ചട്നി ചരിത്രം!

എളുപ്പത്തിൽ ഉണ്ടാക്കാമെന്നതാണ് ചട്നിയുടെ പ്രത്യേകത. ചട്നി തയ്യാറാക്കാൻ മിനിറ്റുകൾ മാത്രം മതി. മാത്രമല്ല രുചിയിലും കേമൻ.

ചട്നിയുടെ സ്വഭാവം തന്നെ ഇപ്പോൾ മാറിയിരിക്കുന്നു. വ്യത്യസ്തമായ രുചികളിൽ ചട്നി തയ്യാറാക്കാം. പച്ചമുളക്, ഉള്ളി, പച്ചമാങ്ങ, പുളി, കുരുമുളക്, വെളുത്തുള്ളി, മല്ലിയില, പൊദീനയില എന്നിവ കൊണ്ട് രുചികരമായ ചട്നി, ചമ്മന്തി ഇവ തയ്യാറാക്കി ചോറിനോ ചപ്പാത്തിക്കൊപ്പമോ നല്ല ടേസ്റ്റിയായി കഴിക്കാം.

ചട്നി, ചമ്മന്തിയിൽ പുതുരുചി തേടുകയാണ് ഭക്ഷണപ്രിയർ. അതിൽ പച്ചക്കറി മാത്രമല്ല പഴങ്ങളും യഥേഷ്ടം ചേർത്ത് ചട്നി തയ്യാറാക്കാം.

പുളി, ശർക്കര, ഇന്തുപ്പ്, മുള കുപൊടി, വറുത്ത ജീരകം, ഈന്തപ്പഴം ഒക്കെയിട്ട് മധുരവും പുളിയും എരിവും ചേർന്ന രുചി ആരെയാണ് കൊതിപ്പിക്കാത്തത്. ഇനിയൊരു വെറൈറ്റി രുചി വേണമെങ്കിൽ മാതളയല്ലി, മുന്തിരി, വാഴപ്പഴം എന്നിവ കൂടി നുറുക്കിയിട്ടോളൂ. സമോസയ്ക്കോ, പക്കോഡയ്ക്കോ, കട്‍ലറ്റിനോ ആലു ടിക്കിക്കൊപ്പമോ അതുമല്ലെങ്കിൽ ഉഴുന്ന് വടയ്ക്കുമൊപ്പമോ ഈ ടേസ്റ്റി മിക്‌സ് ചട്നി വിളമ്പി നോക്കൂ. കഴിക്കുന്നവർ രുചിയിൽ മതിമറന്നു പോകും തീർച്ച. ഇനിയൊരു നോർത്തിന്ത്യൻ രുചിയ്ക്ക് പൊലിമ പകരണമെന്നുണ്ടോ… എങ്കിൽ ഗോൽഗപ്പയുടെ രുചി രസത്തിൽ ഈ എരിവും പുളിയും നിറച്ച് നോക്കൂ.

വൈവിധ്യമാർന്ന ചട്നി രുചി

ഉലുവ, പെരുംജീരകം, ജീരകം, ശർക്കര, വറ്റൽ മുളക്, ഉണങ്ങിയ മാങ്ങ, മഞ്ഞൾപൊടി, മല്ലി, കുടംപുളി, കച്ചോലം, ഉപ്പ് എന്നിവ രാത്രിയിൽ വെള്ളത്തിലിട്ട് കുതിർക്കുക. രാവിലെ ചെറുതീയിൽ ഇത് വേവിക്കുക. എന്നിട്ട് മിക്സിയിലിട്ട് അടിക്കുക. കച്ചോഡിക്കൊപ്പമോ ബ്രഡിനൊപ്പമോ ഈ ചട്നി രുചികരമായിരിക്കും.

ഇനി ദക്ഷിണേന്ത്യൻ ചമ്മന്തിയിലുമുണ്ട് ചില രസികൻ രുചികൾ. നമ്മുടെ നാടൻ രുചിയിൽ മുമ്പിൽ നിൽക്കുന്ന തേങ്ങയരച്ച ചമ്മന്തി ഇഷ്‌ടപ്പെടാത്തവരായി ഒരു മലയാളിയുമുണ്ടാവില്ല.

തേങ്ങയരച്ച ചമ്മന്തിയിലുമുണ്ട് ചില വൈവിദ്ധ്യങ്ങൾ: തേങ്ങ ചിരകിയത്, ഒരു കഷണം ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, വറ്റൽ മുളക് എന്നിവ കൂടിച്ചേർന്ന ചമ്മന്തിയരപ്പിലെ രുചി പറഞ്ഞറിയിക്കാനാവാത്തതാണ്.

ഉണക്ക തേങ്ങ ചിരകിയത്, ഉലുവ, വെളുത്തുള്ളി, വറ്റൽ മുളക്, കുടംപുളി എന്നിവ അരച്ചുണ്ടാക്കിയ ചമ്മന്തി രുചിയിൽ കയ്പും പുളിയും എരിവും കൊണ്ട് ആരേയും കൊതിപ്പിക്കും.

ദഹി കച്ചംബർ: കാബേജ്, ചെറിയ കഷണങ്ങളാക്കിയ പച്ചമാങ്ങ, മഞ്ഞപ്പൊടി എന്നിവ തൈരിൽ ചേരുന്നതോടെ ദഹി കച്ചംബർ ആയി. രുചിയിൽ ഒരു ചേഞ്ച് വേണമെന്നുണ്ടെങ്കിൽ മാമ്പഴവും ചേർത്ത് കച്ചംബർ സ്വീറ്റ് ചട്നിയാക്കാം.

ഗുജറാത്തി കഡി (ചട്നി): നല്ല പുളിയുള്ള തൈര് പാനിൽ ഒഴിച്ച് അതിൽ കടലമാവും ഇഞ്ചി പേസ്റ്റും, പച്ചമുളക് അരിഞ്ഞതും, അൽപം മഞ്ഞൾപൊടിയും പഞ്ചസാരയും ഉപ്പും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഇനി അൽപം വെള്ളം ചേർത്ത് ചെറുതീയിൽ ഇളക്കി പാകം ചെയ്യാം. തിള വരുന്നതോടെ തീ കുറച്ച് വയ്ക്കാം. ഒരു പാനിൽ നെയ്യൊഴിച്ച് അതിൽ കടുകും ജീരകവും വറുത്ത് കഡിയിൽ ചേർക്കുക. അൽപസമയം കൂടി കഡി പാകം ചെയ്‌ത് സർവ്വ് ചെയ്യാം. ചോറിനൊപ്പമോ കിച്ചടിക്കൊപ്പമോ ചപ്പാത്തിക്കൊപ്പമോ ഗുജറാത്തി കഡി സൂപ്പർ രുചി പകരും.

ബംഗാൾ ചട്നി: ഇനി സാക്ഷാൽ ബംഗാൾ ചട്നി പരീക്ഷിക്കണമെന്നുണ്ടെങ്കിൽ അൽപം മാതളം, മാങ്ങ, കിസ്മിസ്, പച്ച പപ്പായ എന്നിവ ചേർത്ത് ചട്നി തയ്യാറാക്കാം.

രാജസ്‌ഥാനി ലഹ്സുനി ചട്നി: രുചിപ്പെരുമ കൊണ്ട് പ്രശസ്തമായ രാജസ്ഥാനിനുമുണ്ട് ചില ടേസ്‌റ്റി ചട്നികൾ. രാജസ്‌ഥാനി ലഹ്സുനി ചട്നി ഏറെ പ്രശസ്തമാണ്. വെളുത്തുള്ളി അല്ലികൾ, കുതിർത്ത വറ്റൽ മുളക് 8-10 (എരിവനുസരിച്ച്), ഉലുവ ഒരു ടീസ്പൂൺ അത്രയും കടുകും പഞ്ചസാരയും ആവശ്യത്തിനു ഉപ്പും ചേർന്ന ഒരു സ്പൈസി രുചിമേളമാണ് ഇത് നാവിൽ തീർക്കുക. പഞ്ചസാര, ഉലുവ, കടുക് ഒഴിച്ച് എല്ലാം കൂടി ബ്ലൻഡറിൽ അരച്ച്, എണ്ണ ചൂടാക്കി ഉലുവ, കടുക് വറുത്ത് അതിലേക്ക് അരച്ച ചട്നി ചേർത്ത് പഞ്ചസാരയും വെള്ളവും ചേർത്ത് വേവിക്കുക. എണ്ണ തെളിയുന്നതോടെ രാജസ്‌ഥാനി ചട്നി റെഡി. എയർടൈറ്റ് കണ്ടെയ്നറിൽ ഇത് അടച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ 2-3 ആഴ്ച ഉപയോഗിക്കാം. ചപ്പാത്തിക്കും പൊറോട്ടയ്ക്കുമൊപ്പം പ്രിയങ്കരം: ഹരിയാനയ്ക്കുമുണ്ട് ഒരു ഹെൽത്തി ചട്നി വിഭവം. പച്ചക്കടല, പച്ച മട്ടർ, പഴുത്ത പേരയ്ക്ക, നെല്ലിക്ക എന്നിവ ചേർന്നൊരു ഡയറ്റ് ചട്നി.

വിദേശിയരുടെ ചട്നി രസം: മുട്ടയുടെ മഞ്ഞക്കരു, വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാനീര്, ഒലീവ് ഓയിൽ, കടുക് പൊടിച്ചത്, ഉപ്പ്, ചുവന്നമുളക് എന്നിവ അരച്ചെടുത്ത് ഫ്രഞ്ച് മയോണൈസ് ചേർന്ന ബേസിക് റഷ്യൻ സലാദ് ഒരു കാലത്ത് ഇന്ത്യൻ ഫുഡ് ക്രാഫ്റ്റ് സ്ഥാപനങ്ങൾ വിളമ്പിയിരുന്ന വിഭവമായിരുന്നു.

ഇറ്റലിയിലെ പെസ്റ്റോയുമായി മറ്റൊരു കൂടി കാഴ്ച: പെസ്റ്റോ എന്നാൽ പേസ്റ്റ്. കിളുന്ത് തുളസിയില, വെളുത്തുള്ളി അരച്ചത്, ചിൽഗോസ, ഒലീവ് ഓയിൽ, പരമേസൻ ചീസ്, ഉപ്പ്, കറുത്ത അല്ലെങ്കിൽ വെളുത്ത കുരുമുളക്പൊടി എല്ലാം ചേർത്തരച്ചതാണ് ഇറ്റാലിയൻ ചട്നി. ആവശ്യമെങ്കിൽ നാരങ്ങാനീര് ചേർക്കാം. ചിൽഗോസയ്ക്കു പകരം വാൽനട്ടോ പിസ്തയോ ചേർത്ത് അരയ്ക്കാം. മുകളിലായി അൽപം ഒലീവ് ഓയിലും കൂടി തൂവിയാൽ ചേരുവകളടെ തനതുനിറം മാറുകയില്ല. 1-2 ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇനി ഇതൊന്ന് പരീക്ഷിക്കണമെന്നുണ്ടെങ്കിൽ ഈ ചേരുവകൾ തന്നെ വേണമെന്നില്ല. പച്ചമുളക്, മല്ലി, പൊദീന, കറിവേപ്പില, സവാള, വെളുത്തുള്ളിയുടെ കിളുന്ത് ഇല, തൊലി കളഞ്ഞ ബദാം എന്നിവയെല്ലാം അരച്ച് പേസ്റ്റോയ്ക്ക് ഒരു ഇന്ത്യൻ രുചി നൽകാം.

ഗ്രീസിനുമുണ്ട് സ്വന്തമായ ഡിപ്പിംഗ് സോസ്: പിഞ്ചു വെള്ളരിയുടെ കുരുകളഞ്ഞ് അരച്ച് നീര് മാറ്റിയതിനു ശേഷമുള്ളതിൽ തൈര്, ഉപ്പ്, കുരുമുളക് പൊടി, ഇഞ്ചി പേസ്റ്റ്, ലെമൺ ജെസ്റ്റ്, നാരങ്ങാനീര്, ഫ്രഷ് സോയ ഇലകൾ എന്നിവ ചേരുന്നതോടെ വ്യത്യസ്‌തമായ രുചി വിഭവമായി. അതിലൽപം ഒലീവ് ഓയിലും പൊദീനയിലയും ഉപ്പും ചേരുന്നതോടെ ടേസ്റ്റ് ഉഗ്രനായി.

മെക്സിക്കൻ ഗുവാക്കമോലെ: മെക്സിക്കൻ ഗുവാക്കമോലെ അൽപം വ്യത്യസ്‌തമാണ്. പിയർ പഴത്തിന്‍റെ തൊലി, അവോക്കാഡോ പഴത്തിന്‍റെ കാമ്പ്, പച്ചമുളക്, മല്ലി, ഉള്ളി, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞ് ഉപ്പും കുരുമുളകും നാരങ്ങാനീരും ചേർത്ത് ഈ വിഭവം ചിപ്സ്, ക്രാക്കേഴ്സ് എന്നിവക്കൊപ്പം കഴിക്കാം.

ഇനി സ്വന്തം നാട്ടിലേക്ക് മടങ്ങുമ്പോഴാകും അരകല്ലിൽ അരച്ച ചമ്മന്തിയുടെ ആ രുചിയാസ്വദിക്കാൻ കൊതി തോന്നുക. ഗ്രാമീണ ഭക്ഷണത്തിലെ ആ തനതു രുചിയറിയാൻ നാടൻ രീതിയിലേക്ക് ഒരു മടക്കയാത്ര മോഹിക്കാറില്ലേ? ഇന്നു തന്നെ ഒരു ഉഗ്രൻ ചമന്തി അരച്ചോളൂ… തിന്നോളൂ!

ചിത്ര ഇ ജി എവർഗ്രീൻ ശിൽപി

ശില്പ കലയിൽ വളർന്നു വരുന്ന സ്ത്രീ സാന്നിധ്യമാണ് ചിത്ര ഇ ജി. എറണാകുളം കുമ്മനോട് സ്വദേശിയായ ചിത്രയ്ക്ക് ശില്പകലയോടുള്ളത് കല്ലിൽ കൊത്തി വച്ച പോലെ തീവ്രമായ ഒരിഷ്ടമാണ്. മനുഷ്യവികാരങ്ങളുടേയും മാനവികതയുടേയും പ്രതിഫലനങ്ങളാണ് പ്രകൃതിയും മനുഷ്യനുമായുള്ള ശില്പങ്ങളിൽ തെളിയുന്നത്. നിത്യമായ ബന്ധത്തെക്കുറിച്ചും പ്രതിപാദിക്കുന്നവയാണ് ചിത്രയുടെ സൃഷ്ടികൾ. സമൂഹത്തോടുള്ള ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ഉൾപ്പെടുന്ന കലാസൃഷ്ടികൾ.

ശില്പകല പുരുഷന്മാരുടെ മേഖലയായാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ഈ രംഗത്ത് വിരലിലെണ്ണാവുന്ന സ്ത്രീകളും ഉണ്ട്. ഈ മാറ്റത്തെ എങ്ങനെ കാണുന്നു?

കേരളത്തിലെ ശില്പകലാ ചരിത്രം എടുത്തു നോക്കിയാൽ സ്ത്രീ സാന്നിധ്യം വിരലിലെണ്ണാവുന്നവരിലേക്ക് ചുരുങ്ങി പോകുന്നത് എന്നെ സ്വാധീനിച്ച ഒരു ചോദ്യമായി അവശേഷിക്കുന്നു. ഈ ചരിത്ര പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ എന്‍റെ വർക്കുകളെക്കുറിച്ച് കൂടുതൽ ഗൗരവമായി ചിന്തിക്കാൻ തുടങ്ങിയത്. ചിത്രകലയിൽ ടി കെ പദ്മിനിയെ കാണുന്നതു പോലെ ശക്തമായ ഒരു ചരിത്രം ശില്പകലയിൽ ഇല്ലാത്തതിനുള്ള കാരണം പഠനവിധേയമാക്കിയിട്ടുണ്ട്.

പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നതും സ്ത്രീയും പുരുഷനും തുല്യമായ രണ്ട് ദിശയിൽ സഞ്ചരിക്കുന്നവരാണെന്ന ബോധം ഇല്ലാതെയുള്ള ആൺ കേന്ദ്രീകൃത വ്യവഹാരവുമാണ് നടക്കുന്നത്. അതുകൊണ്ട് ആശയപരമായും ചിന്താപരമായും സ്ത്രീ സഞ്ചരിക്കേണ്ടത് അവളുടേതായ വഴികളിലൂടെയാണ് എന്ന തിരിച്ചറിവാണ് ഞാൻ എന്‍റെ വർക്കുകളിലൂടെ പ്രധാനമായും മുന്നോട്ട് വയ്ക്കാൻ ശ്രമിക്കുന്നത്. കായികമായി സ്ത്രീകൾക്ക് എത്തപ്പെടാൻ കഴിയില്ല എന്ന് പറയപ്പെട്ടിരുന്ന പല മീഡിയങ്ങളിലും (സ്റ്റോൺ, വുഡ്, മെറ്റൽ) കല ചെയ്യുവാൻ കഴിയുമെന്നും അതിലൂടെ കാലാകാലങ്ങളായി സ്ത്രീ കലാകാരികളുടെ ഇടയിലുണ്ടായിരുന്ന പരിമിതികളെ മറികടക്കാൻ കഴിയുന്നു എന്നുള്ളതും ഒരു യാഥാർത്ഥ്യമായിട്ടുണ്ട്.

കലയിൽ ഉരുത്തിരിഞ്ഞു വന്ന നവീനമായ ആശയമാണല്ലോ ബോഡി പെർഫോമൻസ്?

chitra EG

പരിമിതികളെ മറികടക്കുമ്പോൾ തന്നെ പുതിയ സാദ്ധ്യതകളും തുറക്കുന്നതു കൊണ്ട് ന്യൂമീഡിയ പോലുള്ള സാദ്ധ്യതകളെ ഉപയോഗപ്പെടുത്തി ബോഡി പെർഫോമൻസ് എന്ന നവീനമായ ഒരു ആശയം ഈ അടുത്ത കാലങ്ങളിലായി ചെയ്യുന്നുണ്ട്. കൊച്ചി മുസിരിസ് ബിനാലെയോടനുബന്ധിച്ച് പെപ്പർ ഹൗസിൽ ഒരു റസിഡൻസി പ്രോഗ്രാമിന്‍റെ ഭാഗമായി അബ്റിയാക്ഷൻ എന്ന ഒരു ബോഡി പെർഫോമൻസ് ചെയ്തിരുന്നു.

