ജീവിതയാത്രയിൽ കടന്നു വരുന്ന ഓരോ പഥികനും ഓരോ റോളുണ്ട്. എന്നാൽ ആ യാത്രയിൽ ചിലർ മാത്രം കൂടെ ഉണ്ടാകും. ചിലർ പെട്ടെന്ന് വിട്ടു പോകും മറ്റു ചിലർ അൽപം കൂടി കഴിഞ്ഞ്. മനസ്സിൽ നിന്ന് പോകുമ്പോൾ യാതൊന്നും അവശേഷിപ്പിക്കാതെ പോകുന്നവരുണ്ട്. എന്നാൽ മറ്റു ചിലരുണ്ട്, അവർ വിട്ടു പോകുമ്പോൾ ജീവിതത്തിൽ നിങ്ങൾ ഇതു വരെ കണ്ടെത്തിയ സന്തോഷം ജീവിക്കാനുള്ള പ്രേരണ എല്ലാം തിരിച്ചെടുത്തു പോകും...
എന്നിട്ടും ജീവിതം ജീവിച്ചല്ലേ പറ്റൂ മരണത്തിലെത്തുന്നതു വരെ... കടന്നു പോയ നിമിഷങ്ങളെക്കുറിച്ചോർത്ത് പാഴാക്കാനുള്ളതല്ലല്ലോ ജീവിതം. എന്നിട്ടും അതാണ് പലപ്പോഴും സംഭവിക്കുക.
റിയ വായനയുടെ ഇടവേളകളിലെപ്പോഴോ ചിന്തയിലേക്ക് വഴുതി വീണു. രണ്ടു മണിക്കൂറായി റിയ പുസ്‌തകം വായിക്കുന്നു. രോഹൻ അത് ശ്രദ്ധയോടെ കേൾക്കുന്നുണ്ട്. സാമ്പത്തിക ശാസ്‌ത്രത്തിലെ നവീനങ്ങളായ തീയറികൾ പഠിക്കാൻ റിയയ്ക്ക് വലിയ താൽപര്യമാണ്. അവയിൽ പുതിയ കൺസെപ്റ്റുകൾ സൃഷ്‌ടിക്കാൻ രോഹനും മിടുക്കനാണ്. എന്നാൽ തിയറി വായിച്ചു പഠിക്കാൻ ഒട്ടും ഇഷ്‌ടമില്ലാത്തതിനാൽ അയാൾ അതിനുമെനക്കെടാറില്ല.
“ഒരു ബ്രേക്ക് എടുക്കാം? കുറേ നേരമായില്ലേ... നീ ക്ഷീണിച്ചെന്നു തോന്നുന്നു!” വായനക്കിടയിൽ റിയ പെട്ടെന്ന് നിശബ്‌ദയായതു കണ്ടപ്പോൾ രോഹനു ചോദിക്കാതിരിക്കാനായില്ല.
എന്നാൽ റിയയുടെ മുഖത്തു നിന്ന് ഭാവം കൊണ്ടു പോലും ഒരു മറുപടി ലഭിച്ചില്ല. എന്നു മാത്രമല്ല വിശ്വവിദ്യാലയ സ്റ്റേഷനിൽ നിന്ന് മെട്രോ ട്രെയിനിൽ കയറും വരെ അവർ തികച്ചും നിശബ്‌ദരായിരുന്നു.
“അങ്ങനെ കോളേജ് ലൈഫ് തീരാൻ പോണു.” രോഹൻ അൽപം ആവേശത്തോടെ അക്കാര്യം ഓർമ്മിച്ചു. റിയ തല കുലുക്കിക്കൊണ്ട്, സ്റ്റേഷനിലേക്ക് തിരക്കിട്ടു വരുന്ന യാത്രക്കാർക്ക് വഴി ഒഴിഞ്ഞു കൊടുത്തു.
ആൾക്കൂട്ടത്തിനിടയിൽ നിൽക്കുമ്പോഴും റിയയ്‌ക്ക് ഉള്ളിൽ കനത്ത ശൂന്യത അനുഭവപ്പെട്ടു. കോളേജ് ജീവിതം അവസാനിക്കാൻ പോകുന്നു. പ്രൈമറി ക്ലാസിലും ഹൈസ്‌ക്കൂളിലും ഉണ്ടായിരുന്ന സുഹൃത്തുക്കളെ പിരിഞ്ഞതു പോലെ രോഹനെയും പിരിയേണ്ട സമയമായി. ജീവിതം കളിക്കുന്ന ഓരോ കളികൾ! പലപ്പോഴും ആ കളിയുടെ ഏറ്റവും മോശം ഇരയാവാനാണോ വിധി?
“ഈ തീയറി പാർട്ട് മുഴുവൻ പരീക്ഷയ്‌ക്കു വരുമെന്ന് തോന്നുന്നുണ്ടോ റിയയ്‌ക്ക്?” രോഹൻ ചോദിച്ചു.
“പഠിച്ചു വയ്‌ക്കാം. വന്നാൽ ഭയക്കേണ്ടതില്ലല്ലോ?”
റിയ അത്ര താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു. ട്രെയിനിന്‍റെ ജനാലയിലൂടെ അവൾ മിഴികൾ പുറത്തേക്ക് നീട്ടി. രോഹൻ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നറിഞ്ഞിട്ടും അവൾ പുറത്തേക്കു തന്നെ നോക്കിയിരുന്നു. രോഹൻ തന്നെയാണ് വീണ്ടും ആ നിശബ്ദതയ്‌ക്കു വിരാമമിട്ടത്.
“റിയ ആർ യു ആൾറൈറ്റ്?”
അവൾ പെട്ടെന്ന് മുഖം തിരിച്ച് അവനെ നോക്കി. ഒരു നേർത്ത ചിരി അവളുടെ ചുണ്ടിൽ വിടർന്നു. “നിനക്ക് എന്തു തോന്നി?” ഇതിനിടെ മെട്രോയുടെ വാതിലുകൾ തുറക്കപ്പെട്ടു. റിയയ്ക്ക് ഇറങ്ങേണ്ട സ്റ്റേഷൻ. അവൾ രാജീവ് ചൗക്കിൽ ഇറങ്ങി. രോഹൻ തന്‍റെ യാത്ര തുടർന്നു. അയാൾക്ക് ആകെ വിഷമം തോന്നി. അയാൾ കണ്ണുകളടച്ചിരുന്നു.