പ്രായാധിക്യത്തിന്‍റെ അടയാളങ്ങളെ മായ്ക്കാനെന്ന പേരിൽ ആന്‍റി ഏജിംഗ് സ്കിൻ കെയർ ഉൽപന്നങ്ങൾ കോസ്മെറ്റിക് വിപണി കയ്യടക്കിയിരിക്കുന്ന കാലം ആണിത്.
വാർദ്ധക്യ ലക്ഷണങ്ങൾ ശരീരത്തിൽ പ്രകടമാകുന്നത് ആർക്കും അത്ര ഇഷ്‌ടമുള്ള കാര്യമല്ല. പ്രത്യേകിച്ചും അപ്പിയറൻസിനും ലുക്കിനും വളരെയധികം പ്രാധാന്യമുള്ള ഇക്കാലത്ത്. ഒരു പാടു പോലും ഇല്ലാത്ത ചർമ്മം, കാഴ്ചയിൽ 10 വർഷം പ്രായക്കുറവ് ഇങ്ങനെ നിരവധി വാഗ്ദാനങ്ങളുമായി വരുന്ന ആന്‍റി ഏജിംഗ് ഉൽപന്നങ്ങൾക്കിടയിൽ ഏത് ഉപയോഗിക്കണം എന്ന ആശയക്കുഴപ്പത്തിലാണോ? എങ്കിൽ ഒന്നു ശ്രദ്ധിക്കൂ. അവ ഉപയോഗിക്കും മുമ്പ് ഇതൊന്നു പരീക്ഷിച്ചു നോക്കൂ.
ഫേസ് യോഗ (മുഖത്തിനുള്ള യോഗ). വിരലുകൾ കൊണ്ട് മസാജ് ചെയ്‌തും മുഖത്തെ പേശികളുടെ ശരിയായ ചലനം കൊണ്ടും ചർമ്മത്തെ ആരോഗ്യമുള്ളതാക്കുന്നതാണ് ഈ രീതി. രക്‌തയോട്ടം വർദ്ധിപ്പിക്കാനും, മസിലുകളെ ഉയർത്താനും, സെട്രസ് കുറയ്‌ക്കാനും ഉദ്ദേശിച്ചുള്ള മുഖ വ്യായാമമാണ് ഇത്. ഈജിപ്ഷ്യൻ സുന്ദരി ക്ലിയോപാട്രയുടെ പ്രായത്തെ വെല്ലുന്ന സൗന്ദര്യ രഹസ്യം ഫേസ് യോഗ ആയിരുന്നു എന്നും പറയാം. അന്നത്തെ കാലത്ത് പ്രകൃതിദത്ത സൗന്ദര്യ കൂട്ടുകൾക്കൊപ്പം മുഖ വ്യായാമത്തിലൂടെ പ്രായത്തെ നിയന്ത്രിക്കുന്ന പതിവുണ്ടായിരുന്നു എന്നു ചുരുക്കം. ചൈനീസുകാരുടെ മുഖഭാവങ്ങൾ നല്ല മുഖ വ്യായാമമാണെന്നാണ് കരുതപ്പെടുന്നത്.
ഇരുപതുകളിൽ തന്നെ ഒരു വ്യക്‌തിയുടെ മുഖത്ത് വരകളും ചുളിവുകളും രൂപപ്പെട്ടു തുടങ്ങും. അതിനാൽ ആ കാലഘട്ടം മുതൽ തന്നെ ലളിതമായ മുഖവ്യായാമങ്ങൾ ചെയ്‌തു കൊണ്ടിരിക്കുക.
നെറ്റിയിലെ ചുളിവുകൾ
കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് മുഖം ശ്രദ്ധിക്കുക. നിങ്ങളുടെ നെറ്റിത്തടം വളരെ മിനുസമുള്ള ഒരു പ്രതലമാണെന്ന് സങ്കൽപിക്കുക. യോഗയിലൂടെ കൃത്യമായ ഫലം ലഭിക്കാൻ ഏറ്റവും ആദ്യം വേണ്ടത് ഈ വിഷ്വലൈസേഷൻ ആണ്. രണ്ടുകൈയുടെയും വിരൽ തുമ്പുകൾ നെറ്റിയുടെ മധ്യത്തിൽ തിരശ്ചീനമായി ചേർത്തു വച്ച് മുകൾ ദിശയിലേയ്‌ക്ക് ചെറിയ സമ്മർദ്ദത്തോടെ ചലിപ്പിക്കുക. ഇത് ആറു പ്രാവശ്യം ആവർത്തിക്കുക. ഉറപ്പുള്ളതും മൃദുലവുമായ ചലനമായിരിക്കണം അത്.
രക്തയോട്ടം വർദ്ധിപ്പിക്കാൻ
ചൂണ്ടുവിരലിന്‍റെ തുമ്പ് പുരികത്തോടു ചേർത്തു പിടിക്കുക. സാവധാനം കൺപുരികങ്ങൾ മുകൾ ദിശയിലേയ്‌ക്ക് ഉയർത്തി കൊടുക്കുക. ഈ സമയം കണ്ണുകൾ അടയ്‌ക്കുകയും വേണം. കണ്ണുകൾക്കു ചുറ്റുമുള്ള പേശികൾ റിലാക്‌സ് ചെയ്യപ്പെടാൻ ഇത് ഉത്തമമാണ്. രണ്ടു പ്രാവശ്യം ചെയ്‌താൽ മതി.
ശ്രദ്ധ കേന്ദ്രീകരിക്കൽ
വീണ്ടും കണ്ണാടിയിൽ നോക്കി നെറ്റിത്തടം ഒരു മുദുലമായ ഒരു ചില്ല് ആണെന്ന് സങ്കല്പിക്കുക. ഇനി നെറ്റിയിൽ ഒരു വരപോലും തെളിയാത്ത രീതിയിൽ കണ്ണുകൾ പരമാവധി മിഴിക്കുക. ഇനി 5 മുതൽ 10 സെക്കന്‍റു നേരത്തേക്ക് മൂക്കിന്‍റെ തുമ്പിലേക്ക് നോക്കുക. ആ സമയത്ത് നെറ്റി ചുളിക്കുന്നില്ലെന്ന് ഉറപ്പാക്കണം. കണ്ണ് മിഴിക്കുമ്പോഴും ഇറുക്കുമ്പോഴും നെറ്റി ചുളിക്കാതെ പിടിക്കുന്നതാണ് ഇതിലെ ടെക്നിക്. സംസാരിക്കുമ്പോൾ, സെട്രസ് തോന്നുമ്പോൾ, ഇങ്ങനെ ഓരോ കാര്യങ്ങൾക്കിടയിലും നെറ്റിച്ചുളിക്കാതിരിക്കാനും ശ്രദ്ധിക്കുക.
മസിൽ ബലപ്പെടുത്താൻ
കണ്ണാടിയിൽ നോക്കിക്കൊണ്ട് പുരികങ്ങൾ ഉയർത്താവുന്നത്ര ഉയർത്തുക. ഈ സമയത്ത് നെറ്റിയിൽ രൂപപ്പെട്ട വരകളെ, രണ്ടു കയ്യിലെയും വിരൽ തുമ്പുകൾ ഉപയോഗിച്ച് മുകൾ ദിശയിലേയ്ക്ക് സാവധാനം തലോടുക. രണ്ടു പ്രാവശ്യം ആവർത്തിക്കുക.