എളുപ്പത്തിൽ ഉണ്ടാക്കാമെന്നതാണ് ചട്നിയുടെ പ്രത്യേകത. ചട്നി തയ്യാറാക്കാൻ മിനിറ്റുകൾ മാത്രം മതി. മാത്രമല്ല രുചിയിലും കേമൻ.
ചട്നിയുടെ സ്വഭാവം തന്നെ ഇപ്പോൾ മാറിയിരിക്കുന്നു. വ്യത്യസ്തമായ രുചികളിൽ ചട്നി തയ്യാറാക്കാം. പച്ചമുളക്, ഉള്ളി, പച്ചമാങ്ങ, പുളി, കുരുമുളക്, വെളുത്തുള്ളി, മല്ലിയില, പൊദീനയില എന്നിവ കൊണ്ട് രുചികരമായ ചട്നി, ചമ്മന്തി ഇവ തയ്യാറാക്കി ചോറിനോ ചപ്പാത്തിക്കൊപ്പമോ നല്ല ടേസ്റ്റിയായി കഴിക്കാം.
ചട്നി, ചമ്മന്തിയിൽ പുതുരുചി തേടുകയാണ് ഭക്ഷണപ്രിയർ. അതിൽ പച്ചക്കറി മാത്രമല്ല പഴങ്ങളും യഥേഷ്ടം ചേർത്ത് ചട്നി തയ്യാറാക്കാം.
പുളി, ശർക്കര, ഇന്തുപ്പ്, മുള കുപൊടി, വറുത്ത ജീരകം, ഈന്തപ്പഴം ഒക്കെയിട്ട് മധുരവും പുളിയും എരിവും ചേർന്ന രുചി ആരെയാണ് കൊതിപ്പിക്കാത്തത്. ഇനിയൊരു വെറൈറ്റി രുചി വേണമെങ്കിൽ മാതളയല്ലി, മുന്തിരി, വാഴപ്പഴം എന്നിവ കൂടി നുറുക്കിയിട്ടോളൂ. സമോസയ്ക്കോ, പക്കോഡയ്ക്കോ, കട്‍ലറ്റിനോ ആലു ടിക്കിക്കൊപ്പമോ അതുമല്ലെങ്കിൽ ഉഴുന്ന് വടയ്ക്കുമൊപ്പമോ ഈ ടേസ്റ്റി മിക്‌സ് ചട്നി വിളമ്പി നോക്കൂ. കഴിക്കുന്നവർ രുചിയിൽ മതിമറന്നു പോകും തീർച്ച. ഇനിയൊരു നോർത്തിന്ത്യൻ രുചിയ്ക്ക് പൊലിമ പകരണമെന്നുണ്ടോ... എങ്കിൽ ഗോൽഗപ്പയുടെ രുചി രസത്തിൽ ഈ എരിവും പുളിയും നിറച്ച് നോക്കൂ.
വൈവിധ്യമാർന്ന ചട്നി രുചി
ഉലുവ, പെരുംജീരകം, ജീരകം, ശർക്കര, വറ്റൽ മുളക്, ഉണങ്ങിയ മാങ്ങ, മഞ്ഞൾപൊടി, മല്ലി, കുടംപുളി, കച്ചോലം, ഉപ്പ് എന്നിവ രാത്രിയിൽ വെള്ളത്തിലിട്ട് കുതിർക്കുക. രാവിലെ ചെറുതീയിൽ ഇത് വേവിക്കുക. എന്നിട്ട് മിക്സിയിലിട്ട് അടിക്കുക. കച്ചോഡിക്കൊപ്പമോ ബ്രഡിനൊപ്പമോ ഈ ചട്നി രുചികരമായിരിക്കും.
ഇനി ദക്ഷിണേന്ത്യൻ ചമ്മന്തിയിലുമുണ്ട് ചില രസികൻ രുചികൾ. നമ്മുടെ നാടൻ രുചിയിൽ മുമ്പിൽ നിൽക്കുന്ന തേങ്ങയരച്ച ചമ്മന്തി ഇഷ്‌ടപ്പെടാത്തവരായി ഒരു മലയാളിയുമുണ്ടാവില്ല.
തേങ്ങയരച്ച ചമ്മന്തിയിലുമുണ്ട് ചില വൈവിദ്ധ്യങ്ങൾ: തേങ്ങ ചിരകിയത്, ഒരു കഷണം ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, വറ്റൽ മുളക് എന്നിവ കൂടിച്ചേർന്ന ചമ്മന്തിയരപ്പിലെ രുചി പറഞ്ഞറിയിക്കാനാവാത്തതാണ്.
ഉണക്ക തേങ്ങ ചിരകിയത്, ഉലുവ, വെളുത്തുള്ളി, വറ്റൽ മുളക്, കുടംപുളി എന്നിവ അരച്ചുണ്ടാക്കിയ ചമ്മന്തി രുചിയിൽ കയ്പും പുളിയും എരിവും കൊണ്ട് ആരേയും കൊതിപ്പിക്കും.
ദഹി കച്ചംബർ: കാബേജ്, ചെറിയ കഷണങ്ങളാക്കിയ പച്ചമാങ്ങ, മഞ്ഞപ്പൊടി എന്നിവ തൈരിൽ ചേരുന്നതോടെ ദഹി കച്ചംബർ ആയി. രുചിയിൽ ഒരു ചേഞ്ച് വേണമെന്നുണ്ടെങ്കിൽ മാമ്പഴവും ചേർത്ത് കച്ചംബർ സ്വീറ്റ് ചട്നിയാക്കാം.
ഗുജറാത്തി കഡി (ചട്നി): നല്ല പുളിയുള്ള തൈര് പാനിൽ ഒഴിച്ച് അതിൽ കടലമാവും ഇഞ്ചി പേസ്റ്റും, പച്ചമുളക് അരിഞ്ഞതും, അൽപം മഞ്ഞൾപൊടിയും പഞ്ചസാരയും ഉപ്പും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഇനി അൽപം വെള്ളം ചേർത്ത് ചെറുതീയിൽ ഇളക്കി പാകം ചെയ്യാം. തിള വരുന്നതോടെ തീ കുറച്ച് വയ്ക്കാം. ഒരു പാനിൽ നെയ്യൊഴിച്ച് അതിൽ കടുകും ജീരകവും വറുത്ത് കഡിയിൽ ചേർക്കുക. അൽപസമയം കൂടി കഡി പാകം ചെയ്‌ത് സർവ്വ് ചെയ്യാം. ചോറിനൊപ്പമോ കിച്ചടിക്കൊപ്പമോ ചപ്പാത്തിക്കൊപ്പമോ ഗുജറാത്തി കഡി സൂപ്പർ രുചി പകരും.