അടുത്തയിടെ കൊച്ചിയിൽ മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ഒരു യുവാവിന്‍റെ ദയനീയമായ അവസ്‌ഥ മാധ്യമങ്ങൾ വഴി പുറത്തു വന്നിരുന്നു. മരണത്തിന്‍റെ വക്കിൽ നിന്ന് ഏറെ പണിപ്പെട്ടാണ് ആ യുവാവ് പുറത്ത് കടന്നത്. ചില ഇടങ്ങളിൽ ഹെയർ ട്രാൻസ്‌പ്ലാന്‍റേഷൻ നടത്തി മരണംവരെ സംഭവിച്ചിട്ടുണ്ട്. അത്രയ്ക്കും അപകടകരമാണോ ഈ ശസ്ത്രക്രിയ?
മുടി കൊഴിച്ചിൽ, കഷണ്ടി, ദുർബലമായ മുടി എന്നീ പ്രശ്‌നങ്ങൾ ഇപ്പോൾ സർവ്വ സാധാരണമാണ്. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ഈ പ്രശ്നം അതിവേഗം വർദ്ധിച്ചുവരികയാണ്. വർദ്ധിച്ചുവരുന്ന മലിനീകരണം, മോശം ജീവിതശൈലി, സമ്മർദ്ദം, ഉറക്കക്കുറവ്, ആരോഗ്യകരമായ ഭക്ഷണത്തിന്‍റെ അഭാവം, പാരമ്പര്യം, ജങ്ക് ഫുഡിനോടുള്ള ഇഷ്ടം എന്നിങ്ങനെ നിരവധി കാരണങ്ങളുണ്ട്.
സോഷ്യൽ മീഡിയയിലെ "പെർഫെക്റ്റ് ലുക്ക്" എന്ന സമ്മർദ്ദം കാരണം യുവാക്കൾ കൂടുതൽ സൗന്ദ്യവർദ്ധക ചികിത്സകളിലേക്ക് ആകർഷിക്കപ്പെടുന്നു. അതിലൊന്നാണ് ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ. ഇതിനെ മുടി പുനഃസ്‌ഥാപനം അല്ലെങ്കിൽ മുടി മാറ്റിവയ്ക്കൽ എന്നും വിളിക്കുന്നു.
മുടി മാറ്റിവയ്ക്കൽ ഒരു മേജർ ശസ്ത്രക്രിയയാണ്. ശരിയായ രീതിയിലും പരിചയസമ്പന്നനായ ഒരു ഡോക്ടറുടെ മേൽനോട്ടത്തിലും ചെയ്‌താൽ ഫലപ്രദമായേക്കാവുന്ന ഒരു ശസ്ത്രക്രിയ. എന്നാൽ ഇതിൽ ചെറിയ അശ്രദ്ധ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇത് മരണത്തിലേക്ക് പോലും നയിച്ചേക്കാം.
അടുത്തിടെ കാൺപൂരിൽ മുടി മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ രണ്ടുപേരുടെ മരണത്തിന് കാരണമായ സംഭവങ്ങൾ പുറത്തുവന്നു. ഈ പ്രക്രിയയെക്കുറിച്ച് അവബോധം പ്രചരിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. കഷണ്ടിയുടെ പേരിൽ വിഷമിക്കുന്നവർ ഇതൊന്നും ചെയ്യരുത് എന്നല്ല പറഞ്ഞു വരുന്നത്. സ്വന്തം വ്യക്തിത്വം മെച്ചപ്പെടുത്താൻ ഒരാൾക്ക് പൂർണ്ണ അവകാശമുണ്ട്. പക്ഷേ മുടി മാറ്റിവയ്ക്കുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശ്രദ്ധിക്കേണ്ടത് അതിലും പ്രധാനമാണ്.
മുടി മാറ്റിവയ്ക്കൽ എന്താണ്?
തലയുടെ ഏത് ഭാഗത്തുനിന്നും മുടിയുടെ വേരുകൾ (ഫോളിക്കിളുകൾ) എടുത്ത് കഷണ്ടിയുള്ളതോ നേർത്ത രോമമുള്ളതോ ആയ ഭാഗങ്ങളിൽ മാറ്റി വയ്ക്കുന്ന ഒരു ശസ്ത്രക്രിയയാണ് മുടി മാറ്റിവയ്ക്കൽ. മുടി കൊഴിച്ചിലും കഷണ്ടിയും കൊണ്ട് ബുദ്ധിമുട്ടുന്ന യുവാക്കൾ മുടി വളരാൻ എല്ലാ പ്രതിവിധികളും പരീക്ഷിച്ചു കഴിഞ്ഞാൽ അവസാനത്തേതും സ്‌ഥിരവുമായ ഓപ്ഷനായി മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തയ്യാറാവുകയാണ്.
എത്രതരം മുടി മാറ്റിവയ്ക്കലുകൾ
ഫോളിക്കുലാർ യൂണിറ്റ് ട്രാൻസ്പ്ലാന്‍റേഷൻ (എഫ്‌റ്റി): ആയിരക്കണക്കിന് രോമകൂപങ്ങൾ അടങ്ങിയ തലയുടെ പിൻഭാഗത്ത് ഒരു മുറിവുണ്ടാക്കി ചർമ്മത്തിന്‍റെ നേർത്ത ഒരു സ്ട്രിപ്പ് നീക്കം ചെയ്യുന്നു. ആ സ്കിൻ സ്ട്രിപ്പ് ഒരു മൈ ക്രോസ്കോപ്പിന്‍റെ സഹായത്തോടെ നിരവധി ചെറിയ ഗ്രാഫ്റ്റുകളായി (ഫോളി കുലാർ യൂണിറ്റുകൾ) തിരിച്ചിരിക്കുന്നു. അതിൽ 1 മുതൽ 4 വരെ രോമവേരുകൾ അടങ്ങിയിരിക്കുന്നു. രോമം കുറവുള്ളതോ ഇല്ലാത്തതോ ആയ സ്‌ഥലങ്ങളിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കിയാണ് ഈ സ്കിൻ ഗ്രാഫ്റ്റുകൾ പ്രയോഗിക്കുന്നത്. പിന്നീട് ചർമ്മം തുന്നിച്ചേർക്കുകയും ഏതാനും ആഴ്ചകൾക്കുള്ളിൽ അവിടെ രോമം വളരാൻ തുടങ്ങുകയും ചെയ്യുന്നു. എന്നാൽ തലയുടെ പിൻഭാഗത്തുള്ള നീളമുള്ള മുറിവ് സുഖപ്പെടാൻ സമയമെടുക്കും. തുന്നലുകൾ ഉണങ്ങി സുഖപ്പെടുന്നതുവരെ വ്യക്തിക്ക് ഉറക്കക്കുറവും അനുഭവപ്പെടുന്നു. മുറിവിന്‍റെ അടയാളവും വളരെക്കാലം ദൃശ്യമായി തുടരും.





