മികച്ച വിദ്യാഭ്യാസ നിലവാരമുള്ളവരായതിനാൽ മികച്ച ശമ്പളമുള്ള ജോലിയോ ബിസിനസോ നേടിയെടുക്കാൻ ഏറെ ഉത്സുകരാണ് മലയാളികൾ. എന്നാൽ ജോലി ചെയ്ത് മാസാമാസം നേടുന്ന പണം എപ്രകാരം കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് ഭൂരിഭാഗം പേരും അശ്രദ്ധരാണ് അല്ലെങ്കിൽ അജ്‌ഞരാണ്. ഭക്ഷണം, വീട്, വിദ്യാഭ്യാസം, വാഹനം, വിവാഹം തുടങ്ങിയവയ്ക്കായി വരുമാനത്തിലധികം ചെലവഴിക്കേണ്ടി വരുന്ന അവസ്‌ഥയാണ് ഏറെപ്പേർക്കുമുള്ളത്. സമ്പാദ്യശീ ലം അതിനിടയിൽ എവിടെയോ നഷ്ടമാകുകയും ചെയ്യുന്നു. എത്ര ചെലവ് വന്നാലും ഒരു നിശ്ചിത ശതമാനം തുക വരുമാനത്തിൽ നിന്ന് മാറ്റിവച്ച് നിക്ഷേപമാക്കി ഭാവി ജീവിതം സുരക്ഷിതമാക്കാൻ കഴിയും. അതിനുള്ള അറിവും മനസ്സും പ്ലാനിംഗും വേണമെന്നു മാത്രം. വ്യക്തികളുടെ സമ്പാദ്യ ശീലങ്ങളെക്കുറിച്ചും എങ്ങനെ നിക്ഷേപം വളർത്തിയെടുക്കാം എന്നതിനെക്കുറിച്ചും ഫെഡറൽ ബാങ്ക് എക്സികുട്ടീവ് വൈസ് പ്രസിഡന്‍റും ഡെപ്പോസിറ്റ് ഹെഡുമായ ജോയ് പിവി പറയുന്നത് ശ്രദ്ധിക്കാം.

വരുമാനത്തിന് യോജിച്ച സമ്പാദ്യ അക്കൗണ്ട്

ഇക്കാലത്ത് മികച്ച ധനകാര്യസ്‌ഥാപനങ്ങളിൽ വിവിധ വരുമാനക്കാർക്കായി യോജിച്ച സമ്പാദ്യ നിക്ഷേപ പദ്ധതികൾ നിരവധിയുണ്ട്. എന്നാൽ അവയെക്കുറി ച്ച് പറയുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. നിക്ഷേപവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട സംഗതി ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടാവുക എന്നതു തന്നെയാണ്. നിക്ഷേപങ്ങൾ എല്ലാം ഒരു അക്കൗണ്ടുമായി ബന്ധപ്പെട്ടിരിക്കും. അതിനാൽ നല്ല ബാങ്കും ട്രാൻസാക്ഷൻ സൗഹൃദവുമായ ബാങ്ക് അക്കൗണ്ടുകളും തെരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനപ്പെട്ട സംഗതിയാണ്. ഓരോ വ്യക്‌തികൾക്കും അവരുടെ വരുമാനവും ജീവിത ശൈലിയും അനുസരിച്ച് തുടങ്ങാൻ കഴിയുന്ന വിവിധ തരം ബാങ്ക് അക്കൗണ്ടുകൾ ഉണ്ട്. അതിൽ ബേസിക് അക്കൗണ്ട് മുതൽ വലിയ സൗകര്യങ്ങളുള്ള പ്രീമിയം അക്കൗണ്ടുകൾ വരെയുണ്ട്. മിക്കവാറും ബാങ്കുകളുടെ ഗ്രാമപ്രദേശങ്ങളിൽ ബേസിക് അക്കൗണ്ട് തുറക്കാൻ മിനിമം ബാലൻസ് ചെറിയ തുകയാണ്. എന്നിരുന്നാൽ പോലും ഈ അക്കൗണ്ടിൽ എടിഎം കാർഡും, ചെക്കും അടക്കം അത്യാവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. കുറച്ചു കൂടി വരുമാനമുള്ളവർക്കായി ജീവിതശൈലി- ആരോഗ്യം എന്നിവയ്ക്കു പ്രാധാന്യം നൽകുന്ന അക്കൗണ്ടുകൾ ഉണ്ട്. ടെലി കൺസൾട്ടിംഗ് പോലുള്ള സൗകര്യങ്ങൾ ലഭിക്കും. ഉദാഹരണത്തിന് പറയുകയാണെങ്കിൽ 55 വയസിനു മുകളിൽ റിട്ടയർമെന്‍റ് ലൈഫിലേക്ക് എത്തിയവരെ ഉദ്ദേശിച്ച് എസ്‌റ്റീം എന്നപേരിൽ ഫെഡറൽ ബാങ്ക് ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫ്രീ ഇൻഷുറൻസ് കവറേജ്, ഷോപ്പിംഗ് ഡിസ്ക്കൗണ്ട്, ഹെൽത്ത് മാനേജ്‌മെന്‍റ്, എയർപോർട്ട് ലോഞ്ച് ആക്‌സസ്, ആശുപത്രിയിൽ അഡ്‌മിറ്റായാൽ ദിനംപ്രതി ഹോസ്‌പിറ്റൽ കാഷ്, ഫ്രീ ലോക്കർ, ഫ്രീ എടിഎം ഉപയോഗം, എസ്എംഎസ് അലർട്ട് ഫ്രീ, ഫ്രീ ഡീമാറ്റ് അക്കൗണ്ട് ഇങ്ങനെ പല സേവനങ്ങളും ഈ അക്കൗണ്ടിൽ ലഭ്യമാണ്.

കുറഞ്ഞ വരുമാനക്കാർക്ക് നിക്ഷേപം വളർത്താൻ

ചെറിയതോ ഇടത്തരമോ, വലിയ വരുമാനമോ ആയിക്കോട്ടെ അവരവരുടെ വരുമാനത്തിന് യോജിച്ച ഒരു നിക്ഷേപശൈലിയാണ് തിരഞ്ഞെടുക്കേണ്ടത്. വരുമാനം കുറഞ്ഞവരാകുമ്പോൾ അവരുടെ വരുമാനത്തിന്‍റെ കൂടുതൽ ഭാഗം ദൈനംദിന ചെലവുകൾക്കായി മാറ്റിവയ്ക്കേണ്ടി വരുന്നു. വരുമാനം കുറയുമ്പോൾ ചെറിയ തുക മാത്രമേ നിക്ഷേപിക്കുവാൻ പറ്റുകയുള്ളു. അത്തരക്കാർക്ക് തുടങ്ങാവുന്ന ഏറ്റവും നല്ല നിക്ഷേപ മാർഗമാണ് റെക്കറിംഗ് ഡെപ്പോസിറ്റ്. വലിയ തുക നിക്ഷേപിക്കാൻ ഇല്ലാത്തവരെ ഉദ്ദേശിച്ചുള്ളതാണ് ഈ നിക്ഷേപ രീതി. മാസംതോറും ആയിരം രൂപയോ രണ്ടായിരം രൂപയോ അതിൽ കൂടുതലോ ഒരു നിശ്ച‌ിത കാലയളവിലേക്ക് നിക്ഷേപിച്ചു കൊണ്ട് ചെറുതല്ലാത്ത സമ്പാദ്യം ഉണ്ടാക്കാൻ കഴിയും. അതിനായി ബാങ്കിൽ പോകണമെന്നില്ല. മിക്ക പ്രധാന ബാങ്കുകളുടേയും മൊബൈൽ ആപ്പ് വഴി ഒരു ഉപഭോക്താവിന് സ്വയം ചെയ്യാവുന്നതേയുള്ളു. ഒരു വർഷം മുതൽ 10 വർഷം വരെ കാലയളവിൽ ഇത്തരം നിക്ഷേപങ്ങൾ ചെയ്യാം. ഈ നിക്ഷേപ രീതിയെ കുറിച്ച് ഇക്കാലത്തും പലർക്കും ശരിയായ ധാരണയില്ല എന്നാണ് മനസിലാകുന്നത്. ഇപ്പോൾ ഒരു വ്യക്തിക്ക് ഒരു പ്രത്യേക ലക്ഷ്യം ഉണ്ട് എന്ന് കരുതുക. ഉദാഹരണത്തിന് കുട്ടി കോളേജിൽ ചേരാൻ പോകുന്നതിന് 5 വർഷം മുമ്പ് ഒരു 5 വർഷ റെക്കറിംഗ് ഡെപ്പോസിറ്റ് നിശ്ചിത തുകയ്ക്ക് ആരംഭിച്ചാൽ അഡ്മിഷൻ സമയത്ത് പ്രയോജനപ്പെടും. ഇനി വിവാഹമാണെങ്കിൽ പോലും ഒരു കോടി വരെ സമ്പാദിക്കാൻ സാധിക്കുന്ന റെക്കറിംഗ് ഡെപ്പോസിറ്റുകൾ ഉണ്ട്.

പുതിയ തലമുറയുടെ മണി മാനേജ്മെന്‍റ്

പുതിയ തലമുറയെക്കുറിച്ച് ചിന്തിച്ചാൽ അവർക്ക് മുൻകാലത്തെ ആളുകളെ അപേക്ഷിച്ച് മികച്ച സമ്പാദ്യ ശീലങ്ങളുണ്ട്. നിക്ഷേപിക്കാൻ താൽപര്യവുമുണ്ട്. എന്നാൽ അവർക്ക് പരമ്പരാഗത നിക്ഷേപ രീതികളേക്കാൾ പ്രിയം ഷെയർ മാർക്കറ്റ് പോലുള്ള വഴികൾ പരീക്ഷിക്കാനാണ്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ, മ്യൂച്ചൽഫണ്ട് ഒക്കെയാണ് അവരുടെ മുൻഗണന. ബാങ്കിന്‍റെ മൊബൈൽ ആപ്പ് വഴി തന്നെ ഇതൊക്കെ ചെയ്യാനാവും. ഒരു വ്യക്‌തിയുടെ പ്രായവും ആവശ്യവും പരിഗണിച്ചുവേണം ഇത്തരം ഫണ്ടിൽ നിക്ഷേപിക്കുവാൻ. ദീർഘകാലത്തേക്ക് നിക്ഷേപിക്കുമ്പോഴാണ് ആദായം കൂടുതൽ കിട്ടുക. ഒരു നിക്ഷേപകന്‍റെ റിസ്‌ക് എടുക്കാനുള്ള ശേഷി അനുസരിച്ചാണ് ഏത് നിക്ഷേപ പദ്ധതി എന്ന് തീരുമാനിക്കുക. പ്രായവും വരുമാനവും കണക്കിലെടുത്ത് കൊണ്ട് ഫലം നിർണയിക്കുന്നതാണ് ഈ രീതി. അങ്ങനെ നോക്കുമ്പോൾ റിസ്‌ക് കൂടുതൽ എടുക്കാൻ കഴിയുന്നത് ചെറുപ്പക്കാർക്കാണ്.

റിട്ടയർമെന്‍റായവരും റിട്ടയർമെന്‍റ് അടുത്തവർക്കും ഏറ്റക്കുറച്ചിലുകളുള്ള നിക്ഷേപ രീതികൾ പൊതുവേ നിർദ്ദേശിക്കാറില്ല. ഇതൊന്നും ശ്രദ്ധിക്കാതെ റിട്ടയറാകുമ്പോൾ കിട്ടുന്ന പണം പലയിടത്തും കൊണ്ടുപോയി മാർക്കറ്റിനെക്കുറിച്ച് ധാരണ ഇല്ലാതെ നിക്ഷേപങ്ങൾ ചെയ്താലാണ് നഷ്ടം സംഭവിക്കുന്നത്. മാസംതോറും നിശ്ചിത തുക അക്കൗണ്ടിൽ നിന്ന് പിൻവലിച്ചുകൊണ്ട് SIP ചെയ്യാം. ബാങ്കിന്‍റെ ആപ്പ് വഴി ചെയ്യുമ്പോൾ റെക്കമെന്‍റഷൻസ് ഉണ്ട്. റെക്കറിംഗ് ആയാലും SIP ആയാലും മാസം തോറും അടയ്ക്കാൻ പാകത്തിന് ആപ്പുകൾ വഴി സജ്‌ജീകരിക്കാം. ഇക്കാലത്തെ യുവതലമുറയ്ക്ക് നിക്ഷേപങ്ങൾ വേണം എന്ന് ആഗ്രഹമുള്ളവരാണ് എന്ന് പറഞ്ഞല്ലോ. എന്നാൽ ഓഹരി വിപണി ആണ് അവർക്ക് കൂടുതൽ താൽപര്യം. എന്നാൽ അതുമാത്രം ചെയ്യുന്നത് നല്ല പ്രവണതയല്ല. നല്ലൊരു ആദായം ഒരുവേള നൽകിയാലും ഓഹരി വിപണി താഴോട്ട് പോകുമ്പോൾ മുടക്കിയ കാശ് പോലും കിട്ടാത്ത അവസ്ഥയും ഉണ്ടാകും.

ബാങ്കുകൾ റെക്കമെന്‍റ് ചെയ്യുന്നത് സംന്തുലിതമായ വരുമാന പദ്ധതി ആണ്. കുറച്ച് ബാങ്ക് നിക്ഷേപവും ആകാം കുറ ച്ച് ക്യാപിറ്റൽ മാർക്കറ്റും ചെയ്യാം എന്ന രീതി സുരക്ഷിതമാണ്. വൻ തുക നിക്ഷേപിക്കാനുണ്ടെങ്കിൽ പോർട്ട് ഫോളിയോ മാനേജ്‌മെന്‍റ് സ്‌കീം മുഖേന നിക്ഷേപിച്ച് കൂടുതൽ സമ്പാദിക്കാം. വെൽത്ത് മാനേജ്മെന്‍റിനായി ബാങ്കിന്‍റെ സഹായം ലഭിക്കും മണി മാനേജ്‌മെന്‍റിന് സമയമില്ലാത്തവർക്ക് ഈ സ്‌കീമിൽ നിക്ഷേപിക്കാവുന്നതാണ്. യോജിച്ച പദ്ധതിയിൽ പണം ബാങ്ക് തന്നെ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. മ്യൂച്ചൽ ഫണ്ട്, ബോണ്ട് ഇങ്ങനെയുള്ള പദ്ധതികൾ ധനകാര്യ വിദഗ്‌ധരോട് ചോദിച്ച് മനസിലാക്കുകയാണ് വേണ്ടത്. ഇതിനെല്ലാം സഹായിക്കുന്ന പ്രയോറിറ്റി ബാങ്ക് സൗകര്യങ്ങളും ആർക്കും വിനിയോഗിക്കാവുന്നതുമാണ്.

ഏതു മേഖലയിലായാലും നിക്ഷേപം ബാലൻസ് ചെയ്യുക എന്നത് പ്രധാനമാണ്. മ്യൂച്ചൽ ഫണ്ടും ഷെയർ മാർക്കറ്റും എല്ലാം ബാങ്കുവഴി ചെയ്യുമ്പോൾ ഹൈ റിസ്‌ക് ഉള്ളത് സൂചിപ്പിച്ചിട്ടുണ്ടാകും. അതൊക്കെ നോക്കി വേണം നിക്ഷേപം ആരംഭിക്കാൻ.

സ്ത്രീകളുടെ നിക്ഷേപ രീതികളെക്കുറിച്ച്

സ്ത്രീകളുടെ നിക്ഷേപ ശീലങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ അവർക്ക് റിസ്‌ക് എടുക്കാൻ പൊതുവെ താൽപര്യം കണ്ടിട്ടില്ല. തുക വച്ചു നോക്കിയാൽ കൂടുതൽ ഇൻവെസ്‌റ്റ് ചെയ്യുന്ന ശീലം സ്ത്രീകളിലാണ്. എന്നാൽ നിക്ഷേപകരായ സ്ത്രീകളുടെ എണ്ണം കുറ വുമാണ്. കൂടുതലും അവരുടെ താൽപര്യം സ്‌ഥിര നിക്ഷേപം, റിക്കറിംഗ് നിക്ഷേപം എന്നിവയിൽ നിക്ഷേപിക്കാനായിരിക്കും. എന്നിരുന്നാലും SIP പോലു ള്ള മറ്റു നിക്ഷേപ രീതികളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് സ്ത്രീ സാന്നിധ്യം വർദ്ധിച്ചിട്ടുമുണ്ട്.

ഏറ്റവും ജനപ്രിയമായ നിക്ഷേപ രീതി

കേരളത്തിന്‍റെ സമ്പാദ്യ ശീലങ്ങളെ പൊതുവെ വിലയിരുത്തിയാൽ ഏറ്റവും ജനപ്രിയമായത് ബാങ്ക് ഡെപ്പോസിറ്റ് തന്നെയാണ്. സുരക്ഷ നോക്കാതെ പലിശ കൂടുതൽ കിട്ടുന്ന സ്‌ഥലങ്ങൾ നോക്കിപ്പോയി പ്രശ്‌നങ്ങളിൽ കുടുങ്ങിയവരും ധാരാളം. വമ്പൻ ഓഫർ കേട്ട് നേരിട്ട് ബന്ധപ്പെടാനാവാത്ത ഓൺ ലൈൻ ആപ്പുകളിൽ നിക്ഷേപിച്ച് പണം പോകുന്നവരും ഉണ്ട്.

സുരക്ഷിതമായ സ്‌ഥിര നിക്ഷേപത്തിന് ബാങ്കുകൾ തന്നെയാണ് തെരഞ്ഞെടുക്കേണ്ടത് തരക്കേടില്ലാത്ത പലിശയും ലഭിക്കും. മൂലധനം സുരക്ഷിതവുമായിരിക്കും.

സൈബർ തട്ടിപ്പുകൾ മറികടക്കാൻ

ഓൺലൈൻ തട്ടിപ്പുകളുടെ മനശാസ്ത്രം തന്നെ മനുഷ്യന്‍റെ അത്യാഗ്രഹവും ഭയവും ചൂഷണം ചെയ്‌ത് പണമുണ്ടാക്കുക എന്നതു തന്നെയാണ്. സൈബർ തട്ടിപ്പുകൾ പലരീതിയിലാണ്! ഇങ്ങനെ ആരെങ്കിലും സമീപിച്ചാൽ ജാഗ്രത പാലിക്കണം. ഇത്തരം എന്തു സാഹചര്യം നേരിട്ടാലും അതാതു ബാങ്കിനെ സമീപിക്കുക. അതല്ലെങ്കിൽ പോലിസിനെ സമീപിക്കുക എന്നതു മാത്രമാണ് പരിഹാരം. പ്രസിദ്ധരാണ് ഇത്തരം ചതികളിൽ പെടുന്നതെങ്കിൽ ഇത്തരം നെഗറ്റീവ് വാർത്തകൾ വരാതിരിക്കാൻ അവർ ശ്രമിക്കാറുണ്ട്.

ഇൻഷുറൻസിന്‍റെ പ്രാധാന്യം

നിക്ഷേപം ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാ വ്യക്തികളും നിശ്ചയമായും എടുക്കേണ്ട രണ്ട് കാര്യങ്ങളാണ് ആരോഗ്യ ഇൻഷുറൻസും ലൈഫ് ഇൻഷുറൻസും. ഒരു പനി വന്നാൽ പോലും ലക്ഷങ്ങൾ ചെലവാക്കുന്ന കാലമാണ്. 10 ലക്ഷം രൂപ ബാങ്കിൽ ഉണ്ടെന്നു പറഞ്ഞാൽ പോലും ജീവിതം സുരക്ഷിതമാണെന്ന് പറയാനാവില്ല. ഒരു അസുഖം വന്നാലോ മരണം സംഭവിച്ചാലോ ഒക്കെ ഇൻഷുറൻസ് സംരക്ഷണം അനിവാര്യമാണ്. ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുക്കാതിരുന്നാൽ ഒരു അസുഖം വന്നാൽ എല്ലാ സാമ്പത്തിക അടിത്തറയും പൊയ്പ്പോകും വ്യക്തിപരമായും ഔദ്യോഗികമായും ഞാൻ പ്രത്യേകം ശുപാർശ ചെയ്യുന്ന കാര്യമാണ് ഇൻഷുറൻസ് പരിരക്ഷ.

Federal bank

പണമിടപാടുകൾ ബാങ്കുവഴി ചെയ്താൻ

ഇതുവരെ നിക്ഷേപത്തിനൊന്നും തയ്യാറാവാത്തവർ എത്രയും നേരത്തെ തീർച്ചയായും ചെയ്യണം. നിരവധി സർക്കാർ പദ്ധതികളുണ്ട്. അവ ബാങ്കു മുഖേന ചെയ്യാം. മറ്റൊരു കാര്യം കർഷകർ, കച്ചവടക്കാർ, ട്രേഡർമാർ ഇവരൊക്കെ പണമിടപാടുകൾ എല്ലാം ബാങ്ക് വഴി തന്നെ നടത്തണം എന്ന നിർദ്ദേശമാണ്. ബാങ്കിലെ അക്കൗണ്ടു വഴി ചെയ്യുമ്പോൾ ലോൺ എടുക്കുമ്പോഴും മറ്റും വരുമാനം ഉണ്ടെന്ന് ഒരു തെളിവ് കൊടുക്കേണ്ടി വന്നാൽ അതിനു എളുപ്പമാവും.

और कहानियां पढ़ने के लिए क्लिक करें...