25 വർഷമായി നൃത്താദ്ധ്യാപകനായി കലാജീവിതം നയിക്കുന്ന ആർഎൽവി അനിൽകുമാർ ആദ്യ കാലത്തൊക്കെ സിനിമയിൽ മുഖം കാണിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. വർഷങ്ങൾക്കിപ്പുറം നിനച്ചിരിക്കാതെ പൂമരം സിനിമ യിൽ അഭിനയിച്ചു. അതും ഒരു നൃത്ത അദ്ധ്യാപകനായി. എത്ര മനോഹരമായ കാവ്യനീതിയാണ് അല്ലേ? പൂമരത്തിലെ കഥാപാത്രമായ നൃത്താദ്ധ്യാപകനെ സിനിമ കണ്ട പ്രേക്ഷകരാരും മറക്കില്ല. യുവജനോത്സവ വേദിയിലെത്തുന്ന നൃത്താദ്ധ്യാപകരുടെ അസൂയയും പകയും മത്സരവീര്യവു മൊക്കെ ഹാസ്യാത്മകമായി എത്ര തന്മയത്വത്തോടെയാണ് അവതരിപ്പിച്ചത്!
ഒരു പിടി സിനിമകളിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന അനിൽ കുമാർ തന്‍റെ കലാജീവിതത്തെക്കുറിച്ചും വ്യക്‌തി ജീവിതത്തെക്കുറിച്ചും പറയുന്നു.
നൃത്തകലയിലെ സാന്നിദ്ധ്യം
ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിലാണ് ഞാൻ സ്പെഷ്യലൈസ് ചെയ്‌തത്. ഏകദേശം മൂന്നര വയസ്സിൽ അക്ഷരം പഠിച്ച് തുടങ്ങും മുമ്പേ നൃത്തം പഠിച്ച് തുടങ്ങിയതാണ്. നൃത്ത കലയോട് വലിയ താൽപര്യമുള്ള ആളായിരുന്നു അച്‌ഛൻ. പ്രത്യേകിച്ചും കഥകളിയോട്. അമ്മയും അതെ. അച് ഛൻ ജോലി സംബന്ധമായി കോട്ടയത്തായിരുന്നു. ഞങ്ങൾ കാഞ്ഞിരപ്പള്ളിയിലും. ഡാൻസ് പഠിപ്പിക്കണമെന്ന ആഗ്രഹം കൊണ്ട് അമ്മയ്ക്ക് ട്രാൻസ്ഫർ തരപ്പെടുത്തി ഞങ്ങളെ കോട്ടയത്തേക്ക് കൊണ്ടു വന്നു. പിന്നീടുള്ള സ്ക്കൂൾ വിദ്യാഭ്യാസം അവിടെയായിരുന്നു.
കലോത്സവ ഓർമ്മകൾ
സ്ക്കൂളിലും കോളേജിലും പഠിക്കുമ്പോൾ മത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു. അന്ന് ഇന്നത്തെ പോലെയത്ര കളർഫുള്ളായിരുന്നില്ല. എല്ലാവരും തന്നെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നും പഠിച്ച് വരുന്നവരാണ്. അന്ന് സബ് ജില്ല കലോത്സവമില്ല. നേരിട്ട ജില്ല കലോത്സവമാണ്. 10-ാം ക്ലാസിൽ പഠിക്കുമ്പോൾ സ്ക്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്തിരുന്നു. ജില്ലാതലത്തിൽ എനിക്ക് ഫസ്റ്റ് കിട്ടി. ഒരുപാട് പെൺകുട്ടികളെ തോൽപ്പിച്ചാണ് ഭരതനാട്യത്തിൽ ഫസ്റ്റ് കിട്ടിയത്. അതും 18 സ്ക്കൂളിൽ നിന്നും വന്ന 18 പെൺകുട്ടികളെ! പക്ഷേ സ്റ്റേറ്റ് യൂത്ത് ഫെസ്റ്റിവലായപ്പോൾ നിർഭാഗ്യമെന്ന് പറയട്ടെ എനിക്ക് ചിക്കൻ പോക്സ് പിടിപ്പെട്ടു. എനിക്കത് ഒരിക്കലും മറക്കാനാവാത്ത വേദനയായി. അതുവരെ എല്ലാവർഷവും മത്സരങ്ങൾക്ക് പോകണമെന്ന് പറഞ്ഞ് ഞാൻ വീട്ടിൽ വഴക്കിടുമായിരുന്നു. വീട്ടിലെ സാമ്പത്തിക സ്‌ഥിതി പ്രതികൂലമായിരുന്നു. 10-ാം ക്ലാസിലായപ്പോൾ അച്‌ഛൻ സമ്മതിച്ചു. പക്ഷേ ചിക്കൻ പോക്സ് വില്ലനായി കടന്നു വന്നു. അന്നത്തെ സംസ്ഥാന കലോത്സവത്തിൽ കലാപ്രതിഭ യായത് നടൻ വിനീത്!
ആർഎൽവിയിലെ പഠനം
പ്രീഡിഗ്രി പഠനം കഴിഞ്ഞാണ് തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ ചേരുന്നത്. എന്‍റെ ഗുരുവിന്‍റെ നിർദ്ദേശപ്രകാരമായിരുന്നുവത്. നൃത്തകലയെക്കുറിച്ച് ആധികാരികമായി അറിയാൻ ആർഎൽവിയിലെ പഠനം സഹായിച്ചു.
ജീവിത പങ്കാളിയെ ആർഎൽവിയിൽ നിന്നാണോ കണ്ടെത്തിയത്?
അതെ, ആർഎൽവിയിൽ പഠിക്കുമ്പോൾ തന്നെ സിന്ധുവിനെ പരിചയമുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ ബന്ധത്തെ പ്രണയമെന്ന് പറയാനാവില്ല. അവൾ ഒരു ഓർഫനേജിൽ വളർന്ന കുട്ടിയായിരുന്നു. അങ്ങനെ ഇഷ്‌ടപ്പെട്ട് വിവാഹം ചെയ്യുകയായിരുന്നു. സിന്ധു സ്പെഷ്യലൈസ് ചെയ്‌തത് ഭരതനാട്യത്തിലാണ്. ആർഎൽവി കോളേജിൽ പ്രൊഫസറായിരുന്നു. 97ൽ കാലടി ശ്രീശങ്കരാ കോളേജിൽ ജോലി കിട്ടി. ഇപ്പോൾ ഞങ്ങൾ പെരുമ്പാവൂരാണ് താമസം. എനിക്ക് മൂന്ന് ആൺമക്കളാണ്. മൂത്തയാൾ അനന്തു, രണ്ടാമത്തെയാൾ അച്യുത്, ഇളയയാൾ അനിരുദ്ധ്. മക്കൾക്കാർക്കും ക്ലാസിക്കൽ നൃത്തകലയിലൊന്നും താൽപര്യമില്ല.