തീൻമേശയിൽ ചൂടുദോശയും ചമ്മന്തിയും എടുത്തു വച്ച ശേഷം നന്ദിനി വിപിൻ ചന്ദ്രനെ വിളിച്ചു. കുട്ടികളെ വിളിച്ചാലും അവർ ഉടനെയൊന്നും കഴിക്കാൻ സാധ്യതയില്ല.

“വേഗം വന്നു കഴിക്കൂ. ചൂടാറിയാ പിന്നെ ടേസ്റ്റ് ഇല്ലാന്നു പറഞ്ഞ് കുറ്റം പറയരുത്.”

നന്ദിനി ചെറിയൊരു പരിഭവത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞ ശേഷം അടുക്കളയിലേക്ക് തിരക്കിട്ടു നടന്നു. മൂന്നുപേർക്കും ലഞ്ച് ബോക്സ് നിറയ്ക്കണം. അതും കൂടി കൊടുത്തു വിട്ടാലേ നന്ദിനിയുടെ തിരക്ക് തീരൂ. രാവിലെ ഇവരൊക്കെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ രാത്രിയാവും മടങ്ങിയെത്താൻ.

വിപിൻ വേഗം വന്നു ദോശ കഴിക്കാൻ തുടങ്ങി. പേപ്പർ വായിച്ചു കൊണ്ടാണ് കഴിക്കൽ. അൽപനേരം കഴിഞ്ഞപ്പോൾ ബ്രേയ്ക്ക് ഫാസ്റ്റ് കഴിക്കാൻ വന്നിരിക്കുമ്പോഴും രണ്ട് ആൺമക്കളുടെയും കണ്ണുകൾ മൊബൈൽ ഫോണിൽ തന്നെ. അവരെല്ലാം കഴിച്ച് വീട്ടിൽ നിന്നിറങ്ങിയ ശേഷം ആഘോഷമായി ഭക്ഷണം കഴിക്കാനാണ് നന്ദിനിക്കിഷ്ടം.

സോനുവും രാഹുലും ഫോണിൽ നിന്ന് കണ്ണെടുക്കുന്നതേയില്ല. അതു കണ്ടപ്പോൾ നന്ദിനിയ്ക്ക് അരിശം വന്നു. “ഭക്ഷണം കഴിക്കുമ്പോഴെങ്കിലും ഇതൊന്നു മാറ്റി വച്ചു കൂടെ?  ദിവസം മുഴുവൻ പുറത്താണ്. അപ്പോഴൊക്കെ ഫോൺ നോക്കാലോ?”

ഇതുകേട്ടപ്പോൾ വിപിന് കുറച്ച് ദേഷ്യം വന്നു. “നീ എന്താ രാവിലെ എല്ലാവരെയും ദേഷ്യം പിടിപ്പിക്കാനുള്ള ശ്രമമാണോ? അവർ ഫോണിലോ എന്തു കുന്തത്തിലോ ചെയ്യട്ടെ...”

പക്ഷേ, നന്ദിനിക്ക് അത് കൂടുതൽ പ്രകോപനമാണ് ഉണ്ടാക്കിയത്.

“നിങ്ങൾ മൂന്നുപേരും ഇനി രാത്രിയല്ലേ വീട്ടിൽ വന്നു ഭക്ഷണം കഴിക്കുന്നത്. രാവിലെ ഒരൽപം സമാധാനമായി കഴിച്ചു കൂടെ?”

“ഹൊ... ഞങ്ങൾ വളരെ റിലാക്സായാണ് കഴിക്കുന്നത്. നീ അല്ലേ ഇപ്പോൾ ബഹളം വയ്ക്കുന്നത്?” വിപിൻ ചിരിച്ചു.

കുട്ടികൾ അച്‌ഛന്‍റെ ഡയലോഗ് ആസ്വദിച്ച് അവരും ചിരിയിൽ പങ്കുചേർന്നു. “അതേ, പപ്പ... യു സെഡ് ഇറ്റ്!”

നന്ദിനി മൂന്നു പേർക്കുള്ള ടിഫിനും മേശപ്പുറത്തെടുത്തു വച്ചിട്ട് നിശബ്ദം അടുക്കളയിലേക്ക് പോയി. ദിവസം മുഴുവനും തനിച്ചാണു താൻ. ഇവർ വീട്ടിലുള്ള നേരത്തെങ്കിലും ഒന്നു മിണ്ടുകയോ ചിരിക്കുകയോ ചെയ്‌തു കൂടെ!

വൈകുന്നേരമാകുമ്പോൾ ആകെ ക്ഷീണിച്ച് വീട്ടിലെത്തും. പിന്നെ ടിവിയുടെ മുന്നിലാണ്. അല്ലെങ്കിൽ ഫോണിൽ. ആർക്കും പരസ്പരം സംസാരിക്കാൻ നേരമില്ല. ഇവർ മൂവരും അവരുടെ ജീവിതത്തിലെ 10 മിനിട്ട് വീതം എനിക്ക് തന്നിരുന്നെങ്കിൽ എന്‍റെ ജീവിതം ഇത്രയും ബോറടിക്കുമായിരുന്നോ?

സൗഹൃദവലയങ്ങൾ ഇല്ലാതെ, സോഷ്യൽ നെറ്റ്‍വർക്കിൽ സമയം ചെലവഴിക്കാതെ, അയൽവക്കത്തെ കുന്നായ്മക്കൂട്ടങ്ങൾക്ക് ചെവി കൊടുക്കാതെ കഴിയുന്നത് ഒരു കുറ്റമാണോ? സമയം കളയാനാണെങ്കിൽ ഇതൊക്കെ മതിയാവുമല്ലോ. പക്ഷേ തനിക്ക് അതിലൊന്നും താൽപര്യം തോന്നിയിട്ടില്ല. ഫേസ് ബുക്കിലെ ഫ്രണ്ട്സിനു വേണ്ടി ചെറിയ കാര്യങ്ങൾ പോലും പെരുപ്പിച്ച് പങ്കുവയ്ക്കുന്നവർ, ഇവർക്ക് എനിക്കുവേണ്ടി ചെലവിടാൻ അഞ്ചുമിനിട്ടു പോലും ഇല്ലെന്നോ?

മൂന്നുപേരും പോയിക്കഴിഞ്ഞു. വീട്ടിൽ അസഹ്യമായ നിശബ്ദത ചേക്കേറിക്കഴിഞ്ഞു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ നന്ദിനി തന്‍റെ ജീവിതം എത്ര വിരസമായിട്ടാണ് പോകുന്നത് എന്ന് ആലോചിച്ചു കൊണ്ടിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...