“ഇന്നെന്താ? ഭവതി വലിയ സന്തോഷത്തിലാണല്ലോ?” നിഷിമയുടെ മുഖത്തെ പ്രകാശം കണ്ട് ആനന്ദ് ചോദിച്ചു.
“കാര്യമൊക്കെയുണ്ട്. കേട്ടാൽ ആനന്ദിനും സന്തോഷമാവും.”
“എങ്കിൽ താമസിക്കണ്ട. കേൾക്കട്ടേ വിശേഷം.”
“നാളെ രാവിലെയുള്ള ട്രെയിനിൽ നകുലേട്ടൻ വരുന്നു. രാവിലെ തന്നെ ചേട്ടനെ കൊണ്ടുവരാൻ സ്‌റ്റേഷനിൽ പോകണം. പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം തോന്നുന്നു.”
“അതുകൊള്ളാമല്ലോ, ആദ്യമായാണ് നിന്‍റെ വീട്ടിൽ നിന്ന് ഒരാൾ അതിഥിയായി വരുന്നത്. അച്‌ഛൻറയും അമ്മയുടെയും പിണക്കമൊക്കെ മാറിയോ?”
“ആനന്ദ്, അച്‌ഛനുമമ്മയുമല്ല, നകുലേട്ടനല്ലേ വരുന്നത്.”
“അതല്ല, ഇവിടെ വരുന്നതിനു മുമ്പ് അവരുടെ സമ്മതം വാങ്ങിയിട്ടുണ്ടാവുമല്ലോ.”
“എന്‍റെ വീട്ടിൽ നിന്നും ഏട്ടൻ വരുന്നുവെന്ന് പറയുമ്പോഴും വേണോ പരിഹാസം. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ആദ്യമായി ഒരാൾ വരുന്നതാണ്. അതും ഇഷ്‌ടപ്പെട്ടില്ലേ,” കരച്ചിലിന്‍റെ വക്കോളമെത്തിയിരുന്നു നിഷിമ.
“എന്തായിത് നിഷിമാ, ഈ ഒരു നിസ്സാര കാര്യത്തെച്ചൊല്ലി ഇന്നത്തെ വൈകുന്നേരം നശിപ്പിക്കണോ?” ആനന്ദ് അവളെ ചേർത്തു നിർത്തി ആശ്വസിപ്പിച്ചു.
“ശരി” കണ്ണു തുടച്ചു കൊണ്ട് അവൾ പറഞ്ഞു, “എന്നാൽ ഇന്ന് പുറത്തു പോകാം. ഒന്നു ചുറ്റിയിട്ടു വരാം.”
“ശരി, മഹാറാണിയുടെ ആജ്‌ഞ പോലെ” ചിരിച്ചുകൊണ്ട് ആനന്ദ് പറഞ്ഞു.
ഓഫീസിൽ നിന്ന് ക്ഷീണിച്ചാണ് ആനന്ദ് വന്നത്. അയാൾ വാച്ചിലേക്ക് നോക്കി. സമയം എട്ടുമണി. ഒരു ചൂട് ചായയും കുടിച്ച് ടിവിയുടെ മുന്നിൽ ഇരിക്കാം എന്നു വിചാരിച്ചതാണ്. ഇനിയും തിരക്കിലൂടെ വണ്ടി ഓടിക്കാൻ അയാൾക്ക് മടുപ്പ് തോന്നി. പക്ഷേ, നിഷിമയ്ക്ക് പുറത്തു പോവാൻ ഇഷ്ടമാണെങ്കിൽ അങ്ങനെ തന്നെ അവളുടെ സന്തോഷമല്ലേ പ്രധാനം… നിഷിമ പോകാൻ തയ്യാറാവുകയായിരുന്നു. അയാൾ തനിയെ ഉണ്ടാക്കിയ ചായയുമായി ടിവിയുടെ മൂന്നിലെത്തി. അപ്പോൾ അയാളുടെ മനസ്സു നിറയെ പഴയ ആ ദിനങ്ങളായിരുന്നു. ഇപ്പോഴും അത് തെളിഞ്ഞ ഓർമ്മയിൽ ഉണ്ട്.
ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ ഓഫീസിലെ എല്ലാവരുടേയും കൂടെ പോയതാണ്. പെട്ടെന്നാണ് ഒരു പെൺകുട്ടി മുന്നിലെത്തിയത്. ഇത്രയും സുന്ദരിയായ പെണ്ണോ? താൻ കണ്ണിമ വെട്ടാതെ നോക്കിയിരുന്നുപോയി. പെട്ടെന്ന് പരിസരബോധം വീണ്ടെടുത്ത് നോക്കുമ്പോൾ, അവളിലായിരുന്നു സകലരുടേയും ശ്രദ്ധ.
ഓഫീസിലെ സീനിയർ പിള്ളസാർ വന്നതും മീറ്റിംഗ് തുടങ്ങി. നവാഗതരെ പരിചയപ്പെടുത്തുന്ന സമയമെത്തി. നിഷിമ എന്ന പേരും സുന്ദരമായ ആ മുഖവും മാത്രമാണ് താൻ കേട്ടത്.
“ഏതു ലോകത്തിലാണ്, ആനന്ദ്?” പിള്ളസാർ ചുമലിൽ തട്ടിയപ്പോഴാണ് താൻ ശ്രദ്ധിച്ചത്.
“നിഷിമയെ തന്‍റെ സെക്ഷനിലേക്കാണ് പോസ്റ്റു ചെയ്തിരിക്കുന്നത്.” ഒരു കള്ളച്ചിരിയോടെ സാർ പറഞ്ഞു.
“കഴിഞ്ഞില്ലേ, ആനന്ദിന്‍റെ ജോലി.” പുറകിൽ നിന്നാരോ തന്നെ കളിയാക്കി.
വളരെ പെട്ടെന്നു തന്നെ ആനന്ദും നിഷിമയും അടുത്തു. സൗന്ദര്യത്തോടൊപ്പം ബുദ്ധിസാമർത്ഥ്യവും അവൾക്കുണ്ടെന്ന് ആനന്ദിന് മനസ്സിലായി. ഓഫീസിനു പുറത്തും അവർ കൂടുതൽ സമയം ചെലവിടാൻ തുടങ്ങി.
ആ ദിവസങ്ങളെക്കുറിച്ചോർത്തപ്പോൾ തന്നെ അയാളുടെ മുഖത്ത് ഒരു ചിരി പടർന്നു. നിഷിമയുമായി അടുത്തു തുടങ്ങിയപ്പോൾ തന്നെ അയാൾ പതിവായി ഡയറി എഴുതിത്തുടങ്ങി. എന്നും അവളുടെ ഓരോ ഗുണവും അയാൾ കൃത്യമായി കുറിച്ചിടും. വേഷത്തിലും ഭാവത്തിലും അയാൾ മുമ്പ് ഒരിക്കലുമില്ലാത്ത ശ്രദ്ധ കാണിച്ചു തുടങ്ങി.
ഇരുവരും ഒരുമിച്ചായി എപ്പോഴും കറക്കം. നിഷിമയ്ക്ക് നാടകം വലിയ ഇഷ്ടമായിരുന്നു. ഒരു നാടകാസ്വാദകയായ അവൾ ചില നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്‌തു. അവളുടെ റിഹേഴ്സൽ കണ്ട് അഭിപ്രായം പറയാൻ അയാൾക്കും ഇഷ്ടമായിരുന്നു.
എല്ലാം സന്തോഷമായി പോവുമ്പോഴാണ് പ്രതീക്ഷിക്കാതെ ആനന്ദിന് സ്ഥലം മാറ്റത്തോടുകൂടി പ്രൊമോഷൻ കിട്ടുന്നത്.
“പ്രൊമോഷൻ കിട്ടുമ്പോഴും അടി കിട്ടിയ ഭാവത്തിൽ ഇരിക്കുന്നതു കണ്ടില്ലേ.” ഇവിടെ ഒരാൾ തമാശരൂപേണ നിഷിമ പറഞ്ഞു.
“ഇതെന്തൊരു പ്രൊമോഷൻ? നീയില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ എനിക്കാവില്ല.” ആനന്ദ് വിഷമത്തോടെ പറഞ്ഞു.
“വിഷമിക്കേണ്ട ആനന്ദ്, നമ്മൾ പിരിയുന്നില്ല. വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ പോവുന്നു.” വളരെ ലാഘവത്തോടെ നിഷിമ പറഞ്ഞു. ആനന്ദ് അത്ഭുതത്തോടെ അവളെ നോക്കി. “വിവാഹമോ? വീട്ടുകാരോട് സംസാരിക്കാതെയോ? നീ തനിയെ എത്ര പെട്ടെന്നാണ് വിവാഹത്തെക്കുറിച്ച് ആലോചിച്ചത്?” അയാൾ ചോദിച്ചു.
“സംസാരിക്കാമല്ലോ, എന്തായാലും എന്നെങ്കിലും പറഞ്ഞല്ലേ പറ്റൂ,” അവൾ തന്‍റെ തീരുമാനം പറഞ്ഞു നിർത്തി.
ആനന്ദ് തന്‍റെ ഇഷ്‌ടം വീട്ടിൽ അറിയിച്ചു. അയാളുടെ അച്ഛനും അമ്മയ്ക്കും എതിർപ്പൊന്നും ഉണ്ടായില്ല. എന്നാൽ നിഷിമയുടെ വീട്ടുകാർ ഈ ബന്ധത്തിനെതിരായിരുന്നു.
“ഇങ്ങനെ ഒരു ബന്ധത്തിനു പോകാൻ നിനക്ക് നാണമില്ലേ. ഒരു സാധാരണ ക്ലാർക്കാണ് അവന്‍റെ അച്‌ഛൻ അഞ്ചു സഹോദരങ്ങളുള്ള ഒരു കുടുംബത്തിന്‍റെ മുഴുവൻ ആശ്രയമാണവൻ. അവിടെ നിന്‍റെ ജീവിതം നരകമായിരിക്കും.” അവളുടെ അച്‌ഛൻ ഈ ബന്ധത്തെ എതിർത്തു.
“അച്‌ഛാ, എനിക്കറിയാം. ഞങ്ങൾ രണ്ടുപേരും നല്ല ഉദ്യോഗമുള്ളവരാണ്. പക്ഷേ, ആനന്ദിന് നല്ല ജോലിയുണ്ടല്ലോ. കാണാനും തെറ്റില്ല. ഞങ്ങൾ സ്നേഹിച്ചുപോയി.”
“ഓഹോ, തീരുമാനമൊക്കെ നീ തന്നെ എടുത്തെങ്കിൽ പിന്നെ ഞങ്ങളുടെ ആവശ്യമെന്താ?” അച്‌ഛൻ പൊട്ടിത്തെറിച്ചു.
വിവാഹം കഴിഞ്ഞ് മൂന്നു വർഷങ്ങളായി. ആദ്യമായാണ് നിഷിമയുടെ വീട്ടിൽ നിന്ന് ഒരാൾ വരുന്നത്. അവളാകട്ടെ, വിശ്വപ്രസിദ്ധ മനഃശാസ്ത്രജ്ഞനായ നകുലേട്ടനെ പറ്റി വാതോരാതെ പറഞ്ഞു കൊണ്ടേയിരുന്നു. സന്തോഷം കൊണ്ട് അവൾ മതിമറന്നു. എന്നാൽ ആനന്ദ് അത്ര സന്തുഷ്ടനായില്ല. പക്ഷേ, നിഷിമയ്ക്ക് വിഷമം ഉണ്ടാക്കുന്ന ഒന്നും ചെയ്യാൻ അയാൾ തയ്യാറല്ലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് നകുലൻ വന്നു.
“ചേട്ടനെങ്കിലും എന്‍റെ വിവാഹത്തിനു വരാമായിരുന്നു. ഞാൻ എന്തുമാത്രം വിഷമിച്ചെന്നോ,” നിഷിമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“എന്‍റെ പൊന്നനിയത്തി, ഞാൻ കാനഡയിൽ പോയിട്ട് മൂന്നു വർഷമായി നിന്‍റെ വിശേഷങ്ങളെല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു. നിന്‍റെ ചേട്ടത്തിയും വരണമെന്ന് വിചാരിച്ചതാ. പക്ഷേ ഒരു കുട്ടുകാരിയുടെ കല്യാണമായിപ്പോയി. ഉടനെ തന്നെ അവൾ നിന്നെ കാണാൻ വരും.”
ആനന്ദ് ഇടയ്ക്ക് ക്ഷമാപണ സ്വരത്തിൽ പറഞ്ഞു, “എനിക്ക് ഇന്ന് ഓഫീസിൽ കുറച്ച് അത്യാവശ്യ ജോലികളുണ്ട്. ചേട്ടൻ ഒന്നും വിചാരിക്കരുത്. ഞാൻ പോയിട്ടു വേഗം മടങ്ങാം.”
വാസ്തവത്തിൽ, നിഷിമയേയും ചേട്ടനേയും തനിയെ സംസാരിക്കാൻ വിടണമെന്ന് അയാൾക്കു തോന്നി. സ്വയം ഒഴിവാകാൻ കണ്ടുപിടിച്ച ഒരു മാർഗ്ഗമായിരുന്നു അത്.
“അറിഞ്ഞോ, ആനന്ദ്? ഞങ്ങൾ എത്രമാത്രം സംസാരിച്ചെന്നോ, നകുലേട്ടൻ ഒരുപാട് മനഃശാസ്ത്രകളികൾ കാണിച്ചുതന്നു. മനസ്സിരിപ്പ് അറിയാനുള്ള വിദ്യയും ഉണ്ടത്രേ.” ഓഫീസിൽ നിന്ന് തിരികെയെത്തിയ ആനന്ദിനോട് നിഷിമ വിവരിച്ചു.
“ഇന്ന് നിഷിമ എന്തെല്ലാം വിഭവങ്ങളാണ് ഉണ്ടാക്കിയത്. കഴിച്ചു കഴിച്ച് ഞാൻ ക്ഷീണിച്ചു.” ചിരിച്ചുകൊണ്ട് നകുലൻ പറഞ്ഞു.
“നകുലേട്ടാ, നമുക്ക് മനസ്സ് അറിയാനുള്ള ആ കളിയൊന്നു കളിച്ചാലോ,” ഡിന്നറിനു ശേഷം നിഷിമ നിർബന്ധം പിടിച്ചു.
നകുലൻ അത് ശരിവച്ചു. അയാൾ ആനന്ദിനോടായി പറഞ്ഞു. “കേട്ടോ ആനന്ദ്, ഇത് കളിയല്ല. ഭാര്യാഭർത്താക്കന്മാരുടെ ഉള്ളിലിരിപ്പ് അറിയാനുള്ള ഒരു വിദ്യയാണ്.”
“ശരി, എനിക്കു സമ്മതം.” ആനന്ദ് തയ്യാറായി തലകുലുക്കി. നകുലൻ അവർക്ക് രണ്ടുപേർക്കും ഓരോ കടലാസ്സു വീതം നൽകി.
“ഇനി ശ്രദ്ധിച്ചു കേൾക്കണം. നിങ്ങൾ രണ്ടുപേരും പരസ്പരം നന്നായി അറിയുന്നവരാണ്. നല്ല ഗുണങ്ങൾ കണ്ടിട്ട് ഇഷ്ട്‌ടം തോന്നിയല്ലേ നിങ്ങൾ കല്യാണം കഴിച്ചതും.”
“ശരിയാണ് ചേട്ടാ, ആനന്ദ് എന്നും ഡയറിയിൽ എന്‍റെ ഓരോ ഗുണം വീതം എഴുതുമായിരുന്നു.” നിഷിമ ഇടയ്ക്ക കയറി പറഞ്ഞു.
“അതു നന്നായി. അരമണിക്കൂർ സമയം തരാം. അതിനുള്ളിൽ രണ്ടുപേരും പങ്കാളിയുടെ കുറവുകൾ എഴുതണം. പരസ്പ്‌പരം ഇപ്പോൾ മിണ്ടരുത് എന്നുമാത്രം.”
ആനന്ദും നിഷിമയും ഗൗരവമായി ചിന്തിക്കാൻ തുടങ്ങി. അര മണിക്കൂറിനു ശേഷം നകുലൻ രണ്ടുപേരോടും എഴുത്ത് നിർത്താൻ പറഞ്ഞു.
“ഇനി ആരാണോ ഏറ്റവും കൂടുതൽ ദോഷം എഴുതിയിട്ടുള്ളത്, അവരുടെ കടലാസ് ഞാൻ വായിക്കാം. മറ്റേയാൾ ശിക്ഷ വാങ്ങിക്കാൻ തയ്യാറായിക്കോ.” നകുലൻ തുടർന്നു. “ആരാണ് ഏറ്റവും കൂടുതൽ കുറ്റങ്ങൾ എഴുതിയ വ്യക്തി?”
“ഞാൻ ആനന്ദിന്‍റെ പത്ത് കുറ്റങ്ങൾ എഴുതിയിട്ടുണ്ട്.” നിഷിമ പറഞ്ഞു.
“ശരി, എങ്കിൽ ആദ്യം അവൾ വായിക്കട്ടെ” എന്നായി ആനന്ദ്.
“ആദ്യത്തെ പ്രശ്നം കേട്ടോളൂ.” നകുലൻ പറഞ്ഞു. “നിസ്സാര കാര്യങ്ങൾക്കു പോലും വഴക്കിടും. എന്താ ശരിയാണോ?”
ചിരിച്ചുകൊണ്ട് ആനന്ദ് പറഞ്ഞു, “നിഷിമ പറഞ്ഞതിൽ തെറ്റില്ല. ”
“എങ്കിലിനി നിഷിമയുടെ ഊഴമാണ്. എന്തു ശിക്ഷയാണ് എന്നു പറഞ്ഞോളു.”
“പത്ത് ദിവസം രാവിലെ എഴുന്നേറ്റ് ചായ ഇടുന്ന ഡ്യൂട്ടി ആനന്ദിന്.” നിഷിമ സന്തോഷത്തോടെ പറഞ്ഞു.
അയാൾ സമ്മതിച്ചു. പിന്നീട് വായിച്ച ഓരോ പോരായ്‌മകൾക്കും ആനന്ദിന് ശിക്ഷ ലഭിച്ചുകൊണ്ടേയിരുന്നു. എല്ലാം സസന്തോഷം ആനന്ദ് സമ്മതിച്ചു.
ഇത്രയും അനുസരണയുള്ള ഭർത്താവാകേണ്ട ആനന്ദ്. അവളുടെ ആരോപണങ്ങൾ തെറ്റാണെന്ന് പറയുകയെങ്കിലും ചെയ്യ്, നകുലൻ പറഞ്ഞു.
പക്ഷേ ആനന്ദ് വെറുതെ ചിരിച്ചന്നേയുള്ളു നിഷിയുടെ ലിസ്റ്റ് വായിച്ചു കഴിഞ്ഞ് നകലൻ ആനന്ദിന്‍റെ പേപ്പർ വാങ്ങി. അതിൽ ഒന്നും എഴുതിയിരുന്നില്ല.
“ചേട്ടാ, സത്യം പറയട്ടെ, ഇതുവരെ നിഷിമയിൽ എനിക്ക് കുറവുകൾ ഒന്നും തോന്നിയിട്ടില്ല. ഒരു വാക്കോ, നോക്കോ കൊണ്ടുപോലും അവളെ നോവിക്കാൻ എനിക്കിഷ്ടമല്ല.”
തനിക്കു ചുറ്റുമുള്ള ലോകം നിശ്ചലമായതു പോലെ തോന്നി നിഷിമയ്ക്ക്. മുമ്പൊരിക്കലും ഇങ്ങനെ ഒരനുഭവം ഉണ്ടായിട്ടില്ല. നിമിഷങ്ങൾക്കകം അവൾ പൊട്ടിക്കരയാൻ തുടങ്ങി.
“കണ്ടില്ലേ ചേട്ടാ, ഇതാണ് ആനന്ദ്. ഈ സ്നേഹം തിരിച്ചു നൽകാനുള്ള യോഗ്യത പോലും എനിക്കില്ല.” അവൾ കരച്ചിലടക്കി പറഞ്ഞു.
“നോക്ക്, കുറവുകൾ എണ്ണിപ്പറഞ്ഞതു തന്നെ അവളുടെ തെറ്റാണ്. അതിന് ആനന്ദ് തന്നെ ശിക്ഷ കൊടുത്തോളൂ.”
“ശരി, ശിക്ഷ ഞാൻ തന്നെ പറയാം. ഇന്ന് ഒന്നാന്തരം ഡിന്നർ നിഷിമ തന്നെ ഉണ്ടാക്കണം. മൂന്നുപേർക്കും വയറു നിറയെ ഭക്ഷണം, എന്താ സമ്മതിച്ചോ?” ആനന്ദ് പറഞ്ഞു. “പേടിക്കേണ്ട, ഞാനും നിന്നെ സഹായിക്കാം.”
ഇത്രയും പറഞ്ഞ് ആനന്ദും നകുലനും പൊട്ടിച്ചിരിച്ചു. കണ്ണീരിനിടയിലും നിഷിമ ചിരിച്ചുപോയി. അപ്പോഴവിടെ സ്നേഹത്തിന്‍റെ നനുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.