കണ്ണുകൾ ഇറുക്കെ അടച്ചും, തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അഞ്ജലിയിൽ നിന്നും ഉറക്കം വഴുതി മാറിക്കൊണ്ടിരുന്നു. ചിന്തകളുടെ ഘോഷയാത്രയാണ് മനസ്സിൽ. ഉറക്കം ഘോഷയാത്രയിൽ പിണങ്ങി മാറി നിൽക്കുകയാണ്. അല്ലെങ്കിലും തന്‍റെ ജീവിതത്തിൽ ഇങ്ങനെ ഒരു മലക്കം മറിച്ചിൽ ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ലല്ലോ. രാവിലെ 10 മണിക്ക് ഓഫീസിൽ എത്തണം. രാത്രി രണ്ടു മണിയായിട്ടും ഉറങ്ങാൻ കഴിഞ്ഞിട്ടില്ല.
സച്ചുവിനെ വർഷങ്ങൾക്കു മുന്നേ പരിചയപ്പെട്ടതാണ്. ഒരേ കോളേജിലാണ് പഠിച്ചിരുന്നത്. അതിനാൽ ഈ വിവാഹം നടക്കാൻ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. തന്‍റെ വീട്ടുകാർക്ക് ഒരു പ്രശ്നവുമില്ലായിരുന്നല്ലോ. ലവ് മാര്യേജ് ആണെങ്കിലും അതിനൊരു അറേഞ്ച്ഡ് മാര്യേജിന്‍റെ മട്ടും ഭാവവും ഉണ്ടായിരുന്നു.
വിവാഹ ശേഷമാണ് ശരിക്കും സച്ചു തന്നെ സ്നേഹിക്കാൻ തുടങ്ങിയത് എന്നും തോന്നിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി വളരെ സന്തോഷത്തോടെ ജീവിക്കുമ്പോഴാണ് എല്ലാം തകിടം മറിക്കാൻ ഒരു വില്ലൻ ഫോൺ കോൾ രൂപത്തിൽ വന്നത്. ഏതോ ഒരു സ്ത്രീയുടെ കോൾ.
“ഹലോ... സച്ചുവിന് ഫോൺ കൊടുക്കൂ.” ആ കോൾ അറ്റന്‍റ് ചെയ്‌തപ്പോൾ സച്ചുവിന്‍റെ മുഖത്തെ പരവേശം അഞ്ജലി വളരെയധികം ശ്രദ്ധിക്കുകയും ചെയ്‌തു.
“എന്‍റെ ചേച്ചിയാണ്” എന്നു മാത്രം പറഞ്ഞ് സച്ചു ആ വിഷയത്തെക്കുറിച്ച് സംസാരിച്ചുമില്ല.
ആ രാത്രി തന്നെ പുറത്തേക്കു പോയ ആൾ മടങ്ങിയെത്തിയത് 4 മണിക്കാണ്. മുഖത്ത് പ്രകടമായ മ്ലാനത കണ്ടതു കൊണ്ട് അഞ്ജലി ഒന്നും ചോദിക്കാൻ ശ്രമിച്ചില്ല. രാവിലെ എഴുന്നേറ്റ് തിരക്കൊക്കെ കഴിയുമ്പോൾ സാവകാശം ചോദിക്കാമെന്നു കരുതി. പക്ഷേ രാവിലെ അതിനു കഴിഞ്ഞില്ല അതിനാൽ വൈകിട്ടു വന്നിട്ട് സംസാരിക്കാമെന്നോർത്തു. പക്ഷേ സച്ചു വൈകിട്ട് വന്ന ഉടനെ ആ സ്ത്രീയുടെ ഫോൺ വീണ്ടും വന്നു. അഞ്ജലിയാണ് ഫോൺ എടുത്തത്.
“അഞ്ജലി, ഫോൺ സച്ചുവിനു കൊടുക്കൂ.” അവർ അതു പറഞ്ഞു തീരും മുമ്പേ സച്ചു ഫോൺ പിടിച്ചു വാങ്ങിയിരുന്നു.
അഞ്ജലി അൽപം മാറി നിന്ന് ചെവി കൂർപ്പിച്ച് കേൾക്കാൻ ശ്രമിച്ചു.
“വിഷമിക്കാതിരിക്കൂ. ഞാൻ ഉടനെ വരാം.” സച്ചു കൂടുതൽ വിശദീകരണമൊന്നുമില്ലാതെ ഇപ്പോൾ വരാം എന്നു മാത്രം പറഞ്ഞു പുറത്തേക്കിറങ്ങി.
അഞ്ജലി പിന്നാലേ ഓടിച്ചെന്നു. കാര്യമെന്താണ് എന്ന് അറിയാതെ അവൾ അസ്വസ്ഥയായി. പക്ഷേ അതൊന്നും ശ്രദ്ധിക്കാൻ മെനക്കെടാതെ അയാൾ പുറത്തേക്കു നടന്നു. അങ്ങനെ ആ സാധ്യതയും ഇല്ലാതായി. പിന്നീടു ഫോൺ വന്ന സമയത്ത് അഞ്ജലി, സച്ചു കാണാതെ എല്ലാം ശ്രദ്ധിച്ചു. അയാൾ പുറത്തേക്കിറങ്ങിയ സമയത്ത് പിന്നാലെ അവളും ഇറങ്ങി. ഈ സ്ത്രീ ആരാണെന്ന് അറിയണം. ഇത്രയും രഹസ്യമായി ഒരു കാര്യം കൂടെ കൊണ്ടു നടക്കുന്നതെന്തുകൊണ്ടാണ്? എന്തോ കുഴപ്പം ഉണ്ടല്ലോ.
സച്ചുവിന്‍റെ കാർ പ്രശസ്തമായ ഒരു ഹോട്ടലിലേക്കാണ് എത്തിയത്. അയാൾ കാറിൽ നിന്ന് ഇറങ്ങി ധൃതി പിടിച്ച് മുകളിലേക്ക് കയറുന്നു. അഞ്ജലി സുരക്ഷിതമായ അകലം പാലിച്ച് പിന്തുടർന്നു കൊണ്ടിരുന്നു. ഹോട്ടലിന്‍റെ ഒന്നാം നിലയിലെ ഒരു മുറിക്കു മുന്നിൽ അയാൾ നിൽക്കുന്നതും വാതിൽ തുറക്കപ്പെടുന്നതും അകത്തേക്ക് പ്രവേശിക്കുന്നതും അവൾ കണ്ടു. അൽപനേരം കഴിഞ്ഞപ്പോൾ രണ്ടുപേരും പുറത്തേക്കു പോകുന്നു. ഇനി പിന്തുടരാൻ നിന്നാൽ ഓഫീസിൽ പോക്ക് മുടങ്ങുമെന്നോർത്തപ്പോൾ അഞ്ജലി ആ ശ്രമം ഉപേക്ഷിച്ചു. അവൾ ഓഫീസിലേക്ക് പോയെങ്കിലും മനസ്സ് അവിടെയൊന്നും ഉറച്ചു നിൽക്കുന്നുണ്ടായില്ല.