വന്ധ്യത ചികിത്സയോളം തന്നെ പ്രധാനമാണ് എപ്പോഴാണ് ദമ്പതികൾ ഡോക്ടറെ സമീപിക്കുന്നത് എന്നതും. 6 മുതൽ 10 വർഷം വരെയൊക്കെ കാത്തിരുന്നതിനു ശേഷമാണ് പലരും ഡോക്ടറെ സമീപിക്കുന്നത്. ഈ കാലതാമസം പലപ്പോഴും ചികിത്സിച്ചു ഭേദമാകാനുള്ള സാധ്യതകൾ കൂടി ഇല്ലാതാക്കുകയാണ്. പ്രായം കൂടുന്തോറും ചികിത്സ വിജയിക്കാനുള്ള സാധ്യത കുറയുകയാണ് ചെയ്യുന്നത്. ഒരു വർഷം തുടർച്ചയായി പ്രഗ്നൻസിക്ക് വേണ്ടി ശ്രമിച്ചിട്ടും പരാജയപ്പെടുമ്പോൾ തന്നെ ഡോക്ടറെ സമീപിക്കുന്നതാണ് ഏറ്റവും ഉചിതം. ഈ ഘട്ടത്തിൽ മരുന്നുകളും കൗൺസിലിംഗും കൊണ്ട് വന്ധ്യത ഭേദമാക്കാവുന്നതേയുള്ളൂ. വൈകി വിവാഹിതരാകുന്ന ദമ്പതികൾ വിവാഹം കഴിഞ്ഞയുടനെ തന്നെ ഡോക്ടറെ സമീപിച്ച് എന്തെങ്കിലും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടോയെന്ന് മനസ്സിലാക്കുന്നതും ഫലപ്രദമാണ്.
വന്ധ്യത നിർണ്ണയത്തിൽ ദമ്പതികളുടെ ശാരീരിക പരിശോധനകൾ കൂടിയേ തീരൂ. മുൻകാല അസുഖങ്ങൾ, ചികിത്സകൾ എന്നിവയെല്ലാം ബാഹ്യപരിശോധനയിൽ പരിഗണിക്കുന്നു. പുരുഷന്മാരിൽ നിന്നും സ്വയംഭോഗത്തിലൂടെ ശേഖരിക്കുന്ന ശുക്ലത്തിൽ നിന്നാണ് ബീജാണുക്കളുടെ എണ്ണം, സഞ്ചാരശേഷി, വൈകല്യങ്ങൾ, പഴുപ്പ് ഇവ മനസ്സിലാക്കുന്നത്. ചില കേസുകളിൽ രക്തപരിശോധനകളും ആവശ്യമായി വരുന്നു. ബീജവിശകലനം നടത്താൻ കൂറേക്കൂടി സങ്കീർണ്ണമായ രീതികളും നിലവിലുണ്ട്.
സ്ത്രീകളിൽ, അണ്ഡവാഹിനികുഴലിലോ ഗർഭപാത്രത്തിലോ തകരാറുണ്ടോ, അണ്ഡോത്പാദനം നടക്കുന്നുണ്ടോ എന്നിവയൊക്കെയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഹോർമോൺ നിർണ്ണയം, രക്തപരിശോധന, അൾട്രാസൗണ്ട് സ്കാനിംഗ്, എൻഡോമെട്രിയൽ ബയോപ്സി, സോണോഗ്രാഫി, ലാപ്രോസ്കോപി, ഹിസ്റ്ററോസ്കോപ്പി എന്നിവയും നിർദ്ദേശിക്കാറുണ്ട്.
അണ്ഡോത്പാദനസമയത്ത് ശുക്ലാണുക്കളെ സ്വീകരിക്കുന്നതിനായി ഗർഭപാത്രത്തിലെ ദ്രാവകം നേർത്തതായി തീരുന്നു. ഈ സമയത്ത് സംഭോഗത്തിനു ശേഷം നടത്തുന്ന പരിശോധനയാണ് PCT (post coital test). ബീജാണുക്കൾ മേൽപ്പറഞ്ഞ ദ്രാവകത്തിൽ സഞ്ചരിക്കുന്നത് കാണാം. ഗളദ്രാവകത്തിന്‍റെ അപര്യാപ്തത, ബീജാണുക്കളുടെ സഞ്ചാരശേഷി, ഗളദ്രാവകവും ശുക്ലവും തമ്മിലുള്ള പ്രതിപ്രവർത്തനം, അണ്ഡവിസർജ്ജനത്തിന്‍റെ ഏകദേശസമയം എന്നിവ നിർണ്ണയിക്കാൻ ഇത് സഹായകമാണ്.
സാധാരണഗതിയിൽ ക്രമമായി നടക്കുന്ന ആർത്തവമാണ് അണ്ഡോത്പാദനത്തിന്‍റെ തെളിവായി കാണുന്നത്. എന്നാൽ ചിലരിൽ അണ്ഡോത്പാദനമില്ലാതെയും ആർത്തവമുണ്ടാകാം. തെറ്റി വരുന്ന ആർത്തവചക്രം, അണ്ഡോത്പാദനം ശരിയായി നടക്കാത്തവരിലാണ് പ്രധാനമായി കാണുന്നത്. തലച്ചോർ, പീയുഷഗ്രന്ഥി, അണ്ഡാശയം ഇവ തമ്മിൽ നടക്കുന്ന കൂട്ടായ പ്രവർത്തനത്തിന്‍റെ ഫലമാണ് അണ്ഡോത്പാദനം. അണ്ഡോത്പാദന ചക്രത്തിന്‍റെ ഏത് കണ്ണിയിലാണ് പ്രശ്നമെന്ന് എൻഡോമെട്രിക്കൽ ബയോപ്സിയിലൂടെയും ഹോർമോൺ നിർണ്ണയത്തിലൂടെയും മനസ്സിലാക്കാം.
അണ്ഡോത്പാദനത്തിനായി ചികിത്സ നടത്തുമ്പോൾ ഇടവിട്ട് സ്കാനിംഗ് ചെയ്യേണ്ടതായി വരും. അണ്ഡോത്പാദനത്തിനായി വിവിധതരം മരുന്നുകൾ ഇന്ന് ലഭ്യമാണ്. അതുകൊണ്ടുതന്നെ അണ്ഡോൽപ്പാദനം തടസ്സമില്ലാതെ നടക്കുമെങ്കിലും യോനി, ഗർഭപാത്രം, അണ്ഡവാഹിനിക്കുഴൽ എന്നിവയിലെ തടസ്സങ്ങൾ കണ്ടുപിടിക്കാൻ എസ് എസ് ജി സ്കാൻ, എച്ച് എസ് ജി സ്കാൻ, ലാപ്രോസ്കോപ്പി, ഹിസ്‌റ്ററോസ്കോപ്പി (യോനീയിലൂടെ ഗർഭപാത്രത്തിന്‍റെ ഉൾഭാഗം വീക്ഷിക്കുന്ന രീതി) തുടങ്ങിയ പരിശോധനകളും നടത്താറുണ്ട്. ജനനേന്ദ്രിയങ്ങളുടെ വൈകല്യങ്ങൾ മാറ്റാനും ഇന്ന് ചികിത്സകൾ ഉണ്ട്. പുരുഷൻമാർക്ക് Varicocele എന്ന അസുഖമുണ്ടെങ്കിൽ ബീജാണുക്കളുടെ ബാഹുല്യം വർദ്ധിപ്പിക്കാൻ ഒരു ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. ബീജത്തിന്‍റെ സഞ്ചാരശേഷി കുറവുള്ളവരിൽ ബീജം പ്രത്യേകമായി തയ്യാറാക്കി ഗർഭപാത്രത്തിൽ നേരിട്ട് നിക്ഷേപിക്കുന്ന സംവിധാനവും നിലവിലുണ്ട്.