എടുത്തെറിഞ്ഞുടക്കാനും സ്വയം വീണു തകരാനും ആണ് ലോകം കുപ്പികൾ നിർമ്മിക്കുന്നതെന്ന് അയാൾക്കറിയാം.
എന്നിട്ടും അയാൾ കുപ്പികൾ ശേഖരിച്ചുകൊണ്ടിരുന്നു. പലനിറത്തിലും വലിപ്പത്തിലും ആകൃതിയിലും ഉള്ള കുപ്പികൾ.
ചെറുപ്പം മുതലുള്ള ഒരു ശീലം അനിവാര്യമായ ഒരു കർമ്മം പോലെ അയാൾ തുടർന്നു. കുപ്പികളെപ്പോലെ തന്നെ സൂക്ഷ്മതയോടെ എടുത്ത് പ്രയോഗിക്കേണ്ട ഒന്നാണ് ജീവിതം എന്ന് അയാൾക്ക് ബോധ്യം ഉള്ളതുപോലെ. അയാളുടെ ഏക കളിപ്പാട്ടം ചെറുപ്പത്തിൽ മണ്ണ് വാരിക്കളിച്ച ഒരു ചെറിയ കുപ്പിയായിരുന്നു. അമൂല്യമായ ഒരു നിധിപോലെ അത് ഇന്നും അയാളുടെ ശേഖരത്തിൽ ഉണ്ട്.
ആദ്യമായി സ്വന്തമാക്കിയത് ആ ചെറിയ കുപ്പിയായിരുന്നു എങ്കിലും വലിപ്പച്ചെറുപ്പം ഇല്ലാതെ അയാൾ കുപ്പികളെ സ്നേഹിച്ചു. അയാൾ ശേഖരിച്ചുവച്ച കുപ്പികൾക്കൊന്നും അടപ്പില്ലായിരുന്നു. ഒന്നും മൂടിവയ്ക്കുന്നത് അയാളുടെ ശീലമായിരുന്നില്ല.
തന്‍റെ സ്വകാര്യതയിലെ ആഹ്ളാദം നാട്ടുകാരറിയുന്ന വിശേഷമായി മാറിയത് കുപ്പികളോടുള്ള അയാളുടെ ഇഷ്ടം കലശലായപ്പോഴാണ്.
കേളു എന്ന കേളുക്കുട്ടിയെ നാട്ടുകാർ വിളിച്ചിരുന്നത് കേളുവേട്ടൻ എന്നായിരുന്നു. ഏതു കേളു എന്ന് ചോദിക്കുന്നവരോട് കുപ്പിക്കേളു എന്ന് അവർ പറയാൻ തുടങ്ങിയത് പിൽക്കാലത്താണ്.
അയാൾ ഇതറിഞ്ഞിരുന്നു എങ്കിലും സങ്കടപ്പെട്ടിരുന്നില്ല. പ്രകടമായി വിളിച്ചിരുന്നവരെ തിരിച്ചറിഞ്ഞപ്പോഴും ദേഷ്യപ്പെട്ടിരുന്നില്ല. കാരണം കുപ്പികളോട് ഒട്ടി നിൽക്കാൻ അയാൾക്ക് ഇഷ്ടമായിരുന്നു.
അയാളുടെ അച്ഛൻ സുഖമില്ലാതെ കിടന്ന കാലത്ത് ജനലിന്മേൽ നിരത്തിവെച്ച കഷായത്തിന്‍റെ കുപ്പികൾ അയാൾ എന്നും ശ്രദ്ധിച്ചിരുന്നു. പിന്നീട് മരുന്നുകളോടൊപ്പം അച്ഛനും ഒഴിഞ്ഞു പോയപ്പോൾ കുപ്പികൾ മാത്രം അയാളുടെ സ്വന്തമായി.
അച്ഛന്‍റെ മരണശേഷം വാടകവീട്ടിലായിരുന്നു അയാളുടെ താമസം. കൊച്ചു വീട്ടിൽ, തന്‍റെ കിടപ്പുമുറിയിൽ അയാൾ കുപ്പികൾ സൂക്ഷ്മതയോടെ അടുക്കി വെച്ചിരുന്നു.
മഴക്കാടുകൾ ഉള്ളിൽ നിറഞ്ഞ നേരം കാമുകിക്ക് സമ്മാനിച്ച സുഗന്ധദ്രവ്യം, തീർന്നപ്പോൾ അവൾ മടക്കിക്കൊടുത്ത പ്രണയം ഒഴിഞ്ഞ കുപ്പികൾ അയാൾ ആയിടെയാണ് തന്‍റെ ശേഖരത്തിൽ ഉൾപ്പെടുത്തിയത്. നഷ്ടപ്പെടലിന്‍റെ ഓർമ്മയ്ക്കായി വേദനയോടെ അയാൾ അത് സൂക്ഷിച്ചു.
വർഷങ്ങൾ കഴിഞ്ഞ് വിവാഹിതനായപ്പോഴും അയാൾ അത് ഉപേക്ഷിച്ചില്ല. ആദ്യരാത്രിയിൽ കിടപ്പുമുറിയിൽ എത്തിയ ഭാര്യക്ക് അത്ഭുതം ആയത് അയാൾ ഒരുക്കിവെച്ച കുപ്പികളുടെ പ്രപഞ്ചമാണ്. അന്ന് പുലരുവോളം കുപ്പികളെ കുറിച്ച് മാത്രമാണ് അവർ സംസാരിച്ചത്. പക്ഷേ ഒരു രഹസ്യം അയാൾ സൂക്ഷിച്ചു എടുത്തെറിഞ്ഞുടയ്ക്കാനും സ്വയം വീണ് തകരാനും ആണ് ലോകം കുപ്പികൾ നിർമ്മിക്കുന്നതെന്ന കണ്ടെത്തൽ അയാൾ അവളോട് പറഞ്ഞില്ല. അത് അനുഭവിച്ചറിയേണ്ട സത്യമാണെന്ന് അയാൾ കരുതിയിരിക്കണം.
കുപ്പികൾ മുഴുവൻ തുടച്ച് വൃത്തിയാക്കി വയ്ക്കുന്നത് അയാളുടെ ദിനചര്യയുടെ ഭാഗമായിരുന്നു. അശ്രദ്ധമൂലം ഒന്നു പോലും അയാളുടെ കൈകൊണ്ട് വീണ് തകർന്നിട്ടില്ല. വിവാഹശേഷം അയാളോടൊപ്പം ഭാര്യയും ആ പ്രക്രിയ പങ്കിട്ടു.
കുപ്പികൾ കൈകാര്യം ചെയ്യുന്നതിൽ അവൾക്ക് വേണ്ടത്ര ശ്രദ്ധ പോരാ എന്ന് അയാൾക്ക് തോന്നിയിരുന്നു. പക്ഷേ അയാൾ അതിനെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല.
പരാതികൾ ഇല്ലാത്ത ജീവിതമായിരുന്നു അയാൾക്ക് ഇഷ്ടം. അതുകൊണ്ട് തന്നെ ആർക്കും പരിഭവം ഇല്ലാത്ത വിധം നല്ല കുടുംബസ്നേഹം ഉള്ളവനായി അയാൾ ജീവിക്കാൻ ശ്രമിച്ചു.