നടുക്കത്തിന്‍റെ ആഘാതം തെല്ലൊന്നടങ്ങിയപ്പോൾ സേതുലക്ഷ്മി ചോദിച്ചു “മുരളി എന്ന് മടങ്ങുമെന്നാണ് പറഞ്ഞത്”
“ഒരാഴ്ച കഴിഞ്ഞേ മടങ്ങുകയുള്ളു എന്നാണ് പറഞ്ഞത്.”
“ഞാനപ്പോൾ വന്ന് കണ്ടോളാം” മുരളിയുടെ ബന്ധുവാണെന്ന അഭിനയം തുടർന്നുകൊണ്ട് സേതുലക്ഷ്മി പറഞ്ഞു
മുരളിയുടെ പിഎ അറിയിച്ച വാർത്തയില്‍നി ന്ന് പ്രശ്നം വളരെ സങ്കീര്‍ണമായതുതന്നെ എന്ന അപായസൂചന നല്കി.
യാഥാർത്ഥ്യമെന്തെന്ന് ഉറപ്പാക്കുവാൻ ഒരു പരീക്ഷണംകൂടി നടത്താൻതന്നെ സേതുലക്ഷ്മി തീരുമാനിച്ചു. വഴിയരികിലെ ടെലിഫോൺ ബൂത്തിൽ നിന്നും അവർ ശ്രീ പൂർണ്ണിമ ജ്വലേഴ്സിന്‍റെ നമ്പറിൽ വിളിച്ചു. മാനേജരാണ് ഫോണെടുത്തത്.
“മഠത്തിൽ ഫൈനാൻസിയേഴ്സിൽ നിന്നാണ് സർ” ആ സ്ഥാപനത്തിലെ സ്റ്റാഫാണെന്ന നാട്യത്തിൽ സേതുലക്ഷ്മി തുടർന്നു.” പണയത്തിനെടുത്ത കുറച്ച് സ്വർണ്ണം അവിടെ ഏല്പിക്കുന്ന കാര്യം ഇവിടത്തെ സാറ് ചന്ദ്രശേഖരൻ സാറിനോട് പറഞ്ഞിരുന്നു. ഇന്ന് സാറങ്ങോട്ട് വന്നാൽ ചന്ദ്രശേഖരൻസാറിനെ കാണാൻ പറ്റുമോന്ന് ചോദിച്ചു.”
“സാറിവിടെയില്ലല്ലോ. ആലപ്പുഴ കലക്ടറായി ചാർജ്ജെടുക്കാൻ പോകുന്ന മുരളീമനോഹർസാറിനേം കൊണ്ട് പൊന്മുടിയിലെ എസ്റ്റേറ്റിലേക്ക് പോയിരിക്കയാ”
“എന്നു മടങ്ങും?”
“ഒരാഴ്ചയാകുമെന്നാ പറഞ്ഞത്.”
“ഞാനീ വിവരം ഇവിടത്തെ സാറിനോട് പറഞ്ഞേക്കാം.”
സംഭാഷണം അവസാനിച്ചപ്പോൾ മുരളിയും പണിക്കരും ശ്രീപൂർണ്ണിമ ജ്വലേഴ്സ് ഉടമ ചന്ദ്രശേഖറിന്‍റെ ആതിഥ്യം സ്വീകരിച്ച് പൊന്മുടിയിലേക്ക് പോയിരിക്കുകയാണെന്ന് സേതുലക്ഷ്മിക്ക് ഉറപ്പായി. മാത്രമല്ലാ, മറ്റ് ചില സത്യങ്ങൾകൂടി സേതുലക്ഷ്മിയുടെ കൂർമ്മബുദ്ധി ഊഹിച്ചെടുക്കുകയും ചെയ്തു. സ്വന്തം മകൾ പൂർണ്ണിമയ്ക്കു വേണ്ടി മുരളിയെ റാഞ്ചിയെടുക്കാനാണ് ചന്ദ്രശേഖറിന്‍റെ ശ്രമം. അയാളുടെ ഇരുപത്തിനാല് കാരറ്റ് തിളക്കമുള്ള ഓഫറിൽ പണിക്കരുടെ കണ്ണ് മഞ്ഞളിച്ചു കാണും. പണിക്കരുടെ കാലുമാറ്റത്തിന്‍റെ രഹസ്യമെന്തെന്ന് വ്യക്തമായപ്പോൾ സേതുലക്ഷ്മിക്ക് ആരോടൊക്കെയോ പക തോന്നി. വെറുപ്പും വാശിയും തോന്നി. ചതിക്ക് ചതി! എന്തൊക്കെ വൈതരണികൾ കടന്നിട്ടായാലും മുരളീമനോഹറിനെ കൊണ്ടുതന്നെ മഞ്ജുവിന്‍റെ കഴുത്തിൽ താലി കെട്ടിക്കണം. അതുവരെ തനിക്കിനി വിശ്രമമില്ല. ഈ ഘട്ടത്തിൽ തന്നെ സഹായിക്കാൻ കഴിയുന്ന ഏകവ്യക്തി മാർത്താണ്ഡക്കുറുപ്പാണെന്നും സേതുലക്ഷ്മിക്കറിയാമായിരുന്നു.
പുന്നപ്രയിലാണ് കുറുപ്പിന്‍റെ വീട്.
സേതുലക്ഷ്മി ഡ്രൈവറോട് പുന്നപ്രയിലേക്ക് വണ്ടി വിടാൻ നിർദ്ദേശം നല്കി. കുറുപ്പിന്‍റെ വീട്ടിലെത്തിയപ്പോൾ അയാൾ എങ്ങോട്ടോ പോകാൻ തയ്യാറായി നില്ക്കുകയായിരുന്നു. അപ്രതീക്ഷിതമായി സേതുലക്ഷ്മിയെ കണ്ടപ്പോൾ അയാളൊന്ന് പകച്ചു.
“പ്രശ്നം തീർന്നില്ലേ കൊച്ചമ്മേ.”
“ഇല്ല കുറുപ്പേ”
“കൊച്ചമ്മ പണിക്കർസാറിനെക്കണ്ട് സംസാരിച്ചില്ലേ?”
“അതിനയാളെ കണ്ടിട്ട് വേണ്ടേ? മുരളിയുടെ ഓഫീസിൽ ചെന്നന്വേഷിച്ചപ്പോഴാ പണിക്കരുടെ കാലുമാറ്റത്തിന്‍റെ യഥാർത്ഥ കാരണം മനസ്സിലായത്.”
മുരളിയും പണിക്കരും ശ്രീ പൂർണ്ണിമാ ജ്വലേഴ്സിന്‍റെ ഉടമ ചന്ദ്രശേഖറിന്‍റെ പൊന്മുടിയിലെ എസ്റ്റേറ്റിലാണെന്നും അയാൾക്ക് വിവാഹപ്രായമായൊരു മകളുണ്ടെന്നും സേതുലക്ഷ്മി അറിയിച്ചപ്പോൾ കുറുപ്പ് മൂക്കിന്മേൽ വിരൽ ചേർത്തു കൊണ്ട് പുലമ്പി ”അത് ശരി. ആ ജ്വലറിക്കാര് നമ്മുടെ ചെക്കനെ ചൂണ്ടിയതാണല്ലേ. അധിക പ്രസംഗമാണല്ലോ അവര് കാണിച്ചത്.”
“ആ വിവാഹം നടന്നാൽ അതിന്‍റെ നാണക്കേട് കുറുപ്പിനും കൂടിയാണെന്നോർമ്മവേണം” സേതുലക്ഷ്മി മുന്നറിയിപ്പു നല്‍കി. ആ പരാമർശം കുറുപ്പിന്‍റെ ആത്മാഭിമാനത്തിന്‍റെ മർമ്മത്തിൽതന്നെ തറഞ്ഞുകൊള്ളുകയും ചെയ്തു.
ക്ഷോഭവിവശനായി കുറുപ്പ് പൊട്ടിത്തെറിച്ചു. “ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥതയുള്ളവനാ ഈ മാർത്താണ്ഡക്കുറുപ്പ്. കണ്ണിൽ ചോരയില്ലാത്ത പ്രവർത്തിയല്ലേ അവരീ കാണിച്ചത്.”