വിഷുവും കണിക്കൊന്നയും, കുരിശിന്‍റെ വഴിയും, ത്യാഗബലിയും, വായനയും ഒക്കെ നിറഞ്ഞ ഏപ്രിൽ! ഏപ്രിൽ വിശേഷങ്ങളുമായി ആനന്ദ് കൃഷ്ണമൂർത്തി എഴുതുന്ന പംക്തി….

“ഏപ്രിലിലെ മധുരമുള്ള മഴ

മാർച്ചിലെ വരണ്ട ഭൂമിയിലേക്ക് തുളച്ചുകയറുകയും

വേരുകൾക്ക്  ജലാംശം നൽകുകയും

അതിലൂടെ മൊട്ടുകളെ പുഷ്പിക്കാൻ

പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

ഇടവം രാശി ആകാശത്താണ്;

ശാന്തമായ പടിഞ്ഞാറൻ കാറ്റായ സെഫിർ

വയലുകളിലേക്ക് ജീവൻ നൽകുന്നു;

പക്ഷികൾ സന്തോഷത്തോടെ ചിരിക്കുന്നു.”

ആധുനിക ഇംഗ്ലീഷ് ഭാഷയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജോഫ്രേ ചോസെർ എഴുതിയ ‘കാന്‍റെർബറി ടെയ്ൽസ്’ ആരംഭിക്കുന്നത് ഏപ്രിലിനെ ഇങ്ങനെ വാഴ്ത്തിക്കൊണ്ടാണ്! വസന്തകാലത്തെയും പുനരജനിയെയും പ്രകീർത്തിച്ചു ചോസർ പാടിയപ്പോൾ നൂറ്റാണ്ടുകൾക്കിപ്പുറം ടി.എസ്‌. എലിയട്ട് എന്ന ആധുനിക കവി തന്‍റെ ‘ദി വേസ്റ്റ് ലാൻഡ്’ എന്ന കാവ്യം ആരംഭിക്കുനതാവട്ടെ “ഏപ്രിലാണ് ഏറ്റവും ക്രൂരമായ മാസം” എന്ന അധിസംബോധനയോടെയാണ്!

കാര്യമെന്തൊക്കെയാണെങ്കിലും വേനൽ-വസന്തക്കാലാരംഭമാണ് ഏപ്രിൽ. സാധാരണ 2 മാസം നീണ്ടു നിൽക്കുന്ന അവധിക്കാലത്തിനും കൂടെ ഏപ്രിലിൽ തുടക്കമാവുമെങ്കിലും, ഇക്കുറി കോവിഡ് കാരണവും തിരഞ്ഞെടുപ്പു കാരണവും പരീക്ഷകൾ നീട്ടി വെച്ചതിനാൽ ചൂട് ഏറി, ഉല്ലാസം പൊടിക്കൊന്ന് കുറയുകയും ചെയ്യും!

സത്യത്തിൽ സംഭവ ബഹുലമാണ് ഓരോ ഏപ്രിലും – വിഷു, ദുഃഖ വെള്ളി, ഈസ്റ്റര്‍ എന്നിങ്ങനെ മതപരമായ വിശേഷ ദിവസങ്ങൾ, ലോക ഭൗമ ദിനം, അംബേദ്‌കർ ജയന്തി (യൂട്യൂബിൽ ലഭ്യമായ മമ്മൂട്ടിക് ഭരത് അവാർഡ് നേടിക്കൊടുത്ത ‘ലൈഫ് ഓഫ് അംബേദ്‌കർ’ എന്ന, ഇന്ന് വരെ തീയറ്ററിൽ റിലീസ് ആവാത്ത, ഗംഭീര  സിനിമ കണ്ടോളു), ദേശീയ വളർത്തുമൃഗ ദിനം, ജാലിയൻ വാല ബാഗ് ഓര്‍മ്മ ദിനം, പുസ്തക ദിനം എന്നിങ്ങനെ സംഭവ ബഹുലമാണ് ഏപ്രിൽ മാസം. എന്നാൽ മറ്റു മാസങ്ങളിൽ നിന്ന് വ്യത്യസ്തമായി ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് ഒരുപാട് ദിനങ്ങൾ ഉള്ള മാസം കൂടിയാണ് ഏപ്രിൽ  മാസം!

ഏപ്രിൽ 1 നു ‘അന്ധത തടയൽ ആഴ്ച’, ഏപ്രിൽ 2 നു ‘ലോക ഓട്ടിസം ബോധവൽക്കരണ ദിനം’, ഏപ്രിൽ 7 നു ‘ലോക ആരോഗ്യ ദിവസം’, ഏപ്രിൽ 10 നു ‘ലോക ഹോമിയോപ്പതി ദിനം’, ഏപ്രിൽ 17 നു ‘ലോക ഹീമോഫീലിയ ദിവസം’, ഏപ്രിൽ 25 നു ‘ലോക മലേറിയ ദിനം’, ഏപ്രിൽ 28 നു ‘ജോലിസ്ഥലത്ത് സുരക്ഷയ്ക്കും ആരോഗ്യത്തിനുമുള്ള ദിന’വും ‘ലോക മൃഗവൈദ്യ ദിന’വും, എന്നിങ്ങനെ നീളുന്നു നിര. ഒടുവിൽ ഏപ്രിൽ 30 നു രാജ്യമെമ്പാടും ‘ആയുഷ്മാൻ ഭാരത് ദിവസ്’ ആചരിക്കുന്നു.

ചല (ചില) ചിത്രങ്ങൾ

രോഗവും മനുഷ്യനുമായുള്ള പിടിവലി കാലങ്ങളായുള്ളതാണെന്നത് കൊണ്ട് തന്നെ അവയെ പ്രതിപാദിക്കുന്ന ഒരുപാട് ചലച്ചിത്രങ്ങളുണ്ട്. മലയാളത്തിൽ തന്നെ നിപ്പ വൈറസ് നെ കേന്ദ്രികരിച്ചു ആഷിഖ് അബു ഒരുക്കിയ ‘വൈറസ്’ എന്ന സിനിമ ഈയിടെ വമ്പിച്ച പ്രേക്ഷകശ്രേദ്ധ നേടിയിരുന്നു. ഹെലൻ കെല്ലർടെ ജീവിതത്തെ ആസ്പദമാക്കി സഞ്ജയ് ലീല ബൻസാലി അമിതാഭ് ബച്ചനേയും റാണി മുക്കർജിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഹിന്ദി ചിത്രമാണ് ‘ബ്ലാക്ക്’. അത് പോലെ തന്നെ ഓട്ടിസവുമായി ബന്ധപെട്ടു ഏറെ ശ്രെദ്ധ നേടിയ ചിത്രങ്ങളാണ് ‘ബർഫി’, ‘മേം ഐസാ ഹീ ഹൂം’, ‘മൈ നെയിം ഈസ് ഖാൻ’ എന്നിവ. ഡോക്ടർമാർ അവരുടെ ദൈന്യം ദിന ജീവിതത്തിൽ നേരിടുന്ന പ്രേശ്നങ്ങളെ മുൻനിർത്തി ലാൽ ജോസ് സംവിധാനം ചെയ്ത ‘അയാളും ഞാനും തമ്മിൽ’ എന്ന സിനിമയും കണ്ടിരിക്കേണ്ടതാണ്.

ഏവർക്കും രോഗമുക്ത ആയുരാരോഗ്യ ആനന്ദം നേരുന്നു..

और कहानियां पढ़ने के लिए क्लिक करें...