അടിമുടി മാറ്റൂ അടിവസ്ത്രം

കൂടുതൽ സ്ത്രീകളും പുറമെ അണിയുന്ന വസ്ത്രങ്ങളെ പറ്റി വളരെ ശ്രദ്ധാലുക്കളായിരിക്കും, എന്നാൽ ഇന്നർ വിയറുകൾ തെരഞ്ഞെടുക്കുന്നതിൽ വലിയ ശ്രദ്ധ കാണിക്കുകയില്ല. അതിന്‍റെ നിലവാരം, ക്ലോത്ത്, സൈസ്, ഡിസൈൻ എന്നിവയിലൊന്നും യാതൊരു അഭിരുചിയും കാണിക്കുകയില്ല. ഉള്ളിലിടുന്നതല്ലേ ആര് കാണാനാ എന്ന ലൈനാവും പലർക്കും. എന്നാൽ ഒരു സ്ത്രീയുടെ വാർഡ്രോബിന്‍റെ പ്രധാനപ്പെട്ട ഭാഗമാണ്, വളരെ ശ്രദ്ധ നൽകേണ്ട കാര്യമാണ് ഇന്നർവിയറുകൾ. അടിവസ്ത്രങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കാം.

കോട്ടൺ അടിവസ്ത്രങ്ങൾ ഉപയോഗിക്കുക

വായു സഞ്ചാരം സുഗമമാക്കുന്ന തരത്തിലുള്ള കോട്ടൺ കൊണ്ട് നിർമ്മിച്ച അടിവസ്ത്രങ്ങൾ ആണ് ഉപയോഗിക്കേണ്ടത്. ആരോഗ്യത്തിന് ഇതാണ് ഉത്തമം. സിൽക്ക്, സിന്തറ്റിക് മെറ്റീരിയലുകൾ കൊണ്ടുള്ള അടിവസ്‌ത്രങ്ങൾ സെക്‌സിലുക്ക് നൽകുമെങ്കിലും വായുവിനെ കടത്തി വിടില്ല. ഇത് ഇൻഫെക്ഷകൻ ഉണ്ടാവാൻ ഇടയാക്കുന്നു. സിന്തറ്റിക് വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ കോട്ടൺ പോലെ ലൈനിംഗ് ഉള്ളത് തെരഞ്ഞെടുക്കുക. ദീർഘനേരം ഉപയോഗിക്കയുമരുത്.

സൈസ് നോക്കി വാങ്ങാം

ശരിയായ സൈസ് നോക്കി വാങ്ങണം. വലുതായാൽ അഴിഞ്ഞു പോകാം. അതുപോലെ ചെറുതായാൽ ഇറുക്കത്തിന്‍റെ പ്രശ്നങ്ങളും നേരിടേണ്ടി വരും. ഇറുക്കമുള്ളതായാൽ തൊലി പൊട്ടാനും പാട് വീഴാനും സാധ്യതയുണ്ട്. മാത്രമല്ല നടക്കുമ്പോഴും ഇരിക്കുമ്പോഴും അസ്വസ്ഥത അനുഭവപ്പെടുന്നു. പാന്‍റിയുടെ സൈസ് നിങ്ങ ടെ ബ്രായുടെ സൈസിനേക്കാൾ കൂടുതലായിരിക്കും.

കടുത്ത നിറങ്ങൾ വേണ്ട

കാണാൻ ആകർഷകമായിരിക്കുമെങ്കിലും ഇതിന്‍റെ നിറം കൊടുക്കാനുപയോഗിച്ച കെമിക്കൽ മൃദുല ചർമ്മത്തിന് ഹാനികരമാണ്. അതിനാൽ വെള്ള നിറമാണ് അഭികാമ്യം. സംവേദനക്ഷമതയുള്ള ചർമ്മമാണെങ്കിൽ പ്രത്യേകിച്ചും.

ഷേപ്പ് വിയർ അധികനേരം അണിയരുത്

വയർ കുറയ്ക്കാനും ഉദരത്തിനു ഷേപ്പ് കിട്ടാനും ഷേപ്പ് വിയർ ധരിക്കുന്ന സ്ത്രീകൾ ധാരാളം ഉണ്ട്. ഇവ അധികനേരം അണിയരുത്. ഇത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. അധികനേരം ഉപയോഗിച്ചാൽ പിത്തം, അമ്‍ളം തുടങ്ങിയ പ്രശ്നങ്ങൾക്ക് പുറമെ വയറ്റിൽ നീർക്കെട്ടും വരാം. അതിനാൽ സ്‌ഥിരമായും അധികനേരവും ഉപയോഗിക്കരുത്.

വ്യായാമം ചെയ്യുമ്പോൾ

വ്യായാമം ചെയ്യുമ്പോൾ ഇറുങ്ങിയതോ അധികം ലൂസ് ആയതോ അണിയരുത്. ഗുണനിലവാരമുള്ളത് മാത്രം അണിയുക. പാന്‍റി നിറം ഇളക്കുന്നതോ സിന്തറ്റിക്കോ ആവരുത്. വിയർപ്പ് ഒട്ടി പിടിച്ച് ബാക്ടീരിയ രൂപപ്പെടും. വ്യായാമ ശേഷം പാന്‍റി മാറ്റാൻ ശ്രദ്ധിക്കണം. വിയർപ്പ് കുടിച്ചു കിടക്കുന്ന പാന്‍റി തുടർന്ന് അണിഞ്ഞാൽ ചർമ്മം ചുവന്ന് തടിക്കാൻ സാധ്യതയുണ്ട്. വ്യായാമ ശേഷം പാന്‍റി അഴിച്ചു മാറ്റി കുറച്ചുനേരം കാറ്റ് കൊള്ളുന്നതും നല്ലതാണ്.

സ്ത്രീരോഗ വിദ്‌ഗദ്ധരുടെ അഭിപ്രായം

ഡോ.മോണിക്ക ജൈന്‍റെ അഭിപ്രായത്തിൽ പാന്‍റി അലക്കുമ്പോൾ അതിൽ ചോരക്കറയോ, കട്ടിയുള്ള ദുർഗന്ധം പുറപ്പെടുവിക്കുന്ന ദ്രാവകമോ സ്ഥിരമായി ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറെ കാണുന്നതാണ് നല്ലത്.

പാന്‍റീസ് അലക്കാൻ ഉപയോഗിക്കുന്ന ഡിറ്റർജെന്‍റ് ഗുണനിലവാരം ഉള്ളതാവണം. ഡിറ്റർജന്‍റ് മണമില്ലാത്തതും നിറമില്ലാത്തതും ആയിരിക്കണം. കാരണം ഇത് അലർജിയുണ്ടാക്കാൻ ഇടവരുത്തും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഉറങ്ങുമ്പോൾ പാന്‍റി അണിയരുത്

ദിവസം മുഴുവൻ പാന്‍റീസ് അണിഞ്ഞ് കഴിയേണ്ടി വരുന്ന സ്ത്രീകൾ രാത്രി ഉറങ്ങുമ്പോൾ അടിവസ്ത്രം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. മണിക്കൂറുകളോളം വിയർപ്പും നനവും ഉണ്ടാവുന്നതിനാൽ ഇൻഫക്ഷൻ പുകച്ചിൽ എന്നിവ ഉണ്ടാവുന്നു. ആ ഭാഗത്ത് വായുസഞ്ചാരം അനിവാര്യമാണ്. പാന്‍റി അണിയാത്ത സമയങ്ങളിൽ ചർമ്മത്തിന് ശ്വസിക്കാനും പ്രയാസം നേരിടില്ല.

പകൽ സമയത്ത് ധരിച്ചില്ലെങ്കിൽ

ചില സ്ത്രീകൾ പാന്‍റീസ് അണിയാറേയില്ല. ഇങ്ങനെ ചെയ്യുന്നതും ഉചിതമല്ല. കാരണം മാംസം തൂങ്ങി ഷേപ്പ് നഷ്‌ടപ്പെടാൻ ഇതിടയാക്കും. നിതംബത്തിന്‍റെ കെട്ടുറപ്പിനെയും ബാധിക്കുന്നു. കൂടാതെ വസ്ത്രങ്ങൾ ഉരഞ്ഞ് പാടുകൾ വീഴാനും മുറിവേൽക്കാനും സാധ്യത കൂടുതലാണ്. അതിനാൽ പകൽ സമയത്ത് പാന്‍റീസ് ധരിക്കണം

എപ്പോൾ മാറ്റണം

ഓരോ സീസണിലും സ്ത്രീകൾ തങ്ങളുടെ ഉടയാടകൾ, ചെരിപ്പ്, ആക്സസറീസ് എന്നിവ മാറ്റാറുണ്ട്. എന്നാൽ പാന്‍റീസ് എപ്പോഴാണ് മാറ്റുന്നത്? പലരും പഴകിയ പാന്‍റീസ് തന്നെ ഏറെ നാൾ ഉപയോഗിക്കുന്നവരാണ്. നരച്ചു തുടങ്ങുമ്പോഴോ ചെറുതായി കീറി തുടങ്ങുമ്പോഴോ ആണ് പലരും പാന്‍റീസ് മാറ്റാൻ ആലോചിക്കുന്നതു തന്നെ.

തുണിയുടെ ഗുണനിലവാരം കുറഞ്ഞു തുടങ്ങുമ്പോഴെ പാന്‍റീസ് മാറ്റണം. പാന്‍റിയുടെ ഇലാസ്റ്റിക് കേടായാൽ ഉടനെ പാന്‍റീസ് ഉപേക്ഷിക്കണം. പുതിയത് വാങ്ങുമ്പോൾ തീർച്ചയായും ബ്രാന്‍റഡ് ഇന്നർവിയറുകൾ തന്നെ വാങ്ങുക.

കിടപ്പറയിലേയ്ക്ക് കടക്കുമ്പോൾ

രണ്ടുവർഷത്തെ തീവ്രപ്രണയത്തിനൊടുവിലാണ് കുമാറും ഗായത്രിയും വിവാഹിതരായത്. താലി ചാർത്തിയതിന്‍റെ രണ്ടാം വാർഷികത്തിനു മുമ്പേ തന്നെ ഇരുവർക്കുമിടയിൽ പൊട്ടലും ചീറ്റലും ഉണ്ടായി തുടങ്ങിയിരുന്നു. മൂന്ന് വർഷമായപ്പോഴേക്കും ഇരുവരും ചേർന്ന് വിവാഹ മോചനത്തിനു ഹർജി സമർപ്പിച്ചു. സുഹൃത്തുക്കൾ ഇടപെട്ട് ഇരുവരേയും പിന്തിരിപ്പിക്കാനും പ്രശ്നം ചർച്ച ചെയ്യാനും തീരുമാനിക്കുകയും ഇരുവരും കൗൺസിലിംഗിനു സമ്മതിക്കുകയും ചെയ്തു. മൂന്ന് മാസത്തെ കൗൺസിലിംഗിനു ശേഷം കുമാറിന്‍റെയും ഗായത്രിയുടെയും മനസ്സ് മാറി. ഇരുവരും വിവാഹമോചന ഹർജി പിൻവലിച്ചു. എന്തായിരുന്നു ഇവരുടെ ഇടയിലുള്ള അകൽച്ചയ്ക്ക് കാരണം? വിരസമായ ദാമ്പത്യരതി തന്നെ.

റൊമാൻസും രതിയും അപൂർവ്വാവസരങ്ങളിൽ മാത്രമായി ഒതുങ്ങുമ്പോഴാണ് പങ്കാളികൾ തമ്മിൽ മാനസികമായും ശാരീരികമായും അകലാൻ ഇടവരുന്നത്. ദാമ്പത്യത്തിൽ സ്നേഹത്തിന്‍റെ മറ്റൊരു പേരാണ് രതി. അതു നിലനിർത്താനും മനോഹരമാക്കാനും സാധിക്കാത്തവരാണ് നീറി കഴിയാൻ വിധിക്കപ്പെടുന്ന പങ്കാളികൾ.

ആനന്ദരതിയും സുഖവും

ജീവിതസുഖം പകരുന്നതിൽ രതിയ്ക്കുള്ള പങ്ക് നിർണ്ണായകമാണ്. കിടപ്പറയിൽ മനസ്സിനെയും ശരീരത്തെയും തൃപ്തിപ്പെടുത്താൻ കഴിയാതെ വരുമ്പോഴാണ് പങ്കാളിയെ വെറുക്കാൻ മനസ്സ് പാകപ്പെടുത്തുന്നത്. പരസ്പര സ്നേഹവും ബഹുമാനവും നഷ്ടപ്പെടാനും രതിസുഖമില്ലായ്മയും ലാളനയില്ലായ്മയും കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

“ഞങ്ങൾ രണ്ടു കൗൺസിലർമാരെ കണ്ടിരുന്നു. മണിക്കൂറുകളോളം സംസാരിച്ചു. രണ്ടുപേരും ഒരേ കാരണമാണ് ചൂണ്ടികാട്ടിയത്. അപ്പോൾ ഞങ്ങൾക്ക് കാരണം മനസ്സിലായി. ഞങ്ങൾ രണ്ടാളും യാത്ര പോകാൻ തീരുമാനിച്ചു. രണ്ടാം ഹണിമൂൺ എന്നാണ് ഞങ്ങൾ യാത്രയെ വിശേഷിപ്പിച്ചത്. കശപിശ, തെറ്റിദ്ധാരണ എല്ലാം മാറ്റി വച്ചു കൊണ്ടുള്ള സമീപനവും രതിയ്ക്ക് മുമ്പുള്ള ഫോർപ്ലേ ചെയ്യാൻ തുടങ്ങിയതും നല്ല മാറ്റമാണ് ഞങ്ങളുടെ റിലേഷൻഷിപ്പിൽ വരുത്തിയത്. ഇങ്ങനെ ചെയ്‌തപ്പോൾ ജീവിതത്തിലാദ്യമായി ഞങ്ങൾക്ക് ദാമ്പത്യരതി നന്നായി ആസ്വദിക്കാൻ സാധിച്ചു. ഞാൻ ഓർഗാസം ആദ്യമായി അനുഭവിച്ചു.

ദിവസത്തിൽ 2-3 പ്രാവശ്യം ലൈംഗികബന്ധത്തിൽ ഏർപ്പെടാനും അത് ഒന്നിനൊന്ന് മെച്ചപ്പെട്ടതാക്കാനും കഴിഞ്ഞു. 3 ദിവസം നീണ്ടു നിന്ന ഈ ഹ്രസ്വയാത്രയാണ് എനിക്കെന്‍റെ ദാമ്പത്യ ജീവിതം തിരിച്ചു തന്നത്. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും ഇത് സഹായിക്കുമെന്ന് ഞാൻ മനസ്സിലാക്കി. ഈ കാര്യങ്ങൾ തുറന്ന് പറയാൻ എനിക്കൊരു മടിയുമില്ല. കാരണം എന്നെപ്പോലെ ദാമ്പത്യപ്രശ്നം അനുഭവിക്കുന്ന സ്ത്രീകൾ അനവധിയുണ്ടാവാം. എന്‍റെ അനുഭവം അവർ ക്കൊരു ആശ്വാസമാകുമെങ്കിൽ ആയിക്കോട്ടെ.” ഞാനിപ്പോൾ ഏറ്റവും സംതൃപ്തയായ സ്ത്രീയാണ്, ഭാര്യയാണ് ഗായത്രി പറയുന്നു.

എന്താണ് ഓർഗാസം

ലൈംഗിക ബന്ധത്തിനിടയിൽ അനുഭവിക്കുന്ന രതിസുഖത്തിന്‍റെ പാരമ്യമാണ് സാധാരണ നാം ഓർഗാസം എന്ന് വിശേഷിപ്പിക്കുന്നത്. രതിയനുഭവിക്കുമ്പോൾ പങ്കാളികളിൽ ഒരാൾ മാത്രം ഓർഗാസം അനുഭവിക്കുകയും മറ്റെയാൾക്ക് തൃപ്തി വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥ വലിയ കഷ്ടമാണ്. സംതൃപ്തി വരികയാണെങ്കിൽ അവർ രതിയ്ക്ക് ശേഷം ആലസ്യത്തോടെ കിടക്കാനോ കുറച്ചു സമയം വെറുതെ വിശ്രമിക്കാനോ ഇഷ്ടപ്പെടും. പുരുഷനു പക്ഷേ അങ്ങനെ ആഗ്രഹം തോന്നാറില്ല. ആലസ്യ കിടപ്പിനു ശേഷവും മറ്റൊരു രതി ക്രീഡയ്ക്ക് സ്ത്രീ മനസ്സ് വയ്ക്കാറുണ്ട്. പുരുഷന് പക്ഷേ ഓർഗാസത്തിനു ശേഷം ഉറക്കം പിടിക്കാനാവും ഇഷ്‌ടം. പുരുഷൻ ആദ്യം സംതൃപ്തനാവുകയാണെങ്കിൽ സ്ത്രീയ്ക്ക് രണ്ടാമതൊരു രതി അനുഭവം കിട്ടണമെന്നില്ല. ഇതും ദാമ്പത്യത്തിലെ ഇഷ്‌ടക്കേട് വർദ്ധിപ്പിക്കുമെന്ന് മനസ്സിലാക്കുക.

രതിയ്ക്ക് ശേഷം ഓർഗാസം ലഭിച്ചാലും ഇല്ലെങ്കിലും ഭാര്യയെ കെട്ടിപ്പിടിച്ചു അൽപ്പം നേരം കിടക്കുക. ലിംഗം എടുക്കാതെ കുറച്ചു നേരം കൂടി കിടക്കുകയാണെങ്കിൽ അത് സ്ത്രീയ്ക്ക് വലിയ ആനന്ദം പകരുമെന്നാണ് മെഡിക്കൽ ജേണലുകൾ പറയുന്നത്. യോഗ ചെയ്യുന്ന പുരുഷന്മാർക്ക് ശുക്ലം പോയ ശേഷവും ഉടനെ മറ്റൊരു രതിയനുഭവം പകരാൻ സാധിക്കും. സ്റ്റാമിന മാത്രമല്ല, വീണ്ടും മടുപ്പില്ലാതെ പങ്കാളിയെ പ്രാപിക്കാനുള്ള മാനസികാരോഗ്യവും യോഗ ചെയ്യുന്നവരിൽ കണ്ടുവരാറുണ്ട്.

സഹ സന്തുഷ്ടി ഒരേ തരത്തിലുള്ള രതിയിൽ നിന്നും ജീവിതശൈലിയിൽ നിന്നും രൂപപ്പെട്ടു വരുന്ന സംഗതിയാണ്. മാനസികമായും ശാരീരികമായും പങ്കാളികൾ ഒരേപോലെ തയ്യാറാവുമ്പോഴാണ് ഇരുവരുടെയും രതി ആനന്ദകരവും വേദനാരഹിതവും ഒരിക്കലും അവസാനിക്കുകയില്ലെന്ന രീതിയിലും ആയി തീരുന്നത്.

സെക്സ് ശരീരത്തിൽ മാത്രമല്ല തലച്ചോറിലും സംഭവിക്കുന്നുണ്ടെന്നാണ് സൈക്യാട്രിസ്റ്റായ രൂപാലി ദേവി പറയുന്നത്. ഈ സ്നേഹം വളരെ ശക്തവും നിയന്ത്രിക്കാൻ ഇരുവർക്കും എളുപ്പമുള്ളതുമാണത്രേ. നല്ല ഭക്ഷണം, നല്ല മൂഡ്, നല്ല ആരോഗ്യം ഒക്കെ നല്ല സെക്‌സിനു അനുകൂലമാകുന്ന ഘടകങ്ങൾ ആണ്. നല്ല സെക്സ് മനസ്സിനും ശരീരത്തിനും ഉത്തേജനം നൽകുന്ന കാര്യമാണ്.

വിവാഹത്തിന്‍റെ ആദ്യ നാളുകളിൽ ഉള്ള സ്നേഹവും ലാളനയും വളരെ കൂടുതലായിരിക്കും. സമയം കടന്നു പോകുന്നതോടെ രതി നേർച്ച പോലെ ആയിത്തീരുന്നു. ഇങ്ങനെ സംഭവിക്കുന്നത് പല കാരണങ്ങൾ കൊണ്ടുമാകാം. പങ്കാളിയുടെ വൃത്തിക്കുറവ്, അനുകമ്പയില്ലായ്മ, മദ്യപാനം, പുകവലി തുടങ്ങിയവയൊക്കെ കാരണങ്ങൾ ആവാം. വ്യായാമക്കുറവും വില്ലനാണ്. മനസ്സിൽ എപ്പോഴും റൊമാൻസ് നിലനിർത്താൻ ആരോഗ്യം കാക്കുക തന്നെ വേണം.

രതി പല ഗുണങ്ങളും ജീവിതത്തിൽ ഉണ്ടാക്കുന്നുണ്ട്. അത് കേവലം സന്താനോൽപ്പാദനത്തിനു വേണ്ടി മാത്രമുള്ള പ്രക്രിയയല്ല. ലൈംഗിക കേളികൾ ഒരേ മുറിയിൽ അല്ലെങ്കിൽ ഒരേ സ്‌ഥലത്തും ഒരേ പൊസിഷനിൽ ദീർഘനാൾ ചെയ്യരുത്. കിടക്കവിരി മാറ്റുന്നതു പോലും നല്ലതാണ്. ചെറിയ ചെറിയ മാറ്റങ്ങൾ, വലിയ ഫലം ചെയ്യും. ഒരു ദിവസം നല്ല റൊമാന്‍റിക് പാട്ട് വച്ചുകൊണ്ട് രതിയിൽ ഏർപ്പെട്ടു നോക്കൂ. ഇങ്ങനെ ക്രിയാത്മകമായി ദാമ്പത്യരതി ആസ്വദിക്കുമ്പോൾ ജീവിതബന്ധം ദൃഢമാകും.

രതിയിലേർപ്പെടുമ്പോൾ ഒരിക്കലും ഗിൽറ്റി ഫിലീംഗ് പാടില്ല. മുമ്പും ശേഷവും. എല്ലാ ലൈംഗികബന്ധത്തിലും ഓർഗാസം പ്രതീക്ഷിക്കുകയുമരുത്. അത് പല ഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. എന്നാലും മാസത്തിൽ 3-4 തവണ സഹസുഖം ലഭിക്കുകയാണെങ്കിൽ അത് വളരെ ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന്‍റെ ലക്ഷണമാണ്.

ദാമ്പത്യരതി ഒരു ടീം ഗെയിം ആണ്. ഒരാൾ മാത്രം ഗോളടിക്കുന്നത് കളി വിരസമാക്കും. അതിനാൽ ഫോർപ്ലേയിലൂടെ ഇരുവരുടെയും മൂഡിനെ ഒരേ നിലവാരത്തിലേയ്ക്ക് കൊണ്ടുവരാൻ ശ്രമിക്കണം. ലാളന രതിയുടെ ആനന്ദ മാർഗ്ഗമാണ്.

ഫാഷൻ ലോകത്തെ ഫ്യൂഷൻ ഡ്രസ് കുലോട്ട്സ്

ക്രോപ്പ് ടോപ്പിനു ശേഷം ഇപ്പോൾ ഫാഷൻ ലോകത്ത് ക്രോപ്പ് പാന്‍റ്സിന്‍റെ വസന്തകാലമാണ്. ഇത്തരം ക്രോപ്പ് പാന്‍റ്സിന് ഒരു ഓമനപ്പേരുണ്ട് കുലോട്ട്സ്.

