മിലിയുടെ ദേഷ്യം കൊണ്ട് ചുവന്ന മുഖം കണ്ട് അഷിമ പാടുപെട്ട് ചിരിയടക്കി. “രോഹന്‍റെ ബർത്ത്ഡേ പാർട്ടിയ്ക്ക് അനീഷ് നിനക്ക് പകരം പ്രിയയെയാണല്ലോ കൊണ്ടു പോകുന്നത്?” അഷിമ ചിരിക്കുന്നത് കണ്ടപ്പോൾ മിലിയുടെ ദേഷ്യം ഇരട്ടിയായി.
അഷിമ സ്നേഹത്തോടെ മിലിയുടെ കൈ തന്‍റെ നെഞ്ചോട് ചേർത്ത് പിടിച്ച് ശാന്ത സ്വരത്തിൽ പറഞ്ഞു. “മറ്റന്നാൾ ഞായറാഴ്ച ഫ്രഞ്ച് ലാംഗ്വേജിന്‍റെ എക്സാമായതു കൊണ്ട് ഞാൻ വരില്ലെന്ന് അനീഷിനോട് പറഞ്ഞിരുന്നു. പിന്നെയുള്ളത് പ്രിയയാണ്. അവർക്ക് രണ്ടുപേർക്കും പാർട്ടിയ്ക്ക് പോകാൻ വലിയ ഇഷ്ടമാണല്ലോ. അതുകൊണ്ട് രണ്ടുപേരും ഒരുമിച്ച് പോകുന്നതിന് നിനക്കെന്താ ചേതം?”
“കാരണം എനിക്ക് അവളെ നന്നായി അറിയാം. നിന്നെ ഒഴിവാക്കി അനീഷിനെ സ്വന്തമാക്കാനാ അവളുടെ പ്ലാൻ.”
“സുന്ദരനും സുമുഖനും സമ്പന്നനുമായ ഒരാളെ ജീവിത പങ്കാളിയാക്കാൻ ഏത് പെണ്ണാ ആഗ്രഹിക്കാത്തത്? അങ്ങനെയൊരു ആഗ്രഹം അവളുടെ ഉള്ളിലും കാണുംന്ന് വിചാരിച്ചാ, അതിലെന്താ തെറ്റ്?”
“നിനക്ക് അനീഷിനെ നഷ്ടപ്പെടും. അതോർത്തിട്ട് നിനക്കൊരു വിഷമവും ഇല്ലല്ലോ?” മിലി സങ്കടത്തോടെ പറഞ്ഞു.
“ഒട്ടുമില്ല. അനീഷിന്‍റെ ജീവിതത്തിൽ എന്നേക്കാൾ നല്ലതായി വേറൊരു പെണ്ണില്ല. അത് തന്നെ കാരണം” അഷിമ തെല്ലും കൂസലില്ലാതെ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“ബർത്ത്ഡേ പാർട്ടിയ്ക്ക് പോകാൻ അവൻ നിന്നെ ആദ്യം വിളിച്ചതാ. അത് നീ മറന്നു പോയോ?”
“അനീഷിന്‍റെ കൂടെ പോകാൻ അവളെ അനുവദിച്ചത് ശരിയായില്ല. നീ പരീക്ഷയൊക്കെ മാറ്റി വച്ച് പോകേണ്ടതായിരുന്നു. മണ്ടിയാ നീ.”
“സത്യം പറയട്ടെ മിലി. അനീഷിന്‍റെ ഫ്രണ്ട്സൊക്കെ വളരെ റിച്ചാ. അവർ സംഘടിപ്പിക്കുന്ന പാർട്ടിയിൽ പോകാൻ എനിക്കൊട്ടും താൽപര്യമില്ല. വലിയ പോഷ് കാറിൽ വന്നിറങ്ങുന്ന ഫ്രണ്ട്സും പാർട്ടിയും ഒക്കെ കാണുമ്പോൾ ഒരുമാതിരി പൊള്ളത്തരം പോലെ തോന്നും. തന്നെയുമല്ല അവർക്കൊക്കെ ഞാൻ സ്ട്രെയിഞ്ചറാണ്. അനീഷിനും കുറച്ച് പ്രയാസം തോന്നും. അതുകൊണ്ടാ ഞാൻ പോകാതിരുന്നത്.” അഷിമ നേർത്ത പുഞ്ചിരിയോടെ മിലിയുടെ ചുമലിൽ പിടിച്ചു കൊണ്ട് പറഞ്ഞു. മിലി കുറച്ച് നേരം അഷിമയെ ആശ്ചര്യത്തോടെ നോക്കി നിന്ന ശേഷം ചോദിച്ചു.
“ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?”
“ങ്ഹും.. പറയാം.”
അഷിമ ജിജ്ഞാസയോടെ മിലിയുടെ മുഖത്തേക്ക് ഉറ്റു നോക്കി.
“നിനക്ക് അനീഷിനെ വിവാഹം കഴിക്കാൻ താൽപര്യമില്ലേ?”
ചോദ്യം കേട്ട് ഒരു നിമിഷം ആലോചിച്ച് നിന്ന ശേഷം അഷിമ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“അനീഷ് എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. അവന്‍റെ സാന്നിധ്യം ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ വിവാഹം നടന്നേ പറ്റൂ എന്നൊന്നുമുള്ള തീവ്രമായ ആഗ്രഹം ഞാൻ മനസ്സിൽ സൂക്ഷിക്കാറില്ല. ഭാവിയിൽ എന്താണോ നടക്കുന്നത് അത് ഞാൻ സ്വീകരിക്കും.”
“നീയൊരു വിചിത്ര ജീവി തന്നെ,” മിലി അസ്വസ്ഥതയോടെ പറഞ്ഞു കൊണ്ട് എഴുന്നേറ്റു.
“സമ്പന്നമായ കുടുംബത്തിലെ ഒരു ഭാര്യയാകുക വഴി നിന്‍റെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കും. അനീഷിനെ കൈ വിട്ടു പോകാതിരിക്കാൻ നീ ശ്രമിക്കണം. ഇക്കാര്യത്തിൽ കൂടുതൽ ആത്മവിശ്വാസം വച്ചു പുലർത്തുന്നത് ദോഷം ചെയ്യുകയേയുള്ളൂ.