തടിയും മിടുക്കും തോന്നിക്കാൻ

സുനിത ചേച്ചി എന്തു ധരിച്ചാലും നല്ല ചേലാണ്. പക്ഷേ പുള്ളിക്കാരിയണിഞ്ഞ അതേ തരത്തിലുള്ള ചുരിദാർ ഞാനിട്ടപ്പോൾ ഒരു ഭംഗിയും ഇല്ല. പ്രവീണയുടെ പരാതി.. ചിലപ്പോഴെങ്കിലും നിങ്ങളും ഉന്നയിച്ചിട്ടുണ്ടാവില്ലേ? ഭംഗി തോന്നുന്നത് സുനിത ചേച്ചിയുടെ കുറ്റമല്ല. അത് നിങ്ങളുടെ തന്നെയാണ്. കാരണം, ഓരോ ശരീര പ്രകൃതിയ്ക്ക് ഇണങ്ങുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ പഠിക്കണം. തടി തോന്നിപ്പിക്കാനും നീളക്കൂടുതൽ തോന്നാനും തടി തോന്നാതിരിക്കാനും ഉയരം കുറവ് തോന്നിപ്പിക്കാനും വസ്ത്രങ്ങൾക്ക് ചില ഗുട്ടൻസ് ഉണ്ട്.

ശരീര ഷെയ്‌പിന് ക്ലോത്തിംഗ് ടെക്‌നിക്ക്

  • സ്വന്തം ഫിഗറിലെ ഏറ്റവും ആകർഷകമായ ഫീച്ചറുകളെ ഹൈലൈറ്റ് ചെയ്യുക.
  • ഏറ്റവും ഇണങ്ങുന്ന ലെംഗ്തിലുള്ള വേഷം തെരഞ്ഞെടുക്കാം.
  • ഒരേ നിറത്തിലുള്ള ഡ്രസ്സ് തെരഞ്ഞെടുക്കാം. ഉദാ: സാരി ബ്ലൗസ് അല്ലെങ്കിൽ സൽവാർ കമ്മീസ് എന്നിവ ഒരേ നിറത്തിലുളള്ളതായിരിക്കണം. ഇത് ഉയരം കൂടുതൽ തോന്നിപ്പിക്കാൻ സഹായിക്കും.
  • വളരെ നേർത്തതും നല്ല മെറ്റീരിയലിലുളളതുമായ ഡ്രസ്സുകൾ തെരഞ്ഞടുക്കാം.
  • ചെറിയ പ്രിന്‍റുകളുള്ള വസ്‌ത്രങ്ങൾ ഉയരക്കൂടുതൽ തോന്നിപ്പിക്കും.
  • പ്ലെയിൻ സാരികളും ഡ്രസ്സുകളും അണിയുന്നത് ഉയരവും ആകർഷണീയതയും തോന്നിപ്പിക്കാനുള്ള കുറുക്കു വഴികളാണ്.
  • ചെറിയ ബോർഡറുകളുള്ള സാരിയോ ഡ്രെസ്സോ തെരഞ്ഞെടുക്കാം.
  • ഡ്രസ്സിന്‍റെ ഒരു ഭാഗത്ത് കോൺട്രാസ്‌റ്റ് കളർ സ്‌റ്റൈൽ അവലംബിക്കാം. ടോപ്പ് ഒരു കളർ, ബോട്ടം മറ്റൊരു കളർ എന്ന രീതി വേണ്ട.
  • ഭംഗിയുള്ള നെക്ക് ഡിസൈനുകൾ വഴി വേഷം ആകർഷണീയമാക്കാം.
  • ഡ്രസ്സിന്‍റെ അതേ നിറത്തിലുള്ളതും വീതികുറഞ്ഞതുമായ ബെൽറ്റ് തെരഞ്ഞെടുക്കാം.
  • ലൈറ്റ് ആന്‍റ് ഡെലിക്കേറ്റ് ജ്വല്ലറി, ആകർഷണീയത പകരും.
  • പോയിന്‍റഡ് ഷൂ ധരിച്ചാൽ ഉയരം തോന്നിക്കും.

ഉയരക്കുറവ് തോന്നിപ്പിക്കാൻ

5 അടി 9 ഇഞ്ചിലധികമാണ് ഉയരമെങ്കിൽ സാധാരണയിലപേക്ഷിച്ച് ഉയരം നിങ്ങൾക്ക് ഉണ്ട്. ഇത്തരക്കാരെ സംബന്ധിച്ച് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് നിർഭയം അവലംബിക്കാം. ഉയരക്കുറവ് തോന്നിപ്പിക്കാൻ വേഷത്തിൽ ചില സൂത്രപ്പണികൾ സ്വീകരിക്കേണ്ടി വരും.

  • ഒരേ നിറത്തിലുള്ള വേഷം വേണ്ട.
  • തോള് ചരിച്ച് നടക്കാതിരിക്കുക.
  • താഴോട്ട് വരകളുള്ള ഡ്രസ്സുകൾ അണിയരുത്.
  • മുന്നിൽ സ്‌ട്രെയിറ്റ് ബട്ടനുകളുള്ള വേഷം വേണ്ട.
  • സ്‌റ്റൈലിഷായ ഫാഷനുകൾ അവലംബിക്കാം.

എന്ത് ധരിക്കാം

  • ഒരേ സമയം രണ്ടും മൂന്നും നിറങ്ങളുള്ള ഡ്രസ്സണിയാം.
  • റെഡ് ഷർട്ട്, ബ്ലാക്ക് സൽവാർ, മൾട്ടി കളേഡ് ദുപ്പട്ടാ അല്ലെങ്കിൽ റെഡ് ടീഷർട്ട്, റെഡ് ബെൽറ്റ്, ബ്ലാക്ക് ട്രൗസർ, യെല്ലോ ജാക്കറ്റ്… ഇത്തരം വേഷങ്ങൾ അണിയാം. പല നിറങ്ങളിലുള്ള കോമ്പിനേഷൻ ഉയരം കുറച്ചു കാട്ടും.
  • ബ്രൈറ്റ് നിറങ്ങളിലുള്ള ഡ്രസ്സുകൾ ധരിക്കാം.
  • ലൂസ് ഫിറ്റിംഗിലുള്ള ഡ്രസ്സുകൾ എലഗന്‍റ് ലുക്ക് പകരും.
  • ഡബിൾ ബ്രസ്‌റ്റഡ് ഷർട്ടുകൾ, ടോപ്‌സ്, ജാക്കറ്റുകൾ എന്നിവ ഉയരക്കാരെ സംബന്ധിച്ച് അനുഗ്രഹീത വേഷങ്ങളാണ്.
  • ബോൾഡ് ഡിസൈനുകളുള്ള ഷോൾ, സാരി, ഡ്രസ്സുകൾ എന്നിവയും ഇത്തരക്കാർക്ക് നന്നായി ഇണങ്ങും.
  • വലിയ പാറ്റേണുകളും പ്രിന്‍റുകളുള്ളവയും ധൈര്യമായി തെരഞ്ഞെടുക്കാം.
  • കുറുകെ വരകളുള്ള വേഷങ്ങൾ ഉയരക്കുറവ് തോന്നിക്കാൻ സഹായിക്കും.
  • ഹെവി ബോൾഡ് ജ്വല്ലറി ഉയരക്കാർക്ക് ഇണങ്ങും.
  • ഏത് സൈസിലും ഷെയ്‌പിലുമുള്ള ബെൽറ്റുകൾ ഇണങ്ങും.
  • കോൺട്രാസ്‌റ്റ് കളർ ലെയറുകളും പ്രിന്‍റുകളും ഉയരക്കാരുടെ വേഷവിധാനത്തെ ആകർഷകമാക്കും.

സ്ലിം ലുക്കിന്

സ്ലിം ആന്‍റ് സ്‌മാർട്ട് ലുക്ക് വേണമെന്ന് ആഗ്രഹിക്കുന്നവരാണല്ലോ എല്ലാവരും. എന്നാൽ എല്ലാവർക്കും ആകർഷകമായ ശരീരഘടന കിട്ടണമെന്നുമില്ല. അല്‌പം തടിച്ച ശരീരപ്രകൃതം ആകർഷണീയതയ്‌ക്ക് തടസ്സമായി തീരണമെന്നുമില്ല.

  • ഒരേ സമയം വ്യത്യസ്‌ത നിറങ്ങളിലുള്ള വേഷമണിയരുത്. അത് വണ്ണം തോന്നിപ്പിക്കും.
  • അമിതമായി ഇറുക്കമുള്ള വേഷങ്ങൾ അരുത്. ശരീരഭാഗങ്ങൾ തള്ളി നിൽക്കുന്ന പ്രതീതി സൃഷ്‌ടിക്കും.
  • ഒരേ നിറത്തിലുള്ള സാരിയും ബ്ലൗസ്സും ഷർട്ടും ജീൻസും സൽവാറും കമ്മീസും ധരിക്കാം.
  • താഴോട്ട് വരകളുള്ള (സ്‌ട്രൈപ്‌സ്) ഡിസൈനുകൾ ശരീരം സ്ലിമ്മായി തോന്നിപ്പിക്കും.
  • വളരെ ലൈറ്റായ ഷെയ്‌ഡിലുള്ള വേഷങ്ങൾ ധരിക്കുന്നത് വണ്ണം തോന്നിപ്പിക്കും. പകരം മീഡിയം, ഡാർക്ക് ഷെയ്‌ഡിലുള്ളവ തെരഞ്ഞെടുക്കാം.
  • അരക്കെട്ടിനെ എടുത്തുകാട്ടും വിധമുള്ള ഡിസൈനുകൾക്ക് പകരം കംഫർട്ടബിൾ സൈസിലുള്ള വേഷങ്ങൾ ചൂസ് ചെയ്യാം.
  • ഒരേ കളറിന്‍റെ പല ഷെയ്‌ഡുകൾ ട്രൈ ചെയ്‌തു നോക്കാം.
  • ജീൻസു പോലെയുള്ള വേഷങ്ങളാണ് ധരിക്കുന്നതെങ്കിൽ ഹിപ്പ് ഏരിയാ കവർ ചെയ്യുന്ന തരത്തിലുള്ള ജാക്കറ്റോ ലോംഗ് ഗൗണോ ധരിച്ച് സ്‌റ്റൈലിഷാകാം.

ഉയരം കൂട്ടാൻ

അഞ്ചടിയിൽ താഴെ ഉയരമുള്ളവരെ സംബന്ധിച്ച് പൊക്കം തോന്നിപ്പിക്കണമെന്നത് ഒരാഗ്രഹമായിരിക്കുമല്ലോ? ഉയരം തോന്നിപ്പിക്കാൻ നീളൻ വസ്‌ത്രങ്ങൾ അണിയുകയും നീളമുള്ള ചെരിപ്പ് ധരിക്കുകയും വേണ്ട. വസ്‌ത്രധാരണ കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മതി.

  • കടും നിറങ്ങളിലുള്ള വസ്‌ത്രം ധരിക്കാതിരിക്കുക.
  • യോജിക്കാത്ത ഇറക്കമുള്ള ഫാഷനബിൾ വേഷങ്ങൾ ധരിക്കേണ്ടതില്ല.
  • കുറുകെ വരയുള്ള വസ്‌ത്രങ്ങൾ ഒഴിവാക്കാം.
  • വീതിയേറിയ ബോർഡറുള്ള സാരിയൊഴിവാക്കാം.
  • കട്ടികൂടിയതും വീതിയേറിയതുമായ ആഭരണങ്ങൾ വേണ്ടേ വേണ്ട.
  • വലിയ പ്രിന്‍റുള്ള വസ്‌ത്രങ്ങളും ഒഴിവാക്കുക.

വണ്ണം കൂട്ടാൻ

  • ഒരേ നിറത്തിലുള്ള വേഷം ധരിക്കരുത്. അത് നിങ്ങളെ ഒന്നുകൂടി മെലിഞ്ഞതാക്കും.
  • വെർട്ടിക്കൽ സ്ട്രൈപ്‌സ്, പ്ലീറ്റുകൾ വേണ്ട.
  • അമിതമായി ഇറുക്കമുള്ള വസ്‌ത്രങ്ങൾ ധരിക്കരുത്.
  • ലൈറ്റ്, ബ്രൈറ്റ് കളറുകൾ ഇത്തരം ശരീര പ്രകൃതക്കാർക്ക് ഏറെ ഇണങ്ങും.
  • വലിയതും ബോൾഡായതുമായ ഡിസൈനുകൾ സെലക്‌റ്റ് ചെയ്യാം.
  • ഹെവി ഫാബ്രിക്കുകൾ ഇണങ്ങും.
  • കോൺട്രാസ്‌റ്റ് കളറുകൾ, പ്രിന്‍റുകൾ, പാറ്റേണുകൾ എന്നിവ പരീക്ഷിക്കാം.
  • ഒരു സൈസ് വലുതായ ഔട്ട് ഫിറ്റുകൾ തെരഞ്ഞെടുക്കാം.
  • പല ലെംഗ്തുകളിലുള്ള ഷർട്ടുകൾ, ടോപ്‌സ്, സ്‌കർട്ടുകൾ പരീക്ഷിച്ചു നോക്കാം. ശരീരത്തിന് വണ്ണം തോന്നിപ്പിക്കുക മാത്രമല്ല ഷോർട്ട് ലുക്ക് നൽകുകയും ചെയ്യും.
  • തീം ജ്വല്ലറി നിങ്ങൾക്കേറെ ഇണങ്ങും.
  • വേഷവിധാനത്തിൽ രാജസ്‌ഥാനി, പഞ്ചാബി തുടങ്ങിയ സ്‌റ്റൈലുകൾ പരീക്ഷിച്ചു നോക്കാം.

ഇടമലക്കുടിയിലെ മിന്നാമിനുങ്ങുകൾ

ആനയും കടുവയും കാട്ടുപോത്തുകളും വസിക്കുന്ന കൊടും വനങ്ങൾക്കിടയിലാണ് ഇടമലക്കുടി എന്ന ഗോത്രവർഗ്ഗ ഗ്രാമം. കേരളത്തിലെ ഏറ്റവും വിജനമായ ഈ പഞ്ചായത്തിലേക്ക് ഒരു റോഡും അതിൽ ജീപ്പ് സർവീസും വന്നെത്തിയിട്ട് മാസങ്ങളെ ആയിട്ടുള്ളൂ. എന്നാൽ അർദ്ധരാത്രിയിൽ ഇവിടെ വൈദ്യുത ദീപങ്ങൾ മിന്നാമിനുങ്ങുകളായി മിഴി തുറക്കാറുണ്ട്. വൈദ്യുതി പോസ്റ്റുകളും ഇലക്‌ട്രിസിറ്റി ഓഫീസും ഒന്നും ഇല്ലാത്ത ഈ കാട്ടിനുള്ളിൽ ഇതെങ്ങനെ സംഭവിച്ചു എന്നല്ലേ? അതാണ് പെൺശക്‌തി!

ഇടമലക്കുടി ട്രൈബൽ പഞ്ചായത്തിലെ ആദിവാസി സ്ത്രീകൾ തല ചുമടായി കൊണ്ടുവന്നതാണ് ഈ വെളിച്ചം. സ്ത്രീകളുടെ ഇച്‌ഛാശക്‌തിക്കു മുന്നിൽ കാടും പുഴയും കടന്നു ചെന്ന സൗരോർജ്ജ വിളക്കുകളുടെ ഊർജ്‌ജമാണ് ഇപ്പോൾ രാത്രിയിൽ ഈ ഗ്രാമത്തിന് വെളിച്ചം പകരുന്നത്.

പുറം ലോകവുമായി എല്ലാ രീതിയിലും ബന്ധം ഇല്ലാത്ത ട്രൈബൽ പഞ്ചായത്താണ് ഇടമലക്കുടി. ഇവിടെ മൊത്തം 3000 അംഗങ്ങളോളം വരുന്ന 240 കുടുംബങ്ങൾ സാധാരണ ജീവിത സാഹചര്യങ്ങൾ പോലും ഇല്ലാതെയാണ് ജീവിച്ചു കൊണ്ടിരുന്നത്. 28 സെറ്റിൽമെന്‍റുകളിലായാണ് ഇവർ പാർക്കുന്നത്.

നൂറോളം സോളാർ പാനലുകൾ തലച്ചുമടായി ചുമന്നാണ് 60 സ്ത്രീകളുടെ കൂട്ടായ്മ കാട്ടിലേക്ക് എത്തിച്ചത്. 20 കിലോമീറ്ററുകളോളം കാട്ടിലൂടെ അവർ നടന്നു. കാട്ടാനക്കൂട്ടങ്ങളുടെ കടന്നു വരവ് ഏതു സമയവും പ്രതീക്ഷിക്കാവുന്ന കാട്ടു പാതയിലൂടെയാണ് സ്ത്രീകളുടെ സാഹസികയാത്ര.

സൊസൈറ്റിക്കുടി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ ട്രൈബൽ കോളനിയിലേക്ക് സോളാർ പാനൽ ചുമന്നു കൊണ്ടു പോകാൻ ഇവരുടെ കുടുംബശ്രീ കൂട്ടായ്മ തീരുമാനിക്കുകയായിരുന്നു. സോളാർ വൈദ്യുതിക്ക് പഞ്ചായത്ത് അനുമതി നൽകിയതോടെ ഓരോ പാനലുകളായി ചുമന്ന് എത്തിക്കാൻ തയ്യാറായത് പെൺകൂട്ടമാണ്. ചുമറ്റുകൂട്ടം എന്ന പേരിൽ ആദിവാസി സ്ത്രീകൾ രൂപീകരിച്ച ചുമറ്റിറക്ക് തൊഴിലാളി സംഘം, അതുവരെ ഈ രംഗത്ത് അവിടെ നിലനിന്ന പുരുഷമേൽക്കോയ്മ മനോഹരമായി വെല്ലുവിളിക്കുകയും ചെയ്‌തു.

കേരളത്തിന്‍റെ ആദ്യത്തെ ആദിവാസി പഞ്ചായത്ത് കൂടിയാണ് ഇടുക്കി ജില്ലയിലെ ഇടമലക്കുടി. മൂന്നാറിൽ നിന്ന് 40 കിലോമീറ്റർ അകലത്തിലാണ് ഈ പ്രദേശം. മുതുവൻ എന്ന ആദിവാസി വിഭാഗമാണ് ഇവിടത്തെ താമസക്കാർ.

“ഒരു പകൽ എടുത്താണ് ഞങ്ങൾ അത് ചുമന്നെത്തിച്ചത്.” കുടുംബശ്രീ യൂണിറ്റിന്‍റെ ചെയർപേഴ്സൺ കൂടിയായ രമണി പറയുന്നു. രണ്ടു പാനലിൽ കൂടുതൽ ഒരാൾക്ക് എടുത്ത് തലച്ചുമടായി കാടും മലയും കടന്നു പോവുക എളുപ്പമായിരുന്നില്ല. കരുത്തുള്ളവർ രണ്ട് എണ്ണം ഒരുമിച്ച് ചുമന്നു. മറ്റുള്ളവർ ഓരോന്നും. ഒരു പാനൽ ചുമന്നതിന് ഞങ്ങൾക്ക് 85 രൂപയാണ് കൂലി കിട്ടിയത്. പക്ഷേ ഇക്കാര്യത്തിൽ ഞങ്ങൾ കൂലി നോക്കിയല്ല പണിതത്.”

സോളാർ പാനലുകൾ സ്ഥാപിച്ചതോടെ രാത്രിയിൽ ഊരിൽ വെളിച്ചമുണ്ട്. ആന ശല്യം കുറഞ്ഞു. ഇപ്പോൾ ടെലിവിഷൻ വേണമെങ്കിലും ഈ ഊർജ്‌ജത്തിൽ പ്രവർത്തിപ്പിക്കാൻ കഴിയും. ഊരിനു വെളിച്ചം പകർന്ന ഇത്തരം സംഭവങ്ങൾ ഈ സ്ത്രീ ശക്‌തിക്കു ഇനിയും പറയാനുണ്ട്.

കാട്ടിൽ കൃഷി അനുവദിക്കുന്ന സ്‌ഥലങ്ങളിൽ കൂട്ടുകൃഷിയും, ജൈവകൃഷിയും നടത്തുന്നുണ്ട്. ഇവർ ഒരു മരം പോലും നഷ്‌ടപ്പെടാത്ത രീതിയിലാണ് കൃഷി ചെയ്യുന്നത്.

കാട്ടിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം ഉള്ളതിനാൽ കൃഷിയിടത്തിലേക്ക് ഇവ പാഞ്ഞെത്തുന്നത് എപ്പോഴാണെന്ന് അറിയില്ല. അതിനെയെല്ലാം മറികടന്നാണ് ഇവരുടെ കൃഷി. റാഗി, നെല്ല്, കപ്പ, വാഴ ഇതൊക്കെയാണ് കൃഷി ചെയ്യുന്നത്. ഭക്ഷ്യവസ്‌തുക്കളാണ് കൂടുതലായും കൃഷി ചെയ്യുന്നത്. ഭക്ഷണത്തിനു വേണ്ടത് ഉൽപാദിപ്പിക്കാമല്ലോ. എന്നാൽ കാട്ടുമൃഗങ്ങൾ 50 ശതമാനവും തിന്നു തീർക്കും. കൂടുതൽ വിളവെടുത്താൽ തന്നെ ഇത് പുറത്തേക്ക് കൊണ്ടു പോയി വിൽക്കാനൊന്നും നിവൃത്തിയില്ല. കാട്ടിലൂടെ 20 കിലോമീറ്റർ നടന്നു ചെന്നാലെ വനത്തിനു വെളിയിലെ ലോക്കൽ മാർക്കറ്റിലെത്തൂ.

ഇടമലക്കുടിയിൽ ഇപ്പോഴും ഉള്ള പ്രധാനപ്രശ്നം യാത്രാമാർഗ്ഗം ഇല്ലാത്തതു തന്നെയാണ്. ഊരിൽ ആർക്കെങ്കിലും അസുഖം വന്നാൽ ഉടനെയൊന്നും ആശുപത്രിയിൽ കൊണ്ടുപോകാൻ കഴിയില്ല. മുളന്തണ്ടിൽ കെട്ടിച്ചുമന്നു കൊണ്ടുപോകണം. കിലോമീറ്ററുകളോളം ദുർഘടമായ കാട്ടുപാതയിലൂടെ ഇങ്ങനെ കൊണ്ടുപോകാനും പ്രയാസമാണ്. ആദിവാസി ഊരുകളിൽ മൃതപ്രായരായി നിരവധി പേരുണ്ട് ഇപ്പോൾ. എന്നാൽ ഇവർക്ക് അങ്ങനെ കഴിയാനാണ് വിധി.

കുത്തനെയുള്ള കാട്ടുവഴികളും ചോലകൾക്കു കുറുകെയുള്ള ഈറ്റകൾ കെട്ടിയൊതുക്കി ഉണ്ടാക്കിയ തൂക്കുപാലങ്ങളും കടന്നെത്തുക നിസ്സാര കാര്യമല്ല. ഇവിടെ തെരഞ്ഞെടുപ്പ് നടന്ന സമയത്ത് 50 വയസ്സിന് മുകളിലുള്ളവരെയും സ്ത്രീകളെയും ഡ്യൂട്ടിയ്ക്ക് നിയോഗിച്ചില്ല.! ഏക ട്രൈബൽ പഞ്ചായത്ത് എന്ന പദവി ഉണ്ടെങ്കിലും പഞ്ചായത്തിന്‍റെ ആസ്ഥാനം ദേവികുളത്താണ്. അതായത് 50 കിലോമീറ്ററുകൾക്കപ്പുറം. ഇവിടത്തെ ആദ്യ വനിതാട്രൈബൽ പഞ്ചായത്ത് പ്രസിഡന്‍റിന് വല്ലപ്പോഴുമൊക്കെ മാത്രമേ ഒഫീസിൽ വരാൻ പറ്റുള്ളൂ.

കുടിയിൽ സോളാർ വെളിച്ചം എത്തിയെങ്കിലും ഗോത്രവർഗ്ഗ ആചാരങ്ങളുടെ പേരിൽ സ്ത്രീകൾക്കുള്ള കഷ്ടപ്പാട് തുടരുകയാണ്. ആർത്തവ കാലത്ത് കാട്ടിലെ ഒറ്റപ്പെട്ട വാലായ്മ പുരയിൽ കഴിയാനുള്ള മടി കൊണ്ട് ആർത്തവം വൈകാനുള്ള ഗുളിക കഴിക്കുന്ന സ്ത്രീകളുണ്ട് ഇവിടെ. തമിഴ്നാട്ടിൽ നിന്നെങ്ങോ ആണ് ചില മരുന്നു കമ്പനികൾ മരുന്ന് എത്തിച്ച് കൊടുക്കുന്നത്!

ആചാരങ്ങൾക്കും കുടുംബ മൂല്യങ്ങൾക്കും വളരെയേറെ പ്രാധാന്യം നൽകുന്ന ഈ ആദിവാസി ഊരിൽ നരബലി നടത്തുന്നുവെന്ന കുപ്രചരണം ഉണ്ടായത് ഇവരെ ഏറെ വിഷമിപ്പിച്ചിരിക്കുകയാണ്.

സാക്ഷി മലിക്

റിയോ ഒളിമ്പിക്സിൽ ഭാരതത്തിന്‍റെ അഭിമാനം കാത്തത് ഈ ഗുസ്തിക്കാരിയാണ്. 23 കാരിയായ സാക്ഷി മലിക്. 58 കിലോഗ്രാം വിഭാഗം ഫ്രീസ്റ്റൈൽ റെസ്‍ലിംഗിൽ വെങ്കലം നേടി നാടിന് ആദ്യത്തെ മെഡൽ സമ്മാനിക്കാൻ കഴിഞ്ഞത്. സാക്ഷിയുടെ ധൈര്യവും ആത്മവിശ്വാസവും കൊണ്ടാണ്. ഒളിമ്പിക്സിന്‍റെ ചരിത്രത്തിൽ ബാഡ്മിന്‍റൻ താരം പി.വി. സിന്ധുവിനൊപ്പം മെഡൽ നേടിയ നാലു ഭാരതീയ സ്ത്രീകളിൽ ഒരാളായി സാക്ഷി. സാക്ഷിയുടെ റോഹ്തകിലെ വസതിയിൽ വച്ച് കണ്ടപ്പോൾ…

ഗുസ്തിയിൽ പരീക്ഷിക്കാൻ ആരാണ് പ്രചോദനം?

എന്‍റെ മുത്തച്ഛൻ ചൗധരി ബധുറാം ആണ് എന്‍റെ പ്രചോദനം. അദ്ദേഹം ഒരു ഗുസ്തിക്കാരനായിരുന്നു.

ഗുസ്തിക്കാരിയാക്കാനുള്ള ആഗ്രഹത്തെ വീട്ടുകാർ എങ്ങനെയാണ് പിന്തുണച്ചത്?

ഗുസ്തി പുരഷന്മാരുടെ കളിയാണെന്ന ധാരണയാണല്ലോ പൊതുവേ ഉള്ളത്. അതിനാൽ പെൺകുട്ടികൾ താൽപര്യം കാണിക്കാത്ത കായിക ഇനമാണ് ഹരിയാനയിൽ 2002 മുതലാണ് പെൺകുട്ടികൾക്ക് ഈ രംഗത്ത് വരാൻ അനുവാദം കിട്ടിയതു പോലും. ഞാൻ ഗുസ്തി ചെയ്യുന്നതിൽ നാട്ടുകാർക്ക് വലിയ താൽപര്യമൊന്നുമില്ലായിരുന്നു. എന്നാൽ എന്‍റെ  തീരുമാനത്തെ എന്‍റെ അച്ഛനും അമ്മയും പിന്തുണച്ചു. അമ്മയ്ക്കു കുറച്ച് പേടിയുണ്ടായിരുന്നു. എന്‍റെ  മുഖം പോകുമോ എന്നും. ചില വീട്ടുകാരുടെ അനിഷ്ടത്തെ കുറിച്ചും.

ഗുസ്തിയെ ഗൗരവത്തോടെ കാണാൻ തുടങ്ങിയത്?

12 വയസ്സു മുതൽ അക്കാറയിലെ ചോട്ടു റാം സ്റ്റേഡിയത്തിൽ ആണ് പഠിച്ചു തുടങ്ങിയത്. 12 തവണ ഭാരതകേസരി പുരസ്കാരം നേടിയിട്ടുള്ള ഈശ്വർ സിംഗ് ഒഹിയ ആയിരുന്നു കോച്ച്. ഏതാനും മാസങ്ങൾക്കു ശേഷം അദ്ദേഹം എന്നെ ആൺകുട്ടികളുമായി മത്സരിക്കാൻ തുടങ്ങി. മറ്റു പെൺകുട്ടികളെക്കാൾ വളരെ ശക്‌തിശാലി ആയിരുന്നു ഞാൻ. ആൺകുട്ടികളെ പോലും സ്ട്രഗിൾ ചെയ്യിക്കാൻ എനിക്ക് അന്ന് കഴിഞ്ഞു. 2009 വരെ അദ്ദേഹം ആയിരുന്നു എന്‍റെ  കോച്ച്. പിന്നീട് മന്ദീപ് എന്‍റെ  പരിശീലകനായി. അദ്ദേഹം ഇപ്പോഴും തുടരുന്നു.

പരിശീലന രീതികൾ…

ദിവസവും രാവിലെയും വൈകിട്ടുമായി 6 മണിക്കൂർ പരിശീലിക്കാറുണ്ട്. കായിക ക്ഷമതാ പരിശീലനവും, പ്രാക്ടീസിംഗും ചേർന്നതാണ് പരിശീലനം. 500 സിറ്റ് അപ്പ് ദിവസവും എടുക്കും. അത്രയും കഠിനമായ ശാരീരികാധ്വാനം ഉള്ളതിനാൽ അതിനു യോജിച്ച ഭക്ഷണം കഴിക്കും.

ഒളിമ്പിക്സിന് എങ്ങനെയാണ് പരിശീലനം നടത്തിയത്?

റിയോ ഒളിമ്പിക്സിന് ഒന്നര വർഷം മുമ്പ് ഞാൻ എന്‍റെ പ്രാക്ടീസ് ആരംഭിച്ചു. അത്രയും കർശനമായ പരിശീലനം ആയിരുന്നു. നാട്ടിലെ പരിശീലനത്തിനു പുറമെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക ഗുസ്തി പരിശീലനവും ലഭിച്ചു. സ്പെയിനിലെ മാഡ്രിസിലും ബൾഗേറിയയിലെ സോഫിയയിലും രണ്ടു മാസത്തോളം പരിശീലനം നടത്തി. എതിരാളിക്കെതിരെ നടത്തേണ്ട തന്ത്രപരമായ നീക്കങ്ങളെ കുറിച്ച് മനസ്സിലാക്കാൻ ഈ പരിശീലനം സഹായിച്ചു.

റിയോ ഒളിമ്പിക്സിലേക്ക് എങ്ങനെ ക്വാളിഫൈ ചെയ്‌തു?

ഗുസ്തിയിൽ 58 കിലോഗ്രാം വിഭാഗം പുതിയതായി കൊണ്ടു വന്നതായിരുന്നു. റിയോ ഒളിമ്പിക്‌സിൽ ആ കാറ്റഗറിയിൽ മത്സരിക്കാൻ യഥാർത്ഥത്തിൽ ഞാനായിരുന്നില്ല ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. ഫ്രീ സ്റ്റൈൽ റസ്‍ലിംഗ് വിഭാഗത്തിൽ ഗീത ഫൊഗാട്ട് ആയിരുന്നു ആദ്യത്തെ ചോയിസ്. ഏപ്രിലിൽ നടന്ന ഒളിമ്പിക് ക്വാളിഫിക്കേഷൻ ടൂർണമെൻറിൽ പരിക്കിനെ തുടർന്ന് ഗീത പങ്കെടുക്കാതെ വിട്ടു നിന്നു. 2015 ഡിസംബറിൽ നടന്ന പ്രൊ റസ്‍ലിംഗ് മത്സരത്തിൽ എനിക്ക് ഗീതയെ തോൽപിക്കാനായി. ഇതേ തുടർന്ന് ഇസ്താംബൂളിൽ നടന്ന സെക്കന്‍റ്, ഫൈനൽ ഒളിമ്പിക് ഗെയിം ക്വാളിഫിക്കേഷൻ മത്സരങ്ങളിൽ ഞാൻ പങ്കെടുത്തു ക്വാളിഫൈ ചെയ്‌തു. റിയോ ഒളിമ്പിക്സിൽ ചൈനയുടെ ലാൻ ഷാങ്ങിനെയാണ് ഞാൻ പരാജയപ്പെടുത്തിയത്.

റിയോ ഒളിമ്പിക്സിന് മുമ്പ് നേടിയിട്ടുള്ള അന്താരാഷ്ട്ര നേട്ടങ്ങൾ

2010 ൽ ജൂനിയർ വേൾഡ് ചാമ്പ്യൻഷിപ്പിൽ ഞാൻ വെങ്കല മെഡൽ നേടിയിരുന്നു. 2013 ൽ കോമൺവെൽത്ത് ഗെയിംസിൽ 63 കിലോ വിഭാഗത്തിലും മെഡൽ നേടി. 2014 ൽ 58 കിലോ വിഭാഗത്തിൽ ഗ്ലാസ് ഗോ കോമൺവെൽത്ത് ഗെയിംസിലും 2015ൽ ദോഹയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലും വിജയിച്ചു. 2016 ൽ ഇസ്താംബൂളിൽ നടന്ന മത്സരത്തിൽ സിൽവർ നേടിയാണ് റിയോ ഒളിമ്പിക്സിന് ക്വാളിഫൈ ചെയ്തത്.

റിയോ ഒളിമ്പിക്സിലെ ഭാരതത്തിന്‍റെ ആദ്യത്തെ മെഡൽ സാക്ഷിയ്ക്ക് സ്വന്തമായ നിമിഷങ്ങളെ കുറിച്ച് പറയാമോ?

റഷ്യയുടെ ഗുസ്തിതാരം വലേറിയ കൊബ്ലേവയെയാണ് ഞാൻ നേരിട്ടത്. ആ മത്സരത്തിൽ ഞാൻ പരാജയപ്പെട്ടു. തുടക്കത്തിൽ എന്‍റെ മംഗോളിയൻ എതിരാളി ഒർക്കോൺ പർവ് ഡ്രോജിനെ, പരാജയപ്പെടുത്തി ഒരു മണിക്കൂർ ശേഷം കിർഗിസ്ഥാന്‍റെ താരത്തെ നേരിട്ടു. ആ സമയത്ത് ഞാൻ കുറച്ച് നെർവസ് ആയിരുന്നു. എങ്കിലും ഒന്നു മിനിറ്റിൽ ഞാൻ ലീഡ് നേടി. അടുത്ത ഗ്യാപ്പിൽ എതിരാളിയുടെ മാന്ത്രിപ്പൂട്ടിനെ തുറന്ന് പുറത്തു കടക്കാനുള്ള മാർഗ്ഗം കോച്ച് കുൽദീപ് മലിക് സർ ചുരുങ്ങിയ നേരം കൊണ്ട് ഉപദേശിച്ചു തന്നു. അതനുസരിച്ച് ഞാൻ എതിരാളിയെ പരാജയപ്പെടുത്തി. ഇതിനിടയിൽ എതിരാളി താരം സ്റ്റേജിൽ പ്രതിഷേധിക്കുകയൊക്കെ ചെയ്‌തുവെങ്കിലും, എന്നെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. 0-5, 2-5, 4-5, 7-5, 8-5 ഇങ്ങനെയായിരുന്നു വിന്നിംഗ് സ്കോർ.

മെഡൽ കിട്ടി എന്നുറപ്പായ നിമിഷത്തെക്കുറിച്ച്?

“ഹൊ… ഞാൻ ത്രില്ലടിച്ചു പോയി. ഞാൻ എന്‍റെ  കോച്ചിന്‍റെ അടുത്തേക്ക് ഓടി അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. എന്നെ തോളിലേറ്റിയാണ് എന്‍റെ കോച്ച് ആഹ്ലാദം പങ്കുവച്ചത്.

ഒന്നാന്തരം ഗുസ്തിതാരമാകാൻ എന്തു ഗുണങ്ങളാണ് വേണ്ടത്?

ശക്‌തിയും തന്ത്രപരമായ നീക്കവുമാണ് ഗുസ്തിയിൽ വിജയം നൽകുന്നത്. എന്നാൽ അതോടൊപ്പം തന്നെ വളരെ താൽപര്യം വേണം.കൃത്യമായ ഡയറ്റും വിശ്രമവും അനിവാര്യമാണ്.

കൂടുതൽ പേർ ഈ രംഗത്തേക്ക് വരാൻ എന്താണ് ചെയ്യേണ്ടത്?

ഗ്രാസ് റൂട്ട് ലെവലിൽ ഗുസ്തി പ്രോത്സാഹിപ്പിക്കുകയാണ് ഇതിന് ആവശ്യം. റസിഡൻഷ്യൽ അക്കാദമികളിൽ ചേർന്ന് പഠിച്ചാൽ തീർച്ചയായും ഗുണം ഉണ്ടാകും. താമസം, പരിശീലനം, ഭക്ഷണം, മാനസികാരോഗ്യം എന്നീ കാര്യങ്ങൾ ഒരു കോച്ചിന് നൽകാൻ കഴിഞ്ഞാൽ നല്ല താരങ്ങൾ ഇനിയും ഉണ്ടാകും.

പെൺകുട്ടികൾക്കുള്ള സന്ദേശമെന്താണ്?

ഒരു രംഗത്തും ആൺകുട്ടികളെക്കാൾ പിന്നിലല്ല പെൺകുട്ടികളെന്ന് രാജ്യം മനസ്സിലാക്കണം. അവസരങ്ങളും, പ്രോത്സാഹനവും ഉണ്ടായാൽ പെൺകുട്ടികൾ എന്തും നേടും? അതിനാൽ അവരെ പ്രോത്സാഹിപ്പിക്കൂ, ഉയരങ്ങളിലെത്തിക്കോളും.

ചർമ്മ സൗന്ദര്യത്തിന് 5 ഭക്ഷ്യവസ്തുക്കൾ

ചർമ്മ സൗന്ദര്യം നിലനിർത്താനും ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും പലരും ക്രീമുകളും മറ്റ് കോസ്മെറ്റിക്കുകളും ആശ്രയിക്കാറാണ് പതിവ്. ഇത്തരം പ്രകൃത്തിദത്തമല്ലാത്ത ഉൽപ്പന്നങ്ങൾ പലപ്പോഴും ഗുണത്തേക്കാൾ ഏറെ ദോഷമാണുണ്ടാക്കുക. ചർമ്മത്തിന്‍റെ സ്വാഭാവിക സൗന്ദര്യം കാത്തു സൂക്ഷിക്കാൻ പ്രകൃതിയെ ആശ്രയിക്കാം. വീട്ടിൽ തന്നെ ലഭ്യമായ ഭക്ഷ്യവസ്‌തുക്കൾ ഉപയോഗിച്ച് സുന്ദരചർമ്മം കരസ്‌ഥമാക്കാം.

തവിട് കളയാത്ത അരി

തവിട് കളയാത്ത തവിട്ട് നിറത്തിലുള്ള അരികൾക്കുള്ളിൽ സെറാമൈഡ്സ് എന്നറിയപ്പെടുന്ന മോളിക്ക്യൂളുകൾ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്‍റെ തിളക്കവും ഇലാസ്തികതയും നഷ്‌ടപ്പെടുത്താതെ തൊലി പുറമേ ലെയറുകളുമായി യോജിച്ചാണ് ഈ മോളിക്ക്യൂളുകൾ പ്രവർത്തിക്കുന്നത്.

തക്കാളി

വളരെ കൂടിയ അളവിൽ ഓക്സിഡന്‍റുകൾ അടങ്ങിയ തക്കാളിക്ക് ചർമ്മത്തിന്‍റെ തിളക്കം കൂട്ടാൻ സാധിക്കും. തക്കാളി പച്ചയ്ക്ക് കഴിക്കുകയോ സാലഡിന്‍റെ കൂടെ ചേർക്കുകയോ ചെയ്യാം. വിപണിയിൽ ഗുണമേന്മയുള്ള തക്കാളി സോസുകളും, ജ്യൂസുകളും ലഭ്യമാണ്. വില കൂടിയ ക്രീമുകൾക്ക് പകരമായി തക്കാളി അരച്ചിട്ട് ഫെയ്സ്പാക്കുപോലെ

ഉപയോഗിക്കാം.

ഗ്രീൻ ടീ

ഗ്രീൻ ടീ ശരീരത്തിലെ ഒട്ടേറെ പ്രവർത്തനങ്ങളെ നോർമലാക്കി നിർത്തുന്നതിന് സഹായിക്കും. പ്രായമാകുമ്പോൾ വർദ്ധിക്കുന്ന ഡീഹൈഡ്രോ ടെസ്റ്റിസ്റ്റെറോണിന്‍റെ അളവ് കൂടാതെ ചർമ്മത്തിന്‍റെ യുവത്വം കാത്തു സൂക്ഷിക്കാൻ ഗ്രീൻ ടീ നല്ലതാണ്. കണ്ണിനു കീഴെയുള്ള കറുത്ത പാടുകളിലോ കരുവാളിപ്പ് പടർന്നിട്ടുള്ള മറ്റു സ്‌ഥലങ്ങളിലോ മുപ്പത് മിനിറ്റ് ഫ്രിഡ്ജിൽ സൂക്ഷിച്ച ചെറിയ ഗ്രീൻ ടീ ബാഗുകൾ മുകളിൽ വയ്‌ക്കുക. പല ദിവസങ്ങളിലും ഇത് ആവർത്തിക്കുക. കറുത്തപാടുകൾ മാറും.

ബ്ലൂബെറീസ്

ബ്ലൂബെറീസ് ഓക്സിഡന്‍റുകളുടെ കലവറയാണ്. ചർമ്മത്തിലെ ചുളിവലവുകൾ ഇല്ലാതിരിക്കുവാൻ ബ്ലൂബെറീസ് സഹായിക്കും. ഇലാസ്തിവകത നഷ്ടപ്പെടാതിരിക്കാനും ചർമ്മത്തിന്‍റെ മിനുസം അതേപോലെ നിലനിൽക്കാനും ബ്ലൂബെറീസ് സഹായകമാണ്. സ്ട്രോബെറിയും ഇതേ ഗണത്തിൽപെടുന്നവയാണ്. നമ്മുടെ നാട്ടിൽ ലഭിക്കുന്ന ഞാവൽപ്പഴം ഇതേ വിഭാഗത്തിൽ ധാരാളം ഓക്സിഡന്‍റുകൾ അടങ്ങിയ ഒന്നാണ്.

തേങ്ങ

തേങ്ങയിൽ നിന്ന് ലഭിക്കുന്ന വിവിധ ഘടകങ്ങൾ ചർമ്മത്തിന്‍റെ സൗന്ദര്യം നിലനിർത്താൻ സഹായിക്കും. തേങ്ങാപ്പാലോ, കരിക്കിൻ വെള്ളമോ ഉപയോഗിച്ച് ഫേഷ്യൽ ചെയ്യാവുന്നതാണ്. വിറ്റാമിൻ എ യും, വിറ്റാമിൻ കെ യും അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിന്‍റെ പ്രവർത്തനങ്ങളെ സഹായിക്കാൻ വെളിച്ചെണ്ണയ്ക്ക് കഴിയും. വെളിച്ചെണ്ണ ഉപയോഗിച്ച് തലമുടിയിഴകൾക്കിടയിലൂടെ മസാജ് ചെയ്യുന്നത് മുടിവേരുകൾക്ക് ഉറപ്പ് നൽകും.

ഒഴിവാക്കേണ്ടത്

പാലുൽപ്പന്നങ്ങൾ, വറുത്തു പൊരിച്ച പലഹാരങ്ങൾ, മൈദ പോലുള്ള പശിമയുള്ള പദാർത്ഥങ്ങൾ കൊണ്ട് തയ്യാറാക്കിയ ബേക്കറി സാധനങ്ങൾ, പഞ്ചസാര, ഫുഡ് കളറുകളും, പ്രിസർവേറ്റീവ്സും അടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകൾ, അസിഡിക്ക് ആയിട്ടുള്ള സോഡാ ഉൽപ്പന്നങ്ങൾ നിങ്ങളുടെ ചർമ്മത്തിന് നല്ലതല്ല. തിളക്കവും, മിനുസവും സ്വഭാവികമായ സൗന്ദര്യവും ചർമ്മത്തിന് വേണമെന്ന് ആഗ്രഹമുള്ളവർ ഇതൊക്കെ ഒഴിവാക്കുന്നതാണ് നല്ലത്.

പാഷൻ ഫ്രൂട്ട് ഒരു പാഷനാക്കാം

തെക്കേ അമേരിക്കയിൽ ഉത്ഭവിച്ച് ലോകം മുഴുവൻ ഒരു വള്ളി പോലെ പടർന്നു കയറിയ കഥയാണ് പഴവർഗ്ഗത്തിലെ തിമിംഗലം എന്നു വിളിക്കാവുന്ന പാഷൻ ഫ്രൂട്ടിനുള്ളത്. നിരവധി പോഷക ഘടകങ്ങളാൽ സമ്പന്നമായ പാഷൻ ഫ്രൂട്ടിന്‍റെ ഗുണങ്ങൾ എത്ര പറഞ്ഞാലും തീരില്ല. നമ്മുടെ നാട്ടിൽ സുലഭമായ പാഷൻ ഫൂട്ട് ബോഞ്ചിക്ക, വള്ളി നാരങ്ങ, മുസ്സോളിങ്ങ, സർബത്തും കായ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഉഷ്ണമിതോഷ്ണ മേഖലകളിലാണ് ഇത് സാധാരണയായി വളരുന്നത്. കേരളത്തിലും ഇന്ത്യയുടെ വടക്കുക്കിഴക്കൻ സംസ്ഥാനങ്ങളിലും ഇടവിളയായും വാണിജ്യ അടിസ്‌ഥാനത്തിലും പാഷൻ ഫ്രൂട്ട് വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. പഴത്തിലും തൊണ്ടിലും കുരുവിലും നിത്യയൗവനത്തിന്‍റേയും രോഗപ്രതിരോധത്തിന്‍റേയും അമൂല്യ ഘടകങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന പാഷൻ ഫ്രൂട്ടിനെക്കുറിച്ച് കൂടുതലറിയാം.

ഔഷധ ഗുണങ്ങൾ

പുരാതനകാലം മുതൽ ഉറക്കമില്ലായ്മക്കും മനസംഘർഷത്തിനും ഔഷധമായി പാഷൻ ഫ്രൂട്ട് ജ്യൂസ് ഉപയോഗിച്ചു വരുന്നു. വിറ്റാമിനുകളാലും, മിനറലുകളാലും ആന്‍റി ഓക്‌സിഡന്‍റുകളാലും നിറഞ്ഞ പാഷൻ ഫ്രൂട്ടിൽ ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കോപ്പർഫൈബർ, പ്രൊട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു.

  • രക്‌തസമ്മർദ്ദം, ആസ്തമ എന്നിവയ്ക്ക് പരിഹാരമാണ് പാഷൻ ഫ്രൂട്ട്. ദിവസവും പാഷൻ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ സഹായിക്കും.
  • ദഹനത്തിന് പാഷൻ ഫ്രൂട്ട് ഉത്തമമാണ്.
  • വിറ്റാമിൻ എ യുടെ സ്രോതസ്സായ പാഷൻ ഫ്രൂട്ട് കാഴ്ച ശക്‌തി വർദ്ധിപ്പിക്കാൻ സഹായിക്കും.
  • പൊട്ടാസ്യം പാഷൻ ഫ്രൂട്ടിൽ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഹൃദയാരോഗ്യത്തിന് ഉത്തമമാണ്.
  • വിറ്റാമിൻ സിയുടെ സാന്നിദ്ധ്യമുള്ളതിനാൽ പനി, ജലദോഷം എന്നിവയെ ചെറുക്കും.
  • ആസ്തമ, മൈഗ്രേൻ എന്നിവയുടെ ചികിത്സയ്ക്കും പാഷൻ ഫ്രൂട്ട് ഫലപ്രദമാണ്.
  • പാഷൻ ഫ്രൂട്ടിന്‍റെ ഇലകളിട്ടു വെള്ളം തിളപ്പിച്ചു കുടിച്ചാൽ പ്രമേഹം നിയന്ത്രിക്കാം.
  • ക്ഷീണവും തളർച്ചയും മാറാനും രക്‌തത്തിലെ കൗണ്ട് വർദ്ധിപ്പിക്കുവാനും പാഷൻ ഫ്രൂട്ട് സഹായിക്കും.

ഡെങ്കി പോലുള്ള പനികൾ വ്യാപകമായപ്പോഴാണ് എല്ലാവരും പാഷൻഫ്രൂട്ടിനെ തിരിച്ചറിഞ്ഞു തുടങ്ങിയത്.

വാണിജ്യ ഉൽപന്നങ്ങൾ

പഴച്ചാറുകൾക്ക് മണവും നിറവും നൽകാൻ പാഷൻ ഫ്രൂട്ട് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ജ്യൂസ്, സിറപ്പ്, വൈൻ, സ്ക്വാഷ്, ജെല്ലി എന്നിവയുണ്ടാക്കാം. പാഷൻ ഫ്രൂട്ടിന്‍റെ പുറം തോടു കൊണ്ട് അച്ചാർ തയ്യാറാക്കാറുണ്ട്. മൂക്കുന്നതിനു മുമ്പ് പറിച്ചെടുത്ത് പല പാചകവിധികളിലും പുളിക്ക് പകരം ചേരുവയായും ഉപ്പ്, കാന്താരിമുളക് എന്നിവ ചേർത്ത് ചമ്മന്തിയുണ്ടാക്കാനും പാഷൻ ഫ്രൂട്ട് ഉപയോഗിക്കുന്നു. നിറവും മണവും കൂട്ടാൻ രാസവസ്‌തുക്കളൊന്നും ആവശ്യമില്ലെന്നതാണ് പാഷൻ ഫ്രൂട്ട് ജ്യൂസിന്‍റെ പ്രത്യേകത.

മഞ്ഞയും പർപ്പിളും

അഞ്ഞൂറോളം വ്യത്യസ്‌തയിനം പാഷൻ ഫ്രൂട്ടുകൾ ഇന്ന് ലോകത്തുണ്ട്. കേരളത്തിൽ പൊതുവേ കാണപ്പെടുന്നത് മഞ്ഞയും പർപ്പിളും നിറത്തിലുള്ളവയാണ്. ഈ രണ്ടു നിറത്തിലുള്ള പാഷൻ ഫ്രൂട്ടിനും രുചിയിൽ വ്യത്യാസമുണ്ട്. മഞ്ഞ നിറത്തിലുള്ള പഴത്തിന് പുളിരസമാണ് മേമ്പൊടി. എന്നാൽ നല്ല പോലെ പാകമായ മുന്തിരി പോലുള്ള പർപ്പിൾ പാഷൻ ഫ്രൂട്ടിന് കടും മധുരമാണ്. അതായത് പഞ്ചസാര വേണ്ടന്നർത്ഥം. പച്ച നിറത്തിലുള്ള കായകൾ പഴുക്കുമ്പോഴാണ് നിറം മാറുന്നത്. പർപ്പിൾ നിറത്തിലുള്ള പഴം പാകമായി തൊണ്ട് ചുളിഞ്ഞ് തുടങ്ങിയാൽ കാമ്പ് നല്ല മധുരമായെന്ന് മനസ്സിലാക്കാം.

കൃഷി ചെയ്യുന്ന രീതി

വള്ളികൾ മുറിച്ചു നട്ടും വിത്തുകളു പയോഗിച്ചും വംശ വർദ്ധന നടത്താവുന്നതാണ്. വള്ളി മുറിച്ചു നടുന്ന തൈകളാണ് ആദ്യം കായ്കൾ തരിക. വിത്തുകളുപയോഗിക്കുമ്പോൾ രണ്ടു ദിവസം വെള്ളത്തിൽ കുതിർത്ത് വച്ചിട്ട് പാകണം. ഏഴടി ഉയരത്തിൽ പന്തലിട്ടു പടർത്തുകയോ മരങ്ങളിൽ പടർത്തുകയോ ചെയ്യാം. തൈകൾ നട്ട് ഒരു വർഷത്തിനകം കായ്ച്ചു തുടങ്ങും.

ലോക വിപണിയിൽ പാഷൻ ഫ്രൂട്ടിന് ഡിമാൻഡ് കൂടുകയാണ്. പ്ലാസിഫോറ കുടുംബത്തിൽ നിന്നുള്ള പാഷൻ ഫ്രൂട്ടിൽ നിന്നും വേർതിരിച്ചെടുക്കുന്ന പ്ലാസിഫോറിൻ എന്ന ഘടകത്തിന് ഹൈപ്പർ ടെൻഷനെ നിയന്ത്രിക്കാൻ കഴിയുമെന്നുള്ള പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട്. നേരിട്ടോ, ജ്യൂസായോ, ജെല്ലിയായോ പാഷൻ ഫ്രൂട്ട് സ്‌ഥിരമായി കഴിച്ചുകൊണ്ട് നമ്മുടെ ശരീരത്തിലുണ്ടാകുന്ന അദ്ഭുത കരമായ മാറ്റം സ്വയം തിരിച്ചറിയാം.

പാഷൻ ഫ്രൂട്ട് ചമ്മന്തി

തയ്യാറാക്കുന്ന വിധം

നന്നായി പഴുത്ത് മഞ്ഞനിറമായ പഴം തൊണ്ടോടെ നുറുക്കിയത് – രണ്ട്

കാന്താരിമുളക് – എട്ടെണ്ണം

കറിവേപ്പില – ഒരുപിടി നിറയെ

പാകത്തിന് ഉപ്പ്

ഇവയെല്ലാം കൂടെ മിക്‌സിയുടെ ചെറിയ ജാറിലിട്ട് നന്നായി അരച്ചെടുത്തതിനു ശേഷം ആവശ്യമെങ്കിൽ എക്സ്ട്രാ വിർജിൻ ഒലീവ് ഓയിൽ ഒന്നോ രണ്ടോ ടേബിൾ സ്പൂൺ ചേർക്കാം.

ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

വിവാഹം, പിറന്നാൾ ഇങ്ങനെ പല ആഘോഷവേളകളിലും ചെടികൾ പരസ്പരം സമ്മാനമായി നൽകുന്ന രീതിയാണ് ഇപ്പോഴത്തെ പുത്തൻ ഗിഫ്റ്റ് ട്രെന്‍റ്. പ്രകൃതിയോടിണങ്ങി ജീവിക്കാനുള്ള പ്രേരണ ഈ സമ്മാനത്തിലൂടെ കുറച്ചെങ്കിലും ലഭിക്കുമെന്നതിൽ സംശയമില്ല. എങ്കിലും ചെടികൾ സമ്മാനമായി നൽകാൻ നേരം ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അതു സ്വീകരിക്കുന്ന ആളുടെ സാഹചര്യം, സൗകര്യം ഇതൊക്കെ പരിഗണിക്കുന്നത് നന്നായിരിക്കും.

ഒരു വിവാഹത്തിന് വന്ന അതിഥികൾക്കെല്ലാം വധുവരന്മാർ സമ്മാനമായി നൽകിയത് റോസാച്ചെടിയായിരുന്നു. പക്ഷേ കല്യാണം കഴിഞ്ഞപ്പോൾ ആ പരിസരത്തും റോഡരികിലുമെല്ലാം ധാരാളം റോസാച്ചെടികൾ കൂടെ കൊണ്ടുപോകാൻ നിവൃത്തിയില്ലാതെ അതിഥികളിൽ പലരും ഉപേക്ഷിച്ചു പോയവയായിരുന്നു അത്. അനാഥമായ റോസാച്ചെടികൾ കാണുമ്പോൾ സമ്മാനിച്ചവർക്കു സങ്കടം, കൊണ്ടുപോകാൻ കഴിയാതെ ഉപക്ഷേിച്ചവർക്കും ഉണ്ടാകും വൈക്ലബ്യം.

കുട്ടികൾ ഉള്ള വീട്

കുഞ്ഞുങ്ങളും ഓമന വളർത്തു മൃഗങ്ങളും ഉള്ള വീടുകളിൽ മനോഹരമായ ഇൻഡോർ പ്ലാന്‍റുകൾ സമ്മാനമായി നൽകുമ്പോൾ ഒരൽപം കരുതൽ ആവശ്യമാണ്. ഇൻഡോർ പ്ലാന്‍റുകൾ തെരഞ്ഞെടുക്കുന്ന വേളയിൽ അവ ഏതെങ്കിലും തരത്തിലുള്ള അലർജികൾക്കോ മറ്റോ ഇടയാക്കുമോ എന്ന് ചോദിച്ചറിയണം. ചില ചെടികളുടെ ഇലകൾ കടിക്കുവന്നതും, തൊടുന്നതുമൊക്കെ അലർജി ഉണ്ടാക്കിയേക്കാം.

സ്ഥലപരിമിതി

സമ്മാനമായി ചെടി നൽകുമ്പോൾ അതു വാങ്ങുന്നയാളുടെ വീട്ടിൽ ചെടി വയ്ക്കാനുള്ള സ്‌ഥല സൗകര്യം ഉണ്ടോയെന്ന് മുൻകൂട്ടിയറിഞ്ഞാൽ നന്നായിരിക്കും. ചെടി എത്ര ഉയരം വയ്ക്കുമെന്നാണ് പരിഗണിക്കേണ്ടത്. മുറ്റവും പറമ്പുമുള്ളവർക്ക് എന്തുതരം ചെടി കൊടുത്താലും കുഴപ്പമില്ല. ഫ്ളാറ്റുകളിൽ താമസിക്കുന്നവർക്ക് ഉയരം വയ്‌ക്കുന്ന ചെടികൾ കൊടുത്തിട്ട് കാര്യമില്ല. ഇവിടെ ഇൻഡോർ ചെടികൾ സമ്മാനമായി നൽകുന്നതാണ് ഉത്തമം. ഫിലോഡെൻഡ്രോൺ ഹെഡെറേഷ്യം നല്ലൊരു ഓപ്ഷനാണ്. ചെറിയ വെളിച്ചം മതി ഇതിന് വളരാൻ. ഹാങിംഗ് ബാസ്ക്കറ്റുകളിൽ മനോഹരമായിരിക്കും.

സൂര്യപ്രകാശം

ഇൻഡോർ പ്ലാന്‍റുകൾ ഗിഫ്റ്റ് കൊടുക്കുമ്പോൾ പരിഗണിക്കേണ്ട കാര്യമാണ് അവയ്ക്ക് സൂര്യപ്രകാശം വേണോ വേണ്ടയോ എന്നത്. അരണ്ട വെളിച്ചത്തിൽ വളരുന്ന പ്ലാന്‍റുകൾക്കു പോലും ഇടയ്ക്ക് ചെറിയ അളവിൽ സൂര്യപ്രകാശമേൽക്കേണ്ടത് അത്യാവശ്യമാണ്. ജനാലക്കരികിൽ കൊണ്ടു വച്ച് ദിവസവും വെയിൽ കൊടുക്കേണ്ട സ്‌ഥിതി ഉണ്ടായാൽ അതും ബുദ്ധിമുട്ടാകും. വീടിന്‍റെ അകത്ത് ശരിക്കും ഇണങ്ങുന്ന പ്ലാന്‍റ് മാത്രം തെരഞ്ഞെടുക്കുക.

ആരോഗ്യം, ഹോബി

ലാവണ്ടർ പോലുള്ള ചെടികളുടെ സാന്നിധ്യം മനസ്സിനെ ആശ്വസിപ്പിക്കാൻ കഴിയുന്നതാണ്. വളരെയധികം സ്ട്രെസ് അനുഭവിക്കുന്ന ഒരാൾക്ക് ലവണ്ടർ ചെടി സമ്മാനമായി നൽകാം. റോസ്മേരി പോലുള്ള ഔഷധച്ചെടികൾക്ക് ആരോഗ്യപരമായ ഗുണമുണ്ട്. അതിനു പുറമേ, നല്ലൊരു കുക്കിംഗ് ഇൻഗ്രീഡിയന്‍റ് കൂടിയാണ്. പാചകം ഇഷ്‌ടമുള്ളയാൾക്ക് ഇതുപോലുള്ള ചെടികൾ സമ്മാനമായി നൽകാം.

സുഗന്ധം

സൗന്ദര്യവും സുഗന്ധവും ഒത്തുചേർന്ന ഒരു സമ്മാനം ആർക്കാണ് ഇഷ്‌ടമാവാത്തത്? മുല്ല, ഗാർഡെനിയ, ടീറോസ്, ബിഗോണിയ തുടങ്ങിയവ നല്ല ചോയിസാണ്. ഇവയ്ക്ക് കാണാനും ഭംഗിയുണ്ടെന്നു മാത്രമല്ല മാസ്മരിക സുഗന്ധം കൂടിയുണ്ട്. മിന്‍റിന്‍റെ ഇല ഭക്ഷ്യയോഗ്യമാണ്. ഒപ്പം നല്ല ഗന്ധവും ഉണ്ടാവും.

ജോലിസ്‌ഥലം

ചെടികൾ എവിടെ വച്ചാലും ആ സ്‌ഥലം മനോഹരമായിരിക്കും. പൂച്ചെടികൾ വീട്ടിൽ മാത്രമല്ല വർക്ക് പ്ലെയിസിലും വയ്‌ക്കാം. ഓഫീസുകളിൽ വയ്ക്കാൻ കഴിയുന്ന ചെടികൾ ഭാരം കുറഞ്ഞതായിരിക്കണം. കാക്റ്റി, ബോൻസായ്, അഡെനിയം, ഒബ്സിയം ഇതൊക്കെ നല്ല ചോയിസാണ് സ്പൈറൽ ബാംബുവും അനുയോജ്യമാണ്. അഡെനിയം ഒബ്സിയത്തിന്‍റെ കടും നിറത്തിലുളള പൂക്കൾ ഹൈലൈറ്റാണ്.

മിക്സ് ആന്‍റ് മാച്ച്

പ്ലാന്‍റുകളും, കണ്ടെയ്നറുകളും വേറെ വേറെ വാങ്ങിയും ഗിഫ്റ്റ് ബാസ്ക്കറ്റ് ആക്കാവുന്നതാണ്. പൂച്ചെടികൾ, ഔഷധച്ചെടികൾ ഇവ ഇങ്ങനെ നൽകാൻ ഉത്തമമാണ്. ഇങ്ങനെ മിക്സ് ചെയ്‌തു കൊടുക്കുമ്പോൾ മണ്ണും വെള്ളവും ഒക്കെ ഉപയോഗിക്കുന്നത് അനുപാതത്തിലാവണം.

ലൈഫ് സ്റ്റൈൽ

സമ്മാനം കൊടുക്കുമ്പോൾ തീർച്ചയായും ശ്രദ്ധിക്കണം. വാങ്ങുന്നയാളുടെ ജോലി ത്തിരക്കും ജീവിതശൈലിയും തിരക്ക് ഒരുപാട് ഉള്ള ആളാണെങ്കിൽ ഈസിയായി കൈകാര്യം ചെയ്യാൻ പറ്റുന്ന ചെടികളാണ് നൽകേണ്ടത്. നനയ്ക്കൽ, വളം കൊടുക്കൽ തുടങ്ങിയ കാര്യങ്ങൾ കൂടെക്കൂടെ ചെയ്യേണ്ട ആവശ്യമില്ലാത്ത സ്പൈഡപ് പ്ലാന്‍റ്,പാം, ഫേൺ തുടങ്ങിയവ നല്ല ഓപ്ഷനാണ്.

ഗാർഡനിംഗ്

എക്സോട്ടിക് പ്ലാന്‍റുകൾ കാഴ്ചയ്ക്ക് വളരെ കൗതുകം ജനിപ്പിക്കും. എന്നാൽ ഇവയെ പരിപാലിക്കാൻ അത്ര എളുപ്പമല്ല. ഇത്തരം ചെടികൾ ഗാർഡനിംഗ് ഇഷ്ടമുള്ളവർക്ക് മാത്രമേ നൽകാവൂ. നല്ല പൂന്തോട്ടമുള്ളവർക്ക് ഓർക്കിഡുകൾ സമ്മാനമായി നൽകാം.

പാക്കിംഗ്

ചെടി തെരഞ്ഞെടുക്കുന്നതിലെ ഔചിത്യം അതു ഭംഗിയായി പാക്കിംഗ് ചെയ്യുന്നതിലും പ്രകടിപ്പിക്കാം. വീട്ടിൽ ആണ് കൊടുക്കുന്നതെങ്കിൽ കൂടി ഭംഗിയായി പൊതിയാം. പക്ഷേ ചെടിക്ക് കേടുപറ്റുന്ന വിധം അടച്ചുപൂട്ടി വയ് ക്കാതെ വേണം പൊതിയാൻ. അൽപം പെബിളുകളും കൂടെ വയ്‌ക്കാം.

സംഗീതവും തമാശയും ബിന്നി കൃഷ്ണകുമാർ

ചന്ദ്രമുഖിയിലെ രാരാ… എന്ന ഗാനം ഇറങ്ങിയിട്ട് 12 വർഷങ്ങൾ പിന്നിട്ടു. പക്ഷേ ഇപ്പോഴും ആസ്വാദക ഹൃദയങ്ങളിൽ പുതുമ പടർത്തുന്ന ഗാനമാണത്. ആ ഗാനത്തിന് ജീവൻ നൽകിയ ബിന്നി കൃഷ്ണകുമാർ എന്ന ഗായികയ്ക്ക് ജീവിതവും അങ്ങനെയാണ്. സംഗീതവും തമാശയുമായി ബിന്നിയുടെ ഓരോ നിമിഷവും സന്തോഷത്തിലേക്കുള്ള അന്വേഷണത്തിലാണ്.

ഫുൾടൈം സംഗീതമാണ് ബിന്നിയുടെ പ്രൊഫഷണൽ ജീവിതം. അതിനിടയിൽ ബിന്നി ഏറ്റവും ഇഷ്‌ടപ്പെടുന്ന ഹോബി ഏതെന്ന് ചോദിച്ചാൽ ഒരു നിമിഷം പോലും ആലോചിക്കാതെ ഉത്തരം വരും. തമാശ! തമാശകളെ ഇത്രയേറെ സ്നേഹിക്കുന്ന മറ്റൊരു ഗായിക ഉണ്ടാവില്ല. ബിന്നി കൃഷ്ണകുമാറിനൊപ്പം കുറച്ചു സന്തോഷ നിമിഷങ്ങൾ.

സംഗീതമേ ജീവിതം

എന്‍റെ വീട്ടിൽ ചെറുപ്പം മുതൽ ചേട്ടനും ചേച്ചിയുമൊക്കെ പാടുന്നതു കേട്ടാണ് ഞാൻ വളർന്നത്. എന്‍റെ അച്‌ഛന്‍റെ പേര് കെ.എൻ രാമചന്ദ്രൻ നായർ. അമ്മ ശാന്തമ്മ രണ്ടുപേരും ഹിന്ദി അധ്യാപകരായിരുന്നു. ഞങ്ങൾ അഞ്ചുമക്കളാണ്. ഞാനാണ് ഏറ്റവും ഇളയ ആൾ. രണ്ടു വയസ്സുള്ളപ്പോഴൊക്കെ ഞാൻ നല്ല സംഗതികളോടൊക്കെ പാടുമായിരുന്നു എന്ന് ചേച്ചിമാർ പറയാറുണ്ട്. അന്നൊന്നും അതു റൊക്കോർഡ് ചെയ്‌തു സൂക്ഷിക്കാൻ കഴിയില്ലല്ലോ. അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നുവെങ്കിൽ രണ്ടു വയസ്സുകാരിയുടെ പാട്ട് വലിയ സംഭവമാകുമായിരുന്നു എന്ന് ചേച്ചിമാർ ഇപ്പോഴും പറയും. മൂത്ത ചേച്ചിമാർ മൂന്നുപേരും സംഗീതാധ്യാപികമാരാണ്. ചേട്ടൻ വയലിനിസ്റ്റും. ഏഴു വയസ്സായപ്പോഴാണ് ഞാൻ സംഗീതം ഗുരുമുഖത്തു നിന്ന് പഠിക്കാൻ ആരംഭിച്ചത്.

മത്സരം ഹരം

തൊടുപുഴ സെന്‍റ് സെബാസ്‌റ്റ്യൻ സ്ക്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ സംസ്ഥാനതലത്തിൽ കലാതിലകമായി. ഇടുക്കി ജില്ലയിൽ ലഭിച്ച ആദ്യത്തെ കലാതിലകപട്ടം. അതിനുശേഷം 27 വർഷമായി അവിടെ നിന്നൊരു കലാതിലകം ഉണ്ടായിട്ടില്ലെന്നു തോന്നുന്നു. എവിടെ മത്സരത്തിൽ പങ്കെടുത്താലും സമ്മാനം നേടണമെന്ന വാശിയോടെയാണ് അന്നൊക്കെ രംഗത്തിറങ്ങുക. കഥാപ്രസംഗം, പദ്യപാരായണം, ലളിതഗാനം, ശാസ്ത്രീയ സംഗീതം ഇങ്ങനെ പല വിഭാഗങ്ങളിലും മാറ്റുരയ്ക്കും. അന്നൊക്കെ മത്സരം എനിക്ക് ഹരമായിരുന്നു.

ഒരു കൃഷ്ണപ്രണയഗാഥ

യൂണിവേഴ്സിറ്റി യുവജനോത്സവ വേദികളിൽ ശാസ്ത്രീയ സംഗീതമായിരുന്നു എന്‍റെ ഇഷ്ട ഇനം. അന്നും ഒന്നാ സ്‌ഥാനം എനിക്കു തന്നെ. ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്‌ഥാനം നേടാറുള്ളത് കൃഷ്ണനും (പ്രശസ്ത സംഗീതജ്ഞൻ കൃഷ്ണകുമാർ) അങ്ങനെയാണ് ഞങ്ങൾ പരസ്‌പരം ശ്രദ്ധിക്കാൻ തുടങ്ങിയത്.

ഡിഗ്രി സെക്കന്‍റ് ഇയർ തൊട്ട് മത്സരവേദികളിൽ പോപ്പുലറായി വന്ന രണ്ടുപേർ എന്ന നിലയിലായിരുന്നു ഞങ്ങളുടെ സൗഹൃദത്തിന്‍റെ തുടക്കം. ഞങ്ങളൊന്നു മിണ്ടിയാലോ നേരെ നോക്കിയാലോ പോലും അവർ തമ്മിൽ എന്തോ ഉണ്ടെന്ന മട്ടിൽ പലരും പറയാൻ തുടങ്ങി. സത്യം പറഞ്ഞാൽ ഞങ്ങളും അതാസ്വദിച്ചിരുന്നു.

മൊബൈൽ ഇല്ലാതിരുന്ന സമയത്തായിരുന്നല്ലോ ഞങ്ങളുടെ പ്രണയം. ഞാൻ തിരുവനന്തപുരത്ത് ചേട്ടന്‍റെ കൂടെ നിന്നാണ് എംഎ പഠിച്ചത്. ചേട്ടൻ വയലിനിസ്‌റ്റായതിനാൽ കൃഷ്ണൻ ചേട്ടനെ കച്ചേരിക്കായി വിളിക്കാറുണ്ട്. വീട്ടിലെ ലാന്‍റ് ലൈനിലേക്കാണ് ഫോൺ വരിക. ആ കാലത്ത് ഞങ്ങൾ രണ്ടാളും നെയ്യാറ്റിൻകര മോഹനചന്ദ്രൻ സാറിന്‍റെ വിദ്യാർത്ഥികൾ കൂടിയാണ്. രണ്ടു സമയത്താണ് പഠനമെന്നു മാത്രം. കൃഷ്ണൻ ഫോണിൽ വരുന്ന സമയത്ത് ഞങ്ങൾ ഒരുപാട് സംസാരിക്കും. ക്ലാസ് വിശേഷങ്ങൾ പാട്ടുകൾ ഇങ്ങനെ സമയം പോകുന്നത് അറിയില്ല.

എന്‍റെ പാട്ട് വലിയ ഇഷ്‌ടമാണ് കൃഷ്ണന്. ഞാൻ ഫോണിലൂടെ പാടി കേൾപ്പിക്കും. ഫോൺ സംഭാഷണം നീണ്ടു നീണ്ട് വലിയ ബില്ല് വന്നു. ഞങ്ങളുടെ ടോക്കിനെക്കുറിച്ചൊന്നും അറിയാതെ ചേട്ടൻ ടെലിഫോൺ സർവീസിൽ പരാതി കൊടുത്തു. പിന്നത്തെ കഥ ഊഹിക്കാമല്ലോ. ചേട്ടന് ദേഷ്യം വന്ന് ഫോൺ എടുത്ത് എറിയുക വരെ ചെയ്‌തു.

കല്യാണം കഴിക്കണമെന്നു പറഞ്ഞപ്പോൾ രണ്ടു കുടുംബത്തിലും ചെറിയ എതിർപ്പൊക്കെ ഉണ്ടായിരുന്നു. ഞങ്ങൾക്ക് രണ്ട് മക്കളുണ്ട്. മകൾ ശിവാംഗിയും മകൻ വിനായകനും സംഗീതാഭിരുചിയുള്ളവരാണ്.

30 വർഷങ്ങൾ

ഞാൻ ഡിഗ്രി ഫൈനൽ പഠിക്കുമ്പോൾ തന്നെ ആകാശവാണി ആർട്ടിസ്റ്റായിരുന്നു. 13-ാം വയസ്സു മുതൽ കച്ചേരിയും ചെയ്‌തു തുടങ്ങിയിരുന്നു. ഇത് എന്‍റെയും കൃഷ്ണന്‍റെയും കച്ചേരി ജീവിതത്തിന്‍റെ മുപ്പതാം വർഷമാണ്. ഞങ്ങൾ രണ്ടാളും ഒമ്പതാം ക്ലാസ്സു മുതലാണ് കച്ചേരി തുടങ്ങിയത്. ഒരേപ്രായം കൂടിയാണ് ഞങ്ങൾക്ക്. കല്യാണത്തിനു ശേഷം ഞങ്ങൾ ഒരുമിച്ച് ധാരാളം കച്ചേരികൾ നടത്തിയിട്ടുണ്ട്. ഇപ്പോഴും  തുടരുന്നു. ഓൺലൈൻ സംഗീത ക്ലാസ്സുകൾ എടുക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നായി ഒരുപാട് പേർ ഓൺലൈൻ ക്ലാസിൽ വിദ്യാർത്ഥികളാണ്.

ഗുരു എന്ന ഭാഗ്യം

ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും സന്തോഷവുമാണ്. ഗുരു ബാലമുരളീകൃഷ്ണയുമായുള്ള ആത്മബന്ധം. കൃഷ്ണന്‍റെ അമ്മയുടെ കുടുംബ സുഹൃത്തായിരുന്നു അദ്ദേഹം. അങ്ങനെ ഗുരുവിന്‍റെ പ്രിയപ്പെട്ട ശിഷ്യരാവാൻ ഞങ്ങൾക്ക് ഭാഗ്യം കിട്ടി. മരണത്തിന്‍റെ തലേന്നു വരെ ഞങ്ങൾ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഗുരു അസുഖബാധിതനായ ശേഷം നാലുവർഷത്തോളം അദ്ദേഹത്തോടൊപ്പം കൂടുതൽ സമയം ചെലവിടാൻ കഴിഞ്ഞു. ആ സമയത്തൊക്കെ ഞങ്ങളുടെ കൂടെയാണ് ഗുരു പുറത്തേക്കൊക്കെ പോവുക. വീട്ടിൽ വന്നാൽ പിന്നെ ചീട്ടുകളിയും പാട്ടും ഭക്ഷണവുമൊക്കെയായി ആഹ്ലാദ നിമിഷങ്ങളാണ്. കൃഷ്ണകുമാർ തന്‍റെ ഏഴാമത്തെ മകനാണെന്ന് ഗുരുജി പറയുമായിരുന്നു.

വഴിത്തിരിവായത് രാ…രാ…

എന്‍റെ സംഗീത ജീവിതത്തിൽ വഴിത്തിരിവായതു മണിച്ചിത്രത്താഴിന്‍റെ തമിഴ് വേർഷൻ ചന്ദ്രമുഖി എന്ന ചിത്രത്തിലെ രാ…രാ… എന്ന ഗാനമാണ്. വിദ്യാസാഗർ സംഗീത സംവിധാനം ചെയ്ത പാട്ട്. ഞാൻ എപ്പോഴും പറയും. അത് പാട്ടല്ല, ഒരു പട്ടം ആയിരുന്നു. 12 വർഷം കഴിഞ്ഞു എങ്കിലും ആ പാട്ട് തന്നെയാണ് ഇപ്പോഴും ഹിറ്റ്, എന്‍റെ ആദ്യത്തെ പാട്ട് കൂടിയാണത്. വിദേശ റിയാലിറ്റി ഷോകളിൽ പോലും ഈ ഗാനം ശ്രദ്ധിക്കപ്പെട്ടു. ആഫ്രിക്കൻസൊക്കെ അവരുടെ രീതിയിലുള്ള സ്റ്റൈപ്പ്സ് ഒക്കെ ഇട്ട് ഈ പാട്ടിനൊപ്പം നൃത്തം ചെയ്‌ത വീഡിയോ അയച്ചു തന്നിട്ടുണ്ട്. എനിക്ക് ഫിലിം ഫെയർ അവാർഡ് കിട്ടിയതും ഈ ഗാനത്തിനു തന്നെ. നാലു ഭാഷകളിൽ ഒരാൾക്ക് മാത്രമാണ് അന്ന് ഫിലിം ഫെയർ അവാർഡ് കൊടുത്തിരുന്നത്. കുറേ കഴിഞ്ഞു നടി മീനയുടെ ആദ്യത്തെ സീരിയലിൽ ഒരു പാട്ടുണ്ടായിരുന്നു. ആ പാട്ടിന് മൈലാപ്പൂർ സംഗീത സഭ അവാർഡ് കിട്ടി.

സംഗീത രംഗത്തെ പെർഫോമൻസിന് നിരവധി അവാർഡുകൾ പിന്നീടും കിട്ടിയിട്ടുണ്ട്. മഹാഫൈൻ ആർട്സ് അവാർഡ്, രാമാനുജ അവാർഡ് ഒക്കെ അതിൽപ്പെടുന്നു. കേരള സംഗീത അക്കാദമിയുടെ ഈ വർഷത്തെ ബെസ്‌റ്റ് മ്യുസിഷൻ അവാർഡ് എനിക്കും കൃഷ്ണനും ലഭിച്ചു. ഈ വർഷം തന്നെ മധുരമുരളി, സരസ്വതി അവാർഡുകൾ കൂടി ലഭിച്ചു. അങ്ങനെ പുരസ്കാരങ്ങളുടെ സന്തോഷം എപ്പോഴും കൂടെയുണ്ട്.

മലയാളത്തിൽ എന്താ ഫിലിമിൽ പാടാത്തതെന്ന് പലരും ചോദിക്കാറുണ്ട്. ക്ലാസിക്കൽ സിംഗർ എന്ന പേരുള്ളതുകൊണ്ടാകാം അത്തരം അവസരങ്ങൾ കൂടുതൽ ലഭിക്കാത്തത്. മാത്രമല്ല ഇപ്പോൾ ധാരാളം കുട്ടികൾ പാട്ടുകാരായി വരുന്നുണ്ടല്ലോ. അവർ പാടട്ടെ, കച്ചേരികളും ക്ലാസുകളും ഷോകളുമായി എനിക്ക് തിരക്കാണ്.

എങ്കിലും മലയാളത്തിൽ ഞാൻ അടുത്തയിടെ പാടിയത് എന്നും എപ്പോഴും എന്ന ചിത്രത്തിനു വേണ്ടിയാണ്. മഞ്ജുവാര്യരുടെ നൃത്ത സീനിനു വേണ്ടിയുള്ള പാട്ട്. ജലം എന്ന ചിത്രത്തിനു വേണ്ടിയും പാടിയിരുന്നു. കന്നഡ, തമിഴ്, തെലുങ്ക് സിനിമകൾക്കും പാടുന്നുണ്ട്. സീരിയലുകൾക്കും പാടുന്നുണ്ട്.

ചെന്നൈ ജീവിതം

കഴിഞ്ഞ 18 വർഷമായി ചെന്നൈയിലാണ് ഞാൻ കഴിയുന്നത്. ഇവിടെ ബന്ദും ഹർത്താലുമൊന്നുമില്ല. നാട്ടിലൊക്കെ ഇടയ്ക്കിടെ ഹർത്താൽ എന്നു കേൾക്കുമ്പോൾ അതിശയമാണ്. ജയലളിത ഉണ്ടെങ്കിലും ഇല്ലെങ്കിലും തമിഴ്നാട് അതിന്‍റെ ഒരു രീതിയിൽ ഒഴുകിക്കൊണ്ടിരിക്കും. ഇവിടെ ആരെങ്കിലും ഭരിക്കുന്നുണ്ടോ എന്നുപോലും ചിലപ്പോൾ തോന്നില്ല. ആരു വന്നാലും തമിഴ്നാട് കൂൾ ആയി പോകും. കേരളത്തിലേതുപോലെ സോഷ്യൽ മീഡിയയിലെ ട്രോളുകൾ ഒക്കെ ഇവിടെ കുറവാണ്.

അണിഞ്ഞൊരുങ്ങാൻ ഏറെയിഷ്ടം

കൃഷ്ണൻ ഇടയ്‌ക്ക് എന്നെ കളിയാക്കാറുണ്ട്. എന്തിനാണ് പോണ്ടി ബാസാർ പോകുന്നത്. ഈ വീടു തന്നെ ഒരു പോണ്ടി ബാസാർ ആണല്ലോ എന്ന്! എനിക്ക് അണിഞ്ഞൊരുങ്ങാൻ വലിയ ഇഷ്‌ടമാണ്. ജിമിക്കി എന്ന ആഭരണത്തോട് വല്ലാത്ത ഇഷ്‌ടമാണ്. ജിമിക്കിയുടെ വലിയൊരു ശേഖരം എന്‍റെ കൈവശമുണ്ട്. വിദേശത്തൊക്കെ പോകുമ്പോൾ ഞാൻ കൂട്ടുകാർക്ക് ജിമിക്കി സമ്മാനമായി കൊടുക്കാറുണ്ട്.

പട്ടുസാരികളുടെ പതിവു സ്റ്റൈൽ എനിക്കിഷ്ടമല്ലാത്തതിനാൽ ഞാൻ അതു വാങ്ങി റീ ഡിസൈൻ ചെയ്തേ ധരിക്കൂ. ഇവിടെ പഠിക്കാൻ വരുന്ന കുട്ടികൾ ആദ്യമൊക്കെ ഒരുങ്ങുന്നതിൽ യാതൊരു താൽപര്യം കാണിക്കില്ല. കുറച്ചു ദിവസം എന്‍റെ കൂടെ ക്ലാസിലിരുന്നു കഴിയുമ്പോൾ അവർ അതു ഇഷ്‌ടപ്പെട്ട് അണിഞ്ഞൊരുങ്ങി വരാറുണ്ട്. പെൺകുട്ടികളായാൽ അൽപമൊക്കെ അണിഞ്ഞൊരുങ്ങി നടക്കണമെന്ന ചിന്തയാണ് എനിക്ക്. പൊട്ടുതൊടാത്ത ശ്വേത പോലും എന്‍റെ ക്ലാസിൽ വരുമ്പോൾ പൊട്ടുതൊട്ടേ വരൂ…

ക്ലാസിലെ ഡുണ്ടുമോൾ

തമാശയാണ് എന്‍റെ ഏറ്റവും ഇഷ്‌ടപ്പെട്ട ഹോബി. ക്ലാസിൽ ഞാൻ അരമണിക്കൂർ പഠിപ്പിക്കും, പത്തുമിനിട്ട് തമാശ. അതാണ് രീതി. ഫലിത ബിന്ദുക്കൾ പറഞ്ഞ് കേൾപ്പിക്കാനും ചിരിക്കാനും ചിരിപ്പിക്കാനും വലിയ ക്രേസാണ്. ദാസേട്ടന്‍റെ കൊച്ചുമകളും നരേന്‍റെ മകളുമൊക്കെ എന്‍റെ ക്ലാസിൽ രസിച്ചിരിക്കുന്നതിന്‍റെ ഒരു രഹസ്യം ഈ തമാശ തന്നെയാണ്.

തമാശയും സംഗീതവും തമ്മിലുള്ള കോമ്പിനേഷൻ എനിക്ക് പകർന്നു കിട്ടിയത് കുട്ടിക്കാലത്ത് ടി എൻ ഗോവിന്ദൻ നമ്പൂതിരി സാറിന്‍റെ ക്ലാസിൽ നിന്നാണ്. ഒരു മണിക്കൂർ അദ്ദേഹം പാടും. പിന്നെ തമാശയാണ്. അദ്ദേഹത്തിന്‍റെ ബാഗിൽ നിറയെ ഫലിത പുസ്‌തകങ്ങളാണ്. തമാശ കേൾക്കാനും കാണാനും, വായിക്കാനും കിട്ടുന്ന ഒരവസരവും ഞാൻ കളയില്ല. അടുത്തിരിക്കുന്ന വരെ അടിച്ചൊക്കെയാണ് ഞാൻ തമാശ ആസ്വദിക്കുക. ആരും ഇല്ലാത്ത സമയത്ത് നിലത്ത് കിടന്നുരുണ്ട് ചിരിക്കും.

ഞാൻ സംഗീത റിയാലിറ്റി ഷോകളിൽ ജഡ്ജായിരിക്കുമ്പോൾ ഔസേപ്പച്ചൻ സാറൊക്കെ പറയും. ബിന്നിക്ക് പറ്റിയത് കോമഡി ഷോ ആണ്. വിദേശയാത്രയിൽ ഒക്കെ എന്‍റെ ബാഗിൽ പാസ്പോർട്ട് വയ്‌ക്കാൻ മറന്നാലും തമാശ പുസ്തകങ്ങൾ വയ്‌ക്കാൻ മറക്കില്ല.

ബൈനോക്കുലർ

തീൻമേശയിൽ ചൂടുദോശയും ചമ്മന്തിയും എടുത്തു വച്ച ശേഷം നന്ദിനി വിപിൻ ചന്ദ്രനെ വിളിച്ചു. കുട്ടികളെ വിളിച്ചാലും അവർ ഉടനെയൊന്നും കഴിക്കാൻ സാധ്യതയില്ല.

“വേഗം വന്നു കഴിക്കൂ. ചൂടാറിയാ പിന്നെ ടേസ്റ്റ് ഇല്ലാന്നു പറഞ്ഞ് കുറ്റം പറയരുത്.”

നന്ദിനി ചെറിയൊരു പരിഭവത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞ ശേഷം അടുക്കളയിലേക്ക് തിരക്കിട്ടു നടന്നു. മൂന്നുപേർക്കും ലഞ്ച് ബോക്സ് നിറയ്ക്കണം. അതും കൂടി കൊടുത്തു വിട്ടാലേ നന്ദിനിയുടെ തിരക്ക് തീരൂ. രാവിലെ ഇവരൊക്കെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ രാത്രിയാവും മടങ്ങിയെത്താൻ.

വിപിൻ വേഗം വന്നു ദോശ കഴിക്കാൻ തുടങ്ങി. പേപ്പർ വായിച്ചു കൊണ്ടാണ് കഴിക്കൽ. അൽപനേരം കഴിഞ്ഞപ്പോൾ ബ്രേയ്ക്ക് ഫാസ്റ്റ് കഴിക്കാൻ വന്നിരിക്കുമ്പോഴും രണ്ട് ആൺമക്കളുടെയും കണ്ണുകൾ മൊബൈൽ ഫോണിൽ തന്നെ. അവരെല്ലാം കഴിച്ച് വീട്ടിൽ നിന്നിറങ്ങിയ ശേഷം ആഘോഷമായി ഭക്ഷണം കഴിക്കാനാണ് നന്ദിനിക്കിഷ്ടം.

സോനുവും രാഹുലും ഫോണിൽ നിന്ന് കണ്ണെടുക്കുന്നതേയില്ല. അതു കണ്ടപ്പോൾ നന്ദിനിയ്ക്ക് അരിശം വന്നു. “ഭക്ഷണം കഴിക്കുമ്പോഴെങ്കിലും ഇതൊന്നു മാറ്റി വച്ചു കൂടെ?  ദിവസം മുഴുവൻ പുറത്താണ്. അപ്പോഴൊക്കെ ഫോൺ നോക്കാലോ?”

ഇതുകേട്ടപ്പോൾ വിപിന് കുറച്ച് ദേഷ്യം വന്നു. “നീ എന്താ രാവിലെ എല്ലാവരെയും ദേഷ്യം പിടിപ്പിക്കാനുള്ള ശ്രമമാണോ? അവർ ഫോണിലോ എന്തു കുന്തത്തിലോ ചെയ്യട്ടെ…”

പക്ഷേ, നന്ദിനിക്ക് അത് കൂടുതൽ പ്രകോപനമാണ് ഉണ്ടാക്കിയത്.

“നിങ്ങൾ മൂന്നുപേരും ഇനി രാത്രിയല്ലേ വീട്ടിൽ വന്നു ഭക്ഷണം കഴിക്കുന്നത്. രാവിലെ ഒരൽപം സമാധാനമായി കഴിച്ചു കൂടെ?”

“ഹൊ… ഞങ്ങൾ വളരെ റിലാക്സായാണ് കഴിക്കുന്നത്. നീ അല്ലേ ഇപ്പോൾ ബഹളം വയ്ക്കുന്നത്?” വിപിൻ ചിരിച്ചു.

കുട്ടികൾ അച്‌ഛന്‍റെ ഡയലോഗ് ആസ്വദിച്ച് അവരും ചിരിയിൽ പങ്കുചേർന്നു. “അതേ, പപ്പ… യു സെഡ് ഇറ്റ്!”

നന്ദിനി മൂന്നു പേർക്കുള്ള ടിഫിനും മേശപ്പുറത്തെടുത്തു വച്ചിട്ട് നിശബ്ദം അടുക്കളയിലേക്ക് പോയി. ദിവസം മുഴുവനും തനിച്ചാണു താൻ. ഇവർ വീട്ടിലുള്ള നേരത്തെങ്കിലും ഒന്നു മിണ്ടുകയോ ചിരിക്കുകയോ ചെയ്‌തു കൂടെ!

വൈകുന്നേരമാകുമ്പോൾ ആകെ ക്ഷീണിച്ച് വീട്ടിലെത്തും. പിന്നെ ടിവിയുടെ മുന്നിലാണ്. അല്ലെങ്കിൽ ഫോണിൽ. ആർക്കും പരസ്പരം സംസാരിക്കാൻ നേരമില്ല. ഇവർ മൂവരും അവരുടെ ജീവിതത്തിലെ 10 മിനിട്ട് വീതം എനിക്ക് തന്നിരുന്നെങ്കിൽ എന്‍റെ ജീവിതം ഇത്രയും ബോറടിക്കുമായിരുന്നോ?

സൗഹൃദവലയങ്ങൾ ഇല്ലാതെ, സോഷ്യൽ നെറ്റ്‍വർക്കിൽ സമയം ചെലവഴിക്കാതെ, അയൽവക്കത്തെ കുന്നായ്മക്കൂട്ടങ്ങൾക്ക് ചെവി കൊടുക്കാതെ കഴിയുന്നത് ഒരു കുറ്റമാണോ? സമയം കളയാനാണെങ്കിൽ ഇതൊക്കെ മതിയാവുമല്ലോ. പക്ഷേ തനിക്ക് അതിലൊന്നും താൽപര്യം തോന്നിയിട്ടില്ല. ഫേസ് ബുക്കിലെ ഫ്രണ്ട്സിനു വേണ്ടി ചെറിയ കാര്യങ്ങൾ പോലും പെരുപ്പിച്ച് പങ്കുവയ്ക്കുന്നവർ, ഇവർക്ക് എനിക്കുവേണ്ടി ചെലവിടാൻ അഞ്ചുമിനിട്ടു പോലും ഇല്ലെന്നോ?

മൂന്നുപേരും പോയിക്കഴിഞ്ഞു. വീട്ടിൽ അസഹ്യമായ നിശബ്ദത ചേക്കേറിക്കഴിഞ്ഞു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ നന്ദിനി തന്‍റെ ജീവിതം എത്ര വിരസമായിട്ടാണ് പോകുന്നത് എന്ന് ആലോചിച്ചു കൊണ്ടിരുന്നു.

അൽപം കഴിഞ്ഞപ്പോഴേക്കും അലക്കാനും തുടയ്ക്കാനും ഒക്കെയായി ശ്യാമ വന്നു. അവൾ വന്നതോടെ നന്ദിനി വീണ്ടും തന്‍റെ ജോലികളിലേക്കു ചിന്തയെ വഴി തിരിച്ചു വിട്ടു.

ശ്യാമ പോയിക്കഴിഞ്ഞപ്പോൾ വീടൊക്കെ ഒന്നു കൂടി നന്ദിനി ഒതുക്കി. പകൽ മുഴുവനും ഓരോ ദിവാസ്വപ്നത്തിൽ മുഴുകിയും വൈകിട്ട് ടിവി കണ്ടും രാത്രിയിൽ ഫോണിൽ മുഴുകിയും തനിക്ക് ജീവിതം അടിച്ചു പൊളിക്കാമല്ലോ. പക്ഷേ അതിനു തയ്യാറാവാതെ, വീട്ടിലുള്ളവരെ കുറ്റം പറയുന്നത് എന്തിനാണ്?

ഇങ്ങനെ പലരീതിയിൽ ഓടുന്ന ചിന്തകളെ അതിന്‍റെ വഴിക്കു വിട്ട് നന്ദിനി തന്‍റെ പ്രിയപ്പെട്ട സ്‌ഥലത്ത് വന്നു നിന്നു. ബാൽക്കണിയിൽ നിന്ന് കുറേ കാഴ്ചകൾ കണ്ട് നിൽക്കുമ്പോഴാണ് കുറച്ച് ആശ്വാസം തോന്നുക.

ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് വന്നിട്ട് ഒരു വർഷമാകാൻ പോകുന്നു. കൊച്ചിയിലേക്ക് വിപിന് സ്‌ഥലം മാറ്റം കിട്ടിയപ്പോഴാണ് ഇങ്ങോട്ട് പോന്നത്. കൊച്ചിയിൽ തന്നെ മക്കൾക്കും അഡ്മിഷൻ റെഡിയാക്കുകയായിരുന്നു.

ബാൽക്കണിയിലെ ചെറിയ പൂന്തോട്ടത്തിൽ മുല്ലപ്പൂക്കൾ വിരിഞ്ഞു നറുമണം പരക്കുന്നു. അവിടെ അങ്ങനെ നിന്നാൽ തൊട്ടപ്പുറത്തെ കൂറ്റൻ ഫ്ളാറ്റുകൾ കാണാം. മറുവശത്ത് കൊച്ചിക്കായലിന്‍റെ ഒരു ഭാഗം കാണാം. മറൈൻഡ്രൈവിലൂടെ ആളുകൾ ഉല്ലാസത്തോടെ നടക്കുന്നതു കാണാം. ദിവസവും അൽപനേരം നടക്കാറുണ്ട് എന്ന തൊഴിച്ചാൽ പുറത്തേക്ക് ഇറങ്ങാറില്ല നന്ദിനി.

ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കി കുറച്ചു സമയം നിന്നിട്ട്, നന്ദിനി സ്റ്റോർ റൂമിലേക്ക് പോയി. അവിടെ നിറയെ സാമഗ്രികളാണ്. കുട്ടികളുടെ കളിപ്പാട്ടങ്ങൾ മുതൽ ന്യൂസ്പേപ്പർ കെട്ടു വരെ. കുറെയൊക്കെ ഒതുക്കി വച്ചപ്പോഴാണ് കളിപ്പാട്ടങ്ങൾക്കിടയിൽ അതു കണ്ടത്.

ഒരു വലിയ പെട്ടി. അതു തുറന്നു നോക്കിയപ്പോൾ ഒരു ബൈനോക്കുലർ. 3 വർഷം മുമ്പ് നൈനിറ്റാളിൽ യാത്ര പോയപ്പോൾ കാഴ്ചകൾ കാണാൻ വാങ്ങിയതാണ്. നന്ദിനി ബൈനോക്കുലർ എടുത്തു നോക്കി.

പെട്ടെന്ന് ഉദിച്ച ഒരു കൗതുകം. നന്ദിനി അതുമായി ബാൽക്കണിയിലേക്ക് നടന്നു. അവൾ അതിന്‍റെ ലെൻസ് അഡ്ജസ്റ്റ് ചെയ്‌ത് പുറത്തേക്ക് കാഴ്ചകളിലേക്ക് കണ്ണുനട്ടു.

തൊട്ടപ്പുറത്തുള്ള ഫ്ളാറ്റ് പണിതിട്ട് അധികകാലമായിട്ടില്ലെന്ന് തോന്നുന്നു. കുറേ വർക്കുകൾ കൂടി അവിടെ നടക്കുന്നുണ്ട്. ടെലസ്കോപ്പിലൂടെ നോക്കുമ്പോൾ ഒരു ഫ്ളാറ്റിന്‍റെ ബാൽക്കണിയും ഡ്രോയിംഗ് റൂമും ശരിക്കും കാണാൻ പറ്റുന്നുണ്ടായിരുന്നു.

തന്‍റെ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ അവിടെ ഡ്രോയിംഗ് റൂമിൽ എന്തോ ചെയ്‌തു കൊണ്ടിരിക്കുന്നു. പാട്ട് ഉച്ചത്തിൽ വച്ചിട്ടുണ്ടെന്ന് തോന്നുന്നു. ജോലിക്കിടയിൽ അവർ പാട്ട് കേട്ട് ആസ്വദിക്കുന്നതായിരിക്കാം. ആ സ്ത്രീ തല നന്നായി കുലുക്കി കൊണ്ടിരിക്കുകയാണ്.

പെട്ടെന്ന് അങ്ങോട്ട് ഒരു പെൺകുട്ടിയും കടന്നു വന്നു. അവരുടെ മകളാണെന്നു തോന്നുന്നു. അവൾ കൂടി വന്നപ്പോൾ പാട്ടിനൊപ്പം ചെറുതായി ചുവടുവയ്‌ക്കാനും തുടങ്ങി. ആ കാഴ്ച കണ്ടപ്പോൾ നന്ദിനിയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു. അവളുടെ മനസ്സിൽ നിശബ്ദമായൊരു ആനന്ദം നിറഞ്ഞു.

അന്തരീക്ഷത്തിൽ വ്യാപിച്ച മുല്ലപ്പൂഗന്ധവും അകലെ അമ്മയും മകളും കൂടിയുള്ള ആട്ടവും പാട്ടും ഒക്കെ കൂടി, ആഹ്ലാദകരമായ അവസ്‌ഥ. നന്ദിനി അകത്തേക്ക് പോയി സമയമെത്രയായെന്ന് നോക്കി. 12 മണിയായിരിക്കുന്നു.

വീണ്ടും ബാൽക്കണിയിൽ വന്നിരുന്ന് ബൈനോക്കുലറിലൂടെ നോക്കിക്കൊണ്ടിരുന്നു. ഭൂരിഭാഗം ഫ്ളാറ്റുകളും അടഞ്ഞു കിടക്കുകയാണ്. അവിചാരിതമായി അവളുടെ കണ്ണുകൾ മറ്റൊരു ഫ്ളാറ്റിലെ ഒരു കാഴ്ചയിലേക്ക് ഉടക്കി വലിച്ചു.

നല്ല ഉയരമുള്ള ഒരു യുവാവ് ബാൽക്കണിയുടെ ഭാഗത്തു നിന്ന് മുടി ചീകുകയാണ്. കുളി കഴിഞ്ഞു വന്നതാണെന്ന് തോന്നുന്നു. ഷോർട്സ് മാത്രമാണ് വേഷം. പിന്നിലൂടെ സുന്ദരിയായി ഒരു പെൺകുട്ടി അയാളെ പിന്നിലൂടെ കെട്ടിപ്പിടിക്കുന്നുണ്ട്.

അയാൾ അതിവേഗം പിന്തിരിഞ്ഞ് അവളെ പിടിച്ച് അകത്തേ മുറിയിലേക്ക് എടുത്തു കൊണ്ടു പോകുന്നു. അവർ സോഫയിൽ ഇരുന്ന് അതിതീവ്രമായ ചുംബനങ്ങൾ കൈമാറുന്നതു കണ്ടപ്പോൾ നന്ദിനിയുടെ തൊണ്ട വറ്റിവരണ്ടു. അവൾക്ക് ശരീരം വിറച്ചു പോയി.

വല്ലാത്തൊരു താപം ഉള്ളിലൂടെ കടന്നു പോകുന്നത് നന്ദിനി അറിഞ്ഞു. ഒപ്പം തന്നെ അവൾക്ക് ചിരിയും വന്നു. ഈ കാഴ്ച ഇനിയും നോക്കി നിൽക്കുന്നത് മോശമാണല്ലോ എന്നോ

ർത്ത് അവൾ ബൈനോക്കുലർ മടക്കി വച്ചു. ഒരു മണിയായിരിക്കുന്നു. നന്ദിനി ചോറും കറിയും എടുത്തു കഴിക്കാൻ തുടങ്ങി. ഭക്ഷണം കഴിക്കുമ്പോഴും നന്ദിനിയുടെ ചിന്തകൾ വർഷങ്ങൾ പിന്നോക്കം പാഞ്ഞു. ഊണു കഴിഞ്ഞ് കുറച്ചു മയങ്ങിയശേഷം വീണ്ടും ബൈനോക്കുലർ എടുത്ത് നന്ദിനി ബാൽക്കണിയിൽ എത്തി.

അമ്മയും മകളുമുള്ള വീട്ടിൽ നിന്ന് ഒച്ചയും അനക്കമൊന്നും ഇപ്പോൾ കാണുന്നില്ല. പക്ഷേ യുവ മിഥുനങ്ങളെ പിന്നെയും കാണാൻ കഴിഞ്ഞു.

പുതിയ വീട്ടുകാരായിരിക്കും. സാധനങ്ങളൊക്കെ വീട്ടിൽ ഒതുക്കി വയ്ക്കുകയാണ്. ജോലിക്കിടയിലും രണ്ടാളുടെയും റൊമാൻസും നടക്കുന്നുണ്ട്. ഒരുവേള ആ യുവാവ് കുസൃതിയോടെ ആ യുവതിയെ എടുത്തുയർത്തുന്നതും അവർ ഒച്ച വയ്‌ക്കുന്നതും നന്ദിനി അമർത്തിയ ചിരിയോടെ നോക്കി നിന്നു.

കുറച്ചു നേരം കൂടി അവിടെ ഇരുന്ന ശേഷം നന്ദിനി ഉത്സാഹത്തോടെ അടുക്കളയിലേക്ക് നടന്നു. പതിവില്ലാത്തൊരു സന്തോഷഭാവം ആ മുഖത്തുണ്ട്. എത്ര വേഗമാണ് ഒരു ദിവസം കടന്നു പോയത്.

ഏറ്റവും നല്ല കാര്യം ഭർത്താവിന്‍റെയും കുട്ടികളുടെയും സ്വഭാവങ്ങളോർത്തിരിക്കാനോ ദേഷ്യം പിടിക്കാനോ അവസരം ഉണ്ടായില്ല എന്നതാണ്. ഇന്ന് മനസ്സിൽ ഒരു ദേഷ്യമോ കനമോ തോന്നുന്നില്ല. അഞ്ചു മണിയായി. നന്ദിനി വൈകിട്ട് ഒരു മണിക്കൂർ നടക്കാറുണ്ട്. മറൈൻഡ്രൈവിലെ വാക്ക് വേയിലൂടെ അരമണിക്കൂർ അങ്ങോട്ടും അരമണിക്കൂർ ഇങ്ങോട്ടും.

മനസ്സിലും ശരീരത്തിലും നിറയുന്ന ഊർജ്ജത്തിന് കാരണം ആ ബൈനോക്കുലറാണ്. ഈ രഹസ്യം എന്തായാലും വീട്ടിൽ ആരോടും വെളിപ്പെടുത്തുന്നുമില്ല.

അന്യന്‍റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നത് നല്ല ശീലമല്ല എന്ന സത്യം തനിക്കറിയാഞ്ഞിട്ടല്ല. എങ്കിലും മടുപ്പിക്കുന്ന ദിനചര്യകൾക്കിടയിൽ അവിചാരിതമായി കിട്ടിയ ഒരു സന്തോഷം.

ആറുമണിക്ക് വീട്ടിൽ തിരിച്ചെത്തിയ ശേഷം അടുക്കളയിൽ കയറി രാത്രി ഭക്ഷണം തയ്യാറാക്കി. ബൈനോക്കുലർ തന്‍റെ സാരി അലമാരയ്ക്കുള്ളിൽ ഒളിച്ചു വയ്ക്കാനും നന്ദിനി മറന്നില്ല.

വിപിനും കുട്ടികളും വന്നശേഷം നന്ദിനി അവർക്ക് സന്തോഷത്തോടെ ഭക്ഷണം എടുത്തു കൊടുത്തു.

കോളേജിലെ വിശേഷങ്ങൾ കൂടെക്കൂടെ ചോദിക്കുന്നതു കേട്ട് രാഹുൽ അമ്മയെ അതിശയത്തോടെ നോക്കി. “അമ്മയ്ക്കെന്തു പറ്റി. ഒന്നു മിണ്ടാതിരി, ഞാൻ കഴിക്കട്ടെ.”

രാഹുൽ ഇങ്ങനെ പറഞ്ഞെങ്കിലും നന്ദിനിക്ക് ഒട്ടും ദേഷ്യം വന്നില്ല. അവൾ ചിരിക്കുക മാത്രം ചെയ്‌തു. മകന്‍റെ സംസാരം കേട്ടിട്ട് ഇന്ന് തനിക്ക് ദേഷ്യമൊന്നും വന്നില്ലല്ലോ എന്ന് നന്ദിനി ഒട്ടൊരു അതിശയത്തോടെ ആലോചിച്ചു. അവൾ മനസ്സിൽ തോന്നിയ കാര്യങ്ങൾ സന്തോഷത്തോടെ പറഞ്ഞു കൊണ്ട് തന്‍റെ ജോലികൾ ചെയ്‌തു കൊണ്ടിരുന്നു.

ഭക്ഷണം കഴിഞ്ഞ് വിപിൻ ടിവി കാണാനിരുന്നു. കുട്ടികൾ അവരവരുടെ മുറിയിലേക്കും പോയി. നന്ദിനിക്ക് ബൈനോക്കുലർ എടുത്ത് പുത്തൻ കാഴ്ചകളിലേക്ക് കണ്ണോടിക്കാൻ തോന്നിയെങ്കിലും അവൾ മനം നിയന്ത്രിച്ചു. ഈ സമയത്ത് അത് ചെയ്യാൻ പറ്റില്ലല്ലോ.

നന്ദിനി പ്രണയം നിറഞ്ഞ മനസ്സോടെ വിപിന്‍റെ അടുത്തു വന്നിരുന്നു തോളിൽ തല ചേർത്തു. “നമുക്ക് അൽപനേരം പുറത്തു പോയാലോ…” വിപിൻ ശരിക്കും അദ്ഭുതപ്പെട്ടു. നന്ദിനിയെ സൂക്ഷിച്ചു നോക്കിക്കൊണ്ട് അയാൾ പുഞ്ചിരിച്ചു.

“നിനക്ക് എന്താ പറ്റിയേ?”

“അതാ എനിക്കും ചോദിക്കാനുള്ളത്.” നന്ദിനിയും ചിരിച്ചു.

“ഭാര്യ, ഭർത്താവിനോട് ഒന്നു പുറത്തേക്ക് വാ നടക്കാം എന്നു പറയുന്നതിൽ കുഴപ്പമുണ്ടോ?”

വിപിൻ ചിരിയോടെ ടിവി ഓഫ് ചെയ്ത് എഴുന്നേറ്റു.

രണ്ടാളും പുറത്തേക്ക് നടന്നു. നന്ദിനി നല്ല മൂഡിലാണ്. ആ യുവമിഥുനങ്ങളുടെ പ്രണയലീലകൾ കണ്ടിട്ടാവാം മനസ്സിനകത്ത് എവിടെയോ ഒരു ചലനം സംഭവിച്ചിട്ടുണ്ട്.

കുറച്ചു നേരം പുറത്തു നടന്ന ശേഷം ഇരുവരും വീട്ടിലേക്ക് മടങ്ങി. വളരെ ദിവസങ്ങൾക്കു ശേഷം അന്നു രാത്രി രണ്ടുപേരും പ്രണയപൂർവ്വം ഒരുമിച്ചുറങ്ങി.

പിറ്റേന്ന് രാവിലെ മൂന്നുപേരും വീട്ടിൽ നിന്ന് പോയ ശേഷം നന്ദിനി ബൈനോക്കുലറുമായി ബാൽക്കണിയിലേക്ക് ഓടി. അമ്മയും മകളും മാത്രമുള്ള ഫ്ളാറ്റിലേക്കാണ് നന്ദിനി ആദ്യം ശ്രദ്ധിച്ചത്.

അമ്മ ഉദ്യോഗസ്‌ഥയാണെന്ന് തോന്നുന്നു. രാവിലെ സാരി ഉടുത്ത് പോകാൻ ഒരുങ്ങുകയാണ്. മകൾ കോളേജിൽ പഠിക്കുന്ന പ്രായമാണ്. രണ്ടാളും ഒരുങ്ങി ഇറങ്ങിക്കഴിഞ്ഞു. ഇനി അവർ വൈകിട്ടേ വരാനിടയുള്ളൂ. രണ്ടുപേരും വളരെ സന്തോഷത്തോടെയാണ് പുറത്തേക്ക് പോകുന്നത് കണ്ടത്.

നന്ദിനി അടുത്ത ഫ്ളാറ്റിലേക്ക് ബൈനോക്കുലർ തിരിച്ചു. അവിടത്തെ കാഴ്ചകൾ കണ്ടപ്പോൾ നന്ദിനിക്ക് ചിരിയൊതുക്കാൻ കഴിഞ്ഞില്ല. നായകൻ ഓഫീസിൽ പോകാൻ റെഡി ആവുകയാണ്. നായിക ബ്രേയ്ക്ക് ഫാസ്റ്റ് ഉണ്ടാക്കുന്ന തിരക്കിലും. പക്ഷേ അതിനിടയിലും റൊമാൻസ് നടക്കുന്നുണ്ട്. നന്ദിനി അവരെ ആനന്ദത്തോടെ കുറച്ചു നേരം നോക്കി നിന്നു.

ശ്യാമ വരാറായല്ലോ എന്നോർത്തപ്പോൾ അവൾ ബൈനോക്കുലർ അലമാരയിൽ ഒളിപ്പിച്ചു. അവരുടെ പ്രണയം കണ്ടതിന്‍റെ ഹാംഗ്ഓവർ നന്ദിനിക്ക് വിട്ടുമാറിയിരുന്നില്ല. അവൾ വിപിന്‍റെ ഫോണിലേക്ക് വാട്സാപ്പ് മെസേജ് അയച്ചു.

“ഐ ലവ് യൂ…”

വിപിൻ അതിനു മറുപടിയായി ഒരു അത്ഭുതചിഹ്നം ആദ്യമയച്ചു. “സെയിം ടു യു ഡിയർ.”

വർണ്ണലോകത്ത് പാറി നടക്കുന്ന പൂമ്പാറ്റയെപ്പോലെ നന്ദിനിയുടെ മനസ്സ് ചുറ്റി നടന്നു. അവൾ ഉച്ചയൂണ് കഴിഞ്ഞ് ബ്യൂട്ടിപാർലറിൽ പോയി. ഫേഷ്യലും, ഹെയർകട്ടും ചെയ്‌തു. കണ്ണാടിയിൽ തന്‍റെ പുതിയ രൂപം നോക്കി നന്ദിനി മനം നിറഞ്ഞു പുഞ്ചിരിച്ചു. അതിനു ശേഷം പുതിയൊരു കുർത്തയും വാങ്ങി നന്ദിനി.

വീട്ടിലെത്തിയ ശേഷം ബൈനോക്കുലർ എടുത്തു പുറത്തേക്കു നോക്കി. പക്ഷേ ഒരു ഫ്ളാറ്റിലും ആരെയും പുറത്തേക്ക് കണ്ടില്ല. വൈകുന്നേരമായപ്പോൾ നമ്മുടെ നായികയെ ബാൽക്കണിയിൽ കണ്ടു. നായകനെ അക്ഷമയോടെ കാത്തിരിക്കുകയാണ് അവൾ. നന്ദിനി ഗൂഢ സ്മിതത്തോടെ ബൈനോക്കുലർ അലമാരയിൽ ഒളിപ്പിച്ചു.

വൈകിട്ട് സോനുവും രാഹുലും വീട്ടിൽ വന്നപ്പോൾ അമ്മയുടെ പുതിയ ലുക്ക് കണ്ട് അന്തം വിട്ടു നിന്നു.

“ഹായ് അമ്മ ഇന്ന് അടിപൊളിയായല്ലോ. പുതിയ ഹെയർ കട്ട് കലക്കി.” സോനു പൊട്ടിച്ചിരിച്ചു കൊണ്ട് ഓടി വന്നു നന്ദിനിയെ കെട്ടിപ്പിടിച്ചു.

“കൊള്ളാം അമ്മ, ഇങ്ങനെ വേണം” രാഹുലും അമ്മയെ അഭിനന്ദിച്ചു.

നന്ദിനിയുടെ മാറ്റം വിപിൻ ഇന്നലെ മുതൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. “സബാഷ് ഡിയർ. ലുക്കിംഗ് ഗുഡ്” ഭാര്യയെ പുകഴ്ത്താൻ വിപിൻ മടിച്ചില്ല. നന്ദിനിക്കും സന്തോഷം തോന്നി. അപ്പോഴാണ് വിപിന്‍റെ വക സർപ്രൈസ്.

“അപ്പോൾ നമുക്ക് ഇന്ന് പുറത്തു നിന്ന് ഭക്ഷണം കഴിക്കാം. ഈ മേക്ക് ഓവറിനു ചെലവ് ചെയ്യണമല്ലോ?” വിപിൻ ക്ഷണിച്ചു.

“നൈസ് ഐഡിയ പപ്പ!” കുട്ടികൾ ആർത്തു ചിരിച്ചു.

നാലുപേരും പുറത്തു നിന്നു ഭക്ഷണം കഴിച്ച് ഐസ്ക്രീം ആസ്വദിച്ച് വീട്ടിൽ മടങ്ങിയെത്തി.

നന്ദിനിക്ക് വിസ്മയം തോന്നി. സ്വന്തം മനസ്സിന്‍റെ മാറ്റം. ഭർത്താവിനോടും മക്കളോടും എപ്പോഴും പിണങ്ങുകയും ദേഷ്യപ്പെടുകയും ചെയ്‌തിരുന്ന താൻ തന്നെയോ ഇത്!

ഒരു ദിവസം കൊണ്ട് ജീവിതത്തെ താൻ ഇത്രയും സ്നേഹിക്കാൻ തുടങ്ങിയല്ലോ. ആ സന്തോഷം പ്രവൃത്തിയിലും വാക്കിലും പ്രതിഫലിക്കുന്നുണ്ടാകണം. വീട്ടിലും ഇപ്പോൾ സന്തോഷം നിറഞ്ഞ അന്തരീക്ഷമുണ്ട്.

എപ്പോഴും പരാതിയും പരിഭവവും പറഞ്ഞ്, സ്വന്തം സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും കാരണം മറ്റുള്ള വരാണെന്ന് കരുതി ഇത്രയും കാലം താൻ ജീവിച്ചു.

സ്വന്തം സന്തോഷത്തിന്‍റെ താക്കോൽ സ്വന്തം ഹൃദയത്തിലുണ്ടെന്ന് താൻ അറിയാൻ വൈകിയല്ലോ! തന്നിലെ ഊർജം കണ്ടെത്താൻ ഒരു ബൈനോ ക്കുലർ വേണ്ടി വന്നു. നന്ദിനിക്ക് അതോർത്ത് ചിരി പൊട്ടി.

രാവിലത്തെ ജോലികളൊക്കെ കഴിഞ്ഞ് ബൈനോക്കുലറുമായി കാഴ്ച കാണാനിരിക്കുന്നത് നന്ദിനിയുടെ പതിവായി. അതൊരു നല്ല ശീലമല്ലെന്നറിയാം. പക്ഷേ മനസ്സിൽ കിട്ടുന്ന പുതിയ ഊർജം സ്വന്തം കുടുംബജീവിതത്തിലും ഹാപ്പിനസ് തരുമ്പോൾ എന്തിനു വേണ്ടെന്നു വയ്‌ക്കണം?

മുല്ലപ്പൂഗന്ധം നിറഞ്ഞ ബാൽക്കണിയിലെ പൂച്ചെടികൾക്കിടയിലിരുന്ന് ആ ഇണക്കുരുവികളുടെ പ്രേമലീലകൾ കാണുമ്പോൾ മനസ്സിൽ നിറയുന്ന പ്രണയോർജ്ജമാണ് തന്‍റെ സന്തോഷത്തിന്‍റെ കാരണം. അവരുടെ പ്രണയകേളികളുടെ വൈവിധ്യം മനസ്സിൽ കാമമോഹം ഉണർത്തുന്നു. വിപിനുമൊത്ത് ആ മോഹം പങ്കിടാനുള്ള ആഗ്രഹം വർദ്ധിച്ചു വരുന്നു.

ഇതിനിടെ വിപിൻ ഒരാഴ്ച ഓഫീസ് ആവശ്യത്തിനായി ചെന്നൈയ്ക്കു പോയിരിക്കുകയാണ്. ഈ സമയത്ത് മുൻപൊക്കെ വല്ലാത്ത പ്രയാസം തോന്നാറുണ്ട്. ഇപ്രാവശ്യം കുട്ടികൾക്കൊപ്പം സിനിമയ്ക്കു പോയി. മറ്റൊരു ദിവസം പുറത്തു നിന്ന് ലഞ്ച് കഴിച്ചും നന്ദിനി സന്തോഷവതിയായി.

നവദമ്പതികളുടെ പ്രണയം മാത്രമല്ല, തൊട്ടെതിർവശത്തെ ഫ്ളാറ്റിലെ അമ്മയും മകളും തമ്മിലുള്ള കൂട്ടും അവരുടെ ആഹ്ലാദവും കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. പക്ഷേ അവരെക്കുറിച്ച് കൂടുതൽ അറിയണമെന്ന് ആഗ്രഹമുണ്ട്. ആ വീട്ടിൽ അമ്മയും മകളും തനിച്ചായിട്ടും, അവർ എത്ര സന്തുഷ്ടരാണ്!

പണി പൂർത്തിയായ ഫ്ളാറ്റിലേക്ക് കൂടുതൽ പേർ താമസക്കാർ വരുന്നുണ്ട്. ബൈനോക്കുലറിലൂടെ അവരെ എല്ലാം മനസ്സിലാക്കി വയ്ക്കാനും രസമാണ്. നാലുമാസങ്ങൾ ഇങ്ങനെ കടന്നു പോയത് നന്ദിനി അറിഞ്ഞതേയില്ല.

നായകന്‍റെയും നായികയുടെയും പ്രണയ സല്ലാപമാണ് തന്‍റെ ജീവിതത്തിലേക്ക് ഈ മാറ്റം കൊണ്ടു വന്നത്. രാവിലെ പണിയൊതുക്കിയ ശേഷം തന്‍റെ ബൈനോക്കുലറുമായി നന്ദിനി ബാൽക്കണിയിലെത്തി. യുവമിഥുനങ്ങളുടെ ഫ്ളാറ്റിലേക്കാണ് ആദ്യം നോക്കിയത്.

ഹൊ… അവളുടെ കയ്യിലിരുന്ന് ബൈനോക്കുലർ വിറച്ചു. അവർ വീടൊഴിയുകയാണ്. താഴെ റോഡിൽ കാത്തുകിടക്കുന്ന ലോറിയിലേക്ക് സാധനങ്ങൾ എടുത്തു വയ്ക്കുകയാണ് നായകൻ. ഡ്രോയിംഗ് റൂമിൽ നായിക ഓടിപ്പാഞ്ഞു നടന്ന് കാര്യങ്ങൾ ശരിയാക്കുന്നു. അപ്പോൾ ഇവർ സ്‌ഥലം വിടുന്നു. തന്‍റെ സന്തോഷത്തിന്‍റെ ഉറവിടം.നന്ദിനിക്ക് നിരാശ തോന്നി.

ഇവർ എന്നും കണ്മുന്നിൽ ഉണ്ടായിരുന്നെങ്കിൽ. അത് ഒരു അനാവശ്യ ആഗ്രഹമാണല്ലോ. അതിൽ തന്‍റെ സ്വാർത്ഥതയും കഴിവുകേടും ഇല്ലേ?

അവർ കാറിൽ കയറിപ്പോകുന്നത് ദു:ഖത്തോടെ നന്ദിനി നോക്കി നിന്നു. പ്രണയം ഒഴിഞ്ഞ ആ ഫ്ളാറ്റിലേക്ക് പിന്നെ അവൾക്കു നോക്കാൻ തോന്നിയില്ല. ബൈനോക്കുലർ അലമാരിയിൽ തിരിച്ചുകൊണ്ടു വച്ചു കിടക്കയിൽ വിഷാദവതിയായി നന്ദിനി തിരിഞ്ഞും മറിഞ്ഞും കിടന്നു. അവർ അറിയുന്നോ ഇക്കാര്യം?

ആ സന്തോഷത്തിൽ സന്തോഷിച്ച മറ്റൊരു ഹൃദയത്തെ! ആ വേർപാടിൽ നോവുന്ന മറ്റൊരു മനം അൽപം ദൂരെയുണ്ടെന്ന്! ഇനിയും തന്‍റെ ബോറിംഗ് ദിനചര്യകളിൽ പെട്ട് ഉള്ള സന്തോഷം പടിയിറങ്ങിപ്പോകുമോ?

വൈകുന്നേരം നന്ദിനിയുടെ ഉദാസീനമായ മുഖം കണ്ട് വിപിൻ ആശങ്കപ്പെട്ടു. എന്തുപറ്റി ആൾക്ക്? ആ ഒരാഴ്ച നന്ദിനിയുടെ മൂഡ് വല്ലാതെ താളം തെറ്റി.

തൊട്ടടുത്ത ഫ്ളാറ്റിലെ അമ്മയും മകളും അപ്പോഴും ആട്ടവും പാട്ടവും തുടരുന്നുണ്ടായിരുന്നു. അവരെ കാണുന്നതാണ് ഇപ്പോൾ ആകെയുള്ള സന്തോഷം. ബൈനോക്കുലർ നോട്ടം വല്ലപ്പോഴും മാത്രമായി എന്നു മാത്രം.

വിരസമായ മറ്റൊരു ദിനത്തിൽ നന്ദിനി, ബൈനോക്കുലറുമായി വീണ്ടും ആ ഫ്ളാറ്റിലേക്ക് നോക്കി. അവിടെ പുതിയ താമസക്കാർ. നാലുയുവാക്കളാണ് ഇപ്പോൾ അവിടെ താമസം. വീട്ടിലെ സാമഗ്രികളൊക്കെ ഒതുക്കുകയാണ്.

അതിലൊരാൾ പുറത്തു നിന്ന് പൊടി തട്ടുകയാണ്. തൊട്ടടുത്ത ഫ്ളാറ്റിലെ ബാൽക്കണിയിലേക്കാണ് അവന്‍റെ ശ്രദ്ധ. നന്ദിനി ബൈനോക്കുലർ അങ്ങോട്ട് തിരിച്ചു. സമപ്രായക്കാരിയായ ഒരു പെൺകുട്ടി അവിടെ ചെടിയ്ക്ക് വെള്ളം ഒഴിക്കുന്നു. അവളുടെ കണ്ണുകളും ആ പയ്യനിൽ ആണല്ലോ.

നന്ദിനിയുടെ ചുണ്ടിൽ ചിരി. വീണ്ടും ഒരു പ്രണയ കാലം നാമ്പിടുന്നതിന്‍റെ ആഹ്ലാദത്തിൽ നന്ദിനിയുടെ മുഖം കൂടുതൽ തുടുത്തു.

നീമ്രാന ഫോർട്ട്

മൺമറഞ്ഞു പോയ രാജാക്കന്മാരുടെ അടയാളങ്ങൾ പേറി ഇന്നും നമ്മുടെ ഭാരതത്തിൽ അനേകം രാജകൊട്ടാരങ്ങൾ ഉണ്ട്. അവയൊക്കെ കാണുമ്പോൾ എങ്ങനെയായിരുന്നു. അവരുടെ ജീവിത രീതികൾ എന്ന് ആലോചിച്ച് നമുക്കിപ്പോഴും അദ്ഭുതവും ആകാംക്ഷയും ഉണ്ടാകാറുണ്ട്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാജകൊട്ടാരങ്ങൾ ഉള്ളത് രാജസ്‌ഥാനിൽ ആണെന്ന് തോന്നുന്നു. 1400-1500 കാലഘട്ടത്തിൽ നിർമ്മിച്ചു എന്ന് പറയപ്പെടുന്ന, പഴമയുടെ പ്രൗഢിയോടെ. ആധുനിക യുഗത്തിന്‍റെ മഞ്ചലിൽ കയറിപ്പറ്റിയ രാജസ്‌ഥാനിലെ നീമ്രാന ഫോർട്ട് പാലസ് എന്നൊരു രാജകൊട്ടാരത്തിലേക്കാണ് ഞാൻ നിങ്ങളെ കൊണ്ട് പോകുന്നത്.

ഇന്ദ്രപ്രസ്ഥത്തിലെ മട്ടുപ്പാവിൽ ഇരുന്ന് ഒരു ലോംഗ് ഡ്രൈവ് ട്രിപ്പ് പ്ലാൻ ചെയ്യുന്ന ഞാനും സുഹൃത്ത് മീനാക്ഷി ശർമ്മയും. എങ്ങോട്ട് പോകും എന്നുള്ള ചോദ്യത്തിന് ഏറ്റവുമവസാനം ഉത്തരം കിട്ടി. ഡൽഹിയിൽ നിന്നും വെറും 120 കിലോമീറ്റർ ദൂരെയുളള രാജസ്ഥാനിലെ നീമ്രാന ഫോർട്ട് പാലസ് കാണാം. വെറും 2.30 മണിക്കൂർ യാത്ര.

രാജകൊട്ടാരങ്ങളുടെ കലവറയാണ് രാജസ്ഥാൻ. അതി പുരാതനമായ പാലസുകൾ കൊണ്ട് അനുഗ്രഹീതമാണ് ഇവിടം. ഉദയ്പൂർ, ജയ്സാൽമിർ, ജോധ്പൂർ, അജ്മീർ എന്നീ നഗരങ്ങൾ ഇവയിൽ പ്രധാനവുമാണ്. രാജസ്‌ഥാന്‍റെ തലസ്‌ഥാനമായ ജയ്പൂർ എന്ന് പറയുന്ന പിങ്ക് സിറ്റിയും വളരെ മനോഹരമാണ്. അവിടെയുള്ള എല്ലാ കെട്ടിടങ്ങളും പിങ്ക് നിറമായതു കൊണ്ട് കൂടിയാണ് അതിനു പിങ്ക് സിറ്റി എന്ന പേര് കൂടി കിട്ടിയത്.

പക്ഷേ ഞങ്ങൾ രണ്ട് കുടുംബങ്ങളുടെ യാത്ര അവിടെക്കൊന്നും ആയിരുന്നില്ലല്ലോ. നഗരത്തിരക്കിൽ നിന്നും ഒരിത്തിരി നേരത്തെക്കുള്ള രക്ഷപ്പെടൽ. മഞ്ഞിന്‍റെ കൈകളിൽ പിടയുന്ന സൂര്യനെ കണ്ട് ശിശിരവത്തിന്‍റെ തണുപ്പുകുപ്പായമണിഞ്ഞ ഡിസംബർ കൂടുതൽ സുന്ദരമായോ എന്നൊരു സംശയം. സമയം രാവിലെ 8 മണി ആയിട്ടും പകൽ കണ്ണ് മിഴിക്കാത്ത പോലെ.

യാത്ര തുടങ്ങുകയാണ്….

വണ്ടിയിലെ റേഡിയോ എഫ്എമിൽ നല്ല നല്ല പാട്ടുകൾ ഒഴുകി വരുന്നു. കൂട്ടത്തിൽ, കൂടെ ഉള്ളവരുടെ സംസാരവും. ഏതു കേൾക്കണമെന്നറിയാതെ ഞാനും. ഞങ്ങൾ ഡൽഹി കഴിഞ്ഞു ഹരിയാനയിലെ ഗുഡ്ഗാവ് വഴി മനേസർ എത്താറായി. തലേ ദിവസത്തെ ഉറക്കമില്ലായ്മയുടെ ക്ഷീണം കാരണം എപ്പോഴോ ഞാനും ഒന്നുറങ്ങിപ്പോയി. 18 കൊല്ലമായി എന്‍റെ കൂടെ ഉള്ള കൂട്ടുകാരി മീനാക്ഷി എന്നെ ചേർത്ത് പിടിച്ചു. എന്‍റെ നിദ്രയിൽ നുഴഞ്ഞു കേറിയ സ്വപ്നത്തെ അവൾ അലങ്കോലപ്പെടുത്തിയില്ല.

രാവിലെ ആരും പ്രഭാതഭക്ഷണം കഴിക്കാതെ വന്നത് കാരണം എല്ലാവർക്കും വിശക്കുന്നു എന്ന പരാതി വരാൻ തുടങ്ങി. സമയം ഏതാണ്ട് 10 മണി ആയിക്കാണും. ഒരു പഞ്ചാബി ധാബയുടെ മുമ്പിൽ വണ്ടി നിർത്തി. വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ സൂര്യനെ ഒരു നോക്ക് കണ്ടു. സൂര്യകിരണങ്ങൾ തഴുകിയപ്പോൾ ഒരു ഉന്മേഷം ഒക്കെ വന്നു. അത്യാവശ്യം വലിപ്പമുള്ള ആ ധാബയുടെ മുമ്പിൽ തന്നെ ഒരു സർദാറിന്‍റെയും സർദാർണിയുടെയും പ്രതിമ വളരെ സുന്ദരമായി ഉണ്ടാക്കി വച്ചിരിക്കുന്നു.

ഹരിയാനയിലും പഞ്ചാബിലും പേര് കേട്ടതാണ് ധാബയെന്ന ഭക്ഷണശാല. നല്ല സ്വാദിഷ്ടമായ ഭക്ഷണം കിട്ടുന്ന സ്ഥലം. (നാടൻ ഭക്ഷണം എന്ന് പറയുമ്പോൾ നമ്മുടെ നാട്ടിലെ മീൻകറിയും സാമ്പാറും ദോശയും ഇഡ്‍ലിയും ഒന്നും കിട്ടില്ല. ഞാൻ എന്നും മിസ്സ് ചെയ്യുന്നതാണ് കേരളത്തനിമ വിളിച്ചോതുന്ന ഭക്ഷണങ്ങൾ) ഇവിടെ പഞ്ചാബി ഭക്ഷണം മാത്രമേ കിട്ടുകയുള്ളൂ. അത് നല്ല രുചിയോടെ കിട്ടും. പുറത്തും അകത്തുമായി ധാരാളം സ്‌ഥലങ്ങൾ ഉണ്ട് ഇരിക്കാൻ. പഞ്ചാബി സ്പെഷ്യൽ ആലൂ പൊറാട്ട, ഗോബി പൊറാട്ട ഇവ രണ്ടും ഞങ്ങൾ മിക്‌സ് ചെയ്തു വാങ്ങി. കൂടെ കട്ടത്തൈരും അച്ചാറും ചമ്മന്തിയും. കൊടി കുത്തിയ തണുപ്പിൽ വിശക്കുമ്പോൾ നല്ല ചൂടോടു കൂടി ഇതിലും നല്ലൊരു ഭക്ഷണം വേറെ ഇല്ല.

വീണ്ടും ഒരു മണിക്കൂർ കൂടി യാത്രയുണ്ട്. ഹരിയാന കഴിഞ്ഞു രാജസ്‌ഥാൻ അതിർത്തിയിലേക്ക് കടക്കുന്നു എന്നറിയിച്ചു കൊണ്ട് പൂത്തുനിൽക്കുന്ന കടുക് പാടങ്ങൾ. അവയ്ക്കിടയിൽ ഇലകൾ കൊഴിഞ്ഞു നിൽക്കുന്ന ഒറ്റയാൻ മരങ്ങൾ. കുലകുലയായി പൂത്തു നിൽക്കുന്ന മഞ്ഞ നിറമുള്ള ചെറിയ പൂക്കൾ മഞ്ഞിന്‍റെ കുളിരിൽ കൂടുതൽ സുന്ദരികളായി കാണപ്പെട്ടു. പച്ചയും മഞ്ഞയും കലർന്ന ആ കടുകുപാടങ്ങളുടെ നടുവിൽ നിന്ന് സെൽഫികൾ എടുക്കാൻ എല്ലാവർക്കും ഉത്സാഹം. ഞങ്ങൾ വണ്ടി നിർത്തി, തലയാട്ടി മാടി വിളിക്കുന്ന പൂക്കളുടെ അടുത്തേക്ക് ചെന്ന് കുശലം ചോദിച്ചു. കടുക് ചെടിയും ഞങ്ങളോ ടൊപ്പം ചിരിച്ച് നിന്ന് സെൽഫികൾക്ക് പോസ് ചെയ്തു. മഞ്ഞു കോട്ടയിൽ നിന്നിറങ്ങിയ സൂര്യൻ ഇതെല്ലാം കണ്ട് പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും മനസ്സില്ലാമനസ്സോടെ വീണ്ടും വണ്ടിയിൽ കയറി യാത്ര തുടർന്നു.

jaya neemrana fort

ഹരിയാനയെയും രാജസ്ഥാനെയും വേർതിരിക്കുന്ന ബാവൽ ബോർഡർ കഴിഞ്ഞു. അവിടെ നിന്നും ഏതാണ്ട് 25 കിലോമീറ്റർ ദൂരത്തുള്ള നീമ്രാന ഫോർട്ട് പാലസിലേക്കു ഞങ്ങൾ എത്തുകയാണ്. രാജസ്ഥാനിലെ അൽവർ ജില്ലയിലെ ആരാവലി പർവ്വതനിരകളുടെ ഓരത്താണ് ഈ കൊട്ടാരം. നാഷണൽ ഹൈവേയിൽ നിന്നും ഉള്ളിലേക്ക് പോകുന്ന വീതി കുറഞ്ഞ റോഡിന്‍റെ ഇരുവശത്തും പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങൾ മാത്രം കാണാം. രാജസ്ഥാനിലെ ഒരു ഗ്രാമപ്രദേശമാണ്. ചെറിയ ചെറിയ കടകളും പഴയ കെട്ടിടങ്ങളും കുണ്ടും കുഴിയുമുള്ള റോഡും കഴിഞ്ഞു ഞങ്ങൾ പാലസിന്‍റെ മുമ്പിൽ എത്തി.

6 ഏക്കർ സ്‌ഥലത്തു 12 നിലകളിലായി പരന്നു കിടക്കുന്ന കൊട്ടാരം പുറമേ നിന്ന് ഒറ്റനോട്ടത്തിൽ ഒന്നും നമുക്ക് മനസ്സിലാകില്ല. അവിടേക്കു കയറി ചെല്ലുമ്പോൾ തന്നെ നമ്മളെ ആകർഷിക്കുന്നത് 1930 മോഡൽ പോഷ് എന്ന ആഡംബര കാർ പോർച്ചിൽ പൂട്ടിയിരിക്കുന്നതാണ്. (നമുക്ക് വേണമെങ്കിൽ 1500 രൂപ കൊടുത്താൽ അര മണിക്കൂർ അതിൽ ഡ്രൈവ് ചെയ്ത് കൊട്ടാരത്തിന്‍റെ ചുറ്റുപാടുകൾ കാണാം). അതുകഴിഞ്ഞ് നേരെ കോട്ടയുടെ പ്രവേശന കവാടത്തിലേക്ക്. രണ്ടു പാളികളിലായി അകത്തേക്ക് തുറന്നിട്ട പടുകൂറ്റൻ വാതിൽ ഏവരേയും സ്വാഗതം ചെയ്യാനെന്ന പോലെ തുറന്നിട്ടിരിക്കുന്നു.

അകത്തേക്ക് കാൽ എടുത്തു വച്ചതും ഒരു കൗണ്ടർ കണ്ടു. പ്രവേശനഫീസ് ഈടാക്കുന്നതിന്‍റെ കൗണ്ടർ ആയിരുന്നു അത്. അപ്പോഴാണ് അറിയുന്നത് അവിടെ പ്രവേശന ഫീസ് ഉച്ചഭക്ഷണം കൂടി ഉൾപ്പെടുത്തി കൊണ്ടാണെന്ന്. രണ്ടും കൂടി 1700 രൂപയാണ് ഒരാളുടെ പ്രവേശന ഫീസ്. ഇതുകേട്ട് ഞങ്ങളെല്ലാവരും ആദ്യമൊന്നു പകച്ചു പോയെങ്കിലും അകത്തേക്ക് പോകാൻ തന്നെ തീരുമാനിച്ചു. ഒരു കൊട്ടാരം കാണാൻ ഇത് കുറച്ചു കൂടിപ്പോയില്ലേ എന്ന് തോന്നി. എന്‍റെ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചു കൊണ്ടുള്ള കാഴ്ചകളായിരുന്നു പിന്നെ ഞാൻ കണ്ടത്.

1400-1500 കാലഘട്ടത്തിലേക്ക് ഒരു തിരിച്ചു പോക്ക്…

ഞാൻ ആ കാലഘട്ടത്തിലേക്ക് പോകുകയായിരുന്നു. പഴയ നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന രാജാവിന്‍റെയും റാണിമാരുടെയും ശ്വാസച്ചൂട് നേർത്ത കാറ്റ് പോലെ ആ കൊട്ടാരത്തെ വലയം വയ്ക്കുന്നു. “നിമോല മെ” എന്ന് പേരുള്ള ഒരു പ്രമുഖനാണ് ഈ സ്ഥലത്തിന് ആദ്യം നീമ്രാന എന്ന പേര് കൊടുത്തത്. അതിനു ശേഷം പൃഥിരാജ് ചൗഹാൻ മൂന്നാമൻ ആ സ്‌ഥലം യുദ്ധം ചെയ്‌തു നേടിയെടുത്തു. എന്നിട്ടവിടെ 1460 കളിൽ കൊട്ടാരം പണി കഴിപ്പിച്ചു. നിമോലയുടെ ഒരു ആഗ്രഹമായിരുന്നു ആ സ്ഥലത്തിന്‍റെ പേര് മാറ്റരുത് എന്നുള്ളത്. അയാളോടുള്ള ആദരസൂചകമായി പൃഥിരാജ് ചൗഹാൻ കൊട്ടാരത്തിനും നീമ്രാന ഫോർട്ട് പാലസ് എന്ന പേര് കൊടുത്തു. ആ കാലഘട്ടത്തിലെ മൂന്നാമത്തെ തലസ്‌ഥാനമായിരുന്നു നീമ്രാന. ഇന്ത്യക്കു സ്വാതന്ത്യ്രം കിട്ടുന്ന വരെ ബ്രിട്ടീഷ്കാരുടെ മുമ്പിൽ തല കുനിക്കാതെ രാജകുടുംബം പിടിച്ചു നിന്നു.

1947 നു ശേഷം 40 കൊല്ലം വരെ രാജ രാജേന്ദർ സിംഗ് പൊട്ടിപ്പൊളിഞ്ഞ കൊട്ടാരം വിൽക്കാൻ ശ്രമിച്ചു. എന്നാൽ ആ ശ്രമം വിഫലമായി. അവസാനം 1986 ൽ സർക്കാർ ഏറ്റെടുക്കുകയും അതിൽ അറ്റകുറ്റ പണികൾ എല്ലാം ചെയ്തു 15 വലിയ മുറികൾ താമസ യോഗ്യമാക്കി. 1991 ൽ ജനങ്ങൾക്ക് അതിന്‍റെ വാതിൽ തുറന്നു കൊടുത്ത് അകത്തേക്കു ക്ഷണിച്ചു. ജനങ്ങൾ നല്ല പ്രതികരണമാണ് കൊടുത്തത്. പിന്നീട് ഈ ഉദ്യമത്തിന് സർക്കാരിന് ഇൻടെക് സാറ്റെ അവാർഡും ആഗഖാൻ അവാർഡ് നോമിനേഷനും കിട്ടി. 2008 ആയപ്പോഴേക്കും പഞ്ചനക്ഷത്ര ഹോട്ടലിന്‍റെ എല്ലാവിധ സൗകര്യങ്ങളോടും കൂടി എന്നാൽ പഴമയുടെ എല്ലാ രാജകീയ പ്രൗഢിയും നിലനിർത്തി കൊണ്ട് 55 ആഡംബര മുറികൾ ജനങ്ങൾക്കായി സർക്കാർ വിട്ടുകൊടുത്തു. ഇന്നിത് ലോകത്തിലെ തന്നെ വലിയൊരു റിസോർട്ട് ആയി അറിയപ്പെടുന്നു.

നിങ്ങൾ ജീവിത തിരക്കിനിടയിൽ രണ്ടു ദിവസം ശാന്തമായ ഒരന്തരീക്ഷം ഇഷ്ടപ്പെടുന്നുണ്ടോ..? ഒരുപാട് കഥകൾ മറഞ്ഞിരിക്കുന്ന പർവ്വതനിരകളിലെ മടിത്തട്ടിൽ ഉറങ്ങുന്ന ഒരു തുണ്ട് ഏകാന്തതയെ പ്രണയിക്കുന്നുണ്ടോ…? എങ്കിൽ നിങ്ങൾക്കിവിടം ഇഷ്‌ടമാകും. ഞങ്ങൾ ഓരോ സ്റ്റൈപ്പും കയറി മുകളിലേക്ക് പോകാൻ തുടങ്ങി. പഴമയുടെ പെരുമ വിളിച്ചറിയിക്കുന്ന ഇരിപ്പിടങ്ങളും മഞ്ചലുകളും ചെറിയ ഇടനാഴികകളും കടന്നു ഞങ്ങൾ മുന്നോട്ടു പോയി. ചുറ്റുപാടും ആകർഷകമായി അണിയിച്ചു വച്ചിട്ടുണ്ട്. റാണിമാരുടെ ഓരോ മഹലും ഓരോ ഹോട്ടൽ റിസോർട്ടായി പരിവർത്തനം ചെയ്തിരിക്കുന്നു. ആളുകൾ സുഖവാസത്തിനായി വന്നും പോയും ഇരിക്കുന്നുണ്ട്.

കൊട്ടാരത്തിനുള്ളിലെ ചെറിയ ചെറിയ കിളിവാതിലുകൾ എന്തൊരു മനോഹരം. അതിലൂടെ നോക്കിയാൽ താഴെയുള്ള മുഴുവൻ ഗ്രാമവും ഗ്രാമത്തിനു നെറ്റിപ്പട്ടം പോലെ മലനിരകളും കാണാം. വൈകുന്നേരങ്ങളിൽ വിശ്രമിക്കാൻ നമ്മുടെ നാട്ടിലെ നടുമുറ്റം പോലെ തോന്നിക്കുന്ന വലിയ തുറന്ന മുറ്റങ്ങളുണ്ട്. അവിടെയൊക്കെ പഴമ വിളിച്ചോതുന്ന ചെറിയ വാതിലുകൾ, അതിനു മുകളിൽ തൂങ്ങി കിടക്കുന്ന ചുവന്ന ബൊഗൈൻവില്ല പൂക്കൾ. ഇതെല്ലാം കാണുമ്പോൾ നമ്മളും ആ നൂറ്റാണ്ടിലേക്കെത്തി നിൽക്കുന്ന പോലെ.

12 നിലകളും തരം തിരിച്ചതിനാൽ കയറ്റവും ഇറക്കവും നമ്മളെ അലട്ടുകയില്ല. ഈ കാഴ്ചകളൊക്കെ ഞങ്ങൾ രണ്ടു മണിക്കൂർ കൊണ്ട് കണ്ടുകഴിഞ്ഞതും എല്ലാവർക്കും വിശക്കാൻ തുടങ്ങി. അവിടെ ബുഫേ ലഞ്ച് ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.

വിശാലമായ റസ്റ്റോറന്‍റ്, രാജകീയമായ ഭക്ഷണം, വെജിറ്റേറിയൻ നോൺ വെജിറ്റേറിയൻ എല്ലാം ഉണ്ട് ഇഷ്‌ടം പോലെ കഴിക്കാം. അപ്പോൾ മനസ്സിലായി ഞങ്ങൾ കൊടുത്ത എൻട്രി ഫീസ് കൂടുതലായില്ല എന്നുള്ളത്. ടേബിളുകളിൽ വിദേശികളടക്കം ഒരുപാട് പേരുണ്ട്. നല്ല സർവീസ് ആയിരുന്നു അവിടെ. റെസ്പെക്‌റ്റോടു കൂടി എല്ലാവരെയും സ്വീകരിക്കുന്നുണ്ട്. ആരേയും നിരാശപ്പെടുത്തുന്നില്ല.

ഭക്ഷണശാലയിൽ നിന്നും നേരെ താഴേക്ക് ഇറങ്ങിയാൽ അതി വിശാലമായ നീന്തൽക്കുളവും അതിനു ചുറ്റും ഇരിക്കാനും സൺബാത്ത് ചെയ്‌തു കിടക്കാനുമുള്ള സൗകര്യവുമുണ്ട്. കൂടാതെ ചാരു കസേരകളും ഇരിപ്പിടങ്ങളും ഇരിപ്പിടങ്ങൾക്കിടയിൽ ചതുരംഗവും അതിൽ കാലാൾപടകളും യുദ്ധസേനാനികളും രാജാവും റാണിയുമൊക്കെ ഉണ്ടായിരുന്നു. അപ്പോൾ ചതുരംഗം കളിക്കാൻ പഠിപ്പിച്ച എന്‍റെ അച്‌ഛനെ ഓർമ്മ വന്നു. തോൽക്കാൻ മനസ്സില്ലാത്ത അച്‌ഛനെ കളിയിൽ തോൽപ്പിക്കുമ്പോൾ ഉണ്ടായിരുന്ന സന്തോഷം. അച്ഛന്‍റെ കപടദേഷ്യം ഒക്കെ മനസ്സിൽ മിന്നി മറഞ്ഞു. ഒറ്റ സെക്കൻഡ് കൊണ്ട് മനസ്സ് എവിടെ ഒക്കെ പോയി തിരിച്ചു വരുന്നു അല്ലെ.

ഡിസംബറിന്‍റെ തണുപ്പിനെ പുതപ്പിച്ച ഉച്ചവെയിലിന്‍റെ വിരിക്കുള്ളിൽ ഞങ്ങൾ കുറച്ചു നേരം നീന്തൽക്കുളത്തിനരികെ വിശ്രമിച്ചു. കുറച്ചു കഴിഞ്ഞ് ഞാൻ അവിടെ റോന്ത് ചുറ്റാൻ തുടങ്ങി. നിറയെ ടെറസ്സ് ഗാർഡൻ. എവിടെ നോക്കിയാലും പൂത്തു നിൽക്കുന്ന ചെടികൾ. ദൂരെ തല ഉയർത്തി എത്തി നോക്കുന്ന മലനിരകൾ. പെട്ടെന്നാണ് ചുമരിൽ തൂക്കിയിട്ടിരിക്കുന്ന വലിയ കണ്ണാടികൾ കാണുന്നത്. പണ്ട് റാണിമാരുടെ സൗന്ദര്യം ആസ്വദിച്ച നിലക്കണ്ണാടികൾ ആയിരിക്കുമോ ഇത്? ആയിരുന്നെങ്കിൽ ഇന്നതിൽ ഞാനും പതിഞ്ഞു. ഓർത്തപ്പോൾ എന്തോ ഒരു നിർവൃതി.

സമയം 5 മണി ആയി. ഞങ്ങൾക്ക് തിരിച്ചു പോകണം. രാത്രിയുടെ മടിത്തട്ടിലിരുന്ന് ആ കൊട്ടാരത്തിന്‍റെ മുഴുവൻ സൗന്ദര്യം നുകരണമെന്നുണ്ടായിരുന്നു. പക്ഷേ ആ തയ്യാറെടുപ്പുകളോടെയല്ല ഞങ്ങൾ എത്തിയത്. ഒരു ദിവസം താമസിക്കാൻ വീണ്ടും വരാമെന്ന് പറഞ്ഞു ഞങ്ങൾ തിരിച്ചു. കൽപ്പടവുകളിൽ ഞാനെന്‍റെ കാൽപാദത്തിന്‍റെ നിഴൽ അടയാളമായി വരച്ചു വച്ച് താഴേക്ക് ഇറങ്ങി.

മഞ്ചാടിക്കുരു

ലാസ്റ്റ് പിരിയഡ് ക്ലാസ്സ് ഉണ്ടായിരുന്നില്ല. എന്തോ അവിടെ തന്നെ ഇരിക്കാൻ തോന്നാത്തത് കൊണ്ട് പതിയെ കൂട്ടുകാരോടൊപ്പം ലൈബ്രറിയിലേക്ക് നടന്നു. ലൈബ്രറിയിലും അധിക സമയം ചെലവഴിക്കാൻ തോന്നിയില്ല. അവിടെ നിന്നും ഇറങ്ങി ലവേർസ് കോർണറും കടന്നു മുൻപോട്ട് നടന്നു. അപ്പോഴാണ് താഴെ നിറയെ മഞ്ചാടിക്കുരുക്കൾ ചിതറിക്കിടക്കുന്നത് കണ്ടത്.

മഞ്ചാടിക്കുരു എനിക്ക് ഇഷ്‌ടമാണ് കാരണമില്ലാതെ ഇഷ്‌ടങ്ങളിൽ ഉൾപ്പെട്ട ഒന്ന്. എപ്പോഴത്തേയും പോലെ അത് കണ്ടപ്പോൾ താഴെ നിന്നും ഒരു മഞ്ചാടിക്കുരു കയ്യിലെടുത്തു. പിന്നീട് ഒരെണ്ണം കൂടി, ഒന്ന് കൂടി, വീണ്ടും ഒന്ന് അങ്ങനെ ഞാൻ പോലും അറിയാതെ കൈ നിറയെ മഞ്ചാടിക്കുരു നിറഞ്ഞു.

അതങ്ങിനെ ഒരു കയ്യിൽ നിന്നും മറുകയ്യിലേക്ക് മാറി മാറി കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ക്ലാസിലും, ലൈബ്രറിയിലും എന്നെ ഇരിക്കാൻ അനുവദിക്കാത്ത ചിന്തകൾ വീണ്ടും മനസ്സിലേക്ക് വന്നത്. അങ്ങനെ അതും ആലോചിച്ച് നില്ക്കെ പുറകിൽ നിന്ന് കൂട്ടുകാരി വിളിച്ചു.

“ഹലോ, പോകണ്ടേ, നേരം കുറച്ചായി” ഞാൻ മറുപടി പറയും മുമ്പേ എന്‍റെ ചിന്തകളുടെ കാരണക്കാരനായ അവൻ അതുവഴി ബൈക്കോടിച്ചു കടന്നു പോയി.

“ദാ വരുന്നു” എന്ന് കൂട്ടുകാരിയോട് പറഞ്ഞ് അവനെ നോക്കി തിരിഞ്ഞപ്പോഴേക്കും ബൈക്ക് കണ്ണിൽ നിന്നും മറഞ്ഞിരുന്നു. ആ സമയം ഒരു സീനിയർ അതിലെ വന്നു.

“എന്താ മഞ്ചാടിക്കുരു ഒക്കെ ആയി? രാസകുമാരന് വേണ്ടിയാണോ?”

ഒരു കളിയാക്കലിന് തുടക്കമായി.

“രാസകുമാരന് വേണ്ടിയോ? അതെന്താ അങ്ങനെ ചോദിച്ചത്?” മഞ്ചാടിക്കുരുവും രാസ കുമാരനും തമ്മിലുള്ള ബന്ധം എനിക്കറിയില്ലായിരുന്നു.

“അയ്യോ! അത് അറിയില്ലേ? മഞ്ചാടിക്കുരു എടുത്ത് സൂക്ഷിച്ചാൽ കല്യാണം ഉടനെ നടക്കുമെന്നാ പറയുന്നത്” സീനിയർ ഇതുപറഞ്ഞു ചിരിച്ചു. ഞാനും.

“ആഹാ! അങ്ങിനെയൊന്നുണ്ടോ? എനിക്കറിയില്ലായിരുന്നു.”

പിന്നൊയൊരു കുശലാന്വേഷണത്തിന് ശേഷം സീനിയർ നടന്നു പോയി. അതോടെ കുറച്ചു നേരത്തേക്കെങ്കിലും മാറി നിന്ന ചിന്തകൾ വീണ്ടും മനസ്സിലേക്ക് കടന്നു വന്നു.

രാസകുമാരന് വേണ്ടിയാണ് പോലും എന്തെല്ലാം വിശ്വാസങ്ങൾ ആണല്ലേ? അവൻ പോയ വഴിയിലേക്ക് കണ്ണ് ഒന്ന് പാഞ്ഞു. ഇല്ല അവൻ പോയിക്കഴിഞ്ഞിരുന്നു. ആ തിരച്ചിലിനിടയിൽ കയ്യിൽ നിന്നും കുറച്ച് മഞ്ചാടിക്കുരു താഴെ വീണു. അത് തിരിച്ചെടുക്കാൻ കുനിയവെ ഒരു പൊട്ട ആശയം മനസ്സിലേക്ക് കടന്നു വന്നു. കൂടെ രാസകുമാരനും.

എന്‍റെ കയ്യിലെ മഞ്ചാടിക്കുരുവിന്‍റെ എണ്ണം ഒരു ഇരട്ട സംഖ്യ ആണെങ്കിൽ ഞങ്ങൾ ജീവിതത്തിൽ എതിർദിശയിൽ സഞ്ചരിക്കേണ്ടവരാണ്. ഇനി അഥവാ അതൊരു ഒറ്റസംഖ്യ ആണെങ്കിൽ…ആണെങ്കിൽ… എനിക്ക്… ഞങ്ങൾ… എന്തുണ്ടായാലും ഞാൻ അവന്‍റേതും അവൻ എന്‍റേതുമാകും. മഞ്ചാടിക്കുരുവിന്‍റെ എണ്ണത്തിനെ മുൻനിർത്തി സ്വന്തം വിധി തീരുമാനിക്കാൻ തയ്യാറായ എന്‍റെ ബാലിശമായ മനസ്സിനെക്കുറിച്ചോർത്ത് ഞാനൊന്ന് ചിരിച്ചു.

എന്നാലും എണ്ണാൻ മടിച്ചില്ല. ഒന്ന് രണ്ട്, മൂന്ന്…. ഞാൻ എണ്ണിത്തുടങ്ങി. പത്ത്, പതിനൊന്ന്, പന്ത്രണ്ട്… ഈ എണ്ണലിനൊടുവിൽ ഒരു ഇരട്ട സംഖ്യ ആയിരിക്കും വരുന്നതെന്ന് എനിക്കു തോന്നി. അല്ല, അത് തോന്നൽ അല്ല… ഉറപ്പു തന്നെയാണ്.

പതിനെട്ട്, പത്തൊമ്പത്, ഇരുപത്… എണ്ണലിനൊടുവിലെ ഇരട്ട സംഖ്യയെ പ്രതീക്ഷിച്ച് ഞാൻ തുടർന്നു. നാൽപ്പത്തിനാല്, നാൽപ്പത്തിയഞ്ച്, നാൽപ്പത്തിയാറ് തീർന്നു. കയ്യിലെ മഞ്ചാടിക്കുരു തീർന്നു.

പ്രതീക്ഷിച്ചപോലെ ഇരട്ട സംഖ്യ തന്നെ. എന്നാലും. ഇനി? എന്ത്? എങ്ങനെ? അപ്പോൾ അവൻ… ഞാൻ… ഞങ്ങൾ എതിർദിശയിൽ സഞ്ചരിക്കേണ്ടവരാണോ… മനസ്സിൽ അങ്ങിനെ നിരാശ കലർന്ന ഒരുപാട് ചോദ്യങ്ങൾ.

ഒരു മഞ്ചാടിക്കുരു താഴേന്ന് എടുത്താലോ? അപ്പോൾ നാൽപ്പത്തിയേഴ് ആകുമല്ലോ? ഒറ്റസംഖ്യ. അല്ലെങ്കിൽ കയ്യിൽ നിന്നും ഒരെണ്ണം കളഞ്ഞാലോ? നാൽപത്തിയഞ്ച്. അപ്പോഴും ഒറ്റസംഖ്യ കിട്ടും. ഓരോന്നാലോചിച്ചു കൊണ്ടിരുന്നു. അങ്ങിനെ നിന്നപ്പോഴാണ് എനിക്കൊരു കാര്യം മനസ്സിലായത്.

ഞങ്ങളുടെ സഞ്ചാരത്തിന്‍റെ ദിശ അറിയണമെങ്കിൽ, അതിൽ ഒരു തീരുമാനം ഉണ്ടാകണമെങ്കിൽ ഞാൻ വിചാരിക്കണം. കാരണം തീരുമാനം എടുക്കേണ്ടത് ഞാനാണ്. അവൻ എപ്പോഴേ തീരുമാനം എടുത്തിരുന്നു.

മഞ്ചാടിക്കുരു കളയുകയോ കളയാതിരിക്കുകയോ ചെയ്യാം. എടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യാം. പക്ഷേ തീരുമാനം എന്‍റേതാണ്. എന്‍റേത് മാത്രം.

കൂട്ടുകാരി വീണ്ടും പോകാനായ് വിളിച്ചു. വിളി വന്നപാടെ ഞാൻ തിരിഞ്ഞുനടന്നു. ഒരു മഞ്ചാടിക്കുരു പോലും കയ്യിൽ ഇല്ല. അതെല്ലാം ഞാൻ അവിടെ കളഞ്ഞിരുന്നു. അടർന്നു വീണ മഞ്ചാടിക്കുരുക്കൾ അവിടെ നിന്നും മറ്റൊരിടത്തേക്ക് പോകുന്നത് ആ അമ്മമരത്തിന് സഹിക്കാനായില്ലെങ്കിലോ? അമ്മമരത്തിനെ പുറകിലാക്കി ഒരുപാട് ദൂരം ആ മഞ്ചാടിക്കുരുവിന് പോകുവാൻ ആയില്ലെങ്കിലോ?… ഈ എനിക്കോ!…

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें