ഇ.മ.യൗ ഫെയിം ആര്യ സലിം

വരകളുടെയും നിറങ്ങളുടെയും കളിക്കൂട്ടുകാരി ആര്യ സലിം ഇന്ന് സിനിമയിൽ ശ്രദ്ധേയയായ താരമാണ്. ചിത്രകലയിൽ ബിരുദവും ബിരുദാനന്ത ബിരുദവും ഭരതനാട്യത്തിൽ ബിരുദവുമുള്ള ആര്യ സിനിമയിൽ അവതരിപ്പിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുന്നതായിരുന്നു.

തൃശിവപ്പേരൂർ ക്ലിപ്തം എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിലൂടെയായിരുന്നു തുടക്കമെങ്കിലും ഇ.മ.യൗ വിലെ സബേത്ത് എന്ന കഥാപാത്രമാണ് വഴിത്തിരിവായത്.

യാദൃശ്ചികമായി സിനിമയിലെത്തി തന്‍റെ അഭിനയസിദ്ധി കാഴ്ച വച്ച ആര്യ സലിം തന്‍റെ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

സിനിമ എൻട്രി എങ്ങനെ?

“തൃശിവപ്പേരൂർ ക്ലിപ്തത്തിന്‍റെ ഡയറക്ടറായ രതീഷ് സാറുമായുള്ള പരിചയമാണ് എന്നെ സിനിമയിലെത്തിച്ചത്.

തൃപ്പൂണിത്തുറ ആർഎൽവിയിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ രതീഷ് സാർ യൂത്ത് ഫെസ്റ്റിവലുകൾക്കായി ഞങ്ങളെ നാടകവും സ്കിറ്റും പഠിപ്പിക്കുമായിരുന്നു. അങ്ങനെ ഞങ്ങളുടെ നാടകത്തിനും സ്കിറ്റിനുമൊക്കെ എംജി സൗത്ത് സോണിലും നാഷണൽ ലെവലിലുമൊക്കെ സെക്കന്‍റ് കിട്ടിയിരുന്നു. രതീഷ് സാറുമായുള്ള പരിചയമാണ് സിനിമയിൽ എത്തിച്ചത്. അതിൽ കഷ്ടിച്ച് ഒരു മിനിറ്റ് മാത്രം വന്നു പോകുന്ന വളരെ ചെറിയൊരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അതായിരുന്നു സിനിമയിലെ എന്‍റെ തുടക്കം.

ഇ.മ.യൗ വിലെ സബേത്തിനെ പൂർണ്ണതയിൽ എത്തിച്ചതെങ്ങനെയാണ്?

തൃശിവപ്പേരൂർ കഴിഞ്ഞ് ഒരു കൊല്ലത്തിനു ശേഷം ചെയ്‌ത എന്‍റെ രണ്ടാമത്തെ സിനിമയാണ് ഇ.മ.യൗ. അതും ഒരു യാദൃശ്ചികതയായിരുന്നു. ഒരു ദിവസം നടൻ ചെമ്പൻ വിനോദ് ഫോണിൽ വിളിച്ച് ഇ.മ.യൗ ന്‍റെ ഓഡിഷന് വരാൻ പറഞ്ഞു. സ്ക്രിപ്റ്റ് കേട്ടപ്പോൾ ഞാനാകെ അമ്പരന്നു പോയി. ഒരു ശവ സംസ്ക്കാരച്ചടങ്ങിലൂടെ മാത്രം കഥ പറഞ്ഞു പോകുന്ന മനോഹരമായ സിനിമ. ഇ.മ.യൗ പോലെയുള്ള സിനിമയിൽ അഭിനയിക്കുകയെന്നത് ത്രില്ലിംഗ് ആയ അനുഭവമായിരുന്നു. നല്ലൊരു ടീമിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞുവെന്നതും ഭാഗ്യമാണ്. എന്നാലും ഡയലോഗ് പ്രസന്‍റേഷൻ ഇത്തിരി പാടായിരുന്നു. സഹനടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ പൗളി ചേച്ചിയാണ് ആ സ്ലാംഗ് എന്നെ പഠിപ്പിച്ചത്. പിന്നെ ലിജോ സാർ, വിനായകൻ തുടങ്ങിയെല്ലാവരും എന്നെ പിന്തുണച്ചു.

ഇ.മ.യൗ കണ്ടപ്പോൾ എന്തു തോന്നി?

സിനിമ പ്രിവ്യു അത്ര എൻജോയ് ചെയ്യാൻ കഴിഞ്ഞില്ല. പക്ഷേ സിനിമ തീയറ്ററിൽ കണ്ടപ്പോൾ കുറച്ചു കൂടി ഇംപ്രൂവ് ചെയ്യാമായിരുന്നുവെന്ന് തോന്നി. വിനായകൻ, ദിലീഷ് പോത്തൻ എന്നിവരുടെ പെർഫോമൻസൊക്കെ കണ്ടപ്പോൾ ശരിക്കും അന്തംവിട്ടു പോയി.

ക്യാമറയെ അഭിമുഖീകരിച്ചപ്പോൾ

ക്യാമറയെ ഫേസ് ചെയ്യുന്നതിന്‍റെ ടെൻഷനുണ്ടായിരുന്നു. പിന്നെ ലിജോ സാറിന്‍റെ മോട്ടിവേഷനും മൊത്തം ക്രൂവിന്‍റെ പിന്തുണയുമൊക്കെ ഉണ്ടായിരുന്നതു കൊണ്ട് ടെൻഷൻ മറികടന്നു.

ഇ.മ.യൗ വിലെ സബേത്താകാനുള്ള തയ്യാറെടുപ്പുകൾ

പ്രത്യേകിച്ചൊന്നുമില്ലായിരുന്നു. പുരികം ത്രഡ് ചെയ്യരുത്, ഫേഷ്യൽ ചെയ്യരുത് എന്നൊക്കെ ഡയറക്ടർ നേരത്തെ പറഞ്ഞിരുന്നു. മേക്കപ്പൊന്നുമില്ലാത്ത കഥാപാത്രമായിരുന്നു.

വീട്ടുകാരുടെ പ്രതികരണം എന്തായിരുന്നു?

ഇ.മ.യൗ വിലേക്ക് അവസരം കിട്ടിയപ്പോൾ ഭർത്താവാണ് നീ ചെയ്യണമെന്ന് പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ചത്. ഞങ്ങളുടെ രണ്ട് വീട്ടുകാർക്കും സിനിമാ ഫീൽഡിലേക്ക് പോകുന്നതിൽ പേടിയുണ്ടായിരുന്നു. പിന്നെ എനിക്ക് രതീഷ് സാറിനെ 10 വർഷമായി അറിയാം. വീട്ടുകാർക്കും സാറിനെ അറിയാം. അങ്ങനെയാണ് സിനിമയിൽ വരുന്നത്. ഇ.മ.യൗ ഷൂട്ടിംഗൊക്കെ രാത്രിയിലായിരുന്നു. ഞാൻ ഹസ്ബന്‍റിനേയും മോളേയും കൂട്ടിയാണ് സെറ്റിൽ പോയിരുന്നത്. ചിത്രത്തിൽ എന്‍റെ അമ്മായിയമ്മയായി അഭിനയിക്കുന്ന പൗളിചേച്ചിയുമായി ഭയങ്കര കൂട്ടായി. അതുപോലെ എന്‍റെ നാത്തൂനായി അഭിനയിച്ച കുട്ടിയും എന്‍റെ നല്ല കൂട്ടുകാരിയാണ്.

സിനിമയും ചിത്രകലയും ഒന്നിച്ചു പോകുമോ?

രണ്ടും ഒരുപോലെ കൊണ്ടുപോകണമെന്നാണ് ആഗ്രഹം. സമയം കിട്ടുന്ന തനുസരിച്ച് ചിത്രകലയിൽ കൂടുതൽ സജീവമാകണം.

പ്രണയ വിവാഹം…

പ്രണയ വിവാഹമായിരുന്നു. ആദ്യം ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് എപ്പോഴോ പരസ്പരം ഇഷ്‌ടമായി. ആ ഇഷ്‌ടം കൂടി കൂടി വന്നു. രണ്ടുപേരും ഒരേ ഫീൽഡിലുള്ളവർ. പ്രജീഷ് സ്കൾപ്ച്ചർ ആണ് ചെയ്‌തിരുന്നത്. എന്‍റെ വിഷയം പെയിന്‍റിംഗും. രണ്ടുപേർക്കും പരസ്പരം നല്ലവണ്ണം അറിയാം. ഒരു മോളുണ്ട്, ഋത്വിക. പ്രജീഷ് കൊച്ചിയിൽ ഒരു ആഡ് ഏജൻസിയിൽ ക്രിയേറ്റീവ് ഡയറക്ടറാണ്.പിന്നെ ഫ്രഞ്ച് വിപ്ലവമാണ് റിലീസായത്.

സിനിമ കണ്ടപ്പോൾ വീട്ടിൽ നിന്നുണ്ടായ പ്രതികരണം?

സിനിമയുടെ പ്രിവ്യു കണ്ടപ്പോൾ എന്നെപ്പോലെ തന്നെയായിരുന്നു പ്രജീഷിനും അത്രയിഷ്ടമായില്ല. പിന്നീട് തീയറ്ററിൽ പോയി പടം കണ്ടപ്പോഴാണ് ശരിയായി ആസ്വദിക്കാനായത്. “പൊളിച്ചു” എന്ന് പറഞ്ഞ് എന്നെ അഭിനന്ദിച്ചു.

പക്ഷേ പടം കണ്ടപ്പോൾ അച്‌ഛനാകെ ടെൻഷനായി പോയി. അച്‌ഛന് പൊതുവെ സങ്കടം സഹിക്കാനാവാത്തയാളാണ്. സിനിമയിലെ എന്‍റെ കരച്ചിലും രംഗങ്ങളും കണ്ടപ്പോൾ അച്ചന് ശരിക്കും സങ്കടം വന്നു. എന്‍റെ അമ്മയ്ക്കും അനിയത്തിക്കും സിനിമ ഒരുപാടിഷ്ടപ്പെട്ടു. സത്യത്തിൽ എല്ലാതരം പ്രേക്ഷകർക്കും സിനിമ ഇഷ്ടമാകുമോയെന്ന ആശങ്കയുണ്ടായിരുന്നു. പക്ഷേ എന്‍റെ കസിൻ ബ്രദേഴ്സിനൊക്കെ ഇഷ്ടമായി. 10-ാം ക്ലാസ് കഴിഞ്ഞവർക്കാണ് സിനിമ ഏറെയിഷ്ടപ്പെട്ടത്. അതാണ് അദ്ഭുതപ്പെടുത്തിയ കാര്യം. സിനിമയിൽ എന്‍റെ കരച്ചിൽ കണ്ടിട്ട് സന്തോഷിച്ച ഒരേ ഒരാൾ എന്‍റെ മോളാണ്. അമ്മയ്ക്ക് അങ്ങനെ തന്നെ വേണം എന്നായിരുന്നു അവളുടെ കമന്‍റ്!

പെയിന്‍റിംഗിലെ പരീക്ഷണങ്ങൾ പറയാമോ?

പോപ് ആർട്ട് സ്റ്റൈലിലുള്ള പെയിന്‍റിംഗിനോടാണ് ഇഷ്ടം. അമേരിക്കൻ ചിത്രകാരനായ ആൻഡി വറോളിന്‍റെ സ്ക്രീൻ പ്രിന്‍റിംഗ് ശൈലി ഇഷ്‌ടമാണ്. ചിത്രരചനയിൽ അദ്ദേഹം സ്വീകരിക്കുന്ന കാഴ്ചപ്പാടും ആശയങ്ങളുമൊക്കെ എനിക്കിഷ്മാണ്. എന്‍റെയൊരു കസിൻ ബ്രദർ പറഞ്ഞാണ് ആന്‍റി വറോളിനെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ബിഎഫ്എ സെക്കന്‍റ് ഇയറിന് പഠിക്കുമ്പോൾ പ്രശസ്ത ചിത്രകാരൻ വാൻഗോഗിനോടായിരുന്നു താൽപര്യം.

അടുത്ത പ്രൊജക്ടുകൾ….

തമാശയിൽ ഒരു ഊമയുടെ കഥാപാത്രമായിരുന്നു. അത് റിലീസായി അത് കഴിഞ്ഞ് ശ്യാമപ്രസാദ് സാറിന്‍റെ കാസിമിന്‍റെ കഥകൾ എന്ന ചിത്രത്തിൽ ഒരു ലീഡ് റോളാണ് ചെയ്‌തത്. അതിലെ പ്രധാന കഥാപാത്രമായ കാസിമിന്‍റെ ഉമ്മയുടെ റോളിലാണ് ഞാൻ. തമിഴ് നടൻ ഹരീഷ് ഉത്തമനാണ് അച്‌ഛൻ റോളിൽ.

പടം റിലീസിംഗിനുള്ള തയ്യാറെടുപ്പിലാണ്. കൊച്ചാൽ എന്ന സിനിമയാണ് മറ്റൊന്ന് അതിൽ ഷൈൻ ടോം ചാക്കേവിന്‍റെ ഭാര്യാ കഥാപാത്രമായാണ് വരുന്നത്. ടോവിനോ നായകനാകുന്ന മിന്നൽ മുരളി എന്ന ചിത്രത്തിൽ അജു വർഗീസിന്‍റെ ഭാര്യയായിട്ട് അഭിനയിച്ചിട്ടുണ്ട്. അതിൽ ഒരു തഗ് വൈഫ് ആയിട്ടാണ്.

arya salim

ചെയ്യാനിഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ?

എല്ലാതരം കഥാപാത്രങ്ങളും ട്രൈ ചെയ്യണമെന്നാണ് എന്‍റെ ആഗ്രഹം. ഒന്നിൽ മാത്രം കാറ്റഗറൈസ് ചെയ്യുന്നതിനോട് ആഗ്രഹമില്ല. ഇ.മ.ഔ വിൽ എല്ലാ ഇമോഷൻസും പ്രകടിപ്പിക്കുന്ന കഥാപാത്രമായിരുന്നു എന്‍റേത്. ഇനിയുള്ളത് ആർക്കറിയാം എന്ന സിനിമയും. നിത്യമേനോൻ, വിജയ് സേതുപതി ചിത്രമായ 19 (1) (A) ൽ ഒരു റിപ്പോർട്ടറിന്‍റെ വേഷത്തിലാണ് എത്തുന്നത്. അത് നല്ലൊരു കഥാപാത്രമാണ്. ഇന്ദു വി എസ് എന്ന നവാഗത സംവിധായികയാണ് ഈ സിനിമ ചെയ്യുന്നത്. സിനിമയുടെ എല്ലാ സൂക്ഷ്മ വശങ്ങളും ശ്രദ്ധിക്കുകയും വ്യക്‌തമായ കാഴ്ചപ്പാടുമുള്ള സംവിധായികയാണ് ഇന്ദു വി.എസ്. മറ്റൊരു ചിത്രം ഭീമന്‍റെ വഴിയിലൊരു കുട്ടിയാണ്.

ചിത്രരചനയിലും നൃത്തത്തിലും സജീവമാണോ?

വലിയ ക്യാൻവാസിൽ ചിത്രരചന നടത്താൻ സമയം കിട്ടാറില്ല. അതിനൊരു പ്രത്യേക മൂഡ് വേണമല്ലോ. സിനിമ ലൊക്കേഷനിൽ പോകുമ്പോൾ സ്കെച്ച് ബുക്ക് കൊണ്ടു പോകാറുണ്ട്. കിട്ടുന്ന സമയത്ത് എന്തെങ്കിലും കുഞ്ഞ് പെയ്ന്‍റിംഗ് ചെയ്യും. കാസിമിന്‍റെ ചിത്രീകരണവേളയിൽ അങ്ങനെ കുറച്ച് സമയം കിട്ടിയിരുന്നു.

പിന്നെ ഡാൻസിന്‍റെ കാര്യമാണെങ്കിൽ ലോക്ക്ഡൗൺ സമയത്ത് ഓൺലൈൻ ഡാൻസ് ക്ലാസ് എടുത്തിരുന്നു. ഇടവേളകളിൽ നൃത്താഭ്യാസം തുടരുന്നുണ്ട്. യാത്രകൾ പോകാറുണ്ട്. അതൊക്കെ സന്തോഷം തരുന്ന കാര്യങ്ങളാണല്ലോ.

സിനിമയിൽ ഇഷ്ടതാരങ്ങൾ ആരൊക്കെയാണ്?

അത് ഒരുപാടുണ്ട്. ഫഹദ് ഫാസിലിന്‍റെ അഭിയന രീതി ശ്രദ്ധിച്ചിട്ടുണ്ട്. റോഷൻ, സൗബിൻ, സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പൻ വിനോദ്, വിനായകൻ എന്നിവരെയെല്ലാം ഒരുപാടിഷ്ടമാണ്. ഫീമെയിൽ ആർട്ടിസ്റ്റുകളിൽ പാർവതി തിരുവോത്ത്, കനി കുസൃതി, ഗ്രേസ് ആന്‍റണിയൊക്കെ ഫേവറൈറ്റ് താരങ്ങളാണ്. കനിയെ സിനിമയിലും അല്ലാതെയും നല്ല പരിചയമുണ്ട്. ഗ്രേസിനെയും അടുത്ത പരിചയമുണ്ട്. ഹ്യൂമർ ചെയ്യാൻ പ്രത്യേക കഴിവുള്ള നടിയാണ് ഗ്രേസ്.

അവൾ

കണ്ണുകൾ ഇറുക്കെ അടച്ചും, തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അഞ്ജലിയിൽ നിന്നും ഉറക്കം വഴുതി മാറിക്കൊണ്ടിരുന്നു. ചിന്തകളുടെ ഘോഷയാത്രയാണ് മനസ്സിൽ. ഉറക്കം ഘോഷയാത്രയിൽ പിണങ്ങി മാറി നിൽക്കുകയാണ്. അല്ലെങ്കിലും തന്‍റെ ജീവിതത്തിൽ ഇങ്ങനെ ഒരു മലക്കം മറിച്ചിൽ ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ലല്ലോ. രാവിലെ 10 മണിക്ക് ഓഫീസിൽ എത്തണം. രാത്രി രണ്ടു മണിയായിട്ടും ഉറങ്ങാൻ കഴിഞ്ഞിട്ടില്ല.

സച്ചുവിനെ വർഷങ്ങൾക്കു മുന്നേ പരിചയപ്പെട്ടതാണ്. ഒരേ കോളേജിലാണ് പഠിച്ചിരുന്നത്. അതിനാൽ ഈ വിവാഹം നടക്കാൻ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. തന്‍റെ വീട്ടുകാർക്ക് ഒരു പ്രശ്നവുമില്ലായിരുന്നല്ലോ. ലവ് മാര്യേജ് ആണെങ്കിലും അതിനൊരു അറേഞ്ച്ഡ് മാര്യേജിന്‍റെ മട്ടും ഭാവവും ഉണ്ടായിരുന്നു.

വിവാഹ ശേഷമാണ് ശരിക്കും സച്ചു തന്നെ സ്നേഹിക്കാൻ തുടങ്ങിയത് എന്നും തോന്നിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി വളരെ സന്തോഷത്തോടെ ജീവിക്കുമ്പോഴാണ് എല്ലാം തകിടം മറിക്കാൻ ഒരു വില്ലൻ ഫോൺ കോൾ രൂപത്തിൽ വന്നത്. ഏതോ ഒരു സ്ത്രീയുടെ കോൾ.

“ഹലോ… സച്ചുവിന് ഫോൺ കൊടുക്കൂ.” ആ കോൾ അറ്റന്‍റ് ചെയ്‌തപ്പോൾ സച്ചുവിന്‍റെ മുഖത്തെ പരവേശം അഞ്ജലി വളരെയധികം ശ്രദ്ധിക്കുകയും ചെയ്‌തു.

“എന്‍റെ ചേച്ചിയാണ്” എന്നു മാത്രം പറഞ്ഞ് സച്ചു ആ വിഷയത്തെക്കുറിച്ച് സംസാരിച്ചുമില്ല.

ആ രാത്രി തന്നെ പുറത്തേക്കു പോയ ആൾ മടങ്ങിയെത്തിയത് 4 മണിക്കാണ്. മുഖത്ത് പ്രകടമായ മ്ലാനത കണ്ടതു കൊണ്ട് അഞ്ജലി ഒന്നും ചോദിക്കാൻ ശ്രമിച്ചില്ല. രാവിലെ എഴുന്നേറ്റ് തിരക്കൊക്കെ കഴിയുമ്പോൾ സാവകാശം ചോദിക്കാമെന്നു കരുതി. പക്ഷേ രാവിലെ അതിനു കഴിഞ്ഞില്ല അതിനാൽ വൈകിട്ടു വന്നിട്ട് സംസാരിക്കാമെന്നോർത്തു. പക്ഷേ സച്ചു വൈകിട്ട് വന്ന ഉടനെ ആ സ്ത്രീയുടെ ഫോൺ വീണ്ടും വന്നു. അഞ്ജലിയാണ് ഫോൺ എടുത്തത്.

“അഞ്ജലി, ഫോൺ സച്ചുവിനു കൊടുക്കൂ.” അവർ അതു പറഞ്ഞു തീരും മുമ്പേ സച്ചു ഫോൺ പിടിച്ചു വാങ്ങിയിരുന്നു.

അഞ്ജലി അൽപം മാറി നിന്ന് ചെവി കൂർപ്പിച്ച് കേൾക്കാൻ ശ്രമിച്ചു.

“വിഷമിക്കാതിരിക്കൂ. ഞാൻ ഉടനെ വരാം.” സച്ചു കൂടുതൽ വിശദീകരണമൊന്നുമില്ലാതെ ഇപ്പോൾ വരാം എന്നു മാത്രം പറഞ്ഞു പുറത്തേക്കിറങ്ങി.

അഞ്ജലി പിന്നാലേ ഓടിച്ചെന്നു. കാര്യമെന്താണ് എന്ന് അറിയാതെ അവൾ അസ്വസ്ഥയായി. പക്ഷേ അതൊന്നും ശ്രദ്ധിക്കാൻ മെനക്കെടാതെ അയാൾ പുറത്തേക്കു നടന്നു. അങ്ങനെ ആ സാധ്യതയും ഇല്ലാതായി. പിന്നീടു ഫോൺ വന്ന സമയത്ത് അഞ്ജലി, സച്ചു കാണാതെ എല്ലാം ശ്രദ്ധിച്ചു. അയാൾ പുറത്തേക്കിറങ്ങിയ സമയത്ത് പിന്നാലെ അവളും ഇറങ്ങി. ഈ സ്ത്രീ ആരാണെന്ന് അറിയണം. ഇത്രയും രഹസ്യമായി ഒരു കാര്യം കൂടെ കൊണ്ടു നടക്കുന്നതെന്തുകൊണ്ടാണ്? എന്തോ കുഴപ്പം ഉണ്ടല്ലോ.

സച്ചുവിന്‍റെ കാർ പ്രശസ്തമായ ഒരു ഹോട്ടലിലേക്കാണ് എത്തിയത്. അയാൾ കാറിൽ നിന്ന് ഇറങ്ങി ധൃതി പിടിച്ച് മുകളിലേക്ക് കയറുന്നു. അഞ്ജലി സുരക്ഷിതമായ അകലം പാലിച്ച് പിന്തുടർന്നു കൊണ്ടിരുന്നു. ഹോട്ടലിന്‍റെ ഒന്നാം നിലയിലെ ഒരു മുറിക്കു മുന്നിൽ അയാൾ നിൽക്കുന്നതും വാതിൽ തുറക്കപ്പെടുന്നതും അകത്തേക്ക് പ്രവേശിക്കുന്നതും അവൾ കണ്ടു. അൽപനേരം കഴിഞ്ഞപ്പോൾ രണ്ടുപേരും പുറത്തേക്കു പോകുന്നു. ഇനി പിന്തുടരാൻ നിന്നാൽ ഓഫീസിൽ പോക്ക് മുടങ്ങുമെന്നോർത്തപ്പോൾ അഞ്ജലി ആ ശ്രമം ഉപേക്ഷിച്ചു. അവൾ ഓഫീസിലേക്ക് പോയെങ്കിലും മനസ്സ് അവിടെയൊന്നും ഉറച്ചു നിൽക്കുന്നുണ്ടായില്ല.

സച്ചു ഇപ്പോഴും അവർക്കൊപ്പമാണോ, അതോ ഓഫീസിൽ പോയോ എന്നൊക്കെ അറിയണമെന്ന് തോന്നി. ആ തോന്നൽ ശക്തമായപ്പോൾ അവൾ സച്ചുവിന്‍റെ ഓഫീസിൽ വിളിച്ചു. അപ്പോഴാണ് അറിയുന്നത് രണ്ടു ദിവസമായി സച്ചു ഓഫീസിൽ ചെന്നിട്ടില്ലത്രേ. ഓഫീസിൽ ഇല്ലെങ്കിൽ പിന്നെ എവിടെ? അഞ്ജലിയ്ക്ക് തല പെരുത്തു കയറി. വീട്ടിൽ നിന്ന് ഓഫീസ് സമയത്ത് തന്നെയാണ് ഇറങ്ങിയത്. മടങ്ങിയെത്തുന്നതും പതിവു പോലെ! അപ്പോൾ ഇതിലെന്തോ കളി നടക്കുന്നുണ്ട്. ഇനിയും ഈ ടെൻഷൻ സഹിക്കാൻ വയ്യ. സച്ചു വീട്ടിലെത്തുമ്പോൾ ഇന്നെന്തായാലും ചോദിച്ചിട്ടുള്ളൂ കാര്യം.

സന്ധ്യയ്ക്ക് അഞ്ജലി വീട്ടിലെത്തുമ്പോൾ സച്ചു അവിടെ ഉണ്ടായിരുന്നില്ല. മേശപ്പുറത്ത് ഒരു കുറിപ്പ് വച്ചിട്ടുണ്ടായിരുന്നു. “ഓഫീസിൽ ചില അത്യാവശ്യ കാര്യങ്ങൾ വന്നതിനാൽ ഒരിടം വരെ പോകുന്നു. വിഷമിക്കേണ്ട, രണ്ടു ദിവസത്തിനകം മടങ്ങിയെത്തും.”

എവിടെ പോകുന്നു എന്നു പോലും ആ കുറിപ്പിൽ ഉണ്ടായിരുന്നില്ല. അഞ്ജലിക്ക് കടുത്ത ദേഷ്യവും സങ്കടവും വന്നു. ഓഫീസിൽ അന്വേഷിച്ചപ്പോൾ കിട്ടിയ വിവരം അവളെ ഭ്രാന്തു പിടിപ്പിച്ചു. വീട്ടിൽ ചില അത്യാവശ്യ കാര്യങ്ങൾ ഉണ്ട് എന്നു പറഞ്ഞാണ് അവിടെ ലീവ് എടുത്തിരിക്കുന്നത്. ഓഫീസ് കാര്യത്തിന് എന്നു പറഞ്ഞ് വീട്ടിൽ നിന്നു പോയ ആൾ ഇതുവരെ ഒന്നു വിളിക്കുക പോലും ചെയ്‌തില്ല. എവിടെ പോയി എന്ന് ഫോൺ ചെയ്‌തു പറയുകയുമാവാലോ? എന്തായാലും, അങ്ങോട്ടു വിളിക്കുന്നതിൽ എന്താണ് തെറ്റ്? അഞ്‌ജലി സച്ചുവിനെ ഫോൺ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം. ഫോൺ സ്വിച്ച്ഡ് ഓഫ് എന്ന് കേൾക്കുന്നു.

ചിന്താഭാരവും സംശയവും ദേഷ്യവും സങ്കടവും കൂടിച്ചേർന്ന് അഞ്ജലിയ്ക്ക് ഭ്രാന്തെടുക്കുന്ന അവസ്‌ഥയായി. മിക്കവാറും രണ്ടുപേരും ആ ഹോട്ടലിൽ കാണും. ചേച്ചി പോലും! ചേച്ചിയാണെങ്കിൽ എന്നോടു പറയുന്നതിനെന്താ കുഴപ്പം? ചേച്ചിയാണെങ്കിൽ എന്തിനാണ് ഹോട്ടലിൽ ഒളിപ്പിച്ചിരിക്കുന്നത്? തീർച്ചയായും അവർ തമ്മിൽ പ്രേമമായിരിക്കും. അഞ്ജലിയുടെ ചിന്തകൾ കാടുകയറിക്കൊണ്ടിരുന്നു.

ഇത് എങ്ങനെ വെളിയിൽ കൊണ്ടുവരണം? സച്ചുവിന്‍റെ സഹോദരങ്ങളോട് സംസാരിച്ചാൽ ഇങ്ങനെയൊരു ചേച്ചി ഉണ്ടോയെന്ന് അറിയാൻ കഴിഞ്ഞേക്കാം. ആദ്യം ചേട്ടന്‍റെ ഭാര്യയോട് തന്നെ ചോദിക്കാം.

അഞ്ജലി പിറ്റേന്ന് രാവിലെ നഗരത്തിൽ തന്നെ താമസിക്കുന്ന ചേച്ചിയെ കാണാൻ പുറപ്പെട്ടു. അവിചാരിതമായി അഞ്ജലിയെ കണ്ടപ്പോൾ ജ്യോതിചേച്ചി അതിശയത്തോടെ ഓടി വന്നു കെട്ടിപ്പിടിച്ചു.

“ഇതെന്താണ് ഒരു മുന്നറിയിപ്പുമില്ലാതെ! നീ തനിച്ചാണോ?”

“എന്‍റെ ചേച്ചി ഞാൻ എല്ലാം സാവകാശം പറയാം. ഇങ്ങനെ ടെൻഷൻ കൂട്ടാതെ.” അഞ്ജലി ഹാസ്യ രൂപേണ പറഞ്ഞുവെങ്കിലും അവളുടെ ഉള്ളിൽ നിറയെ പിരിമുറുക്കം ആയിരുന്നു.

