രാവിലെ ചായ കുടിക്കുന്നതിനിടയിൽ ഫേസ്ബുക്ക് അപ്ഡേറ്റ് പരിശോധിക്കവേ ആദ്യം കണ്ണിൽ പെട്ടത് സുമിയുടെ പോസ്റ്റായിരുന്നു. ഇന്ന് എന്‍റെ പിറന്നാൾ ആണെന്ന് മാത്രം ആണ് അവൾ കുറിച്ചത്. ഇത്തരമൊരു കാര്യം ആരാണ് എഴുതി എല്ലാവരെയും അറിയിക്കുക ആ പോസ്റ്റ് എന്നിൽ അദ്ഭുതം ഉളവാക്കി അതേ ചുറ്റിപ്പറ്റി മനസിൽ ധാരാളം ചോദ്യങ്ങൾ ഉയർന്നു.
തന്‍റെ ജീവിതത്തിലെ ഓരോ മൂഹൂർത്തങ്ങളെയും പറ്റി വിചിത്രമായ ഈ ലോകത്തോട് പങ്കുവയ്ക്കാൻ അവൾ നിർബന്ധിതയായിരിക്കുന്നത് ജീവിതത്തിൽ ഏകാന്തത വളർന്നു വരുന്നതു കൊണ്ടാകുമോ. തന്‍റെ സുഖദുഃഖങ്ങളെപ്പറ്റി പങ്കുവയ്ക്കാൻ അവനെ കേൾക്കാൻ ചുറ്റും ആളില്ലാതാവുകയാണോ? ചുറ്റും ആരുണ്ടായിട്ടും കാര്യമില്ല, അവരെല്ലാം തങ്ങളുടെ മുന്നിൽ ഇരിക്കുന്ന ആളെ അവഗണിച്ചും അവൻ പറയുന്ന കാര്യങ്ങൾ കേൾക്കാതെയും ദൂരെ ഏതോ ലോകത്തുള്ളവരുമായി ഫോണിലൂടെ ബന്ധം പുലർത്തുന്നതിൽ സന്തോഷം കണ്ടെത്തുകയല്ലേ.
സുമിയെ കണ്ടിട്ട് ഒരുപാട് നാളായി. കൊറോണ കാലം ആളുകളെ പരസ്പരം അകറ്റിയതു കൊണ്ട് എല്ലാവരും ഒറ്റയ്ക്ക് ജീവിക്കാൻ ശീലിച്ചിരിക്കുന്നു. ഈ സമയത്ത് ഒഴിവു സമയങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ചെലവഴിച്ചാണ് ആളുകൾ മഹാമാരി കാലത്തെ അതിജീവിച്ചത്. എന്നാൽ ജീവിതം ഇപ്പോൾ സാധാരണ നിലയിലായെങ്കിലും സോഷ്യൽ മീഡിയയിൽ ജീവിതം തള്ളിനീക്കുന്നവരാണ് മിക്കവരും.
സുമിയെ കാണുകയെന്നത് അത്ര എളുപ്പമല്ല. അവൾ തിരക്കുപിടിച്ച മുംബൈ നഗരത്തിലെ ഏതോ ഒരു കോണിലാണ് താമസിക്കുന്നത്. ഞാനാണെങ്കിൽ മറ്റൊരു കോണിലും. എന്നാൽ ഇന്ന് ഞാൻ അവളെ അദ്ഭുതപ്പെടുത്താൻ തന്നെ തീരുമാനിച്ചു. ഞാൻ ഉടൻ തന്നെ അവളെ ഫോണിൽ വിളിച്ച് പിറന്നാൾ ഗാനം ആലപിച്ചു കൊണ്ട് അവൾക്ക് ആശംസകൾ നേർന്നു. മറുതലയ്ക്കൽ അവളുടെ കിലുകിലാ എന്നുള്ള ചിരി ഉയർന്നു കേൾക്കാമായിരുന്നു.
“ഇന്ന് തിരക്കിലാണെങ്കിൽ കുഴപ്പമില്ല, തിരക്കില്ലാത്ത ദിവസം നമുക്ക് എവിടെയെങ്കിലും പോയി ഉച്ചഭക്ഷണം കഴിക്കാം.” ഞാൻ പറഞ്ഞു.
“ങ്ഹാ കുടുംബവുമൊത്തു ഡിന്നർ കഴിച്ചോളാം. പക്ഷേ പകൽ ഞാൻ ഫ്രീയാണ്. നമുക്ക് പല്ലാഡിയത്തിൽ വച്ച് മീറ്റ് ചെയ്യാം.“ സുമിയുടെ മറുപടിയിൽ സന്തോഷം കലർന്നിരുന്നു. വർഷങ്ങളായി ആരെയോ കാത്തിരുന്നതുപോലെയായിരുന്നു അവളുടെ മറുപടി.
പല്ലാഡിയം മാൾ നഗരത്തിന്‍റെ രണ്ടറ്റങ്ങളായി ഉള്ള ഞങ്ങളുടെ വീടിന്‍റെ ഏറെക്കുറെ മധ്യഭാഗത്തായാണ് സ്‌ഥിതി ചെയ്യുന്നത്. ഞങ്ങൾ മുമ്പും അവിടെ വച്ച് കണ്ടുമുട്ടിയിട്ടുണ്ട്. രണ്ടുപേർക്കും വരാനും പോകാനും വലിയ അസൗകര്യമില്ലാത്ത ഇടം, വലിയ ദൂരവുമില്ല.
അന്ന് സുമിയെക്കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു മനസിൽ. ദിവസവും 3- 4 പോസ്റ്ററുകൾ ഇടാത്ത ഒരു ദിവസം പോലും അവളുടെ ജീവിതത്തിൽ നിന്നും കടന്നു പോകുമായിരുന്നില്ല. ചിലപ്പോൾ അവൾ കഴിച്ച ഭക്ഷണത്തെക്കുറിച്ചോ വസ്ത്രത്തെക്കുറിച്ചോ അതുമല്ലെങ്കിൽ ചിലപ്പോൾ തന്നെ പറ്റിയോ മറ്റൊരാളെക്കുറിച്ചോ ഒക്കെ ആയിരുന്നു അവളുടെ പോസ്റ്ററുകൾ.
സോഷ്യൽ മീഡിയയിൽ ഏറ്റവും സജീവമായിരുന്നത് സുമി മാത്രമാണ്. അക്കാര്യത്തിൽ എനിക്കൊരു സംശയവുമുണ്ടായിരുന്നില്ല. അവളുടെ ഭർത്താവ് സഞ്ജയ്നെ പലപ്പോഴും കണ്ടിട്ടുമുണ്ട്. വളരെ മാന്യമായി ഇടപഴകിയിരുന്ന ഒരു വ്യക്തി.