ഫാഷന്‍റെ ഈ പുത്തൻ ട്രെൻഡ് ചെറുപ്പക്കാർക്കിടയിൽ ഹോട്ട് താരമായിരിക്കുകയാണ്. ഏത് ബോഡി സ്റ്റൈലിനും നന്നായി ഇണങ്ങുമെന്നതാണ് കുലോട്ട്സിനെ പോപ്പുലറാക്കുന്നത്. പൊക്കം കൂടിയവർക്കും കുറഞ്ഞവർക്കും മെലിഞ്ഞവർക്കും തടിയുള്ളവർക്കുമെല്ലാം കുലോട്ട്സ് പെർഫക്‌റ്റ് വേഷമാണ്. ആദ്യമായി അണിയുമ്പോഴുള്ള സങ്കോചം ഒഴിവാക്കാൻ പ്രിൻഡ് കുലോട്ട്സ് വാങ്ങുന്നതിന് പകരം സിംഗിൾ ഡാർക്ക് കളർ കുലോട്ട്സ് വാങ്ങാം. ഉദാ: ബ്ലാക്ക്, നീല, ചാരനിറം

കുലോട്ട്സ് എന്തിനൊപ്പം അണിയാം

കുലോട്ട്സ് ഏതുതരം ടോപ്പിനൊപ്പവും ധരിക്കാം. സ്വന്തമിഷ്ടം ഈ കാര്യത്തിൽ പരിഗണിക്കാം. ഏത് ലുക്കിലാണ് വേണ്ടതെന്നതിനെ ആശ്രയിച്ചിരിക്കുമത്. ഹൈ വെസ്‌റ്റ് കുലോട്ട്സ് ആണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ഇതിനെ സ്റ്റൈലിഷ് ക്രോപ്പ് ടോപ്പിന് ഒപ്പം ധരിക്കാം. ഇതിന് പുറമെ നിങ്ങൾ ലോ വേസ്റ്റ് ആങ്കിൾ ലെംഗ്ത് കുലോട്ട്സ് ആ് തെരഞ്ഞെടുത്തിരിക്കുന്നതെങ്കിൽ നീ ലെംഗ്ത് കുർത്ത അണിയാം. കുർത്ത സ്റ്റൈൽ നിങ്ങൾക്ക് വെസ്റ്റേൺ എത്ത്നിക്ക് ഫ്യൂഷൻ ലുക്ക് നൽകും.

എ ലൈൻ സ്കർട്ടോടു കൂടിയ കുലോട്ട്സും ഇപ്പോൾ ഫാഷൻ ട്രെൻഡിലുണ്ട്. ഫോർമൽ അല്ലെങ്കിൽ സ്റ്റൈലിഷ് ഷർട്ടിനൊപ്പം ഇത് ധരിക്കാം. ഫാഷൻ ട്രെന്‍റുകളിൽ എല്ലാവരുടെയും ഫസ്റ്റ് ചോയിസായി മാറിയ ജ്വല്ലേഡ് ടോപ്പും കുലോട്ട്സിനൊപ്പം അണിയുന്നത് സ്റ്റൈലിഷ് ലുക്ക് പകരും.

എപ്പോൾ എവിടെ അണിയാം

പല ലെംഗ്ത്, സ്റ്റൈൽ, പാറ്റേൺ എന്നിവയിലുള്ള കുലോട്ട്സ് സ്റ്റൈലിഷ് ആണെന്ന് മാത്രമല്ല അണിയാനും കംഫർട്ടിബിളാണ്. ഏത് സ്‌ഥലത്തും അനായാസം കാരി ചെയ്യാം. പ്രത്യേകിച്ചും വേനൽക്കാലത്ത് ഇതേറ്റവും സുഖപ്രദമായ വസ്‌ത്രമാണ്. ഡേ പാർട്ടി, നൈറ്റ് ഔട്ടിംഗ് തുടങ്ങി ഓഫീസിൽ വരെ അണിഞ്ഞു പോകാവുന്ന കംഫർട്ടിബിൾ ഡ്രസ്സാണിത്.

ഓഫീസിൽ കുലോട്ട്സ് അണിഞ്ഞു പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഫോർമൽ ലുക്കിലുള്ള കുലോട്ട്സ് തെരഞ്ഞെടുക്കാം. ഫോർമൽ ഷർട്ടിനൊപ്പമോ ടോപ്പിനൊപ്പമോ ഇത് അണിഞ്ഞാൽ സ്റ്റൈലിഷ് ഇമേജാവും കിട്ടുക. ഫോർമൽ ലുക്കിനായി നിങ്ങൾ മോണോക്രൊമാറ്റിക് കളറിലുള്ള കുലോട്ട്സും ട്രൈ ചെയ്യാം. ഇതിനൊപ്പം ബ്ലേസറും ധരിക്കാം. ബ്ലേസറും കുലോട്ട്സും ചേർന്ന കോമ്പിനേഷൻ കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും യഥാർത്ഥത്തിൽ മികച്ച സ്റ്റൈലിഷ് പ്രൊഫഷണൽ ലുക്കാവും ലഭിക്കുക.

ബോളിവുഡ്‌ഡിലെ കുലോട്ട്സ് മാജിക്ക്

പികു എന്ന സിനിമയിൽ ആദ്യ കുറേ സീനുകളിൽ ദീപിക പദുക്കോൺ കുലോട്ട്സ് അണിഞ്ഞാണ് പ്രത്യക്ഷപ്പെടുന്നത്. നീ ലെംഗ്ത് കുർത്തികൾക്കൊപ്പം അണിയുന്നതായിരുന്നു അപ്പോഴത്തെ ട്രെൻഡ്. ദീപികയെ കൂടാതെ ആലിയാ ഭട്ട് ഷാൻദാർ എന്ന ചിത്രത്തിന്‍റെ പ്രോമോയ്ക്കായി ഫോർമൽ ലുക്ക് കുലോട്ട്സിലാണ് പ്രത്യക്ഷപ്പെട്ടത്.

സ്റ്റൈലിഷ് പാന്‍റായ കുലോട്ട്സ് ഇപ്പോൾ ബോളിവുഡ് താരങ്ങളുടെ പ്രിയ വേഷമായി മാറിയിരിക്കുകയാണ്.

ഫാഷൻ ഡിസൈനർമാരിൽ പലരും കുലോട്ട്സിനെ പുതിയൊരു വേഷമായി അംഗീകരിക്കുന്നില്ലെന്നതാണ് വാസ്തവം. കുലോട്ട്സ് ഫാഷൻ 70 കളിൽ പ്രചാരത്തിലുണ്ടായിരുന്നുവത്രേ. ഇപ്പോഴത് ഒന്ന് മിനുങ്ങി പുത്തൻ സ്റ്റൈലിൽ മടങ്ങിയെത്തിയിരിക്കുന്നുവെന്ന് മാത്രം.

കുലോട്ട്സിന്‍റെ ചരിത്രം

സ്കർട്ടിന്‍റെ ഇമേജുള്ള കുലോട്ട്സ് യഥാർത്ഥത്തിൽ ഒരു ഷോർട്ട് പാന്‍റുപോലെയാണ്. ഫ്രാൻസിലെ ഹെൻറി മൂന്നാമന്‍റെ ഭരണകാലത്ത് ഏറെ പ്രചാരത്തിലുണ്ടായിരുന്ന ഒരു വേഷമായിരുന്നുവത്രേ ഇത്. അതിനു ശേഷം വിക്ടോറിയൻ കാലഘട്ടത്തിൽ പാന്‍റിടാനുള്ള സ്വാതന്ത്യ്രത്തിനായി സ്ത്രീകൾ ആവശ്യപ്പെടുകയുണ്ടായി. ആ സമയത്ത് സ്കർട്ട് ഇമേജുള്ള കുലോട്ട്സ് ഏറെ ജനപ്രിയമായി മാറി. അന്നു മുതൽ ഇന്നു വരെ ഈ വേഷത്തിന്‍റെ ഫാഷനിലും സ്റ്റൈലിലും പാറ്റേണിലുമെല്ലാം ധാരാളം മാറ്റങ്ങൾ വന്നു. കുലോട്ട്സ് ഫാഷൻ കഴിഞ്ഞ വർഷം മുതൽ ഫാഷനിസ്‌റ്റുകളുടെ ലിസ്‌റ്റിൽ സ്‌ഥാനം പിടിച്ചിരിക്കുകയാണ്.

ശ്രദ്ധിക്കുക

  • പൊക്കം കുറഞ്ഞ പെൺകുട്ടിക്കാണ് കുലോട്ട്സ് ധരിക്കേണ്ടതെ ങ്കിൽ ആങ്കിൾ ലെംഗ്ത് തെരഞ്ഞെടുക്കാം. ഹൈഹീൽസീനൊപ്പമോ ഫ്ളാക്‌സിനൊപ്പമോ ഇതണിയാം. സ്റ്റൈലിഷ് ലുക്ക് ലഭിക്കും.
  • പൊക്കം കൂടിയവർക്കാകട്ടെ ബോട്ടം ഫ്ളയർ ലുക്കുള്ള കുലോട്ട്സ് ആവും കൂടുതൽ ഇണങ്ങുക. മെലിഞ്ഞവർക്ക് മിഡ് ലെംഗ്ത് കുലോട്ട്സ് സ്റ്റൈലിഷ് ലുക്ക് പകരും. ടീ സ്ട്രാപ്പ് ഷൂസ് അല്ലെങ്കിൽ പീപ്പ് ടോപ്പോ ധരിക്കുക.
  • നിങ്ങളുടെ കയ്യിൽ ബ്ലാക്ക് കുലോട്ട്സ് ആണെങ്കിൽ വൈറ്റ് ടാങ്ക് ടോപ്പ് അല്ലെങ്കിൽ വൈറ്റ് ജമ്പറിനൊപ്പമോ ധരിക്കുക. വളരെ ട്രെൻഡിയാണ് ഈ കോമ്പിനേഷൻ.

കഥകളി

അനുപമ നന്നേ നേരം പുലർന്ന ശേഷമാണ് എഴുന്നേറ്റത്. ഇന്ന് വളരെ നേരത്തെ തന്നെ ഓഫീസിൽ പോകണം എന്നാണ് കരുതിയത്. പക്ഷേ നടപ്പില്ലെന്ന് തോന്നുന്നു. അവൾ വേഗം കയ്യും കാലും കഴുകി പല്ല് തേച്ച് എത്തിയപ്പോൾ ഊണ് മേശയിൽ കട്ടൻചായ റെഡി. അവൾ അടുക്കളയിൽ എത്തിനോക്കി. സ്റ്റൗ അടുപ്പ് കത്തിച്ചു പലഹാരത്തിനും ഉച്ചയൂണിനും ഉള്ള ഒരുക്കങ്ങൾ നടക്കുന്നതേ ഉള്ളൂ. ഇപ്പോൾ 7.30 കഴിഞ്ഞു. 8.30 നുള്ള ബസ്സിൽ പോക്ക് നടക്കുമോ?

കഥകളി കണ്ടു രാത്രി നന്നേ താമസിച്ചാവും അമ്മ വന്നത്. തനിക്ക് കൂട്ടുകിടക്കാൻ വന്ന കമലമ്മയും പോയതിനു ശേഷമാവും അമ്മ എത്തിയത്. അവൾക്ക് അതിശയം തോന്നി. അമ്മയുടെ ഈ കഥകളി ഭ്രാന്ത്. കൂടുതൽ ആലോചിച്ച് നിന്നാൽ തന്‍റെ തലയ്ക്ക് ചൂടുപിടിക്കുമെന്നുള്ളത് കൊണ്ട് അവൾ വേഗം പോയി കുളിച്ചുവന്നു.

അവൾക്ക് ഇഷ്ടപ്പെട്ട സ്പെഷ്യൽ ഉപ്പുമാവ് ആവി പറത്തി മേശമേൽ വച്ചിട്ടുണ്ടായിരുന്നു. കപ്പലണ്ടിയും ഉണക്കമുന്തിരിയും ചേർത്ത ചൂട് ഉപ്പു മാവ് പഞ്ചസാര വിതറി അവൾ വേഗം കഴിച്ചു.

“മോളെ ചോറ് ഇപ്പോ കെട്ടിത്തരാം, ഇന്നലെ കഥകളി കണ്ടു മടങ്ങി വന്നപ്പോൾ ലേശം വൈകി” അമ്മ പറഞ്ഞു.

“ചോറ് വേണ്ട. ബസ് പോകും” അവൾ വേഗം കുടയും എടുത്ത് ഇറങ്ങിയോടി. കൂടുതൽ മിണ്ടിയാൽ താൻ എന്തെങ്കിലും പറയും എന്നുതോന്നിയതിനാൽ ആണ് അവൾ അങ്ങനെ ചെയ്തത്.

പുറകെ നിന്ന് എന്തോ അമ്മ പറയുന്നതു കേട്ടു. അതുകേൾക്കാതെ അവൾ നടന്നു. ബസ്സിൽ കയറിയിട്ടു അവൾ അമ്മയെക്കുറിച്ച് ആലോചിക്കുകയായിരുന്നു.

അമ്മ ഒരു വിചിത്രജീവി ആണ് എന്നും ഒരു പ്രത്യേകതരം മാനസികരോഗി ആണോ എന്നും മറ്റും അവള് ചിന്തിച്ചുപോയി. ഇടയ്ക്കു ഓഫീസിലെ ഉറ്റ കൂട്ടുകാരി സുലക്ഷണ പറയാറുള്ള കാര്യം അവൾ ഓർത്തു. തന്‍റെ അമ്മയ്ക്ക് കഥകളി ഭ്രാന്തിനുള്ള ചികിത്സ നടത്തണം. അവൾക്ക് വീണ്ടും അമ്മയോട് എന്തെന്നില്ലാത്ത അരിശം തോന്നി.

ഓഫീസിൽ എത്തിച്ചേർന്നപ്പോൾ അവൾ ജോലിത്തിരക്കിൽ മുങ്ങിപ്പോയതിനാൽ കഥകളിയുടെയോ അമ്മയുടെ കാര്യമോ ഓർത്തില്ല. ഉച്ചയ്ക്ക് സുലക്ഷണ വീട്ടിൽ പോയതിനാൽ താൻ ചോറ് കൊണ്ടുവരാത്ത കാര്യം സുലക്ഷണ അറിഞ്ഞതുമില്ല.

വൈകുന്നേരം അവൾ വീട്ടിൽ എത്തിയപ്പോൾ വീട് പൂട്ടിയിട്ടിരിക്കുന്നു. അവൾക്ക് പേടിയായി. അമ്മ എവിടെ പോയി എന്ന് കരുതി നിൽക്കുമ്പോൾ കമലമ്മ താക്കോൽ കൊണ്ട് തന്നു.

“അമ്മ ചിറക്കല് പോയി” അവൾ വേഗം വീട്ടിലേക്ക് കയറി. കുളിച്ച് ഡ്രസ് മാറി വന്നു ഫ്ളാസ്കിലെ ചൂട് ചായ കുടിച്ചു ഇലയിൽ മൂടി വച്ചിരുന്ന ഒരു മുറുക്ക് എടുത്ത് കഴിച്ചു. ആഴ്ചപ്പതിപ്പും പത്രവുമായി അവൾ റൂമിൽ പോയി. കുറച്ചു സമയം കഴിഞ്ഞു അമ്മ വന്നപ്പോൾ അവൾ അടുക്കളയിൽ ചെന്നു. എന്തോ പണിയിൽ ആണ് അമ്മ. അവളെ കണ്ടപ്പോൾ അമ്മ ഒന്നു വിസ്തരിച്ചു ചിരിച്ചു.

“മോളെ ഇന്ന് ചോറ് കൊണ്ട് പോകാൻ പറ്റിയില്ല അല്ലേ, കഷ്ടമായി? മോള് എന്ത് കഴിച്ചു” അമ്മ ചോദിച്ചു. അവളത് കേട്ടതായി നടിച്ചില്ല.

“അമ്മ എവിടെ പോയിരുന്നു” എന്നുചോദിച്ചു കൊണ്ട് അവൾ അടുക്കളയിലെ മേശപ്പുറത്ത് കയറി ഇരിന്നു.

“കമല ഒന്നും പറഞ്ഞില്ലേ?” അവൾ വെറുതെ തലയാട്ടി.

“വസുന്ധര വന്നിട്ടുണ്ട് ബോംബെയിൽ നിന്ന്. ഏറെ ദിവസമായി വന്നിട്ട്. എന്നെ അവൾ എത്ര ആൾക്കാരെ വിട്ട് വിളിപ്പിച്ചുവെന്ന് അറിയാമോ” പഴയ കളിക്കൂട്ടുകാരിയെക്കുറിച്ച് അമ്മ പറഞ്ഞുകൊണ്ടിരുന്നു. അവൾ ചിരിച്ചു.

അമ്മ അവളുടെ ഓഫീസിലെ വിശേഷങ്ങൾ എല്ലാം ഓരോന്നായി ചോദിച്ചുകൊണ്ടിരുന്നു. അപ്പോഴേക്കും ആവി പറക്കുന്ന ഉരുളക്കിഴങ്ങ് മെഴുക്കുവരട്ടിയും വെളുത്തുള്ളി, കായം, കുരുമുളക് എന്നിവ ഇട്ട ധാരാളം മല്ലിയില ഇട്ടു തിളപ്പിച്ച രസം കടുക് പൊട്ടിച്ചശേഷം ചോറിനൊപ്പം വിളമ്പി. അനുപമയും അമ്മയും ഒരുമിച്ചു ഇരുന്നു ഓരോ വിശേഷം പറഞ്ഞു കഴിച്ചു കൊണ്ടിരുന്നു. അപ്പോഴാണ് അമ്മ ഒരു കാര്യം പറഞ്ഞത്.

“മോളെ ചിറക്കല് അമ്പലത്തിലെ ഉത്സവം ആണ്, നീ അറിഞ്ഞില്ലേ” കഴിച്ചു കൊണ്ടിരുന്ന ചോറ് തൊണ്ടയിൽ തടഞ്ഞതു പോലെ തോന്നി അവൾക്ക്. ഇത്രയും അമ്പലങ്ങൾ എവിടെ നിന്ന് വന്നു. ഇവിടെ എല്ലാം കഥകളി മാത്രം അവതരിപ്പിക്കാൻ കാരണം എന്തെ എന്നാണ് അനുപമ ആലോചിച്ചുകൊണ്ടിരു ന്നത്.

“കമലമ്മ ഇന്ന് വരും. ഞാനും വസുന്ധരയും കൂടെ ഉത്സവം കണ്ടേ മടങ്ങു. അവിടെ കഥകളി ഉണ്ട്. ഇന്ന് ദുര്യോധന വധം ആണ്.” ലോകത്തിലെ എല്ലാ കഥകളികാരെയും അമ്പലക്കമ്മിറ്റിക്കാരെയും അവൾ മനസ്സാലെ ശപിച്ചുകൊണ്ടിരുന്നു.

“മോൾ നേരത്തെ കിടന്നോ… ഞാൻ പോയിട്ട് വരാം.” ഞാൻ കടയിൽ പോയിട്ട് വരാം എന്ന് പറയും പോലെയായിരുന്നു അത്. പിന്നെ അവൾ ഒന്നും കേട്ടില്ല. അവൾ വേഗം മുറിയിൽ പോയി കിടന്നു.

അവൾക്ക് ആരോടെല്ലാമോ അരിശം തോന്നി. പിറ്റേന്ന് അവൾ എഴുന്നേറ്റതു ഒരു പുതിയ തീരുമാനം എടുത്തുകൊണ്ടാണ്. എങ്ങനെയെങ്കിലും അമ്മയുടെ കഥകളി ഭ്രാന്തിന് ഒരു തിരിച്ചടി കൊടുക്കണം.

അവൾക്ക് എന്തോ ഒരു വാശി തോന്നി. അമ്മ നേരത്തെ എഴുന്നേറ്റു അടുക്കളപ്പണി തുടങ്ങി. അവൾ നേരെ അടുക്കളയിൽ ചെന്ന് അമ്മ എന്തെങ്കിലും പറയും മുമ്പേ പറഞ്ഞു.

“ഇന്ന് ചോറും വേണ്ട പലഹാരവും വേണ്ട. സുലക്ഷണയുടെ വീട്ടിൽ ഒരു വിശേഷം ഉണ്ട്.”

“ഇന്നലെ നീ ഒന്നും പറഞ്ഞില്ല മോളെ. എന്താ അവിടെ വിശേഷം”

“സുലക്ഷണയുടെ കല്യാണ നിശ്ചയം” അങ്ങനെ പറയാനാണ് അവൾക്കു തോന്നിയത്. എന്തായാലും അത് അടുത്ത മാസം ഉണ്ട്. അവൾ പോകാനുള്ള ഒരുക്കം തുടങ്ങി. അവളുടെ മനസ്സിൽ അപ്പോഴും അമ്മയോടുള്ള അരിശം കെട്ടടങ്ങിയിരുന്നില്ല.

ബാങ്ക് കവലയിൽ എത്തിയത് നേരത്തെ ആയിപ്പോയി. ബാങ്ക് കവലയിലെ പതിവ് വായ് നോക്കികൾ ആരും എത്തിയിട്ടില്ല. ഓഫീസിൽ ചെന്നിട്ട് അവൾ അബ്ദുവിനെ വിട്ടു രണ്ട് വടയും ചായും മേടിച്ചു കഴിച്ചു. ഉച്ചയ്ക്ക് അവൾ സുലക്ഷണയുടെ വീട്ടിൽ പോയി ഉണ് കഴിച്ചു.

“എത്ര ദിവസമായി ഞങ്ങൾ പറയുന്നു ഒരു ദിവസം ഇവിടെ തങ്ങാൻ. വീട്ടിൽ അടച്ചു കൂടി ഇരുന്ന് മടുത്തില്ലേ” സുലക്ഷണയുടെ മുത്തശ്ശനും അമ്മയും അച്ഛനും വീണ്ടും വീണ്ടും നിർബന്ധിച്ചു. ഇത് നല്ല ഒരു അവസരം ആണെന്ന് അവൾക്കും തോന്നി.

അനുപമ വീടിനു അടുത്തുള്ള സുജ സ്റ്റുഡിയോയിൽ വിളിച്ചു. അവളുടെ കൂടെ പഠിച്ച സുജയുടെ ചേട്ടന്‍റെ സ്റ്റുഡിയോ ആണത്. താൻ സുലക്ഷണയുടെ വീട്ടിൽ ആണ് ഇന്ന് വരില്ല എന്ന് അമ്മയോട് അറിയിക്കുവാൻ പറഞ്ഞു. അയാൾ കൂടുതൽ എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പ് അവൾ ഫോൺ കട്ട് ചെയ്തു.

അമ്മ ഇന്നു കഥകളിയ്ക്ക് പോട്ടെ എന്ന് അവൾ അരിശത്തോടെ ഓർത്തു. സുലക്ഷണയുടെ വീട് ഒരു ബംഗ്ലാവ് ആയിരുന്നു. എത്ര ബന്ധുക്കൾ. എല്ലാവരും തമ്മിൽ എന്ത് സ്നേഹം! സമയം വേഗം പോകുന്നതുപോലെ തോന്നി. പക്ഷേ സന്ധ്യ ആയപ്പോൾ അവൾക്ക് ആകെ ഒരു മൂഡ് ഔട്ട് തോന്നി. വീട്ടിൽ പോകണം എന്നു തോന്നി.

സുലക്ഷണയുടെ പ്രതികരണം ആലോചിച്ച് അവൾ ആ ചിന്ത മാറ്റിവച്ചു. അടുത്ത ദിവസം അതിരാവിലെ തന്നെ പുറപ്പെട്ടു. സുലക്ഷണയും അമ്മയും അവളോട് ഭക്ഷണം കഴിഞ്ഞ് പോയാൽ മതി എന്നു പറഞ്ഞു. എന്നാലും അവൾ തിടുക്കത്തിൽ ഇറങ്ങി. ഒറ്റയ്ക്ക് വീട്ടിൽ ഇരിക്കുന്ന അമ്മയെ ഓർത്തപ്പോൾ അവൾക്ക് ലേശം വല്ലായ്കയും ഒപ്പം കുറ്റബോധവും തോന്നി.

