ദാസന്‍റേയും വിജയന്‍റേയും ദുബായ് കഥയറിയാത്തവരായി ആരുണ്ട്. കേരളത്തിൽ നിന്നും സ്വപ്നങ്ങളുമായി കുടിയേറിയ ഒട്ടേറെ ദുബായ് മലയാളികളുണ്ട്. അവർക്കിടയിൽ നിന്നും മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ യുവതാരമാണ് ആദിൽ ഇബ്രാഹിം.
ലൂസിഫര്‍, ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയ സിനിമകളിൽ തിളങ്ങിയ ആദിൽ കെമിക്കൽ എഞ്ചിനീയറിംഗ് ബിരുദ ധാരിയും ബിസിനസ്സ് സംരഭകനുമാണ്. മോഡലിംഗിലും റേഡിയോ ടെലിവിഷൻ മാധ്യമങ്ങളിലും തന്‍റേതായ കൈയ്യൊപ്പ് ചാർത്തിയ ഈ യുവ കലാകാരൻ സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമാണ്. മലയാളക്കരയിലേക്ക് ഒരു ദുബായ്ക്കാരനെപ്പോലെ പറന്നിറങ്ങിയ ആദിൽ തന്‍റെ മനസ്സ് തുറക്കുന്നു....
സിനിമ മോഹിപ്പിച്ചു തുടങ്ങിയതെപ്പോഴാണ്?
ചെറുപ്പം മുതലേ ഒരുപാടൊരുപാട് സിനിമകൾ കണ്ടാണ് വളർന്നു വന്നത്. സിനിമയ്ക്കുള്ളിൽ നിരവധി കലാരൂപങ്ങളുടെ കൂടിച്ചേരലുണ്ട്. ഇതൊരുപാടാളുകളെ ഭ്രമിപ്പിക്കുന്നുണ്ട്. ആ ഭ്രമം എനിക്കുമുണ്ടായി.
സംവിധാനത്തിൽ താൽപര്യമുണ്ടോ?
സംവിധാനം മറ്റൊരു മേഖലയാണ്. സംവിധായകനാണ് സിനിമയുടെ മാസ്‌റ്റർ. എനിക്കതിനുള്ള കഴിവൊന്നുമായിട്ടില്ല. സിനിമയ്ക്കായി കോൺട്രിബ്യൂട്ട് ചെയ്യണമെന്ന ആഗ്രഹമുണ്ട്. അഭിനയത്തോടൊപ്പം എഴുത്തിലും ഞാൻ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്. സിനിമയ്ക്കുള്ളിൽ എനിക്ക് റൊമാൻസും ആക്ഷനുമൊക്കെ ചെയ്യണം. നല്ല ചാമിംഗ് ആയിട്ടുള്ള കഥാപാത്രങ്ങൾ കിട്ടണമെന്നാണ്. സീരിയസ് കോമഡി എന്നീ വിഭാഗങ്ങളിലും ചലഞ്ചിംഗായിട്ടുള്ള വേഷങ്ങൾ വരണം. സിനിമാരംഗത്ത് തന്നെ ഉറച്ച് നിന്നു കൊണ്ട് ഭാവി ഒരുക്കിയെടുക്കണം.
ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം ദുബായിലാണല്ലോ. എന്നിട്ടും ഇത്ര ഭംഗിയായി മലയാളം സംസാരിക്കുന്നു...
ഒരു മിക്‌സ്ഡ് കൾച്ചർ എൻവയോൺമെന്‍റിലാണ് വളർന്നതെങ്കിലും മലയാളം പഠിപ്പിക്കുന്ന ന്യൂ ഇന്ത്യൻ മോഡൽ സ്ക്കൂളിലാണ് എന്നെ ചേർത്തത്. ഞാൻ ധാരാളം പുസ്തകങ്ങൾ വായിക്കുമായിരുന്നു. വേൾഡ് ലിറ്ററേച്ചറിനോടെന്ന പോലെ തന്നെ മലയാള സാഹിത്യത്തോടും അടുപ്പമുണ്ടായിരുന്നു. മലയാളം അധ്യാപകരായ മുരളി സാറിനോടും നസീർ സാറിനോടുമാണ് ഞാൻ അക്കാര്യത്തിൽ നന്ദി പറയുന്നത്. ലോകത്തെവിടെ പോയാലും വീട്ടിലേക്കെന്ന പോലെ കേരളത്തിലേക്ക് തിരിച്ചു വരണം എന്നത് എന്‍റെയുള്ളിൽ എപ്പോഴും സൂക്ഷിക്കുന്നു.
മലയാള സാഹിത്യത്തിൽ ആകർഷിച്ചിട്ടുള്ളത് ഏതൊക്കെയാണ്?
എസ്കെ പൊറ്റക്കാടിന്‍റേയും, എംടിയുടേയും ബഷീറിന്‍റേയും നിരവധി പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. സഞ്ജയന്‍റെ നർമ്മത്തോടും എനിക്ക് നല്ല താൽപര്യമാണ്. വായനയാണ് എന്നെ മുന്നോട്ട് നടത്തിയിട്ടുള്ളത്. ഒരു ദേശത്തിന്‍റെ കഥയൊക്കെ പലതവണ വായിച്ചിട്ടുണ്ട്. ഇനിയുമൊരുപാട് പുസ്‌തകങ്ങൾ വായിക്കാനുണ്ട്. ആവർത്തിച്ചു വായിക്കുന്ന പുസ്തകങ്ങളേറെയും ബഷീറിന്‍റെ കഥകളാണ്. സത്യത്തിൽ ഞാനൊരു ബഷീറിയനാണ്.
അക്കാദമിക് കാലത്തെ സൗഹൃദങ്ങൾ ഇപ്പോഴും സൂക്ഷിക്കുന്നുണ്ടോ?
ഉണ്ടോന്നോ... അവരൊക്കെയാണ് എന്‍റെ എപ്പോഴത്തേയും സൗഹൃദങ്ങൾ. സ്കൂളിലും, കോളേജിലുമൊക്കെ എനിക്ക് നല്ല നല്ല സൗഹൃദങ്ങളുണ്ടായി. നീ ഒരു കാലത്ത് എല്ലാവരും അറിയപ്പെടുന്ന ഒരാളായി മാറുമെന്ന് അവർ പറയുമായിരുന്നു. എല്ലാവരുമായിട്ടും എപ്പോഴും നല്ല ടച്ചിലാണ്. കൂടെ പഠിച്ചവരെയൊക്കെ അങ്ങിനെയങ്ങ് വിട്ടുകളയാൻ പറ്റ്വോ... കൂട്ടുകാരല്ലേ നമ്മുടെ ജീവിതത്തിലെ സമ്പാദ്യം.
വെർച്ച്വൽ വെനസ്ഡേയെക്കുറിച്ച് പറയാമോ?
എല്ലാ ബുധനാഴ്ചയും വിശക്കുന്നവർക്ക് ഭക്ഷണം നൽകുക എന്നത് മാത്രമാണത്. സത്യത്തിൽ എനിക്കിത് പബ്ലിസിറ്റിയിൽ വന്നതിനോട് തീർത്തും വിയോജിപ്പാണ്. ആരോ തിരഞ്ഞ് കണ്ടെത്തി എന്നെക്കുറിച്ച് പറയുന്നതിനൊപ്പം ചേർത്ത് പോയതാണ്. എന്‍റെ വളരെ അടുത്ത സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ കുറേ വർഷമായി ഞാൻ ചെയ്യുന്നതാണ്. ഇത് ആളെക്കൂട്ടാനുള്ളതോ എല്ലാവരേയും വിളിച്ച് പറഞ്ഞ് ചെയ്യാനുള്ളതോ അല്ല.