പെർഫോമൻസ് എന്നാൽ സ്പേസും ടൈമും ഒരേ സമയം അനുഭവിച്ചറിയുക എന്നുള്ളതാണ്. ഇതിലൂടെ പെർഫോം ചെയ്യുന്ന വ്യക്‌തിയും കാഴ്ചക്കാരനും തമ്മിൽ വളരെ ഡയറക്ട് ആയ ഒരു ഇന്‍ററാക്ഷൻ സാദ്ധ്യത തുറക്കപ്പെടുന്നുണ്ട്. ഇത് എന്‍റെ കോൺഫിഡൻസ് ലെവൽ ഉയർത്തിയ ഒരു പെർഫോർമേറ്റിവ് ആർട്ട് ആണ്. അതിനുശേഷം കോൽക്കത്തയിൽ നടന്ന ഒരു ഇന്‍റർനാഷണൽ പെർഫോമൻസ് ആർട്ട് ഫെസ്റ്റിന്‍റെ ഭാഗമായിട്ടുണ്ട്.

ഹു ആം ഐവ എന്ന ആശയമാണ് അവിടെ പെർഫോം ചെയ്യാൻ ശ്രമിച്ചത്. നിരന്തരമായി നാം നമ്മോടുത്തന്നെ പല പ്രാവശ്യം ഈ ചോദ്യം ചോദിക്കുന്നുണ്ടെങ്കിലും ഒരു പെർഫോമൻസിലൂടെ ശ്രമിക്കുമ്പോൾ വേറൊരു തലത്തിൽ ഈ ചോദ്യം മറ്റുള്ളവരിലേക്കും എത്തപ്പെടുന്നുണ്ട്. ഈ ഉത്തരം കിട്ടാത്ത ചോദ്യമാണ് പലപ്പോഴും മുന്നോട്ട് നയിക്കുന്നത്.

ഇത് കൂടാതെ ഹ്യൂമൻ എന്ന പെർഫോമൻസ് എറണാകുളത്ത് വുമൻസ് ഡേയുടെ ഭാഗമായും നടത്തി. തൃശൂരിൽ വച്ച് നടന്ന മനുഷ്യ സംഗമത്തിലും ആർഎൽവി കോളേജിലെ ഡിഗ്രി ഷോയുടെ ഭാഗമായും ബാംഗ്ലൂരിലെ വെങ്കടപ്പ ആർട്ട് ഗാലറിയിലും പല ഘട്ടങ്ങളിലായി തുടർന്നു വരുന്ന പെർഫോമൻസ് ആർട്ട് പ്രാക്ടീസ് ആണിത്.

എങ്ങനെയായിരുന്നു കലാരംഗത്തേക്കുള്ള വരവ്

സ്ക്കൂൾ തലത്തിൽ വളരെ സാധാരണമായ രീതിയിൽ പഠിച്ചു വന്ന എനിക്ക് ആർഎൽവി കോളേജിലേയ്ക്ക് എത്തിയപ്പോഴാണ് എന്‍റേതായ ഒരു ലോകം തുറന്ന് കിട്ടിയതായി തോന്നിയത്. ചെറുപ്പം തുടങ്ങി ശില്പകലയിൽ താൽപര്യമുണ്ടായിരുന്നു. സുഹൃത്തുക്കളും അപൂർവ്വം ചില അധ്യാപകരും, ലൈബ്രറിയും എന്‍റെ കലാപഠനത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ബിഎഫ്എയ്ക്ക് പഠിക്കുന്ന സമയത്ത് ലൈഫ് സ്റ്റഡിയിലും ഫിഗറേറ്റീവ് വർക്കുകൾ ചെയ്യുന്നതിലും കൂടുതൽ താൽപര്യം തോന്നിയിരുന്നു. വർക്കിന്‍റെ വലിപ്പവും എന്‍റെ വലിപ്പവും തമ്മിൽ താരതമ്യം ചെയ്‌ത് നോക്കാറുണ്ട്. അതുകൊണ്ട് തന്നെ എന്‍റെ വർക്കുകൾ എപ്പോഴും എന്നേക്കാൾ വലിപ്പത്തിൽ കാണാനാണ് ഇഷ്‌ടപ്പെടുന്നത്.

chitra EG

എങ്ങനെയാണ് സമകാലീന കലയെപ്പറ്റി ചിന്തിച്ച് തുടങ്ങിയത്?

എംഎഫ്എ കഴിഞ്ഞതിനു ശേഷം കനോറിയ സെന്‍റർ ഫോർ ആർട്സിൽ റസിഡൻഷ്യൽ ആർട്ടിസ്റ്റ് ആയി വർക്ക് ചെയ്യുന്ന സമയത്താണ് കേരളത്തിലെ സമകാലീന കലയെപ്പറ്റി ചിന്തിക്കുന്നത്. ഇത് ഒരു പരിധി വരെ എന്‍റെ മുൻധാരണകളെ മാറ്റി മറിച്ചു. അവിടെ വച്ചാണ് എന്‍റെ വർക്കുകൾ പുതിയ ഭാഷ കൈവരിക്കുന്നത്. ആ സമയത്ത് തന്നെയാണ് കൾച്ചറൽ മിനിസ്ട്രിയുടെ യംഗ് ആർട്ടിസ്റ്റ് സകോളർഷിപ്പ് ലഭിക്കുന്നത് (രണ്ട് വർഷത്തേക്ക്). കനോറിയയിൽ വച്ച് ചെയ്ത ഒരു ശില്പം ഞാൻ ബിനാലെയുടെ ഒരു കൊളാറ്ററൽ ഷോയിലും ചെയ്തിട്ടുണ്ട്. അബ്റിയാക്ഷൻ എന്നാണ് ആ വർക്കിന്‍റെ ടൈറ്റിൽ. മെറ്റൽ വർക്കാണത്.

പിന്നീട് പെപ്പർ ഹൗസ് റസിഡൻസി കിട്ടിയപ്പോൾ അബ്റിയാക്ഷൻ സീരിസിൽ മറ്റൊരു ശില്പവും ചെയ്യുന്നു. ഇതേ സമയം ആർഎൽവി ഗസ്റ്റ് ലക്ച്ചറായും വർക്ക് ചെയ്യുന്നുണ്ട്. അധ്യാപനം എനിക്ക് പുതിയൊരു അനുഭവമായാണ് ഞാൻ കാണുന്നത്. ടീച്ചിംഗ് ഈസ് ലേണിംഗ് എന്ന ഒരു ക്രിയേറ്റീവ് സാദ്ധ്യതയാണ് ഞാൻ ആ ജോലിയിൽ കണ്ടത്. വിദ്യാർത്ഥികളുടെയും സഹ അദ്ധ്യാപകരുടെയും മറ്റും പോർട്രെയിറ്റുകൾ ചെയ്യുന്നതങ്ങനെയാണ്. അപ്പോഴാണ് എന്‍റെയൊരു സെൽഫ് പോർട്രെയിറ്റ് ചെയ്യണമെന്ന ആശയം വരുന്നതും പിന്നീട് അത് ചെയ്യുന്നതും. കോൽക്കത്തയിലും ഹൈദരാബാദിലും ഈ വർക്ക് പ്രദർശിപ്പിച്ചിട്ടുണ്ട്.

യെസ്, ഐ ബിലീവ് ദാറ്റ് ദിസീസ് സംതിംഗ് സ്പെഷ്യൽ എന്നാണ് വർക്കിന്‍റെ പേര്. അതുവരെ എന്‍റെ വർക്കിലുണ്ടായിരുന്ന സാഡ് എലിമെന്‍റ് ഈ വർക്ക് ചെയ്യുന്നതിലൂടെയാണ് മറികടന്നത്. ഓരോ പുതിയ വർക്ക് ചെയ്യുമ്പോഴും ആർട്ടിസ്റ്റിന്‍റെ ഉള്ളിൽ തന്നെ ഒരു പ്യൂരിഫിക്കേഷൻ സംഭവിക്കുന്നുണ്ട്. കല ഒരു അന്വേഷണമാണ്. ഇന്നതിൽ എത്തിച്ചേരുമെന്ന് ഒരിക്കലും പ്രവചിക്കാൻ കഴിയാത്ത അനന്തസാദ്ധ്യതകളുള്ള ഒരു ക്രിയേറ്റീവ് പ്രോസസ് കൂടിയാണ്.

സ്ത്രീ കലാകാരികൾക്ക് പരിമിതികൾ ഉണ്ടോ?

 സ്ത്രീ കലാകാരികളെ സംബന്ധിച്ച് ജീവിതത്തിലെന്ന പോലെ കലാരംഗത്തും ആൺ കേന്ദ്രീകൃതമായ ഒന്നിൽ നിന്നും വേറിട്ട് തങ്ങളുടേതായ സത്തയും സ്വത്വബോധവും ഉൾക്കൊണ്ടുള്ള കല ചെയ്ത് മുന്നേറുന്ന കൂട്ടായ ഒരു അന്തരീക്ഷം ഉണ്ടായി വരേണ്ടതുണ്ട്. ശില്പം ചെയ്‌ത് മുന്നോട്ട് പോകണമെങ്കിൽ സ്റ്റുഡിയോ സ്പേസ്, മെറ്റിരീയൽ കണ്ടെത്തൽ, സൂക്ഷിക്കാനുള്ള സ്‌ഥലം, സാമ്പത്തികം എന്നിവയൊക്കെ വേണം. അതുകൊണ്ടാകാം ശില്പ കലയിൽ ചുരുക്കം ചിലരായി അവശേഷിക്കുന്നത്.

ഫൈൻ ആർട്സ് കോളേജിൽ പഠിക്കുന്ന പെൺകുട്ടികൾ എണ്ണത്തിൽ കൂടുതലാണെങ്കിലും അദ്ധ്യാപകതലത്തിലും കല പ്രാക്ടീസ് ചെയ്യുന്നവരിലും ലളിതകല അക്കാദമി നൽകി വരുന്ന ഫെലോഷിപ്പുകൾ എടുത്താലും സ്ത്രീ കലാകാരികളുടെ സാന്നിദ്ധ്യം എന്തുകൊണ്ട് കുറയുന്നു എന്നുള്ളതും ചിന്തിക്കേണ്ടതും പഠന വിധേയമാക്കേണ്ടതും ആണ്.

മൂഡൊന്ന് മാറ്റിപ്പിടിക്കാം

ഇന്ന് ആകെയൊരു മുഷിപ്പ്. ജോലിക്കു പോകാനേ തോന്നുന്നില്ല. ഇങ്ങനെ തോന്നിയിട്ടുണ്ടോ. നമ്മുടെ മനസ്സിന്‍റെ ഊർജ്‌ജസ്വലത നഷ്ടപ്പെടാൻ നിരവധി കാരണങ്ങളുണ്ട്. പക്ഷേ, ആത്മവിശ്വാസത്തോടെ അതിനെയൊക്കെ അതിജീവിക്കാൻ ചില എളുപ്പ വഴികൾ സ്വീകരിക്കാവുന്നതാണ്.

ജോലിക്ക് പോകുവാനായി വീട്ടിൽ നിന്നും ഇറങ്ങുന്നതിനു മുമ്പേ നമ്മുടെ സന്തോഷത്തിന് ഭംഗം വരുത്തുന്ന രീതിയിൽ മൂഡോഫായി പോകുവാൻ മനസ്സിനെ ഒരിക്കലും അനുവദിക്കരുത്. പുറം ലോകത്തെ വെല്ലുവിളികൾക്കിടയിലേക്ക്, ഏതൊരു സാഹചര്യത്തേയും നേരിടാൻ തക്കവണ്ണം ഒരുങ്ങിയിരിക്കാം. ഇതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് താഴെ പറയുന്നത്.

വസ്‌ത്രം തെരഞ്ഞെടുക്കുമ്പോൾ

ആത്മവിശ്വാസത്തോടെ മാന്യമായ രീതിയിൽ നിങ്ങളെ സംതൃപ്തിപ്പെടുത്തുന്ന വസ്ത്രം ധരിക്കുക. വസ്ത്രത്തിന് നമ്മുടെ മൂഡിനെ സ്വാധീനിക്കാൻ കഴിയും. ജോലി സ്ഥലത്തേക്ക് പോകുമ്പോൾ ഏതെങ്കിലും കയ്യിൽ കിട്ടുന്ന വസ്ത്രം എടുത്തിടാതെ നേരത്തെ പ്ലാൻ ചെയ്‌ത് സമയമെടുത്ത് ചെയ്യുന്നത് വളരെ നല്ലതാണ്.

പുഞ്ചിരിക്കാം സദാ

ഏതൊരു കാര്യത്തേയും ചെറുപുഞ്ചിരിയോടെ സമീപിച്ചു നോക്കൂ. ചിരിക്ക് നമ്മുടെ പെരുമാറ്റത്തിൽ വളരെ വലിയ സ്വാധീനമാണുള്ളത്. പോസിറ്റീവായ ചിന്തകൾക്കൊപ്പം തലച്ചോറിലെ ദൈനംദിന പ്രവർത്തനങ്ങളെ സ്വാധീനിക്കാനും പുഞ്ചിരിക്ക് കഴിവുണ്ട്.

ഭക്ഷണശീലം

ഭക്ഷണത്തിന് ശരീരോർജ്ജത്തെ ചിട്ടപ്പെടുത്താനുള്ള പ്രക്രിയയിൽ വലിയ സ്‌ഥാനമുണ്ട്. വിഷാദം കുറയ്ക്കാനും എനർജി ലെവൽ ഉയർത്തുവാനും ആഹാരശീലങ്ങൾക്ക് കഴിയും. ഇതിനു ചെയ്യേണ്ടത് ഒമേഗ 3 ഫാറ്റി ആസിഡുകൾ കൂടുതലായി അടങ്ങിയ ആഹാരം തെരഞ്ഞെടുക്കുകയാണ്. മത്തി, കണ്ണൻ മത്തി, അയല ഇതൊക്കെ ഫാറ്റി ആസിഡുകൾ നിറഞ്ഞ മത്സ്യവിഭാഗങ്ങളാണ്.

നടപ്പുശീലമാകാം

നടത്തത്തിന്‍റെ പ്രയോജനങ്ങളെക്കുറിച്ച് മിക്കയാളുകൾക്കും അറിവുള്ളതാണ്. പക്ഷേ വെറുതെ നടന്നതു കൊണ്ട് ഗുണമുണ്ടാകണമെന്നില്ല. തലയുയർത്തിപ്പിടിച്ച് കാലടികൾത്തനുസരിച്ച് കൈകൾ വീശി നടക്കുമ്പോഴാണ് നമ്മുടെയുള്ളിൽ ഉൻമേഷം വർദ്ധിക്കുന്നത്. ശരിയായ നടത്തത്തിലൂടെ ആത്മവിശ്വാസം താനേ വരും.

ആഹ്ലാദകരമായ നിമിഷങ്ങൾ

ജീവിതത്തിൽ ഇതുവരെ സന്തോഷം പകർന്നിട്ടുള്ള നിമിഷങ്ങളെ ഓർത്തെടുക്കുക. ഏതെങ്കിലും അവസരങ്ങളിൽ മുമ്പ് അനുഭവിച്ച അതേ സന്തോഷമാണ് ഇപ്പോൾ തോന്നുന്നതെന്ന് എടുത്തു പറയുക. രസകരമായ സംഭവങ്ങളെ സഹപ്രവർത്തകരോട് പങ്കുവയ്ക്കുക. നിങ്ങൾക്ക് ചുറ്റും എപ്പോഴും ഒരു പോസിറ്റീവ് വൈബ് നിലനിർത്തുവാൻ ശ്രദ്ധിച്ചാൽ അതുകൊണ്ട് നിരവധി ഗുണങ്ങളുണ്ടാകും. അഡ്രിനാലിന്‍റെ വ്യതിയാനത്തോടൊപ്പം വിജയത്തിന്‍റെ മാധുര്യവും നിങ്ങളെ തേടി വരും.

പോസിറ്റീവ് ചിന്ത

ഒരു മീറ്റിംങ്ങിന്‍റെ അവസാനം എന്താകുമെന്ന് ആലോചിച്ച് ടെൻഷനടിക്കാതെ നിങ്ങൾക്ക് ഗുണപ്രദമാകുന്ന രീതിയിലായിരിക്കും റിസൽറ്റ് വരിക എന്ന് ചിന്തിക്കുക. ബോസിന്‍റെ മുമ്പിൽ പ്രസന്‍റേഷൻ അത്ര ഭംഗിയായില്ല എന്ന് കരുതാതെ കഴിവിന്‍റെ പരമാവധി ഞാൻ ചെയ്‌തിട്ടുണ്ട് എന്ന് ആത്മവിശ്വാസത്തോടെ സ്വയം പറയുക ഇതെല്ലാം വ്യക്‌തിത്വത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാവുന്ന ഘടകങ്ങളാണ്.

പകൽ സ്വപ്നം

തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ പകൽ സ്വപ്നമൊക്കെ കണ്ടു നിൽക്കാൻ പറ്റുമോ? സാമൂഹിക ശാസ്ത്രഞ്ജന്മാർ പറയുന്നത് നിങ്ങളുടെ യാത്രാ വേളകളിൽ ഒരു പകൽ സ്വപ്നത്തിലെന്ന പോലെ മനസ്സിൽ രൂപപ്പെടുത്തിയെടുത്ത വ്യക്‌തികളുമായി സംവദിക്കുന്നത് ഊർജ്ജവും ഉൻമേഷവും നൽകുമെന്നാണ്. എന്താ പരീക്ഷിച്ചു നോക്കുന്നോ!

സുഗന്ധപൂരിതമായ അന്തരീക്ഷം

നല്ല മൂഡിനെ സ്വാധീനിക്കുന്ന നിരവധി സുഗന്ധങ്ങളുണ്ട്. നിങ്ങളെ തൃപ്തിപ്പെടുത്തുന്ന ഇഷ്‌ടമുള്ള സുഗന്ധങ്ങൾ തെരഞ്ഞെടുത്ത് എനർജി ലെവൽ ഉയർത്താം. സുഗന്ധം നിറയ്ക്കുന്ന ഉൽപന്നങ്ങൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ബാഗിലെപ്പോഴും ഇത്തരം വസ്‌തുക്കളെതെങ്കിലും സൂക്ഷിക്കുന്നത് നല്ലതാണ്.

ആയുർവേദം

ശരീരത്തേയും മനസ്സിനേയും സ്വാധീനിക്കുന്ന ഉൻമേഷദായകമായ നിരവധി സുഖ ചികിത്സകളും, സൗന്ദര്യ ചികിത്സകളും ആയുർവേദത്തിലുണ്ട്. ചൂടുവെള്ളത്തിൽ നല്ലൊരു ഹെർബൽ ബാത്ത് നടത്തുന്നത് നിങ്ങളുടെ ദിവസത്തെ കൂടുതൽ സുന്ദരമാക്കും. നിങ്ങളുടെ ശരീരത്തിനിണങ്ങുന്ന രീതിയിലുള്ള സൗന്ദര്യ പരിചരണത്തെക്കുറിച്ച് നല്ലൊരു ആയുർവേദ വൈദ്യന്‍റെ അരികിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുക.

ട്രാവലർ ഇൻ അഗുംബെ

അങ്ങനെയൊരു നവംബർ മാസത്തിലാണ് വടക്കോട്ടും തെക്കോട്ടുമുള്ള എന്‍റെ കേരള യാത്രകളിൽ പരിചയപ്പെട്ട സുഹൃത്തുക്കളുമായി കർണാടക ഷിമോഗ ജില്ലയിലെ മഴക്കാടുകൾ നിറഞ്ഞ അഗുംബെയിലേക്ക് വണ്ടികേറി. തെക്കേ ഇന്ത്യയിലെ ചിറാപ്പുഞ്ചിയെന്നാണ് അഗുംബെ അറിയപ്പെടുന്നത്. മൺസൂൺ കാലത്താണ് ഇവിടേക്ക് സഞ്ചാരികൾ ഒഴുകിയെത്താറുള്ളത്. വളരെ കുറച്ച് വീടുകൾ മാത്രമുള്ള, അറുപതുകളിലെ ഗ്രാമീണതയുടെ നേർപ്പതിപ്പെന്നോണമുള്ള ഒരു കൊച്ചു കന്നഡ ഗ്രാമം. മഴയില്ലാത്ത അഗുംബെ വളരെ വിരളമാണ്. പക്ഷേ ഞങ്ങൾ എത്തിയപ്പോഴേക്കും മഴ അഗുംബെയെ കൈവിട്ടിരുന്നു. ഞങ്ങളുടെ പ്രധാന ലക്ഷ്യം നരസിംഹപർവ്വതത്തിലേക്കുള്ള ട്രക്കിംഗാണ്. ഒക്ടോബർ മാസം മുതലാണ് ട്രക്കിംഗ് അനുവദിച്ചിരിക്കുന്നത്.

ഏകദേശം ഉച്ചയോടെ ഞങ്ങൾ അഗുംബെയിലെത്തി. മല്യ ഹോംസ്റ്റേയിൽ മുറിയെടുത്തു. ഒരാൾക്ക് 250 രൂപ (നിരക്ക് കൂടയിട്ടുണ്ടാവാം), ന്യായമായ വാടക. അവർ തന്നെ വാഹനം ശരിയാക്കി തന്നു. ഞങ്ങൾ തെരഞ്ഞെടുത്തത് മിനിലോറിയാണ്.

ഉടുപ്പിയാണ് അഗുംബെയിലെ തൊട്ടടുത്ത റെയിൽവേ സ്റ്റേഷൻ. കൊല്ലൂർ മൂകാംബികയിൽ പോയി മടങ്ങുന്നവർക്കും അഗുംബെ സന്ദർശിക്കാം. കൊല്ലൂരിൽ നിന്ന് 85 കിലോമീറ്റർ. ശൃംഗേരിയിൽ നിന്ന് 29 കിലോമീറ്റർ. അഗുബെയിലെ ഹോംസ്റ്റേകൾ പ്രസിദ്ധമാണ്.

agumbe

ആർ. കെ നാരായണന്‍റെ മാൽഗുഡി ഡെയ്സ് ടെലിവിഷൻ സീരീസ് ആക്കിയപ്പോൾ അത് ചിത്രീകരിച്ചത് അഗുംബെയിൽ ആയിരുന്നു. അതിൽ അഭിനയിച്ചതും ഇന്നാട്ടുകാരൊക്കെ തന്നെ. മാൽഗുഡി ഡെയ്സിലൂടെ പ്രസിദ്ധമായ ഇവിടത്തെ ദൊഡ മനയും ഞങ്ങൾ കാണാൻ പോയിരുന്നു. അവിടുത്തെ കസ്തൂരി അക്കയെ പരിചയപ്പെട്ടു. അക്കയുടെ ആതിഥ്യ മര്യാദ എടുത്തു പറയേണ്ട ഒന്നാണ്.

പിറ്റേന്ന്

അതിരാവിലെ ഫോറസ്റ്റ് ഓഫീസിൽ നിന്നുള്ള പെർമിഷനു വേണ്ടി കുറച്ചധികം സമയം കാത്തുനിന്നു. ട്രക്കിംഗ് ഫീസ് 200 രൂപയാണ്. ക്യാമറയ്ക്ക് 200 വേറെയും. കാട്ടിലൂടെ നടക്കുമ്പോൾ വഴിതെറ്റാൻ സാദ്ധ്യത കൂടുതലായതിനാൽ ഒരു ഫോറസ്റ്റ് ഗൈഡ് കൂടി നമുക്കൊപ്പം വരും, 500 രൂപയാണ് ഫീസ്. അഗുംബെയിൽ നിന്നും 9 കിലോമീറ്റർ അകലെയുള്ള മലന്തൂർ ആണ് ട്രക്കിംഗ് പോയിന്‍റ്. അവിടെ വരെ ലോറിയിൽ നെൽപ്പാടങ്ങളും ഇടതൂർന്നു നിൽക്കുന്ന കവുങ്ങിൻ തോട്ടങ്ങളും നിറഞ്ഞ കാർഷികസമൃദ്ധമായ കന്നഡ ഗ്രാമങ്ങളുടെ തനതായ ഭംഗി ആസ്വദിച്ചു കൊണ്ടു യാത്ര .

കൂട്ടത്തിൽ പലരും ആദ്യമായിട്ടാണ് ലോറിയുടെ പുറകിൽ കയറി യാത്ര ചെയ്യുന്നത്. മലന്തൂരിൽ നിന്നും 13 കിലോമീറ്റർ നീണ്ടു നിൽക്കുന്നതാണ് ട്രക്കിംഗ്. രാവിലെ ഏകദേശം 10.30 ന് ഞങ്ങൾ നടത്തം തുടങ്ങി. ഗൈഡ് കയ്യിലിരുന്ന കത്തി ഉപയോഗിച്ച് വഴി വെട്ടിത്തെളിച്ചു. സീസണിലെ ആദ്യ ട്രക്കിംഗ് ടീം ഞങ്ങളായിരുന്നു. പലയിടത്തും വന്മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. അതെല്ലാം ചാടിക്കടന്ന് കാടിന്‍റെ നിശബ്ദതയിൽ നടത്തം തുടർന്നു.

8 കിലോമീറ്റർ കഴിഞ്ഞപ്പോൾ ഒരു അരുവി കണ്ടു. ട്രക്കിംഗിന് വരുന്ന എല്ലാവരും തന്നെ ഈ അരുവിയിൽ നിന്നാണ് വെള്ളം ശേഖരിക്കുക. തെളിഞ്ഞ ശുദ്ധമായ വെള്ളം. അരുവിയുടെ മറ്റൊരു ഭാഗത്തേക്ക് ഗൈഡ് ഞങ്ങളെ കൊണ്ടുപോയി. അരുവി വെള്ളച്ചാട്ടമായി മാറുന്നതവിടെയാണ്. അവിടുത്തെ  ബർക്കാനവ വ്യൂപോയിൻറ് മനോഹരമാണ്. തിരിച്ചു വരാനെ തോന്നില്ല. നടന്നതിന്‍റെ ക്ഷീണം താനെ ഇല്ലാതായി.

agumbe

സമയം കുറവായതിനാൽ ഏകദേശം ഒരു മണിക്കൂറിനുശേഷം ഞങ്ങൾ വീണ്ടും നടത്തം തുടർന്നു. പിന്നീട് കുത്തനെയുള്ള കയറ്റങ്ങളായിരുന്നു. 3 കിലോമീറ്റർ കഴിഞ്ഞതോടെ കാട് കുറഞ്ഞുവന്നു. മലമുകളിലൂടെ കുറച്ചുദൂരം കൂടി നടന്നാൽ നരസിംഹപർവ്വതത്തിന്‍റെ നെറുകയിലെത്താം. ഏകദേശം 5 മണിയ്ക്ക് മലമുകളിലെത്തി. സൂര്യൻ അസ്തമിക്കാനുള്ള തയ്യാറെടുപ്പിലാണ്. അരമണിക്കൂർ മാത്രം അവിടെ ചെലവഴിച്ചു. അഗുംബെ വീഥികളിൽ ഇരുട്ട് മൂടി തുടങ്ങിയിരുന്നു. മറ്റൊരു വഴിയിലൂടെ കിഗ്ഗ എന്ന സ്ഥലത്തേക്ക് ഞങ്ങൾ മലയിറങ്ങി. തിരിച്ചിറങ്ങിയപ്പോൾ 3 കിലോമീറ്റർ ദൂരം നിരപ്പായ പുൽമേടും 2 കിലോമീറ്റർ കാടുമായിരുന്നു. രാത്രി 7.30 ആയപ്പോഴേക്കും റോഡ് കാണാവുന്ന വിധത്തിൽ കാടിന് പുറത്തെത്തി.

കിഗ്ഗയിലേക്ക് റോഡിലൂടെ ഒരു കിലോമീറ്റർ നടത്തം. അവിടെ നിന്നും ശൃംഗേരി ബസ് കിട്ടും. പിന്നെ ശൃംഗേരിയിൽ നിന്നും മംഗലാപുരത്തേക്ക്. എത്ര കണ്ടാലും മതിവരാത്ത അഗുംബെ കാഴ്ചകളോട് താൽക്കാലികമായി ഞങ്ങൾ വിട പറഞ്ഞു. (മംഗലാപുരത്ത് നിന്നും സോമേശ്വരം വനസങ്കേതത്തിലൂടെ അഗുംബെയിലെത്താം. ഉടുപ്പി റെയിൽവേ സ്റ്റേഷൻ 60 കിലോമീറ്റർ. ട്രക്കിംഗിന് ഡിഎഫ്ഒ ഓഫീസിൽ നിന്നും അനുമതി വാങ്ങണം.)

സ്ത്രീകളിലെ ഡ്രങ്കോറെക്സിയ

ഡ്രങ്കോനേഷ്യ എന്നാൽ അമിതമായി കുടിക്കാനുള്ള ആസക്തി എന്നാണർത്ഥം. ഇന്ത്യയിപ്പോൾ ഏറെക്കുറെ ഡ്രങ്കോനേഷ്യയുടെ പിടിയിൽ അമർന്നിരിക്കുകയാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൽക്കഹോൾ അബ്യൂസ് ആന്‍റ് ആൽക്കോഹോളിസത്തിനു വേണ്ടി നടത്തിയ റിസർച്ചനുസരിച്ച് ഭൂരിഭാഗം കുറ്റകൃത്യങ്ങളും ആക്രമണങ്ങളും മദ്യപാനം കൊണ്ടാണ് സംഭവിക്കുന്നത്.

പുരുഷന്മാരും സ്ത്രീകളും മദ്യം കഴിക്കുന്നുണ്ട്. എന്നാൽ ഏറ്റവും ദുഃഖകരമായ സത്യം സ്ത്രീകളിൽ മദ്യാസ്കതി അതിവേഗം വളർന്നു വരുന്നുവെന്നതാണ്. നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ അനുസരിച്ച് 2005 – 2006 ൽ മദ്യപാനകളായ സ്ത്രീകളുടെ എണ്ണം 0.4 ശതമാനം ആയിരുന്നു. അത് 2015-16 ൽ 0.7 ശതമാനം ആയി വർദ്ധിച്ചു. ഡ്രങ്കോനേഷ്യ കൂടിയതോടെ ലൈംഗിക പീഡന കേസുകളിലും വർദ്ധനവുണ്ടായെന്നാണ് കണക്കുകൾ പറയുന്നത്.

മദ്യവുമായി ബന്ധപ്പെട്ട് മറ്റൊരു പ്രശ്നവും ഇപ്പോൾ തലപൊക്കിയിരിക്കുകയാണ്. ഡേറ്റ് റേപ് ഡ്രഗ് അഥവാ ലഹരി പദാർത്ഥങ്ങൾ മദ്യത്തിലോ കൂൾഡ്രിങ്കിലോ ചേർത്ത് വിളമ്പുക. ഇത്തരത്തിൽ സ്ത്രീകളെ മയക്കി ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന സംഭവങ്ങളുമുണ്ട്.

പാർട്ടികളിലും മറ്റും ഇത്തരം ലഹരി വസ്തുക്കൾ കുടിക്കുന്നയാളുടെ ഗ്ലാസിൽ രഹസ്യമായി കലർത്തുകയാണ് ചെയ്യുന്നത്. പാനീയം കുടിക്കുന്ന ഇര അതോടെ ബോധരഹിതയാവുകയും ചെയ്യും.

ഇന്ത്യയിൽ ഏകദേശം 5 ശതമാനം സ്ത്രീകൾ ദിവസവും മദ്യപാനികളാവുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. അദ്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം സ്ത്രീകളെ ഇത്തരത്തിൽ മദ്യപാനികളാക്കുന്നത് പുരുഷന്മാരാണെന്നുള്ളതാണ്. വിവാഹം, പാർട്ടി പോലുള്ള ആഘോഷങ്ങളിൽ പുരുഷന്മാർ സ്ത്രീകളെ നിർബന്ധിച്ച് മദ്യം കുടിക്കാൻ പ്രേരിപ്പിക്കുന്നു. ഇത്തരത്തിൽ ചിലർ ലൈംഗിക ചൂഷണങ്ങൾക്കും ഇരയാവുന്നുണ്ട്.

ഭൂരിഭാഗം കേസുകളിലും ഔപചാരികതയുടെയും ബോൾഡ്നസിന്‍റെയും പേരിൽ സ്ത്രീകൾ ഇത്തരം ഓഫറുകൾ തള്ളി കളയാനാവാതെ മദ്യപിക്കുകയും ചെയ്യും. തുടർന്ന് ലൈംഗിക ചൂഷണത്തിന് ഇരയാവുകയും ചെയ്യുന്നു. ഡ്രങ്കോനേഷ്യ പല പ്രശ്നങ്ങൾക്കും പിന്നീട് ഇടവരുത്തും. ഇത് സാമൂഹികവും കുടുംബപരവുമായ പല പ്രശ്നങ്ങൾക്കും കാരണമാകും. മാത്രവുമല്ല ആരോഗ്യം ദുർബലമാവുകയും ചെയ്യും.

ഡ്രങ്കോനേഷ്യ സ്ത്രീകളേയും പുരുഷന്മാരേയും ഒരുപോലെ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്ത്രീകളെ ഇത് ഗുരുതരമായ രീതിയിൽ ബാധിക്കുന്നു. സ്ത്രീകളിൽ സ്ഥായിയായി ഉണ്ടാകുന്ന ഹോർമോൺ അസന്തുലിതാവസ്‌ഥ അവരിൽ അപകടകരമായ ഫലമുളവാക്കും. ഇതിൽ നിന്നുണ്ടാകുന്ന പ്രശ്നങ്ങൾ സ്ത്രീയുടെ കുടുംബത്തേയും കരിയറിനെയും പ്രതിസന്ധിയിലാക്കുന്നു.

ഡ്രങ്കോനേഷ്യയുടെ പരിണിതഫലങ്ങ

കാൻസർ സാദ്ധ്യത: മദ്യപാന ശീലമുള്ള ഭൂരിഭാഗം സ്ത്രീകളിലും സ്തനം, ശിരസ് തുടങ്ങി കഴുത്തിൽ വരെ കാൻസർ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുന്നു.

ബ്രെയിൻ ഡാമേജിംഗ്: സ്ത്രീകളിൽ മദ്യപാനം കൊണ്ട് ഉണ്ടാകുന്ന ദൂഷ്യ ഫലങ്ങൾ വളരെ വേഗം കണ്ടു തുടങ്ങുമെന്നതാണ്. ബ്രെയിൻ സെല്ലുകൾ നശിച്ചു തുടങ്ങും. ഏറ്റവുമൊടുവിൽ ഈ പ്രശ്നം അപകടകരമായ അവസ്‌ഥയിലെത്തും.

ഗർഭധാരണ ശേഷി: മദ്യപാനം ഗർഭധാരണ ശേഷിയെ ബാധിക്കും. ഗർഭസ്‌ഥ ശിശുവിന്‍റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു. മദ്യപാന ശീലമുള്ള സ്ത്രീകളിൽ വന്ധ്യതയും ആർത്തവ ക്രമക്കേടുകളും ഉണ്ടാകാനുള്ള സാദ്ധ്യതയും വളരെ അധികമാണ്.

വിഷാദം: മദ്യപാന ശീലം വിഷാദം, ഹൈപ്പർ ടെൻഷൻ, ഹാർട്ട് അറ്റാക്ക് തുടങ്ങിയ അസുഖങ്ങൾക്കും കാരണമാകുന്നു.

എന്തുകൊണ്ടാണ് സ്ത്രീകൾ മദ്യപാനികളാവുന്നത്?

പൊതുവെ പുരുഷന്മാരെ പോലെ റിലാക്സ് ആകാനും പൊതുവേദിയിൽ സ്വയം ആത്മവിശ്വാസമുള്ളവരായി കാണിക്കാനും നല്ല ഉറക്കത്തിനും ടെൻഷൻ ഒഴിവായി കിട്ടാനുമൊക്കെയാണ് സ്ത്രീകൾ മദ്യപിച്ച് തുടങ്ങുന്നത്. ഇതിന് പുറമെ മറ്റ് ചില കാരണങ്ങളുമുണ്ട്.

