വരകളുടെയും നിറങ്ങളുടെയും കളിക്കൂട്ടുകാരി ആര്യ സലിം ഇന്ന് സിനിമയിൽ ശ്രദ്ധേയയായ താരമാണ്. ചിത്രകലയിൽ ബിരുദവും ബിരുദാനന്ത ബിരുദവും ഭരതനാട്യത്തിൽ ബിരുദവുമുള്ള ആര്യ സിനിമയിൽ അവതരിപ്പിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുന്നതായിരുന്നു.
തൃശിവപ്പേരൂർ ക്ലിപ്തം എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിലൂടെയായിരുന്നു തുടക്കമെങ്കിലും ഇ.മ.യൗ വിലെ സബേത്ത് എന്ന കഥാപാത്രമാണ് വഴിത്തിരിവായത്.
യാദൃശ്ചികമായി സിനിമയിലെത്തി തന്‍റെ അഭിനയസിദ്ധി കാഴ്ച വച്ച ആര്യ സലിം തന്‍റെ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
സിനിമ എൻട്രി എങ്ങനെ?
“തൃശിവപ്പേരൂർ ക്ലിപ്തത്തിന്‍റെ ഡയറക്ടറായ രതീഷ് സാറുമായുള്ള പരിചയമാണ് എന്നെ സിനിമയിലെത്തിച്ചത്.
തൃപ്പൂണിത്തുറ ആർഎൽവിയിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ രതീഷ് സാർ യൂത്ത് ഫെസ്റ്റിവലുകൾക്കായി ഞങ്ങളെ നാടകവും സ്കിറ്റും പഠിപ്പിക്കുമായിരുന്നു. അങ്ങനെ ഞങ്ങളുടെ നാടകത്തിനും സ്കിറ്റിനുമൊക്കെ എംജി സൗത്ത് സോണിലും നാഷണൽ ലെവലിലുമൊക്കെ സെക്കന്‍റ് കിട്ടിയിരുന്നു. രതീഷ് സാറുമായുള്ള പരിചയമാണ് സിനിമയിൽ എത്തിച്ചത്. അതിൽ കഷ്ടിച്ച് ഒരു മിനിറ്റ് മാത്രം വന്നു പോകുന്ന വളരെ ചെറിയൊരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അതായിരുന്നു സിനിമയിലെ എന്‍റെ തുടക്കം.
ഇ.മ.യൗ വിലെ സബേത്തിനെ പൂർണ്ണതയിൽ എത്തിച്ചതെങ്ങനെയാണ്?
തൃശിവപ്പേരൂർ കഴിഞ്ഞ് ഒരു കൊല്ലത്തിനു ശേഷം ചെയ്‌ത എന്‍റെ രണ്ടാമത്തെ സിനിമയാണ് ഇ.മ.യൗ. അതും ഒരു യാദൃശ്ചികതയായിരുന്നു. ഒരു ദിവസം നടൻ ചെമ്പൻ വിനോദ് ഫോണിൽ വിളിച്ച് ഇ.മ.യൗ ന്‍റെ ഓഡിഷന് വരാൻ പറഞ്ഞു. സ്ക്രിപ്റ്റ് കേട്ടപ്പോൾ ഞാനാകെ അമ്പരന്നു പോയി. ഒരു ശവ സംസ്ക്കാരച്ചടങ്ങിലൂടെ മാത്രം കഥ പറഞ്ഞു പോകുന്ന മനോഹരമായ സിനിമ. ഇ.മ.യൗ പോലെയുള്ള സിനിമയിൽ അഭിനയിക്കുകയെന്നത് ത്രില്ലിംഗ് ആയ അനുഭവമായിരുന്നു. നല്ലൊരു ടീമിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞുവെന്നതും ഭാഗ്യമാണ്. എന്നാലും ഡയലോഗ് പ്രസന്‍റേഷൻ ഇത്തിരി പാടായിരുന്നു. സഹനടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ പൗളി ചേച്ചിയാണ് ആ സ്ലാംഗ് എന്നെ പഠിപ്പിച്ചത്. പിന്നെ ലിജോ സാർ, വിനായകൻ തുടങ്ങിയെല്ലാവരും എന്നെ പിന്തുണച്ചു.
ഇ.മ.യൗ കണ്ടപ്പോൾ എന്തു തോന്നി?
സിനിമ പ്രിവ്യു അത്ര എൻജോയ് ചെയ്യാൻ കഴിഞ്ഞില്ല. പക്ഷേ സിനിമ തീയറ്ററിൽ കണ്ടപ്പോൾ കുറച്ചു കൂടി ഇംപ്രൂവ് ചെയ്യാമായിരുന്നുവെന്ന് തോന്നി. വിനായകൻ, ദിലീഷ് പോത്തൻ എന്നിവരുടെ പെർഫോമൻസൊക്കെ കണ്ടപ്പോൾ ശരിക്കും അന്തംവിട്ടു പോയി.
ക്യാമറയെ അഭിമുഖീകരിച്ചപ്പോൾ
ക്യാമറയെ ഫേസ് ചെയ്യുന്നതിന്‍റെ ടെൻഷനുണ്ടായിരുന്നു. പിന്നെ ലിജോ സാറിന്‍റെ മോട്ടിവേഷനും മൊത്തം ക്രൂവിന്‍റെ പിന്തുണയുമൊക്കെ ഉണ്ടായിരുന്നതു കൊണ്ട് ടെൻഷൻ മറികടന്നു.
ഇ.മ.യൗ വിലെ സബേത്താകാനുള്ള തയ്യാറെടുപ്പുകൾ
പ്രത്യേകിച്ചൊന്നുമില്ലായിരുന്നു. പുരികം ത്രഡ് ചെയ്യരുത്, ഫേഷ്യൽ ചെയ്യരുത് എന്നൊക്കെ ഡയറക്ടർ നേരത്തെ പറഞ്ഞിരുന്നു. മേക്കപ്പൊന്നുമില്ലാത്ത കഥാപാത്രമായിരുന്നു.
വീട്ടുകാരുടെ പ്രതികരണം എന്തായിരുന്നു?
ഇ.മ.യൗ വിലേക്ക് അവസരം കിട്ടിയപ്പോൾ ഭർത്താവാണ് നീ ചെയ്യണമെന്ന് പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ചത്. ഞങ്ങളുടെ രണ്ട് വീട്ടുകാർക്കും സിനിമാ ഫീൽഡിലേക്ക് പോകുന്നതിൽ പേടിയുണ്ടായിരുന്നു. പിന്നെ എനിക്ക് രതീഷ് സാറിനെ 10 വർഷമായി അറിയാം. വീട്ടുകാർക്കും സാറിനെ അറിയാം. അങ്ങനെയാണ് സിനിമയിൽ വരുന്നത്. ഇ.മ.യൗ ഷൂട്ടിംഗൊക്കെ രാത്രിയിലായിരുന്നു. ഞാൻ ഹസ്ബന്‍റിനേയും മോളേയും കൂട്ടിയാണ് സെറ്റിൽ പോയിരുന്നത്. ചിത്രത്തിൽ എന്‍റെ അമ്മായിയമ്മയായി അഭിനയിക്കുന്ന പൗളിചേച്ചിയുമായി ഭയങ്കര കൂട്ടായി. അതുപോലെ എന്‍റെ നാത്തൂനായി അഭിനയിച്ച കുട്ടിയും എന്‍റെ നല്ല കൂട്ടുകാരിയാണ്.