച്ച് സമയം കളയുന്നതാണ്” റോമയ്ക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നു.
“എന്തായാലും അവളുടെ ആത്മ വിശ്വാസം വർദ്ധിപ്പിക്കുവാൻ നമുക്ക് എന്തെങ്കിലും ചെയ്തേ മതിയാവൂ. എന്താ നിന്‍റെ അഭിപ്രായം” വാസുദേവ് ഭാര്യയോട് എന്തെങ്കിലുമൊരു ഉപായം പറയൂ എന്ന രീതിയിൽ അന്വേഷിച്ചു.
“ഞാൻ അവളോട് ഒരു സമ്മർ ക്യാംപിന്‍റെ കാര്യം പറഞ്ഞിരുന്നു. എന്തോ അവളത്ര താൽപര്യം കാണിച്ചില്ല. സമ്മർ ക്യാംപൊക്കെ ആകുമ്പോൾ ധാരാളം കുട്ടികളുണ്ടാകും. പുതിയ കൂട്ടുകാരും പിന്നെ ഗെയിമുകളും ക്രിയേറ്റീവ് പ്ലാറ്റ്ഫോമും കൂടിയാകുമ്പോൾ ടിൻസി മൊത്തത്തിൽ ഉഷാറാകുമല്ലേ” റോമ തനിക്കു തോന്നിയ കാര്യം പറഞ്ഞു.
“അതൊരു നല്ല ഐഡിയ ആണല്ലോ. മറ്റുള്ളവരോട് ആശയവിനിമയം നടത്താനും ക്യാംപിന്‍റെ അന്തരീക്ഷത്തിൽ ഇഴുകി ചേരാനും ടിൻസിക്ക് സാധിച്ചാൽ അവളുടെ ആത്മവിശ്വാസം താനേ വർദ്ധിക്കും. എങ്കിൽ മാത്രമേ ഈ ഉൾവലിഞ്ഞിരിക്കുന്ന സ്വഭാവം മാറുകയുള്ളൂ.” വാസുദേവ് ഒരു പരിഹാരം കണ്ടെത്തിയ പോലെ നിർദേശിച്ചു.
ടിൻസി അവരെ ചുറ്റിപ്പറ്റി മാത്രം നിന്നാൽ മാനസികാവസ്‌ഥയ്ക്ക് യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് റോമയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ വാഗമണ്ണിലെ സമ്മർ ക്യാംപിൽ ടിൻസിയെ എങ്ങനെയെങ്കിലും നിർബന്ധിച്ച് അയക്കാൻ റോമ തീരുമാനിച്ചു.
പറ്റിയൊരു സമയം നോക്കിയിരുന്ന റോമ ഡൈനിംഗ് സമയത്ത് വാഗമണ്ണിലെ സമ്മർ ക്യാംപിന്‍റെ കാര്യം വീണ്ടും എടുത്തിട്ടു.
“ഇവൾക്കിവിടെ വെറുതെ ഇരിക്കുന്ന നേരം കൊണ്ട് വാഗമണ്ണിൽ ക്യാംപിന് പൊയ്ക്കൂടെ? എന്തു പറയുന്നു വാസു. അതല്ലേ നല്ലത്” റോമ ഭർത്താവിനോട് അഭിപ്രായം ചോദിക്കുന്ന പോലെ.
“ശരിയാ, ഇവിടെ ചടഞ്ഞു കൂടി ഇരിക്കണ്ടല്ലോ” വാസുദേവിന്‍റെ പെട്ടെന്നുള്ള മറുപടി. ടിൻസി അച്‌ഛനും അമ്മയും പറയുന്നത് കേട്ട് മൂളുക മാത്രം ചെയ്‌തു.
“എന്തായാലും അടുത്താഴ്ച വിമലയുടെ ഇരട്ടകൾ ഇവിടെ വരുന്നുണ്ട്. നീ ക്യാംപിന് പോകുന്നില്ലേൽ അവർക്ക് കമ്പനി കൊടുക്ക്” റോമ ടിൻസിയുടെ റിയാക്ഷൻ എന്താണെന്നറിയാൻ ശ്രദ്ധിച്ചിരുന്നു.
ടിൻസി ഇരട്ടകൾ എന്നു കേട്ടപ്പോഴേ അപകടം തിരിച്ചറിഞ്ഞമട്ടാണ്. കഴിഞ്ഞ വർഷം അവർ വന്ന് തനിക്ക് തലയ്ക്ക് സ്വൈര്യം തരാതിരുന്നത് ടിൻസി ഇപ്പോഴും മറന്നിട്ടില്ല. അത്രയും തെറുപ്പുകളാണ് ആ കുട്ടികളുടെ കയ്യിലുണ്ടായിരുന്നത്.
ഇരട്ടകളുടെ കയ്യിൽ പെടുന്നതിനേക്കാളും ക്യാംപിൽ പോകുന്നതാണ് നല്ലതെന്ന് ടിൻസി തീരുമാനിച്ചു.
ഇരട്ടപിള്ളേരെ ടിൻസിക്ക് ഇഷ്‌ടമല്ല എന്നറിയാവുന്ന റോമ അവരുടെ രണ്ട് ദിവസത്തേക്ക് മാത്രമായുള്ള വരവിനെ ഒരു മാസത്തേക്കെന്ന പോലെ അവതരിപ്പിച്ച് മകളുടെ മനസ്സിനെ സ്വാധീനിച്ചെടുത്തു.
“ഞാൻ സമ്മർ ക്യാംപിലേക്ക് പോകാം അമ്മേ, ഇവിടെ വെറുതെ ഇരിക്കുന്നതിലും നല്ലത് അത് തന്നെയാ.” ടിൻസി സമ്മതമെന്ന പോലെ പറഞ്ഞു.