മൺസൂൺ ഫിറ്റ്നസ് ടിപ്സ്

ഭൂരിഭാഗം പേരും മഴക്കാലത്ത് അൽപമൊന്ന് മടിപിടിച്ചിരിക്കാറുണ്ട്. വീട്ടമ്മയായാലും ഉദ്യോഗസ്‌ഥകളായാലും പുറത്തുപോയി വർക്കൗട്ട് ചെയ്യാൻ മഴക്കാലത്ത് ഇഷ്ടപ്പെടാറില്ല. ഈ സാഹചര്യത്തിൽ ദഹനപ്രക്രിയ മന്ദഗതിയിലാകുന്നതിനൊപ്പം മറ്റ് ചില അസ്വസ്‌ഥതകളും ഉണ്ടാകും. മഴക്കാലത്ത് പുറത്തൊന്നും പോകാതെ വീട്ടിൽ തന്നെ ചെയ്യാവുന്ന ഈസി ഫിറ്റ്നസ് ടി‌പ്സുകളുണ്ട്.

മുംബൈ സൈബോൾ ഡാൻസ് ആന്‍റ് ഫിറ്റ്നസ് സെന്‍ററിലെ ഫിറ്റ്‌നസ് എക്സ്പെർട്ട് മനീഷാ കപൂർ നിർദ്ദേശിക്കുന്ന ചില ഫിറ്റ്നസ് ടിപ്‌സുകളിതാ.

  • ഈർപ്പം നിറഞ്ഞ അന്തരീക്ഷത്തിൽ അമിതമായി വിയർക്കാറുണ്ട്. ഈ സമയത്ത് ധാരാളം വെള്ളം കുടിക്കേണ്ടതാവശ്യമാണ്. പകൽ 10-12 ഗ്ലാസ് വെള്ളം കുടിക്കണം.
  • കുക്കുംബർ, സീസൺ ഫലങ്ങളാ യ തണ്ണിമത്തൻ മുതലായവ ധാരാളമായി കഴിക്കുക
  • വർക്കൗട്ട് ആസ്വാദ്യകരമായ രീതിയിൽ ചെയ്യുക. ഡാൻസ് ചെയ്യാൻ ഇഷ്ട‌പ്പെടുന്നവരാണെങ്കിൽ ഡാൻസും ചെയ്യാം. കുറഞ്ഞത് 15 മുതൽ 20 മിനിറ്റ് വരെ വർക്കൗട്ട് ചെയ്യാം.
  • വേനൽക്കാലത്തും മഴക്കാലത്തും അടിക്കടി പുറത്തിറങ്ങാനാവില്ലല്ലോ. അതുകൊണ്ട് വീട്ടിലിരുന്ന് ബോഡി വെയ്റ്റ് എക്സർസൈസ്, സ്ട്രച്ചസ് തുടങ്ങിയവ ചെയ്യാം.
  • വർക്കൗട്ടിന് മുമ്പായി പ്രോപ്പർ വാം അപ്പ് ചെയ്യാൻ മറക്കരുത്. അല്ലെങ്കിൽ പേശികളിൽ പരിക്കേൽക്കാനുള്ള സാധ്യതയുണ്ട്.
  • വർക്കൗട്ടിനുശേഷം കൂൾ ഡൗൺ പൊസിഷൻ അവലംബിക്കണം.
  • ഏത് സമയത്തും വർക്കൗട്ട് ചെയ്യാം. എന്നാലും രാവിലെയും വൈകുന്നേരവുമാണ് വർക്കൗട്ട് ഉചിതം. ഈ സമയം അന്തരീക്ഷത്തിൽ അൽപം തണുപ്പുണ്ടാകും.
  • വർക്കൗട്ട് ചെയ്യുന്ന വേളയിൽ എപ്പോഴും മൂക്കിലൂടെ ശ്വാസമെടുക്കുക. മൂക്കിലൂടെ ശ്വാസമെടുക്കുന്നതുകൊണ്ട് മൂവ്മെന്‍റ്സ് അൽപം സ്ലോ ആകാമെങ്കി ലും തളർച്ചയൊന്നുമില്ലാതെ വളരെ വേഗം കലോറി എരിച്ച് കളയപ്പെടും.
  • വർക്കൗട്ട് ചെയ്യുന്ന വേളയിൽ ഇളം നിറത്തിലുള്ളതും ആശ്വാസപ്രദവുമായ വസ്ത്രമണിയുക.
  • വർക്കൗട്ട് ചെയ്യുന്ന വേളയിൽ തളർച്ച തോന്നുന്നുണ്ടെങ്കിൽ ഉടനടി ഇഷ്ടപ്പെട്ട പാട്ട് കേൾക്കുക. അതുവഴി മനസ്സിൽ ഉണ്ടായ നെഗറ്റീവ് വിചാരത്തിൽ നിന്നും മുക്‌തി നേടാം. പകൽ മുഴുവൻ ഓടി നടന്ന് ജോലി ചെയ്യുമ്പോൾ അത് തീർക്കുന്നതിന്‍റെ ടാർജറ്റിലായിരിക്കും മനസ്സ്. വർക്കൗട്ട് ചെയ്യുന്ന വേളയിൽ മനസ്സിൽ ജോലിയെപ്പറ്റിയുള്ള ചിന്തകൾ വരാം.
  • വീട്ടുകാർക്കൊപ്പം വ്യായാമം ചെ യ്യാം. ഇത് മടുപ്പുളവാക്കുകയില്ലെന്ന് മാത്രമല്ല വർക്കൗട്ട് ആവേശകരവുമാക്കാം.
  • ശരിയായ ഡയറ്റ് പാലിക്കുക. അമിതമായി മധുരപലഹാരങ്ങളോ വറുത്ത് പൊരിച്ച ഭക്ഷ്യവസ്‌തുക്കളോ കഴിക്കുന്നത് ഒഴിവാക്കാം. ഭക്ഷണത്തിൽ കൂടിയ അളവിൽ പച്ചക്കറികളും ഫലങ്ങളും ഉൾപ്പെടുത്തണം.
  • മഴക്കാലത്ത് പുറത്ത് പോകുന്ന അവസരങ്ങളിൽ വാഴപ്പഴം, തണ്ണിമത്തൻ, ആപ്പിൾ എന്നിവ മുറിച്ച് കയ്യിൽ കരുതുക. ഇതിന് പുറമേ നാരങ്ങാവെള്ളം, മോര്, കുടംപുളി ജ്യൂസ് എന്നിവ കുടിക്കുക.
  • പുറത്ത് പോകുമ്പോൾ വെള്ളം കുപ്പിയിൽ കരുതുക. ഈ വെള്ളത്തിൽ പൊതീനയില, കുക്കുംബർ, നാരങ്ങ എന്നിവ ചെറിയ കഷ്ണങ്ങളാക്കി ഇടുക. വെള്ളം കുടിക്കുമ്പോൾ അവയുടെ എല്ലാം സ്വാദും തണുപ്പും കിട്ടും. ഒപ്പം ഫ്രഷുമാകും.
  • ഉപ്പിന്‍റെ അളവ് ഏറെയുള്ളതും എണ്ണയിൽ പൊരിച്ച ഭക്ഷ്യവസ്‌തുക്കളും ഒഴിവാക്കുക. അച്ചാർ. ചിപ്‌സ്, ചട്‌നി എന്നിവ ഒഴിവാക്കാം.
  • ഭക്ഷണം തയ്യാറാക്കുമ്പോൾ മല്ലി കൂടുതലായി ഉപയോഗിക്കണം. ശരീരത്തിന് ഇവ തണുപ്പ് നൽകും. ഗരം മസാല അമിതമായി ഉപയോഗിക്കേണ്ടതില്ല.
  • ദീർഘസമയം മുറിച്ച് വച്ചതും തുറന്ന് വച്ചതുമായ പഴങ്ങൾ മഴക്കാലത്ത് കഴിക്കാൻ പാടില്ല. ഈ സമയത്ത് ബാക്ടീരിയ വേഗം പെരുകും.
  • പാകം ചെയ്യുന്നതിനുമുമ്പ് പച്ചക്കറികൾ നന്നായി കഴുകുക.
  • ആവശ്യം വരികയാണെങ്കിൽ ഇളം ചൂട് വെള്ളത്തിൽ അൽപം ഉപ്പ് ചേർത്ത് അതിൽ പച്ചക്കറി ഇട്ട് വയ്ക്കാം.
  • 7-8 മണിക്കൂർ ഉറങ്ങുക.
  • ഉറക്കക്കുറവ് ആരോഗ്യത്തെ ബാധിക്കും.
  • മഴക്കാലത്ത് എന്തെങ്കിലും പുതുതായി ഒരു ഹോബി കണ്ടെത്തുക.
  • പുറത്തുപോയി വരുന്ന അവസരങ്ങളിൽ മെഡിക്കേറ്റഡ് സോപ്പ് ഉപയോഗിച്ച് കൈയും കാലും കഴുകുക. വ്യക്തി ശുചിത്വത്തിൽ ഇത് പ്രധാനമാണ്.
  • ഈ കാലാവസ്‌ഥയിൽ പാദങ്ങളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ നൽകണം. മഴക്കാലത്ത് അഴുക്ക് വെള്ളത്തിൽ ചവിട്ടി കാലുകളിൽ ഇൻ ഫക്ഷൻ ഉണ്ടാകാം. അതുകൊണ്ട് പാദങ്ങളിൽ നനവേൽക്കാതെ നോക്കുക. ആവശ്യമുള്ളപ്പോൾ പാദങ്ങളിൽ ബോറിക് ആസിഡ് അല്ലെങ്കിൽ പൗഡർ വിതറുക.
  • അനാവശ്യമായി മഴ നനയുന്നത് പനി പോലെയുള്ള അസുഖങ്ങൾക്ക് കാരണമാകും. പനി വരാതെ സൂക്ഷിക്കുക.
  • കാലാവസ്‌ഥ എത്ര തന്നെ മോശ മായാലും ശരി ആ സമയമത്രയും ആസ്വാദ്യകരമാക്കാൻ ഇഷ്ടപ്പെട്ട സംഗീതം കേൾക്കുക. പുസ്‌തകങ്ങൾ വായിക്കുക. ഒപ്പം സന്തോഷത്തോടെയിരിക്കാൻ പരിശ്രമിക്കുക. ഇത് മാനസികാരോഗ്യം വർദ്ധിപ്പിക്കും. ഇനി ഈ മഴക്കാലത്തെ സന്തോഷത്തോടെ വരവേൽക്കാം.

ഉദ്യോഗസ്ഥയായ അമ്മയ്ക്ക് കുഞ്ഞിനെ പരിപാലിക്കാൻ…

ഒരമ്മയുടെ ഉത്തരവാദിത്തം നിർവഹിക്കുകയെന്നത് ഉദ്യോഗസ്‌ഥയായ സ്ത്രീകളെ സംബന്ധിച്ച് ചിലപ്പോൾ വലിയ വെല്ലുവിളിയാകാറുണ്ട്. കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനൊപ്പം കരിയറും സന്തുലിതമാക്കുക എന്നത് അവർക്ക് അവസാനിക്കാത്ത ഒരു വെല്ലുവിളിയായി മാറാം. ഉദ്യോഗം വ്യക്തിപരവും സാമ്പത്തികവുമായ സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്നുണ്ടെങ്കിലും അത് സവിശേഷകരമായ വെല്ലുവിളികളും ഉയർത്താറുണ്ട്. പ്രത്യേകിച്ച് കുഞ്ഞുങ്ങളെ പരിപാലിക്കുന്ന കാര്യം വരുമ്പോൾ. ജോലിക്കാരായ അമ്മമാർക്ക് ഇരട്ട ഉത്തരവാദിത്തമുണ്ട്. പ്രൊഫഷണൽ കടമകൾ നിറവേറുന്നതിനൊപ്പം കുഞ്ഞുങ്ങളുടെ വൈകാരികവും ശാരീരികവുമായ ക്ഷേമം ഉറപ്പാക്കേണ്ടതും വളരെ പ്രധാനമാണ്. അതിനുള്ള ചില പോംവഴികളെപ്പറ്റി ചിന്തിക്കാം…..

സമയവും മുൻഗണനകളും സന്തുലിതമാക്കാം

ജോലിക്കാരായ അമ്മമാരുടെ ഏറ്റവും വലിയ ഉത്തരവാദിത്തങ്ങളിലൊന്നാണ് സമയം ഫലപ്രദമായി കൈകാര്യം ചെയ്യുക എന്നത്. കുഞ്ഞുങ്ങൾക്ക് നിരന്തരമായ പരിചരണം, ശ്രദ്ധ, വാത്സല്യം എന്നിവ ആവശ്യമാണ്. പ്രത്യേകിച്ച് അവരുടെ ആദ്യ വർഷങ്ങളിൽ ജോലി സമയത്തിനനുസരിച്ച് അമ്മമാർ കുഞ്ഞുങ്ങളുടെ ഭക്ഷണം, ഉറക്കസമയം, കളി സമയം എന്നിവ ആസൂത്രണം ചെയ്യുന്നതിനായി അവരുടെ സമയക്രമം ശ്രദ്ധാപൂർവ്വം ക്രമീകരിക്കേണ്ടതുണ്ട്. ഇതിനർത്ഥം ചിലപ്പോൾ നേരത്തെ എഴുന്നേൽക്കുക, വൈകി എഴുന്നേൽക്കുക, അല്ലെങ്കിൽ ചെറിയ ഇടവേളകളിൽ ഗുണമേന്മയുള്ള സമയം കണ്ടെത്തി ക്രിയേറ്റീവായ വഴികൾ കണ്ടെത്തുക എന്നിവയാണ്.

വിശ്വസ്തമായ ശിശുസംരക്ഷണ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാം

കുഞ്ഞിന്‍റെ സംരക്ഷണത്തിനായി വിശ്വസ്തവും ശിശു സൗഹൃദപരവുമായ ഡേ കെയർ സെന്‍ററുകൾ കണ്ടെത്തുക.

അല്ലെങ്കിൽ തീരെ ചെറിയ കുട്ടിയാണെങ്കിൽ പരിചയമുള്ള ബേബി സിറ്ററെ കണ്ടെത്താം. വലിയ പരിചയമില്ലാത്ത സ്‌ഥലത്താണെങ്കിൽ ഏതെങ്കിലും ഏജൻസി അല്ലെങ്കിൽ ആപ്പ് വഴിയോ ബേബി സിറ്ററെ കണ്ടെത്തി നിയമിക്കാനും കഴിയും. ഈ ഏജൻസികളിൽ നിന്നും ആപ്പുകളിൽ നിന്നും വരുന്ന ബേബി സിറ്റർമാർ രജിസ്‌റ്റേഡ് ആയിരിക്കുമെന്നതാണ് ഇതിന്‍റെ ഗുണം. ഒരു ബേബി സിറ്ററെ നിയമിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ജോലി കുറച്ചുകൂടി എളുപ്പത്തിലാകും. കുഞ്ഞുങ്ങൾ സുരക്ഷിതരും സന്തുഷ്ടരുമാണെന്ന് ജോലി സമയങ്ങളിൽ അമ്മമാർ ഉറപ്പാക്കണം. ജോലിക്കിടയിൽ കുഞ്ഞിന്‍റെ ക്ഷേമത്തെക്കുറിച്ചുള്ള അപ്ഡേറ്റുകൾ ബേബി സിറ്ററെ വിളിച്ചു അന്വേഷിക്കാം.

വീട്ടിൽ ക്യാമറകൾ സ്‌ഥാപിക്കുക

ജോലി കാരണം അമ്മമാർ കൂടുതൽ സമയവും വീടിന് പുറത്തായിരിക്കുന്നതിനാൽ കുഞ്ഞിന്‍റെ സംര ക്ഷണം ആരോഗ്യപരമായ നിലയിലാണെന്ന് ഉറപ്പാക്കാനും കുഞ്ഞിന്‍റെ സുരക്ഷയ്ക്കായും വീട്ടിൽ നിരീക്ഷണ ക്യാമറകൾ സ്‌ഥാപിക്കാം. കൂടാതെ ഈ ക്യാമറയിലേക്കുള്ള ആക്സസ് നിങ്ങളുടെ മൊബൈൽ ഫോണുകളിൽ ലഭ്യമായിരിക്കണം. ഇതിലൂടെ കുട്ടിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ആവശ്യമുള്ളപ്പോഴെല്ലാം കുഞ്ഞിനെ സഹായിക്കാനും സാധിക്കും.

കുട്ടികൾക്കായി ഒരു ദിനചര്യ തയ്യാറാക്കാം

കുട്ടികൾക്കായി ഒരു ദിനചര്യ ക്രമീകരിക്കുക. ഈ ദിനചര്യപ്രകാരം അവരുടെ ഭക്ഷണം, പഠനം, കളി, ഉറക്കം എന്നിവയ്ക്കെല്ലാം സമയം നിശ്ച‌യിക്കുക. ഇതിനുപുറമെ, അവരുടെ എല്ലാ സാധനസാമഗ്രികളും സുരക്ഷിതമായി സൂക്ഷിക്കുക. അതുവഴി നിങ്ങളുടെ സഹായമില്ലാതെ തന്നെ അവർക്ക് അവ സ്വയം കണ്ടെത്തുന്നതിൽ ഒരു പ്രശ്ന‌വും ഉണ്ടാകില്ല. വളരുന്നതനുസരിച്ച് സ്വന്തം കളിപ്പാട്ടങ്ങളും വസ്തുക്കളും അടുക്കും ചിട്ടയോടെയും സൂക്ഷിച്ചു വയ്ക്കാൻ കുട്ടികൾക്ക് പരിശീലനം നൽകുക. കുഞ്ഞുങ്ങളിൽ നല്ല ശീലം വളർത്തിയെടുക്കാൻ ഇത് വഴി ഒരുക്കും. ഒപ്പം സാധനങ്ങൾ അവർ അലക്ഷ്യമായി ഇടുകയുമില്ല.

കുട്ടികളെയോ സഹായികളെയോ വിളിച്ച് ക്ഷേമം അന്വേഷിക്കുക

ഓഫീസിൽ ഇരുന്ന് തന്നെ കുട്ടികളെ പരിപാലിക്കാനും ഉദ്യോഗസ്‌ഥകളായ അമ്മമാർക്ക് കഴിയും. ഇതിനായി ഉച്ചഭക്ഷണം, ചായ, കാപ്പി ഇടവേളകളിൽ സമയം കണ്ടെത്തി കുട്ടികളെ വിളിച്ച് അവരുടെ ക്ഷേമത്തെക്കുറിച്ച് ചോദിച്ചറിയാം. കുഞ്ഞുങ്ങളുടെ ക്ഷേമവിവരം അറിയാൻ പങ്കാളിയോടും ആവശ്യപ്പെടാം. കാരണം രക്ഷാകർതൃത്വം എന്നത് ഭാര്യാഭർത്താക്കന്മാരുടെ ഒരുമിച്ചുള്ള ഉത്തരവാദിത്തമാണ്.

കൂടാതെ കുട്ടികൾക്ക് മൊബൈൽ ഫോൺ ഉണ്ടെങ്കിൽ ആവശ്യമുള്ളപ്പോഴെല്ലാം അവരെ സഹായിക്കാൻ കഴിയുന്ന തരത്തിൽ ലൊക്കേഷൻ എപ്പോഴും ഓണാക്കി വയ്ക്കാൻ അവരോട് ആവശ്യപ്പെടുക. അമ്മമാർ ജോലി സ്‌ഥലത്തായിരുന്നാലും കുഞ്ഞുങ്ങൾക്ക് വൈകാരിക ബന്ധം ആവശ്യമാണ്. കുഞ്ഞിന്‍റെ സുരക്ഷിതത്വ ബോധത്തിനും മാനസിക വികാസത്തിനും വൈകാരിക ബന്ധം നിർണായകമാണ്.

അവധിക്കാലത്ത് ഒരുമിച്ച് സമയം ചെലവഴിക്കുക

തിരക്കേറിയ ഷെഡ്യൂളിൽ സമയം ലഭിക്കുമ്പോഴെല്ലാം കുട്ടികളോടൊപ്പം സമയം ചെലവഴിക്കുക. ഇതുകൂടാതെ അവധിയിലായിരിക്കുമ്പോഴെല്ലാം, ആ സമയം കുട്ടികളൊരുമിച്ചു ചെലവഴിക്കാൻ ശ്രദ്ധിക്കാം. ഈ സമയത്ത് അമ്മയ്ക്ക് അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിയ്ക്കുകയോ അവരോടൊപ്പം കളിക്കുകയോ അല്ലെങ്കിൽ കുഞ്ഞുങ്ങളെയും കൂട്ടി പുറത്തുപോകുകയോ ചെയ്യാം. താൽപ്പര്യമുണ്ടെങ്കിൽ ഒരുമിച്ച് ഷോപ്പിംഗിനും പോകാം. ഇതിനുപുറമെ സമയം ലഭിക്കുമ്പോഴെല്ലാം കുട്ടികളുടെ മനസ്സിലെ ചിന്തകളെക്കുറിച്ചും ആകുലതകകളെക്കുറിച്ചും അവരോടു ചോദിച്ചു മനസിലാക്കുക. അവരുമായി തുറന്ന ആശയവിനിമയം നടത്തുന്നത് അമ്മയ്ക്കും കുഞ്ഞിനുമിടയിലെ ബന്ധത്തെ ഊഷ്‌മളമാക്കും.

സമയയനഷ്ടം ഒഴിവാക്കുക

ഓഫീസിൽ നിന്ന് തിരിച്ചെത്തിയ ശേഷവും വീട്ടുജോലികളിൽ മുഴുകുന്നത് കുട്ടിക്കൊപ്പം ചെലവഴിക്കാനുള്ള സമയത്തെ നഷ്ടപ്പെടുത്തും. അത്തരമൊരു സാഹചര്യത്തിൽ വീട്ടുജോലിക്കായി ഒരു സഹായിയെ നിയമിക്കുന്നതാണ് നല്ലത്. ഓഫീസിൽ പോകുന്നതിന് മുമ്പും തിരിച്ച് വന്നതിനുശേഷവും അമ്മയ്ക്ക് കുട്ടിയുമായി മികച്ച സമയം ചെലവഴിക്കാൻ ഇത് വഴിയൊരുക്കും.

പങ്കാളിയിൽ നിന്ന് സഹായം സ്വീകരിക്കുക

കുട്ടിയുടെ ഉത്തരവാദിത്തം അമ്മയുടെ മാത്രം ചുമതലയല്ല. കുട്ടിയെ പരിപാലിക്കാൻ പങ്കാളിയുടെ സഹായം കൂടി തേടുക. ചില സാഹചര്യങ്ങളിൽ കുട്ടികളെ പഠിപ്പിക്കാൻ പങ്കാളിയോട് ആവശ്യപ്പെടാം. മറ്റ് ചിലപ്പോൾ അവരുടെ ടിഫിൻ തയ്യാറാക്കാനും പങ്കാളിയോട് പറയാം. കുഞ്ഞിന് ഭക്ഷണം കൊടുക്കുമ്പോഴോ അടുക്കളയിൽ തിരക്കിലായിരിക്കുമ്പോഴേ ഒരു ക്ലയന്‍റ് പ്രോജക്റ്റ് തയ്യാറാക്കേണ്ടി വരുമ്പോഴോ കുഞ്ഞുങ്ങളുടെ സംരക്ഷണ കാര്യങ്ങളിൽ ഭർത്താവും പങ്കാളിയാകണം.

മുലപ്പാൽ സൂക്ഷിക്കുക

തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ശരിയായ പോഷകാഹാരവും ആരോഗ്യ സംരക്ഷണവും ലഭിക്കുന്നുണ്ടെന്ന് അമ്മമാർ ഉറപ്പാക്കേണ്ടതുണ്ട്. ഒരു അമ്മയെന്ന നിലയിൽ കുഞ്ഞിന് ശരിയായ സമയത്ത് ഭക്ഷണം നൽകേണ്ടത് മാതാപിതാക്കളുടെ ഉത്തര വാദിത്തമാണ്. നവജാത ശിശുക്കളാണെങ്കിൽ ഉദ്യോഗസ്‌ഥയായ അമ്മയ്ക്ക് കൃത്യമായ ഇടവേളകളിൽ കുഞ്ഞിനെ പാലൂട്ടാനാവില്ല. അത്തര മൊരു സാഹചര്യത്തിൽ മുലപ്പാൽ പമ്പ് ചെയ്തെടുത്ത് കുപ്പിയിൽ സൂക്ഷിച്ചു വയ്ക്കാം. ഒപ്പം ആരോഗ്യകരമായ ഭക്ഷണം ആസൂത്രണം ചെയ്യുന്നതും പതിവായി കുഞ്ഞിന് ആവശ്യമായ വൈദ്യപരിശോധനകൾ നടത്തുന്നതും ഉദ്യോഗസ്‌ഥയായ അമ്മയെ സംബന്ധിച്ച് ഗുണകരമാണ്. അനാവശ്യ ടെൻഷനുകൾ ഒഴിവാക്കാനും എന്തെങ്കിലും ആരോഗ്യ പ്രശ്ന‌ങ്ങൾ ഉണ്ടെങ്കിൽ അവയെ സമർത്ഥമായി ചെറുക്കാനും ഇത് സഹായിക്കും.

സ്വയം പരിചരണം

ഓഫീസ്-വീട്ടു ഉത്തരവാദിത്തങ്ങളുടെ പേരിൽ പലപ്പോഴും അമ്മമാർ ഇക്കാര്യം അവഗണിച്ചു കാണാറുണ്ട്. ഉത്തരവാദിത്തമുള്ള അമ്മയാകുന്നതിന്‍റെ അനിവാര്യ ഘടകമാണ് സെൽഫ് കെയർ. ശാരീരകവും മാനസികവുമായ നിലയിൽ ആരോഗ്യവതിയായിരിക്കുന്ന അമ്മയ്ക്ക് ഇരട്ട ഉത്തരവാദിത്തങ്ങൾ സസന്തോഷം നിർവഹിക്കാൻ കഴിയും. ജോലിക്കാരായ അമ്മമാർ ഊർജ്ജസ്വലത കൈവരിക്കാനും പിന്തുണ തേടാനും ആരോഗ്യകരമായ രീതിയിൽ സമ്മർദ്ദം നിയന്ത്രിക്കാനും സമയം കണ്ടെത്തണം. യോഗ, സുംബ, ധ്യാനം, നടത്തം എന്നിവ കൂടി പരിശീലിക്കുക. സന്തോഷവതിയായിരിക്കാനുള്ള അവസരങ്ങൾ കണ്ടെത്തുന്നത് കൂടുതൽ പ്രയോജനം ചെയ്യും.

പറന്നുയരാൻ പാർവതി

2017-ലെ മഞ്ഞുകാലം പാർവതി തിരുവോത്തിനെ സംബന്ധിച്ച് ഏറെ സങ്കീർണ്ണതകൾ നിറഞ്ഞതായിരുന്നു. ഒപ്പം ആ വർഷം മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ അഭിനയത്തിന് ഏറെ അംഗീകാരങ്ങളും നേടിയ പാർവതി സിനിമകളിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ഒരു പാനൽ ചർച്ചയിൽ പങ്കെടുക്കുകയുണ്ടായി. മലയാള സിനിമയിലെ “ഒരു പ്രമുഖ നടൻ” സഹപ്രവർത്തകരോട് അങ്ങേയറ്റം അധിക്ഷേപിക്കുന്ന തരത്തിൽ സിനിമയിൽ ഒരു ഡയലോഗ് പറഞ്ഞതിൽ അവർ നിരാശ പ്രകടിപ്പിച്ചു. ചർച്ചയിൽ അവർ സിനിമയുടെ പേര് പോലും പരാമർശിച്ചിരുന്നില്ല. എന്നാൽ ഒരു സഹപാനലിസ്‌റ്റ് സിനിമയുടെ പേര് പറയാൻ അവരെ പ്രേരിപ്പിച്ചതിനെ തുടർന്ന് 2016-ൽ നടൻ മമ്മൂട്ടി അഭിനയിച്ച ബോക്‌സ് ഓഫീസ് ഹിറ്റായ “കസബ”യെയാണ് താൻ ചർച്ചയിൽ പരാമർശിച്ചതെന്ന് പാർവതി വെളിപ്പെടുത്തി.

സിനിമ പുറത്തിറങ്ങിയതിന് ശേഷം നിരവധി സിനിമാ നിരൂപകരും കേരള വനിതാ കമ്മീഷനും “സ്ത്രീ വിരുദ്ധ സംഭാഷണങ്ങളുടെ പേരിൽ “കസബയെ” വിമർശിച്ചിരുന്നു. പോലീസ് ഓഫീസറായി അഭിനയിക്കുന്ന മമ്മൂട്ടി മുതിർന്ന വനിതാ സഹപ്രവർത്തകയെ ആംഗ്യം കാട്ടി ലൈംഗിക ചുവയോടെ ഭീഷണിപ്പെടുത്തുന്ന ഒരു രംഗം ചിത്രത്തിലുണ്ടായിരുന്നു.

അതോടെ പാർവതിയുടെ കമന്‍റ് വൈറലാകുകയും അവർ ഓൺലൈനിൽ വിദ്വേഷ കാമ്പെയ്‌നിന്‍റെ ഇരയായി മാറുകയും ചെയ്‌തു. സോഷ്യൽ മീഡിയ അവരെ ക്രൂരമായി ട്രോളി. ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും വരെ ചിലർ ഭീഷണിപ്പെടുത്തി. സിനിമാ രംഗത്തെ നിരവധി പ്രമുഖരും അപലപിച്ചു. പാർവതിയെ അപകീർത്തിപ്പെടുത്തുന്ന സന്ദേശങ്ങൾ അയച്ചുവെന്നാരോപിച്ച് കേരള പോലീസ് അറസ്‌റ്റ് ചെയ്‌തയാൾക്ക് “കസബ” നിർമ്മാതാവ് ജോബി ജോർജ്‌ജ് പരസ്യമായി ജോലി വരെ വാഗ്ദാനം ചെയ്തു‌. എങ്കിലും പാർവതി തന്‍റെ നിലപാടിൽ ഉറച്ചു തന്നെ നിന്നു.

അതേ സമയം “ടേക്ക് ഓഫ്” (2017) എന്ന മലയാള ചിത്രത്തിലെ അഭിനയമികവിന് പാർവതിയ്ക്കു അവാർഡ് ലഭിച്ചു. ഇറാഖിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ നഴ്‌സുമാർ നേരിട്ട പ്രതിസന്ധികളാണ് ചിത്രം കാണിക്കുന്നത്. അവാർഡ് ഏറ്റുവാങ്ങാൻ വേദിയിലേക്ക് കയറിയ പാർവതിയെ നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്സ് എതിരേറ്റത്. ആ കരഘോഷം അവർക്കുള്ള പിന്തുണയായിരുന്നില്ല. മറിച്ച് അവരുടെ ശബ്ദം അടിച്ചമർത്തുന്നതിനുള്ള ഒരു തന്ത്രവും കൂടിയായിരുന്നു.

“ഞാൻ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു. അവിടെ പോയി മനസ്സിലുള്ളത് പറയൂ. പതറരുത്. അവർക്ക് സംതൃപ്‌തി നൽകരുത്.” കൊച്ചിയിലെ മെറിഡിയൻ ഹോട്ടലിൽ ചായ കുടിച്ചുകൊണ്ടിരിക്കെ പാർവതി പറഞ്ഞു.

ഇത്രയധികം തകർന്നു പോയിട്ടില്ല

ചടങ്ങിനോട് അനുബന്ധിച്ച് അന്ന് രാത്രി ഹോട്ടൽ മുറിയിലെത്തിയപ്പോൾ പാർവതിയുടെ ദേഹമാകെ വിറയ്ക്കാൻ തുടങ്ങി. അവർ തകർന്ന അവസ്‌ഥയിലെത്തിയിരുന്നു. “എന്‍റെ ശരീരത്തിന് വെറുപ്പും കയ്പ്പും താങ്ങാനായില്ല. ഞാൻ മുമ്പ് ഒരിക്കലും ഇത്ര തകർന്നിട്ടില്ല.” അവർ പറഞ്ഞു.

ഏതാനും മാസങ്ങൾക്ക് ശേഷം വിദേശത്ത് നിന്ന് ഷൂട്ടിംഗ് കഴിഞ്ഞ് കേരളത്തിൽ മടങ്ങിയെത്തിയ പാർവതി കേരള ഫിലിം സ്റ്റേറ്റ് അവാർഡ് ദാന ചടങ്ങിൽ അവാർഡ് സ്വീകരിക്കുന്നതിനായി തയ്യാറെടുക്കവെ ഹോട്ടൽ മുറിയിൽ ബോധരഹിതയായി വീണു. “ഹൗസ് കീപ്പിംഗ് സ്‌റ്റാഫ് ആണ് എന്നെ ഉണർത്തിയത്. അവർ എന്നെ ഒരു സാരി ഉടുപ്പിച്ചു. തുടർന്ന് ഞാൻ സ്റ്റേജിലേക്ക് പോകുകയാണുണ്ടായത്.” പാർവതി ആ സംഭവത്തെ ഓർത്തെടുക്കുന്നു. ഭീഷണികൾ നിലച്ചില്ല. പാർവതി ശബ്ദമുയർത്തുന്നത് നിർത്തിയുമില്ല. അവർ മികച്ച രീതിയിൽ ജോലി തുടർന്നു. അത് താരത്തിന് ബഹുമാനവും ആദരവും നേടിക്കൊടുത്തു. ജോലിയോടൊപ്പം അവർ ശബ്‌ദമുയർത്തുകയും ചെയ്തു. എന്നാൽ ഉറച്ച നിലപാടിന്‍റെയും വിമർശനങ്ങളുടേയും പേരിൽ പാർവതിക്ക് കനത്ത വില നൽകേണ്ടി വന്നു. “ഇതൊന്നും ആളുകൾക്ക് സുപരിചിതമായ കാര്യങ്ങളല്ല. എന്നാൽ ആ അവസ്‌ഥയിലൂടെ കടന്നുപോകുന്ന വ്യക്തിയ്ക്ക് സ്വയം വീണ്ടും ഉയർന്നു വരേണ്ടതുണ്ട്. സ്വയം ശക്തമായ കവചം ധരിക്കേണ്ടതുണ്ട്. ശരീരവും മനസ്സും പുനഃക്രമീകരിക്കണം. അത് ചെയ്യാതിരിക്കാൻ നിർവാഹമില്ല. കാരണം വീണ്ടും നമുക്ക് ഉയർന്നു വരേണ്ടതുണ്ട്.” പാർവതി വിശദീകരിച്ചു.

“എനിക്ക് ഒരു പൂർണ്ണ ജീവിതം നയിക്കണം. അതിനുള്ള അവകാശം എനിക്കുമുണ്ട്. മാത്രവുമല്ല അത് എനിക്ക് ലഭിക്കുമെന്ന് ഞാൻ ഉറപ്പാക്കുകയും വേണം. ഞാൻ ആരുടെയും ഹീറോ അല്ല. ഇത് ഞാൻ എനിക്കായി ചെയ്യുന്നതാണ്.”

ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും വൈവിധ്യമാർന്ന നടിമാരിൽ ഒരാളായി പാർവതി ഇതിനോടകം അംഗീകരിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കുടുംബ സംഘർഷങ്ങൾ കാണിക്കുന്ന “ഉള്ളൊഴുക്ക്”(2024) എന്ന മലയാള ചിത്രത്തിലെ മികച്ച പ്രകടനത്തിന് അവർക്ക് നിരവധി അവാർഡുകളാണ് ലഭിച്ചത്. മലയാളം ആന്തോളജിയായ “മനോരഥങ്ങൾ”(2024) എന്ന എപ്പിസോഡിലും പാർവതി വേഷമിട്ടിരുന്നു. പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനുമായ എംടി വാസുദേവൻ നായരുടെ ചെറുകഥകളെ ആസ്പദമാക്കിയുള്ള പരമ്പരയാണിത്.

വേറിട്ട വഴി

സങ്കീർണ്ണങ്ങളായ ഭാവപ്പകർച്ചകൾകൊണ്ടും അവയുടെ വൈകാരിക തീവ്രതകൾ കൊണ്ടും വേറിട്ടുനിൽക്കുന്ന അഭിനയശൈലിയാണ് പാർവതിയുടേത്. “ഉയരെ”(2019) എന്ന സി നിമയിൽ ആസിഡ് ആക്രമണത്തെ അതിജീവിച്ച് ജീവിതവും കരിയറും പുനരാരംഭിക്കുന്ന ഒരു പെൺകുട്ടിയെയാണ് അവർ അവതരിപ്പിച്ചിരിക്കുന്നത്. “എന്ന് നിന്‍റെ മൊയ്‌തീൻ” (2015) എന്ന സിനിമയിൽ മിശ്രമത പ്രണയിനികളുടെ ഹൃദയസ്പർശിയായതും യഥാർവുമായ കഥയ്ക്ക് അവർ ജീവൻ പകർന്നു. മിശ്രവിവാഹത്തെ ചുറ്റിപ്പറ്റിയുള്ള സംഘർഷഭരിതമായ കഥയെ ആസ്പദമാക്കിയുള്ള “പുഴു” (2022) എന്ന സിനിമയിൽ മമ്മൂട്ടിയുടെ സഹോദരിയായി അവർ അഭിനയിച്ചു. “ബാംഗ്ലൂർ ഡേയ്സിൽ (2014) ആത്മവിശ്വാസമുള്ള കരുത്തയായ പെൺകുട്ടിയായി അവർ ജീവിക്കുകയായിരുന്നു. അതിൽ അവർ പാരാപ്ലീജിക് ആയ റേഡിയോ ജോക്കിയുടെ വേഷമാണ് അവതരിപ്പിച്ചത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ഒന്നിച്ച ചിത്രവുമായിരുന്നുവത്. “മരിയൻ” (2013) എന്ന തമിഴ് സിനിമയിലും പാർവതി തന്‍റെ വ്യക്‌തി മുദ്ര പതിപ്പിച്ചു. അതിൽ മുൻനിര നടൻ ധനുഷിനൊപ്പമാണ് അവർ വേഷമിട്ടത്. 2017-ൽ “കരീബ് കരിബ് സിംഗിൾ” എന്ന റൊമാന്‍റിക് കോമഡിയിലൂടെ ഹിന്ദി സിനിമയിലും പാർവതി അരങ്ങേറ്റം കുറിച്ചു. പ്രശസ്ത നടൻ ഇർഫാൻ ഖാനൊപ്പമാണ് അതിൽ അവർ അഭിനയിച്ചത്. സ്വതസിദ്ധമായ അഭിനയശൈലിയ്ക്ക് പേരുകേട്ട ഇർ ഫാൻ ഖാനൊപ്പം സ്ക്രീനിൽ പാർവതി മിന്നുന്ന പ്രകടനമാണ് കാഴ്ച‌ വച്ചത്.

കുടുംബത്തിന് സിനിമാ പശ്ചാത്തലമൊന്നുമില്ലെങ്കിലും ധീരമായ തിരഞ്ഞെടുപ്പുകൾ സൂക്ഷ്‌മമായ പ്രകടനങ്ങൾ അച്ചടക്കമാർന്ന തൊഴിൽ നയം എന്നിവയിലൂടെ പാർവതി സിനിമയിൽ സ്വന്തമായ ഒരു വഴിയുണ്ടാക്കി. തിരക്കഥ വായിക്കാതെ സിനിമകൾ ഒപ്പിടാൻ അവർ ഇഷ്‌ടപ്പെടാറില്ല. മാത്രവുമല്ല ഒരേ സമയം ഒന്നിൽ കൂടുതൽ പ്രോജക്റ്റുകളിൽ പ്രവർത്തിക്കാനും അവർ താൽപര്യം കാട്ടാറില്ല. ഏത് ഭാഷയിലായാലും താൻ ചെയ്യുന്ന കഥാപാത്രങ്ങൾക്ക് സ്വയം ഡബ്ബ് ചെയ്യണമെന്ന് നിർബന്ധമുള്ള വ്യക്തി കൂടിയാണവർ.

ഓഫ്സ്ക്രീനിൽ മറ്റ് ഇന്ത്യൻ അഭിനേതാക്കൾക്കിടയിൽ പാർവതിയ്ക്ക് അപൂർവമായ ഒരു സ്വഭാവഗുണമുണ്ട്. അനീതിക്കെതിരെ സംസാരിക്കാനുള്ള ധൈര്യം. വിമൻ ഇൻ സിനിമാ കളക്ടീവിന്‍റെ (ഡബ്ല്യുസിസി) ധീരമായ ശബ്ദവും നിലപാടുമുള്ള അംഗങ്ങളിൽ ഒരാളെന്ന നിലയിൽ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന ലിംഗവിവേചനങ്ങളിലേക്കു പാർവതി ആവർത്തിച്ച് ശ്രദ്ധ ക്ഷണിക്കുന്നു. മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍റെ ലൈംഗികാതിക്രമത്തെത്തുടർന്ന് 2017-ൽ രൂപീകരിച്ച ഡബ്ല്യുസിസി സിനിമ വ്യവസായത്തെ കൂടുതൽ ഫ്ളക്‌സിബിളും സുരക്ഷിതവും സമത്വവുമുള്ള ഇടമാക്കാൻ ശ്രമിച്ചു. “എന്‍റെ ശരീരവും എന്‍റെ സ്വഭാവവുമാണ് എന്‍റെ ആയുധം. അതിനാൽ നിരന്തര പരിശോധനയും ചോദ്യം ചെയ്യലും ആക്ടിവിസവും ഒരേസമയം എല്ലാം തന്നെ അതിശക്തമാക്കും.” പാർവതി പറയുന്നു.

തന്‍റെ ലക്ഷ്യത്തെക്കുറിച്ച് മാത്രമല്ല ശാരീരികവും മാനസികവുമായ ആരോഗ്യത്തെക്കുറിച്ചും ബോധവതിയാണെന്ന് ഉറപ്പാക്കാൻ അവർ നിരന്തരം സ്വയം സംവദിക്കുന്നത് തുടരുന്നു.

“ഞാൻ ഒരു സൈനികനെപോലെയാണ്. ആഗ്രഹിക്കുന്ന രീതിയിൽ പ്രവർത്തിക്കാനാണ് മുൻതൂക്കം നൽകുന്നത്. അത് തുടർന്നുകൊണ്ടിരിക്കും. ഒപ്പം പോരാട്ടങ്ങൾ തുടരുകയും ചെയ്യും.” അവർ പറയുന്നു.

കലാരംഗത്തേക്കുള്ള വഴി

അഭിഭാഷകരായിരുന്ന പാർവതിയുടെ മാതാപിതാക്കൾ ചില ആശങ്കകൾ കണക്കിലെടുത്ത് ബാങ്കിംഗ് കരിയർ തുടരുകയാണ് ഉണ്ടായത്. മാതാപിതാക്കൾക്ക് കലാപരമായ താൽപ്പര്യങ്ങൾ പിന്തുടരാൻ കഴിയാത്തതിനാൽ അവർ പാർവതിയേയും സഹോദരനേയും കലാരംഗത്തേക്ക് അയക്കുകയായിരുന്നു.

വീട്ടുജോലികളിൽ നിന്ന് ഒഴിഞ്ഞു മാറാത്ത ഒരു ഫെമിനിസ്‌റ്റ് പിതാവിനൊപ്പം ഒരു സമത്വ കുടുംബത്തിൽ വളരാൻ കഴിഞ്ഞത് ഭാഗ്യമായാണ് പാർവതി കരുതുന്നത്. “അച്ഛൻ എപ്പോഴും അമ്മയെ അടുക്കളയിൽ സഹായിക്കും. എനിക്ക് എപ്പോൾ വേണമെങ്കിലും വീട്ടിലെ സോഫയിൽ കയറി കിടന്ന് അച്‌ഛനോട് ഒരു ചായ ചോദിക്കാം.” പാർവതി പറയുന്നു.

ടൊറന്‍റോയിലെ കോർപ്പറേറ്റ്സ് പെയ്‌സിൽ ജോലി ചെയ്യുന്ന പാർവതിയുടെ സഹോദരൻ ഫോട്ടോഗ്രാഫറും ചലച്ചിത്ര നിർമ്മാതാവുമാണ്. തന്‍റെ ജീവിതത്തിലെ ഏറ്റവും ശക്‌തമായ സ്വാധീനങ്ങളിലൊന്നായാണ് പാർവതി സഹോദരനെ കണക്കാക്കുന്നത്. കൗമാരപ്രായത്തിൽ യുവാക്കൾ മോശമായ രീതിയിൽ പെരുമാറുമ്പോഴൊക്കെ പാർവതി സുരക്ഷിതത്വത്തിനായി തന്‍റെ സഹോദരനിലേക്ക് തിരിയുമായിരുന്നു. “നിന്നെ എപ്പോഴും സംരക്ഷിക്കുകയെന്നത് എന്‍റെ ജോലിയല്ല. നിനക്ക് ആവശ്യമുള്ളപ്പോൾ ഞാൻ നിന്നെ സഹായിക്കും. പക്ഷേ നീ സ്വയം സംരക്ഷിക്കാൻ പഠിക്കണം. സ്വയം പര്യാപ്തയാകണം.” അപ്പോഴൊക്കെ സഹോദരന്‍റെ പ്രതികരണം ഇപ്രകാരമായിരുന്നു.

“ആ സമയത്ത് അങ്ങനെ കേൾക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല. പക്ഷേ മുതിർന്നപ്പോഴാണ് ഞാൻ ആ വാക്കുകളുടെ പ്രാധാന്യം മനസ്സിലാക്കിയത്. ഞങ്ങൾക്കിരുവർക്കുമിടയിൽ ശക്തമായ ഒരു ബന്ധമുണ്ട്. മുതിർന്നപ്പോൾ അതിന് പുതിയൊരു രൂപമുണ്ടായി. ചെറുപ്പത്തിൽ സഹോദരനാണ് എനിക്ക് ഇംഗ്ലീഷ് സംഗീതം പരിചയപ്പെടുത്തി തന്നത്. ഇപ്പോൾ മതപരവും ആത്മീയവുമായ ഗ്രന്ഥങ്ങൾ എന്നോടൊപ്പം പങ്കിടാറുണ്ട്.”

“സമാന്തര പ്രപഞ്ചങ്ങൾ, ആത്മാവ്, അസ്തിത്വം, സഹാനുഭൂതി, മാനവികത തുടങ്ങിയ വിഷയങ്ങൾ പലപ്പോഴും ഞങ്ങൾക്കിടയിലെ സംഭാഷണങ്ങളിൽ കടന്നു വരാറുണ്ട്.” എന്നിരുന്നാലും ചുറ്റുപാടുമുള്ള മറ്റ് കുടുംബ ബന്ധങ്ങളിൽ പുരുഷാധിപത്യം ഉണ്ടായിരുന്നു. “പുരുഷന്മാർക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ലോകത്തിൽ നിന്നാണ് എന്‍റെ മുത്തശ്ശി വരുന്നത്.” പാർവതി ഓർമ്മിക്കുന്നു. “പെൺകുട്ടികൾക്ക് അൽപ്പം ഒതുക്കം വേണമെന്ന നിഷ്കർഷ മുത്തശ്ശിയുടെ കാലഘട്ടത്തിൽ ഉണ്ടായിരുന്നു.”

കുടുംബത്തിലെ ഏറ്റവും വികൃതിയായിരുന്നു പാർവതി. ഓണക്കാലത്ത് കുട്ടികൾ കളിയായി ക്ഷേത്രങ്ങൾ പണിയുമായിരുന്നു. പെൺകുട്ടിയായതിനാൽ പുരോഹിതൻ വേഷം ചെയ്യാൻ കഴിയില്ലെന്ന് അവർ പാർവതിയോട് വാദിക്കുമായിരുന്നു. “ആ സമയത്ത് എന്‍റെ ഉള്ളിൽ ഉയരുന്ന ആ ദേഷ്യം ഞാൻ ഇപ്പോഴും ഓർക്കുന്നു.”

കാലത്തിനൊപ്പം തിരിച്ചറിഞ്ഞ യാഥാർത്ഥ്യം

ഒരു പെൺകുട്ടിയായതിനാൽ അവളുടെ സാധ്യതകൾ പരിമിതപ്പെടുന്നത് എന്തുകൊണ്ടാണെന്ന് അന്ന് മനസ്സിലായിരുന്നില്ല. “അതുകൊണ്ടാണ് എന്‍റെ ഉള്ളിൽ ഒരു തീ ആളിക്കത്തികൊണ്ടിരുന്നത്.” പാർവതി പറഞ്ഞു. “കാലക്രമേണ ഞാൻ ആ സത്യം തിരിച്ചറിഞ്ഞു. എന്നാൽ ഈ ലിംഗ വ്യത്യാസങ്ങളെക്കുറിച്ചുള്ള നിരന്തരമായ അന്വേഷണങ്ങൾ തൃപ്‌തികരമായ ഉത്തരങ്ങൾ നൽകിയില്ല. പ്രായപൂർത്തിയായ മിക്ക സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇല്ലെന്ന് കാലക്രമേണ ഞാൻ മനസ്സിലാക്കി.”

നിരന്തരമുള്ള ചോദ്യം ചെയ്യലിലൂടെ കുടുംബത്തിലെ ഏറ്റവും മര്യാദയില്ലാത്തവളും പ്രശ്ന‌ക്കാരിയുമായി ഞാൻ പെട്ടെന്നുതന്നെ അറിയപ്പെട്ടു. കുട്ടിക്കാലത്ത് പാർവതി ഏതാനും വർഷം ഡൽഹിയിൽ ചെലവഴിച്ചിരുന്നു. ഡൽഹി നഗരജീവിതം അവരെ ആഴത്തിൽ സ്വാധീനിച്ചു. “ഡൽഹിയിലെ ജീവിതാനുഭവങ്ങളെല്ലാം ഞാൻ നന്നായി ഓർക്കുന്നു. എനിക്ക് അത് ചിലപ്പോൾ കൗതുകമായി തോന്നാറുണ്ട്. മദ്രാസ് സ്‌റ്റോർ, നിരുള ഐസ്ക്രീം, എന്‍റെ ബോയ് ‌കട്ട്, സൈക്കിൾ റിക്ഷ (ഒരിക്കൽ അതിൽ നിന്നും ഞാൻ വീണുപോയിട്ടുമുണ്ട്) ഹോളി, ദീപാവലി, ഞങ്ങൾ താമസിച്ചിരുന്ന ചെറിയ ഫ്ളാറ്റ് അങ്ങനെ ആ ഓർമ്മകൾ നീളുന്നു. ഡൽഹി എനിക്ക് സുപ്രധാനങ്ങളായ ചില ബാല്യകാല ഓർമ്മകളാണ് സമ്മാനിച്ചത്.”

എന്നാൽ ഇതിന് തെട്ടുപിന്നാലെയായിരുന്നു തിരുവനന്തപുരത്തേക്കുള്ള അച്‌ഛന്‍റെ സ്‌ഥലം മാറ്റം. അവിടെ ഒരു കേന്ദ്രീയ വിദ്യാലയത്തിലാണ് പാർവതി പഠിച്ചിരുന്നത്. പല ഭാഷകളും ഞാൻ പഠിച്ചു. വളരെ വൈകാരികമായ ഒന്നാണ് എനിക്ക് ഭാഷ. അഭിനയകലയിലും ഇത് ഉപയോഗപ്രദമാണ്.”

ഭരതനാട്യം നർത്തകിയാണ് പാർവതിയുടെ അമ്മ. അവർ തന്‍റെ മകളെയും കലയിലേക്ക് നയിച്ചു. അച്ഛ‌ന്‍റെ ഇഷ്ടവിനോദങ്ങൾ സ്പോർട്‌സും സംഗീതവും. “പവർ കട്ട് ഉള്ളപ്പോൾ അച്ഛൻ പലപ്പോഴും വയലിൻ വായിക്കുമായിരുന്നു. സഹോദരൻ ഗിറ്റാറും. ഞങ്ങൾ എല്ലാവരും ഒരു മിച്ച് പാട്ടുപാടുമായിരുന്നു.” പാർവതി ഇപ്പോഴും ആ ഓർമ്മകളെ ചേർത്തുപിടിക്കുന്നു.

കലയെ പ്രൊഫഷണലായി പിന്തുടരാനുള്ള കഴിവ് പാർവതിയിൽ ഉണ്ടെന്നു നൃത്താധ്യാപകർ മാതാപിതാക്കളോട് പറഞ്ഞിരുന്നുവെങ്കിലും അവരാരും തന്നെ പാർവതിയുടെ ആഗ്രഹത്തിന് വിരുദ്ധമായി അതിനെ ഒരു തൊഴിലായി പിന്തുടരാൻ പ്രേരിപ്പിച്ചില്ല. മാതാപിതാക്കളാകും മുമ്പ് തന്നെ അവർക്ക് ഇക്കാര്യത്തിൽ വ്യക്തമായ ഒരു ധാരണ ഉണ്ടായിരുന്നു.

കൗമാരപ്രായത്തിൽ ഹിന്ദി ചലച്ചിത്രകാരൻ കരൺ ജോഹറിന്‍റെ ചിത്രങ്ങൾ കാണാനായിരുന്നു പാർവതിയ്ക്ക് ഏറെ ഇഷ്ടം. നിർമ്മാതാവ് ഏക്‌ത കപൂറിന്‍റെ ജനപ്രിയ സീരിയലുകളുടെ കടുത്ത ആരാധിക കൂടിയായിരുന്നു അവർ. “കസൗട്ടി സിന്തഗി കിയിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് മരിച്ചപ്പോൾ താൻ രാത്രി മുഴുവനും കരഞ്ഞിരുന്നുവെന്ന് പാർവതി ഇന്നും ചിരിയോടെ ഓർക്കുന്നു.”

“ചെറുപ്പത്തിൽ സങ്കടകരവും ആശയക്കുഴപ്പമുണ്ടാകുന്നതുമായ നിരവധി അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്. എന്നെ ഞാനായി കാണുന്ന എന്നെ ഇഷ്‌ടപ്പെടുന്ന ആരെയും ഞാൻ കണ്ടിട്ടില്ല. അതിനാൽ എന്‍റെ സ്‌കൂൾ പഠനകാലത്തെ ആദ്യനാളുകളിൽ ആളുകളെ സന്തോഷിപ്പിക്കുന്ന തരത്തിൽ പെരുമാറാനാണ് ഞാൻ ശ്രമിച്ചത്. അതിന്‍റെ ഭാഗമായി ഹാർഡി ബോയ്‌സ്, നാൻസി ഡൂ എന്നീ ഡിറ്റക്ടീവ് പുസ്ത‌കങ്ങൾ വായിക്കുമായിരുന്നു.”

സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ

ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്‍റെ അവസാനനാളുകളിൽ പാർവതി ചെറിയ ഒരു പ്രാദേശിക ടെലിവിഷൻ മത്സരത്തിൽ പങ്കെടുത്തു വിജയിച്ചിരുന്നു. ഈ മത്സരത്തിലൂടെ ഒരു പ്രാദേശിക ചാനലിലെ 2 ലൈവ് മ്യൂസിക് ഷോകളുടെ വീഡിയോ ജോക്കിയായി ആദ്യ ജോലി ലഭിച്ചു. തികച്ചും വ്യത്യസ്‌തമായ ലോകമായിരുന്നുവെന്നാണ് പാർവതി അതിനെ വിശേഷിപ്പിക്കുന്നത്. മാതാപിതാക്കൾക്കും തുടക്കത്തിലത് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. തന്നെ സംരക്ഷിക്കാൻ എപ്പോഴും അവർ അടുത്തുണ്ടാകില്ലെന്ന ചിന്ത അംഗീകരിക്കാൻ മാതാപിതാക്കൾക്ക് എളുപ്പമായിരുന്നില്ല. എങ്കിലും എന്‍റെ തീരുമാനങ്ങളെ അവർ പിന്തുണച്ചു. അങ്ങനെ 19 വയസ്സുള്ളപ്പോൾ അഭിനയജീവിതം തുടരാൻ കൊച്ചിയിലേക്ക് ചേക്കേറാൻ പാർവതി തീരുമാനിക്കുകയായിരുന്നു.

കൗമാരക്കാരിയായ വിദ്യാർത്ഥിനിയുടെ വേഷം ചെയ്ത “നോ ട്ട്ബുക്ക്” (2006) ആണ് പാർവതിയുടെ ആദ്യ ചിത്രം. സിനിമയുടെ ചിത്രീകരണത്തിന് മുമ്പ് സിനിമയുടെ സംവിധായകനും എഴുത്തുകാരനും കഥാപാത്രവുമായി ഇഴുകിച്ചേരാനും പരിചയിക്കാനും പാർവതിയെ പ്രോത്സാഹിപ്പിച്ചു. ഇതിനായി ഏത് ടൂത്ത് പേസ്‌റ്റാണ് തന്‍റെ കഥാപാത്രം ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നത്, ഏത് കറിയാണ് കഴിക്കാൻ ഇഷ്‌ടപ്പെടുന്നത് എന്നിങ്ങനെയുള്ള സാങ്കൽപ്പിക ചോദ്യങ്ങൾ അവർ പാർവതിയോട് ചോദിച്ചിരുന്നു. കഥാപാത്രത്തെ തിരിച്ചറിയാനും കഥാപാത്രത്തിന്‍റെ തിരഞ്ഞെടുപ്പുകൾ മനസ്സിലാക്കാനും കഥാപാത്രവുമായി സഹാനുഭൂതി പ്രകടിപ്പിക്കാനും ഈ വിശദാംശങ്ങൾ സഹായിച്ചുവെന്നാണ് പാർവതി പറയുന്നത്.

പാർവതി ഇന്നും തുടരുന്ന ഒരു രീതിയാണിത്. “പശ്ചാത്തലത്തിന്‍റെ അടിസ്ഥാനത്തിൽ യഥാർത്ഥ കാര്യങ്ങൾ കൂടുതലായി ഞാൻ കുട്ടിയിണക്കും.” കഥാപാത്രത്തിന്‍റെ സാമ്പത്തിക നില, ജാതി അല്ലെങ്കിൽ ജാതിപരമായ അടിച്ചമർത്തൽ അനുവഭവിക്കുന്നുണ്ടോ അവർ എന്ത് ഭക്ഷണം കഴിക്കുന്നു അല്ലെങ്കിൽ ഏത് ബ്രാൻഡ് അടിവസ്ത്രം ധരിക്കാൻ ഇഷ്ടപ്പെടുന്നു എന്നിങ്ങനെയുള്ള കൂടുതൽ വിശദാംശങ്ങൾ ഇതിൽ ഉൾപ്പെടാം.

അഭിനയകലയിൽ ഔപചാരിക പരിശീലനം നേടിയിട്ടില്ലാത്തതിനാൽ തന്‍റെ അറിവ് വർദ്ധിപ്പിക്കാൻ അവർ നിരന്തരം പുതിയ വഴികൾ തേടുകയായിരുന്നു. “ഇൻസൈഡ് ദി ആക്ടേഴ്സ‌സ് ഡിയോ” യുടെ സ്ഥിരം പ്രേക്ഷകയായിരുന്നു. എഴുത്തുകാരനും നടനുമായ ജെയിംസ് ലിപ്റ്റൺ നിരവധി ചലച്ചിത്ര പ്രവർത്തകരെ അഭിമുഖം നടത്തുന്ന ഒരു അമേരിക്കൻ ടെലിവിഷൻ പരമ്പരയാണിത്.

സഹപ്രവർത്തകർ ശുപാർശ ചെയ്ക്കുന്ന പുസ്‌തകങ്ങൾ വായിക്കാനും പാർവതി ശ്രദ്ധ പുലർത്തി. അഭിനയകലയിൽ തന്‍റെ പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിനായി പോണ്ടിച്ചേരി ആസ്‌ഥാനമായുള്ള ആദിശക്തി എന്ന തീയറ്റർ ഗ്രൂപ്പിലും ഭാഗമായി.

കഥാപാത്രമായി ജീവിക്കണം

എന്നിരുന്നാലും പാർവതിയുടെ പൊതുപ്രതിച്ഛായ ചിലപ്പോൾ ഓൺ സ്ക്രീനിൽ നിന്നും വേറിട്ട് നിന്നിരുന്നു. “ആക്ടിവിസ്‌റ്റ് എന്ന നിലയിൽ ഞാൻ എന്നെത്തന്നെ അവതരിപ്പിക്കുന്തോറും ഒരു കഥാപാത്രമെന്ന നിലയിൽ എന്നിൽ വിശ്വാസ്യത കുറയും. ഞാൻ അഞ്ജുവാണോ പല്ലവിയാണോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആണോയെന്ന് ആളുകളെ ബോധ്യപ്പെടുത്താൻ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും.” താൻ കാണുകയും അനുഭവിക്കുകയും ചെയ്‌ത അനീതികളോട് തുടക്കത്തിൽ അവർക്ക് കടുത്ത ദേഷ്യം തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ തന്‍റെ കലയിലൂടെ ആ പ്രതിഷേധം പ്രകടിപ്പിക്കുകയാണ്.

“പോരാടുന്നതിനും ചെറുത്തുനിൽക്കുന്നതിനും പകരം ഹേയ് ഇത് നിങ്ങളെ എന്തെങ്കിലും പഠിപ്പിക്കുകയാണെന്ന് ഞാൻ കരുതുന്നു.” പാർവതി തന്‍റെ കാഴ്ച്ചപ്പാട് വ്യക്തമാക്കുന്നു. ഇനിയും തന്നെ കാത്തിരിക്കുന്ന വേഷങ്ങൾക്കായി ഓഡിഷൻ ചെയ്യാൻ ആഗ്രഹിക്കുന്ന അഭിനേതാവാണ് അവർ. ഇതുവരെ ചെയ്യാത്ത ചലഞ്ചിംഗ് ആയ വേഷങ്ങൾ ചെയ്യാനുമാണ് പാർവതിയ്ക്ക് ഇഷ്ടം.

ഇന്ത്യൻ സിനിമയിലെ ഏറ്റവും പുരോഗമനപരമായ ചിത്രങ്ങളായാണ് മലയാള സിനിമകളെ കണക്കാക്കപ്പെടുന്നത്. എന്നാൽ പിന്നീട് സിനിമ മേഖല വെറുപ്പും ലൈംഗികാതിക്രമവും നിറഞ്ഞതായി മാറി. നടിയെ തട്ടിക്കൊണ്ടുപോയി കാറിൽ ലൈംഗികമായി പീഡിപ്പിച്ച സംഭവം ഏറെ ഞെട്ടിപ്പിക്കുന്നതായിരുന്നു. മലയാള സിനിമയിലെ ശക്‌തനും സ്വാധീനവുമുള്ള സുപ്പർ താരം ദിലീപ് ക്രിമിനലുകളെ ഉപയോഗിച്ച് കൃത്യം നടത്തിയെന്ന കേസിൽ പ്രതിയായി. കേസിൽ മൂന്ന് മാസം ജയിലിൽ കിടന്ന ദിലീപ് പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. ഈ കേസിൽ ഇപ്പോൾ ഹൈക്കോടതിയിൽ വാദം തുടർന്നുകൊണ്ടിരിക്കുകയാണ്.

ഗുരുതരമായ പ്രതികരണങ്ങൾ

ആക്രമണം നടന്ന് 8 വർഷത്തിനുള്ളിൽ ഈ കേസ് കേരളത്തിലെ സിനിമാ ലോകത്തിന് അഗ്നിപരീക്ഷയായി മാറി. സഹപ്രവർത്തകയ്ക്ക് (അതിജീവിത) ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി സ്ത്രീകൾ നിലയുറപ്പിച്ചപ്പോൾ ശക്‌തരായ പുരുഷന്മാർ ദിലീപിന് ചുറ്റും തടിച്ചുകൂടി. മോഹൻലാലിനെപ്പോലുള്ള മുതിർന്ന അഭിനേതാക്കൾ ലൈംഗികാതിക്രമ വിഷയങ്ങളെ നിസാരവൽക്കരിച്ചു. അക്കാലത്ത് അസോസിയഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റുകളുടെ (അമ്മ) പ്രസിഡന്‍റായിരുന്നു മോഹൻലാൽ. കേരളത്തിലെ ഏറ്റവും ശക്തമായ സിനിമാ സംഘടനയാണിത്. മീറ്റു പ്രസ്ഥാനത്തെക്കുറിച്ചും വനിതകൾ പരാമർശിച്ചു. അതോടെ ലോകമെമ്പാടുമുള്ള വനിതകൾ തങ്ങൾ എപ്പോഴൊക്കെയോ നേരിട്ട ദുരനുഭവങ്ങളെപ്പറ്റി പൊതുസമൂഹവുമായി പങ്കിട്ടു.

വിമൻ ഇൻ സിനിമാ കളക്‌ടീവിലെ അംഗങ്ങൾ സിനിമ വ്യവസായത്തിൽ മാറ്റം ആവശ്യപ്പെട്ടുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകി. ലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കാൻ ഔദ്യോഗിക സമിതികൾക്കായി അവർ വാദിച്ചു. നിയമപരിഷ്കാരങ്ങൾക്കായി വാദം ഉയർത്തി. അതിനിടെ കേരള സംസ്‌ഥാന സർക്കാർ ഹേമ കമ്മിറ്റി രൂപികരിച്ചു. അതിന് നേതൃത്വം നൽകിയത് വിരമിച്ച ജഡ്‌ജിയായ ഹേമയാണ്. സിനിമയിലെ ലിംഗപരമായ അനീതിയുടെയും ദുരുപയോ ഗത്തിന്‍റെയും കേസുകൾ അന്വേഷിച്ച കമ്മിറ്റി വിശദമായ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളടങ്ങിയ റിപ്പോർട്ട് 2019 അവസാനത്തോടെ സമർപ്പിക്കുകയും ചെയ്‌തു.

5 വർഷത്തെ കാലതാമസത്തിന് ശേഷം 2024 ഓഗസ്‌റ്റിൽ റിപ്പോർട്ട് പുതുക്കിയ രൂപത്തിൽ വീണ്ടും പുറത്തിറക്കി. ദുരുപയോഗം, കുറഞ്ഞ പ്രതിഫലം, സുരക്ഷിതമല്ലാത്ത സാഹചര്യങ്ങൾ എന്നിവയിലൂടെ മലയാള ചലച്ചിത്ര വ്യവസായം കലാകാരികളെ ചൂഷണം ചെയ്ത വഴികളെപ്പറ്റി അത് എടുത്തുകാണിക്കുന്നു. റിപ്പോർട്ട് പുറത്തുവന്നതോടെ കേരളത്തിൽ മീറ്റു ആരോപണം വീണ്ടും സജീവമായി. ഇരകൾ അവരുടെ ദുരനുഭവങ്ങൾ പറഞ്ഞു മുന്നോട്ടു വന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ അമ്മയുടെ എകസ്‌ക്യൂട്ടീവ് അംഗങ്ങളെല്ലാം രാജിവച്ചു. ഒരു കൂട്ടം കലാകാരികളുടെ നിരന്തരമായ ശ്രമങ്ങളെ തുടർന്ന് കഷ്‌ടപ്പെട്ട് നേടിയ വിജയമായിരുന്നു അത്. 2017-ൽ ഡബ്ല്യുസിസി അംഗങ്ങളും പാർവതിയും രാത്രി വൈകി നടത്തിയ ഒരു കോളിൽ തങ്ങളുടെ ആക്ഷൻ പ്ലാൻ തയ്യാറാക്കിയപ്പോൾ സമ്മർദ്ദത്തെ നേരിടാൻ പാർവതി ഒരു മാർഗം ക ണ്ടെത്തി. മുഖത്തിനു പലതരത്തിലുള്ള ഭാവങ്ങൾ നൽകി. കണ്ണുകളിൽ അൽപ്പം മാത്രം ഐലൈനർ പുരട്ടി, സ്വന്തം ചിത്രങ്ങൾ എടുത്തു. എന്നാൽ സോഷ്യൽ മീഡിയയിൽ ഒന്നുപോലും പോസ്റ്റ് ചെയ്തില്ല. രാത്രി മേക്കപ്പ് നീക്കി ഉറങ്ങാൻ പോകും. മേക്കപ്പും ഒരു കലയാണ്.

പുസ്‌തകങ്ങളാണ് സഹ്യത്തുക്കൾ

സിനിമാ സെറ്റുകളിൽ പാർവതിയുടെ കൈയിൽ എപ്പോഴും ഒരു പുസ്‌തകമുണ്ടാവും. “ഒമ്പതാം ക്ലാസ് വരെ ഞാൻ വലിയൊരു വായനക്കാരിയായിരുന്നില്ല. എന്നാൽ സിനിമയിൽ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ പുസ്‌തകങ്ങൾ ഒരു സുരക്ഷാപദ്ധതി ആയി മാറി. സിനിമാ സെറ്റുകളിലെ വ്യാപകമായ ലിംഗ വിവേചനത്തിൽ നിന്നും നിരന്തരമായ ഗോസിപ്പുകളിൽ നിന്നും സ്വയം പരിരക്ഷിക്കാൻ പുസ്‌തകങ്ങളെ ആശ്രയിച്ചിരുന്ന കാര്യം മറ്റ് പല സ്ത്രീ അഭിനേതാക്കളിൽ നിന്നും ഞാൻ മുമ്പ് കേട്ടിരുന്നു. ഒരു നടി എന്ന നിലയിൽ ആളുകൾ എന്‍റെ ഓരോ നീക്കവും നിരീക്ഷിക്കുന്നുണ്ടെന്ന കാര്യം ഞാൻ മനസ്സിലാക്കി. നിരന്തരം നിരീക്ഷണത്തിലാണ് ഞാൻ. ഈ വികാരത്തിൽ നിന്ന് കരകയറാൻ പുസ്‌തകങ്ങൾ എന്നെ സഹായിച്ചു.”

തനിക്ക് എപ്പോഴും ശരിയായ ഇടം വേണമെന്ന ചിന്ത പാർവതിയിൽ കുറ്റബോധം ജനിപ്പിച്ചിരുന്നു. എന്തിനാണ് കുറ്റബോധം തോന്നുന്നതെന്ന ചോദ്യം അവർ സ്വയം ചോദിക്കാൻ തുടങ്ങി.

“ഇതിനെ ഞാൻ കുലസ്ത്രീകാലം എന്നാണ് വിളിക്കാൻ താൽപര്യപ്പെടുന്നത്. അതായത് ഒരു സാധാരണ കുടുംബത്തിലെ സ്ത്രീയുടെ കാഴ്ച്ചപ്പാട്. അതായത് നിങ്ങൾ ഡൈനിംഗ് ടേബിളിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുകയാണ് അടുത്ത് ഒരു പുരുഷൻ ഭക്ഷണം കഴിക്കാൻ ഇരിക്കുകയാണ് അതിനടുത്ത് ഒരു പുരുഷൻ ഭക്ഷണം കഴിക്കാതെ നിൽക്കുന്നു. പെട്ടെന്ന് നിങ്ങൾ ചാടിയെഴുന്നേറ്റ് അയാൾക്കായി പ്ലേറ്റ് കൊടുക്കുന്നു. സത്യത്തിൽ ആ മുൻഗണന പിൻവലിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. സ്വന്തം പ്ലേറ്റ് എടുക്കാൻ അയാളോട് തന്നെ പറയാമല്ലോ? ലിംഗ വിവേചനപരമായ കാഴ്ച്ചപ്പാട് വച്ചുപുലർത്താത്തവരാണ് എന്‍റെ മാതാപിതാക്കൾ. എന്നിട്ടും തന്നിൽ ഇത്തരം ചിന്തയുണ്ടായതിൽ പാർവതി സ്വയം ആശ്‌ചര്യപ്പെടുന്നു. “ഇത് എന്ത് തരത്തിലുള്ള ഡിഎൻഎ കണ്ടീഷനിംഗ് ആണ്. ഇത് എന്‍റെ അമ്മയിൽ നിന്ന് വന്നതല്ല. പൂർവ്വികരിൽ നിന്ന് വന്നതായിരിക്കണം” പാർവതി പറയുന്നു.

ടോയ്ലറ്റ് സൗകര്യങ്ങൾ ആവശ്യപ്പെട്ടതിന് മലയാള സിനിമാ മേഖലയിലെ ചിലർ പാർവതിയെ ബാത്ത്റൂം പാർവതി എന്നാണ് വിളിച്ചിരുന്നത്. പരിഹാസ്യമായ ഈ വിളിപ്പേര് ഗുരുതരമായ ഒരു പ്രശ്ന‌ത്തെ നിസ്സാരവൽക്കരിക്കുകയാണ് ചെയ്തത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് അവർ ഉയർത്തിക്കാട്ടിയത്. തുടർച്ചയായി 10-12 മണിക്കൂർ വാഷ്റൂ മിൽ പോകാൻ കഴിയില്ലെന്ന ബോധ്യത്തിൽ വർഷങ്ങളോളം സെറ്റിൽ വെള്ളം കുടിക്കുന്നത് ഒഴിവാക്കിയിരുന്നതായി പാർവതി ഓർക്കുന്നു. മാത്രവുമല്ല ബ്രേക്ക് എടുക്കരുതെന്ന അപ്രഖ്യാപിത നിയമവും ഉണ്ടായിരുന്നു. അതിനെ അനാവശ്യമായിട്ടാണ് അണിയറ പ്രവർത്തകർ കണക്കാക്കിയിരുന്നത്.

എന്തിനാണ് ഈ വിവേചനം

2013-ൽ “മരിയൻ” എന്ന സിമിമയുടെ സെറ്റിലെ ഒരു വിശേഷ ദിവസത്തെ പാർവതി ഓർക്കുന്നു. നിശ്ച‌യദാർഢ്യമുള്ള, കാഴ്‌ചയിൽ എളിമയുള്ള, ഒരു സ്ത്രീയുടെ വേഷമാണ് അവർ അതിൽ ചെയ്യുന്നത്. കടലിൽ ചില രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി ബിസ്‌ലേരി കുപ്പികളിലെ വെള്ളം ധനുഷിന്‍റെ മേൽ ഒഴിക്കുകയാണ്. “അതേസമയം കടലിൽ നിന്ന് നേരിട്ട് ബക്കറ്റിൽ നിറച്ച വെള്ളമാണ് എന്‍റെ മേൽ ഒഴിക്കുന്നത്. ആ സമയത്ത് ആർത്തവമായതിനാൽ നനഞ്ഞ സാനിറ്ററി നാപ്കിനുകളിൽ നിന്ന് രക്തം പുറത്തേക്ക് വന്നു.”

വസ്ത്രം മാറാൻ ബ്രേക്ക് ചോദിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് പാർവതിക്ക് അറിയാമായിരുന്നു. “നിസ്സാരമായ എന്‍റെ അഭ്യർത്ഥനയ്ക്ക് തണുത്ത പ്രതികരണമാണ് ലഭിച്ചത്.” ഒരു കുഴപ്പക്കാരിയെന്നോണമാണ് അവർ എന്നോട് പെരുമാറിയത്. ആണായാലും പെണ്ണായാലും ആരും ചെറിയ ഒരു സഹതാപം പോലും കാണിച്ചില്ല. അവർ ഓർക്കുന്നു. പരസ്പരം പിന്തുണയ്ക്കുന്നവരോട് പോലും ശത്രുത പുലർത്തുന്ന ഒരു വ്യവസായത്തിൽ അത്തരം നിസ്സംഗത പ്രോത്സാഹിപ്പിക്കപ്പെടുന്നു. “അടിസ്ഥാന മര്യാദ ആവശ്യപ്പെടുന്ന ഒരു സ്ത്രീയെ പിന്തുണയ്ക്കന്ന ഒരാളായി നിങ്ങൾ മാറുകയാണെങ്കിൽ നിങ്ങളെ എല്ലാവരും ലക്ഷ്യമിടും. അതോടെ നിങ്ങൾ ഒരു ഫെമിനിസ്‌റ്റ് ആണ്. പുരുഷന്മാർക്ക് ലഭിക്കുന്ന നേട്ടം നിങ്ങൾക്ക് നഷ്ടപ്പെടും.” സിനിമാ പിന്നണിയിലെ കറുത്ത യാഥാർഥ്യങ്ങളിലേക്ക് പാർവതി വിരൽ ചൂണ്ടുന്നു.

“ഇന്ത്യയിലെ മറ്റ് സിനിമാ വ്യവസായങ്ങൾ ഇതിലും മികച്ചതാണെന്നല്ല. തങ്ങൾ നേരിടുന്ന അസമത്വങ്ങളെ അഭിസംബോധന ചെയ്യുന്നതു അവർ ഇതുവരെ ഒഴിവാക്കിയിട്ടുണ്ട്. മിക്കയിടത്തും അതിന് അവസരമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. മിക്കവരും അതിനെ അഡ്രസ് ചെയ്യാൻ ഭയപ്പെടുകയാണ്.” പാർവതി പറയുന്നു.

തങ്ങളുടെ സ്‌ഥാനങ്ങൾ സംരക്ഷിക്കാൻ മാത്രം ആഗ്രഹിക്കുന്നവരാണ് ഈ മൗനത്തിന് കാരണമെന്നും അവർ കുറ്റപ്പെടുത്തുന്നു. പവർ, ധനം, സുരക്ഷ ഇവയൊക്കെ യഥേഷ്‌ടമുള്ള വരെ കുറിച്ചാണ് പറയുന്നത്. അവർ അധികാരമേഖലയിലേക്ക് കൂടുതൽ ചായുന്നു. ശാശ്വതമായ മാറ്റത്തിന് ഐക്യദാർഢ്യം ആവശ്യമാണ്. ഒരു പുരുഷ സഹപ്രവർത്തകൻ കൂടെ ഉണ്ടാകുന്നതിന് വർഷങ്ങൾ മുന്നോട്ട് പോകണം.

ഹോളിവുഡിലെ ഉദാഹരണങ്ങളും പാർവതി ചൂണ്ടിക്കാണിക്കുന്നു. ചില പുരുഷ അഭിനേതാക്കൾ തങ്ങളുടെ സഹനടിമാർക്ക് തുല്യ വേതനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ചില പ്രോജക്റ്റുകളിൽ തങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കാറുണ്ട്. തന്‍റെ പുരുഷ സഹപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പാർവതി പറയുന്നത് ഇതാണ്. “ഞങ്ങളെ മനുഷ്യരായി കരുതുക. ഞങ്ങൾക്ക് ലഭിക്കുമ്പോൾ യഥാർത്ഥത്തിൽ നിങ്ങൾക്ക് ഒന്നും നഷ്‌ടപ്പെടുന്നില്ല. ഇത്തരം തീരുമാനം എല്ലാവരേയും മികച്ചതാക്കുകയേയുള്ളു. എല്ലാവർക്കും ഇവിടെ തുല്യതയോടെ ജീവിക്കാനുമുള്ള അവകാശമുണ്ട്.”

പെൺ പ്രായം 21 ആയാൽ

സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കുമെന്ന സ്വാതന്ത്യ്രദിന പ്രസംഗത്തിലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്നുണ്ടായ ചൂടുപിടിച്ച ചർച്ചയെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യത്തെ സ്ത്രീ സമൂഹം നോക്കിക്കാണുന്നത്. നടപ്പിലായാൽ അതൊരു വിപ്ലവകരമായ തീരുമാനമായിരിക്കുമെന്നുറപ്പാണ്.

2006 ലെ ചൈൽഡ് മാരേജ് ആക്ട് പ്രകാരം പുരുഷന്മാർക്ക് 21 ഉം സ്ത്രീകൾക്ക് 18 മാണ് നിലവിലെ വിവാഹ പ്രായം. വിവിധ മതങ്ങളുടെ വ്യക്‌തി നിയമമനുസരിച്ചുള്ള മാനദണ്ഡങ്ങൾ പ്രകാരം ചില വ്യത്യാസങ്ങൾ ഈ നിയമത്തിലുണ്ട്. എങ്കിലും ഭൂരിപക്ഷം സ്ത്രീകളും സ്വാഗതം ചെയ്യുന്ന ആഗ്രഹിക്കുന്ന നിയമമായിരിക്കും സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കുക എന്നത്.

ലോകത്തെ വിവിധ രാജ്യങ്ങളുടെ വിവാഹ പ്രായമെടുത്തു നോക്കിയാൽ ശരാശരി പ്രായം 21 ആണെന്ന് കാണാം. വിശാല വിഷയങ്ങൾ പരിഗണിച്ചു വ്യത്യസ്ത പ്രായ പരിധികൾ വിവിധ രാജ്യങ്ങളിലുണ്ട്.

പുരുഷ മേൽക്കോയ്മയുടെ ലോകത്ത് ഭാര്യയ്ക്ക് ഭർത്താവിനേക്കാൾ പ്രായം കുറവ് വേണമെന്ന സാങ്കൽപിക നിയമം പിന്തുടരുന്നവരാണ് ഭൂരിഭാഗം പേരും. അത് കൊണ്ട് തന്നെ സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതോടെ പുരുഷന്മാരുടേത് 23 എങ്കിലും ആക്കണമെന്ന വാദവും ശക്‌തമാണ്.

ഭർത്താവിനേക്കാൾ പ്രായം കൂടിയ ഭാര്യ എന്ന രീതി അംഗീകരിക്കാനോ ഉൾക്കൊള്ളാനോ മടി കാണിക്കുന്നവരാണ് നമ്മൾ ഇന്ത്യക്കാർ. പങ്കാളികൾ തമ്മിൽ രണ്ടോ മൂന്നോ വയസ്സിന്‍റെ വ്യത്യാസം എന്നല്ലാതെ ഇതിനു പ്രത്യേകിച്ചൊരു പ്രാധാന്യം നൽകേണ്ടതുമില്ല. ഭാരതീയ സംസ്കാര ചട്ടക്കൂടിൽ വളർന്ന പഴയ തലമുറയിൽ നിന്നും വ്യത്യസ്ത ചിന്താശേഷിയുള്ളവരാണ് പുതുതലമുറ. പഴയ സമ്പ്രദായിക രീതി പിന്തുടരാൻ പുതിയ തലമുറയ്ക്ക് താൽപര്യക്കുറവുകളുമുണ്ട്.

തുടർ വിദ്യാഭ്യാസ രംഗത്ത് സ്ത്രീകൾ വളരെയധികം മുന്നേറുന്ന കാലമാണിത്. പ്ലസ്ടു വിദ്യാഭ്യാസം കഴിയുന്നത് വരെ കുട്ടികൾ എന്ന പരിഗണനയിൽ വളർന്ന് വരുന്ന ഈ തലമുറ ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കാനും ജോലി നേടി സ്വന്തം കാലിൽ നിൽക്കാനും ആഗ്രഹിക്കുകയും ചെയ്യുന്നു. കേവലം സർട്ടിഫിക്കറ്റ് കരസ്ഥമാക്കി കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങിക്കഴിയാൻ ആഗ്രഹിക്കുന്നവരല്ല അവർ.

18-ാം വയസ്സിൽ വിവാഹം കഴിക്കുന്നത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ കാര്യമായി ബാധിക്കുന്നു. കല്യാണശേഷവും പഠിക്കാമെന്ന വാഗ്ദാനങ്ങൾ ഉണ്ടാവുന്നുണ്ടെങ്കിലും പലപ്പോഴും സാഹചര്യങ്ങൾ കാരണം പഠനം തുടരാൻ കഴിയാറില്ല പലർക്കും. വിദ്യാഭ്യാസപരമായി മുന്നേറാനും അത് വഴി സ്വയം ശാക്തീകരണം ആഗ്രഹിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ സ്വാതന്ത്യ്രം തന്നെ ഇല്ലാതാക്കുന്നതാണ് പൂർത്തിയായി എന്ന കാരണം കൊണ്ട് ഇടയ്ക്ക് പഠനം മുടക്കി കല്യാണം കഴിപ്പിച്ചു വിടുന്ന പ്രവണതകൾ.

ഋതുമതിയാവുക എന്നതാണ് ചിലർ പ്രായപൂർത്തിയായി എന്നതിന് കണക്കാക്കുന്ന മാനദണ്ഡം. ചിലർ 18 വയസ്സ് പൂർത്തിയാകുക എന്നതാണ്. എന്നാൽ ശരീരം കൊണ്ടോ വയസ്സ് കൊണ്ടോ മാത്രമല്ല ഒരു പെൺകുട്ടി പ്രായപൂർത്തിയാകേണ്ടത്, ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടാനും അത് പക്വതയോടെ കൈകാര്യം ചെയ്യാൻ പഠിക്കുമ്പോഴും മാത്രമാണ് യഥാർത്ഥത്തിൽ ഒരാൾ പ്രായപൂർത്തി ആവുന്നത് എന്ന കാഴ്ചപ്പാടിലേക്ക് നമ്മൾ എത്തേണ്ടിയിരിക്കുന്നു. എന്നാൽ എല്ലാവരിലും വ്യത്യസ്തമായ പ്രായമായിരിക്കും അത് എന്നതിനാൽ വിവാഹപ്രായം കണക്കാക്കാൻ ആ ആശയം പരിഗണിക്കാൻ സാധ്യമാവുകയില്ല. നിയമമാക്കുമ്പോൾ ഇത്തരം മാനദണ്ഡങ്ങൾ പ്രായോഗികവുമല്ല. എന്നാൽ നിയമം നൽകുന്ന പരിരക്ഷയുടെ ഉള്ളിൽ നിന്ന് കൊണ്ട് രക്ഷിതാക്കൾക്ക് പരിഗണിക്കാവുന്ന ഒരു വിഷയമാണിത്.

ഈ വിഷയത്തെപ്പറ്റി  ചിലരുടെ അഭിപ്രായങ്ങള്‍ നോക്കാം…

ശ്രീവിദ്യ മുല്ലച്ചേരി, സിനിമാതാരം

“സ്ത്രീകളുടെ വിവാഹ പ്രായം 18 ൽ നിന്ന് 21 ലേക്ക് ഉയർത്താനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നു. അത് നമ്മുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് കൂടുതൽ അവസരം നൽകും. കുടുംബിനിയാകാൻ 18 നേക്കാൾ എന്തു കൊണ്ടും ഉത്തമ പ്രായം 21 തന്നെയാണ്.”

…………………………………………………..

നജ്മ എൻ, വിദ്യാർത്ഥിനി, കേരള കേന്ദ്ര സർവകലാശാല

“18 വയസ്സിൽ വിദ്യാഭ്യാസം പോലും പൂർത്തിയാക്കുന്നതിന് മുമ്പ് കെട്ടേണ്ടി വരുന്ന പെൺകുട്ടിക്ക് താങ്ങേണ്ടി വരുന്നത് ഭാരിച്ച ഉത്തരവാദിത്തങ്ങളാണ്. വിവാഹപ്രായം വർദ്ധിപ്പിക്കുന്നത് അവൾക്ക് വിദ്യാഭ്യാസം, ലോക പരിചയം, പക്വത എന്നിവ കൂടുതലായി കിട്ടാൻ ഇടയാക്കും. അത് ഗുണകരമായ തീരുമാനമാണ്.”

……………………………………………………….

18 വയസ്സ് പൂർത്തിയായ എല്ലാവർക്കും സ്വന്തമായി തീരുമാനങ്ങൾ എടുക്കാനോ സ്വാതന്ത്യ്രമായ നിലപാടുകളെടുക്കാനോ സാധിക്കുകയില്ല. ഇന്ത്യൻ സംസ്കാരത്തിൽ വീട്ടുകാർ നല്ലതെന്ന് പറഞ്ഞാൽ അത് നല്ലതെന്നും വേണ്ടെന്നു പറഞ്ഞാൽ വേണ്ടെന്ന് വെക്കുന്നവരും ആയിരിക്കും ഈ പ്രായത്തിൽ അധികം പേരും.

കുടുംബ പരിപാലനത്തിനുള്ള പക്വതയോ തയ്യാറെടുപ്പോ ഈ പ്രായത്തിൽ കുറവായിരിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ആഗ്രഹിക്കാത്ത ഗർഭധാരണവും 18 വയസ്സിലെ അമിത ഭാരങ്ങളും ഉത്തരവാദിത്തങ്ങളും പെൺകുട്ടികളെ വിഷാദ രോഗത്തിലേക്ക് നയിക്കുന്നുവെന്നും പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. പഠന റിപ്പോർട്ടുകളിലേക്ക് കടക്കും മുമ്പ് നമുക്ക് ചുറ്റുമൊന്ന് കണ്ണോടിച്ചാൽ തന്നെയും കാണാം ഉത്തരവാദിത്തങ്ങളുടെ അമിതഭരം കൊണ്ട് തലകുനിഞ്ഞു പോയ പെൺ ജീവിതങ്ങൾ.

18 വയസ്സ് പൂർത്തിയായ ആൺകുട്ടിയിൽ നിന്നും വ്യത്യസ്തമായിരിക്കും 18 വയസ്സ് പൂർത്തിയായ പെൺകുട്ടികൾ. പുറം ലോകവുമായി നിരന്തരം ബന്ധപ്പെടാൻ ആൺകുട്ടികൾക്ക് കിട്ടുന്ന അവസരങ്ങൾ പലപ്പോഴും പെൺകുട്ടികൾക്ക് കിട്ടാറില്ല. അവർ വീടുകൾക്കുള്ളിൽ കഴിയേണ്ടി വരുന്നു. ഇത് 18 വയസ്സായ പെൺകുട്ടികൾക്ക് ലോകപരിചയവും അനുഭവ സമ്പത്തും കുറക്കുന്നു.

വിദ്യാഭ്യാസത്തിലൂടെ, 21 വയസ്സ് ആകുമ്പോഴേക്കും അവ ആർജിച്ചെടുക്കാൻ പെൺകുട്ടികൾക്കാവുന്നു. പെൺകുട്ടിയുടെ വയസ്സ് 18 ആയാലും 21 ആയാലും കല്യാണം കഴിഞ്ഞെത്തുന്ന സ്ത്രീ ഭർത്താവിന്‍റെ വീട്ടിൽ ഒരു ഭാര്യയോ മരുമകളോ മാത്രമാണ്. അവരുടെ വയസ്സ് ആരും പരിഗണിക്കാറില്ല. അത് കൊണ്ട് തന്നെ 18 വയസ്സിനെക്കാൾ എന്ത് കൊണ്ടും 21 വയസ്സായ കുട്ടിക്ക് അവയുമായി വേഗത്തിൽ പൊരുത്തപ്പെട്ടു പോകാനാകും.

ഭർത്താവിനെ നോക്കുക, കുട്ടികളെ നോക്കുക, മറ്റു കുടുംബാംഗങ്ങളെ നോക്കുക, വീട് നോക്കുക എന്നീ ഉത്തരവാദിത്തങ്ങൾ സമൂഹം കുടുംബിനിയുടെ തലയിൽ ആണ് വച്ചു കൊടുത്തിട്ടുള്ളത്. ശരീരം കൊണ്ടോ മനസ്സ് കൊണ്ടോ ഇതിന് അവർ പക്വത എത്തിയോ എന്നാരും നോക്കാറില്ല. 30 വയസ്സുള്ള സ്ത്രീകൾ വീട് നോക്കുന്ന പോലെ വന്നു കയറിയ പെണ്ണ് നോക്കിയില്ലെങ്കിൽ അവിടെ പ്രശ്നങ്ങൾ ഉണ്ടാവുന്നു. വിദ്യാഭ്യാസം കൊണ്ടും ലോക പരിചയം കൊണ്ടും മാത്രമേ ഒരു പെൺകുട്ടിക്ക് പക്വത വരികയുള്ളൂ. അതിന് പ്രായം ഒരു പ്രധാന ഘടകം തന്നെയാണ്.

18 വയസ്സിൽ താങ്ങേണ്ടി വരുന്ന ഭാരിച്ച ഉത്തരവാദിത്തങ്ങൾ അവരുടെ ഭാവിയെ തകർത്തു കളയുകയും അവ മക്കളെ വളർത്തുന്നതിലും മക്കളുടെ സ്വഭാവ രൂപീകരണങ്ങളിലും പ്രകടമായി കണ്ടുവരികയും ചെയ്യുന്നു. കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാത്ത രാജ്യ സമൂഹത്തിൽ പെൺകുട്ടികളുടെ വിവാഹ പ്രായം 21 എങ്കിലും ആക്കുക എന്നത് ഒരു വിപ്ലവകരമായ തീരുമാനം തന്നെ. അതേസമയം ഇതിനു മറുവശവുമുണ്ട്.

വോട്ടവകാശം 18 വയസ്സിൽ ലഭ്യമാണ് എന്നത് ശ്രദ്ധേയമാണ്. വ്യക്‌തിസ്വാതന്ത്യ്രത്തിനും അവകാശമുള്ള നാട്ടിൽ ഒരു പെൺകുട്ടിയോ ആൺകുട്ടിയോ 18 വയസ്സിലോ 19 വയസ്സിലോ വിവാഹിതരാകണമെന്ന് ആഗ്രഹിച്ചാൽ അത് തെറ്റാണെന്നു പറയാൻ നിർവ്വാഹമില്ല. 18 നുശേഷം ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അത് കുറ്റകരവുമാകുന്നില്ല. പ്രായം ഒരു നമ്പർ മാത്രമാകുന്ന സാഹചര്യങ്ങളും ഉണ്ട്.

ഈ വിഷയത്തെപ്പറ്റി  ചിലരുടെ അഭിപ്രായങ്ങള്‍ നോക്കാം…

ധനലക്ഷ്മി പൊതുവാൾ, അധ്യാപിക

“ഒരു വിവാഹം എന്നത് ഒരു ദീർഘകാല ബന്ധമാണ്, അതിൽ കുടുംബങ്ങൾ ഉൾപ്പെടെ നിരവധി ഘടകങ്ങൾ ഉൾപ്പെടുന്നു. 18 ആകുമ്പോഴേക്കും ഒരു പെൺകുട്ടി ശാരീരികമായി മാത്രമേ പക്വത പ്രാപിക്കുന്നുള്ളൂ. കൂടുതൽ സ്‌ഥിരതയുള്ള തീരുമാനങ്ങൾ എടുക്കാൻ അവൾക്ക് കൂടുതൽ സമയം ആവശ്യമാണ്. വിദ്യാഭ്യാസം മറ്റൊരു പാരാമീറ്ററാണ്. ഇക്കാലത്ത് മിക്ക മേഖലകളിലെയും അടിസ്‌ഥാന വിദ്യാഭ്യാസ യോഗ്യതയാണ് ബിരുദം. 18 വയസ്സിൽ അവൾക്ക് അത് നേടിയെടുക്കാൻ ആവില്ല.”

……………………………………………………….

കീർത്തി ജ്യോതി (അധ്യാപിക, ബ്ലോഗർ, വാർത്താവതാരക)

“ഒരർത്ഥത്തിൽ വിവാഹം പെൺകുട്ടികളുടെ ജീവിതത്തെ മറ്റൊരു ദിശയിലേക്ക് വഴി തിരിച്ചു വിടുന്ന ഒന്നാണ്. മാനസികമായി പക്വത കൈവരിക്കാത്ത പെൺകുട്ടികൾക്ക് മറ്റുള്ളവരുടെ തീരുമാനങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ടി വരിക വഴി പിന്നീട് ഒരിക്കലും തിരിച്ചു പിടിക്കാനാവാത്ത വിധം ജീവിത ലക്ഷ്യങ്ങൾ തന്നെ ഇല്ലാതായെന്നു വരാം. അവർ പഠിക്കട്ടെ, വളരട്ടെ, സ്വന്തം കഴിവുകളെ കണ്ടെത്തട്ടെ… പിന്നീടാകാം വിവാഹ ജീവിതം.”

 

ഫ്രണ്ടിന്‍റെ ഫ്രണ്ടിനെ ഫ്രണ്ടാക്കുന്നവർ…

സൗഹൃദമെന്നത് നമ്മുടെ ദൗർബല്യമാണ്. നല്ല സുഹൃത്തുക്കൾ ഉണ്ടായിരിക്കുകയെന്നത് ജീവിതത്തിൽ മികച്ചൊരു സമ്പാദ്യമാണ്. എന്നാൽ നല്ല സൗഹൃദത്തിൽ വിള്ളൽ ഉണ്ടാകുന്നതെപ്പോഴായിരിക്കും? ആ സൗഹൃദത്തിൽ എന്തെങ്കിലും വിശ്വാസക്കുറവ് സംഭവിക്കുമ്പോഴായിരിക്കുമല്ലോ. 24 മണിക്കൂറും ഓരോന്ന് വാതോരാതെ സംസാരിച്ചിരുന്നവർ പിന്നീട് ആ സംസാരമേ വേണ്ടാന്നു വയ്ക്കുന്നു. അകലം കൂടുന്നു. പരസ്പരമൊന്ന് വ്യാജമായ ചിരിയിൽ പരിചയം ഒതുക്കുന്നതിലേക്ക് ഫ്രണ്ട്ഷിപ്പ് ചുരുങ്ങുന്നു. എന്തായിരിക്കും സൗഹൃദത്തെ അവസാനിക്കാൻ കാരണം?

അതെ, മറ്റൊന്നുമല്ല കാരണം. വിശ്വാസവഞ്ചന തന്നെ! 98 ശതമാനം സൗഹൃദങ്ങൾക്കും അവസാനം കുറിക്കുന്നത് ഈ വിശ്വാസവഞ്ചന തന്നെയാണ്. എങ്ങനെയിത് സംഭവിക്കുന്നു?

ആ സൗഹൃദത്തിലേക്ക് മൂന്നാമതൊരാളുടെ തെറ്റായ മനോഭാവത്തോടെയുള്ള കടന്നുകയറ്റം തന്നെയാണ് വലിയൊരു കാരണം. ഫ്രണ്ടിന്‍റെ ഫ്രണ്ടിനെ ഫ്രണ്ടാക്കുന്നവർ നല്ല മനോഭാവമുള്ളവരല്ലെങ്കിൽ തീർച്ചയായും ചില സൗഹൃങ്ങളെങ്കിലും നശിച്ച് മണ്ണടിയും. ഏതെങ്കിലും കാര്യത്തിനായി ഫ്രണ്ട് പരിചയപ്പെടുത്തിക്കൊടുക്കാതെ ഉറ്റ സുഹൃത്തിനെ സ്വന്തം സുഹൃത്താക്കി ഫ്രണ്ടിന്‍റെ ജീവിത രഹസ്യങ്ങൾ ചോർത്തിയാസ്വദിക്കുന്നവർ അപകടകാരികളാണ്. അത്തരം ഫ്രണ്ടുകളെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

സുഹൃത്ത് വില്ലനാകുന്നത് എപ്പോൾ…

ചിലർക്കെങ്കിലും സൗഹൃദങ്ങൾ വില്ലനാകാറുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കുക. സ്വന്തം സുഹൃത്തിനെ മറ്റൊരു സുഹൃത്തിന് പരിചയപ്പെടുത്തി കൊടുക്കുമ്പോൾ ചില കാര്യങ്ങൾ ഉറപ്പ് വരുത്തുക. ആ സുഹൃത്ത് ആത്മാർത്ഥതയുള്ളവരും നല്ല മനസ്സിനുടമയാണെന്നും. മികച്ച വ്യക്‌തിത്വത്തിനുടമയായിട്ടുള്ളവരും നല്ല നിലപാടുകൾ ഉള്ളവരും ഒരിക്കലും മറ്റൊരു സൗഹൃദത്തിൽ കളങ്കം സൃഷ്ടിക്കുകയില്ല. സുഹൃത്തിന്‍റെ സൗഹൃദത്തെ മാനിച്ചുകൊണ്ട് സ്വയം പരിക്കേൽപ്പിച്ചുകൊണ്ടായിരിക്കും ഫ്രണ്ടിന്‍റെ ഫ്രണ്ടിനോട് ഇടപെടുക. സുഹൃത്ത് ജോലിക്കാര്യത്തിനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും സഹായത്തിനോ വേണ്ടി ഏർപ്പെടുത്തി കൊടുക്കുന്ന ഉറ്റചങ്ങാതിയെ ഉപയോഗിച്ചശേഷം നേരെ തിരിച്ച് ചങ്ങാതിയ്ക്ക് തന്നെ വേല വയ്ക്കുന്ന അത്തരം ചങ്ങാതിമാരെ ആർക്കാണ് വച്ചു പൊറുപ്പിക്കാനാവുക.

അതിനാൽ ഇത്തരക്കാർക്ക് സഹായങ്ങൾ ചെയ്യുമ്പോൾ സ്വന്തം സൗഹൃദത്തിന് കോട്ടം തട്ടാതെ കണ്ടും കേട്ടും വേണം ചെയ്യാൻ. സ്വഭാവഗുണമില്ലാത്ത സുഹൃത്താണെങ്കിൽ സ്വന്തം സുഹൃത്തുക്കളെ അവർക്ക് പരിചയപ്പെടുത്തിക്കൊടുക്കാതിരിക്കുന്നതാണ് നല്ലത്. നമുക്ക് മുന്നിലുള്ള ആളെ നന്നായി മനസ്സിലാക്കി വേണം ഏത് പ്രവൃത്തിയും ചെയ്യാൻ. അല്ലെങ്കിൽ നഷ്ടം സ്വയമനുഭവിക്കേണ്ടിവരും.

സൗഹൃദമെന്നാലെന്താണ്?

സൗഹൃദത്തിന് പല പല സാമവാക്യങ്ങൾ ഉണ്ടാവാം. എന്നാലും അതിലെല്ലാം അടിസ്ഥാനപരമായി നാം കാണുന്നത് പരസ്പരം 100 ശതമാനം വിശ്വാസവും സുതാര്യതയും ആത്മാർത്ഥതയും സ്നേഹവും സംഭാവനയും സമർപ്പിച്ചുള്ള ബന്ധം തന്നെയായിരിക്കും.

ഏത് സന്തോഷത്തിലും സന്താപത്തിലും നമ്മുടെ കൂടെയുള്ള സന്തതസഹചാരികൾ, വഴികാട്ടി. സങ്കടങ്ങളിൽ കൂടെ ചങ്കായി നിൽക്കുന്നവർ, ആഹ്ലാദിക്കുമ്പോൾ നമ്മേക്കാൾ കൂടുതലായി അതിൽ ആഹ്ലാദവും ആവേശവും കാട്ടുന്നവർ. ഇങ്ങനെയുള്ള ചങ്ക് ഫ്രണ്ട്സ് ഓരോരുത്തരുടേയും ജീവിതത്തിൽ ഉണ്ടാകും. നമ്മുടെ നിലക്കണ്ണാടികളായി എന്നാൽ ഇങ്ങനെ മറ്റൊരാളുടെ ചങ്ക് ഫ്രണ്ടിനെ ഫ്രണ്ടാക്കി ഫ്രണ്ട്ഷിപ്പ് ചെയ്യുന്നവരെ സൂക്ഷിക്കുക.

നല്ല സൗഹൃദങ്ങൾ ആഗ്രഹിക്കുന്നവരാണെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. പുതിയ ആളുകളെ പരിചയപ്പെടുമ്പോൾ അവരോട് ആത്മാർത്ഥമായി സംഭാഷണങ്ങൾക്ക് തുടക്കം കുറിക്കാം. ഒപ്പം ആരോഗ്യപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തി സ്വന്തം ജീവിതം മെച്ചപ്പെടുത്താം.

സൗഹൃദങ്ങൾ എന്തുകൊണ്ട് വിഷപ്പെട്ടതാകുന്നു?

ഒരു വ്യക്‌തിയുടെ മാനസികാരോഗ്യത്തിനും സന്തോഷത്തിനും മികച്ച സൗഹൃദങ്ങൾ നിർണായകമായ പങ്ക് വഹിക്കുന്നു. മനസ്സ് കനം വച്ച് സങ്കടപ്പെട്ടിരിക്കുമ്പോൾ ഒരു ഫോൺ കോളിന്‍റെ അപ്പുറത്ത് ഏറ്റവും അടുത്ത ചങ്ക് ഫ്രണ്ടിനോട് ഒന്ന് സംസാരിച്ചു നോക്കിക്കേ… എന്താ മാറ്റം അല്ലേ… കാറ്റഴിച്ചു വിട്ട ബലൂൺ പോലെ മനസ്സ് ഒരു തൂവൽ പോലെ ആർദ്രമാകും. പിന്നെ നിറഞ്ഞ ആശ്വാസം. അതാണ് സൗഹൃദം.

ഒറ്റപ്പെടൽ, ഏകാന്തത ഒക്കെ മാറ്റി സ്ട്രസ് റിലീവ് തരുന്നവയാണ് നല്ല സൗഹൃദങ്ങൾ. മാനസികാരോഗ്യത്തിനും മാത്രമല്ല നല്ല സൗഹൃദങ്ങൾ ഗുണം ചെയ്യുക. ശാരീരികാരോഗ്യത്തിനും മികച്ച ഫലമുണ്ടാക്കുന്നു. ശാരീരിക പ്രവർത്തനങ്ങൾക്കൊപ്പം മികച്ച സൗഹൃദങ്ങളുടെ ശ്യംഖലയുണ്ടായിരിക്കുന്നത് നമ്മുടെ ആയുസ് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

എല്ലാവർക്കും പ്രാപ്യമായ ഒന്നാവണമെന്നില്ല ക്ലോസ് ഫ്രണ്ട്ഷിപ്പ് എന്നുള്ളത്. അത്തരം മികച്ച സൗഹൃദങ്ങൾ ബിൽഡ് അപ് ചെയ്യാൻ പലർക്കും കഴിഞ്ഞെന്നും വരില്ല. എന്നാലും പ്രായവും സാഹചര്യവും ഒന്നിനും ഒരു തടസ്സമല്ല. മനസ്സ് തുറന്ന് സൗഹൃദങ്ങൾ കണ്ടെത്തൂ. അല്ലെങ്കിൽ തിരക്കുപിടിച്ച ജീവിത സാഹചര്യത്തിൽ പണ്ടെങ്ങോ കൈവിട്ടുപോയ സൗഹൃദങ്ങളെ തിരികെപ്പിടിച്ച് ഹൃദയത്തോട് ചേർത്തുപിടിക്കൂ.

നല്ല സൗഹൃദങ്ങൾ

മികച്ച സൗഹൃദങ്ങൾ സൃഷ്ടിക്കുക. അത് മെയിന്‍റയിൻ ചെയ്യുകയെന്നത് സമയമെടുക്കുന്ന കാര്യമാണ്. എന്നാൽ അത്തരം സൗഹൃദങ്ങൾ ഓരേുത്തരുടേയും ജീവിതത്തിൽ ഉണ്ടാക്കുന്ന ഫലങ്ങൾ വാക്കുകൾക്കതീതമാണ്.

നല്ല സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുമ്പോൾ നമ്മുടെ മൊത്തത്തിലുള്ള മൂഡ് പോസിറ്റീവ് ആകും. കാഴ്ചപ്പാട് ശക്‌തിയാർജിക്കും. ഒരു വ്യക്‌തിയിലെ തെറ്റായ ശീലങ്ങളെ തടയിടുന്നതിനും മികച്ച വഴിയിലേക്ക് നയിക്കുന്നതിനും നല്ല കൂട്ടുകാർ ഒപ്പം നിൽക്കും. കൂട്ടുകാരന്‍റെയോ കൂട്ടുകാരിയുടേയോ പ്രേരണ വ്യക്‌തിയിൽ മന:ശക്‌തി വർദ്ധിപ്പിച്ച് ജീവിതത്തിൽ നല്ല നല്ല കാര്യങ്ങൾ നടപ്പിലാക്കും.

ലക്ഷ്യങ്ങളിലേക്ക് വേഗത കൂടും

തീർച്ചയായും നല്ല കൂട്ടുകാർ മന:സംഘർഷം കുറയ്ക്കുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. അതുപോലെ പരോക്ഷമായി രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കും. ഒറ്റയ്ക്കല്ല ഒപ്പമുണ്ടെന്ന നല്ല കൂട്ടുകാരുടെ ഓർമ്മപ്പെടുത്തൽ ഡിപ്രഷൻ കുറയ്ക്കും. സങ്കടങ്ങളിൽ പോലും കൂടെ നിൽക്കുന്നവരും ഉറ്റ ചങ്ങാതിമാരായിരിക്കുമെന്നത് ഉറപ്പാണ്.

സൗഹൃദമെന്നത് പരസ്പരമുള്ള ഗിവ് ആന്‍റ് ടേക്ക് പോലെയാണ്. പരസ്പരം പൂരകമായ ഒന്ന്. സുഹൃത്തുക്കൾക്ക് ആവശ്യം വരുമ്പോൾ ഒപ്പം നിൽക്കുന്നത് സ്വന്തം പ്രസക്‌തിയും വിലയും വർദ്ധിപ്പിക്കും. ഇനിയെന്നും ജീവിതത്തിൽ നല്ല സൗഹൃദങ്ങളുടെ വസന്തകാലമുണ്ടാകട്ടെ…

വെളിച്ചെണ്ണ വീട്ടുമരുന്ന്

വെളിച്ചെണ്ണയുടെ ഗുണങ്ങൾ

  • വെളിച്ചെണ്ണയിൽ ഏറെക്കുറെ 40 ശതമാനത്തോളം ലോറിക് ആസിഡ് ഉണ്ടായിരിക്കും. ആന്‍റി ബാക്ടിരിയൽ ഗുണങ്ങളാൽ സമ്പന്നമായതിനാൽ ശരീരത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കും. മുലപ്പാലിലും ലോറിക് ആസിഡ് കണ്ടുവരാറുണ്ട്. അപ്പോൾ വെളിച്ചെണ്ണയുടെ മെഡിസിനൽ വാല്യു പിടിക്കിട്ടിക്കാണുമല്ലോ.
  • പ്രമേഹം തടയാൻ വെളിച്ചെണ്ണ ഫലപ്രദമാണെന്ന് നിരവധി ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
  • അതുപോലെ അൾഷിമേഴ്സ്, ഫിക്സ്, ഹൃദയാഘാതം, പരിക്കേറ്റ് കോശങ്ങൾ നശിച്ച് പോകൽ തുടങ്ങിയവയ്ക്കും വെളിച്ചെണ്ണയുടെ ഉപയോഗം ഗുണം ചെയ്യും.
  • വെളിച്ചെണ്ണയിൽ ലോറിക് ആസിഡ് ഉള്ളതിനാൽ ഹൃദയാരോഗ്യത്തെ പരിരക്ഷിക്കുന്നതിനൊപ്പം അണുബാധയിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.
  • വെളിച്ചെണ്ണയിൽ കാത്സ്യവും മഗ്നീഷ്യവും പോലെയുള്ള ധാതുക്കൾ ഉള്ളതിനാൽ എല്ലുകൾക്ക് നല്ല ബലവും നൽകുന്നു.
  • വെളിച്ചെണ്ണ ഉപയോഗിച്ച് തയ്യാറാക്കിയ വിഭവങ്ങൾ കഴിച്ചയുടൻ ശരീരത്തിന് ഊർജം ലഭിക്കുന്നതാണ്. മറ്റ് കൊഴുപ്പുകളെ അപേക്ഷിച്ച് ഇത് വളരെ അനായാസം ദഹിക്കുകയും ചെയ്യും.
  • വെളിച്ചെണ്ണ ചർമ്മത്തെ ഈർപ്പമുള്ളതാക്കുന്നു. വരണ്ട നിർജീവമായ ചർമ്മത്തിന് തിളക്കവും കാന്തിയും പകരാൻ ഇത് ഉത്തമമാണ്.
  • വെളിച്ചെണ്ണയുപയോഗിച്ച് തല മസാജ് ചെയ്‌താൽ മസ്‌തിഷ്കത്തിന് നല്ല തണുപ്പ് കിട്ടും. ഒപ്പം ടെൻഷനും അകലും.
  • മുറിവുണങ്ങാനും വെളിച്ചെണ്ണ ഉത്തമമാണ്. നാശം സംഭവിച്ച കോശങ്ങളെ പുനരുജ്ജീവിച്ച് പരിക്ക് ഭേദമാക്കും.
  • തലയിൽ തേക്കാനും നല്ലതാണ്. പതിവായി തേയ്ക്കുകയാണെങ്കിൽ മുടിയുടെ കറുപ്പു നിറം കൂടുതൽ കാലം നിലനിൽക്കും.

ആരോഗ്യകരമോ നമ്മുടെ ജീവിതം

ആരോഗ്യവുമായി ജീവിതശൈലിക്കും ശീലങ്ങൾക്കുമുള്ള ബന്ധം വളരെ ആഴമേറിയതാണ്. ദൈനംദിന ജീവിതത്തിൽ ഇതുപോലെ പല കര്യങ്ങളും നമ്മൾ അവഗണിക്കാറുണ്ട്. അവ സ്വീകരിക്കുക അല്ലെങ്കിൽ നിരാകരിക്കുക എന്നുള്ളതാണ് ആരോഗ്യത്തിന് നല്ലത്. അത്തരം ചില കാര്യങ്ങളെക്കുറിച്ചറിയാം.

പരീക്ഷ വേളയിൽ നന്നായി ഉറങ്ങുന്നത് കുട്ടികൾക്ക് മികച്ച് ഗ്രേഡ് ലഭിക്കാൻ സഹായിക്കും 

പരീക്ഷയ്ക്ക് മുമ്പ് വിദ്യാർത്ഥികൾ നന്നായി ഉറങ്ങുന്നത് നല്ലതാണെന്ന് ആരോഗ്യവിദഗ്ദ്ധർ പറയാറുണ്ട്. അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റിയിൽ നടത്തിയ ഗവേഷണത്തിൽ പറയുന്നത് കുട്ടികൾ പരീക്ഷയ്ക്ക് തൊട്ട് തലേന്ന് രാത്രിയിൽ 8 മണിക്കൂർ ഉറങ്ങിയാൽ അവർക്ക് പരീക്ഷയിൽ മികച്ച വിജയം നേടാനാവുമെന്നാണ്.

വീക്കെന്‍റ് വേളയിൽ ഉറങ്ങുക അഥവാ ജീവിതം നിറഞ്ഞ് ആസ്വദിക്കുക

ജേർണൽ ഓഫ് സ്ലീപ് റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം പറയുന്നത് വീക്കെന്‍റ് വേളയിൽ ഉറങ്ങുന്നത് ആയുസ് വർദ്ധിപ്പിക്കുമെന്നാണ്. സ്വീഡനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഈ പഠനം.

മുതിർന്ന പ്രായത്തിൽ സന്തുഷ്ടരായിട്ടുള്ളവർക്ക് ആയുസ് കൂടുതലായിരിക്കും

സിംഗപ്പൂരിലെ സ്യൂട്ടക്ക് എൻയുഎസ് മെഡിക്കൽ സ്ക്കൂളിൽ നടത്തിയ പഠനമാണിത്. ഗവേഷകനായ രാഹുൽ മൽഹോത്രയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ പറയുന്നത് സന്തോഷം വർദ്ധിക്കുന്നത് ആയുസ് വർദ്ധിപ്പിക്കുമെന്നാണ്. ഏജ് ആന്‍റ് ഏജിംഗ് ജേർണലിൽ ഇത് പ്രസിദ്ധീകരിക്കുകയുണ്ടായി. പഠനത്തിൽ 4,470 പേരെ ഉൾപ്പെടുത്തിയിരുന്നു. 2009 ൽ തുടങ്ങിയ പഠനം 31 ഡിസംബർ 15 വരെ നീണ്ടു നിൽക്കുകയുണ്ടായി. തുടക്കത്തിൽ ഇതിൽ സന്തോഷവും പിന്നെ ഏതെങ്കിലും കാരണം കൊണ്ട് ഉണ്ടാകുന്ന മരണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പഠനം നടക്കുകയുണ്ടായി.

പുറത്തെ ഭക്ഷണം ചികിത്സയില്ലാത്ത രോഗങ്ങൾക്ക് കാരണമാകും

അടുത്തിടെ അമേരിക്കയിൽ നടത്തിയ ഒരു പഠനം പറയുന്നത് പുറത്തെ ഭക്ഷണം പല ഗുരുതര രോഗങ്ങൾക്കും ചികിത്സയില്ലാത്ത അസുഖങ്ങൾക്കും കാരണമാകുമെന്നാണ്.

സയലന്‍റ് സ്പ്രിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത് വീട്ടിൽ നിന്നും എപ്പോഴും ഭക്ഷണം കഴിക്കുന്നവരുടെ ശരീരത്തിൽ പിഎഫ്എഎസ് എന്ന് പേരുള്ള അപകടകാരിയായ രാസവസ്തു വളരെ കുറച്ചേ ഉണ്ടാവുകയുള്ളൂ എന്നാണ്. സ്വയം ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നത് ഇത്തരത്തിൽ പല ടോക്സിക്ക് രാസവസ്തുക്കളിൽ നിന്നും മോചനം നേടാനാവുമെന്നാണ് പഠനം പറയുന്നത്. വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുന്നത് ക്യാൻസർ, തൈറോയിഡ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയും.

തിളങ്ങുന്ന ഫലങ്ങളും പച്ചക്കറികളും ആരോഗ്യത്തിന് ഭീഷണി

നല്ല തിളക്കമുള്ള പഴങ്ങളും പച്ചക്കറികളും ആരോഗ്യത്തിന് നന്നല്ല. പഴങ്ങളും പച്ചക്കറികളും വിൽക്കുന്നതിന് നിറം പകരാറുണ്ട്. ഇവ കഴിക്കുന്നത് ട്യൂമർ, ക്യാൻസർ പോലെയുള്ള അപകടകാരിയായ രോഗങ്ങൾക്ക് ഇടവരുത്തും.

പച്ചക്കറികളിൽ ഏറ്റവുമധികം പച്ചനിറമാണ് ചേർക്കുക. മെലറ്റൈറ്റ് ഗ്രീൻ എന്നു പേരുള്ള രാസവസ്തുവാണിത്. ഈ രാസവസ്തു രക്‌തത്തിൽ അടിഞ്ഞുകൂടും. ഒരു പരിധി കഴിഞ്ഞാൽ ഇത് കോശങ്ങൾക്ക് നാശമുണ്ടാക്കും. ഇത് ട്യൂമറിനും ക്യാൻസറിനും കാരണമാകും. ഇപ്രകാരം ചുവപ്പ് നിറത്തിന് ഉപയോഗിക്കുന്ന റോഡാമിൻ, മഞ്ഞനിറത്തിലുള്ള ഔറമിൻ ഡൈ എന്നിവയടക്കം ഈ മൂന്ന് നിറവും കരൾ, കിഡ്നി, ഹൃദയം എന്നിവയ്ക്ക് ഹാനികാരകങ്ങളാണ്.

പെയിൻ കില്ലർ കഴിക്കുന്ന ശീലം അപകടം

ഒരിത്തിരി വേദന തോന്നുമ്പോൾ പലരും പെയിൻ കില്ലർ കഴിച്ചു കാണാറുണ്ട്. ചിലരത് ശീലവുമാക്കിയിട്ടുണ്ട്. ഈ ശീലം ആരോഗ്യത്തിന് അപകടം ക്ഷണിച്ചുവരുത്തും. കരൾ, കിഡ്നി ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങൾക്ക് അപകടം ഉണ്ടാക്കും. ചെറുതും വലുതുമായ പ്രശ്നങ്ങൾക്ക് ആശ്വാസം പകരുന്ന പെയിൻ കില്ലറുകൾ ഏതെങ്കിലും വലിയ രോഗങ്ങൾക്ക് കാരണമാകും.

ഹൃദയത്തിനല്ല മസ്തിഷ്ക്കത്തെ ബാധിക്കുന്ന ദേഷ്യം

ആരെങ്കിലും ഉച്ചത്തിൽ നിങ്ങളോട് കയർത്തു സംസാരിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്താൽ നിങ്ങളുടെ മസ്തിഷ്കം അതിവേഗം പ്രതികരിക്കും. ജേർണൽ സോഷ്യൽ കോഷ്നിറ്റിവ് ആന്‍റ് ഇഫക്ടീവ് ന്യൂറോസയൻസിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് ദേഷ്യം ഉളവാക്കുന്ന ശബ്ദം കേൾക്കുമ്പോൾ നമ്മുടെ മസ്തിഷ്കം അതിവേഗം സംവേദനക്ഷമമാകുമെന്നാണ്.

അന്ധവിശ്വാസങ്ങൾ ദോഷം

മാനസികാരോഗ്യത്തിനുള്ള ശാസ്ത്രീയമായ പോംവഴിക്ക് പുറമെ ആളുകൾ പലപ്പോഴും ആശ്വാസം കണ്ടുപിടിക്കാൻ അന്ധവിശ്വാസങ്ങളെ കൂട്ടുപിടിക്കാറുണ്ട്. ഒരു സർവ്വേ പ്രകാരം 44 ശതമാനം മാനസിക രോഗികളും ഡോക്ടറെ കണ്ട് പരിഹാരം തേടുന്നതിന് പകരം മന്ത്രവാദികളേയും ജ്യോത്സ്യന്മാരെയും കണ്ട് പരിഹാരം തേടുകയാണ് ചെയ്യുക. എന്നാൽ 26 ശതമാനം രോഗികൾക്ക് വീടിന് 50 കിലോമീറ്റർ പരിധിയിൽ മികച്ച ചികിത്സ സൗകര്യം ലഭിക്കുന്നില്ല. ഇത് സംബന്ധിച്ച് നടത്തിയ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

മേക്കപ്പ് ഉൽപ്പന്നങ്ങൾ കൊണ്ട് കുഞ്ഞുങ്ങൾ അസുഖ ബാധിതരാകുന്നു

അമേരിക്കയിലെ നേഷൻ വൈഡ് ചിൽഡ്രൻ ഹോസ്പിറ്റലിനെ ഗവേഷകർ പറയുന്നത് എല്ലാ വർഷവും 5 വയസ്സിന് താഴെ പ്രായം വരുന്ന 4,300ലധികം അമേരിക്കൻ കുട്ടികളിൽ മേക്കപ്പ് ഉൽപ്പന്നങ്ങൾ മൂലം പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്നാണ്. പ്രൊഡക്റ്റുകളിൽ എഴുതിയ കാര്യങ്ങൾ കുട്ടികൾക്ക് വായിക്കാനാവില്ല. പാക്കറ്റിന്‍റെ നിറപ്പകിട്ട് കണ്ട് ആകർഷിതരായി അത് കഴിക്കാനും മറ്റും ശ്രമിക്കുന്നുവെന്നാണ് നേഷൻ വൈഡ് റിസർച്ചർ റബേക്ക പറയുന്നത്.

കൺപീലികൾ ഇടതൂർന്ന് വളരാൻ

ഇടതൂർന്ന കട്ടിയുള്ള കൺപീലികൾ മുഖത്തിന്‍റെ ഭംഗി വർദ്ധിപ്പിക്കുന്നു. അതിനാൽ കണ്ണുകളുടെ ഭംഗി വർദ്ധിപ്പിക്കുന്നതിന് പലരും കൃത്രിമ കൺപീലികൾ ഉപയോഗിക്കാറുണ്ട്. എന്നാൽ നിങ്ങളുടെ കൺപീലികൾ സ്വാഭാവികമായും കട്ടിയുള്ളതാക്കാൻ കഴിയുമ്പോൾ, ഇത്രയധികം കഷ്ടപ്പെടേണ്ടതിന്‍റെ ആവശ്യകത എന്താണ്. പെൺകുട്ടികളുടെ സൗന്ദര്യം അവരുടെ കണ്ണുകളിലാണ്. കണ്ണുകളുടെ ഭംഗി വർദ്ധിപ്പിക്കുന്നതിനായി കൃത്രിമ കൺപീലികൾ തുടർച്ചയായി ഉപയോഗിക്കുന്നത് കണ്ണിന്‍റെ ആരോഗ്യത്തിനു നല്ലതല്ല. കൺപീലികൾ സ്വാഭാവികമായി ഇടതൂർന്നു വളരാൻ ഇങ്ങനെ ചെയ്തു നോക്കു.

  1. കാസ്റ്റർ ഓയിൽ

രാത്രി ഉറങ്ങുമ്പോൾ ദിവസവും ആവണക്കെണ്ണ കൺ പോളകളിൽ പുരട്ടുക. വേണമെങ്കിൽ, എണ്ണ അല്പം ചൂടാക്കി പുരട്ടാം. ഇത് 2 മാസത്തേക്ക് പ്രയോഗിക്കുക, കൺപീലികൾക്ക് കട്ടി കൂടും.

  1. വിറ്റാമിൻ ഇ ഓയിൽ

ഏതാനും തുള്ളി വിറ്റാമിൻ ഇ ഓയിൽ ദിവസവും കൺ പോളകളിൽ പുരട്ടുക. വിറ്റാമിൻ ഇ ക്യാപ്സുൾ പൊട്ടിച്ചു ഓയിൽ എടുക്കാവുന്നതാണ്. കൺ പോളകളിൽ ചൊറിച്ചിൽ ഉണ്ടെങ്കിൽ, അതും ഈ ഓയിൽ പുരട്ടുന്നതിലൂടെ മാറിക്കിട്ടും .

  1. വാസ്‍ലിൻ

എണ്ണ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, വാസ്‍ലിൻ മികച്ച ഓപ്ഷനാണ്. ഉറങ്ങുന്നതിനുമുമ്പ് എല്ലാ രാത്രിയിലും കൺ പോളകളിൽ വാസ്ലിൻ പ്രയോഗിക്കുക. അതിനുശേഷം, രാവിലെ ഉണരുമ്പോൾ, കൺപോളകൾ ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.

  1. പ്രോട്ടീൻ ഡയറ്റ്

ശരീരത്തിന്‍റെ ആരോഗ്യം ആണ് കണ്ണുകളും കൺ പോളകളും മികച്ചതായിരിക്കാൻ സഹായിക്കുന്നത്. ചർമ്മം, മുടി, നഖം, കൺപീലികൾ എന്നിവയ്ക്ക് ധാരാളം പ്രോട്ടീൻ ആവശ്യമുള്ളതിനാൽ ദിവസവും ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തുക. പയറ്, മത്സ്യം, മാംസം, പരിപ്പ് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

  1. ബ്രഷ്

തലമുടി ചീകുന്നത് പോലെ അതുപോലെ തന്നെ കൺപീലികൾ ബ്രഷ് ഉപയോഗിച്ച് ബ്രഷ് ചെയ്യണം. അതിനായി ഒരു മസ്കാര ബ്രഷും ഉപയോഗിക്കാം. ദിവസവും രണ്ടുതവണ ബ്രഷ് ഉപയോഗിച്ച് കൺ പീലികൾ ബ്രഷ് ചെയ്യുക.

ദഹനം സുഗമമാക്കാം

ദഹന പ്രക്രിയ ശരിയായി നടന്നില്ലെങ്കിൽ ദഹന സംബന്ധമായ പ്രശ്നങ്ങളുമുണ്ടാകും. പല അസുഖങ്ങളും ജീവിതശൈലിയുമായി ബന്ധപ്പെട്ട കാര്യങ്ങളും കൊണ്ടാണ് ദഹന സംബന്ധമായ പ്രശ്‌നങ്ങൾ പൊതുവെ ഉണ്ടാകുന്നത്. ലക്ഷണങ്ങൾ ഏതാണ്ട് ഇതുപോലെയാണ്. വയറ് വീർക്കുക, ഗ്യാസ്, മലബന്ധം, ഡയറിയ, ഛർദ്ദി, നെഞ്ചെരിച്ചിൽ എന്നിവ.

ദഹനത്തിന് സഹായിക്കുന്ന ഭക്ഷണം

തൊലിയുള്ള പച്ചക്കറികൾ: പച്ചക്കറികളിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തിന് പ്രധാനമാണ്. മലബന്ധം അകറ്റാനും നാരുകൾ സഹായിക്കുന്നു. അതിനാൽ പച്ചക്കറി മൊത്തമായി കഴിക്കുക. ഉരുളക്കിഴങ്ങ്, ബീൻസ്, കടല എന്നിവയിൽ നാരുകൾ വളരെയധികമായുണ്ട്.

പഴങ്ങൾ: പഴങ്ങളിൽ നാരുകങ്ങളും വിറ്റാമിനുകളും ധാതുക്കളും അധികയളവിലായുണ്ട്. അതായത് വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ. ഉദാ: ആപ്പിൾ, ഓറഞ്ച്, വാഴപ്പഴം എന്നിവ ദഹനത്തിന് മികച്ചതാണ്.

മുഴുധാന്യങ്ങൾ: അലിഞ്ഞ് ചേരാൻ കഴിയുന്നവയാണ് മുഴുധാന്യങ്ങൾ. നാരുകൾ വൻക്കുടലിൽ ജെല്ലി പോലെയുള്ള പദാർത്ഥം സൃഷ്ടിക്കും. അതിനാൽ വയറ് നിറഞ്ഞതു പോലെ തോന്നും. മാത്രവുമല്ല ശരീരത്തിൽ ഗ്ലൂക്കോസ് ആഗീരണം മന്ദഗതിയിലുമായിരിക്കും. ഇത് മലബന്ധത്തെയകറ്റും.

ധാരാളം ദ്രവ പദാർത്ഥങ്ങൾ കഴിക്കുക: ചർമ്മാരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഊർജ്ജസ്വലത വർദ്ധിപ്പിക്കാനും ശരീരത്തിൽ വെള്ളത്തിന്‍റെ ആവ ശ്യമുണ്ട്. ദഹനത്തിനും ഇതാവശ്യമാണ്.

ഇഞ്ചി: ദഹനക്കേടു മൂലം ഉണ്ടാകുന്ന വയറു വീർക്കൽ പ്രശ്നനത്തിന് ഇഞ്ചി ആശ്വാസം നൽകും. ചുക്കുപൊടി മികച്ച മസാലയാണ്. ചായ തയ്യാറാക്കാനും ഇഞ്ചി ഉപയോഗിക്കാറുണ്ട്.

മഞ്ഞൾ: മഞ്ഞൾ ഇൻഫ്ളമേറ്ററിയും ആന്‍റി കാൻസർ മസാലയും കൂടിയാണ്. ഇതിൽ കുർക്കുമിൻ അടങ്ങിയിരിക്കുന്നു. ദഹന വ്യവസ്ഥയുടെ ആന്തരിക പാളിയെ സുരക്ഷിതമാക്കുന്നതിന് ഇത് സഹായിക്കുന്നു. നല്ല ബാക്ടീരിയകൾ ഉണ്ടാകുന്നതിന് സഹായിക്കും. അതുപോലെ ഉദരസംബന്ധമായതും കൊളൊറെക്‌ടൽ കാൻസർ ചികിത്സയ്ക്കും ഇത് നല്ലതാണ്.

തൈര്: ഇതിൽ പ്രൊബയോട്ടിക്‌സ് അടങ്ങിയിരിക്കുന്നു. ഇത് ജീവനുള്ള ബാക്‌ടീരിയയും യീസ്‌റ്റുമാണ്. ദഹനത്തിന് നല്ലതാണ്.

അപൂരിത കൊഴുപ്പ്: ഇത്തരത്തിലുള്ള കൊഴുപ്പ് അഥവാ ഫാറ്റ് പോഷകങ്ങളെ സ്വാംശീകരിക്കാൻ ശരീരത്തെ സഹായിക്കും. ഒപ്പം നാരുകളെ ദഹനയോഗ്യമാക്കും. സസ്യങ്ങളിൽ നിന്നും ലഭിക്കുന്ന എണ്ണ. ഉദാ: ഒലീവ് ഓയിൽ അൺസാച്ചുറേറ്റഡ് ഫാറ്റിന്‍റെ മികച്ച സ്രോതസാണ്. എന്നാൽ കൊഴുപ്പ് എപ്പോഴും ശരിയായ അളവിൽ മാത്രമേ ഉപയോഗിക്കാവു. മുതിർന്ന ഒരു വ്യക്തിക്ക് ദിവസവും സ്വന്തം ഡയറ്റിൽ 2000 കലോറി ആവശ്യമായി വരും. അതിൽ കൊഴുപ്പിന്‍റെ അളവ് 77 ഗ്രാമിൽ അധിമാകാനും പാടില്ല.

എന്ത് കഴിക്കാൻ പാടില്ല: ചില ഭക്ഷണ വസ്തുക്കളും പാനീയങ്ങളും മൂലം വയർ വീർക്കുക, നെഞ്ചെരിച്ചിൽ, ഡയറിയ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

എണ്ണ ചേർന്ന ഭക്ഷണം: വറുത്തതും പൊരിച്ചതുമായ ഭക്ഷണം, മസാലയടങ്ങിയ ഭക്ഷണം എന്നിവ ഒഴിവാക്കുക. ഇത്തരം ഭക്ഷണങ്ങൾ ദഹനവ്യവസ്‌ഥയിൽ പലതരം പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ദഹിക്കാൻ ധാരാളം സമയമെടുക്കും.

മസാലയടങ്ങിയ ഭക്ഷണം: മസാലയടങ്ങിയ ഭക്ഷണം വയറു വേദന‌ക്കോ അല്ലെങ്കിൽ മലം പോകുന്നതിന് ബുദ്ധിമുട്ടുകളോ ഉണ്ടാക്കും.

സംസ്ക്കരിച്ച ഭക്ഷ്യവസ്തുക്കൾ: ദഹനസംബന്ധമായ പ്രശ്‌നമുള്ളവർ സംസ്ക്കരിച്ച ഭക്ഷ്യവസ്‌തുക്കൾ കഴിക്കുന്നത് ഒഴിവാക്കുക. അതായത് കൃത്രിമ പഞ്ചസാര, കൃത്രിമ നിറങ്ങൾ, ഉപ്പ്, പ്രിസർവേറ്റിവുകൾ എന്നിവ അധികയളവിൽ ഇത്തരം ഭക്ഷ്യവസ്‌തുക്കളിൽ ഉണ്ടാകും. നാരുകൾ ഇല്ലാത്തതിനാൽ ഇത്തരം ഭക്ഷ്യവസ്‌തുക്കൾ ദഹിക്കുന്നതിന് ശരീരത്തിന് കൂടുതലായി അധ്വാനിക്കേണ്ടി വരും. ഇത് മലബന്ധത്തിന് കാരണവുമാകും.

മദ്യം: മദ്യപാനം ഡീഹൈഡ്രേഷൻ ഉണ്ടാക്കും. മലബന്ധത്തിനും വയറ് വീർക്കുന്നതിനും ഇത് കാരണമാകും. ദഹനവ്യവസ്‌ഥയ്ക്കും അപകടമാണിത്. ലിവറിന്‍റെ മെറ്റബോളിസത്തിൽ മാറ്റമുണ്ടാക്കും.

കഫീൻ: ചായ, കോഫി, ചോക്ക്ളേറ്റ്, സോഫ്റ്റ് ഡ്രിങ്ക്, എനർജി ഡ്രിങ്ക്, ബേക്ക്‌ഡ് ഫുഡ്, ഐസ്ക്രീം എന്നിവയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ദഹനവ്യവസ്‌ഥയുടെ മുവ്മെന്‍റിന്‍റെ വേഗത കൂട്ടും. ഇക്കാരണം കൊണ്ട് വയർ വേഗത്തിൽ കാലിയാകും.

കാർബണേറ്റഡ് പാനീയം: ഇതിൽ അടങ്ങിയിരിക്കുന്ന ഗ്യാസ് വയർ വീർക്കൽ പോലെയുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകും. ആമാശയത്തിന്‍റെ ആന്തരിക രസത്തിലും ഇതിന്‍റെ ഫലം കാണാനാവും. ഒപ്പം ഇത്തരം പാനീയങ്ങളിൽ പഞ്ചസാര കുടിയ അളവിലാണ് ഉള്ളത്. ഇത് ദഹന സംബന്ധമായ പ്രശ്‌നങ്ങളെ ഒന്നു കൂടി ഗുരുതരമാക്കും. ശരീരത്തിലെ ഇലക്ട്രോലൈറ്റിന്‍റെ സന്തുലിതാവസ്‌ഥയെ മാറ്റി മറിക്കും.

സ്മാർട്ട് ഡ്രൈവിംഗ് ടിപ്സ്

ഒറ്റയ്ക്ക് ഇന്ത്യ മുഴുവൻ യാത പോകുന്ന എന്‍റെ ഏറ്റവും വലിയ ധൈര്യം തിരഞ്ഞെടുക്കുന്ന കാറും, എന്‍റെ ഡ്രൈവിംഗ് സ്കില്ലുമാണ്. ഡ്രൈവിംഗ് ഒരുപാട് ഇഷ്ടമുള്ള ആളാണ് ഞാൻ. ഒരുപക്ഷേ എനിക്കേറ്റവും ഇഷ്ടമുള്ളയിടം. എന്‍റെ മനസ്സ് ശാന്തമാകുന്ന ഇടം എന്‍റെ ഡ്രൈവിംഗ് സീറ്റ് തന്നെയാണ്. ഇന്നിപ്പോൾ റോഡ് അപകടങ്ങളിൽ പൊലിയുന്ന ജീവനുകൾ തുടർക്കഥയാകുമ്പോൾ ഇനിയെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു ചിലത്. മികച്ച ഡ്രൈവിംഗ് സാധ്യമാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ഇവയൊക്കെയാണ്.

  1. അമിതമായ ആത്മവിശ്വാസമാണ് ഏറ്റവും വലിയ വില്ലൻ. 18 വയസ്സിൽ ലൈസൻസ് എടുത്താൽ ഉടനെ ഡ്രൈവിംഗിൽ പുലിയായി എന്ന് ധരിക്കരുത്. റോഡുമായി പരിചയമാവാൻ അധികം തിരക്കില്ലാത്ത വഴികളിലും പിന്നെ നല്ല ട്രാഫിക്കിലും ഡ്രൈവിംഗ് നന്നായി അറിയാവുന്ന ഒരാൾക്കൊപ്പം കുറച്ചു നാളെങ്കിലും വണ്ടി ഓടിക്കണം. അതിന് ശേഷമാവണം ഒറ്റയ്ക്കുള്ള ഡ്രൈവിംഗ്.
  2. രാത്രിയുള്ള റോഡ് യാത്ര, ഉച്ചയ്ക്ക ശേഷമുള്ള റോഡ് യാത്ര, മനുഷ്യന്‍റെ തലച്ചോർ ഏറ്റവും ക്ഷീണത്തിലാണ്ട് പോകുന്ന രണ്ടു സമയങ്ങളാണ് ഇവ. കണ്ണടഞ്ഞു പോകുന്ന ഡ്രൈവർമാരുടെ കൈയിലൂടെ മരണത്തിലേക്ക് വഴുതി വീഴുക ഒരു കുടുംബത്തിന്‍റെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമാണ്. ഉറക്കം വരുന്നു എന്ന് ഏത് നിമിഷം തോന്നുന്നുവോ ആ നിമിഷം വണ്ടി ഒതുക്കുക. സമയം ഉണ്ടെങ്കിൽ സീറ്റ് പുറകിലേക്ക് നിവർത്തിയിട്ട് ഒരു പതിനഞ്ചു മിനുട്ട് മയങ്ങാം. സമയമില്ലെങ്കിൽ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി കൈ കാൽ നിവർത്തി അൽപം വെള്ളമോ ചായയോ കുടിക്കുക. ഉറക്കം കണ്ണുകളെ തളർത്തുമ്പോൾ അടുത്ത ചായക്കടയിൽ എത്തട്ടെ എന്നിട്ട് നിർത്താം എന്നു കരുതി വീണ്ടും ഒരു കാരണവശാലും മുന്നോട്ട് ഓടിക്കരുത്.
  3. സീറ്റ് ബെൽറ്റ് നിങ്ങൾക്ക് വേണ്ടിയാണ് പോലീസുകാർക്ക് വേണ്ടിയല്ല. ദൂരയാത്രകളിൽ മുന്നിലും പുറകിലും ഇരിക്കുന്നവർ ബെൽറ്റ് ഉറപ്പായും ധരിക്കുക. അൽപം വലിയ കുട്ടികളെ പുറകിൽ ഇരുത്തി സീറ്റ് ബെൽറ്റ് ഇടീക്കുക. അവർ ഉറങ്ങി പോകുമെന്ന് ഉറപ്പാണ്. കഴുത്തിനു സപ്പോർ ട്ട് ആവാൻ നെക്ക് പില്ലോ പോലെ ഉള്ള സാധനങ്ങൾ കാറിൽ കരുതുക.
  4. തീരെ ചെറിയ കുഞ്ഞുങ്ങൾക്ക് ബേബി സീറ്റ് ഉപയോഗിക്കുക. പുറകിലെ സീറ്റിൽ ബേബി സീറ്റ് മുൻവശം പിറകിലേക്കാക്കി ഫിക്സ് ചെയ്യുക. അമ്മയും അടുത്ത് ഇരിക്കുക. ഇതാണ് ഏറ്റവും സുരക്ഷിതം. കുഞ്ഞുങ്ങളെ ഒരു കാരണവശാലും മുൻസീറ്റിൽ ഇരുത്താതിരിക്കുക. പിറകിലെ സീറ്റിൽ ആണെങ്കിൽ പോലും മടിയിൽ ഇരുത്തിയുള്ള യാത്ര ഒഴിവാക്കുക.
  5. സീറ്റ് ബെൽറ്റ് ശരിയായ രീതിയിൽ വേണം ഉപയോഗിക്കാൻ. ശരീരത്തിന് കുറുകെ വരുന്ന ഭാഗം തോളിൽ നിന്ന് മറുവശത്തെ ഇടുപ്പിലേക്ക് തന്നെയാകണം. അപകടസമയത്ത് സീറ്റ്ബെൽറ്റ് ശരീരത്തിലുണ്ടാക്കുന്ന മർദ്ദം താങ്ങാൻ ഈ ഭാഗങ്ങൾക്ക് കൂടുതൽ കഴിവുള്ളത് മൂലം ആന്തരാവയവങ്ങൾക്ക് ക്ഷതമേൽക്കാതിരിക്കാൻ വേണ്ടിയാണിത്. യാതൊരു കാരണവശാലും സീറ്റ് ബെൽറ്റ് കഴുത്തിന്‍റെ വശത്ത് കൂടിയാകാതിരിക്കാൻ ശ്രദ്ധിക്കണം. ബെൽറ്റ് കഴുത്തിന്‍റെ വശത്ത് മുറുകിയാൽ തലച്ചോറിലേക്കുള്ള പ്രധാന രക്തക്കുഴലുകൾക്ക് ക്ഷതം സംഭവിക്കാൻ സാദ്ധ്യതയുണ്ട്. 135 സെന്‍റിമീറ്ററിൽ താഴെ ഉയരമുള്ള കുട്ടികൾക്ക് ബൂസ്‌റ്റർ സീറ്റ് വെച്ച് സീറ്റ്ബെൽറ്റിന്‍റെ പൊസിഷൻ കറക്ട് ആക്കാവുന്നതാണ്.
  6. ദൂരയാത്രയ്ക്ക് പോകും മുമ്പ് വാഹനത്തിനും ചെക്കപ്പ് വേണം. വീലുകൾ, വൈപ്പർ, പാർക്ക് ലൈറ്റ്, മറ്റു ലൈറ്റുകൾ ഡോർ ലോക്കുകൾ തുടങ്ങിയവ പുറപ്പെടുന്നതിനു മുമ്പ് പരിശോധിച്ചു കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
  7. വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഡ്രൈവർ ആണ് വണ്ടി ഓടിക്കുന്നത്. നമുക്ക് സുഖമായി ഉറങ്ങാം എന്ന ധാരണ മാറ്റുക. അവരും നമ്മളെ പോലെ മനുഷ്യരാണ്. ഉറക്കം അവരെയും ബാധിക്കില്ലെന്ന് എന്തുറപ്പാണ് ഉള്ളത്? കാറിൽ യാത്ര ചെയ്യുന്നവരിൽ ആരെങ്കിലും ഒരാൾ മാറി മാറി എല്ലാ സമയത്തും ഉണർന്നിരിക്കാൻ ശ്രമിക്കുക. ഡ്രൈവർ ഉറങ്ങുന്നുണ്ടോ എന്നു ശ്രദ്ധിക്കാം. അയാളോട് സംസാരിച്ചു കൊണ്ടിരിക്കാം. ഇനി അഥവാ നമ്മൾ ഒറ്റയ്ക്കാണ് ഉറക്കം തീരെ തടുക്കാൻ കഴിയുന്നില്ലെങ്കിൽ ഇടയ്ക്ക് ഒരു മുക്കാൽ മണിക്കൂർ ഇടവേളയിൽ അലാറം വച്ചെങ്കിലും ഉണർന്ന് ഒന്ന് ശ്രദ്ധിക്കാം. ജീവൻ നമ്മുടേതും നമ്മുടെ പ്രിയപ്പെട്ടവരുമാണ് എന്നോർത്താൽ മാത്രം മതി ഉറക്കത്തെ തോൽപ്പിക്കാൻ.
  8. പല നിറത്തിലുള്ള എൽഇഡി ലൈറ്റുകൾ ഉപയോഗിക്കാതിരിക്കുക. റോഡിൽ മറുവശത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് അതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇടുങ്ങിയ വിജനമായ പാതയിൽ മാത്രം ഹൈ ബീം ഉപയോഗിക്കുക. മെയിൻ റോഡിൽ ഡിം മാത്രം ഉപയോഗിക്കുക. ഓവർസ്പീഡും ഓവർടേക്കിംഗും രാത്രിയിലുള്ള യാത്രയിൽ ഒഴിവാക്കാം.
  9. നമ്മളെത്ര നല്ല ഡ്രൈവർ ആയാലും അപ്പുറത്ത് നിന്ന് വരുന്നവന്‍റെ അശ്രദ്ധ നമുക്ക് വലിയ വിപത്തായേക്കാം. ചില്ലിന് മുകളിൽ വീഴുന്ന ഒരു മരച്ചില്ല മുതൽ വട്ടം ചാടുന്ന മൃഗങ്ങൾ വരെ നമ്മുടെ ശ്രദ്ധയിൽ വേണം.
  10. കൃത്യമായി സർവീസ് ചെയ്ത് തകരാറുകൾ യഥാസമയം പരിഹരിച്ചുവെന്ന് ഉറപ്പിച്ച ശേഷം മാത്രം വണ്ടിയുമായി റോഡിലേക്ക് ഇറങ്ങുക. നമ്മുടെ ജീവനും മറ്റുള്ളവരുടെ ജീവനും നമ്മുടെ കൈകളിൽ സുരക്ഷിതമാക്കാൻ ശ്രമിക്കാം.
अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें