ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 16

അഞ്ചു മണിയായപ്പോള്‍ മുരളിയെത്തി. നിറഞ്ഞ പുഞ്ചിരിയോടെ അയാള്‍ മഞ്ജുവിന്‍റെ നേരേ നടന്നടുത്തു.

“മഞ്ജു എത്തിയിട്ട് കുറെ നേരമായോ?” എന്ന് ചോദിക്കുന്നതിനിടയിലാണ് അവളുടെ തൊട്ടരികില്‍ ഇരിക്കുന്ന വിനയനെ അയാള്‍ ശ്രദ്ധിക്കുന്നത്.

“ഇത്…” നേരിയ ചാഞ്ചല്യത്തോടെ അയാള്‍ ചോദിച്ചു.

“ഇത് വിനയേട്ടന്‍. യൂണിവേഴ്സിറ്റി കോളേജില്‍ പിജിക്ക് പഠിക്കുന്നു. ഞങ്ങള്‍… വി ആര്‍ ഗ്രേറ്റ് ഫ്രെണ്ട്സ് “ലജ്ജ കലര്‍ന്ന ഒരു മന്ദഹാസത്തോടെ വിനയനെ പ്രേമപൂര്‍വ്വം കടാക്ഷിച്ചുകൊണ്ട് മഞ്ജു പറഞ്ഞു.

മുരളിയുടെ മുഖപ്രസാദം നിമിഷം കൊണ്ട് ചോര്‍ന്നു പോയി.

“ഹലോ!” മുരളിക്ക് ഹസ്തദാനം ചെയ്തുകൊണ്ട് വിനയന്‍ പറഞ്ഞു “ഗുഡ് ഇവ്നിംഗ് സര്‍” വിനയന്‍റെ ആത്മവിശ്വാസം തുളുമ്പുന്ന പെരുമാറ്റം മഞ്ജുവിനെ വിസ്മയാധീനയാക്കി. ഭാവചലനങ്ങളില്‍ ആരും വിശ്വസിച്ചു പോകുന്ന തന്മയത്വം!

അക്ഷമ കലര്‍ന്ന സ്വരത്തില്‍ മുരളി പറഞ്ഞു “എക്സ്ക്യുസ്മി, മഞ്ജുവിനോട് മാത്രമായി എനിക്കല്പം സംസാരിക്കാനുണ്ട്.”

വിനയന്‍റെ മുഖത്തപ്പോള്‍ പരിഹാസം കലര്‍ന്നൊരു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു. നീണ്ട കാല്‍ വെയ്പ്പുകളോടെ പുറത്തേക്കുള്ള വാതിലിനടുത്തേക്ക് നടന്നുകൊണ്ട് വിനയന്‍ പറഞ്ഞു “മഞ്ജു, ഹറിയപ്പ്. ഫിലിമിന് സമയമായി. ബി ക്വിക്ക്”

“വാട്ട് നോണ്‍സെന്‍സ് ആര്‍ യൂ ഡൂയിംഗ് മഞ്ജു? നമ്മുടെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞതല്ലേ? എന്നിട്ടിപ്പോള്‍…” ക്ഷോഭംകൊണ്ട് മുരളിയുടെ സ്വരം ഉയര്‍ന്നു.

“നിശ്ചയം കഴിഞ്ഞിട്ടൊന്നുമില്ലല്ലോ. മാത്രമല്ല എനിക്ക് വിനയേട്ടനെ ഈ ജീവിതത്തില്‍ മറക്കാനാവില്ല. വിനയേട്ടനും അങ്ങനെതന്നെ. സോ പ്ലീസ് ലീവ് അസ് എലോണ്‍. ഇക്കാര്യം നേരിട്ട് പറയാനും കൂടി ആണ് ഞങ്ങള്‍ രണ്ടുപേരുംകൂടി വന്നത്.”

ഒരു പ്രഭുകുമാരന്‍റെ പ്രൗഢിയോടെ ഗമയില്‍ നിന്നിരുന്ന വിനയനപ്പോള്‍ അല്പം അധികാര ഭാവം കലര്‍ന്ന സ്വരത്തില്‍ ഓര്‍മ്മിപ്പിച്ചു. “മഞ്ജു, ഹറിയപ്പ് .വി ആര്‍ ആള്‍റെഡി ലേറ്റ് ഫോര്‍ ദി ഫിലിം” (മഞ്ജു, വേഗമാകട്ടെ. നമ്മള്‍ ഇപ്പോള്‍ തന്നെ സിനിമക്ക് ലേറ്റാണ്)

“വിനയേട്ടന്‍ വിളിക്കുന്നു. ചെന്നില്ലെങ്കില്‍ പുള്ളിക്ക് പരിഭവമാകും.” മുരളിക്ക് എന്തെങ്കിലും പറയാനോ തടയാനോ കഴിയും മുന്‍പ് മഞ്ജു വിനയന്‍റെ അടുത്തേക്ക് നടന്ന് കഴിഞ്ഞിരുന്നു. നിമിഷങ്ങള്‍ക്കകം രണ്ടുപേരും ഹോട്ടലിന്‍റെ ഗേറ്റിന് പുറത്തെത്തി. പ്രണയ ജോടികളെപ്പോലെ കൈകോര്‍ത്ത് പിടിച്ചുകൊണ്ട് നടക്കുമ്പോള്‍ കടലാസുപോലെ വിളറിയ മുരളിയുടെ മുഖം മഞ്ജുവിന് സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞു.

റോഡിലെത്തിയ ഉടനെ മഞ്ജുവിന്‍റെ കൈ വിടുവിച്ചശേഷം വിനയന്‍ ഒരു ഓട്ടോ കൈകാണിച്ചു നിര്‍ത്തി. “മഞ്ജു ഇതില്‍ ഹോസ്റ്റലിലേക്ക് മടങ്ങിക്കോളൂ” അയാള്‍ പറഞ്ഞു.

മഞ്ജുവിന് പക്ഷെ ആ നിര്‍ദ്ദേശം സ്വീകാര്യമായില്ല “വിനയന്‍ സര്‍ ഒറ്റയ്ക്ക് നടന്നു പോകുന്നത്‌ മുരളി കാണാന്‍ ഇടയായാല്‍…”

“ഓ! ഞാനതോര്‍ത്തില്ല. ” തെല്ല് ജാള്യതയോടെ വിനയന്‍ പറഞ്ഞു.

രണ്ടുപേരും ഒരുമിച്ചാണ് മടങ്ങിയത്. ഒരു വീരകുത്യം നടത്തിയതിന്‍റെ വിജയഹ്ലാദത്തിലായിരുന്നു മഞ്ജു. തരണം ചെയ്ത നിര്‍ണ്ണായക നിമിഷങ്ങളെക്കുറിച്ച് ആരോടെങ്കിലും വിശദമായി പറയാനുള്ള ആവേശത്താല്‍ വീര്‍പ്പുമുട്ടുകയായിരുന്നു അവള്‍. പക്ഷെ ഓട്ടോയുടെ ഓരത്ത് ഒരു പ്രതിമയെപ്പോലെ ഒതുങ്ങിക്കൂടിയിരിക്കുന്ന വിനയനെ ശ്രദ്ധിച്ചപ്പോള്‍ വാക്കുകള്‍ അവളുടെ നാവില്‍ത്തന്നെ കുടുങ്ങിപ്പോയി. പറഞ്ഞത് ഇത്രമാത്രം.

“താങ്ക് യൂ, താങ്ക് യു വെരി മച്ച്”

“വെല്‍കം” തണുത്തുറഞ്ഞ പ്രതികരണമായിരുന്നു വിനയന്‍റേത്. അതില്‍ സൗഹൃദത്തിന്‍റെ ലാഞ്ചനപോലും ഇല്ലായിരുന്നു. ഐസ്ക്രീം പാര്‍ലറിന് മുന്‍പിലെത്തിയപ്പോള്‍ അയാളിറങ്ങി, യാത്രപോലും പറയാതെ നടന്നകലുകയും ചെയ്തു.

മഞ്ജു ഹോസ്റ്റലില്‍ എത്തുമ്പോള്‍ വരദയും പിങ്കിയും ആകാംക്ഷയോടെ അവളെയും പ്രതീക്ഷിച്ച് നില്‍ക്കുകയായിരുന്നു.

“മുരളി മനോഹര്‍ വന്നിരുന്നോ? നിങ്ങളെ കണ്ടപ്പോള്‍ എന്തായിരുന്നു അയാളുടെ റിയാക്ഷന്‍?”

“അയാള്‍ കൃത്യസമയത്ത് തന്നെ എത്തി. ഞാനും വിനയന്‍ സാറും റിസപ്ഷനില്‍ ഇരിക്കുകയായിരുന്നു. വിനയന്‍ സാറിനെ ഞാന്‍ പരിചയപ്പെടുത്തിയപ്പോള്‍ അയാളുടെ മുഖം കടന്നല് കുത്തിയതുപോലായി.”

“വിനയന്‍ സാറിന്‍റെ പെര്‍ഫോമന്‍സ് എങ്ങനെയായിരുന്നു?”

“അടിപൊളി. ശരിക്കും എന്‍റെ ബോയ്ഫ്രെണ്ടായി സര്‍ അഭിനയച്ചു തകര്‍ത്തു. ഇത്ര നന്നായി സാറിനഭിനയിക്കാന്‍ കഴിയുമെന്ന് ഞാന്‍ സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ല. മുരളിമായുള്ള എന്‍റെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞ ശേഷം ബോയ്ഫ്രെണ്ടിനോടൊപ്പം കറങ്ങുന്നത് തെറ്റാണെന്ന രീതിയില്‍ മുരളി സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ ആ ബന്ധം ആഗ്രഹിക്കുന്നില്ലെന്നും ‘വിനയേട്ടനെ’ മറക്കാന്‍ എനിക്കാവില്ലെന്നും ഞാനയാളോട് തുറന്ന് പറഞ്ഞു. അയാളപ്പോള്‍ ശരിക്കും വിളറി വെളുത്തുപോയി. എന്‍റെ നിലപാട് അയാള്‍ക്ക് വിശ്വസനീയമായി തോന്നാന്‍ പ്രധാന കാരണം വിനയന്‍സാറിന്‍റെ അഭിനയമാണ്. എനിക്കപ്പോള്‍ സാറിന് ഒരു പ്രോത്സഹന സമ്മാനോംകൂടി കൊടുക്കണമെന്ന് തോന്നിപ്പോയി.”

“ഏതായാലും മുരളി മനോഹറിനെക്കൊണ്ടുള്ള ശല്യം അവസാനിച്ചല്ലോ. ആശ്വാസം.” പിങ്കി പറഞ്ഞു.

“എനിക്ക് അത്രയ്ക്ക് ഉറപ്പില്ല. എന്‍റെ മമ്മിയെ വിളിച്ച് അയാള്‍ ഇന്നത്തെ സംഭവം അറിയിച്ചാല്‍…”

“ഓ, ഇനി അയാളതിന് സമയം പാഴാക്കുമെന്ന് തോന്നുന്നില്ല. മറ്റൊരാളെ കലശലായി പ്രേമിക്കുന്ന ഒരു പെണ്ണിന്‍റെ സ്വഭാവം മാറ്റിയെടുക്കാന്‍ അയാളെന്തിന് മെനക്കെടണം? അല്പമെങ്കിലും അഭിമാനമുള്ളവനാണെങ്കില്‍ നീയുമായുള്ള വിവാഹബന്ധം അയാള്‍ ആഗ്രഹിക്കുകയേയില്ല.” വരദ വിശകലനം ചെയ്തു.

“മുരളിയെക്കൊണ്ട് തന്നെ എന്‍റെ കഴുത്തില്‍ താലികെട്ടിക്കുമെന്ന വാശിയിലാണല്ലോ എന്‍റെ മമ്മി. അതാണ് പ്രശ്നം.” മഞ്ജുവില്‍നിന്നും ഒരു ചുടുനെടുവീര്‍പ്പുയര്‍ന്നു.

അന്ന് സന്ധ്യക്ക് മഞ്ജു പീരുമേട്ടിലുള്ള എസ്റ്റേറ്റിലേക്ക് വിളിച്ചു. ഫോണെടുത്തത് ധര്‍മ്മേന്ദ്രനാണ്.

“ധര്‍മ്മന്‍ചേ ട്ടനിതുവരെ കാഞ്ഞിരപ്പിള്ളിയിലേക്ക് മടങ്ങിയില്ലേ?”

“ഇല്ല കുഞ്ഞേ, സാറിന് രണ്ടുദിവസമായി ചെറിയൊരു ജലദോഷപ്പനി. ഇവിടെയിപ്പോള്‍ തോരാത്ത മഴയാ. കാഞ്ഞിരപ്പിള്ളിക്ക് പോകാമെന്ന് പറഞ്ഞിട്ട് സാറ് സമ്മതിക്കുന്നില്ല. അതാ ഞാനിവിടെത്തന്നെ നിന്നത്. ഇവിടത്തെ തണുപ്പില്‍ സാറിന് അസുഖം കൂടിയാലോ എന്നാ എന്‍റെ ഭയം. കുഞ്ഞ് എത്രേം പെട്ടെന്നിങ്ങുവരണം. സാറിനെ നിര്‍ബന്ധിച്ച് വീട്ടിലേക്ക് കൊണ്ടുപോകണം.”

“എന്‍റെ പ്രാക്ടിക്കല്‍ എക്സാം തീര്‍ന്നിട്ടില്ല. അത് കഴിഞ്ഞ് ഞാനങ്ങോട്ടെത്തിയേക്കാം.”

“ശരി. സാറിന് സുഖമില്ലെന്നറിഞ്ഞ് ശിവരാമകൃഷ്ണന്‍സാറും ഇവിടെ എത്തിയിട്ടുണ്ട്. മൂപ്പര് അമ്മാവന്‍റെ ശുശ്രൂഷ മൊത്തം ഏറ്റെടുത്തിരിക്ക്യാ.”

“ഡാഡി ഡോക്ടറെ കണ്ടില്ലേ?”

“കണ്ടു. ഡോക്ടര്‍ എഴുതിതന്ന മരുന്നുകളെല്ലാം കൊടുക്കുന്നുണ്ട്. പനിക്ക് കുറവില്ലെങ്കില്‍ വീണ്ടും ചെല്ലണമെന്ന് ഡോക്ടര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.”

“മമ്മിയെ വിവരം അറിയിച്ചില്ലേ?”

“ഇല്ല. അങ്ങോട്ട്‌ വിളിക്കാന്‍ പോകുന്നതേയുള്ളൂ.” ധര്‍മ്മേന്ദ്രന്‍ അറിയിച്ചു.

മഞ്ജു ഭയന്നതുപോലെ പ്രാക്ടിക്കല്‍ പരീക്ഷ കഴിഞ്ഞ് ഹോസ്റ്റലില്‍ എത്തിയപ്പോഴേക്കും സേതുലക്ഷ്മിയുടെ ഫോണ്‍ വന്നു. തുടക്കത്തില്‍ തന്നെ സേതുലക്ഷ്മി നല്ല ചൂടിലാണെന്ന് അവള്‍ക്ക് മനസ്സിലായി. സുഖാന്വേഷണങ്ങള്‍ക്ക് പകരം പരുഷമായ ചോദ്യശരങ്ങള്‍.

“മുരളി നിന്നെ കാണാന്‍ വന്നപ്പോള്‍ നീ മുരളിയെ ഇന്‍സള്‍ട്ട് ചെയ്തു അല്ലേ?”

“ഞാന്‍… അങ്ങനെയൊന്നും ഉണ്ടായില്ലല്ലോ മമ്മി.”

“പാവം! മുരളിക്ക് നിന്‍റെ റൂഡ്‌നെസ് വല്ലാതെ ഫീല്‍ ചെയ്തിട്ടുണ്ട്. നീ അവിടെ സിനിമയൊക്കെകണ്ട് കറങ്ങി നടക്കുകയാണല്ലേ?”

“ഇല്ല മമ്മി, ഞാന്‍….”

“ഉം… മുരളി എന്നോടെല്ലാം പറഞ്ഞു. ആരാ നിന്നോടൊപ്പം ഉണ്ടായിരുന്ന പയ്യന്‍?”

ആ ആരോപണം പൂര്‍ണ്ണമായി നിഷേധിക്കാതിരിക്കുകയാണ് നല്ലതെന്ന് തോന്നി മഞ്ജുവിന്.” അതെന്‍റെയൊരു ഫ്രെണ്ടാണ് മമ്മി. പുള്ളി പിജിക്ക് പഠിക്കുകയാണ്. പേര് വിനയന്‍.’

ഏതാനും നിമിഷങ്ങളോളം സേതുലക്ഷ്മി മൗനം. തന്‍റെ വാക്കുകള്‍ കുറിക്കുകൊണ്ടു എന്ന് മഞ്ജുവിന് മനസ്സിലായി. അതവളെ സന്തോഷിപ്പിക്കുകയും ചെയ്തു.

“സംഗതിയപ്പോള്‍ വസ്തവമാണല്ലേ. നീയിതെന്തിനുള്ള പുറപ്പാടാണ്. നാട്ടുകാരെക്കൊണ്ട്‌ അതുമിതും പറയിപ്പിക്കാന്‍! ഇനി നീ അവിടെ നിക്കണ്ട, പരീക്ഷ കഴിഞ്ഞല്ലോ .നാളെത്തന്നെ വീട്ടിലേക്ക് പോന്നേക്ക്.”

“അയ്യോ മമ്മി നാളെയാ ഞങ്ങളുടെ സെന്‍റോഫ് പാര്‍ട്ടി.”

“ശരി. എങ്കില്‍ മറ്റന്നാളുതന്നെ പുറപ്പെട്ടേക്കണം.”

“ഓക്കേ. ഞാന്‍ ഹോസ്റ്റല്‍ റൂം വെക്കേറ്റ് ചെയ്യുന്നതുകൊണ്ട് അങ്ങോട്ട്‌ കൊണ്ടുവരാന്‍ കുറച്ച് ലഗേജ് ഉണ്ടാകും. മമ്മി നമ്മുടെ വണ്ടി ഒന്നിങ്ങോട്ട് അയക്കണം.”

നിന്നെ പിക് അപ്പ്‌ ചെയ്യാന്‍ മുരളി ഹോസ്റ്റലിലേക്ക് വരാമെന്നാ പറഞ്ഞിരിക്കുന്നേ.”

“അതൊന്നും വേണ്ട മമ്മി. നമ്മുടെ കാറയച്ചാല്‍ മതി.”

“മുരളി പിക്കപ്പ് ചെയ്താലെന്താ കുഴപ്പം? നിങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നവരല്ലേ? നീ ഞാന്‍ പറയുന്നത് അങ്ങോട്ട്‌ അനുസരിച്ചാല്‍ മതി. മറ്റന്നാള്‍ കൃത്യം പന്ത്രണ്ട് മണിക്ക് നീ റെഡിയായി നിന്നേക്കണം’

തര്‍ക്കിച്ചതുകൊണ്ട് പ്രയോജനമില്ലെന്ന് അറിയാവുന്നതുകൊണ്ട്‌ വിവാദത്തിന് സമയം പാഴാക്കാതെ മഞ്ജു ചോദിച്ചു. “ഡാഡിക്ക് സുഖമില്ലാതിരിക്കുന്ന വിവരം മമ്മി അറിഞ്ഞില്ലേ? എസ്റ്റേറ്റിലേക്ക് ഒന്ന് പോകാമായിരുന്നില്ലേ മമ്മീ.”

“എന്തിന്? നിന്‍റെ ഡാഡിയെ ശുശ്രൂഷിക്കാന്‍ അവിടെ ധര്‍മ്മനും ശിവരാമനും ഉണ്ടല്ലോ. എന്നെ കാണുന്നതുതന്നെ നിന്‍റെ ഡാഡിക്ക് വെറുപ്പല്ലേ. അതുകൊണ്ടല്ലേ എസ്റ്റേറ്റില്‍ പോയി താമസിക്കുന്നത്?”

“മമ്മിയവിടംവരെ ഒന്ന് ചെന്നാല്‍ത്തന്നെ ഡാഡീടെ പിണക്കമൊക്കെ മാറും. മമ്മി ചെന്ന് വിളിച്ചാല്‍ ആ നിമിഷം ഡാഡി വീട്ടിലേക്ക് വരികേം ചെയ്യും.”

“അതിനൊന്നും എന്നേ കിട്ടില്ല. ഞാന്‍ നിന്‍റെ ഡാഡിയെ ഇറക്കിവിട്ടതൊന്നുമല്ലല്ലോ.”

“എങ്കിലും….”

“ഒരെങ്കിലുമില്ല. നിന്‍റെ ഡാഡീടെ പിടിവാശി എത്ര നാളത്തേക്കാണെന്ന് ഞാനൊന്ന് നോക്കട്ടെ.” സേതുലക്ഷ്മിയുടെ സ്വരം കൂടുതല്‍ കനത്തു.

സംഭാഷണം അവസാനിച്ചയുടനെ പൊട്ടിക്കരഞ്ഞുകൊണ്ട് മഞ്ജു കിടക്കയില്‍ വീണു. വരദയും പിങ്കിയും അവളെ പലതും പറഞ്ഞ് ആശ്വസിപ്പിക്കാന്‍ നോക്കിയെങ്കിലും ഫലമുണ്ടായില്ല.

പിങ്കിയപ്പോള്‍ പരിഭവിച്ചു “രണ്ടുദിവസം കഴിഞ്ഞാല്‍ നമ്മളെല്ലാം അവരവരുടെ വീട്ടിലേക്ക് മടങ്ങും. പിന്നെ എന്നാണിങ്ങനെ ഒത്തുകൂടാനാവുക എന്ന് കര്‍ത്താവിനറിയാം. ഈ രണ്ടുദിവസം അടിച്ചുപൊളിച്ച് നടക്കേണ്ടതിനുപകരം നീയിങ്ങനെ മൂഡോഫ് ആയിരുന്നാലെങ്ങനെയാ? എഴുന്നേല്‍ക്ക്. നമുക്കൊന്ന് പുറത്തേക്കിറങ്ങിയിട്ട് വരാം.”

“ഓര്‍ത്തിട്ടെനിക്ക് സങ്കടം സഹിക്കാനാകുന്നില്ല പിങ്കി. ഡാഡി പനിപിടിച്ച് കിടക്കുകയാണ് എന്നറിഞ്ഞിട്ടും മമ്മിക്ക്‌ യാതൊരു മനസ്സലിവുമില്ല. മുരളീടെ പരിഭവം തീര്‍ക്കാനുള്ള ആവേശമാ മമ്മിക്ക്‌. മറ്റന്നാള്‍ എന്നെ കൊണ്ടുപോകാന്‍ മമ്മി മുരളിയെ അയക്കാമെന്ന്! “

“എന്തിനാ ആ ചതിയനെ അയക്കുന്നത്?” വരദ അത്ഭുതാധീനയായി.

“ആ അവസരം ഉപയോഗിച്ച് മുരളീടെ പിണക്കമൊക്കെ ഞാന്‍ തീര്‍ക്കണം പോലും. മുരളിയുടെ കൂടെയുള്ള യാത്രയെക്കുറിച്ച് എനിക്ക് ആലോചിക്കാന്‍ തന്നെ വയ്യ. അയാളെ കാണുന്നതുപോലും എനിക്ക് വെറുപ്പാണ്.” മഞ്ജുവിന്‍റെ കവിളിലൂടെ കണ്ണുനീര്‍ ചാലിട്ടൊഴുകി.

“രണ്ടുമൂന്ന് മണിക്കൂര്‍ നേരത്തെ യാത്രയല്ലേ? അതും പകല്‍സമയത്ത്. അതിന് എന്തിനാ ഇങ്ങനെ നെര്‍വസ് ആകുന്നത്.”

“പിന്നെ കാറില്‍ അയാളുടെ ഡ്രൈവറും കാണുമല്ലോ” വരദയും അവളെ ആശ്വസിപ്പിച്ചു.

“എന്നെ കാണാന്‍ വരുമ്പോഴൊന്നും അയാള്‍ ഡ്രൈവറെ കൂടെ കൊണ്ടുവരാറില്ലല്ലോ. അതുകൊണ്ട് ആ പ്രതീക്ഷയും വേണ്ട” മഞ്ജുവിന്‍റെ സ്വരം ഇടറി.

“ഓ! അതൊന്നും സാരമില്ലെന്നേ. അത്രേം നേരംകൊണ്ട് അയാള്‍ നിന്നെ പിടിച്ച് തിന്നാനൊന്നും പോണില്ല.” തമാശ പറഞ്ഞ് പിങ്കി അവളുടെ മനോസംഘര്‍ഷം കുറക്കാന്‍ ശ്രമിച്ചു.

“നിങ്ങള്‍ക്ക് അങ്ങിനെയൊക്കെ പറയാം. അനുഭവിക്കുന്നത് ഞാനല്ലേ” മഞ്ജുവിന്‍റെ കണ്ണുകളില്‍ വീണ്ടും നനവൂറി.

പിറ്റേന്ന് സെന്‍റോഫ് സെലിബ്രേഷന് പോകാനൊരുങ്ങുമ്പോഴും മഞ്ജുവിന്‍റെ മുഖം മ്ലാനമായിരുന്നു.

കോളേജ് ഓഡിറ്റോറിയത്തില്‍വെച്ചായിരുന്നു സെന്‍റോഫ് പാര്‍ട്ടി. ഫൈനല്‍ എക്സാം അവസാനിച്ചതിന്‍റെ സന്തോഷം, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍, ചിരിച്ചും രസിച്ചും കടന്നു പോയ സൗഹൃദത്തിന്‍റെ നല്ല നാളുകള്‍ ഇനിയൊരിക്കലും കടന്നുവരാത്തവിധം ഒരോര്‍മ്മയായി അവശേഷിക്കാന്‍ പോകുകയാണല്ലോ എന്ന നഷ്ടബോധം, ഇതെല്ലാം അവിടെ ഒത്തുകൂടിയവരുടെ മനസ്സിലെന്നപോലെ ആ അന്തരീക്ഷത്തിലും അലിഞ്ഞു ചേര്‍ന്നിരുന്നു.

അധ്യാപകരുടെ, ആശംസകളും ഉപദേശങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ലഘുപ്രസംഗങ്ങള്‍, വിദ്യാര്‍ത്ഥികളുടെ നന്ദിപ്രകടനം, കോളേജിന്‍റെ ഗാനകോകിലമെന്ന് പൊതുവേ അംഗീകരിക്കപ്പെട്ട സഹീനയുടെ രണ്ട് പുത്തന്‍ സിനിമാഗാനങ്ങള്‍, ചായസല്‍ക്കാരം ഇതൊക്കെയായിരുന്നു പരിപാടിയിലെ പ്രധാന ഐറ്റങ്ങള്‍. പരിപാടികള്‍ തുടങ്ങാറായിട്ടും, പൂര്‍ണ്ണിമയെ കാണാതായപ്പോള്‍ അവള്‍ വരില്ലെന്ന് തന്നെയാണ് മഞ്ജുവും സ്നേഹിതകളും കരുതിയത്‌. പക്ഷെ പ്രോഗ്രാം ആരംഭിച്ച് അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ അവളെത്തി. അവര്‍ മൂവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് അവള്‍ അവരുടെ അടുത്തുവന്നിരിക്കയും ചെയ്തു. എന്നാല്‍ മനസ്സ് എങ്ങോ അലയുംപോലെ ചിന്താധീനയായിരുന്നു അവള്‍.

പ്രോഗ്രാം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോകാന്‍ നേരം മഞ്ജുവിന്‍റെ കൈയ്യില്‍ പിടിച്ച് അവളെ ആളൊഴിഞ്ഞ ഒരു മൂലയിലേക്ക് നീക്കി നിര്‍ത്തിയിട്ട് പൂര്‍ണ്ണിമ ഇടറിയ സ്വരത്തില്‍ പറഞ്ഞു. “നിന്നോടെനിക്ക് ക്ഷമ ചോദിക്കണമെന്നുണ്ടായിരുന്നു, പിന്നെ ചില കാര്യങ്ങള്‍ തുറന്ന് പറയണമെന്നും. ഞാന്‍ നാളെ ഹോസ്റ്റലിലേക്ക് വരുന്നുണ്ടാകും. ഞാന്‍ എത്തുംമുന്‍പ് നീ നിന്‍റെ വീട്ടിലേക്ക് മടങ്ങിക്കളഞ്ഞേക്കരുത്. ഞാനീ ഫംഗ്ഷന് വന്നതുതന്നെ നിന്നെ കണ്ട് ഇക്കാര്യം പറയാന്‍ വേണ്ടിയാണ്.”

വിസ്മയത്താല്‍ സ്വയം മറന്ന് നില്‍ക്കുകയായിരുന്നു മഞ്ജു. അഹങ്കാരവും ഗര്‍വ്വും തുളുമ്പി നില്‍ക്കാറുള്ള ആ കണ്ണുകളിലെ ദൈന്യത അവളെ അമ്പരിപ്പിച്ചു

“നീയും മുരളി മനോഹറും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നെന്നറിഞ്ഞു. കണ്‍ഗ്രാജുലേഷന്‍. എങ്കിലും നീ വിവാഹം കഴിയുന്നതുവരെ സൂക്ഷിക്കണം. നിന്നെ അയാളോടൊപ്പം സൗത്ത്പാര്‍ക്കില്‍ വെച്ച് കണ്ടുവെന്ന് എന്‍റെ അങ്കിള്‍ പറഞ്ഞു. നിനക്ക്… നിനക്കത് ഒഴിവാക്കാമായിരുന്നു.”

ഒരുനിമിഷത്തെ ഇടവേളക്ക് ശേഷം ഗദ്ഗദംകൊണ്ട് ഇടറുന്ന സ്വരത്തില്‍ പൂര്‍ണ്ണിമ തുടര്‍ന്നു. “അയാള്‍ എത്ര നിര്‍ബന്ധിച്ചാലും വിവാഹത്തിനു മുമ്പ് നീ അയാളെ കാണരുത്. എന്‍റെ ഈ വാണിംഗ് നീ തള്ളിക്കളയരുത്, പ്ലീസ്.”

“നീ എന്താ ഇങ്ങനെയൊക്കെ പറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല.”

“ഞാന്‍ നാളെ ഹോസ്റ്റലില്‍ വരുന്നുണ്ടാകും. അപ്പോഴേക്കും നീ വീട്ടിലേക്ക് പോയ്ക്കളയരുത്. ബൈ മഞ്ജു.”

മഞ്ജു അവളെ തടയാന്‍ ശ്രമിച്ചെങ്കിലും അവളുടെ കൈ വിടുവിച്ചുകൊണ്ട് പൂര്‍ണ്ണിമ തിരക്കിനിടയിലൂടെ നടന്നകന്നു. ഒരു ദുസ്വപ്നത്തില്‍നിന്നും ഞെട്ടിഉണര്‍ന്നതുപോലെ മഞ്ജു ഒരുനിമിഷം സ്തബ്ധയായി നിന്നു. പിന്നെ മെല്ലെ സ്നേഹിതകളുടെ അരികിലേക്ക് നടന്നു.

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 15

“നിനക്ക് ഇത്രയ്ക്ക് ധൈര്യമില്ലാതായാലോ? കഷ്ടം.നമുക്ക് എന്തെങ്കിലും പോംവഴി കണ്ടെത്താമെന്നേ.” തേങ്ങിക്കരയുന്ന മഞ്ജുവിന്‍റെ മുഖത്തുനിന്നും കൈപത്തികള്‍ അടര്‍ത്തി മാറ്റിക്കൊണ്ട് പിങ്കി അവള്‍ക്ക് ധൈര്യം പകരാന്‍ ശ്രമിച്ചു.

“നീയൊന്ന് സമാധാനിക്ക്. അയാള്‍ നിന്നെ അന്വേഷിച്ച് ഇങ്ങോട്ട് വന്നാല്‍ നീ ഇവിടെ ഇല്ലെന്ന് പറഞ്ഞ് ഞങ്ങളയാളെ മടക്കി അയച്ചോളാം, പോരേ.” വരദയും അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

“അയാളത് വിശ്വസിച്ചില്ലെങ്കിലോ?” മഞ്ജുവിനപ്പോഴും ആശങ്കയവസാനിച്ചില്ല.

“നീ നാളെ സൗത്ത് പാര്‍ക്കില്‍ പോയി അയാളെ നേരില്‍ കാണണമെന്നാണ് എന്‍റെ അഭിപ്രായം. എന്നിട്ട് അയാളുടെ മുഖത്ത് നോക്കി അയാളുമായുള്ള വിവാഹത്തിന് താല്പര്യമില്ലെന്ന് തുറന്നങ്ങ് പറഞ്ഞേക്കണം.” പിങ്കി ഉപദേശിച്ചു.

“അങ്ങനെ പറഞ്ഞാലുടനെ അയാള്‍ മിണ്ടാതെ പിന്മാറിക്കൊള്ളും എന്നാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഒരിക്കലുമില്ല. എന്‍റെ മമ്മിയുടെ സപ്പോര്‍ട്ട് ഉള്ളകാലത്തോളം അയാള്‍ എന്നെ ശല്യം ചെയ്തുകൊണ്ടിരിക്കും. എസ്റ്റേറ്റും കാറും ബംഗ്ലാവും ഒക്കെയായി കോടികളല്ലേ മമ്മി അയാള്‍ക്ക് ഓഫര്‍ ചെയ്തിരിക്കുന്നേ. അതൊന്നും അയാള്‍ അത്രവേഗം കൈവിട്ടുകളയുമെന്ന് തോന്നുന്നില്ല.” ഇടറുന്ന സ്വരത്തില്‍ മഞ്ജു വിശദീകരിച്ചു.

“നീ മറ്റൊരാളുമായി പ്രേമത്തിലാണെന്ന് പറഞ്ഞാലോ?” പിങ്കി തോമസിന്‍റെ ചിന്തയപ്പോള്‍ ആ വഴിക്കായി.

“വെരി ഗുഡ് ഐഡിയ. അത് നല്ലൊരു മറുമരുന്നാണ്.” വരദ ആ അഭിപ്രായം ശരിവെച്ചു

“അതയാള്‍ വിശ്വസിക്കുമെന്ന് എന്താ ഉറപ്പ്. ഹോസ്റ്റലില്‍ വന്ന് ഒരു സീനുണ്ടാക്കിയിട്ടേ അയാള്‍ പോവുകയുള്ളു. “മഞ്ജു തേങ്ങിക്കരഞ്ഞുകൊണ്ട് കട്ടിലില്‍ വീണു. അവളെ സമാധാനിപ്പിക്കാന്‍ സ്നേഹിതകള്‍ ആവുന്നത്ര ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.

പിറ്റേന്ന് മൂന്നുപേരും വളരെ വൈകിയാണ് ഉറക്കമുണര്‍ന്നത്‌. മഞ്ജുവിനെ കാണാന്‍ വറീത് ചേട്ടന്‍ റിസപ്ഷന്‍ റൂമില്‍  എത്തിയിട്ടുണ്ടെന്ന് ആരോ വന്നറിയിച്ചെങ്കിലും മഞ്ജു കട്ടിലില്‍നിന്നും എഴുന്നേറ്റില്ല.

