നിയന്ത്രണരേഖ

ഡോർ ബെൽ രണ്ടാമതും മുഴങ്ങുന്നത് കേട്ടപ്പോൾ നനഞ്ഞ ദേഹം ഒരുവിധം തുടച്ചെന്ന് വരുത്തി ശാലിനി ബാത്റൂമിൽ നിന്ന് പുറത്തിറങ്ങി. സ്റ്റഡി റൂമിൽ ആനന്ദ് ഉണ്ട്. “ഹേയ്, നിങ്ങൾ ഇവിടെയിരിക്കുകയാണോ? ആരോ ബെല്ലടിക്കുന്നത് കേട്ടില്ലേ, ഞാൻ ഡ്രസ് ചെയ്ഞ്ച് ചെയ്യട്ടെ.”

ശാലിനിയുടെ പരിഭവച്ചുവയുള്ള ചോദ്യത്തിന് ആനന്ദിന്‍റെ മറുപടി ഉടനെയെത്തി.

“ഞാൻ ഇന്‍റർനെറ്റിലാണ് ഡിയർ…”  ഇരിക്കുന്നിടത്തു നിന്ന് അനങ്ങാതെയുള്ള മറുപടി കേട്ടപ്പോൾ ശാലിനിക്ക് ദേഷ്യം വന്നു. ഒന്ന് എഴുന്നേറ്റാൽ രസച്ചരട് പൊട്ടുന്ന എന്താണ് ഇന്‍റർനെറ്റിൽ…? വിദേശത്ത് താമസിക്കുന്ന മകളോട് ചാറ്റ് ചെയ്യാനല്ലാതെ കമ്പ്യൂട്ടർ തൊടുന്ന ശീലം ശാലിനിക്കില്ല. കുഞ്ഞുമക്കളുടെ ചിത്രം മാസംതോറും എടുത്ത് മെയിൽ അയച്ചുതരും. അത് കാണാനും ഇടയ്ക്ക് കമ്പ്യൂട്ടർ നോക്കും. ആ സന്തോഷങ്ങൾക്കപ്പുറം ശാലിനിക്ക് കമ്പൂട്ടർ കൊണ്ട് ഒരു പ്രയോജനവുമില്ല.

വാതിലിൽ പിടിപ്പിച്ച ചെറിയ കണ്ണാടിച്ചില്ലിലൂടെ ശാലിനി പുറത്തേക്ക് നോക്കി. പത്രവാർത്തകൾ ഭയപ്പെടുത്തുന്നതാണല്ലോ… ആരാണ് പുറത്തെന്ന് അറിയാതെ വാതിൽ തുറക്കാറില്ല.

അപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന പെൺകുട്ടി ജ്യോതിയാണ്. ശാലിനി വാതിൽ തുറന്നു.

“ആന്‍റി എന്താ വൈകിയത്… വാതിൽ തുറക്കാൻ.” മറുപടിക്ക് കാത്തുനിൽക്കാതെ അവൾ അകത്തേക്ക് കടന്നു.

“എനിക്കൽപ്പം പഞ്ചസാര വേണം. രാവിലെ ചായ ഇട്ടപ്പോഴാ പഞ്ചസാര തീർന്നെന്ന് കണ്ടത്…” ശാലിനി ഒന്നും മിണ്ടാതെ ജ്യോതിയുടെ കൈയിലെ പാത്രം വാങ്ങി. ജ്യോതി അപ്പോഴും നൈറ്റ് ഡ്രസാണ് ഇട്ടിരുന്നത്. നിറയെ ടെഡിയുടെ ചിത്രങ്ങളുള്ള ബേബി പിങ്ക് പൈജാമയും ടോപ്പും. ജ്യോതിയെ കണ്ടപ്പോൾ ശാലിനിക്ക് സ്വന്തം മകളെ ഓർമ്മവന്നു. ഇവളേക്കാൾ 5 വയസ് മൂപ്പ് കാണും. പക്ഷേ, നൈറ്റ് ഡ്രസിൽ വീടിന് പുറത്തിറങ്ങാറില്ല ജീവ. അയൽപക്കത്തുപോലും ആ വേഷത്തിൽ പോകാൻ മടിയാണ് ജീവയ്ക്ക്. എന്നാൽ ഇപ്പോഴത്തെ പെൺകുട്ടികൾ എത്രയോ മാറി…

“ഹായ് ജ്യോതി… സുപ്രഭാതം. നിന്‍റെ മധുരമായ ശബ്ദം കേട്ടപ്പോൾ വന്നതാണേ…” ആനന്ദ് ചിരിച്ചുകൊണ്ട് റൂമിൽ നിന്ന് പുറത്തേക്കിറങ്ങിവന്നു.

“ഗുഡ്മോർണിംഗ് അങ്കിൾ…” ജ്യോതി കുസൃതിച്ചിരിയോടെ പറഞ്ഞു. “ഞാൻ അൽപം പഞ്ചസാര കടം വാങ്ങാൻ വന്നതാണ്.”

“എന്നാലിരിക്ക്, നീ ചായ കുടിച്ചിട്ടില്ലല്ലോ, ഒരു ചായ കുടിച്ചിട്ട് പോകാം. ശാലൂ, ഞങ്ങൾക്ക് ചായ തന്നാലും…”

ആനന്ദിന്‍റെ സംസാരം കേട്ടപ്പോൾ ശാലിനിക്ക് നേരിയ അനിഷ്ടം തോന്നി. “ഓ… നിങ്ങൾ ഭയങ്കര ബിസിയാണെന്നാ ഞാൻ കരുതിയത്. ഇപ്പോഴെന്തിനാണ് ഓടി വന്നത്?” വാതിൽ തുറക്കാൻ പോലും സമയമില്ലാതെ കമ്പ്യൂട്ടർ നോക്കിക്കൊണ്ടിരുന്ന ആളാണ് ജ്യോതിയുടെ ശബ്ദം കേട്ടപ്പോഴേ ഓടിവന്നിരിക്കുന്നത്.

“ഒരു സുന്ദരിക്കുട്ടി നേരിട്ട് വന്ന് ചാറ്റ് ചെയ്യുമ്പോൾ തിരക്കൊക്കെ ഒഴിവാക്കണമല്ലോ…”

“കഴിഞ്ഞയാഴ്ച പറയുന്നത് കേട്ടു, ചായകുടി ശീലം കുറയ്ക്കണമെന്ന്.” ശാലിനി വിടാനുള്ള മട്ടില്ല.

“താങ്ക്സ്, നീ അത് ഓർമ്മിച്ചല്ലോ… വൈകിട്ട് എനിക്ക് ചായ തരണ്ട. ഇപ്പോൾ പോയി എടുക്ക്.”

“അതേയാന്‍റി, എന്താ ടേസ്റ്റ് ആന്‍റിയുണ്ടാക്കുന്ന ചായയ്ക്ക്.” ജ്യോതി പറഞ്ഞു.

ശാലിനി അവൾ പറയുന്നത് മുഴുവൻ കേട്ട് നിൽക്കാതെ അടുക്കളയിലേക്ക് നടന്നു. അടുപ്പത്ത് വെള്ളം തിളയ്ക്കുന്നത് നോക്കി നിൽക്കുമ്പോൾ ചിന്ത ജ്യോതിയെക്കുറിച്ച് തന്നെയായിരുന്നു. തൊട്ടടുത്ത് വാടകവീട്ടിൽ താമസിക്കുകയാണ് ജ്യോതിയും റാണിയും.

ജ്യോതിയുടെ മാതാപിതാക്കൾ നല്ല സാമ്പത്തിക സ്ഥിതിയുള്ളവരാണ്. ജ്യോതിയുടെ അച്ഛൻ അവളോട് കുടുംബബിസിനസ്സ് നോക്കി നടത്താനാണ് പറഞ്ഞത്. പക്ഷേ, ജ്യോതിക്ക് സ്വന്തം ഇഷ്ടങ്ങളുണ്ട്, അവൾക്ക് സിനിമാതാരമാകാനാണ് ഇഷ്ടം. അതുകൊണ്ടാണ് അവൾ മുംബൈ നഗരത്തിൽ എത്തിയത്. പക്ഷേ, അച്ഛനമ്മമാർക്ക് അവൾ തെരഞ്ഞെടുത്ത പാത താൽപര്യമായിരുന്നില്ല. അടിയൊഴുക്കുകൾ ധാരളമുള്ള ഈ രംഗത്ത് എങ്ങനെ പിടിച്ചുകയറാനാണ്? അവളിവിടെ പാർട്ടികൾക്ക് പോകും, ആളുകളെ കാണും ഒരു ബ്രേക്ക് കിട്ടുമെന്ന പ്രതീക്ഷയിൽ… പണം ചെലവാക്കാൻ അച്ഛനുള്ളതുകൊണ്ട് അവൾക്ക് പ്രശ്നമില്ല.

ശാലിനി ഇഞ്ചിച്ചായ ഉണ്ടാക്കാമെന്ന് കരുതി. തിളച്ച വെള്ളത്തിലേക്ക് രണ്ട് സ്പൂൺ തേയിലയിട്ടപ്പോൾ വെള്ളത്തിലേക്ക് മെറൂൺ നിറം പടരുന്നത് നോക്കിനിന്നു. രണ്ട് ഇഞ്ചിക്കഷ്ണങ്ങളും നേരത്തേ ചേർത്തിരുന്നു. അയൽപക്കത്തുള്ള കുട്ടി എന്ന പരിഗണനയല്ലാതെ ജ്യോതിയോട് ഒരു സ്നേഹവും തനിക്ക് തോന്നിയിട്ടില്ലല്ലോ എന്ന് ശാലിനി ആലോചിച്ചു. ആനന്ദ് ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് താനിപ്പോൾ ചായയിട്ട് കൊടുക്കാൻ പോലും തയ്യാറായത്. അതും ആനന്ദിന്‍റെ പ്രിയപ്പെട്ട ജിഞ്ചർ ടീ.

ഈയിടെയായി അവൾക്ക് എപ്പോഴും ഇങ്ങോട്ടൊരു വരവുണ്ട്. അത് തനിക്ക് വലിയ താൽപര്യമില്ല. ചിലപ്പോൾ പെൻ മടക്കി നൽകനാകും, പേപ്പറിൽ വന്ന നല്ലൊരു ലേഖനം കാട്ടിത്തരനാകും. എന്തായാലും അവളുടെ ആ വരവിലൊന്നും വലിയ താൽപര്യം തോന്നിയില്ല ശാലിനിക്ക്. ശാലിനിയുടെ ഭാഷയിൽ ചിന്തിച്ചാൽ ദിവസവും ചായ തിളപ്പിക്കുന്നതിലുള്ള താൽപര്യം പോലും…

അവളെ കാണുമ്പോഴേ തനിക്കെന്താണൊരു മൂഡ് ചെയ്ഞ്ച്? ആ സംശയം സ്വയം ചോദിച്ചു നോക്കി. ഇക്കാലത്ത് കാണുന്ന ഒരു മോഡേൺ പെൺകുട്ടി എന്നതിൽ കവിഞ്ഞ് ഒരു പ്രത്യേകതയുമില്ല അവൾക്ക്. എല്ലാ പെൺകുട്ടികളെയും പോലെ കളർഫുൾ (കളർഫുൾ എന്നുപറഞ്ഞാൽ ഇറുകിയ വസ്ത്രം ധരിക്കുന്നത്) വസ്ത്രം ധരിക്കുകയും മേക്കപ്പിനും വിലയേറിയ ആഭരണങ്ങൾ വാങ്ങാനും വാരിക്കോരി പണം ചെലവഴിക്കുകയും ചെയ്യുന്നുണ്ട്.

സത്യം പറഞ്ഞാൽ ഇക്കാലത്ത് എല്ലാ പെൺകുട്ടികളും ഒരുപോലെയിരിക്കുന്നു. എങ്കിലും തനിക്ക് ജ്യോതിയോട് എന്തോ ഒരനിഷ്ടം മനസ്സിലുണ്ട്. ബ്രൗൺ നിറമുള്ള ചായയിലേക്ക് പാൽ ചേർത്തുകൊണ്ട് അതെന്താണെന്ന് ഓർമ്മിക്കാൻ ഒരിക്കൽക്കൂടി ശ്രമിച്ചു. പക്ഷേ, ലിവിംഗ് റൂമിൽ ഉയർന്നുകേട്ട പൊട്ടിച്ചിരി, ശലിനിയുടെ ചിന്തകളെ മുറിച്ചു.

“ഓ… അങ്കിൾ സ്റ്റോപ്… ചിരിച്ചിട്ട് വയറുവേദനിക്കുന്നു.”

ശാലിനി എത്തിനോക്കുമ്പോൾ സോഫയിൽ കമിഴ്ന്ന് കിടന്ന് ചിരിക്കുകയാണ് ജ്യോതി. ആനന്ദും വളരെയധികം സന്തോഷവാനായിരിക്കുന്നു.

ഇവർക്ക് എന്താണിത്ര ചിരിക്കാൻ. ആനന്ദ് വലിയ തമാശക്കാരനാണ് എന്നറിയാം. ജ്യോതിയും ആനന്ദും തമ്മിലുള്ള സൗഹൃദത്തിന്‍റെ കാരണവും അതാണ്. യൗവനകാലങ്ങളിൽ ആനന്ദിന്‍റെ തമാശകൾ കേട്ട് ചിരിക്കാനേ തനിക്കും നേരമുണ്ടായിരുന്നുള്ളൂ. ആനന്ദ് ദൂരെയായിരിക്കുമ്പോൾ പോലും ആ ഓർമ്മകളിൽ താനറിയാതെ ചിരിച്ചുപോകാറുണ്ട്.

അതൊക്കെ എത്രയോ കാലമായി. ഇപ്പോൾ മനസ്സ് തുറന്ന് ഒരുമിച്ച് ചിരിച്ചിട്ട് എത്ര കാലമായി. അപ്പോൾ തമാശ പറയാനുള്ള കഴിവ് ആനന്ദിന് നഷ്ടപ്പെട്ടിട്ടില്ല. ശാലിനി അൽപം കുശുമ്പോടെ ആലോചിച്ചു. ജ്യോതി ഇവിടെ വരുമ്പോഴൊക്കെ ആനന്ദ് ആ കഴിവ് പൊടിതട്ടി പുറത്തെടുക്കും. ചായ തിളച്ചുമറിഞ്ഞ് പുറത്തുപോകാറായി എന്ന് കണ്ട് ശാലിനി പെട്ടെന്ന് സ്റ്റൗ ഓഫ് ചെയ്തു.

അങ്ങനെയൊക്കെ സംഭവിക്കുമോ? പെട്ടെന്ന് ഒരു ചിന്ത മനസ്സിലൂടെ മിന്നൽപോലെ പാഞ്ഞുപോയി. കൂടിക്കുഴഞ്ഞ ചിന്ത, അവൾ ചായ കപ്പുകളിലേക്ക് ഒഴിക്കാൻ തുടങ്ങി. അവളുടെ കൈകൾ എന്തെന്നില്ലാതെ ശക്തിയോടെ വിറച്ചു. നിരത്തിവെച്ചിരിക്കുന്ന ചായക്കപ്പുകൾക്ക് മേലേക്ക് പാത്രം മറിഞ്ഞുവീണു. എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുമ്പേ എല്ലാം കഴിഞ്ഞു… പാത്രം മറിഞ്ഞുടയുന്ന ശബ്ദത്തിനിടയിലും ശാലിനിയുടെ മനസ്സിൽ ആ സംശയം കൂടിക്കുഴഞ്ഞു. ജ്യോതിയും അദ്ദേഹവും തമ്മിൽ…?

“എന്താ ഒരു ശബ്ദം?” ആനന്ദ് അടുക്കളയിലേക്ക് വന്നു. തൊട്ടുപിന്നാലെ ജ്യോതിയും.

“എവിടെ ചായ?” ആനന്ദ് ചോദിച്ചു.

“അയ്യോ..” ജ്യോതി താഴേക്ക് നോക്കി. ചിതറികിടക്കുന്ന കപ്പുകൾ…

“സാരമില്ല ആന്‍റി… ചായ പിന്നെയാകാം. ഓകെ, ബൈ അങ്കിൾ…” ജ്യോതി തെല്ലൊരു വൈഷമ്യത്തോടെ വേഗം പോയി.

“ജ്യോതി ഭയന്നെന്നു തോന്നുന്നു, അല്ലെങ്കിൽ അവൾ സഹായിച്ചേനെ…” പൊട്ടിയ കപ്പുകൾ പെറുക്കിക്കൊണ്ട് ആനന്ദ് പറഞ്ഞു.

“എന്തായിത് പെണ്ണേ, ആ നല്ല ചായ കളഞ്ഞല്ലോ. എന്താ നിനക്ക് എന്തെങ്കിലും അസുഖമുണ്ടോ? ഇവിടം ഞാൻ ക്ലീൻ ചെയ്തോളാം.”

“ജ്യോതിയോട് സംസാരിച്ചിരിക്കാൻ വളരെ സന്തോഷമാണെന്ന് തോന്നുന്നല്ലോ…”

“നമ്മുടെ അതിഥികളെക്കുറിച്ച് മോശം സംസാരം വേണ്ട ശാലൂ… ഞാനവളെ വിളിച്ചുവരുത്തിയതല്ലല്ലോ… എന്നാലവൾ സ്വയം ക്ഷണിച്ച് വന്നതായിരിക്കും. അതിനെന്താ കുഴപ്പം? അവളൊരു പാവം കുട്ടി. സംസാരിച്ചിരിക്കാനും കൊള്ളാം.”

“അതേയതേ… അവളുമായി സംസാരിക്കാൻ നിങ്ങൾക്ക് ടോപ്പിക് തികയുന്നില്ല എന്നു തോന്നുന്നു. ആട്ടെ… എന്തായിരുന്നു വലിയ ചിരി…”

“ഓ… എന്തോ… പറഞ്ഞു… ഞാനതോർക്കുന്നില്ല, വയസ്സായില്ലേ ഡിയർ… ഭയങ്കര മറവി.”

“അതോർമ്മയുണ്ടായാൽ നന്ന്…” ശലിനി തണുപ്പൻ മട്ടിൽ പറഞ്ഞ് പുറത്തേക്ക് പോയി. ആനന്ദ് തല കുടഞ്ഞു.

“എന്തോ പ്രശ്നമുണ്ടല്ലോ… ഉച്ചയ്ക്ക് അന്നം മുടങ്ങുമോ ആവോ…?” പുഞ്ചിരിയോടെ അയാൾ ആലോചിച്ചു. ശാലിനി ഉഗ്രൻ പാചകക്കാരിയാണ്. അവളുണ്ടാക്കിയ ഭക്ഷണം കഴിക്കാനൊത്തില്ലെങ്കിൽ അന്നത്തെ ദിവസം പോയെന്ന് കരുതിയാൽ മതി.

“ശാലൂ…” അയാൾ വിളിച്ചു. വസ്ത്രങ്ങൾ വളരെ അടുക്കും ചിട്ടയോടും വച്ചിരിക്കുന്ന വാർഡ്രോബ് വീണ്ടും അടുക്കിപ്പെറുക്കി വയ്ക്കുകയാണ് ശാലു. അവൾക്ക് ദേഷ്യം വന്നാലങ്ങനെയാണ്. ആനന്ദിനെ ഒഴിവാക്കണമെന്ന് തോന്നുമ്പോഴും ഇങ്ങനെയൊക്കെ ചെയ്യും.

ആ ജ്യോതിയാണ് കുഴപ്പക്കാരി. ഇപ്പോഴത്തെ പെൺകുട്ടികൾ എന്ത് ബഹളമാണ്. എങ്ങനെ പെരുമാറണം, സംസാരത്തിൽ നിയന്ത്രണം വേണം, ഈ വക കാര്യങ്ങളൊന്നും അവരെ ബാധിക്കുന്ന മട്ടില്ല.

“ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം…” ശാലിനി ആത്മഗതമായി പറഞ്ഞു. “അടുത്ത പ്രാവശ്യം ചായ കുടിക്കാൻ ജ്യോതി എത്തുമ്പോൾ അവളോടും അടുക്കളയിലേക്ക് വരാൻ പറയണം. ആനന്ദിനു സമീപം കൊഞ്ചിക്കുഴയുവാൻ ഇനി അനുവദിക്കാതിരുന്നാൽ മതിയല്ലോ…”

അതാലോചിച്ചപ്പോൾ ശാലിനിയുടെ മുഖത്ത് ആശ്വാസത്തിന്‍റെ ചിരി വിടർന്നു. ചായപാത്രം വീണത് തുടച്ചുകളായതെ അടുക്കളയിൽ അങ്ങനെതന്നെ കിടക്കുകയാണല്ലോ എന്ന ഓർമ്മ അപ്പോഴാണ് ശാലിനിക്കുണ്ടായത്.

ചായക്കറ ഉണങ്ങിയാൽ പോകാൻ പ്രയാസമാണ്. അവർ വേവലാതിയോടെ അടുക്കളയിലേക്ക് ഓടാൻ തുടങ്ങി. ലിവിംഗ് റൂം കടന്നുവേണം അടുക്കളയിലെത്താൻ. അങ്ങോട്ട് തിരക്കുപിടിച്ച് നടക്കുന്നതിനിടയിൽ ആണ് ആനന്ദ് എതിരെ നിന്ന് വരുന്നത്. കൂട്ടിയിടിച്ച് രണ്ടുപേരുടെയും ബാലൻസ് തെറ്റി. ആനന്ദ് പിന്നോക്കം സോഫയിലേക്ക് വീണു. ഒരു സപ്പോർട്ടിനായി അയാൾ ശാലിനിയുടെ കൈയിൽ പിടിച്ചപ്പോൾ, ആനന്ദിന്‍റെ മേലേക്ക് ശാലിനിയും മറിഞ്ഞുവീണു. രണ്ടുപേരും ഒരുനിമിഷം സ്തബ്ധരായി. പിന്നെയത് പൊട്ടിച്ചിരിയായി.

“കുറേ നാളായി നമ്മൾ ഇങ്ങനൊരു പോസിഷൻ ശ്രമിച്ചിട്ട്… അല്ലേ?” ആനന്ദ് ചോദിച്ചു. ശാലിനിയുടെ മുഖത്ത് നാണം പടർന്നു.

“ഓ… എനിക്കിപ്പോൾ കിന്നാരത്തിന് നേരമില്ല. അടുക്കള വൃത്തിയാക്കാനുണ്ട്.”

“അതു വെറുതേ, അടുക്കള ഞാൻ ക്ലീൻ ചെയ്തല്ലോ മാഡം…”

“ഓ താങ്ക്സ്. അപ്പോ ലഞ്ച് വേണ്ടേ?”

“നമുക്ക് പുറത്തുനിന്ന് കഴിക്കാം. കുറേ നാളായില്ലേ, ശർമ്മ പറഞ്ഞ പുതിയ ഹോട്ടലിൽ നിന്നായാലോ?”

“ഹും… കൊള്ളാം. യൂ ആർ സോ സ്വീറ്റ്…”ശാലിനി അയാളുടെ ദേഹത്തേക്ക് ചാരി ചെവിയിൽ ചുംബിച്ചു.

“യ്യൊ എന്‍റെ പുറം…” ശാലിനി പെട്ടെന്ന് എഴുന്നേറ്റു.

“ആനന്ദ്…? ആർ യു ഓക്കെ?”

“ഒരു കുഴപ്പവുമില്ല ഡിയർ, പഴയ പ്രയമല്ലല്ലോ സാഹസം കാട്ടാൻ വാ നമുക്ക് ബെഡ്റൂമിലേക്ക് പോകാം.”

ആ ദിവസം ശാലിനിയെ സംബന്ധിച്ച് ഒരു മാന്ത്രികക്കഥയിലെ അനുഭവങ്ങൾ ആയി തോന്നി. ഉച്ചയ്ക്ക് ലഞ്ച് പുറത്തുനിന്ന് കഴിച്ചശേഷം അവർ ഒരു സിനിമ കണ്ടു. പിന്നെ അവർ ബീച്ചിലൂടെ അൽപനേരം നടന്നു. രാത്രി വീട്ടിൽ തിരിച്ചെത്തുമ്പോൾ കൗമാരക്കാരായ കമിതാക്കളെപ്പോലെ ചെറുപ്പം കൈവന്നതായി അവർക്ക് തോന്നി. പഴയകാലങ്ങളെ അനുസ്മരിപ്പിച്ച ആ ദിനത്തിന്‍റെ ലഹരിയിൽ ശാലിനി പറഞ്ഞു “നമുക്ക് ഇനിയും ഇങ്ങനെ പോകണം.”

രാവിലെ നടന്ന സംഭവത്തിന്‍റെ നേർത്ത അസ്വസ്ഥത പോലും ശാലിനിയെ അലട്ടിയില്ല. ആനന്ദിന്‍റെ ശരീരത്തോട് ചേർന്ന് കിടന്ന് ഉറങ്ങുമ്പോൾ ശാലിനിയുടെ മനസ്സ് ഒരു കൊച്ച് കുഞ്ഞിന്‍റെതുപോലെ സുരക്ഷിതത്വം അനുഭവിച്ചറിഞ്ഞു.

പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ മുറിയിൽ ലൈറ്റ് ഓൺ ചെയ്തു കിടക്കുന്നത് കണ്ട് ശാലിനി അത്ഭുതപ്പെട്ടു. ആനന്ദ് എങ്ങോട്ടോ പോകാൻ യാത്രയായി നിൽക്കുന്നു.

“ഹേയ്.. എന്തായിത്, ഇത്ര നേരത്തേ എവിടെപ്പോകുന്നു?”

“ഗുഡ് മോർണിംഗ് പോലും പറയാതെ ഇത്രയും ചോദ്യങ്ങളോ? എന്താ മോളേ ഇത്..?” ആനന്ദ് ചിരിയോടെ ബാഗിന്‍റെ സിബ് പൂട്ടി.

“ശരി കാര്യം പറയാം. എനിക്ക് അത്യാവശ്യമായി ഗോവ വരെ പോകണം. രാത്രി നീ ഉറങ്ങിയ ശേഷം എന്‍റെ ഫ്രണ്ട് വിളിച്ചിരുന്നു. എന്‍റെ സഹായം വേണം ഉടനെ ഞാനവിടെയെത്തണമെന്ന്..”

“ഏത് സുഹൃത്താണ്? എന്താ കാര്യം…?”

“ശാലൂ… നീ അറിയില്ല അവനെ. ഇപ്പോൾ വിശദീകരിച്ച് നിൽക്കാൻ നേരമില്ല. അറുമണിക്ക് ദാദറിൽ നിന്നുള്ള ബസ് പിടിക്കണം. ടേക് കെയർ, ബൈ.”

“പക്ഷേ…”

“ഗുഡ്ബൈ ഡിയർ… സീ യു ലേറ്റർ…” ശാലിനി എന്തെങ്കിലും പറയും മുമ്പേ ആനന്ദ് പോയിക്കഴിഞ്ഞിരുന്നു. ഒന്നും ചെയ്യാനില്ലാത്തതിനാൽ അവർ ഉറങ്ങാൻ കിടന്നു. അഞ്ച് മണിയല്ലേ ആയുള്ളൂ. കുറച്ച് നേരം കൂടി കിടന്നശേഷം എഴുന്നേൽക്കാമെന്ന് കരുതിയതാണ്. പക്ഷേ, എഴുന്നേറ്റപ്പോൾ ഒമ്പതു മണി.

വീട്ടുജോലികളൊക്കെ ഒതുക്കി ഫ്രഷ് ആയി എത്തിയപ്പോഴേക്കും ഉച്ചയൂണ് കഴിക്കാറായി. ശാലിനി അടുക്കളിയിൽ ചെന്നപ്പോൾ കിച്ചൻ ടേബിളിൽ ഒരു പാത്രം ഇരിക്കുന്നു. ഇന്നലെ ജ്യോതി പഞ്ചസാരക്കു വേണ്ടി കൊണ്ടുവന്ന പാത്രമാണ്.

“ഇന്ന് വൈകിട്ട് ഈ പാത്രം അവൾക്ക് തിരിച്ചു കൊടുക്കണം.” ശാലിനി ചിന്തിച്ചു.

പെട്ടെന്ന് ഇന്നലെ രാവിലെ നടന്ന സംഭവങ്ങൾ അവളുടെ മനസ്സിലേക്ക് ഇരച്ചെത്തി. കാൽത്തുമ്പിൽ തരിച്ചു കയറിയ ഒരു മിന്നൽ വയറിനുള്ളിലൂടെ നെഞ്ചിലേക്ക് പാഞ്ഞതുപോലെ.

“ഏയ്, അങ്ങനെയൊന്നും ഇല്ല… വൈകിട്ട് എന്തായാലും അവളെ കാണണം.” ശാലിനി സ്വയം സമാധാനിപ്പിക്കാൻ ശ്രമിച്ചു.

പാത്രം വാങ്ങാനെന്ന പേരിൽ ജ്യോതിയെ ഇവിടേക്ക് വരുത്തരുത്. വേഗം കൊണ്ടുപോയി കൊടുക്ക്… മനസ്സിലിരുന്ന് ആരോ മന്ത്രിക്കുന്നതു പോലെ തോന്നിയിട്ടും ശാലിനി പിടിച്ചുനിന്നു എട്ടു മണിവരെ. അവൾ പാത്രമടുത്ത് ജ്യോതിയുടെ വീട്ടിലെത്തി ഡോർബെല്ലടിച്ചു.

“ഹായ് ആന്‍റി” വാതിൽ തുറന്നത് റാണിയാണ്, ജ്യോതിക്കൊപ്പം താമസിക്കുന്ന പെൺകുട്ടി, ഒരു ഗാർമെന്‍റ് എക്സ്പോർട്ട് കമ്പനിയിൽ ജോലിയുണ്ട്. എന്താണെന്നറിയില്ല ശാലിനിക്ക് റാണിയോട് അൽപം സ്നേഹമൊക്കെ തോന്നിയിട്ടുണ്ട്.

“റാണീ, ഞാൻ വന്നത് ഇന്നലെ ജ്യോതി വീട്ടിൽ വച്ച പാത്രം മടക്കിത്തരാനാണ്.”

“അകത്തേക്ക് വരൂ ആന്‍റി, ഒരു കപ്പ് ചായ കുടിക്കാം…”

റാണി നീട്ടിയ ചായ വാങ്ങി കുടിച്ചുകൊണ്ട് ശാലിനി “നല്ല ചായ, നിനക്ക് കുക്കിംഗ് ഒക്കെ അറിയാമല്ലേ…”

“വയറ്റിപ്പിഴപ്പിനുള്ളതൊക്കെ അറിയാം. ചായ ഞാനുണ്ടാക്കും, പക്ഷേ, പാചകം എനിക്കത്ര ഈസിയല്ല. ഞങ്ങൾ രണ്ടുപേരിൽ ജ്യോതിയാണ് ഭേദം.”

“സത്യം…” ശാലിനക്കത്ഭുതമായി.

“അതേയാന്‍റി. ഇന്ന് പക്ഷേ ഭാഗ്യമില്ലാതായി. ഞാനാണിന്ന് കുക്ക്.”

“എന്താ കാര്യം?”

“ജ്യോതി ഇവിടില്ല ആന്‍റി. അവൾ ഗോവയ്ക്ക് പോയി. രണ്ട് ദിവസം കഴിഞ്ഞേ വരൂ.”

പിന്നെ റാണി പറഞ്ഞതൊന്നും ശാലിനി കേൾക്കുന്നുണ്ടായിരുന്നില്ല. ശരീരമാകെ ഉയർന്ന ചൂടിൽ അവൾ വിയർത്തു. ഭാവമാറ്റം റാണി അറിയാതിരിക്കാൻ ശാലിനി മിണ്ടാതിരുന്നു. ശബ്ദത്തിൽ ആവുന്നത്ര ശാന്തത വരുത്തി അവൾ ചോദിച്ചു, “ജ്യോതി എപ്പോൾ വരും?”

“രാവിലെ ആറിന്‍റെ ദാദറിനാണ് പോയത്. രാത്രിയിൽ പെട്ടെന്നെടുത്ത തീരുമാനമായിരുന്നു.” ശാലിനിയുടെ വിളറിയ മുഖഭാവം കണ്ട് റാണി പെട്ടെന്ന് ചോദിച്ചു, “എന്താ ആന്‍റീ, സുഖമില്ലേ?”

“ഇല്ല കുട്ടീ, ഞാൻ പോകട്ടെ…”

“ബൈ ആന്‍റീ…”

ശാലിനി വീട്ടിലേക്ക് ഒരുവിധത്തിൽ നടന്നെത്തി സോഫയിലേക്ക് വീണു. അപ്പോൾ ഇവളാണ് ആനന്ദിനെ വിളിച്ചത്. ഇവളാണ് ഗോവയിൽ കണ്ടുമുട്ടുന്ന സുഹൃത്ത്. ശാലിനിക്ക് അതിഭീകരമായ നടുക്കം അനുഭവപ്പെട്ടു.

ഇന്നലെ എന്ത് നല്ല ദിവസമായിരുന്നു. ഒരുപക്ഷേ, തെറ്റ് ചെയ്യുന്ന ഭർത്താക്കന്മാർ ഭാര്യമാരോട് വലിയ സ്നേഹം കാട്ടുമെന്ന് പറയുന്നത് ഇതാണോ? സ്വന്തം അനുഭവം കൊണ്ട് ഇത് സത്യമാണെന്ന് തിരിച്ചറിയുകയാണോ താൻ…

ആനന്ദ് രാവിലെ പോയിട്ട് ഇതുവരെ വിളിച്ചതുമില്ല. അസ്വസ്ഥതയോടെ ശാലിനി തിരിഞ്ഞുംമറിഞ്ഞും കിടന്നു. കുറേ നേരം കരഞ്ഞു. എപ്പോഴോ ഉറങ്ങി, ഉഴുന്നേൽക്കുമ്പോൾ പുലർച്ചേ മൂന്ന് മണി.

കടുത്ത നിരാശ തളർത്തിയ ദേഹത്തോടെ ശാലിനി ചാഞ്ഞിരുന്നു. ഇനി എന്തുചെയ്യണമെന്ന് തനിക്കറിയാം. ആനന്ദ് വന്നാലുടൻ ഇവിടെ നിന്നിറങ്ങണം. ഒന്നും പറയില്ല ഞാൻ… ചോദ്യം ചെയ്യാനുമില്ല. എല്ലാം സ്വയം മനസ്സിലാക്കട്ടെ. പ്രായമിത്രയായിട്ടും…

ശാലിനി കുറച്ച് വസ്ത്രങ്ങൾ ഒരു ബാഗിൽ നിറച്ചുവെച്ചു. ഗുഡ്ബൈ പറയുമ്പോൾ ആനന്ദിന്‍റെ മുഖത്തെ ഭാവമെന്തെന്ന് എനിക്കറിയണം. എന്നെ വഞ്ചിക്കാൻ എളുപ്പമാണെന്നാവും ധാരണ.

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനിടെ അവൾ അക്കാര്യം ഇടയ്ക്കിടെ ഓർമ്മിച്ചു. ഇത്രയും കാലം അടുക്കും ചിട്ടയോടെ താൻ കൊണ്ടുനടന്ന ഈ വീട്ടിൽ നിന്ന് മണിക്കൂറുകൾക്കകം താൻ പോകും… പിന്നീടൊരിക്കലും… ആറുമണിയായി. ആനന്ദ് വരാറായിട്ടുണ്ട്. രണ്ട് മണിക്കൂർ മുമ്പ് വിളിച്ചിട്ട് ഇത്രയും പറഞ്ഞല്ലോ “ഞാൻ ഇവിടെ നിന്നും തിരിക്കുകയാണ്..” ഫോൺ പെട്ടെന്ന് കട്ടായി. അയാൾ വീണ്ടും വിളിക്കുമെന്ന് ശാലിനി പ്രതീക്ഷിച്ചിരുന്നു. പക്ഷേ, അതുണ്ടായില്ല.

അവൾ റീഡിംഗ് റൂമിൽ ചെന്ന് പുസ്തകം നിവർത്തി അക്ഷരങ്ങളെ നോക്കിയിരുന്നു. പക്ഷേ, മനസ്സിലെ ദുഃഖമല്ലാതെ ആ അക്ഷരങ്ങളിൽ അവൾ ഒന്നും തെളിഞ്ഞ് കണ്ടില്ല. ചിന്തകളുടെ ലോകത്തിരിക്കുമ്പോൾ വാതിലിന്‍റെ ലോക്ക് തിരിയുന്ന ശബ്ദമൊന്നും ശാലിനി കേട്ടില്ല.

“ഹലോ ശാലൂ…” ആനന്ദിന്‍റെ ശബ്ദം കേട്ട് അവൾ ഞെട്ടി. അയാൾ നിറഞ്ഞ നിഷ്കളങ്കതയോടെ അപ്രതീക്ഷിതമായി ഓടിവന്ന് ശാലിനിയെ കെട്ടിപ്പിടിച്ചപ്പോൾ അവൾ ആകെ ആശയക്കുഴപ്പത്തിലായി. ആനന്ദ് വളരെ ക്ഷീണിതനായി കാണപ്പെടുന്നു. കാമുകിക്കൊപ്പം ഉല്ലാസയാത്ര കഴിഞ്ഞ ഒരു വ്യക്തിയുടെ ഉന്മേഷമൊന്നുമില്ല.

“ഞാൻ ചായയെടുക്കാം, നിങ്ങൾ വിശ്രമിക്ക്…”

സാഹചര്യത്തെ എങ്ങനെ മറികടക്കണമെന്ന ചിന്തയോടെ അവൾ അടുക്കളയിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ആനന്ദ് തടഞ്ഞു, “പോകല്ലെടോ… ഒരു വാർത്ത പറയാനുണ്ടെനിക്ക്.”

അവൾ അത് കണക്കിലെടുക്കാതെ തിരക്കിട്ട് നടക്കാൻ തുടങ്ങിയപ്പോൾ പരിചയമുള്ള മറ്റൊരു ശബ്ദം അവളെ തടഞ്ഞു നിറുത്തി, “ആന്‍റീ… എനിക്കാണ് പറയാനുള്ളത്…”

വാതലിന് പുറത്ത് ജ്യോതി.

ശാലിനി തന്‍റെ അമർഷവും സങ്കടവും കടിച്ചമർത്തി സോഫയിലിരുന്നു. രണ്ടുപേരും ഒരുമിച്ച് വന്ന്… ശാലിനിക്ക് ജ്യോതി പറയുന്നത് എന്താണെന്ന് പോലും ശ്രദ്ധിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

ആനന്ദ് ചിരിച്ചുകൊണ്ട്, “നിനക്ക് ആളെ കാണണ്ടേ?”

“എന്ത്…?” ശാലിനി അമ്പരപ്പോടെ നോക്കുമ്പോൾ ജ്യോതിയുടെ പിന്നിൽ സുന്ദരനായ ഒരു ചെറുപ്പക്കാരൻ.

“ആന്‍റീ, ഇതാണ് നിഖിൽ, എന്‍റെ വുഡ്ബീ…”

“നൈസ് ടു മീറ്റ് യൂ ആന്‍റീ, എല്ലാ സഹായങ്ങൾക്കും നന്ദിയുണ്ട്.”

അയാൾ നീട്ടിയ കൈകളിൽ യാന്ത്രികമായി സ്പർശിച്ചുകൊണ്ട് അവൾ അമ്പരന്നുനോക്കി. ആനന്ദ് അവളുടെ അടുത്തേക്ക് ചേർന്നിരുന്നുകൊണ്ട് പറഞ്ഞു, “ഞാൻ പറഞ്ഞ ആ വാർത്ത ഇതാണ്. നിഖിലും ജ്യോതിയും വിവാഹം കഴിക്കാനാഗ്രഹിക്കുന്നു. പക്ഷേ, ജ്യോതിയുടെ അച്ഛനമ്മമാർക്ക് താൽപര്യമില്ല. നിഖിൽ വേറെ ജാതിയിൽപ്പെട്ടയാളായതാണ് കാരണം. ഈ പ്രശ്നത്തെക്കുറിച്ച് ജ്യോതി എന്നോട് പറഞ്ഞു. അവളുടെ സങ്കടം കണ്ടപ്പോ ഒന്നു ശ്രമിച്ചലോ എന്നുതോന്നി.”

അതുകേട്ടപ്പോൾ ജ്യോതി ഇടയ്ക്ക് കയറി പറഞ്ഞു, “പപ്പയോട് സംസാരിക്കാമെന്ന് അങ്കിൾ പറഞ്ഞു. അതിനുമുമ്പ് നിഖിലിനെ കാണമെന്നാണ് അങ്കിൾ ആവശ്യപ്പെട്ടത്. ഞാൻ എത്തരക്കാരനെയാണ് കണ്ടുപിടിച്ചത് എന്നറിയണമല്ലോ…” ജ്യോതി പ്രേമഭാവത്തിൽ നിഖിലിനെ നോക്കുന്നത് ശാലിനി കണ്ടു.

“അതെ ശാലൂ, നിന്നോട് ഒന്നും പറയാൻ കഴിഞ്ഞില്ല. എനിക്ക് ഇതൊക്കെ നടക്കുമെന്ന് ഒട്ടും വിശ്വാസമുണ്ടായിരുന്നില്ല. എങ്കിലും നിഖിൽ മിടുക്കനാണെന്ന് മനസ്സിലായപ്പോൾ അവളുടെ പപ്പയുടെ സ്വഭാവരീതികളെക്കുറിച്ച് ചോദിച്ചറിഞ്ഞു. പിന്നെ എങ്ങനെ ഇക്കര്യം പരിഹരിക്കാമെന്നതിനെക്കുറിച്ച് ഞങ്ങൾ ആലോചിച്ചു. ജ്യോതിയുടെ പപ്പയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഒക്കെ മനസ്സിലാക്കി പ്രവർത്തിക്കാമെന്ന് കരുതി. അങ്ങനെയിരിക്കെയാണ് ഇവളുടെ പപ്പയുടെ ഫോട്ടോ കാണാനിടയായത്. വർഷങ്ങൾക്കു മുമ്പ് എന്‍റെ സഹപ്രവർത്തകനായിരുന്നു അദ്ദേഹം. പിന്നെ എനിക്ക് ധൈര്യമായി. അങ്ങനെയാണ് ഞങ്ങൾ ഒരുമിച്ച് കൂടാമെന്ന് തീരുമാനിച്ചത്.”

“ഇതിനിടെ ജ്യോതിയുടെ പപ്പ കഴിഞ്ഞദിവസം വിളിച്ച് പിറ്റേന്ന് വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു. ഏതോ വിവാഹക്കാര്യം പറയാനായിരുന്നു. ജ്യോതി രാത്രി എന്നെ വിളിച്ച് ഗോവയ്ക്ക് പോകുന്ന കാര്യം പറഞ്ഞപ്പോഴാണ് ഞങ്ങളിങ്ങനെ ഒരു കൂടിക്കാഴ്ചയ്ക്ക് പ്ലാൻ ചെയ്തത്. അതുകൊണ്ടാണ് നിന്നോട് പറയാൻ പറ്റാതിരുന്നത്.”

“ഞങ്ങൾ മൂന്നുപേരും രാവിലെ 6 മണിക്കുള്ള ബസിന് പപ്പയുടെ ഫാംഹൗസിലേക്ക് തിരിച്ചു. അവിടെ ചെന്നപ്പോൾ എന്തായിരുന്നു അങ്കിളിന്‍റെ പെർഫോർമൻസ്… പപ്പ അതിൽ വീണു ആന്‍റീ. ഞങ്ങൾക്ക് ഗ്രീൻ സിഗ്നലും കിട്ടി.” ജ്യോതി ആവേശത്തോടെ പറഞ്ഞു. ഒപ്പം നിഖിലിന്‍റെ അരയിലൂടെ കൈയിട്ട് കെട്ടിപിടിക്കുകയും ചെയ്തു.

“ഇതൊന്നും നിന്നോട് പറഞ്ഞില്ലല്ലോ എന്ന പരിഭവമാകും നിനക്ക്… ശാലൂ.. ദൗത്യം വിജയിക്കുമോ എന്ന സംശയം ഉണ്ടായിരുന്നു. എനിക്ക് ഒട്ടും ആത്മവിശ്വാസം ഇല്ലായിരുന്നടോ. താൻ ക്ഷമിക്ക്…” ആനന്ദ് പറഞ്ഞു.

ക്ഷമിക്കാനെന്തിരിക്കുന്നു. താൻ വെറും മണ്ടിയാണല്ലോ എന്നു മാത്രമേ അവൾ അപ്പോൾ ഓർത്തുള്ളൂ. നിഖിലും ജ്യോതിയും സന്തോഷത്തോടെ കൈ കോർത്തിരിക്കുന്നു. ആനന്ദിന്‍റെ കണ്ണുകളിൽ സാഫല്യത്തിളക്കം. ആനന്ദിനെക്കുറിച്ച് ഓർത്തപ്പോൾ ശാലിനിയുടെ ഹൃദയം സ്നേഹം കൊണ്ട് വിങ്ങിത്തുടിച്ചു. താനെന്തൊക്കെയാണ് ചിന്തിച്ചുകൂട്ടിയത്.. ആനന്ദിനോട് മോശമായി പെരുമാറാതിരുന്നത് എത്ര നന്നായി.

“കൺഗ്രചുലേഷൻസ്” ശാലിനി രണ്ടുപേരോടുമായി പറഞ്ഞു. “വിവാഹത്തീയതി നിശ്ചയിച്ചോ?”

“വിവാഹം പിന്നീട്. ഞങ്ങൾക്ക് കരിയറിൽ ഒന്ന് നന്നായി സെറ്റിലാകണം. എന്നിട്ട്…” നിഖിൽ പറഞ്ഞു.

“കൊള്ളാം… അപ്പോ നമുക്ക് ഒരു ചായയാകാം. സന്തോഷവാർത്ത ചായ കുടിച്ചല്ലേ ആഘോഷിക്കേണ്ടത്…”

“അതേ ആന്‍റീ… ഞാനും വരുന്നു.”

ജ്യോതി ശാലിനിക്കൊപ്പം നടന്നു. ശാലിനി പുതിയൊരാളെ കാണുമ്പോലെ ജ്യോതിയെ നോക്കി. അവളാണോ മാറിയത്… അതോ താനോ… ഏതാനും മിനിട്ടുകൾ മതി ഒരാളോട് ഇഷ്ടം തോന്നാൻ, ഇഷ്ടം നഷ്ടമാകാനും. ഇപ്പോൾ താൻ ജ്യോതിയെ ഇഷ്ടപ്പെടുന്നുണ്ട്. ഈ ചായ ഉണ്ടാക്കലും…

ഏകാന്ത തീരങ്ങൾ

രാവിലെ ചായ കുടിക്കുന്നതിനിടയിൽ ഫേസ്ബുക്ക് അപ്ഡേറ്റ് പരിശോധിക്കവേ ആദ്യം കണ്ണിൽ പെട്ടത് സുമിയുടെ പോസ്റ്റായിരുന്നു. ഇന്ന് എന്‍റെ പിറന്നാൾ ആണെന്ന് മാത്രം ആണ് അവൾ കുറിച്ചത്. ഇത്തരമൊരു കാര്യം ആരാണ് എഴുതി എല്ലാവരെയും അറിയിക്കുക ആ പോസ്റ്റ് എന്നിൽ അദ്ഭുതം ഉളവാക്കി അതേ ചുറ്റിപ്പറ്റി മനസിൽ ധാരാളം ചോദ്യങ്ങൾ ഉയർന്നു.

തന്‍റെ ജീവിതത്തിലെ ഓരോ മൂഹൂർത്തങ്ങളെയും പറ്റി വിചിത്രമായ ഈ ലോകത്തോട് പങ്കുവയ്ക്കാൻ അവൾ നിർബന്ധിതയായിരിക്കുന്നത് ജീവിതത്തിൽ ഏകാന്തത വളർന്നു വരുന്നതു കൊണ്ടാകുമോ. തന്‍റെ സുഖദുഃഖങ്ങളെപ്പറ്റി പങ്കുവയ്ക്കാൻ അവനെ കേൾക്കാൻ ചുറ്റും ആളില്ലാതാവുകയാണോ? ചുറ്റും ആരുണ്ടായിട്ടും കാര്യമില്ല, അവരെല്ലാം തങ്ങളുടെ മുന്നിൽ ഇരിക്കുന്ന ആളെ അവഗണിച്ചും അവൻ പറയുന്ന കാര്യങ്ങൾ കേൾക്കാതെയും ദൂരെ ഏതോ ലോകത്തുള്ളവരുമായി ഫോണിലൂടെ ബന്ധം പുലർത്തുന്നതിൽ സന്തോഷം കണ്ടെത്തുകയല്ലേ.

സുമിയെ കണ്ടിട്ട് ഒരുപാട് നാളായി. കൊറോണ കാലം ആളുകളെ പരസ്പരം അകറ്റിയതു കൊണ്ട് എല്ലാവരും ഒറ്റയ്ക്ക് ജീവിക്കാൻ ശീലിച്ചിരിക്കുന്നു. ഈ സമയത്ത് ഒഴിവു സമയങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ചെലവഴിച്ചാണ് ആളുകൾ മഹാമാരി കാലത്തെ അതിജീവിച്ചത്. എന്നാൽ ജീവിതം ഇപ്പോൾ സാധാരണ നിലയിലായെങ്കിലും സോഷ്യൽ മീഡിയയിൽ ജീവിതം തള്ളിനീക്കുന്നവരാണ് മിക്കവരും.

സുമിയെ കാണുകയെന്നത് അത്ര എളുപ്പമല്ല. അവൾ തിരക്കുപിടിച്ച മുംബൈ നഗരത്തിലെ ഏതോ ഒരു കോണിലാണ് താമസിക്കുന്നത്. ഞാനാണെങ്കിൽ മറ്റൊരു കോണിലും. എന്നാൽ ഇന്ന് ഞാൻ അവളെ അദ്ഭുതപ്പെടുത്താൻ തന്നെ തീരുമാനിച്ചു. ഞാൻ ഉടൻ തന്നെ അവളെ ഫോണിൽ വിളിച്ച് പിറന്നാൾ ഗാനം ആലപിച്ചു കൊണ്ട് അവൾക്ക് ആശംസകൾ നേർന്നു. മറുതലയ്ക്കൽ അവളുടെ കിലുകിലാ എന്നുള്ള ചിരി ഉയർന്നു കേൾക്കാമായിരുന്നു.

“ഇന്ന് തിരക്കിലാണെങ്കിൽ കുഴപ്പമില്ല, തിരക്കില്ലാത്ത ദിവസം നമുക്ക് എവിടെയെങ്കിലും പോയി ഉച്ചഭക്ഷണം കഴിക്കാം.” ഞാൻ പറഞ്ഞു.

“ങ്ഹാ കുടുംബവുമൊത്തു ഡിന്നർ കഴിച്ചോളാം. പക്ഷേ പകൽ ഞാൻ ഫ്രീയാണ്. നമുക്ക് പല്ലാഡിയത്തിൽ വച്ച് മീറ്റ് ചെയ്യാം.“ സുമിയുടെ മറുപടിയിൽ സന്തോഷം കലർന്നിരുന്നു. വർഷങ്ങളായി ആരെയോ കാത്തിരുന്നതുപോലെയായിരുന്നു അവളുടെ മറുപടി.

പല്ലാഡിയം മാൾ നഗരത്തിന്‍റെ രണ്ടറ്റങ്ങളായി ഉള്ള ഞങ്ങളുടെ വീടിന്‍റെ ഏറെക്കുറെ മധ്യഭാഗത്തായാണ് സ്‌ഥിതി ചെയ്യുന്നത്. ഞങ്ങൾ മുമ്പും അവിടെ വച്ച് കണ്ടുമുട്ടിയിട്ടുണ്ട്. രണ്ടുപേർക്കും വരാനും പോകാനും വലിയ അസൗകര്യമില്ലാത്ത ഇടം, വലിയ ദൂരവുമില്ല.

അന്ന് സുമിയെക്കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു മനസിൽ. ദിവസവും 3- 4 പോസ്റ്ററുകൾ ഇടാത്ത ഒരു ദിവസം പോലും അവളുടെ ജീവിതത്തിൽ നിന്നും കടന്നു പോകുമായിരുന്നില്ല. ചിലപ്പോൾ അവൾ കഴിച്ച ഭക്ഷണത്തെക്കുറിച്ചോ വസ്ത്രത്തെക്കുറിച്ചോ അതുമല്ലെങ്കിൽ ചിലപ്പോൾ തന്നെ പറ്റിയോ മറ്റൊരാളെക്കുറിച്ചോ ഒക്കെ ആയിരുന്നു അവളുടെ പോസ്റ്ററുകൾ.

സോഷ്യൽ മീഡിയയിൽ ഏറ്റവും സജീവമായിരുന്നത് സുമി മാത്രമാണ്. അക്കാര്യത്തിൽ എനിക്കൊരു സംശയവുമുണ്ടായിരുന്നില്ല. അവളുടെ ഭർത്താവ് സഞ്ജയ്നെ പലപ്പോഴും കണ്ടിട്ടുമുണ്ട്. വളരെ മാന്യമായി ഇടപഴകിയിരുന്ന ഒരു വ്യക്തി.

സുമി വളരെ മനോഹരമായി വസ്ത്രം ധരിച്ച് പഞ്ചാബ് ഗ്രില്ലിന് പുറത്ത് എന്നെയും കാത്തു നിൽക്കുന്നുണ്ടായിരുന്നു. മോഡേൺ സ്റ്റൈലിഷ് വൺ പീസ് ഡ്രസ് ആയിരുന്നു അവളുടെ വേഷം. കണ്ടയുടനെ ഞാൻ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ആശംസകൾ നേരുകയും അവൾക്കായി കരുതിയ സമ്മാനം നൽകുകയും ചെയ്തു.

“നീ സുന്ദരിയായിരിക്കുന്നു. ബർത്ത് ഡേ ആയതുകൊണ്ടാണോ?”

അവളുടെ മുഖത്ത് സന്തോഷം പടർന്നു. ഞങ്ങൾ റെസ്റ്റോറന്‍റിൽ കയറി മൂലയിലായി അധികം ബഹളമൊന്നുമില്ലാത്ത ഇടത്ത് ഇരുന്നു. തുടർന്ന് ഞാൻ ഭക്ഷണം ഓർഡർ ചെയ്‌തു. അവൾ ഭക്ഷണം കഴിക്കുന്നതിനിടെ ഓരോരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്കു ഞങ്ങൾ കൂട്ടുകാരുടെ ചില തമാശകൾ പറഞ്ഞു ചിരിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എന്നെ അലട്ടികൊണ്ടിരുന്ന ആ ചോദ്യം ഞാൻ അവളോട് ചോദിച്ചു. “സുമീ, നീ എന്തുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഇത്രയും സജീവമായത്. പക്ഷേ ഒരു കാര്യം ഉണ്ട്. നീ നിന്‍റെ ജന്മദിനത്തെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത് നന്നായി. അല്ലായിരുന്നുവെങ്കിൽ ഞാൻ ശരിക്കും മറന്നു പോയേനെ.”

“അതെ ദിയാ, എനിക്കറിയാം. ആരാണ് ഇപ്പോൾ ഇതൊക്കെ ഓർത്തു വയ്ക്കുന്നത്? അതുകൊണ്ടാ ഞാൻ പോസ്റ്റ് ഇട്ടത്. നോക്കൂ, ഉപകാരമുണ്ടായി. ഇത്രയും നാളുകൾക്ക് ശേഷം ഇന്ന് നമ്മൾ മേശയ്ക്ക് അപ്പുറവും ഇപ്പുറവുമിരുന്നു ഇങ്ങനെ സംസാരിക്കുന്നു. നീ ഓർത്തില്ലായിരുന്നുവെങ്കിലോ. പിന്നെ ഞാനത് പോസ്റ്റ് ചെയ്തില്ലെങ്കിലോ? ഈ വിശേഷ ദിവസത്തിൽ എനിക്ക് എന്‍റെ കൂട്ടുകാരിയെ കാണാൻ കഴിയുമായിരുന്നോ?” സുമിയുടെ വാക്കുകളിൽ സന്തോഷം പ്രകടമായിരുന്നു.

നീണ്ട 10 വർഷമായി സുമി എന്‍റെ കൂട്ടുകാരിയായിട്ട്. വർഷങ്ങളോളം അടുത്തടുത്ത ഫ്ളാറ്റുകളിൽ താമസിച്ചിരുന്നവരാണ്. പിന്നീട് അവളും കുടുംബവും ദൂരെ മാറിത്താമസിക്കാൻ തുടങ്ങിയതോടെ, പരസ്പരമുള്ള കൂടിക്കാഴ്ചകൾ കുറഞ്ഞു. പിന്നീട് വല്ലപ്പോഴും ഒന്ന് കണ്ടാലായി അത്ര തന്നെ. എന്തിനേറെ കോളുകൾ പോലും വിരളമായി. ഒരു നിമിഷം ഞാൻ കഴിഞ്ഞ കാലത്തെക്കുറിച്ചോർത്തു കുറച്ചു നേരം നിശബ്ദയായി.

അവൾ ദീർഘനിശ്വാസം എടുത്തു കൊണ്ട് പറഞ്ഞു. “നമ്മൾ വിചാരിക്കുമ്പോലെയല്ലല്ലോ ജീവിതം നീങ്ങുക. അത് അതിന്‍റെ വഴിക്ക് പോകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.”

“എന്ത് പറ്റി സുമി?”

“എന്തോ അജ്ഞാതമായ കാരണത്താൽ എല്ലാവരും അവരിലേക്ക് തന്നെ ചുരുങ്ങുന്നതായി നിനക്ക് തോന്നിയിട്ടില്ലേ? ആരും ആരെയും കാണുന്നില്ല, ആരോടും സംസാരിക്കുന്നില്ല, ആരേയും ശ്രദ്ധിക്കുന്നില്ല.”

“അതെ സുമി, ഇപ്പോൾ എല്ലാവരും തിരക്കുകളിലൂടെ സഞ്ചരിക്കുകയാണ്.”

“പക്ഷേ എന്തിന്? നേരത്തെയും തിരക്കില്ലായിരുന്നോ? ഇപ്പോൾ എവിടെ നിന്നാ ഇത്ര തിരക്ക് വന്നത്?” ഇതു പറയുമ്പോൾ അവളുടെ ശബ്ദം കനക്കുന്നതായി ഞാൻ തിരിച്ചറിഞ്ഞു.

അൽപം അസ്വസ്ഥതയോടെ ഞാൻ അവളുടെ കൈകളിൽ പിടിച്ചു ചോദിച്ചു. “സുമി എന്താ പറ്റിയത്? എനിതിംഗ് റോങ്ങ്? നീ ഓകെ അല്ലെ?”

“ദിയാ, ഞാൻ ഡിപ്രഷനിനുള്ള ചികിത്സയിലാണ്” അവൾ മുഖം കുനിച്ചു കൊണ്ട് പറഞ്ഞു.

“എന്താ പറഞ്ഞത്?” പാതിവഴിയിൽ ഭക്ഷണം കഴിക്കുന്നത് നിർത്തികൊണ്ട് ഞാൻ അവളുടെ മുഖത്തേക്ക് ഉത്കണ്ഠയോടെ നോക്കിയിരുന്നു. അവൾ വളരെ പ്രസന്നവതിയായിരുന്നു. അവൾക്ക് എങ്ങനെ വിഷാദം ഉണ്ടായി? എനിക്ക് അതിൽ വല്ലാത്ത സങ്കടം തോന്നി. “സുമീ, എന്താ പറ്റിയത്?”

“അറിയില്ല ദിയ, പെട്ടെന്ന് ഒരു ദിവസം ശരീരം തളരുന്നതു പോലെ തോന്നി, എന്തുകൊണ്ടെന്നറിയില്ല. വളരെ ഏകാന്തത അനുഭവപ്പെട്ടു തുടങ്ങി. സഞ്ജയനും മോഹിത്തും അവരവരുടെ ലോകത്തിലാണ്. ഒരു ചെറിയ പട്ടണത്തിൽ നിന്ന് മുംബൈയിൽ എത്തിയപ്പോൾ എനിക്ക് ധാരാളം സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം കെട്ടുപോയിരിക്കുന്നു. എനിക്ക് ഒരു ജോലി ഉണ്ടായിരുന്നുവെങ്കിൽ, എന്‍റെ ജീവിതത്തിൽ കുറച്ചുപേരെങ്കിലും ഉണ്ടാകുമായിരുന്നു. ഒരു സോഷ്യൽ സർക്കിൾ ഉണ്ടാകുമായിരുന്നു. എന്നൊക്കെ ഞാൻ ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട്.”

“ഇല്ല സുമി അങ്ങനെയല്ല. അപ്പോൾ വേറെ എന്തെങ്കിലും കാര്യങ്ങളിൽ സ്ട്രെസ് ഉണ്ടാകുമായിരുന്നു. പിന്നെ കുറേക്കൂടി ഉത്തരവാദിത്തങ്ങൾ ഉണ്ടാകുമായിരുന്നു.” ഞാൻ അവളെ ആശ്വ സിപ്പിക്കാനെനോണം പറഞ്ഞു.

“അപ്പോൾ ഈ ഏകാന്തത ഉണ്ടാകുമായിരുന്നില്ല, അല്ലേ?” അവളുടെ ശബ്ദം തണുത്ത മരവിച്ചതു പോലെ എന്‍റെ കാതുകളിൽ മുഴങ്ങി.

“ഇത്തരത്തിൽ ഏകാന്തതയുടെ ഇരകളായി ജീവിക്കുന്ന അനേകം ആളുകൾ ഉണ്ട്. അവരെല്ലാം വീട്ടിൽ ഇരിക്കുന്നവർക്ക് മാത്രമല്ല, അവരിൽ ജോലി ചെയ്യുന്നവരും ഉൾപ്പെടുന്നുണ്ട്. ഇത് നിന്‍റെ മാത്രം പ്രശ്നമല്ല.”

“മാനസികമായി ക്ഷീണിതയാണെങ്കിലും സോഷ്യൽ മീഡിയയിൽ ഇങ്ങനെ എന്തെങ്കിലും പോസ്റ്റ് ഇടുന്നത് അതുകൊണ്ടാണ്. ആളുകൾ അപ്പോൾ അവിടെയെങ്കിലും ഒത്തുകൂടും. കുറച്ചു തമാശ പറച്ചിലും ചിരിയും ഒക്കെ ആകുമ്പോൾ മനസിനു ഒരു നേരിയ ആശ്വാസം. എന്തെങ്കിലും ഫണ്ണി പോസ്റ്റിനു കുറഞ്ഞ പക്ഷം ഒരു സ്മൈലി എങ്കിലും വരുമല്ലോ. അങ്ങനെ അല്ലാതെ വരുമ്പോൾ ചിരിച്ചിട്ട് എത്ര നാളായെന്ന് തോന്നി പോകും. നിന്‍റെ വിശേഷം പറയൂ. വിശ്വാസും തരുണിയും സുഖമായിരിക്കുന്നോ?”

“വിശ്വാസിന്‍റെ കാര്യം പറയാതിരിക്കുന്നതാ ഭേദം. ഓഫീസിൽ ടൂർ ഒക്കെയായി വിശ്വാസ് തിരക്കിലാണ്. തരുണിയ്ക്ക് ആഴ്ചയിൽ 3 ദിവസം വർക്ക് ഫ്രം ഹോമാണ്. ദിവസം മുഴുവൻ അവൾ വാതിലും അടച്ചു മുറിയിലായിരിക്കും. അവൾക്കും വളരെയധികം സമ്മർദ്ദമുണ്ട്. ചിലപ്പോൾ അവൾ വാഷ്റൂമിലേക്ക് പോകാനും എന്തെങ്കിലും കഴിക്കാനും മാത്രമാണ് മുറിയിൽ നിന്ന് പുറത്തിറങ്ങുന്നത്. വീക്കെൻഡിൽ പിന്നെ അവളെ കാണാനേ കിട്ടില്ല. കൂട്ടുകാർക്കൊപ്പം ഔട്ടിംഗിലായിരിക്കും.”

“നിനക്ക് ബോറടിക്കാറില്ലേ? ഒഴിവ് സമയത്ത് നീ എങ്ങനെയാണ് ചെലവഴിക്കുന്നത്?”

“നിന്നെ പോലെ എനിക്കും ബോറടിക്കാറുണ്ടായിരുന്നു. അങ്ങനെ ആയപ്പോൾ ഞാൻ ചില ക്ലാസുകളിൽ ചേർന്നു, കൂടാതെ വീട്ടിലിരുന്ന് കൊച്ചു കുട്ടികൾക്ക് ഡാൻസ് ക്ലാസുകൾ എടുക്കാൻ തുടങ്ങി. എന്തു ചെയ്യാനാണ് സുമി. നമ്മുടെ മനസിനെയും സന്തോഷിപ്പിക്കേണ്ടേ?”

“മിടുക്കി തന്നെ നീ കഥക് പഠിപ്പിക്കുന്നുണ്ടോ? നല്ലൊരു ഡാൻസർ ആണല്ലോ നീ. പക്ഷെ നീ എന്ത് ക്ലാസിനാണ് ജോയിൻ ചെയ്തത്?”

“ഞാൻ ഗിറ്റാർ വായിക്കാൻ പരിശീലിക്കുന്നുണ്ട്. ഗിറ്റാർ പഠിക്കണമെന്നത് എന്‍റെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നു. അവിടെ നല്ലൊരു മ്യൂസിക് ഗ്രൂപ്പും രൂപപ്പെട്ടിട്ടുണ്ട്. പണ്ടത്തെ പോലെ അയൽപക്കത്ത് ഇരുന്ന് കുശുകുശുപ്പ് പറയുന്ന നമ്മുടെ അമ്മമാരുടെയും അമ്മൂമ്മമാരുടെയും കാലമല്ല ഇപ്പോൾ. ഇനി ഏകാന്തതയെ നേരിടാനുള്ള വഴികൾ കണ്ടെത്തണം. സോഷ്യൽ മീഡിയ ആവശ്യമില്ലെന്ന് പലപ്പോഴും അമ്മയോട് പറയാറുണ്ട്. എന്‍റെ കൂടെ വരാൻ ഞാൻ അമ്മയോട് പലവട്ടം ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ പിന്നെ ഫോണിൽ കൂടി പഠിപ്പിക്കാം എന്ന് ഞാൻ അമ്മയോട് പറയാറുമുണ്ട്. പക്ഷെ അമ്മ എവിടെ കേൾക്കാൻ. എന്നെ പഠിപ്പിക്കണ്ട നീ വരുമ്പോൾ ഞാനും ഇതിൽ മുഴുകിയിരുന്നു പോകുമെന്നാ അമ്മ പറയുന്നത്.”

ഇത് കേട്ട് സുമി വളരെ മധുരമായി ചിരിച്ചു. ഞാൻ വീണ്ടും പറഞ്ഞു, “ങാ സുമി, ഒരു കാര്യം ചോദിക്കട്ടെ നീ പോസ്റ്റ് ഇടുമ്പോഴെല്ലാം ധാരാളം കമൻറുകൾ വരാറുണ്ടല്ലോ. ചിലതൊക്കെ ഞാൻ വായിച്ച് ചിരിക്കാറുണ്ട്. ഒരിക്കൽ നിന്‍റെ ചുവന്ന വസ്ത്രം ധരിച്ചുള്ള നിന്‍റെ ഫോട്ടോയ്ക്ക് ആരോ ഒരു കവിത എഴുതിയിരുന്നല്ലോ.”

“അതോ… ഞാൻ ആ ഡ്രസ്സ് ധരിച്ചിട്ട് സഞ്ജയനെ കാണിക്കാൻ ചെന്നപ്പോൾ സഞ്ജയ് ഫോണിൽ മുഴുകിയിരിക്കുന്നു. അഭിപ്രായം ചോദിച്ചപ്പോൾ ഞാൻ ഇതൊന്ന് ചെയ്യട്ടെ എന്ന് പറഞ്ഞു. വീണ്ടും ചോദിച്ചപ്പോൾ നേരത്തെ കണ്ടിട്ടുണ്ടല്ലോ നല്ലതാണെന്ന്.”

ഇതുകേട്ട് ഞങ്ങൾ രണ്ടുപേരും ചിരിച്ചു. അപ്പോൾ അവൾ പറഞ്ഞു, “ഇപ്പോൾ ഞാൻ ഇത് പറഞ്ഞു ചിരിക്കുന്നു. അന്ന് എനിക്ക് ദേഷ്യം വന്നു. പിന്നീട് ആ ഡ്രസ്സും ഇട്ടുള്ള പിക് പോസ്റ്റ് ചെയ്‌തപ്പോൾ ആളുകളുടെ തമാശകൾ കേട്ട് ഞാൻ ശരിക്കും ചിരിച്ചു. ഫേസ്ബുക്കിനെ നമ്മൾ ഫേക്ബുക്ക് എന്ന് വിളിച്ചാലും ഏകാന്തതയുടെ ചില നിമിഷങ്ങൾക്ക് അത് തീർച്ചയായും അയവു വരുത്തുന്നുണ്ട്.”

“ബന്ധുക്കളെ കാണാറുണ്ടോ?”