വീട്ടിൽ ചെന്നപ്പോൾ ആരെയും കണ്ടില്ല. കതക് തുറന്നിട്ടു മുറിയിൽ കിടക്കുന്ന അമ്മ. അവൾക്ക് അമ്മയോട് ഉള്ള അരിശം വീണ്ടും തലപൊക്കി. ഇന്നലെയും കഥകളി കണ്ട് താമസിച്ചു വന്നു കിടന്നതാവും. ഇന്ന് വരണ്ടായിരുന്നു. അമ്മയ്ക്ക് കഥകളി ഉണ്ടല്ലോ കൂട്ടിന്.

“മോളെ അമ്മയ്ക്ക് പനി കുറവുണ്ടോ” കമലമ്മ കുറച്ചു കഞ്ഞിയും ആയി വന്നു ചോദിച്ചു.

“പനിയോ അമ്മയ്ക്ക്” അത് എന്തോ ഒരു അവിശ്വസനീയമായ സംഗതി ആണ് എന്ന മട്ടിൽ അവൾ ചോദിച്ചു.

“ഇന്നലെ മോൾ പോയ ശേഷം ഉച്ചമുതൽ നല്ല പനി ആയിരുന്നു. നിന്നെ വിളിക്കണ്ട എന്നു പറഞ്ഞു. അതാ വിളിക്കാഞ്ഞത്.. കുട്ടുകാരിയുടെ കല്യാണ നിശ്ചയത്തിനു പോയതല്ലേ നീ.” അവൾ ഒന്നും കേട്ടില്ല.

പാവം എന്‍റെ അമ്മ എന്ന് അവളുടെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. അവൾ അമ്മയുടെ മുറിയിൽ ഓടിക്കയറി. അമ്മ ചെറിയ മൂളലും ഞെരുങ്ങലുമായി കിടക്കുന്നു. അവൾ അടുത്തു ചെന്നപ്പോൾ അമ്മ കണ്ണ് തുറന്നു.

“നീ വന്നോ?” അമ്മ കട്ടൻ ചായ ഉണ്ടാക്കാം എന്നു പറഞ്ഞു ചാടി എഴുന്നേറ്റു.

“വേണ്ട അമ്മേ” അവൾ പറഞ്ഞു. ഞാൻ കഴിച്ചു. അമ്മ വിശ്വാസമില്ലാത്ത മട്ടിൽ നോക്കി.

“അമ്മ കിടന്നോളൂ. പനി കുറവുണ്ടോ?” അമ്മ മൂളി.

“കമല നിന്നോട് പറഞ്ഞോ?” അവൾ തലയാട്ടി.

“ഞാൻ കഷായം കഴിച്ചു. നല്ല കുറവ് ഉണ്ട്” അമ്മ ഒരിക്കലും ഇംഗ്ലീഷ് മരുന്ന് കഴിക്കില്ല എന്ന് അവൾ ഓർത്തു.

അവൾ അമ്മയെ തന്നെ ഉറ്റുനോക്കി. പാവം എന്‍റെ അമ്മ. എനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മ. കുഞ്ഞുന്നാളിലെ അച്ഛൻ മരിച്ചു പോയ തന്നെ ഇത്രയും വളർത്തി വലുതാക്കിയ എന്‍റെ അമ്മ.

നാട്ടിൽ ഒരാൾ പോലും ഒരു കുറ്റവും പറയാത്ത സ്ത്രീ. അതെ എല്ലാവർക്കും പ്രിയപ്പെട്ടവൾ തന്നെ. സിനിമ കാണാറില്ല. പരദൂഷണം ഇല്ല. ആകെ ഉള്ളത് കഥകളി കാണണം എന്ന് ഉള്ളത് മാത്രമാണ്. അത് അമ്മയ്ക്ക് എത്രമാത്രം സന്തോഷം കിട്ടുന്ന കാര്യം ആണ് എന്ന് ഇതുവരെയും തനിക്ക് മനസ്സിലായില്ല എന്ന് അവൾ ഓർത്തു.

ആ സന്തോഷം അമ്മയ്ക്ക് കിട്ടുന്നതിനു താൻ ഇത്രയും ദിവസം അരിശം കാണിച്ചതിൽ അവൾക്ക് ലജ്‌ജ തോന്നി. തനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന തന്‍റെ അമ്മ. പെട്ടെന്ന് അവൾക്ക് കരച്ചിൽ വന്നു. പതുക്കെ അവൾ ചോദിച്ചു.

“ചിറക്കലെ ഉത്സവം കഴിഞ്ഞോ” അമ്മയുടെ കണ്ണിൽ എവിടെ നിന്നോ ഒരു തിളക്കം വന്നത് അവൾ കണ്ടു. ഉത്സവത്തെപ്പറ്റിയും കഥകളിയെപ്പറ്റിയും അമ്മ വാചാലയാവുന്നത് അവൾ അതിശയത്തിൽ കേട്ടിരുന്നു.

ഇത്രയും കാലവും താൻ ചോദിക്കാത്തതിനാലാണ് അമ്മ അതൊന്നും തന്നോട് പറയാഞ്ഞത് എന്ന് അവൾക്കും തോന്നി. അല്ലാതെ കഥകളിയോടുള്ള തന്‍റെ വിരോധത്തിനെക്കുറിച്ച് അമ്മയ്ക്ക് ഒരു അറിവും ഇല്ല എന്ന് അവൾക്ക് മനസ്സിലായി. അത് അവൾക്ക് ആശ്വാസകരമായി തോന്നി.

തന്‍റെ ഓരോ ദിവസത്തെയും കൊച്ചു കൊച്ചു വിശേഷങ്ങൾ തിരക്കുന്ന അമ്മയോട് ഒരു വിശേഷവും ഇന്നേവരെ താൻ തിരക്കാറില്ലായിരുന്നു എന്ന് അവൾ ഓർത്തു. അവൾ വെറുതെ അമ്മയുടെ കൈപ്പത്തിയിൽ തലോടി കൊണ്ടിരുന്നു. അവൾക്ക് എവിടെയെങ്കിലും പോയി പൊട്ടിക്കരയണം എന്ന് തോന്നി. പിന്നെ ആവട്ടെ അവൾ സ്വയം പറഞ്ഞു.

ശീമപ്ലാവിന്‍റെ അടുത്തോ ജാമ്പ മരച്ചുവട്ടിലോ എവിടെയെങ്കിലും ആവട്ടെ. അപ്പോഴും അമ്മ കീചക വധം കഥകളിയെപ്പറ്റി പറയുകയായിരുന്നു. അവൾ വെറുതെ കേട്ടിരുന്നു. പക്ഷേ എത്ര ശ്രമിച്ചിട്ടും ഒരു ചെറിയ കണ്ണുനീർ തുള്ളി അവളുടെ കണ്ണിൽ നിന്ന് അമ്മയുടെ കൈത്തണ്ടയിൽ പതിച്ചത് അമ്മ അറിഞ്ഞില്ല, ഭാഗ്യം!

ആർട്ട് ദുന്ദു

ബംഗ്ലൂരുവിൽ വിഷ്വൽ കമ്മ്യൂണിക്കേഷന് പഠിച്ചു കൊണ്ടിരുന്നപ്പോൾ ഒരു സിനിമ സംവിധായികയാകണമെന്ന സ്വപ്നം കണ്ടു നടന്നിരുന്ന പെൺകുട്ടിയായിരുന്നു കണ്ണൂർ സ്വദേശിയായ ദുന്ദു രൻജീവ്. എന്നാൽ യാദൃശ്ചികമായി ഒരു നാൾ സിനിമ ആർട്ട് ഡയറക്ഷനിലേക്ക് എൻട്രി ചെയ്യുകയായിരുന്നു ദുന്ദു. തീരെ പരിചിതമല്ലാത്ത ആ മേഖലയിലേക്ക് കടന്ന് ചെന്ന് പതിയെ ഇഷ്‌ടപ്പെട്ടു തുടങ്ങുകയായിരുന്നു.

ആ ഇഷ്ടം ചെന്നെത്തിയതോ എക്രോസ് ദി ഓഷ്യൻ, ലില്ലി എന്നീ സിനിമകളുടെ സ്വതന്ത്ര കലാസംവിധായിക പദവിലേക്കും. ഈ സിനിമകൾ ചെയ്യും മുമ്പ് അദർ ലൗവ് സ്റ്റോറി എന്ന ഹിന്ദി വെബ്സീരിസിനു വേണ്ടി ആദ്യമായി സ്വതന്ത്ര കലാസംവിധാനം ചെയ്‌തിരുന്നു.

എൻട്രി ടു ആർട്ട് ഡയറക്ഷൻ

ബംഗ്ലൂരുവിൽ വിഷ്വൽ കമ്മ്യൂണിക്കേഷന് ഇന്‍റേൺഷിപ്പ് ചെയ്‌തു കൊണ്ടിരുന്ന സമയത്താണ് “നിനക്ക് ആർട്ട് ഡയറക്ഷൻ എന്തു കൊണ്ട് ചെയ്‌തു കൂടാ. നീ നന്നായി പെയ്ന്‍റിംഗ് ഒക്കെ ചെയ്യുന്നുണ്ടല്ലോ” എന്ന് എന്‍റെ പ്രൊഫസർ ചോദിച്ചത്. ആർട്ട് ഡയറക്ഷൻ ചെയ്യാൻ പറ്റുമെന്ന വിശ്വാസം എന്നിലുണ്ടാക്കിയത് പ്രൊഫസറാണ്. അങ്ങനെ ഞാൻ ബംഗ്ലൂരുവിൽ ചില പരസ്യ കമ്പനികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങി.

സിനിമയിൽ എത്തിയ വഴി

100 ഡേയ്സ് ഓഫ് ലവിലാണ് ഞാൻ അസിസ്റ്റന്‍റായി എത്തുന്നത്. നടൻ സന്തോഷ് കീഴാറ്റൂരാണ് എന്നെ അജിത് മങ്ങാടിനെ പരിചയപ്പെടുത്തി തന്നത്. 100 ഡേയ്സ് ഓഫ് ലവിന്‍റെ സെറ്റിലെത്തുമ്പോൾ ഒരു പിടിയുമുണ്ടായിരുന്നില്ല. നമ്മൾ വിചാരിക്കുന്നതൊന്നുമല്ല നടന്നു കൊണ്ടിരിക്കുന്നത്. ആർട്ട് ഡയറക്ഷൻ എന്ന് പറയുന്നത് നമ്മൾ സ്കെച്ച് ചെയ്‌ത് കൊടുക്കുന്നതൊക്കെയാണ് എന്നായിരുന്നു വിചാരമെങ്കിലും അതെന്താണെന്ന് എനിക്ക് അറിയാം. ലൊക്കേഷനിലെത്തിയപ്പോഴാണ് ആ ഫീൽഡിലുള്ളവരെ പരിചയപ്പെടുന്നതും ആർട്ട് ഡയറക്ഷനെക്കുറിച്ച് മനസ്സിലാക്കുന്നതും. അതിലൊരു പാട് കാര്യങ്ങൾ പഠിക്കാനുണ്ട്. നമ്മൾ പുറത്ത് നിന്നും കാണുന്ന പോലെയല്ല ആർട്ട് ഡയറക്ഷൻ.

ആദ്യമൊക്കെ വലിയ പേടി തോന്നി. എങ്ങനെ ഇത്രയും പേരെ മാനേജ് ചെയ്യും. വർഷങ്ങളായി സ്ട്രഗിൾ ചെയ്യുന്ന എത്രയോ പേർ ഈ രംഗത്തുണ്ട്. അവരൊന്നും തന്നെ സ്വതന്ത്ര കലാസംവിധായകരായിട്ടുമില്ല. അതൊക്കെ ഓർത്തപ്പോൾ ടെൻഷൻ തോന്നി. അഞ്ചാറ് ദിവസം യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. പടത്തിന്‍റെ അസോസിയേറ്റ് ആർട്ട് ഡയറക്ടറായിരുന്ന നിമേഷ് താനൂർ ഓരോന്ന് പഠിപ്പിച്ച് തന്നു. പഠിക്കാൻ ഇന്‍ററസ്റ്റുമുണ്ടായിരുന്നു.

പിന്നീട് ബംഗ്ലൂരുവിൽ പരസ്യത്തിന്‍റെ വർക്ക് വരുമ്പോൾ നിമേഷ് എന്നെ വിളിക്കുമായിരുന്നു. ചെയ്യാൻ താൽപര്യമുണ്ടോയെന്ന് ചോദിക്കും. എക്സാമൊക്കെ കഴിഞ്ഞ് ഫ്രീയായിരിക്കുന്ന സമയമായിരുന്നു അപ്പോൾ. വർക്കും ചെയ്യാം പ്രതിഫലവും കിട്ടും. ബംഗ്ലൂരുവിൽ യാത്ര ചെയ്യുന്ന സമയത്ത് ആർട്ട് ഡയറക്ഷനുമായി ബന്ധപ്പെട്ട ഓരോ അനുഭവങ്ങൾ നിമേഷേട്ടൻ പറയും. അതിനകത്തുള്ള ഫണ്ണും ത്രില്ലും എക്സൈറ്റുമെന്‍റുമൊക്കെ… അങ്ങനെ എനിക്ക് ഈ ഫീൽഡുമായി മെല്ലെ താൽപര്യം തോന്നിത്തുടങ്ങി.

വികെപി സംവിധാനം ചെയ്‌ത റോക്ക്സ്റ്റാറിൽ നിമേഷേട്ടൻ സ്വതന്ത്ര ആർട്ട് ഡയറക്ടറായിരുന്നു. അങ്ങനെ അതിലും വർക്ക് ചെയ്‌തു. തുടർന്ന് എനിക്ക് ശ്രീനിവാസന്‍റെ പവിയേട്ടന്‍റെ മധുരച്ചൂരൽ എന്ന ചിത്രത്തിൽ അസിസ്റ്റന്‍റ് ഡയറക്ടറായി വർക്ക് ചെയ്യാനുള്ള ഭാഗ്യവും കിട്ടി. എന്‍റെ നാട്ടിലുള്ളവർ തന്നെയാണ് ആ സെറ്റിലുണ്ടായിരുന്നത്. എല്ലാവരും പരിചയക്കാർ. അതുകൊണ്ട് ആ സിനിമയിൽ വർക്ക് ചെയ്യാൻ വലിയ താൽപര്യമായിരുന്നു. ആ പടത്തിൽ അസിസ്റ്റ് ചെയ്യുന്നതിനിടെയാണ് ഗ്രേറ്റ് ഫാദറിന്‍റെ അസോസിയേറ്റ് സിനിമാറ്റോഗ്രാഫർ ഉമ കുമാരപുരം സ്വന്തം പടത്തിൽ ഒരു ഫീമെയിൽ ആർട്ട് ഡയറക്ടറെ വേണമെന്ന് പറയുന്നത്. മലയാളത്തിൽ അപ്പോൾ ആരുമില്ല. അങ്ങനെ ഞാൻ ഉമയുടെ എക്രോസ് ദി ഓഷ്യൻ എന്ന ചിത്രത്തിലും വർക്ക് ചെയ്‌തു. എക്രോസ് ദി ഓഷ്യൻ ഞാൻ ആദ്യമായി സ്വതന്ത്ര ആർട്ട് ഡയറക്ടറായ മൂവിയാണ്. അതിന് ശേഷമാണ് ലില്ലിയിൽ വർക്ക് ചെയ്‌തത്.

എക്രോസ് ദി ഓഷ്യൻ

ഉമയുടേത് ഒരു ഇൻഡിപെൻറന്‍റ് പ്രൊജക്റ്റ് ആയിരുന്നു. പകുതി മലയാളത്തിൽ ആണ്. രണ്ട് കഥകൾ കൂടിച്ചേർന്ന സിനിമയാണ്. ഒന്ന് ഇവിടെ നടക്കുന്നതും മറ്റൊന്ന് കാലിഫോർണിയയിലും. കേരളത്തിൽ നടക്കുന്ന കഥയാണ് ഉമ ഡയറക്റ്റ് ചെയ്‌തിരിക്കുന്നത്. കാലിഫോർണിയയിൽ നടക്കുന്ന ഭാഗം നിക്കോളോ ഡൊണാഡിയോ ആണ് സംവിധാനം ചെയ്തത്. അപൂർവ്വ ബോസ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

dhundhu

ലില്ലിയിലെ അനുഭവങ്ങൾ

എക്രോസ് ദി ഓഷ്യൻ ചെയ്ത് കഴിഞ്ഞ് പവിയേട്ടന്‍റെ മധുരച്ചൂരലിന്‍റെ ബാക്കി ഭാഗം ചെയ്‌ത് കൊണ്ടിരിക്കുമ്പോൾ ആണ് ഉമയുടെ സുഹൃത്ത് പ്രശോഭ് (ലില്ലിയുടെ ഡയറക്ടർ) എന്നെ വിളിക്കുന്നത്. ഒരു ഫീമെയിൽ ആർട്ട് ഡയറക്ടർ വേണമെന്ന് പറഞ്ഞപ്പോൾ ഉമ എന്‍റെ കാര്യം പറയുകയായിരുന്നുവത്രേ. മൂവി ഫീമെയിൽ ഓറിയന്‍റഡാണ്. പ്രശോഭ് എനിക്ക് സ്ക്രിപ്റ്റ് അയച്ചു തന്നു. വായിച്ച് നോക്കി ഇഷ്ടപ്പെട്ടാൽ ചെയ്‌താൽ മതിയെന്ന് പറഞ്ഞു. ഒത്തിരി വയലൻസുള്ള മൂവിയാണ്. വായിച്ചപ്പോൾ എനിക്കിഷ്ടമായി. വയലൻസ് ഉണ്ടെന്ന് പറഞ്ഞെങ്കിലും സിനിമയിൽ വളരെ സർവൈവൽ ആയ സംഭവമുണ്ടെന്ന് തോന്നി.

പ്രശോഭ് പോസിറ്റീവായ ആളാണ്. നല്ല ടീമായിരുന്നു. അങ്ങനെയുള്ള ടീമിനൊപ്പം വർക്ക് ചെയ്യുക രസകരമാണല്ലോ. ഒരുപാട് ചർച്ചകൾ നടത്തിയ ശേഷമാണ് വർക്ക് തുടങ്ങിയത്. കുറേയധികം കഷ്ടപ്പാടുകൾ ഉണ്ടായിരുന്നു. കളമശേരി എച്ച്എംടിയുടെ ഭാഗത്തായിരുന്നു ഒരു ലൊക്കേഷൻ. ഒറ്റപ്പെട്ട ഒരു വീടും പരിസരങ്ങളും. രണ്ട് മൂന്ന് സ്‌ഥലങ്ങൾ ചേർത്താണ് ഒറ്റ സ്ഥലമായി സിനിമയിൽ കാണിക്കുന്നത്. ആളുകളിൽ കൺഫ്യൂഷൻ ഉണ്ടാക്കാത്ത രീതിയിലാണ് അത് ഒരുക്കിയത്. കളർ കോമ്പിനേഷൻ എല്ലാം ശ്രദ്ധിക്കണം. സിറ്റ്‍വേഷൻ ഫീൽ ചെയ്യണം. മൊത്തത്തിൽ ചെയ്യാൻ രസമായിരുന്നു. ചാലഞ്ചിംഗ് ആയിരുന്നു. അതുകൊണ്ട് ആ ഫ്ളോയിൽ പോയി.

മൂവി കണ്ടപ്പോൾ

മൂവി കണ്ടപ്പോൾ അതിൽ വർക്ക് ചെയ്‌ത എല്ലാവർക്കും ചില്ലറ പോരായ്മകൾ തോന്നി. ഞാൻ വർക്ക് ചെയ്തതുകൊണ്ട് എനിക്കും എന്‍റേതായ പാളിച്ചകൾ മനസ്സിലായി. എനിക്കത് ഫീൽ ചെയ്യുകയും വേണം. എന്നാലെ അടുത്ത പടത്തിൽ അതെനിക്ക് മെച്ചപ്പെടുത്താനാവൂ. പക്ഷേ പ്രേക്ഷകർ അത് നോട്ടീസ് ചെയ്‌തില്ല. അവർക്കത് നാച്വറലായി മാത്രമേ തോന്നിയുള്ളൂ.

ആർട്ട് ഡയറക്ഷനിൽ ഇഷ്‌ട ചിത്രം

ഗുരു എന്ന സിനിമ ഒത്തിരി ഇഷ്‌ടപ്പെട്ട ഒന്നാണ്. കാഴ്ചയില്ലാത്ത ആളുകളുടെ ഒരു നഗരം. വളരെ ഡള്ളായ കളറാണ് അതിലുള്ളത്. അങ്ങനെ ശ്രദ്ധിച്ച ചില ചിത്രങ്ങളുണ്ട്. മൂഡ് ഫോർ ലവ് അതിലൊന്നാണ്. ആ ചിത്രത്തിൽ തീവ്രമായ നിറങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഓരോ കളറിനും ഓരോ മൂഡുണ്ട്. അതിന് ഹിഡൻ മീനിംഗുണ്ട്. പക്ഷേ പ്രേക്ഷകർ അതറിയണമെന്നില്ല. പ്രേക്ഷകരറിയാതെ ആ മൂഡിലേക്ക് അവരെ നയിക്കാൻ ഇതിനെല്ലാം കഴിയും.

ഒരു സ്ത്രീയെന്ന നിലയിലുള്ള? അംഗീകാരം കിട്ടുന്നുണ്ടോ?

ഇന്നത്തെ തലമുറ ആക്സ്പറ്റ് ചെയ്യുന്നുണ്ട്. അവരുടെ ആശയങ്ങൾക്കനുസരിച്ച് നമുക്ക് പ്രസന്‍റ് ചെയ്യാൻ പറ്റും. ആശയപരമായ വ്യക്‌തത ഉള്ളതിനാലാണത്. മുതിർന്നവരാണെങ്കിൽ പെട്ടെന്ന് അംഗീകരിക്കില്ല. അവിടെ ഞാൻ മിണ്ടാതിരിക്കും. ഓരോരുത്തർക്കും ഇന്നയിന്ന കളേഴ്സ് വേണമെന്നായിരിക്കും. പക്ഷേ എന്‍റെ മനസ്സിൽ മറ്റൊന്നായിരിക്കും. ആശയപരമായ ഭിന്നത വരാം, മലയാളത്തിലാണ് കൂടുതൽ പ്രശ്നം.

ബോളിവുഡിലും ഹോളിവുഡിലുമൊക്കെ സ്ത്രീകളാണ് കൂടുതലും സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നത്. ആർട്ട് ഡയറക്ഷൻ പഠിപ്പിച്ച് കൊടുക്കാൻ ഒരു സ്ഥാപനമില്ല. കുറേയധികം റിസർച്ച് ചെയ്‌ത് രൂപപ്പെടുത്തിയെടുക്കേണ്ട ഒന്നാണത്. വളരെയധികം പ്രാക്ടിക്കലാണ്. ക്യാമറയാണെങ്കിൽ അതിന്‍റെ തീയറി പറഞ്ഞു കൊടുക്കാം. പക്ഷേ? ആർട്ട് പറഞ്ഞു കൊടുക്കുക അത്രയളുപ്പമല്ല. ഞാൻ മൂന്ന് വർഷം അസിസ്റ്റ് ചെയ്‌തിരുന്നു. ഇപ്പോൾ സ്വന്തമായി ചെയ്‌തിരിക്കുന്നു. ഇതൊരു ചെറിയ കാലയളവ് മാത്രമാണ്.

ധൈര്യം ആണ് ആവശ്യം. ആണായാലും പെണ്ണായാലും റിസ്ക് എറ്റെടുക്കാൻ കഴിയണം. പെണ്ണാണ് എന്ന് പറഞ്ഞ് പരിമിതികൾക്കുള്ളിൽ നിന്ന് വർക്ക് ചെയ്യുന്നതിനോട് താൽപര്യമില്ല. ഈ ജോലിയ്ക്ക് നീണ്ട സമയം ആവശ്യമാണ്.

ദുന്ദു എന്ന പേരിനുമുണ്ടല്ലോ പ്രത്യേകത?

അതെ, ശിവന്‍റെ കയ്യിലുള്ള ഡമരുവിന്‍റെ പേരാണ് ദുന്ദുഭി. അതിൽ നിന്ന് എടുത്താണ് അച്‌ഛനുമ്മമ്മയും എനിക്ക് ദുന്ദു എന്ന് പേരിട്ടിരിക്കുന്നത്. കൂടാതെ ഒരു മ്യൂസിക്കൽ ഇൻസ്ട്രമെന്‍റും കൂടിയാണ് ദുന്ദുഭി.

വീട്ടിലുള്ളവരുടെ പിന്തുണ

അച്‌ഛൻ രൻജീവ്. അമ്മ രാധ. രണ്ടുപേരും ഹോമിയോ ഡോക്ടർമാരാണ്. എനിക്കൊരു ചേച്ചിയുണ്ട്. കുക്കു അഭിഷേക്. ചേച്ചിയും ഹോമിയോ ഡോക്ടറാണ്. ചേച്ചിയുടെ ഭർത്താവ് അഭിഷേക് ബംഗ്ലൂരുവിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയറാണ്. ഞാൻ ഒരു ഡോക്ടറാകണമെന്നായിരുന്നു അച്‌ഛന് ആഗ്രഹം. പക്ഷേ എനിക്കതിനോട് താൽപര്യമുണ്ടായിരുന്നില്ല. അമ്മ നേരെമറിച്ചായിരുന്നു. അമ്മയ്ക്ക് കലയോട് വലിയ താൽപര്യമാണ്. അതുകൊണ്ട് ഞാൻ കലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിൽ അമ്മയ്ക്ക് സന്തോഷമാണ്. വീട്ടിലുള്ളവരുടെ പിന്തുണ എനിക്കുണ്ട്. അവർ വർക്കിനു പോകുമ്പോൾ സൂക്ഷിക്കണമെന്നേ പറയൂ. പോകണ്ട എന്ന് പറയില്ല. ചേച്ചിയുടെ ഭർത്താവ് എനിക്ക് അമേരിക്കയിൽ നിന്നും പെപ്പർ സ്പ്രേ ഇംപോർട്ട് ചെയ്‌ത് തന്നിരുന്നു. പുറത്ത് പോയി രാത്രിയിലൊക്കെ വർക്ക് ചെയ്യുന്നതല്ലേ ഇതിരിക്കട്ടെയെന്ന് പറയും.

പുതിയ പടം വരുമ്പോൾ ചേട്ടൻ എനിക്ക് ഓസ്ക്കാർ ശിൽപത്തിന്‍റെയോ നാഷണൽ അവാർഡിന്‍റേയോ ഫോട്ടോയെടുത്ത് അയച്ചിട്ട് ഇത് വീട്ടിൽ കൊണ്ടു വരണം എന്ന് പറയും. ചേച്ചിക്കും ചേട്ടനും രണ്ട് കുട്ടികളാണ്. ട്വിൻസാണ്. എന്‍റെ അടുത്ത കൂട്ടുകാരാണവർ. പോസ്റ്ററിൽ എന്‍റെ പേര്      കാണുമ്പോൾ അവർക്ക് സന്തോഷമാണ്.  ലില്ലി “എ” സർട്ടിഫിക്കറ്റ് മൂവിയായിതു കൊണ്ട് അവരെ കാണിക്കാൻ പറ്റിയില്ല. അവർക്ക് കാണാൻ പറ്റുന്ന ഒരു മൂവി ചെയ്യണം.

പൂന്തോപ്പിൽ അഷിമ

മിലിയുടെ ദേഷ്യം കൊണ്ട് ചുവന്ന മുഖം കണ്ട് അഷിമ പാടുപെട്ട് ചിരിയടക്കി. “രോഹന്‍റെ ബർത്ത്ഡേ പാർട്ടിയ്ക്ക് അനീഷ് നിനക്ക് പകരം പ്രിയയെയാണല്ലോ കൊണ്ടു പോകുന്നത്?” അഷിമ ചിരിക്കുന്നത് കണ്ടപ്പോൾ മിലിയുടെ ദേഷ്യം ഇരട്ടിയായി.

അഷിമ സ്നേഹത്തോടെ മിലിയുടെ കൈ തന്‍റെ നെഞ്ചോട് ചേർത്ത് പിടിച്ച് ശാന്ത സ്വരത്തിൽ പറഞ്ഞു. “മറ്റന്നാൾ ഞായറാഴ്ച ഫ്രഞ്ച് ലാംഗ്വേജിന്‍റെ എക്സാമായതു കൊണ്ട് ഞാൻ വരില്ലെന്ന് അനീഷിനോട് പറഞ്ഞിരുന്നു. പിന്നെയുള്ളത് പ്രിയയാണ്. അവർക്ക് രണ്ടുപേർക്കും പാർട്ടിയ്ക്ക് പോകാൻ വലിയ ഇഷ്ടമാണല്ലോ. അതുകൊണ്ട് രണ്ടുപേരും ഒരുമിച്ച് പോകുന്നതിന് നിനക്കെന്താ ചേതം?”

“കാരണം എനിക്ക് അവളെ നന്നായി അറിയാം. നിന്നെ ഒഴിവാക്കി അനീഷിനെ സ്വന്തമാക്കാനാ അവളുടെ പ്ലാൻ.”

“സുന്ദരനും സുമുഖനും സമ്പന്നനുമായ ഒരാളെ ജീവിത പങ്കാളിയാക്കാൻ ഏത് പെണ്ണാ ആഗ്രഹിക്കാത്തത്? അങ്ങനെയൊരു ആഗ്രഹം അവളുടെ ഉള്ളിലും കാണുംന്ന് വിചാരിച്ചാ, അതിലെന്താ തെറ്റ്?”

“നിനക്ക് അനീഷിനെ നഷ്ടപ്പെടും. അതോർത്തിട്ട് നിനക്കൊരു വിഷമവും ഇല്ലല്ലോ?” മിലി സങ്കടത്തോടെ പറഞ്ഞു.

“ഒട്ടുമില്ല. അനീഷിന്‍റെ ജീവിതത്തിൽ എന്നേക്കാൾ നല്ലതായി വേറൊരു പെണ്ണില്ല. അത് തന്നെ കാരണം” അഷിമ തെല്ലും കൂസലില്ലാതെ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“ബർത്ത്ഡേ പാർട്ടിയ്ക്ക് പോകാൻ അവൻ നിന്നെ ആദ്യം വിളിച്ചതാ. അത് നീ മറന്നു പോയോ?”

“അനീഷിന്‍റെ കൂടെ പോകാൻ അവളെ അനുവദിച്ചത് ശരിയായില്ല. നീ പരീക്ഷയൊക്കെ മാറ്റി വച്ച് പോകേണ്ടതായിരുന്നു. മണ്ടിയാ നീ.”

“സത്യം പറയട്ടെ മിലി. അനീഷിന്‍റെ ഫ്രണ്ട്സൊക്കെ വളരെ റിച്ചാ. അവർ സംഘടിപ്പിക്കുന്ന പാർട്ടിയിൽ പോകാൻ എനിക്കൊട്ടും താൽപര്യമില്ല. വലിയ പോഷ് കാറിൽ വന്നിറങ്ങുന്ന ഫ്രണ്ട്സും പാർട്ടിയും ഒക്കെ കാണുമ്പോൾ ഒരുമാതിരി പൊള്ളത്തരം പോലെ തോന്നും. തന്നെയുമല്ല അവർക്കൊക്കെ ഞാൻ സ്ട്രെയിഞ്ചറാണ്. അനീഷിനും കുറച്ച് പ്രയാസം തോന്നും. അതുകൊണ്ടാ ഞാൻ പോകാതിരുന്നത്.” അഷിമ നേർത്ത പുഞ്ചിരിയോടെ മിലിയുടെ ചുമലിൽ പിടിച്ചു കൊണ്ട് പറഞ്ഞു. മിലി കുറച്ച് നേരം അഷിമയെ ആശ്ചര്യത്തോടെ നോക്കി നിന്ന ശേഷം ചോദിച്ചു.

“ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?”

“ങ്ഹും.. പറയാം.”

അഷിമ ജിജ്ഞാസയോടെ മിലിയുടെ മുഖത്തേക്ക് ഉറ്റു നോക്കി.

“നിനക്ക് അനീഷിനെ വിവാഹം കഴിക്കാൻ താൽപര്യമില്ലേ?”

ചോദ്യം കേട്ട് ഒരു നിമിഷം ആലോചിച്ച് നിന്ന ശേഷം അഷിമ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“അനീഷ് എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. അവന്‍റെ സാന്നിധ്യം ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ വിവാഹം നടന്നേ പറ്റൂ എന്നൊന്നുമുള്ള തീവ്രമായ ആഗ്രഹം ഞാൻ മനസ്സിൽ സൂക്ഷിക്കാറില്ല. ഭാവിയിൽ എന്താണോ നടക്കുന്നത് അത് ഞാൻ സ്വീകരിക്കും.”

“നീയൊരു വിചിത്ര ജീവി തന്നെ,” മിലി അസ്വസ്ഥതയോടെ പറഞ്ഞു കൊണ്ട് എഴുന്നേറ്റു.

“സമ്പന്നമായ കുടുംബത്തിലെ ഒരു ഭാര്യയാകുക വഴി നിന്‍റെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കും. അനീഷിനെ കൈ വിട്ടു പോകാതിരിക്കാൻ നീ ശ്രമിക്കണം. ഇക്കാര്യത്തിൽ കൂടുതൽ ആത്മവിശ്വാസം വച്ചു പുലർത്തുന്നത് ദോഷം ചെയ്യുകയേയുള്ളൂ.

“അനീഷിനെ ജീവിത പങ്കാളിയാക്കാൻ അവന്‍റെ പിന്നാലെ നടക്കുന്നത് വിഡ്ഢിത്തമല്ലേ. മിലി, നല്ല പങ്കാളി ഒപ്പം നടക്കുകയല്ലേ വേണ്ടത്. അല്ലാതെ മുന്നിലോ പിന്നിലോ അല്ലല്ലോ നടക്കേണ്ടത്.”

“പക്ഷേ…”

“ഇനി ഒരു പക്ഷേയുമില്ല. വാ നമുക്ക് ജിമ്മിൽ പോകാം. കുറച്ച് നേരം വർക്കൗട്ട് ചെയ്യുന്നതോടെ നമ്മൾ ഫ്രഷാകും.”

അഷിമ ഒരു കയ്യിൽ ബാഗും തൂക്കി മറ്റേ കൈ കൊണ്ട് മിലിയുടെ കയ്യും പിടിച്ച് പുറത്തേക്ക് നടന്നു. അഷിമ ജിമ്മിൽ പോകുന്ന കാര്യം അമ്മയെ അറിയിച്ച ശേഷം ഇരുവരും കൂടി പുറത്തേക്ക് നടന്നു.

ജിമ്മിൽ നല്ല തിരക്ക്. എല്ലാവരും ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരായതിന്‍റെ സൂചനയാണത്. അഷിമ അവിടുത്തെ പഴയ മെമ്പറായിരുന്നു. അതുകൊണ്ട് അവിടെ വരുന്ന ഭൂരിഭാഗം പേർക്കും അവളെ നല്ല പരിചയമായിരുന്നു. അവരോടൊക്കെ ഹായ് ഹലോ പറഞ്ഞ് ചെറിയ കുശലാന്വേഷണം നടത്തി അവൾ വർക്കൗട്ട് ചെയ്യുന്നതിൽ മുഴുകി. എന്നാൽ മിലിക്കാകട്ടെ അഷിമയോട് സംസാരിക്കാനായിരുന്നു കൂടുതൽ താൽപര്യം.

ശാരീരികമായും മാനസികമായും ഫിറ്റായിരിക്കാനുള്ള അഷിമയുടെ ആഗ്രഹം അവളെ ആകർഷണീയമായ ശരീര സൗന്ദര്യത്തിനുടമയാക്കി. വർക്കൗട്ട് ചെയ്യുന്നതിലുള്ള അവളുടെ ഏകാഗ്രതയേയും അർപ്പണബോധത്തേയും വലിയ ആരാധനയോടെയാണ് അവിടെ എത്തിയിരുന്ന പുരുഷന്മാർ കണ്ടിരുന്നത്. അവരുടെ നോട്ടങ്ങളിൽ അശ്ലീലമായ ഭാവമായിരുന്നില്ല, മറിച്ച് അവളുടെ ഹൃദ്യമായ പെരുമാറ്റവും സംസാരവുമാണ് അവരെയെല്ലാം അവളുടെ സുഹൃത്തുക്കളാക്കിയത്. ഏകദേശം ഒരു മണിക്കൂർ സമയം ജിമ്മിൽ ചെലവഴിച്ച ശേഷം ഇരുവരും കൂടി വീട്ടിലേക്ക് മടങ്ങി.

“യു ആർ ദി ബെസ്റ്റ്, അഷിമ” യാദൃശ്ചികമായി മിലിയുടെ വായിൽ നിന്നു വന്ന പ്രശംസാവാക്ക് കേട്ട് അഷിമയ്ക്ക് സന്തോഷത്തോടൊപ്പം ആശ്ചര്യവും തോന്നി.

“താങ്ക്യൂ മിലി, പക്ഷേ പെട്ടെന്ന് എന്താ എന്നോടിത്ര സ്നേഹം?” അഷിമ ചിരിയോടെ ചോദിച്ചു.

“ഞാൻ സത്യമാ പറയുന്നത്. നിനക്ക് എന്താ ഇല്ലാത്തത്? സൗന്ദര്യം, നല്ല ശരീര വടിവ്, ഉയരം, എക്ണോമിക്സിൽ മാസ്‍റ്റേഴ്സ് ഡിഗ്രി അതും ഫോറിൻ ഡിഗ്രി, എംബിഎ, ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ്, എംഎൻസി കമ്പനിയിലെ ഉയർന്ന ഉദ്യോഗം, നല്ല പെരുമാറ്റം… ഒരു സാധാരണ സ്ക്കൂൾ അധ്യാപകന്‍റെ മകൾക്ക് ഇത്രയും ഉയരത്തിലെത്താൻ കഴിയുന്നത് വലിയ നേട്ടമല്ലേ? ഇപ്പോഴും നീ പഠിച്ചു കൊണ്ടിരിക്കുകയല്ലേ.”

“എനിക്ക് കിട്ടിയ അവസരങ്ങളിലും ഗുണങ്ങളിലും എനിക്ക് അഭിമാനമുണ്ട്. എനിക്ക് ഒന്നിലും പരിഭവം തോന്നിയിട്ടില്ല. വ്യക്‌തിപരമായ നേട്ടങ്ങൾക്ക് മികച്ച കരിയർ ഉണ്ടാക്കുന്നതിന് മനസ്സു കൊണ്ട് അദ്ധ്വാനിക്കുന്നതിലാണ് എപ്പോഴും നേട്ടം. സ്വന്തം ദാരിദ്യ്രവും സുഖസൗകര്യങ്ങളുടെ കുറവും മറച്ചു വച്ച് ഉയരാനുള്ള എന്‍റെ ലക്ഷ്യത്തെ ഞാൻ ദുർബലമാക്കാറില്ല. എന്‍റെ ഈ കാഴ്ച്ചപ്പാടാണ് ജീവിതത്തിൽ എന്തെങ്കിലും നേടാൻ എന്നെ സഹായിച്ചത്.” അഷിമയുടെ വാക്കുകളിൽ നിറഞ്ഞ ആത്മവിശ്വാസവും ദൃഢനിശ്ചയവും തുളുമ്പി നിന്നിരുന്നു.

“ഇനി നീ അനീഷിനെ കല്യാണം കൂടി കഴിക്കുകയാണെങ്കിൽ പിന്നെ നിന്‍റെ ജീവിതത്തിൽ ഒരു കുറവുമുണ്ടാകില്ല.” മിലി ഏറെ സന്തോഷത്തോടെ പറഞ്ഞു.

കുറച്ചുനേരം നിശബ്ദയായിരുന്ന അഷിമ ഏതോ ദാർശനികയെപ്പോലെ പറഞ്ഞു.

“എന്‍റെ സന്തോഷമത്രയും അനീഷുമായുള്ള വിവാഹവുമായി ബന്ധപ്പെട്ടിരിക്കുകയാണെന്ന് ഞാൻ കരുതുന്നില്ല. എന്തെങ്കിലും വിശേഷപ്പെട്ടത് നേടിയിട്ട് അത് എന്നന്നേക്കുമുള്ള സന്തോഷമാണെന്ന് നിശ്ചയിക്കുക പ്രയാസമാണ് പെണ്ണേ… ജീവിതയാത്ര എന്നത് എപ്പോഴും മാറ്റങ്ങൾക്ക് വിധേയമാണ്. അതുകൊണ്ട് ഞാനെപ്പോഴും എന്‍റെ ജീവിതത്തെ മികച്ചതാക്കാൻ നിരന്തരം ആക്ടീവായിരിക്കാനാണ് ഇഷ്‌ടപ്പെടുന്നത്. എന്നെ സംബന്ധിച്ച് ഈ ജീവിതയാത്ര പരമപ്രധാനമാണ്. പക്ഷേ എന്‍റെ ലക്ഷ്യമല്ല. അനീഷുമായുള്ള വിവാഹം നടന്നാൽ സന്തുഷ്ടയാകും നടന്നില്ലെങ്കിലോ ദുഃഖിക്കുകയുമില്ല.”

“നീ മറ്റുള്ള പെൺകുട്ടികളെ പോലെയല്ല… വളരെ വ്യത്യസ്ത തന്നെ.”

“എടീ പെണ്ണേ, ഈ ലോകത്തുള്ള എല്ലാവരും വ്യത്യസ്തരാണ്. നീയും അതെ, മറ്റുള്ളവരുമായി നമ്മൾ സ്വയം താരതമ്യം ചെയ്‌തു കൊണ്ടിരിക്കുന്നത് നമ്മുടെ സമയവും ശക്തിയും നഷ്ടപ്പെടുത്തിക്കളയും. എന്‍റെ കാലിൽ നിന്നു കൊണ്ട് എന്‍റെ ജീവിതം സന്തോഷമുള്ളതാക്കി തീർക്കാനാണ് ആഗ്രഹം. ഈ യാത്രയിൽ അനീഷ് എന്‍റെ സഹയാത്രികനായാൽ സ്വാഗതം. അങ്ങനെയായില്ലെങ്കിലും എനിക്ക് വിഷമമുണ്ടാകില്ല. കാരണം മറ്റൊരു അനുയോജ്യനായ സഹയാത്രികനെ എനിക്ക് തീർച്ചയായും കിട്ടും. അതിൽ വിശ്വാസവുമുണ്ട്.”

“നിന്‍റെ വ്യത്യസ്തമായ നിലപാടുകൾ കൊണ്ടായിരിക്കും അനീഷ് നിന്‍റെ ആരാധകനായത്.” മിലി ചിരിച്ചു കൊണ്ട് പറഞ്ഞു. മിലിയുടെ വാക്കുകൾ കേട്ട് അഷിമ പുഞ്ചിരിച്ചു.

മിലിയും അഷിമയും നടന്ന് പകുതി ദൂരമായപ്പോഴേക്കും അനീഷിന്‍റെ കാർ അവർക്കരികിലായി വന്നു നിന്നു. യാദൃശ്ചികമായി അനീഷിനെ കണ്ട് ഇരുവരും അദ്ഭുതപ്പെട്ടു.

“ഹാ…നീ എങ്ങനെ ഇവിടെ?” അനീഷിനെ കണ്ട സന്തോഷത്തിൽ അഷിമയുടെ മുഖം ചുവന്നു തുടുത്തു.

“പാർട്ടിയ്ക്ക് പോകാൻ താൽപര്യം തോന്നിയില്ല.” അനീഷ് അഷിമയുടെ കണ്ണുകളിലേക്ക് സ്നേഹത്തോടെ നോക്കി കൊണ്ട് പറഞ്ഞു.

“കുറച്ച് സമയം നിനക്കൊപ്പം ചെലവഴിച്ച ശേഷം പാർട്ടിയ്ക്ക് പോകാമെന്ന് വിചാരിച്ചു.”

“എന്താ? പ്രിയയേയും കൂടെ കൊണ്ടു പോകുന്നുണ്ടോ?” മിലി ഗൂഢമായ അർത്ഥത്തിൽ മുഖം കനപ്പിച്ചു കൊണ്ട് ചോദിച്ചു.

“ഇല്ല, അവൾ അമിതിനൊപ്പം പോയി. വാ, നമുക്ക് ഐസ്ക്രീം കഴിക്കാം.” മിലിയോട് അലക്ഷ്യമായി മറുപടി പറഞ്ഞ് അയാൾ അഷിമയുടെ മുഖത്തേക്ക് നോക്കി.

“ആദ്യം എന്നെ വീട്ടിൽ കൊണ്ട് ചെന്നാക്ക്” മിലി സങ്കട ഭാവം നടിച്ചു കൊണ്ട് പറഞ്ഞു.

“ഓക്കെ” അനീഷ് മിലിയെ അവർക്കൊപ്പം കൂടാൻ നിർബന്ധിച്ചില്ല.

അഷിമ കാറിൽ ഇടത് വശത്തായി ഇരുന്നു. മിലി പിറകിലെ സീറ്റിലും കയറി. അനീഷ് കാർ മുന്നോട്ടെടുത്തു.

“ആദ്യം നിങ്ങൾ രണ്ടുപേരും എന്‍റെ വീട്ടിലേക്ക് വാ” അഷിമ അന്തരീക്ഷത്തിന് അയവു വരുത്താനായി പറഞ്ഞു.

“വേണ്ട, കുറച്ച് സമയം നിനക്കൊപ്പം ചെലവഴിക്കണം.” അനീഷ് വിസമ്മത ഭാവത്തിൽ പറഞ്ഞു.

“ആദ്യം വീട്ടിൽ ഒന്ന് പോകാം.” അവൾ സ്നേഹത്തോടെ നിർബന്ധിച്ചു.

“അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയ ഒരു സ്പെഷ്യൽ ഫുഡ് കഴിക്കാം.”

“എന്താ?”

“അത് സീക്രട്ടാണ്.”

“എന്നാലും”

“പ്ലീസ്,” അഷിമ സ്നേഹപൂർവ്വം നിർബന്ധിച്ചപ്പോൾ അയാൾ കാർ അഷിമയുടെ വീട്ടിലേക്ക് തിരിച്ചു.

മിലി സ്വന്തം വീട്ടിലേക്ക് പോകാനാണ് ആഗ്രഹിച്ചതെങ്കിലും അഷിമ അവളെ നിർബന്ധിച്ച് കൂടെ വരാനാവശ്യപ്പെട്ടു.

അനീഷ് തനിക്ക് അനുയോജ്യനല്ലാത്ത പങ്കാളിയാണെന്ന് മിലിയ്ക്ക് ഒരു ധാരണയുള്ളതായി അഷിമയ്ക്ക് അറിയാമായിരുന്നു. അനീഷ് ചതിക്കുമോ എന്നവൾ ഭയപ്പെട്ടിരുന്നു. ഏറെ ശ്രമിച്ചിട്ടും മിലിയുടെ ധാരണ തിരുത്താൻ അഷിമയ്ക്ക് സാധിച്ചിരുന്നില്ല. ഇരുവരും കൂടെയുള്ളപ്പോഴൊക്കെ അന്തരീക്ഷത്തിന് അയവ് വരുത്താനായി അഷിമയ്ക്ക് നന്നേ പ്രയാസപ്പെടേണ്ടി വന്നിട്ടുണ്ട്.

അനീഷ് നല്ല മധുര പ്രിയനായിരുന്നു. അഷിമയുടെ അമ്മ തയ്യാറാക്കിയ സ്പെഷ്യൽ പേട രുചിച്ചപ്പോൾ അയാൾ ഏറെ ഉല്ലാസവാനായി. പേട തിന്നശേഷം മിലി അവിടെ നിന്നും വീട്ടിലേക്ക് മടങ്ങി. അഷിമ അനീഷിനെ ഭക്ഷണം കഴിപ്പിച്ച ശേഷമാണ് മടക്കി അയച്ചത്. കളിചിരി തമാശകൾ നിറഞ്ഞ 2 മണിക്കൂർ നേരം കടന്നുപോയത് അവർ ഇരുവരുമറിഞ്ഞില്ല.

“ഒരു ലോംഗ് ഡ്രൈവിന് പോകാൻ തോന്നുന്നുണ്ട്,” പുറത്തെ തണുത്ത കാറ്റേറ്റപ്പോൾ അനീഷ് അഷിമയെ തന്‍റെ ആഗ്രഹമറിയിച്ചു.

“ഇന്നത്തേക്ക് ക്ഷമിക്കൂ. പിന്നീട് എന്നെങ്കിലും പോകാം.”

“മറ്റന്നാൾ പോകാം. പ്രോമിസ് ചെയ്യൂ. എക്സാം കഴിഞ്ഞ ശേഷം?” അനീഷ് സ്നേഹ നിർഭരമായ മിഴികളോടെ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി.

“ഷുവർ” അഷിമ സമ്മതിച്ചു.

“എക്സാം കഴിഞ്ഞയുടൻ ഇറങ്ങാം.”

“ഓകെ”

“എങ്ങോട്ടാ പോകുന്നതെന്ന് ചോദിക്ക്?”

“നിന്‍റെ കൂടെയല്ലേ, അപ്പോൾ എല്ലാ സ്ഥലവും മനോഹരമായിരിക്കുമല്ലോ.”

“ഐ ലവ് യൂ”

“മീ ടൂ”

ഇതിനിടെ അനീഷ് പലയാവർത്തി അഷിമയുടെ കൈ പിടിച്ച് ചുംബിച്ചു. അതിനു ശേഷം അയാൾ കാർ സ്‌റ്റാർട്ടാക്കി മുന്നോട്ടെടുത്തു. അനീഷ് നൽകിയ ഓരോ ചുംബനവും അഷിമയുടെ ശരീരത്തിലാസകലം മിന്നൽപ്പിണരുകൾ സൃഷ്ടിച്ചു. മനസ്സിൽ വല്ലാത്തൊരു ഇക്കിളി. അവൾ ലജ്ജയോടെ സ്വന്തം മുറിയിലേക്ക് പോയി.

തലയണ നെഞ്ചോടമർത്തി കിടക്കയിൽ കിടന്ന് അനീഷുമൊത്തുള്ള നിമിഷങ്ങളെ ഓർത്തെടുത്തു. ശരീരം രോമാഞ്ചം കൊണ്ടു. ആ സമയത്ത് അവളുടെ സ്വപ്നങ്ങളുടെ ലോകം കൂടുതൽ വർണ്ണപ്പകിട്ടാർന്നതു പോലെയായി. അവളുടെ മുഖത്തെ പുഞ്ചിരി അത് വെളിപ്പെടുത്തി കൊണ്ടിരുന്നു.

ഞായറാഴ്ച ഉച്ചയായപ്പോഴേക്കും എക്സാം കഴിഞ്ഞിരുന്നു. പരീക്ഷ കഴിഞ്ഞ സന്തോഷത്തോടെ പുറത്തു വന്ന അവളേയും കാത്ത് അനീഷ് വലിയ വാകമരച്ചുവട്ടിൽ നിൽക്കുന്നത് അവൾ ദൂരെ നിന്നു കണ്ടു.

അഷിമയേയും കൂട്ടി അനീഷ് നേരെ പാർക്കിലേക്ക് പോയി. ഏകദേശം അര മണിക്കൂർ നേരത്തെ ഡ്രൈവിനു ശേഷമാണ് അവിടെയെത്തിയത്. നഗരത്തിരക്കിൽ നിന്നൊഴിഞ്ഞ ഒരിടത്ത് ഏക്കർ കണക്കിന് വിശാലമായ പാർക്ക് പ്രണയിനികളുടെയും ഏകാകികളുടെയും പ്രിയപ്പെട്ട ഇടമായിരുന്നു.

മരങ്ങളും ചെടികളും നിറഞ്ഞ ഭംഗിയുള്ള ശാന്തമായ ഒരിടം. പാർക്കിംഗ് ഏരിയയിൽ കാർ പാർക്ക് ചെയ്ത ശേഷം ഇരുവരും തണുത്ത കാറ്റേറ്റു കൊണ്ട് പാർക്കിനുള്ളിലെ കരിങ്കൽ പാകിയ വഴിയിലൂടെ നടന്നു. അഷിമയ്ക്കപ്പോൾ സ്വർഗ്ഗം കിട്ടിയ സന്തോഷമായിരുന്നു. ചുറ്റുമുള്ള ഹൃദ്യമായ അന്തരീക്ഷവും തൊട്ടരികെ പ്രിയപ്പെട്ടവനും ചേർന്നുള്ള ആ സന്തോഷത്തിൽ അവൾ ഏതോ ഇഷ്ടപെട്ട പാട്ട് മൂളാൻ തുടങ്ങി. അവളുടെ മുഖത്തെ സന്തോഷം വായിച്ചറിഞ്ഞ അനീഷ് അവളറിയാതെ അവളുടെ സുന്ദരമായ മുഖത്തേക്ക് ഉറ്റുനോക്കി.

“ഈ ലോകത്തിൽ വച്ചേറ്റവും സുന്ദരിയായ സ്ത്രീയാണ് നീ,” അനീഷിന്‍റെ ചുണ്ടിൽ നിന്നും അവിചാരിതമായി വന്ന വാക്കുകൾ കേട്ട് അവളൊരു നിമിഷം കോരിത്തരിച്ചു പോയി. അവൾ പൂർവ്വാധികം സ്നേഹത്തോടെ അയാളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.

“പച്ചക്കള്ളം” അവൾ തമാശ കലർത്തി കൊണ്ട് പറഞ്ഞു. മറുപടി പറയാതെ അനീഷ് അവളെ ചേർത്തു നിർത്തി. അവളുടെ കൈത്തലത്തിൽ ചുംബിച്ചു.

“നീയൊരു മജീഷ്യനെപ്പോലെയാ, നിന്നോട് സംസാരിക്കുന്തോറും ഇഷ്‌ടം കൂടി കൂടി വരും. അതുകൊണ്ട് ഈ ഇഷ്‌ടത്തെ ഞാൻ എന്‍റെ ജീവിതത്തോട് ചേർത്ത് നിർത്തിക്കോട്ടെ,”

“നീ അസാധാരണയായ സ്ത്രീ തന്നെ.”

“ആണോ? അറിയില്ല, ഒന്നറിയാം. സ്വന്തം സ്വപ്നം പൂർത്തികരിക്കാനുള്ള ധൈര്യവും അർപ്പണവും കഠിന പരിശ്രമവുമുണ്ടെങ്കിൽ ഏത് സാധാരണക്കാരനും അസാധാരണമായ ഉയരം കീഴടക്കാനാവും.” അഷിമ അനീഷിന്‍റെ ചുമലിലേക്ക് ചാഞ്ഞു കൊണ്ട് പുഞ്ചിരിച്ചു.

അവർ പാർക്കിന് തൊട്ടരികെയുള്ള അരുവിയ്ക്ക് അഭിമുഖമായുള്ള സീറ്റിലിരുന്ന് കളകളാരവത്തിന്‍റെ സംഗീതം പൊഴിച്ചു കൊണ്ട് ഒഴുകുന്ന വെള്ളത്തിലേക്ക് നോക്കി. അത് തങ്ങളുടെ ജീവിതത്തിന്‍റെ സംഗീതമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് അഷിമ അയാളുടെ ചുമലിലേക്ക് ചാഞ്ഞിരുന്നു. ഒരു വാഗ്ദാനം പോലെ അയാൾ അവളെ തലോടി.

പ്രണയ ചന്ദ്രിക

പ്രണയത്തിന്‍റെ സൗന്ദര്യം അതിന്‍റെ ഏകാഗ്രതയിലും ഏകതയിലുമാണ് എന്ന് വിശ്വസിക്കുന്ന പ്രണയിനിയാണ് സാഹിത്യകാരിയായ സി.എസ് ചന്ദ്രിക. ആധിപത്യപരമായ എല്ലാ വ്യവസ്ഥകളെയും നേരിട്ട് സ്വാതന്ത്യ്രത്തിന്‍റെയും ആനന്ദത്തിന്‍റെയും വഴിയിലൂടെ മുന്നോട്ട് പോകുകയാണ് ഈ എഴുത്തുകാരി. ജീവിതത്തിൽ പ്രണയത്തിന്‍റെ ആവശ്യകതയെക്കുറിച്ചും ആ പരമാനന്ദത്തെക്കുറിച്ച് തന്‍റെ പ്രണയഭാഷയിൽ രചിച്ച പ്രണയ കാമസൂത്രത്തെക്കുറിച്ചും സി.എസ് ചന്ദ്രിക പറയുന്നു.

സാഹിത്യ ജീവിതം, വ്യക്തി ജീവിതം…

എനിക്ക് ഇരുപത്തി ആറ് വയസ്സുള്ളപ്പോഴാണ് സാഹിത്യം എഴുത്തായി എന്നിൽ നിന്ന് പുറപ്പെട്ടു വന്നത്. വായനയായിരുന്നു മറ്റാരേയും പോലെ സാഹിത്യവുമായി എനിക്കുള്ള ആദ്യബന്ധം. ആദ്യമെടുത്ത പോസ്റ്റ് ഗ്രാജുവേഷൻ മലയാള സാഹത്യത്തിലായിരുന്നു. സാഹത്യ അക്കാദമി ലൈബ്രറിയായിരുന്നു അന്നെന്‍റെ താവളം. എഴുത്തുകാരിയാവുമെന്ന് അന്നൊന്നും ഞാൻ വിചാരിച്ചിട്ടില്ല. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴും അതിനു ശേഷവും ആകപ്പാടെ രണ്ടു കവിതകളെഴുതിയിട്ടുണ്ടായിരുന്നു. പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ ഒരു കഥയും. പിന്നെ അതൊക്കെ മറന്നും പോയി.

കുട്ടിക്കാലം മുതലേ വീട്ടിലും നാട്ടിലും സ്ക്കൂളിലും കോളേജിലും ഞാൻ ഏറെ ശ്രദ്ധിക്കപ്പെട്ടതും ആരാധിക്കപ്പെട്ടതും സംഗീതത്തിലും അഭിനയത്തിലുമായിരുന്നു. സ്ക്കൂളിലും കോളേജിലും മത്സരങ്ങളിൽ എപ്പോഴും ഒന്നാം സ്‌ഥാനം കിട്ടുന്ന ഗായികയായിരുന്നു. എംഎ പഠനകാലത്ത് സമത സ്ത്രീ നാടക സംഘത്തിലൂടെ അഭിനേത്രിയും ഗായികയും പ്രാസംഗികയുമൊക്കെയായി കേരളത്തിന്‍റെ പൊതു സാംസ്ക്കാരിക മണ്ഡലത്തിൽ പ്രവേശിച്ചു. പിന്നീടൊരുനാൾ എനിക്കു വേണ്ടി തന്നെ, എന്‍റെ മനസ്സിനേറ്റ ആഴമേറിയ മുറിവുകളിൽ നിന്നുള്ള അതിജീവനത്തിനെന്നതു പോലെ കഥയെഴുതുകയായിരുന്നു. എന്‍റെ മുറിഞ്ഞ മനസ്സിൽ നിന്ന് പിടഞ്ഞൊഴുകി വന്നതാണ് ആദ്യകഥ, നിലാവും സർപ്പങ്ങളും. ആ കഥ എൻ.കെ രവീന്ദ്രൻ എഡിറ്റ് ചെയ്‌ത മൗനത്തിന്‍റെ നാനാർത്ഥങ്ങൾ എന്ന ആന്തോളജിയിൽ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് എഴുത്ത് എന്‍റെ അതിജീവനം മാത്രമല്ല, ആനന്ദവുമാണെന്നറിഞ്ഞു തുടങ്ങി. പാട്ടും അഭിനയവുമൊക്കെ എഴുത്തിനു മുന്നിൽ കീഴടങ്ങി കൊണ്ട് മെല്ലെ പിന്മാറി പിറകിലേക്കൊതുങ്ങി നിന്നു. എഴുത്താണെന്‍റെ വഴി.

വ്യക്‌തി ജീവിതം തീർത്തും തുറന്നതും സുതാര്യവും വിപ്ലവകരവുമായി മുന്നേറുന്നു. അടിച്ചമർത്തപ്പെട്ടവർക്കും അധികാര രഹിതരായവർക്കുമൊപ്പമാണ് ജീവിതം. സ്വാതന്ത്യ്രവും നീതിയും എല്ലാവരുടേയും അവകാശമാണ്. അത് കയ്യടക്കി വച്ചവരിൽ നിന്ന് പിടിച്ച് വാങ്ങിയേ മതിയാവൂ. അങ്ങനെയാണ് ആക്ടിവിസ്റ്റ് കൂടിയായത്. ഇങ്ങനെയേ ജീവിക്കാനാവൂ. പലതരം അധികാര വ്യവസ്ഥകൾക്കുള്ളിൽ കീഴടങ്ങിക്കൊണ്ട്, അനുരഞ്ജനപ്പെട്ടു കൊണ്ട് ജീവിക്കുക വലിയ ബുദ്ധിമുട്ടായതിനാൽ ആധിപത്യപരമായ എല്ലാ വ്യവസ്‌ഥയ്ക്കും എതിർ നിന്നു കൊണ്ട് സ്വാതന്ത്യ്രത്തിന്‍റെയും ആനന്ദത്തിന്‍റെയും ജീവിത വഴികൾ വെട്ടിത്തുറന്ന് മുന്നോട്ടു പോകുന്നു. സമ്പൂർണ്ണ സനേഹത്തിൽ മാത്രമേ വിശ്വാസമുള്ളൂ. അഹന്തയില്ലായ്മയും അസൂയയില്ലായ്മയുമാണ് ജീവിതത്തിലെ സ്വാസ്ഥ്യത്തിനടിസ്‌ഥാനം. നീതി ബോധമാണ് ആത്മബലം. ഇത്രയുമേ ഇപ്പോൾ പറയാനുള്ളൂ. മറ്റെല്ലാം ആത്മകഥയില്‍ എഴുതുന്നതായിരിക്കില്ലേ നല്ലത്!

പ്രണയ കാമസൂത്രം

ഇത് പരമാനന്ദത്തിന്‍റെ പുസ്തകമാണ്. സ്ത്രീ പുരുഷ പ്രണയത്തിനുള്ളിലെ തീവ്രമായ ആനന്ദം ഇതിലുണ്ട്. ജീവിതാനുഭവമില്ലാതെ ഇങ്ങനെയൊരു പുസ്തകം എഴുതാൻ പറ്റില്ല. ആത്മാനുഭവത്തിൽ നിന്ന് വന്ന ഭാഷയാണ് പ്രണയകാമസൂത്രത്തിൽ ഉപയോഗിച്ചിട്ടുള്ളത്. പ്രണയരതി എന്താണെന്ന വിചാര വികാര ലോകമാണ് ഈ പുസ്തകത്തിലുള്ളത്. എന്‍റെ ജീവിതാനന്ദമാണ് ഈ പുസ്തകം. ഈ അനുഭവം തുറന്നെഴുതാനുള്ള ഭാഷ ഉണ്ടാക്കണമായിരുന്നു എനിക്ക്. സ്ത്രീ ശരീരത്തിലെ അവയവങ്ങളുടെ പേരുകൾ പോലും തെറിയാണ് നമ്മുടെ നാട്ടിൽ. എന്‍റെ പുസ്തകത്തിന് വേണ്ടതായ രൂപവും കൽപ്പനകളും ഭാഷയും വേണം. അതിനു വേണ്ടി ഏകാഗ്രതയെ തപസ്സു ചെയ്തുണ്ടാക്കിയ ഭാഷയുടെ, ഇമേജറികളുടെ സഹായത്തിലാണ് ഞാനത് എഴുതിയത്. ഏകാഗ്രമായ പ്രണയം തന്നെയാണത്. യാഥാർത്ഥ്യങ്ങളിൽ നിന്ന് അതു മുകളിൽ പോയി നിൽക്കും. സാഹിത്യമാണോ യഥാർത്ഥ അനുഭവമാണോ എന്ന് വായനക്കാർ ശങ്കിക്കുമായിരിക്കും. ഈ പുസ്തകമെഴുതാനുള്ള ഭാഷയും സാഹിത്യരൂപവും സൃഷ്ടിക്കുക എന്നതു തന്നെയായിരുന്നു എനിക്കു മുമ്പിലുള്ള വലിയ വെല്ലുവിളി. ഏതെങ്കിലും ഇന്ത്യൻ ഭാഷയിൽ ഇങ്ങനെയൊരു പുസ്തകം സ്ത്രീകൾക്ക് എഴുതാനായിട്ടുണ്ടോ എന്നെനിക്കറിയില്ല. എന്‍റെ അറിവിൽ ഇല്ല.

ഇന്നും ഇന്ത്യയിലെ സ്ത്രീകൾ ജീവിക്കുന്നത് വാത്സ്യായനന്‍റെ കാമസൂത്രത്തിൽ പറയുന്ന ലൈംഗിക ജീവിത പരിസരത്തിലാണ്. എന്തൊരു തരം അക്രമാസക്തമായ, പുരുഷനു മാത്രം അനുകൂലമായ ജീർണ്ണിച്ച ലൈംഗിക സംസ്ക്കാരമാണത്! എന്‍റെ പ്രണയകാമസൂത്ര പുസ്തകത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലം, ഇന്നും നമ്മുടെ കാലത്തെ ഗ്രസിച്ചു നിൽക്കുന്ന വാത്സ്യയനന്‍റെ കാമസൂത്രത്തിന്‍റെ സ്ത്രീ വിരുദ്ധ ഭോഗ സംസ്ക്കാരമാണ്. നിത്യേന നടക്കുന്ന ബലാത്സംഗങ്ങൾ, വീടുകളിൽ ഭാര്യമാരോടാണെങ്കിലും അവളുടെ താൽപര്യമില്ലാതെ നടത്തുന്ന ലൈംഗിക കയ്യേറ്റങ്ങൾ, പുറത്തിറങ്ങി നടക്കുന്ന ശരീരത്തിനു നേർക്കു പ്രകടിപ്പിക്കുന്ന ലൈംഗികാസക്തികൾ, ഏത് സ്ത്രീകളേയും വളച്ചെടുക്കാൻ ശ്രമിക്കാവുന്നതാണ് എന്ന സാമൂഹിക സാംസ്കാരിക അനുമതി എന്നതെല്ലാം വളരെ ആഴത്തിൽ വാത്സ്യായന കാമസൂത്രം ഉൽപാദിപ്പിച്ച് വച്ചിട്ടുള്ള ലൈംഗിക സംസ്ക്കാരമാണ്.

കാമസൂത്രത്തിന്‍റെ വേരുകൾക്ക് വലിയ ആഴവും വ്യാപ്തിയുമുണ്ട്. അതിരുന്ന് വായിച്ചിട്ടൊന്നും വേണ്ട. തലമുറകളായി അതിന്‍റെ ശീലങ്ങളാണ് പകർന്നു കിട്ടിക്കൊണ്ടിരിക്കുന്നത്. ആചാരങ്ങൾ അഥവാ അനാചാരങ്ങൾ പോലെ. സ്ത്രീ, പുരുഷൻ, കുടുംബം, വിവാഹം, ഭാര്യാധർമ്മം ഒക്കെ അതിനനുസരിച്ചാണ് ചിട്ടപ്പെടുത്തി ആചരിച്ചു കൊണ്ടിരിക്കുന്നത്. ഭർത്താവിന്‍റെ അനുവാദമില്ലാതെ ഉത്തമ ഭാര്യ ഇന്നും സ്വന്തം വീട്ടിലേക്ക് പോലും പോകില്ല. ഇതിന്‍റെ വേരുകൾ അന്വേഷിച്ചാൽ ചെന്നെത്തുന്ന പ്രധാനപ്പെട്ട ഒരിടം വാത്സ്യായനന്‍റെ കാമസൂത്രമാണ്. ഭർത്താവിന് ഭാര്യയെ മർദ്ദിക്കാനുള്ള അവകാശമുണ്ടെന്ന് സ്ത്രീകളെ അന്നു മുതൽക്കേ വിശ്വസിപ്പിച്ചു വച്ചിരിക്കുന്നതു കൊണ്ടാണ് സമീപകാല സർവ്വേ റിപ്പോർട്ടുകളിലും അത്തരം അഭിപ്രായങ്ങൾ കുറേയെറേ സ്ത്രീകൾ പങ്കു വയ്ക്കുന്നതു കാണേണ്ടി വരുന്നത്.

വാത്സ്യായന കാമസൂത്ര സംസ്ക്കാരത്തെ നമ്മുടെ ജീവിത ശീലങ്ങളിൽ നിന്ന് വേരോടെ പിഴുതെറിയണം. കാരണം അത് ശരീരമാംസ കേന്ദ്രീകൃതമാണ്. കായികാഭ്യാസമാണ്. ജാതി പുരുഷ ഹിന്ദുത്വ കേന്ദ്രീകൃതമാണ്. സ്നേഹം അതിൽ നിന്ന് പ്രതീക്ഷിക്കരുത്. അതിന് മർദ്ദക സ്വഭാവമാണുള്ളത്. വിവാഹം കഴിഞ്ഞ അന്നു തന്നെ ഭർത്താവ് ഭാര്യയിൽ ബലാൽ ലിംഗ പ്രവേശം നടത്തുന്നത് സാധാരണമാണ്. ഭാര്യ അതിനെ തടയാൻ പാടുള്ളതല്ല! സത്യത്തിൽ രതി എന്ന് പറയുന്നത് അങ്ങിനെയല്ല. സ്ത്രീയുടെ ശരീരമെന്നതിന് സവിശേഷതകളുണ്ട്. പരിചയമാവാനും മനസ്സറിയാനും ശരീരമറിയാനും അവൾക്ക് സമയമാവശ്യമുണ്ട്. ഇക്കാര്യം പുരുഷന്മാർ മനസ്സിലാക്കണം. സ്നേഹമാണ് രതിയുടെ സൗന്ദര്യത്തിന്‍റേയും ആനന്ദാനുഭവങ്ങളുടേയും അടിസ്‌ഥാനം. യാന്ത്രികമായ ശരീരമല്ല.

ലൈംഗികതയെ കുറിച്ച് ഗവേഷണം…

എനിക്ക് ചുറ്റുമുള്ള കുറേ സ്ത്രീ ജീവിതങ്ങൾ ഞാൻ കണ്ടു. എന്‍റെ കഥകളിൽ അവർ കഥാപാത്രങ്ങളായിട്ടുണ്ട്. ഷെഹർബാൻ എന്ന കഥയിലെ അതേ പേരുള്ള സ്ത്രീയെ ഞാൻ ജീവിതത്തിലൊരിക്കലും മറക്കുകയില്ല. ഭർത്താവിന്‍റെ അടങ്ങാത്ത കാമാസക്തിക്കു മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ മകനെ കുതിര മൂത്രത്തിനായി പറഞ്ഞയക്കുന്ന സ്ത്രീ. കുതിരമൂത്രം കുടിച്ചാൽ കാമാസക്തി കുറയും എന്നതൊരു നാടൻ വിശ്വാസമാണ്. ഇങ്ങനെ എത്രയെത്ര സ്ത്രീകൾ ചുറ്റിലും.

ഗ്രാമങ്ങളിലെ സ്ത്രീകളുടെ വിദ്യാഭ്യാസ പ്രവർത്തനത്തിനായുള്ള കേരള മഹിളാ സമാഖ്യയിൽ സ്ത്രീകൾക്ക് വേണ്ടി തുടർച്ചയായി സെക്ഷ്വാലിറ്റിയെക്കുറിച്ച് ഞാൻ ക്ലാസ്സെടുത്തിരുന്നു. 11 വയസ്സു മുതൽ എൺപത് വരെ പ്രായമുള്ള സ്ത്രീകളോട് സെക്ഷ്വാലിറ്റിയെക്കുറിച്ച് സംസാരിക്കണമായിരുന്നു. ലൈംഗികതയെക്കുറിച്ച്, ശരീരത്തെക്കുറിച്ച് ഞാൻ അവരോട് തുറന്നു സംസാരിച്ചു. എന്‍റെ തുറന്ന രീതി അവരിൽ ആദ്യം അത്ഭുതവും നാണവുമുണ്ടാക്കി. പിന്നെ പെട്ടെന്നാണ് അതിയായ താൽപര്യവും ഇഷ്‌ടവും വർദ്ധിച്ചു വരുന്നത്. സമൂഹം ഉണ്ടാക്കി വച്ച നിർമ്മിതികൾ അവരുടെ വ്യക്‌തി ജീവിതത്തിലെ കാര്യങ്ങൾ ഒക്കെ അറിയാനും പറയാനുമുള്ള സങ്കോചം. അതിനുള്ള ഭാഷ ഒക്കെ അവരുടെ വൈഷമ്യങ്ങളായിരുന്നു.

ഇന്‍ററാക്ടീവ് സെക്ഷനുകളായിട്ടാണ് ക്ലാസ്സ്. പല സ്ത്രീകളും അവരുടെ അനുഭവം പങ്കുവയ്ക്കുമ്പോഴേക്കും കരയാൻ തുടങ്ങുമായിരുന്നു. വളരെ അപൂർവ്വം സ്ത്രീകളുടെ കണ്ണിൽ മാത്രമേ ഞാൻ തിളക്കം കണ്ടുള്ളൂ. അവർ ജീവിതാനന്ദം അനുഭവിച്ചിട്ടുള്ളവരാണ്. ബാക്കിയുള്ളവർ കുറേയേറെ നിരാശരും വേദനിക്കുന്നവരുമായിരുന്നു. ഒരു സ്ത്രീ എന്നോട് ചോദിച്ചു. എന്‍റെ ഭർത്താവ് ആക്സിഡന്‍റിനെ തുടർന്ന് തളർന്ന് കിടപ്പാണ്. ഞങ്ങൾക്ക് സുഖമുള്ളൊരു ജീവിതം ഇനിയുണ്ടാവുമോ? എന്ന്. മനസ്സിൽ അത്രയും ഇഷ്ടമുണ്ടെങ്കിൽ പ്രണയമുണ്ടെങ്കിൽ ശരീരം അതിനനുസരിച്ച് തയ്യാറാവുമെന്ന് ഞാൻ അവരെ സമാധാനിപ്പിച്ചു. സ്ത്രീകളോട് സ്വന്തം നഗ്ന ശരീരം കണ്ണാടിയിൽ കണ്ടിട്ടുണ്ടോ എന്ന് ഞാൻ ചോദിച്ചു. കണ്ടിട്ടില്ല ! ഓരോ ക്ലാസ്സ് കഴിഞ്ഞ് തിരിച്ചു വരുമ്പോഴേക്കും ഞാനാകെ സങ്കടത്തിൽ മുങ്ങിപ്പൊങ്ങും. മനുഷ്യർക്ക് ആകെക്കൂടിയൊരു കുഞ്ഞു ജീവിതമുണ്ട് ഈ ഭൂമിയിൽ! അത് മുഴുവൻ സ്വയമറിയാതെ, ആനന്ദം എന്തെന്നറിയാതെ വെറുതേ ജീവിച്ച് മരിച്ചു പോകുന്നത് എന്തൊരു നഷ്ടമാണ്. അക്കാലത്ത് എന്‍റെ സഹപ്രവർത്തകരായ ഫെമിനിസ്റ്റുകളും എഴുത്തുകാരും ആക്ടിവിസ്റ്റുകളുമായ സ്ത്രീകളുമായുള്ള സംസാരങ്ങളിൽ വ്യത്യസ്തമായ കാര്യങ്ങളാണ് ഉയർന്നു വന്നത്. ഓരോ സ്ത്രീയുടേയും ശരീരം വ്യത്യസ്തമാണ്. ഓരോ സ്ത്രീയുടേയും ആനന്ദത്തിന്‍റെ മേഖലകൾ വ്യത്യസ്തമാണ്. ലൈംഗികാഭിമുഖ്യവും വ്യത്യസ്തമാണ്.

ഏകാഗ്രമാകണം പ്രണയം…

ജന്മനാ പ്രണയിനിയാണ്. സമ്പൂർണ്ണമായും പ്രണയമാണ്. പ്രണയ ചക്രവാളങ്ങളെ തൊടുന്നവൾ. എല്ലാവർക്കും അതിമനോഹരമായി പാടാനാവാത്തതു പോലെയാണ് പ്രണയിക്കാനുള്ള ശേഷിയും. ഏക പ്രണയത്തിൽ മുഴുകാനിഷ്ടപ്പെടുന്നവൾ. ഒരേ സമയം പല പ്രണയങ്ങൾ അസാധ്യമാണ്. ഏകാഗ്രതയുടെ സൗന്ദര്യം അതില്ലാതാക്കും. നേരിന്‍റെ ഋജുവായ, തെളിഞ്ഞ വഴികൾ അതടച്ചു കളയും. വേദനകൾ വിഷപ്പാമ്പുകളെ പോലെ ഇഴഞ്ഞു വരും. അതിനാൽ അത്തരം അനുഭവം എന്‍റെ പ്രണയ ജീവിതത്തിലുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു. എന്‍റെ പുരുഷൻ എന്‍റേതു മാത്രമായിരിക്കണം. അങ്ങനെയല്ലാത്ത ഒരാളെ, മറ്റു കാര്യങ്ങളിൽ എത്ര നല്ലതായിരുന്നാലും ഞാൻ ഉപേക്ഷിച്ചു പോകും. പ്രണയരതിക്ക് രണ്ടു പേരിലും ഒരേ തീവ്രതയോടെ പരസ്പരം ഉണ്ടായിരിക്കേണ്ടത് ഈ ഏകാഗ്രതയാണ്.

പൊസസ്സീവ്നെസ്സ് ഒരു മോശം കാര്യമായിട്ട് മാറാതിരുന്നാൽ മതി. അത് നമ്മുടെ മനസ്സിന്‍റെ സന്തോഷവും സ്വസ്ഥതയും കളയുകയാണെങ്കിൽ പിന്നെ അതിൽ സ്നേഹമില്ലെന്ന് തിരിച്ചറിയണം. പൊസസ്സീവ്നെസ്സ് സംശയത്തിലേക്കും പിന്നെ നിരീക്ഷണത്തിലേക്കും നിയന്ത്രണങ്ങളിലേക്കും പ്രവേശിക്കുമ്പോഴാണ് ബന്ധം അനാരോഗ്യകരമാവുന്നത്. മറിച്ച് ആനന്ദപൂർണ്ണമായ ബന്ധത്തിലെ പരസ്പരമുള്ള പൊസ്സീവ്നെസ്സ്, എപ്പോഴും മുറുകെ ചേർത്തു പിടിക്കൽ വൈകാരികമായ സുരക്ഷിതത്വമാണ്. അത് അതിമനോഹരമാണ്. സ്വസ്ഥതയും ശാന്തതയും തരുന്നതാണ്. നമ്മൾക്ക് പരസ്പരം നമ്മളാഗ്രഹിക്കുന്ന പോലൊരു ഇണയെ ആണ് കിട്ടുന്നതെങ്കിൽ വേറാരോടും ആകർഷണം തോന്നുകയില്ല.

പ്രണയം ഏറ്റവും ആഗ്രഹിക്കുന്നത് സ്ത്രീ

ഓരോ സ്ത്രീയും വ്യത്യസ്തയാണ്. താൽപര്യങ്ങൾ, ഇഷ്‌ടങ്ങൾ വേറെ വേറെയാണ്. സെക്ഷ്വാലിറ്റി തന്നെയും വൈവിദ്ധ്യമുള്ളതാണ്. ലെസ്ബിയൻ, ട്രാൻസ്ജെന്‍റർ സ്ത്രീകൾ ഈ സമൂഹത്തിൽ ഉണ്ട്. അതുപോലെ പുരുഷന്മാരും. ഗേ, ട്രാൻസ്ജെന്‍റർ പുരുഷന്മാരുണ്ട്. പൊതുവേ ഹെറ്ററോസെക്ഷ്വൽ ആയ പുരുഷന്മാരെക്കുറിച്ചാണ് ഈ ചോദ്യമെന്നറിയാം. പുരുഷാധിപത്യ വ്യവസ്‌ഥയുടെ ആനുകൂല്യങ്ങൾ പറ്റണമെന്നാഗ്രഹിക്കുന്ന പുരുഷന്മാരുടെ പ്രണയത്തിന് പൊതുവെ ആത്മാർത്ഥത കുറവായിരിക്കും. സ്ത്രീയുടെ മേൽ അധികാരത്തിന്‍റേയോ, നിയന്ത്രണത്തിന്‍റേയോ ചൂഷണത്തിന്‍റേയോ താൽപര്യങ്ങൾ സ്‌ഥാപിക്കാൻ പ്രണയം എളുപ്പവഴിയാണ്. പ്രണയിക്കുന്ന സ്ത്രീയുടെ സ്വാതന്ത്യ്രമെന്നത് അയാൾക്ക് അസഹ്യമായിരിക്കുകയും ഒപ്പം പ്രണയം ആവശ്യമായിരിക്കുകയും ചെയ്യും. ഏതു മനുഷ്യർക്കാണ് സ്നേഹം ഇഷ്‌ടമല്ലാത്തത്. അതിനാൽ പുരുഷനും പ്രണയം ആഗ്രഹിക്കുന്നു, പ്രധാനമായും അവന്‍റെ പ്രണയം ഉപാധികളോടെയാണെന്ന് മാത്രം. പ്രണയിക്കാനുള്ള, സ്നേഹിക്കപ്പെടാനുള്ള മോഹത്താൽ സ്ത്രീകൾ പുരുഷന്‍റെ ഉപാധികളെയൊക്കെ സ്വീകരിച്ചു കൊണ്ട് പ്രണയത്തിൽ പെടുന്നതും പിന്നീട് കൈകാലിട്ടടിക്കുന്നതും കണ്ടിട്ടുണ്ട്. ഇതിൽ നിന്ന് മനസ്സിലാവുന്ന കാര്യം, സ്ത്രീകളാണ് പ്രണയത്തിൽ അന്ധമായി അകപ്പെടുന്നത് എന്നാണ്. സ്ത്രീകൾ പ്രണയത്തിനായി കൂടുതൽ ആഗ്രഹിക്കുന്നുണ്ടാവാം. അങ്ങനെയുള്ള പുരുഷന്മാരുടെ എണ്ണം സ്ത്രീകളെ അപേക്ഷിച്ച് കുറവായിരിക്കാം. എന്‍റെ തോന്നലാണ്. പഠനങ്ങളോ കണക്കുകളോ ഇല്ല. അങ്ങനെയല്ല എന്നാണെങ്കിൽ പുരുഷന്മാർ തുറന്നു പറയട്ടെ.

സമൂഹവും പ്രണയവും

ഇന്നത്തെ തലമുറയിലെ പെൺകുട്ടികളും ആൺകുട്ടികളും വളരെ വ്യത്യസ്തമായി പ്രണയത്തെ അറിയുന്നുണ്ടോ? അവർക്കിടയിൽ സൗഹൃദം വളരാൻ, തുറന്ന പ്രണയം പങ്ക് വയ്ക്കാൻ സമ്മതിക്കുന്ന സമൂഹമായി കേരളം മാറിയിട്ടുണ്ടോ? കുടുംബങ്ങൾ കുട്ടികളുടെ പ്രണയങ്ങൾക്ക് അനുകൂലമായി മാറിയിട്ടുണ്ടോ? ഇല്ല എന്നാണ് എന്‍റെ വിലയിരുത്തൽ. മറിച്ച് വാലന്‍റൈൻസ് ഡേ ആഘോഷിക്കാനെത്തുന്ന പെൺകുട്ടികളേയും ആൺകുട്ടികളേയും ആക്രമിക്കുന്ന ശ്രീരാമ സേനയും വാനര സേനയുമൊക്കെയാണ് ഇപ്പോഴത്തെ വൃത്തികെട്ട കാഴ്ചകൾ. ജാതിയും മതവും മറന്ന് പ്രണയിക്കുന്ന യുവതലമുറ ഇല്ലെന്നതാണ് യാഥാർത്ഥ്യം. ഇത്തരം ശാസനകളെ ധിക്കരിച്ച് പ്രണയിച്ചതിന്‍റെ പേരിൽ ദുരഭിമാനക്കൊലകൾ കേരളത്തിലും നടന്നു കഴിഞ്ഞു. ഒരാണും പെണ്ണും ഒന്നിച്ച് സഞ്ചിരിക്കുന്നത് കണ്ടാൽ സദാചാര പോലീസുകാർ വളയുന്ന സംഭവങ്ങൾ സമൂഹത്തിന്‍റെ വളർച്ചയല്ല കാണിക്കുന്നത്. ഇതിനൊക്കെയിടയിലും പ്രണയ പൂർവ്വം മുന്നോട്ടു പോകുന്ന ചെറുപ്പക്കാരെ കാണാം. വിശേഷിച്ച് ലെസ്ബിയൻ, ഗേ, ബൈ സെക്ഷ്വൽ, ട്രാൻസ്ജെന്‍റർ പ്രണയജീവിതങ്ങൾക്ക് കുറച്ചെങ്കിലും സാമൂഹ്യദൃശ്യത വന്നുതുടങ്ങിയിരിക്കു ന്നു എന്നതാണ് സന്തോഷമുള്ള കാര്യം.

ഫോട്ടോ – സിബി പുൽപ്പള്ളി

മൊഴിയമ്പുകൾ

മൊബൈൽ ഫോൺ എത്ര നേരമായെന്തോ ചിലയ്ക്കാൻ തുടങ്ങിയിട്ട്!! ഞാൻ ഗാഢനിദ്രയിൽ നിന്ന് ഞെട്ടി ഉണർന്നത് തന്നെ ഇങ്ങനെ ആലോചിച്ചു കൊണ്ടാണെന്നു തോന്നുന്നു.

ഈ കൊച്ചു വെളുപ്പാൻ കാലത്ത് ആരാണ് വിളിക്കുന്നത്. ആ സമയത്ത് ഫോൺ കോൾ വരുമ്പോൾ അശുഭവാർത്ത എന്തോ ആവുമെന്ന് ഉറപ്പാണ്. ഉള്ളിൽ ആഞ്ഞുമിന്നിയ ചിന്തകളോടെ ഞാൻ കിടക്കയിൽ നിന്ന് എഴുന്നേറ്റു. ഒപ്പം ഭിത്തിയിലെ ക്ലോക്കിലേക്കും പാളി നോക്കി. 5.55 am പുറത്ത് ഇപ്പോഴും ഇരുട്ടാണ്.

ആദ്യം വന്ന കോൾ കട്ട് ആയിട്ടുണ്ട്. ആകാംക്ഷയോടെ മുറിയിലെ ലൈറ്റ് ഓൺ ചെയ്‌തു. മിസ്ഡ് കോൾ ചെക്ക് ചെയ്‌തു. അമ്മായിയമ്മയുടെ കോൾ ആണ്. മനസിൽ പലവിധ ചിന്തകൾ..?

എന്തെങ്കിലും അത്യാവശ്യമില്ലെങ്കിൽ അമ്മ ഇത്ര രാവിലെ വിളിക്കില്ല. ഉറങ്ങിക്കിടക്കുന്ന പർവീയെ വിളിച്ചെഴുന്നേൽപ്പിക്കാനാണ് ആദ്യം തോന്നിയത്. പിന്നെ കരുതി അതിനുമുമ്പ് അമ്മയെ വിളിച്ചു നോക്കാമെന്ന്.

ഇങ്ങനെ ആലോചിക്കുമ്പോഴേക്കും വീണ്ടും ഫോൺ റിംഗ് ചെയ്‌തു.

“ഹലോ അമ്മ, നമസ്തേ! എന്തെ വിശേഷിച്ച്?”

എന്‍റെ സ്വരത്തിൽ ഭയം മുന്നിട്ടു നിൽക്കുന്നു. രാത്രി ഉറങ്ങാത്തതു കൊണ്ടാകാം അമ്മയുടെ സ്വരം കനം തൂങ്ങി നിൽക്കുന്നതായി അനുഭവപ്പെട്ടു.

“ഹായ് മോളെ! നമസ്തേ. ഇവിടെ എല്ലാവർക്കും സുഖം തന്നെ.” അമ്മയുടെ മറുപടി കേട്ടപ്പോൾ ആശ്വാസവും അമ്പരപ്പും ഒരുമിച്ചാണ് തോന്നിയത്. അങ്ങോട്ട് എന്തു ചോദിക്കണം എന്നാലോചിക്കാൻ പോലും ഇട നൽകാതെ അമ്മ പറയാൻ തുടങ്ങി.

“ഞാൻ വിളിച്ചത് വേറൊന്നിനുമല്ല കുട്ടി, നിങ്ങൾ എഴുന്നേറ്റോ എന്നറിയാനാ. ഇന്ന് രണ്ടുപേർക്കും അവധി തീരുമല്ലോ. ഓഫീസില്‍ പോകാൻ റെഡി ആവാണമല്ലോ. പർവീണിനോടും നേരത്തെ എഴുന്നേൽക്കാൻ പറയൂ.”

അമ്മ ഇതുപറയുമ്പോഴാണ് അക്കാര്യം ഓർമ്മയിലേക്ക് വന്നത്. ശരിയാണ് ഇന്ന് മുതൽ ഓഫീസിൽ പോകണം. പുതിയ ഗൃഹഭരണത്തിന് ചുക്കാൻ പിടിച്ചു കൊണ്ടു വേണം. കാര്യങ്ങളൊക്കെ മുന്നോട്ടു പോകണമെങ്കിൽ രണ്ടാളും ഒത്തുപിടിക്കണം.

പർവീൺ പുതിയ ജനറേഷനിലെ യുവാവാണ്. അതിനാൽ വീട്ടുകാര്യങ്ങളിൽ കൂടെ കൂടുമോ എന്ന ആശങ്ക പലർക്കുമുണ്ട്. പ്രത്യേകിച്ചും പർവിയുടെ അമ്മയ്ക്കു പോലും.

അമ്മയുടെ ഈ ആശങ്കയും മറ്റും കേട്ടപ്പോൾ ഒട്ടൊരു ഈർഷ്യം തോന്നി. പക്ഷേ അതിന്‍റെ പേരിൽ ഒന്നും പറയാനോ അവഹേളിക്കാനോ ഞാൻ ഇല്ല.

“അമ്മ വിഷമിക്കാതെ, ഞാൻ എല്ലാം നോക്കിക്കോളാം. പർവി ഉറങ്ങുകയാണ്. എഴുന്നേൽക്കുമ്പോൾ അമ്മയെ വിളിക്കാൻ പറയാം.”

ഫോൺ കട്ട് ചെയ്‌ത് മെഹർ ദീർഘ ശ്വാസമെടുത്തു. കല്യാണം കഴിഞ്ഞിട്ട് ഒരു മാസമായതേയുള്ളൂ.

ഡൽഹിയിലാണ് രണ്ടാൾക്കും ജോലി. വിവാഹശേഷം 15 ദിവസം വീട്ടിൽ നിന്നു. പിന്നെ ഡൽഹിയിലേക്ക് മടങ്ങി. ഇവിടെ ഒരു വീട് എടുത്ത് എല്ലാം ഒരുക്കി. എന്തായാലും വിവാഹശേഷം ബന്ധുക്കളുടെ കൂടെ താമസിക്കുന്നില്ല എന്ന് മുൻകൂട്ടി എടുത്ത തീരുമാനമാണ്.

ലവ് മാര്യേജ് ഒന്നുമല്ല, എങ്കിലും കോമൺ ഫ്രണ്ട്സ് ഉണ്ടായിരുന്നതിനാൽ നേരത്തെ പരിചയം ഉണ്ടായിരുന്നു. കാണുമ്പോൾ ചിരിക്കും എന്നതിനപ്പുറം കുടുംബത്തിലൂടെ ബന്ധം വിവാഹ പ്രൊപ്പോസൽ വരുന്നതു വരെ രണ്ടുപേർക്കും ഇല്ലായിരുന്നു. യഥാർത്ഥത്തിൽ രണ്ടുപേർക്കും ഉള്ളിന്‍റെയുള്ളിൽ ഇഷ്ടം ഉണ്ടായിരുന്നു എന്നതാണ് വാസ്തവം.

വിവാഹ ശേഷം ഡൽഹിയിലേക്ക് എത്തിയപ്പോൾ കുറച്ച് ആശ്വാസമാവുകയായിരുന്നു മെഹറിന്. എന്തു കാര്യവും പിന്നാലെ നടന്ന് എന്ന മട്ടിൽ ചോദിച്ചു കൊണ്ടിരിക്കുന്ന അമ്മായിയമ്മ ആണ് പ്രധാന കാരണം. രാവിലെ എഴുന്നേറ്റോ, ചായ ഉണ്ടാക്കിയോ ഉച്ചയ്ക്ക് എന്തു കഴിച്ചു. എന്തൊക്കെ വാങ്ങി, ഇങ്ങനെ ലോകത്തുള്ളതും ഇല്ലാത്തതുമായ കുഞ്ഞു കുഞ്ഞുകാര്യങ്ങൾ ചോദിച്ച് ശ്വാസം മുട്ടിക്കും.

രാവിലെയും വൈകിട്ടും എവിടെ ആയാലും വിളിച്ചിരിക്കും. ഇങ്ങനെ ഇടം വലം വിടാതെയുള്ള അന്വേഷണവും. അമിത ശ്രദ്ധയും അവൾക്ക് അസഹ്യമായി തോന്നിയിരുന്നു.

സംഭവമൊക്കെ നല്ലതു തന്നെ തന്‍റെ മകനെയും മരുമകളെയും കുറിച്ചുള്ള ചിന്തയാണ്. അവർ സന്തോഷമായിരിക്കണം എന്ന ആഗ്രഹമാണ്. പക്ഷേ, ഇതിന്‍റെ പേരിൽ അവരുടെ ചിറക് അരിഞ്ഞ അവസ്‌ഥ ആക്കിയാൽ എങ്ങനെയാണ്..

എന്തിനും ഏതിനും അമ്മയുടെ അനുവാദവും ആശീർവാദവും വാങ്ങണം. അവർ പറയുന്ന പോലെ മാത്രം ജീവിക്കാവൂ എന്നൊക്കെയായാലോ! ആദ്യം ഇങ്ങനെ ചില്ലറ വിഷമം മെഹ്റിന് തോന്നിയെങ്കിലും കല്യാണം കഴിഞ്ഞു അന്യനാട്ടിൽ താമസിക്കാൻ പോയ മക്കളെ ഓർത്തുള്ള ആധി ആണല്ലോ എന്നു കരുതുമ്പോൾ തൽക്കാലം മനസ് അടങ്ങും.

“നീ എന്താ നേരത്തെ എഴുന്നേറ്റത്?” പാതി അടഞ്ഞ മിഴികൾ തിരുമ്മിത്തുറന്ന് പർവി, സോഫയിലേക്ക് ചാഞ്ഞിരുന്നു.

“അമ്മ വിളിച്ചു അതാണ്. മോനോട് വിളിക്കാൻ പറഞ്ഞിട്ടുണ്ട്.” കൂടുതലൊന്നും പറയാതെ മെഹർ അടുക്കളയിലേക്ക് നടന്നു.

“ഇത്ര രാവിലെ! ഈ അമ്മയ്ക്ക് ഉറക്കമൊന്നുമില്ലേ!”

അടുക്കളയിൽ അവളുടെ പിന്നാലെ ചെന്ന് പർവി ബ്രഷും പേസ്റ്റുമെടുത്തു.

“അതേ, അമ്മയ്ക്ക് ഉറക്കമില്ല. മാത്രമല്ല, എത്ര ദൂരെ ഇരുന്നാലും മിസൈൽ അയക്കാലോ… മോനേക്കുറിച്ചുള്ള ചിന്തയാണ്.” മെഹർ പരിഹാസത്തിന്‍റെ അമ്പ് ഒളിപ്പിച്ചു വച്ചു മെല്ലെ എയ്തു കൊടുത്തു.

“എനിക്ക് എന്‍റെ കാര്യം നോക്കാൻ പ്രാപ്തിയുണ്ടെന്ന് അമ്മയ്ക്ക് നന്നായിട്ട് അറിയാം. കഴിഞ്ഞ രണ്ടു വർഷമായിട്ട് ഞാൻ തനിച്ചാണല്ലോ കഴിയുന്നത്. എല്ലാം സ്വയം മാനേജ് ചെയ്‌തു തന്നെ പോകുന്നുണ്ട്. ഞാൻ ഭക്ഷണം ഉണ്ടാക്കുമെന്ന് ഇപ്പോൾ മാഡത്തിനും അറിയാലോ!” മെഹറിന്‍റെ ദേഷ്യത്തെ തണുപ്പിക്കാൻ പർവി തന്‍റെ വാക്ചാതുര്യം നന്നായി പ്രയോഗിച്ചു.

രണ്ടുപേരും ചേർന്ന് വീട്ടുജോലിയൊക്കെ ഭംഗിയായി ഒതുക്കി ഓഫീസിലേക്ക് പോയി.

മെഹറിന്‍റെ ഓഫീസാണ് ആദ്യം. അതിനാൽ അവളെ ആദ്യം അവിടെ ഇറക്കിവിട്ട് പർവി തന്‍റെ ഓഫീസിലേക്ക് പോകും. അതിനാൽ മെഹർ വലിയ സന്തോഷത്തിലായിരുന്നു. പഴയ പോലെ ബസിലൊന്നും കയറി കഷ്ടപ്പെടേണ്ട. ഡൽഹിയിലെ ഗതാഗതക്കുരുക്കും, മലിനീകരണവും അസഹ്യമാണ്. ബസിലൊക്കെ കയറി ഒരു മണിക്കൂർ ഇരിക്കേണ്ടി വന്നാൽ ആയുസിന്‍റെ പകുതി പോയി എന്നു കൂട്ടിയാൽ മതി.

മെഹർ വളരെ സന്തോഷവതിയായി കാണപ്പെട്ടപ്പോൾ ഓഫീസിലെ കൂട്ടുകാരും കളിയാക്കി.

“രണ്ടാളും, അമ്മായിയമ്മയിൽ നിന്നൊക്കെ രക്ഷപ്പെട്ട് സുഖായിട്ട് കഴിയുവല്ലേ… വീട്ടിലെ ബോസ് നീയാണല്ലോ.”

“ട്രാജഡി എന്താണെന്നറിയോ മെഹർ, ഇക്കാലത്ത് പഠിപ്പും വിവരവുമുള്ള അമ്മായിയമ്മമാർ പോലും മരുമകളെ കൺട്രോൾ ചെയ്യാനും അവരുടെ ജീവിതം കുട്ടിച്ചോറാക്കാനും ശ്രമിക്കുന്നില്ലേ! എന്‍റെ ഭർതൃവീട്ടുകാരും ഒട്ടും മോശമല്ല. അമ്മായിയമ്മ ടീച്ചറാണ്. പക്ഷേ എങ്ങനെ മരുമകളെ ട്രീറ്റ് ചെയ്യണം എന്നറിയില്ല. ഇതിനൊന്നും ഒരിടത്തും പരിശീലനം കിട്ടില്ലല്ലോ.”

ഓഫീസിൽ ഏറ്റവും കളിച്ചും ചിരിച്ചും നടക്കുന്ന ബീന തന്‍റെ അനുഭവങ്ങളെക്കുറിച്ച് ഇടയ്ക്കൊക്കെ ഇങ്ങനെ പറയാറുണ്ട്. അവൾ വീട്ടിൽ മറ്റൊരാളും പുറത്തു കടന്നാൽ യഥാർത്ഥ ബീനയുമാണെന്ന് കൂട്ടുകാർ കളിയാക്കുന്നത് വെറുതെയല്ല.

“അമ്മായിയമ്മയുടെ മുന്നിൽ ഒരു പാട് സന്തോഷം കാണിക്കരുത്. കാണിച്ചാൽ കുശുമ്പ് കേറിത്തുടങ്ങും. സങ്കടമുള്ള മുഖവുമായി വീട്ടിലിരിക്കുന്നതാ സേഫ്. ഇപ്പോൾ എന്‍റെ ഭർത്താവിനും അറിയാം ഈ ട്രിക്ക്. അങ്ങനെ വീട്ടിലെ സിറ്റ്‍വേഷൻ ഗംഭീരായിട്ട് മാനേജ് ചെയ്യാം…”

ബീന പൊട്ടിച്ചിരിയോടെ തുടർന്നു.

ഹേയ്… ഡിയേഴ്സ്… എന്‍റെ അമ്മായിയമ്മ, സമീപത്തില്ലെങ്കിലും ദിവസവും ധാരാളം മിസൈലുകൾ വന്നു പതിക്കുന്നുണ്ട്. പല നേരം ഫോൺ ചെയ്‌ത് ഡീറ്റൈയിൽ ആയി എല്ലാം ചോദിക്കും. പിന്നെ കംപ്ലീറ്റ് ഉപദേശമാണ്.”

മെഹർ മേശപ്പുറത്തെ ഫയലുകൾ അടുക്കി വച്ചു. അവളുടെ മുഖത്ത് ആ സമയത്ത് അമ്മായിയമ്മയോടുള്ള അനിഷ്ടം പ്രകടമായിരുന്നു.

ഓഫീസിൽ പലവട്ടം ഫോൺ ചെയ്യും എടുക്കാൻ പറ്റാറില്ല. അപ്പോൾ ഇങ്ങോട്ടു വാട്ട്സാപ്പ് മെസേജിലൂടെ ഉപദേശം പാഴ്സലായി വരും. ഞാൻ നമ്പർ മൂട്ട് ചെയ്‌തിട്ടിരിക്കുവാ…

മെഹറിന്‍റെ തുറന്നു പറച്ചിൽ കേട്ട് എല്ലാവരും ഒന്നു ഞെട്ടി.

“സത്യം?”

രമ തലയിൽ കൈവച്ചു. ബിന ചിരി അടക്കാൻ പാടുപെട്ടു. “ഇന്ന് ഏതു പോസിഷൻ ആയിരുന്നു എന്ന് ചോദിച്ചോ?” ചോദ്യം കേട്ട് മെഹർ അവളെ വേദനിപ്പിക്കും വിധം നുള്ളി.

“അത്രയ്ക്കൊന്നും ഇല്ല. പക്ഷേ ഇടയ്ക്ക് വീഡിയോ കോൾ വരും. രാത്രിയിൽ അപ്പോഴാണ് രസം. ഞാൻ സ്ലീവ്ലസ് ഡ്രസ് മാറ്റി വേറെ എന്തെങ്കിലും എടുത്ത് ധരിക്കും. ചിലനേരം ഞാൻ വീഡിയോ കോൾ ചെയ്യാൻ മടിക്കുമ്പോഴും അമ്മ നിർബന്ധിക്കുമ്പോൾ പ്രത്യക്ഷപ്പെടേണ്ടി വരും.” ഓഫീസിൽ നിന്ന് മടങ്ങി വന്നപ്പോഴും മെഹർ അമ്മയെ കുറിച്ചാലോചിച്ചു കൊണ്ടിരുന്നു. ഒരു വീട്ടിലാണ് കഴിഞ്ഞിരുന്നതെങ്കിലോ… “ഹോ… അമ്മയുടെയും മകന്‍റെയും ഇടയിൽ പെട്ട് ഒരു സാൻവിച്ച് ആയി മാറിയേനെ!”

“അമ്മ വളരെ പൊസസീവ് ആണ്, പർവി അതാണ് ഇങ്ങനെ പെരുമാറുന്നത്.” മെഹറിന്‍റെ സംസാരം കേട്ട് പർവി പൊട്ടിച്ചിരിച്ചു.

“ഞാൻ ഒറ്റപുത്രൻ അല്ലല്ലോ, നിനക്കറിയോ, സീനുവിന്‍റെ അടുത്തും അമ്മയ്ക്ക് ഇതേ ലൈനാ…” പർവിയുടെ അനുജത്തിയാണ് സീനു. അവളും വിവാഹിതയാണ്.

“സീനുവിന്‍റെ അടുത്ത് അമ്മയുടെ സാധാരണ മിസൈൽ ഏൽക്കുന്നില്ല. കാരണം അവിടെ അവളുടെ അമ്മായിയമ്മ ഉണ്ടല്ലോ. അവർ ഡെയ്‍ലി ബാലിസ്റ്റിക് മിസൈൽ വിടുമ്പോൾ അമ്മയുടെ സാദാ മിസൈൽ എങ്ങനെ പിടിച്ചു നിൽക്കാനാ…” പർവി ഉറക്കെ ചിരിച്ചു.

മെഹർവിനും ചിരി അടക്കാനായില്ല. “അവർ മിസൈൽ അയക്കട്ടെ… മോളേ… ഇതൊക്കെ എത്ര നാൾ ചെയ്യും. കുറച്ചു കഴിയുമ്പോൾ എല്ലാം നോർമൽ ആകും.” പർവി അവളെ ആശ്വസിപ്പിച്ചു.

“ശരിയാ അവർ എന്തെങ്കിലും ചെയ്യട്ടെ!” പർവിയുടെ തോളിൽ മുഖം ചേർത്ത് അവൾ കുസൃതി കാട്ടി.

പിറ്റേന്ന് ഓഫീസ് കഴിഞ്ഞ് രണ്ടുപേരും വീട്ടിലെത്താൻ വൈകി. പുറത്തു നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.

വീട്ടിലെത്തി ഡ്രസ് ചേഞ്ച് ചെയ്യുമ്പോൾ അമ്മയുടെ കോൾ വന്നു. മെഹർ ഫോൺ സ്പീക്കർ മോഡിലിട്ടു അടുക്കളയിലേക്ക് നടന്നു. അവിടെ പർവി കോൾഡ് കോഫി ഉണ്ടാക്കുന്നുണ്ടായിരുന്നു. ഫോൺ അവൾ സ്റ്റാൻറിൽ വച്ചു.

“ഞാൻ നിങ്ങളെ എത്ര വിളിച്ചു. ഇപ്പോഴാണോ നിങ്ങൾ വീട്ടിലെത്തിയത്. അല്ലാ…ഇന്ന് ഭക്ഷണമൊന്നും ഉണ്ടാക്കണ്ടേ… അതോ അതും പുറത്തു നിന്നാക്കിയോ…

“ഇത്രയും നേരം എന്തിനാ പുറത്ത് കറങ്ങി നടക്കുന്നത്. പുറത്തു നിന്ന് ഭക്ഷണം കഴിച്ചാ വയറു കേടാകും. ഭക്ഷണം വീട്ടിലുണ്ടാക്കിയാൽ പോരെ. ഇന്നത്തെ പിള്ളേരുടെ ഒരു കാര്യം. ഹോട്ടൽ ഫുഡ് ഫാഷൻ ആയത്രേ!” മെഹർവും പർവിയും മുഖത്തോടു മുഖം നോക്കി. രണ്ടുപേർക്കും ചിരി വന്നു. പക്ഷേ നിയന്ത്രിച്ചു.

“ഞാനിത്ര ദൂരെയല്ലേ! അല്ലെങ്കിൽ വന്നേനെ. എന്തെങ്കിലും സഹായിക്കാൻ പറ്റുമായിരുന്നു. അതെങ്ങനാ, ഇവിടെ ഒരാൾക്ക് യാത്ര ചെയ്യാൻ പറ്റില്ലല്ലോ. പിന്നെ വീട്ടിലെ ഏക ആൺതരിയാണ് എന്‍റെ മോൻ. ആറുമാസം ആകുമ്പോഴെക്കും അടുത്ത കാര്യം തീരുമാനമാകണം. ഞാൻ ഇപ്പോഴെ പറഞ്ഞേക്കാം. മനസ്സിലായോ…”

ദൂരെ നിന്നും ഇടതടവില്ലാതെ വന്നു വീഴുന്ന വാക്ക് മിസൈലുകളെ നിശബ്ദം സ്വീകരിച്ച് രണ്ടുപേരും കോൾഡ് കോഫി നുണഞ്ഞു കൊണ്ടിരുന്നു.

ഹൈഡ്രോ തെറാപ്പി

വെള്ളം ജീവന്‍റെ നിലനിൽപ്പിന് ആവശ്യമാണെന്ന പോലെ നല്ലൊരു ഔഷധവും കൂടിയാണ്. വെള്ളം ഉപയോഗിച്ച് അനേകം രോഗങ്ങൾ ഭേദപ്പെടുത്താം. ഹൈഡ്രോ തെറാപ്പി എന്ന പേരിലാണ് ഈ ചികിത്സാരീതി അറിയപ്പെടുന്നത്.

വളരെ പഴക്കമേറിയ ഒരു ചികിത്സാ രീതിയാണ് ഹൈഡ്രോ തെറാപ്പി. ഗ്രീക്ക് റോമൻ സംസ്‌കാരങ്ങളിൽ മാത്രമല്ല ആയുർവേദത്തിലും ജല ചികിത്സയെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്.

ചൂട് വെള്ളം ശരീരത്തിന് കുളിർമ്മയേകുമെന്നാണ് ഹൈഡ്രോ തെറാപ്പിയിൽ പറയുന്നത്. ചൂടു വെള്ളം കുടിക്കുക വഴി ശരീരക്രിയ ശാന്തമാകും. മാനസിക പിരിമുറുക്കവും തളർച്ചയും അകന്നു കിട്ടും. വെള്ളത്തിൽ ശരീരം മുങ്ങുമ്പോൾ ശരീരത്തിന് ഭാരമില്ലാത്ത അവസ്‌ഥ അനുഭവപ്പെടാറുണ്ട്. ഈയൊരവസ്‌ഥ ശരീരത്തിന് ഏറ്റവും ആവശ്യമാണ്. സ്വിമ്മിംഗ്‌പൂൾ, കുളം തുടങ്ങിയവയിൽ മുങ്ങി കുളിക്കുമ്പോൾ ശരീരത്തിന് മസാജിംഗ് ഫീൽ ഉണ്ടാകാറുണ്ട്. ഒപ്പം തന്നെ ചർമ്മം ഉത്തേജിക്കപ്പെടുകയും രക്‌ത സഞ്ചാരം കൂടുകയും ചെയ്യും.

പലതരം ഹൈഡ്രോ തെറാപ്പി

  • കുളിക്കുക
  • വെള്ളത്തിലിരിക്കുക
  • പാദങ്ങളുടെ സ്‌നാനം
  • ശരീരത്തിന് ആവി കൊള്ളിക്കൽ
  • ചൂട് വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണികൊണ്ട് ചൂട് കൊള്ളിക്കൽ
  • തണുത്ത വെള്ളം കൊണ്ട് ശരീരം തണുപ്പിക്കൽ

ചികിത്സ

നെഞ്ചിൽ കഫക്കെട്ട് പ്രശ്നമുണ്ടെങ്കിലോ ചുമയുണ്ടെങ്കിലോ പാദങ്ങളിലോ മുട്ടിലോ വിരലിലോ പരുക്കേറ്റ് നീര് വന്നിട്ടുണ്ടെങ്കിലോ ചൂട് വെള്ളത്തിൽ മുക്കി പിഴിഞ്ഞ തുണികൊണ്ട് ചൂട് കൊള്ളിക്കുക.

തലവേദന, പല്ലു വേദന, കയ്യിലോ കാലിലോ ഉണ്ടാകുന്ന ഉളുക്ക് എന്നിവയ്‌ക്ക് തണുത്ത വെള്ളം കൊണ്ട് കോൾഡ് കംപ്രഷൻ നൽകാം.

പൈൽസ് പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയിലുണ്ടാകുന്ന വീക്കം, മൂത്രാശയ സംബന്ധമായ അസുഖങ്ങൾ, സ്‌ത്രീ ജനനേന്ദ്രിയത്തിലുണ്ടാകുന്ന രോഗങ്ങൾ, മുട്ട്, പാദം, കണങ്കാൽ എന്നീ ഭാഗങ്ങളിലുണ്ടാകുന്ന വേദനയ്‌ക്കും കോൾഡ് കംപ്രഷൻ ഒരു പരിധി വരെ ആശ്വാസമാകാറുണ്ടെങ്കിലും ഇതിനെല്ലാം ശരിയായ ചികിത്സ ആവശ്യമായി വരാം.

പകൽ സമയം ഏകദേശം മൂന്നു ലിറ്റർ വെള്ളം കുടിക്കുന്നത് നല്ലതാണ്. കാരണം ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും വെള്ളം ആവശ്യമാണ്. ചർമ്മത്തിന് ഈർപ്പം ലഭിക്കാനും ഇത് സഹായിക്കും. മാത്രവുമല്ല, മാനസിക പിരിമുറുക്കം കുറയ്‌ക്കാനും ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കും. അവയവങ്ങൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കും. രക്‌ത സഞ്ചാരം വർദ്ധിക്കുന്നതിനൊപ്പം മുഖക്കുരു ശല്യം കുറയും. തലവേദന, സന്ധി വേദന എന്നിവ മാറിക്കിട്ടും. നല്ല ഉറക്കവും ലഭിക്കും.

തൊണ്ട വരളുക, മൂത്രം കുറയുക, ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ വെള്ളം കുറയുന്നതിനാലാണ് ഉണ്ടാവുന്നത്. അതുകൊണ്ട് കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർ മതിയായ അളവിൽ വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക തന്നെ വേണം. അതായത് 2 ശതമാനം വെള്ളത്തിന്‍റെ കുറവ് 25 ശതമാനം കാര്യക്ഷമതയെ കുറച്ചുകളയും.

ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക

  • എപ്പോഴും തണുത്ത വെള്ളത്തിൽ കുളിക്കുക. വെയിലത്ത് നിന്നും വീട്ടിലെത്തിയാലുടൻ ധാരാളം വെള്ളം കുടിക്കുക.
  • തുണിയിൽ ഐസ് കട്ട വച്ച് മുഖത്ത് ഉരസുക. കണ്ണുകൾക്ക് മീതെ റോസ് വാട്ടറിൽ മുക്കിയ കോട്ടൺ പാഡുകൾ വയ്‌ക്കുക.

രാജസ്ഥാൻ ക്യാമൽ സഫാരി

ജയ്പൂരിൽ നിന്ന് അജ്മീറിലേക്കുള്ള ദേശീയപാതയിലൂടെ യാത്ര വളരെ രസകരമായ അനുഭവമാണ്. കുംഭൽഗഡ് വഴിയുള്ള ആ യാത്രയിൽ സിൽക്ക് സ്മൂത്തായ റോഡുകൾ ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവരെ ഹരം കൊള്ളിക്കും.

രാജസ്ഥാനിലെ ഗ്രാമങ്ങളിലൂടെയുള്ള കാഴ്ചകൾ കാണുമ്പോൾ കലാകാരന്‍റെ ഭാവനയിലെ ചിത്രങ്ങളാണോ എന്ന് തോന്നും വിധം സന്തോഷകരമാണ്. തിരക്കിട്ട കൃഷിപ്പണികൾക്കിടയിൽ മുഴുകിയ ഗ്രാമീണർ കവലകളിൽ കൊതിയും നുണയും പറയുന്ന വൃദ്ധമാർ, പരമ്പരാഗത വേഷത്തിൽ കടന്നു പോകുന്ന സ്ത്രീകൾ. ഇതിനെല്ലാറ്റിനും ഒപ്പം, അല്ലെങ്കിൽ അതിലേറെ കൗതുകം നൽകുന്ന വർണ്ണശബളമായ തലപ്പാവുകൾ.

രാജസ്ഥാന്‍റെ ഗ്രാമ പ്രദേശങ്ങളിലേക്ക് എത്തുന്ന വിനോദ സഞ്ചാരിയെ വരവേൽക്കുന്ന ഏറ്റവും സാധാരണമായ ദൃശ്യങ്ങളാണിവ.

ജയ്പൂരിൽ നിന്ന് അതിരാവിലെ പുറപ്പെട്ടാൽ കുംഭൽഗഡ് ഉച്ചയോടെ എത്താം. കുംഭൽഗഡിലേക്കുള്ള ആദ്യത്തെ കാഴ്ചകൾ തന്നെ ഒരു പെയിന്‍റിംഗ് പോലെ സുന്ദരമാണ്. ആരവല്ലി മലനിരകൾ മനോഹരമാക്കിയ ഗ്രാമം. പച്ചപ്പുൽ മൈതാനങ്ങൾ, ശാന്തമായൊഴുകുന്ന അരുവി ഇതെല്ലാം പ്രദേശത്തിന്‍റെ മനോഹാരിത കൂട്ടുന്നു. കുംഭാൽഗഡ് ഫോർട്ടിലേക്കു പോകുന്നതിനു മുമ്പുള്ള പോയന്‍റിൽ വച്ച് ഞങ്ങൾ ദിശ അൽപം മാറ്റിപ്പിടിച്ചു സൈറയിലേക്ക്. പിന്നെ വീണ്ടും കുറേ കിലോമീറ്റർ ചുറ്റിത്തിരിഞ്ഞ് ഉദ്ദേശിച്ച ഡെസ്റ്റിനേഷനിൽ എത്തി. കുംഭൽഗഡിലെ വൈൽഡ് റിട്രീറ്റിറ്റ്.

കുന്നിൻ മുകളിലെ ഈ റിസോർട്ടിൽ നിന്നാൽ കുറേ പ്രദേശങ്ങൾ കാണാം. ഇരു ഭാഗത്തെയും താഴ്വരകളാണ് ഏറ്റവും വലിയ ആകർഷണം. വിശാലവും വായുസഞ്ചാരമുള്ളതും സുന്ദരവുമായ കോട്ടേജുകൾ. കോട്ടേജിന്‍റെ കർട്ടനുകൾ മാറ്റിയാൽ ഇരുവശത്തെയും ഗ്ലാസ് വിൻഡോയിലൂടെ സുന്ദരമായ പ്രകൃതി ദൃശ്യങ്ങൾ ആവോളം ആസ്വദിച്ചു നിൽക്കാം. കുംഭൽഗഡ് വന്യജീവി സങ്കേതത്തിന്‍റെ ഒരു ഭാഗത്താണ് ഈ വൈൽഡ് റിസോർട്ട് രാവിലെയും വൈകിട്ടും മൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദം യഥേഷ്ടം കേൾക്കാൻ കഴിയും. അർദ്ധ രാത്രിയിൽ പുലിയുടെ അലർച്ച ഞാൻ കേട്ടു.

ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങൾ പ്രശസ്തമായ കോട്ട സന്ദർശിക്കാനിറങ്ങി. വളരെ ഭംഗിയായി ഈ കോട്ട സംരക്ഷിച്ചിട്ടുണ്ട് എന്നത് എടുത്തു പറയണം. ഇതിന്‍റെ ക്രെഡിറ്റ് മുഴുവനും പുരാവസ്‌തു വകുപ്പിന് നൽകിയേ പറ്റൂ.

അൽപം പ്രയാസപ്പെട്ട് നടന്നു തന്നെ വേണം കോട്ടയുടെ കലാ സൗന്ദര്യം മനസ്സിലാക്കാൻ കയറ്റങ്ങൾ വളരെ പ്രയാസകരമാണ്. ഈ പ്രയാസം മറികടക്കാൻ കോട്ട നൽകുന്ന കാഴ്ചകൾ മാത്രം മതി! രജപുത്ര രാജാവ് മഹാറാണാ പ്രതാപിന്‍റെ പിതാവ് റാണ കുംഭയാണ് ഈ കോട്ട പണി കഴിപ്പിച്ചത്. ഇവിടെ വച്ചാണത്രേ മഹാറാണാ പ്രതാപ് ജനിച്ചത്.

കോട്ട സ്‌ഥിതി ചെയ്യുന്നത് തന്നെ ഒരു കുന്നിൻ മുകളിലാണ്. കോട്ടയ്ക്കു ചുറ്റും കുന്നുകളുടെ നിരകൾ വേറെയുമുണ്ട്. ചൈനയിലെ വൻ മതിൽ കഴിഞ്ഞാൽ ഈ കോട്ടയുടെ ഭിത്തികളാണ് ഏറ്റവും നീളം കൂടിയ മനുഷ്യനിർമ്മിതമായ ഭിത്തി.

കോട്ട മുഴുവൻ നടന്നു കണ്ടപ്പോഴേയ്ക്കും വൈകുന്നേരമായി. മനോഹരമായ സൂര്യാസ്തമയത്തിന്‍റെ കാഴ്ചകളിൽ മനം നിറഞ്ഞു പോയി. ഇരുൾ വീണപ്പോൾ കോട്ടയ്ക്കകത്ത് ലൈറ്റ് ആന്‍റ് സൗണ്ട് ഷോ ആരംഭിച്ചു. കോട്ടയുടെ ചരിത്രം മനസ്സിലാക്കാൻ സഹായിക്കുന്ന വളരെ ഭംഗിയായി സംവിധാനം ചെയ്‌ത ലൈറ്റ് ആന്‍റ് സൗണ്ട് ഷോ കാണേണ്ട ഒന്നു തന്നെ. കോട്ടയിൽ നിന്ന് ഞങ്ങൾ തിരികെ വൈൽഡ് റിട്രീറ്റ് എത്തിയപ്പോഴേക്കും കനത്ത ഇരുൾ എങ്ങും വീണു പടർന്നിരുന്നു.

ഹൽദിഘാട്ടി

പിറ്റേന്നു രാവിലെ സ്വാദിഷടമായ പ്രഭാത ഭക്ഷണത്തിനുശേഷം ഞങ്ങൾ അടുത്ത യാത്ര തുടങ്ങി. 80 കി.മീ അകലെയുള്ള ഹൽദിഘാട്ടിയാണ് ലക്ഷ്യം. ഉദയ്പൂരിന് തൊട്ടുമുമ്പാണ് ഹൽദിഘാട്ടി. നാട്ടുപാതകളിലൂടെയുള്ള ഡ്രൈവ് മനം കുളിർപ്പിക്കുന്ന കാഴ്ചകൾ സമ്മാനിച്ചു കൊണ്ടിരുന്നു. പച്ചക്കറിപ്പാടങ്ങളും കരിമ്പിൻ തോട്ടങ്ങളും മുളക്പാടങ്ങളും നൽകുന്ന ഹൃദ്യമായ പ്രകൃതി ദൃശ്യം. പരമ്പരാഗത തലപ്പാവണിഞ്ഞ ആട്ടിടയന്മാർ. അവരുടെ ശബ്ദത്തിൽ പോലും ഒതുങ്ങി നിന്ന് പറ്റമായി പോകുന്ന ആട്ടിൻ കൂട്ടങ്ങൾ. ഈ ഡ്രൈവ് ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്ന് മനസ്സിൽ തോന്നിപ്പോയി.

രണ്ടു മണിക്കൂറിനു ശേഷം ഞങ്ങൾ ഹൽദിഘാട്ടിയിലെത്തി. മഞ്ഞളിന്‍റെ നിറമുള്ള മണ്ണ് എന്ന അർത്ഥത്തിലാണ് ഹൽദിഘാട്ടി എന്ന പേര് ഈ പ്രദേശത്തിന് ഉണ്ടായത്. രാജാ മഹാറാണാ പ്രതാപ് മുഗളന്മാരുമായി അന്തിമ പോരാട്ടം നടത്തിയ മണ്ണാണിത്. അവിടെ കാലുകുത്തിയപ്പോൾ, സത്യം പറയട്ടെ, മേലാകെ കോരിത്തരിക്കുന്ന പ്രതീതി. റാണാപ്രതാപിന്‍റെ വാൾമുനയിൽ പുരണ്ട മുഗൾ രക്‌തത്തിന്‍റെ സ്മരണയിലാണത്രേ രക്ത് തലൈ എന്ന പ്രദേശത്തിന് ആ പേര് ലഭിച്ചത്.

റാണാ പ്രാതാപിന്‍റെ പ്രിയപ്പെട്ട കുതിരയായിരുന്ന ചേതക്, യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റതോടെ റാണ കൂടുതൽ വന്യമായ പോരാട്ടം നടത്തി മുഗളന്മാരോട് പ്രതികാരം ചെയ്‌തിരുന്നു. ഇതിന്‍റെ സ്മരണയിലുള്ള ഒരു മ്യൂസിയം ടൂറിസം വകുപ്പ് അവിടെ ഒരുക്കിയിട്ടുണ്ട്. കുംഭൽഗഡിലേക്കുള്ള മടക്കയാത്ര പതിവു പോലെ സുന്ദരമായിരുന്നു. ശേഷം നീന്തലും മറ്റും ആയി ഞങ്ങൾ ഒഴിവുവേള ശരിക്കും ആസ്വദിച്ചു.

ബേരയിലേക്ക്

ഗുജറാത്തിന്‍റെ അതിർത്തിയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ബേരയിലേക്കായിരുന്നു പിറ്റേന്ന് ഞങ്ങളുടെ അടുത്ത യാത്ര. അവിസ്മരണീയം എന്നേ ആ യാത്രയെ വിശേഷിപ്പിക്കാൻ കഴിയൂ. അത്രയേറെ വർണ്ണ വൈവിധ്യം നിറഞ്ഞ പ്രദേങ്ങൾ ഞാൻ കണ്ടിട്ടേയില്ല. റണക്പുരിലെ ജൈനക്ഷേത്രം മാർബിൾ ശിലാ ഭംഗിയുടെ ആദ്യത്തെ അമൂർത്ത രൂപമാണ്. ഇവിടെ കുറച്ചുനേരം ചെലവഴിച്ച ശേഷം ബേരയിലെ ഞങ്ങളുടെ പ്രധാന ലക്ഷ്യസ്‌ഥാനമായ ലിയോപാഡ് ലെയർ റിസോർട്ട് എത്തിച്ചേർത്തു.

ഈ റിസോർട്ട് നടത്തുന്നത് ഠാക്കൂർ ദേവിസിംഗ് റണാവത്തും ഭാര്യയും ചേർന്നാണ്. അദ്ദേഹത്തിന്‍റെ സ്വന്തം ഭൂമിയിലാണ് ഇത്. വന്യമൃഗങ്ങളെ കാണുന്നതിനു വേണ്ടി രൂപകൽപന ചെയ്ത റിസോർട്ടാണിത്. ആധുനിക സൗകര്യങ്ങൾ എല്ലാം ഇവിടെ ഉണ്ട്. എന്നാൽ ആഡംബരം ഒട്ടും ഇല്ല.

ഞങ്ങൾ ഇവിടെ നാലുപ്രാവശ്യം ലിയോപാഡ് ട്രക്കിംഗ് സഫാരി നടത്തി. രണ്ടു പ്രാവശ്യം പ്രഭാതത്തിലും രണ്ടു പ്രാവശ്യം വൈകുന്നേരവും. മൂന്ന് സഫാരികളിൽ ഠാക്കൂർ ഞങ്ങളുടെ കൂടെ വരികയും ചെയ്‌തു. യാത്രയിൽ ഞങ്ങൾക്ക് പുലികളെ കാണാൻ കഴിഞ്ഞു. അതിശയിപ്പിക്കുന്ന കാഴ്ച.

ഗുഹാന്തരങ്ങളിൽ പുലികളുടെ വന്യമായ മുരൾച്ച ഇടയ്ക്കിടെ പ്രകമ്പനം കൊള്ളുന്നുണ്ടായിരുന്നു. ഒരു ഗുഹയുടെ പുറത്ത് ഞങ്ങൾ കുറേനേരം കാത്തു നിന്നു. അൽപം കഴിഞ്ഞപ്പോൾ കരുത്തനായ ഒരു ആൺപുലി ഗുഹയിൽ നിന്ന് പുറത്തു വന്നു. കുറച്ചുനേരം ഞങ്ങളെ ഉറ്റുനോക്കിയ ശേഷം, തീർത്തും അവഗണിച്ചു കൊണ്ട് അവൻ എങ്ങോട്ടോ നടന്നകന്നു. പോകുന്ന വഴിയിൽ അത് മണ്ണിൽ ഉരുളുകയും നീണ്ടു നിവർന്ന് ക്ഷീണം തീർക്കുകയും ചെയ്യുന്നുണ്ടായിരുന്നു. 20 മിനിട്ടു കഴിഞ്ഞു കാണും. അതേ പുലി മടങ്ങി വന്ന് ഗുഹയിലേക്ക് കടന്നു പോയി.

ഒരു പുലിയെ ഇത്രയും അടുത്ത് ഞങ്ങളാരും കണ്ടിട്ടുണ്ടായിരുന്നില്ല. എത്ര കാലം കടന്നുപോയാലും ആ പുലിയുടെ നടപ്പും നോട്ടവും മനസ്സിൽ നിന്ന് മായുകയില്ല.

അന്ന് വൈകിട്ട് ഠാക്കൂർ  സാഹിബ് ഞങ്ങൾക്ക് അദ്ദേഹത്തിന്‍റെ ഹവേലിയിൽ ഡിന്നർ നൽകി സൽക്കരിച്ചു. വളരെ സുന്ദരമായ ഹവേലി ആയിരുന്നു അത്. തികച്ചും പരമ്പരാഗത ശൈലിയിലെ കൊട്ടാരത്തിനകത്ത് ഞങ്ങൾക്ക് ലഭിച്ച അത്താഴവും പരമ്പരാഗതമായ രുചിക്കൂട്ടു നിറഞ്ഞതായിരുന്നു.

പിറ്റേന്ന് പുലർച്ചെ പ്രഭാത ഭക്ഷണത്തിനു ശേഷം ഞങ്ങൾ ജോധ്പുരിലേക്ക് യാത്രയായി. പാലി വഴിയാണ് യാത്ര. ജോധ്പൂർ നഗരത്തിൽ ഞങ്ങൾ ഒരു ദിവസം താമസിച്ചു. ഷോപ്പിംഗിന് പറ്റിയ നഗരമാണ് ജോധ്പൂർ. രാജസ്‌ഥാനി കലയുടെ പലതരം രൂപങ്ങൾ നമുക്ക് ഇവിടെ നിന്ന് കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. വസ്‌ത്രങ്ങൾ, ചെരുപ്പുകൾ, തലപ്പാവുകൾ, ഒട്ടകത്തിന്‍റെ തൊലി കൊണ്ടുണ്ടാക്കിയ ഉൽപന്നങ്ങൾ ഇതൊക്കെ ഇവിടെ കിട്ടും.

ജെയസാൽമേര്‍

ഞങ്ങളുടെ യാത്രയുടെ അന്തിമഘട്ടത്തോടടുക്കുകയാണ്. ജെയസാൽമേറിലേക്കാണ് ഇനിയുള്ള യാത്ര. യഥാർത്ഥത്തിൽ രാജസ്ഥാൻ സന്ദർശിക്കാൻ പ്രേരിപ്പിച്ച സംഗതി തന്നെ ജയ്സാൽമേറും, അവിടത്തെ ഒട്ടകക്കാഴചകളും ആണ്.

വ്യത്യസ്തമായ അനുഭവമായിരുന്നു. ഇരുവശവും മണലാരണ്യങ്ങളും ഇടയ്ക്കിടെ ഗ്രാമീണ കാഴചകളും. ഇതിനിടയിലെല്ലാം കൗതുകക്കാഴ്ചയായി വന്നു കയറുന്ന ഒട്ടകങ്ങളും.

ഒട്ടകസഫാരി നടത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. പുലർച്ചെ 4 മണിക്ക് ജെയസാൽമേർ – ബാർമ്മർ ദേശീയ പാതയിലൂടെ ഞങ്ങൾ ലക്ഷ്യസ്‌ഥാനത്തേക്ക് തിരിച്ചു. ഒട്ടകസഫാരിയുടെ സ്റ്റാർട്ടിംഗ് പോയിന്‍റ് ഇവിടെ നിന്ന് 50 കി.മീ അകലെയാണ്. അവിടെ എത്തിയ ഞങ്ങൾക്ക് ഒട്ടക സഫാരിക്കായി മൂന്ന് ഒട്ടകങ്ങളെ കിട്ടി. ബാബുജി, അപ്പാച്ചിനോ, കിങ് കോങ് എന്നാണ് അവയുടെ പേര്. ഒട്ടകസഫാരി തുടങ്ങി. ഇടയിൽ വച്ചാണ് ഞങ്ങൾ പ്രഭത ഭക്ഷണം കഴിച്ചത്. മരുഭൂമിയിൽ സൂക്ഷിക്കാൻ പറ്റുന്ന തരം ഭക്ഷണങ്ങളല്ലാതെ മറ്റൊന്നും ഇവിടെ പ്രതീക്ഷിക്കരുതെന്ന് മുൻകൂട്ടി ഞങ്ങളെ അറിയിച്ചിരുന്നു.

ഒട്ടകത്തിന്‍റെ കൂടെ

ആദ്യമായിട്ടാണ് ഞങ്ങൾ ഒട്ടകത്തിന്‍റെ പുറത്ത് കയറുന്നത്. അതിന്‍റെ ചലനങ്ങൾക്കൊപ്പം ശരീരം ഒത്തു പോകാൻ അൽപം സമയം വേണ്ടി വന്നു. നടുവേദനയോ, നട്ടെല്ലിന് അസുഖമോ ഉള്ളവർ കാമൽ സഫാരി നടത്തരുത് എന്ന് ഓർമ്മിപ്പിക്കട്ടെ! ശാരീരികമായി ഫിറ്റ് ആണെങ്കിൽ മാത്രം ചെയ്യാവുന്ന ഒരു ദീർഘ സഫാരിയാണിത്.

നാലു ദിവസത്തെ ഒട്ടക സഫാരിയാണ്. ഞങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്. ഈ ദിവസങ്ങളിൽ വിചിത്രമായ യാത്രാനുഭവങ്ങളാണ് കാത്തിരുന്നത്. ആധുനികതയുടെ സ്പർശനമേൽക്കാത്ത രാജസ്ഥാൻ ഗ്രാമത്തിലെ റോഡുകളിലൂടെയാണ് യാത്ര. അവിടെ വാഹനങ്ങളുടെ ഇരമ്പലോ, ഹോണടിയോ ഒന്നും തന്നെ നമ്മെ അലോസരപ്പെടുത്തുകയില്ല. യഥാർത്ഥത്തിൽ മനുഷ്യവാസമുള്ള ഒരു രാജ്യത്താണോ നമ്മൾ താമസിക്കുന്നത് എന്നു തോന്നിപ്പോയി ഈ ദിനങ്ങളിൽ ചുറ്റും മരുഭൂമിയുടെ കടൽ. ഇടയ്ക്കിടെ അപൂർവ്വമായി ചെറിയ ഗ്രാമങ്ങൾ.

ഗ്രാമത്തിൽ പ്രവേശിച്ച് കഴിഞ്ഞ് പരമ്പരാഗത വസ്‌ത്രം ധരിച്ച സ്ത്രീ പുരുഷന്മാരെ കാണുമ്പോഴാണ് ജനവാസം ഉണ്ടെന്ന് അറിയുന്നത് തന്നെ. ഒട്ടകങ്ങളെ കാണുമ്പോഴേക്കും ഗ്രാമത്തിലെ കുട്ടികൾ ഓടിയെത്തും. സംശയം ചോദിച്ചാൽ പുരുഷന്മാർ മാത്രമാണ് മറുപടി പറയുക. സ്ത്രീകൾ വളരെ ലജ്‌ജയോടെ ഒഴിഞ്ഞു പോകും. ഇത്തരം ഗ്രാമങ്ങളിലെത്തുമ്പോഴാണ് എന്തെങ്കിലും വായ്ക്ക് രുചിയോടെ ഭക്ഷിക്കാൻ കിട്ടുക. അടുത്ത ദിവസത്തേക്കു വേണ്ട ഭക്ഷണം ഇത്തരം സ്‌ഥലങ്ങളിൽ നിന്ന് വാങ്ങി സൂക്ഷിക്കുകയും ചെയ്‌തു.

പകൽ മുഴുവൻ ക്യാമൽ സഫാരിയും നടപ്പും. രാത്രിയിൽ ഞങ്ങൾ എവിടെയെങ്കിലും ക്യാമ്പ് ചെയ്യും. സഫാരിക്കിടയിലെ പ്രധാനപ്പെട്ട കാര്യമാണ് രാത്രി തങ്ങാൻ പറ്റിയ ഇടം കണ്ടെത്തുന്നതും ക്യാമ്പ് റെഡിയാക്കുന്നതും. ദിവസവും 4 മണിക്കകം അതു കണ്ടെത്തും. ഒരു രാത്രി ഞങ്ങൾ താമസിച്ചത് ബഗ്സി ബാബാ കിധാനി എന്ന ഒരു ക്യാമ്പിലാണ്. ഒട്ടകപ്പുറത്തു നിന്ന് ഇറങ്ങിയാലുടൻ സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്യണം. അതു കഴിഞ്ഞാൽ അടുപ്പ് കത്തിക്കാൻ ആവശ്യമായവ ശേഖരിക്കണം.

മരുഭൂമിയിലെ രാത്രികൾ കൊടും തണുപ്പില്‍ പുതഞ്ഞു നിൽക്കുകയാണ്. തൊട്ടടുത്തെ തീ അടുപ്പിലെ ചൂടിൽ പുത പ്പിനുള്ളിൽ നുഴഞ്ഞു കയറി ചുരുണ്ടു കൂടി കിടന്നാലും തണുപ്പ് ഇടയ്‌ക്കിടെ അരിച്ചെത്തും. മണൽപ്പരപ്പിൽ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി ഉണർന്നു കിടക്കാൻ നല്ല രസമാണ്. മണലാരണ്യത്തിലെ വ്യക്‌തമായ ആകാശക്കാഴ്ചയിൽ നക്ഷത്രങ്ങൾ നമുക്ക് തൊട്ടടുത്താണെന്ന് തോന്നിപ്പോകും. ഞങ്ങളുടെ ഒട്ടകങ്ങളുടെ സാരഥികൾ ആയ ദിനയും ഹുക്കുറും ക്യാമ്പ് ഫയറിൽ രാജസ്‌ഥാൻ നാടൻ പാട്ടുകൾ പാടി ഞങ്ങളെ രസിപ്പിക്കുകയും ചെയ്‌തു. വരണ്ട പ്രദേശങ്ങളിലെ ജലസംരക്ഷണത്തെ കുറിച്ചുള്ള പ്രാധാന്യം ഈ ഒട്ടക സഫാരി നമ്മെ പഠിപ്പിക്കുന്നു. കൈയ്യിലുള്ള വെള്ളം പോലും വേഗം വറ്റിപ്പോകും ഇവിടെ. ഒട്ടകങ്ങൾക്ക് ഒന്നര ദിവസം കൂടുമ്പോഴാണ് വെള്ളം കുടിക്കാൻ കിട്ടിയിരുന്നത്.

ലളിത ജിവിതം

ഇവിടത്തെ ഗ്രാമീണരുടെ ജീവിതത്തെക്കിറിച്ച് അനുഭവിച്ച് മനസ്സിലാക്കാനുള്ള അവസരമാണ് ഒട്ടകസഫാരി നൽകിയത്. മനുഷ്യന് ജീവിച്ചു പോകാൻ ആവശ്യമായ അടിസ്‌ഥാനപരമായ കാര്യങ്ങൾ മാത്രമേ ഈ ഗ്രാമങ്ങളിലും അവരുടെ ഭവനങ്ങളിലും നമുക്ക് കാണാൻ കഴിയൂ. നമ്മുടെ വീട്ടിൽ കുമിഞ്ഞു കൂടിയ ആധുനിക വസ്‌തുക്കൾ എത്ര അനാവശ്യമാണ് എന്ന് നമുക്ക് തോന്നിപ്പോകും. അങ്ങനെ നാലുദിവസത്തെ ഒട്ടകസഫാരി കഴിഞ്ഞപ്പോൾ ശരിക്കും ജീവിതത്തെയും പ്രകൃതിയെയും അതിന്‍റെ ശരിയായ രീതിയിൽ അനുഭവിച്ചതായി ഞങ്ങൾ അറിഞ്ഞു.

ജയ്സാൽമേറിലെ മണലാരണ്യം കടന്ന് അതേ പേരിലുള്ള ചെറുപട്ടണത്തിൽ എത്തി. ഇന്ത്യൻ നിലവാരത്തിനു ചേർന്ന പട്ടണമാണ് ജയ്സാൽമേർ. ഇവിടെ നിന്നു മടങ്ങിയിട്ടും ആ ഒട്ടകങ്ങളും മണലാരണ്യവും അവിടത്തെ ജനതയും മനസ്സിൽ നിന്ന് കുടിയൊഴിയുന്നില്ല.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें