ആനയും കടുവയും കാട്ടുപോത്തുകളും വസിക്കുന്ന കൊടും വനങ്ങൾക്കിടയിലാണ് ഇടമലക്കുടി എന്ന ഗോത്രവർഗ്ഗ ഗ്രാമം. കേരളത്തിലെ ഏറ്റവും വിജനമായ ഈ പഞ്ചായത്തിലേക്ക് ഒരു റോഡും അതിൽ ജീപ്പ് സർവീസും വന്നെത്തിയിട്ട് മാസങ്ങളെ ആയിട്ടുള്ളൂ. എന്നാൽ അർദ്ധരാത്രിയിൽ ഇവിടെ വൈദ്യുത ദീപങ്ങൾ മിന്നാമിനുങ്ങുകളായി മിഴി തുറക്കാറുണ്ട്. വൈദ്യുതി പോസ്റ്റുകളും ഇലക്‌ട്രിസിറ്റി ഓഫീസും ഒന്നും ഇല്ലാത്ത ഈ കാട്ടിനുള്ളിൽ ഇതെങ്ങനെ സംഭവിച്ചു എന്നല്ലേ? അതാണ് പെൺശക്‌തി!
ഇടമലക്കുടി ട്രൈബൽ പഞ്ചായത്തിലെ ആദിവാസി സ്ത്രീകൾ തല ചുമടായി കൊണ്ടുവന്നതാണ് ഈ വെളിച്ചം. സ്ത്രീകളുടെ ഇച്‌ഛാശക്‌തിക്കു മുന്നിൽ കാടും പുഴയും കടന്നു ചെന്ന സൗരോർജ്ജ വിളക്കുകളുടെ ഊർജ്‌ജമാണ് ഇപ്പോൾ രാത്രിയിൽ ഈ ഗ്രാമത്തിന് വെളിച്ചം പകരുന്നത്.
പുറം ലോകവുമായി എല്ലാ രീതിയിലും ബന്ധം ഇല്ലാത്ത ട്രൈബൽ പഞ്ചായത്താണ് ഇടമലക്കുടി. ഇവിടെ മൊത്തം 3000 അംഗങ്ങളോളം വരുന്ന 240 കുടുംബങ്ങൾ സാധാരണ ജീവിത സാഹചര്യങ്ങൾ പോലും ഇല്ലാതെയാണ് ജീവിച്ചു കൊണ്ടിരുന്നത്. 28 സെറ്റിൽമെന്‍റുകളിലായാണ് ഇവർ പാർക്കുന്നത്.
നൂറോളം സോളാർ പാനലുകൾ തലച്ചുമടായി ചുമന്നാണ് 60 സ്ത്രീകളുടെ കൂട്ടായ്മ കാട്ടിലേക്ക് എത്തിച്ചത്. 20 കിലോമീറ്ററുകളോളം കാട്ടിലൂടെ അവർ നടന്നു. കാട്ടാനക്കൂട്ടങ്ങളുടെ കടന്നു വരവ് ഏതു സമയവും പ്രതീക്ഷിക്കാവുന്ന കാട്ടു പാതയിലൂടെയാണ് സ്ത്രീകളുടെ സാഹസികയാത്ര.
സൊസൈറ്റിക്കുടി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ ട്രൈബൽ കോളനിയിലേക്ക് സോളാർ പാനൽ ചുമന്നു കൊണ്ടു പോകാൻ ഇവരുടെ കുടുംബശ്രീ കൂട്ടായ്മ തീരുമാനിക്കുകയായിരുന്നു. സോളാർ വൈദ്യുതിക്ക് പഞ്ചായത്ത് അനുമതി നൽകിയതോടെ ഓരോ പാനലുകളായി ചുമന്ന് എത്തിക്കാൻ തയ്യാറായത് പെൺകൂട്ടമാണ്. ചുമറ്റുകൂട്ടം എന്ന പേരിൽ ആദിവാസി സ്ത്രീകൾ രൂപീകരിച്ച ചുമറ്റിറക്ക് തൊഴിലാളി സംഘം, അതുവരെ ഈ രംഗത്ത് അവിടെ നിലനിന്ന പുരുഷമേൽക്കോയ്മ മനോഹരമായി വെല്ലുവിളിക്കുകയും ചെയ്‌തു.
കേരളത്തിന്‍റെ ആദ്യത്തെ ആദിവാസി പഞ്ചായത്ത് കൂടിയാണ് ഇടുക്കി ജില്ലയിലെ ഇടമലക്കുടി. മൂന്നാറിൽ നിന്ന് 40 കിലോമീറ്റർ അകലത്തിലാണ് ഈ പ്രദേശം. മുതുവൻ എന്ന ആദിവാസി വിഭാഗമാണ് ഇവിടത്തെ താമസക്കാർ.
“ഒരു പകൽ എടുത്താണ് ഞങ്ങൾ അത് ചുമന്നെത്തിച്ചത്.” കുടുംബശ്രീ യൂണിറ്റിന്‍റെ ചെയർപേഴ്സൺ കൂടിയായ രമണി പറയുന്നു. രണ്ടു പാനലിൽ കൂടുതൽ ഒരാൾക്ക് എടുത്ത് തലച്ചുമടായി കാടും മലയും കടന്നു പോവുക എളുപ്പമായിരുന്നില്ല. കരുത്തുള്ളവർ രണ്ട് എണ്ണം ഒരുമിച്ച് ചുമന്നു. മറ്റുള്ളവർ ഓരോന്നും. ഒരു പാനൽ ചുമന്നതിന് ഞങ്ങൾക്ക് 85 രൂപയാണ് കൂലി കിട്ടിയത്. പക്ഷേ ഇക്കാര്യത്തിൽ ഞങ്ങൾ കൂലി നോക്കിയല്ല പണിതത്.”
സോളാർ പാനലുകൾ സ്ഥാപിച്ചതോടെ രാത്രിയിൽ ഊരിൽ വെളിച്ചമുണ്ട്. ആന ശല്യം കുറഞ്ഞു. ഇപ്പോൾ ടെലിവിഷൻ വേണമെങ്കിലും ഈ ഊർജ്‌ജത്തിൽ പ്രവർത്തിപ്പിക്കാൻ കഴിയും. ഊരിനു വെളിച്ചം പകർന്ന ഇത്തരം സംഭവങ്ങൾ ഈ സ്ത്രീ ശക്‌തിക്കു ഇനിയും പറയാനുണ്ട്.