“സച്ചു ഇപ്പോൾ വീട്ടിലില്ല, പുറത്തു പോയിരിക്കുകയാണ്. ഞാൻ വീട്ടിൽ തനിച്ചായപ്പോൾ ഇങ്ങോട്ടു പോന്നുവെന്നേയുള്ളൂ. ചേട്ടൻ എന്ത്യേ?”

“ചേട്ടനും പുറത്തു പോയിരിക്കുന്നു. നീ വന്നതു നന്നായി. എനിക്കും ആകെ ബോറടി ആയിരുന്നു.”

രണ്ടുപേരും പലവിധ കാര്യങ്ങൾ പറഞ്ഞും ചിരിച്ചും ഓരോ പ്രവൃത്തികളിലേർപ്പെട്ടു കൊണ്ടിരുന്നു. ഇതിനിടയിൽ യോജിച്ച ഒരവസരത്തിനായി അഞ്ജലി കാത്തു. ഇതിനിടയിലാണ് താൻ ഗർഭിണിയാണെന്ന കാര്യം ലജ്ജയോടെ അഞ്ജലി ചേട്ടത്തിയോട് പങ്കുവച്ചത്. അവർ സന്തോഷത്തോടെ അവളെ ചേർത്തു പിടിച്ചു.

“പ്രസവത്തിന് വീട്ടിലേക്ക് പോകാനാണോ തീരുമാനം? അങ്ങോട്ട് പോവുന്നില്ലെങ്കിൽ നീ ഇങ്ങു പോരെ.”

“ഇല്ല ചേച്ചി, അമ്മയ്ക്ക് സുഖമില്ലല്ലോ. അതിനാൽ അവിടേയ്ക്ക് പോയിട്ട് കാര്യമില്ല. സച്ചുവിന്‍റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എനിക്കൊന്നും ആലോചിക്കേണ്ടി വരില്ലായിരുന്നു. അഞ്ജലി മെല്ലെ മെല്ലെ കുടുംബ കാര്യത്തിലേക്ക് അവരുടെ ശ്രദ്ധ മാറ്റിയെടുക്കാൻ ശ്രമിച്ചു.

അച്‌ഛനും അമ്മയും ഇല്ലാത്തതിന്‍റെ കുറവ് ഞാനും ഒത്തിരി അനുഭവിച്ചു. രണ്ടു സഹോദരന്മാരും വളരെ ചെറുതായിരുന്നപ്പോഴാണല്ലോ അച്‌ഛനും അമ്മയും അപകടത്തിൽ വേർപിരിഞ്ഞത്. പിന്നെ അവർ എങ്ങനെയൊക്കെയോ ജീവിതത്തിൽ കരകയറി വന്നു.

“പ്രസവ സമയത്ത് ഒരു കൈ സഹായത്തിന് വിളിക്കാൻ പറ്റിയ ബന്ധുക്കളാരെങ്കിലും ഉണ്ടോ?” അഞ്ജലി തുടിക്കുന്ന ഹൃദയത്തോടെ അന്വേഷിച്ചു.

“ചേച്ചിമാരൊന്നും ഇല്ല. ഒരു ആന്‍റി ഉണ്ടായിരുന്നു. അവർ കഴിഞ്ഞ വർഷം മരിച്ചു.”

അഞ്ജലി ആഗ്രഹിച്ച കാര്യത്തിൽ മറുപടി കിട്ടി. എങ്കിലും ഇനിയും എന്തെങ്കിലും സംസാരിക്കണമല്ലോ എന്നോർത്ത് അവൾ തുടർന്നു. “വല്ല അകന്ന ബന്ധത്തിലും സഹോദരിമാരെങ്കിലും ഉണ്ടെന്നു കരുതി. അങ്ങനെ ആയാലും എത്ര സൗകര്യമായിരുന്നു.” അഞ്‌ജലി പറഞ്ഞു.

“സത്യം… ഒരു പെങ്ങൾ ഇല്ലാത്തത് വലിയ കുറവു തന്നെയാണ്. സഹോദരി ഇല്ലാത്തതു കൊണ്ട് അവർക്ക് വല്യ സങ്കടമുണ്ട്. രക്ഷാബന്ധൻ ആഘോഷം നടക്കുമ്പോൾ അവർ എങ്ങോട്ടെങ്കിലും പോകും.” ചേച്ചി ഒട്ടൊരു വിഷമത്തോടെ ഓർമ്മിച്ചു.

അപ്പോൾ കാര്യം വ്യക്‌തമായി. സച്ചുവിന് പെങ്ങൾ എന്നു പറയാൻ ആരും തന്നെയില്ല. എന്നോട് നുണ പറഞ്ഞ് കാമുകിയുമൊത്ത് രസിക്കാൻ പോയതാണ്. ഇങ്ങനെ ഒരാൾക്കൊപ്പം ഇനി ജീവിക്കുന്നതിൽ അർത്ഥമുണ്ടോ? അവൾ ആലോചിച്ചു. ചേച്ചിയുടെ വീട്ടിൽ നിന്ന് പിറ്റേന്ന് അവൾ മടങ്ങാനൊരുങ്ങി.

സച്ചു തിരിച്ചു വന്നിട്ട് പോയാൽ മതിയെന്ന് ജ്യോതി ചേച്ചി പറഞ്ഞുവെങ്കിലും, അഞ്ജലിയ്ക്ക് എങ്ങനെയും പോകണം എന്നു തന്നെയായിരുന്നു. ഓഫീസിൽ പോകാനുണ്ട്, അത്യാവശ്യ കാര്യമുണ്ട്, പിന്നെ പപ്പയെ കാണണം ഇങ്ങനെയൊക്കെ പറഞ്ഞ് അഞ്ജലി തൽക്കാലം അവിടെ നിന്ന് തടിതപ്പി. അവൾ വീട്ടിൽ എത്തി കുറേ ആലോചനകൾക്ക് ശേഷം പപ്പയുടെ വീട്ടിൽ പോകാൻ തന്നെ തീരുമാനിച്ചു. സച്ചുവിനോട് അതു പറയണമെന്ന് അവൾക്ക് തോന്നിയില്ല. സച്ചുവിന്‍റെ ഓഫീസിലേക്ക് ഒരു കത്ത് അവൾ അയക്കുകയും ചെയ്‌തു. ഇനി ഇങ്ങോട്ടേയ്ക്ക് മടക്കം ഇല്ല എന്നു സൂചിപ്പിച്ച്. അപ്രതീക്ഷിതമായി അഞ്ജലിയെ കണ്ടപ്പോൾ പപ്പയ്ക്കും അതിശയമായി.

“മോളെ, സച്ചു എവിടെ? നീ തനിച്ചു വരാറില്ലല്ലോ?”

അവൾ അൽപനേരം നിശബ്ദയായി. പപ്പ അടുത്തേക്കു വന്നു ചേർത്തു പിടിച്ചതോടെ അഞ്ജലി വിതുമ്പി പോയി.

“അയ്യോ എന്തുപറ്റി? നീ സച്ചുവിനോട് പിണങ്ങിയോ?”

“പപ്പ, എനിക്ക് സച്ചുവും ആ വീടും ഇനി വേണ്ട. ഞാൻ മടങ്ങിപ്പോകില്ല.” അവൾ കരഞ്ഞു കൊണ്ട് അകത്തേക്ക് കയറി അമ്മയുടെ അടുത്തേക്കു പോയി.

രണ്ടു ദിവസങ്ങൾക്കു ശേഷം സച്ചു വീട്ടിൽ മടങ്ങിയെത്തി. രാത്രി 12 മണിയോടടുപ്പിച്ചാണ് എത്തിയത്. വാതിലിൽ മുട്ടിയപ്പോൾ ഒരു പ്രതികരണവും ഇല്ലാതെ വന്നപ്പോൾ സച്ചു അമ്പരന്നു. ഈ അസമയത്ത് അഞ്ജലി എവിടെ പോയി? അവൾ പപ്പയുടെ അടുത്ത് പോയിട്ടുണ്ടാകും. പക്ഷേ പറയാതെ പോയല്ലോ? തനിക്ക് ഒരു ഫോൺ ചെയ്‌തിട്ട് അവൾക്ക് പോകാമല്ലോ. എന്തായാലും രാവിലെ പപ്പയുടെ അടുത്തു പോയാൽ കാര്യം അറിയാം.

സച്ചുവിന് നല്ല ക്ഷീണം തോന്നി. അയാൾ അതിവേഗം ഉറങ്ങി. കണ്ണു തുറക്കുമ്പോൾ ഓഫീസിൽ പോകാൻ നേരമായിരുന്നു. അയാൾ ധൃതി പിടിച്ച് ഒരുങ്ങി ഓഫീസിലേക്ക് പാഞ്ഞു. അവിടെ എത്തിയപ്പോഴാണ് അഞ്ജലിയുടെ കത്ത് കിട്ടിയത്. അതു വായിച്ച് അയാൾക്ക് കണ്ണുകളിൽ ഇരുട്ടു കയറി. വിറയ്ക്കുന്ന കാലുകളോടെ അയാൾ ഒരുവിധം കാറെടുത്തു പാഞ്ഞു.

വീട്ടിലെത്തിയപ്പോൾ പപ്പയും അഞ്ജലിയും അവിടെ ഉണ്ട്. എന്തൊക്കെ പറഞ്ഞു വിശ്വസിപ്പിക്കാൻ അയാൾ ശ്രമിച്ചിട്ടും രണ്ടുപേരും അത് ചെവിക്കൊണ്ടില്ല. നിരാശനായി സച്ചു വീട്ടിലേക്ക് മടങ്ങി.

കുറേ ദിവസങ്ങൾക്കു ശേഷം ഉച്ചയ്ക്ക് കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് അഞ്ജലി വാതിൽ തുറന്നു.

സുന്ദരിയായ ഒരു സ്ത്രീ.

“ഞാൻ സച്ചുവിന്‍റെ…”

അവർ പൂർത്തിയാക്കും മുമ്പ് അഞ്ജലി തിരിച്ചു ചോദിച്ചു.

“അതു ശരി, അപ്പോൾ നിങ്ങളാണ് ആ സ്ത്രീ. എന്നെ സച്ചു വഞ്ചിച്ചത് നിങ്ങൾക്കു വേണ്ടിയാണല്ലേ? എന്തു ധൈര്യത്തിനാണ് ഇവിടെ കയറി വന്നത്? വിവാഹമോചനം ചോദിക്കാനോ?”

അവർ അകത്തേക്കു കടന്നു വന്ന് അനുവാദത്തിനു കാത്തു നിൽക്കാതെ സോഫയിൽ ഇരുന്നു. “എനിക്ക് കുറേ കാര്യങ്ങൾ പറയാനുണ്ട്. ക്ഷമയോടെ കേൾക്കണം. കാര്യം മുഴുവനും മനസ്സിലാക്കാതെ പിണങ്ങരുത്.” അവർ പറഞ്ഞു.

“ഓഹ്… പുതിയ കഥയുമായി വന്നതാണോ?”

അഞ്ജലിയുടെ ദേഷ്യം സ്വാഭാവികമാണെന്ന് മനസ്സിലാക്കി അവർ സംയമനത്തോടെ മറുപടി നൽകി. “ഞാൻ സച്ചുവിന്‍റെയും സന്ദീപിന്‍റെയും ചേച്ചിയാണ്.”

“ഓഹോ… ആ നുണക്കഥ തന്നെയാണോ വീണ്ടും വിളമ്പുന്നത്. സച്ചുവിന് അങ്ങനെ ഒരു ചേച്ചി ഇല്ല എന്ന് എനിക്കറിയാം. ഒരു ചേച്ചി ഉണ്ടെങ്കിൽ ആരും അത് ഒളിച്ചു വയ്ക്കാറില്ല.”

“ഒളിച്ചു വയ്ക്കേണ്ട ആവശ്യം വന്നാൽ അതു ചെയ്യാതെ പറ്റില്ല.”

“അതേ, അത്തരം എന്തു ആവശ്യമാണ് നിങ്ങൾക്ക് ഇടയിലുള്ളത്? സ്വന്തം ഭാര്യ പോലും അറിയരുത് എന്നാണല്ലോ.” സഹോദരിയെ സഹോദരി എന്നു തന്നെയല്ലേ വിളിക്കേണ്ടത്?

അഞ്ജലി ദേഷ്യം കൊണ്ട് വിറച്ചു. ഇത്രയും ചീത്ത കേട്ടിട്ടും ആ സ്ത്രീ തന്‍റെ മനോനില കൈവിടാതെ പിടിച്ചു നിന്നു.

“ഞാനും സച്ചുവും സന്ദുവും ഒരമ്മ പെറ്റ മക്കൾ തന്നെയാണ്. ഞങ്ങളുടെ അച്‌ഛനമ്മമാർ ഒരു അപകടത്തിൽ മരിച്ചു. ആ സമയത്ത് എനിക്ക് 15 വയസ്സായിരുന്നു പ്രായം, സന്ദുവിന് 5 ഉം സച്ചുവിന് 3 ഉം. അച്‌ഛനും അമ്മയും മിശ്രവിവാഹിതരായതിനാൽ ആരും സഹായിക്കാനില്ലാത്ത സാഹചര്യം ഉണ്ടായിരുന്നു. അന്ന് ഞാൻ ജോലിക്കു പോകാതെ നിവൃത്തിയില്ലാതായി.

പത്താം ക്ലാസ് മാത്രം കഴിഞ്ഞ 15 വയസ്സുള്ള എനിക്ക് ഒരു ഓഫീസിലും ആരും ജോലി തരില്ലല്ലോ. അതുകൊണ്ടാണ് നഗരത്തിലെ ഹോട്ടലിൽ ബാർ ഡാൻസർ എന്ന നിലയിൽ പോകാൻ തുടങ്ങിയത്. അങ്ങനെ കുടുംബം പോറ്റുന്നതിനിടയിലാണ് ഒരു പണക്കാരൻ വ്യവസായി എന്നെ ഇഷ്‌ടപ്പെട്ട് വന്നത്. പക്ഷേ ആൾക്ക് വേറെ ഭാര്യയും മക്കളും ഉണ്ട്.

നഗരത്തിൽ തന്നെ ഒരു വേറെ വീട് എടുത്ത് അയാൾ എന്നെ അവിടെ താമസിപ്പിച്ചു. സഹോദരന്മാരുമായി ഒരു ബന്ധവും പാടില്ല എന്നായിരുന്നു നിബന്ധന. എന്നാൽ അതിനു പകരമായി ഞാൻ എന്‍റെ സഹോദരന്മാരുടെ വിദ്യാഭ്യാസച്ചെലവ് അദ്ദേഹത്തെ കൊണ്ട് വഹിപ്പിച്ചു. പഠനം കഴിഞ്ഞപ്പോൾ രണ്ടുപേർക്കും ജോലിയും വാങ്ങിക്കൊടുത്തു. സൊസൈറ്റിയിൽ ആ വ്യവസായിക്കും, എന്‍റെ സഹോദരങ്ങൾക്കും വിലയുണ്ട്. ഞാൻ എന്‍റെ ഐഡന്‍റിറ്റി ഒളിപ്പിച്ചു വയ്ക്കേണ്ടത്, അവരുടെ ആവശ്യമായിരുന്നു.”

“ഇതൊക്കെ സത്യമാണെന്ന് എങ്ങനെ വിശ്വസിക്കും?”

അഞ്ജലിയ്ക്ക് സംശയം വിട്ടുമാറിയില്ല. അതുകേട്ട് അവർ പേഴ്സിൽ നിന്ന് രണ്ട് ചിത്രങ്ങൾ എടുത്ത് കാണിച്ചു. കുട്ടിക്കാലത്ത് അച്‌ഛനും അമ്മയ്ക്കും സച്ചുവിനും ഒപ്പം അവരുണ്ട്. പിന്നീടുള്ളത് അവർ മൂവരും മാത്രം ഉള്ള ചിത്രമാണ്.

ആ ചിത്രങ്ങൾ സത്യം ആണ് സംസാരിക്കുന്നതെന്ന് അഞ്ജലിക്കു തോന്നി. എങ്കിലും അവൾക്ക് സംശയം ബാക്കിയായി. “സഹോദരങ്ങളുടെ ജീവിതത്തിൽ കടന്നുചെല്ലരുതെന്നാണ് തീരുമാനമെങ്കിൽ ഇപ്പോൾ വന്നതെന്തിനാണ്?”

ഇപ്പോൾ ഞാൻ അത്രയും പ്രതിസന്ധിയിലാണ്. ഞാൻ ഒരു സേഠ്ജിയുടെ കൂടെ താമസിക്കുന്ന കാര്യം പറഞ്ഞല്ലോ. അദ്ദേഹം ഇപ്പോൾ മരണാസന്നനാണ്. ഡോക്ടർമാർ അദ്ദേഹത്തിന് രണ്ടുമാസത്തെ ആയുസ്സേ പറയുന്നുള്ളൂ. പക്ഷേ എനിക്കും ആരോഗ്യസ്ഥിതി മോശമാണ്. അദ്ദേഹത്തിന്‍റെ മരണശേഷം ഞാൻ ഒറ്റപ്പെട്ടു പോകുമെന്ന ഭയത്താൽ അദ്ദേഹം സഹോദരങ്ങളെ വിളിച്ചു സംസാരിക്കാൻ പറഞ്ഞു. എനിക്ക് താൽപര്യമില്ലായിരുന്നിട്ടു കൂടി അദ്ദേഹം സമ്മതിക്കുന്നില്ല.

എന്‍റെ പേരിൽ വലിയൊരു സമ്പത്ത് അദ്ദേഹം എഴുതി വയ്ക്കുകയും ചെയ്‌തിട്ടുണ്ട്. വീട്ടിൽ വരാത്തത്, നിങ്ങൾക്ക് ബുദ്ധിമുട്ടാവരുത് എന്നു കരുതിയാണ്. ഇനിയും ഒരു രീതിയിലും ഒരു പ്രയാസം ആർക്കും ഉണ്ടാക്കുകയുമില്ല. ദയവായി അഞ്ജലി സച്ചുവിന്‍റെ അടുത്തേയ്ക്ക് മടങ്ങൂ.”

അവർ തൊഴുകൈയ്യോടെ പറയുന്നതുകേട്ട് അഞ്ജലി നിശ്ചലയായി നിന്നു. അവൾ അവരുടെ കൈകൾ കൂട്ടി പ്പിടിച്ചു.

“ചേച്ചി… എന്നോട് ക്ഷമിക്കൂ, ചേച്ചിയുടെ പേര് എന്താണ്.”

“സീമ…”

“സച്ചുവിന് ഇതൊക്കെ നേരത്തേ എന്നോടു പറയാമായിരുന്നു.” ഇത്രയും സങ്കീർണ്ണതകൾ ഒഴിവാക്കാമായിരുന്നല്ലോ.

അഞ്ജലി തിരക്കിട്ട് തന്‍റെ പപ്പയെ വിളിച്ചു വരുത്തി. അവൾ വൈകിട്ട് തന്നെ സ്വന്തം വീട്ടിലേക്ക് യാത്രയായി. അഞ്ജലി തിരിച്ചെത്തിയതു കൊണ്ട് സച്ചുവിനും ആശ്വാസമായി.

രണ്ട് ദിവസങ്ങൾക്കു ശേഷമാണ് നാട്ടിലെ രക്ഷാബന്ധൻ മഹോത്സവം എന്ന് അഞ്ജലി ആലോചിച്ചു. അഞ്ജലി ചേട്ടനെയും ചേച്ചിയേയും ആ ദിനത്തിൽ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു.

സച്ചുവും സന്ദീപും ഉച്ചയ്ക്ക് ഒരുമിച്ച് വീട്ടിൽ എത്തി. ജ്യോതി ചേച്ചി രാവിലെ തന്നെ എത്തിയിരുന്നു. അഞ്ജലി നല്ല ഭംഗിയുള്ള രാഖിയെല്ലാം വാങ്ങിച്ച് അവരെ കാത്തിരുന്നു. വീട്ടിലെ ഒരുക്കങ്ങളൊക്കെ കണ്ട് സച്ചുവും സന്ദീപും അതിശയിച്ചു.

“ഇന്ന് രക്ഷാബന്ധൻ ദിനമല്ലേ, അത് ആലോചിക്കാൻ പറ്റാതെ രണ്ടു സഹോദരങ്ങൾക്കും വിഷമമായിരുന്നല്ലോ. ഇന്ന് ആ ഭാഗ്യം കൈവന്നിരിക്കുകയാണ്.”

അകത്തെ മുറിയിൽ നിന്ന് സീമ കടന്നു വന്നപ്പോൾ അവർ രണ്ടുപേരും കൺമിഴിച്ചു നിന്നു.

“വരൂ ചേച്ചി, ഇവർക്ക് രാഖി അണിയിക്കൂ. അന്തംവിട്ടും നിൽക്കുന്ന സച്ചുവിനെയും സന്ദീപിനെയും നോക്കി അഞ്ജലിയും ജ്യോതിയും പുഞ്ചിരിച്ചു.

“കുറേ നാളായി ഒളിച്ചു വച്ച കഥ ഞങ്ങളും അറിഞ്ഞു. ഈ പാവം ചേച്ചി ഇനി ഹോട്ടലിലൊന്നും താമസിക്കേണ്ട കാര്യമില്ല.”

സീമ ആഹ്ലാദത്തോടെ സഹോദരങ്ങളുടെ കൈകളിൽ രാഖി അണിയിച്ചു. “പെങ്ങൾ രാഖി ബന്ധിച്ചാൽ സഹോദരൻ സമ്മാനം കൊടുക്കണമെന്നാണ്.” അഞ്ജലി പറഞ്ഞു.

സിമ തന്‍റെ സഹോദരങ്ങളെ ചേർത്തു പിടിച്ചു.

“ഈ ദിവസത്തെക്കാൾ വലിയ സമ്മാനം എനിക്കിനി എന്താണുള്ളത്? എനിക്കെന്‍റെ വീട് തിരിച്ചു കിട്ടിയ ദിവസം ആണിന്ന്. വെറോരു സമ്മാനവും എനിക്ക് വേണ്ട.”

കണ്ണീരണിഞ്ഞ മുഖത്തോടെ സീമ, അഞ്ജലിയുടെ നെറ്റിയിൽ ചുംബിച്ചു.

“ഈ സ്നേഹം ഞാനൊരിക്കലും മറക്കില്ല.” എല്ലാവരുടേയും മുഖം സന്തോഷം കൊണ്ട് സുന്ദരമായി.

കൂടപ്പിറപ്പിനെ തിരികെ കിട്ടിയ നിമിഷങ്ങൾ. ജീവിതം ഏറ്റവും സുന്ദരമാണ് എന്ന് ഈ നിമിഷങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.

വിമൻ പവർ ഇൻ സ്റ്റൈലിംഗ്

ഡിസൈനർ, സ്റ്റൈലിസ്റ്റ്, ഇമേജ് കൺസൾട്ടന്‍റ്, കോർപ്പറേറ്റ് ട്രെയ്നർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന അർച്ചന ശങ്കർ സെന്‍റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈൻ ഡിപ്പാർട്ടുമെന്‍റിന്‍റെ ഹെഡായിരുന്നു. നിലവിൽ സ്വന്തം യൂട്യൂബ് ചാനലായ അർച്ചന ശങ്കർ നടത്തുന്നു. പരസ്യ മേഖലയിൽ കൊസ്റ്റ്യൂം സ്റ്റൈലിസ്റ്റായും പ്രവർത്തിച്ചിരുന്നു…

സ്വന്തം വ്യക്തി പ്രഭാവത്തെ ചുറ്റിലും പ്രസരിപ്പിക്കുകയെന്നതാണ് ഏതൊരു സമർത്ഥയായ സ്ത്രീയും ആഗ്രഹിക്കുന്നത്. വുമൻ പവറിനെ എടുത്ത് കാട്ടുന്ന ചില നിറങ്ങൾ ഉണ്ട്. ശാക്തീകരണത്തെ പ്രതിനിധാനം ചെയ്യുന്ന തരത്തിൽ സ്ത്രീയ്ക്ക് ഈ നിറങ്ങളെ സമർത്ഥമായി സമന്വയിപ്പിക്കാനാവും. ബ്ലാക്ക്, നേവി ബ്ലൂ, ആർമി ഗ്രീൻ, ഡീപ് ബ്രൗൺ, മെറൂണുകൾ എന്നിങ്ങനെയുള്ള ഡാർക്ക് നിറങ്ങൾക്ക് കൂടുതൽ ഔപചാരികതയും ഗൗരവ സ്വഭാവവും പ്രതിഫലിപ്പിക്കാനാവും. ചുറ്റുമുള്ളവർക്കിടയിൽ ഗാംഭീര്യഭാവം സൃഷ്ടിക്കാൻ ഇത്തരം നിറങ്ങൾ ബുദ്ധിപൂർവ്വം തെരഞ്ഞെടുക്കുകയാണ് വേണ്ടത്.

വളരെ പവർഫുള്ളായ നിറമാണ് വെളുപ്പ്. അതുകൊണ്ടാണ് ഭൂരിഭാഗം രാഷ്ട്രീയ നേതാക്കന്മാരും വെളുത്ത വസ്ത്രങ്ങൾ ധരിക്കുന്നത്. അതാണ് വെണ്മയുടെ ശക്‌തി. മറ്റൊന്ന്, ഇത്തരം നിറങ്ങളിലുള്ള വസ്ത്രങ്ങൾ ഔചിത്യപൂർവ്വം ധരിക്കുകയെന്നതാണ്. ചില സാഹചര്യങ്ങളിൽ ഡാർക്ക് നിറങ്ങളും ഫോർമൽ നിറങ്ങളും അണിയുന്നത് അൽപം ബോറാകാം. അമിത ഗൗരവ ഭാവം സൃഷ്ടിച്ചേക്കാം. ഇവിടെയാണ് അൽപ്പം ബുദ്ധി പ്രയോഗിച്ച് അൽപ്പം ബ്രൈറ്റും പ്രസാദാത്മകവുമായ നിറങ്ങളിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് ഡ്രസ്സിംഗ് സ്റ്റൈലിന് മാറ്റ് കൂട്ടേണ്ടത്. എന്നിരുന്നാലും ഈ നിറങ്ങൾ വളരെ മിനിമലായി മാത്രമേ ക്യാരി ചെയ്യാവൂ. ഔപചാരികത നഷ്ടപ്പെടുകയില്ലെന്ന് മാത്രമല്ല വളരെ ഊർജസ്വലത ചുറ്റുമുള്ളവരിൽ സൃഷ്ടിക്കുകയുമാവാം.

ശക്തിയും ശുഭാപ്തി വിശ്വാസവും വളരെ മനോഹരമായി ഇഴച്ചേരുന്ന സ്റ്റൈലിംഗ് രീതിയാണിത്. അൾട്ടിമേറ്റ് ഗ്രേ ശക്തിയേയും സുസ്ഥിരതയേയും പ്രതിനിധാനം ചെയ്യുമ്പോൾ മഞ്ഞനിറം ആഹ്ലാദത്തിന്‍റെയും ഉത്സാഹത്തിന്‍റെയും നിറമായി മാറുന്നു.

ഈ രണ്ട് നിറങ്ങളും വളരെ സ്മാർട്ടായി മിക്സ് ആന്‍റ് മാച്ച് ചെയ്യാം. ബ്ലാക്ക്, സിൽവർ, ലൈറ്റ് സിൽവർ എന്നിങ്ങനെയുള്ള ന്യൂട്രൽ നിറങ്ങൾക്കൊപ്പം മഞ്ഞ നിറം മിക്‌സ് ആന്‍റ് മാച്ച് ചെയ്യാം. ഗ്രേ മിഡിക്കൊപ്പം യെല്ലോ ടോപ് അല്ലെങ്കിൽ ലൈറ്റ് ഗ്രേ പാന്‍റിനൊപ്പം ഗ്രേ ലൈൻഡ് യെല്ലോ ടോപ് ഒപ്പം യെല്ലോ ടിൻജ്ഡ് സാൻഡിൽസും കൂടിയാൽ സ്മാർട്ട് ആന്‍റ് എലഗന്‍റ് സ്റ്റൈലായി. ലേയേഡ് ലോംഗ് ടോപ്സ് വിത്ത് ഗ്രേ ഷോർട്ട്സ്, വൈറ്റ് ഷർട്ട് വിത്ത് ബ്ലാക്ക് പാന്‍റ് ഒപ്പം യെല്ലോ ജാക്കറ്റും കൂടിയായാല്ലോ… പവർ സ്റ്റെലിംഗിനെ വേറിട്ടതാക്കാം. ഈ രീതിയിൽ സ്വന്തം ഇഷ്ടമനുസരിച്ച് യോജിച്ച നിറങ്ങൾ ബുദ്ധിപൂർവ്വം സമന്വയിപ്പിച്ച് പവര്‍ഫുൾ ലേഡി ഇമേജ് കരസ്ഥമാക്കാം.

അവർ ചോദിക്കട്ടെ ഉത്തരം പറഞ്ഞോളൂ

മമ്മി, ഞാൻ എവിടെ നിന്നാ വന്നേ?”

ഈ ചോദ്യം എല്ലാ കുട്ടികളും ചോദിക്കാറുണ്ട്. അതിനെ അവഗണിച്ചുതള്ളാതെ കൃത്യമായ മറുപടി കൊടുക്കുന്നതിൽ യാതൊരു തെറ്റുമില്ല. നിന്നെ അമ്പാട്ടി തന്നതാ, ആശുപത്രിയിൽ നിന്ന് വാങ്ങിയതാണ് എന്നിങ്ങനെയൊക്കെയാണ് അമ്മമാർ കൊഞ്ചിച്ചു മറുപടി കൊടുക്കുക. കുട്ടിക്കാലത്തു തന്നെ ഇളം മനസ്സിൽ അബദ്ധ ചിന്ത നിറയ്ക്കുന്നതിന്‍റെ ആദ്യപടിയാണിത്. ഈ പ്രായത്തിൽ മൃഗങ്ങളുടെയും ചെടികളുടേയും ഉദാഹരണത്തിലൂടെ കാര്യങ്ങൾ പറഞ്ഞു കൊടുക്കാവുന്നതാണ്. അവർക്ക് പെട്ടെന്ന് മനസ്സിലാവുകയും ചെടിയിൽ പൂക്കൾ ഉണ്ടാകുന്നതുപോലെയാണ് കുഞ്ഞുങ്ങൾ ഉണ്ടാകുന്നതെന്നു പറയാം. അമ്മയുടെ വയറിനുള്ളിൽ അത് വളരും. വളർന്നു വലുതാകുമ്പോൾ പുറത്തേക്കു വരും. ഇത്രയും പറഞ്ഞാൽ അവർക്ക് ജനനത്തെ കുറിച്ചുള്ള മനോഹരമായ ആശയം മനസ്സിൽ ലഭിക്കും.