  • വ്യക്‌തി ബന്ധങ്ങളിലുണ്ടാവുന്ന തകർച്ച ഭർത്താവ് അല്ലെങ്കിൽ കാമുകനിൽ നിന്നുണ്ടാകുന്ന ചതി, ബന്ധത്തിലുണ്ടാകുന്ന വിള്ളൽ, വിഷാദം എന്നിങ്ങനെയുള്ള വേദനകളെ മറക്കാൻ വേണ്ടിയാണ് സ്ത്രീകൾ മദ്യത്തെ കൂട്ടുപിടിച്ച് തുടങ്ങുന്നത്. ലഹരിയിൽ അവർ ആശ്വാസം കണ്ടെത്തുന്നു. അതിനാൽ ഏറ്റവും അവസാനത്തെ പരിഹാരമെന്ന നിലയിൽ സ്ത്രീകൾ മദ്യപാനത്തെ സ്വീകരിച്ച് തുടങ്ങുന്നു.
  • അവിവാഹിത, വിവാഹമോചിത, കുടുംബം അല്ലെങ്കിൽ ഭർത്താവിൽ നിന്നുള്ള വേർപിരിയൽ എന്നിവ സ്ത്രീകളെ മദ്യത്തിന് അടിമകളാക്കുന്നു. മദ്യത്തിൽ അവർ വൈകാരികമായ ആശ്വാസം കണ്ടെത്തുകയാണ്. അങ്ങനെ അറിഞ്ഞും അറിയാതെയും അവർ മദ്യപാനത്തിലേക്ക് ആകർഷിക്കപ്പെടുന്നു.
  • ലൈംഗിക ചൂഷണത്തിന് ഇരയാവുക അല്ലെങ്കിൽ ഇരയായി കൊണ്ടിരിക്കുന്ന സ്ത്രീകളും മദ്യത്തിൽ അഭയം കണ്ടെത്തുന്നു.
  • എന്നാൽ മേൽപ്പറഞ്ഞ കാരണങ്ങളൊന്നുമല്ലാതെ മറ്റുള്ളവരുടെ മുമ്പിൽ മേനി നടിക്കാനും സ്ത്രീകൾ മദ്യപാനം ശീലമാക്കാറുണ്ട്.

ഒരു ദിവസത്തെ ബോയ്ഫ്രണ്ട്

ഒരു ദിവസത്തേക്ക് എന്‍റെ ബോയ്ഫ്രണ്ട് ആകാൻ പറ്റ്വോ?” അപരിചിതയായ ആ യുവതിയുടെ ചോദ്യം എന്‍റെ കാതിൽ വീണു, ഹൃദയത്തിൽ ചെന്നു പതിച്ചു. എന്തു പറയണമെന്നറിയാതെ ഞാൻ അവളെ ഇമവെട്ടാതെ നോക്കി നിന്നു.

നീളമുള്ള മുടിയിഴകൾ കാറ്റിൽ മുഖത്തേക്ക് വീണു കിടക്കുന്നു. ചിരിക്കുന്ന മുഖത്ത്, ചിരിയേക്കാൾ തിളക്കമുള്ള കണ്ണുകൾ. തീർത്തും അപരിചിതയായ ഒരു യുവതിയിൽ നിന്ന് ഇങ്ങനെ ഒരു ചോദ്യം ഉണ്ടായാൽ എന്തു മറുപടിയാണ് പറയാൻ പറ്റുക!

അവളെ നോക്കി, വാ പൊളിച്ചു നിന്നു പോയി എന്നു പറയുന്നതാവും കൂടുതൽ ശരി. ഞാൻ വളരെ നല്ല കുടുംബത്തിൽ പിറന്ന യുവാവ്. അങ്ങനെയാണല്ലോ ഞാനും എന്‍റെ വീട്ടുകാരും കൂട്ടുകാരും നാട്ടുകാരുമൊക്കെ കരുതുന്നത്.

പ്രണയം, വിവാഹം ഇതൊക്കെ സംബന്ധിച്ച് വ്യക്‌തമായ ചിന്താധാരണകൾ ഉണ്ടെനിക്ക്. കുറേനാൾ മുമ്പ് ഞാൻ ഒരു പ്രേമബന്ധത്തിലകപ്പെട്ടതാണ്. പക്ഷേ ആ ലവ്സ്റ്റോറിക്ക് അധികകാലം ആയുസുണ്ടായില്ല. അവൾ ഏകപക്ഷീയമായി പിരിഞ്ഞു പോയി. എന്നിൽ നിന്നു മാത്രമല്ല, ഈ ലോകത്തിൽ നിന്നു തന്നെ. അവൾ ചെയ്‌തത് എത്ര വലിയ ക്രൂരതയായി എന്നത് തനിക്കു മാത്രമല്ലേ അറിയൂ.

ഒരുപാട് ആഗ്രഹിച്ചു. പക്ഷേ ബിന്ദുവിനെ മറക്കണമെന്ന്, വീട്ടുകാരാണെങ്കിൽ വിവാഹത്തിന് നിർബന്ധിച്ചു കൊണ്ടേയിരിക്കുന്നു. അവർക്കിഷ്ടമുള്ളവരെ കണ്ടെത്തട്ടെ. അത്ര തന്നെ. അങ്ങനെ തീരുമാനിച്ചിരുന്നതിനാൽ ഒരു പെൺകുട്ടിയെ അമ്മ പോയി കാണുകയും ചെയ്‌തു. ആ കുട്ടിയെ ഇഷ്‌ടപ്പെട്ടു എന്നാണ് അമ്മ പറഞ്ഞത്.

ഇവിടെ ഞാൻ അങ്കിളിന്‍റെ വീട്ടിൽ ഒരു മാസത്തേക്ക് വന്നതാണല്ലോ… തിരിച്ചു നാട്ടിലെത്തിയിട്ട് തീരുമാനിക്കാമെന്ന് അമ്മയോടു പറയുകയും ചെയ്‌തു. ഒരു നിമിഷം കൊണ്ട് എന്‍റെ മനസ്സിലൂടെ കടന്നു പോയ ചിന്തകൾ… അതിനെ തകർത്ത് അവളുടെ സ്വരം വീണ്ടും.

“പറയൂ ഒരു ദിവസത്തേക്ക്…?” അവൾ അതേ ചോദ്യം ആവർത്തിക്കുന്നു.

“എനിക്ക് നിങ്ങളെ അറിയുകയേയില്ല. പിന്നെങ്ങനെ?” ഞാൻ ആശയക്കുഴപ്പത്തിലായി.

“എനിക്കും അറിയില്ലല്ലോ. ഒരു ദിവസത്തേക്ക്… മാത്രം മതി എന്നാണ് ഞാൻ പറഞ്ഞത്. എക്കാലത്തേക്കുമായിട്ടല്ല.” അവളുടെ നീണ്ടുവിടർന്ന കണ്ണുകൾ എനിക്ക് മേൽ നൃത്തം ചെയ്‌തു.

“സത്യം പറയട്ടെ, 4 മാസം കഴിഞ്ഞ് എന്‍റെ വിവാഹമാണ്. എന്‍റെ വീട്ടുകാരാകട്ടെ യാഥാസ്‌ഥിതികരാണ്. ഇത്രയും കാലത്തിനിടയിൽ എനിക്കൊരു ബോയ് ഫ്രണ്ട് ഉണ്ടായിട്ടില്ല. പക്ഷേ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നു. ഒരു ജീവിതം എന്തൊക്കെയെന്ന് മനസ്സിലാക്കി മുന്നോട്ടു പോകണം എന്നാഗ്രഹമുണ്ട്. ഒരു ആൺകുട്ടി സുഹൃത്തായാൽ എങ്ങനെയാണ് എന്നറിയാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു.

വീട്ടുകാർ പറയുന്ന ആളെ കല്യാണം കഴിക്കാൻ എനിക്കു മടിയില്ല. പക്ഷേ എന്‍റെ കൂട്ടുകാരികൾ ലവ് മാര്യേജാണ് നല്ലത് എന്ന് പറയുന്നു. അതു നടക്കാനിടയില്ല. എങ്കിലും എനിക്കും ഒരു ബോയ്ഫ്രണ്ട്, ഒരു ദിവസത്തേക്കെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു.”

“സത്യം പറയാലോ, ഞാൻ വളരെ സെൻസിറ്റീവ് ആണ്. ഒരാളെ സ്നേഹിച്ചാൽ ഡീപ് ആയി സ്നേഹിക്കും. അങ്ങനെയായതിനാലാണ് പ്രണയമൊക്കെ ഒഴിവാക്കിയത്. പക്ഷേ ഒരു ബോയ്ഫ്രണ്ട് ഉണ്ടെങ്കിൽ എങ്ങനെയായിരിക്കും ജീവിതം എന്നറിയാൻ തോന്നുന്നു. നിങ്ങൾക്ക് എന്നെ സഹായിക്കാൻ പറ്റുമോ?”

“ഓകെ, പക്ഷേ? എനിക്ക് നിങ്ങളോട് ഫീലിംഗ്സ് ഉണ്ടായാൽ?”

“ഒരു ദിവസത്തെ കാര്യമല്ലേ… മറക്കാൻ പറ്റുമല്ലോ. ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. എന്‍റെ കൂടെ ഒരു ദിവസം പുറത്തുവരിക, കുറേ കറങ്ങാം, ആഹ്ലാദിക്കാം അത്രേയുള്ളൂ.” ആ യുവതി ചിരിയോടെ ഓർമ്മിപ്പിച്ചു. പിന്നെ അവൾ കയ്യിൽ ഇരുന്ന ഡ്രൈവിംഗ് ലൈസൻസ് എന്‍റെ നേർക്ക് നീട്ടി.

“ഇതെന്‍റെയാണല്ലോ!”

“ഹാ… അതേ ദാ അവിടെ ആ വഴിയിൽ കണ്ടതാ. ഇതു തരാനാണ് ഞാൻ വന്നത്. പക്ഷേ ഈ കാർഡ് നോക്കിയപ്പോൾ തോന്നി നിങ്ങളാണ് എനിക്കു യോജിച്ച വൺ ഡേ ബോയ്ഫ്രണ്ട് എന്ന്” അവൾ പിന്നെയും ചിരിച്ചു.

“അതെന്താ?” ഞാൻ സാകൂതം ആ ചിരി നോക്കി.

“ഒന്നാമത്തെ കാര്യം ഞാൻ നിങ്ങളെക്കാൾ 5 വയസ്സ് മൂത്തതാണ്. എന്നെ കെട്ടണം എന്നു പറഞ്ഞു വരാൻ ഇടയില്ല. പിന്നെ നിങ്ങളെ കണ്ടപ്പോൾ നേരെ വാ നേരെ പോ ലൈൻ… ഫീൽ…”

ഞാൻ ചിരിച്ചു… ഇവൾ കൊള്ളാമല്ലോ…. എന്‍റെ ഉള്ളിൽ വിചിത്രമായൊരു ഉത്സാഹം നിറയുന്നത് ഞാനറിഞ്ഞു. എനിക്ക് അവളുടെ അപേക്ഷ നിരസിക്കാൻ കഴിയുന്നില്ല.

“ശരി, നാളെ രാവിലെ 8 മണിക്ക് ഇതേ സ്ഥലത്ത് വരൂ. നാളെ ഒരു ദിവസം ഞാൻ പൂർണ്ണമായും നിങ്ങൾക്ക് വിട്ടുതരും.”

“ഓഹ്… താങ്ക്യൂ”

അവൾ പുഞ്ചിരിയോടെ കൈവീശി യാത്രയായി.

വീട്ടിലെത്തിയ ശേഷവും മനസ്സിൽ നിന്ന് അവളെ കുറിച്ചുള്ള ചിന്ത വിട്ടുമാറിയില്ല. പിറ്റേന്ന് രാവിലെ 8 മണിക്ക് തന്നെ പറഞ്ഞ സ്ഥലത്ത് എത്തിച്ചേർന്നു. അവൾ അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു.

“ഹായ്…ഡിയർ” അവൾ യാതൊരു സങ്കോചവുമില്ലാതെ കൈ പിടിച്ചു.

“ഹായ്” എനിക്ക് പക്ഷേ അത്രയും ഓപ്പൺ ആകാൻ ആ സമയം കഴിയുന്നുണ്ടായിരുന്നില്ല.

“വരൂ… ഇപ്പോൾ മുതൽ നിങ്ങൾ എന്‍റെ ബോയ്ഫ്രണ്ട് ആണ്. മടിയൊക്കെ മാറ്റി തുറന്നു പെരുമാറൂ. ഇതെന്‍റെ റിക്വസ്റ്റ് ആണ്.”

ഞാൻ സ്വയം മനസ്സിൽ ഉറപ്പിച്ചു. അതേ ഒരേയൊരു ദിവസം മാത്രം. പിന്നെ ഞാനും അവളും എവിടെയോ പോയ് മറയുന്നു.

ഞങ്ങൾ രണ്ട് അപരിചിതർ, ചിരകാല പരിചിതരെപ്പോലെ ഒരു യാത്രയ്ക്കു തുടക്കമിടുകയാണ്. കേവലം ഒരു ദിവസത്തെ അതിസുന്ദരമായ യാത്ര.

പ്രിയ. അതാണവളുടെ പേര്. ഞാൻ വണ്ടിയോടിച്ചു കൊണ്ടിരുന്നു. അവൾ എന്‍റെ അരികിലെ സീറ്റിലുണ്ട്. തുറന്നിട്ട വിൻഡോയിലൂടെ ഇളം കാറ്റ് അവളുടെ മുടിയിഴകളിൽ ഓടിക്കളിച്ചു. നവ്യമായ സുഗന്ധം നിറഞ്ഞ മുടിയിഴകൾ തോളറ്റം കടന്ന് വിരിഞ്ഞു കിടക്കുന്നു. ആ നറുഗന്ധം എന്നിൽ അനിയന്ത്രിതമായ ഒരു ഉന്മേഷം നിറയ്ക്കുന്നതു പോലെ. അറിയാതെ ഞാനൊരു പാട്ടു മൂളി.

“ആഹാ… നന്നായി പാടുന്നുണ്ടല്ലോ…” അവൾ ചിരിയോടെ എന്നെ കമന്‍റിട്ടു.

“അതെ … കുറച്ചൊക്കെ പാടും. ഇഷ്‌ടമാണ് പാട്ടുകൾ. പിന്നെ മനസ്സിൽ സന്തോഷം തോന്നിയാൽ അത് ചുണ്ടുകൾ ഏറ്റുപിടിക്കും എന്നല്ലേ…”

എന്‍റെ ഡയലോഗ് കേട്ടപ്പോൾ അവൾ പൊട്ടിച്ചിരിച്ചു. ആ ചിരിയുടെ മണിമുഴക്കം എന്‍റെ ശ്വാസഗതി തടസ്സപ്പെടുത്തുന്നുണ്ടോ! എനിക്കെന്താണ് ഇങ്ങനെ തോന്നാൻ? ഞാൻ ആലോചിച്ചു പോയി.

പെട്ടെന്ന് അവൾ തന്‍റെ ശിരസ്സ് എന്‍റെ തോളിലേക്ക് ചേർത്തു വച്ചു. “മൈ പ്രിൻസ് ചാമിംഗ്… നമ്മൾ ഇപ്പോൾ എങ്ങോട്ടാ പോകുന്നേ?”

“നീ പറയുന്ന എവിടെയും പോകാം. പക്ഷേ ഈ പ്രദേശത്തെ ഏറ്റവും റൊമാന്‍റിക്കായ സ്‌ഥലവും എനിക്കറിയാം..”

ഞാനും അൽപം നാടകീയമായി സംസാരിച്ചു.

“ഷുവർ നിങ്ങൾ തീരുമാനിക്കൂ. എവിടെയും ഞാൻ വരും. അത്രയും വിശ്വാസമുണ്ട് എനിക്ക് നിങ്ങളെ.”

“എന്നെയോ… അതെന്താ, ഞാനൊരു തട്ടിപ്പുകാരനും ആവാല്ലോ…”

“അതൊക്കെ ഒരാളുടെ കണ്ണിൽ നോക്കിയാൽ അറിയാം. ആൾ തട്ടിപ്പുകാരനാണോ അല്ലയോ എന്ന്. വിശ്വാസമുള്ളതു കൊണ്ടല്ലേ ഒരു ദിവസത്തേക്കാണെങ്കിലും എന്‍റെ ബോയ്ഫ്രണ്ട് ആക്കിയത്.”

“ഓഹോ… ഇമോഷണലി ആക്രമിക്കുകയാണല്ലേ…”

“ആര് ഞാനോ”

“ഞാൻ പറഞ്ഞു വന്നത് രണ്ടാൾക്കും പിന്നെ പ്രയാസമായാലോ?”

“ഇല്ല, ഞാൻ തികച്ചും പ്രാക്ടിക്കൽ ആണ്. ഈ ബന്ധം ഒരു ദിവസത്തേക്ക് മാത്രം എന്ന് മുൻകൂട്ടി പറഞ്ഞുവല്ലോ.”

“എങ്കിൽ ഓക്കെ. പിന്നെ അതുമിതും പറയില്ല എന്നുറപ്പു വേണം. എനിക്കെന്‍റെ വീട്ടുകാർ പറയുന്നതേ ചെയ്യാൻ നിവൃത്തിയുള്ളൂ.”

“ഹലോ… ഡിയർ ഞാൻ പറഞ്ഞില്ലല്ലോ അങ്ങനെ പാടില്ലെന്ന്? ഞാനും എന്‍റെ പപ്പയ്ക്ക് വാക്കു കൊടുത്തു. പപ്പയുടെ സുഹൃത്തിന്‍റെ മകനെ കല്യാണം കഴിക്കാമെന്ന്. പറ്റുമെങ്കിൽ ഞാൻ പാരീസും പോകും. പിന്നെ ഇതൊക്കെ ആലോചിച്ച് നടക്കാൻ ആർക്കാ നേരം?”

“ആഹാ… കുഛ് കുഛ് ഹോത്താ ഹെ സിനിമയിലെ നായികയെപ്പോലെ അപരിചിതനെ കെട്ടാൻ പോകുവാണോ?” ഞാൻ ഇങ്ങനെ ചോദിച്ച് അവളുടെ മുഖത്തേക്ക് നോക്കി.

അതുകേട്ട് അവൾ പിന്നെയും ചിരിച്ചു.

“അതേയതേ, അങ്ങനെയൊക്കെത്തന്നെയാണെന്നു കരുതിക്കോളൂ. പക്ഷേ ഡോണ്ട് വറി, ഞാൻ അങ്ങോട്ട് വന്ന് ഒരിക്കലും ശല്യപ്പെടുത്തില്ല.”

“പിന്നെയെന്തിനാണ് ഇപ്പോൾ ഇമോഷൻസ് വച്ചുള്ള ഈ കളി?”

എനിക്ക് ചോദിക്കാതിരിക്കാനായില്ല.

“അയ്യയ്യോ… ഞാൻ എന്തു കളിച്ചുവെന്നാ? ഫസ്റ്റ് മീറ്റിംഗിൽ തന്നെ ഞാൻ വ്യക്‌തമായി പറഞ്ഞതല്ലേ ഇത് ഒരു ദിവസത്തെ കളിയാണെന്ന്!?”

“ഓകെ അങ്ങനെ തന്നെ. ആം സോറി, ഇനി അതൊക്കെ വിടൂ. നമുക്ക് എൻജോയ് ചെയ്യാം.”

ഞങ്ങൾ അപ്പോഴേക്കും ബീച്ച് സൈഡ് എത്തിയിരുന്നു.

കാറിൽ നിന്നിറങ്ങും മുമ്പേ അവൾ ആ കാഴ്ചയിൽ മയങ്ങി.

“ഹായ്… വെരിനൈസ്…” അവളുടെ മുഖത്ത് സന്തോഷത്തിന്‍റെ തിരമാലകൾ. കുറേനേരം അതിലൂടെ നടന്നു. ബീച്ചിലെ മണൽപ്പരപ്പിൽ ഓളങ്ങളുടെ ഒളിച്ചോട്ടം കണ്ടിരുന്നു.

തിരിച്ചു കാറിലേക്ക് നടക്കാൻ തുടങ്ങവേ അവൾ എന്‍റെ കൈകളിൽ കോർത്തു പിടിച്ചു. “സിനിമയിലൊക്കെ കണ്ടിട്ടില്ലേ… എന്നെ അതുപോലെ ചേർത്തു പിടിക്കൂ.”

അവളുടെ ഡിമാന്‍റു കേട്ടപ്പോൾ സ്തംഭിച്ചു പോയി. അങ്ങനെ പറയുക മാത്രമല്ല അവൾ എന്‍റെ ശരീരത്തോടു ചേർന്നു നിൽപ്പായി. എന്‍റെ പഴയ ഗേൾഫ്രണ്ട് ബിന്ദുവിനെ എന്തുകൊണ്ടോ അപ്പോൾ ഞാൻ ഓർത്തുപോയി. അവളുടെ മുടിയിഴകളും ഇതുപോലെ മൃദുലവും സുഗന്ധം നിറഞ്ഞതുമായിരുന്നു. മനസ്സ് ഉണർന്നുവെങ്കിലും ഞാൻ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു.

“ഏയ്… അതൊന്നും വേണ്ട.”

“അതെന്താ… നിങ്ങൾക്ക് പേടിയാ?” അവൾ കളിയാക്കി.

“എന്തിന് പേടി?”

“ഞാൻ വീഡിയോ എടുത്ത് ഫേസ്ബുക്കിലെങ്ങാനും ഇട്ടാലോ എന്ന്.” അവൾ കുറുമ്പോടെ കൂടുതൽ ചേർന്നു നിന്നു.

“ഓകെ എങ്കിൽ നീ എടുക്ക്… എനിക്ക് കുഴപ്പമില്ല.”

“ഹാ… ഞാൻ അതു തന്നെയാ പറയാൻ ഉദ്ദേശിച്ചത്. ഒരു പെൺകുട്ടിയായ എനിക്ക് ഇതൊന്നും ചെയ്യാൻ പേടിയില്ലെങ്കിൽ ഒരാണായ നിങ്ങളെന്തിനാ മടിക്കുന്നേ?” അൽപം നിർത്തിയിട്ട് അവൾ പിന്നെയും പറഞ്ഞു.

“അതുകൊണ്ടല്ലേ, നിങ്ങൾ മറ്റ് ആണുങ്ങളെപ്പോലെയല്ല എന്ന് ഞാൻ പറഞ്ഞത്.”

“അതെന്താ പലരും പലതരക്കാരല്ലേ.”

“അതെയതേ, അതുകൊണ്ടാണ് നിങ്ങളെ ഞാൻ തെരഞ്ഞെടുത്തത്. ഒരു ദിവസത്തേക്കൊക്കെ ബോയ്ഫ്രണ്ട് ആകുമോ എന്നു ചോദിച്ച് ചെന്നാൽ ലോട്ടറി അടിച്ച പോലെ പെരുമാറുമല്ലോ പലരും.”

“ഓഹ്… എന്നെക്കുറിച്ച് അത്രയും ഉറപ്പാണോ? ഞാൻ നല്ല വ്യക്‌തിയാണെന്ന് പ്രിയ എങ്ങനെ അറിയും?

“നിങ്ങളുടെ കണ്ണുകൾ എല്ലാം പറയുന്നുണ്ട്. ഒരാളുടെ കണ്ണിൽ നോക്കിയാൽ അയാളുടെ സ്വഭാവം അറിയാൻ പറ്റും.”

ഞാൻ ഒന്നു നിശബ്ദനായി. ഈ പെൺകുട്ടിയുടെ ഓരോ വാക്കുകളും, ഓരോ നോട്ടവും തന്‍റെ ഹൃദയത്തിലേക്കാണല്ലോ ചെന്നു വീഴുന്നത്. ഞാൻ കണ്ടിട്ടുള്ള സ്ത്രീകളിൽ നിന്നെല്ലാം വളരെ വേറിട്ടു നിൽക്കുന്നു. എന്‍റെ മനസ്സിലെ മൂടുപടങ്ങൾ അടർന്നു വീണു. ഞാൻ അവൾക്കൊപ്പം തുറന്ന മനസ്സോടെ ഇടപെടാൻ തയ്യാറായി.

കാഴ്ച കാണലും, ഭക്ഷണം കഴിപ്പും ഒക്കെയായി ഞങ്ങൾ ആ ദിനം ശരിക്കും ആസ്വദിക്കാൻ തുടങ്ങി. ഇതിനിടയിൽ അവൾ വീണ്ടും എന്‍റെ അടുത്തേക്കു ചേർന്നു വന്നു.

“സ്വന്തം ഗേൾഫ്രണ്ടിനെ ഹഗ് ചെയ്യുകയുമില്ലേ?”

എന്‍റെ നെഞ്ചിലേക്ക് ചാരി നിന്നു കൊണ്ടാണ് അവളുടെ ചോദ്യം.

കാലവും സമയവും ഹൃദയവും എല്ലാം ഒരു നിമിഷം നിശ്ചലമായതു പോലെ എനിക്കു തോന്നി. ഞങ്ങൾ സ്വയമറിയാതെ ആ നിൽപ് നിന്നു പോയി. എന്‍റെ ഹൃദയത്തിന്‍റെ മിടിപ്പ് വർദ്ധിച്ചു.

മാറിൽ കാതു ചേർത്തു വച്ച് അവൾ അത് കേട്ടിട്ടുണ്ടാവും. ഞാൻ അവളെ രണ്ടു കൈകൊണ്ടും അമർത്തി നെഞ്ചോടു ചേർത്തു. നിമിഷങ്ങൾ കടന്നു പോകുന്നത് ഞങ്ങൾ അറിഞ്ഞില്ല.

ഭൂമിയും ആകാശവും കടലും എല്ലാം സാക്ഷിയായ നിമിഷങ്ങൾ. കുറച്ചുനേരം അങ്ങനെ നിന്നശേഷം അവൾ തന്നെ സ്വയം പിൻവാങ്ങി. അൽപം അകലെ നിന്ന് പ്രിയ എന്നെ നോക്കുന്നു.

“ഇനിയും ഞാൻ ആ കൈകളിൽ നിന്നാൽ നമ്മൾ അതിരു വിട്ടു പോകുമെന്നാരാശങ്ക.” ഞാനും നിശബ്ദനായി.

മനസ്സിലെ വികാരങ്ങളുടെ വേലിയേറ്റം ഞാനും അനുഭവിക്കുന്നുണ്ട്. അത് അവൾ അറിയാതിരിക്കുന്നതാണ് നല്ലത്. കേവലം ഒരു ദിവസത്തെ ബന്ധം.

എനിക്ക് അതോർത്തപ്പോൾ തൊണ്ട വരളുന്ന ഒരു ഫീൽ ഉള്ളിൽ. ആരോ അകത്ത് ഇരുന്ന് സൂചിക്ക് കുത്തി നോവിക്കുന്നു. ഞാൻ ഒരു കുപ്പി വെള്ളം പാതിയും അകത്താക്കി.

അവൾക്ക് അതു കണ്ട് ചിരി പൊട്ടി.

“ഏയ്… അതൊരു കുപ്പി വെള്ളമാ… കണ്ടാൽ തോന്നും മദ്യം കുടിക്കുവാണെന്ന്…”

അവളുടെ സംസാരശൈലി കേട്ടപ്പോൾ ഞാനും ചിരിച്ചു പോയി.

“സത്യം പറയാലോ… മദ്യത്തിന്‍റെ പോലൊരു ലഹരി നുരയുന്നുണ്ട്. എനിക്ക് പേടിയുണ്ട്. നിന്നെ ഞാൻ പ്രേമിച്ചു പോവുമോ?”

“ഏയ് അതൊക്കെ ഇപ്പോ തോന്നുന്നതല്ലേ. നമ്മൾ മുന്നേ പറഞ്ഞു തീരുമാനിച്ചതാണ്. കൗമാരക്കാരൊന്നുമല്ലല്ലോ?”

“പ്രിയ പറയുന്നതാണ് ശരി. പക്ഷേ എന്‍റെ തലച്ചോറ് പറയുന്നത് ഹൃദയം കേൾക്കുന്നില്ല എന്നൊരു സംശയം.”

“ഇപ്പോൾ അതൊക്കെ വിടൂ. നമുക്ക് ലഞ്ച് കഴിക്കണ്ടേ. എനിക്ക് നല്ല വിശപ്പ്.”

“ഓഹ്… ഞാൻ ബിന്ദുവിനൊപ്പം ലഞ്ച് കഴിക്കാൻ പോകാറുള്ള റസ്റ്റോറന്‍റ് അൽപം അകലെയുണ്ട്. നമുക്ക് അങ്ങോട്ട് ഡ്രൈവ് ചെയ്യാം. സിറ്റിയി ലാണ്. വൃന്ദാവൻ റസ്റ്റോറന്‍റ്. നല്ല ഭക്ഷണമാണ്. വേണമെങ്കിൽ പൂന്തോട്ടത്തിലിരുന്നും കഴിക്കാം.”

അരമണിക്കൂറിനകം ഞങ്ങൾ ആ റസ്റ്റോറന്‍റിൽ എത്തി. അവിടം കണ്ടപ്പോഴെ പ്രിയ വളരെ ഉത്സാഹവതിയായി.

“നമുക്ക് പൂന്തോട്ടത്തിലിരുന്നു ഭക്ഷണം കഴിക്കാം.” അവിടത്തെ പൂന്തോട്ടം മൊത്തം മൂടി ഒരു വലിയ പച്ചക്കുട പോലെ മേൽക്കൂരയും ഉണ്ട്. അതിനിടയിൽ അവിടവിടെ തീൻമേശകൾ.

“അസ്സലായിരിക്കുന്നു. യുവർ സെലക്ഷൻ ഈസ് ടൂ ഗുഡ്” അവൾ സ്നേഹം നിറഞ്ഞൊരു നോട്ടം സമ്മാനിച്ച് പറഞ്ഞു.

ആ നോട്ടം എന്നിലേക്കൊരു തരംഗമായി ആഴ്ന്നിറങ്ങുന്നത് ഞാൻ അറിഞ്ഞു. പക്ഷേ ആ നോട്ടത്തെ ഞാൻ തുറന്ന ഒരു ചിരി കൊണ്ട് മായ്ച്ചു കളഞ്ഞു.

ഉച്ചകഴിഞ്ഞ് ഞങ്ങൾ പുരാവസ്‌തു മ്യൂസിയങ്ങൾ, മൃഗശാലകൾ സന്ദർശിച്ചു. പരസ്പരം സംസാരിച്ചും കാഴ്ച കണ്ടും ഉള്ള ആ യാത്രയിൽ ഞങ്ങൾ ശരിക്കും ഉള്ളു തുറന്നു ഇടപെട്ടു. എല്ലാ സങ്കോചങ്ങളും പരസ്പരം ഇല്ലാതായിക്കഴിഞ്ഞു.

വീട്ടുവിശേഷം, ഓഫീസ് കാര്യങ്ങൾ, കോളേജുകാലത്തെ രസങ്ങൾ ഇങ്ങനെ ഞങ്ങൾക്കു സംസാരിക്കാൻ തീരാത്തത്ര വിഷയങ്ങൾ. അങ്ങനെയങ്ങനെ വൈകുന്നേരമായത് അറിഞ്ഞതേയില്ല.

പ്രിയയ്ക്ക് വീട്ടിൽ പോകാൻ സമയമായി. അവളെ ഇനി കാണില്ല. ഇത്രയും നേരം എന്‍റെ കൂടെ ഉണ്ടായിരുന്നവൾ. ഇതെല്ലാം ഒരു പകൽ സ്വപ്നം മാത്രമാണെന്നു വിശ്വസിക്കണം. പക്ഷേ ഈ പെണ്ണ് എന്‍റെ ഹൃദയവും കൊണ്ടാണ് അപ്രത്യക്ഷമാകാൻ പോകുന്നതെന്ന സത്യം അവൾ പോലും അറിയുന്നുണ്ടാകുമോ?

“പ്രിയ… നമ്പർ തരൂ. എനിക്ക് നിന്നെ മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.” രണ്ടും കൽപിച്ച് ഞാൻ മനസ്സു തുറന്നു. അതല്ലാതെ വേറൊരു വഴിയില്ല എന്‍റെ മുന്നിൽ.

“ആർ യൂ സീരിയസ്?”

“യെസ്…” ഞാൻ അവളുടെ കൈകൾ മുറുകെ പിടിച്ചു.

“ഐ തിങ്ക് ഐ ലവ് യു…”

“ഇതു കരാർ ലംഘനമാണ് കേട്ടോ.”

പ്രിയ എന്നെ അക്കാര്യം ഓർമ്മിപ്പിച്ചു. “ഓകെ പക്ഷേ നിനക്ക് എന്‍റെ സുഹൃത്തായിരിക്കാമല്ലോ.”

“ഏയ്… അതും റിസ്കാണ്. പ്രത്യേകിച്ചും നിങ്ങൾക്ക് എന്നോട് ഇഷ്‌ടം തോന്നിയ സ്‌ഥിതിയിൽ. ഫ്രണ്ട്ഷിപ്പ് നോട്ട് ഓക്കെ.”

“ശരി… അതൊക്കെ പോകട്ടെ. ഞാൻ പ്രിയയെ വിവാഹം കഴിക്കാനും തയ്യാറാണ്.”

ഞാൻ പെട്ടെന്ന് പറഞ്ഞു പോയി. അത്രയും തിരക്കിട്ട് പറയേണ്ട ഒരു സംഗതി അല്ലെങ്കിലും ഇനി ഒരവസരം കിട്ടിയില്ലെങ്കിലോ… പഴയ പ്രണയത്തിന്‍റെ അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്ന എന്‍റെ മനസ്സിനെ ഉയർത്തിക്കൊണ്ടുവന്നത് ഇവളാണ്. ശിഷ്ടകാലം ഈ ഹൃദയമായിരിക്കട്ടെ എനിക്ക് കൂട്ടിന് ചേർന്നു നിൽക്കുന്നത്. അവൾ പക്ഷേ മറുപടിയൊന്നും പറഞ്ഞില്ല.

“ഗുഡ്ബൈ ഡിയർ, എന്‍റെ പപ്പ പറയുന്ന ആളെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ. നിങ്ങൾ എന്നെ മറക്കുന്നതാവും നല്ലത്.” അവൾ കൈവീശി. ഒരിക്കൽ മാത്രം തിരിഞ്ഞു നോക്കി അവൾ മറഞ്ഞു പോകുന്നത് ഞാൻ ഒരു പ്രതിമ കണക്കേ നോക്കി നിന്നു.

കാർ തനിച്ചിരുന്ന് ഡ്രൈവ് ചെയ്യുമ്പോൾ അവളുടെ അസാന്നിധ്യത്തിന്‍റെ വേദന എന്‍റെ കണ്ണുകളെ ഈറനണിയിച്ചു. ഞാൻ ഇഷ്‌ടപ്പെടുന്നവർ എന്നെ തനിച്ചാക്കി പോകുന്നത് എന്തുകൊണ്ടാവും? ഇങ്ങനെ വേദന തരാനായി ഇവരൊക്കെ എന്‍റെ ജീവിതത്തിലേക്ക് എന്തിന് കടന്നു വരുന്നു? ഞാൻ സ്വയം നിയന്ത്രിക്കാൻ പാടുപെട്ട് ഒരുവിധത്തിൽ വീടണഞ്ഞു.

ആ രാത്രി മുതൽ എല്ലാ രാത്രികളും എനിക്ക് നിദ്രാവിഹീനമായി. പകലുകൾ എനിക്ക് കടന്നു കൂടാൻ പ്രയാസകരമായി. ഒരു ദിനം കൊണ്ട് ജീവിതം മാറിമറഞ്ഞുപോയല്ലോ. ദേവദാസിനെപ്പോലെ ഞാൻ വീണ്ടും നിരാശ കാമുകനായി മാറുകയാണോ? അവൾ എവിടെ നിന്നു വന്നു. എങ്ങോട്ടു പോയി. അവളെ പിന്തുടർന്ന് അന്വേഷിക്കാൻ പോലും നിവൃത്തിയില്ലാതായി. നീറിനീറുന്ന ഓർമ്മകൾ വീണ്ടും നിറയുന്നു.

വീട്ടിലാണെങ്കിൽ എന്‍റെ കല്യാണാലോചനകളുമായി അമ്മ മുന്നോട്ടു പോകുന്നു. കഴിഞ്ഞ മാസം കണ്ടിഷ്ടപ്പെട്ട പെൺകുട്ടിയെ അമ്മ വധുവായി മനസ്സിൽ ഉറപ്പിച്ചമട്ടാണ്. പക്ഷേ ഇനി ഈ അവസ്ഥയിൽ ഒന്നിനും താൽപര്യം വരുന്നില്ല. എനിക്ക് വിവാഹമൊന്നും വേണ്ട അമ്മേ. ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. പക്ഷ അത് ഞാൻ വിചാരിച്ചതിലും വലിയ സംഘർഷമാണ് വീട്ടിൽ ഉണ്ടാക്കിയത്.

“അതെന്താ… നിനക്ക് പെട്ടെന്ന് ഒരു മാറ്റം?” നിനക്ക് ആരെയെങ്കിലും ഇഷ്‌ടമായോ.” അമ്മ എന്നെ മാറ്റി നിർത്തി ചോദിച്ചു.

“അതെ…” ഞാൻ അതു ശങ്കയില്ലാതെ സമ്മതിച്ചു.

“ശരി, എങ്കിൽ ആരാ കുട്ടി. അവരുടെ വീട്ടുകാരോട് കാര്യം പറയാം. ഫോൺ നമ്പറുണ്ടോ?”

“എന്‍റെ കയ്യിൽ ഒന്നും ഇല്ല.”

“ഓഹ്… അതെന്തു പ്രണയമാണ്?”

“എന്തു പറയാനാ അമ്മേ… ഞങ്ങൾ ഒരു ദിവസമേ കണ്ടിട്ടുള്ളൂ. പക്ഷേ എനിക്ക് വിവാഹമുണ്ടെങ്കിൽ അവളെ മതി. പക്ഷേ എവിടെയെന്ന് കണ്ടുപിടിച്ചിട്ടും കാര്യമുണ്ടോ എന്ന് അറിയില്ല.”

ഞാൻ എല്ലാ കാര്യവും അമ്മയോട് തുറന്നു പറഞ്ഞു. അമ്മ അദ്ഭുതപ്പെട്ടുപോയി. എന്തായാലും നേരത്തെ അമ്മ കണ്ടു വച്ച പെണ്ണിനെ കല്യാണം കഴിക്കാൻ അമ്മ പിന്നീട് നിർബന്ധിച്ചതേയില്ല. ഭാഗ്യം, ആറുമാസം കടന്നുപോയിരിക്കുന്നു. ഇപ്പോൾ വീണ്ടും വിവാഹാലോചനകൾ വരുന്നുണ്ട്. ആ സംഭവത്തിന്‍റെ സ്വാധീനം എന്നിൽ കുറയട്ടെ എന്ന് അമ്മ കരുതിക്കാണും. ഇതിനിടയിൽ ആദ്യം വന്ന ആലോചനയുടെ ഭാഗമായി പെൺവീട്ടുകാർ എന്‍റെ വീടു സന്ദർശിച്ചു. കൂട്ടത്തിൽ അമ്മ കണ്ട പെൺകുട്ടിയും വന്നിട്ടുണ്ടായിരുന്നു. ഞാൻ വളരെ മടിച്ച് അവരെ കാണാൻ മുറിയിലേക്ക് ചെന്നു. അവൾ മുഖം തിരിഞ്ഞു നിൽക്കുകയാണ്. ആ മുറിയിൽ മറ്റാരും ഇല്ല. അവളോട് ഒരു കാര്യമേ എനിക്ക് പറയാനുണ്ടായിരുന്നുള്ളൂ. അത് പറയാൻ മുഖം കാണണമെന്നില്ല.

“ഞാൻ ഉള്ള കാര്യം തുറന്നു പറയുമ്പോൾ വിഷമം തോന്നരുത്. എനിക്ക് ഒരാളെ ഇഷ്‌ടമാണ്. അതു മാത്രമേ ഇപ്പോൾ മനസ്സിലുള്ളൂ ഐ ആം സോറി. ഈ ബന്ധത്തിന് യെസ് പറയാതെ എന്നെ ഒന്നു രക്ഷിക്കൂ. പ്ലീസ്!”

“ശരിക്കും ഞാൻ വേണ്ട എന്നു പറയട്ടെ…” അവൾ മുഖം തിരിക്കാതെ മറുപടി നൽകി.

ഓഹ്… ഈ സ്വരം…! ഞാൻ ഓടിച്ചെന്ന് അവളുടെ ചുമലിൽ പിടിച്ചു എന്‍റെ നേർക്കു തിരിച്ചു. ഞാൻ ഞെട്ടിത്തരിച്ചു പോയി. “പ്രിയ…!”

“അതേ, ഞാൻ തന്നെ” അവൾ ചിരിച്ചു.

“പക്ഷേ നീ”

“സത്യം പറയാലോ… എനിക്ക് അറേഞ്ച്ഡ് മാര്യേജ് വേണ്ട. ലവ് മാര്യേജാണ് ഇഷ്‌ടം. അതിന് ഞാൻ സ്വയം കണ്ടെത്തിയ ഒരു വഴിയാണ് ഈ കണ്ടതെല്ലാം എങ്ങനെയുണ്ട്?” അവൾ പൊട്ടിച്ചിരിച്ചു.

ഞാൻ അവളെ ചേർത്തു പിടിച്ചു. ശ്വാസം മുട്ടുന്ന വിധത്തിൽ… സ്വപ്നത്തിനും ജീവിതത്തിനും ഇടയിൽ സ്വന്തമായ ശുഭ നിമിഷം.

ഞാൻ ആദിൽ!

ദാസന്‍റേയും വിജയന്‍റേയും ദുബായ് കഥയറിയാത്തവരായി ആരുണ്ട്. കേരളത്തിൽ നിന്നും സ്വപ്നങ്ങളുമായി കുടിയേറിയ ഒട്ടേറെ ദുബായ് മലയാളികളുണ്ട്. അവർക്കിടയിൽ നിന്നും മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ യുവതാരമാണ് ആദിൽ ഇബ്രാഹിം.

ലൂസിഫര്‍, ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയ സിനിമകളിൽ തിളങ്ങിയ ആദിൽ കെമിക്കൽ എഞ്ചിനീയറിംഗ് ബിരുദ ധാരിയും ബിസിനസ്സ് സംരഭകനുമാണ്. മോഡലിംഗിലും റേഡിയോ ടെലിവിഷൻ മാധ്യമങ്ങളിലും തന്‍റേതായ കൈയ്യൊപ്പ് ചാർത്തിയ ഈ യുവ കലാകാരൻ സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമാണ്. മലയാളക്കരയിലേക്ക് ഒരു ദുബായ്ക്കാരനെപ്പോലെ പറന്നിറങ്ങിയ ആദിൽ തന്‍റെ മനസ്സ് തുറക്കുന്നു….

സിനിമ മോഹിപ്പിച്ചു തുടങ്ങിയതെപ്പോഴാണ്?

ചെറുപ്പം മുതലേ ഒരുപാടൊരുപാട് സിനിമകൾ കണ്ടാണ് വളർന്നു വന്നത്. സിനിമയ്ക്കുള്ളിൽ നിരവധി കലാരൂപങ്ങളുടെ കൂടിച്ചേരലുണ്ട്. ഇതൊരുപാടാളുകളെ ഭ്രമിപ്പിക്കുന്നുണ്ട്. ആ ഭ്രമം എനിക്കുമുണ്ടായി.

സംവിധാനത്തിൽ താൽപര്യമുണ്ടോ?

സംവിധാനം മറ്റൊരു മേഖലയാണ്. സംവിധായകനാണ് സിനിമയുടെ മാസ്‌റ്റർ. എനിക്കതിനുള്ള കഴിവൊന്നുമായിട്ടില്ല. സിനിമയ്ക്കായി കോൺട്രിബ്യൂട്ട് ചെയ്യണമെന്ന ആഗ്രഹമുണ്ട്. അഭിനയത്തോടൊപ്പം എഴുത്തിലും ഞാൻ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്. സിനിമയ്ക്കുള്ളിൽ എനിക്ക് റൊമാൻസും ആക്ഷനുമൊക്കെ ചെയ്യണം. നല്ല ചാമിംഗ് ആയിട്ടുള്ള കഥാപാത്രങ്ങൾ കിട്ടണമെന്നാണ്. സീരിയസ് കോമഡി എന്നീ വിഭാഗങ്ങളിലും ചലഞ്ചിംഗായിട്ടുള്ള വേഷങ്ങൾ വരണം. സിനിമാരംഗത്ത് തന്നെ ഉറച്ച് നിന്നു കൊണ്ട് ഭാവി ഒരുക്കിയെടുക്കണം.

ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം ദുബായിലാണല്ലോ. എന്നിട്ടും ഇത്ര ഭംഗിയായി മലയാളം സംസാരിക്കുന്നു…

ഒരു മിക്‌സ്ഡ് കൾച്ചർ എൻവയോൺമെന്‍റിലാണ് വളർന്നതെങ്കിലും മലയാളം പഠിപ്പിക്കുന്ന ന്യൂ ഇന്ത്യൻ മോഡൽ സ്ക്കൂളിലാണ് എന്നെ ചേർത്തത്. ഞാൻ ധാരാളം പുസ്തകങ്ങൾ വായിക്കുമായിരുന്നു. വേൾഡ് ലിറ്ററേച്ചറിനോടെന്ന പോലെ തന്നെ മലയാള സാഹിത്യത്തോടും അടുപ്പമുണ്ടായിരുന്നു. മലയാളം അധ്യാപകരായ മുരളി സാറിനോടും നസീർ സാറിനോടുമാണ് ഞാൻ അക്കാര്യത്തിൽ നന്ദി പറയുന്നത്. ലോകത്തെവിടെ പോയാലും വീട്ടിലേക്കെന്ന പോലെ കേരളത്തിലേക്ക് തിരിച്ചു വരണം എന്നത് എന്‍റെയുള്ളിൽ എപ്പോഴും സൂക്ഷിക്കുന്നു.

മലയാള സാഹിത്യത്തിൽ ആകർഷിച്ചിട്ടുള്ളത് ഏതൊക്കെയാണ്?

എസ്കെ പൊറ്റക്കാടിന്‍റേയും, എംടിയുടേയും ബഷീറിന്‍റേയും നിരവധി പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. സഞ്ജയന്‍റെ നർമ്മത്തോടും എനിക്ക് നല്ല താൽപര്യമാണ്. വായനയാണ് എന്നെ മുന്നോട്ട് നടത്തിയിട്ടുള്ളത്. ഒരു ദേശത്തിന്‍റെ കഥയൊക്കെ പലതവണ വായിച്ചിട്ടുണ്ട്. ഇനിയുമൊരുപാട് പുസ്‌തകങ്ങൾ വായിക്കാനുണ്ട്. ആവർത്തിച്ചു വായിക്കുന്ന പുസ്തകങ്ങളേറെയും ബഷീറിന്‍റെ കഥകളാണ്. സത്യത്തിൽ ഞാനൊരു ബഷീറിയനാണ്.

അക്കാദമിക് കാലത്തെ സൗഹൃദങ്ങൾ ഇപ്പോഴും സൂക്ഷിക്കുന്നുണ്ടോ?

ഉണ്ടോന്നോ… അവരൊക്കെയാണ് എന്‍റെ എപ്പോഴത്തേയും സൗഹൃദങ്ങൾ. സ്കൂളിലും, കോളേജിലുമൊക്കെ എനിക്ക് നല്ല നല്ല സൗഹൃദങ്ങളുണ്ടായി. നീ ഒരു കാലത്ത് എല്ലാവരും അറിയപ്പെടുന്ന ഒരാളായി മാറുമെന്ന് അവർ പറയുമായിരുന്നു. എല്ലാവരുമായിട്ടും എപ്പോഴും നല്ല ടച്ചിലാണ്. കൂടെ പഠിച്ചവരെയൊക്കെ അങ്ങിനെയങ്ങ് വിട്ടുകളയാൻ പറ്റ്വോ… കൂട്ടുകാരല്ലേ നമ്മുടെ ജീവിതത്തിലെ സമ്പാദ്യം.

വെർച്ച്വൽ വെനസ്ഡേയെക്കുറിച്ച് പറയാമോ?

എല്ലാ ബുധനാഴ്ചയും വിശക്കുന്നവർക്ക് ഭക്ഷണം നൽകുക എന്നത് മാത്രമാണത്. സത്യത്തിൽ എനിക്കിത് പബ്ലിസിറ്റിയിൽ വന്നതിനോട് തീർത്തും വിയോജിപ്പാണ്. ആരോ തിരഞ്ഞ് കണ്ടെത്തി എന്നെക്കുറിച്ച് പറയുന്നതിനൊപ്പം ചേർത്ത് പോയതാണ്. എന്‍റെ വളരെ അടുത്ത സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ കുറേ വർഷമായി ഞാൻ ചെയ്യുന്നതാണ്. ഇത് ആളെക്കൂട്ടാനുള്ളതോ എല്ലാവരേയും വിളിച്ച് പറഞ്ഞ് ചെയ്യാനുള്ളതോ അല്ല.

എഞ്ചിനീയറിംഗ് പഠനകാലത്തെ രസകരമായൊരു അനുഭവം പങ്കുവയ്ക്കാമോ?

ഞാൻ നല്ല ഉഴപ്പായിരുന്നു. ഫൈനൽ?ഇയർ പ്രൊജക്ടൊക്കെ കഴിഞ്ഞ് ക്യാംപസ് ഇന്‍റർവ്യൂ അറ്റൻഡ് ചെയ്യുന്ന സമയത്താണ് ആ ചോദ്യം വരുന്നത്, എന്‍റെ പ്രൊജക്‌ട് എന്തായിരുന്നുവെന്നും എന്തുകൊണ്ടാണ് അത് സെലക്ട് ചെയ്തതെന്നും ഇന്‍റർവ്യൂ ബോർഡിലുള്ളർ ചോദിച്ചു. പ്രൊജക്ട് ചെയ്‌തിട്ട് രണ്ടുമാസം പോലും തികഞ്ഞിട്ടില്ല. പക്ഷേ എനിക്ക് ഞാൻ ചെയ്‌ത പ്രോജക്ട് എന്താണെന്നു പോലും ഓർമ്മ വന്നില്ല. പറഞ്ഞാൽ ചിലപ്പോ ആരും വിശ്വസിക്കില്ല. ഇന്‍റർവ്യൂവിന്‍റെ കാര്യം പിന്നെ പറയണ്ടല്ലോ. ആ സമയത്താണ് എനിക്ക് മനസ്സിലായത് യാന്ത്രികമായിട്ടായിരുന്നു ഞാൻ ഫൈനൽ ഇയർ പ്രൊജക്ട് ചെയ്‌തതെന്ന്. അതിപ്പോഴും ഒരു നിഗൂഢ രഹസ്യമാണ്. (ചിരിയടക്കാനാകാതെ പൊട്ടിച്ചിരിക്കുന്നു).

വിദേശത്ത് പഠിച്ച ഒരാളെന്ന നിലയ്ക്ക് കേരളത്തിലെ കലാലയ അന്തരീക്ഷത്തെ എങ്ങനെ നോക്കി കാണുന്നു?

അയ്യോ! തീർച്ചയായും ഒരുപാടൊരുപാട് വ്യത്യാസമുണ്ട്. ഞാൻ ഇവിടെയുള്ള കോളേജുകളിൽ ഗസ്റ്റ് ആയി പോകാറുണ്ട്. എന്‍റെയൊക്കെ കോളേജ് കാലഘട്ടത്തിൽ നഷ്‌ടപ്പെട്ടതെന്താണെന്ന് അതൊക്കെ അനുഭവിച്ചാലേ അറിയൂ. കലാലയ രാഷ്ട്രീയത്തോടൊക്കെ എനിക്ക് വലിയ താൽപര്യമാണ്. ആ ഒരു കോളേജ് അന്തരീക്ഷം ഞാനൊരുപാട് മിസ് ചെയ്തു. കോളേജ് രാഷ്ട്രീയത്തിനൊക്കെ ഒരു പ്രത്യേക വൈബാണ്. അതൊന്നും കിട്ടാതെ പഠിക്കേണ്ടി വന്നതിൽ നഷ്ടബോധം ഉണ്ട്. കേരളത്തിലെ കോളേജുകളിൽ വളരെയധികം സോഷ്യോ പൊളിറ്റിക്കൽ സ്ട്രക്ചറുണ്ട്. അതില്ലാത്തയിടത്തു നിന്നും വരുമ്പോഴാണ് കലാലയ രാഷ്ട്രീയത്തിന്‍റെ ഗുണം മനസ്സിലാവുകയുള്ളൂ.

സെലിബ്രിറ്റി സ്‌റ്റാറ്റസ് ജീവിതത്തിലെടുക്കുന്ന തീരുമാനങ്ങളെ എത്രത്തോളം ബാധിക്കുന്നുണ്ട്?

ആളുകൾ എന്നെ തിരിച്ചറിയുന്നു എന്നത് സത്യം തന്നെയാണ്. അഭിനയിക്കുന്നതിനേക്കാൾ കൂടുതൽ എനിക്ക് പബ്ലിസിറ്റി കിട്ടുന്നത് ഞാൻ ചെയ്യുന്ന ടിവി ഷോകളിലൂടെയാണ്. ജീവിതത്തിലുണ്ടാകുന്ന വിജയങ്ങളെ എങ്ങനെ നമ്മൾ ഡിഫൈൻ ചെയ്യുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഒരിക്കലും മറ്റുള്ളവരുടെ മുമ്പിൽ റോംഗ് എക്സാംബിൾ സെറ്റ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു കലാകാരനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഉണ്ടാകേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ച് എനിക്ക് നന്നായി അറിയാം. എന്‍റെ വ്യക്‌തിത്വത്തെ ഞാനൊരിക്കലും പെരുപ്പിച്ച് കാണിക്കില്ല.

ആരാധികമാരുടെ പ്രണയത്തിനോട് എങ്ങനെയാണ് പ്രതികരിക്കുന്നത്?

ആരാധികമാരായാലും ആരാധകന്മാരായാലും അവരുടെയൊക്കെ സ്നേഹത്തിന് ഏറെ നന്ദിയുണ്ട്. എന്നെ ഭയങ്കരമായിട്ട് ഇഷ്‌ടപ്പെടുന്നവരൊക്കെയുണ്ട്. ഓരോ സമയത്തും അവർ ചെയ്യുന്നതൊക്കെ പറഞ്ഞ് മെസേജ് അയക്കും. (ഇതൊക്കെ സ്നേഹമാണല്ലോ എന്ന് പറഞ്ഞ് ചിരിക്കുന്നു) അവരുടെയൊക്കെ സ്നേഹത്തിന് എന്നാൽ കഴിയുന്ന പോലെ മറുപടി പറയാറുണ്ട്. സത്യത്തിൽ ഒരു കാലത്ത് ഞാനിതൊക്കെ ആഗ്രഹിച്ചിരുന്നു. എന്നെക്കാണുമ്പോഴോ എന്‍റെ പേര് കേൾക്കുമ്പോഴോ ഒരാൾക്ക് പുഞ്ചിരിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതൊരു നല്ല കാര്യമാണല്ലോ.

ഷോ അവതാരകനായി മാറുമ്പോൾ ആദിൽ എന്തൊക്കെയാണ് ശ്രദ്ധിക്കുക?

ഓരോ ഷോയും വ്യത്യസ്തമാണ്. ആ ഷോ ആവശ്യപ്പെടുന്ന മൂഡ് അനുസരിച്ച് അവതാരകനാവുക; ഡി ഫോർ ഡാൻസിൽ സെൻസിബിളല്ലാത്ത വളരെ ഫണ്ണിയായ കോമഡി രീതിയിലാണ് അവതരിപ്പിച്ചത്. പക്ഷേ സ്റ്റിൽ സ്റ്റാൻഡിംഗിലേക്ക് വരുമ്പോൾ പ്രത്യേകമായി ഫണ്ണിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. അവിടെ ഞാൻ കുറേക്കൂടി എന്‍റെ ശരിയായ വ്യക്‌തിത്വത്തോട് യോജിക്കുന്ന രീതിയിലാണ് പെരുമാറുന്നത്. എന്‍റേത് തീരെ കൺസ്ട്രക്റ്റീവല്ലാത്ത കാഷ്വലായ ആങ്കറിംഗാണ്.

കണ്ടതിൽ, ഏറ്റവും ഇഷ്‌ടമുള്ള സിനിമ?

സ്റ്റീവൻ സ്പിൽബർഗിന്‍റെ ദ ടെർമിനൽ എന്ന സിനിമ ഒരു പത്തമ്പത് തവണ കണ്ടിട്ടുണ്ട്. നന്മയുള്ള മനുഷ്യന്‍റെ നല്ല മനുഷ്യരുടെ ഉളളറിയുന്ന സിനിമ. എനിക്കാ സിനിമ എത്ര കണ്ടാലും മതിവരില്ല.

യാത്രകളോടുള്ള ഇഷ്‌ടം?

തിരക്കുകളിൽ നിന്ന് മാറി നിൽക്കുക എന്നത് മാത്രമല്ല ഞാൻ യാത്ര ചെയ്യുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മളൊന്നുമല്ല എന്ന തിരിച്ചറിവുണ്ടാകുന്നത് യാത്ര ചെയ്യുമ്പോഴാണ്. ഒരുപാട് സ്‌ഥലങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്‌തിട്ടുണ്ട്. ഹിമാലയം അതിലേറ്റവും പ്രിയപ്പെട്ടതാണ്. അവിടെ വീണ്ടും പോകണം. 2013 ലാണ് ഞാൻ ആദ്യമായിട്ട് ഹിമാലയത്തിലേക്ക് പോകുന്നത്. ഒരു വല്ലാത്ത വശ്യതയുണ്ടവിടെ.

ഭക്ഷണത്തോടുള്ള താൽപര്യം എങ്ങനെയാണ്? ഡയറ്റുണ്ടോ?

എനിക്കിഷ്ടമുള്ളതൊക്കെ കഴിക്കും. ഫിഷ് വിഭവങ്ങളോട് അത്ര താൽപര്യമില്ല. പക്ഷേ എന്‍റെ ഉമ്മ വയ്ക്കുന്ന ചെമ്മീൻ കറി അത് ഒഴിവാക്കാൻ പറ്റൂല്ല. ഉമ്മയ്ക്ക് നല്ല കൈപുണ്യമാണ്. സാമ്പാറ്, പുളിയിഞ്ചി തുടങ്ങി വ്യത്യസ്ത തരത്തിലുള്ള വെജ് വിഭവങ്ങളും ഉമ്മ തയ്യാറാക്കും. പിന്നെ നല്ല വറുത്തരച്ച ബീഫ് ഫ്രൈ (ബീഫെന്നു പറഞ്ഞാൽ എന്നെ ജയിലിലിടോ!) ഞങ്ങൾ അഞ്ച് മക്കൾക്കും ഓരോരുത്തരുടേയും ഇഷ്‌ടത്തിനനുസരിച്ച് ഉമ്മ തയ്യാറാക്കിത്തരുന്ന ഭക്ഷണത്തിന്‍റെ രുചി, അതെപ്പോഴും സ്പെഷ്യൽ തന്നെ.

ഫാഷൻ സങ്കൽപങ്ങൾ…

എനിക്ക് എന്‍റേതായൊരു പാറ്റേണുണ്ട്. ബ്ലൂ, ബ്ലാക്ക്, വൈറ്റ് കോമ്പിനേഷനുകളാണ് കൂടുതലും ശ്രദ്ധിക്കുക.

ദീപയുടെ കാമുകന്മാർ

സുഗന്ധപൂരിതമായ റോസാപ്പൂക്കളും മുല്ലപ്പൂക്കളും കൊണ്ട് അലങ്കരിച്ച മണിയറയിൽ ഡോ.ജയറാം കാത്തിരുന്നു. കിടക്കയ്ക്ക് അത്തറിന്‍റെ വശ്യഗന്ധം. വരന്‍റെ മോടി വെളിപ്പെടുത്തുന്നതരം മുണ്ടും ഷർട്ടും ആണ് വേഷം. വിദേശ ബ്രാന്‍റിന്‍റെ പെർഫ്യൂം ശരീരം മുഴുവൻ പൂശി അയാൾ അക്ഷമനായി വധു വരാൻ കാത്തിരിക്കുകയാണ്.

ഇന്നു രാവിലെയായിരുന്നു ഡോ. ജയറാമിന്‍റെയും ദീപയുടെയും വിവാഹം. മുറിക്കു പുറത്ത് പെൺചിരികളുടെ അലയടി. ദീപ വരുന്നതാണ്. അവൾ അകത്തു കയറിയ ശേഷം വാതിൽ കുറ്റിയിട്ടു. എന്നിട്ട് രണ്ടു ചുവടു മുന്നോട്ടു വച്ച ശേഷം അവിടെത്തന്നെ നിന്നു. മണവാളൻ വന്നു കൂട്ടിക്കൊണ്ടു പോകുമെന്ന പ്രതീക്ഷയോടെ ആണ് ആ നിൽപ്.

“വരൂ… ദീപ” ജയറാം വിളിച്ചു. “നോക്കൂ, എനിക്കിത്തരം ഫോർമാലിറ്റീസിലൊന്നും താൽപര്യമില്ല. ഇയാൾ വരൂ” ദീപ തലയുയർത്തി അയാളെ ലജ്ജയോടെ നോക്കി.

“ഭാര്യ ഒരു ഗ്ലാസിൽ പാലുമായി വരുന്നു. മേശപ്പുറത്തു വയ്‌ക്കുന്നു. ഭർത്താവിന്‍റെ പാദം വണങ്ങുന്നു. അയാൾ ഏകാധിപതിയെപ്പോലെ അവളെ പിടിച്ചെഴുന്നേൽപ്പിക്കുന്നു. പിന്നെ കിടക്കയിലേക്ക് തള്ളിയിടുന്നു. എന്തൊക്കെ നോൺസെൻസ്…! നോക്കൂ. എന്‍റെ ഭാര്യ എന്‍റെ കൂട്ടുകാരിയാണ്. അടിമയല്ല. ഞാനും നിന്‍റെ ഫ്രണ്ട് ആണ്. ശരിയല്ലോ…”

“അതെ…”

“ഒരു കാര്യം കൂടി. നമുക്കിടയിൽ ഒരു രഹസ്യവും ഉണ്ടാകാൻ പാടില്ല. എല്ലാം തുറന്നു പറയണം.”

“സമ്മതം” ദീപ പുഞ്ചിരിയോടെ അയാൾക്കരികിൽ ഇരുന്നു.

“എന്‍റെ കാര്യം തന്നെ ആദ്യം പറയാം. കഴിഞ്ഞ 28 വർഷങ്ങൾക്കിടയിൽ ഞാൻ ഇതുവരെ ഒരു പെൺകുട്ടിയെപ്പോലും നോക്കിയിട്ടില്ല എന്നു പറഞ്ഞാൽ അതു പച്ചക്കള്ളം ആവും. എനിക്ക് കുറേ ഗേൾഫ്രണ്ട്സ് ഉണ്ടായിട്ടുണ്ട്. അതൊക്കെ പറയാൻ എനിക്കൊരു മടിയുമില്ല. ഇന്നലെ വരെ നിനക്ക് ഞാൻ ഒരു അപരിചിതൻ ആയിരുന്നു. അതിനാൽ എന്‍റെ മുൻജീവിതം നിന്നെ ഒരു തരത്തിലും ബാധിക്കില്ല. ഇന്നു മുതൽ നീ മാത്രമാണ് എന്‍റെ ജീവിതത്തിലെ പെണ്ണ്. അതുപോലെ മുമ്പ് നിനക്കും ബോയ്ഫ്രണ്ട്സ് ഉണ്ടായിരുന്നോ? കോളേജ് ഡേയ്സിൽ ആരെയെങ്കിലും പ്രണയിക്കാത്തവരുണ്ടോ?”

“ഓ… എന്തൊക്കെയാണ് പറയുന്നത്?”

“കമോൺ ദീപ, നമ്മൾ എല്ലാം ഒരുതരത്തിൽ ബയോളജിക്കൽ അനിമൽസ് മാത്രം ആണ്. സെക്‌സ് എന്ന് പറയുന്നത് വിശപ്പു പോലൊരു വികാരവും. ഭാവി ഭർത്താവിനോ ഭാര്യക്കോ വേണ്ടി യുവത്വത്തിന്‍റെ ആ ഫീലും രസോക്കെ എന്തിനാ മാറ്റിവയ്‌ക്കുന്നേ? മാത്രമല്ല ഇക്കാലത്തെ ജീവിത സാഹചര്യത്തിൽ അത്ര ശുദ്ധനായി ജീവിക്കാൻ പറ്റുമോ? നീ പറയൂ.”

“ശരിയാണ്. ചേട്ടൻ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു.”

“എങ്കിൽ പറ. നിന്‍റെ പഴയ ആൺ ചങ്ങാതിമാരെക്കുറിച്ച്. എനിക്കൊരു കുഴപ്പവുമില്ല. എന്‍റെ ഗേൾഫ്രണ്ട്സിന്‍റെ കാര്യം ഞാൻ പറഞ്ഞില്ലേ. ഉമയും അരുന്ധതിയും എംബിബിഎസിന് എന്‍റെ സഹപാഠികളായിരുന്നു. പിന്നെ വിദേശത്ത് സ്പെഷ്യലൈസേഷന് പോയപ്പോൾ ഗ്രേസിയുമായി റൂം പങ്കിട്ടുണ്ട്.

“ചേട്ടൻ പറഞ്ഞതു നേരാ. ഇത്രയും ഫ്രീ മൈന്‍റായ ചേട്ടനെ കിട്ടിയത് എന്‍റെ ഭാഗ്യം. എനിക്കും ബോയ്ഫ്രണ്ട്സ് ഉണ്ടായിരുന്നു. ഞാൻ വിക്‌ടറിന്‍റെ കൂടെ സിനിമയ്ക്കും ബീച്ചിലും പോയിട്ടുണ്ട്.

“ഓ.കെ.”

ടോണിക്ക് ഫസ്റ്റ് പ്രൈസ് കിട്ടിയപ്പോൾ അവനെ കെട്ടിപ്പിടിച്ചിട്ടുണ്ട്.

“അതു കൊള്ളാം.”

ഞങ്ങൾ ഒരുമിച്ച് സ്നാപ്പ്ഷോട്ട് എടുത്തിട്ടുണ്ട്. ടോണിക്ക് ഞാനില്ലെങ്കിൽ ഉറക്കം വരില്ല. കസിന്‍റെ കല്യാണത്തിനു പോയ ദിവസം… അവൻ.

“ഛെ… നാണമില്ലെ നിനക്ക്.”

“എന്തിനാ നാണിക്കുന്നേ. ജോർജിന്‍റെ കാര്യമാണ് ഏറെ രസം. അവന്‍റെ കൂടെ പുറത്തേക്കു പോയാൽ പിന്നെ പറയുകയേ വേണ്ട. കാണുന്ന മാത്രയിലേ ദേഹത്തേക്കു പാഞ്ഞു കയറും.”

“നിർത്തൂ… യക്ഷി! ഇതൊക്കെ സ്വന്തം ഭർത്താവിനോട് വിളമ്പാൻ നാണമില്ലേ?”

“കേട്ടപ്പോൾ നിങ്ങൾക്ക് ഇത്രയും ദേഷ്യം. അപ്പോൾ ആ ഫോട്ടോസ് കണ്ടാൽ എന്തു ചെയ്യും?”

“ഓഹോ… അവന്മാർക്കൊപ്പം നീ ഫോട്ടോയും എടുത്തു സൂക്ഷിച്ചല്ലേ.”

ദീപ തന്‍റെ സ്യൂട്ട്കേസ് തുറന്ന് ഒരു ആൽബം പുറത്തെടുത്തു.

“നോക്കൂ.”

ദീപയ്ക്കൊപ്പം കെട്ടിമറിയുന്ന ചുണക്കുട്ടന്മാരെ കണ്ട് ഡോ. ജയറാം നാണിച്ചു പോയി. വികട്ർ, ടോണി, ജോർജ്… ദീപയുടെ പ്രിയപ്പെട്ട വളർത്തുനായ്ക്കൾ!! അവ ഡോക്‌ടർ ജയറാമിനെ ഫ്രെയിമിൽ നിന്ന് പരിഹാസത്തോടെ നോക്കി.

“എന്തോ… ഒന്നും പറയാനില്ലേ…? ഒരു കാര്യം മനസ്സിലാക്കൂ. ഞങ്ങൾക്കിടയിൽ സ്വാതന്ത്യ്രം മാത്രമേയുള്ളൂ. അതിർ വരമ്പുകളില്ല. നിങ്ങളുടെ ഗേൾഫ്രണ്ട്സും നിങ്ങളും തമ്മിലുള്ള അതിർവരമ്പുകൾ പോലും… യാതൊരു അനാവശ്യ ചിന്തയും ഞങ്ങൾക്കിടയിലില്ല. ആരെയും താഴ്ത്തിക്കെട്ടാറുമില്ല. സ്നേഹം ശുദ്ധമായിരിക്കണം. അതിൽ കാമത്തിനാവരുത് മുൻഗണന.” ആദ്യരാത്രി സ്വയം കുളമാക്കിയ ഖിന്നതയോടെ ഡോ.ജയറാം തലകുനിച്ചു.

ഫേസ് യോഗ

പ്രായാധിക്യത്തിന്‍റെ അടയാളങ്ങളെ മായ്ക്കാനെന്ന പേരിൽ ആന്‍റി ഏജിംഗ് സ്കിൻ കെയർ ഉൽപന്നങ്ങൾ കോസ്മെറ്റിക് വിപണി കയ്യടക്കിയിരിക്കുന്ന കാലം ആണിത്.

വാർദ്ധക്യ ലക്ഷണങ്ങൾ ശരീരത്തിൽ പ്രകടമാകുന്നത് ആർക്കും അത്ര ഇഷ്‌ടമുള്ള കാര്യമല്ല. പ്രത്യേകിച്ചും അപ്പിയറൻസിനും ലുക്കിനും വളരെയധികം പ്രാധാന്യമുള്ള ഇക്കാലത്ത്. ഒരു പാടു പോലും ഇല്ലാത്ത ചർമ്മം, കാഴ്ചയിൽ 10 വർഷം പ്രായക്കുറവ് ഇങ്ങനെ നിരവധി വാഗ്ദാനങ്ങളുമായി വരുന്ന ആന്‍റി ഏജിംഗ് ഉൽപന്നങ്ങൾക്കിടയിൽ ഏത് ഉപയോഗിക്കണം എന്ന ആശയക്കുഴപ്പത്തിലാണോ? എങ്കിൽ ഒന്നു ശ്രദ്ധിക്കൂ. അവ ഉപയോഗിക്കും മുമ്പ് ഇതൊന്നു പരീക്ഷിച്ചു നോക്കൂ.

ഫേസ് യോഗ (മുഖത്തിനുള്ള യോഗ). വിരലുകൾ കൊണ്ട് മസാജ് ചെയ്‌തും മുഖത്തെ പേശികളുടെ ശരിയായ ചലനം കൊണ്ടും ചർമ്മത്തെ ആരോഗ്യമുള്ളതാക്കുന്നതാണ് ഈ രീതി. രക്‌തയോട്ടം വർദ്ധിപ്പിക്കാനും, മസിലുകളെ ഉയർത്താനും, സെട്രസ് കുറയ്‌ക്കാനും ഉദ്ദേശിച്ചുള്ള മുഖ വ്യായാമമാണ് ഇത്. ഈജിപ്ഷ്യൻ സുന്ദരി ക്ലിയോപാട്രയുടെ പ്രായത്തെ വെല്ലുന്ന സൗന്ദര്യ രഹസ്യം ഫേസ് യോഗ ആയിരുന്നു എന്നും പറയാം. അന്നത്തെ കാലത്ത് പ്രകൃതിദത്ത സൗന്ദര്യ കൂട്ടുകൾക്കൊപ്പം മുഖ വ്യായാമത്തിലൂടെ പ്രായത്തെ നിയന്ത്രിക്കുന്ന പതിവുണ്ടായിരുന്നു എന്നു ചുരുക്കം. ചൈനീസുകാരുടെ മുഖഭാവങ്ങൾ നല്ല മുഖ വ്യായാമമാണെന്നാണ് കരുതപ്പെടുന്നത്.

ഇരുപതുകളിൽ തന്നെ ഒരു വ്യക്‌തിയുടെ മുഖത്ത് വരകളും ചുളിവുകളും രൂപപ്പെട്ടു തുടങ്ങും. അതിനാൽ ആ കാലഘട്ടം മുതൽ തന്നെ ലളിതമായ മുഖവ്യായാമങ്ങൾ ചെയ്‌തു കൊണ്ടിരിക്കുക.

നെറ്റിയിലെ ചുളിവുകൾ

കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് മുഖം ശ്രദ്ധിക്കുക. നിങ്ങളുടെ നെറ്റിത്തടം വളരെ മിനുസമുള്ള ഒരു പ്രതലമാണെന്ന് സങ്കൽപിക്കുക. യോഗയിലൂടെ കൃത്യമായ ഫലം ലഭിക്കാൻ ഏറ്റവും ആദ്യം വേണ്ടത് ഈ വിഷ്വലൈസേഷൻ ആണ്. രണ്ടുകൈയുടെയും വിരൽ തുമ്പുകൾ നെറ്റിയുടെ മധ്യത്തിൽ തിരശ്ചീനമായി ചേർത്തു വച്ച് മുകൾ ദിശയിലേയ്‌ക്ക് ചെറിയ സമ്മർദ്ദത്തോടെ ചലിപ്പിക്കുക. ഇത് ആറു പ്രാവശ്യം ആവർത്തിക്കുക. ഉറപ്പുള്ളതും മൃദുലവുമായ ചലനമായിരിക്കണം അത്.

രക്തയോട്ടം വർദ്ധിപ്പിക്കാൻ

ചൂണ്ടുവിരലിന്‍റെ തുമ്പ് പുരികത്തോടു ചേർത്തു പിടിക്കുക. സാവധാനം കൺപുരികങ്ങൾ മുകൾ ദിശയിലേയ്‌ക്ക് ഉയർത്തി കൊടുക്കുക. ഈ സമയം കണ്ണുകൾ അടയ്‌ക്കുകയും വേണം. കണ്ണുകൾക്കു ചുറ്റുമുള്ള പേശികൾ റിലാക്‌സ് ചെയ്യപ്പെടാൻ ഇത് ഉത്തമമാണ്. രണ്ടു പ്രാവശ്യം ചെയ്‌താൽ മതി.

ശ്രദ്ധ കേന്ദ്രീകരിക്കൽ

വീണ്ടും കണ്ണാടിയിൽ നോക്കി നെറ്റിത്തടം ഒരു മുദുലമായ ഒരു ചില്ല് ആണെന്ന് സങ്കല്പിക്കുക. ഇനി നെറ്റിയിൽ ഒരു വരപോലും തെളിയാത്ത രീതിയിൽ കണ്ണുകൾ പരമാവധി മിഴിക്കുക. ഇനി 5 മുതൽ 10 സെക്കന്‍റു നേരത്തേക്ക് മൂക്കിന്‍റെ തുമ്പിലേക്ക് നോക്കുക. ആ സമയത്ത് നെറ്റി ചുളിക്കുന്നില്ലെന്ന് ഉറപ്പാക്കണം. കണ്ണ് മിഴിക്കുമ്പോഴും ഇറുക്കുമ്പോഴും നെറ്റി ചുളിക്കാതെ പിടിക്കുന്നതാണ് ഇതിലെ ടെക്നിക്. സംസാരിക്കുമ്പോൾ, സെട്രസ് തോന്നുമ്പോൾ, ഇങ്ങനെ ഓരോ കാര്യങ്ങൾക്കിടയിലും നെറ്റിച്ചുളിക്കാതിരിക്കാനും ശ്രദ്ധിക്കുക.

മസിൽ ബലപ്പെടുത്താൻ

കണ്ണാടിയിൽ നോക്കിക്കൊണ്ട് പുരികങ്ങൾ ഉയർത്താവുന്നത്ര ഉയർത്തുക. ഈ സമയത്ത് നെറ്റിയിൽ രൂപപ്പെട്ട വരകളെ, രണ്ടു കയ്യിലെയും വിരൽ തുമ്പുകൾ  ഉപയോഗിച്ച് മുകൾ ദിശയിലേയ്ക്ക് സാവധാനം തലോടുക. രണ്ടു പ്രാവശ്യം ആവർത്തിക്കുക.

ഫുൾ ഫെയ്‌സ് സെട്രച്ച്

ഇനി മുഖത്തിലെ എല്ലാ പേശികൾക്കും വേണ്ടി വ്യായാമം ചെയ്യാനുള്ള ഊഴമാണ്. അതിനായി ആദ്യം ശ്വാസം ഉള്ളിലേക്ക് വലിയ്ക്കുക. ഒപ്പം മുഷടി ചുരുട്ടിപ്പിടിക്കുകയും വേണം. മുഖത്തെ എല്ലാം പേശികളും മൂക്കും, കണ്ണും എല്ലാം ഉള്ളിലേക്ക് വലിയ്‌ക്കുക. ഒന്നോ രണ്ടോ സെക്കന്‍റ് അങ്ങനെ പിടിച്ച ശേഷം ശ്വാസം പുറത്തേക്ക് തള്ളിപ്പിടിക്കാം. ഈ സമയം കൈ നീട്ടി കണ്ണുകൾ മിഴിച്ച് ഉരുട്ടി നോക്കുക. ഈ വ്യായാമം രണ്ടു പ്രാവശ്യം ആവർത്തിക്കാം. മുഖത്ത് ചുളിവുകൾ വരാതിരിക്കാനുള്ള നല്ല വ്യായാമം ആണിത്.

മികച്ച ഫലം ലഭിക്കാൻ ഈ വ്യായാമങ്ങൾ ദിവസവും ഒരു പ്രത്യേക സമയത്ത് തന്നെ ചെയ്യാവുന്നതാണ്. രാത്രി കിടക്കുന്നതിനു മുമ്പ് ഇത് ചെയ്യാൻ യോജിച്ച സമയമാണ്. വ്യായാമത്തിനു ശേഷം തുണിയിൽ അൽപം ഐസ് പൊതിഞ്ഞ് മുഖത്താക്കെ ഉരുമ്മി കൊടുക്കുന്നതും നല്ലതാണ്. മുഖ ചർമ്മത്തിന് ഉറപ്പും തിളക്കവും നൽകാൻ ഈ വ്യായാമം ഉത്തമമാണ്. ഐസ് നേരിട്ട് മുഖത്ത് ഉരസാതെ ശ്രദ്ധിക്കുക.

മുഖം ചുരുങ്ങുന്നത് കണ്ണുകൾക്ക് ചുറ്റുമുള്ള വരകൾ, ഇരട്ടത്താടി തുടങ്ങിയ പ്രശ്നങ്ങൾക്കും അനുയോജ്യമായ യോഗയുണ്ട്. മേൽപ്പറഞ്ഞ കാര്യങ്ങളല്ലാതെ, കൂടുതൽ ആയി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർ യോഗാചാര്യന്മാരുടെ നിർദ്ദേശപ്രകാരം ചെയ്യുന്നതാണ് നല്ലത്. കൂടുതൽ ഫലം ലഭിക്കുമെന്നോർത് കൂടുതൽ പ്രാവശ്യം ചെയ്യാൻ ശ്രമിക്കുന്നതും ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

വാർദ്ധക്യം തടയാൻ മനസ്സിൽ ചെറുപ്പം സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ല മരുന്ന്. ടെൻഷൻ കുറച്ച് ചെയ്യുന്ന കാര്യങ്ങൾ കൂടുതൽ ആസ്വദിച്ച് ചെയ്യുക. സന്തോഷം നൽകുന്ന വ്യക്‌തികൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിക്കുന്നതും അനാവശ്യമായ ആധികൾ ഒഴിവാക്കുന്നതും പ്രായാധിക്യം മുലമുണ്ടാകുന്ന സൗന്ദര്യപ്രശ്നങ്ങൾക്ക് പരിഹാരമാണ്.

ഭയം തോന്നുന്നുണ്ടോ?

മനുഷ്യന്‍റെ ഏറ്റവും വലിയ ശത്രുവാണ് ഭയം. ഒരു വ്യക്‌തി ഭൂരിഭാഗം സമയവും ഏതെങ്കിലും സാങ്കൽപികമായ വസ്‌തുക്കളെയോ തോന്നലുകളെയോ ഭയക്കുകയും മാനസികമായി തകരുകയും ചെയ്യുന്നുണ്ടത്രേ. മനുഷ്യ മനസ്സിൽ രൂപം കൊള്ളുന്ന ആശങ്കയിൽനിന്നാണ് ഈ വികാരം ഉടലെടുക്കുന്നത്. ഈയവസ്‌ഥ വ്യക്‌തിയെ എല്ലാ കാര്യങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്നു. ജീവിതത്തിൽ നിന്നും എത്രയോ അകലെയുള്ള സാഹചര്യത്തെയോ അല്ലെങ്കിൽ മരണത്തെയോ ഓർത്ത് ഭയക്കുന്നവരുണ്ട്. ഇത്തരക്കാർ ഒരു കാരണവുമില്ലാതെ ഭയക്കുമെന്ന് സാരം.

ദുരന്തങ്ങളും മോശം അനുഭവങ്ങളും ഉള്ളിൽ ഭയം കൂട്ടാം. അതിനെ ചെറുക്കുകയെന്നുള്ളത് പ്രയാസകരം തന്നെയാണ്. എങ്കിലും ഭീതിയുളവാക്കുന്ന സാഹചര്യവുമായി ഇടപഴകിയാൽ ഭയത്തെ ഇല്ലാതാക്കാനാവും. സങ്കൽപത്തിലുള്ള ഭീതിയുളവാക്കുന്ന രൂപങ്ങളെ അഭിമുഖീകരിക്കുന്നത് ഭയത്തെ ഇല്ലാതാക്കും. ഫിയർ സൈക്കോളജിയെന്നത് വളരെ താൽപര്യജനകമായ വിഷയമാണ്.

നമ്മൾ ഏറെ ഭയക്കുന്ന ഒരു സംഭവം അല്ലെങ്കിൽ രൂപം ജീവിതത്തിൽ ഒരിക്കലും സംഭവിക്കണമെന്നില്ല. മനസ്സിലും മസ്‌തിഷ്‌ക്കത്തിലും വിചാരങ്ങളിലുമുള്ള സാങ്കൽപ്പിക ഭയം മാത്രമാണത്.

മിക്കപ്പോഴും യഥാർത്ഥമായ ഒരു കാരണവും ഭയത്തിനു പിന്നിൽ ഉണ്ടാവണമെന്നില്ല. നമ്മുടെ തലച്ചോറിന്‍റെ പല ഭാഗങ്ങളും സങ്കൽപങ്ങളോട് പ്രതികരിക്കുകയും അവയെ യാഥാർത്ഥ്യങ്ങളാണെന്ന് ഭയക്കുകയും ചെയ്യുന്നു. സങ്കൽപങ്ങളേയും ഭയത്തേയും യാഥാർത്ഥ്യ ബോധത്തോടെ വിലയിരുത്തുന്നത് ആരോഗ്യപരമായ മസ്‌തിഷ്‌ക്കത്തെ നിലനിർത്താൻ സഹായിക്കും.

പലപ്പോഴും ഭയം കുറ്റകൃത്യത്തിനും കളവിനും ക്രമക്കേടിനും മറ്റും കാരണമാകാറുണ്ട്. അധികാരം ഒരു വ്യക്‌തിയെ അഴിമതിക്കാരനാക്കും. അതുപോലെ സമ്പന്നന് അവന്‍റെ ധനവും പ്രതാപവും നഷ്‌ടപ്പെടുമോയെന്ന ഭയം ഉടലെടുക്കുന്നു. ഈ സാഹചര്യത്തിൽ പണവും പ്രതാപവും അധികാരവും നിലനിർത്തു ന്നതിന് അവർ അഴിമതി കാട്ടാൻ മുതിരും. ഭയമെന്ന വികാരം ഉള്ളിൽ കിടക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുക.

ഇതെല്ലാം സംഭവിക്കുന്നത് അകാരണമായ ഭയമോ അല്ലെങ്കിൽ മാനസിക ഭയമോ മൂലമാണ്. മനോഭീതി എല്ലാ അർത്ഥത്തിലും വ്യക്‌തിയെ തകർക്കും. ചിലപ്പോൾ കുറ്റകൃത്യത്തിനുള്ള കാരണവും സാങ്കൽപികമായ ഭയമായിരിക്കും. അല്ലെങ്കിൽ മനോഭീതി കാരണമാകാം. തങ്ങളെ അവർ നശിപ്പിക്കും എന്ന ചിന്തയിൽ നിന്നാണ് അവർ ആ വ്യക്‌തിയെ അല്ലെങ്കിൽ വ്യക്‌തികളെ ഉന്മൂലനം ചെയ്യാൻ ഇടയാകുന്നത്. “സ്വയം രക്ഷാർത്ഥം ഞാനവനെ കൊന്നു”വെന്ന് അവർ പിന്നീട് വാദിക്കും. ഇത് അയാളുടെ സാങ്കൽപിക ഭയമാണെങ്കിലും ഈ ഭയമാവും അയാളെ കുറ്റകൃത്യത്തിലേക്ക് നയിച്ചിരിക്കുക. എന്നാൽ ചിലർ നേർവിപരീതമായി ആത്മവിശ്വാസം കൈവരിക്കും. പോസിറ്റീവായ ചിന്തയിലൂടെ ആത്മ വിശ്വാസം ആർജ്‌ജിച്ചെടുക്കാം. അത് നല്ല പ്രവണതയാണ്. അകാരണമായ ഭീതി നിങ്ങളെ നെഗറ്റീവായി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കും. ഒടുവിൽ അത് ഡിപ്രഷനിലേക്കും മാനസിക പ്രശ്നങ്ങളിലേക്കും നയിക്കാൻ ഇടവരുത്തുന്നു.

പ്രേതങ്ങളെക്കുറിച്ചുള്ള ഭയം

പിശാചുകൾ തങ്ങളെ ആക്രമിക്കാൻ വരും. അവ അപകടകാരികളാണ് എന്ന വിചാരമാണ് ഭൂരിഭാഗം മനുഷ്യ സംസ്‌കാരങ്ങളിലും ഉള്ളത്. പ്രേതപിശാചുക്കളിലുള്ള ഭയത്തെ ഫാസ്‌മോഫോബിയ എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രേതത്തിന്‍റെ സാന്നിദ്ധ്യം ചുറ്റിലും ഉണ്ടെന്ന ചിന്ത ഒരു വ്യക്‌തിയിൽ വളരെ വേഗം ഉടലെടുക്കാം.

പ്രേതങ്ങൾ യാഥാർത്ഥ്യമല്ലെങ്കിലും ദുർബല മാനസികാവസ്‌ഥ ഉള്ളവർ ആ യഥാർത്ഥ്യമായ കാഴ്‌ചകളെ കുറിച്ച് പരാമർശിച്ചെന്നുവരാം. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് വഴികൾ ഉണ്ട്. എന്തുകൊണ്ട് ഭയക്കുന്നില്ലെന്ന കാരണങ്ങളെപ്പറ്റി ചിന്തിക്കുക, ഭയം കീഴ്‌പ്പെടുത്താതിരിക്കാൻ ശ്രമിക്കുക, മനസ്സിൽ നിന്നും ഭീതിയകറ്റാൻ എന്തെങ്കിലും ചെയ്യുകയെന്നതും പരിഹാരമാണ്. സ്വതന്ത്രനായ വ്യക്‌തിയായി ജീവിക്കാനുള്ള കഴിവുകളെ ഭയം ഇല്ലായ്‌മ ചെയ്യുന്നു. ഒരൊറ്റ രാത്രികൊണ്ട് ഭയത്തെ ഇല്ലാതാക്കാമെന്ന വിചാരവും വേണ്ട.

മനോഭയം ഉള്ളവർ ഏത് സാഹചര്യത്തേയും എപ്പോഴും നെഗറ്റീവായി കാണുന്നവരായിരിക്കും. ധാരാളം തരം ഭയങ്ങളുണ്ട്. അവയൊക്കെ മാനസിക പ്രശ്നങ്ങൾക്ക് കാരണങ്ങളാകാം. ഉദാ- കാൻസർ, എയ്‌ഡ്‌സ് പോലെയുള്ള ഗുരുതരമായ രോഗങ്ങൾ വരുമെന്ന ചിന്ത.

ഹോർമോൺ വ്യവസ്‌ഥയേയും ശരീരത്തിലെ എൻഡോക്രിനൽ സംവിധാനത്തേയും ഭയം ബാധിക്കും. പാരിസ്‌ഥിതിക ഭീഷണി മൂലവും ഭയം ഉടലെടുക്കാം. സ്‌ട്രെസ് ഉണ്ടാക്കാം. ശാരീരിക പ്രവർത്തനങ്ങളിൽ അസ്വസ്‌ഥതയുളവാക്കാം. ഒപ്പം എൻഡോക്രൈനിൽ മാറ്റങ്ങൾ ഉണ്ടാകുന്നു. ഭയം മൂലം അഡ്രിനാലിൻ സ്രവിക്കുന്നത് ത്വരിതഗതിയിലാവുന്നു. രക്‌തത്തിൽ അഡ്രിനാലിൻ സ്രവത്തിന്‍റെ വർദ്ധനവ് ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും രക്‌തസമ്മർദ്ദം കൂട്ടുകയും ചെയ്യും. ദീർഘകാലമായുള്ള ഭയം തലച്ചോറിൽ ഡോപമൈൻ സ്രവത്തെ ബാധിക്കുന്നു. മാനസിക പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണം അതാണ്. അതുകൊണ്ട് ഭയത്തെ ഇല്ലാതാക്കുക.

മരിക്കുകയെന്നുള്ളതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭയം. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നാണ് മരണം. പിന്നെന്തിന് മരണത്തെ ഭയക്കണം താൻതോ ഫോബിയ (മരണ ഭയം) അൽപം സങ്കീർണ്ണമായ ഭയമാണ്. മരിച്ചു പോകുമോയെന്നോർത്ത് ചിലർ ടെൻഷനടിക്കുമ്പോൾ ചിലർ മരണം നടക്കുന്ന രീതിയെക്കുറിച്ച് ഓർത്താവും ഭയക്കുക. എന്തായാലും, നമ്മുടെ ദൈനംദിന ജീവിതത്തെ അലോസരപ്പെടുത്തുന്ന വിധത്തിൽ ഭയം കീഴ്‌പ്പെടുത്തിയിട്ടുണ്ടെങ്കിൽ അയാൾ സമ്പൂർണ്ണമായി ഫോബിയയ്‌ക്ക് അടിമപ്പെട്ടിരിക്കുന്നുവെന്ന് പറയാം.

ഓരോരുത്തരുടേയും ജീവിതത്തിൽ സങ്കീർണ്ണങ്ങളായ സാഹചര്യങ്ങളുണ്ടാവാം. മോശമായ അവസ്‌ഥയിൽ നിന്നും ആരും മോചിതരല്ലല്ലോ. ഏത് പരിതസ്‌ഥിതിയിലും സമചിത്തതയും ശാന്തതയും കൈവെടിയാതിരിക്കുക. ഭയന്നതുകൊണ്ട് യാതൊരു ഗുണവും ഉണ്ടാകുന്നില്ല. ഭയരഹിത ജീവിതം നയിക്കുക പ്രധാനമാണ്. നല്ല മനുഷ്യനാവുക. നല്ല പ്രവൃത്തികൾ ചെയ്യുക, എപ്പോഴും പോസിറ്റീവായി ചിന്തിക്കുക. ഭയത്തെ മാത്രമേ തൽക്കാലം ഒരാൾ ഭയപ്പെടേണ്ടതുള്ളൂ.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें