ബംഗ്ലൂരുവിൽ വിഷ്വൽ കമ്മ്യൂണിക്കേഷന് പഠിച്ചു കൊണ്ടിരുന്നപ്പോൾ ഒരു സിനിമ സംവിധായികയാകണമെന്ന സ്വപ്നം കണ്ടു നടന്നിരുന്ന പെൺകുട്ടിയായിരുന്നു കണ്ണൂർ സ്വദേശിയായ ദുന്ദു രൻജീവ്. എന്നാൽ യാദൃശ്ചികമായി ഒരു നാൾ സിനിമ ആർട്ട് ഡയറക്ഷനിലേക്ക് എൻട്രി ചെയ്യുകയായിരുന്നു ദുന്ദു. തീരെ പരിചിതമല്ലാത്ത ആ മേഖലയിലേക്ക് കടന്ന് ചെന്ന് പതിയെ ഇഷ്‌ടപ്പെട്ടു തുടങ്ങുകയായിരുന്നു.
ആ ഇഷ്ടം ചെന്നെത്തിയതോ എക്രോസ് ദി ഓഷ്യൻ, ലില്ലി എന്നീ സിനിമകളുടെ സ്വതന്ത്ര കലാസംവിധായിക പദവിലേക്കും. ഈ സിനിമകൾ ചെയ്യും മുമ്പ് അദർ ലൗവ് സ്റ്റോറി എന്ന ഹിന്ദി വെബ്സീരിസിനു വേണ്ടി ആദ്യമായി സ്വതന്ത്ര കലാസംവിധാനം ചെയ്‌തിരുന്നു.
എൻട്രി ടു ആർട്ട് ഡയറക്ഷൻ
ബംഗ്ലൂരുവിൽ വിഷ്വൽ കമ്മ്യൂണിക്കേഷന് ഇന്‍റേൺഷിപ്പ് ചെയ്‌തു കൊണ്ടിരുന്ന സമയത്താണ് “നിനക്ക് ആർട്ട് ഡയറക്ഷൻ എന്തു കൊണ്ട് ചെയ്‌തു കൂടാ. നീ നന്നായി പെയ്ന്‍റിംഗ് ഒക്കെ ചെയ്യുന്നുണ്ടല്ലോ” എന്ന് എന്‍റെ പ്രൊഫസർ ചോദിച്ചത്. ആർട്ട് ഡയറക്ഷൻ ചെയ്യാൻ പറ്റുമെന്ന വിശ്വാസം എന്നിലുണ്ടാക്കിയത് പ്രൊഫസറാണ്. അങ്ങനെ ഞാൻ ബംഗ്ലൂരുവിൽ ചില പരസ്യ കമ്പനികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങി.
സിനിമയിൽ എത്തിയ വഴി
100 ഡേയ്സ് ഓഫ് ലവിലാണ് ഞാൻ അസിസ്റ്റന്‍റായി എത്തുന്നത്. നടൻ സന്തോഷ് കീഴാറ്റൂരാണ് എന്നെ അജിത് മങ്ങാടിനെ പരിചയപ്പെടുത്തി തന്നത്. 100 ഡേയ്സ് ഓഫ് ലവിന്‍റെ സെറ്റിലെത്തുമ്പോൾ ഒരു പിടിയുമുണ്ടായിരുന്നില്ല. നമ്മൾ വിചാരിക്കുന്നതൊന്നുമല്ല നടന്നു കൊണ്ടിരിക്കുന്നത്. ആർട്ട് ഡയറക്ഷൻ എന്ന് പറയുന്നത് നമ്മൾ സ്കെച്ച് ചെയ്‌ത് കൊടുക്കുന്നതൊക്കെയാണ് എന്നായിരുന്നു വിചാരമെങ്കിലും അതെന്താണെന്ന് എനിക്ക് അറിയാം. ലൊക്കേഷനിലെത്തിയപ്പോഴാണ് ആ ഫീൽഡിലുള്ളവരെ പരിചയപ്പെടുന്നതും ആർട്ട് ഡയറക്ഷനെക്കുറിച്ച് മനസ്സിലാക്കുന്നതും. അതിലൊരു പാട് കാര്യങ്ങൾ പഠിക്കാനുണ്ട്. നമ്മൾ പുറത്ത് നിന്നും കാണുന്ന പോലെയല്ല ആർട്ട് ഡയറക്ഷൻ.
ആദ്യമൊക്കെ വലിയ പേടി തോന്നി. എങ്ങനെ ഇത്രയും പേരെ മാനേജ് ചെയ്യും. വർഷങ്ങളായി സ്ട്രഗിൾ ചെയ്യുന്ന എത്രയോ പേർ ഈ രംഗത്തുണ്ട്. അവരൊന്നും തന്നെ സ്വതന്ത്ര കലാസംവിധായകരായിട്ടുമില്ല. അതൊക്കെ ഓർത്തപ്പോൾ ടെൻഷൻ തോന്നി. അഞ്ചാറ് ദിവസം യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. പടത്തിന്‍റെ അസോസിയേറ്റ് ആർട്ട് ഡയറക്ടറായിരുന്ന നിമേഷ് താനൂർ ഓരോന്ന് പഠിപ്പിച്ച് തന്നു. പഠിക്കാൻ ഇന്‍ററസ്റ്റുമുണ്ടായിരുന്നു.
പിന്നീട് ബംഗ്ലൂരുവിൽ പരസ്യത്തിന്‍റെ വർക്ക് വരുമ്പോൾ നിമേഷ് എന്നെ വിളിക്കുമായിരുന്നു. ചെയ്യാൻ താൽപര്യമുണ്ടോയെന്ന് ചോദിക്കും. എക്സാമൊക്കെ കഴിഞ്ഞ് ഫ്രീയായിരിക്കുന്ന സമയമായിരുന്നു അപ്പോൾ. വർക്കും ചെയ്യാം പ്രതിഫലവും കിട്ടും. ബംഗ്ലൂരുവിൽ യാത്ര ചെയ്യുന്ന സമയത്ത് ആർട്ട് ഡയറക്ഷനുമായി ബന്ധപ്പെട്ട ഓരോ അനുഭവങ്ങൾ നിമേഷേട്ടൻ പറയും. അതിനകത്തുള്ള ഫണ്ണും ത്രില്ലും എക്സൈറ്റുമെന്‍റുമൊക്കെ... അങ്ങനെ എനിക്ക് ഈ ഫീൽഡുമായി മെല്ലെ താൽപര്യം തോന്നിത്തുടങ്ങി.
വികെപി സംവിധാനം ചെയ്‌ത റോക്ക്സ്റ്റാറിൽ നിമേഷേട്ടൻ സ്വതന്ത്ര ആർട്ട് ഡയറക്ടറായിരുന്നു. അങ്ങനെ അതിലും വർക്ക് ചെയ്‌തു. തുടർന്ന് എനിക്ക് ശ്രീനിവാസന്‍റെ പവിയേട്ടന്‍റെ മധുരച്ചൂരൽ എന്ന ചിത്രത്തിൽ അസിസ്റ്റന്‍റ് ഡയറക്ടറായി വർക്ക് ചെയ്യാനുള്ള ഭാഗ്യവും കിട്ടി. എന്‍റെ നാട്ടിലുള്ളവർ തന്നെയാണ് ആ സെറ്റിലുണ്ടായിരുന്നത്. എല്ലാവരും പരിചയക്കാർ. അതുകൊണ്ട് ആ സിനിമയിൽ വർക്ക് ചെയ്യാൻ വലിയ താൽപര്യമായിരുന്നു. ആ പടത്തിൽ അസിസ്റ്റ് ചെയ്യുന്നതിനിടെയാണ് ഗ്രേറ്റ് ഫാദറിന്‍റെ അസോസിയേറ്റ് സിനിമാറ്റോഗ്രാഫർ ഉമ കുമാരപുരം സ്വന്തം പടത്തിൽ ഒരു ഫീമെയിൽ ആർട്ട് ഡയറക്ടറെ വേണമെന്ന് പറയുന്നത്. മലയാളത്തിൽ അപ്പോൾ ആരുമില്ല. അങ്ങനെ ഞാൻ ഉമയുടെ എക്രോസ് ദി ഓഷ്യൻ എന്ന ചിത്രത്തിലും വർക്ക് ചെയ്‌തു. എക്രോസ് ദി ഓഷ്യൻ ഞാൻ ആദ്യമായി സ്വതന്ത്ര ആർട്ട് ഡയറക്ടറായ മൂവിയാണ്. അതിന് ശേഷമാണ് ലില്ലിയിൽ വർക്ക് ചെയ്‌തത്.