സെക്സ് എന്താണ്

അച്ഛനും അമ്മയും പരസ്രം വളരെയധികം സ്നേഹിക്കുന്നതാണ് സെക്സ് എന്നു പറഞ്ഞുകൊടുക്കാം. ഈ പ്രായത്തിൽ അതിൽ കവിഞ്ഞൊരു വിശദീകരണം അവർ ആഗ്രഹിക്കുന്നില്ല. മനസ്സിലാക്കുകയും വേണ്ട.

അവന്‍റെ എന്താ അങ്ങനെ?

പെൺകുട്ടികളും ആൺകുട്ടികളും കുഞ്ഞുപ്രായത്തിൽ തന്നെ രഹസ്യാവയവങ്ങളെ കുറിച്ച് ചോദിക്കുന്നത് സ്വാഭാവികമാണ്. എന്‍റെ എന്താ ഇങ്ങനെ? അവളുടേത് അങ്ങനെയല്ലല്ലോ എന്നാവും അവരുടെ സംശയം. ഇത്തരം സന്ദർഭങ്ങളിലും മൃഗങ്ങളെ കൂട്ടുപിടിക്കാം. നായ്ക്കളേയോ പശുക്കളേയോ ഒക്കെ ചൂണ്ടിക്കാട്ടി വ്യത്യാസം പറഞ്ഞുകൊടുക്കാം. ആണിന്‍റെയും പെണ്ണിന്‍റെയും ചില അവയവങ്ങൾക്ക് വ്യത്യാസമുണ്ടെന്നു പറയാം.

സാനിട്ടറി നാപ്കിൻ എന്തിനാ?

ടിവിയിലെ പരസ്യം കണ്ടിട്ട് ഏതു കൊച്ചുകുട്ടിയും ചോദിക്കാം. എന്താ അത് എന്ന്. പ്രത്യേകിച്ച് സാനിട്ടറി നാപ്കിനുകളുടെ പരസ്യങ്ങൾ നിറയെ വരുന്ന കാലമാണിത്. ഈ ചോദ്യം കേൾക്കുമ്പോൾ ഒട്ടും മടിക്കാതെ ഉത്തരം കൊടുക്കാം. അതിങ്ങനെ പറയാം. കയ്യും മുഖവും തുടയ്ക്കാൻ ടിഷ്യു പേപ്പർ ഉപയോഗിക്കുന്നതുപോലെ പ്രൈവറ്റ് പാർട്സ് തുടയ്ക്കാൻ ഇത് ഉപയോഗിക്കുന്നു. എന്നാൽ ഈ നാപ്കിൻ കുട്ടികൾ മുതിർന്നു കഴിഞ്ഞിട്ടാണ് ഉപയോഗിക്കുന്നത്. കുഞ്ഞുങ്ങൾക്ക് ഈ നാപ്കിൻ ആവശ്യമില്ല. അമ്മയുടേയും കുഞ്ഞിന്‍റെയും ഉടുപ്പിൽ വ്യത്യാസമില്ല. അതുപോലെയാണ് കുട്ടികളുടേയും മുതിർന്നവരുടേയും നാപ്കിന്‍റെ വ്യത്യാസം എന്നും പറയാം.

പിരീയ്ഡ്സ് എന്താണ്?

പെൺകുട്ടികൾ ചോദിക്കുന്നതിനു മുമ്പേ തന്നെ പിരീയ്ഡ്സിനെക്കുറിച്ച് അമ്മമാർ പറഞ്ഞുകൊടുക്കേണ്ട സംഗതിയാണ്. 10 വയസ്സാകുമ്പോഴേക്കും ചില പെൺകുട്ടികൾ ഋതുമതി ആവുന്നുണ്ട്. അതിനാൽ അവളരുടെ വളർച്ച മനസിലാക്കി അമ്മയ്ക്കു നേരത്തെ കാര്യം പറഞ്ഞുകൊടുക്കാം. ഇക്കാര്യം മറ്റുള്ളവർ പറഞ്ഞ് അറിയുന്നതിനേക്കാൾ നല്ലത് അമ്മയിൽ നിന്ന് അറിയുന്നതാണ്. എല്ലാ പെൺകുട്ടികൾക്കും ഉള്ള ഒരു കാര്യമാണിതെന്നും ഭയക്കേണ്ട സംഗതിയല്ലെന്നും ആദ്യം തന്നെ ബോദ്ധ്യപ്പെടുത്തണം. അമ്മയ്ക്ക് തന്‍റെ ആദ്യത്തെ മാസമുറ അനുഭവം കുട്ടിയ്ക്ക് പറഞ്ഞുകൊടുക്കാം. വേദന ഉണ്ടാകാം. എന്നാൽ അതുമായി പതുക്കെ പൊരുത്തപ്പെട്ടു പോകുമെന്നും ആ സമയത്ത് എങ്ങനെ പാഡ് ഉപയോഗിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും പറയണം.

ഓഫീസിലായാലും വീട്ടിലായാലും ഒരു ചേഞ്ച് വേണ്ടേ?

പുറംവേദന, മൈഗ്രേൻ, മുട്ട് വേദന തുടങ്ങിയ ജീവിതശൈലി പ്രശ്നങ്ങൾ നേരിടുന്നവരാണ് ഇന്ന് മിക്കവരും. നിങ്ങളും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുവെങ്കിൽ ചില പോംവഴികൾ സ്വീകരിക്കാം. തീർച്ചയായും ശരീരത്തിനും മനസ്സിനും നവോന്മേഷവും ഊർജ്ജസ്വലതയും അനുഭവപ്പെടും.

മടി കളയുക

മടി കളഞ്ഞ് രാവിലെയും വൈകുന്നേരവും അടുത്തുള്ള പാർക്കിലേക്ക് നടക്കാൻ പോവുക. ഇനി കാലാവസ്‌ഥ അനുകൂലമല്ലെങ്കിൽ ട്രെഡ്മില്ലിൽ കുറച്ചു സമയം എക്സർസൈസ് ചെയ്യാം. തൊട്ടടുത്തുള്ള മെട്രോ സ്റ്റേഷനിലേക്കും നടക്കാം. സ്വന്തം വാഹനം ജോലി സ്ഥലത്തു നിന്നും അൽപം മാറി പാർക്ക് ചെയ്‌ത് ഓഫീസിലേക്ക് നടന്നു പോകാം.

ഡ്രൈവിംഗ് ശ്രദ്ധയോടെ

മുതുകുവേദനയ്ക്ക് ഒരു പ്രധാന കാരണമാണ് ഡ്രൈവിംഗ്. പ്രത്യേകിച്ചും ദീർഘദൂരം വാഹനമോടിക്കുന്നവർക്ക് ഡ്രൈവ് ചെയ്യുമ്പോൾ സ്റ്റിയറിംഗ് വീലിൽ നിന്നും തെറ്റായ അകലം വയ്ക്കുന്നതു മൂലം കഴുത്ത്, കൈ, ചുമൽ, നട്ടെല്ല്, മുതുക്, കൈത്തണ്ട് തുടങ്ങിയയിടങ്ങളിൽ വേദനയും അസ്വസ്ഥതയുമുണ്ടാകും. അതുകൊണ്ട് സ്റ്റിയറിംഗ് വീലിൽ നിന്നും ശരിയായ അകലത്തിലിരുന്നു വേണം വാഹനമോടിക്കാൻ. കാലുകൾക്ക് പൂർണ്ണമായ വിശ്രമം നൽകാം.

ഓഫീസിലാണെങ്കിൽ

ഓഫീസ് കസേര മുതുകിന്‍റെ അടിഭാഗത്തിന് സപ്പോർട്ട് ചെയ്യുന്ന വിധത്തിലായിരിക്കണം. കംപ്യൂട്ടർ സ്ക്രീൻ മുഖത്തിന് സമാന്തരമായിരിക്കണം.

ശാരീരിക വ്യായാമം

കസേരയിലിരുന്നു കൊണ്ട് ചില ലൈറ്റായ വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കാം. നിവർന്ന് ഇരുന്ന ശേഷം കാലുകൾ പരമാവധി നീട്ടുക. വിരലുകൾ വിടർത്തുക. ഇനി 30 മുതൽ 40 ഡിഗ്രി നിലയിൽ കാലുകൾ ഉയർത്താൻ ശ്രമിക്കുക. എന്നിട്ട് നിലത്ത് സ്പർശിക്കാതെ താഴെ പാദങ്ങൾ കൊണ്ടുവരിക. ഇപ്രകാരം 10-15 തവണ ആവർത്തിക്കുക. ഇത് വയർ കുറയ്ക്കാൻ സഹായിക്കുമെന്ന് മാത്രമല്ല മുതുകിന് താഴെയുള്ള ഭാഗത്തിന് നല്ല ബലവും പകരും.

ആവർത്തിക്കുക ഇങ്ങനെ

ഈ വ്യായാമത്തിനൊപ്പം മറ്റൊരു വ്യായാമം കൂടി ചെയ്യാം. ഒരു പേന അല്ലെങ്കിൽ പെൻസിൽ നിലത്തിടുക. അതിനു ശേഷം കാൽവിരലു കൊണ്ട് അതുയർത്താൻ നോക്കുക.

നിലത്തേക്ക് നേരിട്ട്

നിലത്ത് വീണു കിടക്കുന്ന ഏത് വസ്‌തുവും എടുക്കാൻ പെട്ടെന്ന് കുനിയുന്നതിന് പകരം ആദ്യം മുട്ട് മടക്കി ആ വസ്‌തു എടുക്കുക.

കൈത്തണ്ടയ്ക്ക് വിശ്രമം നൽകുക

വിരലിൽ പെരുപ്പോ മരവിപ്പോ തോന്നുകയാണെങ്കിൽ ഇത് കാർപ്പൽ ടണൽ സിൻഡ്രോമിന്‍റെ ലക്ഷണമായി കരുതാം. കൈത്തണ്ടകൾക്ക് വിശ്രമം നൽകണം. കൈകൾക്കും കൈത്തണ്ടകൾക്കും ചെറിയ ഇടവേളകളിലായി വിശ്രമം നൽകാം.

പക്ഷേ…

ജീവിതയാത്രയിൽ കടന്നു വരുന്ന ഓരോ പഥികനും ഓരോ റോളുണ്ട്. എന്നാൽ ആ യാത്രയിൽ ചിലർ മാത്രം കൂടെ ഉണ്ടാകും. ചിലർ പെട്ടെന്ന് വിട്ടു പോകും മറ്റു ചിലർ അൽപം കൂടി കഴിഞ്ഞ്. മനസ്സിൽ നിന്ന് പോകുമ്പോൾ യാതൊന്നും അവശേഷിപ്പിക്കാതെ പോകുന്നവരുണ്ട്. എന്നാൽ മറ്റു ചിലരുണ്ട്, അവർ വിട്ടു പോകുമ്പോൾ ജീവിതത്തിൽ നിങ്ങൾ ഇതു വരെ കണ്ടെത്തിയ സന്തോഷം ജീവിക്കാനുള്ള പ്രേരണ എല്ലാം തിരിച്ചെടുത്തു പോകും…

എന്നിട്ടും ജീവിതം ജീവിച്ചല്ലേ പറ്റൂ മരണത്തിലെത്തുന്നതു വരെ… കടന്നു പോയ നിമിഷങ്ങളെക്കുറിച്ചോർത്ത് പാഴാക്കാനുള്ളതല്ലല്ലോ ജീവിതം. എന്നിട്ടും അതാണ് പലപ്പോഴും സംഭവിക്കുക.

റിയ വായനയുടെ ഇടവേളകളിലെപ്പോഴോ ചിന്തയിലേക്ക് വഴുതി വീണു. രണ്ടു മണിക്കൂറായി റിയ പുസ്‌തകം വായിക്കുന്നു. രോഹൻ അത് ശ്രദ്ധയോടെ കേൾക്കുന്നുണ്ട്. സാമ്പത്തിക ശാസ്‌ത്രത്തിലെ നവീനങ്ങളായ തീയറികൾ പഠിക്കാൻ റിയയ്ക്ക് വലിയ താൽപര്യമാണ്. അവയിൽ പുതിയ കൺസെപ്റ്റുകൾ സൃഷ്‌ടിക്കാൻ രോഹനും മിടുക്കനാണ്. എന്നാൽ തിയറി വായിച്ചു പഠിക്കാൻ ഒട്ടും ഇഷ്‌ടമില്ലാത്തതിനാൽ അയാൾ അതിനുമെനക്കെടാറില്ല.

“ഒരു ബ്രേക്ക് എടുക്കാം? കുറേ നേരമായില്ലേ… നീ ക്ഷീണിച്ചെന്നു തോന്നുന്നു!” വായനക്കിടയിൽ റിയ പെട്ടെന്ന് നിശബ്‌ദയായതു കണ്ടപ്പോൾ രോഹനു ചോദിക്കാതിരിക്കാനായില്ല.

എന്നാൽ റിയയുടെ മുഖത്തു നിന്ന് ഭാവം കൊണ്ടു പോലും ഒരു മറുപടി ലഭിച്ചില്ല. എന്നു മാത്രമല്ല വിശ്വവിദ്യാലയ സ്റ്റേഷനിൽ നിന്ന് മെട്രോ ട്രെയിനിൽ കയറും വരെ അവർ തികച്ചും നിശബ്‌ദരായിരുന്നു.

“അങ്ങനെ കോളേജ് ലൈഫ് തീരാൻ പോണു.” രോഹൻ അൽപം ആവേശത്തോടെ അക്കാര്യം ഓർമ്മിച്ചു. റിയ തല കുലുക്കിക്കൊണ്ട്, സ്റ്റേഷനിലേക്ക് തിരക്കിട്ടു വരുന്ന യാത്രക്കാർക്ക് വഴി ഒഴിഞ്ഞു കൊടുത്തു.

ആൾക്കൂട്ടത്തിനിടയിൽ നിൽക്കുമ്പോഴും റിയയ്‌ക്ക് ഉള്ളിൽ കനത്ത ശൂന്യത അനുഭവപ്പെട്ടു. കോളേജ് ജീവിതം അവസാനിക്കാൻ പോകുന്നു. പ്രൈമറി ക്ലാസിലും ഹൈസ്‌ക്കൂളിലും ഉണ്ടായിരുന്ന സുഹൃത്തുക്കളെ പിരിഞ്ഞതു പോലെ രോഹനെയും പിരിയേണ്ട സമയമായി. ജീവിതം കളിക്കുന്ന ഓരോ കളികൾ! പലപ്പോഴും ആ കളിയുടെ ഏറ്റവും മോശം ഇരയാവാനാണോ വിധി?

“ഈ തീയറി പാർട്ട് മുഴുവൻ പരീക്ഷയ്‌ക്കു വരുമെന്ന് തോന്നുന്നുണ്ടോ റിയയ്‌ക്ക്?” രോഹൻ ചോദിച്ചു.

“പഠിച്ചു വയ്‌ക്കാം. വന്നാൽ ഭയക്കേണ്ടതില്ലല്ലോ?”

റിയ അത്ര താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു. ട്രെയിനിന്‍റെ ജനാലയിലൂടെ അവൾ മിഴികൾ പുറത്തേക്ക് നീട്ടി. രോഹൻ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നറിഞ്ഞിട്ടും അവൾ പുറത്തേക്കു തന്നെ നോക്കിയിരുന്നു. രോഹൻ തന്നെയാണ് വീണ്ടും ആ നിശബ്ദതയ്‌ക്കു വിരാമമിട്ടത്.

“റിയ ആർ യു ആൾറൈറ്റ്?”

അവൾ പെട്ടെന്ന് മുഖം തിരിച്ച് അവനെ നോക്കി. ഒരു നേർത്ത ചിരി അവളുടെ ചുണ്ടിൽ വിടർന്നു. “നിനക്ക് എന്തു തോന്നി?” ഇതിനിടെ മെട്രോയുടെ വാതിലുകൾ തുറക്കപ്പെട്ടു. റിയയ്ക്ക് ഇറങ്ങേണ്ട സ്റ്റേഷൻ. അവൾ രാജീവ് ചൗക്കിൽ ഇറങ്ങി. രോഹൻ തന്‍റെ യാത്ര തുടർന്നു. അയാൾക്ക് ആകെ വിഷമം തോന്നി. അയാൾ കണ്ണുകളടച്ചിരുന്നു.

രാത്രി ഒരുപാട് കഴിഞ്ഞിട്ടും റിയയ്‌ക്ക് ഉറക്കം വന്നില്ല. അവൾ ജാലകത്തിലൂടെ ആകാശം നോക്കി കിടന്നു. വെളുത്ത തുണിയിൽ നീല മഷിക്കുപ്പി തട്ടി തടവിയ പോലെ മേഘങ്ങൾ. കുഞ്ഞായിരുന്നപ്പോൾ എത്രയും വേഗം വലുതാവാനായിരുന്നു ആഗ്രഹം. വലുതായപ്പോഴാകട്ടെ കുട്ടിയായിരുന്നാൽ മതിയെന്നു തോന്നുന്നു.

ആകാശത്തേക്ക് മിഴി നട്ട് ഇരിക്കവെ അവളുടെ കണ്ണിൽ ഒരു തുള്ളി കണ്ണീർ തിളങ്ങി നിന്നു. രോഹനോട് അതു തുറന്നു പറയണമെന്നുണ്ടായിരുന്നു. താൻ അയാളെ സ്നേഹിക്കുന്നു എന്ന സത്യം. ഓരോ പുലരിയിലും എഴുന്നേൽക്കുമ്പോൾ ആ മുഖം കണി കണ്ടുണരാൻ താൻ ആഗ്രഹിക്കുന്നു എന്ന സത്യം. അയാൾ ചിരിക്കുന്നത്, ദേഷ്യപ്പെടുന്നത്, മൂഡൗട്ട് ആകുന്നത്, ദേഷ്യം തോന്നുന്ന കുറുമ്പുകൾ കാണിക്കുന്നത് എല്ലാം. ദിവസവും കാണണം. ഈ ജീവിതത്തിന്‍റെ അന്ത്യം വരെ രോഹന്‍റെ കൂട്ടു വേണം.

കഴിഞ്ഞ ആറു വർഷമായി രോഹനോടുള്ള പ്രണയം ഒളിപ്പിച്ചു വച്ച മനസുമായി അവനോടു കൂട്ടുകൂടി നടന്നു. തുറന്നു പറഞ്ഞാൽ അയാൾ തന്‍റെ സ്നേഹം നിരാകരിക്കുമോ എന്ന ഭയത്തിൽ. റിയ വളരെ സീരിയസ് ടൈപ്പ് ആണ് പുറമേയ്ക്ക്. രോഹനാകട്ടെ അടിപൊളി സ്റ്റൈലും. വിപരീത ധ്രുവങ്ങൾ ആകർഷിക്കപ്പെടും എന്ന് കാവ്യാത്മകമായി പറയാം. അതല്ലാതെ ജീവിതത്തിൽ അത് വർക്ക്ഔട്ട് ആകുമോ? എക്കാലവും പരസ്‌പരം ആകൃഷ്ഠരായി കഴിയാം. ഒരുമിച്ച് ജീവിക്കാനല്ലാതെ… അവൾ ആലോചിച്ചു.

തേങ്ങൽ കുടുങ്ങിയ നെഞ്ചുമായി ആലോചനയിലാണ്ടിരിക്കുമ്പോൾ ഫോൺ ബെൽ മുഴങ്ങി. അത് രാത്രിയിലെ നിശബ്ദതയെ നിർവീര്യമാക്കി. അവൾ ഫോണിൽ തെളിഞ്ഞ പേരിലേക്ക് നോക്കി രോഹൻ! അവൾക്ക് ആ കോൾ എടുക്കാൻ അതിയായ മോഹം തോന്നി. അവൾ ഫോൺ എടുത്തില്ല. നെഞ്ചിൽ കുരുങ്ങിയ തേങ്ങൽ ഒരു അണയാപ്രവാഹമായി ഒഴുകിയാലോ… അവൾ ഭയന്നു. താൻ കരയുകയായിരുന്നുവെന്ന് അയാൾ മനസ്സിലാക്കും. എന്തു കാരണം പറയും ചോദിച്ചാൽ?

റിയ ഫോൺ സൈലന്‍റ് മോഡിലാക്കി ഉറങ്ങാൻ കിടന്നു. ഉറക്കം വളരെ വിദൂരത്താണെന്നറിഞ്ഞിട്ടും, അവൾ കാത്തു കിടന്നു. ഒരു പ്രാവശ്യം റിംഗ് ചെയ്‌തതല്ലാതെ ഫോൺ പിന്നെ വന്നുമില്ല.

അവരുടെ ഒരുമിച്ചുള്ള അവസാന ദിവസം ആയിരുന്നു ഇന്നലെ. ബിരുദ പരീക്ഷകൾ കഴിഞ്ഞു. ബാംഗ്ലൂർ ഐഐഎമ്മിൽ എംബിഎ ചെയ്യാനായി രോഹൻ ബാംഗ്ലൂർക്ക് പോവും. റിയ ഡൽഹിയിൽ നിയമം പഠിക്കാനാണ് ആഗ്രഹിക്കുന്നത്. സ്വന്തം വിധിയെ പിന്തുടരുന്നതിനു മുമ്പേ, ഒരു വട്ടം കൂടി ക്ലാസ്മേറ്റുകൾ ഒത്തു കൂടാൻ തീരുമാനിച്ചു. ഭക്ഷണവും തമാശയും ആട്ടവും പാട്ടുമായി എല്ലാവരും ഒത്തുകൂടിയ വേളയിൽ രോഹൻ തന്‍റെ ഡിജിക്യാമിൽ ഫോട്ടോകൾ എടുത്തുകൊണ്ടേയിരുന്നു.

റിയയ്ക്ക് ആ സമയം വളരെ അജ്ഞാതമായ ചില വികാരങ്ങളാണ് മനസ്സിൽ ഉണർന്നത്. രോഹന്‍റെ പെരുമാറ്റത്തിൽ അവൾക്ക് എന്തൊക്കെയോ വൈചിത്യ്രം തോന്നുന്നു. എല്ലാവരും ഭക്ഷണം കഴിച്ചും കളിച്ചും ചിരിച്ചും സ്നേഹം പങ്കിട്ടപ്പോൾ റിയ നിശബ്ദയായി. ചുണ്ടിൽ പുഞ്ചിരി വിടർത്താൻ ഇടയ്‌ക്കിടെ അവൾ ശ്രമിച്ചു കൊണ്ടിരുന്നു. അവൾക്ക് അവിടെ നിന്ന് ഓടി രക്ഷപ്പെടണമെന്നുണ്ടായിരുന്നു. ആരും കാണാതെ ഒരു മുറിയിൽ അടച്ചിരുന്ന് കരയണം. അവളുടെ മുഖത്തെ നിസ്സഹായാവസ്‌ഥ കരൺ ശ്രദ്ധിച്ചു.

“ഏയ്, എന്തു പറ്റി?” രോഹന്‍റെ ബെസ്‌റ്റ് ഫ്രണ്ട് ആണ് കരൺ. അവൾ വിളറിയ ഒരു ചിരി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

മനസ്സ് പിടിവിട്ട ഒരു നിമിഷത്തിൽ രോഹന് അവൾ മെസേജ് അയച്ചു “എനിക്ക് സംസാരിക്കണം, പോകരുത്.” ആ മെസേജിന് അവൾ പ്രതീക്ഷിച്ച പോലെ ഒരു മറുപടി വന്നില്ല. എന്നാൽ അവളെ അയാൾ അദ്ഭുതപ്പെടുത്തിക്കളഞ്ഞു. പരിപാടി കഴിഞ്ഞിട്ട് രോഹൻ പോയില്ല. അയാൾ കാത്തു നിൽക്കുന്നു.

“പറയൂ”.

അവൾക്ക് വാക്കുകൾ മുറിഞ്ഞുപോയി. പലതും തൊണ്ടയിൽ വന്നു നിൽക്കു ന്നു. പുറത്തേക്കു വരാൻ മടി.

“എനിക്ക്, അത് നമ്മൾ പിരിയും മുമ്പ് ചില കാര്യങ്ങൾ പറയണം എന്നു തോന്നി.”

“റിയ വരൂ…”

അയാൾ മുന്നോട്ടു നടക്കവേ അവൾ അയാളെ ആദ്യമായി കാണും പോലെ നോക്കി. മിസ് യു ബാഡ്ലി. അവളുടെ മനസ്സ് നിശബ്ദം പറഞ്ഞു കൊണ്ടിരുന്നു.

“റിയ, എന്താ പറയാനുള്ളത്?”

അവൾ കണ്ണടച്ച്, ശ്വാസം ഉളളിലേക്ക് ആഞ്ഞു വലിച്ചു.

“ഐ ലവ് യു.”

രോഹൻ ഒന്നും പറഞ്ഞില്ല.

ഒരു നിമിഷം കടന്നു പോയി.

“എന്നും എപ്പോഴും, ആ സ്നേഹം ഉണ്ട്. നിർവചിക്കാനാവാത്ത ഒരു ഭാവം രോഹന് മുഖത്ത് നിറഞ്ഞു നിൽക്കുന്നു. അത് സന്തോഷമാണോ, സങ്കടമാണോ, പ്രണയമാണോ? ”

“ഇപ്പോൾ ഇതു പറയാൻ എന്താ?”

അവൾ ആകെ വിഷമിച്ചു. ഇത്തരം ഒരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല. ഏതാനും നിമിഷങ്ങൾ നിശബ്ദയായി റിയ.

“നമ്മൾ ഇന്ന് വേർപിരിഞ്ഞു പോകും മുമ്പ് എന്‍റെ മനസ്സ് തുറന്നു പറയണമെന്ന് തോന്നി. അതു പറയാതെ പോകുമ്പോഴുള്ള വീർപ്പുമുട്ടൽ മനസ്സിൽ കൊണ്ടു നടക്കാൻ വയ്യ.”

ഇത്രയും പറഞ്ഞിട്ട് റിയ അയാൾക്കു നേരെ കൈ നീട്ടി. അയാൾ യാന്ത്രികമായി ആ വിരലുകളിൽ സ്പർശിച്ചു. അവൾക്ക് ഹൃദയം അതികഠിനമായി വേദനിച്ചു. ഇനി രോഹനൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും തീവ്രമായ വേദന സമ്മാനിക്കുമെന്ന് അവൾക്ക് തോന്നി. അവൾക്ക് മുന്നോട്ട് നടക്കണമെന്നുണ്ടായിരുന്നു. എന്നാൽ കാലുകൾ ബന്ധിക്കപ്പെട്ടപോലെ. എങ്കിലും കാലുകൾ വലിച്ചു വച്ച് അവൾ നടക്കാൻ ശ്രമിച്ചു.

“ഏയ്… എങ്ങോട്ട് പോകുന്നു. നീ…?”

രോഹൻ പെട്ടെന്ന് അവളെ കൈകളിൽ ചേർത്തു പിടിച്ചു നെഞ്ചോട് ചേർത്ത് ആശ്ലേഷിച്ചു.

“അങ്ങനെ എന്നെ വിട്ട് പോകാൻ പറ്റുമോ നിനക്ക്? ഇത്രയും കാലം ഇതു പറയാൻ ഞാനും ആഗ്രഹിച്ചു. പക്ഷേ എനിക്കും കഴിഞ്ഞില്ല.”

“ഇനി ഈ കണ്ണീർ വേണ്ട”. രോഹൻ അവളുടെ മിഴികൾ തുടച്ചു. തന്‍റെ എല്ലാ സ്വപ്നവും സഫലമായതു പോലെ അയാളുടെ ഹൃദയം ആഹ്ലാദം കൊണ്ട് തുടിച്ചു.

അവധി ദിനങ്ങളിൽ ബാംഗ്ലൂർ നിന്ന് ഡൽഹിയിലേക്ക് രോഹന് ഇടയ്‌ക്കിടെ വരാതിരിക്കാൻ കഴിയുമായിരുന്നില്ല. ഒരു വരവിൽ അയാൾ റിയയെ വിളിച്ച് രാത്രി ഭക്ഷണം ഒരുമിച്ച് കഴിക്കാമെന്ന് പറഞ്ഞു. അവൾക്കും സന്തോഷമായി.

“എന്താ ഉണ്ടാക്കേണ്ടത്? നമുക്ക് കരണിനെയും നിഷയെയും വിളിക്കാം.” രോഹനും അത് സമ്മതമായി. അവർ നാലുപേരും റിയയുടെ റൂമിൽ ഒത്തുകൂടി.

ആ രാത്രി നാലുപേർക്കും അവിസ്മരണീയമായിരുന്നു. ഭക്ഷണം സ്വയം പാചകം ചെയ്‌ത് കഴിച്ചും പാട്ടുപാടിയും നൃത്തം ചെയ്‌തും അവർ നേരം പുലരും വരെ ഒരുമിച്ചു കൂടി. അന്ന് രോഹൻ അവൾക്ക് ഒരു പുതിയ ഡ്രസും വാങ്ങിയിരുന്നു. അടുത്ത കൂടിക്കാഴ്ചയിൽ ആ ഡ്രസ് ധരിച്ചു വരണമെന്ന ആഗ്രഹം രോഹൻ തുറന്നു പറഞ്ഞപ്പോൾ റിയ പുഞ്ചിരിയോടെ അതു സമ്മതിച്ചു.

അടുത്ത ആറുമാസത്തിനുള്ളിൽ വീണ്ടും അവർ കണ്ടു മുട്ടുമ്പോൾ റിയ ധരിച്ചത് രോഹൻ അന്ന് വാങ്ങിയ സൽവാർ കമ്മീസ് ആണ്. ആദ്യമായി ഒരുമിച്ച് സിനിമ കാണാൻ പോയ ദിനം കൂടിയായിരുന്നു അത്. ഒരു എന്‍റർടെയിന്‍റ്മെന്‍റ് ട്രിപ്പ് എന്നതിലുപരി പ്രണയത്തിന്‍റെ തീവ്രത അറിഞ്ഞ ദിവസം.

അവർ പരസ്‌പരം ഭ്രാന്തമായ സ്നേഹത്തിലേക്ക് ആണ്ടുപോയി. രോഹനില്ലാത്ത ജീവിതം റിയയെ സംബന്ധിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. അന്നു കണ്ടു മടങ്ങുമ്പോൾ റിയ അയാൾക്ക് ഒരു ഗ്രീറ്റിംഗ് കാർഡ് സമ്മാനിച്ചു. രോഹൻ അത് കണ്ടപ്പോൾ അദ്ഭുതപ്പെട്ടു. അത്ര സുന്ദരമായിരുന്നു ആ കാർഡ്. അതുണ്ടാക്കാൻ റിയ എത്ര പാടുപെട്ടു കാണും.

“എത്ര ദിവസം?”

“അഞ്ച് ദിവസമെടുത്തു കാണും.” റിയ ചിരിച്ചു.

രോഹൻ അവളുടെ കൈകൾ കൈക്കുള്ളിലാക്കി. എന്നിട്ട് കുസൃതി ചിരിയോടെ അയാൾ മന്ത്രിച്ചു. “എനിക്ക് നിന്നോടൊപ്പം വയസ്സായാൽ മതി!”

രണ്ടു വർഷം എത്ര വേഗമാണ് കടന്നു പോയത്. രോഹന്‍റെ ഫൈനൽ ഇയർ പരീക്ഷയുടെ തലേന്നാണ് ആ സംഭവം.

പരീക്ഷാ കാലമായിരുന്നതിനാൽ ഫോൺ വിളികളും കുറഞ്ഞിരിക്കുകയാണ്. രോഹൻ തിരക്കിലാണെന്നറിയാവുന്നതു കൊണ്ട് അവൾ ഇടയ്‌ക്കിടെ വിളിച്ച് ശല്യപ്പെടുത്താനും പോയില്ല. രാത്രിയിൽ ഏറെ വൈകി ഒരു ഫോൺ കോൾ.

ആരാണ് വിളിക്കുന്നതെന്നു പോലും നോക്കാതെ അവൾ ഫോൺ ചെവിയോടു ചേർത്തു.

“ഹേ, റിയ,”

അത് രോഹനല്ലല്ലോ… അവൾ അപ്പോഴാണ് ശബ്‌ദം ശ്രദ്ധിച്ചത്.

“കരൺ?” എന്താ ഈ സമയത്ത്?”

“രോഹൻ… രോഹന് ഒരു അപകടം പറ്റി.” അയാളുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.

“രോഹന് എന്തു പറ്റി?” റിയയുടെ സ്വരത്തിലും പരിഭ്രമം നിറഞ്ഞു. “ആശുപത്രിയിലാണ്. രോഹൻ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ചു. രണ്ട് സർജറി വേണ്ടി വന്നു. ഐസിയുവിലാണ്.” റിയയ്ക്ക് ശരീരം തളരുന്നതായി അനുഭവപ്പെട്ടു. അവൾ കരണിനോട് തന്നെയും ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ആവശ്യപ്പെട്ടു. ആശുപത്രിയിൽ ചെന്നെങ്കിലും ഐസിയുവിലായതിനാൽ കാണാൻ കഴിഞ്ഞില്ല. രോഹന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറിയപ്പോഴും റിയയ്ക്ക് കാണാൻ കഴിഞ്ഞില്ല. അവൾക്കും പരീക്ഷയായിരുന്നു. ബാംഗ്ലൂരിൽ പോയി രോഹനെ കാണാൻ അവളുടെ അച്ഛനമ്മമാരും സമ്മതിച്ചില്ല. എങ്കിലും കരണും രോഹന്‍റെ കുടുംബവും അവൾക്ക് എല്ലാ വിവരങ്ങളും കൈമാറാൻ തയ്യാറായത് റിയയ്ക്ക് ആശ്വാസമായി.

കാലുകളിൽ മൾട്ടിപ്പിൾ ഫ്രാക്ചർ ഉള്ളതിനാൽ ഡോക്ടർ ആറുമാസത്തോളം ബെഡ്റെസ്റ്റ് നിർദ്ദേശിച്ചു. പരസഹായമില്ലാതെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും വയ്യ. എംബിഎയുടെ പരീക്ഷ എഴുതാൻ കഴിയാത്തതിനാൽ ഒരു വർഷം നഷ്‌ടമാവുകയും ചെയ്‌തു.

വേദനയുടെയും കഷ്‌ടപ്പാടിന്‍റെയും ദിനങ്ങൾ. അതു രോഹന്‍റെ പെരുമാറ്റത്തിലും നിഴലിക്കുന്നു. റിയയ്‌ക്ക് വലിയ വിഷമം തോന്നിയെങ്കിലും രോഹനെ ഒരു വാക്കു കൊണ്ടുപോലും നോവിക്കാൻ ഇഷ്‌ടമില്ലാത്തതിനാൽ അവൾ നിശബ്ദം സഹിച്ചു. എപ്പോഴും തമാശ പറയുന്ന, എല്ലാറ്റിനെയും നിസ്സാരമായി കാണാൻ ഇഷ്‌ടപ്പെട്ടിരുന്ന രോഹൻ. സ്വന്തം ശരീരത്തിന്‍റെ സ്വാതന്ത്യ്രം നഷ്‌ടപ്പെട്ടതോടെ ആ പഴയ രോഹൻ ഇല്ലാതായി. അയാൾ മിക്കവാറും നിശബ്ദനായിരുന്നു. റിയ അയാളെ സന്തോഷിപ്പിക്കാൻ കഴിവതും ശ്രമിച്ചു കൊണ്ടിരുന്നു. ഇടയ്‌ക്ക് ആശുപത്രിയിൽ വരുമ്പോൾ തമാശ സംഭവങ്ങൾ പറഞ്ഞ് രോഹനെ ചിരിപ്പിക്കാൻ ശ്രമിക്കും. പക്ഷേ അയാളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി പോലും വിടരാറില്ല.

“രോഹന് സിനിമ കാണണോ?”

വേണം, പക്ഷേ തീയറ്ററിൽ മതി. ഡിവിഡി പ്ലേയറിലല്ല.”

“അഞ്ചു മാസം കൂടി കഴിഞ്ഞാൽ കാണാമല്ലോ…” അവൾ സങ്കടം പുറത്തു കാട്ടാതെ ചിരിച്ചു. “ഞാൻ തോറ്റുപോയി റിയ… എല്ലാവരും മുന്നേറുന്നു. എല്ലാ അർത്ഥത്തിലും. ഞാൻ എന്തു ചെയ്യും? എന്നെക്കൊണ്ട് ഇനി എന്തിനു കൊള്ളാം…?”

അയാളുടെ നിരാശ വാക്കുകളായി. ആ കണ്ണുകൾ നിറഞ്ഞില്ല. പക്ഷേ ചുവന്നു കലങ്ങി.

“സാരമില്ല, ഒരു വർഷം കഴിഞ്ഞാൽ എല്ലാം ശരിയാവുമെന്നല്ലേ ഡോക്ടർ പറഞ്ഞത്. ഞാനില്ലേ കൂടെ… ലവ് യു ഡിയർ…”

അയാൾ തല കുലുക്കി. പിന്നെ കുറേനേരം കഴിഞ്ഞ് ഇങ്ങനെ പറഞ്ഞു.

“ഐ ലവ് യു ടൂ… റിയ… ഈ ജീവിതം മുഴുവനും…” റിയ അയാളുടെ കൈ വിരലുകൾ മെല്ലെ ചുണ്ടോടു ചേർത്തു.

“എനിക്ക് തനിച്ചിരിക്കണം.” അയാൾ റിയയെ നോക്കാതെ പറഞ്ഞു.

“നീ കുറച്ചു നേരം പുറത്തിരിക്കൂ.” റിയയുടെ കണ്ണുകളിൽ സങ്കടത്തുള്ളികൾ പൊഴിയാൻ കാത്തു നിന്നു. പക്ഷേ അവൾ അയാൾക്ക് മുഖം കൊടുക്കാതെ ബെഡ് ഷീറ്റ് ശരിയാക്കി, ടിവി ഓൺ ചെയ്‌ത് റിമോട്ട് കൺട്രോൾ രോഹന്‍റെ കൈയ്ക്കടുത്തു വച്ച് പുറത്തേക്കിറങ്ങി.

“നീ ആ വാതിൽ അടച്ചേക്ക്. അമ്മയോട് പറഞ്ഞേക്ക് ഒരു വിസിറ്ററേയും ഇപ്പോൾ ഇങ്ങോട്ട് വിടണ്ട എന്ന്.”

“ടേക്ക് കെയർ…” അവൾ സങ്കടം ഉള്ളിലൊതുക്കി പുറത്തേക്ക് നടന്നു. ഒരാഴ്ച കടന്നുപോയി. റിയയ്‌ക്ക് രോഹനെ കാണാനോ ഫോണിൽ സംസാരിക്കാനോ കഴിഞ്ഞില്ല. അവൾ ഓരോ പത്തുമിനിട്ടിലും ഫോൺ ചെക്ക് ചെയ്തു കൊണ്ടിരുന്നു. ഒരു മെസേജ് എങ്കിലും… ഒന്നും വന്നില്ലെന്ന് മാത്രമല്ല, അവർ അയാളുടെ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്!

ആശുപത്രിയിൽ ചെന്നപ്പോൾ, അയാൾ ആരെയും കാണാൻ സമ്മതിക്കുന്നില്ലെന്നു പറഞ്ഞ് അമ്മ വിലക്കി. അല്ലെങ്കിൽ ഉറക്കത്തിലാണെന്ന് പറയും. റിയ ശരിക്കും തകർന്നു പോയി. കരണിനെയും രോഹൻ അടുപ്പിക്കുന്നില്ല.

കുറേ ദിവസങ്ങൾക്കു ശേഷം റിയ അയാളുടെ ഫോണിൽ വിളിച്ചു. ഫോൺ റിംഗ് ചെയ്യുന്നുണ്ട്. അവളെ അതിശയിപ്പിച്ചു കൊണ്ട് അയാൾ ഫോൺ എടുക്കുകയും ചെയ്‌തു.

“ഹലോ…”

“ഹായ് രോഹൻ…” അവളുടെ ശബ്ദം വിറച്ചു.

“ഹായ് റിയ, ഹൗ ആർ യു?”

“എന്‍റെ കാര്യം വിട്… വാട്ട് എബൗട്ട്യു…”

“സുഖം” അയാൾ അൽപനേരം നിശബ്ദനായി.

“എനിക്ക് രോഹനെ കാണാൻ തോന്നുന്നുണ്ട്. ഞാൻ വരട്ടെ…” അവൾ വികാരത്തള്ളലിൽ വിതുമ്പി. നിശബ്ദതയായിരുന്നു മറുപടി.

“രോഹൻ…!”

“വേണ്ട റിയ… ആം ഫൈൻ നൗ. പിന്നെ നീ എന്തിനാ വരുന്നേ?”

“എനിക്ക് കാണണം രോഹൻ. ഞാൻ അങ്ങോട്ടു വരാം. എന്തായാലും നിന്‍റെ പെണ്ണല്ലേ.” അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.

“നമുക്ക് ഈ ബന്ധം തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല.” അയാൾ ചെറിയ ശബ്ദത്തിൽ പറഞ്ഞു. “നമുക്ക് പിരിയാം.”

അവൾ ഞെട്ടിപ്പോയി. എന്താണ് ഈ മനംമാറ്റത്തിനു കാരണം? അവൾ എത്ര നിർബന്ധിച്ചിട്ടും രോഹൻ ഒന്നും വിട്ടു പറഞ്ഞില്ല.

“ഭാവിയിൽ കുറേ കാര്യങ്ങൾ നേടാനുണ്ട്. ചില കമ്മിറ്റ്മെൻസുണ്ട്. അതിനിടയിൽ ഈ ബന്ധം ശരിയാവുമെന്നു തോന്നുന്നില്ല.” അയാൾ അവളെ വിട്ടു പോയി. എന്നത്തേക്കുമായുള്ള പിരിയലാണെന്ന് വിശ്വസിക്കാൻ അവൾ പ്രയാസപ്പെട്ടു.

വർഷങ്ങൾ കടന്നു പോയി. രോഹൻ മുംബൈയിൽ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ഉന്നത നിലയിലാണ്. വല്ലപ്പോഴുമൊക്കെ റിയയ്ക്ക് മെസേജ് അയക്കും. അയാളുടെ ജീവിതത്തിൽ താൻ വേണ്ട എന്ന് തോന്നിയെങ്കിൽ ഇനി അതേ കുറിച്ച് ഓർത്ത് വ്യാകുലപ്പെടുന്നതിൽ എന്താണ് അർത്ഥം? ഇനി എന്നെങ്കിലും അങ്ങനെ തോന്നിയാൽ സ്വീകരിക്കാൻ റിയ തയ്യാറുമാണ്.

അവൾ നിയമം പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയിരുന്നു. രോഹൻ പോയതോടെ ചിതറിത്തെറിച്ച ജീവിതത്തെ ഒരു വിധത്തിൽ പിടിച്ചു നിർത്തുന്നത് പ്രൊഫഷനാണ്. രോഹൻ വിട്ടുപോയതിന്‍റെ സംഘർഷം മനസിൽ നിന്ന് വിട്ടൊഴിയാൻ വർഷങ്ങൾ എടുത്തു. പുരുഷൻ ജീവിക്കുന്നത് മറവിയിലൂടെയാണ്. സ്ത്രീ ഓർമ്മകളിലൂടെയും. ടി.എസ് ഇലിയടിന്‍റെ വാചകം ഇടയ്ക്കിടെ അവൾ ഓർമ്മിക്കും.

എത്ര മറക്കാൻ ശ്രമിച്ചാലും പൂർവാധികം ശക്‌തിയോടെ ഓർമ്മകൾ തന്നെ പിന്തുടരുന്നു. വർഷങ്ങൾ എത്ര കഴിഞ്ഞു. വിവാഹം കഴിക്കാൻ അച്ഛനമ്മമാർ നിർബന്ധിച്ചിട്ടും വഴങ്ങിയില്ല. പ്രൊഫഷന്‍റെ പേരു പറഞ്ഞ് എല്ലാം ഒഴിവാക്കി. രോഹൻ അല്ലാതെ മറ്റൊരാളെ എങ്ങനെ തന്‍റെ ജീവിതത്തിലേക്ക് കൂട്ടും? അവൾ അതിനെക്കുറിച്ച് ആലോചിക്കാൻ പോലും ഇഷ്‌ടപ്പെട്ടില്ല. രോഹന്‍റെ വിവാഹം കഴിഞ്ഞതായി ഒരിക്കൽ നിഷ മെസേജ് അയച്ചിരുന്നു. നേരിയ പ്രതീക്ഷ ഉണ്ടായിരുന്നത് അതോടെ അടഞ്ഞ അധ്യായമായി.

റിയ താമസിയാതെ ചെന്നൈയ്ക്ക് പ്രൊഫഷൻ മാറ്റി. രോഹന്‍റെ ഓർമ്മകൾ വേട്ടയാടുന്ന നഗരത്തിൽ നിന്നൊരു രക്ഷപ്പെടൽ. പിന്നെ അച്ഛനമ്മമാരുടെ സമ്മർദ്ദം ഒഴിവാക്കണം. ഇതിനുള്ള വഴിയായിരുന്നു അത്. പുതമകളില്ലാത്ത, ലളിതമായ ജീവിതം. സ്വന്തം ജീവിതം റിയ കണ്ടുപിടിച്ചു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു മാത്രമായിരുന്നു റിയയുടെ ഇടപെടലുകൾ. അവൾ ക്ലൈന്‍റുകളോടു മാത്രം സംസാരിച്ചു. 8 വർഷം കരിയറിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ചെന്നൈയിൽ അത്യാവശ്യം നല്ല പേരുള്ള വക്കീലാവാൻ റിയയ്‌ക്കു കഴിഞ്ഞു. ഏതാനും ദിവസം മുമ്പാണ് ഒരു വിവാഹമോചന കേസ് റിയയുടെ വക്കാലത്തിനെത്തി. ജ്യോതി എന്ന സ്ത്രീയുടേതാണ് പെറ്റീഷൻ. വിവാഹം കഴിഞ്ഞിട്ട് 9 വർഷമായി. ഇപ്പോൾ ഭർത്താവിൽ നിന്ന് നിയമപരമായി ബന്ധം വേർപെടുത്തണം.

“എന്‍റെ ഭർത്താവും ഇതിനു തയ്യാറാണ്.” മ്യൂച്വൽ പെറ്റീഷനാണ്. ഫോർമാലിറ്റിക്ക് എന്തൊക്കെയാണെന്നു വച്ചാൽ ചെയ്യൂ.” അവർ പറയുന്നത് ശ്രദ്ധാപൂർവ്വം റിയ കേട്ടു.

“ഒ.കെ. മിസിസ് ജ്യോതി. പക്ഷേ ഒരു കാര്യം അറിയണം. നിങ്ങൾ വേർപിരിയാൻ എന്തു കൊണ്ട് തീരുമാനിച്ചു.” അവർ അല്പം മടിയോടെ റിയയെ നോക്കി.

“ഡോക്ടറോടും വക്കിലിനോടും നുണ പറയരുതെന്നാണ്.” റിയ പുഞ്ചിരിയോടെ അവരെ ഓർമ്മിപ്പിച്ചു.

“എന്‍റെ വിവാഹനിശ്ചയം കഴിഞ്ഞ സമയത്ത് ഭാവിവരൻ മറ്റൊരു പെണ്ണിന്‍റെ കൂടെ ഒളിച്ചു പോയി. വിവാഹത്തിനു ദിനങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഉണ്ടായ നാണക്കേട് ഒഴിവാക്കാനാണ് കുടുംബ സുഹൃത്തിന്‍റെ മകനെ കൊണ്ട് വിവാഹം ചെയ്യിച്ചത്. അദ്ദേഹവും എന്‍റെ വളരെ അടുത്ത സുഹൃത്തായിരുന്നു. എന്നെ നാണക്കേടിൽ നിന്ന് രക്ഷിക്കാൻ അദ്ദേഹം വിവാഹത്തിന് സമ്മതിച്ചതാണ്.” ഒ.കെ അതു നല്ല കാര്യമാണല്ലോ. എന്നിട്ടിപ്പോൾ എന്ത് സംഭവിച്ചു.

“സത്യം എന്തെന്നു വച്ചാൽ ഞാനോ, അദ്ദേഹമോ പരസ്‌പരം സ്നേഹിച്ചില്ല എന്നതാണ്. അദ്ദേഹത്തെ ഞാൻ എക്കാലവും ബഹുമാനിക്കുന്നു. പക്ഷേ…”

“എന്താണ്?”

“അദ്ദേഹം മറ്റൊരു പെൺകുട്ടിയെ സ്നേഹിച്ചിരുന്നു. അതുകൊണ്ടാണ് എന്നെ സ്നേഹിക്കാൻ അദ്ദേഹത്തിനു കഴിയാതെ വന്നത്. എനിക്കു വേണ്ടി ഇത്രയും വർഷം സഹിച്ചില്ലേ, ഞാനും അങ്ങനെ തന്നെ.”

“ഇതുവരെ ഞങ്ങൾക്ക് കുട്ടികൾ പോലും ഇല്ല. ഒരു വീട്ടിൽ കഴിയുന്ന അപരിചിതരെ പോലെയാണ് ഞങ്ങൾ.”

“ഇനിയും വയ്യ! എത്രയും വേഗം നടപടിയിലേക്ക് പോകണം?എന്നാണ് എന്‍റെ ആഗ്രഹം.”

റിയ ആലോചനയോടെ അവരെ നോക്കി. ശരി എനിക്കു കഴിയുന്നത് ചെയ്യാം. കുറച്ചു വിവരങ്ങൾ കൂടി വേണം.”

നിങ്ങളുടെ മുഴുവൻ പേര്?

“ജ്യോതി ശർമ്മ”

ഭർത്താവിന്‍റെ?

“രോഹൻ ശർമ്മ”

റിയ ഒന്നു പകച്ചു. അവൾ ജ്യോതിയെ സൂക്ഷിച്ചു നോക്കി. ഇത് രോഹന്‍റെ ഭാര്യയാണോ?

“ഭർത്താവിന്‍റെ വീട്?”

“രോഹൻ ഡൽഹിയിലായിരുന്നു. ഇപ്പോൾ ചെന്നൈയിലേക്ക് താമസം മാറ്റി.”

ജ്യോതി ഇത് പറയുമ്പോൾ റിയയുടെ ഹൃദയത്തിൽ മുള്ളുകൾ തറയ്‌ക്കുന്നതു പോലെ വേദനിച്ചു. ജീവിതം തന്നോട് എന്തു കളിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്? ഇത്രയും വർഷങ്ങൾക്കു ശേഷം. അതും ഏകയായുള്ള ജീവിതത്തോട് പൊരുത്തപെട്ടതിനു ശേഷം.

“ഇനി എന്തെങ്കിലും?” ജ്യോതിയുടെ ചോദ്യത്തിന് റിയയ്ക്ക് മറുപടി പറയാനായില്ല. ഏതാനും നിമിഷത്തെ നിശബ്ദതയ്‌ക്കു ശേഷം അവൾ ചോദിച്ചു.

“നിങ്ങൾക്ക് ഒന്നുകൂടി ശ്രമിച്ചു കൂടെ. ഒരു കൗൺസിലിംഗ്?”

“വേണ്ട മാഡം. ഇനി ഒന്നും വേണ്ട.”

ഈ കേസ് ഏറ്റെടുക്കാൻ തനിക്കു കഴിയില്ല. കാരണം പറയാനും വയ്യ.

“ഒ.കെ. എനിക്ക് കുറേയെറെ വർക്കുകൾ ഉണ്ട്. ഞാൻ ഇത് മറ്റൊരാൾക്ക് റഫർ ചെയ്യാം. ബുദ്ധിമുട്ടില്ലല്ലോ…” ജ്യോതി ശരി എന്ന മട്ടിൽ തലയാട്ടി. പരിചയത്തിലുള്ള മറ്റൊരു വക്കീലിന് കത്തെഴുതി ഫയൽ കൊടുത്തു വിട്ടു റിയ. അവൾ കസേരയിൽ നിന്നെഴുന്നേറ്റു. ഇന്ന് ഇനി ഒരു ജോലിയും ചെയ്യാൻ പറ്റില്ല.

രാത്രിയിൽ ബീച്ചിലേക്ക് തുറക്കുന്ന ജനാലയ്ക്കരികിൽ റിയ പുറത്തേക്ക് നോക്കി. ഉറങ്ങാൻ കഴിയുന്നില്ല. തിരമാലകൾ ഒന്നിനു പിന്നാലേ വന്നു പോകുന്നത് അവൾ നോക്കി നിന്നു.

രോഹനോട് പ്രണയം വെളിപ്പെടുത്തുന്നതിനു മുമ്പ് മനസിൽ തോന്നാറുള്ള വേദനയും വിചിത്രമായ മനോനിലയും വീണ്ടും തന്നെ ചൂഴുന്നുവോ?. ജീവിതം തനിക്ക് ഒരിക്കലും പച്ചപ്പുൽത്തകിടി പോലെ സുഖകരമായ പാതയായിരുന്നില്ല. കല്ലും മുള്ളും ചവിട്ടി കാൽ വേദനിച്ചു തഴമ്പിച്ചു. ജീവിതത്തിന്‍റെ കളികളിലെ ഇരയായി മാറാൻ ഇനി തന്നെ വിട്ടു കൊടുക്കണോ?

സ്നേഹം ഒരിക്കലും വിഷമിപ്പിക്കില്ല. എന്നാൽ നിരാശയും വഞ്ചനയും വേദനിപ്പിക്കും. വേർപിരിയലുകളും വേദനിപ്പിക്കുന്നുണ്ടാകും. ജീവിതാവസാനം വരെ സ്നേഹിക്കുമെന്ന് താൻ രോഹന് വാക്ക് കൊടുത്തതാണ്. തിരിച്ചും തനിക്ക് ആ വാക്ക് ലഭിച്ചിരുന്നു. രണ്ടുപേരും ആ വാക്ക് പാലിച്ചുവല്ലോ… അവൾ നിശ്വാസത്തോടെ ജനലഴികളിൽ മുഖം ചേർത്തു. അപ്പോൾ കടൽ ശാന്തമായിരുന്നു.

ഏപ്രിൽ കഥകൾ

വിഷുവും കണിക്കൊന്നയും, കുരിശിന്‍റെ വഴിയും, ത്യാഗബലിയും, വായനയും ഒക്കെ നിറഞ്ഞ ഏപ്രിൽ! ഏപ്രിൽ വിശേഷങ്ങളുമായി ആനന്ദ് കൃഷ്ണമൂർത്തി എഴുതുന്ന പംക്തി….

“ഏപ്രിലിലെ മധുരമുള്ള മഴ

മാർച്ചിലെ വരണ്ട ഭൂമിയിലേക്ക് തുളച്ചുകയറുകയും

വേരുകൾക്ക്  ജലാംശം നൽകുകയും

അതിലൂടെ മൊട്ടുകളെ പുഷ്പിക്കാൻ

പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

ഇടവം രാശി ആകാശത്താണ്;

ശാന്തമായ പടിഞ്ഞാറൻ കാറ്റായ സെഫിർ

വയലുകളിലേക്ക് ജീവൻ നൽകുന്നു;

പക്ഷികൾ സന്തോഷത്തോടെ ചിരിക്കുന്നു.”

ആധുനിക ഇംഗ്ലീഷ് ഭാഷയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജോഫ്രേ ചോസെർ എഴുതിയ ‘കാന്‍റെർബറി ടെയ്ൽസ്’ ആരംഭിക്കുന്നത് ഏപ്രിലിനെ ഇങ്ങനെ വാഴ്ത്തിക്കൊണ്ടാണ്! വസന്തകാലത്തെയും പുനരജനിയെയും പ്രകീർത്തിച്ചു ചോസർ പാടിയപ്പോൾ നൂറ്റാണ്ടുകൾക്കിപ്പുറം ടി.എസ്‌. എലിയട്ട് എന്ന ആധുനിക കവി തന്‍റെ ‘ദി വേസ്റ്റ് ലാൻഡ്’ എന്ന കാവ്യം ആരംഭിക്കുനതാവട്ടെ “ഏപ്രിലാണ് ഏറ്റവും ക്രൂരമായ മാസം” എന്ന അധിസംബോധനയോടെയാണ്!

കാര്യമെന്തൊക്കെയാണെങ്കിലും വേനൽ-വസന്തക്കാലാരംഭമാണ് ഏപ്രിൽ. സാധാരണ 2 മാസം നീണ്ടു നിൽക്കുന്ന അവധിക്കാലത്തിനും കൂടെ ഏപ്രിലിൽ തുടക്കമാവുമെങ്കിലും, ഇക്കുറി കോവിഡ് കാരണവും തിരഞ്ഞെടുപ്പു കാരണവും പരീക്ഷകൾ നീട്ടി വെച്ചതിനാൽ ചൂട് ഏറി, ഉല്ലാസം പൊടിക്കൊന്ന് കുറയുകയും ചെയ്യും!

സത്യത്തിൽ സംഭവ ബഹുലമാണ് ഓരോ ഏപ്രിലും – വിഷു, ദുഃഖ വെള്ളി, ഈസ്റ്റര്‍ എന്നിങ്ങനെ മതപരമായ വിശേഷ ദിവസങ്ങൾ, ലോക ഭൗമ ദിനം, അംബേദ്‌കർ ജയന്തി (യൂട്യൂബിൽ ലഭ്യമായ മമ്മൂട്ടിക് ഭരത് അവാർഡ് നേടിക്കൊടുത്ത ‘ലൈഫ് ഓഫ് അംബേദ്‌കർ’ എന്ന, ഇന്ന് വരെ തീയറ്ററിൽ റിലീസ് ആവാത്ത, ഗംഭീര  സിനിമ കണ്ടോളു), ദേശീയ വളർത്തുമൃഗ ദിനം, ജാലിയൻ വാല ബാഗ് ഓര്‍മ്മ ദിനം, പുസ്തക ദിനം എന്നിങ്ങനെ സംഭവ ബഹുലമാണ് ഏപ്രിൽ മാസം. എന്നാൽ മറ്റു മാസങ്ങളിൽ നിന്ന് വ്യത്യസ്തമായി ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് ഒരുപാട് ദിനങ്ങൾ ഉള്ള മാസം കൂടിയാണ് ഏപ്രിൽ  മാസം!

ഏപ്രിൽ 1 നു ‘അന്ധത തടയൽ ആഴ്ച’, ഏപ്രിൽ 2 നു ‘ലോക ഓട്ടിസം ബോധവൽക്കരണ ദിനം’, ഏപ്രിൽ 7 നു ‘ലോക ആരോഗ്യ ദിവസം’, ഏപ്രിൽ 10 നു ‘ലോക ഹോമിയോപ്പതി ദിനം’, ഏപ്രിൽ 17 നു ‘ലോക ഹീമോഫീലിയ ദിവസം’, ഏപ്രിൽ 25 നു ‘ലോക മലേറിയ ദിനം’, ഏപ്രിൽ 28 നു ‘ജോലിസ്ഥലത്ത് സുരക്ഷയ്ക്കും ആരോഗ്യത്തിനുമുള്ള ദിന’വും ‘ലോക മൃഗവൈദ്യ ദിന’വും, എന്നിങ്ങനെ നീളുന്നു നിര. ഒടുവിൽ ഏപ്രിൽ 30 നു രാജ്യമെമ്പാടും ‘ആയുഷ്മാൻ ഭാരത് ദിവസ്’ ആചരിക്കുന്നു.

ചല (ചില) ചിത്രങ്ങൾ

രോഗവും മനുഷ്യനുമായുള്ള പിടിവലി കാലങ്ങളായുള്ളതാണെന്നത് കൊണ്ട് തന്നെ അവയെ പ്രതിപാദിക്കുന്ന ഒരുപാട് ചലച്ചിത്രങ്ങളുണ്ട്. മലയാളത്തിൽ തന്നെ നിപ്പ വൈറസ് നെ കേന്ദ്രികരിച്ചു ആഷിഖ് അബു ഒരുക്കിയ ‘വൈറസ്’ എന്ന സിനിമ ഈയിടെ വമ്പിച്ച പ്രേക്ഷകശ്രേദ്ധ നേടിയിരുന്നു. ഹെലൻ കെല്ലർടെ ജീവിതത്തെ ആസ്പദമാക്കി സഞ്ജയ് ലീല ബൻസാലി അമിതാഭ് ബച്ചനേയും റാണി മുക്കർജിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഹിന്ദി ചിത്രമാണ് ‘ബ്ലാക്ക്’. അത് പോലെ തന്നെ ഓട്ടിസവുമായി ബന്ധപെട്ടു ഏറെ ശ്രെദ്ധ നേടിയ ചിത്രങ്ങളാണ് ‘ബർഫി’, ‘മേം ഐസാ ഹീ ഹൂം’, ‘മൈ നെയിം ഈസ് ഖാൻ’ എന്നിവ. ഡോക്ടർമാർ അവരുടെ ദൈന്യം ദിന ജീവിതത്തിൽ നേരിടുന്ന പ്രേശ്നങ്ങളെ മുൻനിർത്തി ലാൽ ജോസ് സംവിധാനം ചെയ്ത ‘അയാളും ഞാനും തമ്മിൽ’ എന്ന സിനിമയും കണ്ടിരിക്കേണ്ടതാണ്.

ഏവർക്കും രോഗമുക്ത ആയുരാരോഗ്യ ആനന്ദം നേരുന്നു..

ന്യൂസ്‌ റൂമിൽ നിന്നു ഫ്രെയിമിലേക്ക്

ഐഎഫ്എഫ്കെയിൽ ചർച്ചയാവുകയും ഫിപ്രസ്കി പുരസ്ക്കാരത്തിന് അർഹമാവുകയും ചെയ്ത മാൻഹോൾ, വിധു വിൻസെന്‍റ് എന്ന സംവിധായികയുടെ കന്നിചിത്രമാണ്. പുരുഷമേൽക്കോയ്മ എങ്ങനെ സ്ത്രീയെ നിശബ്ദയാക്കാൻ ശ്രമിക്കുന്നു എന്ന അവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്ന സ്റ്റാൻഡപ്പ് രണ്ടാമത്തെ സിനിമയാണ്.. രണ്ടും സാമൂഹ്യ തലത്തിൽ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങൾ.. ന്യൂസ്റൂമിൽ നിന്നും സിനിമയുടെ ഫ്രെയിമുകളിലേക്കുള്ള വിധുവിന്‍റെ യാത്ര…

ജീവിതത്തിൽ നിന്ന് മാറി നിൽക്കുന്ന ഒരു കാഴ്ചയും വിധു വിൻസെന്‍റിന്‍റെ ഫ്രെയിമിൽ കടന്നു വന്നിട്ടില്ല. ന്യൂസ് റൂമിലായാലും, ഡോക്യുമെന്‍ററിയിലായാലും സിനിമയിലായാലും യഥാർത്ഥ ജീവിതമാണ് വിധുവിന്‍റെ ക്യാമറക്കാഴ്ച. മാൻഹോൾ എന്ന കന്നി ചിത്രത്തിലൂടെ സിനിമാ രംഗത്ത് തികച്ചും വ്യത്യസ്‌തമായ ചുവടുവയ്‌പ്പ് നടത്തിയ മാധ്യമ പ്രവർത്തകയാണ് വിധു.

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ 52 ചിത്രങ്ങളിൽ നിന്നായി തെരഞ്ഞെടുത്ത മലയാള ചിത്രങ്ങളിലൊന്ന് വിധു സംവിധാനം ചെയ്‌ത മാൻഹോൾ ആണ്. ആരും ചെയ്യാനറയ്‌ക്കുന്ന ജോലി ചെയ്‌ത്, ജീവിതത്തെ നേരിട്ടപ്പോൾ മനുഷ്യനെന്ന പരിഗണന പോലും കിട്ടാതെ പോയ തോട്ടിപ്പണി ചെയ്യുന്ന പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തെക്കുറിച്ച് മാൻഹോൾ പ്രേക്ഷകരെ ഓർമ്മിപ്പിച്ചു. മാധ്യമ പ്രവർത്തക എന്ന നിലയിൽ നിൽക്കുമ്പോൾ തന്നെ ആക്‌ടിവിസ്‌റ്റ് എന്ന റോളിലും പിന്നെ സംവിധായിക എന്ന പദവിയിലേക്കും കടന്നു വന്ന വിധുവിന്‍റെ വിചാരങ്ങളിലേക്ക്.

കൊറോണക്കാലം എങ്ങനെ അതിജീവിച്ചു?

ആ കാലം കടന്നു പോയി എന്നു ഇപ്പോഴും പറയാറായിട്ടില്ല.. മറ്റെല്ലാവർക്കുമെന്ന പോലെ വലിയ ബുദ്ധിമുട്ട് നിറഞ്ഞ സമയം തന്നെ ആയിരുന്നു. മുൻപ് ആലോചിച്ചു വച്ച പ്രൊജക്റ്റ്‌കൾ ഒന്നും മുന്നോട്ട് കൊണ്ട് പോകാൻ പറ്റിയില്ല. എന്നെ സംബന്ധിച്ചു പറഞ്ഞാൽ ഗവണ്മെന്‍റ് പ്രൊജക്റ്റിന്‍റെ ഭാഗമായി വല്ലപ്പോഴും കിട്ടുന്ന ചില വർക്കുകൾ ആണ് ഉപജീവനത്തിന് സഹായിച്ചു കൊണ്ടിരുന്നത്. ഏതാണ്ട് അതും കൊറോണക്കാലത് നിലച്ച മട്ടായിരുന്നു. ഇത്രയും പ്രതിസന്ധി ഉണ്ടാക്കിയ കാലം ആയിരുന്നു എങ്കിലും അതേകാലം ചില സാധ്യതകളും തുറന്നു തന്നു. അവ മനസിലാക്കി ഉപയോഗിക്കണം.. കൊറോണ കാലത്ത് വായന, എഴുത്ത്, ഫിലിം കാണൽ ഇങ്ങനെ മുൻപ് മാറ്റിവച്ച പല കാര്യങ്ങൾക്കും സമയം കിട്ടി..

ആദ്യത്തെ ചിത്രം മാൻഹോൾ നൽകിയ അനുഭവം?

കേരളത്തിൽ തോട്ടിപ്പണി ചെയ്യുന്ന ഒരു സമുദായത്തെക്കുറിച്ച് വൃത്തിയുടെ ജാതി എന്ന പേരിൽ ഡോക്യുമെന്‍ററി തയ്യാറാക്കിയിരുന്നു. തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും കേരളത്തിൽ കുടിയേറിപ്പാർത്ത് നാടിന്‍റെ മാലിന്യം നീക്കുന്ന ഇവർക്ക് ജാതി സർട്ടിഫിക്കറ്റും മറ്റും നൽകാൻ മതിയായ രേഖകളില്ലായിരുന്നു. ഇതിന്‍റെ പേരിൽ നേരിട്ട പ്രതിസന്ധികളായിരുന്നു ഡോക്യുമെന്‍ററി. പിന്നീട് ഈ ത്രെഡ് സിനിമയാക്കുകയായിരുന്നു. ആദ്യത്തെ ചിത്രത്തിൽ ലഭിച്ച അംഗീകാരം വലിയൊരു ഉത്തരവാദിത്തം കൂടിയാണ് നൽകുന്നത്. അതേസമയം ഇതൊരു അവസരമാണ്. വ്യത്യസ്‌തമായ ഒരു വിഷയം ആണ് ആദ്യമായി അവതരിപ്പിച്ചത്. അത് ചെയ്‌തപ്പോൾ നേരിട്ട സാമ്പത്തിക പ്രതിസന്ധികൾ മനസ്സിലുണ്ട്. ഇനി ഒരു സിനിമ ചെയ്യുമ്പോൾ കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം വേണം. ഈ ചിത്രം വലിയ സർക്കിളുകളിൽ പോയിട്ടില്ല. എന്നാൽ ചർച്ചകൾ ഉണ്ടായി. സിനിമയിൽ അതൊരു വലിയ കാര്യം തന്നെയാണ്. ഒരു വിപ്ലവം ഉണ്ടായില്ലെങ്കിലും ചെറിയ മാറ്റം സംഭവിക്കുന്നുവെന്ന പ്രതീക്ഷയുണ്ട്.

മാധ്യമപ്രവർത്തക, സംവിധായിക എന്നീ റോളുകൾ?

രണ്ടും ജോലി തന്നെ. ഓരോ ജോലിക്കും അതിന്‍റെ പ്ലസ്, മൈനസുകളുണ്ട്. സോഷ്യൽ റസ്പോൺസിബിലിറ്റി ശരിക്കും ഉള്ള ജോലിയാണ് ഇവ രണ്ടും. പാഷനും, സ്വപ്നവും, സാമൂഹ്യപ്രതിബദ്ധതയും ഈ രണ്ടു ജോലികളുടെയും ഭാഗമാണ്. ക്ലർക്ക് ജോലി ചെയ്യുന്നതു പോലെ ഒരു ജേണലിസ്റ്റിനു തന്‍റെ ജോലി ചെയ്യാൻ പറ്റിയേക്കും. പക്ഷേ അതാണോ ആ രംഗം ആവശ്യപ്പെടുന്നത് എന്ന ഒരു സംശയം ഉണ്ട്. ജേണലിസ്റ്റ് എന്ന നിലയിൽ ലഭിച്ച അനുഭവവും കരുത്തുമാണ് സിനിമാരംഗത്ത് എന്നെ സഹായിക്കുന്നത്. സിനിമ ചെയ്യാൻ തീരുമാനിച്ചതു കൊണ്ട് മാത്രം ഞാൻ മാധ്യമപ്രവർത്തകയല്ലാതാകുന്നില്ല.

മീഡിയാ വൺ ചാനലിൽ ജോലി ചെയ്‌തു തുടങ്ങിയപ്പോഴാണ് പാർശ്വവൽക്കരിക്കപ്പെട്ട ജീവിതങ്ങളെക്കുറിച്ച് സ്റ്റോറി ചെയ്യാൻ തുടങ്ങിയത്. എന്‍റെ ചിന്തയും രാഷ്ട്രീയവും പ്രതിഫലിപ്പിക്കാൻ പറ്റിയ മേഖലയായി എനിക്കത് തോന്നി. മാധ്യമപ്രവർത്തനത്തിൽ നിന്ന് കുറച്ചുകാലം മാറി നിന്നിരുന്നു 2010 മുതൽ 2014 വരെ. രാഷ്ട്രീയ ലക്ഷ്യങ്ങളെ കൃത്യമായി രൂപപ്പെടുത്തിയ സമയമായിരുന്നു. കൂടുതൽ വായിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും, ജാഗ്രതയോടെ സമൂഹത്തെ കാണാനും പഠിച്ചു. ഗൗരവത്തോടെ ഓരോ വിഷയത്തെയും കാണാനുള്ള മനസ്സ് ആ കാലഘട്ടത്തിൽ ഉണ്ടായി. എല്ലാ ദിവസവും മാധ്യമപ്രവർത്തനത്തിൽ നിൽക്കുമ്പോൾ മിസ് ചെയ്‌തു പോകുന്ന പല കാര്യങ്ങളുണ്ട്. ഏതു വ്യക്‌തിക്കും ഒരു മൂന്നാം കണ്ണുവേണം. ജോലിയിൽ നിന്ന് മാറി നിന്ന സമയത്ത് ആ മൂന്നാം കാഴ്ച എനിക്ക് നേടിയെടുക്കാനായി.

അച്‌ഛന്‍റെ നിർമ്മാണത്തിൽ മകളുടെ ചിത്രം എന്ന അപൂർവ്വത ഉണ്ടല്ലോ?

പിന്നണിയിൽ അച്‌ഛന്‍റെ പിന്തുണ ചെറുതൊന്നുമല്ല. ഒരു നിർമ്മാതാവിനെ അന്വേഷിച്ചു വലഞ്ഞപ്പോൾ അച്‌ഛനാണ് സഹായിച്ചത്. ഈ പണം തിരിച്ചു കൊടുക്കാൻ പറ്റുമെന്ന് ഉറപ്പില്ലല്ലോ. എന്‍റെ അമ്മ അൽഫോൺസായും ദീപ എന്ന പെൺകുട്ടിയും ചേർന്നാണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്. വീടിന്‍റെ സഹകരണം ഉള്ളതു കൊണ്ട് പല രീതിയിൽ സഹായം ലഭിച്ചു. ചെലവ് ചുരുക്കാനും കഴിഞ്ഞു. സ്ത്രീകൾ ഇത്തരം ഒരു സംരംഭം ചെയ്യുമ്പോൾ അത് ഹോംലി അഫയർ ആക്കുമോ എന്ന സംശയവും പലരും പ്രകടിപ്പിക്കാതിരുന്നില്ല. അങ്ങനെ വരാമോ എന്നൊന്നും എനിക്ക് ഇപ്പോൾ അറിയില്ല. ഈ സിനിമയ്ക്ക് ഞാൻ കടപ്പെട്ടിരിക്കുന്നത് നിർമ്മാതാവിനോടും തിരക്കഥാകൃത്തിനോടും ആണ്. ഒരു സിനിമ ചെയ്യണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല. കുറച്ചു കൂടി വലിയ ഓഡിയൻസിലേക്ക് ഈ വിഷയം എത്തിക്കണം എന്നാവശ്യപ്പെട്ടത് തിരക്കഥാകൃത്തായ ഉമേഷ് ഓമനക്കുട്ടനാണ്. അദ്ദേഹം ചെയ്‌ത സ്ക്രിപ്റ്റ് കണ്ടപ്പോൾ ഇതു കൊള്ളാം എന്ന തോന്നലുണ്ടായി. അതിനാൽ ഞാൻ എവിടെയും തുറന്നു പറയാൻ ആഗ്രഹിക്കുന്നു. എന്‍റെ വിജയത്തിനു പിന്നിൽ രണ്ടു പുരുഷന്മാരാണ്.

സ്ത്രീകളുടെ അഭാവമുണ്ടോ സംവിധാനരംഗത്ത്?

തീർച്ചയായും. അനിശ്ചിതാവസ്‌ഥയുള്ള ഫീൽഡ് ആണിത്. പത്തോ ഇരുപതോ ദിവസം ഷൂട്ട് ചെയ്യാൻ പോകണമെങ്കിൽ പോലും പല പ്രശ്നങ്ങളുണ്ട്. സ്ത്രീകൾക്ക് ചിലതൊന്നും പറ്റില്ല എന്ന് പൊതുസമൂഹം ധരിച്ചു വച്ചിരിക്കുകയാണ്. ഞാൻ തന്നെ എന്‍റെ സുഹൃത്തിനു വേണ്ടി പ്രമുഖനായ ഒരു ഡയറക്‌ടറെ സമീപിച്ച് അവളെ അസിസ്റ്റന്‍റാക്കുമോയെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. “ബുദ്ധിമുട്ടാണ്. ഈ ടീമിൽ മുഴുവൻ ആണുങ്ങളാണ്. ഒരു സ്ത്രീ ഉണ്ടെങ്കിൽ അവർക്ക് പ്രത്യേകം റൂം കൊടുക്കേണ്ടി വരും. കൊടുത്തില്ലെങ്കിൽ ആളുകൾ കച്ചറയാക്കും എന്ന്.” ഇതൊക്കെ പൊതുബോധത്തിന്‍റെ പ്രശ്നമാണ്. ഇത് മറികടക്കാൻ നമ്മൾ ഒന്നും ചെയ്യുന്നില്ല.

അതുകൊണ്ടാണോ സ്ത്രീകൾ കടന്നുവരാത്തത്?

നമ്മൾ പെൺകുട്ടികളെ ഏറ്റവും അടുത്ത സ്ക്കൂളിലും കോളേജിലും പഠിപ്പിച്ച്, ആൺകുട്ടികളെ വിദേശത്തും വിടും, പിന്നെ വളരെ അടുത്തുള്ള ആൾക്കു കല്യാണം കഴിച്ചു കൊടുക്കും. പെൺകുട്ടിക്ക് അവളുടെ പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള ഒരു പരിശീലനവും കുടുംബവും സമൂഹവും നൽകുന്നില്ല. സ്വപ്നം കാണാൻ പോലും സമ്മതിക്കില്ല, കാണുന്ന സ്വപ്നങ്ങൾ യഥാർത്ഥ്യമാക്കാനുള്ള വഴികളിലേക്കും എത്തിക്കില്ല. വിമൻ ഫ്രണ്ട്‍ലി ആവണം ഓരോ രംഗവും. മാധ്യമ മേഖലയിൽ ഇപ്പോൾ മാറ്റമുണ്ട്. മുൻകാലത്തെ അപേക്ഷിച്ച് സ്ത്രീകൾ ഉണ്ട്. എന്നാൽ സിനിമാ നിർമ്മാണ രംഗത്ത് സ്ത്രീകൾ വളരെ കുറവാണ്.

യാത്രകളിലെ അനുഭവത്തെക്കുറിച്ച്?

ഒരുപാടു യാത്ര ചെയ്യുന്ന ആളാണ്. യാത്ര ചെയ്യാൻ എനിക്ക് കിട്ടിയ സ്വാതന്ത്യ്രവും യാത്രകൾ നൽകിയ അനുഭവവുമാണ് എന്നെ ഞാനാക്കി തീർക്കുന്നത്. ക്യാമ്പുകൾ, റിപ്പോർട്ടിംഗിനായുള്ള യാത്രകൾ, ഒറ്റയ്ക്കുള്ള യാത്രകൾ, യാത്രയ്ക്കുള്ള യാത്രകൾ. ഓരോന്നും വ്യത്യസ്‌തമായ അനുഭവമാണ്. ഒറീസയിൽ പോയ ഒരനുഭവമുണ്ട്. ഒരു ഒറീസ കവിയുടെ വീട് കണ്ടുപിടിക്കാനായി മണിക്കൂറുകളോളം രാത്രിയിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്‌തിട്ടുണ്ട്. ഓട്ടോക്കാരനു തന്നെ ഭയം. അവിടത്തെ പെൺകുട്ടികൾ പോലും അസമയത്ത് ഒറ്റയ്ക്ക് യാത്ര ചെയ്യാറില്ലത്രേ. എന്തു വന്നാലും അതിജീവിക്കും എന്ന തോന്നലുണ്ട്. ആ ധൈര്യം തരുന്നത് യാത്ര മാത്രമാണ്. അർദ്ധരാത്രി ഒരു സ്‌ഥലത്ത് ഒറ്റപ്പെട്ടുപോയാലേ അറിയൂ, അവിടെ എന്തൊക്കെ പ്രശ്നം ഉണ്ടാകുമെന്ന്. യാത്രയിൽ നമ്മൾ കണ്ടുമുട്ടുന്നവർ, നേരിട്ട അനുഭവങ്ങൾ, നല്ലതും മോശവും ആയ അനുഭവങ്ങൾ അതെല്ലാം ചേർന്നാണ് നമ്മുടെ വ്യക്‌തിത്വവും രൂപപ്പെടുന്നത്. യാത്ര പുറപ്പെടുന്ന സമയത്തെ മനുഷ്യനായിരിക്കില്ല തിരിച്ചു വരുമ്പോൾ ഉള്ള ആൾ. ആണിനും പെണ്ണിനും ഇത് ബാധകമാണ്.

ഇടുക്കിയിൽ ഒരു ഷൂട്ടിന് പോയപ്പോഴുള്ള നേരത്തെ അനുഭവമാണ്. നീണ്ട യാത്രക്കിടയിൽ ഒന്നു മൂത്രമൊഴിക്കാൻ പോലും പറ്റുന്നില്ല, എവിടെ പോകും. ഒരു വീട്ടിൽ നിർത്തിയിട്ട് ഒന്നു മൂത്രമൊഴിച്ചോട്ടെ എന്നു ചോദിക്കേണ്ട അവസ്‌ഥ ഉണ്ടായി. ഇതൊരു ഏറ്റവും സാധാരണമായ പ്രശ്നം. ഇത്തരം നിരവധി പ്രാക്ടിക്കൽ പ്രശ്നങ്ങൾ നേരിടേണ്ടി വരും. കാട്ടിനുള്ളിലൂടെ ഒരു ഗ്രൂപ്പിനൊപ്പം രാത്രിയിൽ പോയപ്പോൾ ടെന്‍റ് കെട്ടി എല്ലാവരും കൂടി അതിനുള്ളിൽ ഉറങ്ങിയിട്ടുണ്ട്. എന്നെക്കുറിച്ച് ഞാൻ കാണിക്കുന്ന ധൈര്യവും കൂടെ ഉളളവരെക്കുറിച്ചുള്ള വിശ്വാസവും അവർക്ക് നമ്മളെക്കുറിച്ചുള്ള വിശ്വാസവും പ്രധാനമാണ്.

ഇപ്പോഴും ചിന്തിപ്പിക്കുന്ന ഒരു കാര്യം പറയാമോ?

എന്‍റെ സിനിമയുമായി ബന്ധപ്പെട്ട ഒരു വിചാരം ചിലർ പങ്കുവയ്‌ക്കുകയുണ്ടായി. മേളയിൽ ആദ്യമായി ഒരു സ്ത്രീ സംവിധാനം ചെയ്ത സിനിമയായതു കൊണ്ട് അത് സ്വീകരിച്ചു എന്ന് ചിന്തിച്ചവരും ഉണ്ട്. ഇത് സിനിമയുടെ ശക്‌തിയാണ്, നിങ്ങളുടെ അല്ല എന്ന് പിന്നീട് സിനിമ കണ്ട് അഭിപ്രായം തിരുത്തിയവരും ഉണ്ട്. സ്ത്രീകൾ എന്തെങ്കിലും ചെയ്‌താൽ അവർ അത് ചെയ്‌തത് ആരുടെയെങ്കിലും സഹായം കൊണ്ടാണെന്നോ, അല്ലെങ്കിൽ ഇമ്മോറൽ വഴിയാണെന്നോ ചിന്തിക്കുന്ന ഒരു സമൂഹം ഇപ്പോഴുമുണ്ട്. ഇതെന്തുകൊണ്ടാണ് ഇങ്ങനെ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. സ്ത്രീകൾ ഏറ്റവും കൂടുതൽ നേരിടുന്ന വെല്ലുവിളി, കഴിവ് ഒരിക്കൽ തെളിയിച്ചാൽ പോരാ, അത് തുടർച്ചയായി തെളിയിച്ചു കൊണ്ടേയിരിക്കണം.

സിനിമ ലോകം തരുന്ന തിരിച്ചറിവുകൾ?

സനിമ ഉള്ള സമയത്തു മാത്രമല്ലേ പണിയുണ്ടാകു.. അതിനാൽ എന്നെ തന്നെ ഡൈവേർസിഫൈ ചെയ്യണം എന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ ഒരു സുഹൃത്തിന്‍റെ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോൾ ചെയ്തു വരികയാണ്. അതൊരു നല്ല തീരുമാനം ആയിട്ട് എനിക്ക് തോന്നി. എല്ലാ പണികളും ചെയ്യാൻ പ്രാപ്തമാവുക.. ജീവിതം മുന്നോട്ട് പോകാൻ അതൊക്കെ ആവശ്യം ആണല്ലോ. മറ്റൊരു സംഗതി ബിഗ് ബജറ്റ് ചിത്രങ്ങളെക്കാൾ, ആൾക്കാർക്ക് സ്വീകാര്യത ഉള്ള മീഡിയം ചിത്രങ്ങൾ ചെയ്യാൻ ആളുകൾ കൂടുതൽ ശ്രമിക്കുന്നുണ്ട്.

ഡബ്ലിയുസിസി യുമായുള്ള വിഷയങ്ങൾ?

സംഘടനയ്ക്കുള്ളിൽ നിന്നു കൊണ്ടുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ ഇല്ല.. പുറത്തു നിന്നു പിന്തുണക്കാൻ പറ്റുന്നത് ചെയ്യും. സംഘടനപരമായ ഇടപെടൽ ഇല്ല, എങ്കിലും എല്ലാവരുമായും സൗഹൃദത്തിലാണ്.

മഴമേഘ കൂടാരത്തിൽ ഒരുനാൾ

സൗഹൃദ ചിരികളെ മുഖാവരണമിട്ട് മൂടിയും ഹസ്തദാനത്തെ പേടിച്ചും ആവർത്തിച്ചു കൈകൾ അണു വിമുക്തമാക്കിയും കഴിയുന്നത്ര അകന്നു നിന്നും രോഗാണുവിനോടുള്ള ചെറുത്തുനിൽപ്പ് തുടങ്ങിയിട്ടിപ്പോൾ വർഷം ഒന്ന് കടന്നു പോയിരിക്കുന്നു..!!

സഞ്ചാര സ്വാതന്ത്ര്യം പരിമിതം.. യാന്ത്രികത മനസ്സിനെ തളർത്തുന്നുവോ എന്ന് തോന്നിത്തുടങ്ങുമ്പോൾ വിവേകം മന്ത്രിക്കും..

“ഇല്ല… ഈ കാലവും കടന്നു പോകും… പിന്നെ ഈ നിയന്ത്രണങ്ങൾക്കെല്ലാം ഇടയിൽ, മുൻപ് സന്ദർശിച്ച പ്രിയപ്പെട്ട ഇടങ്ങളുടെ ദൃശ്യങ്ങൾ ഓർമ്മയുടെ വീഥികളിലൂടെ യാത്രയാരംഭിക്കും…!! അത്തരം ഒരു യാത്രയുടെ പാതയിലേക്ക് ഓർമ്മത്തേരിലേറി ഒരിക്കൽകൂടി… മേഘാലയയിലെ ഷില്ലോങ്ങിലേക്ക്..

നേരം പുലർന്നേ ഉണ്ടായിരുന്നുള്ളു..

തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ടായിരുന്നു. .

ഇളം പച്ചയും കടും പച്ചയുമണിഞ്ഞ പ്രകൃതി, മഞ്ഞുമണികൾ കോർത്ത നീഹാരഹാരവും പല നിറത്തിലുള്ള സുഗന്ധപുഷ്പങ്ങളുമണിഞ്ഞ് ഒരുങ്ങി നിന്നു..!! മാത്രമോ!

കലപില കൂട്ടുന്ന മുളങ്കൂട്ടങ്ങളും പലവിധ പക്ഷികളുടെ കൂജനങ്ങളും അതിലുപരി എവിടെനിന്നോ ഒഴുകി വന്ന ഓടക്കുഴൽ നാദവും ഒത്തുചേർന്ന് ആ പുലരി ഏറെ ഉല്ലാസഭരിതവുമായിരുന്നു!

വഴിയോരക്കാഴ്ചകൾ കണ്ടുകണ്ട് മുന്നോട്ട് നീങ്ങവേ ചിന്തയിലേക്ക്‌ കടന്നുവന്ന ഒരു ഗാനശകലം യാത്രയിലുടനീളം മനസ്സ് ഏറ്റു പാടിക്കൊണ്ടിരുന്നു… ഒരു പാശ്ചാത്തല സംഗീതമെന്നോണം..!!

മഴമേഘക്കൂടാരത്തിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ… മേഘാലയയിലെ ഷില്ലോങ്ങിലേക്ക് !!! ഗോഹാട്ടിയിൽ നിന്നും വെറും 100 കിലോമീറ്ററുകളോളമേ ഷില്ലോങിലേക്കുള്ളു. അതിനാൽത്തന്നെ ഡ്രൈവ് ചെയ്തു പോകാമെന്ന് ഞങ്ങൾ തീരുമാനിച്ചു..

meghalaya

ഗോഹാട്ടിയിൽ എത്തിയിട്ട് അധികനാളുകളൊന്നും ആയിട്ടില്ല അന്ന്. ഡൽഹിയിൽ നിന്നും പുറപ്പെടുമ്പോഴേ ഏറെ കേട്ടിരുന്നു നോർത്ത് ഈസ്റ്റിന്‍റെ പ്രകൃതി ഭംഗിയെ കുറിച്ചും അവിടുത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ഷില്ലോങ്ങിനെപ്പറ്റിയുമൊക്കെ. കഴിയുന്നത്ര സ്ഥലങ്ങൾ സന്ദർശിക്കണമെന്ന് അപ്പോഴേ തീരുമാനിച്ചിരുന്നു. എങ്കിലും ഷില്ലോങ്ങിലേക്കുള്ള ആ യാത്ര പൊടുന്നനെ പ്ലാൻ ചെയ്ത ഒന്നായിരുന്നു.

വഴിയോരത്തു ഞങ്ങളെ കാത്തു നിന്ന ഓരോ കാഴ്ചകളും ഡ്രൈവ് ചെയ്തു പോകാം എന്ന ഞങ്ങളുടെ തീരുമാനം വളരെ നന്നായി എന്ന തോന്നൽ ഊട്ടി ഉറപ്പിച്ചുകൊണ്ടേ ഇരുന്നു.!!

അവിസ്മരണീയം, സുന്ദരം തുടങ്ങിയ എല്ലാ വാക്കുകളും ഉപയോഗിക്കേണ്ടി വരും ആ യാത്രയെക്കുറിച്ചു പറയാൻ.. അത്രയ്ക്ക് മനസ്സ് നിറഞ്ഞ ഒന്നായിരുന്നു ആ യാത്ര !!

പല വ്യൂ പോയിന്‍റുകളിലും വാഹനം നിർത്തി കാഴ്ചകൾ കണ്ട് ഞങ്ങൾ യാത്ര തുടർന്നു… അവിടെയൊക്കെയും ഞങ്ങളെപ്പോലെത്തന്നെ ആ കാഴ്ചകളെ ഒപ്പിയെടുത്തുകൊണ്ട് വേറെയും യാത്രികർ ഉണ്ടായിരുന്നു. ഇടയ്ക്ക് വഴിയരികിൽ കണ്ട ഒരു തടാകം ഞങ്ങളെ ഏറെ ആകർഷിച്ചു. സൗന്ദര്യത്തിന്‍റെ ചായക്കൂട്ടുകൾ മുഴുവൻ അവിടെ തട്ടി മറിഞ്ഞപോലെ ഉണ്ടായിരുന്നു ആ കാഴ്ച..!

തടാകതീരത്തിന്‌ വെള്ളയും മണ്ണിൻ നിറവും കലർന്ന പാറക്കൂട്ടങ്ങൾ അതിരിട്ടു. സഫയർ ഗ്രീൻ നിറത്തിലുള്ള തടാകത്തിലെ ജലവും ചുറ്റും വളർന്നു നിന്ന ഇളം പച്ചയും കടും പച്ചയും കരി നീലവുമാർന്ന വൃക്ഷലതാദികളും അവയിൽ വളർന്നു നിന്ന പല വർണ്ണങ്ങളിലുള്ള പൂക്കളും എല്ലാം കലർത്തി പ്രകൃതി ഒരുക്കിയ ഒരു വർണ്ണ വിരുന്നു പോലെ ഒരു കാഴ്ച. ..!!

പ്രസിദ്ധമായ ഉമിയം തടാകമായിരുന്നു അത്.. ബാരാപാനി തടാകം എന്നും ഈ തടാകം അറിയപ്പെടുന്നു. ധാരാളം ജൈവവ്യവസ്ഥാ ആവാസകേന്ദ്രങ്ങളുള്ള ഈ തടാകം ഉമിയം നദിക്കു കുറുകെ ഡാം പണിഞ്ഞാണ് നിർമ്മിച്ചിരിക്കുന്നത്. വൈദ്യുതോത്പാദനത്തിനു പുറമെ ജലസേചനം, മത്സ്യബന്ധനം, കുടിവെള്ളം തുടങ്ങിയ പ്രാദേശിക ആവശ്യങ്ങൾക്കും ഈ ജലസംഭരണിയിലെ ജലം ഉപയോഗിച്ചു പോരുന്നു.

മേഘാലയ സംസ്ഥാനത്തെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഈ തടാകം. കാണാൻ ഏറെ മനോഹരമായ ആ തടാകത്തിൽ ബോട്ടിംഗിനും വാട്ടർ സ്പോർട്സിനും മറ്റുമുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു… ഉയർന്നു നിൽക്കുന്ന റോഡിൽ നിന്നും താഴെയുള്ള തടാകം നോക്കി കുറെ നേരം ഞങ്ങൾ ചിലവഴിച്ചു. വർണ്ണങ്ങളുടെ ആ വസന്തോത്സവം മനസ്സിനെ അത്രക്കാകര്ഷിച്ചിരുന്നു. ആളുകൾ നിറയെ ഇറങ്ങുന്ന സ്ഥലമായതുകൊണ്ടു തന്നെ ചാറ്റുകളും ഉപ്പിലിട്ടതുകളും ഐസ്ക്രീമും ഒക്കെയായി അവിടെയും ചെറിയ കച്ചവടം നടക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് തന്നെ തിരിച്ചു പോരണം എന്നതിനാൽ അധിക നേരം അവിടെ ചിലവഴിക്കാതെ ഞങ്ങൾ യാത്ര തുടർന്നു.

വഴിയിലുടനീളമുള്ള മനോഹരമായ കാഴ്ചകൾ ആസ്വദിക്കുമ്പോൾ തന്നെ നിരന്നു നിന്നിരുന്ന കുന്നുകളിൽ നിർബാധം തുടരുന്ന മണ്ണെടുപ്പിന്‍റെയും വന നശീകരണത്തിന്‍റെയും കാഴ്ചകൾ ഏറെ വേദനിപ്പിക്കുകയും ചെയ്തു എന്ന് പറയാതെ വയ്യ. പ്രകൃതി സംരക്ഷണം അത്ര കാര്യമായി ഇവിടുത്തെ ഗവണ്മെന്റും ജനങ്ങളും എടുത്തിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു… മനസ്സ് മന്ത്രിച്ചു…

വഴിയോരക്കാഴ്ചകൾ കണ്ടുകൊണ്ട് കാറിലിരിക്കെ പലരിൽ നിന്നും കേട്ടും വായിച്ചും അറിഞ്ഞ മേഘാലയയുടെ പ്രത്യേകതകളായിരുന്നു മനസ്സു നിറയെ. ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ നിന്നു വരുന്നവർക്ക് മേഘാലയയുടെ പ്രത്യേകതകൾ ഏറെ കൗതുകം ജനിപ്പിക്കുന്ന ഒന്നു തന്നെയാണ്. അതിരാവിലെ തന്നെ ഇവിടെ സൂര്യനുദിക്കും; അതുപോലെ വളരെ നേരത്തെ അസ്തമിക്കുകയും ചെയ്യും. മേഘാലയ എന്ന നാമത്തെ സാധൂകരിക്കാനെന്നോണം ഏതു സമയത്തും ഉരുണ്ടു കൂടുന്ന കാർമേഘങ്ങൾ മറ്റൊരു പ്രത്യേകതയാണ്. ഏറെ കാലം ഇവിടുത്തെ ചിറാപുഞ്ചിയിലായിരുന്നു ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയിരുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാമല്ലോ. ഇപ്പോഴത് ഇവിടെ മേഘാലയയിൽ തന്നെ ഉള്ള മൗസിന്‍‍റാമിലാണ്.

ഗോത്രവർഗ സമൂഹങ്ങളാണ് മേഘാലയയിൽ അധിവസിക്കുന്നവർ ഏറെയും. ഏറ്റവും വലിയ സമൂഹം ഖാസി വർഗമാണ്. കൂടാതെ ഗാരോ, ഹജോങ്, മട്രിലീനിയൽ, തീവ, പ്നാർ എന്നീ ഗോത്ര സമൂഹങ്ങളും മേഘാലയയിൽ ഉണ്ട്. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇവിടെ ഖാസിയും ഗാരോയുമാണ് മറ്റു പ്രധാന ഭാഷകൾ. ഇവ കൂടാതെ അബേങ്, അടോങ്, അകവെ, മാച്ചി ഡുവൽ, ചിബോക്, ചിസക്, ലിന്ഗൻഗാം, രുഗ്‌, ഗാരോ-ഗഞ്ചിങ്‌, മെറ്റാബേങ് തുടങ്ങി ഒരുപാട് ഭാഷകൾ സംസാരിക്കുന്ന ഗോത്രങ്ങളും നേപ്പാളി, ബംഗാളി, ആസാമീസ് എന്നീ ഇൻഡോ ആര്യൻ ഭാഷകൾ സംസാരിക്കുന്ന കുടിയേറ്റ സമൂഹങ്ങളും ഇവിടെയുണ്ട്. അറിഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ യാത്രയുടെ ആവേശം കൂട്ടുന്നതായിരുന്നു. ഒപ്പം ഏറെ സുന്ദരമായ വഴിയോര കാഴ്ച്ചകളും, നയനാനന്ദകരമായ ഈ കാഴ്ചകൾ അവസാനിക്കാതിരുന്നെങ്കിൽ… മനസ്സു കൊതിച്ചു.

കാഴ്ചകൾ കണ്ടുകണ്ട്‌ ഏകദേശം ഒരു മണിയോടെ ഞങ്ങൾ ഷില്ലോങ്ങിൽ എത്തിച്ചേർന്നു. ആ സമയത്തും നല്ല തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ടായിരുന്നു. ഗോഹാട്ടിയിൽ നിന്നും പുറപ്പെടുമ്പോൾ വലിയ തണുപ്പില്ലാതിരുന്നതിനാൽ സ്വെറ്ററുകൾ ഒന്നും കരുതാതിരുന്നത് അബദ്ധമായെന്ന് മനസ്സിലായി. ഏതായാലും പറഞ്ഞിട്ട് കാര്യമില്ലല്ലോ, സമയം കളയാതെ ഒരു റൂം എടുത്ത് ഫ്രഷ് ആയി ഭക്ഷണവും കഴിച്ച് ഞങ്ങൾ കാഴ്ചകൾ കാണാൻ ഇറങ്ങി.

ഒരൊറ്റ യാത്രയിൽ തന്നെ എല്ലാം കണ്ടു തീർക്കുന്ന ശീലം പണ്ടേ ഞങ്ങൾക്കില്ല. അതുകൊണ്ടു തന്നെ വെറും ഒരു ദിവസത്തേക്കുള്ള ഈ ട്രിപ്പിൽ ഷില്ലോങ് പട്ടണത്തിലും അതിനു ചുറ്റും ആയുള്ള കാഴ്ചകൾ കണ്ടാൽ മതിയെന്ന് ഞങ്ങൾ നേരത്തെ തീരുമാനിച്ചിരുന്നു. ഒരു ദിവസം കൊണ്ട് അതുപോലും കണ്ടു തീർക്കാൻ കഴിയില്ല എന്ന് ഏറെ താമസിയാതെ ഞങ്ങൾക്ക് മനസ്സിലായി. അത്രക്കുണ്ട് കാഴ്ചകളുടെ വൈവിധ്യം.

meghalaya

പുറത്തിറങ്ങിയതും ചുറ്റും കണ്ണോടിച്ചു. ഏറെ സുന്ദരിയാണ് ഷില്ലോങ്. രണ്ടു മണിക്ക് തന്നെ ഒരു അഞ്ചു മണിയുടെ പ്രതീതിയായിരുന്നു!!. നിറയെ ഹോട്ടലുകൾ ഉള്ള ഒരു കൊച്ചു നഗരം… വാസ്തു വിദ്യയുടെ പ്രത്യേകതയും തണുത്ത കാലാവസ്ഥയും വിടർന്ന് നിൽക്കുന്ന പൂക്കളുടെ നിറങ്ങളും എല്ലാം ചേർന്ന് പട്ടണത്തിനു യൂറോപ്യൻ നഗരങ്ങളുടെ ഒരു വിദൂര ഛായ തോന്നിക്കും.. അല്ലെങ്കിലും കിഴക്കിന്‍റെ സ്കോട്‍ലാൻഡ്, അഡോബ് ഓഫ് ക്‌ളൗഡ്‌സ്, തുടങ്ങി പല വിശേഷണങ്ങളുണ്ട് ഒരുമാന്ത്രികനെ പോലെ ഒരേദിവസം തന്നെ മാറിമാറി വരുന്ന കാലാവസ്ഥകളുടെ പ്രദർശനം കാഴ്ച വെക്കുന്ന ഷില്ലോങിന്. !!!

പുറത്തിറങ്ങി നേരെ പോയത് ഷില്ലോങ് ഗോൾഫ് ലിങ്കിനോട് ചേർന്ന മൈതാനത്തേക്കാണ്. സായാഹ്നം ചിലവഴിക്കാനായി ഒരുപാടു പേർ അവിടെ എത്തിച്ചേർന്നിട്ടുണ്ട്. അലസമായ ഏതാനും നിമിഷങ്ങൾ അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ നേരെ വാർഡ്‌സ്‌ തടാകത്തിനടുത്തേക്കു പോയി. ഷില്ലോങ് നഗര ഹൃദയത്തിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് വാർഡ്‌സ്‌ തടാകം. നാൻപോളോ എന്നും ഈ തടാകത്തെ വിളിച്ചു വരുന്നു. കുതിരക്കുളമ്പിന്‍റെ ആകൃതിയാണ് ഈ തടാകത്തിന്. ഷില്ലോങ് സന്ദർശിക്കുന്ന മിക്കവാറും എല്ലാവരും തന്നെ വാർഡ്‌സ്‌ തടാകം സന്ദർശിക്കാതിരിക്കാറില്ല.

ബ്രിട്ടീഷ് ഭരണ കാലത്ത് അസം ചീഫ് കമ്മീഷണർ ആയിരുന്ന വില്യം വാർഡ്‌സിന്‍റെ പേരിലാണ് തടാകം അറിയപ്പെടുന്നത്. ഒരു ഖാസി തടവുകാരനാണത്രെ ഈ തടാകം പണിതത്. തടാകത്തിനു ചുറ്റും മനോഹരമായ പാലമുണ്ട്. സമീപത്തു തന്നെ കാണുന്ന വിവിധ സസ്യജാലങ്ങൾ നിറഞ്ഞ സുന്ദരമായ ഒരു ബൊട്ടാണിക്കൽ ഗാർഡൻ ഏവരെയും ആകർഷിക്കും. കൂടാതെ സന്ദർശകർക്ക് ബോട്ടിംഗിനുള്ള സൗകര്യവും ഇവിടെയുണ്ട്. ഞങ്ങളും ഒരു പെഡൽ ബോട്ടിൽ തടാകത്തിലേക്കിറങ്ങി. ഏറെ രസകരമായിരുന്നു ആ അനുഭവം.! അസ്തമയ സൂര്യന്‍റെ പൊൻപ്രഭയിൽ തടാകത്തിനു ചുറ്റുമുള്ള കരിങ്കൽ പാകിയ നടപ്പാതകളും വർണ്ണ വൈവിധ്യം നിറഞ്ഞ പൂച്ചെടികളും ഏറെ മനോഹരമായി കാണപ്പെട്ടു. മിനുട്ടുകൾ കടന്നുപോകെ സൂര്യൻ മറഞ്ഞു തുടങ്ങി. അതോടെ തടാകത്തിനു ചുറ്റും ക്രമീകരിച്ചിരിക്കുന്ന വൈദ്യുത വിളക്കുകൾ തടാകത്തിനു ചുറ്റും പ്രകാശം പരത്തി.. ഒപ്പം ഒഴുകിയെത്തിയ നേർത്ത സംഗീതം മനസ്സുകളെ ആഹ്ലാദഭരിതമാക്കി. വർണ്ണ വിളക്കുകളുടെയും സംഗീതത്തിന്‍റെയും അകമ്പടി തടാക പരിസരത്തെ ഏറെ കമനീയമാക്കി !!!

ഇരുട്ടിനൊപ്പം തണുപ്പും കടുത്തുതുടങ്ങി. സമയം വെറും ആറുമണിയെ ആയിട്ടുള്ളു! ആളുകൾ തടാക പരിസരത്തു നിന്ന് പിൻവാങ്ങി തുടങ്ങിയതോടെ ഞങ്ങളും തടാകക്കരയിൽ നിന്ന് പട്ടണ ഹൃദയത്തിലേക്കു നടന്നു. രസകരമായിരുന്നു ഷില്ലോങ് തെരുവുകളിലൂടെയുള്ള ആ നടത്തം. വൈവിധ്യമാർന്ന ഭക്ഷണ സാധനങ്ങളുടെയും പച്ചക്കറികളുടെയും പഴവർഗ്ഗങ്ങളുടെയും കച്ചവടം തെരുവിൽ പൊടിപൊടിക്കുന്നു. ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുന്നവർ സാധനങ്ങൾ വാങ്ങുന്ന തിരക്കിലാണ്. പട്ടണത്തിൽ എല്ലായിടത്തും കാണുന്ന സ്ത്രീകളുടെ മേൽക്കോയ്മ ഇന്ത്യയിലെ ഇതര ഭാഗത്തുനിന്നു വരുന്നവരെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. ഇവിടുത്തെ സ്ത്രീകളുടെ പരമ്പരാഗത വസ്ത്രമായ ജൈൻസെൻ (Jainsen) അണിഞ്ഞ സ്ത്രീകൾ ഞങ്ങൾക്ക് ഒരു കൗതുക കാഴ്ചയായിരുന്നു. കഴുത്തിനു ചുറ്റും ഒരു പ്രത്യേക രീതിയിൽ ചുറ്റിയാണ് ഇത് ധരിക്കുന്നത്. അടിസ്ഥാനപരമായി സിൽക്കുകൊണ്ടാണ് ഇത് നിർമ്മിക്കുന്നതെങ്കിലും എല്ലാ തരം തുണികളിലും ഇതു ലഭ്യമാണ്. ഇത് കൂടാതെ സുലഭമായി കാണുന്നത് പാശ്ചാത്യ രീതിയിൽ വേഷം ധരിച്ചവരെയാണ്. കുറെ നേരം തെരുവോരങ്ങളിൽ കാഴ്ചകൾ കണ്ട് ഞങ്ങൾ ചുറ്റി നടന്നു.ഏറെ കൗതുകമുള്ളതായിരുന്നു വേറിട്ട ഒരു സംസ്കൃതിയുടെ ഭാഗമായ ആ കാഴ്ചകൾ.

meghalaya

തണുപ്പ് കനത്തു തുടങ്ങിയതോടെ അന്നത്തെ ചുറ്റിക്കറങ്ങൽ മതിയാക്കി ഞങ്ങൾ ഹോട്ടലിലേക്കു മടങ്ങി. ഏറെ തണുത്ത കാലാവസ്ഥയും യാത്രയുടെയും അലച്ചിലിന്‍റെയും ക്ഷീണവും എല്ലാം ചേർന്ന് കിടന്നതും ഉറങ്ങിപ്പോയി. പിറ്റേന്ന് രാവിലെ നേരത്തെ തന്നെ ഉണർന്നു. അതിനൊക്കെ മുൻപ് പുലർച്ചെ നാലു മണിയോടെ തന്നെ സൂര്യോദയം കഴിഞ്ഞിരുന്നു. വേഗം തന്നെ ഞങ്ങൾ യാത്രക്കു തയ്യാറായി ഇറങ്ങി. പുറത്ത് ഏറെ സുന്ദരമായ ഒരു പ്രഭാതം ഞങ്ങളെ വരവേൽക്കാനെന്നോണം ഒരുങ്ങി നിന്നിരുന്നു. ചെടികളിലെ ഇലകളിൽ പ്രഭാതത്തിലെ മഞ്ഞുതുള്ളികൾ വീണു കിടന്നിരുന്നു. ഉദയസൂര്യന്‍റെ രശ്മികൾ പതിച്ച് ആ മഞ്ഞു തുള്ളികൾ വൈഡൂര്യം പോലെ തിളങ്ങി. ഞങ്ങൾക്ക് പോകേണ്ടത് എലിഫന്‍റ് ഫാൾസിനടുത്തേക്കായിരുന്നു.

വളരെ സാവകാശം വഴിയോരക്കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഞങ്ങൾ യാത്രയാരംഭിച്ചു. വഴിയോരത്തെങ്ങും തലയുയർത്തി നിൽക്കുന്ന ദേവതാരു വൃക്ഷങ്ങളും പൂക്കൾ നിറഞ്ഞവയും അല്ലാത്തവയുമായ തരുനിരകളും ഞങ്ങൾക്കു കുട പിടിച്ചു. എടുത്തു പറയേണ്ടതു തന്നെയാണ് ഇവിടുത്തെ ഹരിത വൈവിധ്യം. കണ്ണുകളും കാതുകളും മനസ്സും പൂർണ്ണമായും ചുറ്റുവട്ടത്തേക്ക് തുറന്നുവെച്ച് ഞങ്ങളിരുന്നു..

താമസിയാതെ ഞങ്ങൾ വെള്ളച്ചാട്ടത്തിനടുത്തെത്തി. പാര്‍ക്കിംഗ് സ്ഥലത്ത് വണ്ടി നിര്‍ത്തി ഞങ്ങൾ ഇറങ്ങി. കൗതുക വസ്തുക്കളും കരകൗശല വസ്തുക്കളും ചാറ്റുകളും മറ്റും വിൽക്കുന്ന കടകളിൽ ആൾക്കാർ സാധനങ്ങൾ നോക്കി വാങ്ങുന്ന തിരക്കിലാണ്. ടിക്കറ്റ്‌ എടുത്ത് ഞങ്ങൾ വഴുക്കലുള്ള കോണ്‍ക്രീറ്റ് പടികള്‍ ഇറങ്ങിതുടങ്ങി. മൂന്നു തട്ടുകളായി കിടക്കുന്ന വെള്ളച്ചാട്ടമാണിത്. പടികൾ ഇറങ്ങി ഞങ്ങള്‍ ആദ്യത്തെ വെള്ളച്ചാട്ടത്തിന്‍റെ അടുത്തെത്തി.

കാട്ടില്‍, മരങ്ങളാല്‍ ചുറ്റപ്പെട്ട ഒരിടത്ത് തട്ടിച്ചിതറിയ മുത്തുമണികളെപ്പോൽ തുള്ളിച്ചാടി ഒഴുകുന്ന ഒരു കുഞ്ഞു വെള്ളച്ചാട്ടമാണത്. മന്ദം വീശിയടിക്കുന്ന തെന്നലിൽ അലിഞ്ഞു ചേർന്ന ജലകണികകൾ പാറിവന്നെന്‍റെ മുഖത്തു തൊട്ടു. ഇളം വെയിലും കുളിർ തെന്നലും പൊട്ടിച്ചിരിക്കുന്ന വെള്ളച്ചാട്ടവുമെല്ലാം ചേർന്ന് സ്വർഗ്ഗീയമായ ഒരന്തരീക്ഷമായിരുന്നു അവിടെ. ആൾക്കാരെല്ലാം ഫോട്ടോസ് എടുക്കുന്നതിന്‍റെ തിരക്കിലാണ്. ഏതാനും ഫോട്ടോസ് ഞങ്ങളും എടുത്തു. അവിടെ സ്ഥാപിച്ച ഒരു ബോർഡിൽ എലിഫന്‍റ് ഫാൾസ്സിനെ കുറിച്ച് ഒരു ലഘു വിവരണം എഴുതി വെച്ചിട്ടുണ്ട്. ഖാസികള്‍ ഈ വെള്ളച്ചാട്ടത്തിനെ ‘കാ ക്ഷൈദ് ലൈ പതെങ്ക് ഖൊഹ്സയു’ (Ka Kshaid Lai Pateng Khohsiew) എന്നാണ് വിളിച്ചിരുന്നത്. മൂന്ന് തട്ടുള്ള വെള്ളച്ചാട്ടം എന്നാണ് അതിനർത്ഥം. പിന്നീട് ബ്രിട്ടീഷുകാര്‍ വന്നപ്പോള്‍ ഇട്ട പേരാണ് എലിഫന്‍റ് ഫാള്‍സ്. വെള്ളച്ചാട്ടത്തിനടുത്ത് ആനയുടെ ആകൃതിയിലുള്ള ഒരു പാറ ഉണ്ടായിരുന്നതാണ് ആ പേര് നല്കാൻ കാരണം. പിന്നീട് ഭൂകമ്പത്തില്‍ ആ പാറ തകര്‍ന്നു പോയെങ്കിലും ഈ സ്ഥലത്തെ ഇന്നും എലിഫന്‍റ് ഫാള്‍സ് എന്ന് വിളിച്ചു പോരുന്നു.

ഒന്നാമത്തെ വെള്ളച്ചാട്ടത്തിനടുത്ത് കുറച്ചു സമയം ചിലവഴിച്ച ശേഷം താഴേക്കുള്ള പടികള്‍ ഇറങ്ങി രണ്ടാമത്തെ വെള്ളച്ചാട്ടം കാണുവാനായി പോയി. ഒന്നാമത്തെ വെള്ളച്ചാട്ടത്തെ പോലെ തന്നെ കറുത്ത പാറക്കെട്ടുകളിലൂടെ ചിരിച്ചുകൊണ്ടൊഴുകുന്ന രണ്ടാമത്തെ വെള്ളച്ചാട്ടവും മരങ്ങളാല്‍ ചുറ്റപ്പെട്ടുകിടന്നു. വീണ്ടും കുറച്ചു ദൂരം താഴേക്ക് പടികള്‍ ഇറങ്ങി മൂന്നാമത്തേതും അവിടത്തെ അവസാനത്തേതുമായ വെള്ളച്ചാട്ടം കണ്ടു. ഈ വെള്ളച്ചാട്ടത്തിന് കുറുകെയായി ഒരു പാലം പണിതിട്ടുണ്ട്. ആ പാലത്തിൽ നിന്നാൽ അതില്‍ നിന്ന് രണ്ടാമത്തെ വെള്ളച്ചാട്ടവും മൂന്നാമത്തെ വെള്ളച്ചാട്ടത്തിന്‍റെ മുകളില്‍ നിന്നുള്ള കാഴ്ചയും കാണാന്‍ സാധിക്കും. അതി മനോഹരമായിരുന്നു ആ കാഴ്ച…

meghalaya

മൂന്നാമത്തെ വെള്ളച്ചാട്ടവും കഴിഞ്ഞശേഷം ആ കാട്ടരുവി രണ്ടു കൈവഴികളായി പിരിഞ്ഞാണ് ഒഴുകുന്നത്. ഒരുപാട് നേരം ആ കാഴ്ച കണ്ടും ആ കുളിർമ ആസ്വദിച്ചും ഞങ്ങൾ അവിടെ ചിലവഴിച്ചു. സമയക്കുറവു മൂലം പിന്നീട് മനസ്സില്ലാമനസ്സോടെ പടികൾ തിരിച്ചു കയറി മുകളിലെത്തി… മുകളിലെത്തിയ ഞങ്ങൾ അവിടെ വിൽപ്പനക്ക് വെച്ചിരുന്ന കരകൗശല വസ്തുക്കളിലൂടെ കണ്ണുകൾ പായിച്ചു.. അവയിൽ മുള കൊണ്ടും ഈറ്റ കൊണ്ടും ഉണ്ടാക്കിയവ ഏറെ കൗതുകകരമായിരുന്നു. സമയം ഏകദേശം പതിനൊന്നര ആയിരുന്നു. ഞങ്ങൾക്കാണെങ്കിൽ അന്ന് വൈകുന്നേരം തന്നെ ഗോഹാട്ടിയിൽ തിരിച്ചെത്തേണ്ടതുണ്ട്. അതിനാൽ തന്നെ ഏറെ നേരം അവിടെ നിൽക്കാതെ അടുത്ത ലക്ഷ്യമായ ഷില്ലോങ് വ്യൂ പോയിന്‍റിലേക്ക് യാത്ര തിരിച്ചു.

ചെറിയൊരു ചാറ്റൽമഴ തുടങ്ങിയിരുന്നു അപ്പോൾ. മഴയുടെ ശക്തി കൂടല്ലേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് വളഞ്ഞു പുളഞ്ഞു മുകളിലേക്ക് പോകുന്ന വഴിയിലൂടെ യാത്ര തുടർന്നു. വഴിയോരത്ത് നിറയെ ദേവതാരു വൃക്ഷങ്ങൾ കാറ്റിലാടിക്കൊണ്ട് നിരന്നുനിന്നു.

ഇടയ്ക്കു കാണുന്ന വീടുകളെല്ലാം മുളയും ഷീറ്റും മറ്റും ഉപയോഗിച്ചു പണിഞ്ഞ മേഘാലയ മോഡൽ വീടുകളായിരുന്നു. ഉച്ചക്ക് പന്ത്രണ്ടു മണി ആയിരുന്നെങ്കിലും കാറ്റിന് അപ്പോഴും നല്ല തണുപ്പായിരുന്നു. കയറ്റത്തിനൊടുവിൽ ഞങ്ങൾ ഷില്ലോങ് വ്യൂ പോയിന്‍റിൽ എത്തി. പാർക്കിംഗ് സ്പേസിൽ കാർ പാർക്ക് ചെയ്ത് ഞങ്ങൾ പുറത്തിറങ്ങി. അവിടെ ആ കുന്നിൻ മുകളിൽ നിന്ന് ഞങ്ങൾ താഴേക്ക് നോക്കി. എത്ര മനോഹരമായിരുന്നു ആ കാഴ്ച എന്നു വർണ്ണിക്കാൻ വാക്കുകളില്ല. താഴ്വരയിൽ പച്ചമരക്കൂട്ടങ്ങൾക്കിടയിൽ ബഹുവർണ്ണത്തിൽ കെട്ടിടങ്ങൾ നിരന്നു നിന്നു. പട്ടണത്തിനു മുകളിലായി മേഘക്കൂട്ടങ്ങൾ പഞ്ഞിക്കെട്ടുകൾ പോലെ പാറി നടന്നു. നഗരത്തെ കുറച്ചുകൂടെ അടുത്ത് കാണാൻ അവിടെ ടെലിസ്കോപ്പും സജ്ജീകരിച്ചിട്ടുണ്ട്. അതിലൂടെ ഞങ്ങൾ ഷില്ലോങ് നഗരത്തെ കൺകുളിർക്കെ കണ്ടു. പട്ടണത്തിന്‍റെ ഒരു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പച്ചമലനിരകളിലൂടെയുള്ള മേഘങ്ങളുടെ പ്രയാണം ഏറെ മനോഹരമായിരുന്നു..!!

ഒരിക്കലും മടുക്കാത്ത ആ കാഴ്ചയും കണ്ട് എത്ര നേരം വേണമെങ്കിലും അവിടെ ചിലവഴിക്കാൻ മനസ്സ് തയ്യാറായിരുന്നു!! പക്ഷെ തിരിച്ചു പോയല്ലേ പറ്റൂ.. ഞങ്ങളെപ്പോലെ വേറെയും ഒരുപാട് സന്ദർശകർ അവിടെ കാഴ്ചകൾ കണ്ടും ഫോട്ടോസ് എടുത്തും നിൽക്കുന്നുണ്ടായിരുന്നു. മേഘങ്ങൾ കാഴ്ച മറക്കും മുൻപ് കുറെ ചിത്രങ്ങൾ ഞങ്ങളും എടുത്തു.

അവിടെയും ഐസ്ക്രീമും ചാറ്റുകളും കൗതുക വസ്തുക്കളും ഒക്കെയായി കച്ചവടം തകർക്കുന്നുണ്ടായിരുന്നു. കാഴ്ചകൾ കണ്ടു നിൽക്കെ സമയം അതിവേഗം കടന്നു പൊയ്ക്കൊണ്ടിരുന്നു. സമയം ഒന്നരയോടടുത്തിരുന്നു. തിരിച്ചുപോകേണ്ട സമയമായിരിക്കുന്നു. മനസ്സ് കീഴടക്കുന്ന മായികക്കാഴ്ചകളിൽ നിന്നു കണ്ണുകൾ പറിച്ചെടുത്ത് ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. എത്ര കണ്ടാലും മതി വരാത്ത മറക്കാനാവാത്ത ദൃശ്യവിരുന്ന് ഒരുക്കി വെച്ച മേഘാലയയിലെ പ്രകൃതിയുടെ സൗന്ദര്യം മടക്കയാത്രയിലും ഞങ്ങൾ കണ്ണെടുക്കാതെ ആസ്വദിച്ചുകൊണ്ടിരുന്നു… മേഘങ്ങളുടെ ഈ സുന്ദര ഭവനത്തിലേക്ക് വീണ്ടും വരണം… അധികം താമസിയാതെ തന്നെ.!!! മനസ്സ് മന്ത്രിച്ചു.. വഴിയോരത്തെ മുളം കൂട്ടങ്ങൾ കലപില ശബ്ദത്തോടെ പോയ് വരൂ എന്ന് ഞങ്ങൾക്ക് യാത്രാ മംഗളം നേർന്നു.

സാഗരസംഗമം – ഭാഗം 6

ഞങ്ങൾ കൂട്ടിക്കൊണ്ടു വരാൻ അങ്ങോട്ടു വരുന്നുണ്ടെന്നറിയിച്ച് അവൾക്ക് ഒരു മെസേജ്ജ് അയക്കുകയും ചെയ്‌തു. ഒപ്പം ബാംഗ്ലൂരുള്ള മഞ്ജുവിനേയും മായയേയും സന്ദർശിക്കാമെന്നും എന്‍റെ മനസ്സിലുണ്ടായിരുന്നു. മഞ്ജുവിനെ ഒരു എൻജിനീയറും മായയെ ഒരു ഡോക്ടറുമാണ് വിവാഹം ചെയ്തത്. അവർ രണ്ടുപേരും ഒരു ഫ്ളാറ്റിന്‍റെ താഴത്തേയും മുകളിലത്തേയും നിലകളിലാണ് താമസിക്കുന്നത്. അമ്മയും അവരോടൊപ്പം തന്നെ താമസിക്കുന്നു. എല്ലാവരേയും കാണാൻ എന്‍റെ മനസ്സിൽ വളരെയേറെ ആഗ്രഹമുണ്ടായിരുന്നു.

ലീവ് തീർന്നയുടനെ ഞാൻ കോളേജിലേയ്ക്ക് പുറപ്പെട്ടു. ഏറെ നാളുകൾക്കു ശേഷം കോളേജിൽ എത്തുമ്പോൾ സഹപ്രവർത്തകരും വിദ്യാർത്ഥികളും അടുത്തു കൂടി കുശലാന്വേഷണം നടത്തി. എല്ലാവരോടും സന്തോഷപൂർവ്വം മറുപടി പറയുമ്പോൾ എന്നെ അതുവരെ അലട്ടിയിരുന്ന ദുഃഖങ്ങളിൽ നിന്നെല്ലാം മോചനം ലഭിക്കുന്നതു പോലെ തോന്നി.

വീണ്ടും ജീവിതത്തിന്‍റെ തിരക്കുകളിൽ ഞാനലിയുമ്പോൾ നരേട്ടൻ ഏകനായി വീട്ടിൽ കഴിച്ചു കൂട്ടി. ഏകാന്തത അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കുന്നതു പോലെ തോന്നി. കോളേജ് ലൈബ്രറിയിൽ നിന്നും അദ്ദേഹത്തിനു താൽപര്യമുള്ള കുറെ പുസ്തകങ്ങൾ തെരഞ്ഞെടുത്ത് ഞാൻ വായിക്കാനായി കൊണ്ടു പോയി കൊടുത്തു. അവയിൽ മിക്കവയും ജീവചരിത്ര പുസ്തകങ്ങളായിരുന്നു. അതദ്ദേഹത്തിന് വലിയ ആശ്വാസമായി എന്നു തോന്നി. വീട്ടിലെത്തിയാൽ നരേട്ടനുമായി ഹ്രസ്വമായ കുശലാന്വേഷണങ്ങളെ എനിക്കു സാധ്യമായിരുന്നുള്ളൂ പാചകവും മറ്റും ജോലികളുമായി ഞാൻ തിരക്കിലായിരിക്കും.

ഫൈനൽ ഇയർ വിദ്യാർത്ഥികളുടെ എക്സാമിനേഷൻ അടുത്തതിനാൽ പാഠപുസ്തകങ്ങൾ എടുത്തു തീർക്കുകയും അവർക്കാവശ്യമായ നോട്ടുകൾ പ്രിപ്പയർ ചെയ്യുകയും ചെയ്യുന്ന ചുമതലയിൽ ഞാൻ മുഴുകി. ഇതിനിടയിൽ നരേട്ടൻ എന്നെ ബുദ്ധിമുട്ടിക്കാതിരിക്കാൻ കുറെ കാര്യങ്ങൾ സ്വയം ചെയ്യാൻ തുടങ്ങി. അതിൽ പാചകവും അദ്ദേഹം കുറേശേ പരിശീലിച്ചു തുടങ്ങി.

തനിക്കാവശ്യമായ ഓംലറ്റും ചായയും അദ്ദേഹം സ്വയം ഉണ്ടാക്കാൻ പഠിച്ചു. സ്വന്തം പാചകം എത്ര മോശമായാലും അതിനെ സ്വയം പുകഴ്ത്തുന്ന ഒരു ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു. അതു കണ്ട് ഞാൻ പറഞ്ഞു.

“എങ്കിൽ ഇനി മുതൽ ഞാൻ മാറി നിൽക്കാം… നരേട്ടൻ തന്നെ എല്ലാം സ്വയം ഉണ്ടാക്കി കഴിച്ചോളൂ…”

അതുകേട്ട് അദ്ദേഹം ഉറക്കെ പൊട്ടിചിരിച്ചു കൊണ്ട് പറഞ്ഞു.

“മീരാ, ഞാൻ വെറുതെ പറഞ്ഞതല്ലെ. ഞങ്ങൾ പുരുഷന്മാർ ഇങ്ങനെയൊക്കെ പറയുമെങ്കിലും രണ്ടു ദിവസം നിങ്ങളടുത്തില്ലെങ്കിൽ ഞങ്ങളുടെ കാര്യമെല്ലാം കുഴയും. പിന്നെ പാചകത്തിൽ എന്‍റെ മീരയ്ക്കൊരു പ്രത്യേക മിടുക്കു തന്നെ ഉണ്ടല്ലോ…” അദ്ദേഹം എന്നെ വാനോളം പുകഴ്ത്തുമ്പോൾ ഞാനറിയാതെ ആകാശത്തോളം ഉയർന്നു.

അങ്ങനെ പൊട്ടിച്ചിരികളും, കളിതമാശകളുമായി ഞങ്ങളുടെ ദിനങ്ങൾ അതിവേഗം കടന്നു പൊയ്ക്കൊണ്ടിരുന്നു. നരേട്ടനും ലീവ് തീർന്ന് കോളേജിൽ ജോയിൻ ചെയ്യാനുള്ള സമയമടുത്തു വന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യം അതിനകം വളരെയധികം മെച്ചപ്പെട്ടിരുന്നു. ഇതിനിടയിൽ ഒരു ദിനം ഞാൻ കോളേജിൽ നിന്നും മടങ്ങി വരുമ്പോൾ നരേട്ടൻ ആകെ മ്ലാനവദനനായി ഇരിയ്ക്കുന്നതു കണ്ടു. കാര്യം അന്വേഷിച്ചപ്പോൾ ഒരു കത്തെടുത്ത് എന്‍റെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു.

“കൃഷ്ണമോളയച്ചതാണ്. നീ വായിച്ചു നോക്ക്.” അദ്ദേഹം നീട്ടിയ കത്തു ഞാൻ തുറന്നു വായിച്ചു.

“മമ്മി അയച്ച മെസ്സേജ് കിട്ടി. നിങ്ങൾ എന്നെ പ്രസവത്തിന് കൂട്ടിക്കൊണ്ടു പോകുന്നതിനായി ഇങ്ങോട്ടു വരുന്നുണ്ടെന്നറിയിച്ചതിൽ വളരെ സന്തോഷം. എന്നാൽ ദേവേട്ടന് എന്നെ അങ്ങോട്ട് പറഞ്ഞു വിടുന്നതിൽ വളരെ വിഷമമുണ്ട്. അദ്ദേഹം പറയുന്നത് പ്രസവം ഇവിടെയാക്കാമെന്നാണ്. അദ്ദേഹത്തിന്‍റെ വീട്ടുകാർ എല്ലാവരും ഇപ്പോൾ അതുതന്നെ പറയുന്നു. അദ്ദേഹത്തിനിഷ്ടമില്ലാത്തതൊന്നും ഞാൻ ചെയ്യുകയില്ല. തന്നെയുമല്ല മമ്മിയെയും, പപ്പയെയും കാണുന്നതിന് അദ്ദേഹത്തിന് ആഗ്രഹമില്ല. അതുകൊണ്ട് എന്നെക്കൂട്ടിക്കൊണ്ടു പോകുവാൻ ഇങ്ങോട്ട് വരണമെന്നില്ല. ഇനി എപ്പോഴെങ്കിലും ഞാൻ അങ്ങോട്ടു വന്ന് നിങ്ങളെ കണ്ടു കൊള്ളാം.”

ആ കത്ത് വായിച്ചതോടെ ഒരു കാര്യം ബോധ്യമായി. മകൾ ഞങ്ങളിൽ നിന്ന് അകലുകയാണ്. അല്ലെങ്കിൽ അവളുടെ ഭർത്താവും വീട്ടുകാരും അവളെ ഞങ്ങളിൽ നിന്നും അകറ്റാൻ ശ്രമിക്കുകയാണ്. മറ്റൊരു സംസ്കാരത്തിലേയ്ക്ക് അവളെ വിവാഹം കഴിപ്പിച്ചയച്ചതിന്‍റെ പരിണത ഫലം. വേണ്ടത്ര സ്ത്രീധനം കിട്ടിയില്ലെന്ന പരാതിയും ദേവാനന്ദിന്‍റെ വീട്ടുകാർക്കുണ്ട്. അതോടെ ആ യാത്ര വേണ്ടെന്നു വയ്ക്കേണ്ടി വന്നു.

കൃഷ്ണമോൾ പ്രസവിച്ചപ്പോൾ അതറിയിക്കാൻ പോലും ദേവാനന്ദ് തുനിഞ്ഞില്ല. പിന്നെ വളരെ നാളുകൾക്കു ശേഷം കൃഷ്ണമോളുടെ കത്തു വന്നു. “പപ്പാ… ഞാൻ അങ്ങോട്ട് വരികയാണ് എന്‍റെ മോനെയും ഞാൻ കൊണ്ടു വരുന്നുണ്ട്. അവന് ആറുമാസമായി. എനിക്ക് പപ്പായെ കാണണം. മമ്മിയോട് കുറച്ചു ദിവസത്തേയ്ക്ക് കഴിയുമെങ്കിൽ എനിക്കു വേണ്ടി ലീവെടുക്കാൻ പറയണം. പ്രസവശേഷം എനിക്ക് നല്ല നടുവേദനയുണ്ട്. റെസ്റ്റെടുക്കാൻ വേണ്ടിയാണ് ഞാൻ അങ്ങോട്ടു വരുന്നത്.”

അവളുടെ കാര്യങ്ങൾ നടന്നു കിട്ടാൻ വേണ്ടി മാത്രം ഞാൻ വേണം. അല്ലെങ്കിൽ ഉള്ളിലെ വെറുപ്പ് പുറത്തെടുത്ത് എന്നോട് കലഹിക്കുക ഇതാണ് അവളുടെ സ്വഭാവം.

കത്തു കിട്ടി രണ്ടാഴ്ച പിന്നിട്ടപ്പോൾ കൃഷ്ണമോളെത്തി. അവളുടെ കൈയ്യിൽ വെളുത്തു തുടുത്ത ഒരാൺകുട്ടിയുമുണ്ട്. ടാക്സിയിൽ ഞങ്ങളുടെ വീടിനു മുന്നിൽ അവൾ വന്നിറങ്ങുമ്പോൾ നരേട്ടനും ഞാനും ഓടിച്ചെന്നു. കൊച്ചുമകനെ ആദ്യമായി കാണുന്ന സന്തോഷം ഞങ്ങളുടെ ഉള്ളിൽ തുടിച്ചിരുന്നു. കമ്പിളിയുടുപ്പും, കമ്പിളിത്തൊപ്പിയും വച്ച് അമ്മയുടെ കയ്യിൽ സുഖസുഷുപ്തിയിലാണ്ടിരുന്ന അവനെ എടുക്കുവാൻ ഞാൻ കൈകൾ നീട്ടി. എന്നാൽ കൃഷ്ണമോളാകട്ടെ എന്‍റെ കൈയ്യിൽ നൽകാതെ നരേട്ടന്‍റെ നേർക്ക് അവനെ നീട്ടി. ഒന്നുമറിയാത്ത മട്ടിൽ അവൾ ഒരു കള്ളവും പറഞ്ഞു.

“അവന് ആണുങ്ങളെയാണ് കൂടുതലിഷ്ടം. എന്നെക്കാൾ ദേവേട്ടനെയാണ് അവന് കൂടുതൽ കാര്യം.” അപ്പോഴേയ്ക്കും കുഞ്ഞുണർന്ന് കരഞ്ഞു. എന്‍റെ മുഖത്തെ സന്തോഷം മങ്ങുന്നതു കണ്ട് നരേട്ടൻ കുഞ്ഞിനെ എന്‍റെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു.

“ഇതാ മീര… നീ തന്നെയെടുത്തോളൂ. മമ്മിയ്ക്കാണിതിനൊക്കെ കൂടുതൽ വശം. കരയുന്ന കുഞ്ഞുങ്ങളെ എടുക്കാനൊന്നും എനിക്കു വലിയ വശമില്ല.”

അദ്ദേഹം കൃഷ്ണമോളെ നോക്കി പറഞ്ഞു. കൃഷ്ണമോൾ ചെറുതായി മുഖം വീർപ്പിച്ച് മുന്നോട്ടു നടന്നു. ഞങ്ങളിരുവരും അവളുടെ പുറകിലായി കുഞ്ഞിനെയും എടുത്തു കൊണ്ട് നടന്നു. ഡ്രോയിംഗ് റൂമിൽ എത്തിയ ഉടനെ സോഫയിൽ ചാരിക്കിടന്ന് അവൾ പറഞ്ഞു.

“ഹൊ… എനിക്ക് നടുവേദന കാരണം തീരെ വയ്യ. കുഞ്ഞിന്‍റെ കാര്യങ്ങൾ നോക്കലും ജോലിക്കു പോകലും എല്ലാം കൂടി ഞാനാകെ വിഷമത്തിലാണ്. അതിനിടയിൽ ദേവേട്ടന്‍റെമ്മയോട് വഴക്കിട്ട് ഒരു വേലക്കാരിയുണ്ടായിരുന്നതൊട്ട് വരുന്നുമില്ല. ഇനി മറ്റൊരൊളെ അന്വേഷിച്ചു കണ്ടു പിടിയ്ക്കണം. അതുവരെ കുറച്ചു ദിവസം ലീവെടുത്ത് ഇവിടെ നിൽക്കാമെന്ന് കരുതി.”

അതുകേട്ട് നരേട്ടൻ അവളുടെ അടുത്തിരുന്ന് സഹതാപപൂർവ്വം ചോദിച്ചു.

“എന്നിട്ട് നീയിതു വരെ ഡോക്ടറെയൊന്നും കാണിച്ചില്ലേ? ഒരു നല്ല ഗൈനക്കോളജിസ്റ്റിനെ നിനക്ക് കാണാമായിരുന്നില്ലേ?”

“ങാ… ഗൈനക്കോളജിസ്റ്റിനെ കണ്ടു അച്‌ഛാ… ഡോക്ടർ പറഞ്ഞത് നല്ല റെസ്റ്റു വേണമെന്നാണ് . പ്രസവം കഴിഞ്ഞ് മര്യാദയ്ക്കൊന്ന് റെസ്റ്റ് ചെയ്യാൻ പറ്റിയിട്ടില്ല. നാൽപ്പത്തിയഞ്ചു ദിവസം കഴിഞ്ഞപ്പോൾ ഞാൻ കുഞ്ഞിനെ ദേവേട്ടന്‍റെ അമ്മയെ ഏൽപ്പിച്ചിട്ട് ജോലിയ്ക്കു പോയിത്തുടങ്ങിയതാണ്. ദേവേട്ടന്‍റെ വീട്ടിലാണെങ്കിൽ ആരുമെന്നെ കെയർ ചെയ്യുന്നുമില്ല. ഒരു വേലക്കാരിയെ പുറം ജോലിയ്ക്ക് സഹായത്തിനു നിർത്തിയത് മാത്രമാണ് ദേവേട്ടൻ ചെയ്‌തത്. പിന്നെ ബാംഗ്ലൂരിലെ ഫ്ളാറ്റിൽ വന്നപ്പോൾ അമ്മയും അവിവാഹിതയായ ഇളയ സഹോദരിയും കൂടെപ്പോന്നു. പക്ഷേ ഇപ്പോൾ ദേവേട്ടന്‍റെ മൂത്ത സിസ്റ്ററിന്‍റെ പ്രസവം അടുത്തപ്പോൾ അമ്മ അങ്ങോട്ടു പോയി. വേലക്കാരിയും വരാതായി. അതാണ് ഞാനിങ്ങോട്ടു പോന്നത്.”

ഏതായാലും നീ വന്നത് ഞങ്ങൾക്ക് സന്തോഷമായി. കുഞ്ഞിനെ ഞങ്ങൾക്ക് കാണാൻ പറ്റിയല്ലോ…

നരേട്ടൻ കുഞ്ഞിനെ എന്‍റെ കൈയ്യിൽ നിന്നും വാങ്ങി മടിയിൽ കിടത്തി ഓമനിച്ചു കൊണ്ട് പറഞ്ഞു. അപ്പോഴേയ്ക്കും കുഞ്ഞുണർന്ന് കരയാൻ തുടങ്ങി.

“അവന് വിശക്കുന്നുണ്ടാകും. നീ അവന് പാലു കൊടുക്ക്.” ഞാൻ പറഞ്ഞതു കേട്ട് കൃഷ്ണമോൾ കുഞ്ഞിനെ നരേട്ടന്‍റെ കൈയ്യിൽ നിന്നും വാങ്ങി അകത്തേയ്ക്ക് നടന്നു.

അപ്പോൾ കൃഷ്ണമോളുടെ ചുണ്ടിൽ ഒരു ഗൂഢസ്മിതം വിരിഞ്ഞു നിന്നത് ഞാൻ കണ്ടു. അവളുടെ ഇപ്പോഴത്തെ വരവിന്‍റെ ഉദ്ദേശ്യം നടുവേദന മാത്രമല്ലാ മറ്റെന്തോ ലക്ഷ്യം അവൾക്കുണ്ടെന്നും ആ ഗൂഢസ്മിതം വിളിച്ചറിയ്ക്കുന്നുണ്ടായിരുന്നു. മകളുടെ മനസ്സ് വായിച്ചെടുക്കാൻ തനിയ്ക്കുള്ള കഴിവ് മറ്റാർക്കുമില്ലല്ലോ എന്നും ഓർത്തു.

എന്തു പറഞ്ഞാലും പപ്പയോട് അവൾക്ക് ഒരു പ്രത്യേക അടുപ്പം തന്നെ ഉണ്ടായിരുന്നു എന്ന് എനിക്കനുഭവപ്പെട്ടിട്ടുണ്ട്. നരേട്ടന് മോളോടും അങ്ങനെ തന്നെ. രാഹുൽ മരിച്ച ശേഷം ആ അടുപ്പം കൂടിയിട്ടേ ഉള്ളൂ. കൃഷ്ണമോളുടെ വിദ്വേഷം മുഴുവൻ എന്നോടായിരുന്നു. ഒരു പക്ഷേ ലോകത്തിൽ അവളുടെ ഏറ്റവും വലിയ ശത്രു, അവളുടെ സ്വന്തം മമ്മിയായ ഈ ഞാനായിരുന്നുവല്ലോ… ചെറുപ്പം മുതൽ തുടങ്ങിയ ആ ശത്രുത ഇന്ന് പല കാരണങ്ങൾക്കൊണ്ട് കൂടിയിട്ടേ ഉള്ളൂ.

നരേട്ടനെ എങ്ങിനെയും അവളുടെ സ്വാർത്ഥ താൽപര്യങ്ങൾക്ക് അനുസരിച്ച് വശത്താക്കാമെന്ന് അവൾക്കറിയാമായിരുന്നു. പക്ഷേ എന്നോട് കുരുക്ഷേത്ര ഭൂവിലെ അശ്വത്ഥാത്മാവിനെ പോലെ അവൾ പലപ്പോഴും എതിരിടുവാൻ തക്കം പാർത്തിരുന്നു. ജീവിതത്തിലുടനീളം അവൾ എന്നോട് അവസരങ്ങൾ മുതലെടുത്ത് അത് പ്രകടമാക്കിക്കൊണ്ടിരുന്നു.

കൃഷ്ണ കുഞ്ഞിനേയും കൊണ്ട് എന്‍റെ ബെഡ്റൂമിൽ ചെന്നിരുന്ന് പാൽ കൊടുക്കാൻ തുടങ്ങി. ഞാനാകട്ടെ കൃഷ്ണമോൾ വന്നതു കൊണ്ട് അടുക്കളയിൽ അവൾക്കിഷ്ടപ്പെട്ട ആഹാരം തയ്യാറാക്കുന്ന തിരക്കിലുമായി. അവൾ പറഞ്ഞതനുസരിച്ച് കോളേജിൽ നിന്നും ഞാൻ ഒരാഴ്ചത്തെ ലീവ് എടുത്തിരുന്നു. അതുതന്നെ വളരെ പ്രയാസപ്പെട്ടാണ് ഒപ്പിച്ചെടുത്തത്.

നരേട്ടനാണെങ്കിൽ കോളേജിൽ ജോയിൻ ചെയ്‌തു കഴിഞ്ഞിരുന്നു. എല്ലാ മാസവും ഹോസ്പിറ്റലിൽ പോയി ചെക്കപ്പ് നടത്തണമെന്നതൊഴിച്ചാൽ അദ്ദേഹത്തിന് വേറെ പ്രയാസങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്‍റെ എല്ലാ കാര്യങ്ങളിലും എന്‍റെ ശ്രദ്ധ പതിഞ്ഞിരുന്നു.

കൃഷ്ണമോൾ കുഞ്ഞിന് പാലു കൊടുത്തപ്പോൾ കുഞ്ഞ് വീണ്ടും അവളുടെ കൈയ്യിലിരുന്ന് ഉറങ്ങി. ഉറങ്ങിയ കുഞ്ഞിനെ കട്ടിലിൽ ഭദ്രമായി കിടത്തി അവൾ ഇരുവശത്തും തലയിണ വച്ചു. പിന്നീടവൾ നരേട്ടന്‍റെ അടുത്തെത്തി. നരേട്ടനപ്പോൾ ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അവൾ നരേട്ടന്‍റെ അടുത്തെത്തി അദ്ദേഹത്തോട് ചേർന്നിരുന്നു കൊണ്ട് സ്നേഹപൂർവ്വം ചോദിച്ചു.

“പപ്പയുടെ അസുഖമൊക്കെ ഇപ്പോൾ എങ്ങിനെയുണ്ട്? ഓപ്പറേഷൻ കഴിഞ്ഞ് പപ്പയ്ക്ക് വേറെ പ്രോബ്ലം ഒന്നും ഇല്ലല്ലോ. പപ്പ കോളേജിൽ പോയിത്തുടങ്ങിയോ? പപ്പയുടെ റിട്ടയർമെന്‍റ് അടുത്തു അല്ലേ?” നിരവധി ചോദ്യങ്ങൾ തൊടുത്തു വിട്ടു കൊണ്ട് അവൾ പപ്പയോട് ചേർന്നിരുന്നു. അവളുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നരേട്ടൻ നൽകുന്നുണ്ടായിരുന്നു.

“അതെ മോളെ, പപ്പ കോളേജിൽ നിന്നും റിട്ടയർ ചെയ്യാറായി. ഇനി എണ്ണപ്പെട്ട ദിവസങ്ങളെ ഉള്ളൂ. അസുഖത്തെ സംബന്ധിച്ച് ഇപ്പോൾ പ്രോബ്ലംസ് ഒന്നും ഇല്ല. എങ്കിലും നടക്കുമ്പോൾ ചിലപ്പോൾ ചെറിയ ശ്വാസം മുട്ടൽ ഉണ്ടാകാറുണ്ട്. പിന്നെ എല്ലാ മാസവും ഹോസ്പിറ്റലിൽ പോയി ചെക്കപ്പ് നടത്തണം. അത് ചെയ്യാറുണ്ട്.”

കൃഷ്ണമോളുടെ ചോദ്യത്തിനുത്തരമായി നരേട്ടൻ പറഞ്ഞു നിർത്തി. പെട്ടെന്ന് എന്തോ ഓർത്ത് നരേട്ടൻ ചോദിച്ചു.

“ആട്ടെ… മോള് കുഞ്ഞിന് എന്താ പേര് ഇട്ടത്? അവനെ നിങ്ങൾ എന്താ വിളിക്കുന്നത്?” അവന്‍റെ പേര് അഭിഷേക് എന്നാണച്ഛാ. ടുട്ടുമോനെ എന്നു വിളിക്കും” അവരുടെ സംഭാഷണം തുടർന്നു കൊണ്ടിരുന്നപ്പോൾ ഞാൻ അടുക്കളയിൽ നിന്നും ആഹാരം പാകം ചെയ്‌ത് മേശപ്പുറത്ത് കൊണ്ടു വന്നു വച്ചു. പിന്നീട് മുൻവശത്ത് അവർ സംസാരിച്ചു കൊണ്ടിരുന്ന മുറിയിലെത്തി. ആ സംഭാഷണത്തിൽ പങ്കുകൊള്ളണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും കൃഷ്ണമോൾക്ക് അതിഷ്ടപ്പെട്ടില്ലെങ്കിലോ എന്നു കരുതി ഞാൻ വാതിക്കൽത്തന്നെ നിന്നതേ ഉള്ളൂ. അപ്പോൾ നരേട്ടൻ തന്നെ വിളിച്ചു പറഞ്ഞു.

“താനെന്താ അവിടെത്തന്നെ നിന്നു കളഞ്ഞത്. ഇവിടെ വന്ന് ഇരിക്കെടോ.” അദ്ദേഹം അത്യന്തം സന്തോഷവാനാണെന്നു തോന്നി. അല്ലെങ്കിൽ തന്നെ ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുകയും ചെറിയ കാര്യങ്ങളിൽ ദുഃഖിക്കുകയും ചെയ്യുന്ന ആളാണ്. ഇന്നിപ്പോൾ കൃഷ്ണമോളും അവളുടെ കുഞ്ഞും വന്നത് നരേട്ടനെ ഏറെ സന്തോഷിപ്പിച്ചിരിക്കുകയാണ്.

“എടോ താനിങ്ങനെ മൂഡിയായിട്ടിരുന്നാലെങ്ങനെയാ? നമ്മളിപ്പോൾ മുത്തച്ഛനും മുത്തശിയുമായെടോ. താനൊന്ന് മനസ്സു തുറന്ന് ചിരിച്ചേ.”

സത്യത്തിൽ എന്‍റെ മനസ്സിലും സന്തോഷം വന്നു നിറഞ്ഞിരുന്നു. എന്നാൽ കൃഷ്ണമോളുടെ പെരുമാറ്റമാണ് എന്‍റെ സന്തോഷത്തിന്‍റെ നിറം കെടുത്തിയത്. അവൾ എന്നിൽ നിന്നും ഒരു വല്ലാത്ത അകലം സൂക്ഷിക്കുന്നതു പോലെ അൽപ നേരത്തേയ്ക്ക് ആരും ഒന്നുമിണ്ടാതെ ടിവിയിൽ നോക്കിയിരുന്നു. അത്യന്തം ഹൃദയസ്പര്‍ശിയായ ഒരു ടിവി സീരിയലിലാണ് എല്ലാവരും മിഴിനട്ടിരുന്നത്. അൽപം കഴിഞ്ഞപ്പോൾ ഞാനറിയിച്ചു.

“വരൂ, ആഹാരം കഴിക്കാം. ഞാനെല്ലാം ഉണ്ടാക്കി മേശപ്പുറത്ത് വച്ചിരിക്കുകയാണ്. എല്ലാം ആറിത്തണുത്തു പോകും.”

“എന്നാൽ ശരി നമുക്ക് ആഹാരം കഴിച്ചിട്ടു വരാം മോളെ. ഇന്നു നിനക്കു വേണ്ടി സ്പെഷ്യലായി നിന്‍റെ മമ്മി ഉണ്ടാക്കിയതാണ്. ഇവളുടെ കൈപ്പുണ്യം ഒന്നു വേറെ തന്നെയാണ്.”

നരേട്ടൻ എന്നെ പുകഴ്ത്തി സംസാരിച്ചു കൊണ്ടിരുന്നു. എന്നാൽ കൃഷ്ണയാകട്ടെ അത് കേൾക്കാത്തമട്ടിൽ മറ്റെന്തോ സംസാരിച്ചു.

അച്‌ഛാ… മോന് ഗുരുവായൂരിൽ വച്ച് ചോറു കൊടുക്കണം എന്നാണ് എന്‍റേയും ദേവേട്ടന്‍റെയും ആഗ്രഹം. പിന്നെ ഇവിടെ ഡൽഹിയിൽ ഒരു ഗുരുദ്വാരയയുണ്ട്. ദേവേട്ടൻ മിക്കപ്പോഴും അവിടെ പോകാറുണ്ടായിരുന്നു. അവിടെയും ചില ചടങ്ങുകൾക്ക് പോകണമെന്നുണ്ട്.

“അതെയതെ ദേവാനന്ദിനോട് ഇങ്ങോട്ടു വരാൻ പറയൂ. നമുക്ക് ഒന്നിച്ച് പോകാം.” നരേട്ടൻ പറഞ്ഞതു കേട്ട് അൽപനേരം കൃഷ്ണമോൾ നിശബ്ദയായിരുന്നു. പിന്നെ ആ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് അവൾ പറഞ്ഞു.

“ദേവേട്ടനിപ്പോൾ കുറേശേ കേരളത്തിനോട് അടുപ്പം തോന്നിത്തുടങ്ങിയിട്ടുണ്ട്. അവിടെ ചെന്ന് ഗുരുവായൂരും, കോവളവും മറ്റു ചില സ്ഥലങ്ങളും കാണണമെന്ന് ഇടയ്ക്കു പറയും. എങ്കിലും ദേവേട്ടന്‍റെ മനസ്സിൽ നിങ്ങളോടുള്ള പിണക്കം മാറാത്തതു കൊണ്ട് ഞാനിതു പറയുമ്പോൾ എന്തായിരിക്കും പ്രതികരണമെന്നറിയില്ല.”

അതുകേട്ട് നരേട്ടൻ പറഞ്ഞു“ നീ വേണം അവനെ നിർബന്ധിച്ച് കേരളത്തിലേയ്ക്കു കൊണ്ടു വരാൻ. ഇവിടെ വന്ന് ഞങ്ങളുമായിട്ടിടപെട്ടു കഴിയുമ്പോൾ അവന്‍റെ പിണക്കമെല്ലാം മാറിക്കോളും.”

“ശരി അച്‌ഛാ… ഞാനിടയ്ക്ക് ദേവേട്ടനെ നിർബന്ധിക്കാറുണ്ട്. നമുക്ക് കേരളത്തിലേയ്ക്കു പോകാമെന്ന് ഇപ്പോൾ കുറേശേ വഴങ്ങി തുടങ്ങിയിട്ടുണ്ട്.” അവരുടെ സംഭാഷണം നീണ്ടു പോകുന്നതിനിടയ്ക്ക് ഞാൻ പ്ലേറ്റിൽ ചോറും കറികളും വിളമ്പി. നരേട്ടനും, കൃഷ്ണമോളും കൈകഴുകി എത്തി. അവർ ഇരുന്നപ്പോൾ ഞാൻ ഡൈനിംഗ് ടേബിളിന്‍റെ ഒരറ്റത്ത് നിന്നതേയുള്ളൂ. അതുകണ്ട് നരേട്ടൻ ചോദിച്ചു.

“താനെന്താ ഞങ്ങളുടെ കൂടെ ഇരിയ്ക്കുന്നില്ലേ? താനും ഇരിയ്ക്കെടോ. ഇത്ര നേരവും കുക്ക് ചെയ്‌ത് വിഷമിച്ചതല്ലെ താൻ.”

നരേട്ടന്‍റെ സ്നേഹപൂർണ്ണമായ നിർബന്ധത്തിനു വഴങ്ങി ഞാനിരുന്നു. ഊണു കഴിക്കാൻ തുടങ്ങിയപ്പോൾ കുഞ്ഞ് ഉണർന്നു കരയാൻ തുടങ്ങി. കൃഷ്ണമോൾ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ഞാൻ തടഞ്ഞു.

“വേണ്ടാ… നീയവിടെ ഇരുന്ന് കഴിച്ചോളൂ. ഞാൻ പോയി നോക്കിയിട്ട് വരാം.”

ഞാനെഴുന്നേറ്റ് ബെഡ്റൂമിലേയ്ക്ക് നടന്നു. അവിടെ എന്നെ നോക്കിച്ചിരിച്ച് കൈകാലിട്ടടിയ്ക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. ഓടിച്ചെന്ന് അവനെയെടുത്ത് ആ പൂങ്കവിളിൽ തെരുതെരെ ഉമ്മ വച്ചു. അപ്പോൾ എനിക്കു തോന്നിയത് ആ കുഞ്ഞിന് രാഹുൽ മോന്‍റെ ഛായയാണെന്നാണ്. അവൻ ശിശുവായിരുന്നപ്പോൾ ഉണ്ടായിരുന്ന അതേ ഛായ. വർഷങ്ങൾ നിമിഷ നേരത്തേയ്ക്ക് പുറക്കോട്ട് ഓടിമറഞ്ഞതു പോലെ എന്‍റെ കൈകളിൽ കിടന്നു ചിരിക്കുന്നത് രാഹുൽ മോനാണെന്ന് എനിക്കു തോന്നി.

അവന്‍റെ കളിചിരികൾ ആസ്വദിച്ചു കൊണ്ടിരുന്നപ്പോൾ മുന്നിലെ കണ്ണാടിയിൽ കൃഷ്ണമോളുടെ പ്രതിബിംബം തെളിഞ്ഞു കണ്ടു. പെട്ടെന്നു തിരിഞ്ഞു നോക്കിയപ്പോൾ കൃഷ്ണമോൾ വാതിക്കൽ നിൽക്കുന്നതു കണ്ടു. അവളുടെ കണ്ണുകളിലെ വെറുപ്പ് അപ്പോഴും മാഞ്ഞിരുന്നില്ല.

“നീയെന്താ എന്നോടിപ്പോഴും പിണക്കമാണോ?” ഞാൻ ചോദിച്ചതു കേട്ട് കൃഷ്ണമോൾ ഒന്നും മിണ്ടാതെ കുഞ്ഞിനെ എന്‍റെ കൈയ്യിൽ നിന്നും വാങ്ങി. എന്നിട്ടു പറഞ്ഞു.

“എനിക്കാരോടും വഴക്കും പിണക്കവുമൊന്നുമില്ല. എന്നോടാരും വഴക്കിനു വരാതിരുന്നാൽ മതി.”

അവളുടെ വാക്കുകൾക്ക് പഴയ മൂർച്ചയുണ്ടായിരുന്നു. എന്നെ ഒരു വഴക്കാളിയായി ചിത്രീകരിക്കണമെന്ന് അവൾക്കെന്തോ വാശിയുള്ളതു പോലെ എനിക്കു തോന്നി. ഒരിക്കൽ നില തെറ്റിയ മനസ്സിന്‍റെ അനിയന്ത്രിതമായ പിടച്ചിലിൽ ഞാനുണ്ടാക്കിയ കലഹങ്ങൾ, എന്നേയ്ക്കുമായി ഒരു വഴക്കാളിയെന്ന മുദ്ര എനിക്കു ചാർത്തിത്തരികയായിരുന്നുവെന്ന് മനസ്സിലായി. പക്ഷേ നരേട്ടനും എന്നോട് അപ്പോഴെല്ലാം കലഹിക്കുകയുണ്ടായല്ലോ. അവളുടെ മനസ്സിൽ പപ്പ ത്യാഗത്തിന്‍റെ പ്രതീകം.

ഞാൻ ഒന്നും മിണ്ടാതെ മുറിയ്ക്കു പുറത്തു കടന്നു. പിന്നെ ഊണുമുറിയിൽ വന്നിരുന്ന് മൗനമായി ഊണു കഴിച്ചു. കൃഷ്ണമോളോട് വളരെ സൂക്ഷിച്ചു വേണം സംസാരിക്കുവാനും ഇടപെടാനുമെന്ന് മനസ്സു പറഞ്ഞു. വിവാഹത്തോടെ അവൾ എന്നിൽ നിന്ന് പൂർണ്ണമായും അകന്നു കഴിഞ്ഞിരിക്കുന്നു. അല്ലെങ്കിൽ പണ്ടു തന്നെ അവളുടെ മനസ്സിൽ രൂഢമൂലമായിരുന്ന എന്നോടുള്ള വിദ്വേഷം ഇപ്പോൾ ഇരട്ടിയായിരിക്കുന്നു. അവൾ ഇപ്പോൾ വന്നിരിക്കുന്നത് അവളുടെ പപ്പായെക്കാണാനാണ്. എനിക്കാ മനസ്സിൽ ഒരു സ്‌ഥാനവുമില്ലെന്ന് മനസ്സിലായി.

പിറ്റേന്ന് രാവിലെ നരേട്ടൻ കോളേജിലേയ്ക്കു പോകാനുള്ളതു കൊണ്ട് നേരത്തേ വിളിച്ച് എണീപ്പിക്കേണ്ട കടമ എന്‍റേതായിരുന്നു. എന്നാൽ ഞാനെഴുന്നേറ്റ് നോക്കുമ്പോൾ നരേട്ടൻ സ്വയം നേരത്തെ എഴുന്നേറ്റ് ജനലിലൂടെ പുറത്തേയ്ക്ക് നോക്കി നിൽക്കുന്നു. ഞാൻ പുറകിൽ കൂടിച്ചെന്ന് നരേട്ടന്‍റെ തോളിൽ കൈവച്ചു കൊണ്ട് ചോദിച്ചു.

“എന്താ നരേട്ടാ ഇത്? ഇന്ന് നേരത്തെ എഴുന്നേറ്റോ?”

എന്‍റെ ശബ്ദം കേട്ടെങ്കിലും എന്നെ തിരിഞ്ഞു നോക്കാതെ ജനലിലൂടെ പുറത്തേയ്ക്കു നോക്കി നരേട്ടൻ പറഞ്ഞു.

“മീരാ… ഇന്നത്തെ പ്രഭാതത്തിന് ഒരു പ്രത്യേക ഉണർവ്വും ഭംഗിയും. ഇന്നലെ ഞാൻ സ്വപ്നത്തിൽ കണ്ടു നമ്മുടെ രാഹുൽ മോൻ തിരിച്ചു വന്നതായി.”

“ശരിയാണ് നരേട്ടാ, ടുട്ടുമോൻ രാഹുൽ മോൻ ചെറുപ്പത്തിലെ ഇരുന്ന അതേ ഛായ തന്നെയാണ്. അവൻ തിരിച്ചു വന്നിരിയ്ക്കുന്നു. അല്ലെങ്കിലും അവന് നമ്മളെയൊന്നും ഉപേക്ഷിച്ച് പോകുവാനാവുകയില്ലല്ലോ നരേട്ടാ” ഞാൻ പതിയെ പ്രതിവചിച്ചു. അതു പറയുമ്പോൾ എന്‍റെ അമ്മ ഹൃദയം വല്ലാതെ തേങ്ങിയിരുന്നു. പെട്ടെന്ന് നരേട്ടൻ തിരിഞ്ഞ് എന്നോടായി പറഞ്ഞു.

“ഇന്ന് നമുക്ക് സന്തോഷത്തിന്‍റെ ദിവസമാണ്. ടുട്ടുമോനിലൂടെ നമ്മുടെ രാഹുൽ മോൻ തിരിച്ചു വന്ന ദിവസം. ഈ ദിവസം നമുക്ക് എല്ലാം മറന്ന് ആഘോഷിക്കണം മീരാ. നമുക്കെല്ലാവർക്കും കൂടി ഇന്ന് സിറ്റിയ്ക്ക് പുറത്തേയ്ക്ക് ഒന്നു പോയാലോ? ഒരു ഔട്ടിംഗ് നടത്തിയാലോ? ഞാനുമിന്ന് ലീവെടുക്കാം. പുറത്തൊക്കെ ചുറ്റി നടന്ന് പുറത്തു നിന്ന് ആഹാരം കഴിച്ച് അങ്ങിനെ സന്തോഷമായി ചിലവിടാം. താന്തെു പറയുന്നു?”

“നരേട്ടന്‍റെ ഇഷ്ടം. ഞാൻ എന്തിനും തയ്യാറാണ്. പിന്നെ കൃഷ്ണമോളോട് ചോദിക്കണം. അവളുടെ മനസ്സിലിരുപ്പ് എന്താണെന്നറിയില്ല. ഒരു പക്ഷേ ഞാൻ കൂടെ വരുന്നത് അവൾക്കിഷ്ടമാവുകയില്ല.”

“അങ്ങനെയൊന്നുമില്ല മീരാ… അതൊക്കെ തനിക്ക് വെറുതെ തോന്നുന്നതാണ്. നമ്മൾ വളർത്തിയ മകളല്ലെ അവൾ. അവൾക്ക് നമ്മളെ ഉപേക്ഷിക്കാനാവുമോ?”

“ഇല്ല നരേട്ടാ… ഇപ്പോൾ ഞാനൊന്നും പറയുന്നില്ല എല്ലാം കാലം തെളിയിക്കും.”

പിന്നെ നരേട്ടൻ പൂമുഖത്തു ചെന്ന് കൃഷ്ണമോൾ എഴുന്നേറ്റു വരാനായി കാത്തു നിന്നു. ഇതിനിടയിൽ അദ്ദേഹം മുറ്റത്തു നട്ടിരുന്ന ചെടികൾക്ക് വെള്ളമൊഴിക്കാൻ തുടങ്ങി. കിളിക്കൂട്ടിലെ കിളികൾ മുറ്റത്തിന്‍റെ ഒഴിഞ്ഞ കോണിലെ കൂട്ടിലിരുന്ന് നരേട്ടനെ കണ്ട് ഉച്ചത്തിൽ ചിലച്ചു. ലൗ ബേർഡ്സ് നരേട്ടന്‍റെ ഒരു വീക്ക്നെസ്സ് ആയിരുന്നു. പലപ്പോഴായി ലൗ ബേർഡ്സിനെ വാങ്ങി വളർത്തും. പിന്നെ എപ്പോഴെങ്കിലും അവയെ കൂടു തുറന്നു വിടുന്നതും അദ്ദേഹത്തിന്‍റെ ഹോബിയായിരുന്നു. അപ്പോൾ അദ്ദേഹം പറയാറുള്ളത്, “പാവങ്ങൾ എത്ര നാളായി കൂട്ടിൽ കിടന്ന് അഡ്ജസ്റ്റ് ചെയ്യുന്നു. ഇനി അൽപകാലം ആകാശത്ത് പറന്നു നടക്കട്ടെ” എന്നാണ്. അദ്ദേഹം അലിവോടെ അവയെ തുറന്നു വിടുന്നത് ഞാൻ നോക്കി നിൽക്കും.

“നോക്കൂ മീരാ. അവയ്ക്കെല്ലാമിന്ന് എത്ര സന്തോഷമാണെന്ന്. ഈ ദിവസത്തിന്‍റെ പ്രാധാന്യം അവയ്ക്കും അറിയാമെന്നു തോന്നുന്നു. നീ പോയി ടുട്ടുമോനെ എടുത്തു കൊണ്ടു വരൂ. നമുക്കവനെ ഈ കിളികൾക്ക് കാണിച്ചു കൊടുക്കാം.”

അദ്ദേഹം പറഞ്ഞതു കേട്ട് ഞാൻ അകത്തേയ്ക്കു നടന്നു. അവിടെ കൃഷ്ണമോളുടെ മുറിയിലെ ബെഡിൽ അവളുടെ അടുത്ത് കിടന്ന് കളിക്കുകയാണവൻ. അവൻ ഉണർന്നിട്ട് ഒരുപാടു സമയമായെന്നു തോന്നുന്നു. കൃഷ്ണമോൾ അവനു പാലു കൊടുത്തു കാണും. അതാണ് അവനിത്ര സന്തോഷം. കൃഷ്ണമോളെ ഉണർത്താതെ അവനെ കൈയ്യിൽ എടുക്കുവാൻ ശ്രമിക്കുമ്പോൾ കൃഷ്ണമോൾ ഉണർന്നു ചോദിച്ചു.

“മമ്മി ഇവനെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത്? അവളുടെ ചോദ്യത്തിൽ അൽപം നീരസമുണ്ടായിരുന്നുവെങ്കിലും അവൾ ഇവിടെ എത്തിയ ശേഷം എന്നോട് ചോദിച്ച ആദ്യത്തെ ചോദ്യം. മനസ്സിനൽപം സന്തോഷം തോന്നി. അവൾ എന്നോട് മിണ്ടുന്നുണ്ടല്ലോ.

“ഞാൻ, ഞാനിവനെ നരേട്ടന്‍റെ അടുത്തേയ്ക്ക് കൊണ്ടു പോവുകയാണ്. അദ്ദേഹം പൂമുഖത്ത് നിൽപുണ്ട്” ഞാൻ കുഞ്ഞിനെയുമെടുത്ത് നടന്നു കൊണ്ടു പറഞ്ഞു. അൽപം നടന്ന് തിരിഞ്ഞു നിന്ന് ഞാൻ പറഞ്ഞു.

“നിന്നെ അദ്ദേഹം അന്വേഷിക്കുന്നുണ്ട്.”

“ഓ… ഞാനലൽപം കൂടി ഉറങ്ങട്ടെ ഇങ്ങനെ ഒന്നുറങ്ങിയിട്ട് എത്ര നാളുകളായി. പപ്പയോടു പറഞ്ഞേക്കു ഞാനൽപം കഴിഞ്ഞ് അങ്ങോട്ടേയ്ക്ക് വരാമെന്ന്.”

അവൾ വീണ്ടും പുതപ്പു വലിച്ചു മൂടിക്കിടന്ന് ഉറങ്ങി തുടങ്ങി. ഇനിയും അവളെ നിർബന്ധിക്കാതിരിക്കുകയാണ് ബുദ്ധി എന്ന് എനിക്കറിയാം. അതുകൊണ്ട് ഒന്നും മിണ്ടാതെ മുറിയ്ക്കു പുറത്തു കടന്നു വാതിൽ ചാരി. ടുട്ടുമോനെ നരേട്ടന്‍റെ കൈയ്യിൽ കൊടുക്കുമ്പോൾ അദ്ദേഹം അവനെ ഉമ്മ വച്ചു. എന്നിട്ട് മടിയിൽ കിടത്തി കളിപ്പിക്കാൻ തുടങ്ങി. അവൻ നരേട്ടന്‍റെ മടിയിൽ കിടന്ന് അവ്യക്‌തമായ സ്വരത്തിൽ എന്തൊക്കെയോ പറഞ്ഞു തുടങ്ങി. അവന്‍റെ ചിരിയിലും കളികളിലും മയങ്ങിയതു പോലെ നരേട്ടനിരുന്നു. അൽപം കഴിഞ്ഞ് അദ്ദേഹം പറഞ്ഞു.

“നോക്കൂ മീരാ… അവന് അവന്‍റെ അപ്പൂപ്പനെ നേരത്തെ പരിചയമുള്ളതു പോലെയല്ലെ കിടക്കുന്നതെന്ന്. എല്ലാം ദൈവത്തിന്‍റെ മായ. അല്ലെങ്കിൽ നമ്മുടെ രാഹുൽ മോന്‍റെ ശൈശവത്തിലെ തനിപ്പകർപ്പായി ഇവനെ ദൈവം സൃഷ്ടിക്കുമായിരുന്നോ?”

ശരിയാണ്. അവന് അവന്‍റെ അപ്പൂപ്പനോടും അമ്മൂമ്മയോടും ഒരകൽച്ചയുമില്ല. എന്നല്ല ചിരപരിചിതരെപ്പോലെ അവൻ കളിക്കുകയും ഇടപഴകുകയും ചെയ്യുന്നു. ഏതോ മുജ്ജന്മ ബന്ധം ഉള്ളതു പോലെ. അതുതന്നെ ഞങ്ങളുടെ സംശയം ഊട്ടിയുറപ്പിക്കുന്നതായിരുന്നു. അതു ഞങ്ങളുടെ രാഹൂൽ മോന്‍റെ പുനർജജന്മമാണെന്ന്?

അൽപം സമയം കഴിഞ്ഞ് അദ്ദേഹം അവനെ കിളികളുടെ അടുത്ത് കൊണ്ടു പോയി കാണിച്ചു കൊടുത്തു. അവൻ അവയെക്കണ്ട് സന്തോഷത്തോടെ ചിരിക്കുകയും, കുഞ്ഞികൈകൾ വിടർത്തി കാണിക്കുകയും ചെയ്‌തു. പിന്നെ അൽപ സമയം കൂടി അവിടെ പൂന്തോട്ടത്തിൽ ചെലവഴിച്ച് നിന്നു. അപ്പോൾ കൃഷ്ണമോൾ പൂമുഖത്തെത്തി ചോദിച്ചു.

“പപ്പയും കൊച്ചുമോനും കൂടി അവിടെ എന്തു ചെയ്യുകയാണ്. രണ്ടുപേർക്കും മറ്റാരേയും വേണ്ടെന്നു തോന്നുന്നു.”

“ങാ, ഇപ്പോൾ ഞങ്ങളുടെ ലോകത്ത് മറ്റാരും വേണ്ട. കുറച്ചു നേരം ഞാനും മോനും കൂടി ചെലവഴിക്കട്ടെ.” നരേട്ടൻ വിളിച്ചു പറഞ്ഞു. അൽപം കഴിഞ്ഞ് കൃഷ്ണമോൾ അവരുടെ അടുത്തെത്തി. അവൾ പപ്പയോട് ചോദിച്ചു.

“പപ്പയെന്നെ അന്വേഷിച്ചുവെന്ന് മമ്മി പറഞ്ഞു. എന്താ പപ്പ? എന്തിനാ അന്വേഷിച്ചത്?”

“ഇന്ന് ഞാൻ ലീവെടുത്താലോ എന്ന് ആലോചിക്കുകയായിരുന്നു. നമുക്കെല്ലാവർക്കും കൂടി പുറത്തേയ്ക്കൊന്ന് പോയാലോ? ഒന്നു ചുറ്റിയടിച്ചിട്ടു വരാം.”

“അത്… പപ്പാ ദേവേട്ടനടുത്തില്ലാത്തതു കൊണ്ട് എനിക്കു നല്ല രസം തോന്നുന്നില്ല. ഞാനൊരു കാര്യം ചെയ്യാം. ദേവേട്ടനോട് ലീവെടുത്ത് ഇങ്ങോട്ടു വരാൻ പറയാം. എന്നിട്ട് നമുക്കെല്ലാവർക്കും കൂടി ഗുരുവായൂരും പോകാം.”

“എല്ലാം മോളുടെ ഇഷ്ടം. ഞാൻ പറഞ്ഞുവെന്നേയുള്ളൂ.”

നരേട്ടൻ അങ്ങിനെ പറഞ്ഞ് കുഞ്ഞിനെ അവളുടെ കൈകളിലേയ്ക്ക് കൊടുത്തു. എന്നിട്ട് പറഞ്ഞു “എങ്കിൽ ശരി ഞാൻ ലീവ് കാൻസൽ ചെയ്ത് കോളേജിൽ പോകാൻ നോക്കട്ടെ.” അങ്ങിനെ പറഞ്ഞു കൊണ്ട് അദ്ദേഹം തിരിഞ്ഞു നടന്നു. അപ്പോൾ കൃഷ്ണമോൾ ടുട്ടുവിനെ കൈകളിലെടുത്ത് കളിപ്പിച്ചു കൊണ്ടു പറഞ്ഞു. “അതല്ലേടാ കള്ളക്കുട്ടാ നല്ലത്. ഡാഡി കൂടി വന്നിട്ടു വേണം നമുക്ക് മുത്തച്ഛനോട് ചില കാര്യങ്ങൾ സംസാരിക്കാൻ അല്ലേടാ.” അവളുടെ ചലനങ്ങൾ ദൂരെ നിന്നു വീക്ഷിച്ചു നിന്നിരുന്ന എനിക്ക് അവളുടെ സംസാരിത്തിൽ അസ്വഭാവികത തോന്നി. അവൾ മറ്റെന്തോ പ്ലാൻ ചെയ്താണ് വന്നിരിക്കുന്നതെന്ന് എനിക്ക് തീർച്ചയായി. ദേവാനന്ദിനെക്കൂടി വിളിച്ചു വരുത്തി ഞങ്ങളെ സ്വാധീനിക്കാനാണ് അവളുടെ ശ്രമം. ഏതായാലും അകത്തേയ്ക്ക് നടന്ന നരേട്ടന്‍റെ പുറകെ നടന്നെത്തി ഞാൻ ചോദിച്ചു.

“നരേട്ടൻ ആരെ നിരാശനായി എന്നു തോന്നുന്നു. കൃഷ്ണമോളുടെ സ്വഭാവം നരേട്ടന് ഇതുവരെ മനസ്സിലായിട്ടില്ലെ?” അവളുടെ ഇപ്പോഴത്തെ വരവിന്‍റെ ഉദ്ദേശ്യം മറ്റെന്തോ ആണെന്ന് എനിക്കു തോന്നുന്നു. അവൾ നമ്മുടെ മുമ്പിൽ കാര്യ സാദ്ധ്യത്തിനായി സ്നേഹം അഭിനയിക്കുന്നതു പോലെയും എനിക്ക് തോന്നുന്നുണ്ട് നരേട്ടാ.”

താൻ വെറുതെ അതുമിതും ചിന്തിച്ച് തലപുണ്ണാക്കണ്ട. അവൾ നമ്മളെയൊക്കെ കാണാൻ തന്നെ വന്നതാണ്.”

നിർമ്മലമായ ആ മനസ്സിൽ വേണ്ടാത്ത ചിന്തകൾ കുത്തി നിറയ്ക്കേണ്ടെന്ന് ഞാനും കരുതി. അദ്ദേഹം ചിന്തിക്കുന്നതു പോലെ ഒന്നുമില്ലെന്ന് ചിന്തിക്കാൻ ഞാനും ശ്രമിച്ചു.

ഒന്നു രണ്ടു ദിവസങ്ങൾക്കുള്ളിൽ നരേട്ടന്‍റെ റിട്ടയർമെന്‍റായി. കോളേജിൽ ഒരു ഗംഭീര സെന്‍റ് ഓഫ് പാർട്ടി തന്നെ നടന്നു. എല്ലാം കോളേജിലെ വിദ്യാർത്ഥികൾ തന്നെ അറേഞ്ച് ചെയ്‌തു. വർഷങ്ങളോളം താൻ ജോലി ചെയ്‌ത ആ കോളേജിൽ നിന്നും റിട്ടയർ ചെയ്‌തു പോരുമ്പോൾ നരേട്ടൻ ആകെ ദുഃഖിതനായിരുന്നു. പ്രിയപ്പെട്ട എന്തോ ഒന്ന് കൈവിട്ടു പോകുന്നതു പോലെ അദ്ദേഹം വിതുമ്പി. വിദ്യാർത്ഥികൾ ഓരോരുത്തരും അദ്ദേഹത്തെ പുകഴ്ത്തി സംസാരിച്ചു. അദ്ദേഹം പ്രഗത്ഭനായ ഒരു അദ്ധ്യാപകനെന്നതിലുപരി ഒരാത്മാർത്ഥ സുഹൃത്തു, വഴി കാട്ടിയുമെല്ലാമാണെന്ന് വിദ്യാർത്ഥികൾ അദ്ദേഹത്തെ വിലയിരുത്തി.

വിദ്യാർത്ഥികൾ ഓരോരുത്തരായി ആ കാൽക്കൽ തൊട്ടു വണങ്ങി. അദ്ദേഹം വിതുമ്പി ക്കൊണ്ട് അവരെ അനുഗ്രഹിച്ചു. വിദ്യാർത്ഥികൾക്കൊപ്പം ആഹാരം കഴിച്ചു മടങ്ങിയ അദ്ദേഹം അവർക്കൊപ്പം നിന്ന് എടുത്ത ഗ്രൂപ്പ് ഫോട്ടോകൾ എന്നെ കാണിച്ചു. അദ്ദേഹം പബ്ലിഷ് ചെയ്‌ത ബുക്കുകൾ പ്രത്യേക പ്രശംസ പിടിച്ചു പറ്റി. എല്ലാം എന്നെ കാണിക്കുമ്പോൾ ആ കണ്ണുകൾ ഒരിയ്ക്കൽ കൂടി നിറഞ്ഞു വന്നു. പ്രിയപ്പെട്ട പലതും നഷ്ടമാകുന്നതിലെ വേദന ആ കണ്ണുകളിൽ ഞാൻ കണ്ടു. പക്ഷേ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

“ജീവിതം ഇങ്ങനെയൊക്കെയാണ് നരേട്ടാ. ഒന്ന് കൈവിടുമ്പോൾ മറ്റൊന്ന് നമ്മെത്തേടി വരും. ഒരു സുഖത്തിനു ശേഷം ദുഃഖവും ദുഃഖത്തിനുശേഷം സുഖവും അത് ലോക നിയമമാണ്. വസന്തം വേനലിനു വഴിമാറി കൊടുത്തല്ലെ തീരൂ. അതുപോലെ വേനൽ വസന്തത്തിനും.”

“ശരിയാണു മീരാ, ഒന്നും ശാശ്വതമല്ല. മരണമല്ലാതെ മറ്റൊന്നും” തുടർന്ന് ഒന്നും മിണ്ടാനാവാത്ത വിധം ഞാനാ വായ് പൊത്തിപ്പിടിച്ചു. മരണമെന്ന നിത്യ സത്യത്തിൽ നിന്നും ഓടി ഒളിക്കാനെന്നപോലെ.

(തുടരും)

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें