ചന്ദ്രമുഖിയിലെ രാരാ... എന്ന ഗാനം ഇറങ്ങിയിട്ട് 12 വർഷങ്ങൾ പിന്നിട്ടു. പക്ഷേ ഇപ്പോഴും ആസ്വാദക ഹൃദയങ്ങളിൽ പുതുമ പടർത്തുന്ന ഗാനമാണത്. ആ ഗാനത്തിന് ജീവൻ നൽകിയ ബിന്നി കൃഷ്ണകുമാർ എന്ന ഗായികയ്ക്ക് ജീവിതവും അങ്ങനെയാണ്. സംഗീതവും തമാശയുമായി ബിന്നിയുടെ ഓരോ നിമിഷവും സന്തോഷത്തിലേക്കുള്ള അന്വേഷണത്തിലാണ്.
ഫുൾടൈം സംഗീതമാണ് ബിന്നിയുടെ പ്രൊഫഷണൽ ജീവിതം. അതിനിടയിൽ ബിന്നി ഏറ്റവും ഇഷ്‌ടപ്പെടുന്ന ഹോബി ഏതെന്ന് ചോദിച്ചാൽ ഒരു നിമിഷം പോലും ആലോചിക്കാതെ ഉത്തരം വരും. തമാശ! തമാശകളെ ഇത്രയേറെ സ്നേഹിക്കുന്ന മറ്റൊരു ഗായിക ഉണ്ടാവില്ല. ബിന്നി കൃഷ്ണകുമാറിനൊപ്പം കുറച്ചു സന്തോഷ നിമിഷങ്ങൾ.
സംഗീതമേ ജീവിതം
എന്‍റെ വീട്ടിൽ ചെറുപ്പം മുതൽ ചേട്ടനും ചേച്ചിയുമൊക്കെ പാടുന്നതു കേട്ടാണ് ഞാൻ വളർന്നത്. എന്‍റെ അച്‌ഛന്‍റെ പേര് കെ.എൻ രാമചന്ദ്രൻ നായർ. അമ്മ ശാന്തമ്മ രണ്ടുപേരും ഹിന്ദി അധ്യാപകരായിരുന്നു. ഞങ്ങൾ അഞ്ചുമക്കളാണ്. ഞാനാണ് ഏറ്റവും ഇളയ ആൾ. രണ്ടു വയസ്സുള്ളപ്പോഴൊക്കെ ഞാൻ നല്ല സംഗതികളോടൊക്കെ പാടുമായിരുന്നു എന്ന് ചേച്ചിമാർ പറയാറുണ്ട്. അന്നൊന്നും അതു റൊക്കോർഡ് ചെയ്‌തു സൂക്ഷിക്കാൻ കഴിയില്ലല്ലോ. അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നുവെങ്കിൽ രണ്ടു വയസ്സുകാരിയുടെ പാട്ട് വലിയ സംഭവമാകുമായിരുന്നു എന്ന് ചേച്ചിമാർ ഇപ്പോഴും പറയും. മൂത്ത ചേച്ചിമാർ മൂന്നുപേരും സംഗീതാധ്യാപികമാരാണ്. ചേട്ടൻ വയലിനിസ്റ്റും. ഏഴു വയസ്സായപ്പോഴാണ് ഞാൻ സംഗീതം ഗുരുമുഖത്തു നിന്ന് പഠിക്കാൻ ആരംഭിച്ചത്.
മത്സരം ഹരം
തൊടുപുഴ സെന്‍റ് സെബാസ്‌റ്റ്യൻ സ്ക്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ സംസ്ഥാനതലത്തിൽ കലാതിലകമായി. ഇടുക്കി ജില്ലയിൽ ലഭിച്ച ആദ്യത്തെ കലാതിലകപട്ടം. അതിനുശേഷം 27 വർഷമായി അവിടെ നിന്നൊരു കലാതിലകം ഉണ്ടായിട്ടില്ലെന്നു തോന്നുന്നു. എവിടെ മത്സരത്തിൽ പങ്കെടുത്താലും സമ്മാനം നേടണമെന്ന വാശിയോടെയാണ് അന്നൊക്കെ രംഗത്തിറങ്ങുക. കഥാപ്രസംഗം, പദ്യപാരായണം, ലളിതഗാനം, ശാസ്ത്രീയ സംഗീതം ഇങ്ങനെ പല വിഭാഗങ്ങളിലും മാറ്റുരയ്ക്കും. അന്നൊക്കെ മത്സരം എനിക്ക് ഹരമായിരുന്നു.
ഒരു കൃഷ്ണപ്രണയഗാഥ
യൂണിവേഴ്സിറ്റി യുവജനോത്സവ വേദികളിൽ ശാസ്ത്രീയ സംഗീതമായിരുന്നു എന്‍റെ ഇഷ്ട ഇനം. അന്നും ഒന്നാ സ്‌ഥാനം എനിക്കു തന്നെ. ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്‌ഥാനം നേടാറുള്ളത് കൃഷ്ണനും (പ്രശസ്ത സംഗീതജ്ഞൻ കൃഷ്ണകുമാർ) അങ്ങനെയാണ് ഞങ്ങൾ പരസ്‌പരം ശ്രദ്ധിക്കാൻ തുടങ്ങിയത്.
ഡിഗ്രി സെക്കന്‍റ് ഇയർ തൊട്ട് മത്സരവേദികളിൽ പോപ്പുലറായി വന്ന രണ്ടുപേർ എന്ന നിലയിലായിരുന്നു ഞങ്ങളുടെ സൗഹൃദത്തിന്‍റെ തുടക്കം. ഞങ്ങളൊന്നു മിണ്ടിയാലോ നേരെ നോക്കിയാലോ പോലും അവർ തമ്മിൽ എന്തോ ഉണ്ടെന്ന മട്ടിൽ പലരും പറയാൻ തുടങ്ങി. സത്യം പറഞ്ഞാൽ ഞങ്ങളും അതാസ്വദിച്ചിരുന്നു.
മൊബൈൽ ഇല്ലാതിരുന്ന സമയത്തായിരുന്നല്ലോ ഞങ്ങളുടെ പ്രണയം. ഞാൻ തിരുവനന്തപുരത്ത് ചേട്ടന്‍റെ കൂടെ നിന്നാണ് എംഎ പഠിച്ചത്. ചേട്ടൻ വയലിനിസ്‌റ്റായതിനാൽ കൃഷ്ണൻ ചേട്ടനെ കച്ചേരിക്കായി വിളിക്കാറുണ്ട്. വീട്ടിലെ ലാന്‍റ് ലൈനിലേക്കാണ് ഫോൺ വരിക. ആ കാലത്ത് ഞങ്ങൾ രണ്ടാളും നെയ്യാറ്റിൻകര മോഹനചന്ദ്രൻ സാറിന്‍റെ വിദ്യാർത്ഥികൾ കൂടിയാണ്. രണ്ടു സമയത്താണ് പഠനമെന്നു മാത്രം. കൃഷ്ണൻ ഫോണിൽ വരുന്ന സമയത്ത് ഞങ്ങൾ ഒരുപാട് സംസാരിക്കും. ക്ലാസ് വിശേഷങ്ങൾ പാട്ടുകൾ ഇങ്ങനെ സമയം പോകുന്നത് അറിയില്ല.