പണ്ട് വീടിനകത്തേക്ക് പ്രകാശവും കാറ്റും പരത്തിയിരുന്ന ഇത്തിരി ചുതരങ്ങളായിരുന്നു കിളിവാതിലുകൾ. എന്നാൽ കാലാന്തരത്തിൽ കിളിവാതിലുകളുടെ രൂപവും ഭാവവും മാറി. ട്രെഡീഷണൽ തുടങ്ങി മോഡേൺ ട്രെന്‍റുകളിൽ വരെ ജാലകസുന്ദരികൾ വീടുകളിൽ സ്‌ഥാനം പിടിച്ചിരിക്കുന്നു. ചുവരിന്‍റെ നല്ലൊരു ഭാഗം ജനാലകൾ തീർത്ത് മുറിയ്ക്ക് ഗാംഭീര്യവും പ്രകാശവും ചൊരിയുന്നതും ലേറ്റസ്റ്റ് ട്രെന്‍റാണ്.
മുറിയ്ക്ക് അഴക് വർദ്ധിപ്പിക്കുന്നതിൽ ജാലകങ്ങൾക്കും നല്ലൊരു പങ്കുണ്ടെന്നാണ് ഇന്‍റീരിയർ ഡിസൈനർമാർ അഭിപ്രായപ്പെടുന്നത്. മുറിയിൽ പ്രകാശം ചൊരിയുന്ന രീതിയിൽ വൈവിധ്യങ്ങൾ വരുത്തുന്ന ജനാലകൾ മുതൽ പുറത്തെ നല്ലൊരു ഭാഗം കാഴ്ചയെ ഉള്ളിലേക്ക് ആവാഹിച്ചെടുക്കുന്ന ജനാലകൾ വരെ ട്രെന്‍റാണിപ്പോൾ. ഒപ്പം പ്രകൃതിയേയും വീടിനേയും സമന്വയിപ്പിച്ച് ഗൃഹാന്തരീക്ഷത്തിന് ഇക്കോഫ്രണ്ട്‍ലി മൂഡ് നൽകുകയും ചെയ്യുന്നു. അത്തരം ചില ജനാലവിശേഷങ്ങൾ അറിയാം.
ലോംഗ് ടേം സെക്യുരിറ്റി വിൻഡോ
സ്ക്വയർ വുഡൻ ഫ്രെയിമിന്‍റെ ക്ലാസിക് ഡിസൈൻ പണ്ടുകാലം തൊട്ടെ നിലവിലുണ്ട്. ഈ സ്റ്റൈലിഷ് വിൻഡോവിന് പുറത്തു നിന്നും സുരക്ഷിതത്വം നൽകുന്ന രീതിയാണ് സെക്യുരിറ്റി വിൻഡോ. ജനാലയ്ക്ക് പുറത്ത് കമ്പി കൊണ്ട് ചതുരക്കോളം പോലെ കവചമൊരുക്കിയുള്ള താണിത്. കവചമുള്ളതിനാൽ വീട്ടുടമയ്ക്ക് ഭയമൊന്നുമില്ലാതെ മുഴുവൻ ദിവസം ജനാല തുറന്നിടാം.
ഫ്രഞ്ച് വിൻഡോ
ഫ്രഞ്ച് വിൻഡോ വീടിന് മനോഹാരിത മാത്രമല്ല വിർദ്ധിപ്പിക്കുന്നത്, മറിച്ച് അതിന് ചില ഉപയോഗങ്ങളും ഫംഗ്ഷനുകളുമുണ്ട്. അകത്തളങ്ങളിലേക്ക് വളരെ മനോഹരമായി നാച്ചുറൽ ലൈറ്റിനെ വിന്യസിക്കുന്നതിനൊപ്പം വീടിന് എനർജി എഫിഷ്യൻസിയും നൽകുന്നു. യുപിസിയിൽ നിർമ്മിതമായ ജനാലകൾ ദീർഘകാലം ഈടു നിൽക്കും. ലാളിത്യവും പ്രൗഢിയുമാണ് ഫ്രഞ്ച് വിൻഡോ ഡിസൈനിന്‍റെ മുഖമുദ്ര.
പിക്ച്ചർ വിൻഡോ
ഫിക്സഡ് സാഷ് ഉള്ളതാണ് ഇത്തരം ജനാലകൾ. ധാരാളം വായുവും പ്രകാശവും അകത്ത് കടക്കുന്ന വിശാലമായ ജനാല. ഈ സ്റ്റൈലിലുള്ള വിൻഡോ കേസ്മെന്‍റ് വിൻഡോയുമായി കൂട്ടിയിണക്കിയും ഡിസൈൻ ചെയ്യാറുണ്ട്. അടുക്കളയ്ക്കും വർക്ക് ഏരിയയ്ക്കുമാണ് ഇത് ഇണങ്ങുക. വലിയൊരു പെയ്ന്‍റിംഗ് ഫ്രെയിം പോലെയാണീ വിൻഡോ. ഉള്ളിൽ വലിയ വുഡ് സ്ക്വയർ ഗ്യാപ്പോടു കൂടി കൊടുക്കാം.
ഗ്രിൽ ഇല്ലാതെയാണ് ഈ ജനാലയുടെ ഫിനിഷിംഗ് പുറത്തെ ബഹുഭൂരിഭാഗം കാഴ്ചകളെയും ക്യാപ്ച്ചർ ചെയ്യുന്ന രീതിയിലാണ് ഈ പിക്ച്ചർ ജാലകത്തിന്‍റെ നിർമ്മിതി.
ഗേബിൾ വിൻഡോ
ചെരിച്ച് വാർത്തതോ അല്ലെങ്കിൽ ടൈൽ റൂഫിംഗ് ഉള്ളതുമായ വീടുകളിലാണ് ഗേബിൾ വിൻഡോ ഏറ്റവും ഇണങ്ങുന്നത്. രണ്ട് ചെരിച്ച റൂഫിംഗിൽ ട്രയാംഗുലർ ഏരിയയിൽ വരുന്നയിടത്താണ് ഗേബിൾ വിൻഡോ സ്‌ഥാപിക്കേണ്ടത്. സ്ഥലത്തിന്‍റെ പ്രത്യേകതയനുസരിച്ച് ചെറുതോ വലുതോ ആകാം ഇത്. പണ്ടത്തെ നാലു കെട്ടിന് മുകൾനിലയിലുള്ള കിളിവാതിലിനെയാണ് ഇത് ഓർമ്മിപ്പിക്കുന്നത്. സ്ക്വയർ, ആർച്ച്, റെക്റ്റാഗുലർ ഷെയ്പുകളിലും ഗേബിൾ വിൻഡോ സ്റ്റൈൽ ചെയ്യാം.
ഡോർമർ വിൻഡോ
ഇതൊരു റൂഫ് ടോപ്പ് വിൻഡോയാണ്. ഏറെക്കുറെ ഗേബിൾ വിൻഡോയെപ്പോലെയാണിത്. ഏറ്റവും മുകൾ നിലയിലെ കൊച്ചുമുറിക്ക് (ടെറസിലേക്കോ ബാൽക്കണിയിലേക്കോ ഓപ്പണിംഗ് ഉള്ള മുറി) പുറത്തായി തള്ളി നിൽക്കുന്ന ചെറിയ ജാലകമാണിത്, വ്യത്യസ്തങ്ങളായ ഡോർമർ വിൻഡോകളുണ്ട്. ഇത് വീടിന് ഡിഫറന്‍റ് സ്റ്റൈൽ നൽകും. മുറിയുടെ വലിപ്പമനുസരിച്ച് ഡോർമൻ വിൻഡോ നിരകളായി സ്ഥാപിക്കുന്ന രീതിയുമുണ്ട്.