“വറീത് ചേട്ടന്‍ വിനയന്‍ സാറിന്‍റെ അപേക്ഷയും കൊണ്ട് വന്നതായിരിക്കും. നിങ്ങള്‍ അതൊന്ന് വാങ്ങിവെച്ചേക്കാമോ?” ആ ചുമതല സ്നേഹിതകളെ ഏല്പിച്ചുകൊണ്ട് അവള്‍ കിടക്കയില്‍ തന്നെ ചുരുണ്ടുകൂടി.

വരദയും പിങ്കിയും റിസപ്ഷനിലേക്ക് ചെന്നു. അവരെ കണ്ടപ്പോള്‍ വറീത് ചേട്ടന്‍ ചോദിച്ചു. “മഞ്ജുക്കുഞ്ഞെവിടെ?”

“അവള്‍ക്ക് നല്ല സുഖമില്ല, തലവേദന” പിങ്കി അറിയിച്ചു.

“ഞാന്‍ വിനയന്‍സാറിന്‍റെ അപേക്ഷയുംകൊണ്ട് വന്നതാ. വിനയന്‍സാറും വന്നിട്ടുണ്ട്.”

ഏതാനും ദിവസങ്ങളായി ഷേവ് ചെയ്യാത്ത മുഖവും ഉടഞ്ഞുലഞ്ഞ വേഷവുമായി വാതിലിനരികില്‍ വിനയന്‍ നില്പുണ്ടായിരുന്നു. അവരുടെ നേരെ നീളുന്ന അയാളുടെ കണ്ണുകളില്‍ യാചനയുടെ വിതുമ്പലുണ്ട്.

“ഈ കവര്‍ നിങ്ങള്‍ മഞ്ജുക്കുഞ്ഞിന് കൊടുത്തേക്കാമോ?” വറീത് ചേട്ടന്‍ കവര്‍ നീട്ടിയപ്പോള്‍ പിങ്കി അത് വാങ്ങി.

“കൊടുത്തേക്കാം. എന്തെങ്കിലും ചെയ്യാനാകുമെങ്കില്‍ മഞ്ജു സഹായിക്കാതിരിക്കില്ല. അതുറപ്പാണ്.”

“വലിയ ഉപകാരം മക്കളേ, ഞങ്ങള്‍ ഇറങ്ങുന്നു. വിനയന്‍ സാറിന് ഒരു ഇന്‍റര്‍വ്യുവിന് കാള്‍ വന്നിട്ടുണ്ട്. യാത്രയ്ക്കുള്ള പണം എവിടുന്നെങ്കിലും കടം കിട്ടുമോന്ന് അന്വേഷിച്ച് നടക്കുകയാ പുള്ളി.”

വറീത്ചേട്ടനും വിനയനും നടന്നകന്നപ്പോള്‍ പിങ്കിയും വരദയും അവരുടെ റൂമിലേക്കും മടങ്ങി. പാതിദൂരമെത്തിയപ്പോള്‍ വരദയുടെ കൈ പിടിച്ച് അവളെ ഒരു വശത്തേക്ക് നീക്കി നിര്‍ത്തിക്കൊണ്ട് പിങ്കി പറഞ്ഞു, “നമുക്ക് ആ വിനയന്‍ സാറിനെ ഒന്ന് കണ്ടേച്ച് വരാം.”

“എന്തിനാ വിനയന്‍ സാറിനെ കാണുന്നേ.”

“അതൊക്കെ പറയാമെന്നേ. നീയൊന്ന് വേഗം നടക്ക്.”

വിനയന്‍ അപ്പോഴേക്കും ഹോസ്റ്റലിന്‍റെ ഗേറ്റിന് പുറത്തെത്തിയിരുന്നു. പാതി ഓടിയും നടന്നുമെന്നോണം അവര്‍ അയാളുടെ അടുത്തെത്തി.

“വിനയന്‍ സാറിനോട് ഞങ്ങള്‍ക്ക് ഒരത്യാവശ്യകാര്യം സംസാരിക്കാനുണ്ടായിരുന്നു. സാറ് ലൈബ്രറിയിലേക്കല്ലേ. അല്പസമയം കഴിഞ്ഞ് ഞങ്ങള്‍ അങ്ങോട്ട്‌ വരാം.”

അല്പം സങ്കോചത്തോടെയാണെങ്കിലും വിനയന്‍ പറഞ്ഞു “ശരി”

“വാ, നമുക്ക് റൂമിലേക്ക്‌ മടങ്ങാം. എനിക്ക് മഞ്ജുവിനോട് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്.” പിങ്കി വരദയുടെ കയ്യില്‍ പിടിച്ചുകൊണ്ട് വേഗം നടന്നു.

“നമ്മളെന്തിനാ വിനയന്‍ സാറിനെ കാണുന്നത്?” വരദ ചോദിച്ചു

“ആ മുരളിയെ ഫ്ലാറ്റ് ആക്കാനൊരു ഉഗ്രന്‍ ഐഡിയയുണ്ട്! പക്ഷെ അത് മഞ്ജുവിനുകൂടി സമ്മതമാണോ എന്നറിയണം.”

“ഐഡിയയോ? എന്തൈഡിയ?”

“അതൊക്കെ പറയാമെന്നേ, നീയൊന്ന് വേഗം നടന്നേ.” പിങ്കി വരദയുടെ കൈ പിടിച്ചുകൊണ്ട് നടത്തം കൂടുതല്‍ വേഗത്തിലാക്കി.

റൂമിലെത്തിയ ഉടനെ പിങ്കിയും വരദയും കൂടി മഞ്ജുവിനെ നിര്‍ബന്ധിച്ച് കിടക്കയിൽ നിന്നും എഴുന്നേല്പിച്ചിരുത്തി.

“നീയിങ്ങനെ കിടക്കയില്‍ ചുരുണ്ട് കൂടി കിടന്ന് സമയം പാഴാക്കിയാല്‍ എങ്ങെനാ പ്രശ്നം തീരുന്നേ? എനിക്കൊരു ഉപായം തോന്നുന്നുണ്ട്. അത് നിനക്ക് സമ്മതമാണെങ്കില്‍ നമുക്കൊന്ന് ശ്രമിച്ച് നോക്കാം.” പിങ്കി അറിയിച്ചു

മിഴികളില്‍ നനുത്തൊരു പ്രകാശവുമായി മഞ്ജു ചോദിച്ചു “എന്താണത്?”

“മുരളി മനോഹറിന്‍റെ ശല്യം ഒഴിവാക്കാനുള്ള ഏകമാര്‍ഗ്ഗം നീ മറ്റൊരാളെ പ്രേമിക്കുന്നുണ്ടെന്ന് അയാളെ വിശ്വസിപ്പിക്കലാണ്. നിന്‍റെ കാമുകനായി അഭിനയിക്കാന്‍ ഞാനൊരാളെ കണ്ടെത്തിയിട്ടുണ്ട്.”

“കാമുകനായി അഭിനയിക്കാനോ? അതൊന്നും ശരിയാവില്ല, പിങ്കി.” മഞ്ജുവിന്‍റെ മുഖം വീണ്ടും മ്ലാനമായി.

“എന്താ ശരിയാവാതെ? കുറച്ച് പൈസ ചിലവാകുമെങ്കിലും നമ്മുടെ പ്ലാന്‍ ഭംഗിയായി തന്നെ നടക്കും.”

“പണം ചിലവാക്കാന്‍ മടിയുണ്ടായിട്ടല്ല,പക്ഷേ…”

“വെറുതെ ഇമോഷണല്‍ ആകാതെ എനിക്ക് പറയാനുള്ളത് മുഴുവന്‍ നീ ക്ഷമയോടൊന്ന് കേള്‍ക്ക് മഞ്ജു, എന്നിട്ട് നല്ലപോലൊന്ന് ആലോചിച്ച് മറുപടി പറയ്.”

“അതാ അതിന്‍റെ ശരി.” വരദയും പിങ്കിയെ പ്രോത്സാഹിപ്പിച്ചു.

“ശരി, നിന്‍റെ പ്ലാനെന്താണെന്ന് പറയ്.” മഞ്ജു അര്‍ദ്ധമനസ്സോടെ എന്നോണം പറഞ്ഞു.

“നീയിന്ന് ഹോട്ടലിലേക്ക് പോകുമ്പോള്‍ വിനയന സാറിനെയും കൂടെകൊണ്ടു പോകണം. എന്നിട്ട് സാര്‍ നിന്‍റെ ബോയ്ഫ്രെണ്ടാണെന്ന് മുരളി മാനോഹറിനോട് പറയണം. അയാളുടെ മുമ്പിൽ വച്ചു അന്യോന്യം പ്രേമം നടിക്കുകയും വേണം. അതോടെ ആ ചതിയനെക്കൊണ്ടുള്ള ശല്യം എന്നന്നേക്കുമായി അവസാനിക്കും.”

ഒന്ന് ചൂളംകുത്തിക്കൊണ്ട് വരദ അനുമോദിച്ചു “എക്സലെന്‍റ് ഐഡിയ! കണ്‍ഗ്രാറ്റ്സ് പിങ്കി.”

മഞ്ജുവിന്‍റെ മുഖത്ത് മാത്രം യാതൊരു ഭാവമാറ്റവും ഉണ്ടായില്ല “നടക്കുന്ന കാര്യമാണോ ഇതെല്ലാം. വിനയൻ സാറ് പ്രേമം അഭിനയിക്കുക! എനിക്ക് യാതൊരു പ്രതീക്ഷയുമില്ല.”

“കൂടുതലൊന്നും നീ ഇപ്പോള്‍ ആലോചിക്കണ്ട. നിനക്ക് സമ്മതമാണോ എന്ന് മാത്രം പറഞ്ഞാല്‍ മതി.”

ഏതാനും നിമിഷങ്ങള്‍ ചിന്താമഗ്നയായ ശേഷം പാതി മനസ്സോടെ മഞ്ജു പറഞ്ഞു “എനിക്ക്… എന്‍റെ കാര്യം അവിടെ നില്‍ക്കട്ടെ. ആ വിനയന്‍സാറിന് സമ്മതമാകണ്ടേ. പെണ്‍പിള്ളേരടെ നിഴല് കണ്ടാല്‍ തന്നെ അയാള്‍ക്ക് വിറവല് വരും. പിന്നെയാ പ്രേമാഭിനയം!”

“പൈസക്ക് വേണ്ടി അയാള്‍ ഏതുറോളും അഭിനയിക്കാന്‍ തയാറാകുമെന്നേ. പണത്തിനയാള്‍ക്ക് അത്രയ്ക്ക് ഞെരുക്കമുണ്ട്. വിനയൻ സാറിപ്പോള്‍ ഒരു ഇന്‍റര്‍വ്യുവിന് പോകാന്‍ പണമില്ലാതെ വിഷമിക്കുകയാണെന്ന് വറീത് ചേട്ടന്‍ പറേണത് കേട്ടു.” വരദ അറിയിച്ചു.

പിങ്കി മഞ്ജുവിന് കൂടുതല്‍ ധൈര്യം പകരാന്‍ ശ്രമിച്ചു “വിനയന്‍ സാറിനെക്കൊണ്ട് നിനക്ക് യാതൊരു പ്രശ്നവും ഉണ്ടാവില്ല. കാര്യം കഴിഞ്ഞാല്‍ നീ കൊടുക്കുന്ന പണവും വാങ്ങി സാറ് പൊക്കോളും. മറ്റാരും ഇതറിയാന്‍ പോകുന്നുമില്ല. വാസ്തവത്തില്‍ സാറിന്‍റെ സ്വഭാവഗുണമോര്‍ത്തിട്ടാ ഞാന്‍ ഈ റോള്‍ അഭിനയിക്കാന്‍ സാറിന്‍റെ പേര് തന്നെ നിര്‍ദ്ദേശിച്ചത്. സാര്‍ ശുദ്ധ പാവമാ. വിശ്വസിക്കാന്‍ കൊളളാവുന്നവനും.”

“എനിക്കെന്തോ വല്ലാത്ത ഭയം. വലിയ പരിചയമൊന്നും ഇല്ലാത്ത ആളെ ബോയ്‌ഫ്രെണ്ടായി കൂടെ കൊണ്ടുപോവുന്നത് റിസ്കല്ലേ?”

“വെറും ഒരു മണിക്കൂര്‍ നേരത്തേക്കല്ലേ. സാരമില്ലെന്നേ. സാറ് ഒരു പ്രശ്നവും ഉണ്ടാക്കില്ല. അതുറപ്പ്‌. നീ എഴുന്നേറ്റ് ഒന്ന് ഫ്രെഷാവ്. എന്നിട്ട് വേഗം ഞങ്ങളോടൊപ്പം വാ. വിനയന്‍ സാറ് ലൈബ്രറിയില്‍ വേയ്റ്റു ചെയ്യുന്നുണ്ടാകും. സാറ് സമ്മതിച്ചാല്‍ നമ്മുടെ ഭാഗ്യം.”

അല്പ സമയത്തിനുള്ളില്‍ അവര്‍ മൂവരും ലൈബ്രറിയിലെത്തി. അകത്തേക്ക് കയറാന്‍ മടിച്ചുകൊണ്ട്‌ മഞ്ജു പറഞ്ഞു “എനിക്ക് സാറിനെ ഫേസ് ചെയ്യാന്‍ വയ്യ. നിങ്ങള്‍ സംസാരിച്ചാല്‍ മതി.”

വിനയന്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. മഞ്ജുവിന്‍റെ പ്രശ്നത്തെക്കുറിച്ച് വിശദീകരിച്ചശേഷം അയാളില്‍ നിന്നും എന്ത് സഹായമാണ് അവര്‍ പ്രതീക്ഷിക്കുന്നത് എന്നറിഞ്ഞപ്പോള്‍ വലയില്‍ വീണ പക്ഷിക്കുഞ്ഞിന്‍റെ പടപടപ്പോടെ അയാള്‍ പറഞ്ഞു “ഞാന്‍… എനിക്ക്… എനിക്ക് ബുദ്ധിമുട്ടുണ്ട്, ഐ അയാം സോറി.”

“വിനയന്‍ സാറ് ദയവു ചെയ്ത് അവളെ ഒന്ന് സഹായിക്കണം. ഈ ജോലി മറ്റാരെയും ഏല്പിക്കാന്‍ ഞങ്ങള്‍ക്ക് ധൈര്യമില്ല. അതുകൊണ്ടാണ്.” വരദയും പിങ്കിയും അയാളെ സ്വാധീനിക്കാന്‍ തീവ്രശ്രമം നടത്തിയെങ്കിലും വിനയന്‍ സ്വന്തം തീരുമാനത്തില്‍ ഉറച്ചു നിന്നതേയുള്ളൂ.

പിങ്കിയപ്പോള്‍ അടവൊന്നുമാറ്റി “മഞ്ജുവിപ്പോള്‍ വല്ലാത്തൊരു ഊരാക്കുടുക്കിലാണ് അകപ്പെട്ടിരിക്കുന്നതെന്ന് സാറിന് മനസ്സിലായിക്കാണുമല്ലോ. ഈ പ്രശ്നത്തില്‍നിന്ന് രക്ഷപ്പെടാനായില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരിക്കയാണവള്‍.” പിങ്കിയുടെ സ്വരമപ്പോള്‍ ഇടറി.

വിനയന്‍റെ മുഖം പെട്ടെന്ന് വിളറി. ഒരു നടുക്കം ഗ്രസിച്ചതുപോലെ പതറുന്ന സ്വരത്തിലയാള്‍ ചോദിച്ചു. “ആത്മഹത്യയോ? അതിനുമാത്രം എന്താ സംഭവിച്ചത്?”

“പൈസക്കു വേണ്ടി എന്ത് ദുഷ്പ്രവര്‍ത്തിയും ചെയ്യാന്‍ മടിയില്ലാത്ത ഒരുത്തനോടൊപ്പം ജീവിക്കുന്നതിലും ഭേദം മരിക്കുന്നതല്ലേ എന്നാ അവള്‍ ചോദിക്കുന്നത്. ഞങ്ങള്‍ എന്ത് സമാധാനം പറയും സര്‍?”

മഞ്ജുവിന്‍റെ നിസ്സഹായാവസ്ഥ തികച്ചും ബോദ്ധ്യമായി എന്നതിന്‍റെ തെളിവായി വിനയന്‍റെ മുഖത്ത് ആര്‍ദ്രഭാവം പ്രത്യക്ഷപ്പെട്ടു. വാതിലിന് പുറത്ത് അവരുടെ സംഭാഷണം ശ്രദ്ധിച്ച് കേട്ടുകൊണ്ട് നിന്നിരുന്ന മഞ്ജുവിനെ പിങ്കിയും വരദയുംകൂടി വിനയന്‍റെ മുന്നിലെത്തിച്ചു.

“പ്ലീസ് സര്‍… പ്ലീസ് ഹെല്‍പ് മി.” ദൈന്യതയോടെ കേണപേക്ഷിക്കുന്ന മഞ്ജുവിന്‍റെ മുഖത്തേക്ക് വിനയന്‍ പാളിയോന്നു നോക്കി.

അവളുടെ കലങ്ങിച്ചുവന്ന കണ്ണുകളില്‍ നോട്ടമുടക്കിയപ്പോള്‍ അയാളുടെ കണ്ണുകളില്‍ സഹതാപം നിഴലിച്ചു.

“സര്‍… പ്ലീസ്… സാറിന് മഞ്ജു എത്ര പ്രതിഫലം വേണമെങ്കിലും തരും.” പിങ്കി അറിയിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു വിനയന്‍. മദ്രാസിലെ പ്രശസ്തമായ ഒരു കമ്പനിയിൽ നിന്നും ഇന്‍റര്‍വ്യുവിന് കോള്‍ കിട്ടിയിരുന്നെങ്കിലും യാത്രച്ചിലവിനുള്ള പണമില്ലാത്തതിനാലുള്ള നൈരാശ്യത്തിലായിരുന്നു അയാള്‍.

“ഞാന്‍… ഞാനെന്ത് സഹായമാണ് ചെയ്യേണ്ടത്.” പാതിമനസ്സോടെയാണെങ്കിലും വിനയന്‍റെ നാവില്‍നിന്നും അയാളറിയാതെ വാക്കുകള്‍ അടര്‍ന്നു വീണു.

“അതെല്ലാം ഞങ്ങള്‍ വിശദമായിത്തന്നെ പറഞ്ഞുതരാം സര്‍. സാറ് ഞങ്ങള്‍ പറയുന്നതുപോലെ ചെയ്താല്‍ മാത്രം മതി.” പിങ്കിയും വരദയും ഒരേ സ്വരത്തില്‍ അറിയിച്ചു.

മഞ്ജു വിനയന് അഡ്വാന്‍സായി കൊടുക്കാനുള്ള പൈസയെടുക്കാന്‍ ഹോസ്റ്റലിലേക്ക് പോയപ്പോള്‍ മുരളി മനോഹരിന്‍റെ മുന്നില്‍ എങ്ങനെയൊക്കെ അഭിനയിക്കണമെന്നതിനെക്കുറിച്ച് പിങ്കിയും വരദയും അയാളുമായി ചര്‍ച്ച ചെയ്തു.

വിനയന് ആവശ്യമുള്ള തുക നല്കിയ ശേഷം ഹോസ്റ്റെലിലേക്ക് മടങ്ങുമ്പോള്‍ മഞ്ജു പറഞ്ഞു. “നമ്മുടെ പ്ലാന്‍ വിജയിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. വിനയന്‍സാറിന്‍റെ നനഞ്ഞ പൂച്ചയെപ്പോലുള്ള മട്ടും ഭാവവും കാണുമ്പോള്‍തന്നെ മുരളിക്ക് സംശയം തോന്നും.”

“നീയൊന്ന് സമാധാനിക്ക്, പുത്തന്‍ ഡ്രസ്സൊക്കെയിടുമ്പോള്‍ വിനയന്‍സാറിന് അല്പം ആത്മവിശ്വാസവുമൊക്കെ വരുമെന്നേ.” പിങ്കി അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

“നീയ് മുരളി മനോഹറിന്‍റെ മുന്നില്‍വെച്ച്‌ വിനയന്‍സാറെന്നൊന്നും വിളിച്ചേക്കല്ലേ. വിനയേട്ടാ എന്ന് അല്പം ഈണത്തില്‍ വിളിച്ചേക്കണം. പിന്നെ പരിചയപ്പെടുത്തുമ്പോള്‍ വിനയന്‍ സാറ് പിജി വിദ്യാര്‍ഥിയാണെന്ന് പറഞ്ഞേക്ക്.

“അങ്ങനെ വേണം പറയാനെന്ന് ഞങ്ങള്‍ സാറിനോടും പറഞ്ഞിട്ടുണ്ട്. അധികം ചോദ്യോത്തരങ്ങള്‍ക്കൊന്നും അവസരം നല്‍കാതെ മുരളി മാനോഹറിന്‍റെ അടുത്തുനിന്ന് നിങ്ങള്‍ കഴിയുന്നതും വേഗം കടന്നുകളയുകയും വേണം.” വരദ ഓര്‍മ്മിപ്പിച്ചു.

മുന്‍കൂട്ടി നിശ്ചയിച്ച പ്ലാന്‍ അനുസരിച്ച് അന്ന് കൃത്യം നാലുമണിക്ക് ഹോസ്റ്റലിന് അല്പം അകലെയുള്ള ഐസ്ക്രീം പാര്‍ലറിനു മുന്നില്‍ ഓട്ടോയുമായി വിനയന്‍ കാത്തു നിന്നിരുന്നു. വരദയും പിങ്കിയും ഓട്ടോവരെ മഞ്ജുവിനെ അനുഗമിച്ചു.

ഓട്ടോയില്‍ ഒതുങ്ങിക്കൂടിയിരിക്കുന്ന വിനയനെ കണ്ടപ്പോള്‍ മഞ്ജുവിന് ആശ്ചര്യത്തോടൊപ്പം മതിപ്പും തോന്നി. അന്തസ്സുള്ള വേഷം; കാലില്‍ കണ്ണാടിപോലെ മിന്നുന്ന ഷൂ; ക്ലീന്‍ ഷേവ് ചെയ്ത മുഖത്തിനിണങ്ങുന്ന മേല്‍മീശ; സ്റ്റൈലില്‍ ചീകിയൊതുക്കിയ തലമുടി; ഇടയ്ക്കിടെ നിലം പൊത്തുന്ന കണ്ണിണകളിലെ സങ്കോചഭാവം ഒഴിവാക്കിയാല്‍ സമ്പന്ന കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഒരു പിജി വിദ്യാര്‍ത്ഥിയുടെ എല്ലാ ലക്ഷണങ്ങളും വിനയനില്‍ ഒത്തിണങ്ങിയിട്ടുണ്ട് എന്നത് മഞ്ജുവിന് ആശ്വാസം പകര്‍ന്നു.

മഞ്ജുവിനേയും വിനയനെയും വഹിച്ചുകൊണ്ട് ഓട്ടോ അകന്നുപോയപ്പോള്‍ പിങ്കി സംതൃപ്തിയോടെ പറഞ്ഞു. “വിനയന്‍സാര്‍ നല്ല സ്മാര്‍ട്ട്‌ ആയിട്ടുണ്ടല്ലേ?”

“ഉം. സാറിന് ചങ്കുറപ്പോടെ മുരളി മനോഹറിന്‍റെ മുന്നില്‍ നില്‍ക്കാനുംകൂടി കഴിഞ്ഞാല്‍ ഓപ്പറേഷന്‍ സക്സെസ്സ്” വരദയുടെ സ്വരത്തില്‍ ശുഭാപ്തിവിശ്വാസം കലര്‍ന്നിരുന്നു.

ഹോട്ടല്‍ സൗത്ത് പാര്‍ക്കിന്‌ മുന്നില്‍ മഞ്ജുവും വിനയനും എത്തിയപ്പോള്‍ സമയം നാലര. മഞ്ജു വിനയനോടൊപ്പം റസ്റ്റോറന്‍റിലേക്ക് നടന്നു. അവള്‍ ഓരോ കോഫിക്ക് ഓര്‍ഡര്‍ നല്‍കി. മുരളി മനോഹറിന്‍റെ ഹൃദയത്തില്‍ ഒരു വൈദ്യുതാഘാതമേല്‍പ്പിക്കാനുള്ള തന്ത്രങ്ങള്‍ മഞ്ജു മനസ്സില്‍ കുറിച്ചിട്ടിരുന്നു. അവള്‍ അതെക്കുറിച്ച് വിനയനോട് വിശദമായി സംസാരിച്ചു.

നിമിഷങ്ങള്‍ കടന്നുപോയപ്പോള്‍ വിനയന്‍റെ അപരിചിതത്വം മെല്ലെ അകന്നുപോയി. അയാളുടെ സഹകരണമനോഭാവം മഞ്ജുവിന് ശുഭപ്രതീക്ഷ നല്‍കി. എങ്കിലും നിര്‍ണ്ണായക നിമിഷങ്ങളില്‍ വിനയന് ആത്മവിശ്വാസം നഷ്ടമായേക്കുമോ എന്ന ആശങ്കയുമില്ലാതിരുന്നില്ല.

കൃത്യം അഞ്ചുമണിക്ക് അവര്‍ റിസപ്ഷന്‍ ഹോളിലെ സോഫകളിലൊന്നില്‍ മുരളിയെയും കാത്തിരുന്നു.

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 14

ഫോണ്‍ എടുത്തത്‌ വരദയാണ്. “ഹലോ”

“ഹലോ! മഞ്ജു ഡാര്‍ലിംഗ്, താനെന്താ പെട്ടെന്ന് ഹോസ്റ്റലിലേക്ക് പൊയ്ക്കളഞ്ഞത്. തന്നെ കാണാന്‍ ഞാന്‍ തന്‍റെ വീട്ടിലേക്ക് വരാമെന്ന് പറഞ്ഞിരുന്നതല്ലേ? താനെന്നെ ശരിക്കും നിരാശപ്പെടുത്തി”

“ഞാന്‍ മഞ്ജുവല്ല, അവളുടെ റൂം‌മേറ്റ് വരദയാണ്.”

“ഹലോ വരദ, ഹൗ ആര്‍ യു, ഞാന്‍ ആരാണെന്ന് മനസ്സിലായോ?”

“മിസ്റ്റര്‍ മുരളി മനോഹര്‍…. അല്ലേ?” സൗഹാര്‍ദ്ദം തുളുമ്പുന്ന സ്വരത്തില്‍ വരദ ചോദിച്ചു.

“ഓ! യു ആര്‍ വെരി ക്ലെവെര്‍. എന്‍റെ സ്വരം പെട്ടെന്ന് തിരിച്ചറിഞ്ഞല്ലോ. മിടുക്കി. തന്‍റെ ഫ്രെണ്ട് അവിടെയില്ലേ?”

“ഉണ്ടായിരുന്നു. ഇന്ന് രാവിലേ അവള്‍ പീരുമേട്ടിലെ എസ്റ്റേറ്റിലേക്ക് പോയി”

“എസ്റ്റേറ്റിലേക്കോ? ഞാന്‍ മഞ്ജുവിന്‍റെ മൊബൈലില്‍ വിളിച്ചിട്ട് കിട്ടുന്നില്ല. എസ്റ്റേറ്റിലേ നമ്പര്‍ തനിക്കറിയാമോ.”

“ഇല്ല. മൊബൈല്‍ എവിടെയോ വെച്ച് മറന്നെന്ന് അവള്‍ പറയുന്നത് കേട്ടു.” വരദ ഒരു നുണകൂടി തട്ടിമൂളിച്ചു

“ഒകെ, ബൈ”

ഫോണ്‍ സംഭാഷണം അവസാനിച്ചപ്പോള്‍ വരദയുടെ അടുത്ത് നിന്നിരുന്ന മഞ്ജു ആശ്വാസത്തോടെ നെടുവീര്‍പ്പയച്ചുകൊണ്ട് പറഞ്ഞു “ഹാവൂ, രണ്ട് ദിവസത്തേക്ക് ഇനി ആ ശല്യമുണ്ടാവില്ല. പക്ഷേ അയാള്‍ മമ്മിയെ കോണ്ടാക്റ്റ്‌ ചെയ്താല്‍ കള്ളി വെളിച്ചത്താവും”

“നീ മനപ്പൂര്‍വം അയാളെ തഴഞ്ഞതാണെന്ന് നിന്‍റെ മമ്മി അറിഞ്ഞാല്‍…” വരദ ഓര്‍മ്മിപ്പിച്ചു

“പ്രശ്നമാകും. മമ്മിയെ സമാധാനിപ്പിക്കാന്‍ എന്തെങ്കിലും കള്ളം പറയേണ്ടിവരും.”

പ്രതീക്ഷിച്ചതുപോലെ പിറ്റേന്നു തന്നെ മഞ്ജുവിന് സേതുലക്ഷ്മിയുടെ ഫോണ്‍ വന്നു. കടുത്ത ശകാരം പ്രതീക്ഷിച്ചുകൊണ്ടാണ് മഞ്ജു ഫോണെടുത്തത്. “നിന്‍റെ അധികപ്രസംഗം കുറെ കൂടുന്നുണ്ട് കേട്ടോ. മുരളി നിന്നെ വിളിച്ചപ്പോള്‍ നീ എസ്റ്റേറ്റിലേക്ക് പോയെന്ന് നിന്‍റെ ഫ്രെണ്ടിനെക്കൊണ്ട് പറയിപ്പിച്ചതെന്തിനായിരുന്നു. നീയിങ്ങനെ ഒളിച്ചുകളിക്കുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ആരോടും പറയാതെ വീട്ടീന്ന് ഇറങ്ങിപ്പോവുക, പിന്നെ ഇങ്ങനെയോരോ തോന്നിവാസങ്ങളും!” സേതുലക്ഷ്മിയുടെ സ്വരം ക്ഷോഭംകൊണ്ട് വിറകൊണ്ടു.

“അത്… മമ്മി…” ഞാന്‍ എങ്ങനെയാണ് തന്‍റെ മമ്മിയെ സമാധാനിപ്പിക്കേണ്ടതെന്ന് ആലോചിക്കുകയായിരുന്നു അവള്‍. സത്യം തുറന്നുപറയാന്‍ നിര്‍വ്വാഹമില്ല. അത് കൂടുതല്‍ പ്രശ്നമാകും. ഡാഡിയും മമ്മിയുമായുള്ള വഴക്ക് കൂടുതല്‍ രൂക്ഷമാകാനും അത് കാരണമായേക്കും.

“നൂറായിരം തിരക്കുകള്‍ക്കിടയിലാണ് ആ പാവം നിന്നെ കാണാന്‍ എത്തിയത്. അപ്പോള്‍ നീ ഇവിടെ നിന്ന് കടന്നുകളഞ്ഞു. എന്നിട്ടും യാതൊരു പരിഭവവും ഭാവിക്കാതെ മുരളി നിന്നെ അങ്ങോട്ട്‌ വിളിക്കയല്ലേ ചെയ്തത്. അപ്പോള്‍ നാലു വാക്ക്‌ സന്തോഷത്തോടെ സംസാരിക്കേണ്ടതിന് പകരം ഇങ്ങനെയാണോ വേണ്ടത്? ഞാന്‍ മുരളിയോട് എന്ത് സമാധാനം പറയും?”

“എനിക്ക് പറയാനുള്ളതും കൂടി ഒന്ന് കേള്‍ക്ക് മമ്മി. നല്ലോണമിരുന്ന് പഠിച്ച് ഫസ്റ്റ്‌റാങ്ക് വാങ്ങണമെന്ന് മമ്മി എന്നോടെപ്പോഴും പറയാറില്ലേ? പരീക്ഷക്കിനി ഒരാഴ്ച്ചയല്ലേയുള്ളൂ. വീട്ടിലായിരുന്നപ്പോള്‍ ഈശ്വരി വലിയമ്മേടെയും ശിവരാമകൃഷ്ണേട്ടന്‍റെയും ശല്യം കൊണ്ട് മനസ്സുറപ്പിച്ച് ഒരക്ഷരം വായിക്കാന്‍ സാധിച്ചില്ല. ഞാനിവിടെ ഉണ്ടെന്നറിഞ്ഞാല്‍ മുരളി എന്നെ കാണാന്‍ ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ട് വരും. പുറത്ത് കറങ്ങാനൊക്കെ കൂടെ ചെല്ലാന്‍ പറഞ്ഞാല്‍ എനിക്ക് നോ പറയാന്‍ കഴിയോ? ഇനി അതിനൊക്കെ സമയം പാഴാക്കിയാല്‍ എക്സാമിന് പാസ്‌മാര്‍ക്കുപോലും കിട്ടില്ല. ആ പൂര്‍ണ്ണിമക്ക് വീമ്പിളക്കാനുള്ള അവസരമുണ്ടാക്കണോ മമ്മി?”

മമ്മിയുടെ പ്രധാന ശത്രു ഇപ്പോള്‍ പൂര്‍ണ്ണിമയാണെന്ന് മഞ്ജുവിന് ഉറപ്പായിരുന്നു. അതിനാല്‍ തന്‍റെ ന്യായീകരണം മമ്മിയുടെ പരാതികള്‍ക്ക് തടയിടുമെന്നും അവള്‍ക്കറിയാമായിരുന്നു. മഞ്ജുവിന്‍റെ പ്രതീക്ഷ തെറ്റിയില്ല. സേതുലക്ഷ്മിയുടെ സ്വരം പെട്ടെന്ന് മയപ്പെട്ടു.

“ഓ! അതാണോ പ്രശ്നം. എങ്കില്‍ ശരി. മുരളി എന്നെ വിളിച്ചാല്‍ ഞാന്‍ എന്താണ് പറയേണ്ടത്?”

“എക്സാം തുടങ്ങുന്നതിന്‍റെ തലേന്നേ ഞാന്‍ എസ്റ്റേറ്റില്‍ നിന്ന് ഹോസ്റ്റലില്‍ തിരിച്ചെത്തുകയുള്ളൂ എന്ന് പറഞ്ഞാല്‍ മതി.”

“ശരി ജൂജൂ, അങ്ങനെ പറഞ്ഞേക്കാം.”

“മമ്മി, ഡാഡി അവിടെയുണ്ടോ?” പണിക്കര്‍ എസ്റ്റേറ്റിലാണെന്ന് തനിക്ക് അറിയില്ലെന്ന ഭാവത്തില്‍ മഞ്ജു ചോദിച്ചു

“ഡാഡി എസ്റ്റേറ്റിലേക്ക് പോയി.”

“എപ്പോള്‍?”

“നീ ഹോസ്റ്റലിലേക്ക് പോയ ദിവസം തന്നെ.”

“അവിടെ കൃഷിപ്പണിയൊന്നും ഇല്ലാത്ത സമയമാണെന്നാണല്ലോ ഡാഡി പറഞ്ഞത്. പിന്നെയെന്തിനാ പോയത്?”

“ആ ആര്‍ക്കറിയാം.”

“മമ്മി ചോദിച്ചില്ലേ?”

“ഒന്നും പറയാതെ സ്ഥലം വിടുകയായിരുന്നല്ലോ. ഞാന്‍ ബാങ്കില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ നീയുമില്ല നിന്‍റെ ഡാഡിയുമില്ല.”

“മമ്മിക്ക്‌ ഡാഡിയെ ഒന്ന് വിളിക്കാമായിരുന്നു.”

“ഞാനെന്തിനാ വിളിക്കുന്നത്‌?”

“ഡാഡിയുടെ വിവരങ്ങള്‍ അറിയാന്‍, എന്ന് മടങ്ങി എത്തുമെന്നറിയാന്‍…”

“എന്നോട് പറയാതെയല്ലേ പോയത്? പിന്നെ ഞാനെന്തിനാ അങ്ങോട്ട്‌ വിളിച്ചന്വേഷിക്കുന്നെ?”

“എങ്കില്‍ ഞാനൊന്ന് ഡാഡിയെ വിളിച്ചു നോക്കാം.”

“നീ വെറുതെ സമയം പാഴാക്കികളയാണ്ട് പഠിക്കാന്‍ നോക്ക്.” സേതുലക്ഷ്മിയുടെ സ്വരത്തില്‍ സ്വന്തം ഭര്‍ത്താവിനോടുള്ള അമര്‍ഷം വ്യക്തമായിരുന്നു.

ലൈന്‍ പെട്ടെന്ന് കട്ടായപ്പോള്‍ ഡാഡിയും മമ്മിയും സന്ധിയില്ലാ സമരത്തിലാണെന്ന് അവള്‍ക്ക് മനസ്സിലായി. അവള്‍ അപ്പോള്‍ത്തന്നെ പീരുമേട്ടിലെ എസ്റ്റേറ്റിലേക്ക് വിളിച്ചു.ഫോണെടുത്തത് ഫാം ഹൗസിന്‍റെ കെയര്‍ ടേക്കര്‍ മാരിയപ്പനാണ്.

“മഞ്ജുവാണ്. ഡാഡിയില്ലേ?”

“സാര്‍ വെളിയിലെ പോയാച്ച്.”

“എവിടെക്കാ പോയത്?”

“തെരിയാത്”

മഞ്ജുവിന്‍റെ സംഭാഷണം അവസാനിച്ചപ്പോള്‍ വരദ ചോദിച്ചു “എന്തായിരുന്നു നിന്‍റെ മമ്മിയുടെ റിയാക്ഷന്‍”

“പുള്ളിക്കാരി നല്ല ചൂടിലായിരുന്നു. പിന്നെ ഒരുവിധത്തില്‍ ഞാന്‍ മമ്മിയെ ഒതുക്കി. മുരളിയോട് ഞാന്‍ എസ്റ്റേറ്റിലാണെന്ന് പറഞ്ഞേക്കാമെന്ന് മമ്മി സമ്മതിച്ചിട്ടുണ്ട്. ഡാഡിയെ വിളിച്ചിട്ട് കിട്ടിയില്ല. രാവിലേ ഡാഡി എങ്ങോട്ടാണാവോ പോയത്. ഡാഡിയും മമ്മിയും തമ്മിലുള്ള പിണക്കം എന്നെ ചൊല്ലിയാണല്ലോ എന്നാലോചിക്കുമ്പോള്‍… ” മഞ്ജുവിന്‍റെ മിഴികള്‍ ഈറനായി

“നീ ഈ പ്രശ്നങ്ങളെല്ലാം തത്ക്കാലത്തേക്ക് മാറ്റിവെക്ക്. എന്നിട്ട് എക്സാമിന് പ്രിപ്പയര്‍ ചെയ്യ്.” വരദ അവളെ ഉപദേശിച്ചു.

പരീക്ഷകള്‍ ആരംഭിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് പിങ്കി തോമസ് മടങ്ങിയെത്തി. മഞ്ജുവിനെ കണ്ടപ്പോള്‍ അവള്‍ക്ക് അത്ഭുതമായി.

“നീ എന്നാ വന്നത്?”

“ഒരാഴ്ച്ചയായി”

“നീ എക്സാമിന്‍റെ തലേന്നേ വരുള്ളൂ എന്നല്ലേ പറഞ്ഞിരുന്നത്? അതൊക്കെ പോട്ടെ. നിന്‍റെ വിവാഹനിശ്ചയം അടിപൊളിയായി നടന്നിരിക്കും അല്ലേ. നിന്‍റെ മമ്മിയും ഡാഡിയും ഐഎഎസുകാരനെ മരുമകനായി കിട്ടാന്‍ പോകുന്നതിന്‍റെ ത്രില്ലിലായിരിക്കും. ഫോട്ടോ ആല്‍ബം കൊണ്ടുവന്നിട്ടില്ലേ? ആദ്യം അതൊക്കെയൊന്ന് കാണട്ടെ. എന്നിട്ട് വേണം….”

പിങ്കിയുടെ നിര്‍ത്താതെയുള്ള സംസാരത്തിനിടക്ക് കയറി വരദ പറഞ്ഞു “നീ അവളോട്‌ തല്ക്കാലം കൂടുതലൊന്നും ചോദിക്കണ്ട. വിവാഹനിശ്ചയം മുടങ്ങി. മാത്രമല്ല തികച്ചും അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങള്‍ ഉണ്ടാകുകയും ചെയ്തു. നമുക്ക് മെസ്സ് ഹോളില്‍ പോയി ചായ കുടിച്ചിട്ട് വരാം. ആ വിശേഷങ്ങളൊക്കെ പിന്നീട് സംസാരിക്കാം.”

വരദയില്‍നിന്ന് മഞ്ജുവിന്‍റെ വിവാഹനിശ്ചയം മുടങ്ങിയതിന്‍റെ കാരണമറിഞ്ഞപ്പോള്‍ പിങ്കി അല്‍പനേരം സ്തംഭിച്ചിരുന്നു പോയി. പിന്നെയവള്‍ പൊട്ടിത്തെറിച്ചു “ഹോ! ഇത്തരത്തിലൊരു കൊടുംവഞ്ചന; അതും സ്വന്തം സ്നേഹിതയോട്, പൂര്‍ണ്ണിമ ഇത്രയ്ക്കു മനസ്സാക്ഷി ഇല്ലാത്തവളാണെന്ന് ഞാന്‍ കരുതിയിരുന്നില്ല.”

വരദയപ്പോള്‍ പഴയൊരു സംഭവമോര്‍മ്മിച്ചു. “പണ്ടേ അവള്‍ക്ക് മഞ്ജുവിനോട് കടുത്ത അസൂയയായിരുന്നില്ലേ? കഴിഞ്ഞ വര്‍ഷം മഞ്ജു കോളേജ് ബ്യൂട്ടിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അവള്‍ ജഡ്ജെസ്സിനെ ചീത്തവിളിച്ചുകൊണ്ട് കലി തുള്ളിയത് ഓര്‍മ്മയില്ലേ? അങ്ങനെ എന്തെല്ലാം സംഭവങ്ങള്‍. വിവാഹത്തിന്‍റെ വിഷയത്തിലെങ്കിലും മഞ്ജുവിനെ തോല്പിക്കണമെന്ന വാശിയായിരിക്കും ഇത്തരമൊരു കാലുവാരലിന് അവളെ പ്രേരിപ്പിച്ചത്.”

“വാസ്തവത്തില്‍ എനിക്ക് പൂര്‍ണ്ണിമയോട് പിണക്കമൊന്നുമില്ല; സത്യം പറഞ്ഞാല്‍ അല്പം നന്ദിപോലും തോന്നുന്നുണ്ട്. വാക്കിന് വ്യവസ്ഥയില്ലാത്ത, സ്വന്തം നേട്ടങ്ങള്‍ക്കായി എന്ത് നെറികേടിനും മടിക്കാത്ത ഒരു ജീവിതപങ്കാളിയോടൊപ്പം ജീവിക്കേണ്ട ദുരവസ്ഥയിൽ നിന്നും അവളെന്നെ രക്ഷപ്പെടുത്തിയല്ലോ. ആ ഐഎഎസിനെ അവള്‍ തന്നെ എടുത്തോട്ടേ. ഞാന്‍ രക്ഷപ്പെട്ടല്ലോ, എനിക്കതുമതി.”

“ശരിയാ, വഞ്ചകനും വഞ്ചകിയും. ശരിക്കും മേഡ് ഫോര്‍ ഈച്ച് അതെര്‍.” വരദയുടെ വിശേഷണം അവര്‍ക്കിടയില്‍ പൊട്ടിച്ചിരിയുടെ അലകളുയര്‍ത്തി.

എക്സാം തുടങ്ങുന്ന ദിവസം പുലര്‍ന്നു. എന്നിട്ടും പൂര്‍ണ്ണിമ ഹോസ്റ്റലില്‍ എത്തിയില്ല.

പൂര്‍ണ്ണിമ പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിച്ചുവോ എന്നുപോലും അവര്‍ സംശയിക്കാതിരുന്നില്ല. ഇതുവരെ പഠിച്ചിട്ട് ആരെങ്കിലും പരീക്ഷ എഴുതതിരിക്കുമോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു അവര്‍. എന്നാല്‍ പരീക്ഷാഹോളില്‍ ചെന്നപ്പോള്‍ അവരെയെല്ലാം വിസ്മയിപ്പിച്ചുകൊണ്ട്‌ പൂര്‍ണ്ണിമ അവിടെയുണ്ടായിരുന്നു. അവള്‍ വല്ലാതെ മെലിഞ്ഞു പോയതായി സ്നേഹിതകള്‍ക്ക് തോന്നി. പരിക്ഷീണമായ കണ്ണുകള്‍ അവരെ മനപ്പൂര്‍വം ഒഴിവാക്കുന്നപോലെ. പരീക്ഷ തുടങ്ങാന്‍ സമയമായതുകൊണ്ട്‌ അവര്‍ക്ക് പൂര്‍ണ്ണിമയോട് ഒന്നും സംസാരിക്കാനായില്ല. പരീക്ഷ കഴിഞ്ഞ് ഹോളില്‍ നിന്നിറങ്ങിയശേഷവും അവളെ കാണാതിരുന്നപ്പോള്‍ അവള്‍ നേരെ ഹോസ്റ്റലിലേക്ക് പോയിരിക്കുമെന്നാണ് കരുതിയത്‌. പക്ഷേ അവളവിടെ ഉണ്ടായിരുന്നില്ല.

“പിന്നെയവള്‍ എങ്ങോട്ടുപോയി?”പിങ്കി പാതി തന്നോട് തന്നെയെന്നപോലെ ചോദിച്ചു “നാളെയും എക്സാം ഉണ്ടല്ലോ. അതുകൊണ്ട് അവള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ സാദ്ധ്യതയില്ല.”

“പിന്നെയവളെവിടെ?” അടുത്ത നിമിഷം എന്തോ ഓര്‍മ്മ വന്നതുപോലെ വരദ പറഞ്ഞു. “അവളുടെ ഒരു ബന്ധു കോളേജിനടുത്ത് എവിടെയോ താമസിക്കുന്നുണ്ടെന്ന് അവള്‍ പറയാറുള്ളത് ഓര്‍മ്മയില്ലേ? അവളങ്ങോട്ടായിരിക്കും പോയത്”

“പക്ഷേ എന്തുകൊണ്ടാണവള്‍ ഹോസ്റ്റലിലേക്ക് വരാതിരുന്നത്?”

“അതാണെനിക്ക് മനസ്സിലാകാത്തത്.” മഞ്ജു പറഞ്ഞു

“ഒരുപക്ഷെ നിന്നെ ഫേസ് ചെയ്യാനുള്ള സങ്കോചം കൊണ്ടായിരിക്കും.” വരദ പറഞ്ഞു

“ശരിയാ, അത്രേം വലിയ ചതിയല്ലേ അവള്‍ മഞ്ജുവിനോട് ചെയ്തത്. മൂന്നു വര്‍ഷത്തോളം നമ്മുടെ കൂടെ ഒരേ മുറിയില്‍ താമസിച്ചിട്ടും ഒരു പരിചയമില്ലാത്തതുപോലെയായിരുന്നു അവളുടെ ഭാവം.”

“അവളുടെ മുഖത്ത് തീരെ പ്രസന്നതയില്ലാത്തതുപോലെ തോന്നി എനിക്ക്. വല്ലാത്തൊരു മ്ലാനത. നിങ്ങളത് ശ്രദ്ധിച്ചോ?” മഞ്ജു ചോദിച്ചു

“അവള്‍ക്ക് വല്ലാത്തൊരു മാറ്റം സംഭവിച്ചതുപോലെ എനിക്കും തോന്നി.” വരദ മഞ്ജുവിന്‍റെ അഭിപ്രായത്തെ അനുകൂലിച്ചു.

“അതൊരുപക്ഷേ കുറ്റബോധം കൊണ്ടായിരിക്കും.”

“എക്സാം കഴിഞ്ഞാല്‍ നമുക്കെല്ലാവര്‍ക്കും ഈ റൂം ഒഴിയണമല്ലോ. അതിനവള്‍ക്ക് ഇങ്ങോട്ട് വന്നല്ലേ പറ്റൂ.”

രണ്ടു ദിവസങ്ങള്‍ക്ക് ശേഷം മഞ്ജു വീണ്ടും വീട്ടിലേക്ക്‌ വിളിച്ചു. ധര്‍മ്മേന്ദ്രനാണ് ഫോണെടുത്തത്. “ധര്‍മന്‍ ചേട്ടാ ഡാഡി തിരിച്ചെത്തിയില്ലേ?”

“ഇല്ല കുഞ്ഞേ. സാറ് പതിവായി കഴിക്കുന്ന മരുന്നുകളെല്ലാം വാങ്ങി അങ്ങോട്ടെത്തിക്കാന്‍ പറഞ്ഞിരിക്കയാ. ഞാന്‍ നാളെ പീരുമേട്ടിലേക്ക് പോകും. അവിടെ തോരാത്ത മഴയണെന്നാ സാറ് പറഞ്ഞത്.”

“ഡാഡിയോട് എന്നെ വിളിക്കാന്‍ പറയണം കേട്ടോ.”

“ശരി കുഞ്ഞേ.”

മഞ്ജു പീരുമേട്ടിലേക്ക് വിളിച്ചെങ്കിലും ലൈനിനെന്തോ പ്രശ്നമുള്ളതുപോലെ കൂകൂ എന്നൊരു ശബ്ദം മാത്രം.

എത്രയും വേഗം ഉണ്ണിത്താന്‍റെ അരികിലെത്തണമെന്നു തോന്നി അവള്‍ക്ക്. പക്ഷേ ഇനിയും മൂന്ന്‌ പേപ്പര്‍ കൂടി എഴുതാനുണ്ട്. പിന്നെ ശനിയും ഞായറും മുടക്കം. തിങ്കളാഴ്ച മുതല്‍ പ്രാക്ടിക്കല്‍ എക്സാംസ് തുടങ്ങും. അതുകൂടി കഴിഞ്ഞിട്ടേ എങ്ങോട്ടെങ്കിലും പോകാനാകൂ.

മനോസങ്കര്‍ഷത്തോടെയാണെങ്കിലും മഞ്ജുവിന് പരീക്ഷകളെല്ലാം നന്നായെഴുതാന്‍ കഴിഞ്ഞു.

അവസാനത്തെ പരീക്ഷയും കഴിഞ്ഞശേഷം സന്ധ്യക്ക് മഞ്ജുവും സ്നേഹിതകളും വലിയൊരു ഭാരം ചുമലിൽ നിന്ന് ഒഴിവായെന്ന ആശ്വാസത്തോടെ റൂമിലിരുന്ന് സംസാരിക്കുകയായിരുന്നു.

അപ്പോള്‍ ആയമാരിലൊരാള്‍ വന്നറിയിച്ചു “മഞ്ജുവിനൊരു ഫോണ്‍.”

ഉണ്ണിത്താനായിരിക്കുമെന്ന പ്രതീക്ഷയോടെയാണ് മഞ്ജു ഫോണെടുത്തത്. ഹലോ ഡാഡി എന്ന് പറയാന്‍ തുടങ്ങിയപ്പോഴേക്കും മുരളിയുടെ സ്വരം. അപായമണി മുഴങ്ങിയതുപോലെ അവളുടെ മുഖം വിളറിപ്പോയി.

“മഞ്ജു മൈ ഡാര്‍ലിംഗ്. ഹൗ ആര്‍ യു” പ്രേമാതുരമായ വാക്കുകള്‍…

പക്ഷേ കാതുകള്‍ ചുട്ടുപൊള്ളും പോലെയാണ് അവള്‍ക്കപ്പോള്‍ തോന്നിയത്. അവളിൽ നിന്നും പ്രതികരണമൊന്നും കിട്ടാതായപ്പോള്‍ മുരളിയുടെ സ്വരം അല്പംകൂടി ഉച്ചത്തിലായി. “ശരിക്ക് കേള്‍ക്കുന്നില്ലേ? അതോ തനിക്കെന്നെ മനസിലാവാഞ്ഞിട്ടാണോ? മഞ്ജു ഡാര്‍ലിംഗ്… ഇത് ഞാനാണ്‌… യുവര്‍ സ്വീറ്റ് ഹാര്‍ട്ട്. എക്സാമിന്‍റെ തിരക്കില്‍ ഈ പാവത്തിനെ മറന്നുവല്ലേ?”

“വഞ്ചകന്‍” പല്ലിറുമ്മി ക്കൊണ്ട് മഞ്ജു അയാളെ മനസാ ശപിച്ചു. പിന്നെ വിരക്തിയോടെ പറഞ്ഞു “മറന്നിട്ടൊന്നുമില്ല”

“താങ്ക് ഗോഡ്. നാളെ ഞാന്‍ ആ വഴി വരുന്നുണ്ട്, തന്നെ ഒന്ന് കാണാന്‍. ആര്‍ യു ഹാപ്പി”

“സോറി, എനിക്ക് തീരെ സമയമുണ്ടാവില്ല. എക്സാംസ് കഴിഞ്ഞിട്ടില്ല.”

“പരീക്ഷകളെല്ലാം ഇന്നത്തോടെ കഴിഞ്ഞെന്ന് തന്‍റെ മമ്മി പറഞ്ഞല്ലോ. ഞാന്‍ തന്നെ കാണാന്‍ വരുന്നുണ്ടെന്ന് അറിയിച്ചപ്പോള്‍ തന്‍റെ മമ്മിക്ക്‌ എന്ത് സന്തോഷമായെന്നോ.”

മഞ്ജു അപ്പോഴും നാവിറങ്ങിപ്പോയതുപോലെ മരവിച്ച് നില്‍ക്കുകയായിരുന്നു

”സ്വീറ്റ് ഹാര്‍ട്ട്, തനിക്കെന്താ എന്നോടൊരു പരിഭവം പോലെ, ഞാനങ്ങോട്ട് എത്തിയാലുടനെ തന്‍റെ പിണക്കമെല്ലാം മാറ്റി തരുന്നുണ്ട്. അപ്പോള്‍ ഞാനെത്തുന്നു, നാളെ വൈകുന്നേരം കൃത്യം അഞ്ചിന്. നമുക്കിത്തവണ ഹോട്ടല്‍ സൗത്ത് പാര്‍ക്കില്‍ പോകാം. തന്നെ ഞാന്‍ ഹോസ്റ്റലില്‍ നിന്ന് പിക്ക് അപ് ചെയ്യാം. ഫ്രെണ്ട്സിനെയെല്ലാം ഒഴിവാക്കിയേക്കണം, കേട്ടോ. ഇത്തവണ നമ്മള്‍ രണ്ടുപേരും മാത്രം.”

അയാളുടെ പൊട്ടിച്ചിരി കാതില്‍ വന്നലച്ചപ്പോള്‍ ഫോണ്‍ എറിഞ്ഞുടക്കാനുള്ള ഒരാവേശം തന്നെ തോന്നി അവള്‍ക്ക്.

പെട്ടെന്ന് അയാളുടെ ശല്യമൊഴിവാക്കാനുള്ള ഉപായമെന്ന നിലക്ക് ഒരു ഉള്‍പ്രേരണ കൊണ്ടെന്നപോലെ അവള്‍ പറഞ്ഞു “ഞാന്‍… ഞാന്‍ ഹോട്ടലില്‍ എത്തിയേക്കാം.”

“ഓ കെ. ഗുഡ് പ്ലാന്‍. തന്‍റെ ഫ്രെണ്ട്സിനെ ഒഴിവാക്കാന്‍ അതാ നല്ലത്. താനീ വിവരം അവരോടൊന്നും പറഞ്ഞേക്കരുത്. കൃത്യം അഞ്ചുമണിക്ക് ഞാന്‍ ഹോട്ടല്‍ സൗത്ത് പാര്‍ക്കിലെ റിസപ്ഷനില്‍ തന്നെ വേയ്റ്റ് ചെയ്യുന്നുണ്ടാകും. ബൈ, സ്വീറ്റ് ഡ്രീംസ്‌.” പൊള്ളുന്ന വസ്തുവിനെയെന്നപോലെ ഫോണ്‍ ക്രേഡിലില്‍ നിക്ഷേപിച്ച ശേഷം ഷോളിന്‍റെ അറ്റംകൊണ്ട് മുഖത്തെ വിയര്‍പ്പുചാലുകള്‍ തുടച്ചുകൊണ്ട് മഞ്ജു റൂമിലേക്ക്‌ മടങ്ങി.

അവളുടെ മുഖത്തെ പാരവശ്യം കണ്ടപ്പോള്‍ വരദ ചോദിച്ചു. “ആരാ വിളിച്ചത്?”

“അയാള്‍, മുരളീ മനോഹര്‍ എന്ന ദുഷ്ടന്‍. ഐ ആം ഈഗേര്‍ലി വേറ്റിംഗ് ടു സീ യു എന്ന്! അയാള്‍ നാളെ വൈകുന്നേരം ഇങ്ങോട്ട് വരുന്നെന്ന്! എന്നിട്ട് സൗത്ത് പാര്‍ക്കില്‍ ഡിന്നറിന് കൊണ്ടുപോകാമെന്ന്, എന്തൊരഭിനയം. ചതിയന്‍, ദുഷ്ടന്‍!” മഞ്ജുവിന്‍റെ സ്വരത്തില്‍ ഈര്‍ഷ്യയും വെറുപ്പും നുരഞ്ഞുപതഞ്ഞു.

നാവുകൊണ്ടുള്ള പ്രഹരംകൊണ്ട് മതിവരാത്തതുപോലെ മേശപ്പുറത്ത് മുഷ്ടി ചുരുട്ടി പലവട്ടം മര്‍ദ്ദിച്ചുകൊണ്ട് അവള്‍ പൊട്ടിത്തെറിച്ചു “അയാളെ എനിക്കിനി കാണണ്ട. ഒരിക്കലും കാണണ്ട.”

“നീ എന്തിനാ ഇങ്ങനെ അപ്സെറ്റാകുന്നെ? അയാളെ കാണാന്‍ താല്പര്യമില്ലെന്ന് നീ നിന്‍റെ മമ്മിയെ വിളിച്ച് പറഞ്ഞേക്ക്. നിന്‍റെ മമ്മി അയാളെ വിളിച്ച് വിവരമറിയിച്ചോളും.”

“കൊള്ളാം. മമ്മിയെ വിളിച്ച് പറഞ്ഞാലൊന്നും യാതൊരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല. മമ്മി അയാളെ തോളത്ത് കയറ്റി വെച്ചിരിക്കയല്ലേ. അയാളെകൊണ്ടുതന്നെ എന്നെ കെട്ടിക്കുമെന്ന വാശിയിലാ മമ്മി. അയാളെന്നെ കാണാന്‍ വരുന്നതില്‍ ഏറ്റവും സന്തോഷിക്കുന്നത് മമ്മി ആയിരിക്കും.”

“അപ്പോള്‍ മമ്മിയോട് പറഞ്ഞതുകൊണ്ട് പ്രയോജനമില്ല. പിന്നെ അയാളെ ഒഴിവാക്കാന്‍ എന്താണ് വഴി?”

“അയാള്‍ എന്നെ പിക്ക് അപ് ചെയ്യാന്‍ ഇങ്ങോട്ട് വരാമെന്ന് പറഞ്ഞപ്പോള്‍ അത് വേണ്ട ഞാന്‍ ഹോട്ടലിലേക്ക് എത്തിക്കൊള്ളാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഞാന്‍ അങ്ങോട്ട്‌ പോകുന്ന പ്രശ്നമില്ല. കുറേനേരം എന്നെ കാത്തിരുന്ന് മടുക്കുമ്പോള്‍ അയാള്‍ മടങ്ങി പൊയ്ക്കോളും.”

“നിന്നെ കാണാതാകുമ്പോള്‍ അയാള്‍ നിരാശനായി മടങ്ങുമെന്ന് എന്താ ഉറപ്പ്. നിന്നെ അന്വേഷിച്ചയാള്‍ ഇങ്ങോട്ട് വന്നാലോ?” വരദ സംശയമുന്നയിച്ചു

“വന്നാല്‍… വന്നാല്‍ ഞാന്‍ എന്ത് ചെയ്യും? മമ്മിയും ഡാഡിയും തമ്മില്‍ വഴക്കായതും ഡാഡി വീട്ടീന്ന് ഇറങ്ങി പോയതുമെല്ലാം അയാള്‍ കാരണമാണ്. അയാളെന്‍റെ ജീവിതം നശിപ്പിക്കും.” ഇരുകൈകള്‍കൊണ്ടും മുഖം പൊത്തിക്കൊണ്ട് മഞ്ജു തേങ്ങിക്കരഞ്ഞു.

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 13

“ഒന്ന് വേഗം പറയെന്‍റെ ഡാഡി” മഞ്ജു ധൃതികൂട്ടി.

“പറയാം. എല്ലാം കേട്ടതിനുശേഷം നീതന്നെ ഒരു തീരുമാനത്തിലെത്തിയാൽ മതി. നിന്‍റെ തീരുമാനം എന്തായാലും ഡാഡിയത് സന്തോഷത്തോടെ സ്വീകരിക്കും. സത്യം”

“ശരി. വളച്ചുകെട്ടാതെ പ്രശ്നമെന്താണെന്ന് പറയെന്‍റെ പൊന്നു ഡാഡി ”

“നിന്‍റെ കല്യാണനിശ്ചയം മുടങ്ങിയത് സോമനാഥപണിക്കർക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടായതുകൊണ്ടൊന്നുമല്ലെന്‍റെ മോളേ. നിന്‍റെ മമ്മി ഓഫർ ചെയ്തതിനേക്കാൾ സ്ത്രീധനം നല്കാമെന്ന് പറഞ്ഞ് നിന്‍റെ ക്ലാസ്മേറ്റ് പൂർണ്ണിമയുടെ അച്ഛൻ ചന്ദ്രശേഖർ മുരളിയുടെ അച്ഛനെ പ്രലോഭിപ്പിച്ചതുകൊണ്ടാണ്. സത്യത്തിൽ നെറികെട്ടൊരു കാലുമാറ്റമാണ് പണിക്കരും മുരളിയും ചേർന്ന് നടത്തിയത്.”

ശരീരത്തിലൂടെ ഒരു മിന്നൽപിണർ കടന്നുപോയതുപോലെ തോന്നി മഞ്ജുവിന്. ഉണ്ണിത്താന്‍റെ മുഖത്തേക്ക് കണ്ണിമക്കാതെ നോക്കിക്കൊണ്ട് അവൾ ഒരു പ്രതിമ കണക്കെ ഇരുന്നു പോയി.

മനസ്സല്പം ശാന്തമായപ്പോൾ ചില സംഭവങ്ങൾ മഞ്ജുവിന്‍റെ ഓർമ്മയിൽ തെളിഞ്ഞുവന്നു. വളരെ ആർഭാടപൂർവ്വം നടക്കേണ്ട വിവാഹനിശ്ചയചടങ്ങ് അവസാനഘട്ടത്തിൽ മുടങ്ങിപ്പോയത്, അതിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം എന്തോ ഒളിക്കുന്നതുപോലുള്ള മമ്മിയുടെ മുഖത്തെ ഭാവപകർച്ച, തന്നെ ഉൽക്കണ്ഠാകുലയാക്കിക്കൊണ്ട് ദിവസങ്ങളോളം നീണ്ടുപോയ മുരളിയുടെ മൗനം, ഇന്ന് വീണ്ടും സംസാരിച്ചപ്പോൾ, സ്വന്തം ഡാഡിക്കല്ല അങ്കിളിനാണ് അറ്റാക്കുണ്ടായത് എന്ന മുരളിയുടെ വെളിപ്പെടുത്തലിലെ ദുർഗ്രാഹ്യത. ഇതെല്ലാം ഒന്നിനോടൊന്ന് ചേർത്തുവെച്ച് ആലോചിച്ചപ്പോൾ ഉണ്ണിത്താന്‍റെ വാക്കുകളിൽ സത്യം ഉണ്ടെന്നുതോന്നി അവൾക്ക്.

“ഓ! ഗോഡ്! ഇങ്ങനെയൊരു ചതി. പൂർണ്ണിമ… അവളിങ്ങനെ…” മഞ്ജുവിന്‍റെ സ്വരമിടറി

“പണിക്കരുടെ കാലുമാറ്റത്തിന്‍റെ രഹസ്യം എന്താണെന്നറിഞ്ഞപ്പോൾ എന്തു വിലകൊടുത്തും മുരളിയെക്കൊണ്ടുതന്നെ നിന്‍റെ കഴുത്തിൽ താലി കെട്ടിക്കണമെന്ന് നിന്‍റെ മമ്മിക്കും വാശിയായി. നിന്‍റെ മമ്മി നമ്മുടെ ഓഫർ ഇരട്ടിയാക്കി. അതോടെ ചന്ദ്രശേഖറും മകളും ഔട്ട്!”

“കഷ്ടം! മമ്മിക്ക് യാഥാർത്ഥ്യമെന്തെന്ന് എന്നോട് തുറന്നുപറയാമായിരുന്നു. എങ്കിൽ മമ്മിയെ ഞാനീ കാളക്കച്ചവടത്തിന് സമ്മതിക്കുമായിരുന്നില്ല. ഈ ലോകത്ത് വേറെ ആണുങ്ങളില്ലാത്ത പോലെ” മഞ്ജുവിന്‍റെ സ്വരത്തിൽ അമർഷവും ദുഖവുമുണ്ടായിരുന്നു.

“നല്ല സ്നേഹോള്ള ഒരുത്തനെ നമുക്ക് താമസിയാതെ കണ്ടെത്താനാകുമെന്ന് ഞാൻ നിന്‍റെ മമ്മിയോട് പലവട്ടം പറഞ്ഞുനോക്കിയതാ. അങ്ങനെയുള്ള ഒരുവനിപ്പോൾതന്നെ നമ്മുടെ കൺവെട്ടത്തുതന്നെയുണ്ടുതാനും”

“ഡാഡി… ഡാഡീ… ആ ബന്ധം എനിക്കിഷ്ടമല്ലെന്ന് ഞാനാദ്യമേതന്നെ പറഞ്ഞിട്ടുണ്ട് കേട്ടോ.”

“എന്‍റെ മഞ്ചാടിമോളേ, നിന്നെ ആ ശിവരാമൻ കണ്ണിലെ കൃഷ്ണമണിപോലെ പരിപാലിച്ചോളും. വിദ്യാഭ്യാസോം പരിഷ്ക്കാരോമൊക്കെ അല്പം കുറവാണെങ്കിലെന്താ. നല്ല സ്നേഹോള്ളവനാ അവൻ.”

“ഡാഡി മറ്റെന്തു പറഞ്ഞാലും ഞാനനുസരിക്കാം. പക്ഷെ ഇതുമാത്രം പറയരുത്.”

“നീ ഒന്നുംകൂടൊന്ന് ആലോചിച്ച് നോക്ക്. എനിക്കത്രമാത്രേ പറയാനുള്ളു” ഒരു നിമിഷത്തെ ഇടവേളക്കുശേഷം എന്തോ ഓർമ്മ വന്നമട്ടിൽ ഉണ്ണിത്താൻ തുടർന്നു “ഞാനീ പറഞ്ഞ കാര്യങ്ങളൊന്നും നീ സേതൂനോട് ചോദിച്ചേക്കല്ലേ. നീയൊന്നും അറിഞ്ഞതായി ഭാവിക്കയും വേണ്ട.”

ഒരു ജീവച്ഛവംപോലെയാണ് മഞ്ജു സ്വന്തം മുറിയിലേക്ക് മടങ്ങിയത്. കിടക്കയിലേക്ക് വീണുകൊണ്ടവൾ തേങ്ങിക്കരഞ്ഞു.

മുരളിയുടെ തേൻകിനിയുന്ന വാക്കുകളിൽ ഒരു പ്രേമസാമ്രാജ്യം സ്വപ്നം കണ്ടതെല്ലാം വെറും മിഥ്യമാത്രം. ഇതുവരെ താനൊരു മൂഢസ്വർഗ്ഗത്തിലായിരുന്നു

ചിന്താശക്തി തിരികെ ലഭിച്ചപ്പോൾ. അവളാദ്യമാലോചിച്ചത് എങ്ങനെയെങ്കിലും ഈ ചതിക്കെണിയിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗമെന്താണെന്നാണ്. മമ്മിയുടെ ദുർവാശിയിൽ ഹോമിക്കപ്പെടാൻ പോകുന്നത് തന്‍റെ ജീവിതമാണ്. കാര്യങ്ങൾ കൂടുതൽ അപകടമേഖലകളിലേക്ക് കടക്കുംമുൻപ് ഇതിനൊരു പോംവഴി കണ്ടെത്തണം. മഞ്ജു തീരുമാനിച്ചു

പിറ്റേന്ന് അടുക്കളപണി തീരുംമുൻപ് മണ്ഡോദരി ചൂലും ബക്കറ്റുമൊക്കെയായി സ്റ്റെയർകേസ് കയറുന്നത് കണ്ടപ്പോൾ ധർമ്മേന്ദ്രൻ ചോദിച്ചു. “ഈ ആയുധങ്ങളും കൊണ്ട് താനെങ്ങോട്ടാടോ?”

“മുകളിലെ മഞ്ജുക്കുഞ്ഞിന്‍റെ റൂമിന് തൊട്ടടുത്തുള്ള റൂം വൃത്തിയാക്കിയിടാൻ മാഡം പറഞ്ഞിരിക്കയാ”

“അതെന്തിനാ? തന്‍റെ കളക്ട്രേറ്റ് അങ്ങോട്ട് മാറ്റാനാണോ?”

“വെറുതെ കളിയാക്കാതെ ധർമ്മൻചേട്ടാ.” സ്വരം ആവുന്നത്ര താഴ്ത്തി മണ്ഡോദരി തുടർന്നു “അതേയ്, മാഡം മുകളിലേക്ക് താമസം മാറ്റാൻ പോവ്വാണെന്ന്. ഇന്നലെ സാറും മാഡോം തമ്മിൽ മുട്ടൻ വഴക്കായിരുന്നന്നേ. ഇനിയും സാറിന്‍റെ ഷോനിസം സഹിക്കുന്ന പ്രശ്നമില്ലെന്നാ മാഡം പറയുന്നേ.”

“തന്‍റെ മാഡത്തിന്‍റെ ഷോയും അത്ര മോശമാകാൻ വഴിയില്ല. എന്തും പറഞ്ഞാ വഴക്ക് കൂടുന്നേ.”

“ആ! ആർക്കറിയാം. അയ്യോ നേരം പോയി. കൃത്യം പന്ത്രണ്ടടിച്ചാൽ ഈശ്വരിയമ്മേം മോനും ശാപ്പാടിനെത്തും.” മണ്ഡോദരി ധൃതിയിൽ കോണിപ്പടികൾ കയറി മുകളിലെ നിലയിലേക്ക് പോയി.

അടുത്ത മുറിയിൽനിന്ന് എന്തോ സ്വരം കേട്ടപ്പോൾ നിവർത്തിവെച്ച പുസ്തകത്തിനു മുൻപിൽ തുറന്ന കണ്ണുകളും അടഞ്ഞ മനസ്സുമായി ഇരുന്നിരുന്ന മഞ്ജു എഴുന്നേറ്റ് അങ്ങോട്ടുചെന്നു “എന്തിനാ മണ്ഡുച്ചേച്ചി, ഈ മുറി വൃത്തിയാക്കുന്നേ. ഈശ്വരിവല്യമ്മ പറഞ്ഞിട്ടാണോ?”

“അല്ല കുഞ്ഞേ. മാഡം പറഞ്ഞിട്ടാ. ഇന്നുമുതൽ മാഡം ഈ മുറീലാ ഉറങ്ങുന്നേന്ന് മാഡോം സാറും തമ്മിൽ എപ്പോഴും വഴക്കാ കുഞ്ഞേ. ആ ധർമ്മൻചേട്ടനാണെങ്കി ഇപ്പഴ് മൂക്കത്താ ശുണ്ഠി. ഞാനിങ്ങോട്ട് വരണത് കണ്ടപ്പോ ചോദിക്കുവാ കളക്ട്രേറ്റ് ഇങ്ങോട്ട് മാറ്റാൻ പോകുവാണോന്ന്.”

നിറകണ്ണുകളോടെയാണ് മഞ്ജു സ്വന്തം മുറിയിലേക്ക് മടങ്ങിയത്.

ഡാഡിയും മമ്മിയും തമ്മിൽ പിണങ്ങിയിരിക്കയാണെന്ന് മഞ്ജു മനസ്സിലാക്കിയിരുന്നു. അതെപ്പോഴുമുള്ള സൗന്ദര്യപിണക്കം പോലെ ഒന്നുരണ്ടു ദിവസങ്ങൾക്കകം താനേ അവസാനിച്ചുകൊള്ളുമെന്നായിരുന്നു പ്രതീക്ഷ. അതിത്രയും രൂക്ഷമാകുമെന്നവൾ ഒരിക്കലും വിചാരിച്ചിരുന്നില്ല… മമ്മിയുടെ ഈ കൂടുമാറ്റം അത്ര നല്ല ലക്ഷണമല്ല.

ഏതൊരു ദുർവ്വിധിയാണ് ഈ വീടിന്‍റെ സമാധാനവും സന്തോഷവും കവർന്നത്?

കലങ്ങിമറിഞ്ഞ ഈ അന്തരീക്ഷത്തിൽ എങ്ങനെ പഠനത്തിൽ ശ്രദ്ധയൂന്നാൻ കഴിയും?

എന്തോ ഗ്രഹപ്പിഴ കാലമാണെന്നും പറഞ്ഞ് ഈശ്വരിവല്യമ്മ തന്നെ പൂജാമുറിയിൽ കൊണ്ടുപോയിരുത്തി കുറേ സ്തോത്രങ്ങൾ വായിപ്പിക്കുന്നതൊരു പതിവാക്കിയിരിക്കയാണ്. രാവിലെ കുറേ സമയം അങ്ങനെ നഷ്ടമാകും. ശിവരാമേട്ടൻ ദിവസത്തിൽ രണ്ടു തവണയെങ്കിലും തന്‍റെ മുറിയിൽവന്ന് ചടഞ്ഞിരിക്കും. ഇതിനെല്ലാം പുറമേ മറ്റൊരു പ്രശ്നം കൂടി നാളെ മുതൽ നേരിടേണ്ടതായി വന്നേക്കും. മുരളീമനോഹറിന്‍റെ ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിലുള്ള പ്രണയ സല്ലാപങ്ങൾ. ആ അഴകിയരാവണന്‍റെ മുഖം തനിക്കിനി കാണുകയേ വേണ്ട. അയാളിങ്ങോട്ട് വിരുന്നുവരുന്നതിനുമുൻപ് തനിക്കിവിടെനിന്ന് രക്ഷപ്പെടണം.

എന്തോ തീരുമാനിച്ചുറച്ചതുപോലെ മഞ്ജു പുസ്തകങ്ങളും ഡ്രസ്സുകളും ബാഗിൽ അടുക്കിവെക്കാൻ തുടങ്ങി.

സ്റ്റഡിഹോളിഡേയ്സിന് മിക്കവിദ്യാർത്ഥിനികളും അവരവരുടെ വീടുകളിലേക്ക് പോയതു കൊണ്ട് ഹോസ്റ്റലിലെ അന്തരീക്ഷം പൊതുവെ ശാന്തമായിരുന്നു.

വേനൽ ചൂടിൽനിന്നും അല്പമെങ്കിലും ആശ്വാസംതേടി പുസ്തകങ്ങളുമായി വരാന്തയുടെ ഒരറ്റത്തിരിക്കുകയായിരുന്നു വരദ.

“ഹായ്!” എന്ന സ്വരംകേട്ടവൾ പുസ്തകത്താളിൽനിന്നും മുഖമുയർത്തിയപ്പോൾ ഷോൾഡർ ബാഗും തോളിലേറ്റി മുന്നിൽ നില്ക്കുന്ന മഞ്ജു! വരദയുടെ കണ്ണുകൾ വിസ്മയത്താൽ മിഴിഞ്ഞു പോയി.

“ഇതെന്താ പെട്ടെന്ന് നീയിങ്ങോട്ട് പോന്നത്? എന്തായാലും നന്നായി ഒറ്റക്കിരുന്ന് മടുത്തു എനിക്ക്.”

അപ്പോഴാണവൾ മഞ്ജുവിന്‍റെ മുഖത്തെ വിഷാദഭാവം ശ്രദ്ധിക്കുന്നത്.

“എന്താ മഞ്ജു, എന്താ സംഭവിച്ചത്? അന്ന് ഫോൺ ചെയ്തപ്പോൾ നീ പറഞ്ഞത് എക്സാമിന്‍റെ തലേന്നേ ഇങ്ങോട്ട് വരുന്നുള്ളു എന്നല്ലേ. പിന്നെന്താ പ്ലാൻ മാറ്റിയത്?”

ഒരു നെടുനിശ്വാസമയച്ചുകൊണ്ട് മഞ്ജു പറഞ്ഞു “ഞാൻ ചാടിപ്പോന്നതാണെന്‍റെ മോളേ”

വരദയുടെ ആശയക്കുഴപ്പമപ്പോൾ അധികരിച്ചു. “എന്തിന്?”

“അതെല്ലാം ഞാൻ വിസ്തരിച്ചു പറയാം. ആദ്യം ഞാൻ വീട്ടിലേക്ക് ഫോൺ ചെയ്യട്ടെ ആരോടും പറയാതെ ഇറങ്ങിപോരുകയല്ലായിരുന്നോ. ”

കാഞ്ഞിരപ്പിള്ളിയിലേക്ക് വിളിച്ചപ്പോൾ ഫോണെടുത്തത് ധർമ്മേന്ദ്രനായിരുന്നു. “മഞ്ജുവാണ് ധർമ്മൻചേട്ടാ”

“എന്താ കുഞ്ഞേ ആരോടും പറയാതെ പൊയ്ക്കളഞ്ഞത്? കുഞ്ഞിപ്പോ എവിടുന്നാ വിളിക്കുന്നേ… സാറ് കുഞ്ഞിനെ കാണാഞ്ഞ് വിഷമിച്ചിരിക്കുവാണ്”

“അതല്ലേ ഞാനിവിടെ എത്തിയ ഉടനെ വിളിച്ച് വിവരമറിയിക്കന്നത്. പരീക്ഷ കഴിയുന്നതുവരെ ഹോസ്റ്റലിൽ താമസിച്ചേക്കാമെന്ന് വിചാരിച്ച് ഞാനിങ്ങോട്ട് വന്നിരിക്കയാണ്.”

“ഞാൻ സാറിനെ വിളിക്കാം. കുഞ്ഞുതന്നെ വിവരങ്ങളെല്ലാം പറഞ്ഞാൽ മതി.”

“ഡാഡിയെന്നെ ശകാരിച്ചാലോ. ധർമ്മൻചേട്ടൻ ഡാഡിയോട് പറഞ്ഞേച്ചാൽ മതി. വെക്കട്ടെ”

മഞ്ജു ഫോൺ പെട്ടെന്ന് ഓഫ് ചെയ്തു.

വരദ ചോദിച്ചു. “നീയിങ്ങനെ വീട്ടീന്ന് ഒളിച്ചോടിയതെന്തിനാ. എന്താ ഉണ്ടായത്?.”

നടന്ന സംഭവങ്ങളെല്ലാം അറിയിച്ചപ്പോൾ വരദ അത്ഭുതംകൊണ്ട് അന്തം വിട്ടുപോയി. “അമ്പടി കേമി, ആ പൂർണ്ണിമ ആള് കൊള്ളാമല്ലോ. കണ്ണിൽ ചോരയില്ലാത്ത പ്രവൃത്തിയല്ലേ അവൾ കാണിച്ചത്? പിങ്കിയവളെ വിളിച്ചപ്പോ വീട്ടിൽ നിറയെ ഗസ്റ്റാണെന്നൊക്കെ പറഞ്ഞത് ഈ മിന്നൽവീരന്‍റെ പാർട്ടിയാരുന്നല്ലേ. നിന്‍റെ മമ്മി നടത്തിയ അട്ടിമറി പൂർണ്ണിമ അറിയുമ്പോൾ അവൾ ശരിക്കും ചമ്മിപ്പോകും. നിന്‍റെ ഡാഡിക്കും നിന്നെ മുരളിയെക്കൊണ്ട് കെട്ടിക്കണമെന്നാണോ?”

“അല്ലേയല്ല. മുരളിയുടെ തനിനിറം മനസ്സിലായപ്പോൾ മുതൽ ഡാഡിക്ക് അയാളോട് വെറുപ്പാണ്. പക്ഷെ മറ്റൊരു പ്രശ്നം. സ്വന്തം മരുമകൻ ശിവരാമകൃഷ്ണനെ കൊണ്ട് എന്‍റെ കഴുത്തിൽ താലികെട്ടിക്കണമെന്നായിരുന്നു ഡാഡിയുടെ എപ്പോഴത്തെയും സ്വപ്നം. മുരളിയുടെ ആലോചന വന്നപ്പോൾ അയാളുടെ ഗ്ലാമർ കണ്ട് ഡാഡി തല്ക്കാലത്തേക്ക് തന്‍റെ ആഗ്രഹം മാറ്റിവെച്ചുവെന്ന് മാത്രം.”

“അതായത് നിന്‍റെ മമ്മി ഇഞ്ചി പക്ഷം, ഡാഡി കൊഞ്ചുപക്ഷം അല്ലേ? നീ ആരുടെ പക്ഷത്താണ്?”

“രണ്ടുപേരുടെ ആഗ്രഹവും എനിക്ക് സ്വീകാര്യമല്ല. അടുത്ത വര്‍ഷം പോസ്റ്റ് ഗ്രാജ്വേഷന് ചേരണമെന്നാണ് എന്‍റെ ഇപ്പോഴത്തെ ആഗ്രഹം. ഡാഡിയും മമ്മിയും തമ്മിൽ വഴക്കു കൂടുന്നത് എന്നെ ചൊല്ലിയാണല്ലോ എന്നാലോചിക്കുമ്പോൾ മനസ്സുറപ്പിച്ച് ഒന്നും പഠിക്കാനും കഴിയണില്ല.”

“നീ അതൊന്നുമിപ്പോൾ ആലോചിക്കണ്ട. എക്സാം കഴിഞ്ഞ് നീ മടങ്ങി ചെല്ലുമ്പോഴേക്കും നിന്‍റെ മമ്മീടേം ഡാഡീഡേം സൗന്ദര്യപിണക്കമൊക്കെ അവസാനിച്ചിട്ടുണ്ടാകും. രണ്ടുപേരുടെ അഭിപ്രായവും സ്വീകാര്യമല്ലെന്നും പോസ്റ്റ്ഗ്രാജ്വേഷന് ചേരാനാണ് നിന്‍റെ തീരുമാനമെന്നും നീ അവരോട് തുറന്ന് പറഞ്ഞേക്ക്. പ്രശ്നം തീർന്നല്ലോ” വരദ അവളെ സമാധാനിപ്പിച്ചു.

റഫറൻസിലുള്ള ചില പുസ്തകങ്ങളെടുക്കാൻ അവർ ലൈബ്രറിയിൽ ചെന്നപ്പോൾ വറീത് ചേട്ടൻ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. “വിനയൻസാറ് വികാരിയച്ചനെ കാണാൻ പോയിരിക്കവാ. വിനയന്‍ സാറിന് ഇവിടെത്തന്നെ മറ്റെന്തെങ്കിലും ഒരു ജോലി കൊടുക്കാന്‍ പ്രിൻസിപ്പലച്ചനോട് പറഞ്ഞു നോക്കിയെങ്കിലും ഒന്നും നടക്കുന്ന ലക്ഷണമില്ല.”

വരദ പറഞ്ഞു “വിനയൻസാറ് അഗ്രിക്കൾച്ചർ എംഎസിയല്ലേ. നിന്‍റെ ഡാഡീടെ എസ്റ്റേറ്റുകളിലെവിടെയെങ്കിലും വിനയൻസാറിന് ഒരു ചാന്‍സ് കൊടുക്കാന്‍ ഡാഡിയോട് പറഞ്ഞു നോക്ക്”

“ഹാവൂ, ആശ്വാസമായി. തേടിയ വള്ളി കാലിൽ ചുറ്റിയതുപോലായല്ലോ ഇത്. മഞ്ജുമോള് പറഞ്ഞാൽ ഡാഡി വഴങ്ങാതിരിക്കില്ല.” വറീത് ചേട്ടന്‍റെ സ്വരം പ്രതീക്ഷാനിർഭരമായി..

“വിനയൻസാറിനോട് ഒരാപ്ലിക്കേഷൻ തയ്യാറാക്കി തരാൻ പറയൂ. ഞാനതെന്‍റെ ഡാഡിക്കയച്ചു കൊടുക്കാം.” മഞ്ജു പറഞ്ഞു.

പൂർണ്ണിമ മുരളിയുടെ മൊബൈൽ ഫോണിൽ പലതവണ വിളിച്ചുനോക്കി. ഫോൺ സ്വിച്ചോഫ് ചെയ്തിരിക്കയാണെന്നായിരുന്നു ലഭിച്ച മറുപടി. പൊന്മുടിയിൽ നിന്നും മടങ്ങിയതിനു ശേഷം ഒരിക്കൽ പോലും അയാളവളെ വിളിക്കാൻ തയ്യാറായില്ലെന്നത് അവളെ വിസ്മയിപ്പിക്കുകയും ആശങ്കയിലാഴ്ത്തുകയും ചെയ്തു. അയാളുടെ ക്വാർട്ടേഴ്സിലെ ലാന്‍റ് ഫോണിൽ പലതവണ വിളിച്ചെങ്കിലും അപ്പോഴെല്ലാം അറ്റന്‍റ് ചെയ്തത് മുരളിയുടെ ഡാഡിയാണ്. മുരളി സ്ഥലത്തില്ലെന്ന മറുപടി പലവട്ടം ആവർത്തിക്കപ്പെട്ടു..

ദിവസങ്ങൾ പലത് കഴിഞ്ഞിട്ടും പൂർണ്ണിമയുടെ കാത്തിരിപ്പിന് ഫലമുണ്ടായില്ല. ഗത്യന്തരമില്ലാതെ അവൾ വീണ്ടും മുരളിയുടെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചു. ഫോണിൽ പണിക്കരുടെ സ്വരം.

“പൂർണ്ണിമയാ അങ്കിൾ, മുരളിയെന്നെ ഇതുവരെ വിളിച്ചില്ലല്ലോ അങ്കിൾ.” അവളുടെ ശബ്ദം വല്ലാതെ ഇടറി.

“ഞാൻ പലതവണ പറഞ്ഞതാണല്ലോ, സമയം കിട്ടുമ്പോ എപ്പോഴെങ്കിലും മുരളി വിളിക്കുമെന്ന്. പിന്നെന്തിനാ കൊച്ചേ ഫോൺ കറക്കി വെറുതെ ശല്യം ചെയ്യുന്നേ? കൊച്ചിന് വേറെ പണിയൊന്നുമില്ലേ?”

പണിക്കരുടെ പരിഹാസം തുളുമ്പുന്ന കർക്കശസ്വരം അവളുടെ ചെവി പൊള്ളിച്ചുകളഞ്ഞു. മുരളി മനപ്പൂർവ്വം തന്നെ ഒഴിവാക്കുകയാണോ? പൊൻമുടിയിൽ നിന്നും മടങ്ങുന്നതു വരെ മുരളിയുടെ വാക്കുകൾ എത്ര സ്നേഹമധുരങ്ങളായിരുന്നു. മാനസികമായും ശാരീരികമായും തമ്മിൽ ഒന്നായിത്തീർന്ന പ്രേമാർദ്രമായ നിമിഷങ്ങൾ മുരളി ഇത്രവേഗം മറന്നുവോ?

അപ്പോഴൊക്കെ വിവാഹജീവിതത്തെക്കുറിച്ച് എന്തെല്ലാം മോഹനവാഗ്ദാനങ്ങളായിരുന്നു! എന്നിട്ടിപ്പോൾ ഒരു വാക്ക് സംസാരിക്കാൻ സമയമില്ല പോലും! ഇതുവരെ മുരളിയുടെ അച്ഛൻ ഒന്ന് വിളിക്കുകപോലും ചെയ്തിട്ടില്ലെന്ന് ഡാഡിയും പരാതിപ്പെടുന്നത് കേട്ടു.

മുരളിയും താനുമായുള്ള വിവാഹബന്ധം അവരാഗ്രഹിക്കുന്നില്ലെന്നതിന്‍റെ സൂചനയാണോ ഇത്? സോമനാഥപണിക്കർക്കും മുരളിക്കും ഇത്തരത്തിലൊരു മനംമാറ്റമുണ്ടാകാനുള്ള കാരണമെന്തായിരിക്കണം?

ഈ വിവാഹം മുടങ്ങിയാൽ പിന്നെ തന്‍റെ ജീവിതം?

പൂർണ്ണിമയുടെ അപമാനഭാരത്താൽ നീറുന്ന മനസ്സപ്പോൾ മുരളിയുടെ പുറമോടിയിൽ കണ്ണ് മഞ്ഞളിച്ചുപോയ തന്‍റെ ബുദ്ധിശൂന്യതയെ സ്വയം ശപിക്കുകയായിരുന്നു.

സന്ധ്യക്ക് മഞ്ജുവിന് സേതുലക്ഷ്മിയുടെ ഫോൺ വന്നു. ശകാരം പ്രതീക്ഷിച്ചുകൊണ്ടാണവൾ ഫോണെടുത്തത്.

“നീയെന്താ ജുജൂ അരോടും പറയാതെ സ്ഥലംവിട്ടത്?” പ്രതീക്ഷിച്ചതുപോലെ സേതുലക്ഷ്മിയുടെ സ്വരത്തിൽ കടുത്ത നീരസമുണ്ടായിരുന്നു.

“ഈശ്വരിവല്യമ്മേടേം ശിവരാമേട്ടന്‍റേം ശല്യംകൊണ്ട് ഒരക്ഷരം നേരാംവണ്ണം വായിക്കാൻ കഴിയാത്തതുകൊണ്ടാ മമ്മി ഹോസ്റ്റലിലേക്ക് പോന്നത്.”

“ഈ വീക്കെന്‍റിൽ മുരളി നിന്നെ കാണാൻ കാഞ്ഞിരപ്പിള്ളിക്ക് വരുമെന്നല്ലേ പറഞ്ഞിരുന്നത്. മുരളി വരുമ്പോൾ നീയിവിടെ ഇല്ലെങ്കിൽ…”

മനസ്സിൽ കോപമിരമ്പുന്നുണ്ടെങ്കിലും മഞ്ജു അനുനയസ്വരത്തിൽ പറഞ്ഞു. “പരീക്ഷക്കിനി അധികം ദിവസമില്ലല്ലോ, മമ്മി. ആദ്യം ഈ പരീക്ഷകളൊക്കയൊന്ന് കഴിഞ്ഞോട്ടെ.. എന്നിട്ടാ കാം മറ്റ് പരിപാടികളെല്ലാം.”

“ഓകെ. അങ്ങനെയാണെങ്കിൽ നീതന്നെ മുരളിയെ വിളിച്ച് സംസാരിച്ചെക്കണം. മുരളിയുടെ നമ്പർ ഓർമ്മയുണ്ടല്ലോ?”

“ശരി മമ്മി. ഡാഡി അവിടെയുണ്ടോ?”

“ഇല്ല. ഡാഡി എസ്റ്റേറ്റിലേക്ക് പോയിരിക്കയാ.”

“എസ്റ്റേറ്റിലിപ്പോൾ കൃഷിപ്പണിയൊന്നുമില്ലാത്ത സമയമാണല്ലോ. പിന്നെയെന്തിനാ ഡാഡിയിപ്പോൾ അങ്ങോട്ട് പോയത്.?”

“ആ, ആർക്കറിയാം. വെക്കട്ടെ മോളേ. മുരളിയെ വിളിച്ചേക്കണം കേട്ടോ. ഗുഡ്നൈറ്റ്”

മഞ്ജു റൂമിലെത്തിയപ്പോൾ വരദ ചോദിച്ചു. “ആരുടെ ഫോൺകോളായിരുന്നു?”

“മമ്മീടെ. ആരോടും പറയാതെ ഇങ്ങോട്ട് വന്നതെന്തിനാണെന്ന്. എന്‍റെ “ഭാവിവരൻ” എന്നെ കാണാൻ വരുമ്പോൾ ഞാനവിടെയില്ലെങ്കിൽ പ്രശ്നമാവില്ലേന്ന്. സല്ലാപമൊക്കെ പരീക്ഷ കഴിഞ്ഞിട്ടാകാമെന്ന് പറഞ്ഞ് ഞാൻ തന്ത്രപൂർവ്വം മമ്മിയെ ഒതുക്കി.”

പിറ്റേന്ന് പത്തു മണിക്കുശേഷം മഞ്ജു കാഞ്ഞിരപ്പിള്ളിയിലേക്ക് വിളിച്ചു. ധർമ്മേന്ദ്രനാണ് ഫോണെടുത്തത്. മഞ്ജു ചോദിച്ചു “മമ്മി പറഞ്ഞു, ഡാഡി എസ്റ്റേറ്റിലേക്ക് പോയിരിക്കയാണെന്ന്. എന്ന് മടങ്ങുമെന്നാ ഡാഡി പറഞ്ഞത്?”

“ഒന്നും പറഞ്ഞില്ല കുഞ്ഞേ… കുറച്ചുദിവസം തങ്ങാനുള്ള പ്ലാനുണ്ടെന്നാ തോന്നുന്നേ. രണ്ടുപെട്ടി നിറയെ പുസ്തകങ്ങളും ഡ്രസ്സുകളുമൊക്കെ കൊണ്ടുപോയിട്ടുണ്ട്.”

“ഈശ്വരിവല്യമ്മേം ശിവരാമേട്ടനും അവിടെയില്ലേ.”

“ഇല്ല, സാറ് പോയതിന്‍റെ പിറകെ അവരും സ്ഥലം കാലിയാക്കി.”

“ആരെങ്കിലും അന്വേഷിച്ചാൽ ഞാനിവിടെയാണെന്ന് പറയണ്ട, കേട്ടോ.”

“മുരളിസാറ് വിളിച്ചു ചോദിച്ചാലും അങ്ങനെതന്നെ പറഞ്ഞാൽ മതിയോ?”

“മതി.” മഞ്ജു നിർദ്ദേശിച്ചു.

ഞായറാഴ്ച മഞ്ജുവും വരദയും വൈകുന്നേരത്തെ ചായക്ക് മെസ്സ് ഹോളിലിരിക്കുമ്പോൾ തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന പ്രവീണ അവളെ അന്വേഷിച്ചെത്തി “വേഗം ചെല്ല്. തനിക്കൊരു ഫോണുണ്ട്.”

സേതുലക്ഷ്മിയുടേതായിരുന്നു ഫോൺ. “മഞ്ജുവല്ലേ” എന്ന ചോദ്യം കേട്ടപ്പോൾതന്നെ നല്ലൊരു ശകാരത്തിന് വകുപ്പുണ്ടെന്ന് അവൾക്ക് മനസ്സിലായി. സത്യത്തിൽ അവളത് പ്രതീക്ഷിച്ചതുമായിരുന്നു.

“നിന്‍റെ അനാസ്ഥ കുറേ കൂടുന്നുണ്ട്. കേട്ടോ. മുരളിയെ വിളിച്ച് ഹോസ്റ്റലിലാണെന്ന വിവരമറിയിച്ചോളാമെന്ന് നീ സമ്മതിച്ചിരുന്നതല്ലേ. എന്നിട്ടെന്താ അങ്ങനെ ചെയ്യാതിരുന്നത്?”

“അയ്യോ! പരീക്ഷച്ചൂടിൽ ഞാനക്കാര്യം മറന്നു, മമ്മി”

“ഇന്ന് ഉച്ചക്ക് മുരളിയുടെ കാർ നമ്മുടെ വീടിന് മുന്നിൽ വന്ന് നിന്നപ്പോൾ എന്ത് വേണമെന്നറിയാതെ ഞാനന്ധാളിച്ചുപോയി. നീയിവിടെയില്ലെന്നറിഞ്ഞപ്പോൾ ആ പാവത്തിന്‍റെ മുഖമൊന്ന് കാണണ്ടതായിരുന്നു. മുരളിയായതുകൊണ്ടാ ഒരു പരിഭവോം ഭാവിക്കാതെ നമ്മുടെ ഭാഗത്തുനിന്നുണ്ടായ തെറ്റ് ക്ഷമിച്ചത്. നീയിവിടെ ഇല്ലായിരുന്നതുകൊണ്ടാവാം ആളുടനെ മടങ്ങൂം ചെയ്തു. ഇന്നുതന്നെ നിന്‍റെ ഹോസ്റ്റലിലേക്ക് വിളിക്കുമെന്ന് പറഞ്ഞിരിക്കയാ.”

“എന്തിന്?” മഞ്ജു അറിയാതെ ചോദിച്ചുപോയി.

“എന്തിനാണെന്നോ. നീയെന്താ ഒന്നുമറിയാത്തതുപോലെ സംസാരിക്കുന്നത്. നിങ്ങൾ വിവാഹിതരാകാൻ പോകുന്നവരല്ലേ.”

“ശരി, മമ്മി. ഈ പരീക്ഷയൊന്നു കഴിയുന്നതുവരെ എന്നെ വെറുതെ വിട്ടേക്ക്.” മഞ്ജു അപേക്ഷാസ്വരത്തിൽ പറഞ്ഞു

“നീ നിന്‍റെ മൊബൈല്‍ ഓഫാക്കി വെച്ചിരിക്കയാണോ?”

“ങ്ഹാ. വായിക്കുന്നതിനിടക്ക്‌ അതൊരു ശല്യമാ മമ്മി.”

സേതുലക്ഷ്മിയിടെ മുന്നറിയിപ്പ് പാഴായില്ല. സന്ധ്യ കഴിഞ്ഞപ്പോൾ മുരളിയുടെ ഫോണെത്തി. വിവരമറിയിച്ച പെൺകുട്ടിയുടെ വാക്കുകളിങ്ങനെ “നിന്‍റെ വുഡ്ബിയാണെന്നാ പറഞ്ഞത്. വേഗം ചെല്ല്.”

മഞ്ജുവിന്‍റെ വിരലറ്റം മുതൽ ശിരസ്സുവരെ ഒരു വിറയൽ കടന്നുപോയി.

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 12

ലീവ് കഴിഞ്ഞ് തിങ്കളാഴ്ചയാണ് സേതുലക്ഷ്മി വീണ്ടും ബാങ്കിലെത്തിയത്. ഉച്ചയായപ്പോൾ അപ്രതീക്ഷിതമായി മാർത്താണ്ഡക്കുറുപ്പ് അവരെ കാണാനെത്തി.

“എന്തൊക്കെയാ കുറുപ്പേ വിശേഷങ്ങൾ? പണിക്കരും മോനും സുഖവാസമൊക്കെ കഴിഞ്ഞെത്തിയോ?”

വാപൊത്തിച്ചിരിച്ചുകൊണ്ട് കുറുപ്പറിയിച്ചു. “ഉവ്വുവ്വ്. സംഗതികളൊക്കെ നമ്മൾ വിചാരിച്ചതിനേക്കാൾ ഭംഗിയായി കലാശിക്കും കൊച്ചമ്മേ. വീട്ടിലെത്തിയ ഉടനെ എന്നെ നേരില്‍ കാണണമെന്ന് പണിക്കര്സാറ് ഇങ്ങോട്ട് വിളിച്ച് പറയുകയല്ലായിരുന്നോ. എല്ലാം നമ്മുടെ മഞ്ജുക്കുഞ്ഞിന്‍റെ ഭാഗ്യം.”

“കുറുപ്പിനെ പണിക്കരങ്ങോട്ട് വിളിപ്പിച്ചെന്നോ? വിശ്വസിക്കാനാവുന്നില്ലല്ലോ.”

“പക്ഷെ സംഗതി വാസ്തവമാണ് കേട്ടോ. ഞാനേതായാലും ഒട്ടും അമാന്തം കാണിക്കാതെ ഉടനെ ആലപ്പുഴക്ക് വിട്ടു. മഞ്ജുക്കുഞ്ഞിന് വേറെ കല്യാണാലോചനയെന്തെങ്കിലും നടക്കുന്നുണ്ടോന്നായിരുന്നു മൂപ്പരാദ്യം തെരക്കീത്. ഇല്ലെന്ന് പറഞ്ഞപ്പൊ എങ്കിൽ ആ പ്രപ്പോസൽ നമുക്കങ്ങോട്ട് പ്രൊസീഡ് ചെയ്യാമെടോ എന്നൊരു നല്ലവാക്കും! ഇനി അഭിപ്രായവ്യത്യാസമൊന്നും ഉണ്ടാകേണ്ടല്ലോ എന്ന് കരുതി ഞാൻ പണിക്കർ സാറിന്‍റെ ഡിമാന്‍റുകളെന്തൊക്കെയാണെന്ന് കുറിച്ച് കൊണ്ടുവന്നിട്ടുണ്ട്.”

കുറുപ്പ് മടിക്കുത്തിൽ നിന്നും ഒരു കടലാസെടുത്ത് സേതുലക്ഷ്മിയെ ഏല്പിച്ചു.

“ജ്വലറിക്കാരുടെ പ്രപ്പോസൽ വേണ്ടെന്ന് വെച്ചതെന്താണാവോ?”

“അതാ ഞാനുമാലോചിക്കുന്നത്. എന്തോ തൃപ്തിക്കൊറവുണ്ടായിട്ടുണ്ട്. അതുറപ്പാ.”

“ഏതായാലും ഞാൻ നാളെ ആലപ്പുഴേ ചെന്ന് പണിക്കരെ ഒന്ന് കണ്ടേക്കാം.”

“അതാ ഇനി വേണ്ടത്. നേരിട്ട് കാര്യങ്ങളെല്ലാം പറഞ്ഞുറപ്പിക്കാമല്ലോ.” സേതുലക്ഷ്മി സമ്മാനിച്ച ഏതാനും നൂറ് രൂപ നോട്ടുകൾ വിനയാന്വിതനായി സ്വീകരിച്ചുകൊണ്ട് കുറുപ്പ് യാത്രയായി.

സോമനാഥപണിക്കരെ മുട്ടുകുത്തിക്കാനുള്ള തന്ത്രങ്ങൾ മനസ്സിൽ കുറിച്ചിട്ടുകൊണ്ടാണ് സേതുലക്ഷ്മി പിറ്റേന്ന് രാവിലെ ആലപ്പുഴക്ക് തിരിച്ചത്. മുരളിയുടെ ക്വാർട്ടേഴ്സിൽ അവരെത്തുമ്പോൾ പതിനൊന്നു മണി. കോളിംഗ് ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നത് പണിക്കരുതന്നെയായിരുന്നു. സേതുലക്ഷ്മിയെ കണ്ടപ്പോൾ ഒന്ന് പകച്ചെങ്കിലും വെളുക്കെ ചിരിച്ചുകൊണ്ട് അയാളവരെ അകത്തേക്ക് ക്ഷണിച്ചു.

“അല്ലാ, ഇതാര്? മിസ്സിസ്സ് ഉണ്ണിത്താനോ! വരണം, അകത്തേക്ക് വരണം.”

ശ്രീ പൂർണ്ണിമ ജ്വല്ലേഴ്സിന്‍റെ സ്വർണ്ണത്തിളക്കം കണ്ട് ഭ്രമിച്ച് മഞ്ജുവിന്‍റെ ആലോചനയിൽനിന്നും വഴുതി മാറിയത് പരമവിഢ്ഢിത്തമായെന്ന നൈരാശ്യത്തിലായിരുന്നു പണിക്കർ. മഞ്ജു ഉണ്ണിത്താൻമാരുടെ ഏകസന്തതിയായതുകൊണ്ട് അവരുടെ ഭാരിച്ച സ്വത്ത് വകകൾ അവൾക്ക് മാത്രം അവകാശപ്പെട്ടതാണ്. സഹോദരന്മാരെ കൊണ്ടുള്ള തൊല്ലയുമില്ല. പൂർണ്ണിമയുടെ സഹോദരൻ സന്ദീപിന്‍റെ കത്തിവേഷത്തെ കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഭയംകൊണ്ട് പണിക്കരുടെ നെഞ്ച് പിടഞ്ഞ് മിടിക്കാൻ തുടങ്ങും. പൂർണ്ണിമയെ വിവാഹം കഴിക്കുവാന്‍ താല്പര്യമില്ലെന്ന് മുരളി പറഞ്ഞപ്പോൾ സത്യത്തിൽ പണിക്കർക്ക് ആശ്വാസമാണ് തോന്നിയത്.

സേതുലക്ഷ്മി ഉമ്മറവാതില്ക്കൽ പ്രത്യക്ഷപ്പെട്ടപ്പോഴാകട്ടെ തേടിയ വള്ളി കാലിൽ ചുറ്റിയതുപോലുള്ള ഭാഗ്യാനുഭവംപോലെ പണിക്കർക്ക് തോന്നുകയും ചെയ്തു.

ഡ്രോയിംഗ് റൂമിലെ സോഫയിലേക്കിരുന്നുകൊണ്ട് സേതുലക്ഷ്മി സൗമ്യമായൊരു പുഞ്ചിരിയോടെ പറഞ്ഞു. “മുരളീടച്ഛന് എന്തോ പരിഭവമുണ്ടെന്ന് കുറുപ്പ് പറഞ്ഞു. അത് തീർക്കാമെന്ന് കരുതിയാണ് ഞാൻ നേരിൽ കാണാൻ വന്നത്. മോളുടെ ഡാഡിയും എന്നോടൊപ്പം വരാനിരുന്നതാ. മഞ്ജൂന്‍റെ പേരിലേക്ക് കുറച്ച് പ്രോപ്പർട്ടീസ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾക്ക് വക്കീലിനെ കാണാൻ പോയിരിക്കയാ പുള്ളി.”

നുണ കാച്ചുന്നതിനിടയിൽ പണിക്കരുടെ മുഖത്ത് പെട്ടെന്നൊരു പ്രകാശം മിന്നിമായുന്നത് സേതുലക്ഷ്മി ശ്രദ്ധിച്ചു.

“ഞങ്ങളുടെ ഒരേയൊരു മോളല്ലേ അവൾ. എല്ലാം അവൾക്കുള്ളതാണല്ലോ. മുരളിയെ ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടതായിരുന്നു. മഞ്ജുവിന് പോസറ്റ്ഗ്രാജ്വേഷൻ കഴിഞ്ഞിട്ട് മതി കല്യാണം എന്നായിരുന്നു. ഞങ്ങളുടെ നിർബ്ബന്ധം കൊണ്ടാണവൾ സമ്മതിച്ചത് തന്നെ. ഇനിയേതായാലും എക്സാമിന്‍റെ തിരക്കല്ലാം കഴിഞ്ഞേ വിവാഹമാലോചിക്കുന്നുള്ളു.” സേതുസക്ഷ്മി വാചാലയായി

“ഞങ്ങൾക്കും മഞ്ജുമോളെ നല്ലപോലെ ഇഷ്ടപ്പെട്ടതായിരുന്നു. പക്ഷെ കല്യാണം കളക്ടര്‍ ആയി ചാര്‍ജ്ജെടുത്തിട്ടാവാം എന്ന് പെട്ടെന്ന് മുരളിക്കൊരു മനംമാറ്റം.” പണിക്കർ സത്യം മറച്ചു പിടിച്ചുകൊണ്ട് നിഷ്ക്കളങ്കത ഭാവിച്ചു. “കുട്ടികളുടെ ദാമ്പത്യയോഗത്തിന് ജാതക വശാലെന്തെങ്കിലും തടസ്ഥങ്ങളുണ്ടോ എന്ന് പരിശോധിപ്പിച്ച് വേണ്ട പരിഹാര പൂജകൾ കഴിപ്പിച്ചാൽ…”

“ശരിയാ.” സേതുലക്ഷ്മിയും അതേ തന്ത്രം തന്നെ ആവർത്തിച്ചു “അവളുടെ ഗൃഹനില പരിശോധിച്ചപ്പോ ചില തടസ്ഥങ്ങളൊക്കെ കാണുന്നുണ്ടെന്ന് പറഞ്ഞതുകൊണ്ട് പരിഹാരപൂജകൾക്ക് ഏർപ്പാട് ചെയ്തിട്ടുണ്ട്.”

“ഉവ്വോ! അതാ ഇപ്പോൾ കാറ്റ് മാറി വീശിത്തുടങ്ങിയത്. മുരളിയുടെ മനസ്സിലിപ്പോൾ മഞ്ജുമോളെന്നൊരൊറ്റ ചിന്തയേയുള്ളു. എത്രേം വേഗം നമുക്കീ കല്യാണമങ്ങ് നടത്തിയേക്കാം.”

പണിക്കരുടെ വാക്കുകൾ സേതുലക്ഷ്മിയുടെ എല്ലാ ആശങ്കകളും അകറ്റി. “മുരളി ഓഫീസിലായിരിക്കുമല്ലേ. മുരളി വരുമ്പോൾ വിവരം പറയുമല്ലോ. ഞാനിറങ്ങുകയാണ്.”

“ഊണു കഴിച്ചിട്ട് പോകാം.”പണിക്കർ ക്ഷണിച്ചു.

“അതെല്ലാം വേറൊരവസരത്തിലാവാം. ബാങ്കിലെത്താനല്പം ധൃതിയുണ്ട്.”

“എന്തായാലും ചായകുടിച്ചിട്ട് പോയാൽ മതി.” പണിക്കർ നിർബ്ബന്ധിച്ചു.

സേതുലക്ഷ്മി വീട്ടിലെത്തിയപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. അടുക്കളയിലേക്ക് ചെന്നപ്പോൾ വീർത്തുകെട്ടിയ മുഖവുമായി മണ്ഡോദരി തറയും സ്ളാബുമെല്ലാം തേച്ച് കഴുകുന്നു.

“നിത്യവും നീ തറ തുടക്കുന്നതല്ലേ. പിന്നെയെന്തിനാണിപ്പോൾ തേച്ചുകഴുകുന്നത്?”

പതിഞ്ഞസ്വരത്തിൽ മണ്ഡോദരി പിറുപറുത്തു. “ആയമ്മക്ക് നാളെ ഏകാദശീവൃതമാണത്രേ. മത്സ്യോം മാംസോമൊക്കെ പാചകം ചെയ്യുന്ന അടുക്കളയായതുകൊണ്ട് തേച്ച് കഴുകി ശുദ്ധമാക്കാൻ പറഞ്ഞു ആയമ്മ. പിന്നെ നാളെ പച്ചക്കറി മാത്രം മതീന്നാ ഓർഡർ.”

“അതവരാണോ നിശ്ചയിക്കുന്നത്? വന്നുകയറീപ്പോ തുടങ്ങീതാ അവരുടെ അമ്മറാണി ചമയല്” സേതുലക്ഷ്മിക്ക് കലി കയറി.

“എങ്ങനേങ്കിലും അവരെ ഇവിടെനിന്ന് കെട്ട് കെട്ടിച്ചേക്കണം കൊച്ചമ്മ, പണിയെടുത്തെന്‍റെ നടുവൊടിയാറായി.”

“പതുക്കെ. ആയമ്മ കേക്കണ്ട. അവരെക്കൊണ്ടുള്ള ശല്യമൊക്കെ തീരാറായെടീ. ഇന്ന് ഞാൻ ആലപ്പുഴേ ചെന്ന് മുരളീടെ ഡാഡിയെ കണ്ടിട്ടാ വരുന്നേ.”

“അങ്ങേരടെ രോഗമെല്ലാം മാറിയോ കൊച്ചമ്മ?”

“പിന്നില്ലാതെ? സർവ്വരോഗങ്ങളും മാറി.” സേതുലക്ഷ്മി അർത്ഥഗർഭമായൊരു പുഞ്ചിരിയോടെ പറഞ്ഞു.

സേതുലക്ഷ്മി മഞ്ജുവിന്‍റെ മുറിയിലേക്ക് ചെല്ലുമ്പോൾ ശിവരാമകൃഷ്ണൻ അവിടെയുണ്ട്. മഞ്ജു തുറന്നുവെച്ച പുസ്തകവുമായി അയാളുടെ വാചകകസർത്ത് നിസ്സഹായതാ ഭാവത്തോടെ കേട്ടുകൊണ്ടിരിക്കുന്നു.

സേതുലക്ഷ്മി നീരസം കലർന്ന സ്വരത്തിൽ ശകാരിച്ചു. “എന്താ ജുജൂ വല്ലതും വായിക്കുന്നതിന് പകരം വെറുതെ സമയം പാഴാക്കുന്നത്.” പിന്നെ ശിവരാമകൃഷ്ണന്‍റെ മുഖത്തേക്ക് കത്തുന്ന ഒരു നോട്ടമയച്ചുകൊണ്ട് ചോദിച്ചു “നീയെന്താ ഇവിടെ?”

“ഞാൻ വെറുതെയിങ്ങനെ…” ശിവരാമകൃഷ്ണൻ അർദ്ധവിരാമത്തിൽ മറുപടി അവസാനിപ്പിച്ച് ജാള്യതയോടെ അവിടെനിന്നും എഴുന്നേറ്റ് നടന്നകന്നു.

രണ്ടുപേരും തനിച്ചായപ്പോൾ മഞ്ജു പറഞ്ഞു. “മമ്മീ, എന്‍റെ ജാതകദോഷം തീരാൻ നാളെ ഏകാദശീവൃതമെടുക്കാനാ ഈശ്വരിവല്യമ്മ പറയുന്നേ. നാളെ മുതല്ക്ക് എന്നും രാവിലെ കുളിച്ച് വല്യമ്മേടെ കൂടെ നാമം ജപിക്കാനിരിക്കണമെന്ന്. ഇക്കണക്കിന് ഞാനെക്സാമിന് തോറ്റ് തൊപ്പിയിടും. മമ്മീ, ഞാൻ ഹോസ്റ്റലിലേക്ക് പൊയ്ക്കോട്ടെ. അവിടെയാകുമ്പോൾ ഈ ശല്യമൊന്നുമുണ്ടാവില്ലല്ലോ.”

“എല്ലാം ശരിയാവും മോളേ. ഞാനിന്ന് മുരളീടെ ഡാഡിയെ കാണാൻ പോയിരുന്നു.”

“അങ്കിളിന് സുഖമായോ മമ്മീ. വീട്ടിലേക്ക് കൊണ്ടുവന്നോ?”

“വീട്ടിലേക്കോ… ഓ… പണിക്കരെ അല്ലേ… കൊണ്ടുവന്നു. നിന്‍റെ പരീക്ഷ കഴിഞ്ഞാലുടനെ കല്യാണം നടത്താമെന്ന് പറഞ്ഞിരിക്കയാ.”

“മുരളിയെന്താ ഇതുവരെ എന്നെ വിളിക്കാഞ്ഞത്.”

“തിരക്കുകൊണ്ടായിരിക്കും മോളേ.” സേതുലക്ഷ്മി മകളെ സമാധാനിപ്പിച്ചു.

പണിക്കരെ കണ്ടതും സംസാരിച്ചതുമെല്ലാം പറഞ്ഞ് കേൾപ്പിച്ചപ്പോൾ ഉണ്ണിത്താനിൽ നിന്ന് തണുത്ത പ്രതികരണമാണുണ്ടായത് “കല്യാണം നടത്തണോ വേണ്ടയോ എന്ന് അയാൾ മാത്രം തീരുമാനിച്ചാൽ മതിയോ? ഇത്തരം വഞ്ചകന്മാരോട് നമുക്ക് യാതൊരു ബന്ധവും വേണ്ട എന്നാണ് എന്‍റെ അഭിപ്രായം.”

“പണിക്കരിനി യാതൊരു പ്രശ്നോം ഉണ്ടാക്കില്ലെന്നേ. ഇന്ന് ഞാൻ ചെന്നപ്പോ എന്ത് സന്തോഷത്തോടെയാണ് പണിക്കരെന്നെ സ്വാഗതം ചെയ്തതെന്നോ.”

“സന്തോഷം! ആ സന്തോഷമെല്ലാം താൻ വീശിയെറിയാൻ പോകുന്ന പണത്തിന്‍റെ മറിമായമല്ലേ. അങ്ങിനെ കാശുകൊടുത്ത് വാങ്ങാൻ കിട്ടുന്ന സന്തോഷമൊന്നും ശാശ്വതമല്ലെടോ. കാശിന്‍റെ കണക്ക് പറയാത്തൊരു ഭർത്താവിനെ മതി നമ്മുടെ മോൾക്ക്.”

“മനസ്സിലായി. ആ ശിവരാമകൃഷ്മനല്ലേ ശങ്കരേട്ടന്‍റെ മനസ്സിൽ. അത് ഞാൻ ജീവിച്ചിരിക്കുമ്പോൾ നടക്കില്ല.”

“എന്‍റെ മരുമോനെന്താണെടോ ഒരു കുറവ്. ഒന്നുമില്ലെങ്കിലും അവനെന്‍റെ മോളെ ആത്മാർത്ഥമായി സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യും.”

“അവന്‍റെ സ്നേഹം അവൾക്ക് വേണ്ടെങ്കിലോ. ഞാൻ പണിക്കരെ കാണാൻ പോയിരുന്നുവെന്ന് പറഞ്ഞപ്പോൾ അവൾക്കെന്ത് സന്തോഷമായെന്നോ. മുരളീടെ ഫോണും പ്രതീക്ഷിച്ചിരിക്കയാണവൾ.”

“അണിയറയിൽ ഇതുവരെ നടന്നതും ഇനി നടക്കാനിരിക്കുന്നതുമൊന്നും അവളറിഞ്ഞിട്ടില്ലല്ലോ.”

“ദേ, ഇനി വെറുതെ അതൊക്കെ കൊട്ടിപ്പാടി നടന്ന് പ്രശ്നമൊന്നുമുണ്ടാക്കിയേക്കരുത്. നാട്ടുകാരുടെ മുന്നിൽ നാണം കെടേണ്ടിവരും പറഞ്ഞേക്കാം.”

“അതൊന്നും എന്നെ സംബന്ധിച്ചിടത്തോളം പ്രശ്നമേയല്ല. നമ്മുടെ മോളുടെ ജീവിതമാണ് പ്രധാനം. നടന്ന സംഭവങ്ങളെല്ലാം ഞാനവളെ അറിയിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.”

“അതവൾ വിശ്വസിച്ചില്ലെങ്കിലോ?”

“തന്നെപ്പോലെ പച്ചനുണ പറഞ്ഞ് മുഖം രക്ഷിക്കുന്ന സ്വഭാവം എനിക്കില്ല. അതെന്‍റെ മോൾക്കും അറിയാം.”

“ഒരു കാര്യം ഞാൻ തുറന്ന് പറഞ്ഞേക്കാം. ഈ വിവാഹം മുടക്കാനാണ് ശ്രമമെങ്കിൽ ഈ സേതുവിനെ ശങ്കരേട്ടനിനി കാണില്ല.” അന്ത്യശാസനം നല്കിക്കൊണ്ട് സേതുലക്ഷ്മി ചവിട്ടിത്തെറിപ്പിച്ചുകൊണ്ട് നടന്നകന്നു.

പിറ്റേന്നുച്ചയായപ്പോൾ മഞ്ജുവിന് മുരളിയുടെ ഫോൺ വന്നു. നീണ്ട കാത്തിരിപ്പിനുശേഷം മുരളിയുടെ സ്വരം കേട്ടപ്പോൾ മഞ്ജുവിന്‍റെ മനസ്സിൽ ഒരു വേനൽ മഴ പെയ്ത പോലായി.

മുരളിയുടെ സംസാരശൈലിക്ക് ഒരു മാറ്റവുമില്ല. വാക്കുകൾക്ക് അതേ സ്നിഗ്ദ്ധത. അതേ മാധുര്യം. എങ്കിലും മഞ്ജു പരിഭവം പറഞ്ഞു. “എന്താ ഇതുവരെ ഒരിക്കൽപോലും വിളിക്കാഞ്ഞത്? മുരളീടെ ഡാഡിക്കിപ്പോൾ എങ്ങിനെയുണ്ട്? അസുഖം ഭേദമായോ?”

“ഡാഡിക്ക്… ഡാഡിക്ക് അസുഖമൊന്നുമില്ലല്ലോ.” പെട്ടെന്ന് മുരളി നിശ്ശബ്ദനായി. കണ്ഠമൊന്ന് ശുദ്ധീകരിക്കാൻ ഒരു നിമിഷം കൂടി. പിന്നെ ലാഘവത്തോടെയുള്ള വിശദീകരണം “അസുഖം എന്‍റെ അങ്കിളിനായിരുന്നു… അങ്കിളിന്…”

“എന്‍റെ മമ്മി പറഞ്ഞത് പണിക്കരങ്കിളിന് അറ്റാക്കുണ്ടായി എന്നാണല്ലോ.”

“അത്… അത് തന്‍റെ മമ്മിക്ക് തെറ്റിയതാ… എനിവേ. ഡോൺട് വറി. ഹിയർ ഓൾ ആർ ഡൂയിങ്ങ് ഫൈൻ. പിന്നൊരു പ്രധാനവിശേഷം. ഞാൻ തന്നെക്കാണാനങ്ങോട്ട് വരുന്നുണ്ട്.”

“എപ്പോൾ” മഞ്ജുവിന്‍റെ സ്വരത്തിൽ ആകാംക്ഷയുണ്ടായിരുന്നു.

“ഇപ്പോൾതന്നെ തന്നെ കാണണമെന്നുണ്ട്. പക്ഷെ ഇന്നും നാളെയും ചില ഇംപോർട്ടന്‍റ് മീറ്റിംഗുകളുണ്ട്. ഏതായാലും അങ്ങോട്ടേക്കുള്ള പ്രോഗ്രാം ഞാനുടനെ വിളിച്ചറിയിക്കാം.”

“ഓ കെ” നിരാശയോടെ മഞ്ജു പറഞ്ഞു

“നിർത്തട്ടെ. സ്വീറ്റ് ഡ്രീസ്.”

ഫോൺ ക്രേഡിലിൽ വെച്ച് തിരിഞ്ഞ് നടക്കുന്ന മഞ്ജുവിനോട് ഉണ്ണിത്താൻ ചോദിച്ചു “ആരുടെ ഫോണായിരുന്നു മോളെ”

“മുരളിയായിരുന്നു. മുരളി രണ്ട് ദിവസം കഴിഞ്ഞിങ്ങോട്ട് വരുന്നുണ്ടെന്ന്.”

”ഓ!” ഉണ്ണിത്താന്‍റെ പ്രതികരണം തികച്ചും യാന്ത്രികമായിരുന്നു.

“എന്താ, മുരളി വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഡാഡിയുടെ മുഖത്തൊരു സന്തോഷവുമില്ലാത്തത്?”

“അത്… അതെല്ലാം ഞാൻ പിന്നെ പറയാം. നിന്‍റെ എക്സാംസെല്ലാം കഴിഞ്ഞിട്ട്.”

“അത് പോര. ഡാഡീടെ പ്രശ്നമെന്താണെന്നിപ്പോ പറയണം”

“വേണ്ട മോളേ. അതറിഞ്ഞാൽ നീ സങ്കടപ്പെടും. പഠിക്കാനുള്ള മൂഡും പോകും.”

“ഡാഡീടെ മനസ്സിലെന്തോ കിടന്ന് തിങ്ങുന്നുണ്ട്. അതെന്താണെന്നറിയാതെ ഇന്നെനിക്കൊരു വരി പോലും വായിക്കാനാകുമെന്ന് തോന്നുന്നില്ല. പ്രശ്നം എന്ത് തന്നെയായാലും അതെന്താണെന്നെന്നോട് തുറന്ന് പറഞ്ഞേ പറ്റൂ.”

ഒരു നെടുവീർപ്പയച്ചുകൊണ്ട് ഉണ്ണിത്താൻ പറഞ്ഞു “നീ ലൈബ്രറിയിലേക്ക് വാ. നമുക്കവിടെയിരുന്ന് സംസാരിക്കാം.”

 

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 11

“എടീ പെണ്ണേ, നല്ല ചൂടോടെ ഒരു ഗ്ളാസ്സ് ചുക്കുവെള്ളമിങ്ങോട്ടെടുക്ക്” ശാസനാസ്വരം കേട്ട് മണ്ഡോദരി തിരിഞ്ഞുനോക്കുമ്പോൾ അടുക്കള വാതിൽക്കൽ ഈശ്വരിയമ്മ.

“ജീരകവെള്ളമിരിപ്പില്ലല്ലോ അമ്മച്ചീ. ഇപ്പോ ശരിയാക്കിത്തരാം.” മണ്ഡോദരി അനുനയസ്വരത്തിൽ പറഞ്ഞു.

“സമയം മണി പതിനൊന്നാകാറായല്ലോ. നീ ഇന്നേരംവരെ എന്തെടുക്കുവായിരുന്നു.” ഈശ്വരിയമ്മയുടെ സ്വരം കൂടുതൽ കനത്തു.

എന്തെടുക്കുകയായിരുന്നെന്ന്! എല്ലാവർക്കുമുള്ള ബെഡ്കോഫി, ഈശ്വരിയമ്മക്ക് മാത്രം ചായ രണ്ട് കിലോ ഉരുളക്കിഴങ്ങു കൊണ്ട് സ്റ്റ്യൂ, അരക്കിലോ ഉള്ളികൊണ്ട് ചട്ടിണി. പിന്നെ ഡസൻകണക്കിന് പാലപ്പം, സേതുകൊച്ചമ്മക്ക് ബാങ്കിലേക്ക് കൊണ്ടുപോകാനുള്ള ഉച്ചഭക്ഷണം. പ്രാതലിനുള്ള വട്ടങ്ങളെല്ലാം മേശപ്പുറത്തെത്തിക്കുന്ന ജോലിയും അത് കഴിഞ്ഞുള്ള ക്ലീനിങ്ങും. ഉച്ചയൂണിന്‍റെ പാചകം ബാക്കി കിടക്കുന്നു. വയറ് കത്തിയെരിഞ്ഞിട്ട് വയ്യ. അടുപ്പത്തിട്ടിരിക്കുന്ന അരി വെന്തിട്ട് വേണം അല്പം കഞ്ഞിവെള്ളം മോന്താൻ.

“ഈയമ്മേടെ ശകാരംകേട്ട് മടുത്തു.” മണ്ഡോദരി പല്ലിറുമ്മിക്കൊണ്ട് മുറുമുറുത്തു.

“എന്താടീ അസത്തേ നീ നിന്ന് പിറുപിറുക്കുന്നേ.” ഈശ്വരിയമ്മയുടെ സ്വരം കൂടുതൽ പരുഷമായി.

“അമ്മച്ചി ഉമ്മറത്ത് പോയിരുന്നാട്ടേ. ജീരകവെള്ളം ഞാനങ്ങോട്ട് കൊണ്ടുവന്ന് തരാം.” മണ്ഡോദരി ശല്യമൊഴിവാക്കാൻ ശ്രമിച്ചു.

മൂക്ക് വിടർത്തി നിന്നുകൊണ്ട് ഈശ്വരിയമ്മ അസഹ്യതയോടെ ചോദിച്ചു. “എന്താടീ ഇവിടൊരു ദുർഗന്ധം?”

“സിങ്കിലിരിക്കുന്ന മീനിന്‍റെയാ അമ്മച്ചി. ഞാനത് വെട്ടിക്കഴുകാൻ പോകുവായിരുന്നു.”

“ഓ! നിന്‍റെ മാഡത്തിനതിന്‍റെ വാടയില്ലാതെ ചോറ് എറങ്ങൂല്ലല്ലോ. ശങ്കരന് മത്സ്യം വീട്ടിക്കേറ്റുന്നതുതന്നെ ഇഷ്ടമല്ലായിരുന്നു. ഇപ്പോ ശങ്കരന്‍റെ ഇഷ്ടങ്ങളൊക്കെ ആരാ നോക്കണേ. നിന്‍റെ മാഡം പറയുംപോലല്ലേ ഇവിടുത്തെ കാര്യങ്ങള്.”

സ്വരമല്പം താഴ്ത്തി ഈശ്വരിയമ്മ ചോദിച്ചു. “ഞാൻ നിന്നോടൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം. നമ്മുടെ മഞ്ജൂന്‍റെ അച്ചാരകല്യാണം മുടങ്ങീതിന്‍റെ ശരിയായ കാരണമെന്താ?”

“ചെറുക്കന്‍റെ ഡാഡിക്ക് ഹാർട്ട് അറ്റാക്ക് വന്നതുകൊണ്ടാണെന്ന് ഞാനമ്മച്ചിയോട് ഇന്നലേം പറഞ്ഞാരുന്നല്ലോ.”

“പക്ഷെ, എനിക്കെന്തോ അതങ്ങോട്ട് വിശ്വസിക്കാനാവുന്നില്ലെടീ.”

“എനിക്കിത്രയൊക്കെയേ അറിയാവൂ. അമ്മച്ചി കൊച്ചമ്മ വരുമ്പോ നേരിട്ട് ചോദിച്ച് നോക്ക്.” മണ്ഡോദരി ഈശ്വരിയമ്മയുടെ ക്രോസ് വിസ്താരത്തിൽ നിന്നും തലയൂരി.

ശ്രമം പാളിയപ്പോൾ ഈശ്വരിയമ്മ വീണ്ടും ചൂടായി. “എടി പെണ്ണേ, മീനെടുത്ത കൈകൊണ്ട് നീ ചുക്കു വെള്ളമെടുത്തേക്കരുത് കേട്ടോ. ഉളുമ്പുമണം കേട്ടാലെനിക്ക് ഓക്കാനം വരും.”

“എങ്കി അമ്മച്ചി ധർമ്മൻചേട്ടനോട് ചുക്കുവെള്ളം തിളപ്പിച്ച് തരാൻ പറഞ്ഞേക്ക്.”

മണ്ഡോദരിയുടെ നേരെ അതിരൂക്ഷമായി ഒന്ന് നോക്കിയിട്ട് ഈശ്വരിയമ്മ അടുക്കളയിൽ നിന്ന് പുറത്തേക്ക് നടന്നു. കുറച്ച് കഴിഞ്ഞപ്പോൾ ധർമ്മേന്ദ്രൻ അങ്ങോട്ട് വന്നു.

“ഈശ്വരിയമ്മച്ചിയെന്താ കെറുവിച്ചിരിക്കുന്നേ. താനവരോടെന്തെങ്കിലും തറുതല പറഞ്ഞോ?”

“ഞാനൊന്നും പറഞ്ഞില്ലേ. ചുക്കുവെള്ളമുണ്ടാക്കാൻ താമസിച്ച് പോയതിനാ വഴക്ക്. ധർമ്മൻചേട്ടനിതു വരെ എവിടായിരുന്നു.”

“തൊടീല്. ഞാനും ശിവരാമൻസാറും കൂടി പടവലത്തിന് പന്തലിടുകയായിരുന്നു. ഇന്നെന്താ പ്രാതലൊന്നുമില്ലേ? നല്ല വിശപ്പ്.”

“ഒരുകിലോ അരിയരച്ച് ആപ്പമുണ്ടാക്കിവെച്ചതാ. നല്ല രുചീന്നും പറഞ്ഞ് ശിവരാമൻസാറും ഈശ്വരിഅമ്മച്ചീം കൂടി പാത്രം കാലിയാക്കി. അരി അടുപ്പത്തിട്ടുണ്ട്. വെന്താൽ കഞ്ഞി തരാം. അപ്പോഴേക്കും ഈശ്വരിഅമ്മച്ചിക്കിച്ചിരി ചുക്കുവെള്ളം  ഉണ്ടാക്കിക്കൊടുത്തേക്ക്. എന്‍റെ കയ്യിൽ മീൻ വാടയാ.”

ധർമ്മേന്ദ്രൻ ടാപ്പിൽ നിന്ന് ഒരു പാത്രം വെള്ളമെടുത്ത് സ്റ്റൗവ്വിന്മേൽ വെച്ചു.

വിയർപ്പിൽ മുങ്ങി അകത്തേക്ക് വന്ന ശിവരാമകൃഷ്ണനോട് ഈശ്വരിയമ്മ ചോദിച്ചു. “നീയെവിടെയായിരുന്നു ശിവരാമാ”

“തൊടീലായിരുന്നമ്മേ”

എഴുന്നേറ്റ് വാതിൽ ചാരിയടച്ചശേഷം പതിഞ്ഞസ്വരത്തിൽ ഈശ്വരിയമ്മ പറഞ്ഞു “ആ ഐഎഎസുകാരൻ മുങ്ങിയതു തന്നെയാണെന്നാ തോന്നുന്നേ. അയാളുടെ അച്ഛന് ഹാർട്ട് അറ്റാക്കുണ്ടായ കഥയൊക്കെ ശുദ്ധപൊളിയാ.”

“അങ്ങനെ തോന്നാൻ കാരണം?”

“ഒന്നും ഒന്നും രണ്ടാണെന്ന് ആർക്കാ അറിഞ്ഞൂടാത്തത്? ആ ചെറുപ്പക്കാരൻ മഞ്ജൂനെ ഇതുവരെ ഫോണിലൊന്ന് വിളിച്ചിട്ടും കൂടിയില്ല. പണിക്കരെ ഏത് ഹോസ്പിറ്റലിലാ അഡ്മിറ്റ് ചെയ്തിരിക്കുന്നേന്ന് ഞാൻ ചോദിച്ചപ്പോ ശങ്കരനുത്തരമില്ല. മാത്രല്ല നമ്മളിവിടെ വന്നമുതൽ ഞാൻ ശ്രദ്ധിക്കുന്നൂ, ശങ്കരന്‍റെ മുഖത്തൊരു ജാള്യതയുമുണ്ട്. വെട്ടും കിളയുമായി നേരം കളയാതെ നീ മഞ്ജുവിനെ സ്വന്തമാക്കാനുള്ള വഴി നോക്കിക്കോ ഇപ്പോ നല്ലോരവസരമാ.”

“അതൊന്നും ശരിയാകാൻ പോണില്ലമ്മേ. അവൾക്ക് എന്നെക്കെട്ടാൻ ഇഷ്ടമല്ലാത്തതു കൊണ്ടല്ലേ മറ്റൊരു വിവാഹത്തിനവൾ തയ്യാറായത്?”

“വിവാഹം നടന്നില്ലല്ലോ. എന്‍റെ നോട്ടത്തിൽ ഇനിയത് നടക്കാനും പോണില്ല. മഞ്ജൂന് അതിന്‍റെ മനസ്താപം കാണും. നീയവളെ വേണ്ടപോലെ ആശ്വസിപ്പിക്കണം. നിനക്കവളോടുള്ള സ്നേഹമവളറിയട്ടെ” ഈശ്വരിയമ്മ ശിവരാമകൃഷ്ണനെ പ്രോത്സാഹിപ്പിച്ചു.

പിറ്റേന്നും മുരളിയും പൂർണ്ണിമയും കാർസവാരി കഴിഞ്ഞെത്തിയപ്പോൾ വല്ലാതെ വൈകിയിരുന്നു.

ചന്ദ്രശേഖർ രണ്ടുപേരേയും സ്വാഗതം ചെയ്തുകൊണ്ട് ചോദിച്ചു “വെൽക്കം വെൽക്കം. എന്താ നിങ്ങൾ വൈകിയത്?”

പൂർണ്ണിമ മൗനംപാലിച്ചപ്പോൾ മുരളി പറഞ്ഞു. “വഴീലൊക്കെ വല്ലാത്ത ഫോഗായിരുന്നു അങ്കിൾ. തൊട്ട് മുന്നിലെ റോഡുപോലും നേരാംവണ്ണം കാണാൻ കഴിഞ്ഞിരുന്നില്ല. പാതിവഴിയിൽ വണ്ടി നിർത്തിയിടേണ്ടിവന്നു.”

“നീയിന്ന് മുരളിയെ എങ്ങോട്ടാ മോളേ കൊണ്ടു പോയത്?” ചന്ദ്രശേഖർ പൂർണ്ണിമയുടെ നേരെ തിരിഞ്ഞ് ചോദിച്ചു

“പ്രത്യേകിച്ചങ്ങനെ….”

മുരളിയപ്പോൾ ഇടയിൽകയറി പറഞ്ഞു. “ഞാനാ പറഞ്ഞത് ഇന്നലെ പോയ ദേവീ ക്ഷേത്രത്തിലേക്കു തന്നെ പോകാമെന്ന്. എനിക്കാ സ്ഥലം വളരെയിഷ്ടപ്പെട്ടു, അങ്കിൾ”

“അത്താഴത്തിന് നിങ്ങളുംകൂ ടിയെത്തിയിട്ടിരിക്കാമെന്ന് വിചാരിച്ചിരിക്കയായിരുന്നു ഞങ്ങൾ”

“നിങ്ങളിരുന്നോളൂ. ഞാനീ ഡ്രസ്സൊന്ന് ചേയ്ഞ്ച് ചെയ്തിട്ട് വരാം.” പൂർണ്ണിമ പെട്ടെന്ന് അവളുടെ മുറിയിലേക്ക് പോയി.

ചന്ദ്രശേഖറും മുരളിയും പണിക്കരും ഡൈനിംഗ് റീമിലേക്ക് നടന്നു. അരഡസനോളം കാസറോളുകളിൽ ആവിപറക്കുന്ന ഭക്ഷണം തയ്യാറാക്കി വെച്ചിരുന്നു.

അവർ മൂന്ന് പേരും ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ പുറത്ത് ഒരു കാറിന്‍റെ സ്വരം കേട്ടു. നിമിഷങ്ങൾക്കകം ഒരു യുവാവ് അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ചന്ദ്രശേഖർ അയാളെ അതിഥികൾക്ക് പരിചയപ്പെടുത്തി. “ഇതെന്‍റെ മൂത്തമകൻ സന്തോഷ്.”

സന്തോഷ് അതിഥികളോടായി “ഹാപ്പി ടു മീറ്റ് യൂ” എന്ന് പറഞ്ഞെങ്കിലും അയാളുടെ മുഖം മ്ലാനമായിരുന്നു.

“ആലപ്പുഴയിലെത്തിയാലുടനെ സന്തോഷിനേയും സന്ദീപിനേയും മീറ്റ് ചെയ്യണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഞങ്ങൾ” മുരളി അറിയിച്ചു.

“യു ആർ മോസ്റ്റ് വെൽകം” സന്തോഷ് ഒരു വരണ്ട പുഞ്ചിരിയോടെ സ്വാഗതമറിയിച്ചു. പിന്നീടയാൾ ചന്ദ്രശേഖറിനോടായി ചോദിച്ചു “ഡാഡീ, സന്ദീപ് ഇങ്ങോട്ട് വന്നിരുന്നോ?”

“ഇല്ലല്ലോ”

“പരാതി പറയാനവൻ ഡാഡീടെയടുത്തേക്ക് വരികയാണെന്ന് പറഞ്ഞോണ്ടാണല്ലോ കലിതുള്ളിക്കൊണ്ട് ഷോപ്പീന്നിറങ്ങിയത്.”

“പരാതിയോ? എന്ത് പരാതി” ചന്ദ്രശേഖറിന്‍റെ മുഖം ഉൽക്കണ്ഠകൊണ്ട് ചുവന്നുപോയി.

“അവനിന്ന് കടേല് എന്തെല്ലാം കലാപങ്ങളാണുണ്ടാക്കിയേന്നറിയോ?”

ചന്ദ്രശേഖറിന്‍റെ മുഖമപ്പോൾ കടലാസുപോലെ വിളറിപ്പോയി. അതിഥികളുടെ നേരെ പതറിച്ചയോടെ പാളിനോക്കിക്കൊണ്ട് അയാൾ പെട്ടെന്ന് ഭക്ഷണത്തിന് മുന്നിൽ നിന്ന് കൈകുടഞ്ഞെഴുന്നേറ്റു.

“നീ വാ, നമുക്ക് ഡ്രായിംഗ് റൂമിലിരുന്ന് സംസാരിക്കാം” കൈ കഴുകാന്‍ വാഷ്ബേസിനടുത്തേക്ക് നടന്നുകൊണ്ടയാൾ പറഞ്ഞു.

ഡ്രോയിംഗ്റൂമിലെത്തിയപ്പോൾ ചന്ദ്രശേഖർ പതിഞ്ഞസ്വരത്തിൽ തിരക്കി. “എന്താ പ്രശ്നം? ഷോപ്പിനകത്ത് കാലുകുത്തിപോകരുതെന്ന് സന്ദീപിനെ താക്കീത് ചെയ്തിട്ടാണല്ലോ ഞാനിങ്ങോട്ട് പോന്നത്.”

“കൊള്ളാം ഡാഡിയെ അനുസരിക്കുന്നൊരു പാർട്ടിതന്നെ. ഡാഡിയിങ്ങോട്ട് വന്നന്ന് മുതൽ അവൻ ശല്യമുണ്ടാക്കാൻ തുടങ്ങി. കടയിൽവന്ന് ബഹളമുണ്ടാക്കി അവനെന്നും കുറേ പൈസേം വാങ്ങിക്കൊണ്ട് പോകും. കൊടുത്തില്ലെങ്കിൽ എന്നേക്കേറി അടിക്കാൻ വരും. ഇന്നവൻ കടേലേക്ക് കയറിവന്നത് കുടിച്ച് വെളിവില്ലാതെയാ. വന്ന് കയറിയപാടേ, പർച്ചേസിന് വന്നിരുന്ന ഒരു കല്യാണപാർട്ടിയിലെ മണവാട്ടിപ്പെണ്ണിനോട് ശൃംഗാരോം തുടങ്ങി. അവനാ പെണ്ണിനെ നെക്ലസ്സ് കെട്ടിക്കണമെന്ന്! അവളുടെ ബന്ധുക്കളവനെ തടഞ്ഞപ്പോൾ അവൻ കൂടുതൽ വയലന്‍റായി. പിടീം വലീം തല്ലുമൊക്കെയായി ആകെ ബഹളം. സ്റ്റാഫെല്ലാവരും കൂടി അവനെ പിടിച്ചുകൊണ്ട് പോയി അകത്തെ റെസ്റ്റ്റൂമിൽ കൊണ്ടിരുത്തി. വിളയാട്ടം സമ്മതിച്ച് കൊടുക്കാത്തതിന് അവനെന്നെ കുറേ ചീത്ത വിളിച്ചു. ഡാഡീടടുത്തേക്ക് പരാതിപ്പെടാന്‍ പോകുന്നൂന്ന് പറഞ്ഞാണവൻ ഇറങ്ങിപ്പോയത്. ഇക്കണക്കിന് പോയാൽ നമ്മുടെ കട അടച്ചിടേണ്ടിവരും, ഡാഡി.”

“അവനിങ്ങനെ തുടങ്ങിയാൽ നമ്മളെന്ത് ചെയ്യും? എന്നാലും നീ സന്ദീപിനെക്കുറിച്ച് നമ്മുടെ ഗെസ്റ്റുകളുടെ മുന്നിൽ വെച്ച് പറയേണ്ടിയിരുന്നില്ല.”

“സോറി ഡാഡീ, ഞാനതത്രക്കാലോചിച്ചില്ല.”

ആ നിമിഷം ഒരു മോട്ടോർബൈക്ക് അലറിപ്പാഞ്ഞുവന്ന് ബ്രേക്കിട്ട് നിന്നു. സന്ദീപായിരുന്നു ആഗതൻ.

“നീയെന്തൊക്ക ഏഷണിയാടാ ഡാഡിയോട് പറഞ്ഞത്” എന്ന് ചോദിച്ചുകൊണ്ട് അയാൾ സന്തോഷിന്‍റെ നേരെ പാഞ്ഞടുത്തു.

ആജാനുബാഹുവാണ് സന്ദീപ്. സന്തോഷ് കൃശഗാത്രനും.

പൂച്ചക്ക് മുന്നിലകപ്പെട്ട എലിയെപ്പോലെ ഭയന്ന് വിറച്ച് നില്ക്കുന്ന സന്തോഷിന്‍റെ കഴുത്തിൽ പിടിമുറുക്കിക്കൊണ്ട് സന്ദീപ് ആക്രോശിച്ചു. “നിന്നെയിന്ന് കൊല്ലും ഞാൻ.”

ബഹളംകേട്ട് ഡ്രോയിംഗ്റൂമിലെത്തിയ മുരളിയും പണിക്കരും ആ ഭീകരരംഗം കണ്ട് സ്തംഭിച്ച് നിന്നുപോയി. പൂർണ്ണിമയും അപ്പോഴേക്കും അവിടേക്കോടിയെത്തി.

“അവനെ വിട് സന്ദീപ്. അവൻ നിന്നെക്കുറിച്ച് യാതൊന്നും എന്നോട് പറഞ്ഞിട്ടില്ല. കടയിലെ കളക്ഷൻഡാറ്റ കാണിക്കാൻ വന്നതാണവൻ.”

സന്ദീപിനെ ശാന്തനാക്കാനുള്ള ചന്ദ്രശേഖറിന്‍റെ ശ്രമം വിജയിച്ചില്ല. സന്ദീപിന്‍റെ കടുംപിടുത്തം കൂടുതൽ മുറുകിയതേയുള്ളു.

സന്തോഷിന്‍റെ കണ്ണുകൾ പുറത്തേക്ക് തള്ളിവന്നു. മുഖത്തെ മാംസപേശികൾ വലിഞ്ഞുമുറുകി. അവന്‍റെ തൊണ്ടക്കുഴിയിൽനിന്നും ഒരു വികൃതസ്വരം നിഷ്ക്രമിച്ചു.

ചന്ദ്രശേഖർ ദയനീയസ്വരത്തിൽ മുരളിയോടപേക്ഷിച്ചു. “പ്ളീസ് സ്റ്റോപ് ഹിം… പ്ലീസ്…”

മുരളി സന്ദീപിന്‍റെ രണ്ട് കൈകളിലും അള്ളിപ്പിടിച്ച് പുറകോട്ട് വലിച്ചു. ഏതാനും നിമിഷത്തെ ബലപരീക്ഷണത്തിന് ശേഷം സന്ദീപിന്‍റെ നീരാളിപ്പിടുത്തത്തിൽ നിന്നും മുരളി സന്തോഷിനെ സ്വതന്ത്രനാക്കി. അതോടെ സന്തോഷ് ഒരു പഴന്തുണി പോലെ നിലത്തേക്ക് കുഴഞ്ഞുവീണു.

സന്ദീപിന്‍റെ രോഷമെല്ലാം അപ്പോൾ മുരളിയുടെ നേർക്കായി. “താനാരാ എന്നെ തടയാൻ” എന്ന് ചോദിച്ചുകൊണ്ട് അയാൾ മുരളിയുടെ ഷർട്ടിന്‍റെ കോളറിൽ പിടികൂടി.

പൂർണ്ണിമയപ്പോൾ സന്ദീപിന്‍റേയും മുരളിയുടേയും നടുവിലേക്ക് കയറിനിന്നു കൊണ്ട് അപേക്ഷിച്ചു. “എന്താ സന്ദീപേട്ടായിങ്ങനെ… മുരളിയെ വിട്ടേക്ക്.. പ്ലീസ്”

കോപമാളുന്ന കണ്ണുകൾകൊണ്ട് മുരളിയെ ആപാദചൂഡമൊന്ന് അളന്ന് നോക്കിക്കൊണ്ട് പരിഹാസവും അവജ്ഞയും കലർന്നസ്വരത്തിൽ സന്ദീപ് ചീറി, “ഓ! ഇയാള് നിന്‍റെ വുഡ് ബിയാണല്ലോ. നോ പ്രോബ്ളം. കാരിയോൺ. പക്ഷെ ഒരു കാര്യം. വല്യ വിഐപിയാണെന്നും പറഞ്ഞ് ഇയാളെന്നോട് വിളച്ചിലെടുക്കാൻ വന്നേക്കരുത്.” മുരളിയുടെ ഷർട്ടിൽ നിന്ന് പിടിവിട്ടുകൊണ്ട് സന്ദീപ് ചവിട്ടുപടികളിറങ്ങി ബൈക്കിനടുത്തേക്ക് നടന്നു. നിമിഷങ്ങൾക്കകം സന്ദീപിനേയും വഹിച്ചുകൊണ്ട് ബൈക്ക് പുകമഞ്ഞിനുള്ളിൽ അപ്രത്യക്ഷമാവുകയും ചെയ്തു.

സന്തോഷപ്പോഴും അർദ്ധപ്രാണനായി വീണിടത്തുതന്നെ കിടക്കുകയായിരുന്നു. അയാളുടെ കഴുത്താകെ നീലച്ച് പോയിരുന്നു. മുരളിയും ചന്ദ്രശേഖറുംകൂടി അയാളെ താങ്ങിയെഴുന്നേല്പിച്ച് സോഫയിലേക്കിരുത്തി.

പ്രക്ഷുബ്ധമായ അന്തരീക്ഷത്തിനയവു വരുത്താനെന്നപോലെ ചന്ദ്രശേഖർ പറഞ്ഞു “നമുക്ക് ഭക്ഷണം കഴിക്കാം. മുരളിയും പണിക്കരും വരൂ. സന്തോഷ് നീയും വാ.”

ഭക്ഷണത്തിന് മുന്നിൽ വന്നിരുന്നെങ്കിലും മാനസികക്ഷോഭത്താൽ ഉമിനീർ വറ്റിയ സ്ഥിതിയിലായിരുന്നു എല്ലാവരും..

“ഞാനൊന്ന് വിശ്രമിക്കട്ടെ,വല്ലാത്ത ക്ഷീണം.” പണിക്കർ മെല്ലെ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

“എനിക്കും വല്ലാതെ ഉറക്കം വരുന്നു. ഗുഡ്നൈറ്റ്.” മുരളിയും പണിക്കരെ അനുഗമിച്ചു.

തണുത്ത് വിറങ്ങലിച്ചുപോയ ഭക്ഷണവും പാതിയൊഴിഞ്ഞ പ്ലേറ്റുകളും ഡൈനിംഗ് ടേബിളിൽ അനാഥമായി കിടന്നു.

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 10

പ്രായക്കൂടുതലുണ്ട് ഈശ്വരിയമ്മക്ക്. കിളിരമുള്ള സ്ഥൂലിച്ച ശരീരം. കറുത്ത ഫ്രേമുള്ള കണ്ണടക്ക് താഴെ നിശ്ചയ ദാർഢ്യവും ശാസനാഭാവവും തുടിക്കുന്ന സൂക്ഷ്മദൃഷ്ടികൾ. ജ്യേഷ്ഠസഹോദരിയോട് ഉണ്ണിത്താന് വിധേയത്വം കലർന്ന ബഹുമാനമാണ്.

“ശങ്കരാ, നമ്മളിങ്ങനെ ചുമ്മായിരുന്നാൽ മതിയോ. മുരളീമനോഹറിന്‍റെ വീടുവരെ ഒന്ന് പോയി അന്വേഷിക്കണ്ടേ?”

“എന്തിനെക്കുറിച്ച് അന്വേഷിക്കാനാ ചേച്ചി?” ഉണ്ണിത്താൻ പെട്ടെന്ന് ചോദിച്ചുപോയി.

“അതുകൊള്ളാം.നിശ്ചയം മുടങ്ങിയില്ലേ? അതിനി എന്നത്തേക്ക് വെക്കണമെന്ന് അവര് പറഞ്ഞുമില്ലല്ലോ. അവർക്കീ ബന്ധത്തിന് താല്പര്യമില്ലെങ്കിൽ അവരത് തുറന്നു പറയട്ടെ. ഈ നാട്ടിൽ വേറേം ആൺപിള്ളേരുണ്ടല്ലോ.”

“ചേച്ചീ, ആ സോമനാഥപണിക്കർക്ക് സുഖമില്ലാതെ വന്നതുകൊണ്ടല്ലേ നിശ്ചയം നീട്ടിവെച്ചത്. അയാളുടെ അസുഖം ഭേദമായാൽ….” ഉണ്ണിത്താന്‍റെ സ്വരം ദുർബ്ബലമായി

“ഏത് ഹോസ്പിറ്റലിലാ അയാളെ അഡ്മിറ്റ് ചെയ്തിരിക്കുന്നേന്നറിഞ്ഞാൽ നമുക്ക് ശിവരാമനെ അങ്ങോട്ടയച്ച് സ്ഥിതിഗതികളൊക്കെ അറിഞ്ഞ് വരാൻ പറയാമായിരുന്നു. ശങ്കരന് ഹോസ്പിറ്റലേതാണെന്ന് അറിയാമായിരിക്കുമല്ലോ.”

“അത്… അതാലപ്പുഴേലെ…” ഉണ്ണിത്താന്‍റെ വാക്കുകൾ മുറിഞ്ഞു.

“ശങ്കരനതുപോലും അന്വേഷിച്ചില്ലല്ലേ?”

“സേതു പോയിരുന്നല്ലോ. അവര് നമ്മുടെ ബന്ധുക്കളാകാൻ പോകുന്നല്ലേയുള്ളു. ഇപ്പോഴേ അവരുടെ കുടുംബകാര്യങ്ങളിൽ തലയിടുന്നതെന്തിനാ എന്നോർത്തിട്ടാ, ചേച്ചീ.”

“ഏതായാലും തുടക്കത്തിലേ മുടക്കം വന്നത് അത്ര ശുഭലക്ഷണമല്ല. ജാതകങ്ങൾ തമ്മിൽ പൊരുത്തമുണ്ടോന്ന് ഒരിക്കൽകൂടി വിശദമായി നോക്കിയിട്ട് മതി മുന്നോട്ട് പോകാനെന്നാ എന്‍റെ അഭിപ്രായം.”

അപ്പോഴേക്കും പീരുമേട്ടിലെ എസ്റ്റേറ്റിലെ മേസ്ത്രി ഉണ്ണിത്താനെ കാണാൻ വന്നിരിക്കുന്നെന്ന് ധർമ്മേന്ദ്രൻ വന്നറിയിച്ചു. പ്രതിക്കൂട്ടിൽനിന്ന് കുറ്റവിചാരണ കഴിഞ്ഞിറങ്ങുന്ന കുറ്റവാളിയുടെ ആശ്വാസത്തോടെ ഉണ്ണിത്താൻ ആ മുറിയിൽനിന്നും പുറത്തേക്ക് കടന്നു.

 

മുരളിയും സോമനാഥപണിക്കരും പൂർണ്ണിമയുടെ അച്ഛൻ ചന്ദ്രശേഖരന്‍റെ ആതിഥ്യം സ്വീകരിച്ച് പൊന്മുടിയിലെ എസ്റ്റേറ്റില്‍ താമസം തുടങ്ങിയിട്ട് നാലഞ്ച് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

ജ്വല്ലറിഷോപ്പിന്‍റെ ചുമതല മൂത്തമകൻ സന്തോഷിനെ ഏല്പിച്ച് ചന്ദ്രശേഖറും പൂർണ്ണിമയോടൊപ്പം അവിടെയെത്തിയിട്ടുണ്ട്.

ഒരു കുന്നിന്‍റെ മുകളിലാണ് ചന്ദ്രശേഖറിന്‍റെ കൊട്ടാരസദൃശ്യമായ എസ്റ്റേറ്റ് ബംഗ്ളാവ്. ചുറ്റും തേയിലതോട്ടങ്ങളുടെ പച്ചപ്പും കുളിർമ്മയും. സുഖകരമായ കാലാവസ്ഥ. നഗരത്തിന്‍റെ ശബ്ദാരവങ്ങളില്ലാത്ത സ്വച്ഛസുന്ദരമായ അന്തരീക്ഷം. അതിനെല്ലാം പുറമെ ആതിഥേയരുടെ ഹൃദ്യമായ പരിചരണവും.

എസ്റ്റേറ്റിലെ താമസം മുരളിക്കും പണിക്കർക്കും വളരെയിഷ്ടപ്പെട്ടു. പൂർണ്ണിമയുമായുള്ള സൗഹൃദം കൂടുതൽ ഊഷ്മളമായതോടെ ദിവസങ്ങൾ കടന്നുപോകുന്നത് മുരളി അറിഞ്ഞതേയില്ല. ദിവസവും ഉച്ചസമയത്ത് പൂർണ്ണിമയും മുരളിയും കൂടി ചുറ്റിനുമുള്ള പ്രകൃതിമനോഹരങ്ങളായ സ്ഥലങ്ങൾ കാണാനിറങ്ങും പൂർണ്ണിമ അയാളെ പരിസരത്തുള്ള പിക്നിക് സ്പോട്ടിലെല്ലാം കൊണ്ടുപോകും. ആ സ്വകാര്യ നിമിഷങ്ങളിലൂടെ അവരന്യോന്യം കൂടുതലടുത്തു.

ഒരു മദ്ധ്യാഹ്നം. ചന്ദ്രശേഖറിന്‍റെ ഐകോണിൽ പ്രകൃതിരമണീയമായൊരു സ്ഥലത്തേക്കുള്ള യാത്രയിലായിരുന്നു മുരളിയും പൂർണ്ണിമയും.

“താനെന്താ ആലോചിക്കുന്നേ.” ഡൈവ് ചെയ്യുന്നതിനിടയിൽ മുരളി ചോദിച്ചു.

“ഒന്നുമില്ല…” ആ സ്വർഗ്ഗീയനിമിഷങ്ങൾ ആസ്വദിക്കുംപോലെ മുരളിയുടെ തോളിലേക്ക് ചാഞ്ഞ് കണ്ണുചിമ്മിക്കൊണ്ട് പൂർണ്ണിമ മന്ത്രിച്ചു.

മഞ്ജുവിനെക്കുറിച്ചാണവളപ്പോൾ ആലോചിച്ചിരുന്നത്.

മഞ്ജു! കോളേജ് കാമ്പസ്സിലെ ഏക എതിരാളി!. എല്ലാ മത്സരങ്ങളിലും തനിക്ക് മുന്നിൽ വിജയത്തിന്‍റെ വെന്നിക്കൊടിയുമായി അവളുണ്ടാകും.

പരീക്ഷകളിൽ, കലാവേദികളിൽ, സൗന്ദര്യമത്സരത്തിൽ എല്ലാം തനിക്ക് പരാജയത്തിന്‍റെ കയ്പുനീർ മാത്രം. പക്ഷെ, ഇപ്പോളാദ്യമായി താനവളെ തോല്പിച്ചിരിക്കുന്നു.

അവളുടെ സ്വപ്ന ഗന്ധർവ്വനാണിപ്പോൾ തന്‍റെയരികിലിരിക്കുന്നത്. ഐഎഎസുകാരനെ കെട്ടാൻ പോകുന്നെന്നും പറഞ്ഞ് എന്തൊരു നെഗളിപ്പായിരുന്നു അവൾക്ക്. സ്നേഹിതകൾക്ക് വിരുന്നുനല്കി വിലസുമ്പോൾ ഇത്തരത്തിലൊരു ക്ലൈമാക്സ് അവളൊരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

പിങ്കി ഫോൺ ചെയ്തപ്പോൾ പറഞ്ഞത് മഞ്ജുവിന്‍റെ എംഗേജ്മെന്‍റ് നീട്ടിവെച്ചു എന്ന് മാത്രമാണല്ലോ. മഞ്ജു അങ്ങനെയാവും സ്നേഹിതകളെ ധരിപ്പിച്ചിരിക്കുന്നത്. വിവാഹം മുടങ്ങിയെന്ന് പറയുന്നത് നാണക്കേടാണല്ലോ. പക്ഷെ എത്രനാളാണവൾ ആ രഹസ്യം ഒളിപ്പിച്ചുവെക്കാൻ പോകുന്നത്? താനും മുരളിയും തമ്മിലുള്ള വിവാഹം അധികം താമസിയാതെ നടക്കും. അതുകഴിഞ്ഞാൽ പിന്നെ അവള്‍ക്ക് കോളേജ് കാമ്പസ്സിനകത്ത് തലയുയർത്തി നടക്കാനകുമോ?

അതെല്ലാമോർത്തപ്പോൾ പൂര്‍ണ്ണിമക്കൊന്ന് പൊട്ടിച്ചിരിക്കണമെന്ന് തോന്നിയെങ്കിലും അവൾ ശ്രമപ്പെട്ട് ചിരിയമർത്തി.

“എന്താടോ, തനിക്കിന്നൊരു മൂഡ്ഔട്ട് പോലെ?” അവളെ മനോരാജ്യത്തിൽനിന്ന് കുലുക്കിയുണർത്താൻ ശ്രമിച്ചുകൊണ്ട് മുരളി ചോദിച്ചു. “വിവാഹം കഴിഞ്ഞാൽ പഠനം മുടങ്ങുമെന്ന വറിയാണോ തനിക്ക്?”

മോഡലെക്സാമിന് എല്ലാവരേക്കാൾ കൂടുതൽ മാർക്ക് തനിക്കാണെന്നാണവൾ അയാളെ ധരിപ്പിച്ചിരുന്നത്.

“അതെ” എന്നവൾ തലയനക്കിയപ്പോൾ ഇടത്തു കൈകൊണ്ടവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചുകൊണ്ടയാൾ അവളെ ആശ്വസിപ്പിച്ചു. “ഡോൺട് വറി, തനിക്ക് ആലപ്പുഴേലേതെങ്കിലും കോളേജിൽ പോസ്റ്റ്ഗ്രാജ്വേഷന് ചേരാം. വേണെങ്കിൽ ഐഎഎസിനും ഒരു കൈ നോക്കാം. എന്താ?”

വാസ്തവത്തിൽ കലക്ടറുടെ പത്നീപദമലങ്കരിച്ച് കൊച്ചമ്മ ചമഞ്ഞ് നടക്കാമെന്ന സ്വപ്നം മാത്രമേ അവൾക്കുണ്ടായിരുന്നുള്ളു. എങ്കിലും പക്ഷിത്തൂവൽപോലെ അയാളുടെ ശരീരത്തിലേക്ക് ഒട്ടിച്ചേർന്നുകൊണ്ട് അവൾ വിധേയത്വത്തോടെ മൂളി.

അയാൾ കഴുത്ത് ചെരിച്ച് അവളുടെ മൂർദ്ധാവിൽ ചുണ്ടുകളമർത്തിയപ്പോൾ പൂർണ്ണിമ കിലുകിലെ ചിരിച്ചുകൊണ്ട് അയാളെ ഓർമ്മിപ്പിച്ചു. “ഡ്രൈവിംഗിൽ ശ്രദ്ധിച്ചില്ലെങ്കിൽ വണ്ടി സമ്മർസോൾട്ടടിക്കും കേട്ടോ. പിന്നെ കലക്ടറുടടെ പൊടി പോലും ബാക്കി കാണില്ല.”

വഴിയരികത്തെ കുത്തനെ ഇറങ്ങിപോകുന്ന താഴ്ചയിലേക്ക് കണ്ണയച്ചുകൊണ്ട് മുരളി ലാഘവസ്വരത്തിൽ പറഞ്ഞു “താനും കൂടെയുണ്ടെങ്കിൽ ഏത് നരകത്തിൽ പോകാനും എനിക്ക് സന്തോഷമാണെടോ”

അയാളുടെ വെളിപ്പെടുത്തൽ അവളെ വാനോളമുയർത്തി.

“ഇന്ന് നമ്മൾ എങ്ങോട്ടാണ് പരിപാടി ഇട്ടിരിക്കുന്നത്?” മുരളി ചോദിച്ചു.

“കുന്നിന്‍റെ മുകളിലുള്ള ഒരു ദേവിക്ഷേത്രത്തിലേക്കാണ് നമ്മുടെ ഇന്നത്തെ യാത്ര. അവിടെനിന്ന് നോക്കിയാൽ ഈ പ്രദേശം മുഴുവൻ മൊത്തത്തിലൊന്ന് കാണാം. പക്ഷെ ഒരു പ്രശ്നമുണ്ട്. മുകളറ്റംവരെ വണ്ടി പോകില്ല”

“വെരിഗുഡ്. ബ്രേക്ക്ഫാസ്റ്റിനും ലഞ്ചിനുമൊക്കെ തന്‍റെ ഡാഡി തീൻമേശനിറയെ വിഭവങ്ങൾ നിരത്തി വെക്കുകയല്ലേ? അതൊക്കെയൊന്ന് ദഹിച്ച് കിട്ടാൻ അല്പം എക്സർസൈസാകട്ടെ.”

കുണ്ടും കുഴിയും വളവും തിരിവുമുള്ള വീതി കുറഞ്ഞ ചെമ്മൺപാതയിലൂടെ വണ്ടി നാലഞ്ച് കിലോമീറ്ററോളം ഓടിയപ്പോൾ അവർ ദേവീക്ഷേത്രം സ്ഥിതിചെയ്യുന്ന കുന്നിന്‍റെ അടിവാരത്തിലെത്തി.

“സന്ധ്യക്ക് മുൻപ് നമുക്ക് മടങ്ങണം. സന്ധ്യ കഴിഞ്ഞാൽ ഈ ഭാഗത്തെങ്ങും ഒരു മനുഷ്യജീവിയെപ്പോലും കാണാനാകില്ല.” പൂർണ്ണിമ മുന്നറിയിപ്പ് നല്കി.

“ദാറ്റീസ് ഗുഡ്. നമ്മൾ രണ്ടുപേരും മാത്രമങ്ങനെ… അതൊരു സുഖമല്ലേടോ?”

“ആണോ. എനിക്കറിയില്ല.” പൂർണ്ണിമ ചിണുങ്ങി.

“അത് വെറുതെ. പിന്നെയെന്തിനാ താനെന്നും എന്നേംകൊണ്ടിങ്ങനെ ഡ്രൈവിനിറങ്ങുന്നേ.” മൃദുവായി അവളുടെ കവിളിൽ നുള്ളിക്കൊണ്ടയാൾ ചോദിച്ചു.

ചന്ദ്രശേഖറിന്‍റെ ലക്ഷ്യവും താനും പൂർണ്ണിമയും തമ്മിലടുക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയാണെന്നും അയാളോർത്തു അല്ലെങ്കിൽ “എല്ലാ ടൂറിസ്റ്റ് സ്പോട്ടുകളിലും മുരളിയെ കൊണ്ടുപോകണം കേട്ടോ മോളേ, ഒന്നും വിട്ട് കളഞ്ഞേക്കരുത്” എന്നെല്ലാം പറഞ്ഞ് അയാളവളെ പ്രോത്സാഹിപ്പിക്കുകയില്ലായിരുന്നല്ലോ. തന്‍റെ ഡാഡിയേയും ചന്ദ്രശേഖർ വശത്താക്കിക്കഴിഞ്ഞിരിക്കുന്നു. രണ്ട് ഡാഡിമാരുംകൂടി ഡ്രിങ്ക്സും റമ്മികളിയുമായി കൂടിയിരിക്കയാണ്.

കുന്നുകയറി മുരളിയും പൂർണ്ണിമയും ക്ഷേത്രനടയിലെത്തിയപ്പോഴേക്കും വെയിൽ ചായാൻ തുടങ്ങിയിരുന്നു. ചൂളം വിളിച്ചുകൊണ്ടെത്തിയ കാറ്റിന് നല്ല തണുപ്പുമുണ്ടായിരുന്നു. ആലിംഗനബദ്ധരായി പ്രകൃതിയുടെ വിസ്മയകാഴ്ചകളിലേക്ക് കണ്ണയച്ചുകൊണ്ട് നിന്നപ്പോൾ രണ്ട് ശരീരവും ഒരാത്മാവുമാണ് തങ്ങൾക്കെന്നുതോന്നി പൂർണ്ണിമക്ക്. കൈകോർത്ത് പിടിച്ചുകൊണ്ടാണ് അവർ ക്ഷേത്രത്തിന് മുന്നിലെത്തിയത്.

മാനം അപ്പോഴേക്കും കറുത്ത് തുടങ്ങിയിരുന്നു. കാറ്റിന്‍റെ ചൂളം വിളി കൂടുതൽ ഉച്ചത്തിലായി.

പൂർണ്ണിമ ധൃതികൂട്ടി “മഴക്കോള് കാണാനുണ്ട്. നമുക്ക് വേഗം മടങ്ങാം.”

രണ്ടുപേരും കാറിനടുത്തെത്തിയപ്പോഴേക്കും മഴ തുള്ളിയിടാൻ തുടങ്ങി. കൂടുതൽ കരുത്താർജ്ജിച്ച കാറ്റിൽ പൊടിപടലങ്ങളും ചപ്പിലകളും പാറി നടന്നു. അവർ കാറിനകത്തേക്ക് ഓടിക്കയറി. മുരളി കാർ മുന്നോട്ടെടുത്തു.

മഴ പെട്ടെന്ന് കനത്തു. ഇടക്കിടെ കൊള്ളിയാൻ മിന്നി. കുണ്ടും കുഴിയും നിറഞ്ഞ ചെമ്മൺപാതയിലൂടെ മഴവെള്ളം കുത്തിയൊഴുകി. ആടിക്കുലുങ്ങിക്കൊണ്ടാണ് കാർ മുന്നോട്ടോടിയത്.

അല്പസമയത്തിനുള്ളിൽ തുള്ളിക്കൊരു കുടമെന്നപോലെ മഴ കോരിച്ചൊരിയാൻ തുടങ്ങി. തൊട്ടു മുന്നിലെ റോഡു പോലും കാണാൻ കഴിയാത്ത അവസ്ഥ.

മുരളി കാർ വഴിയോരത്തേക്ക് നീക്കി പാർക്ക് ചെയ്തു. ഹെഡ്ലൈറ്റിന്‍റെ പ്രകാശത്തിൽ അന്യോന്യം ചുറ്റിപിണയുന്ന മഴനാരുകളിലേക്ക് നോക്കിയിരുന്നപ്പോൾ അയാളുടെ കണ്ണുകളിൽ ആസക്തിയുടെ കനലുകൾ മിന്നി. ഇരുകൈകളും നീട്ടി അയാൾ പൂർണ്ണിമയെ സ്വന്തം മാറോട് ചേർത്തു.

 

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 9

ധർമ്മേന്ദ്രൻ കിച്ചണിലേക്ക് ചെന്നപ്പോള്‍ രണ്ട് കൈകൊണ്ടും ശിരസ്സും താങ്ങി നിലത്ത് ചമ്രംപടിഞ്ഞിരിക്കുകയാണ് മണ്ഡോദരി.

“എന്താ താനിങ്ങനെ നനഞ്ഞ പൂച്ചേപ്പോലിരിക്കുന്നേ?” ധർമ്മേന്ദ്രൻ ചോദിച്ചു.

“എന്‍റെ കയ്യും കാലുമാടുന്നില്ല ധർമ്മൻചേട്ടാ. മഞ്ജുക്കുഞ്ഞിന്‍റെ നിശ്ചയം മാറ്റിവെച്ചൂ ന്നറിഞ്ഞപ്പോ തൊടങ്ങി മനസ്സിനൊരു സുഖോമില്ല.”

“നേരെ കലക്ടറേറ്റിലേക്കൊരു പാസ്പോർട്ട് സംഘടിപ്പിക്കാനുള്ള ശ്രമമായിരുന്നല്ലോ. മനപ്പായസം കുടിച്ചത് വെറുതെയാകുമോ എന്നോർത്തിട്ടുള്ള പ്രയാസമായിരിക്കുമല്ലേ?” മണ്ഡോദരിയെ നീരസവും പരിഹാസവും കലർന്ന മട്ടിൽ തറപ്പിച്ചൊന്ന് നോക്കിയിട്ട് ധർമ്മേന്ദ്രൻ കിച്ചണിൽ നിന്നും ഇറങ്ങിനടന്നു.

ഒരു കാർ ഗേറ്റ് കടന്ന് കാർപോർച്ചിൽ വന്ന് നിന്നപ്പോൾ ഉണ്ണിത്താൻ സിറ്റൗട്ടിലേക്കിറങ്ങി ചെന്നു. ഡ്രൈവർ സീറ്റിൽ ശിവരാമകൃഷ്ണനായിരുന്നു. മുൻസീറ്റിൽതന്നെ ഈശ്വരിയമ്മയുമുണ്ട്.

കാറിൽനിന്നിറങ്ങിനിന്നുകൊണ്ട് ശിവരാമകൃഷ്ണൻ ചോദിച്ചു. “സുഖമല്ലേ അമ്മാമേ?”

ഈശ്വരിയമ്മ അനുതാപത്തോടെ ഇടയിൽ കയറി പറഞ്ഞു. “ഇതെന്ത് ചോദ്യമാ ശിവരാമാ. ശങ്കരന്‍റെ മുഖം വാടിയിരിക്കണത് കണ്ടൂടെ നിനക്ക്?”

“ഓ! ഞാനതോർത്തില്ല. സോറീ അമ്മാമേ ”ശിവരാമകൃഷ്ണന്‍റെ മുഖത്ത് ജാള്യത പരന്നു.

അയാൾ ഡിക്കി തുറന്ന് രണ്ട് മൂന്ന് സാമാന്യം വലിയ സൂട്ട്കേസുകളെടുത്ത് പുറത്തേക്ക് വെച്ചു.

“ശങ്കരന് നല്ല മനപ്രയാസമുണ്ടെന്നറിയാം. ആർക്കാണെങ്കിലും അങ്ങനെയാണല്ലോ. കൂടപ്പിറപ്പിനെന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് കയ്യുംകെട്ടി നോക്കിനില്ക്കാനുള്ള മനക്കട്ടിയൊന്നുമെനിക്കില്ല, ശങ്കരാ. അതാ ഞങ്ങളുടനെയിങ്ങോട്ട് പുറപ്പെട്ടത്‌.” ഈശ്വരിയമ്മ അകത്തേക്ക് നടന്നുകൊണ്ട് സഹതാപാർദ്രമായ സ്വരത്തിൽ തുടർന്നു. ”ഇനി ശങ്കരനൊന്നുമോർത്ത് വിഷമിക്കണ്ട. ഞങ്ങളിങ്ങെത്തിയല്ലോ. എന്തിനും ശങ്കരന്‍റെ കൂടെ ഞങ്ങളുണ്ടാവും”

ആളനക്കംകേട്ട് ഉമ്മറത്തെത്തിയ ധർമ്മേന്ദ്രൻ സൂട്ട്കേസുകളെല്ലാമെടുത്ത് അകത്തേക്ക് വെച്ചു.

“ധർമ്മാ, നീ മണ്ഡോദരിയോട് കുറച്ച് ചായയുണ്ടാക്കാൻ പറയ്” ഉണ്ണിത്താൻ നിർദ്ദേശം നല്കി.

വേണോ വേണ്ടയോ എന്ന മട്ടിൽ പാചകം ചെയ്തുകൊണ്ടിരുന്ന മണ്ഡോദരിയോട് ധർമ്മേന്ദ്രൻ പറഞ്ഞു “ഈശ്വരിയമ്മയും ശിവരാമകൃഷ്ണൻ സാറുമെത്തിയിട്ടുണ്ട്. രണ്ട് ചായ വേണം.”

“എന്‍റീശ്വരാ, ആയമ്മ എന്തിനാ ഇപ്പഴിങ്ങോട്ട് കെട്ടിയെടുത്തത്? ശിവരാമകൃഷ്ണൻ സാറിനെ എങ്ങനേം സഹിക്കാം. പക്ഷെ, ആയമ്മയെ…..”

“ഐഎഎസുകാരെമാത്രേ തനിക്ക് കണ്ണിൽ പിടിക്കൂ അല്ലേ?”

“അയ്യോ, അതല്ല ധർമ്മൻചേട്ടാ, ആയമ്മയെ പണ്ടേ എനിക്ക് പേടിയാ.”

“ങ്ഹാ! ചിലരേങ്കിലും പേടിയുണ്ടാകുന്നത് നല്ലതാ.” എന്നൊരു കുത്തുവാക്കും പറഞ്ഞ് ചായയുമായി ഡ്രോയിംഗ് റൂമിലേക്ക് പോയ ധർമ്മേന്ദ്രൻ ഉടനെ തന്നെ മടങ്ങിവന്നറിയിച്ചു. “അവർക്കും കൂടി ബ്രേക്ക് ഫാസ്റ്റ് വേണ്ടിവരുമെന്ന് പറഞ്ഞു സാറ്.”

“ബ്രേക്ക് ഫാസ്റ്റിന്‍റെ പണി കഴിഞ്ഞതായിരുന്നു ഇനീം രണ്ടുപേർക്കുകൂടി വേണമെന്ന് പറഞ്ഞാൽ ഞാനെന്തോ ചെയ്യും? ആ ശിവരാമകൃഷ്ണൻ സാറാണെങ്കിൽ മൂന്നാല് പേർക്കുള്ള ഭക്ഷണം ഒറ്റയിരിപ്പിന് അടിച്ച് കേറ്റും.”

“ഈ വീട്ടുകാർക്കും ഇവിടെ വിരുന്ന് വരുന്നവർക്കുമൊക്കെയുള്ള ഭക്ഷണം തയ്യാറാക്കാനാ ഈ അടുക്കളേം ഇക്കണ്ട സൗകര്യങ്ങളുമൊക്കെ ഉണ്ടാക്കി വെച്ചിരിക്കുന്നേ. കളക്ട്രേറ്റ് സ്വപ്നം കാണാതെ വല്ലതും വെച്ചുണ്ടാക്കാൻ നോക്ക് പെണ്ണേ.”

“ഇഡ്ഡലിമാവ് തീർന്നു. റവേം ഇരിപ്പില്ല. പുട്ടും മുട്ടക്കറീം… അയ്യോ ആയമ്മ സസ്യഭുക്കല്ലേ. പുട്ടും… ഉരുളക്കിഴങ്ങ് മസാലേം ഉണ്ടാക്കാം. ധർമ്മൻചേട്ടൻ ഇച്ചിരി തേങ്ങ ചിരവിത്തന്നേക്ക്”

“അപ്പുറത്ത് നൂറുകൂട്ടം പണി കിടക്കുമ്പോഴാ തന്‍റെയൊരു തേങ്ങ” ധർമ്മേന്ദ്രൻ തലവെട്ടിത്തിരിച്ച് ഗൗരവത്തിൽ പുറത്തേക്ക് നടന്നു.

“സേതുലക്ഷ്മിയെവിടെ?” ഈശ്വരിയമ്മ ചോദിച്ചു.

“കുളിക്കാണെന്ന് തോന്നണു. ഞാനുമൊന്ന് കുളിച്ചിട്ട് വരാം” ആ അവസരമുപയാഗിച്ച് ഉണ്ണിത്താനും തഞ്ചത്തില്‍ അവിടെനിന്ന് രക്ഷപ്പെട്ടു.

ഡ്രോയിംഗ് റൂമിൽ ഈശ്വരിയമ്മയും മകനും മാത്രമായി. “ശങ്കരന്‍റെ മുഖത്ത് നല്ല വിഷാദമുണ്ട്. കല്യാണനിശ്ചയം മുടങ്ങിപോകാനെന്താണ് കാരണമെന്ന് അറിയാനെനിക്ക് ധൃതിയായി. പക്ഷെ എടുത്തടിച്ചതുപോലെ ചോദിക്കാനുമാവില്ലല്ലോ.”

മഞ്ജുവപ്പോൾ ഉറക്കച്ചടവുമായി സ്റ്റെയർകേസിറങ്ങിവന്നു

“ഈശ്വരിവല്യമ്മ എപ്പോഴെത്തി” മഞ്ജു ചോദിച്ചു.

“ഇപ്പഴിങ്ങെത്തിയതേയുള്ളു. നിന്‍റെ അമ്മയെ ഇങ്ങോട്ട് കണ്ടില്ലല്ലോ”

“വല്യമ്മയെത്തിയ വിവരം മമ്മി അറിഞ്ഞു കാണില്ല. ഞാൻ പോയി മമ്മിയെ ഇങ്ങോട്ട് വിളിച്ചുകൊണ്ട് വരാം”

അവൾ ബെഡ്റൂമിനകത്തേക്ക് ചെന്നപ്പോൾ സേതുലക്ഷ്മി കുളിക്കാൻ പുറപ്പെടുന്ന തേയുള്ളു. “മമ്മീ, ഈശ്വരി വല്യമ്മേം ശിവരാമേട്ടനും എത്തിയിട്ടുണ്ട്”

“നിന്‍റെ ഡാഡി പറഞ്ഞു. ഫംഗ്ഷൻ നീട്ടിവെച്ച വിവരം നിന്‍റെ ഡാഡി അവരെ അറിയിച്ചതാണല്ലോ. പിന്നെയെന്തിനാ ഇപ്പൊ അവരിങ്ങോട്ടെഴുന്നള്ളിയത്.”

“ആ, എനിക്കറിയില്ല. രണ്ട് മൂന്ന് സൂട്ട്കേസുകളുമൊക്കെയായിട്ടാ വന്നിരിക്കുന്നത്.”

“ആ സ്ഥിതിക്ക് അടുത്തെങ്ങും മടങ്ങാനുദ്ദേശമില്ലെന്നർത്ഥം. ആ ബുദ്ദൂസിനെക്കൊണ്ട് നിന്നെ കെട്ടിക്കാൻ ഒന്നുകൂടി ശ്രമിച്ചുനോക്കാമെന്ന ഉദ്ദേശത്തോടെ ഇവിടെ അട്ടിപ്പേറ് കിടക്കാനുള്ള പ്ലാനായിരിക്കും.”

“അതാവില്ല. എന്‍റെ മാര്യേജ് ഫിക്സ് ചെയ്ത് കഴിഞ്ഞതല്ലേ?”

നാവ് പിഴച്ച് പോയതിന്‍റെ ജാള്യത മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് സേതുലക്ഷ്മി പറഞ്ഞു “ഏതായാലും നീയവരോട് നോക്കീം കണ്ടുമൊക്കെ പെരുമാറിക്കോളണം.”

“യൂ ഡോൺട് വറി. പിന്നെയൊരു കാര്യം അവർക്കുപയോഗിക്കാൻ താഴെയുള്ള ഗസ്റ്റ് റൂം റെഡിയാക്കിയാൽ മതി. മുകളിലെ റൂം കൊടുത്താല്‍ എന്‍റെ വായന വട്ടപൂജ്യമാകും. ഡാഡിയെവിടെ?

“ബാത്ത് റൂമിലുണ്ട്..”

“മമ്മിയെ വല്യമ്മ അന്വേഷിക്കുന്നുണ്ട് ”

“ഓ! കുറച്ച് നേരം അവരവിടെ അടങ്ങിയിരിക്കട്ടെ. നീയും മുകളിലേക്ക് പൊയ്ക്കോ. ബെഡ്കോഫി ഞാൻ മണ്ഡൂന്‍റെ കയ്യിൽ കൊടുത്തയച്ചേക്കാം” സേതുലക്ഷ്മി പറഞ്ഞു.

 

പിങ്കിയും വരദയും തിങ്കളാഴ്ച രാവിലെ ഹോസ്റ്റലിലെത്തി. ഇനിയും ഒരാഴ്ചകൂടി മാത്രമേ ക്ലാസ്സുള്ളു. അത് കഴിഞ്ഞാൽ പരീക്ഷക്ക് മുൻപുള്ള സ്റ്റഡിലീവ് തുടങ്ങും.

മോഡൽ എക്സാമിന് മിക്കവിഷയങ്ങൾക്കും മഞ്ജുവിനാണ് കൂടുതൽ മാർക്ക് ലഭിച്ചത്. പിങ്കിയും വരദയും ലൈബ്രറിയിൽ ചെന്നപ്പോൾ പ്യൂൺ വറീത്ചേട്ടൻ അവരുടെ അടുത്തേക്ക് വന്നു.

“വിനയൻസാറിന്‍റെ ജോലിക്കാര്യം വല്ലതും ശരിയായോ മക്കളേ.”

“പൂർണ്ണിമയിതുവരെ മടങ്ങിയെത്തിയിട്ടില്ല, വറീത് ചേട്ടാ. ഞങ്ങൾ പൂർണ്ണിമയെ വിളിച്ച് ചോദിച്ചു നോക്കാം.”

“എങ്കിൽ വല്യ ഉപകാരം” വറീത്ചേട്ടൻ നന്ദി അറിയിച്ചു.

ലൈബ്രറിയിൽ നിന്ന് മടങ്ങുമ്പോള്‍ പിങ്കി പറഞ്ഞു. “മഞ്ജു തിങ്കളാഴ്ച രാവിലെ എത്തുമെന്നല്ലേ പറഞ്ഞിരുന്നത്? .അവളെയും കണ്ടില്ലല്ലോ.”

ഹോസ്റ്റലില്‍ എത്തിയ ഉടനെ പിങ്കി മഞ്ജുവിന്‍റെ മൊബൈലിലേക്ക് വിളിച്ചു.

“നീയെന്താ ഞങ്ങളെയൊക്കെ മറന്നോ. എന്താ ഇന്നലെ വരാഞ്ഞത്?”

“അത്… ഇവിടെ ചില പ്രശ്നങ്ങളൊക്കെ ഉണ്ടായെടോ. മുരളിയുടെ അച്ഛന് ഒരു ചെറിയ ഹാർട്ട് അറ്റാക്ക്.”

“ഓ! വലിയ കഷ്ടമായിപ്പോയി. ഇപ്പോൾ എങ്ങനെയിരിക്കുന്നു?”

“ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തിട്ടില്ലെന്നാ മമ്മി പറഞ്ഞത്. അതുകൊണ്ട് എംഗേജ്മെന്റ് എക്സാം കഴിഞ്ഞേ ഉണ്ടാവൂ.”

“അടുത്തയാഴ്ച സ്റ്റഡിഹോളിഡേയ്സ് തുടങ്ങുകയല്ലേ. ഞാറാഴ്ച ഞാൻ വീട്ടിലേക്ക് പോകും. വരദ ഹോസ്റ്റലിൽ തന്നെ നില്ക്കും. അവളുടെ ചേച്ചിയും കുട്ടികളുമൊക്കെ വീട്ടിലുള്ളതുകൊണ്ട് അവിടെയിരുന്ന് സ്വസ്ഥമായി പഠിക്കാനാവില്ലെന്നാ പറയുന്നേ. പിന്നേ, മോഡൽ എക്സാമിന് എല്ലാത്തിനും നിനക്കാ കൂടുതൽ മാർക്ക്.”

“താങ്ക് ഗോഡ്. ഞാനിനി എക്സാമിന്‍റെ തലേന്നേ അങ്ങോട്ട് വരുന്നുള്ളു.” മഞ്ജു അറിയിച്ചു.

പിങ്കി സംഭാഷണം അവസാനിപ്പിച്ചപ്പോൾ വരദ ചോദിച്ചു. “നീയെന്താ മഞ്ജുവിനോട് കഷ്ടമായിപ്പോയി എന്നെല്ലാം പറഞ്ഞത്.”

“മഞ്ജുവിന്‍റെ എംഗേജ്മെന്‍റ് മുടങ്ങി. മുരളീമനോഹറിന്‍റെ അച്ഛന് ഹാർട്ടറ്റാക്കുണ്ടായ ന്ന്.”

“പാവം അവൾക്ക് എക്സാമിന് പ്രിപ്പയർ ചെയ്യാനുള്ള മൂഡ് പോലും ഉണ്ടാവില്ല.”

“ശരിയാ, ഞാനാ പൂർണ്ണിമേം കൂടിയൊന്ന് വിളിച്ച് നോക്കട്ടെ.”

അവളുടെ വീട്ടിലേക്ക് വിളിച്ചപ്പോൾ അവൾ പൊന്മുടിയിലുള്ള എസ്റ്റേറ്റിലാണെന്നാണ് ഒരു പുരുഷസ്വരം അറിയിച്ചത്. പിങ്കി അയാളോട് ചോദിച്ച് എസ്റ്റേറ്റിലെ നമ്പർ കുറിച്ചെടുത്തു.

അങ്ങോട്ട് വിളിച്ചപ്പോൾ പൂർണ്ണിമ തന്നെയാണ് ഫോണെടുത്തത്.

“ഹലോ, പിങ്കി! ഹൗ ആർ യൂ” പൂർണ്ണിമയുടെ സ്വരത്തിൽ ആഹ്ളാദമിരമ്പും പോലെ

“സുഖം, നീയെന്താ ഇങ്ങോട്ട് വരാഞ്ഞത്.”

“ഇവിടെ നിറയെ ഗെസ്ററാണ്. മാർക്കുകളെല്ലാം അറിഞ്ഞ് കാണുമല്ലോ. മോഡൽ എക്സാമിന്‍റെ പേപ്പേഴ്സെല്ലാം നിങ്ങളവിടെ വാങ്ങി വെച്ചേക്ക്. എക്സാം തുടങ്ങുന്നതിന് രണ്ടുദിവസം മുൻപ് ഞാനങ്ങോട്ടെത്തിക്കോളാം.”

“നീയാ വിനയൻ സാറിന്‍റെ അപേക്ഷ നിന്‍റെ ഡാഡിക്ക് കൊടുത്തോ? നിന്‍റെ ഡാഡിയെന്താ പറഞ്ഞത്.”

“ഇപ്പോൾ വേക്കൻസിയൊന്നുമില്ലെന്നാ ഡാഡി പറഞ്ഞത്. ഞാനാ ആപ്ളിക്കേഷൻ അയാളുടെ അഡ്രസ്സിൽ മടക്കി അയക്കാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്. പിന്നെന്തൊക്കെയാ മഞ്ജുവിന്‍റെ വിശേഷങ്ങൾ?”

“അവളുടെ എംഗേജ്മെന്റ് മുടങ്ങിയെന്ന്.”

പൂർണ്ണിമയുടെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. ഒരു നിമിഷത്തെ മൗനത്തിന് ശേഷം വിരസമായ സ്വരത്തിൽ അവൾ പറഞ്ഞു “നിർത്തട്ടെ. ഞാനല്പം തിരക്കിലാണ് ”

ബൂത്തിൽ­നിന്ന് മടങ്ങുമ്പോൾ പിങ്കി അഭിപ്രായപ്പെട്ടു. “പൂർണ്ണിമയുടെ സംസാരം കേട്ടാൽ അവളിപ്പോൾ മറ്റേതോ ലോകത്താണെന്ന് തോന്നും. മോഡൽ എക്സാമിന്‍റെ മാർക്കുകളറിയാൻ പോലും അവൾ യാതൊരു താല്പര്യവും കാണിച്ചില്ലല്ലോ.”

“അവൾക്കും വല്ല പ്രപ്പോസലും ഒത്ത് കാണുമോന്നാ എന്‍റെ സംശയം.” വരദ പറഞ്ഞു

രണ്ടു പേരും തിരികെ ലൈബ്രറിയിലെത്തിയപ്പോൾ വറീത് ചേട്ടൻ മാത്രമേ അവിടെയുണ്ടായിരുന്നുള്ളു. “ഞങ്ങൾ പൂർണ്ണിമയോട് സംസാരിച്ചു, വറീത്ചേട്ടാ. ഇപ്പോൾ വേക്കൻസിയൊന്നുമില്ലെന്ന് അവളുടെ ഡാഡി പറഞ്ഞതത്രെ”

“വിനയൻസാറ് വലിയ ഹോപ്പിലിരിക്കയായിരുന്നു. ഇനിയിപ്പോ… ങ്ഹാ! കർത്താവ് മറ്റേതെങ്കിലുമൊരു വാതിൽ തുറന്ന് തരുമായിരിക്കും.” വറീത് ചേട്ടന്‍റെ സ്വരത്തിൽ നിരാശയുണ്ടായിരുന്നു.

 

ഈശ്വരിയമ്മ ചില കാര്യങ്ങളൊക്കെ നിശ്ചയിച്ചുറപ്പിച്ച് കഴിഞ്ഞിരുന്നു. താനും ശിവരാമകൃഷ്ണനും കാഞ്ഞിരപ്പിള്ളിയിലെത്തിയിട്ട് രണ്ടുദിവസമായെങ്കിലും മഞ്ജുവിന്‍റെ എംഗേജ്മെന്‍റ് മുടങ്ങിയതിന്‍റെ യഥാർത്ഥകാരണം രഹസ്യമായിത്തന്നെയിരിക്കുന്നു. താനാ വിഷയം എടുത്തിട്ടാലുടനെ എന്തെങ്കിലും കാരണം പറഞ്ഞ് ശങ്കരൻ തടിതപ്പും. സേതുലക്ഷ്മി പകലൊന്നും വീട്ടിലുണ്ടാവില്ല. ഉള്ള നേരത്തും തന്നോട് ഒന്നോ രണ്ടോ വാക്ക് പറഞ്ഞാലായി. മഞ്ജുവാണെങ്കിൽ എപ്പോഴും മുകളിലിരുന്ന് വായന തന്നെ.

എംഗേജ്മെന്‍റ് മുടങ്ങിയത് വരന്‍റെ അച്ഛന് ഹാർട്ട് അറ്റാക്കുണ്ടായതു കൊണ്ടാണെന്ന് മണ്ഡോദരി പറയുന്നത് കേട്ടു. അത് സത്യമായിരുന്നെങ്കിൽ ശങ്കരനിങ്ങനെ പതറേണ്ട കാര്യമെന്താണ്? ആ ഐഎഎസുകാരൻ ഒരിക്കൽ പോലും മഞ്ജുവിനെ വിളിച്ച് സംസാരിക്കുന്നത് കണ്ടിട്ടില്ല. അയാളുടെ അച്ഛന്‍റെ രോഗമന്വേഷിച്ച് ഇവിടെനിന്നാരും പോകുന്നതും കണ്ടില്ല. ഇതിലെല്ലാം എന്തോ അസ്വാഭാവികതയുണ്ട്.

വിവാഹാലോചന അലസിയതാണോ എന്ന് വ്യക്തമായിട്ട് വേണം ശിവരാമന്‍റെ കാര്യത്തിൽ എന്തെങ്കിലുമൊരു തീരുമാനത്തിലെത്താൻ.

സേതുലക്ഷ്മി ബാങ്കിലേക്ക് പോയ ശേഷം ഈശ്വരിയമ്മ ഉണ്ണിത്താനെ അന്വേഷിച്ച് ലൈബ്രറിയിലേക്ക് ചെന്നു. വായിച്ചുകൊണ്ടിരുന്ന പുസ്തകമടച്ചുവെച്ച് ഒരു ബാലന്‍റെ ഭയഭക്തിയോടെ ഉണ്ണിത്താൻ ഈശ്വരിയമ്മയുടെ മുഖത്തേക്ക് കണ്ണിമക്കാതെ നോക്കി.

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 8

നടുക്കത്തിന്‍റെ ആഘാതം തെല്ലൊന്നടങ്ങിയപ്പോൾ സേതുലക്ഷ്മി ചോദിച്ചു “മുരളി എന്ന് മടങ്ങുമെന്നാണ് പറഞ്ഞത്”

“ഒരാഴ്ച കഴിഞ്ഞേ മടങ്ങുകയുള്ളു എന്നാണ് പറഞ്ഞത്.”

“ഞാനപ്പോൾ വന്ന് കണ്ടോളാം” മുരളിയുടെ ബന്ധുവാണെന്ന അഭിനയം തുടർന്നുകൊണ്ട് സേതുലക്ഷ്മി പറഞ്ഞു

മുരളിയുടെ പിഎ അറിയിച്ച വാർത്തയില്‍നി ന്ന് പ്രശ്നം വളരെ സങ്കീര്‍ണമായതുതന്നെ എന്ന അപായസൂചന നല്കി.

യാഥാർത്ഥ്യമെന്തെന്ന് ഉറപ്പാക്കുവാൻ ഒരു പരീക്ഷണംകൂടി നടത്താൻതന്നെ സേതുലക്ഷ്മി തീരുമാനിച്ചു. വഴിയരികിലെ ടെലിഫോൺ ബൂത്തിൽ നിന്നും അവർ ശ്രീ പൂർണ്ണിമ ജ്വലേഴ്സിന്‍റെ നമ്പറിൽ വിളിച്ചു. മാനേജരാണ് ഫോണെടുത്തത്.

“മഠത്തിൽ ഫൈനാൻസിയേഴ്സിൽ നിന്നാണ് സർ” ആ സ്ഥാപനത്തിലെ സ്റ്റാഫാണെന്ന നാട്യത്തിൽ സേതുലക്ഷ്മി തുടർന്നു.” പണയത്തിനെടുത്ത കുറച്ച് സ്വർണ്ണം അവിടെ ഏല്പിക്കുന്ന കാര്യം ഇവിടത്തെ സാറ് ചന്ദ്രശേഖരൻ സാറിനോട് പറഞ്ഞിരുന്നു. ഇന്ന് സാറങ്ങോട്ട് വന്നാൽ ചന്ദ്രശേഖരൻസാറിനെ കാണാൻ പറ്റുമോന്ന് ചോദിച്ചു.”

“സാറിവിടെയില്ലല്ലോ. ആലപ്പുഴ കലക്ടറായി ചാർജ്ജെടുക്കാൻ പോകുന്ന മുരളീമനോഹർസാറിനേം കൊണ്ട് പൊന്മുടിയിലെ എസ്റ്റേറ്റിലേക്ക് പോയിരിക്കയാ”

“എന്നു മടങ്ങും?”

“ഒരാഴ്ചയാകുമെന്നാ പറഞ്ഞത്.”

“ഞാനീ വിവരം ഇവിടത്തെ സാറിനോട് പറഞ്ഞേക്കാം.”

സംഭാഷണം അവസാനിച്ചപ്പോൾ മുരളിയും പണിക്കരും ശ്രീപൂർണ്ണിമ ജ്വലേഴ്സ് ഉടമ ചന്ദ്രശേഖറിന്‍റെ ആതിഥ്യം സ്വീകരിച്ച് പൊന്മുടിയിലേക്ക് പോയിരിക്കുകയാണെന്ന് സേതുലക്ഷ്മിക്ക് ഉറപ്പായി. മാത്രമല്ലാ, മറ്റ് ചില സത്യങ്ങൾകൂടി സേതുലക്ഷ്മിയുടെ കൂർമ്മബുദ്ധി ഊഹിച്ചെടുക്കുകയും ചെയ്തു. സ്വന്തം മകൾ പൂർണ്ണിമയ്ക്കു വേണ്ടി മുരളിയെ റാഞ്ചിയെടുക്കാനാണ് ചന്ദ്രശേഖറിന്‍റെ ശ്രമം. അയാളുടെ ഇരുപത്തിനാല് കാരറ്റ് തിളക്കമുള്ള ഓഫറിൽ പണിക്കരുടെ കണ്ണ് മഞ്ഞളിച്ചു കാണും. പണിക്കരുടെ കാലുമാറ്റത്തിന്‍റെ രഹസ്യമെന്തെന്ന് വ്യക്തമായപ്പോൾ സേതുലക്ഷ്മിക്ക് ആരോടൊക്കെയോ പക തോന്നി. വെറുപ്പും വാശിയും തോന്നി. ചതിക്ക് ചതി! എന്തൊക്കെ വൈതരണികൾ കടന്നിട്ടായാലും മുരളീമനോഹറിനെ കൊണ്ടുതന്നെ മഞ്ജുവിന്‍റെ കഴുത്തിൽ താലി കെട്ടിക്കണം. അതുവരെ തനിക്കിനി വിശ്രമമില്ല. ഈ ഘട്ടത്തിൽ തന്നെ സഹായിക്കാൻ കഴിയുന്ന ഏകവ്യക്തി മാർത്താണ്ഡക്കുറുപ്പാണെന്നും സേതുലക്ഷ്മിക്കറിയാമായിരുന്നു.

പുന്നപ്രയിലാണ് കുറുപ്പിന്‍റെ വീട്.

സേതുലക്ഷ്മി ഡ്രൈവറോട് പുന്നപ്രയിലേക്ക് വണ്ടി വിടാൻ നിർദ്ദേശം നല്കി. കുറുപ്പിന്‍റെ വീട്ടിലെത്തിയപ്പോൾ അയാൾ എങ്ങോട്ടോ പോകാൻ തയ്യാറായി നില്ക്കുകയായിരുന്നു. അപ്രതീക്ഷിതമായി സേതുലക്ഷ്മിയെ കണ്ടപ്പോൾ അയാളൊന്ന് പകച്ചു.

“പ്രശ്നം തീർന്നില്ലേ കൊച്ചമ്മേ.”

“ഇല്ല കുറുപ്പേ”

“കൊച്ചമ്മ പണിക്കർസാറിനെക്കണ്ട് സംസാരിച്ചില്ലേ?”

“അതിനയാളെ കണ്ടിട്ട് വേണ്ടേ? മുരളിയുടെ ഓഫീസിൽ ചെന്നന്വേഷിച്ചപ്പോഴാ പണിക്കരുടെ കാലുമാറ്റത്തിന്‍റെ യഥാർത്ഥ കാരണം മനസ്സിലായത്.”

മുരളിയും പണിക്കരും ശ്രീ പൂർണ്ണിമാ ജ്വലേഴ്സിന്‍റെ ഉടമ ചന്ദ്രശേഖറിന്‍റെ പൊന്മുടിയിലെ എസ്റ്റേറ്റിലാണെന്നും അയാൾക്ക് വിവാഹപ്രായമായൊരു മകളുണ്ടെന്നും സേതുലക്ഷ്മി അറിയിച്ചപ്പോൾ കുറുപ്പ് മൂക്കിന്മേൽ വിരൽ ചേർത്തു കൊണ്ട് പുലമ്പി ”അത് ശരി. ആ ജ്വലറിക്കാര് നമ്മുടെ ചെക്കനെ ചൂണ്ടിയതാണല്ലേ. അധിക പ്രസംഗമാണല്ലോ അവര് കാണിച്ചത്.”

“ആ വിവാഹം നടന്നാൽ അതിന്‍റെ നാണക്കേട് കുറുപ്പിനും കൂടിയാണെന്നോർമ്മവേണം” സേതുലക്ഷ്മി മുന്നറിയിപ്പു നല്‍കി. ആ പരാമർശം കുറുപ്പിന്‍റെ ആത്മാഭിമാനത്തിന്‍റെ മർമ്മത്തിൽതന്നെ തറഞ്ഞുകൊള്ളുകയും ചെയ്തു.

ക്ഷോഭവിവശനായി കുറുപ്പ് പൊട്ടിത്തെറിച്ചു. “ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥതയുള്ളവനാ ഈ മാർത്താണ്ഡക്കുറുപ്പ്. കണ്ണിൽ ചോരയില്ലാത്ത പ്രവർത്തിയല്ലേ അവരീ കാണിച്ചത്.”

ഹാന്‍റ്ബാഗിൽ നിന്നും ഏതാനും നൂറുരൂപ നോട്ടുകളെടുത്ത് കുറുപ്പിന് നല്കിക്കൊണ്ട് സേതുലക്ഷ്മി പറഞ്ഞു “അതിനുള്ള മറുമരുന്ന് നമുക്കും ചെയ്യണം. പണിക്കരും മുരളിയും ആലപ്പുഴയിൽ മടങ്ങിയെത്തിയാലുടനെ കുറുപ്പ് പണിക്കരെ കണ്ട് ആ ജ്വലറിക്കാരുടെ ഓഫറെന്താണെന്നെല്ലാം തഞ്ചത്തിൽ ചോദിച്ചറിയണം. യാതൊരു നീരസോം ഭാവിക്കേം വേണ്ട.”

“അക്കാര്യങ്ങളൊന്നും കുറുപ്പിനെ ആരും പഠിപ്പിക്കേണ്ടെന്നേ. കല്യാണം നടത്തിക്കാൻ മാത്രമല്ല മുടക്കാനും ഈ കുറുപ്പ് വിചാരിച്ചാലും കഴിയും.”

“എല്ലാം നമ്മളാഗ്രഹിക്കുന്ന വിധത്തിൽ കലാശിച്ചാൽ കുറുപ്പിനെന്‍റെ വക പ്രത്യേകം സമ്മാനമുണ്ട്. മുരളിയും മഞ്ജുവും തമ്മിലുള്ള വിവാഹം നടന്നില്ലെങ്കിൽ ഞങ്ങക്കിനി തലനിവർത്തി നടക്കാനാവില്ലെന്നറിയാല്ലോ.”

“അതൊക്കെ കുറുപ്പേറ്റു. ക്ഷണിച്ചവരോടൊക്കെ പണിക്കർക്ക് സുഖമില്ലാതായത് കൊണ്ട് തല്ക്കാലം കല്യാണനിശ്ചയം നീട്ടിവെച്ചെന്ന് പറഞ്ഞാൽ മതി.”

കുറുപ്പിന്‍റെ ഉപദേശം നല്ലൊരു ഉപായമാണെന്ന് സേതുലക്ഷ്മിക്ക് തോന്നി. അവർ വീട്ടിലെത്തിയപ്പോൾ നേരം വല്ലാതെ ഇരുട്ടിക്കഴിഞ്ഞിരുന്നു. ഉണ്ണിത്താൻ ഉമ്മറത്തെ ചാരുകസേരയിൽ ഉൽക്കണ്ഠാകുലനായി കാത്തിരിക്കുന്നുണ്ടായിരുന്നു.

ഉണ്ണിത്താനെ ബെഡ്റൂമിനകത്തേക്ക് വിളിച്ച് സേതുലക്ഷ്മി നടന്ന സംഭവങ്ങളെല്ലാം വിശദീകരിച്ചു.

“നെറികേടാണല്ലോ അവര് കാണിച്ചത്. ഇനി നമ്മളെന്ത് ചെയ്യും?”

“സ്ത്രീധനക്കാര്യത്തിൽ ഒന്നും രണ്ടും പറഞ്ഞ് നിന്നാൽ ചെക്കനെ വേറാരെങ്കിലും അടിച്ചെടുക്കുമെന്ന് ഞാനന്നേ പറഞ്ഞതല്ലേ? അങ്ങനെതന്നെ സംഭവിക്കൂം ചെയ്തു. ആ ചന്ദ്രശേഖറിന്‍റെ മകളാരാന്നറിയോ. മഞ്ജുവിന്‍റെ കൂടെ പഠിക്കുന്ന ആ അസൂയക്കാരി പൂർണ്ണിമയില്ലേ അവളാ.”

“ഈ ബന്ധം നമ്മുടെ മോൾക്ക് വിധിച്ചിട്ടില്ലെന്ന് കരുതി സമാധാനിക്കാം. കല്യാണം മുടങ്ങിയ വിവരം നമുക്ക് എല്ലാവരേയും വിളിച്ചറിയിച്ചേക്കാമല്ലേ?”

“മുടങ്ങിയെന്നാര് പറഞ്ഞു? ഈ കല്യാണം തന്നെ ഞാൻ നടത്തും അതെന്‍റെയൊരു വാശിയാ.”

“അവർക്ക് ഈ വിവാഹത്തിന് താല്പര്യമില്ലെങ്കിൽ താനെന്ത് ചെയ്യുമെന്നാണ്?”

“ആ ചന്ദ്രശേഖറിനേപ്പോലെ ഒരുത്തനേംകൂടി വിലക്ക് വാങ്ങാനുള്ള ആസ്തി നമുക്കുള്ളപ്പോൾ അതിനെന്താ പ്രയാസം?”

“അതായത് ചന്ദ്രശേഖറിന്‍റെ ഓഫറിനേക്കാൾ ആകർഷകമായ ഓഫർ നല്കി പണിക്കരെ വശത്താക്കാമെന്ന് അല്ലേ? നമ്മുടെ മോളുടെ ജീവിതംകൊണ്ടാണ് ഈ കളിയെന്ന കാര്യം താന്‍ മറക്കണ്ട.”

“അവളുടെ ഭാവി ഭദ്രമാക്കാനല്ലേ ഞാനിങ്ങനെ പെടാപ്പാട് പെടുന്നത്.”

“ഇങ്ങനെയൊരു ബന്ധം ഒഴിവാക്കുന്നതാ നല്ലതെന്നാണ് എന്‍റെ അഭിപ്രായം. പണിക്കർക്കും മുരളിക്കും നമ്മുടെ സ്വത്തിലാണ് നോട്ടം. നമ്മുടെ മോളുടെ ദാമ്പത്യജീവിതം ഭദ്രമായിരിക്കുമെന്ന് എന്താ ഉറപ്പ്?”

“പണിക്കർക്ക് ധനമോഹം അല്പം കൂടുതലാണെന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷെ, മുരളിക്ക് നമ്മുടെ മോളെ വലിയ കാര്യമാണ്.”

“എങ്കിലയാൾ അവളോടിങ്ങനെയൊരു വഞ്ചന ചെയ്യുമായിരുന്നില്ലല്ലോ”

“അത്… പണിക്കരുടെ നിർബ്ബന്ധം കൊണ്ടങ്ങനെ…”

“താന്‍ മുരളിയെ അങ്ങനെ ന്യായീകരിക്കാനൊന്നും നോക്കണ്ട. നമുക്ക് ഈ ബന്ധം വേണ്ടെന്ന് തന്നെയാണ് എന്‍റെ അഭിപ്രായം.”

ബ്യൂട്ടീ പാർലറിൽ നിന്ന് മടങ്ങിയെത്തിയ മഞ്ജു മമ്മീ എന്നുറക്കെ വിളിച്ചുകൊണ്ടെത്തിയപ്പോൾ അവർക്ക് വാഗ്വാദം അവസാനിപ്പിക്കേണ്ടി വന്നു.

അകത്തേക്ക് കടന്ന് വന്ന മഞ്ജു ചോദിച്ചു. “മമ്മിയിന്ന് എന്‍റെ കൂടെ ബ്യൂട്ടി പാർലറിൽ വരാമെന്നല്ലേ പറഞ്ഞിരുന്നത്? എന്നിട്ട് മമ്മി എങ്ങോട്ടാ രാവിലെതന്നെ മുങ്ങിയത്.”

“ഒരത്യാവശ്യമുണ്ടായിട്ടാ ജുജൂ.” സേതുലക്ഷ്മിയുടേയും ഉണ്ണിത്താന്‍റേയും മ്ലാനമായ മുഖഭാവം ശ്രദ്ധിച്ചുകൊണ്ട് മഞ്ജു ചോദിച്ചു “എന്തെങ്കിലും പ്രശ്നമുണ്ടോ.?”

“നീ നിന്‍റെ മമ്മിയോടുതന്നെ ചോദിക്ക്” എന്ന് പറഞ്ഞുകൊണ്ട് ഉണ്ണിത്താൻ പെട്ടെന്നവിടെനിന്ന് പൊയ്ക്കളഞ്ഞു.

“എന്താ മമ്മീ. എന്താ പ്രശ്നം?” മഞ്ജു ഉൽക്കണ്ഠാകുലതയോടെ ചോദിച്ചു.

“അത്ര വിഷമിക്കാൻ മാത്രമൊന്നുമില്ല. മുരളിയുടെ അച്ഛന് ഒരു മൈൽഡ് ഹാർട്ട് അറ്റാക്ക്. അതുകൊണ്ട് എംഗേജ്മെന്‍റിന്‍റെ ഡേറ്റ് നീട്ടിവെക്കേണ്ടി വന്നു”

മഞ്ജുവിന്‍റെ മുഖത്തെ പ്രകാശം പെട്ടെന്നണഞ്ഞു.

“ഇതുവരെ മുരളിയുടെ കോളൊന്നും കിട്ടാതിരുന്നത് അതുകൊണ്ടാവണം അല്ലേ, മമ്മീ?”

“പുള്ളിയിപ്പോൾ ആകെ വറീഡായിരിക്കുകയായിരിക്കും ഏത് ഹോസ്പിറ്റലിലാ മമ്മീ അങ്കിളിനെ അഡ്മിറ്റ് ചെയ്തിരിക്കുന്നേ?”

“അത്… അത് ആലപ്പുഴേലെ ഒരു സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാ മോളൂ.”

“നമുക്ക് നാളെ അങ്കിളിനെ ഒന്ന് കണ്ടിട്ട് വരാമല്ലേ?”

“ഓ, അതൊന്നും വേണ്ട. ഇന്ന് ഞാൻ പോയി കണ്ടതാണല്ലോ. ഇനിയേതായാലും നിന്‍റെ എക്സാം കഴിഞ്ഞിട്ടേ എംഗേജ്മെന്‍റ് നടത്തുന്നുള്ളു.”

വിവാഹനിശ്ചയം നീട്ടിവെച്ച വിവരം പിറ്റേന്ന് തന്നെ സേതുലക്ഷ്മി വേണ്ടപ്പെട്ട വരെയെല്ലാം വിളിച്ചറിയിച്ചു. പണിക്കരുടെ ഹാർട്ടറ്റാക്ക് വാർത്ത പലവട്ടം ആവർത്തിക്കപ്പെട്ടു.

രണ്ടുപേരും മാത്രമായപ്പോൾ ഉണ്ണിത്താൻ സേതുലക്ഷ്മിയെ ഗുണദോഷിക്കാൻ ഒരു ശ്രമംകൂടി നടത്തിനോക്കി. “എന്തിനാ സേതൂ, ഈ നാടകമൊക്കെ? മുങ്ങാൻ പോകുന്ന വള്ളത്തിലിരുന്ന് വമ്പ് പറഞ്ഞിട്ടെന്താ ഫലം?”

“വള്ളം മുങ്ങാതിരിക്കാനുള്ള വഴിയൊക്കെ ഞാൻ കണ്ട്­വെച്ചിട്ടുണ്ടെന്നേ. ശങ്കരേട്ടൻ അതിന് തടസ്സം നില്ക്കാതിരുന്നാൽ മാത്രം മതി. നിശ്ചയം നീട്ടിവെക്കേണ്ടിവരുമെന്ന് പറഞ്ഞപ്പോൾ തന്നെ മോള് വല്ലാതെ മൂഡൗട്ടായി. ഈ കല്യാണം നടന്നില്ലെങ്കിൽ അവളെത്രമാത്രം ദുഖിക്കുമെന്നാലോചിച്ച് നോക്കൂ. പണിക്കർക്ക് അറ്റാക്ക് വന്നതു കൊണ്ട് നിശ്ചയം നീട്ടിവെക്കേണ്ടി വന്നു എന്നു­തന്നെ നമുക്കെല്ലാവരോടും പറഞ്ഞാൽ മതി ”

ഉണ്ണിത്താൻ ഈശ്വരിയമ്മയെ വിവരമറിയിച്ചപ്പോൾ അവർ ചോദിച്ചു. “എന്താ ശങ്കരാ എംഗേജ്മെന്‍റ് നീട്ടിവെക്കാൻ കാരണം?”

സേതുലക്ഷ്മിയുടെ നുണക്കഥ സ്വന്തം സഹോദരിയോട് പറയാൻ ഉണ്ണിത്താന്‍റെ ധാർമ്മികബോധം അനുവദിച്ചില്ല. “അതെല്ലാം നേരിൽ കാണുമ്പോൾ വിശദമായി പറയാം ചേച്ചീ” എന്നു മാത്രം പറഞ്ഞ് ഉണ്ണിത്താൻ ഫോൺ വെച്ചു.

ഈശ്വരിയമ്മ ഒരു നിമിഷം എന്തൊക്കെയോ ആലോചിച്ചിരുന്നു. ആറേഴ് ദിവസം മുൻപ് മഞ്ജുവിന്‍റെ വിവാഹം നിശ്ചയിച്ച വിവരമറിയിക്കുമ്പോൾ എന്തൊരു അഭിമാനഗർവ്വമായിരുന്നു ആ സ്വരത്തിൽ. ഐഎഎസുകാരനെ മരുമകനായി കിട്ടാൻ പോകുന്നതിന്‍റെ നെഗളിപ്പ്. അല്ലാതെന്ത്? ഇപ്പോൾ പറയുന്നു നിശ്ചയം മാറ്റിവെച്ചെന്ന് .കാരണമെന്താണെന്ന് ചോദിച്ചിട്ട് വായതുറന്നൊന്നും പറയുന്നുമില്ല. മാത്രമല്ല സ്വരത്തിൽ എന്തോ ജാള്യത, നൈരാശ്യം.

കൊള്ളാം, കാറ്റ് മാറി വീശുന്ന ലക്ഷണമുണ്ട്. ഈ അവസരം വെറുതെ പാഴാക്കിക്കൂട ഈശ്വരിയമ്മ എംഗേജ്മെന്‍റ് മുടങ്ങിയ വിശേഷവാർത്ത ചൂടോടെ മകൻ ശിവരാമകൃഷ്ണനെ അറിയിച്ചശേഷം ചോദിച്ചു “നമുക്കൊന്നവിടെവരെ പോയാലോ ശിവരാമാ.”

“ശങ്കരമ്മാമേടെ വീട്ടിലേക്കോ? അങ്ങോട്ടിനി ഇല്ലേയില്ലെന്നല്ലേ അമ്മ പറഞ്ഞിരുന്നത്?”

“എംഗേജ്മെന്റിന് പോകേണ്ടന്നല്ലേ ഞാൻ പറഞ്ഞത്. നിശ്ചയം മുടങ്ങിയ അവസ്ഥക്ക് നമ്മളവിടെ പോണം. പോകേണ്ടത് നമ്മുടെകൂടി ആവശ്യമാ. നിശ്ചയം മുടങ്ങിയതിന്‍റെ കാരണം ചോദിച്ചപ്പോൾ അത് നേരിൽ കാണുമ്പോൾ പറയാമെന്നും പറഞ്ഞ് ശങ്കരൻ ഫോൺ വെച്ചുകളഞ്ഞു. ഫോണിൽ കൂടി പറയാൻ പറ്റാത്ത പ്രശ്നമെന്തോ ഉണ്ടെന്നാ തോന്നുന്നെ.”

“ഓ! അങ്ങനെ! ഈ അമ്മേടെയൊരു ബുദ്ധി.”

“കളിയാക്കണ്ട നീയ്. ഒന്ന് രണ്ടാഴ്ച ശങ്കരന്‍റെ വീട്ടിൽ താമസിക്കാനുള്ള ഒരുക്കങ്ങളുമായി വേണം നമുക്ക് കാഞ്ഞിരപ്പിള്ളിക്ക് പുറപ്പെടാൻ”

“അപ്പോഴിവിടത്തെ കാര്യങ്ങളോ? രണ്ടേക്കർ സ്ഥലത്ത് നടാനുള്ള ഒന്നാംതരം പൂസ നാല്പത്തഞ്ചിന്‍റെ പടവലങ്ങാവിത്താ വാങ്ങി വെച്ചിരിക്കുന്നേ. അതുടനെ നട്ടില്ലെങ്കിൽ…”

“ആനക്കാര്യം പറയുമ്പഴാ നിന്‍റൊരു ചേനക്കാര്യം. മഞ്ജു നിന്‍റെ മുറപ്പെണ്ണല്ലേ? നിങ്ങൾ തമ്മിലുള്ള ബന്ധം നിങ്ങൾ കുട്ടികളായിരിക്കുമ്പോൾ പറഞ്ഞ് ഉറപ്പിച്ചതുമാണ്. ഒരയ്യേയെസ്സുകാരൻ സംബന്ധമാലോചിച്ച് വന്നപ്പോൾ ശങ്കരൻ അക്കാര്യമൊക്കെ മറന്നു. ഇപ്പോ സംഗതികൾ നമുക്ക് അനുകൂലമായിരിക്കയാണ്. ഈശ്വരന്‍റെ മറിമായമെന്നല്ലാതെന്ത് പറയാൻ.”

“എന്താ അമ്മ പറഞ്ഞുവരുന്നത്. എനിക്കൊന്നും മനസ്സിലാവണില്ല.”

“ഇനി ഞാനെങ്ങനെയാ നിന്നെ പറഞ്ഞ് മനസ്സിലാക്കേണ്ടത്. ശങ്കരന്‍റെ വീട്ടിൽ പോയി മടങ്ങുമ്പോൾ മഞ്ജു നിന്‍റെ കൂടെയുണ്ടാവണമെന്ന് നിനക്കാഗ്രഹമുണ്ടോ? ഉണ്ടെങ്കിൽ കൃഷീടേം വിത്തിന്‍റേം കാര്യോക്കെ മറന്നേക്ക്.”

“ശരി, അങ്ങനേങ്കിൽ അങ്ങനെ. അമ്മേ അനുസരിച്ചില്ലാന്നുള്ള പരാതി വേണ്ടല്ലൊ.”

പിറ്റേന്ന് അതിരാവിലെതന്നെ ഈശ്വരിയമ്മയും മകനും കാഞ്ഞിരപ്പിള്ളിയിലേക്ക് പുറപ്പെട്ടു.

 

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 7

വികാരക്ഷോഭത്താൽ ഇടറുന്ന സ്വരത്തിൽ കുറുപ്പ് അറിയിച്ചു. “മഞ്ജുമോളുമായുള്ള കല്യാണത്തിന് ചെക്കൻ വീട്ടുകാർക്ക് താല്പര്യമില്ലെന്ന്.”

ശിരസ്സിൽ ഒരു വെള്ളിടി വെട്ടിയതു പോലായി സേതുലക്ഷ്മിക്ക്. ഇത്തരത്തിലൊരു കൊടും ചതി… അതും നിശ്ചയചടങ്ങിന് വെറും മൂന്ന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ…

അല്പസമയം ചിന്താമൂകയായശേഷം സേതുലക്ഷ്മി ചോദിച്ചു. “കുറുപ്പിനോടിതാരാ പറഞ്ഞത്? വല്ല അസൂയാലുക്കളും വിവാഹം മുടക്കാൻ വേണ്ടി വെറുതെ പൊല്ലാപ്പുണ്ടാക്കിയതാണോ.”

“അല്ലെന്നേ, പണിക്കർ സാറെന്നെ ആലപ്പുഴക്ക് വിളിപ്പിച്ച് എന്‍റെ മുഖത്ത് നോക്കി പറഞ്ഞതാ. ഞാനത് കേട്ട് നിന്നനിൽപിൽ വെട്ടിവിയർത്തുപോയി, കേട്ടോ.”

“അവരങ്ങനെ പിൻമാറാനെന്താ കാരണം? മുരളീടച്ഛൻ കുറുപ്പിനോട് എന്തെങ്കിലും സൂചിപ്പിച്ചോ.”

“ചെറുതായൊന്ന് സൂചിപ്പിച്ചു. കൊച്ചമ്മയിതുവരെ പണിക്കർസാറിനെ വിളിച്ച് കാര്യങ്ങളെല്ലാം വേണ്ടതുപോലെ സംസാരിച്ചില്ല, അല്ല്യോ?”

“ഇല്ല, നിശ്ചയത്തിന് അവരെത്തുമ്പോൾ എല്ലാം വിശദമായി സംസാരിക്കാമെന്ന് കരുതി.”

“ങ്ഹാ! അതാ കുഴപ്പമായത്. പൈസേടെ കാര്യത്തിൽ പണിക്കർ സാറ് അല്പം കടുംപിടുത്തക്കാരനാ. കൊച്ചമ്മ ഇന്നു തന്നെ ആലപ്പുഴക്ക് വിളിച്ച് എല്ലാക്കാര്യങ്ങളും വിശദമായി സംസാരിച്ചേക്ക്. അപ്പോ പണിക്കർസാറിന്‍റെ പരിഭവം മാറിക്കോളും.”

“ശ്രമിച്ച് നോക്കാം.” ഒരു നെടുനിശ്വാസത്തോടെ സേതുലക്ഷ്മി പറഞ്ഞു.

“പ്രശ്നങ്ങളെല്ലാം തീരുമെന്നേ. കൊച്ചമ്മ വിഷമിക്കാതെ.” എന്നാശ്വസിപ്പിച്ചുകൊണ്ട് കുറുപ്പ് യാത്ര പറഞ്ഞിറങ്ങി. പണിക്കരെ വിളിച്ച് സ്ത്രീധനത്തുക പറഞ്ഞുറപ്പിക്കണമെന്ന് ഒരിക്കൽകൂടി ഓർമ്മിപ്പിക്കുകയും ചെയ്തു.

വീട്ടിലേക്കുള്ള യാത്രയിലുടനീളം പണിക്കരുടെ കാലുമാറ്റത്തിന്‍റെ കാര്യകാരണങ്ങളെക്കുറിച്ച് വിശകലനം ചെയ്യുകയായിരുന്നു സേതുലക്ഷ്മി. മുരളിക്ക് ഈ വിവാഹത്തിന് താല്പര്യക്കുറവൊന്നുമുണ്ടാകാൻ വഴിയില്ല. ഈ തീരുമാനം പണിക്കരുടേതായിരിക്കണം വീട്ടിലെത്തിയ ഉടനെ പണിക്കരെ വിളിച്ച് ഓഫറുകളെല്ലാം അറിയിച്ച് അയാളുടെ പരിഭവമവസാനിപ്പിക്കണം. അല്ലാതെ മറ്റ് മാർഗ്ഗമില്ല. ചടങ്ങ് മുടങ്ങിയാൽ ക്ഷണിച്ചവരോടെല്ലാം എന്ത് സമാധാനം പറയും. അഭിമാനക്ഷതമോർത്ത് സേതുലക്ഷ്മിയുടെ മനസ്സ് ചുട്ടുനീറാൻ തുടങ്ങി. ഇത്തരമൊരു പ്രതിസന്ധിക്ക് കാരണം ഉണ്ണിത്താന്‍റെ ഉപേക്ഷ കൊണ്ടാണല്ലോയെന്നോർത്തപ്പോൾ നീരസം മുഴുവൻ ഉണ്ണിത്താനോടായി.

വീട്ടിലെത്തിയ ഉടനെ സേതുലക്ഷ്മി മുരളിയുടെ ക്വാർട്ടേഴ്സിലെ നമ്പർ ഡയൽ ചെയ്തു. ഫോൺ റിംഗ് ചെയ്യുന്ന സ്വരം മാത്രം. ക്വാർട്ടേഴ്സിൽ ആരുമുള്ള ലക്ഷണമില്ല. പിന്നീടവർ മുരളിയുടെ സെൽഫോണിലേക്കും വിളിച്ചു നോക്കി. പലവട്ടം വിളിച്ചിട്ടും “ഫോൺ ഈസ് സ്വിച്ച്ഡ് ഓഫ്.” എന്ന സന്ദേശം മാത്രം. അപ്പോഴേക്കും ചായയുമായി മണ്ഡോദരിയെത്തി.

മഞ്ജുവപ്പോൾ അവിടെയുണ്ടായിരുന്നില്ല. അന്വേഷിച്ചപ്പോൾ മണ്ഡോദരി അറിയിച്ചു. “കുഞ്ഞ് ബ്യൂട്ടി പാർലറിൽ പോയിരിക്കയാ. കൊച്ചമ്മയെത്തിയാൽ വണ്ടി അങ്ങോട്ടയക്കാൻ പറഞ്ഞിട്ടുണ്ട്.”

എല്ലാ ഒരുക്കങ്ങളും മുറപോലെ നടക്കുന്നുണ്ട്. തന്‍റെ മനസ്സിനുള്ളിൽ ഒരു തീ മലയെരിയുന്നത് മാത്രം ആരും അറിയുന്നില്ല.

“നല്ല തലവേദന, നീയെനിക്കൊരു സാരിഡോണെടുത്ത് തന്നേക്ക് മണ്ഡൂ.” ചായക്കപ്പ് വാങ്ങിക്കൊണ്ട് സേതുലക്ഷ്മി തളർന്നസ്വരത്തിൽ പറഞ്ഞു.

ചായയോടൊപ്പം ഗുളികയും വിഴുങ്ങിയശേഷം സേതുലക്ഷ്മി നേരെ ഉണ്ണിത്താന്‍റെ അടുത്തേക്ക് ചെന്നു.

“ഇന്ന് കുറുപ്പ് ബാങ്കിൽ വന്നിരുന്നു.” സേതുലക്ഷ്മി തന്നെ നടുക്കിക്കളഞ്ഞ ആ സംഭവം വിശദീകരിക്കാന്‍ തുടങ്ങി. മുന്നിൽ തുറന്ന് വെച്ചിരുന്ന പുസ്തകത്തിൽ നിന്നും കണ്ണുയർത്താതെ ഉണ്ണിത്താൻ വെറുതെയൊന്ന് മൂളുകമാത്രം ചെയ്തു.

“ബാക്കിയുള്ളോന്‍റെ ചങ്ക് ഉരുകുകയാ. ശങ്കരേട്ടനൊന്നും അറിയണ്ടല്ലോ.”

ഉണ്ണിത്താൻ പുസ്തകത്തിൽ നിന്ന് തലയുയർത്തി സേതുലക്ഷ്മിയുടെ മുഖത്തേക്ക് ചോദ്യഭാവത്തിലൊന്ന് നോക്കി “താനിത്രക്ക് അപ്സെറ്റാകാൻ മാത്രം എന്താ സംഭവിച്ചത്.?”

“ഇനി കൂടുതലായൊന്നും സംഭവിക്കാനില്ല, ശങ്കരേട്ടാ. മുരളീമനോഹറിന്‍റെ അച്ഛന് നമ്മുടെ മോളെ മരുമകളാക്കാൻ താല്പര്യമില്ലെന്ന്. മാർത്താണ്ഡക്കുറുപ്പിനെ ആലപ്പുഴയിലേക്ക് വിളിപ്പിച്ച് അയാൾ കുറുപ്പിനോട് നേരിട്ട് ഇക്കാര്യം അറിയിച്ചിരിക്കുന്നു. ഇപ്പോൾ ശങ്കരേട്ടന് സന്തോഷായല്ലോ.”

“പണിക്കർക്ക് വാക്കിന് വ്യവസ്ഥയില്ലാതായതിന് സേതുവെന്തിനാ എന്നെ കുറ്റപ്പെടുത്തുന്നത്?”

“കോട്ടയത്തെ ബംഗ്ളാവ് മഞ്ജൂന്‍റേം മുരളീടേം പേരിലാക്കുന്ന കാര്യം ഞാനന്നേ പറഞ്ഞതല്ലേ? ശങ്കരേട്ടൻ അത് ചെയ്തിരുന്നെങ്കിൽ ഇപ്പോഴീ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലായിരുന്നു.”

“അങ്ങനെവരട്ടെ, എനിക്കന്നേ സംശയം തോന്നിയിരുന്നു, തനിക്കെന്തോ ചില ഗൂഢോദ്ദേശങ്ങളുണ്ടെന്ന്.”

“അത് കൊള്ളാം. പിന്നെയിത്രേം നല്ലപയ്യനെ വെറുതേ കിട്ടുമോ? ഏതായാലും ഇത്രയൊക്കെയായ സ്ഥിതിക്ക് ശങ്കരേട്ടൻ വാശി ഉപേക്ഷിക്കണം. ഇത് നമ്മുടെ മോളുടെ ഭാവിയുടെ പ്രശ്നമാണെന്നോർമ്മവേണം. നമ്മുടെ മോൾക്ക് മുരളിയെ വളരെ ഇഷ്ടപ്പെട്ടസ്ഥിതിക്ക് ഈ വിവാഹം മുടങ്ങിയാൽ…”

“ഈ വിലപേശലും കാളക്കച്ചോടോം അവളറിഞ്ഞിട്ടില്ലല്ലോ. അറിഞ്ഞാൽ അവൾക്കും എന്‍റെ അഭിപ്രായം തന്നെയായിരിക്കും.”

“ശങ്കരേട്ടന് പെണ്ണുങ്ങളുടെ മനസ്സറിയാഞ്ഞിട്ടാണ്. ഇനി മുരളിയെ മറക്കാൻ അവൾക്കാവില്ല.”

“ശരി, ശരി, ഞാനിപ്പോഴെന്ത് വേണമെന്നാണ്.”

“അതിപ്പോഴും മനസ്സിലായിട്ടില്ലല്ലേ? വസ്തു കൈമാറ്റത്തിനുള്ള മുദ്രപത്രം ഞാന്‍ റെഡിയാക്കിച്ച് കൊണ്ടുവന്ന് കയ്യില്‍ തരുമ്പോള്‍ അതിലൊപ്പിട്ടേക്കണം. അല്ലെങ്കിൽ മോളുടെ കണ്ണീര് കാണേണ്ടി വരും. പറഞ്ഞേക്കാം.”

ഉണ്ണിത്താന്‍റെ മറുപടിക്ക് കാത്തു നില്ക്കാതെ സേതുലക്ഷ്മി തലവെട്ടിത്തിരിച്ചുകൊണ്ട് മുറിയിൽനിന്നും ഇറങ്ങിപ്പോയി.

അപ്പോഴേക്കും മഞ്ജു ബ്യൂട്ടിപാർലറിൽ നിന്നെത്തി.

“നോക്കൂ, മമ്മീ, മുടി സൈഡിലേക്ക് വകഞ്ഞിട്ടിട്ടെങ്ങനെയുണ്ടെന്ന്.”

“കൊള്ളാം നന്നായിട്ടുണ്ട്.” മനക്ഷോഭം മറച്ചുകൊണ്ട് സേതുലക്ഷ്മി പറഞ്ഞു.

സേതുലക്ഷ്മിയുടെ മ്ലാനമായ മുഖത്തേക്ക് നോക്കിക്കൊണ്ട് മഞ്ജു ചോദിച്ചു. “എന്താ മമ്മിക്കൊരു ഉത്സാഹമില്ലാത്തതുപോലെ. നാളെ മമ്മീം എന്‍റെ കൂടെ പാർലറിലേക്ക് വരണം. ഒരു ഫ്രൂട്ട് ഫേഷ്യൽ മമ്മിക്കുമാകാം. ഞാറാഴ്ച നമുക്ക് ശരിക്കുമൊന്ന് ഷൈൻ ചെയ്യണം, കേട്ടോ മമ്മീ.”

സേതുലക്ഷ്മി എന്ത് പറയണമെന്നറിയാതെ മരവിച്ച് നില്ക്കുമ്പോൾ അവരെ ചേർത്ത് പിടിച്ചുകൊണ്ട് മഞ്ജു ചോദിച്ചു. “മമ്മിക്കിതെന്ത് പറ്റി?”

“തലവേദനയെടുത്തിട്ടാ മോളേ”

“ഡാഡിയെവിടെ?”

“ലൈബ്രറിയിലിരുന്ന് കൊണ്ടുപിടിച്ചുള്ള വായനയാ. എന്ത് പ്രശ്നമുണ്ടെങ്കിലെന്താ. വല്ലതുമറിയണോ നിന്‍റെ ഡാഡിക്ക്?”

“അത് ശരി. മമ്മീടെ തലവേദനേടെ രഹസ്യം ഇപ്പോൾ പിടികിട്ടി. എന്തിനാ മമ്മീ എപ്പോഴുമിങ്ങനെ ഡാഡിയുമായി വഴക്ക് കൂടുന്നത്.”

സേതുലക്ഷ്മി കൂടുതൽ തർക്കിക്കാനൊരുങ്ങാതെ പിന്തിരിഞ്ഞ് നടന്ന് കളഞ്ഞു. അല്പം കഴിഞ്ഞ് മഞ്ജു അവളുടെ റൂമിലേക്ക് പോയപ്പോൾ സേതുലക്ഷ്മി മുരളിയുടെ ലാന്‍റ് നമ്പറും സെൽനമ്പറും പലവട്ടം ഡയൽ ചെയ്തു നോക്കി. നിരാശയായിരുന്നു ഫലം. അവരുടനെ കുറുപ്പിന്‍റെ നമ്പറിലേക്ക് വിളിച്ചു. കുറുപ്പ് തന്നെയാണ് ഫോണെടുത്തത്.

സേതുലക്ഷ്മിയുടെ സ്വരംകേട്ടപ്പോൾ ആകാംക്ഷയോടെ കുറുപ്പ് തിരക്കി “പണിക്കര് സാറിനെ വിളിച്ച് സംസാരിച്ച് കാര്യങ്ങളെല്ലാം ഒത്തുതീർപ്പാക്കിയോ, കൊച്ചമ്മാ”

“ഇല്ല കുറുപ്പേ, മുരളീടെ രണ്ട് നമ്പറിലും വിളിച്ചിട്ട് കിട്ടുന്നില്ല. അവരെവിടേക്കെങ്കിലും യാത്ര പോകുന്നതായോ മറ്റോ കുറുപ്പിനോട് പറഞ്ഞിരുന്നോ?”

“ഇല്ലല്ലോ, അവര് വല്ല പാർട്ടിക്കോ ഡിന്നറിനോ മറ്റോ പോയതായിരിക്കും. കൊച്ചമ്മ കുറേ ലേറ്റായിട്ടൊന്നുകൂടി വിളിച്ച് നോക്കിയാട്ടെ.” കുറുപ്പ് ഉപദേശിച്ചു.

ഫോൺ ക്രേഡിലിൽ വെച്ചപ്പോഴേക്കും അത് റിംഗ് ചെയ്യാൻ തുടങ്ങി. സേതുലക്ഷ്മി അത്യാകാംക്ഷയോടെയയാണ് ഫോണെടുത്തത്.

കാതിൽ വിമൻസ് ക്ളബ്ബ് സെക്രട്ടറി വസുന്ധരയുടെ സ്വരം. “സേതൂ, കൺഗ്രാറ്റസ് കേട്ടോ. മോൾക്ക് ഒരയ്യെയെസ്സുകാരനെതന്നെ തപ്പിയെടുത്തല്ലോ, മിടുക്കി!. ഞാനിന്നാ നാട്ടീന്നെത്തിയത്. അപ്പോഴാ ഹസ്സ് പറയുന്നേ മഞ്ജുമോളുടെ എങ്കേജ്മെന്‍റാണെന്ന്.”

“വസൂന്‍റെ മമ്മിക്കെങ്ങനെയിരിക്കുന്നു?”

“ഒന്നും പറയാറായിട്ടില്ലെന്നേ. വയസ്സും കുറേ ആയില്ലേ. ഏതായാലും എനിക്കിന്നിങ്ങോട്ട് മടങ്ങാൻ തോന്നീത് ഭാഗ്യം. അല്ലെങ്കിൽ ഞാനീ ഫങ്ക്ഷൻ മിസ്സ് ചെയ്യുമായിരുന്നു. ഞാറാഴ്ച രാവിലേതന്നെ ഞാനങ്ങോട്ടെത്തിക്കോളാം കേട്ടോ.”

“ശരി നിർത്തട്ടെ, ബൈ” ചുട്ടുപഴുത്ത വസ്തുവിനെയെന്നപോലെ സേതുലക്ഷ്മി ഫോൺ ക്രേഡിലിൽ നിക്ഷേപിച്ചു.

അത്താഴത്തിന് സേതുലക്ഷ്മിയെ കാണാഞ്ഞപ്പോൾ ഉണ്ണിത്താനന്വേഷിച്ചു. “നിന്‍റെ മമ്മിയെവിടെ മോളേ?”

“മമ്മി തലവേദനിക്കുന്നെന്നുംപറഞ്ഞ് നേരത്തേ കിടന്നു. ഇന്ന് ഡാഡീം മമ്മീം തമ്മിലെന്തെങ്കിലും വഴക്കുണ്ടായോ?”

“ഇല്ലല്ലോ”

“പിന്നെന്താ മമ്മിക്കൊരു മൂഡൗട്ട്.”

“ആ, എനിക്കറിയില്ല. നിന്‍റെ മമ്മി വെറുതേ ഓരോ പ്രശ്നങ്ങളുണ്ടാക്കിയെടുക്കയല്ലേ?”

“എന്തിനാ ഡാഡീ, വെറുതെ മമ്മിയെ കുറ്റപ്പെടുത്തുന്നത്?. ലീവും കഴിഞ്ഞ് ചെന്നപ്പോൾ മമ്മിക്കിന്ന് പൊരിഞ്ഞ പണിയായിരുന്നിരിക്കും, പാവം”

“നിനക്കെന്താ വിളമ്പേണ്ടത്? മമ്മീടെ നൂഡിൽസോ, അതോ അച്ഛന്‍റെ കഞ്ഞിയോ?”

“കഞ്ഞി മതി. ഈയിടെയായി നാടൻ ഭക്ഷണമാ എനിക്കിഷ്ടം. പക്ഷെ ഇനിയെനിക്ക് മറ്റൊരാളുടെ ഇഷ്ടം കൂടി നോക്കണമല്ലോ?”

“ആരുടെ?” ഉണ്ണിത്താൻ പെട്ടെന്ന് ചോദിച്ചുപോയി.

“അഛനെന്താ ഒന്നുമറിയാത്തതു പോലെ സംസാരിക്കുന്നത്. “മുരളീടെ..” നാണം കലർന്നൊരു പുഞ്ചിരിയോടെ മഞ്ജു മന്ത്രിച്ചു.

ഉണ്ണിത്താൻ ഖിന്നതയോടെ സേതുലക്ഷ്മിയുടെ വാക്കുകളോർമ്മിച്ചുപോയി. തന്‍റെ മകളുടെ മനസ്സിൽ നിന്നും ആ ഐഎഎസുകാരന്‍റെ രൂപം ഇനിയൊരിക്കലും മായ്ച്ചു കളയാനാകില്ലെന്ന സേതുലക്ഷ്മിയുടെ ആപൽസൂചന സത്യമാകുകയാണോ?

പണിക്കരുടെ കാലുമാറ്റത്തിന്‍റെ കഥ മഞ്ജുവിനോട് തുറന്ന് പറയാൻ അവസരം കാത്തിരിക്കുകയായിരുന്നു ഉണ്ണിത്താൻ. പക്ഷെ തന്‍റെ മകളുടെ മനസ്സ് വേദനിക്കുമല്ലോ എന്ന ചിന്ത ഉണ്ണിത്താനെ പിന്തിരിപ്പിച്ചു.

ഭക്ഷണം കഴിഞ്ഞ് മഞ്ജു വാഷ്ബേസിന് നേരെ നടക്കുമ്പോൾ ഫോൺ ശബ്ദിച്ചു. അവൾ ഒറ്റയോട്ടത്തിന് ഫോൺ കയ്യിലെടുത്തു. “ഹലോ! മഞ്ജു ഹിയർ” ആ സ്വരം പ്രതീക്ഷാനിർഭരമായിരുന്നു.

“നിമ്മിയാന്‍റിയാ മോളേ, നാളെ സേതു എന്നോടൊപ്പം പാർലറിലേക്ക് വരാമെന്ന് പറഞ്ഞിരുന്നു.”

“മമ്മി തലവേദനിച്ച് കിടക്കയാ ആന്‍റീ, നാളെ ഞാൻ പാർലറിൽ പോകുമ്പോൾ എന്‍റെ കൂടെ വരാമെന്ന് പറഞ്ഞിരിക്കയാ മമ്മി.”

“എങ്കിലങ്ങനെയാകട്ടെ. ഗുഡ്നൈറ്റ് മഞ്ജൂ”

“ഗുഡ്നൈറ്റ് ആന്‍റീ” എന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കുന്ന അവളുടെ മുഖത്തെ നിരാശയുടെ കരിനിഴലുകൾ ഉണ്ണിത്താൻ വൈവശ്യത്തോടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

എല്ലാവരും ഉറക്കമായിക്കഴിഞ്ഞപ്പോൾ സേതുലക്ഷ്മി മെല്ലെയെഴുന്നേറ്റ് മുരളിയുടെ രണ്ട് നമ്പറുകളും ഡയൽ ചെയ്തു. മണിയടി കേൾക്കാമെന്നല്ലാതെ യാതൊരു പ്രതികരണവുമില്ല.

പിറ്റേന്ന് രാവിലെ ബാങ്കിലെന്തോ ചില അർജെന്‍റ് ജോലികളുണ്ടെന്ന് പറഞ്ഞ് സേതുലക്ഷ്മി പതിവിലും നേരത്തെ വീട്ടിൽ നിന്നിറങ്ങി. കാർ ആലപ്പുഴക്ക് വിടാനവർ ഡ്രൈവർക്ക് നിർദ്ദേശം നല്കി. മുരളിയുടെ ക്വാർട്ടേഴ്സിലെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നു.

“സാറും അച്ഛനും കൂടി യാത്രപോയിരിക്കയാ” വാച്ച്മാൻ അറിയിച്ചു.

മുരളീ മനോഹറിന്‍റെ ഓഫീസായിരുന്നു അടുത്തലക്ഷ്യം

ഓഫീസിനകത്തേക്ക് ചെന്ന് മുരളിയെ കാണണമെന്നുപറഞ്ഞപ്പോൾ പിഎ അറിയിച്ചു. “സാറ് ലീവിലാണല്ലോ.”

“ഇന്നെന്നോട് ക്വാർട്ടേഴ്സിൽ വന്ന് കാണാൻ മുരളി പറഞ്ഞിരുന്നു. “സേതുലക്ഷ്മി ചെറിയൊരു കള്ളം പറഞ്ഞു.” അവിടെ ചെന്നപ്പോൾ മുരളിയും അച്ഛനും യാത്രപോയിരിക്കയാണെന്നാണ് പറഞ്ഞത്”

“മാഡം…..”

“മുരളിയുടെ ഒരു ബന്ധുവാണ്.” സേതുലക്ഷ്മി ഒരു നുണകൂടി പറഞ്ഞു.

“സാറ്, ശ്രീപൂർണ്ണിമ ജ്വലേഴ്സിന്‍റെ ഉടമയുടെ എസ്റ്റേറ്റിൽ ഒരു ഹോളിഡേയിംഗിന് പോയിരിക്കയാ.”

തന്‍റെ കാൽചുവട്ടിലെ ഭൂമി തെന്നിനീങ്ങുംപോലെതോന്നി സേതുലക്ഷ്മിക്ക്. അവർ പെട്ടെന്ന് അടുത്തുള്ള കസേരയിലേക്കിരുന്നു.

(തുടരും)

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें