സുജാതയ്ക്ക് ചിരി നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവൾ ഒട്ടും മറച്ചു വയ്ക്കാതെ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു. മീരയ്ക്കും ചിരി വരുന്നുണ്ടെങ്കിലും പരിസരബോധം വന്നതു കൊണ്ട് കടിച്ചുപിടിച്ചു. പ്രഭാത നടത്തത്തിനിറങ്ങിയവരെല്ലാം സുജാതയുടെ ചിരി കണ്ട് ഒരുതരം നോട്ടം നോക്കുന്നുണ്ട്. ചിലരുടെ മുഖത്ത് എന്തോ അദ്ഭുതം ദർശിച്ച ഭാവമാണ്. ഇതെല്ലാം ശ്രദ്ധിച്ചതു കൊണ്ടാണ് മീര ചിരി ഒതുക്കിയത്.
സുജാതയ്ക്ക് 50 വയസ്സ് ആയിട്ടുണ്ട്. പക്ഷേ സുജാതയുടെ സ്റ്റൈലും, ജീവിതത്തോടുള്ള കാഴ്ചപ്പാടും അവരുടെ സമപ്രായക്കാരേക്കാൾ വളരെ വ്യത്യസ്തമാണ്. അതുകൊണ്ടാവണം ഏത് ആൾക്കൂട്ടത്തിലും, എത്ര ചെറുപ്പക്കാർക്കിടയിലും ഈ പ്രായത്തിലും താരമാണ് സുജാത.
സത്യത്തിൽ ഈ കൊച്ചു വെളുപ്പാൻ കാലത്തും സംഭവിച്ചത് അതൊക്കെ തന്നെയാണ്. സുജാതയിൽ നിന്ന് ശ്രദ്ധ മാറ്റാൻ പെട്ടെന്നാർക്കും കഴിയില്ല.
യഥാർത്ഥത്തിൽ ഒരു കൊച്ചു മുംബൈ ആണ് രാജേന്ദ്രനഗർ എന്നു പറയാം. ഗോപുർ ഭാഗത്തു നിന്ന് രാജേന്ദ്രനഗറിലേക്ക് പോകുന്ന റിംഗ് റോഡിൽ പ്രഭാത സവാരി ചെയ്യാനെത്തുന്നവരുടെ തിരക്കാണ്. ആ പരിസരത്തുള്ള ഐഡിയൽ ഹൗസിംഗ് കോളനിയിൽ നിന്നുള്ള വരാണ് അവിടെ നടക്കാൻ വരുന്നവരിൽ ഭൂരിഭാഗവും. രാവിലെയും രാത്രിയും ആ ഭാഗത്തെ മനോഹരമായ വീതിയേറിയ റോഡുകളിൽ നടക്കാനും, സൊറ പറഞ്ഞിരിക്കാനും വരുന്നവരുടെ തിരക്കാണ്.
ആ കോളനിയിലാണ് സുജാതയുടെ താമസം. ഭർത്താവ് പട്ടാളത്തിൽ നിന്ന് വിരമിച്ച കേണൽ രാജ്കുമാർ. അദ്ദേഹം രണ്ട് വർഷം മുമ്പ് മരണമടഞ്ഞു. ഒരു റോഡപകടത്തിലാണ് അന്ത്യം സംഭവിച്ചത്. വളരെ ഊർജസ്വലനായ സാഹസികത ഇഷ്‌ടപ്പെടുന്ന വ്യക്‌തിയായിരുന്നു. അദ്ദേഹത്തോടൊപ്പം ജീവിതം ഒരു ആഘോഷമാക്കി തന്നെയാണ് സുജാത ജിവിച്ചിരുന്നത്.
അവിചാരിതമായി രാജ് വേർപിരിഞ്ഞുവെങ്കിലും യാഥാർത്ഥ്യം സ്വീകരിച്ച് തന്‍റെ ജീവിതം വഴി തിരിച്ചു വിടാനുള്ള ആർജവം സുജാതയ്ക്കുണ്ടായിരുന്നു. രാജിനെപ്പോലൊരു വ്യക്‌തിയ്ക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം, അതാണ്.
എപ്പോഴും ചിരിക്കാൻ ഇഷ്‌ടപ്പെടുന്ന ഒരു വ്യക്‌തിയുടെ ഓർമ്മയിൽ മറ്റൊരാൾ കരഞ്ഞു ജീവിക്കുന്നതു കൊണ്ടെന്തു കാര്യം. അവർക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല സ്മരണാജ്ഞലി സന്തോഷമായി ജീവിതം തുടരുകയാണ്. സുജാത അങ്ങനെയാണ് വിശ്വസിച്ചിരുന്നത്.
6 മാസം മുമ്പാണ് ഒരേയൊരു മകൾ ഗോപികയുടെ വിവാഹം വളരെ ആർഭാടത്തോടെ നടത്തിയത്. അവൾ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്. കൂടെ ജോലി ചെയ്യുന്ന സമീർ ആണ് വിവാഹം ചെയ്തത്. അവർ പൂനെയിലാണ് താമസം.
ചിട്ടയായ ജീവിതരീതികളും, ഭക്ഷണശീലവും വ്യായാമവും സുജാതയ്ക്ക് 50ലും 30ന്‍റെ ഊർജസ്വലത നൽകി. 50 പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്ന് അവളെ കണ്ടാൽ ആരും പറഞ്ഞു പോകും.
ആ ദിവസം മീരയ്ക്ക് പ്രഭാത സവാരിയ്ക്ക് എത്താൻ കഴിഞ്ഞില്ല. അന്ന് സുജാത പതിവുപോലെ വ്യായാമത്തിനായി രാവിലെ തന്നെ പുറത്തിറങ്ങി. പതിവു നടത്തം ഒരു കാരണവശാലും മുടക്കാൻ ഇഷ്‌ടമില്ല സുജാതയ്ക്ക്. തനിച്ചായതിനാൽ സാധാരണയിലും വേഗതയിൽ അവൾ നടക്കാൻ തുടങ്ങി. രണ്ടു കിലോമീറ്റർ ആണ് നടക്കാറുള്ളത്. ഇന്നും ഏകദേശം അത് പൂർത്തിയാക്കി. വീട്ടിലേക്ക് മടങ്ങാനുള്ള സമയമായി.