“ഇല്ല ദിയ, ആരെങ്കിലും മുംബൈ സന്ദർശിക്കാനോ മറ്റ് എന്തെങ്കിലും ആവശ്യത്തിനോ മാത്രമാണ് ബന്ധുക്കൾ വീട്ടിൽ വരിക. ഞങ്ങളെ കാണണോ നമ്മൾക്കൊപ്പം താമസിക്കാനോ വളരെക്കുറച്ചുപേർ മാത്രമേ വരാറുള്ളൂ. ഇപ്പോൾ ഒന്നും പഴയതു പോലെയല്ല. എല്ലാ ബന്ധങ്ങളിലും സ്വാർത്ഥതയുടെ മേലാപ്പുണ്ട്. നിസ്വാർത്ഥമായ സ്നേഹം അതെവിടെ ആണുള്ളത്. നമ്മൾ എല്ലാം ബാലൻസ് ചെയ്തു ജീവിതം ജീവിക്കുകയല്ലേ. ഒക്കെയും ഒരു നാടകം പോലെ. അവസാനം വരെയും അങ്ങനെ തന്നെ“ സുമി നിർവാകാരതയോടെ പറഞ്ഞു കൊണ്ടിരുന്നു.

“പക്ഷെ ഇങ്ങനെ അസുഖം പിടിച്ചിരുന്നിട്ട് കാര്യമില്ല സുമി, ഡിപ്രഷൻ ഉണ്ടാകാതെ നോക്കണം. എനിക്ക് വല്ലാത്ത സങ്കടം ഉണ്ട്. ഇടയ്ക്ക് വല്ലപ്പോഴും സോഷ്യൽ മീഡിയയിൽ സമയം കളയുന്നത് കൊണ്ട് കുഴപ്പമില്ല. വേറെ എന്തെങ്കിലും ചെയ്യാനും പഠിക്കാനും ശ്രമിക്കുകയാണെങ്കിൽ ജീവിതത്തെക്കുറിച്ചുള്ള പരാതികൾ പറയും. ജീവിതം കുറച്ചു കൂടി എളുപ്പമാവുകയും ചെയ്യും സുമി. ഇപ്പോൾ ആർക്കും ആരേയും ആവശ്യമില്ലാത്ത സമയമാണ്. ഓരോ വ്യക്‌തിയും അവനവന്‍റെ തിരക്കുകളിലാണ്. ഏകാന്തത കൂടിക്കൂടി വരികയാണ്. പക്ഷേ രോഗങ്ങൾക്ക് മുന്നിൽ നമ്മുടെ ജീവിതത്തെ ബലിയർപ്പിക്കരുത്, നീ നിന്‍റെ ആരോഗ്യം ശ്രദ്ധിക്കണം. കൂടാതെ ചില ജോലികളിലോ ഹോബികളിലോ ഏർപ്പെടുന്നത് നല്ലതായിരിക്കും മോളെ. മനസിന് സന്തോഷം ഉണ്ടാകും. കാലവും മനുഷ്യരും ഇനിയൊരിക്കലും മാറാൻ പോകുന്നില്ല. അത് എല്ലാം അങ്ങനെ തന്നെ തുടരും.”

സുമി ഏറെ ആശ്വാസത്തോടെ എന്‍റെ കൈയ്യിൽ ഇറുക്കിപ്പിടിച്ചു. “നമുക്ക് ഇങ്ങനെ ഇടയ്ക്ക് ഇങ്ങനെ ഒത്തുചേരണം.” അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“എന്താ ഇത് സുമി, നിനക്ക് തോന്നുമ്പോൾ പറഞ്ഞാൽ മതി നമുക്ക് കാണാലോ. എനിക്കും അത് സന്തോഷമുള്ള കാര്യമല്ലേ ഞാൻ റെഡി.”

ഞങ്ങൾ ഭക്ഷണം അപ്പോഴേക്കും കഴിച്ചു കഴിഞ്ഞിരുന്നു. ഞാൻ ബില്ലടക്കാൻ മുതിർന്നയുടനെ അവൾ എന്നെ തടഞ്ഞു കൊണ്ട് പറഞ്ഞു, ”ഇന്നെന്‍റെ ബർത്ത് ഡേ പാർട്ടിയാണ്” എന്ന് പറഞ്ഞുകൊണ്ട് അവൾ ബിൽ അടച്ചു.

പിന്നീട് ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് ഞങ്ങളുടെ വഴികളിലേക്ക് പിരിഞ്ഞു. ഞങ്ങൾ രണ്ടുപേരും ഇന്ന് ഏകദേശം 4 മണിക്കൂർ നേരം ഒരുമിച്ചായിരുന്നു, വാട്സാപ്പിലെ ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിൽ വീട്ടിൽ എത്തി എന്ന സന്ദേശം പോസ്റ്റ് ചെയ്‌തിട്ടും ഞങ്ങൾ രണ്ടുപേരും ഒരിക്കൽ പോലും ഞങ്ങളുടെ ഫോണിലേക്ക് നോക്കിയില്ല എന്നത് എന്നെ അദ്ഭുതപ്പെടുത്തി.

ഞാൻ സുമിയെ കളിയാക്കികൊണ്ട് മെസ്സേജ് അയച്ചു, “സുമി, നമ്മൾ ഫോട്ടോ എടുക്കാൻ മറന്നു പോയല്ലോ, ഒരു ഫോട്ടോ പോലും എടുത്തില്ലല്ലോ.”

കരയുന്ന ഇമോജിയോടെ അവൾ ഇപ്രകാരം മറുപടി അയച്ചു, “കുറച്ച് സമയത്തേക്ക് ഫോണും സോഷ്യൽ മീഡിയയും മറക്കുന്ന ചില നിമിഷങ്ങൾ എന്‍റെ ജീവിതത്തിൽ എനിക്ക് ശരിക്കും വേണം. പക്ഷേ എനിക്ക് അത്തരം നിമിഷങ്ങൾ ലഭിക്കാറില്ലായിരുന്നു.”

ഞാൻ അവൾക്ക് ഒരു ചുംബന ഇമോജി അയച്ചു. പിന്നെ കുറച്ചു നേരം കഴിഞ്ഞ അവളുടെ മറുപടി എത്തി. “ഞാൻ പാട്ടു ക്ലാസ്സിൽ ചേരാൻ തീരുമാനിച്ചു. ഗൂഗിളിൽ തിരയുകയാണ്. ഇനി കാണുമ്പോൾ നിനക്കുവേണ്ടി ഞാൻ ഒരു പാട് പാടും.”

സന്തോഷം സഹിക്കവയ്യാതെ ഞാൻ അവൾക്ക് ഒരു ഹാർട്ട് ഇമോജി അയച്ചു.

story- പൂട്ട്

കാലത്ത് എണീറ്റ് വാട്സാപ്പ് ചികഞ്ഞപ്പോൾ ആദ്യം തുറന്നത് മീരയുടെ വോയ്സ് മെസേജാണ്. ‘നിന്നെ എപ്പോഴാണ് ഒന്നു കാണാൻ കിട്ടുക? ഒരു അത്യാവശ്യ കാര്യം സംസാരിക്കാനുണ്ടായിരുന്നു.’

രാത്രി പതിനൊന്ന് നാൽപ്പത്തഞ്ചിനാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവം ഗൗരവമുള്ളതു തന്നെ. അക്കാര്യം ഇന്നലെ അവളുടെ ഉറക്കം അപഹരിച്ചിട്ടുണ്ടെന്നു വ്യക്തം. മുമ്പും പല കാര്യങ്ങളുടെയും ഗൗരവം മീര പറയുമ്പോഴായിരുന്നു ശരിക്കും മനസ്സിലാക്കിയിരുന്നത്.

ഞായറാഴ്ചയാണെങ്കിലും തിരക്കുള്ള ദിവസമാണ്. രാത്രി വരെ ചെയ്തു തീർക്കാനുള്ള പണികൾ മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നു. ഇന്ന് അവളെ കാണൽ നടക്കില്ലെന്നുറപ്പാണ്. എങ്കിലും ടെക്സ്റ്റ് ചെയ്തു, ‘എന്താ കാര്യം?’

കുളിക്കാൻ പോവാനായി മൊബൈൽ താഴെ വെക്കുമ്പോഴേക്കും മീരയുടെ മറുപടി വന്നു കഴിഞ്ഞിരുന്നു.

‘അന്ന് നീ സ്ക്കൂളിൽ വന്നപ്പോൾ കണ്ട, കൂട്ടുകാരിയെ ടോയ്ലറ്റിലിട്ടു പൂട്ടിയ ആ കുട്ടിയില്ലേ, രജിത, അവളുടെ ജീവിതം വലിയൊരു പ്രശ്നത്തിലാണ്. എനിക്കെന്തെങ്കിലും ചെയ്യണമെന്നുണ്ട്. പക്ഷെ എങ്ങനെ? കുട്ടികളുടെ മനസ്സ് നന്നായി അറിയുന്ന ആളല്ലേ, നിനക്കെന്തായാലും നല്ലൊരു പോംവഴി നിർദ്ദേശിക്കാൻ കഴിയും.’

‘ഫ്രീയാവുമ്പോൾ ഞാൻ അറിയിക്കാം,’ എന്ന് ടെക്സ്റ്റ് ചെയ്ത് തിരക്കിട്ട് കുളിക്കാൻ കയറി.

മീര ഡിഗ്രിക്കു പഠിക്കുമ്പോൾ ക്ലാസ്സ്മേറ്റായിരുന്നു. ഇപ്പോൾ ഒരു പ്രൈമറി സ്ക്കൂൾ അധ്യാപിക. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയുടെ കാര്യമാണ് അവൾ പറയുന്നത്. എല്ലാ അധ്യാപകരെയും പോലെ നാലു മണിക്ക് കൂട്ടമണിയടിക്കുമ്പോൾ കുട്ടികളുടെ കാര്യം മനസ്സിൽ നിന്നു കളയുന്നവളല്ല മീര. അവൾ അവരെയും കൂടെ കൊണ്ടുനടക്കും. സ്വന്തമായി രണ്ട് കുട്ടികൾ ഉണ്ടായിട്ടും!

ഭാര്യയെയും മക്കളെയും പള്ളിയിൽ കൊണ്ടുപോയി വിട്ട് ഏരിയ കമ്മിറ്റി മീറ്റിംഗിനെത്തുമ്പോൾ അവിടെ മാധവൻ മാഷും നാസറും മാത്രമേ എത്തിയിട്ടുണ്ടായിരുന്നുള്ളൂ. യോഗം തുടങ്ങാൻ അര മണിക്കൂറെങ്കിലും വൈകും. മീരയെ കാണാൻ സമയമുണ്ട്. ഹാജർ ബുക്കിൽ മൂന്നാമനായി ഒപ്പുവെച്ച് ‘ഉടനെ വരാം’ എന്നു പറഞ്ഞ് അവിടെ നിന്ന് മുങ്ങി.

“നീയിപ്പോൾ എവിടെയാണ്?” മീരയെ ഫോണിൽ വിളിച്ചു ചോദിച്ചു.

“ഞങ്ങൾ ടാഗോർ പാർക്കിലുണ്ട്.”

“ശരി, ഇപ്പോൾ എത്താം.”

മീരയുടെ മാസങ്ങളായുള്ള നിർബന്ധത്തിനൊടുവിലാണ് രണ്ടാഴ്ച മുമ്പ് അവളുടെ സ്ക്കൂളിൽ പോയത്. അവളുടെ കുട്ടികൾക്ക് ഞാൻ ഒരു കഥ പറഞ്ഞു കൊടുക്കണം പോലും!

“കഥ പറയുന്നതിൽ ഞാനൊരു പരാജയമാണ്. എന്നാലും കുട്ടികൾക്ക് നല്ല കഥകൾ കേൾക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതല്ലല്ലോ. നീ എത്ര നന്നായാണ് പറയുന്നത്” എന്ന് അവൾ പറഞ്ഞപ്പോൾ സുഖിപ്പിക്കലാണെന്ന് മനസ്സിലായെങ്കിലും ‘നോ’ പറയാൻ തോന്നിയില്ല.

രണ്ടു മണിക്കൂർ വരെ നീട്ടിക്കൊണ്ടു പോകാവുന്ന ഒരു സെഷൻ പ്ലാൻ ചെയ്ത് ഒരു വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് അവളുടെ സ്ക്കൂളിലെത്തിയത്. കാറിൽ നിന്നിറങ്ങിയതും അധികമാരെയും പരിചയപ്പെടുത്താതെ, ഓഫീസിലേക്കോ സ്റ്റാഫ്റൂമിലേക്കോ കൊണ്ടുപോവാതെ മീര വന്ന് എന്നെ അവളുടെ ക്ലാസ്സിലേക്ക് കൂട്ടിക്കൊണ്ടു പോയി.

“കുട്ടികളേ, ഒരു വിശിഷ്ടാതിഥിയാണ് ഇന്ന് നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഇദ്ദേഹമാണ് സുബിൻ ചേട്ടൻ. കുട്ടികൾക്കു വേണ്ടി ധാരാളം കഥകൾ എഴുതിയിട്ടുള്ള ആളാണ്. നന്നായി കഥ പറയുകയും ചെയ്യും. ഇന്ന് സുബിൻ ചേട്ടൻ നിങ്ങൾക്ക് ഒരു കഥ പറഞ്ഞു തരും.” മീര പരിചയപ്പെടുത്തിയപ്പോൾ കുട്ടികൾ ആവേശത്തോടെ കൈയടിച്ചു.

ആകെ ഇരുപത്തി മൂന്ന് കുട്ടികളേ ക്ലാസ്സിൽ ഉണ്ടായിരുന്നുള്ളൂ. പതിനഞ്ച് പെൺകുട്ടികളും എട്ട് ആൺകുട്ടികളും. എല്ലാവരും ചുണക്കുട്ടികളായിരുന്നു. പെൺകുട്ടികളായിരുന്നു കൂടുതൽ ഉത്സാഹവതികൾ.

കുട്ടികളെ പരിചയപ്പെട്ട ശേഷം ഞാൻ കഥ തുടങ്ങി. ചപ്പാത്തി ഇഷ്ടമില്ലാത്ത ‘ദ്യുതി’ എന്ന കുട്ടിയുടെ കഥയാണ് പറഞ്ഞു തുടങ്ങിയത്. അവളുടെ വീട്ടിൽ എല്ലാ ദിവസവും രാത്രി ചപ്പാത്തിയാണ് ഭക്ഷണം. ആഴ്ചയിൽ ഏഴു ദിവസവും ഏഴു തരം കറികളായിരിക്കുമെന്നു മാത്രം. അവൾ എങ്ങനെയാണ് ചപ്പാത്തി ഇഷ്ടപ്പെടാൻ തുടങ്ങിയതെന്നും എങ്ങനെയാണ് സംസാരിക്കാതെ ഭക്ഷണം കഴിക്കാൻ പഠിച്ചതെന്നുമൊക്കെയാണ് കഥയിൽ പറയുന്നത്. കഥയിൽ ദ്യുതിയും അവളുടെ അച്ഛനും അമ്മയും മാത്രമല്ല ഒരു കുറുക്കനും ഉണ്ടായിരുന്നു. ദ്യുതി കണ്ടിട്ടില്ലാത്ത ഒരു കുറുക്കൻ!

നല്ല ആഹാര ശീലങ്ങളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാൻ കൂടി ഉദ്ദേശിച്ചാണ് ഈ കഥ തന്നെ തിരഞ്ഞെടുത്തത്. കഥയ്ക്കിടയിൽ പാട്ടു പാടാനുള്ള അഞ്ച് സന്ദർഭങ്ങളും ഒരുക്കിയിരുന്നു. കുട്ടികൾ ആവേശത്തോടെ ഞാൻ ചൊല്ലിക്കൊടുത്ത വരികൾ ഏറ്റു പാടി, ശ്രദ്ധയോടെ കഥ കേട്ടു, ചോദ്യങ്ങൾക്ക് ഉത്തരം അലറിക്കൊണ്ട് വിളിച്ചു പറഞ്ഞു!

മുക്കാൽ മണിക്കൂറോളം യാതൊരു തടസ്സവുമില്ലാതെ കഥ പറച്ചിൽ തുടർന്നു. എന്നാൽ അപ്പോൾ രോഷ്നി എന്ന കുട്ടി എഴുന്നേറ്റു. പിൻ ബെഞ്ചിലിരുന്ന് കഥ ആസ്വദിച്ചു കൊണ്ടിരുന്ന മീര അവളുടെ അടുത്തേക്ക് ഓടിച്ചെന്നു.

രോഷ്നിക്ക് ടോയ്ലറ്റിൽ പോവണം. ‘ഒറ്റയ്ക്കു പോവേണ്ട, വേറൊരാളേക്കൂടി കൂടെ കൂട്ടിക്കോ,’ എന്ന് മീര പറഞ്ഞു. ‘രജിത’ എന്ന കുട്ടി ‘ഞാൻ പോവാം’ എന്നു പറഞ്ഞ് ചാടിയെഴുന്നേറ്റു.

“സുബിൻ ചേട്ടാ, ഞാൻ വന്നിട്ടേ കഥയുടെ ബാക്കി പറയാവൂ,” എന്നു പറഞ്ഞിട്ടാണ് രോഷ്നി പോയത്.

കുട്ടികൾ പുറത്തേക്കു പൊയ്ക്കഴിഞ്ഞപ്പോൾ സ്ക്കൂളിലെ ഹെഡ്മാസ്റ്റർ വേണുഗോപാൽ സാർ വാതിൽക്കലെത്തി.

“മൂന്നരയ്ക്ക് കുട്ടികളെയെല്ലാം ഹാളിൽ ഒരുമിച്ചു കൂട്ടാം, അവരോട് പത്തു മിനിറ്റ് സംസാരിക്കാമോ?” എന്നാണ് അദ്ദേഹം ചോദിച്ചത്.

“അത് വേറൊരു ദിവസമാകാം, എന്നു വേണമെന്ന് മീര ടീച്ചറോട് പറഞ്ഞാൽ മതി.” എന്ന് ഞാൻ മറുപടി പറഞ്ഞു.

അതു സമ്മതിച്ച്, അദ്ദേഹത്തിന്‍റെ മകൻ, ഞാൻ ‘ബാലലോകം’ വാരികയിൽ എഴുതുന്ന നോവലിന്‍റെ സ്ഥിരം വായനക്കാരനാണ് എന്നൊക്കെ പറഞ്ഞ് എന്നെ പുകഴ്ത്തി ഹെഡ്മാസ്റ്റർ മടങ്ങി.

പുറത്തേക്കു പോയ കുട്ടികൾ മടങ്ങി വന്നിരുന്നില്ല. അവർ വരുന്നതുവരെ ഒരു പാട്ടു പാടാമെന്നു കരുതി തുടങ്ങാനൊരുങ്ങുമ്പോൾ രജിത മാത്രം മടങ്ങി വന്നു.

“രോഷ്നി എവിടെ?” മീര ചോദിച്ചു.

“അവൾ ടോയ്ലറ്റിലുണ്ട്, കുറച്ചു കാത്തു നിന്നിട്ട് ഞാനിങ്ങു പോന്നു.” കൂസലില്ലാതെ രജിത പറഞ്ഞു.

“രേഷ്മ, നീ പോയി അവളെ കൂട്ടിക്കൊണ്ടു വാ.” മീര മറ്റൊരു കുട്ടിയെ പറഞ്ഞയച്ചു.

കഥ കേൾക്കാനുള്ള ആവേശത്തിൽ രജിത വേഗം വന്നതാണെന്നാണ് ഞാൻ കരുതിയത്.

ഇപ്പോഴും രണ്ട് കുട്ടികൾ പുറത്താണ്. ഞാൻ ‘എന്നോട് കളിക്കേണ്ട ഒണക്കച്ചപ്പാത്തീ…’ എന്ന പാട്ട് കുട്ടികൾക്ക് പാടിക്കൊടുത്തു.

പാട്ട് തകർക്കുന്നതിനിടയിൽ രോഷ്നിയും രേഷ്മയും മടങ്ങി വന്നു. രോഷ്നി എങ്ങലടിച്ചു കരഞ്ഞുകൊണ്ടാണ് വരുന്നത്. എന്‍റെ കഥ പറച്ചിൽ തടസ്സപ്പെട്ടു.

മീര കുട്ടിയെ സമാധാനിപ്പിച്ച് കാര്യമെന്തെന്ന് ചോദിച്ചറിഞ്ഞു. രോഷ്നി ടോയ്ലറ്റിനുള്ളിലായിരിക്കുമ്പോൾ ടോയ്ലറ്റിന്‍റെ ഡോർ പുറത്തു നിന്ന് ലോക്ക് ചെയ്തിട്ടാണത്രേ രജിത വന്നത്. മീര രജിതയെ നോക്കി.

“ഞാൻ വാതിൽ പൂട്ടിയിട്ടില്ല.” രജിത ഉറപ്പിച്ചു പറഞ്ഞു.

മീര രോഷ്നിയെ മടിയിൽ കിടത്തി പുറത്തു തട്ടി സമാധാനിപ്പിച്ചു. അവളുടെ തേങ്ങലിന്‍റെ ശക്തി കുറഞ്ഞപ്പോൾ ഞാൻ കഥ പറച്ചിൽ പുനരാരംഭിച്ചു.

കുട്ടികളെ പഴയ മൂഡിലേക്കു കൊണ്ടുവരാൻ ഏറെ പാടുപെടേണ്ടി വന്നു. കഥ കേൾക്കുന്നതിനിടയിലും കുട്ടികൾ ഇടയ്ക്കിടെ രോഷ്നിയെയും രജിതയെയും മാറിമാറി നോക്കുന്നുണ്ടായിരുന്നു.

എന്‍റെയും ഒഴുക്കു നഷ്ടപ്പെട്ടിരുന്നു. ഇടയ്ക്കു ചോദിക്കാൻ കരുതി വെച്ചിരുന്ന പല ചോദ്യങ്ങളും ഞാൻ മറന്നു പോയി. എങ്കിലും ഒരുവിധം കഥ പറഞ്ഞൊപ്പിച്ച് മുന്നേമുക്കാലോടെ ഞാൻ അവിടെ നിന്ന് തടിയൂരി. നല്ലൊരു കഥ കേട്ട സംതൃപ്തി കുട്ടികളുടെ മുഖത്തും കാണാൻ കഴിഞ്ഞില്ല. പ്രൈമറി ക്ലാസ്സുകളിലെ അധ്യാപകർ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ഞാൻ മടക്കയാത്രയിൽ ചിന്തിച്ചത്.

രാത്രി മീര വിളിച്ച് കഥ പറച്ചിൽ കുളമായിപ്പോയതിന് ‘സോറി’ പറഞ്ഞു. “നീയെന്തു തെറ്റാണു ചെയ്തത്? കുട്ടികളാവുമ്പോൾ അങ്ങനെയൊക്കെ സംഭവിക്കും.” എന്നു പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു. ആ രാത്രിക്കു ശേഷം അക്കാര്യം മറന്നതായിരുന്നു.

ടാഗോർ പാർക്കിലെ പാർക്കിംഗ് ഏരിയയിൽ വണ്ടി നിർത്തി അകത്തു കടന്നു. മീരയുടെ രണ്ട് ആൺകുട്ടികളും ഊഞ്ഞാലാടി രസിക്കുകയാണ്. ഒരു സിമന്‍റ് ബെഞ്ചിന്‍റെ നടുവിൽ, രണ്ടറ്റത്തും ഓരോ ആൾക്ക് ഇരിക്കാനുള്ള സ്ഥലം അവശേഷിപ്പിച്ച് മീരയും ഭർത്താവും നാട്ടുവിശേഷങ്ങൾ പറഞ്ഞ് ഇരിക്കുന്നു.

“ഹായ്, രാജീവൻ സാർ,” ഞാൻ അവളുടെ ഭർത്താവിനെ വിഷ് ചെയ്തു.

“ഹായ് സുബിൻ, നിനക്കു മാത്രം പരിഹരിക്കാൻ കഴിയുന്ന എന്തോ പ്രശ്നവുമായി എന്‍റെ ഭാര്യ കുറച്ചു ദിവസമായി നടക്കുകയാണ്.”

“എന്നെക്കൊണ്ട് കഴിയുന്നതാണോ, ഏതായാലും ഒന്ന് ശ്രമിച്ചു നോക്കാം.”

“നിന്നെ ഇന്നു തന്നെ കാണാൻ കഴിഞ്ഞതു നന്നായി.” മീര പറഞ്ഞു.

“എന്താണ് രജിത മോളുടെ പ്രശ്നം?” ഞാൻ ചോദിച്ചു.

മീര പറഞ്ഞു തുടങ്ങി. “അത് പറയാനാണെങ്കിൽ വലിയൊരു കഥയാണ്. ഏതായാലും നിന്‍റെ സമയം അധികം നഷ്ടപ്പെടുത്താതെ ചുരുക്കി പറയാം. രജിത ഇതിനു മുമ്പ് ‘റെയ്ച്ചൽ’ എന്ന മറ്റൊരു കുട്ടിയേയും ടോയ്ലറ്റിനകത്തിട്ട് പൂട്ടിയിരുന്നു. ആ കുട്ടി കുറച്ച് ധൈര്യമുള്ള കുട്ടിയായിരുന്നു. അവൾ ടോയ്ലറ്റ് ക്ലീൻ ചെയ്യുന്ന ബ്രഷിന്‍റെ കമ്പി വാതിലിനിടയിലൂടെ കടത്തി പുറത്തു നിന്നിട്ട കൊളുത്ത് ഉയർത്തി മാറ്റി പുറത്തു കടന്നു. അവൾ എന്നോട് പരാതി പറഞ്ഞതുമില്ല. മറ്റു കുട്ടികൾ പറഞ്ഞാണ് ഞാൻ ഈ സംഭവം അറിയുന്നത്.”

“ആട്ടെ, നീ രജിതയുമായി സംസാരിച്ചില്ലേ?”

“സംസാരിച്ചു, പക്ഷേ ആദ്യമൊക്കെ അവൾ ചെയ്ത കാര്യം നിഷേധിക്കുകയാണുണ്ടായത്. ഞാൻ അൽപ്പം സ്വരം കടുപ്പിച്ചപ്പോൾ അവൾ പറയുകയാണ്, ‘ഒരു ദിവസം ഞാൻ മിസ്സിനെയും ടോയ്ലറ്റിലിട്ട് പൂട്ടും, പെട്ടെന്നൊന്നും മിസ്സിന് പുറത്തിറങ്ങാൻ കഴിയില്ല,’ എന്ന്.”

ഇങ്ങനെ മറ്റുള്ളവരെ വേദനിപ്പിച്ചാൽ നിനക്ക് എന്ത് സന്തോഷമാണ് കിട്ടുന്നതെന്ന്, ഞാൻ ചോദിച്ചു. ‘എന്‍റെ അമ്മയും എന്നെ ടോയ്ലറ്റിലിട്ട് പൂട്ടാറുണ്ടല്ലോ,’ എന്നാണ് അവൾ മറുപടി പറഞ്ഞത്.”

ഞാനങ്ങ് വല്ലാതായിപ്പോയി. കുറച്ചു സമയം മിണ്ടാതിരുന്നിട്ട് സ്വരം മയപ്പെടുത്തി വീണ്ടും അവളോട് ‘എന്തിനാണ് നിന്നെ അമ്മ അങ്ങനെ ചെയ്യുന്നതെന്ന്’ ചോദിച്ചു. അപ്പോൾ രജിത പറയുകയാണ്, ‘അവരുടെ ബോയ്ഫ്രണ്ട് വരുമ്പോഴാണ് അമ്മ അങ്ങനെ ചെയ്യുന്നത്,’ എന്ന്.”

കാര്യങ്ങളുടെ കിടപ്പ് എനിക്ക് ഏതാണ്ട് പിടികിട്ടി.

“രജിതയുടെ അച്ഛൻ എവിടെയാണ്?” ഞാൻ ചോദിച്ചു.

“ഗൾഫിലാണെന്നാണ് പറയുന്നത്. പക്ഷെ അയാൾ മകളെ വിളിക്കാറൊന്നുമില്ല.”

അതു പറഞ്ഞ് ഒരു പരിഹാരം പ്രതീക്ഷിച്ചു കൊണ്ട് മീര എന്നെ നോക്കി. എന്തു മറുപടി പറയുമെന്നറിയാൻ രാജീവൻ സാറിനുമുണ്ടായിരുന്നു ആകാംക്ഷ. ഞാൻ നിശ്ശബ്ദനായി നിൽക്കുന്നതു കണ്ട് അദ്ദേഹം പറഞ്ഞു.

“ചൈൽഡ് ലൈനിൽ വിവരം അറിയിക്കാൻ ഞാൻ ഇവളോടു പറഞ്ഞതാ. ഇവളാകട്ടെ സ്ക്കൂളിലെ ഹെഡ്മാസ്റ്ററോടു പോലും വിവരം പറഞ്ഞിട്ടില്ല.”

“തൽക്കാലം അതു വേണ്ട സർ. കുട്ടികളുടെ കാര്യം വലിയ കഷ്ടമാണ്. ഒരുപാട് അരക്ഷിതത്വങ്ങൾക്കു നടുവിൽ വലിയ ഭയത്തിൽ ആണ് മിക്ക കുട്ടികളുടെയും ജീവിതം. അതിൽ നിന്നൊക്കെ പുറത്തു കടക്കാൻ അവർ വിചിത്രമായ രീതികളിൽ പ്രതികരിച്ചെന്നിരിക്കും. രണ്ടാം ക്ലാസ്സിലെ ഈ കുട്ടിയെ നമുക്ക് പൂർണമായി അങ്ങ് വിശ്വസിക്കാനും കഴിയില്ല.”

“പിന്നെ എന്തു ചെയ്യണമെന്നാണ് നീ പറയുന്നത്?” മീര ചോദിച്ചു.

“തൽക്കാലം ഇനി ഇക്കാര്യങ്ങളെക്കുറിച്ചൊന്നും രജിതയോട് സംസാരിക്കേണ്ട. എന്നാൽ എല്ലാ ദിവസവും അവളെ വിളിച്ച് സ്നേഹത്തോടെ സംസാരിക്കണം. അവൾക്ക് ഒരു അമ്മയുടെ സ്നേഹം നൽകണം. അവളുടെ ഏതു പ്രശ്നത്തിനും ടീച്ചറായ നീ ഒപ്പമുണ്ടെന്ന് അവളെ ബോധ്യപ്പെടുത്തണം. പതിയെ പതിയെ ചോദിക്കാതെ തന്നെ അവൾ പല കാര്യങ്ങളും നിന്നോട് പറയും. അതുകൂടി മനസ്സിലാക്കിയ ശേഷം, രണ്ടാഴ്ചയെങ്കിലും കഴിഞ്ഞ് നമുക്ക് ഒരു തീരുമാനമെടുക്കാം. മിക്കവാറും പരിഗണന കിട്ടുമ്പോൾ തീരുന്ന പ്രശ്നമേ രജിതയ്ക്കുണ്ടാവുകയുള്ളൂ.”

മീരയുടെയോ ഭർത്താവിന്‍റെയോ പ്രതികരണത്തിനു കാത്തു നിൽക്കാതെ, ‘തിരക്കിലാണ്’ എന്ന് ആംഗ്യം കാട്ടി തിരിഞ്ഞു നടന്നു.

തിരികെ പാർട്ടി ഓഫീസിലെത്തിയപ്പോൾ അവിടെ ചൂടുപിടിച്ച ചർച്ച നടക്കുകയാണ്‌. ‘കേരളീയം’ പരിപാടി സർക്കാരിന്‍റെ ധൂർത്താണെന്ന പ്രചാരണത്തിനു നേതൃത്വം നൽകുന്ന മുസ്തഫയ്ക്കെതിരെയാണ് എല്ലാവരുടെയും രോഷപ്രകടനം. “അവനെ നമുക്ക് ടോയ്ലറ്റിലിട്ട് പൂട്ടാം.” പിന്നിലെ കസേരയിലിരുന്ന് സാന്നിദ്ധ്യം അറിയിക്കാൻ പെട്ടെന്ന് വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു. അതുകേട്ട് ആദ്യം കൂട്ടച്ചിരിയാണുണ്ടായതെങ്കിലും പിന്നീട് ചിലരൊക്കെ കൈയടിച്ചു.

കള്ളിച്ചെടികൾക്കും അപ്പുറം

ഇരുപത് വർഷത്തെ ഗൾഫ് ജീവിതം മതിയാക്കി മത്തായിച്ചന്‍റെ മകൻ അലക്സ് ഗൾഫിൽ നിന്ന് വന്നതിന്‍റെ പിറ്റേന്ന് തന്നെ ഈ പ്രവാസിയെ സന്ദർശിക്കാൻ അയൽവാസിയും ഹൈസ്കൂളിൽ ക്ലാസ്മേറ്റുമായിരുന്ന അജയൻ എത്തി. അല്പ നേരത്തെ കുശലത്തിനു ശേഷം ഭാവി പരിപാടികളെപ്പറ്റി അജയൻ ചോദിച്ചപ്പോൾ ഒന്നും തീരുമാനിച്ചില്ല എന്ന ചുരുങ്ങിയ വാക്കിൽ അലക്സ് മറുപടിയൊതുക്കി. ഒരാഴ്ചയ്ക്കു ശേഷം അവർ തമ്മിൽ വീണ്ടും കണ്ടപ്പോൾ അലക്സിന്‍റെ ഭാവി പരിപാടികൾ സംസാര വിഷയമായെങ്കിലും ‘എന്തെങ്കിലും ബിസിനസ് തുടങ്ങണമെന്നുണ്ട് ‘എന്ന് മാത്രം പറഞ്ഞ് അലക്സ് തൽക്കാലം ഒഴിഞ്ഞുമാറി.

വീണ്ടും ഒരാഴ്ച കൂടി കഴിഞ്ഞ് ഒരു സഞ്ചയന ചടങ്ങിൽ വച്ച് വീണ്ടും കണ്ടപ്പോഴാണ് അജയൻ കള്ളിച്ചെടിയിൽ നിന്ന് കാൻസറിനുള്ള മരുന്ന് നിർമ്മിക്കുന്ന ബിസിനസ്സിന്‍റെ ആശയം അലക്സിന്‍റെ മുമ്പാകെ വിശദമായി അവതരിപ്പിച്ചത്. അച്ഛൻ നാട്ടുവൈദ്യനായതിനാൽ ഔഷധത്തിന്‍റെ ലോകവുമായി അജയന് കുട്ടിക്കാലം മുതലേ നല്ല ബന്ധവുമുണ്ടായിരുന്നു. ഇപ്പോഴും അച്ഛന്‍റെ വലം കയ്യായി അജയൻ വൈദ്യശാലയിലാണ്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാൽ ഈ മരുന്ന് നിർമ്മാണം ഇതുവരെ നടന്നില്ല എന്ന് മാത്രം. അച്ഛനുമായി ഇക്കാര്യം വിശദമായി സംസാരിച്ചിട്ട് ബാക്കി തീരുമാനിയ്ക്കാമെന്ന് പറഞ്ഞാണ് ഇരുവരും പിരിഞ്ഞത്.

മൂന്നാം നാൾ രാവിലെ തന്നെ അലക്സ് അജയന്‍റെ അച്ഛൻ ചന്ദ്രൻ വൈദ്യരുടെ വീട്ടിലെത്തി. ആ സമയം രോഗികൾ ആരും ഇല്ലാതിരുന്നതിനാൽ അജയനടക്കം മൂവരും ചേർന്ന് പരിശോധനാ മുറിയിൽ ഇരുന്ന് തുടങ്ങാൻ പോകുന്ന ബിസിനസ്സിന്‍റെ നാനാവശങ്ങൾ ചിന്തിച്ചു. എത്ര രൂപ മുതൽ മുടക്കേണ്ടിവരുമെന്നും എത്ര നാളെടുക്കും ബിസിനസ് പച്ചപിടിക്കുവാനെന്നും എന്നു മുതൽ ലാഭം കിട്ടിത്തുടങ്ങുമെന്നും ലാഭ വിഹിതം എത്ര വച്ച് വീതം വയ്ക്കണമെന്നും എല്ലാമെല്ലാം ചർച്ചയിൽ ഏറെക്കുറെ തീരുമാനമായി.

അസംസ്കൃത വസ്തുവായ കള്ളിച്ചെടി എല്ലാ വീടുകളിലും സാമ്പിൾ എത്തിച്ച് കൊടുത്ത് ആ വീട്ടുകാരെക്കൊണ്ട് തന്നെ കൃഷി ചെയ്യിച്ച് വൻതോതിൽ അവരിൽ നിന്ന് തിരിച്ച് വാങ്ങുന്നതും മരുന്നായി മാറ്റുന്നതും ചന്ദ്രൻ വൈദ്യരുടെ ചുമതലയിലായി. വിപണനവും പ്രചരണവും അജയന്‍റെ ചുമതലയിലും, സാമ്പത്തികം കണ്ടെത്തി കമ്പനിയെ മുന്നോട്ട് കൊണ്ടുപോകേണ്ടുന്ന കാര്യം അലക്സിനും ആയി തീരുമാനിച്ചു. ബാങ്കിംഗ് കാര്യങ്ങളെല്ലാം ഇന്നുതന്നെ ശരിയാക്കി ആദ്യ ഗഡുവായ അഞ്ച് ലക്ഷം നിക്ഷേപിയ്ക്കുന്നത് നാളെ ചെയ്യാമെന്ന് പറഞ്ഞ് പടിയിറങ്ങുന്ന അലക്സിനോട് അയൽവാസിയും പഴയ സഹപാഠിയുമായ മത്തായിച്ചന്‍റെ അസുഖ വിവരങ്ങൾ അന്വേഷിക്കാൻ വൈദ്യർ മറന്നില്ല.

നിശ്ചയിക്കപ്പെട്ട പോലെ മൂവരും അവരവരുടെ ജോലികളിൽ വ്യാപൃതരായി. രണ്ടാഴ്ച കൊണ്ട് ജില്ലയിലെ നൂറിൽപരം ആയുർവേദ വൈദ്യശാലകളിലെത്തി അജയൻ ഓർഡറും എടുത്തു. വൻ തോതിൽ മരുന്ന് നിർമ്മിക്കുവാനുള്ള പ്ലാന്‍റിന്‍റെ കൂടാര നിർമ്മാണവും തുടങ്ങിക്കഴിഞ്ഞു. അലക്സാകട്ടെ ആദ്യം അക്കൗണ്ടിൽ നിക്ഷേപിച്ച അഞ്ചു ലക്ഷത്തിനു പുറമെ കസ്റ്റംസിനെ വെട്ടിച്ച് കൊണ്ടുവന്ന പത്ത് പവന്‍റെ സ്വർണ്ണമാല ജ്വല്ലറിയിൽ വിറ്റ് കിട്ടിയ അഞ്ച് ലക്ഷം രൂപ കൂടി പ്ലാന്‍റിന്‍റെ ബിസിനസ്സ് അക്കൗണ്ടിൽ നിക്ഷേപിച്ചു കഴിഞ്ഞു.

ദൈവാനുഗ്രഹത്താൽ ഒരു മുടക്കവും തടസ്സവുമില്ലാതെ കാര്യങ്ങൾ എല്ലാം ഒരു വിധം ഭംഗിയായി മുന്നോട്ട് പോയിക്കൊണ്ട് ഇരിക്കവെയാണ് അലക്സിന്‍റെ അപ്പൻ മത്തായിച്ചനെ അസുഖം കൂടുതലായി ആശുപത്രിയിൽ അഡ്മിറ്റ് ആക്കുന്നത്. തറവാട് പറമ്പിന്‍റെ ഒരറ്റത്ത് തന്നെ പണിത പുതിയ വീട്ടിലേയ്ക്ക് അലക്സും ഭാര്യയും മക്കളും താമസം മാറിയിട്ട് വെറും രണ്ട് കൊല്ലമേ കഴിഞ്ഞിട്ടുള്ളു. അതിനു ശേഷമാണ് അലക്സിന്‍റെ ഏക പെങ്ങളുടെ ഭർത്താവ് ബൈക്കപകടത്തിൽ മരണപ്പെട്ട് പെങ്ങളും പത്താം തരം പഠിക്കുന്ന മകനും കുടുംബ വീട്ടിൽ ഒരു ഗതിയുമില്ലാത്ത മത്തായിച്ചനൊപ്പം താമസമായത്. വാർദ്ധക്യ കാല പെൻഷനും വിധവാ പെൻഷനും കൊണ്ട് കുറെ നാളായി മത്തായിച്ചനും മകളും കൊച്ചുമോനും വളരെ ഞെരുങ്ങിയാണ് കഴിഞ്ഞു വരുന്നത്. അലക്സിന്‍റെ ഒരു വിധ സഹായവും ഇല്ലാതായിട്ട് നാളേറെയായെന്ന് ചുരുക്കം.

സ്വന്തക്കാരിൽ ചിലർ പള്ളി മുഖാന്തിരം അലക്സിനെ കഴിഞ്ഞ വർഷം അവധിക്ക് വന്നിരുന്നപ്പോൾ തന്നെ അപ്പനെ വേണ്ടുംവണ്ണം ചികിത്സിക്കാനും ജീവിതച്ചെലവിനായിട്ടും സഹായം ചെയ്യണമെന്ന് ഉപദേശിച്ചു നോക്കിയിരുന്നു എങ്കിലും അതൊന്നും വേണ്ടത്ര ഫലം കണ്ടില്ലായിരുന്നു. ആരോഗ്യമുണ്ടായിരുന്ന നാളിൽ കൂലിപ്പണി ചെയ്ത് കഷ്ടപ്പെട്ട് തന്നെയാണ് മത്തായിച്ചൻ രണ്ട് മക്കളെയും വളർത്തിയതും അലക്സിനെ പഠിപ്പിച്ച് ഗൾഫിലയച്ചതും. അതിൽ കുറച്ച് കടവുമുണ്ടായിരുന്നു. പക്ഷെ അലക്സാകട്ടെ ആ കടം പോലും വീട്ടിയതുമില്ല, കുടുംബത്തെയൊട്ട് സഹായിച്ചതുമില്ല. തന്‍റെ കണക്കു കൂട്ടലുകൾ തെറ്റിപ്പോയി എന്ന് മത്തായിച്ചൻ പലപ്പോഴും വിലപിച്ചിരുന്നു. ഇതൊന്നും കാണാൻ നിൽക്കാതെ ഇവരുടെ അമ്മച്ചി നേരത്തെ പോയത് നന്നായെന്ന് മത്തായിച്ചൻ പലരോടും പറയാറുണ്ടായിരുന്നുവത്രെ.

കഷ്ടപ്പാട് കൂട്ടത്തോടെ എന്ന ചൊല്ല് അന്വർത്ഥമാകുംവണ്ണം അപ്പൻ ആശുപത്രിയിലായതിന്‍റെ മൂന്നാം നാൾ ഒരു പോലീസ്കാരൻ വന്ന് അലക്സിനോട് സ്റ്റേഷനിലെത്താൻ പറഞ്ഞു. കഴിഞ്ഞ വർഷം അവധിക്കുവന്നപ്പോൾ അലക്സിനെതിരെ മത്തായിച്ചൻ ‘വാർദ്ധക്യത്തിൽ അവശനായ തന്നെ, തന്‍റെ മകൻ വേണ്ടും വണ്ണം പരിചരിക്കുന്നില്ല’ എന്ന് ഒരു പരാതി പോലീസ് സ്റ്റേഷനിൽ കൊടുത്തിരുന്നു. പക്ഷെ അന്ന് സ്റ്റേഷനിൽ ചെന്ന് ചിലർക്ക് രഹസ്യമായി പൈസ കൊടുത്ത് പരാതി ഒതുക്കിയിട്ടായിരുന്നു അലക്സ് ഗൾഫിലേക്ക് അവധി കഴിഞ്ഞ് തിരിച്ച് പോയത്.

സ്റ്റേഷനിൽ ചെന്ന് ഹൗസ് ഓഫീസറെ കാത്ത് ഉച്ചവരെ നിന്ന ശേഷം പുള്ളി വന്നപ്പോഴാണ് ഒന്ന് കാണാൻ സാധിച്ചത്. ഓഫീസർ കാര്യം മാന്യമായി ചുരുക്കിപ്പറഞ്ഞു. കഴിഞ്ഞ തവണ കേസ് എടുത്ത് മുന്നോട്ട് പോകാത്തത് കോടതിയുടെ ശ്രദ്ധയിൽ പെട്ടതിനാൽ ഇത്തവണ കോടതി നിർദ്ദേശപ്രകാരമാണ് വിളിപ്പിച്ചത് എന്നും ചാർജ് തയ്യാറാക്കി കോടതിയിൽ കൊടുക്കാൻ തയ്യാറെടുക്കുകയാണെന്നും അഴിയെണ്ണാൻ തയ്യാറായിക്കൊള്ളാനും പറഞ്ഞ് എസ് ഐ ഒന്ന് വിരട്ടി. ജാമ്യക്കാരെ തയ്യാറാക്കിക്കൊള്ളാൻ എസ്ഐ നിർദ്ദേശിച്ചതനുസരിച്ച് അലക്സ് ഫോണിലൂടെ അജയനെ വിളിച്ചു വരുത്തിച്ചു.

അജയൻ ഹൗസ് ഓഫീസറെക്കണ്ട് സംസാരിച്ച് ഒരു ഒത്തുതീർപ്പ് ഫോർമുലയുണ്ടാക്കി. അപ്പന്‍റെ ചികിത്സയ്ക്കും ജീവിതച്ചെലവുകൾക്കുമായി പത്ത് ലക്ഷം രൂപ ഇപ്പോൾ വൈകുന്നേരത്തിനകം തന്നെ നൽകണമെന്നതായിരുന്നു അതിൽ മുഖ്യമായ കാര്യം. എങ്കിൽ ജാമ്യം നിൽക്കാമെന്നും കോടതിയിൽ അപ്പൻ കൊടുത്ത പരാതി അപ്പനെക്കൊണ്ട് പിൻവലിപ്പിച്ച് ഒത്തുതീർപ്പാക്കാമെന്നും അജയൻ ഏറ്റു. പക്ഷെ പൈസ ഇന്ന് കൈമാറിയില്ലെങ്കിൽ ഗൾഫിൽ നിന്ന് കസ്റ്റംസിനെ പറ്റിച്ച് കണക്കിൽ പെടാതെ കൊണ്ടുവന്നിട്ടുള്ള സ്വർണ്ണം പരിശോധിക്കാൻ വരുന്നത് പോലീസ് ആകില്ല മറിച്ച് ചിലപ്പോൾ കേന്ദ്രത്തിന്‍റെ എൻഫോഴ്സ് ഡിറക്ടറേറ്റ് ആയിരിക്കുമെന്ന് കൂടി അജയൻ ഓർമ്മിപ്പിച്ചു.

അലക്സിന്, താൻ ശരിയ്ക്കും ചക്രവ്യൂഹത്തിൽ അകപ്പെട്ടതുപോലെ തോന്നി. ബിസിനസ്സിന്‍റെ ആവശ്യത്തിനായി ബാങ്കിൽ അക്കൗണ്ടിലിട്ട പത്ത് ലക്ഷം തൽക്കാലം എടുത്ത് ഈ പ്രശ്നം പരിഹരിയ്ക്കാമെന്ന് അജയൻ ഒരു പോം വഴി മുന്നോട്ട് വച്ചതിൽ നിവൃത്തിയില്ലാതെ അലക്സ് സമ്മതിച്ചു. തൽക്കാലം മരുന്ന് നിർമ്മാണ ബിസിനസ്സിൽ നിന്ന് അലക്സ് സ്വമേധയാ പിൻമാറുന്നതായും മേലാൽ ഒരു വിധ അവകാശവും ഈ ബിസിനസ്സിൽ ഉന്നയിക്കുകയില്ല എന്നും അപ്പൻ ആവശ്യപ്പെട്ട തുക വൈകീട്ട് ആറുമണിയ്ക്കകം നൽകുന്നതാണെന്നും ഹൗസ് ഓഫീസറുടെ മുമ്പാകെ വച്ച് വ്യവസ്ഥകൾ ഒന്നൊന്നായി എഴുതി രണ്ടു പേരും ഒപ്പിട്ട് പുറത്തിറങ്ങിയപ്പോൾ വൈകീട്ട് നാലു മണിയായിരുന്നു.

പിറ്റേന്ന് ഉച്ചയോടെ ഡിസ്ചാർജ് ചെയ്ത് കുടുംബ വീട്ടിലെത്തിയ മത്തായിച്ചനെ കാണുവാൻ അയൽവാസികളായ ചന്ദ്രൻ വൈദ്യരും അജയനും ചെന്നിരുന്നു. കുശലത്തിനിടയിൽ, ഞാൻ അവനോട് ആവശ്യപ്പെട്ട തുക ഇത്ര പെട്ടെന്ന് തന്നെ എങ്ങിനെ സ്വരൂപിയ്ക്കാൻ അവനു കഴിഞ്ഞുവെന്ന് മത്തായിച്ചൻ അജയനോട് ചോദിച്ചു.

കള്ളിച്ചെടിയിൽ നിന്ന് കാൻസറിനുള്ള മരുന്ന് എന്ന പുതിയ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന ധാരണയിൽ രണ്ട് പ്രാവശ്യമായി വൈദ്യശാലയുടെ അക്കൗണ്ടിൽ പുള്ളിയെക്കൊണ്ട് അഞ്ച് ലക്ഷം രൂപ വീതം ഇടുവിച്ചിരുന്നത് അജയൻ വെളിപ്പെടുത്തി.

ഒന്ന് നിറുത്തിയിട്ട് അജയൻ കൂട്ടിച്ചേർത്തു. “ചില അസുഖങ്ങൾക്ക് വൈദ്യശാസ്ത്രത്തിൽ കടുത്ത പ്രയോഗങ്ങൾ ഉള്ളതു പോലെ ഇവിടെ അലക്സിനെ വരുതിയിലാക്കുവാനും ഞങ്ങൾക്ക് ഒരു തിരക്കഥ തയ്യാറാക്കേണ്ടി വന്നു എന്ന് മാത്രം.” അജയൻ ശബ്ദം താഴ്ത്തി മത്തായിച്ചനോട് പറഞ്ഞു.

അപ്പോൾ മരുന്ന് നിർമ്മാണം വേണ്ടെന്ന് വച്ചോ? മത്തായിച്ചൻ അല്പം വിഷമത്തോടെ മൂക്കിൽ വിരൽ വച്ചു കൊണ്ട് വൈദ്യരോട് തന്‍റെ സംശയം ചോദിച്ചു.

വൈദ്യർ പതിഞ്ഞ സ്വരത്തിൽ വിശദമാക്കി. “ഞാനും അജയനും അലക്സിന്‍റെ പൈസ മനസ്സിൽ കണ്ടിട്ടല്ലായിരുന്നു മരുന്ന് നിർമ്മാണത്തിന് ഇറങ്ങിത്തിരിച്ചത്. അതിന് ഞങ്ങൾ വൈദ്യശാല നടത്തി സമ്പാദിച്ച പൈസ തന്നെ മതിയാകും. മത്തായിച്ചന്‍റെ വിഷമങ്ങൾ കണ്ട് അതിനൊരറുതിയ്ക്കായി ഞങ്ങൾ തയ്യാറാക്കിയ ഈ തിരക്കഥ പൊളിയാതെ ഭംഗിയായി നടന്നു എന്നതിനാൽ അപ്പനും മോൾക്കും ചെറുമകനും ഇനിയങ്ങോട്ട് അല്പം സമാധാനത്തോടെ ജീവിയ്ക്കാമല്ലോ എന്നതിലാണ് ഞങ്ങൾക്കും സന്തോഷം.”

അച്ഛനു പിറകെ അജയൻ കൂട്ടിച്ചേർത്തു. “ഞങ്ങളുടെ ഇപ്പോഴുള്ള മരുന്ന് നിർമ്മാണ യൂണിറ്റ് ഒന്ന് വിപുലമാക്കണമെന്ന് കുറച്ചു നാളായി വിചാരിക്കുന്നു. അത് പതിയെ നടന്നുകൊള്ളും. നിങ്ങളുടെ ഈ കഷ്ടപ്പാടിൽ ഇത്രയുമെങ്കിലും സഹായിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ അയൽപക്കം എന്ന് പറയുന്നതിൽ എന്തർത്ഥം എന്നാണ് ഞങ്ങൾ ചിന്തിക്കുന്നത്.” അജയനും വൈദ്യരും മടങ്ങുവാനായി എഴുന്നേറ്റ് മത്തായിച്ചനെ വണങ്ങി.

എന്നിട്ടും സംശയം തീരാതെ മത്തായിച്ചൻ അവരെ യാത്രയാക്കവേ ചോദിച്ചു “അപ്പോൾ കള്ളിച്ചെടിയും കാൻസർ മരുന്നും……?”

വൈദ്യർ മകന്‍റെ തോളിൽ താങ്ങിക്കൊണ്ട് വീടിന്‍റെ പുറത്തേയ്ക്കുള്ള പടികൾ ഇറങ്ങവേ മത്തായിച്ചന്‍റെ സംശയം തീർത്തു കൊടുത്തു.

“കള്ളിച്ചെടിയിൽ നിന്ന് ആരും ഇതുവരെ കാൻസർ മരുന്ന് ഉണ്ടാക്കിയിട്ടില്ല. അതെല്ലാം ഞങ്ങൾ നിങ്ങളുടെ മോനെ വിശ്വസിപ്പിക്കാൻ മെനഞ്ഞ തന്ത്രങ്ങൾ മാത്രമായിരുന്നില്ലേ എന്‍റെ മത്തായിച്ചാ. അപ്പോൾ ശരി, പിന്നെ കാണാം.” വൈദ്യരും മകനും കൈകൾ ഉയർത്തി വീശി യാത്രയായി.

അച്ഛനും മകനും ഒരേ പദവിന്യാസത്തോടെ പറമ്പ് കടന്ന് മറയുന്നത് മത്തായിച്ചൻ നിറകണ്ണുകളാൽ നോക്കി നിന്നു. ആയുസ്സിന്‍റെ അന്ത്യ യാമത്തിൽ പോലും തനിക്ക് സ്വന്തം മകനിൽ നിന്ന് അർഹതപ്പെട്ട കരുതൽ ലഭിക്കാതെ പോകുന്നത് ഓർത്തിട്ടോ അതോ അയൽ വീട്ടിലെ അച്ഛന്‍റെയും മകന്‍റെയും പക്കൽ നിന്നും ഒരു ദൈവകാരുണ്യം പോലെ തനിക്ക് ഇടയ്ക്ക് ലഭിച്ചു കൊണ്ടിരിയ്ക്കുന്ന കരുതലിനെപ്പറ്റി ഓർത്തതുകൊണ്ടോ എന്നറിയില്ല മത്തായിച്ചന്‍റെ മിഴികൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.

അടുക്കള

ഭർത്താവിന്‍റെ വീട്ടിലെ ഇടുങ്ങിയ അടുക്കളയിൽ വിഭയ്ക്ക് കടുത്ത വിമ്മിഷ്ടം തോന്നി. അവിടെ വെളിച്ചമോ വായുവോ ഉണ്ടായിരുന്നില്ല. എത്ര കാലമായി ഇങ്ങനെ… അടുക്കള ഒന്ന് നന്നാക്കാൻ ഭർത്താവ് സുധീറിനോട് പല പ്രാവശ്യം ആവശ്യപപ്പെട്ടിട്ടുണ്ട്. അതെങ്ങനെ വല്ലപ്പോഴും ഒന്ന് അടുക്കളയിൽ കയറി വല്ലതും ചെയ്താലല്ലേ അവിടത്തെ വിഷമം മനസിലാകൂ.

“വിഭാ, ചായ കൊണ്ടുവരൂ” സുധീർ വീട്ടിൽ വന്നു കയറി അച്ഛന്‍റെ അടുത്ത് ഇരുന്ന ശേഷം ഭാര്യയോട് വിളിച്ചു പറഞ്ഞു. എന്നിട്ട് പപ്പയോടു തുടർന്നു.

“പപ്പാ, നോക്കൂ, നാല് മുറികളുടെ ഡിസൈൻ. പിന്നെയും ഉണ്ട് ചില സ്പെഷ്യൽ ഇടങ്ങൾ…” സുധീർ ആകാംക്ഷയോടെ സ്കെച്ച് മാപ്പ് അച്ഛന്‍റെ മുന്നിൽ വച്ചു പറഞ്ഞു.

“ശരി, ഡ്രോയിംഗ് റൂമിന്‍റെ വലുപ്പം എന്താണെന്ന് എന്നോട് പറയൂ? അത് ചെറുതായിരിക്കരുത്. പകൽ മുഴുവൻ അവിടെ ഇരിക്കാനുള്ളതാ.” അച്ഛൻ മാപ്പിൽ നോക്കി പറഞ്ഞു.

“ഏയ് പപ്പാ, ഇത് നോക്കൂ, ഇത് 15 / 15 ആണ്. സൂക്ഷിച്ചു നോക്കൂ. 2 കിടപ്പുമുറികൾ 14/14, 12/12. ഇത് കൊള്ളാമല്ലേ.” സുധീറിന്‍റെ സ്വരത്തിൽ വേറിട്ട ഒരു മുഴക്കം ഉണ്ടായിരുന്നു.

“എല്ലാം നന്നായി. പ്ലോട്ടിന്‍റെ പണി ഇപ്പോൾ തന്നെ തുടങ്ങൂ. ഈ കുഞ്ഞു വീട്ടിൽ നിന്ന് പുറത്തുകടക്കണം” അച്ഛൻ പറഞ്ഞു.

“അടുക്കളയുടെ വലിപ്പം എന്താണ്?” വിഭ ചോദിച്ചു.

“ഏയ് , നീ ആദ്യം ചായ എടുക്ക്. ഞാൻ വളരെ ക്ഷീണിതനാണ്” സുധീർ പറഞ്ഞു. വിഭ സുധീറിനും അമ്മായിയപ്പനും ചായ കൊടുത്തു, എന്നിട്ട് മാപ്പ് നോക്കാൻ തുടങ്ങി.

“8 / 8 അടുക്കള വളരെ ചെറുതായിരിക്കും” വിഭ പറഞ്ഞു.

“8 /8 അടുക്കള അത്ര ചെറുതല്ല, അടുക്കളയിൽ കട്ടിൽ വയ്ക്കണോ, ഭക്ഷണം പാകം ചെയ്താൽ പോരെ” ചായ കുടിക്കുന്നതിനിടയിൽ സുധീർ പറഞ്ഞു.

“ഞാൻ എന്‍റെ ദിവസം മുഴുവൻ അവിടെ ചെലവഴിക്കുന്നു, അതറിയാമോ?  ആ ചൂടിൽ ഒരാൾ ശ്വാസംമുട്ടുന്നത് എങ്ങനെയെന്ന് നിങ്ങൾക്കറിയില്ലേ?” വിഭയുടെ സ്വരത്തിൽ സങ്കടമുണ്ടായിരുന്നു.

“അമ്മ തന്‍റെ ജീവിതം മുഴുവൻ ഈ 6/6 അടുക്കളയിൽ ചെലവഴിച്ചു. ചെറിയ അടുക്കളയെക്കുറിച്ച് അമ്മ ഒരിക്കലും പരാതിപ്പെട്ടിട്ടില്ല” സുധീർ പ്രകോപിതനായി പറഞ്ഞു.

“കുറച്ച് നേരം ആ ചൂടിൽ നിന്നു നോക്ക്. ഞാൻ പരാതി പറയുകയാണോ അതോ എന്‍റെ പ്രശ്‌നങ്ങൾ പെരുപ്പിക്കുന്നതനോ എന്ന് നിങ്ങൾ തന്നെ മനസ്സിലാകും” വിഭ പറഞ്ഞു.

“കൂടുതൽ ഡ്രാമ വേണ്ട. എന്‍റെ ജോലി തടസ്സപ്പെടുത്തരുത്. ഇപ്പൊ മാപ്പ് റെഡിയായി.” സുധീർ ദേഷ്യത്തോടെ പറഞ്ഞു.

“എങ്കിൽ മാപ്പ് ശരിയാക്കൂ. ഞാൻ പരാതിപ്പെട്ടില്ലെങ്കിൽ നിങ്ങൾ അത് എങ്ങനെ അറിയാനാണ്? കൂട് പോലെയുള്ള ഈ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യാൻ ഏറെ ബുദ്ധിമുട്ടുണ്ട്.“

“ഒരു പുതിയ വീട് പണിതാൽ അടുക്കള വിശാലമാക്കുമെന്ന് ഇത്ര കാലം ഞാൻ ചിന്തിച്ചു“ ഇതുവരെ മിണ്ടാതിരുന്ന സുധീറിന്‍റെ അമ്മ പറഞ്ഞു.

“ശരിക്കും അമ്മേ, എന്‍റെ കിടപ്പുമുറിയേക്കാൾ കൂടുതൽ സമയം ഞാൻ അടുക്കളയിലാണ് ചെലവിടുന്നത്. നാല് അതിഥികൾ വന്നാൽ പാചകം ചെയ്യുന്നതിൽ ഒരു പ്രശ്നവുമില്ല” വിഭ അമ്മായിയമ്മയുടെ പിന്തുണയിൽ പറഞ്ഞു.

“തികച്ചും ശരിയാണ്. അടുക്കളയിലെ ചൂടിൽ ഒരു സാധാരണസ്ത്രീയുടെ ജീവിതം മുഴുവൻ നശിക്കുന്നു, പക്ഷേ ആരും അത് തിരിച്ചറിയുന്നില്ല. സുധീർ, നീ അടുക്കളയുടെ വലിപ്പം രണ്ടടി കൂട്ടി, അടുക്കളയിൽ വായുവും വെളിച്ചവും കൊണ്ടുവരൂ“ അമ്മ പറഞ്ഞു.

“അപ്പോൾ ഡ്രോയിംഗ് റൂം ചെറുതാക്കേണ്ടി വരും.” ആദ്യം അച്ഛനോട് ചോദിക്ക് അമ്മേ” സുധീർ അച്ഛനെ നോക്കി പറഞ്ഞു.

“അച്ഛൻ അവിടെ ഭക്ഷണം പാകം ചെയ്യുന്നുണ്ടോ?“ അമ്മ ദേഷ്യത്തോടെ പറഞ്ഞു.

“സുധീർ, നിനക്ക് ചപ്പാത്തി വേണമെങ്കിൽ അമ്മ പറയുന്നതെന്തും കേട്ടാൽ മതി” അച്ഛൻ ഭാര്യയെ ദയനീയമായി നോക്കി പറഞ്ഞു.

“വേണ്ട അച്ഛാ, വിട്. നിങ്ങൾക്ക് രണ്ടുപേർക്കും താല്പര്യം ഇല്ലെങ്കിൽ ഞാനൊന്നും പറയുന്നില്ല“ വിഭ പറഞ്ഞു.

“ഹേയ്, എന്‍റെ സമ്മതം എല്ലാവരുടെയും സന്തോഷത്തിലാണ്, എല്ലാവരുടെയും സന്തോഷം വീടിന്‍റെ ലക്ഷ്മിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവൾ സങ്കടപ്പെട്ടാൽ പിന്നെ എന്ത് കിട്ടും?  ഒരു പെണ്ണ് ഒരു പരാതിയും ഇല്ലാതെ വീട്ടുകാരെ പോറ്റാൻ തയ്യാറാകുമ്പോ അവൾ പറയുന്നത് കേൾക്കണ്ടേ?” അമ്മായിയപ്പന്‍റെ വാക്കുകൾ കേട്ട് വിഭയുടെ മുഖം വിടർന്നു. അവൾ സുധീറിനെ നോക്കി.

“ശരി… നാളെ ഞാൻ അടുക്കളയുടെ വലുപ്പത്തെയും വെന്‍റിലേഷനെയും കുറിച്ച് സംസാരിക്കാം. പക്ഷേ ഒരു നിബന്ധനയിൽ“ സുധീർ പറഞ്ഞു.

“ഏന്ത്?” അമ്മ ചോദിച്ചു.

“എനിക്ക് സമൂസ കഴിക്കണം, അതും അമ്മയുടെ കൈയിൽ നിന്ന്” സുധീർ ചിണുങ്ങി പറഞ്ഞു.

“നീ നന്നാവില്ല. ഇപ്പോഴും അമ്മയെ ചൂടിൽ നിർത്തി പൊരിക്കണം. നിന്‍റെ ഭാര്യയോട് പറയൂ” കള്ള ദേഷ്യം കാണിച്ചുകൊണ്ട് അമ്മ പറഞ്ഞു.

“വേണ്ട അമ്മേ, ഞാൻ നിങ്ങളുടെ മരുമകളോട് ഒന്നും പറയില്ല, കാരണം അവൾക്ക് ഇവിടെ ഭൂരിപക്ഷമുണ്ടെന്ന് എനിക്കറിയാം” സുധീർ വിഭയ്ക്ക് നേരെ കൂപ്പുകൈകളോടെ പറഞ്ഞു.

സുധീറിന്‍റെ ചിരിയും കൈകൂപ്പലും കണ്ടപ്പോൾ, മുറ്റത്ത് വസന്തകാല സൂര്യപ്രകാശം പടർന്ന പോലെ മൂവരുടെയും മുഖത്ത് ചിരി വിരിഞ്ഞു.

ദയാവധം

എടുത്തെറിഞ്ഞുടക്കാനും സ്വയം വീണു തകരാനും ആണ് ലോകം കുപ്പികൾ നിർമ്മിക്കുന്നതെന്ന് അയാൾക്കറിയാം.

എന്നിട്ടും അയാൾ കുപ്പികൾ ശേഖരിച്ചുകൊണ്ടിരുന്നു. പലനിറത്തിലും വലിപ്പത്തിലും ആകൃതിയിലും ഉള്ള കുപ്പികൾ.

ചെറുപ്പം മുതലുള്ള ഒരു ശീലം അനിവാര്യമായ ഒരു കർമ്മം പോലെ അയാൾ തുടർന്നു. കുപ്പികളെപ്പോലെ തന്നെ സൂക്ഷ്മതയോടെ എടുത്ത് പ്രയോഗിക്കേണ്ട ഒന്നാണ് ജീവിതം എന്ന് അയാൾക്ക് ബോധ്യം ഉള്ളതുപോലെ. അയാളുടെ ഏക കളിപ്പാട്ടം ചെറുപ്പത്തിൽ മണ്ണ് വാരിക്കളിച്ച ഒരു ചെറിയ കുപ്പിയായിരുന്നു. അമൂല്യമായ ഒരു നിധിപോലെ അത് ഇന്നും അയാളുടെ ശേഖരത്തിൽ ഉണ്ട്.

ആദ്യമായി സ്വന്തമാക്കിയത് ആ ചെറിയ കുപ്പിയായിരുന്നു എങ്കിലും വലിപ്പച്ചെറുപ്പം ഇല്ലാതെ അയാൾ കുപ്പികളെ സ്നേഹിച്ചു. അയാൾ ശേഖരിച്ചുവച്ച കുപ്പികൾക്കൊന്നും അടപ്പില്ലായിരുന്നു. ഒന്നും മൂടിവയ്ക്കുന്നത് അയാളുടെ ശീലമായിരുന്നില്ല.

തന്‍റെ സ്വകാര്യതയിലെ ആഹ്ളാദം നാട്ടുകാരറിയുന്ന വിശേഷമായി മാറിയത് കുപ്പികളോടുള്ള അയാളുടെ ഇഷ്ടം കലശലായപ്പോഴാണ്.

കേളു എന്ന കേളുക്കുട്ടിയെ നാട്ടുകാർ വിളിച്ചിരുന്നത് കേളുവേട്ടൻ എന്നായിരുന്നു. ഏതു കേളു എന്ന് ചോദിക്കുന്നവരോട് കുപ്പിക്കേളു എന്ന് അവർ പറയാൻ തുടങ്ങിയത് പിൽക്കാലത്താണ്.

അയാൾ ഇതറിഞ്ഞിരുന്നു എങ്കിലും സങ്കടപ്പെട്ടിരുന്നില്ല. പ്രകടമായി വിളിച്ചിരുന്നവരെ തിരിച്ചറിഞ്ഞപ്പോഴും ദേഷ്യപ്പെട്ടിരുന്നില്ല. കാരണം കുപ്പികളോട് ഒട്ടി നിൽക്കാൻ അയാൾക്ക് ഇഷ്ടമായിരുന്നു.

അയാളുടെ അച്ഛൻ സുഖമില്ലാതെ കിടന്ന കാലത്ത് ജനലിന്മേൽ നിരത്തിവെച്ച കഷായത്തിന്‍റെ കുപ്പികൾ അയാൾ എന്നും ശ്രദ്ധിച്ചിരുന്നു. പിന്നീട് മരുന്നുകളോടൊപ്പം അച്ഛനും ഒഴിഞ്ഞു പോയപ്പോൾ കുപ്പികൾ മാത്രം അയാളുടെ സ്വന്തമായി.

അച്ഛന്‍റെ മരണശേഷം വാടകവീട്ടിലായിരുന്നു അയാളുടെ താമസം. കൊച്ചു വീട്ടിൽ, തന്‍റെ കിടപ്പുമുറിയിൽ അയാൾ കുപ്പികൾ സൂക്ഷ്മതയോടെ അടുക്കി വെച്ചിരുന്നു.

മഴക്കാടുകൾ ഉള്ളിൽ നിറഞ്ഞ നേരം കാമുകിക്ക് സമ്മാനിച്ച സുഗന്ധദ്രവ്യം, തീർന്നപ്പോൾ അവൾ മടക്കിക്കൊടുത്ത പ്രണയം ഒഴിഞ്ഞ കുപ്പികൾ അയാൾ ആയിടെയാണ് തന്‍റെ ശേഖരത്തിൽ ഉൾപ്പെടുത്തിയത്. നഷ്ടപ്പെടലിന്‍റെ ഓർമ്മയ്ക്കായി വേദനയോടെ അയാൾ അത് സൂക്ഷിച്ചു.

വർഷങ്ങൾ കഴിഞ്ഞ് വിവാഹിതനായപ്പോഴും അയാൾ അത് ഉപേക്ഷിച്ചില്ല. ആദ്യരാത്രിയിൽ കിടപ്പുമുറിയിൽ എത്തിയ ഭാര്യക്ക് അത്ഭുതം ആയത് അയാൾ ഒരുക്കിവെച്ച കുപ്പികളുടെ പ്രപഞ്ചമാണ്. അന്ന് പുലരുവോളം കുപ്പികളെ കുറിച്ച് മാത്രമാണ് അവർ സംസാരിച്ചത്. പക്ഷേ ഒരു രഹസ്യം അയാൾ സൂക്ഷിച്ചു എടുത്തെറിഞ്ഞുടയ്ക്കാനും സ്വയം വീണ് തകരാനും ആണ് ലോകം കുപ്പികൾ നിർമ്മിക്കുന്നതെന്ന കണ്ടെത്തൽ അയാൾ അവളോട് പറഞ്ഞില്ല. അത് അനുഭവിച്ചറിയേണ്ട സത്യമാണെന്ന് അയാൾ കരുതിയിരിക്കണം.

കുപ്പികൾ മുഴുവൻ തുടച്ച് വൃത്തിയാക്കി വയ്ക്കുന്നത് അയാളുടെ ദിനചര്യയുടെ ഭാഗമായിരുന്നു. അശ്രദ്ധമൂലം ഒന്നു പോലും അയാളുടെ കൈകൊണ്ട് വീണ് തകർന്നിട്ടില്ല. വിവാഹശേഷം അയാളോടൊപ്പം ഭാര്യയും ആ പ്രക്രിയ പങ്കിട്ടു.

കുപ്പികൾ കൈകാര്യം ചെയ്യുന്നതിൽ അവൾക്ക് വേണ്ടത്ര ശ്രദ്ധ പോരാ എന്ന് അയാൾക്ക് തോന്നിയിരുന്നു. പക്ഷേ അയാൾ അതിനെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല.

പരാതികൾ ഇല്ലാത്ത ജീവിതമായിരുന്നു അയാൾക്ക് ഇഷ്ടം. അതുകൊണ്ട് തന്നെ ആർക്കും പരിഭവം ഇല്ലാത്ത വിധം നല്ല കുടുംബസ്നേഹം ഉള്ളവനായി അയാൾ ജീവിക്കാൻ ശ്രമിച്ചു.

മൂക്കിൽ പൊടി വലിക്കുന്ന ശീലം അയാൾക്കുണ്ടായിരുന്നു. ഏതുസമയം തന്‍റെ കുപ്പായ കീശയിൽ ഒരു ചെറിയ കുപ്പി നിറയെ പുകയില പൊടി കരുതിയിരുന്നു. അയാളുടെ കൈവശമുള്ള ഏറ്റവും ചെറിയ കുപ്പികളിൽ ഒന്നായിരുന്നു അത്. ഭാര്യയ്ക്കും ആ കുപ്പി വലിയ ഇഷ്ടമായിരുന്നു.

അവളെക്കാൾ കൂടുതൽ അയാളുടെ നെഞ്ചിനോട് ഒട്ടിനിന്നത് അയാൾ കീശയിൽ കൊണ്ടുനടന്ന ആ കുപ്പിയായിരുന്നു.

മകന്‍റെ വിവാഹം കഴിഞ്ഞ് ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോഴാണ് അയാളുടെ ഭാര്യ മരിച്ചത്. അതിനുശേഷം കൂടുതൽ ക്ഷീണിതനായ അയാളെ ജീവിക്കുവാൻ പ്രേരിപ്പിച്ചത് മുറി നിറഞ്ഞുനിൽക്കുന്ന കുപ്പികളുടെ സാന്നിധ്യമായിരുന്നു.

ആശയും ആശങ്കകളും പങ്കുവെക്കാൻ ആളില്ലാതായപ്പോൾ ഏകാന്തമായ അയാളുടെ മനസ്സ് കുപ്പികളെ കൂടുതൽ സ്നേഹിച്ചു തുടങ്ങി. പിന്നെ അയാളുടെ അശാന്തമായ ചിന്തകൾ ഒക്കെയും കുപ്പികളെ കുറിച്ച് മാത്രമായി.

വാർദ്ധക്യസഹജമായ അസ്വസ്ഥതകൾക്കൊപ്പം അയാളുടെ കൈവശമുള്ള കുപ്പികളുടെ എണ്ണവും കൂടിക്കൂടിവന്നു. അതിന്‍റെ പെരുപ്പം ഉൾക്കൊള്ളാൻ വീട്ടിലെ മുറിക്കും വീട്ടുകാർക്കും സാധിച്ചിരുന്നില്ല.

മകൻ പുതിയൊരു വീട് വച്ചപ്പോൾ അയാൾക്കും കുപ്പികൾക്കും ആയി ഒരു മുറി ഒഴിഞ്ഞു കൊടുത്തിരുന്നു. കുറേക്കൂടി ഇടം കിട്ടിയ സന്തോഷത്തിലായിരുന്നു അയാൾ.

അവിടുത്തെ വലിയ മുറി നിറയെ കുപ്പികൾ ആയപ്പോൾ മകന്‍റെ ഭാര്യ അതു മുഴുവൻ എടുത്ത് വിൽക്കുവാൻ ഒരിക്കൽ അയാളോട് ആവശ്യപ്പെട്ടു.

ഒരു ഉപകാരവും ഇല്ലാത്തതിനെ എന്തിനാണ് ഇനിയും സംരക്ഷിക്കുന്നത് എന്ന് മകനും ദേഷ്യപ്പെട്ടിരുന്നു അയാളോട്. പിന്നീട് പലപ്പോഴും കാരണമില്ലാതെ ആ വീട് മുഴുവൻ അയാളോട് കലഹിക്കുമായിരുന്നു.

മകന്‍റെ മകൻ കളിത്തോക്ക് കൊണ്ട് കളിക്കുമ്പോൾ അയാൾ തന്‍റെ കളിപ്പാട്ടത്തെ കുറിച്ച് ഓർക്കുമായിരുന്നു.

മണ്ണ് വാരി കളിച്ച കുപ്പിയെ കുറിച്ച്.

ഇന്ന് മണ്ണില്ല, മനുഷ്യനെ സ്നേഹിക്കുന്ന മനസ്സുമില്ല. അതുകൊണ്ടാണ് കളിപ്പാട്ടങ്ങളൊക്കെയും ആയുധങ്ങൾ ആകുന്നത് എന്ന് അയാൾ സങ്കടപ്പെട്ടു.

മകനും മകന്‍റെ ഭാര്യയും ചീത്ത പറയുമ്പോഴൊക്കെയും അവരുടെ കണ്ണുകളിലേക്ക് നോക്കി അർത്ഥവത്തായി ചിരിക്കുമായിരുന്നു അയാൾ. ഉള്ള് പൊള്ളിക്കുന്ന ആ ചിരിക്ക് ശേഷം അയാളെ കൂടുതൽ വഴക്ക് പറയാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.

അങ്ങനെ സ്വയം തോൽപ്പിക്കാനായി ജീവിതത്തിൽ ഉടനീളം അയാൾ ചിരി കൊണ്ട് നടന്നു.

മൂർച്ചയുള്ള ഒരു കഷണം കുപ്പിച്ചില്ലുപോലെ.

പകൽ സമയങ്ങളിൽ പഴയ സാധനങ്ങൾ വിൽക്കാനുണ്ടോ എന്ന് അന്വേഷിച്ച് വീട്ടിടവഴിയിലൂടെ മൂക്കുത്തി അണിഞ്ഞ ഒരു സ്ത്രീ വരാറുണ്ടായിരുന്നു. ഒരിക്കൽ മകന്‍റെ ഭാര്യ അവരെ വിളിച്ച് കുപ്പികൾ മുഴുവൻ വിൽക്കാൻ ഒരുങ്ങിയപ്പോൾ അയാൾ മുറിയിൽ കയറി കതകടച്ചിരുന്നു.

ഇനിയൊരിക്കലും കതക് തുറക്കില്ല എന്ന് തീർച്ചപ്പെടുത്തിയത് ആയിരുന്നു. പക്ഷേ പുകയിലപ്പൊടി കുപ്പി പുറത്തുവച്ച് മറന്നത് കൊണ്ട് മാത്രമാണ് പ്രതിഷേധവും സങ്കടവും സമം ചേർന്ന അയാളുടെ വൃദ്ധ മനസ്സ് വാശി ഉപേക്ഷിച്ചത്.

കുപ്പികൾ ഈ വീട്ടിലെ അധികപ്പറ്റാകുന്നുണ്ടോ എന്ന ചിന്ത അയാളുടെ വ്യാകുലതയായത് അന്നുമുതലാണ്.

വീട്ടിലെത്തുന്ന പരിചിതരോട് പോലും പേരെന്താണ്? വീട് എവിടെയാണ്? ജോലി എന്താണ്? എന്നൊക്കെ അവർ പോകുന്നത് വരെ ആവർത്തിച്ചു ചോദിക്കുന്ന തരത്തിലേക്ക് അയാളുടെ ഓർമ്മ ശക്തി ക്ഷയിച്ച ഒരു കാലത്താണ് അയാളുടെ കുപ്പികൾ മുഴുവൻ വിൽക്കപ്പെട്ടത്.

ശേഷിപ്പുകൾ നഷ്ടമായ അയാളുടെ ബാക്കിയുള്ള ജീവിതം ഒരു അനുഷ്ഠാനമായി തീർന്നു. അശാന്തി പെയ്യുന്ന മനസ്സിൽനിന്ന് കനലുകൾ കണ്ണുകളിൽ വന്ന് നിറയുമ്പോൾ പകൽ രാത്രിയാവാനും രാത്രി പകുതി പിന്നിടുമ്പോൾ നേരം പുലരാനും അയാൾ പ്രാർത്ഥിക്കും. ഉള്ളിൽ എന്തോ ചിതറി തറഞ്ഞതിന്‍റെ വേദനയോടെ അയാൾ ഉണരുക വരണ്ട പകലിലേക്കോ, നിലാവ് ചത്ത രാത്രിയിലേക്കോ ആയിരിക്കും.

കാലബോധം അറിയാതെ ഉണർന്ന ഒരു പകൽ ജനലിന് അരികിൽ ഇരുന്ന് കുപ്പികളെ കുറിച്ച് ഒരു കിനാവ് കാണുന്നതിനിടയിലാണ് പുറത്ത് വെയിലിൽ അണ്ണാച്ചികൾ തൊടി കിളയ്ക്കുന്നത് അയാളുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നെ മണ്ണിനടിയിൽ ഉപേക്ഷിക്കപ്പെട്ട കുപ്പികളെ കുറിച്ചായി ചിന്ത.

മണ്ണ് വാരി കളിച്ച കുപ്പികളും മരണത്തിന് മുമ്പ് മരുന്നു കുടിച്ച് ഉപേക്ഷിച്ച കുപ്പികളും ഒറ്റിക്കൊടുക്കുന്നതിന് മുമ്പ് സ്നേഹിതൻ ഉപേക്ഷിച്ച മദ്യത്തിന്‍റെ കുപ്പികളും എല്ലാം ആയുധങ്ങൾ കൊണ്ട് തകർക്കപ്പെടുമെന്ന് അയാൾ ഭയപ്പെട്ടിരിക്കുമ്പോഴാണ് ഒരു കാറ്റ് വന്ന് ജനൽ പാളികൾ അടച്ചത്.

ജനൽ കാഴ്ച മറഞ്ഞതും കുപ്പികളെ കുറിച്ചുള്ള അയാളുടെ വിചാരവും നിലച്ചു. പിന്നെ വേറെ എന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ട് അയാൾ കട്ടിലിൽ പോയി കിടന്നു. നടുവേദനയും മൂത്രം നനഞ്ഞ കിടക്കയിലെ പുളിച്ച ഗന്ധവും അയാളുടെ അരിശമായി.

നിന്‍റെ ചെക്കൻ കിടക്കയിൽ മുഴുവൻ പാത്തിയിട്ടിക്കിന്ന്, സ്വൈര്യമായി കിടക്കാനും സമ്മതിക്കില്ല അസത്തേള് പതിവില്ലാത്ത വിധം അയാൾ മകന്‍റെ ഭാര്യയോടായി ഒച്ചവെച്ചു.

ഉടുമുണ്ടിന്‍റെ ഒത്ത നടുവിലെ നനവ് പടർന്ന അടയാളങ്ങൾ എന്നും അയാൾക്കെതിരായിരുന്നു. അതുകൊണ്ടുതന്നെ പിടിക്കപ്പെടുമ്പോൾ ഒച്ച വെക്കൽ അവസാനിപ്പിച്ച് അയാൾ അവിടെ തന്നെ പോയി കിടക്കും. എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിനെ പോലെ.

തൊടുന്നതിനും പിടിക്കുന്നതിനും എല്ലാം കുറ്റം ചാർത്തപ്പെടാൻ തുടങ്ങിയപ്പോൾ ആ വീട്ടിലെ വേഗം ഏറിയ മറ്റു ജീവിതങ്ങളുമായി പൊരുത്തപ്പെടാൻ അയാൾ പാടുപെട്ടു.

എന്നിട്ടും…

പുകയില പൊടി നിറം പടർന്ന മൂക്കട്ട തുടച്ചുകൊണ്ട് രാപ്പകലിന്‍റെ രഹസ്യങ്ങൾ അറിയാതെ നനവ് ഉണങ്ങാത്ത കിടക്കയിൽ നഷ്ടപ്പെടുന്നതിനെ കുറിച്ച് ഓർത്ത് കൂടുതൽ വൃദ്ധനാവാൻ കാലം അയാളെ അനുവദിച്ചു.

അങ്ങനെ കാലം ചെയ്യാതെ കിടന്ന അയാളുടെ കാതുകളിലേക്കും കണ്ണുകളിലേക്കും പിന്നെ ഹൃദയത്തിലേക്കും കളിത്തോക്കിൽ നിന്ന് ഉണ്ടകൾ വന്ന് പതിക്കുന്നത് പതിവായപ്പോഴാണ് സ്വയം നഷ്ടപ്പെട്ടത് അയാൾ അറിഞ്ഞത്.

അപൂർവമായി ഓർമ്മ തിരിച്ചുകിട്ടുമ്പോഴെല്ലാം അയാൾ ഇന്നലെകളിൽ ഒരു നല്ല സ്വപ്നം പരത്തും. അപ്പോഴൊക്കെ അലോസരപ്പെടുത്തുന്ന എന്തെങ്കിലുമൊക്കെയാവും തെളിഞ്ഞു വരിക.

അയൽക്കാരൻ അതിഥിയെ കുപ്പി പൊട്ടിച്ച് കൊലപ്പെടുത്തിയതോ മറ്റോ ഉള്ളിൽ നിറയുമ്പോൾ അയാൾക്ക് പതിവില്ലാത്ത വിധം പേടി തോന്നും.

ഇങ്ങനെ സ്വയം ശപിച്ചിരിക്കുമ്പോഴാണ് അണ്ണാച്ചികൾ തൊടിയിൽ നിന്ന് ശ്രദ്ധാപൂർവ്വം കുഴിച്ചെടുത്ത ഒരു വലിയ കുപ്പി മകൻ അയാൾക്ക് കാഴ്ച വെച്ചത്.

അപ്രതീക്ഷിതമായി അനുഭവപ്പെട്ട മകന്‍റെ സ്നേഹം അയാൾക്ക് അത്ഭുതമായി. കൈവിട്ടതിൽ അധികം തിരിച്ചുകിട്ടിയ സന്തോഷത്തിൽ വൃദ്ധന്‍റെ മനസ്സ് നിറഞ്ഞു.

അപൂർവ്വമായ ആ കുപ്പി സ്വന്തമാക്കിയ അയാളുടെ ആഹ്ളാദം മകൻ പങ്കുവെച്ചത് അയാളെ അതേ കുപ്പിയിൽ അടച്ചുവെച്ചുകൊണ്ടാണ്.

ഈ സ്നേഹപ്രകടനം കണ്ട്  പകച്ചുപോയ വൃദ്ധ പിതാവിന്‍റെ കണ്ണിൽ നിസ്സഹായത നിറഞ്ഞു. താമസിയാതെ അയാളെ നിറച്ചു വെച്ച കുപ്പി അതിഥി മുറിയിൽ സ്ഥാപിക്കപ്പെട്ടു.

പ്രിയമുള്ളവരെ, നിങ്ങൾ നിങ്ങളുടെ തോക്കുകളിൽ ഉണ്ടകൾ കരുതിവയ്ക്കുക. കാരണം ഈ ലോകം ഇനിയും കുപ്പികൾ നിർമ്മിക്കും. അതിൽ സുന്ദരങ്ങളായ ജീവിതങ്ങൾ വന്ന നിറയുമ്പോൾ നിങ്ങൾക്ക് വെടിവെച്ച് കളിക്കാം.

ഉള്ളിൽ അമർന്നുപോയ വൃദ്ധവിലാപത്തിനുശേഷം അയാൾ ദയാവധം കാത്തു കിടന്നു.

അനന്തരം

ആരോ ശ്വാസം മുട്ടി ചില്ലു കഷണങ്ങളായി ചിതറിത്തെറിക്കുന്നത് ആ വീട് അറിഞ്ഞു.

അവസാനത്തെ പൂക്കൾ

മുൻകൂട്ടി സമ്മതം വാങ്ങിയശേഷം കൺസൾട്ടിംഗ് റൂമിൽ പ്രവേശിച്ച രാജീവിനെയും പ്രിയയെയും കണ്ട മാത്രയിൽ ഞാൻ അസ്വസ്ഥനായി. ദുഃഖകരമായ ആ യാഥാർത്ഥ്യം എങ്ങനെ അവരെ അറിയിക്കും. രാജീവിന്‍റെ മുഖത്തും അസ്വസ്ഥത നിറഞ്ഞു നിന്നിരുന്നു. തീർത്തും ക്ഷീണിതമായ പ്രിയയുടെ മുഖത്തേക്ക് ഒരു നിമിഷം ഞാൻ നോക്കി.

എനിക്ക് അഭിമുഖമായുള്ള കസേരകളിലാണ് ഇരുവരും ഇരിക്കുന്നത്. ആകാംക്ഷ മുറ്റി നിൽക്കുന്ന മിഴികളോടെ അവർ എന്നെ തന്നെ ഉറ്റു നോക്കിക്കൊണ്ടിരുന്നു. അവസാനത്തെ തിളക്കവും നഷ്ടപ്പെട്ട പ്രിയയുടെ മിഴികളിൽ പ്രതീക്ഷയുടെ ഒരിറ്റു കണമെങ്കിലും ബാക്കി ഉണ്ടാവുമോ? ആ സമയം അവളുടെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം പോലും എനിക്കുണ്ടായില്ല.

ഞാൻ രാജീവിന്‍റെ നേർക്ക് തിരിഞ്ഞിരുന്നു. പ്രിയയുടെ ഒരു ടെസ്റ്റ് റിപ്പോർട്ട് കൂടി വരാനുണ്ട്. ആദ്യം അതൊന്ന് ചെക്ക് ചെയ്യണം. രാജീവിനോട് എന്‍റെ കൂടെ വരാൻ ആംഗ്യം കാട്ടിക്കൊണ്ട് ഞാൻ കൺസൾട്ടിംഗ് റൂമിൽ നിന്നെഴുന്നേറ്റ് പുറത്തു കടന്നു. എന്നിലേക്ക് നീണ്ടുനീണ്ട് വന്ന പ്രിയയുടെ ആകാംക്ഷ നിറഞ്ഞ മിഴികളെ ഞാൻ അവഗണിച്ചു. പിന്നാലെ രാജീവ് എത്തി.

അയാം സോറി, രാജീവ് നിങ്ങളുടെ ഭാര്യക്ക് ബ്ലഡ് കാൻസർ ആണ്. വി ഹാവ് റ്റു ഫേസ് ഇറ്റ്, ദിവസം ചെല്ലുന്തോറും അവളുടെ സ്ഥിതി വഷളായി വരികയാണ്. ഒരുപക്ഷേ രണ്ടോ മൂന്നോ മാസം കൂടി…

എന്‍റെ മറുപടി രാജീവിനെ പൂർണമായും നിരാശനാക്കി. ഞാൻ അയാളെ ആശ്വസിപ്പിച്ച് അടുത്തുള്ള കസേരയിൽ ഇരുത്തി. മുഖത്ത് ഇരുകൈകളും ഊന്നിയുള്ള അയാളുടെ ഇരിപ്പ് എന്നെ പിന്നെയും ദുഃഖിതനാക്കി. യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ അയാൾക്ക് കഴിയില്ലെന്ന് എനിക്ക് തോന്നി. നിശബ്ദനായി അയാൾക്ക് അരികിൽ നിൽക്കാനേ എനിക്കായുള്ളു.

ഡോക്ടർ, ഞാൻ അവളെ വല്ലാതെ സ്നേഹിക്കുന്നു. അവൾ മരണത്തിന്‍റെ ഇരുട്ടറയിലേക്ക് മറയുന്നത് കാണാനുള്ള കരുത്ത് എനിക്കില്ല. രാജീവിന്‍റെ കണ്ഠമിടറി.

നോക്കൂ രാജീവ്, ബീ ബ്രേവ്. ഇപ്പോൾ പ്രിയക്ക് നിങ്ങളുടെ ധൈര്യവും സാമീപ്യവും ആണ് ആവശ്യം. വീട്ടിൽ വേറെ ആരൊക്കെയുണ്ട്?

എല്ലാവരും ഉണ്ട് ഡോക്ടർ. ഭാര്യ, മക്കൾ, അച്ഛൻ, അമ്മ തുടർന്ന് അയാൾ മുഖമുയർത്തി സങ്കോചത്തോടെ പറഞ്ഞു. ഡോക്ടർ പ്രിയ എന്‍റെ ഭാര്യയല്ല.

അപ്പോൾ നിങ്ങളുടെ ആരാണ് അവർ?

ഉള്ളിൽ ഉയർന്ന ജിജ്ഞാസ അടക്കി ക്കൊണ്ട് ഞാൻ അയാളോട് ചോദിച്ചു.

എന്‍റെ എല്ലാമാണ് അവൾ… എല്ലാം. ഞാനെന്‍റെ ജീവനേക്കാൾ അവളെ സ്നേഹിക്കുന്നു. അവളുടെ ജീവിതം നമ്മെ കബിളിപ്പിച്ച് അകന്നകന്ന് പോവുകയല്ലേ.

എനിക്ക് നിങ്ങളുടെ മാനസികാവസ്ഥ മനസ്സിലാകുന്നുണ്ട് രാജീവ്. ജീവിതത്തിലെ ഏറ്റവും മഹത്തരമായ വികാരമാണ് സ്നേഹം. പക്ഷേ, പ്രിയയുടെ വീട്ടുകാരെ എത്രയും പെട്ടെന്ന് ഈ വിവരം അറിയിക്കണം. അവരെ ഇവിടെ വിളിച്ച് വരുത്തണം.

അവളുടെ വീട്ടുകാരെ എനിക്ക് പരിചയമില്ല ഡോക്ടർ. ഇപ്പോൾ അവൾ ഒരു വർക്കിംഗ് വിമൻസ് ഹോസ്റ്റലിലാണ് താമസിക്കുന്നത്. അവിടെയും അവൾക്കാരുമായി അടുത്ത ബന്ധമില്ല.

അങ്ങനെയാകുമ്പോൾ അവളുടെ ട്രീറ്റ്മെന്‍റ്… ചോദ്യം പൂർത്തിയാക്കാതെ ഞാൻ അയാളെ നോക്കി.

ഞാൻ ചികിത്സിപ്പിക്കും ഡോക്ടർ. പക്ഷേ… അയാളുടെ ആവേശം പെടുന്നനെ നിലച്ചു.

എന്ത് പക്ഷേ?

ഡോക്ടർ, പ്രിയ വേദനിച്ച് മരിക്കുന്നത് എനിക്ക് കാണാൻ ആവില്ല. അവളുടെ തളർന്നു ക്ഷീണിച്ച കണ്ണുകളിൽ… വറ്റിക്കൊണ്ടിരിക്കുന്ന പ്രതീക്ഷയും കാണാനുള്ള കരുത്ത് എനിക്കില്ല. അതുകൊണ്ട് അവളുടെ സംരക്ഷണ ചുമതല ഹോസ്പിറ്റൽ അധികൃതർ ഏറ്റെടുക്കണം.

രാജീവിന്‍റെ അഭിപ്രായം എനിക്കൊട്ടും ഇഷ്ടമായില്ല. തന്‍റെ കാമുകിയുമായുള്ള അവസാനത്തെ ബന്ധവും ഉപേക്ഷിച്ച് ഒരു അധ്യായത്തിന് തിരശ്ശീല ഇടാനുള്ള ഭാവമാണ് അയാൾക്ക് എന്ന് എനിക്ക് തോന്നി.

ഞങ്ങൾ ഡോക്ടർമാരും നേഴ്സുമാരും ഞങ്ങളുടെ കർത്തവ്യം പൂർണമായും നിർവഹിക്കും മിസ്റ്റർ. പക്ഷേ ഏറ്റവും ദുഃഖകരമായ അവസ്ഥയിൽ പ്രിയപ്പെട്ടവരുടെ സാമീപ്യവും സ്നേഹവും ആണ് രോഗിയുടെ മനോബലം വർദ്ധിപ്പിക്കുക. അയാളെ കാര്യം പറഞ്ഞ് ബോധിപ്പിച്ച ശേഷം പ്രിയയുടെ അരികിലോട്ട് വിട്ടു. അതിനുശേഷം ഞാൻ റൗണ്ട്സിനു പോയി. മടങ്ങിയെത്തുമ്പോഴേക്കും രാജീവ് പോയി കഴിഞ്ഞിരുന്നു.

ജൂനിയർ ഡോക്ടർ ശ്യാമും മേരി നഴ്സും പറഞ്ഞ് ഞാൻ ചില കാര്യങ്ങൾ അറിഞ്ഞു.

പ്രിയയുടെ ചികിത്സയ്ക്കായി രാജീവ് ഇരുപതിനായിരം രൂപ കെട്ടിവച്ചിരുന്നു. പ്രിയയെ കാൻസർ വാർഡിൽ അഡ്മിറ്റ് ചെയ്യേണ്ടിയിരുന്നതിനാൽ ആവശ്യമായി വരുന്ന ബാക്കി തുക എത്രയും പെട്ടെന്ന് എത്തിക്കാമെന്ന് പറഞ്ഞ ശേഷമാണ് അയാൾ ആശുപത്രിയിൽ നിന്നും പോയത്. രോഗവിവരം രോഗിയോട് പറയുക എന്ന ഉത്തരവാദിത്വം അതുകൊണ്ട് പൂർണ്ണമായും എന്നിൽ ആയി.

ഞാൻ എതിരെ വന്ന് നിന്നിട്ടും പ്രിയ എന്നോട് ഒന്നും ചോദിച്ചില്ല. പ്രതീക്ഷയുടെ ചെറിയൊരു മിന്നലാട്ടം കുറച്ചുമുമ്പ് അവളുടെ കണ്ണുകളിൽ തെളിഞ്ഞു നിൽക്കുന്നത് ഞാൻ കണ്ടിരുന്നു. പക്ഷേ ആ സ്ഥാനത്ത് ഇപ്പോൾ വെറും ശൂന്യത.

രോഗത്തിൽ നിന്നും മുക്തി നേടാൻ രോഗിയുടെ ആത്മവിശ്വാസം വലിയ പങ്കാണ് വഹിക്കുന്നത്. തീർച്ചയായും നിങ്ങൾക്ക് ഇവിടെയുള്ളതിൽ വച്ച് ഏറ്റവും നല്ല ചികിത്സയാണ് നൽകുക. നിങ്ങൾ തീർച്ചയായും സുഖം പ്രാപിക്കും. എന്‍റെ വാക്കുകൾ പ്രിയയുടെ ഉദാസീനത അല്പം പോലും കുറച്ചില്ല.

പ്രിയയെ അഡ്മിറ്റ് ചെയ്യാനുള്ള നടപടികൾ തുടങ്ങി. അവളുടെ വീട്ടുകാരെ കണ്ടുപിടിക്കാനുള്ള ചുമതല ഞാൻ ജൂനിയർ ഡോക്ടർ ശ്യാമിനെ ഏൽപ്പിച്ചു. എന്തുകൊണ്ടോ പ്രിയയുടെ കേസ് അവഗണിക്കാൻ എനിക്കായില്ല. ഇനിയുള്ള ദിവസങ്ങളിൽ അവളുടെ സ്ഥിതി കൂടുതൽ വഷളാകാം. അതെനിക്ക് നന്നായി അറിയാമായിരുന്നു. ഉച്ചയ്ക്ക് ശേഷം ക്യാൻസർ വാർഡിൽ വെച്ചാണ് പിന്നീട് ഞാൻ പ്രിയയെ കണ്ടത്.

ഏറെ ക്ഷീണിത ആയിരുന്നുവെങ്കിലും രോഗിയാകും മുമ്പ് അവൾ അതീവ സുന്ദരിയായിരുന്നു എന്ന് മനസ്സിലാക്കാൻ എനിക്ക് അധികം സമയം വേണ്ടിവന്നില്ല. പ്രതാപ കാലത്തെ അടയാളങ്ങൾ ഏറെക്കുറെ അവളുടെ മുഖത്ത് പ്രകടമായിരുന്നു. രാജീവിനെ കുറിച്ച് അവൾ പറഞ്ഞു.

എന്‍റെ സ്വന്തക്കാരെക്കാളും എന്നോട് അടുപ്പമുള്ളയാളാണ് രാജീവ്. ആ സ്നേഹവും സാമീപ്യവും അനുഭവിക്കാൻ ഇടയായതാണ് എന്‍റെ വലിയ ഭാഗ്യം.

വിവാഹിതനായ ഒരാളുമായി ഇത്രയും വലിയൊരു ആത്മബന്ധം വളരാൻ കാരണം? രാജീവുമായി പ്രിയയ്ക്കുള്ള പ്രണയത്തെ കുറിച്ച് അറിയാൻ വിചിത്രമായ ഒരു ജിജ്ഞാസ സ്വാഭാവികമായും എന്നിൽ ഉണ്ടായി.

പ്രണയത്തിന് എന്ത് കാരണം ഉണ്ടാകാനാ ഡോക്ടർ അവളുടെ നിഷ്കളങ്കമായ പുഞ്ചിരി എന്‍റെ ഹൃദയത്തെ സ്പർശിച്ചു ആ സ്നേഹമാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം ഇനി എനിക്ക് ഈ ലോകം ഉപേക്ഷിച്ചു പോകുന്നതിൽ യാതൊരു പരിഭവവും ഇല്ല.

നിന്‍റെ ചികിത്സാ ചെലവൊക്കെ വഹിക്കുന്നത് രാജീവ് അല്ലേ. ഞാൻ ആ യാഥാർത്ഥ്യം അവളെ എന്തുകൊണ്ടോ ബോധിപ്പിക്കാൻ ആഗ്രഹിച്ചു.

അദ്ദേഹമല്ലാതെ മറ്റൊരാണ് ആ ഉത്തരവാദിത്വം ഏറ്റെടുക്കുക?

ഡോക്ടർ ശ്യാം എങ്ങനെയോ പ്രിയയുടെ ഒരു ബന്ധുവിന്‍റെ നമ്പർ കണ്ടുപിടിച്ച് ഫോണിൽ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ സഹായത്തോടെ ഞാൻ പ്രിയയുടെ അച്ഛനുമായി ഫോണിൽ സംസാരിച്ചു.

പ്രിയയുടെ നില ഗുരുതരമാണെന്നും അവൾ ഏത് നിമിഷവും ഈ ലോകം വിട്ടുപോകുമെന്നും ഞാൻ പ്രിയയുടെ അച്ഛനെ ധരിപ്പിച്ചു. ഇതെല്ലാം കേട്ട് കഴിഞ്ഞ ശേഷം അദ്ദേഹം ചോദിച്ചു.

അവളുടെ ചികിത്സയ്ക്ക് എത്ര ചെലവ് വരും ഡോക്ടർ?

അത് ലക്ഷങ്ങൾ ആകാം. പക്ഷേ ഈ സമയത്ത് താങ്കളുടെയും കുടുംബത്തിന്‍റെയും സാന്നിധ്യം…

ഡോക്ടർ എന്തെങ്കിലും പ്രതീക്ഷയുണ്ടോ? ഞാൻ പറഞ്ഞു തീരും മുമ്പ് അദ്ദേഹം ചോദിച്ചു.

ഇല്ല… ഐ ആം സോറി…. നിങ്ങൾ എപ്പോഴാണ് ഇങ്ങോട്ട് വരുന്നത്?

കുറച്ചുനേരത്തെ കനം പിടിച്ച നിശബ്ദതയ്ക്ക് ശേഷം അദ്ദേഹത്തിന്‍റെ കനത്ത ശബ്ദം എന്‍റെ കാതിൽ മുഴങ്ങി. ഞങ്ങളോട് ചോദിച്ചിട്ടല്ല അവൾ കൊച്ചിയിൽ പോയത്… അവൾക്ക് സ്വതന്ത്രമായി ജീവിക്കണം എന്നായിരുന്നു ആഗ്രഹം. ഞങ്ങളെ ധിക്കരിച്ച്… കണ്ടില്ലേ, അതിനുള്ള ശിക്ഷയും കിട്ടി.

കാരുണ്യത്തിന്‍റെയോ സ്നേഹത്തിന്‍റെയോ കണിക പോലും ഇല്ലാത്ത ആ വാക്കുകൾ എന്നെ കുപിതനാക്കി.

ഇപ്പോൾ അതൊന്നും പറയാനുള്ള സമയമല്ലല്ലോ.

പിന്നെ ഞങ്ങൾ എന്ത് ചെയ്യാനാ? ഡോക്ടർ എനിക്ക് വിവാഹ പ്രായമായ രണ്ട് പെൺമക്കൾ കൂടിയുണ്ട്. ഞാൻ ഒരു ദിവസം വരാം.

അയാളുടെ മറുപടി കേട്ട് എന്‍റെ തൊണ്ട വരണ്ടു. തുടർന്ന് ഒന്നും പറയാനാവാതെ അയാൾ ഫോൺ കട്ട് ചെയ്തു.

രാജീവ് പലപ്പോഴായി സുഹൃത്തുക്കൾ വഴി പണം ആശുപത്രിയിൽ എത്തിച്ചു കൊണ്ടിരുന്നു. പക്ഷേ അയാൾ ഒരിക്കൽ പോലും അവളെ നേരിൽ കാണാൻ ആശുപത്രിയിൽ എത്തിയില്ല. ഈ ഒരു കാരണത്താൽ എനിക്ക് എന്തോ രാജീവിനോട് അതൃപ്തി തോന്നി.

എന്നാൽ പ്രിയ ആകട്ടെ അയാൾ വരാത്തതിൽ പരിഭവമോ വിഷമമോ പ്രകടിപ്പിച്ചില്ല. എന്നത്തേയും പോലെ ചിരിച്ചുകൊണ്ട് അവൾ എന്നോട് സംസാരിച്ചു.

ഡോക്ടർ, രാജീവ് വളരെ തിരക്കുള്ള ആളാണ്. സമയം കിട്ടുമ്പോൾ എന്നെ കാണാൻ ആയി വരും ഡോക്ടർ കണ്ടോ.

പക്ഷേ, എത്രയായാലും കുറച്ച് സമയം കണ്ടെത്തി ഇവിടെ വരാമല്ലോ. എന്‍റെ ശബ്ദത്തിൽ അമർഷം നിറഞ്ഞു നിന്നിരുന്നു.

ഡോക്ടർ താങ്കൾക്ക് ഭാര്യയോടോ അല്ലെങ്കിൽ ഏതെങ്കിലും സ്ത്രീയോടോ പ്രണയം ഉണ്ടോ?

തീർച്ചയായും ഉണ്ട്. ഭാര്യയോടും പിന്നെ വേറെ ഒരാളോടും. തമാശ മട്ടിലുള്ള എന്‍റെ മറുപടി കേട്ട് അവൾ പൊട്ടിച്ചിരിച്ചു.

അങ്ങനെയാണെങ്കിൽ സത്യസന്ധമായ പ്രണയത്തിൽ അവിശ്വാസത്തിന്‍റെ വേരുകൾ ഉണ്ടാവില്ലെന്ന് ഡോക്ടർക്ക് അറിയാമായിരിക്കുമല്ലോ. അദ്ദേഹം എപ്പോഴും എന്‍റെ മനസ്സിലുണ്ട്. അദ്ദേഹത്തെ എന്നും എപ്പോഴും കാണണമെന്ന് എനിക്ക് മുമ്പും തോന്നിയിട്ടില്ല, ഇപ്പോഴുമില്ല.

രാജീവിനെ കുറിച്ച് പറഞ്ഞു തുടങ്ങിയതോടെ ക്ഷീണിച്ചു തളർന്ന മുഖത്ത് സന്തോഷത്തിന്‍റെ അലകൾ ഉയർന്നു. രാജീവിനോടുള്ള അവളുടെ ഉറച്ച വിശ്വാസം വാസ്തവത്തിൽ എന്നെ വളരെയധികം സ്വാധീനിക്കുകയാണ് ഉണ്ടായത്.

അഞ്ചു ദിവസങ്ങൾക്കുശേഷം രാജീവിനെ ഞാൻ യാദൃശ്ചികമായി മാർക്കറ്റിൽ വച്ചുകണ്ടു. അവിടെവച്ച് കാര്യങ്ങൾ പറയാനുള്ള സാഹചര്യമല്ലാത്തതിനാൽ ഞാൻ അയാളെ അടുത്തുള്ള റസ്റ്റോറന്‍റിലേക്ക് കൂട്ടിക്കൊണ്ടു പോയി.

കോഫിക്ക് ഓർഡർ കൊടുത്തശേഷം രാജീവിനോട് അല്പം ദേഷ്യത്തോടെ ചോദിച്ചു. നിങ്ങൾ കാമുകിയുടെ സുഖവിവരങ്ങളെ കുറിച്ച് അന്വേഷിക്കാൻ വന്നില്ലല്ലോ. അവൾ നിങ്ങളെ എന്തുമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ?

അയാൾ നിസ്സഹായത കലർന്ന കണ്ണുകളോടെ എന്നെ നോക്കി. എനിക്ക് വരണമെന്നുണ്ട് ഡോക്ടർ. പക്ഷേ, ഞാൻ വന്നിട്ട് എന്ത് ചെയ്യാനാ. എനിക്ക് അവളുടെ അവസ്ഥ കാണാനുള്ള കരുത്തില്ല.

നിങ്ങൾക്ക് അവളോട് യഥാർത്ഥമായ സ്നേഹം ഉണ്ടെങ്കിൽ യാഥാർത്ഥ്യത്തെ നേരിടാനുള്ള കരുത്ത് ആർജ്ജിക്കുകയല്ലേ വേണ്ടത്.

സർ, ഞാൻ വിവാഹിതനാണ്. എനിക്ക് പത്തും എട്ടും വയസ്സുള്ള രണ്ടു മക്കളും ഉണ്ട്. എന്‍റെ ഭാര്യക്കും മക്കൾക്കും ഇതേക്കുറിച്ച് ഒന്നുമറിയില്ല.

ഓഹോ… അപ്പോൾ ഭാര്യയും കുട്ടികളും അറിയുമെന്ന പേടിയാണ് നിങ്ങൾക്ക്? ഞാൻ അയാളെ പുച്ഛത്തോടെ നോക്കി.

അതും ഒരു കാരണമാണ് ഡോക്ടർ. അയാൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

മിസ്റ്റർ രാജീവ്, നിങ്ങൾ വളരെ സമർത്ഥൻ തന്നെ. ഓരോ നിമിഷവും മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ആ പെൺകുട്ടിയെ നിങ്ങൾ ഈ സമയത്ത് തനിച്ചാക്കുകയാണോ വേണ്ടത്? നിങ്ങളെ ചുറ്റിപ്പറ്റി അവൾക്ക് തെറ്റിദ്ധാരണയുണ്ട്. നിങ്ങൾ അവളെ ഒരിക്കലും സ്നേഹിച്ചിട്ടില്ല. അവളുടെ സൗന്ദര്യത്തെയും യൗവനത്തെയും നിങ്ങൾ മുതലെടുക്കുകയായിരുന്നില്ലേ, ദേഷ്യം മൂലം എന്‍റെ ശബ്ദം കുറയ്ക്കാൻ തുടങ്ങി.

കുറച്ചുസമയം തലകുനിച്ചിരുന്ന അയാൾ ഒടുവിൽ തലയുയർത്തി. അയാളുടെ കണ്ണുകളിൽ വേദന നിറഞ്ഞുനിന്നത് എനിക്ക് വായിച്ചെടുക്കാനാവുമായിരുന്നു. അയാൾ ഇത്രയ്ക്കും വികാരധീനനാവും എന്ന് കരുതിയതല്ല.

ഡോക്ടർ എന്നെ തെറ്റിദ്ധരിച്ചു. അയാളുടെ വാക്കുകളിൽ വേദന പടർന്നിരുന്നു. പ്രിയയോടുള്ള എന്‍റെ അടുപ്പം കൊണ്ട് ഞാൻ അവളെ കാണാൻ ആശുപത്രിയിൽ എങ്ങാനും പോവേണ്ടിവന്നാൽ സമൂഹത്തിലും കുടുംബത്തിലും ഉള്ള എന്‍റെ നിലയും വിലയും മറന്ന് ഞാൻ അവൾക്കൊപ്പം താമസിച്ചുപോകും. അതുകൊണ്ടാ ഞാൻ അവളെ കാണാൻ ഭയപ്പെടുന്നത്.

മനസ്സിൽ ഇത്രയും കഠിനമായ വേദന സഹിച്ചു നടക്കുന്ന ഒരു വ്യക്തിയെ ഒരുപക്ഷേ, എന്‍റെ 15 വർഷത്തെ പ്രാക്ടീസിന് ഇടയിൽ ആദ്യമായി കാണുകയായിരുന്നു. എനിക്ക് അയാളുടെ സഹാനുഭൂതി തോന്നി.

ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം രാജീവ് എന്നും പ്രിയക്ക് മനോഹരമായ പൂക്കൾ കൊണ്ടുള്ള ബൊക്കേ അയച്ചു കൊണ്ടിരുന്നു. രോഗപീഡകളോടും ശക്തിയേറിയ മരുന്നുകളോടും അനുദിനം മല്ലിട്ടു കൊണ്ടിരുന്ന പ്രിയയ്ക്ക് സ്നേഹത്തിന്‍റെ നിറവും മണവുമായി എത്തിയ പൂക്കൾ വളരെ ആശ്വാസം നൽകിയിരുന്നു. അവളെ അത് ആവേശം കൊള്ളിച്ചു. പലവട്ടം അവളത് മുഖത്തോട് ചേർത്തുവയ്ക്കുന്നത് ഞാൻ പലപ്പോഴും ശ്രദ്ധിച്ചു. അയാളിൽ നിന്നുള്ള ചെറിയൊരു കാര്യം പോലും അവളെ അതിനായി സന്തോഷിപ്പിക്കുന്നു.

ആശുപത്രിയിൽ പ്രിയയുമായി അടുത്തിടപഴകിയ എല്ലാവരും അവളുടെ സ്വഭാവ മഹിമയേയും ഹൃദയവിശാലതയേയും പ്രശംസിച്ചു കൊണ്ടിരുന്നു. എല്ലാവർക്കും അവൾ പ്രിയപ്പെട്ടവൾ ആയിരുന്നു.

അഞ്ജു സിസ്റ്ററിനോട് രാജീവുമായുള്ള തന്‍റെ പ്രണയത്തെക്കുറിച്ച് അവൾ പറയുക വരെ ചെയ്തു. ക്രമേണ അഞ്ജുവിനും പ്രിയയ്ക്കും ഇടയിൽ ആഴമേറിയ ഒരു സൗഹൃദം തന്നെ ഉണ്ടായി.

ഒരു ദിവസം വൈകുന്നേരം അഞ്ജു സിസ്റ്റർ എന്നോട് സങ്കടത്തോടെ പറഞ്ഞു. പാവം കുട്ടി, വിവാഹിതനായ ഒരാളെ തന്നെ പ്രേമിച്ചല്ലോ. സാർ, അവൾ വളരെ നല്ലവളാണ്. അനുയോജ്യനായ ഒരാളെ കണ്ടെത്തി കല്യാണം കഴിച്ചിരുന്നുവെങ്കിൽ ഈ പ്രതിസന്ധിയിൽ ഒറ്റപ്പെടുമായിരുന്നില്ലല്ലോ.

ദിവസങ്ങൾ കടന്നുപോകുന്തോറും പ്രിയയുടെ ആരോഗ്യസ്ഥിതി വഷളായി കൊണ്ടിരുന്നു. ശാരീരികമായ പ്രശ്നങ്ങൾ കൂടിയതോടെ അവൾക്ക് നടക്കാൻ പോലും കഴിയാത്ത സ്ഥിതിയായി. ജീവിതത്തിലെ മറ്റൊരു ദശാസന്ധിയിലൂടെ അവളുടെ ജീവിതം ഓടിക്കൊണ്ടിരുന്നു.

കുറേ ദിവസങ്ങളായി ഉണ്ടായിരുന്ന ചുമ അപ്രതീക്ഷിതമായി ന്യൂമോണിയയായി മാറി. അവളുടെ രക്തത്തിന് രോഗങ്ങളെ ചെറുക്കാനുള്ള കഴിവും കുറഞ്ഞുകൊണ്ടിരുന്നു. ആരോഗ്യസ്ഥിതി വഷളായതോടെ അവളെ ഉടൻ തന്നെ ഞങ്ങൾ ഐസിയുവിൽ ആക്കി.

ഡോക്ടർ, ഞാനിനി അധിക ദിവസം ഉണ്ടാവില്ല എന്ന് തോന്നുന്നു. ഡോക്ടർ ഒരുപാട് നന്ദിയുണ്ട്… എല്ലാറ്റിനും…. ശ്വാസംമുട്ടൽ കാരണം അവൾ തുടർന്ന് പറയാൻ ബദ്ധപ്പെട്ടു.

ഒന്നും പറയാതിരിക്കാനായി ഞാൻ അവളുടെ വായ് പൊത്തി. നീ എനിക്ക് സ്വന്തം അനുജത്തിയാണ്. അനിയത്തി ആവുമ്പോൾ നന്ദി പറയേണ്ട കാര്യമുണ്ടോ. നീ എത്രയും വേഗം സുഖം പ്രാപിക്കും വിഷമിക്കരുത്.

ഡോക്ടർ ഞാനൊരു കാര്യം ചോദിക്കട്ടെ?

ചോദിച്ചോളൂ.

ഡോക്ടർ, രാജീവിനെ കണ്ടിരുന്നോ?;

ങ്ഹാ, രണ്ടുമൂന്ന് തവണ കണ്ടിരുന്നു.

അല്പനേരത്തെ ആലോചനക്ക് ശേഷം അവൾ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു, ഞാൻ മരിച്ചു പോവുകയാണെങ്കിൽ അദ്ദേഹം വരുമോ?

രാജീവ് വരണമെന്ന് നീ ആഗ്രഹിക്കുന്നുണ്ടോ? ഒരുതവണ പോലും ഒന്നും ആവശ്യപ്പെടാത്ത പ്രിയയുടെ ചോദ്യം ശരിക്കും എന്നെ അമ്പരിപ്പിച്ചു.

അദ്ദേഹമല്ലാതെ ഈ നഗരത്തിൽ എനിക്ക് ആരുമില്ല. ബാക്കിയെല്ലാവരും അങ്ങ് ദൂരെയല്ലേ, അങ്ങനെയാണെങ്കിൽ… ഞാൻ മരിക്കുമ്പോൾ… തൊണ്ട ഇടറിയതോടെ അവൾ തുടർന്ന് പറയാനാവാതെ കുഴങ്ങി.

ഞാൻ തീർച്ചയായും രാജീവുമായി സംസാരിക്കാം. കുട്ടി നീ എന്നെ നിന്‍റെ സഹോദരനായി കണ്ടോളൂ. നീ ഈ നഗരത്തിൽ തനിച്ചാണെന്ന് കരുതരുത്. ഞാൻ അവളുടെ ചുമരിൽ പതിയെ തട്ടിക്കൊണ്ടു പറഞ്ഞു.

ബോധത്തോടെ ഉള്ളപ്പോൾ അവളുമായി സംസാരിച്ച അവസാന സന്ദർഭമായിരുന്നു അത്. അവളുടെ ആരോഗ്യസ്ഥിതി തുടർച്ചയായി വഷളായി കൊണ്ടിരുന്നു. രാജീവിന് അന്ന് തന്നെ ഫോൺ ചെയ്ത് ഞാൻ അവളുടെ ആഗ്രഹം പറഞ്ഞു.

അവളുടെ ആഗ്രഹം ഞാൻ തീർച്ചയായും സാധിച്ചു കൊടുക്കും ഡോക്ടർ.

ഈ വിവരം അവളെ അറിയിച്ചപ്പോൾ അവളുടെ മുഖം സന്തോഷത്താൽ വിടർന്നു. ഒടുവിൽ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ഞങ്ങളുടെ എല്ലാ ശ്രമങ്ങളെയും നിഷ്ഫലമാക്കി കൊണ്ട് മരണത്തിന്‍റെ തണുത്ത നിഴലിലേക്ക് അവൾ യാത്രയായി. ഒരു മാസവും 25 ദിവസവും ആശുപത്രിയിൽ കഴിച്ചുകൂട്ടിയ അവൾ രോഗത്തിന്‍റെ കടുത്ത യാതനകളോട് വിട ചൊല്ലി.

ശവസംസ്കാരത്തിന്‍റെ ഒരുക്കങ്ങൾ ഞാൻ ഏറ്റെടുത്തു. അവളുടെ മരണം അടുത്തിരിക്കുന്നുവെന്ന സൂചന ഞാൻ ഏതാനും ദിവസം മുമ്പ് തന്നെ രാജീവിനെ അറിയിച്ചിരുന്നു.

മരണവിവരം ഞാൻ അയാളെ ഫോൺ ചെയ്ത് അറിയിച്ചു.

അവളെ കാണാൻ നിങ്ങൾ എത്തുമല്ലോ അല്ലേ?

ഇന്നെന്‍റെ വൈഫിന്‍റെ ബർത്ത് ഡേ ആണല്ലോ. ഞാനും കുടുംബവും ഇപ്പോൾ വൈഫ് ഹൗസിലാണ്. അതുകൊണ്ട് എനിക്ക് വരാൻ കഴിയില്ല ഡോക്ടർ. അയാം  വെരി സോറി.

അയാളുടെ മറുപടി കേട്ട് ഞാൻ ഞെട്ടിപ്പോയി. തുടർന്ന് ഞാൻ അയാളുടെ ഒന്നും പറയാനാവാതെ ഫോൺ കട്ട് ചെയ്തു. ബന്ധങ്ങളുടെ തീവ്രത മരണത്തോടെ മാഞ്ഞു പോകുമോ?

പ്രിയയുടെ ശവസംസ്കാര ചടങ്ങുകൾ ഞാൻ മുൻകൈയെടുത്ത് നടത്തി. അവളുടെ മാതാപിതാക്കളും ഏതാനും ബന്ധുക്കളും എത്തിയിരുന്നു. തികച്ചും തണുത്ത മരവിച്ച, അടുക്കിയൊതുക്കിയുള്ള തേങ്ങലുകൾ മാത്രം മുഴങ്ങുന്ന അന്തരീക്ഷം. ആർക്കും ആരോടും ഒന്നും പറയാനുമില്ല… കേൾക്കാനും ഇല്ല… എങ്കിലും ഒരു ചോദ്യം മാത്രം എന്‍റെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു.

തന്‍റെ സാന്നിധ്യം പ്രിയ മനസ്സുകൊണ്ട് കൊതിക്കുന്നുണ്ടെന്ന് രാജീവിന് നന്നായിട്ട് അറിയാമായിരുന്നു. എന്നിട്ടും ജീവനോടെ ഇരിക്കെ അവളെ ഒരു നോക്ക് കാണാൻ അയാൾ വരാതിരുന്നതെന്തേ? പിന്നെ എന്തുകൊണ്ടാണ് അയാൾ അവളുടെ ചികിത്സാ ചെലവുകൾ വഹിച്ചത്. ഒരുപക്ഷേ പ്രണയത്തിന് ഇങ്ങനെയൊരു മുഖം ഉണ്ടാകുമോ? ജനനത്തിനും മരണത്തിനും ഇടയിലുള്ള ദുരൂഹമായ ഒരു സമസ്യയെ തന്നെയല്ലേ ജീവിതം. ശവസംസ്കാര ചടങ്ങുകൾ കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങുമ്പോൾ ഒരാൾ കമ്പിളി പുതച്ച് മടങ്ങി പോകുന്നത് എന്‍റെ ശ്രദ്ധയിൽപ്പെട്ടു ആരാണ് അയാൾ?

ചാന്ദ്നിയുടെ കഥ

ഭർത്താവ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഭാര്യക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരും. തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്ത് പോയി വോട്ടർമാരുമായി കൈകോർത്ത് വോട്ട് പിടിക്കണം. അണികൾക്കുള്ള ഭക്ഷണവും മറ്റും വീട്ടിലും ഒരുക്കേണ്ടിവരും. എന്നാൽ ഭാര്യ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഭർത്താവ് കുറേ ബഹളം വയ്ക്കുന്നു, എന്നാൽ ആരും ശ്രദ്ധിക്കുന്നില്ല. അയാൾ ഒരു പാവപ്പെട്ട തൊഴിലാളിയാണെന്നാണ് ആളുകൾ കരുതുന്നത്.

ഇന്നാട്ടിൽ ഖാദി വസ്ത്രം ധരിച്ചാൽ പാർട്ടി പ്രവർത്തകനായാണ് പൊതുവെ കണക്കാക്കുന്നത്. ഈ പൊതുവസ്ത്രത്തിലാണെങ്കിൽ, ഒരു പ്രസംഗകനായി പോലും കണക്കാക്കപ്പെടുന്നു. എന്നാൽ സ്ഥാനാർത്ഥിയുടെ ഭർത്താവ് താനാണെന്ന് ആരോടും പറയാനോ ആളുകൾക്ക് അവനോട് ചോദിക്കാനോ മടിയാണ്. അതേസമയം സ്ഥാനാർത്ഥിയുടെ ഭാര്യയാണ് താനെന്ന് ഭാര്യ അഭിമാനത്തോടെ പറയുന്നു. ഇതറിഞ്ഞ് ആളുകളും അദ്ദേഹത്തെ ആദരിക്കുന്നു. ആലോചിച്ചു നോക്കു ബന്ധം പറയാൻ പോലും കഴിയാത്ത ഒരാൾക്ക് എങ്ങനെ ബഹുമാനം നൽകാൻ കഴിയും?

ഭർത്താവ് ഒരു പദവിയിൽ ഇരിക്കുമ്പോൾ ഭാര്യക്കും പ്രത്യേക ബഹുമാനം ലഭിക്കും. അവളുടെ ഭർത്താവിനെ ബഹുമാനിക്കുന്നതുപോലെ ആളുകൾ അവളെ ബഹുമാനിക്കുന്നു. ഭാര്യ ഒരു പദവിയിൽ എത്തുമ്പോൾ അവളുടെ ഭർത്താവിന് ഒരു പ്രാധാന്യവും ലഭിക്കുന്നില്ല. ഏതൊരു രാജ്യത്തിന്‍റെയും രാഷ്ട്രത്തലവന്‍റെയോ സർക്കാരിന്‍റെയോ ഭാര്യ ആ രാജ്യത്തിന്‍റെ പ്രഥമ വനിതയാണ്. ഒരു സ്ത്രീ ആ സ്ഥാനം വഹിക്കുന്നുണ്ടെങ്കിൽ അവളുടെ ഭർത്താവ് ഒന്നുമല്ല. ഉദാഹരണത്തിന് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയെയും പ്രധാനമന്ത്രി മാർഗരറ്റ് താച്ചറെയും എടുക്കുക.

ചിലർക്ക് എലിസബത്തിന്‍റെ ഭർത്താവ് ഫിലിപ്പ് മൗണ്ട് ബാറ്റൺ രാജകുമാരനെ അറിയാം, എന്നാൽ മാർഗരറ്റ് താച്ചറിന്‍റെ ഭർത്താവ് ആരാണെന്ന് കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ. ഒരു രാജാവിന്‍റെ ഭാര്യ ഒരു രാജ്ഞിയാണ്, എന്നാൽ ഒരു രാജ്ഞിയുടെ ഭർത്താവിനെ രാജാവ് എന്ന് വിളിക്കില്ല. ഒരു സ്ത്രീക്ക് ഒരു സ്ഥാനം കൊടുക്കുമ്പോൾ തന്നെ പുരുഷാധിപത്യ സമൂഹത്തിൽ ആളുകൾ അവരുടെ പങ്കാളിക്ക് സ്ഥാനം നൽകാൻ മടിക്കുന്നു.

ഇനി ചാന്ദ്‌നിജിയുടെ കഥയിലേക്ക് വരാം അവർക്ക് പലയിടത്തും നിന്നും ക്ഷണക്കത്ത് വരുന്നുണ്ട്. അവയിൽ മിക്കതിലും ബഹുമാനപ്പെട്ട ചാന്ദ്‌നിജി, ഡെപ്യൂട്ടി മിനിസ്റ്റർ എന്നാണ് എഴുതിയിരിക്കുന്നത്. എന്നാൽ അവരുടെ പുരുഷ സഹപ്രവർത്തകർക്ക് ക്ഷണക്കത്ത് വരുമ്പോൾ, അവയിൽ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന് എഴുതിയിരിക്കും.

സത്യപ്രതിജ്ഞാ ചടങ്ങിന് ചാന്ദ്‌നിജിക്ക് പോകേണ്ടിവന്നു. കുട്ടികളുടെ ആകാംക്ഷ സ്വാഭാവികമായിരുന്നു. അമ്മ വീട്ടിൽ എല്ലാം ചെയ്യുന്നത് മക്കളും രണ്ടുപേരും കണ്ടിട്ടുണ്ടെങ്കിലും ശകാരിക്കുന്നത് കണ്ടിട്ടില്ല. എന്തെങ്കിലും നല്ല ഭക്ഷണം കിട്ടിയാൽ അമ്മ ഭക്ഷണം നൽകും എന്ന അത്യാഗ്രഹത്തോടെയാണ് പോയത്. ഭർത്താവിനും ആകാംക്ഷയായി. മറ്റ് മന്ത്രിമാരുടെ ഭാര്യമാരും പോകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഡെപ്യൂട്ടി മന്ത്രിയുടെ ഭർത്താവായതിനാൽ അദ്ദേഹവും പോകണം. ചടങ്ങും പ്രത്യേകിച്ച് ഭാര്യയുടെ സത്യപ്രതിജ്ഞാ ചടങ്ങല്ലേ.

കാറിൽ യാത്ര ചെയ്തിരുന്ന ഭർത്താവ് ദേവ് ചന്ദ്രവദനാണ് ഡ്രൈവറുടെ സ്ഥാനത്ത്. കുട്ടികളും ചാന്ദ്‌നിജിയും പുറകിൽ ഇരുന്നു. ഇതോടൊപ്പം ചാന്ദ്‌നിജിയുടെ തിരഞ്ഞെടുപ്പ് ഡയറക്ടറായിരുന്ന രാജേഷ് എന്ന പാർട്ടി പ്രവർത്തകനും അടുത്ത സീറ്റിൽ ഇരുന്നു.

ഭർത്താവ് സഫാരി സ്യൂട്ടിലായിരുന്നു. ടിനോപാൽ വെള്ളത്തിൽ കഴുകിയ ഖാദി വസ്ത്രമാണ് രാജേഷ് ധരിച്ചിരുന്നത്. ഒരു കൂർത്ത ഗാന്ധി തൊപ്പി അവന്‍റെ തലയെ അലങ്കരിച്ചിരുന്നു.

കാർ രാജ്ഭവനു മുന്നിൽ നിന്നു. ഇതിനിടെ പിങ്കി മൂത്രമൊഴിച്ചു. എല്ലാത്തിനുമുപരി, കുട്ടികൾ കുട്ടികളാണ്. എവിടെ പോയാലും ജാഗ്രത പാലിക്കണം. മൂത്രമൊഴിക്കൽ ഏത് നിമിഷവും സംഭവിക്കാം, വിശപ്പ് ഏത് നിമിഷവും സംഭവിക്കാം.

ചാന്ദ്‌നിജി കാറിൽ നിന്ന് ഇറങ്ങി. രാജേഷ് ഇറങ്ങി മുന്നോട്ട് പോയി. ആളുകൾ അവന്‍റെ സ്റ്റൈൽ കണ്ടു ഇഷ്ടപ്പെട്ടു.പോലീസുകാർ പോലും സല്യൂട്ട് അടിക്കാൻ തുടങ്ങി.

പിങ്കി അമ്മയുടെ കൈപിടിച്ചു, “അമ്മേ…”

സത്യപ്രതിജ്ഞാ സമയം അടുത്തിരുന്നു, അതിനാൽ ചാന്ദ്‌നിജി അസ്വസ്ഥയായി  “എന്താ?”

പിങ്കി പേടിച്ചു, “അമ്മേ, ബാത്ത്റൂം…”

ചാന്ദ്‌നിജി ചുറ്റും നോക്കി. ബഹുമാനപ്പെട്ട ഉപമന്ത്രിയുടെ വരവ് ജനങ്ങളെ അറിയിച്ച് രാജേഷ് മുന്നിൽ നിൽക്കുകയായിരുന്നു. കാർ ഒരു നിശ്ചിത സ്ഥലത്ത് നിർത്തിയ ശേഷം ഭർത്താവ് ചന്ദ്രവദനും വന്നു.

“നോക്കൂ, സത്യപ്രതിജ്ഞയ്ക്ക് ഇനി 2 മിനിറ്റ് മാത്രം. പിങ്കിയെ മൂത്രമൊഴിപ്പിച്ചിട്ട് തിരിച്ചു വരൂ,” ചാന്ദ്‌നിജിയുടെ കണ്ണുകളിൽ മടിയുണ്ടായിരുന്നു.

ഭർത്താവ് മറുപടി ഒന്നും പറഞ്ഞില്ല. പിങ്കിയെ എടുത്ത് മൂത്രമൊഴിക്കാൻ സ്ഥലം നോക്കാൻ തുടങ്ങി. ചാന്ദ്നി അകത്തേക്ക് പോയി. പിന്നാലെ രാജേഷും കടന്നുവന്നു.

ഒരു പോലീസുകാരൻ രാജേഷിനെ ചൂണ്ടി, “ചാന്ദ്‌നിജിയുടെ ഭർത്താവും വലിയ നേതാവാണെന്ന് തോന്നുന്നു.”

പിങ്കിക്ക് മൂത്രമൊഴിക്കാൻ സ്ഥലം കണ്ടെത്താൻ കുറച്ച് സമയമെടുത്തു. അതു കഴിഞ്ഞ് വന്നപ്പോൾ സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങിയിരുന്നു.

തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. കുട്ടികൾക്കായി എല്ലാ സ്റ്റേഷനുകളിലും ഭർത്താവ് മാത്രം ഇറങ്ങണം. അവന്‍റെ അമ്മ സീറ്റിൽ ഒട്ടിപ്പിടിച്ചിരിക്കും.അച്ഛന്‍റെ കൂടെ യാത്ര ചെയ്യുമ്പോൾ തോന്നുന്ന അത്രയും ആവശ്യങ്ങളൊന്നും അമ്മയുടെ കൂടെ യാത്ര ചെയ്യുമ്പോൾ ബാലഗോപാലിന് തോന്നാറില്ല.

ചന്ദ്രവദൻ അകത്തേക്ക് കയറി. ഗേറ്റിൽ നിന്നിരുന്ന ഒരു ഇൻസ്പെക്ടർ തടസ്സപ്പെടുത്തി, “എവിടെ പോകുന്നു? എല്ലാവർക്കും അകത്ത് കയറാൻ പറ്റില്ല ”

ചന്ദ്രവദൻ മുരടനക്കി, “ഞാൻ…ഞാൻ…ഞാൻ…”

“താങ്കൾ ഉപമന്ത്രി ചാന്ദ്‌നിജിയുടെ ഡ്രൈവറാണെന്ന് എനിക്കറിയാം. അകത്തു കയറാൻ പറ്റില്ല. കണ്ടില്ലേ, എല്ലാവരുടെയും ഡ്രൈവർമാർ പുറത്ത് നിൽക്കുന്നു,” പോലീസുകാരൻ മുന്നറിയിപ്പ് നൽകി.

ചന്ദ്രവദൻ അത് കേട്ട് സ്തംഭിച്ചു, “നോക്കൂ, ഇത് മന്ത്രിയുടെ മകളാണ്.”

“എങ്കിൽ ഇവിടെ നിന്ന് ഭക്ഷണം കൊടുത്തോളൂ.” മന്ത്രിയും സാറും അകത്തേക്ക് പോയി,” ഇൻസ്പെക്ടർ അറിയിച്ചു.

തൊട്ടടുത്ത് നിന്ന വലിയ മീശയുള്ള കോൺസ്റ്റബിൾ മീശയിൽ തലോടി, “സർ,  മന്ത്രിയുടെ ഡ്രൈവർക്ക് നാവിന് നീളം കൂടുതൽ ആണെന്ന് തോന്നുന്നു.”

പിങ്കി ചന്ദ്രവദനെ നോക്കി, “ചാച്ചാ , അമ്മ എവിടെ?”

ചന്ദ്രവദന്‍റെ മരുമക്കളെപ്പോലെ പിങ്കിയും അച്ഛന് പകരം ചാച്ചാ എന്നാണ് വിളിച്ചിരുന്നത്.

ഇൻസ്പെക്ടർ പുഞ്ചിരിച്ചു, “ചാന്ദ്‌നിജിയും മക്കളെപ്പോലെ മര്യാദക്കാരാണ് . നോക്കൂ, അവരുടെ കുട്ടികൾ ഡ്രൈവറെ ചാച്ചാ എന്നാണ് വിളിക്കുന്നത്.”

വിളറി വെളുത്ത ചന്ദ്രവദൻ പിങ്കിയെയും കൂട്ടി കാറിൽ ഇരുന്നു.

ചാന്ദ്‌നിജി പുറത്തേക്ക് വന്നപ്പോൾ ഉപമന്ത്രി എന്ന പദവി അവളുടെ മേൽ ഉണ്ടായിരുന്നു, “നിങ്ങൾ ഇവിടെ ഇരിക്കുകയാണോ? എന്തുകൊണ്ടാണ് അകത്തേക്ക് വരാത്തത്?”

“ഒന്നുമില്ല” എന്ന ഉത്തരം മാത്രം. വലിയ ആൾക്കൂട്ടങ്ങളിൽ അയാളുടെ മനസ്സ് അസ്വസ്ഥമാകുന്നുണ്ടായിരുന്നു

ചാന്ദ്‌നിജി ഉപമന്ത്രിയായി. സർക്കാർ ബംഗ്ലാവ്, കാർ, ഫോൺ ഇതോടൊപ്പം ഡ്രൈവർ, പ്യൂൺ, പേഴ്‌സണൽ അസിസ്റ്റന്‍റ് എന്നിവരെയും ലഭിച്ചു. കിട്ടിയത് ഏറ്റവും രസകരമായ വകുപ്പായിരുന്നു. സഹകരണവകുപ്പ്.

പുതിയ മന്ത്രിയായ ചാന്ദ്‌നിജിയെ വരവേൽക്കാൻ വകുപ്പുമായി ബന്ധപ്പെട്ടവർ ചടങ്ങ് സംഘടിപ്പിച്ചു. അത്താഴത്തിനായി, ബഹുമാനപ്പെട്ട സഹകരണ മന്ത്രിയെയും അവർ ക്ഷണിച്ചു.

ചാന്ദ്‌നിജി റെഡിയായി പുറത്തിറങ്ങിയപ്പോൾ അവൾ ഭർത്താവിനെ നോക്കി പറഞ്ഞു, “നിങ്ങൾ ഇതുവരെ തയ്യാറായില്ലേ? സമയം ശ്രദ്ധിക്കണം. ഇന്ത്യക്കാരെ പോലെ എല്ലായിടത്തും വൈകി എത്തിയാൽ ശെരിയാവില്ല.”

ചാന്ദ്‌നിജി ഇന്ത്യക്കാരിയാണെങ്കിലും ഇന്ത്യക്കാരെപ്പോലെയല്ലെന്നും ഇന്ന് ഭർത്താവ് മനസ്സിലാക്കി. ഇന്ത്യക്കാരനായ ശേഷം സിംഹാസനത്തിൽ വരുന്നവർ സ്വയം ഇന്ത്യക്കാരനാണെന്ന് കരുതുന്നില്ല. താൻ ആരെയാണ് വിശ്വസിക്കുന്നതെന്ന് അവനു മാത്രമേ അറിയൂ.

“എനിക്കങ്ങനെ തോന്നുന്നില്ല, നീ പോയി വരൂ.” പഴയ അനുഭവം ചന്ദ്രവദൻജിയെ വേട്ടയാടുന്നത് പോലെ തോന്നി.

ചാന്ദ്‌നിജി പൊട്ടിച്ചിരിച്ചു, “മന്ത്രി വരും. ഭാര്യയും വരും, പക്ഷേ നിങ്ങൾക്ക് എന്നോടൊപ്പം വരാൻ മടിയോ? സ്ത്രീകളുടെ പുരോഗതിയിൽ പുരുഷ സമൂഹം ഇപ്പോഴും അസൂയയോടെയാണ് ജീവിക്കുന്നത്. ”

ഇത് കേട്ടപ്പോൾ ചന്ദ്രവദന് ഒരുങ്ങേണ്ടി വന്നു. ഇത്തവണ കുട്ടികളെ വീട്ടിൽ നിർത്തി.

സ്വീകരണ വേദിയിൽ കാർ നിന്നു. തലപ്പാവും പിടിച്ച് പ്യൂൺ പെട്ടെന്ന് വലതു വശത്ത് ഇറങ്ങി. കാറിന്‍റെ പിന്നിലെ വലതു വശത്തെ ഡോർ അയാൾ തുറന്നു പിടിച്ചു

ചാന്ദ്‌നിജി അവിടെ ഇരുന്നതിനാലാണ് ആ വാതിൽ തുറന്നത്. അപ്പോഴേക്കും ചന്ദ്രവദൻ തന്നെ വാതിൽ തുറന്ന് പുറത്തേക്ക് വന്നിരുന്നു. പ്യൂണിന്‍റെ അവഗണനയിൽ സഹതാപം തോന്നിയെങ്കിലും ഒന്നും പറയാൻ കഴിഞ്ഞില്ല.

അവർ പന്തലിനുള്ളിൽ എത്തി. പ്രധാന വേദിയിൽ 4 കസേരകൾ ഇട്ടിരുന്നു. ഒന്ന് മന്ത്രിയ്ക്കുള്ളത്, രണ്ടാമത്തേത് അദ്ദേഹത്തിന്‍റെ ഭാര്യയ്ക്കുള്ളത് മൂന്നാമത്തേത് ചാന്ദ്‌നിജിയുടേതും നാലാമത്തേത് ചടങ്ങിന്‍റെ ആതിഥേയരുടേതുമായിരുന്നു.

ചന്ദ്രവദൻ മുൻ നിരയിൽ ഇരിക്കാൻ പോയപ്പോൾ ആരോ തടസ്സപ്പെടുത്തി, “ഈ കസേരകൾ സ്ത്രീകൾക്കായി നീക്കിവച്ചതാണ്.”

പുരുഷന്മാരുള്ള നിരകൾ നിറഞ്ഞുകഴിഞ്ഞിരുന്നു. വളരെ കഷ്ടപ്പെട്ടാണ് പത്താം നിരയിൽ ഇടം നേടിയത്. അതേസമയം മന്ത്രിയുടെ കുടുംബം മുൻനിരയിൽ ഇരിക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി. തടയുന്നതിന് പകരം സംഘാടകർ അവരെ വളരെ ബഹുമാനത്തോടെ ഇരുത്തി. ഈ സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്തതാണെന്ന് അവരോട് പറയാൻ ആർക്കും കഴിഞ്ഞില്ല. സത്യമാണ്, മന്ത്രിയുടെ കുടുംബത്തിന് മുന്നിൽ സ്ത്രീകൾക്ക് എന്ത് പദവിയാണ്?

ചന്ദ്രവദൻ മനസ്സില്ലാമനസ്സോടെ ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്തു. അത്താഴ സമയത്ത് ഒത്തിരി പ്രശംസകൾ പെയ്തിറങ്ങി. ഭാവിയിൽ സഹകരണ സംഘത്തിലെ ഭ്രാന്തും കൊള്ളയും ഉള്ള ആനയെ ഈ മാന്യ അതിഥികൾ നിയന്ത്രിക്കുമെന്നും നട്ടെല്ല് നിവർന്നുനിൽക്കുമെന്നും പങ്കെടുത്തവർക്ക് ഉറപ്പ് നൽകി.

ഭക്ഷണസമയത്ത് ചാന്ദ്‌നിജി ഒരു കസേര റിസർവ് ചെയ്തു. “അദ്ദേഹം എവിടെ?” എന്ന് ചോദിച്ചു

അത് കേട്ട് മന്ത്രി ചോദിച്ചു, “ആരെയാണ് നിങ്ങൾ ചോദിക്കുന്നത്?”

ചാന്ദ്‌നി ജിയുടെ ചുണ്ടിൽ ലജ്ജാകരമായ ഒരു പുഞ്ചിരി വിടർന്നു, “എന്‍റെ ഭർത്താവ് .”

“ശരി… ശരി, ചന്ദ്രവദൻജി,” ഇതും പറഞ്ഞപ്പോൾ മന്ത്രിയുടെ മുഖം അൽപ്പം വക്രിച്ചു.

പെട്ടെന്ന് മേക്കപ്പ് ധരിച്ച ഒരു സ്ത്രീ വന്ന് ആളൊഴിഞ്ഞ കസേരയിൽ ഇരുന്നു, “പറയൂ ചാന്ദ്നി, സുഖമാണോ? ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ.”

മന്ത്രിയുടെ നിർദേശപ്രകാരം ഒരു മേശ കൂടി വച്ചു. ചന്ദ്രവദൻ അതിൽ ഇരുന്നു. ഒറ്റയ്ക്കാകാതിരിക്കാൻ മന്ത്രിജിയുടെയും ചാന്ദ്‌നിജിയുടെയും പേഴ്‌സണൽ അസിസ്റ്റന്‍റുമാരെയും അവിടെ ഇരുത്തി.

ഇതിനിടെ 1- 2 പേർ കൂടി ഇരുന്നു.

മിക്ക സെർവന്‍റുകളും മന്ത്രിക്കും ഉപമന്ത്രിക്കും ചുറ്റും കറങ്ങിക്കൊണ്ടിരുന്നു. ഭക്ഷണ സാധനങ്ങൾ കൊണ്ടുവരാനുള്ള മത്സരവും നടന്നു.

ചന്ദ്രവദന്‍റെ മേശയിൽ ചെന്ന് എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ ആരുമുണ്ടായിരുന്നില്ല. എന്ത് സേവിച്ചാലും ഒരു വിഷമവുമില്ല. മന്ത്രിയോടൊപ്പം ഇരുന്ന മുഖ്യാതിഥി ഓരോ വിഭവവും വിഴുങ്ങുന്ന തിരക്കിലായിരുന്നു.

ഒരാൾ ഒരു ജോലിക്കാരനോട് ആംഗ്യം കാണിച്ചു, “ആ മേശയിലും സാധനങ്ങൾ എത്തിച്ചു കൊടുക്കു.”

“ആരാണ് അതിൽ?”

“മന്ത്രിയുടെയും ഡെപ്യൂട്ടി മന്ത്രിയുടെയും പേഴ്‌സണൽ അസിസ്റ്റന്‍റാണ് അദ്ദേഹം. ”

ആ ജോലിക്കാരൻ ഉത്തരവ് പാലിച്ചു, പക്ഷേ വിവാഹ ഘോഷയാത്രയ്ക്ക് വന്ന ബാൻഡ് വാദകരെ സേവിക്കുന്നതുപോലെയുള്ള അവജ്ഞയോടെ ആണെന്ന് മാത്രം.

ഭക്ഷണം കഴിഞ്ഞ് മന്ത്രി തന്‍റെ ഇംപാലയുടെ അടുത്തെത്തി, “വരൂ, ചാന്ദ്‌നിജീ, ഞാൻ നിങ്ങളെ നിങ്ങളുടെ ബംഗ്ലാവിൽ ഇറക്കിത്തരാം.”

ചാന്ദ്‌നിജി മടിച്ചു, “ബഹുമാനപ്പെട്ട മന്ത്രി. അത് …”

“അതിനു എന്താണ്?” മന്ത്രി അവരോട് തന്‍റെ ഇംപാലയിലേക്ക് പ്രവേശിക്കാൻ ആംഗ്യം കാട്ടി, “വേറെ കാറുണ്ട്‌, അദ്ദേഹം അതിൽ വരും.”

ഇംപാലയിൽ , പിൻസീറ്റിന്‍റെ ഇടതുവശത്ത് മന്ത്രി ഭാര്യയും മധ്യഭാഗത്ത് മന്ത്രിജിയും വലതുവശത്ത് ചാന്ദ്നിജിയും ഉണ്ടായിരുന്നു. ഡ്രൈവർക്കൊപ്പം മുൻസീറ്റിൽ പേഴ്സണൽ അസിസ്റ്റന്‍റും ഉണ്ടായിരുന്നു.

മന്ത്രി ഉപദേശിച്ചു, “ചാന്ദ്‌നിജീ, ഇപ്പോഴും നിങ്ങൾക്ക് ബാലിശതയുണ്ട്. ഇപ്പോൾ നിങ്ങൾ, പൊതുജനത്തിന്‍റെ സ്വത്താണ് നിങ്ങൾക്ക് രാഷ്ട്രീയത്തിൽ മുന്നോട്ട് പോകണമെങ്കിൽ, നമ്മുടെ മുഖ്യമന്ത്രിയെന്നും നമ്മുടെ പ്രധാനമന്ത്രിയെന്നും ഓരോ വാചകത്തിലും പറയാൻ പഠിക്കൂ, അപ്പോൾ മാത്രമേ പുരോഗതി ഉണ്ടാകു.”

ചാ ന്ദ്നി ആ ഉപദേശം കേട്ട് വിളറിയ ഒരു ചിരി ചിരിച്ചു

മാട്രിമോണിയൽ

പതിവുപോലെ ലഞ്ച് ടൈമിൽ ചാന്ദിനിയും കൂട്ടുകാരികളും കോളേജിലെ തണൽ മരച്ചുവട്ടിൽ ഒത്തുകൂടി സൊറ പറഞ്ഞിരിക്കുവാൻ തുടങ്ങി. രാഗിണി കയ്യിലുള്ള പത്രം തിടുക്കത്തിൽ മറിച്ചു കൊണ്ടിരുന്നു. ദാ, ഇത് കണ്ടോ, അവസാന പേജിലെ വിവാഹ പംക്തിയിലേക്ക് അവൾ വിരൽ ചൂണ്ടി.

വിദേശത്ത് താമസിക്കുന്ന നല്ല ഉദ്യോഗമുള്ള ഇന്ത്യൻ യുവാവിന് സുന്ദരിയും വിദ്യാസമ്പന്നയും ആയ യുവതികളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. സ്ത്രീധനം, ജാതി ഒന്നും പ്രശ്നമല്ല. വധു സുന്ദരിയായിരിക്കണം. വിദേശത്ത് താമസിക്കാൻ തയ്യാറാവണം.

രാഗിണിയും നിഷയും മുഖാമുഖം നോക്കി. കൊള്ളാമല്ലോ, കാലണ ചെലവാക്കാതെ വിദേശത്ത് പോകാൻ ഒരു സുവർണ്ണ അവസരം. പക്ഷേ ഇതുകൊണ്ട് നമുക്ക് മൂന്നുപേർക്കും ഒരു കാര്യവുമില്ല. ചാന്ദിനി, നീ സുന്ദരിയാണ്. പോരാത്തതിന് വിദേശവാസം ഇഷ്ടപ്പെടുന്നുമുണ്ട്. മറുപടി അയയ്ക്ക്. കൂട്ടുകാരികൾ നിർബന്ധിച്ചു.

നിങ്ങൾക്ക് വിഡ്ഢിയാക്കാൻ എന്നെയേ കിട്ടിയുള്ളോ? വീട്ടിൽ എങ്ങാനും അറിഞ്ഞാൽ… ചാന്ദിനി പറഞ്ഞു.

അതിനു ഞങ്ങൾ വലിയ അപരാധമൊന്നുമല്ലല്ലോ ചെയ്യാൻ പോകുന്നത്. പരസ്യത്തിനുള്ള മറുപടി നൽകുന്നു. അത്രതന്നെ. അല്ലാതെ ഇതൊക്കെ അത്ര വലിയ ആനക്കാര്യം ഒന്നുമല്ലല്ലോ. വെറും നേരമ്പോക്കല്ലേ? നീ പേടിക്കേണ്ട ഈ കത്തിന് മറുപടിയൊന്നും വരാൻ പോകുന്നില്ല.

ചാന്ദിനിയുടെ പ്രായം, വിദ്യാഭ്യാസം, കുടുംബ പശ്ചാത്തലം ഇവ വ്യക്തമാക്കുന്ന ഒരു കത്തും ഫോട്ടോയും അവർ അയച്ചു കൊടുത്തു. രണ്ടുമാസം കഴിഞ്ഞു അവർ ആ സംഭവത്തെക്കുറിച്ച് പാടേ മറന്നിരുന്നു. പരീക്ഷ അടുത്തതിനാൽ എല്ലാവരും തിരക്ക് പിടിച്ച പഠനത്തിൽ ആയിരുന്നു. പെട്ടെന്നൊരു ദിവസം വിദേശത്തുനിന്നും ഒരു കത്ത് വന്നു. അതിൽ പയ്യന്‍റെ ഫോട്ടോയും നാട്ടിലുള്ള ബന്ധുക്കളുടെ അഡ്രസ്സും നൽകിയിരുന്നു.

പയ്യൻ കാലിഫോർണിയയിൽ എൻജിനീയറാണ്. പേര് അവിനാശ്. വയസ്സ് 38. 10 വർഷമായി വിദേശത്ത് ജോലി ചെയ്യുന്നു. അവിടെത്തന്നെ സെറ്റിൽഡുമാണ്. അമേരിക്കൻ പൗരത്വം ഉണ്ട്. ഗ്രീൻ കാർഡ് ഹോൾഡർ ആണ്. ആറു വർഷം മുമ്പ് ഒരു വിദേശ യുവതിയുമായുള്ള വിവാഹം നടന്നതാണ്. ഇപ്പോൾ വിവാഹമോചിതൻ.

ഫോട്ടോയിൽ അവിനാശിന്‍റെ ആകർഷകവും സൗമ്യവുമായ മുഖം കണ്ട് കൂട്ടുകാരികൾ അങ്കലാപ്പിലായി. ഇനി എന്ത് ചെയ്യും? കാര്യമായ ആലോചനയ്ക്കൊടുവിൽ അവർ ഒരു തീരുമാനത്തിലെത്തി. ചാന്ദിനി ഈ കത്തും ഫോട്ടോയും രക്ഷിതാക്കളെ ഏൽപ്പിക്കുക. എന്നിട്ട് നടന്നതൊക്കെ തുറന്നു പറയുക. ബാക്കി അവർ തീരുമാനിക്കുമല്ലോ.

ചാന്ദിനിയുടെ അച്ഛനമ്മമാർക്കിടയിൽ ഈ വിഷയത്തെക്കുറിച്ച് കാര്യമായ ചർച്ച തന്നെ നടന്നു.

മറ്റൊന്നും കുഴപ്പമില്ല. പയ്യന്‍റെ പ്രായം… നമ്മുടെ ചാന്ദിനിക്കാകെ 20 വയസല്ലേ ഉള്ളൂ. ഇതിപ്പോ 18 വയസ്സിന്‍റെ വ്യത്യാസം എന്നൊക്കെ പറയുമ്പോൾ… അമ്മയ്ക്ക് ചെറിയൊരു ടെൻഷൻ.

അയാൾ നേരിട്ട് വന്ന് പെണ്ണു കാണട്ടെ, എന്നിട്ട് ആലോചിക്കാം. ഈ വരുന്ന ഡിസംബറിൽ നാട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് മറുപടി അയക്കുന്നതിൽ തെറ്റൊന്നുമില്ല. സ്ത്രീധനം ഒന്നും വാങ്ങാതെ ലളിതമായ വിവാഹ ചടങ്ങോടെ കല്യാണത്തിന് തയ്യാറാവുന്ന ഇതുപോലെ യോഗ്യനും വിദ്യാസമ്പന്നനുമായ ഒരാളെ കിട്ടാൻ ഏറെ ബുദ്ധിമുട്ടും. അല്ലെങ്കിൽ തന്നെ സ്ത്രീധനം ഇല്ലാതെ ഇക്കാലത്ത് ആരാ വിവാഹം കഴിക്കാൻ തയ്യാറാവുക? നമുക്ക് രണ്ട് പെൺമക്കൾ കൂടിയുണ്ടെന്ന കാര്യം നീ മറക്കരുത്.

വലിയ സ്വപ്നങ്ങളുടെയും ആശകളുടെയും ചിറകിലേറിയാണ് അവിനാശ് ഇന്ത്യയിലേക്ക് വന്നത്. പെൺകുട്ടി സുന്ദരിയായിരിക്കണമെന്നതൊഴികെ സ്ത്രീധനമോ മറ്റു യാതൊരു ഡിമാൻഡ് ഒന്നുമില്ലാത്തതിനാൽ കണ്ണിലെണ്ണയൊഴിച്ച് കയ്യിൽ വരണമാല്യവുമായി സുന്ദരികളുടെ വലിയൊരു നിര തന്നെ കാണുമെന്ന് അവിനാശ് പ്രതീക്ഷിച്ചു.

പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. പരസ്യത്തിലെ പ്രായം കൂടുതൽ മുതലെടുത്ത് പ്രായ കൂടുതലുള്ള അവിവാഹിതകൾ, വിധവകൾ, വികലാംഗർ, വിവാഹമോചിതർ ഒക്കെയായിരുന്നു കൂടുതലും.

30- 35 നോട് അടുത്ത സ്ത്രീകളുടെ ആലോചനയായിരുന്നു ഒട്ടു മിക്കവയും. യൗവനം കഴിഞ്ഞ് മധ്യവയസ്സിനോട് അടുക്കുന്ന സ്ത്രീകൾ. അവിനാശിന് അവരിൽ സൗന്ദര്യമോ ആകർഷണീയതയോ കണ്ടെത്താനായില്ല. ചിലർ ആവട്ടെ പഴയ ഫോട്ടോയാണ് അയച്ചുകൊടുത്തത്. അവിനാശ് ഒന്നു രണ്ടു വീട്ടിൽ പെണ്ണുകാണാൻ പോയി. 35 വയസ്സാണെന്നാണ് സൂചിപ്പിച്ചിരുന്നതെങ്കിലും എല്ലാവർക്കും തന്നെ പ്രായം കൂടുതൽ തോന്നിച്ചു.

തന്‍റെ പ്രതീക്ഷകൾ താളം തെറ്റുന്നല്ലോയെന്ന് കണ്ട് അവിനാശിന് കൂടുതൽ നിരാശ തോന്നി. വിവാഹമൊന്നും വേണ്ടെന്ന് കരുതി മടങ്ങാൻ ഒരുങ്ങുമ്പോഴാണ് ചാന്ദിനിയുടെ അച്ഛൻ വിവാഹ ആലോചനയുമായി വരുന്നത്. അവിനാശിനെ ഒറ്റനോട്ടത്തിൽ തന്നെ ചാന്ദിനിയുടെ അച്ഛനും ബോധിച്ചു. ക്ഷണം അനുസരിച്ച് പെണ്ണുകാണൽ ചടങ്ങും നടന്നു. വേണ്ടെന്നു വയ്ക്കാൻ മാത്രം കാരണമൊന്നുമില്ലായിരുന്നു താനും.

എനിക്ക് ചാന്ദിനിയെ ഇഷ്ടമായി. ഇനി ചാന്ദിനിയുടെ അഭിപ്രായം കൂടി അറിയണമല്ലോ. സാവകാശം തീരുമാനം അറിയിച്ചാൽ മതി.

മനസ്സിൽ സ്വപ്നങ്ങൾ നിറയുന്ന… ആഗ്രഹങ്ങൾ ചിറകു വിരിക്കുന്ന പ്രായമായിരുന്നു ചാന്ദ്നിയുടേത്. യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാനുള്ള മനസ്സായിരുന്നില്ല അവളുടേത്. അതുകൊണ്ട് തീരുമാനമെടുക്കാൻ താമസം വന്നില്ല.

അച്ഛന്‍റെ സാമ്പത്തിക സ്ഥിതി അവൾക്ക് നന്നായി അറിയാമായിരുന്നു. സർക്കാർ ഉദ്യോഗസ്ഥൻ. വീട്ടിൽ സുഖസൗകര്യങ്ങൾക്ക് ഒരു കുറവുമില്ല. എന്നാൽ ലക്ഷങ്ങൾ സ്ത്രീധനം ആയി നൽകാനുള്ള ത്രാണി ഇല്ല. സൗന്ദര്യം കൊണ്ട് മാത്രം വിവാഹം നടക്കുക അസംഭവ്യമായിരുന്നു. അതിനാൽ ഇതുപോലൊരു വിവാഹം വേണ്ടെന്ന് വയ്ക്കുന്നതും ബുദ്ധിപരമല്ല. ചാന്ദിനിക്കും അവിനാശിനെ ഇഷ്ടമായി. സ്മാർട്ട്… സുന്ദരൻ… ആരോഗ്യദൃഢഗാത്രൻ. കാഴ്ചയ്ക്ക് തന്നെക്കാൾ അഞ്ചോ ആറോ വയസ്സ് കൂടുതൽ തോന്നൂ.

ചാന്ദിനിയെപ്പോലെ ഒരു മിഡിൽ ക്ലാസ് പെൺകുട്ടിയെ സംബന്ധിച്ച് വിദേശയാത്ര വലിയ സ്വപ്നമാണ്. വിവാഹം കഴിഞ്ഞ അവിടെ സ്ഥിരതാമസം ആക്കുക വലിയ ഭാഗ്യമാണ്. അവിനാശിന്‍റെ പേര് പറഞ്ഞ് കൂട്ടുകാരികളും സഹോദരിമാരും അവളെ കളിയാക്കാൻ തുടങ്ങിയതോടെ ചാന്ദിനിയുടെ മനസ്സ് നിറയെ അവനാശിനെ കുറിച്ചുള്ള മധുര സ്വപ്നങ്ങൾ നിറഞ്ഞു.

അല്ല, നിനക്ക് അവനാശിനെ ഇഷ്ടമായില്ലെങ്കിൽ ഞാൻ വിവാഹം കഴിച്ചോളാം. രാഗിണി പറഞ്ഞു.

നിനക്ക് ഇഷ്ടമായില്ലെങ്കിൽ പറയ്. വിവാഹം കഴിക്കാൻ തയ്യാറായവരുടെ ലിസ്റ്റിൽ ഞങ്ങളുണ്ട്.

വിവാഹത്തിനുമുമ്പ് അവിനാശിനൊപ്പം ചുറ്റി നടക്കാനും ധാരാളം സംസാരിക്കാനും കോഫി ഹൗസിൽ പോവാനും മനസ്സിലാക്കാനും ഒക്കെ ചാന്ദിനിക്ക് അവസരം ലഭിച്ചു. അയാളുടെ ഗൗരവപ്രകൃതവും നിഷ്കളങ്ക പെരുമാറ്റവും ചാന്ദിനിക്ക് നന്നേ ഇഷ്ടപ്പെട്ടു. അവസാനം ചാന്ദിനി വിവാഹത്തിന് സമ്മതിച്ചു.

വിവാഹവും നടന്നു. രണ്ടുമാസത്തോളം അവർ നാട്ടിൽ തന്നെ താമസിച്ചു. ചാന്ദിനിയെയും കൂട്ടി സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകൾ സന്ദർശിച്ചു. സകലർക്കും അവിനാശിനെ ഇഷ്ടമായി.

വിരിഞ്ഞു വരുന്ന റോസാപുഷ്പത്തിന്‍റെ നൈർമല്യമായിരുന്നു ചാന്ദിനിക്ക്. അവിനാശ് സുന്ദരനായിരുന്നുവെങ്കിലും വാടി തുടങ്ങുന്ന പുഷ്പം കണക്കെ തോന്നിച്ചു.

രണ്ടുമാസം കഴിഞ്ഞ് ചാന്ദിനിയും അവിനാശും കാലിഫോർണിയിലേക്ക് തിരിച്ചു. അത്യാധുനിക സുഖസൗകര്യങ്ങളോട് കൂടിയ ഭംഗിയുള്ള വീടായിരുന്നു അവിനാശിന്‍റേത്. മോഡേൺ ഫർണിച്ചറുകൾ. വീടിനു മുന്നിലെ ലോണിൽ ഭംഗിയുള്ള ചെടികൾ നട്ടുപിടിപ്പിച്ചിരുന്നു. ചുരുക്കം ചില ഇന്ത്യൻ സുഹൃത്തുക്കൾ അവിടെ എത്തിച്ചേർന്നിരുന്നു. അവരുടെ ഭാര്യമാർ താലവുമായെത്തി ആരതി ഉഴിഞ്ഞ് അവരെ അകത്തേക്ക് ആനയിച്ചു.

ചാന്ദിനിയുടെ ജീവിതം അപ്പാടെ മാറി. വീക്കെന്‍റിൽ അവിനാശിനോടൊപ്പം പുതിയ സ്ഥലങ്ങൾ സന്ദർശിക്കുക, ഷോപ്പിംഗ് മാൾ, ലാസ് വേഗസ്, ഹോളിവുഡ്, നയാഗ്ര വെള്ളച്ചാട്ടം ഒക്കെ ചാന്ദിനി കൺകുളിർക്കെ കണ്ടു.

തുടക്കത്തിൽ ചാന്ദിനി കാര്യമായ ഷോപ്പിംഗ് തന്നെ നടത്തി. പുതുമയുള്ള അലങ്കാരവസ്തുക്കളും ധാരാളം വാങ്ങിക്കൂട്ടി. അത്യാകർഷക വസ്ത്രങ്ങൾ, ചെരിപ്പ്, പേഴ്സ്… ആവശ്യവും അനാവശ്യമായ വസ്തുക്കൾ കൊണ്ട് അവൾ അലമാര കുത്തിനിറച്ചു. അവിനാശ് ആദ്യം ഒന്നും അഭിപ്രായം പറഞ്ഞില്ല.

ഒരിക്കലും ഉപയോഗം ഉണ്ടാവാത്ത എന്തുമാത്രം സാധനങ്ങൾ ആണ് നീ വാങ്ങിക്കൂട്ടിയിരിക്കുന്നത്. അതുകൊണ്ട് ഇനിയെങ്കിലും നോക്കിയും കണ്ടും വേണം ഷോപ്പിംഗ് നടത്താൻ. കുറച്ച് കൺട്രോൾ വേണം. നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. ഒരിക്കൽ അവിനാശ് പറഞ്ഞു.

വർഷങ്ങൾ കടന്നുപോയി. വിദേശ ആകർഷവും ഒക്കെ കുറഞ്ഞുവന്നു. ജീവിതം കുറച്ചു കൂടി സ്റ്റേബിൾ ആവാൻ തുടങ്ങിയതോടെ ചുറ്റുമുള്ള ദൃശ്യങ്ങൾ തെളിഞ്ഞു വന്നു.

നാട്ടിലുള്ള അച്ഛനമ്മമാരെയും കൂട്ടുകാരികളെയും സഹോദരിമാരെയും ഒക്കെ ഓർമ്മ വന്നു. വിദേശത്തുള്ള മറ്റ് ഇന്ത്യൻ കുടുംബങ്ങളുമായി അവൾ സൗഹൃദത്തിൽ ആയി. മറ്റുള്ളവരുമായി പെട്ടെന്ന് സ്വഭാവമായിരുന്നു ചാന്ദിനിയുടെത്.

അവിനാശ് രാവിലെ ജോലിക്ക് പോയ ശേഷം ചാന്ദിനിയും വീട്ടിൽ നിന്നിറങ്ങും. പരിചിതരുടെ വീടുകളിൽ പോയി ഏറെനേരം സംസാരിച്ചിരിക്കും. സുന്ദരിയായ ചാന്ദിനി സകലർക്കും ഇഷ്ടമായിരുന്നു. അവളുടെ കൊഞ്ചിയുള്ള സംസാരവും തമാശകളും രസകരമായ അനുഭവം പറച്ചിലും എല്ലാം അവരുടെ വീടിന്‍റെ അന്തരീക്ഷം തന്നെ മാറ്റിമറിച്ചിരുന്നു. മനം മടുപ്പിക്കുന്ന ഇടയിലാണ് വസന്തകാലത്തിലെ ഇളങ്കാറ്റ് പോലെ അവൾ പാറി എത്തുക. സമപ്രായക്കാരായ ചെറുപ്പക്കാരോടും ചെറുപ്പക്കാരികളോടും അവൾക്ക് അകലാൻ പറ്റാത്തത്ര അടുപ്പമായി.

പകലൊക്കെ കറങ്ങി നടന്ന് വൈകുന്നേരം ആവുമ്പോഴേക്കും അവൾ തിടുക്കത്തിൽ വീട്ടിൽ തിരിച്ചെത്തും. രുചിയെ നോക്കാതെ തുടക്കത്തിൽ എന്തൊക്കെയോ ചെയ്തുകൂട്ടും. കുറെയൊക്കെ മാർക്കറ്റിൽ നിന്നും റെഡിമെയ്ഡ് ആയി വാങ്ങും. മൈക്രോവേവ് ഓവനിൽ വച്ച് ഒന്ന് ചൂടാക്കി കൊടുക്കും. ഭക്ഷണപ്രിയനാണ് അവിനാശ്. ചാന്ദിനി ആവട്ടെ സ്വാദിഷ്ടമായ ഭക്ഷണം ഉണ്ടാക്കാനോ അതോ പഠിക്കാനോ താല്പര്യം ഇല്ല. വൃത്തിയാക്കി വയ്ക്കാനോ അലങ്കരിക്കാനോ ഒന്നിനും മനസ്സും ഇല്ല.

വിദേശരാജ്യമല്ലേ. യാതൊരു പരിമിതികളോ ബന്ധു ഭയമോ വേണ്ട. തീർത്തും സ്വാതന്ത്ര്യം തോന്നിയത് പോലെ ജീവിക്കാം. യുവാക്കളുമായി ചാന്ദിനി സൗഹൃദത്തിൽ ആയി. രാപകലെന്ന അന്തരീക്ഷം ഇല്ലാതെ സദാ തിരക്ക്. പ്രോഗ്രാമുകൾ, പാർട്ടി, ഗെറ്റുഗദർ.. രാത്രി ചാന്ദിനിയെ കൂട്ടാൻ അവർ വീട്ടിലെത്തും. അവിനാശിനേയും ക്ഷണിക്കാൻ അവർ മറന്നില്ല. പക്ഷേ നിർബന്ധിക്കാറില്ല. പ്രായക്കൂടുതൽ കൊണ്ട് തങ്ങളെപ്പോലെ അടിപൊളി ടീം അല്ല എന്നതുകൊണ്ടും അവർ പലപ്പോഴും അയാളെ അവഗണിച്ചിരുന്നു.

അവിനാശിനും അവരോട് ചങ്ങാത്തം കൂടാൻ തീരെ താല്പര്യമില്ലായിരുന്നു. അതുകൊണ്ട് അയാൾ ഉൾവലിയും. ഫലമോ, ചാന്ദ്നി അർദ്ധരാത്രിയോളം അവർക്കൊപ്പം ചുറ്റിക്കറങ്ങും. പരിപാടികളിൽ പങ്കെടുക്കും. ആഹ്ളാദിക്കും. ചിലപ്പോൾ അവർ മറ്റു നഗരങ്ങളിലേക്ക് പോകും. അവിനാശ് പലപ്പോഴും വീട്ടിൽ ഒറ്റയ്ക്കാവും.

ഗത്യന്തരം ഇല്ലാതെ അവിനാശ് ഒരു ദിവസം ചാന്ദ്നിയെ വിലക്കി.

ജീവിതം എന്നത് വെറുതെ ചുറ്റിക്കറങ്ങലും ചങ്ങാത്തം കൂടലും മാത്രമല്ല. വർഷം ഒരുപാട് ആയില്ലേ? ഇനി നിനക്ക് കുറച്ചൊക്കെ ഉത്തരവാദിത്ത ബോധം ആവാം. മറ്റു വീടുകളിലെ സ്ത്രീകളെ നോക്കി പഠിക്ക്. അവർ എത്ര കൃത്യനിഷ്ഠതയോടെയാണ് ജോലി ചെയ്തു തീർക്കുന്നത്. ഭർത്താവിന്‍റെയും കുട്ടികളുടെയും കാര്യങ്ങൾ എത്ര ഭംഗിയോടെയാണ് നോക്കി നടത്തുന്നത്.

ചാന്ദ്നി രോഷാകുലയായി. വീട്ടുകാര്യങ്ങൾ നോക്കി നടത്താൻ എനിക്ക് തീരെ താല്പര്യം ഇല്ല. പിന്നെ ഞാൻ എങ്ങനെ സമയം ചെലവഴിക്കും?

നിനക്ക് എന്നെക്കുറിച്ച് വല്ല വിചാരവും ഉണ്ടോ? ഭക്ഷണകാര്യത്തിലോ മറ്റെന്തെങ്കിലും കാര്യത്തിലോ ശ്രദ്ധിക്കാറുണ്ടോ? നല്ല ഒരു കുടുംബജീവിതം കൂടി ഞാൻ ആഗ്രഹിക്കുന്നുണ്ട്.

അങ്ങനെയാണെങ്കിൽ സമപ്രായക്കാരിയെ വിവാഹം കഴിച്ചാൽ പോരായിരുന്നോ? ഞാനും നിങ്ങളും തമ്മിൽ ചേരില്ല. കാരണം നമ്മൾ തമ്മിൽ അത്രമാത്രം പ്രായവ്യത്യാസം ഇല്ലേ. നിങ്ങളുടെ ചെറുപ്പത്തിന്‍റെ ഉശിരും ആഗ്രഹങ്ങളും അവസാനിച്ചു. പക്ഷേ ചെറുപ്രായത്തിൽ വയസ്സിയെ പോലെ ജീവിക്കാൻ എന്നെ കിട്ടില്ല. എനിക്ക് മുന്നിൽ ജീവിതത്തിന്‍റെ ഉല്ലാസവും സുഖങ്ങളും ഒക്കെ ശേഷിക്കുന്നുണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കാം. എന്നെ എന്‍റെ വഴിക്ക് വിടൂ.

ഒരു രാത്രി അവൾ വീട്ടിലേക്ക് വന്നതു പോലുമില്ല. അവിനാശിനും ദേഷ്യം അടക്കാനായില്ല. അവർ തമ്മിൽ പൊരിഞ്ഞ വാദം നടന്നു.

രാത്രി അന്യ പുരുഷനൊപ്പം കഴിയുക. ഇതെന്താ കുലീനയായ സ്ത്രീയുടെ ലക്ഷണം ആണോ? ഇത്രയും നാൾ ഞാനൊന്നും പറഞ്ഞില്ലെന്ന് കരുതി എന്നെ വിഡ്ഢിയായി കരുതരുത്.

ചാന്ദിനിയും ശക്തിയായി പ്രതികരിച്ചു. നിങ്ങളെ വിവാഹം കഴിച്ച് ഞാനെന്‍റെ ജീവിതം തുലച്ചു. നിങ്ങളെപ്പോലെ ഒരു വയസ്സന്‍റെ കൂടെ താമസിച്ച് ഇതുവരെ ഞാനെന്‍റെ ആഗ്രഹങ്ങൾ അടക്കി കഴിയുകയായിരുന്നു. യുവത്വം എന്തെന്ന് നിങ്ങൾക്കറിയില്ല. നിങ്ങൾ എന്തുകൊണ്ടാണ് അന്ന് വിവാഹത്തിന് സമ്മതിച്ചത്?

അവിനാശിന് ഉത്തരം മുട്ടി… അപ്പോ അന്ന് എന്തുകണ്ടാണ് നീ എന്നെ വിവാഹം കഴിക്കാൻ ഒരുങ്ങിയത്. അന്ന് ഇതൊന്നും ആലോചിച്ചില്ല? അയാൾ ചോദിച്ചു.

ഞാനന്നു ചെറുപ്പം അല്ലേ? ജീവിതം എന്തെന്നൊക്കെ അറിഞ്ഞു വരുന്നല്ലേയുള്ളൂ. പണക്കൊതിയിൽ വീണുപോയി. നിങ്ങൾ കുറച്ചുകൂടി പക്വത വന്നയാളല്ലേ? പോരാത്തതിന് വിവാഹിതനും. ധാരാളം അറിവ് കാണും.

യുവ മനസ്സ് എന്തെന്ന് നിങ്ങൾക്ക് മനസ്സിലാവുമല്ലോ?

കഠിനമായ വാക്കുകൾ അസ്ത്രം ആക്കി അവൾ അവനാശിന്‍റെ മനസ്സ് കുത്തി നോവിച്ചു.

നിങ്ങളും നിങ്ങളുടെ വീട്ടുകാരും ചേർന്ന് എന്നെ ചതിക്കുകയായിരുന്നു. നിങ്ങളുടെ യഥാർത്ഥ പ്രായം എനിക്കറിയില്ലായിരുന്നു.

അവിനാശും വിട്ടുകൊടുക്കാൻ തയ്യാറായില്ല. നീ നുണ പറയുന്നതാ. ഞാൻ എന്ന് എന്‍റെ പാസ്പോർട്ട് കാണിച്ചതല്ലേ.

ദിവസം ചെല്ലുന്തോറും അവിനാശിനെ അവഹേളിക്കുന്ന രീതിയിലാണ് ചാന്ദിനി പെരുമാറിയത്. ശാരീരികാകർഷണവും നഷ്ടമായി തുടങ്ങിയിരുന്നു. സ്നേഹമോ, അടുപ്പമോ മുമ്പും ഉണ്ടായിരുന്നില്ല. അവിനാശിന്‍റെ സ്പർശവും അവൾക്കസഹനീയമായിരുന്നു.

ഒരു ദിവസം ചാന്ദിനി അവിനാശിനോട് ഇതേക്കുറിച്ച് തുറന്നു പറഞ്ഞു. രാത്രി മുഴുവനും കൂർക്കം വലി. പിന്നെ പത്തിരുപത് പ്രാവശ്യം ബാത്റൂമിൽ പോവുക. ലൈറ്റ് ഓഫ് ചെയ്യുക. എന്‍റെ ഉറക്കം ശരിയാവുന്നില്ല. ഞാൻ റൂം മാറുകയാണ്.

ബെഡ്റൂമിൽ നിന്നും മാത്രമായി മാറേണ്ട. എന്‍റെ ജീവിതത്തിൽ നിന്ന് തന്നെ ഒന്നും മാറി തരാമോ? നമുക്ക് ഡൈവോഴ്സ് ആവാം. അവിനാശ് സഹികെട്ട് പറഞ്ഞു.

നിങ്ങളെ അങ്ങനെയങ്ങ് ഉപേക്ഷിക്കാൻ ഞാൻ അത്ര വിഡ്ഢി ഒന്നുമല്ല. ചെയ്ത തെറ്റിനൊക്കെ പ്രായശ്ചിത്തം ചെയ്യാതെ അങ്ങനെ വെറുതെ വിടാൻ പറ്റുമോ? എന്‍റെ സുരക്ഷാ ചുമതല നിങ്ങൾക്കല്ലേ. എന്‍റെ സാമൂഹികവും സാമ്പത്തികവും വ്യക്തിപരവുമായ…

പറഞ്ഞ് മുഴുവിപ്പിക്കും മുമ്പ് അവിനാശ് പ്രതികരിച്ചു. ഓഹോ, അപ്പോൾ നീ ഇത്തിക്കണ്ണി പോലെ എന്നിൽ പറ്റിപ്പിടിച്ചിരുന്ന് എന്നെ നശിപ്പിക്കും അല്ലേ. എന്‍റെ അധ്വാനഫലം ആ തെമ്മാടി പിള്ളേർക്ക് പൊടിച്ചു രസിക്കാൻ ഉള്ളതല്ല.

അവിനാശുമായി വഴക്കുണ്ടാവുമ്പോഴൊക്കെ ചാന്ദിനി രണ്ടു വാക്കുകൾ പതിവായി ഉപയോഗിക്കും. നിങ്ങൾ എന്‍റെ ജീവിതം തുലച്ചു. വയസ്സനാണ് നിങ്ങൾ.

തുടർച്ചയായി ഈ പരിഹാസ വാക്കുകൾ കേട്ട് അവിനാശിന് നീരസവും കുറ്റബോധവും തോന്നിത്തുടങ്ങി. പച്ചയിലകളോട് കൂടിയ ചെടിക്ക് മീതെ ചൂടുവെള്ളം ഒഴിക്കുമ്പോൾ ചെടിയിലെ ഇലകൾ ചുങ്ങി വാടുന്നത് പോലെ അവിനാശിന്‍റെ മനസ്സും വാടിത്തളർന്നു.

ചാന്ദിനിയെ തന്നിഷ്ടക്കാരി, ഉത്തരവാദിത്വമില്ലാത്തവൾ, സ്വാർത്ഥ എന്നൊക്കെ അയൽവാസികളായ ഭാരതീയർ പോലും മുദ്രകുത്തി. പര പുരുഷന്മാരോടുള്ള കൂട്ടുകൂടലും സ്ത്രീകൾക്കിടയിൽ ചർച്ച വിഷയമായി. നന്നായി അണിഞ്ഞൊരുങ്ങി പാർട്ടികൾക്ക് പോവുക. ശ്രദ്ധ കേന്ദ്രമാവുക എന്നത് മാത്രമായിരുന്നു അവളുടെ ലക്ഷ്യം.

പാർട്ടിയിൽ സന്നിഹിതരായ യുവാക്കൾ അവൾക്ക് ചുറ്റും ചിത്രശലഭങ്ങളെ പോലെ പാറി നടന്നു. അവർക്കൊപ്പം ഡാൻസും പാട്ടും കൂത്തും മദ്യപാനവും. ചാന്ദ്നിയുടെ സ്വഭാവം അധപതിച്ചു. പാർട്ടിയിൽ എത്തുന്ന മറ്റു സ്ത്രീകൾ മാറിയിരുന്ന് അവളെ വിമർശിക്കും. അവിനാശിനാകട്ടെ ആളുകളുടെ തുടർച്ചയായ പരിഹാസവും സഹതാപവാക്കുകളും കേൾക്കേണ്ടി വന്നു.

ചാന്ദിനിയുടെ സ്വഭാവം കൂടുതൽ മോശമാകുന്നത് കണ്ട് അവിനാശ് അവളെ വിലക്കി, ഉപദേശിച്ചു, ദേഷ്യപ്പെട്ടു നോക്കി. അപ്പോഴൊക്കെ ചാന്ദിനിക്ക് പറയാൻ ധാരാളം ന്യായം ഉണ്ടായിരുന്നു.

എന്‍റെ മനസ്സിൽ അഴുക്കില്ല. അഭിനയം ഒന്നും എനിക്ക് വശമില്ല. ഞാൻ സ്വാഭാവികമായി പെരുമാറുന്നു അത്രമാത്രം.

നിന്‍റെ മനസ്സിൽ അഴുക്കാണോ വിഴുപ്പാണോ എന്നെങ്ങനെ അറിയും? എന്തായാലും നിന്‍റെ പെരുമാറ്റം തീരെ മോശമാണ്.

ഒരു ദിവസം അവിനാശ് വീട്ടിൽ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുകയായിരുന്നു.

ഹെൽത്തിന്‍റെ കാര്യത്തിൽ ഞാൻ ഏറെ ശ്രദ്ധിക്കാറുണ്ട്. രാവിലെ നടക്കാറുണ്ട്. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന് ശേഷം ഓഫീസിൽ തന്നെ ചെറിയൊരു വ്യായാമം. രാത്രി ഡിന്നറിന് ശേഷം വീണ്ടും നടക്കാൻ ഇറങ്ങും. ശനിയാഴ്ചയും ഞായറാഴ്ചയും യോഗയും മെഡിറ്റേഷനും ഉണ്ട്.

പുച്ഛവും വെറുപ്പും നിറഞ്ഞ നോട്ടത്തോടെ ചാന്ദ്നി തുടർന്നു. വൃദ്ധന്മാരുടെ ദിനചര്യ ഏതാണ്ട് ഇതുപോലെയായിരിക്കും. വെളുത്ത മുടി കളർ ചെയ്യുക… പക്ഷേ എന്തൊക്കെ ചെയ്ത് യംഗാവാൻ ശ്രമിച്ചാലും മനസ്സ് ഫ്രഷ് അല്ലെങ്കിൽ പിന്നെ കാര്യമുണ്ടോ? യുവത്വത്തിന്‍റെ ഗന്ധം ഒന്നു വേറെയാണ്. പ്രതീക്ഷകളും.. ചിന്തകളും… സ്വപ്നങ്ങളും… നിങ്ങൾക്കിതൊക്കെ എങ്ങനെ മനസ്സിലാവും?

അവിനാശിനും ദേഷ്യം അടക്കാനായില്ല. പറച്ചിൽ കേട്ടാൽ നീ ഒരിക്കലും വയസ്സിയാവില്ലെന്ന് തോന്നുമല്ലോ. അഹങ്കരിക്കല്ലേ… ദുരഭിമാനവും നന്നല്ല. നിറം, രൂപ ഒക്കെ അസ്ഥിരമാണ്. ഇന്നു വരും നാളെ പോകും.

ഒരു ദിവസം അവിനാശിന് ഒരു അപരിചിതയുടെ ഫോൺകോൾ വന്നു.

നിങ്ങളുടെ ഭാര്യയുടെ മോശം സ്വഭാവത്തെക്കുറിച്ച് ആളുകൾ എന്തൊക്കെയാണ് പറഞ്ഞുകൂട്ടുന്നത് എന്ന് അറിയാമോ? തലയ്ക്ക് മീതെ വെള്ളം വന്നല്ലോ? നിങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാവുന്നില്ലേ. നിങ്ങൾ ഒരു പുരുഷൻ അല്ലേ? നിങ്ങളെന്താ ബധിരനാണോ… ഭാര്യയെ നിലയ്ക്ക് നിർത്താൻ പറ്റുന്നില്ലെങ്കിൽ പോയി കെട്ടിത്തൂങ്ങി ചത്തൂടെ?

രോഗം, ആപത്ത്, വിഷമഘട്ടങ്ങൾ ഇവയിലൊന്നും ചാന്ദിനി തനിക്കൊരു തുണയാവില്ലെന്ന സത്യം അവിനാശ് മനസ്സിലാക്കി. വിവാഹത്തിലൂടെ താൻ ഒന്നും നേടിയില്ല. ഇനി വിദേശത്ത് ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കുന്നതിൽ അർത്ഥവുമില്ല. നാട്ടിലുള്ള ബന്ധുമിത്രാദികളിൽ നിന്ന് അകന്ന് താനെന്തിന് ഇങ്ങനെ തനിച്ച് അന്യ നാട്ടിൽ കഴിയുന്നു. സ്വന്തം നാട്ടിൽ തനിക്കൊരു വിലയുണ്ട്. നാലാൾ തിരിച്ചറിയുന്നുമുണ്ട്. ഇവിടെ 30 വർഷം കഴിഞ്ഞിട്ടും താൻ തീർത്തും ഒരു അപരിചിതൻ.

ചാന്ദ്നി കൂട്ടുകാരിയോടൊപ്പം ഒരു മാസത്തെ ന്യൂയോർക്ക് യാത്രയിലായിരുന്നു. അവസരം മുതലെടുത്ത് അവിനാശ് ഉദ്യോഗം രാജിവച്ചു. ബാങ്കിലെ പണം ഇടപാടുകൾ തീർത്തു. ചാന്ദ്നിക്കായി ഒരു കുറിപ്പും എഴുതിവെച്ചു.

ഇന്നുമുതൽ ഞാൻ സ്വതന്ത്രനാണ്. ഗുഡ് ബൈ!

ആകാശനീലിമയെ തൊട്ടുരുമ്മി കൊണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ അയാളുടെ മനസ്സും മേഘങ്ങളെ പോലെ ഭാരമില്ലാത്തെ ആയി.

അന്നദാനം

കഴിഞ്ഞ ആറുമാസമായി ദുരന്തങ്ങൾ മാത്രമാണ് അശോകന്‍റെ വീട്ടിൽ സംഭവിക്കുന്നത്. ആദ്യം അയാളുടെ അച്ഛന് ഹൃദയാഘാതം ഉണ്ടായി. ഒരു മാസത്തോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു. രണ്ടുലക്ഷം രൂപയാണ് ചെലവായത്. അച്ഛൻ ഒരുവിധം സുഖമായി വീട്ടിൽ മടങ്ങി എത്തിയപ്പോൾ പ്രമേഹ ബാധിതയായ അമ്മ ആശുപത്രിയിൽ. കാലിലെ മുറിവ് പഴുത്ത് ശരീരത്തിലേക്ക് വ്യാപിക്കാൻ തുടങ്ങിയിരുന്നു. അറുപതിനായിരം രൂപയോളം ഈ ഇനത്തിൽ പൊടിഞ്ഞു. ഇങ്ങനെ ആശുപത്രിയിലും മറ്റുമായി അലഞ്ഞുതിരിഞ്ഞ് അശോകന്‍റെ ആരോഗ്യവും ക്ഷയിച്ചു തുടങ്ങി.

മാലിനിക്ക് ഇതെല്ലാം കണ്ട് ദുഃഖം തോന്നി. രാത്രി കിടക്കയിൽ ഉറക്കമില്ലാതെ ഭർത്താവ് തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു.

അവൾ അയാളെ മെല്ലെ തട്ടികൊണ്ട് സാവധാനത്തിൽ പറഞ്ഞു. ഈ തിരക്കിൽ നിന്ന് നമുക്ക് എങ്ങോട്ടെങ്കിലും പോകണം അശോക്… എനിക്കും മതിയായി, ഭയങ്കര ക്ഷീണം.

അയാൾ മറുപടിയൊന്നും പറഞ്ഞില്ല. പെട്ടെന്ന് എങ്ങോട്ട് പോകാനാണ്? അതും അസുഖബാധിതരായ അച്ഛനമ്മമാരെ വിട്ട്. രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് അത് സംഭവിച്ചത്. അശോകൻ കുളിമുറിയിൽ തെന്നി വീണ് കാലൊടിഞ്ഞു.

അയാൾ നേരത്തെ ആഗ്രഹിച്ചത് പോലെ തിരക്കില്ലാതെ കിടക്കയിൽ കിടന്നാൽ മതി. പക്ഷേ മനസ്സ് ശാന്തമാവുമോ?

അശോകന്‍റെ വീട്ടിലെ കഷ്ടപ്പാട് കണ്ടപ്പോൾ അയൽവക്കക്കാർ പോലും പറഞ്ഞു തുടങ്ങി, നിങ്ങൾക്ക് വലിയ കഷ്ടകാലമാണെന്നാ തോന്നുന്നേ… കണ്ടകശനിയായിരിക്കണം. അതാണ് ഇങ്ങനെ രോഗം ദുരിതങ്ങൾ. എന്തെങ്കിലും പരിഹാരം കണ്ടു കൂടെ?

പലരും ഇങ്ങനെ പറഞ്ഞു പറഞ്ഞ് മാലിനിക്കും അത് ശരിയാണെന്ന് തോന്നി. ശനി ദോഷത്തിന് പരിഹാരം കാണണം. ഏതെങ്കിലും അമ്പലത്തിൽ പോയി വഴിപാട് കഴിക്കണം. ബ്രാഹ്മണർക്ക് ദാനം നടത്തണം.

രവിശങ്കർ പ്രശസ്തനായ ജോത്സ്യനാണ്. അദ്ദേഹത്തെ കണ്ട് പരിഹാരം തേടുന്നതാണ് നല്ലത്. അയൽവാസി രമ പറഞ്ഞപ്പോൾ കൂടുതൽ ഒന്നും ആലോചിച്ചില്ല. മാലിനി അദ്ദേഹത്തെ കണ്ട് ചാർട്ട് എഴുതിച്ചു. ഒരു ചാർട്ടിന് 500 രൂപയായിരുന്നു ഫീസ്. രണ്ടുപേർക്കും പരിഹാരം ചെയ്യേണ്ടതുള്ളതു കൊണ്ട് ആയിരം രൂപ ചെലവായി.

ഇന്ദ്രനീലം പതിച്ച മോതിരം ഭാര്യയും ഭർത്താവും ധരിക്കണം. അശോകന്‍റേത് യമകണ്ടക ശനിയാണ്. ഇനിയും ദുരന്തങ്ങൾക്ക് സാധ്യതയുണ്ട്. പക്ഷേ ഇന്ദ്രനീലം മോതിരം ധരിച്ചാൽ കാര്യങ്ങൾ അല്പം മെച്ചപ്പെട്ടേക്കാം.

തീർന്നിട്ടില്ല പരിഹാരക്രിയകൾ. നവഗ്രഹ ക്ഷേത്രത്തിൽ പോയി ശനിപൂജ ചെയ്യുക, കറുത്ത വസ്ത്രം ധരിക്കുക, 11 ബ്രാഹ്മണർക്ക് വീതം 11 ആഴ്ചകളിൽ ഭക്ഷണം നൽകുക…

ജ്യോത്സ്യന്‍റെ പട്ടിക നീണ്ടു.

ആറു വർഷം കൂടി കഷ്ടകാലം ആണെന്നാ ജോത്സ്യൻ പറഞ്ഞത്. ഇനിയും അഞ്ചര വർഷം കൂടിയുണ്ട്.

ആലോചിക്കും തോറും അശോകന് തല പെരുത്തു. പക്ഷേ അതിലേറെ ടെൻഷൻ മാലിനിക്ക് ആയിരുന്നു. എല്ലായിടത്തും അവൾ തന്നെ പോകണം. വീട്ടിലെ കാര്യങ്ങൾ ഒറ്റയ്ക്ക് നടത്തണം. ദുരിതങ്ങൾ നേരിടാൻ ശക്തി തരണേ എന്ന് മാത്രമായിരുന്നു ഇപ്പോഴവളുടെ പ്രാർത്ഥന.

മാലിനി എല്ലാം ശനിയാഴ്ചയും ക്ഷേത്രദർശനം പതിവാക്കി. ബ്രാഹ്മണർക്ക് അന്നദാനം നടത്തി. ഇതിനിടെ ഒരു സന്യാസി പറഞ്ഞു. ഇത് കലികാലമല്ലേ മോളെ… ശനിദേവൻ കുപിതനാണ്. എപ്പോഴും ധാരാളം പേർ ഞങ്ങളെ ഊട്ടാൻ എത്തും. പക്ഷേ തുടർച്ചയായി ഭക്ഷണം കഴിക്കാൻ പറ്റുമോ… അതുകൊണ്ട് പണം ദാനം ചെയ്താലും മതി.

അതോടെ മാലിനി ബ്രാഹ്മണർക്ക് ഭക്ഷണം കൊടുക്കുന്നത് നിർത്തി. ബ്രാഹ്മണർക്ക് ഭക്ഷണം വേണ്ടെങ്കിൽ എന്തുകൊണ്ട് യാചകർക്ക് കൊടുത്തുകൂടാ. ഒരു നേരത്തെ ഭക്ഷണത്തിന് കൊതിക്കുന്നവർക്ക് അത് നൽകുന്നതിനും വലിയ പുണ്യം മറ്റെന്തുണ്ട്?

വീടിനു സമീപത്തുള്ള ക്ഷേത്ര പരിസരത്ത് ധാരാളം യാചകരുണ്ട്. അവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കാം. അവൾ വിചാരിച്ചു. മാലിനി ഭക്ഷണപ്പൊതിയുമായി വരുന്നത് യാചകർ കാത്തിരുന്നു വാങ്ങുമായിരുന്നു ആദ്യമൊക്കെ. മാലിനി അവർക്ക് ചിരപരിചിതയായി കഴിഞ്ഞപ്പോൾ യാചകരുടെ ഡിമാൻഡ് മാറി.

നിങ്ങൾ എന്നും ഭക്ഷണം തരണമെന്നില്ല അമ്മാ… വല്ലപ്പോഴും പണം തന്നാൽ മതി. ഒരു ദിവസം മൂന്നും നാലും പൊതിച്ചോറ് കിട്ടും. പലപ്പോഴും പകുതി കളയേണ്ടി വരും. ഒരു യാചകൻ പറഞ്ഞു.

ശനി, ചൊവ്വ, രാഹു, കേതു എന്നിങ്ങനെ ദുഷ്ടഗ്രഹങ്ങളുടെ ദൃഷ്ടിയിൽ നിന്ന് മോചിതരാവാൻ ഇതുപോലെ കഷ്ടപ്പെടുന്നവർ എത്രയോ ലക്ഷങ്ങൾ കാണും. അങ്ങനെ ചിന്തിച്ചാൽ ഇവർ പറയുന്നത് ശരി തന്നെ.

മാലിനിയുടെ സങ്കോചം കണ്ട് ഒരു യാചകൻ പറഞ്ഞു. വീട്ടിലെ ഫോൺ നമ്പർ തന്നാൽ മതി. പട്ടിണി ദിവസങ്ങളിൽ ഞങ്ങൾ മാഡത്തിനെ വിളിക്കാം.

ഈ പരിഹാര നിർദ്ദേശം കേട്ട് മാലിനി അമ്പരന്നു പോയി. എങ്കിലും അതും പരീക്ഷിച്ചു നോക്കാം. അവൾ ഫോൺ നമ്പർ കൊടുത്തു. ഇവർ ഈ അവസരം എങ്ങനെ വിനിയോഗിക്കുമെന്ന് എങ്കിലും അറിയാമല്ലോ. വീട്ടിൽ മടങ്ങിയെത്തി മാലിനി കാര്യങ്ങൾ അശോകനോട് പറഞ്ഞു.

അത് കേട്ട് അശോകൻ പൊട്ടിച്ചിരിച്ചു. എടോ, നമ്മളെക്കാൾ ഭേദം ആ യാചകരാണേ… നമ്മെപ്പോലെ ദാനം ചെയ്യാൻ എത്രയോ പേരാണ് തയ്യാറായിരിക്കുന്നത്. അപ്പോൾ പിന്നെ അവർക്കും നിബന്ധന വെച്ച് കൂടെ…

മനുഷ്യർക്ക് അന്നദാനം നടത്തുന്നത് മടുത്തപ്പോൾ മാലിനി കാക്കകളുടെ പിന്നാലെ ആയി. ശനി ഭഗവാന്‍റെ സവാരി കാക്കയുടെ പുറത്താണല്ലോ.

എത്ര ഭക്ഷണവും മിനിറ്റുകൾക്കുള്ളിൽ കാക്കകൾ തീർത്തു തരും. സന്യാസികളെയും യാചകരെയും പോലെ നിബന്ധനകളും ഒന്നുമില്ല അവയ്ക്ക്.

അങ്ങനെ കാക്കകൾക്ക് ഭക്ഷണം കൊടുക്കൽ മാലിനിയുടെ ദിനചര്യയായി.

മഴക്കാലമായി. ഇടമുറിയാതെ മഴ ജന ജീവിതത്തെ വളരെ മോശമായി ബാധിച്ച സമയം. ഒരു ദിവസം അശോകനും മാലിനിയും ബാൽക്കണിയിൽ ഇരുന്നു മഴ കാണുകയായിരുന്നു. അവിടെ നിന്നു നോക്കിയാൽ തൊട്ടടുത്ത അമ്പലം കാണാം. മഴ പെയ്തതോടെ ക്ഷേത്ര പരിസരത്തുള്ള യാചകരെയും കാണാതായിരിക്കുന്നു.

പാവങ്ങൾ! എങ്ങോട്ട് ആയിരിക്കും പോയിട്ടുണ്ടാവുക… അതിനെക്കുറിച്ച് അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വീട്ടിലെ ഫോൺ ശബ്ദിച്ചു.

പരിചയമില്ലാത്ത സ്വരം മറുപുറത്ത്.

മാഡം, ഓർമ്മയുണ്ടോ എന്നറിയില്ല. അമ്പലത്തിൽ വച്ച് നമ്മൾ കണ്ടിട്ടുണ്ട്. ഞാൻ ഭിക്ഷക്കാരൻ ശശിയാ. മഴ കാരണം ഞങ്ങൾ മുഴു പട്ടിണിയിലായി. എട്ടുപേർക്ക് ഭക്ഷണം കിട്ടിയാൽ നന്നായിരുന്നു. ഈശ്വരൻ നിങ്ങളെ രക്ഷിക്കും.

ശരി നിങ്ങൾ അമ്പലത്തിൽ ഇല്ലല്ലോ… പിന്നെ എവിടെയാണ് ഭക്ഷണം എത്തിക്കേണ്ടത്.

അമ്പലത്തിന് പിന്നിലെ കൈരളി തീയേറ്ററിന് അടുത്തുള്ള സൈക്കിൾ സ്റ്റാൻഡിൽ ഉണ്ട്.

ശരി, ഒരു മണിക്കൂറിനകം എത്തിച്ചേക്കാം.

എന്താണ് കൊണ്ടുവരിക?

ചോറും കറിയും.

അയ്യോ, അത് വേണ്ട ചപ്പാത്തിയും കറിയും എരിവുള്ള അച്ചാറും മതി.

ആ ഡിമാൻഡ് കേട്ട് ഒരു നിമിഷം അമ്പരന്നു എങ്കിലും മാലിനി സമ്മതിച്ചു.

അവൾ ഉടനെ അടുക്കളയിൽ കയറി ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയും ഉണ്ടാക്കി. നേരത്തെ ഉണ്ടാക്കിയ നാരങ്ങ അച്ചാർ ഇരിപ്പുണ്ട്.

എല്ലാം പൊതിഞ്ഞ് അവൾ കൈരളി തിയേറ്ററിനോട് ചേർന്ന സൈക്കിൾ സ്റ്റാൻഡിലേക്ക് നടന്നു.

അവിടെ യാചകർ കാത്തിരിക്കുകയായിരുന്നു. അവർ അവളുടെ കയ്യിൽ നിന്നും ഭക്ഷണം വാങ്ങി ആർത്തിയോടെ കഴിച്ചു.

വലിയ ഏമ്പക്കം വിട്ടുകൊണ്ട് ഒരു യാചകൻ പറഞ്ഞു. ഞാൻ നിങ്ങളുടെ വീട് കണ്ടു. ഒരു ദിവസം അങ്ങോട്ട് വരാം. എനിക്കൊരു കാര്യം പറയാനുണ്ട്.

അവൾ ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. യാചകൻ വീട്ടിൽ വരാമെന്ന് പറഞ്ഞത് അശോകനോട് സൂചിപ്പിച്ചപ്പോൾ അയാൾ നെറ്റി ചുളിച്ചു.

വല്ല കള്ളന്മാരും ആണോടോ…

ഏയ് അത്തരക്കാരെ ഒന്നുമല്ല മാലിനി പറഞ്ഞു.

ഒരു യാചകൻ വീട്ടിൽ വന്നു ഭക്ഷണം കഴിച്ചു എന്ന് കരുതി, മറ്റെന്ത് സംഭവിക്കാനാണ്? അവൾ ചിന്തിച്ചു.

രണ്ടുദിവസം തുടർച്ചയായി മഴ പെയ്തു കൊണ്ടേയിരുന്നു. അതിനുശേഷം മെല്ലെ മെല്ലെ മഴ ഒതുങ്ങി. റോഡിലെ വെള്ളമെല്ലാം ഇറങ്ങിയപ്പോൾ യാചകർ പതിവ് സ്ഥാനങ്ങളിൽ ഇരിപ്പുറപ്പിച്ചു. ക്ഷേത്രത്തിൽ നല്ല തിരക്കായിരുന്നു.

രാത്രി 9 മണിയോടെ ക്ഷേത്രം അടയ്ക്കും. ഒരു ദിവസം രാത്രി 10 മണിയായി കാണും. കോളിംഗ് ബെൽ കേട്ട് മാലിന് വാതിൽ തുറന്നു. അന്ന് പറഞ്ഞ യാചകനാണ്. അയാൾ അകത്തു കയറി നിലത്തിരുപ്പായി. അയാളുടെ കയ്യിൽ മുഷിഞ്ഞു നാറിയ ഒരു സഞ്ചിയുണ്ടായിരുന്നു. അത് നിറയെ എന്തോ ഉണ്ട്.

മാഡം… സാറിനെ വിളിക്കാമോ… ഒരു കാര്യം പറയാനാ.

അശോകൻ വന്നപ്പോൾ അയാൾ സഞ്ചി തുറന്നു കാണിച്ചു. നിറയെ നോട്ട്! 10,000 രൂപയുണ്ട്. ഇത് നിങ്ങൾ വച്ചോ! ആവശ്യം വരുമ്പോൾ ഞാൻ വാങ്ങിക്കൊള്ളാം. തെരുവിൽ കഴിയുന്ന എനിക്ക് ഇത്രയും പണം സൂക്ഷിക്കാൻ പ്രയാസമുണ്ട്.

ഇത്രയും പണം നിങ്ങൾക്ക് എവിടെ നിന്ന് കിട്ടി. എന്താ ഇതിവിടെ തന്നെ തരാൻ തോന്നിയത്.

അഞ്ചുവർഷമായി ഞാൻ പിച്ചതെണ്ടുന്നു. എത്രയോ പണക്കാർ വരുന്ന സ്ഥലമാണ്. ധാരാളം ദാനം കിട്ടി. ഞങ്ങൾ യാചകർക്ക് എല്ലാവർക്കും ഉണ്ട് സമ്പാദ്യം. യാതൊരു ചെലവുമില്ല. നിങ്ങളുടെ കൈവശം സുരക്ഷിതമായിരിക്കും എന്ന് എനിക്ക് തോന്നി അതാ വന്നത്.

അശോകനും മാലിനിയും പരസ്പരം അമ്പരപ്പോടെ നോക്കി. ഒരു യാചകന്‍റെ കൈവശം ഇത്രയും പണം.

നിങ്ങൾ ഈ പണം ബാങ്കിൽ നിക്ഷേപിക്ക് അശോകൻ പറഞ്ഞു.

ഞാൻ ബാങ്ക് അക്കൗണ്ട് തുടങ്ങിയാൽ പിന്നെ പിച്ച തെണ്ടാൻ പറ്റുമോ? ആളുകൾ അറിഞ്ഞാൽ എന്‍റെ തൊഴിൽ പോവില്ലേ…

അത് കേട്ട് അശോകൻ ചിരിച്ചു.

കൊള്ളാം, ഇതാണോ നല്ല ജോലി. ഇനി ഞങ്ങളും ഈ ജോലി സ്വീകരിച്ചാലോ…

നല്ലത് പറയൂ അശോക്… നിങ്ങൾ കാലൊടിഞ്ഞു കിടക്കേണ്ടി വന്ന അവസ്ഥ മറക്കല്ലേ…മാലിനിക്ക് അശോകന്‍റെ സംസാരം ഇഷ്ടമായില്ല.

ഞാൻ തമാശ പറഞ്ഞതല്ലേ.. നീ അത് ഗൗരവത്തിൽ എടുത്തോ?

ഇത് കേട്ട് ഈ യാചകൻ കൈകൂപ്പി. സർ എന്നെ വിശ്വസിക്കണം. ഈ പണം സ്വീകരിക്കൂ. ഞങ്ങള യാചകരുടെ കൈവശം പണം സൂക്ഷിച്ചാൽ ആപത്ത് ക്ഷണിച്ചു വരുത്തുന്നത് തന്നെ. ശനിദേവൻ ഞങ്ങളെ വെറുതെ വിടില്ല.

അല്പനേരം ആലോചിച്ചിരുന്നിട്ട് അശോകൻ പണം വാങ്ങി.

അയാൾ പോയശേഷം അശോകനും മാലിനിയും പരസ്പരം നോക്കി. യഥാർത്ഥത്തിൽ ഇവരും ദാന യോഗ്യരാണോ? ഇത്രയും സമ്പാദ്യമുള്ള യാചകർ! ഈശ്വരകോപവും ഗ്രഹദോഷവും മാറാൻ ഇവർക്കൊക്കെ ദാനം ചെയ്തിട്ട് എന്ത് കാര്യം?

മാലിനി ചിന്തിച്ചു. ഇനിയും ഇത്തരം മണ്ടത്തരങ്ങൾ ജീവിതത്തിൽ ഉണ്ടാവില്ല. കൂലിപ്പണിക്കാർക്കോ, റിക്ഷക്കാരനോ, വേലക്കാരിക്കോ പത്തു രൂപ കൂടുതൽ കൊടുത്താൽ അതല്ലേ പുണ്യം!

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें