അമ്മ വേഷം ചെയ്യുക എന്നാൽ അത്ര എളുപ്പമുള്ള കാര്യമല്ല. അതും താരതമ്യേന സ്വന്തം പ്രായമുള്ളതോ തന്നേക്കാൾ പ്രായമുള്ളവരോ ആയ നായകന്മാരുടെ അമ്മ വേഷം. മലയാള സിനിമയിൽ അമ്മറോളിൽ തിളങ്ങിയ നിരവധി നടിമാരുണ്ട്. അടുത്ത കാലത്ത് ന്യൂജെൻ താരങ്ങളുടെ അമ്മ വേഷങ്ങളിൽ പകർന്നാടി നിറഞ്ഞ കയ്യടി നേടിയ ചില ന്യൂജെൻ അമ്മ നായികമാർ...
മാലാ പാർവ്വതി
ടൊവിനോ, പൃഥ്വിരാജ്, ഫഹദ്, ഷെയ്ൻ, ദുൽഖർ, കുഞ്ചാക്കോ ബോബൻ, ഐശ്വര്യ ലക്ഷ്മി ഇങ്ങനെ പുതുതലമുറ നായികാനായകന്മാരിൽ മിക്കവരുടെയും അമ്മയാകാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് മാലാ പാർവ്വതിക്ക്. “ചുരുങ്ങിയ കാലം കൊണ്ട് 50 ലേറെ ചിത്രങ്ങൾ. കുറേ പേരുടെ അമ്മയായി അഭിനയിച്ചു. എല്ലാ അമ്മമാരും ഒന്നിനൊന്നു വ്യത്യസ്തമാണ്.” ഏറ്റവും അടുത്ത് ചെയ്‌തത് ഇഷ്കിലെ രാധമ്മയാണ്.
ആങ്കർ, ജേണലിസ്റ്റ് എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന സമയത്ത് സുരേഷ്ഗോപിയെ ഒരു ചാനലിനു വേണ്ടി ഇന്‍റർവ്യൂ ചെയ്‌തപ്പോഴാണ്, അദ്ദേഹം ഒരു ഓഫർ മുന്നോട്ടു വച്ചത്. പത്മപ്രിയയുടെ അമ്മയുടെ റോൾ ആണ്. മേരി റോയ്, അരുന്ധതി റോയ് എന്നിവരെ സെക്ച്ച് ചെയ്തുള്ള അമ്മയും മകളുമായതിനാൽ ആക്ടിവിസ്റ്റ് എന്ന നിലയിൽ ഒരു പുതിയ മുഖം തേടുകയായിരുന്നു.
“എന്തായാലും അതിലാണ് തുടക്കം. അത് ഭംഗിയായി ചെയ്തോ എന്നു ചോദിച്ചാൽ ഇല്ല എന്നുറപ്പാണ്. കോൺഫിഡൻസ് ഉണ്ടായില്ല. പിന്നെ 2009 ൽ നീലത്താമര ചെയ്യാൻ എംടി സാർ വിളിച്ചു. ആ സമയത്താണ് ഇത് സീരിയസായി ചെയ്യാനുള്ള തോന്നലുണ്ടായത്. അഭിനയ നാടക സംഘത്തിൽ ചേർന്ന് ആക്ടിംഗ് വർക്ക്ഷോപ്പ് അറ്റന്‍റ് ചെയ്‌തു. അങ്ങനെയങ്ങനെ പിന്നീട് കുറേപ്പേരുടെ അമ്മയായി.
ടൊവിനോയ്ക്കൊപ്പമാണ് ഏറ്റവും കൂടുതൽ അമ്മ വേഷം ചെയ്‌തത്. 4 സിനിമകൾ. ടൊവിനോ, പൃഥ്വി, ഷെയ്ൻ ഇവരൊക്കെ വലിയ ടാലന്‍റ് ഉള്ളവരല്ലേ. ഇപ്പോഴത്തെ കാലത്ത് എല്ലാവരും പ്രതിഭകളാണ്. ഗെയിം ഓവർ എന്ന ചിത്രത്തിലും മികച്ച റോൾ ഉണ്ട്. ഒരു നടിയുടെ അമ്മ റോൾ ചെയ്യണം എന്നാഗ്രഹിക്കുന്നുണ്ട് മാലാ പാർവ്വതി. അതു മറ്റാരുമല്ല, സായ്പല്ലവി. എന്‍റെ തുടക്കത്തിലെ രീതികൾ ഒക്കെ കണ്ട കൂട്ടുകാർ വിചാരിച്ചിരുന്നത് ഞാനൊരു രാഷ്ട്രീയ നേതാവാകുമെന്നോ മറ്റോ ആണ്. ഇപ്പോൾ എന്തായി? എല്ലാം അൺപ്രഡിക്ടറ്റബിൾ ആണ്. എന്‍റെ ഏറ്റവും വലിയ ക്രിട്ടിക് എന്‍റെ മകൻ തന്നെയാണ്. അവൻ ഒരു റോളും വിമർശിക്കാതെ വിട്ടിട്ടില്ല.
ഉർവ്വശി
അഭിനയത്തിലും ജീവിതത്തിലും വളരെ തുറന്ന സ്വഭാവമാണ് ഉർവ്വശിക്ക്. അതിനാൽ വിവാദങ്ങളാണ് കൂടപ്പിറപ്പ്. കരിയറിന്‍റെ തുടക്കകാലത്തു പോലും അമ്മ വേഷം ചെയ്യാൻ തയ്യാറായ നടിയാണ് ഉർവ്വശി. അച്ചുവിന്‍റെ അമ്മ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ അമ്മ എന്ന വാക്ക് അർത്ഥവത്താക്കിയ അഭിനയമായിരുന്നു. മീരാ ജാസ്മിന്‍റെ അമ്മ വേഷമാണ് അതിൽ ചെയ്തത്.
ശരീരത്തെക്കുറിച്ച് യാതൊരു ചിന്തയുമില്ലാത്ത നടിയാണ് ഉർവ്വശി. ഒരുപാട് അസുഖങ്ങളൊക്കെയുണ്ട്. പുറം വേദന, മുട്ടുവേദന, ബിപി, ഷുഗർ, കൊളസ്ട്രോൾ. പക്ഷേ ഭക്ഷണം നിയന്ത്രിക്കുന്ന കാര്യം ഒട്ടും താൽപര്യമില്ല. “ഞാൻ ഭയങ്കര മടിച്ചിയാണ്. എനിക്ക് സന്തോഷം തോന്നിയാൽ ഞാൻ ധാരാളം കഴിക്കും. ഇടയ്ക്ക് ആരെങ്കിലും ഓർമ്മിപ്പിക്കുമ്പോഴാണ് തടി കൂടിയല്ലോ എന്നോർക്കുക.”