മനുഷ്യന്‍റെ ഏറ്റവും വലിയ ശത്രുവാണ് ഭയം. ഒരു വ്യക്‌തി ഭൂരിഭാഗം സമയവും ഏതെങ്കിലും സാങ്കൽപികമായ വസ്‌തുക്കളെയോ തോന്നലുകളെയോ ഭയക്കുകയും മാനസികമായി തകരുകയും ചെയ്യുന്നുണ്ടത്രേ. മനുഷ്യ മനസ്സിൽ രൂപം കൊള്ളുന്ന ആശങ്കയിൽനിന്നാണ് ഈ വികാരം ഉടലെടുക്കുന്നത്. ഈയവസ്‌ഥ വ്യക്‌തിയെ എല്ലാ കാര്യങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്നു. ജീവിതത്തിൽ നിന്നും എത്രയോ അകലെയുള്ള സാഹചര്യത്തെയോ അല്ലെങ്കിൽ മരണത്തെയോ ഓർത്ത് ഭയക്കുന്നവരുണ്ട്. ഇത്തരക്കാർ ഒരു കാരണവുമില്ലാതെ ഭയക്കുമെന്ന് സാരം.
ദുരന്തങ്ങളും മോശം അനുഭവങ്ങളും ഉള്ളിൽ ഭയം കൂട്ടാം. അതിനെ ചെറുക്കുകയെന്നുള്ളത് പ്രയാസകരം തന്നെയാണ്. എങ്കിലും ഭീതിയുളവാക്കുന്ന സാഹചര്യവുമായി ഇടപഴകിയാൽ ഭയത്തെ ഇല്ലാതാക്കാനാവും. സങ്കൽപത്തിലുള്ള ഭീതിയുളവാക്കുന്ന രൂപങ്ങളെ അഭിമുഖീകരിക്കുന്നത് ഭയത്തെ ഇല്ലാതാക്കും. ഫിയർ സൈക്കോളജിയെന്നത് വളരെ താൽപര്യജനകമായ വിഷയമാണ്.
നമ്മൾ ഏറെ ഭയക്കുന്ന ഒരു സംഭവം അല്ലെങ്കിൽ രൂപം ജീവിതത്തിൽ ഒരിക്കലും സംഭവിക്കണമെന്നില്ല. മനസ്സിലും മസ്‌തിഷ്‌ക്കത്തിലും വിചാരങ്ങളിലുമുള്ള സാങ്കൽപ്പിക ഭയം മാത്രമാണത്.
മിക്കപ്പോഴും യഥാർത്ഥമായ ഒരു കാരണവും ഭയത്തിനു പിന്നിൽ ഉണ്ടാവണമെന്നില്ല. നമ്മുടെ തലച്ചോറിന്‍റെ പല ഭാഗങ്ങളും സങ്കൽപങ്ങളോട് പ്രതികരിക്കുകയും അവയെ യാഥാർത്ഥ്യങ്ങളാണെന്ന് ഭയക്കുകയും ചെയ്യുന്നു. സങ്കൽപങ്ങളേയും ഭയത്തേയും യാഥാർത്ഥ്യ ബോധത്തോടെ വിലയിരുത്തുന്നത് ആരോഗ്യപരമായ മസ്‌തിഷ്‌ക്കത്തെ നിലനിർത്താൻ സഹായിക്കും.
പലപ്പോഴും ഭയം കുറ്റകൃത്യത്തിനും കളവിനും ക്രമക്കേടിനും മറ്റും കാരണമാകാറുണ്ട്. അധികാരം ഒരു വ്യക്‌തിയെ അഴിമതിക്കാരനാക്കും. അതുപോലെ സമ്പന്നന് അവന്‍റെ ധനവും പ്രതാപവും നഷ്‌ടപ്പെടുമോയെന്ന ഭയം ഉടലെടുക്കുന്നു. ഈ സാഹചര്യത്തിൽ പണവും പ്രതാപവും അധികാരവും നിലനിർത്തു ന്നതിന് അവർ അഴിമതി കാട്ടാൻ മുതിരും. ഭയമെന്ന വികാരം ഉള്ളിൽ കിടക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുക.
ഇതെല്ലാം സംഭവിക്കുന്നത് അകാരണമായ ഭയമോ അല്ലെങ്കിൽ മാനസിക ഭയമോ മൂലമാണ്. മനോഭീതി എല്ലാ അർത്ഥത്തിലും വ്യക്‌തിയെ തകർക്കും. ചിലപ്പോൾ കുറ്റകൃത്യത്തിനുള്ള കാരണവും സാങ്കൽപികമായ ഭയമായിരിക്കും. അല്ലെങ്കിൽ മനോഭീതി കാരണമാകാം. തങ്ങളെ അവർ നശിപ്പിക്കും എന്ന ചിന്തയിൽ നിന്നാണ് അവർ ആ വ്യക്‌തിയെ അല്ലെങ്കിൽ വ്യക്‌തികളെ ഉന്മൂലനം ചെയ്യാൻ ഇടയാകുന്നത്. “സ്വയം രക്ഷാർത്ഥം ഞാനവനെ കൊന്നു”വെന്ന് അവർ പിന്നീട് വാദിക്കും. ഇത് അയാളുടെ സാങ്കൽപിക ഭയമാണെങ്കിലും ഈ ഭയമാവും അയാളെ കുറ്റകൃത്യത്തിലേക്ക് നയിച്ചിരിക്കുക. എന്നാൽ ചിലർ നേർവിപരീതമായി ആത്മവിശ്വാസം കൈവരിക്കും. പോസിറ്റീവായ ചിന്തയിലൂടെ ആത്മ വിശ്വാസം ആർജ്‌ജിച്ചെടുക്കാം. അത് നല്ല പ്രവണതയാണ്. അകാരണമായ ഭീതി നിങ്ങളെ നെഗറ്റീവായി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കും. ഒടുവിൽ അത് ഡിപ്രഷനിലേക്കും മാനസിക പ്രശ്നങ്ങളിലേക്കും നയിക്കാൻ ഇടവരുത്തുന്നു.
പ്രേതങ്ങളെക്കുറിച്ചുള്ള ഭയം
പിശാചുകൾ തങ്ങളെ ആക്രമിക്കാൻ വരും. അവ അപകടകാരികളാണ് എന്ന വിചാരമാണ് ഭൂരിഭാഗം മനുഷ്യ സംസ്‌കാരങ്ങളിലും ഉള്ളത്. പ്രേതപിശാചുക്കളിലുള്ള ഭയത്തെ ഫാസ്‌മോഫോബിയ എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രേതത്തിന്‍റെ സാന്നിദ്ധ്യം ചുറ്റിലും ഉണ്ടെന്ന ചിന്ത ഒരു വ്യക്‌തിയിൽ വളരെ വേഗം ഉടലെടുക്കാം.
പ്രേതങ്ങൾ യാഥാർത്ഥ്യമല്ലെങ്കിലും ദുർബല മാനസികാവസ്‌ഥ ഉള്ളവർ ആ യഥാർത്ഥ്യമായ കാഴ്‌ചകളെ കുറിച്ച് പരാമർശിച്ചെന്നുവരാം. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് വഴികൾ ഉണ്ട്. എന്തുകൊണ്ട് ഭയക്കുന്നില്ലെന്ന കാരണങ്ങളെപ്പറ്റി ചിന്തിക്കുക, ഭയം കീഴ്‌പ്പെടുത്താതിരിക്കാൻ ശ്രമിക്കുക, മനസ്സിൽ നിന്നും ഭീതിയകറ്റാൻ എന്തെങ്കിലും ചെയ്യുകയെന്നതും പരിഹാരമാണ്. സ്വതന്ത്രനായ വ്യക്‌തിയായി ജീവിക്കാനുള്ള കഴിവുകളെ ഭയം ഇല്ലായ്‌മ ചെയ്യുന്നു. ഒരൊറ്റ രാത്രികൊണ്ട് ഭയത്തെ ഇല്ലാതാക്കാമെന്ന വിചാരവും വേണ്ട.