സുഗന്ധപൂരിതമായ റോസാപ്പൂക്കളും മുല്ലപ്പൂക്കളും കൊണ്ട് അലങ്കരിച്ച മണിയറയിൽ ഡോ.ജയറാം കാത്തിരുന്നു. കിടക്കയ്ക്ക് അത്തറിന്‍റെ വശ്യഗന്ധം. വരന്‍റെ മോടി വെളിപ്പെടുത്തുന്നതരം മുണ്ടും ഷർട്ടും ആണ് വേഷം. വിദേശ ബ്രാന്‍റിന്‍റെ പെർഫ്യൂം ശരീരം മുഴുവൻ പൂശി അയാൾ അക്ഷമനായി വധു വരാൻ കാത്തിരിക്കുകയാണ്.
ഇന്നു രാവിലെയായിരുന്നു ഡോ. ജയറാമിന്‍റെയും ദീപയുടെയും വിവാഹം. മുറിക്കു പുറത്ത് പെൺചിരികളുടെ അലയടി. ദീപ വരുന്നതാണ്. അവൾ അകത്തു കയറിയ ശേഷം വാതിൽ കുറ്റിയിട്ടു. എന്നിട്ട് രണ്ടു ചുവടു മുന്നോട്ടു വച്ച ശേഷം അവിടെത്തന്നെ നിന്നു. മണവാളൻ വന്നു കൂട്ടിക്കൊണ്ടു പോകുമെന്ന പ്രതീക്ഷയോടെ ആണ് ആ നിൽപ്.
“വരൂ... ദീപ” ജയറാം വിളിച്ചു. “നോക്കൂ, എനിക്കിത്തരം ഫോർമാലിറ്റീസിലൊന്നും താൽപര്യമില്ല. ഇയാൾ വരൂ” ദീപ തലയുയർത്തി അയാളെ ലജ്ജയോടെ നോക്കി.
“ഭാര്യ ഒരു ഗ്ലാസിൽ പാലുമായി വരുന്നു. മേശപ്പുറത്തു വയ്‌ക്കുന്നു. ഭർത്താവിന്‍റെ പാദം വണങ്ങുന്നു. അയാൾ ഏകാധിപതിയെപ്പോലെ അവളെ പിടിച്ചെഴുന്നേൽപ്പിക്കുന്നു. പിന്നെ കിടക്കയിലേക്ക് തള്ളിയിടുന്നു. എന്തൊക്കെ നോൺസെൻസ്...! നോക്കൂ. എന്‍റെ ഭാര്യ എന്‍റെ കൂട്ടുകാരിയാണ്. അടിമയല്ല. ഞാനും നിന്‍റെ ഫ്രണ്ട് ആണ്. ശരിയല്ലോ...”
“അതെ...”
“ഒരു കാര്യം കൂടി. നമുക്കിടയിൽ ഒരു രഹസ്യവും ഉണ്ടാകാൻ പാടില്ല. എല്ലാം തുറന്നു പറയണം.”
“സമ്മതം” ദീപ പുഞ്ചിരിയോടെ അയാൾക്കരികിൽ ഇരുന്നു.
“എന്‍റെ കാര്യം തന്നെ ആദ്യം പറയാം. കഴിഞ്ഞ 28 വർഷങ്ങൾക്കിടയിൽ ഞാൻ ഇതുവരെ ഒരു പെൺകുട്ടിയെപ്പോലും നോക്കിയിട്ടില്ല എന്നു പറഞ്ഞാൽ അതു പച്ചക്കള്ളം ആവും. എനിക്ക് കുറേ ഗേൾഫ്രണ്ട്സ് ഉണ്ടായിട്ടുണ്ട്. അതൊക്കെ പറയാൻ എനിക്കൊരു മടിയുമില്ല. ഇന്നലെ വരെ നിനക്ക് ഞാൻ ഒരു അപരിചിതൻ ആയിരുന്നു. അതിനാൽ എന്‍റെ മുൻജീവിതം നിന്നെ ഒരു തരത്തിലും ബാധിക്കില്ല. ഇന്നു മുതൽ നീ മാത്രമാണ് എന്‍റെ ജീവിതത്തിലെ പെണ്ണ്. അതുപോലെ മുമ്പ് നിനക്കും ബോയ്ഫ്രണ്ട്സ് ഉണ്ടായിരുന്നോ? കോളേജ് ഡേയ്സിൽ ആരെയെങ്കിലും പ്രണയിക്കാത്തവരുണ്ടോ?”
“ഓ... എന്തൊക്കെയാണ് പറയുന്നത്?”
“കമോൺ ദീപ, നമ്മൾ എല്ലാം ഒരുതരത്തിൽ ബയോളജിക്കൽ അനിമൽസ് മാത്രം ആണ്. സെക്‌സ് എന്ന് പറയുന്നത് വിശപ്പു പോലൊരു വികാരവും. ഭാവി ഭർത്താവിനോ ഭാര്യക്കോ വേണ്ടി യുവത്വത്തിന്‍റെ ആ ഫീലും രസോക്കെ എന്തിനാ മാറ്റിവയ്‌ക്കുന്നേ? മാത്രമല്ല ഇക്കാലത്തെ ജീവിത സാഹചര്യത്തിൽ അത്ര ശുദ്ധനായി ജീവിക്കാൻ പറ്റുമോ? നീ പറയൂ.”
“ശരിയാണ്. ചേട്ടൻ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു.”
“എങ്കിൽ പറ. നിന്‍റെ പഴയ ആൺ ചങ്ങാതിമാരെക്കുറിച്ച്. എനിക്കൊരു കുഴപ്പവുമില്ല. എന്‍റെ ഗേൾഫ്രണ്ട്സിന്‍റെ കാര്യം ഞാൻ പറഞ്ഞില്ലേ. ഉമയും അരുന്ധതിയും എംബിബിഎസിന് എന്‍റെ സഹപാഠികളായിരുന്നു. പിന്നെ വിദേശത്ത് സ്പെഷ്യലൈസേഷന് പോയപ്പോൾ ഗ്രേസിയുമായി റൂം പങ്കിട്ടുണ്ട്.
“ചേട്ടൻ പറഞ്ഞതു നേരാ. ഇത്രയും ഫ്രീ മൈന്‍റായ ചേട്ടനെ കിട്ടിയത് എന്‍റെ ഭാഗ്യം. എനിക്കും ബോയ്ഫ്രണ്ട്സ് ഉണ്ടായിരുന്നു. ഞാൻ വിക്‌ടറിന്‍റെ കൂടെ സിനിമയ്ക്കും ബീച്ചിലും പോയിട്ടുണ്ട്.