മുൻകൂട്ടി സമ്മതം വാങ്ങിയശേഷം കൺസൾട്ടിംഗ് റൂമിൽ പ്രവേശിച്ച രാജീവിനെയും പ്രിയയെയും കണ്ട മാത്രയിൽ ഞാൻ അസ്വസ്ഥനായി. ദുഃഖകരമായ ആ യാഥാർത്ഥ്യം എങ്ങനെ അവരെ അറിയിക്കും. രാജീവിന്‍റെ മുഖത്തും അസ്വസ്ഥത നിറഞ്ഞു നിന്നിരുന്നു. തീർത്തും ക്ഷീണിതമായ പ്രിയയുടെ മുഖത്തേക്ക് ഒരു നിമിഷം ഞാൻ നോക്കി.

എനിക്ക് അഭിമുഖമായുള്ള കസേരകളിലാണ് ഇരുവരും ഇരിക്കുന്നത്. ആകാംക്ഷ മുറ്റി നിൽക്കുന്ന മിഴികളോടെ അവർ എന്നെ തന്നെ ഉറ്റു നോക്കിക്കൊണ്ടിരുന്നു. അവസാനത്തെ തിളക്കവും നഷ്ടപ്പെട്ട പ്രിയയുടെ മിഴികളിൽ പ്രതീക്ഷയുടെ ഒരിറ്റു കണമെങ്കിലും ബാക്കി ഉണ്ടാവുമോ? ആ സമയം അവളുടെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം പോലും എനിക്കുണ്ടായില്ല.

ഞാൻ രാജീവിന്‍റെ നേർക്ക് തിരിഞ്ഞിരുന്നു. പ്രിയയുടെ ഒരു ടെസ്റ്റ് റിപ്പോർട്ട് കൂടി വരാനുണ്ട്. ആദ്യം അതൊന്ന് ചെക്ക് ചെയ്യണം. രാജീവിനോട് എന്‍റെ കൂടെ വരാൻ ആംഗ്യം കാട്ടിക്കൊണ്ട് ഞാൻ കൺസൾട്ടിംഗ് റൂമിൽ നിന്നെഴുന്നേറ്റ് പുറത്തു കടന്നു. എന്നിലേക്ക് നീണ്ടുനീണ്ട് വന്ന പ്രിയയുടെ ആകാംക്ഷ നിറഞ്ഞ മിഴികളെ ഞാൻ അവഗണിച്ചു. പിന്നാലെ രാജീവ് എത്തി.

അയാം സോറി, രാജീവ് നിങ്ങളുടെ ഭാര്യക്ക് ബ്ലഡ് കാൻസർ ആണ്. വി ഹാവ് റ്റു ഫേസ് ഇറ്റ്, ദിവസം ചെല്ലുന്തോറും അവളുടെ സ്ഥിതി വഷളായി വരികയാണ്. ഒരുപക്ഷേ രണ്ടോ മൂന്നോ മാസം കൂടി…

എന്‍റെ മറുപടി രാജീവിനെ പൂർണമായും നിരാശനാക്കി. ഞാൻ അയാളെ ആശ്വസിപ്പിച്ച് അടുത്തുള്ള കസേരയിൽ ഇരുത്തി. മുഖത്ത് ഇരുകൈകളും ഊന്നിയുള്ള അയാളുടെ ഇരിപ്പ് എന്നെ പിന്നെയും ദുഃഖിതനാക്കി. യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ അയാൾക്ക് കഴിയില്ലെന്ന് എനിക്ക് തോന്നി. നിശബ്ദനായി അയാൾക്ക് അരികിൽ നിൽക്കാനേ എനിക്കായുള്ളു.

ഡോക്ടർ, ഞാൻ അവളെ വല്ലാതെ സ്നേഹിക്കുന്നു. അവൾ മരണത്തിന്‍റെ ഇരുട്ടറയിലേക്ക് മറയുന്നത് കാണാനുള്ള കരുത്ത് എനിക്കില്ല. രാജീവിന്‍റെ കണ്ഠമിടറി.

നോക്കൂ രാജീവ്, ബീ ബ്രേവ്. ഇപ്പോൾ പ്രിയക്ക് നിങ്ങളുടെ ധൈര്യവും സാമീപ്യവും ആണ് ആവശ്യം. വീട്ടിൽ വേറെ ആരൊക്കെയുണ്ട്?

എല്ലാവരും ഉണ്ട് ഡോക്ടർ. ഭാര്യ, മക്കൾ, അച്ഛൻ, അമ്മ തുടർന്ന് അയാൾ മുഖമുയർത്തി സങ്കോചത്തോടെ പറഞ്ഞു. ഡോക്ടർ പ്രിയ എന്‍റെ ഭാര്യയല്ല.

അപ്പോൾ നിങ്ങളുടെ ആരാണ് അവർ?

ഉള്ളിൽ ഉയർന്ന ജിജ്ഞാസ അടക്കി ക്കൊണ്ട് ഞാൻ അയാളോട് ചോദിച്ചു.

എന്‍റെ എല്ലാമാണ് അവൾ… എല്ലാം. ഞാനെന്‍റെ ജീവനേക്കാൾ അവളെ സ്നേഹിക്കുന്നു. അവളുടെ ജീവിതം നമ്മെ കബിളിപ്പിച്ച് അകന്നകന്ന് പോവുകയല്ലേ.

എനിക്ക് നിങ്ങളുടെ മാനസികാവസ്ഥ മനസ്സിലാകുന്നുണ്ട് രാജീവ്. ജീവിതത്തിലെ ഏറ്റവും മഹത്തരമായ വികാരമാണ് സ്നേഹം. പക്ഷേ, പ്രിയയുടെ വീട്ടുകാരെ എത്രയും പെട്ടെന്ന് ഈ വിവരം അറിയിക്കണം. അവരെ ഇവിടെ വിളിച്ച് വരുത്തണം.

അവളുടെ വീട്ടുകാരെ എനിക്ക് പരിചയമില്ല ഡോക്ടർ. ഇപ്പോൾ അവൾ ഒരു വർക്കിംഗ് വിമൻസ് ഹോസ്റ്റലിലാണ് താമസിക്കുന്നത്. അവിടെയും അവൾക്കാരുമായി അടുത്ത ബന്ധമില്ല.

അങ്ങനെയാകുമ്പോൾ അവളുടെ ട്രീറ്റ്മെന്‍റ്… ചോദ്യം പൂർത്തിയാക്കാതെ ഞാൻ അയാളെ നോക്കി.

ഞാൻ ചികിത്സിപ്പിക്കും ഡോക്ടർ. പക്ഷേ… അയാളുടെ ആവേശം പെടുന്നനെ നിലച്ചു.

എന്ത് പക്ഷേ?

ഡോക്ടർ, പ്രിയ വേദനിച്ച് മരിക്കുന്നത് എനിക്ക് കാണാൻ ആവില്ല. അവളുടെ തളർന്നു ക്ഷീണിച്ച കണ്ണുകളിൽ… വറ്റിക്കൊണ്ടിരിക്കുന്ന പ്രതീക്ഷയും കാണാനുള്ള കരുത്ത് എനിക്കില്ല. അതുകൊണ്ട് അവളുടെ സംരക്ഷണ ചുമതല ഹോസ്പിറ്റൽ അധികൃതർ ഏറ്റെടുക്കണം.

രാജീവിന്‍റെ അഭിപ്രായം എനിക്കൊട്ടും ഇഷ്ടമായില്ല. തന്‍റെ കാമുകിയുമായുള്ള അവസാനത്തെ ബന്ധവും ഉപേക്ഷിച്ച് ഒരു അധ്യായത്തിന് തിരശ്ശീല ഇടാനുള്ള ഭാവമാണ് അയാൾക്ക് എന്ന് എനിക്ക് തോന്നി.

ഞങ്ങൾ ഡോക്ടർമാരും നേഴ്സുമാരും ഞങ്ങളുടെ കർത്തവ്യം പൂർണമായും നിർവഹിക്കും മിസ്റ്റർ. പക്ഷേ ഏറ്റവും ദുഃഖകരമായ അവസ്ഥയിൽ പ്രിയപ്പെട്ടവരുടെ സാമീപ്യവും സ്നേഹവും ആണ് രോഗിയുടെ മനോബലം വർദ്ധിപ്പിക്കുക. അയാളെ കാര്യം പറഞ്ഞ് ബോധിപ്പിച്ച ശേഷം പ്രിയയുടെ അരികിലോട്ട് വിട്ടു. അതിനുശേഷം ഞാൻ റൗണ്ട്സിനു പോയി. മടങ്ങിയെത്തുമ്പോഴേക്കും രാജീവ് പോയി കഴിഞ്ഞിരുന്നു.

ജൂനിയർ ഡോക്ടർ ശ്യാമും മേരി നഴ്സും പറഞ്ഞ് ഞാൻ ചില കാര്യങ്ങൾ അറിഞ്ഞു.

പ്രിയയുടെ ചികിത്സയ്ക്കായി രാജീവ് ഇരുപതിനായിരം രൂപ കെട്ടിവച്ചിരുന്നു. പ്രിയയെ കാൻസർ വാർഡിൽ അഡ്മിറ്റ് ചെയ്യേണ്ടിയിരുന്നതിനാൽ ആവശ്യമായി വരുന്ന ബാക്കി തുക എത്രയും പെട്ടെന്ന് എത്തിക്കാമെന്ന് പറഞ്ഞ ശേഷമാണ് അയാൾ ആശുപത്രിയിൽ നിന്നും പോയത്. രോഗവിവരം രോഗിയോട് പറയുക എന്ന ഉത്തരവാദിത്വം അതുകൊണ്ട് പൂർണ്ണമായും എന്നിൽ ആയി.

ഞാൻ എതിരെ വന്ന് നിന്നിട്ടും പ്രിയ എന്നോട് ഒന്നും ചോദിച്ചില്ല. പ്രതീക്ഷയുടെ ചെറിയൊരു മിന്നലാട്ടം കുറച്ചുമുമ്പ് അവളുടെ കണ്ണുകളിൽ തെളിഞ്ഞു നിൽക്കുന്നത് ഞാൻ കണ്ടിരുന്നു. പക്ഷേ ആ സ്ഥാനത്ത് ഇപ്പോൾ വെറും ശൂന്യത.

രോഗത്തിൽ നിന്നും മുക്തി നേടാൻ രോഗിയുടെ ആത്മവിശ്വാസം വലിയ പങ്കാണ് വഹിക്കുന്നത്. തീർച്ചയായും നിങ്ങൾക്ക് ഇവിടെയുള്ളതിൽ വച്ച് ഏറ്റവും നല്ല ചികിത്സയാണ് നൽകുക. നിങ്ങൾ തീർച്ചയായും സുഖം പ്രാപിക്കും. എന്‍റെ വാക്കുകൾ പ്രിയയുടെ ഉദാസീനത അല്പം പോലും കുറച്ചില്ല.

പ്രിയയെ അഡ്മിറ്റ് ചെയ്യാനുള്ള നടപടികൾ തുടങ്ങി. അവളുടെ വീട്ടുകാരെ കണ്ടുപിടിക്കാനുള്ള ചുമതല ഞാൻ ജൂനിയർ ഡോക്ടർ ശ്യാമിനെ ഏൽപ്പിച്ചു. എന്തുകൊണ്ടോ പ്രിയയുടെ കേസ് അവഗണിക്കാൻ എനിക്കായില്ല. ഇനിയുള്ള ദിവസങ്ങളിൽ അവളുടെ സ്ഥിതി കൂടുതൽ വഷളാകാം. അതെനിക്ക് നന്നായി അറിയാമായിരുന്നു. ഉച്ചയ്ക്ക് ശേഷം ക്യാൻസർ വാർഡിൽ വെച്ചാണ് പിന്നീട് ഞാൻ പ്രിയയെ കണ്ടത്.

ഏറെ ക്ഷീണിത ആയിരുന്നുവെങ്കിലും രോഗിയാകും മുമ്പ് അവൾ അതീവ സുന്ദരിയായിരുന്നു എന്ന് മനസ്സിലാക്കാൻ എനിക്ക് അധികം സമയം വേണ്ടിവന്നില്ല. പ്രതാപ കാലത്തെ അടയാളങ്ങൾ ഏറെക്കുറെ അവളുടെ മുഖത്ത് പ്രകടമായിരുന്നു. രാജീവിനെ കുറിച്ച് അവൾ പറഞ്ഞു.

എന്‍റെ സ്വന്തക്കാരെക്കാളും എന്നോട് അടുപ്പമുള്ളയാളാണ് രാജീവ്. ആ സ്നേഹവും സാമീപ്യവും അനുഭവിക്കാൻ ഇടയായതാണ് എന്‍റെ വലിയ ഭാഗ്യം.

വിവാഹിതനായ ഒരാളുമായി ഇത്രയും വലിയൊരു ആത്മബന്ധം വളരാൻ കാരണം? രാജീവുമായി പ്രിയയ്ക്കുള്ള പ്രണയത്തെ കുറിച്ച് അറിയാൻ വിചിത്രമായ ഒരു ജിജ്ഞാസ സ്വാഭാവികമായും എന്നിൽ ഉണ്ടായി.

പ്രണയത്തിന് എന്ത് കാരണം ഉണ്ടാകാനാ ഡോക്ടർ അവളുടെ നിഷ്കളങ്കമായ പുഞ്ചിരി എന്‍റെ ഹൃദയത്തെ സ്പർശിച്ചു ആ സ്നേഹമാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം ഇനി എനിക്ക് ഈ ലോകം ഉപേക്ഷിച്ചു പോകുന്നതിൽ യാതൊരു പരിഭവവും ഇല്ല.

നിന്‍റെ ചികിത്സാ ചെലവൊക്കെ വഹിക്കുന്നത് രാജീവ് അല്ലേ. ഞാൻ ആ യാഥാർത്ഥ്യം അവളെ എന്തുകൊണ്ടോ ബോധിപ്പിക്കാൻ ആഗ്രഹിച്ചു.

അദ്ദേഹമല്ലാതെ മറ്റൊരാണ് ആ ഉത്തരവാദിത്വം ഏറ്റെടുക്കുക?

ഡോക്ടർ ശ്യാം എങ്ങനെയോ പ്രിയയുടെ ഒരു ബന്ധുവിന്‍റെ നമ്പർ കണ്ടുപിടിച്ച് ഫോണിൽ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ സഹായത്തോടെ ഞാൻ പ്രിയയുടെ അച്ഛനുമായി ഫോണിൽ സംസാരിച്ചു.

പ്രിയയുടെ നില ഗുരുതരമാണെന്നും അവൾ ഏത് നിമിഷവും ഈ ലോകം വിട്ടുപോകുമെന്നും ഞാൻ പ്രിയയുടെ അച്ഛനെ ധരിപ്പിച്ചു. ഇതെല്ലാം കേട്ട് കഴിഞ്ഞ ശേഷം അദ്ദേഹം ചോദിച്ചു.

അവളുടെ ചികിത്സയ്ക്ക് എത്ര ചെലവ് വരും ഡോക്ടർ?

അത് ലക്ഷങ്ങൾ ആകാം. പക്ഷേ ഈ സമയത്ത് താങ്കളുടെയും കുടുംബത്തിന്‍റെയും സാന്നിധ്യം…

ഡോക്ടർ എന്തെങ്കിലും പ്രതീക്ഷയുണ്ടോ? ഞാൻ പറഞ്ഞു തീരും മുമ്പ് അദ്ദേഹം ചോദിച്ചു.

ഇല്ല… ഐ ആം സോറി…. നിങ്ങൾ എപ്പോഴാണ് ഇങ്ങോട്ട് വരുന്നത്?

കുറച്ചുനേരത്തെ കനം പിടിച്ച നിശബ്ദതയ്ക്ക് ശേഷം അദ്ദേഹത്തിന്‍റെ കനത്ത ശബ്ദം എന്‍റെ കാതിൽ മുഴങ്ങി. ഞങ്ങളോട് ചോദിച്ചിട്ടല്ല അവൾ കൊച്ചിയിൽ പോയത്… അവൾക്ക് സ്വതന്ത്രമായി ജീവിക്കണം എന്നായിരുന്നു ആഗ്രഹം. ഞങ്ങളെ ധിക്കരിച്ച്… കണ്ടില്ലേ, അതിനുള്ള ശിക്ഷയും കിട്ടി.

കാരുണ്യത്തിന്‍റെയോ സ്നേഹത്തിന്‍റെയോ കണിക പോലും ഇല്ലാത്ത ആ വാക്കുകൾ എന്നെ കുപിതനാക്കി.

ഇപ്പോൾ അതൊന്നും പറയാനുള്ള സമയമല്ലല്ലോ.

പിന്നെ ഞങ്ങൾ എന്ത് ചെയ്യാനാ? ഡോക്ടർ എനിക്ക് വിവാഹ പ്രായമായ രണ്ട് പെൺമക്കൾ കൂടിയുണ്ട്. ഞാൻ ഒരു ദിവസം വരാം.

അയാളുടെ മറുപടി കേട്ട് എന്‍റെ തൊണ്ട വരണ്ടു. തുടർന്ന് ഒന്നും പറയാനാവാതെ അയാൾ ഫോൺ കട്ട് ചെയ്തു.

രാജീവ് പലപ്പോഴായി സുഹൃത്തുക്കൾ വഴി പണം ആശുപത്രിയിൽ എത്തിച്ചു കൊണ്ടിരുന്നു. പക്ഷേ അയാൾ ഒരിക്കൽ പോലും അവളെ നേരിൽ കാണാൻ ആശുപത്രിയിൽ എത്തിയില്ല. ഈ ഒരു കാരണത്താൽ എനിക്ക് എന്തോ രാജീവിനോട് അതൃപ്തി തോന്നി.

എന്നാൽ പ്രിയ ആകട്ടെ അയാൾ വരാത്തതിൽ പരിഭവമോ വിഷമമോ പ്രകടിപ്പിച്ചില്ല. എന്നത്തേയും പോലെ ചിരിച്ചുകൊണ്ട് അവൾ എന്നോട് സംസാരിച്ചു.

ഡോക്ടർ, രാജീവ് വളരെ തിരക്കുള്ള ആളാണ്. സമയം കിട്ടുമ്പോൾ എന്നെ കാണാൻ ആയി വരും ഡോക്ടർ കണ്ടോ.

പക്ഷേ, എത്രയായാലും കുറച്ച് സമയം കണ്ടെത്തി ഇവിടെ വരാമല്ലോ. എന്‍റെ ശബ്ദത്തിൽ അമർഷം നിറഞ്ഞു നിന്നിരുന്നു.

ഡോക്ടർ താങ്കൾക്ക് ഭാര്യയോടോ അല്ലെങ്കിൽ ഏതെങ്കിലും സ്ത്രീയോടോ പ്രണയം ഉണ്ടോ?

തീർച്ചയായും ഉണ്ട്. ഭാര്യയോടും പിന്നെ വേറെ ഒരാളോടും. തമാശ മട്ടിലുള്ള എന്‍റെ മറുപടി കേട്ട് അവൾ പൊട്ടിച്ചിരിച്ചു.

അങ്ങനെയാണെങ്കിൽ സത്യസന്ധമായ പ്രണയത്തിൽ അവിശ്വാസത്തിന്‍റെ വേരുകൾ ഉണ്ടാവില്ലെന്ന് ഡോക്ടർക്ക് അറിയാമായിരിക്കുമല്ലോ. അദ്ദേഹം എപ്പോഴും എന്‍റെ മനസ്സിലുണ്ട്. അദ്ദേഹത്തെ എന്നും എപ്പോഴും കാണണമെന്ന് എനിക്ക് മുമ്പും തോന്നിയിട്ടില്ല, ഇപ്പോഴുമില്ല.

രാജീവിനെ കുറിച്ച് പറഞ്ഞു തുടങ്ങിയതോടെ ക്ഷീണിച്ചു തളർന്ന മുഖത്ത് സന്തോഷത്തിന്‍റെ അലകൾ ഉയർന്നു. രാജീവിനോടുള്ള അവളുടെ ഉറച്ച വിശ്വാസം വാസ്തവത്തിൽ എന്നെ വളരെയധികം സ്വാധീനിക്കുകയാണ് ഉണ്ടായത്.

അഞ്ചു ദിവസങ്ങൾക്കുശേഷം രാജീവിനെ ഞാൻ യാദൃശ്ചികമായി മാർക്കറ്റിൽ വച്ചുകണ്ടു. അവിടെവച്ച് കാര്യങ്ങൾ പറയാനുള്ള സാഹചര്യമല്ലാത്തതിനാൽ ഞാൻ അയാളെ അടുത്തുള്ള റസ്റ്റോറന്‍റിലേക്ക് കൂട്ടിക്കൊണ്ടു പോയി.

കോഫിക്ക് ഓർഡർ കൊടുത്തശേഷം രാജീവിനോട് അല്പം ദേഷ്യത്തോടെ ചോദിച്ചു. നിങ്ങൾ കാമുകിയുടെ സുഖവിവരങ്ങളെ കുറിച്ച് അന്വേഷിക്കാൻ വന്നില്ലല്ലോ. അവൾ നിങ്ങളെ എന്തുമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ?

അയാൾ നിസ്സഹായത കലർന്ന കണ്ണുകളോടെ എന്നെ നോക്കി. എനിക്ക് വരണമെന്നുണ്ട് ഡോക്ടർ. പക്ഷേ, ഞാൻ വന്നിട്ട് എന്ത് ചെയ്യാനാ. എനിക്ക് അവളുടെ അവസ്ഥ കാണാനുള്ള കരുത്തില്ല.

നിങ്ങൾക്ക് അവളോട് യഥാർത്ഥമായ സ്നേഹം ഉണ്ടെങ്കിൽ യാഥാർത്ഥ്യത്തെ നേരിടാനുള്ള കരുത്ത് ആർജ്ജിക്കുകയല്ലേ വേണ്ടത്.

സർ, ഞാൻ വിവാഹിതനാണ്. എനിക്ക് പത്തും എട്ടും വയസ്സുള്ള രണ്ടു മക്കളും ഉണ്ട്. എന്‍റെ ഭാര്യക്കും മക്കൾക്കും ഇതേക്കുറിച്ച് ഒന്നുമറിയില്ല.

ഓഹോ… അപ്പോൾ ഭാര്യയും കുട്ടികളും അറിയുമെന്ന പേടിയാണ് നിങ്ങൾക്ക്? ഞാൻ അയാളെ പുച്ഛത്തോടെ നോക്കി.

അതും ഒരു കാരണമാണ് ഡോക്ടർ. അയാൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

മിസ്റ്റർ രാജീവ്, നിങ്ങൾ വളരെ സമർത്ഥൻ തന്നെ. ഓരോ നിമിഷവും മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ആ പെൺകുട്ടിയെ നിങ്ങൾ ഈ സമയത്ത് തനിച്ചാക്കുകയാണോ വേണ്ടത്? നിങ്ങളെ ചുറ്റിപ്പറ്റി അവൾക്ക് തെറ്റിദ്ധാരണയുണ്ട്. നിങ്ങൾ അവളെ ഒരിക്കലും സ്നേഹിച്ചിട്ടില്ല. അവളുടെ സൗന്ദര്യത്തെയും യൗവനത്തെയും നിങ്ങൾ മുതലെടുക്കുകയായിരുന്നില്ലേ, ദേഷ്യം മൂലം എന്‍റെ ശബ്ദം കുറയ്ക്കാൻ തുടങ്ങി.

കുറച്ചുസമയം തലകുനിച്ചിരുന്ന അയാൾ ഒടുവിൽ തലയുയർത്തി. അയാളുടെ കണ്ണുകളിൽ വേദന നിറഞ്ഞുനിന്നത് എനിക്ക് വായിച്ചെടുക്കാനാവുമായിരുന്നു. അയാൾ ഇത്രയ്ക്കും വികാരധീനനാവും എന്ന് കരുതിയതല്ല.

ഡോക്ടർ എന്നെ തെറ്റിദ്ധരിച്ചു. അയാളുടെ വാക്കുകളിൽ വേദന പടർന്നിരുന്നു. പ്രിയയോടുള്ള എന്‍റെ അടുപ്പം കൊണ്ട് ഞാൻ അവളെ കാണാൻ ആശുപത്രിയിൽ എങ്ങാനും പോവേണ്ടിവന്നാൽ സമൂഹത്തിലും കുടുംബത്തിലും ഉള്ള എന്‍റെ നിലയും വിലയും മറന്ന് ഞാൻ അവൾക്കൊപ്പം താമസിച്ചുപോകും. അതുകൊണ്ടാ ഞാൻ അവളെ കാണാൻ ഭയപ്പെടുന്നത്.

മനസ്സിൽ ഇത്രയും കഠിനമായ വേദന സഹിച്ചു നടക്കുന്ന ഒരു വ്യക്തിയെ ഒരുപക്ഷേ, എന്‍റെ 15 വർഷത്തെ പ്രാക്ടീസിന് ഇടയിൽ ആദ്യമായി കാണുകയായിരുന്നു. എനിക്ക് അയാളുടെ സഹാനുഭൂതി തോന്നി.

ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം രാജീവ് എന്നും പ്രിയക്ക് മനോഹരമായ പൂക്കൾ കൊണ്ടുള്ള ബൊക്കേ അയച്ചു കൊണ്ടിരുന്നു. രോഗപീഡകളോടും ശക്തിയേറിയ മരുന്നുകളോടും അനുദിനം മല്ലിട്ടു കൊണ്ടിരുന്ന പ്രിയയ്ക്ക് സ്നേഹത്തിന്‍റെ നിറവും മണവുമായി എത്തിയ പൂക്കൾ വളരെ ആശ്വാസം നൽകിയിരുന്നു. അവളെ അത് ആവേശം കൊള്ളിച്ചു. പലവട്ടം അവളത് മുഖത്തോട് ചേർത്തുവയ്ക്കുന്നത് ഞാൻ പലപ്പോഴും ശ്രദ്ധിച്ചു. അയാളിൽ നിന്നുള്ള ചെറിയൊരു കാര്യം പോലും അവളെ അതിനായി സന്തോഷിപ്പിക്കുന്നു.

ആശുപത്രിയിൽ പ്രിയയുമായി അടുത്തിടപഴകിയ എല്ലാവരും അവളുടെ സ്വഭാവ മഹിമയേയും ഹൃദയവിശാലതയേയും പ്രശംസിച്ചു കൊണ്ടിരുന്നു. എല്ലാവർക്കും അവൾ പ്രിയപ്പെട്ടവൾ ആയിരുന്നു.

അഞ്ജു സിസ്റ്ററിനോട് രാജീവുമായുള്ള തന്‍റെ പ്രണയത്തെക്കുറിച്ച് അവൾ പറയുക വരെ ചെയ്തു. ക്രമേണ അഞ്ജുവിനും പ്രിയയ്ക്കും ഇടയിൽ ആഴമേറിയ ഒരു സൗഹൃദം തന്നെ ഉണ്ടായി.

ഒരു ദിവസം വൈകുന്നേരം അഞ്ജു സിസ്റ്റർ എന്നോട് സങ്കടത്തോടെ പറഞ്ഞു. പാവം കുട്ടി, വിവാഹിതനായ ഒരാളെ തന്നെ പ്രേമിച്ചല്ലോ. സാർ, അവൾ വളരെ നല്ലവളാണ്. അനുയോജ്യനായ ഒരാളെ കണ്ടെത്തി കല്യാണം കഴിച്ചിരുന്നുവെങ്കിൽ ഈ പ്രതിസന്ധിയിൽ ഒറ്റപ്പെടുമായിരുന്നില്ലല്ലോ.

ദിവസങ്ങൾ കടന്നുപോകുന്തോറും പ്രിയയുടെ ആരോഗ്യസ്ഥിതി വഷളായി കൊണ്ടിരുന്നു. ശാരീരികമായ പ്രശ്നങ്ങൾ കൂടിയതോടെ അവൾക്ക് നടക്കാൻ പോലും കഴിയാത്ത സ്ഥിതിയായി. ജീവിതത്തിലെ മറ്റൊരു ദശാസന്ധിയിലൂടെ അവളുടെ ജീവിതം ഓടിക്കൊണ്ടിരുന്നു.

കുറേ ദിവസങ്ങളായി ഉണ്ടായിരുന്ന ചുമ അപ്രതീക്ഷിതമായി ന്യൂമോണിയയായി മാറി. അവളുടെ രക്തത്തിന് രോഗങ്ങളെ ചെറുക്കാനുള്ള കഴിവും കുറഞ്ഞുകൊണ്ടിരുന്നു. ആരോഗ്യസ്ഥിതി വഷളായതോടെ അവളെ ഉടൻ തന്നെ ഞങ്ങൾ ഐസിയുവിൽ ആക്കി.

ഡോക്ടർ, ഞാനിനി അധിക ദിവസം ഉണ്ടാവില്ല എന്ന് തോന്നുന്നു. ഡോക്ടർ ഒരുപാട് നന്ദിയുണ്ട്… എല്ലാറ്റിനും…. ശ്വാസംമുട്ടൽ കാരണം അവൾ തുടർന്ന് പറയാൻ ബദ്ധപ്പെട്ടു.

ഒന്നും പറയാതിരിക്കാനായി ഞാൻ അവളുടെ വായ് പൊത്തി. നീ എനിക്ക് സ്വന്തം അനുജത്തിയാണ്. അനിയത്തി ആവുമ്പോൾ നന്ദി പറയേണ്ട കാര്യമുണ്ടോ. നീ എത്രയും വേഗം സുഖം പ്രാപിക്കും വിഷമിക്കരുത്.

ഡോക്ടർ ഞാനൊരു കാര്യം ചോദിക്കട്ടെ?

ചോദിച്ചോളൂ.

ഡോക്ടർ, രാജീവിനെ കണ്ടിരുന്നോ?;

ങ്ഹാ, രണ്ടുമൂന്ന് തവണ കണ്ടിരുന്നു.

അല്പനേരത്തെ ആലോചനക്ക് ശേഷം അവൾ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു, ഞാൻ മരിച്ചു പോവുകയാണെങ്കിൽ അദ്ദേഹം വരുമോ?

രാജീവ് വരണമെന്ന് നീ ആഗ്രഹിക്കുന്നുണ്ടോ? ഒരുതവണ പോലും ഒന്നും ആവശ്യപ്പെടാത്ത പ്രിയയുടെ ചോദ്യം ശരിക്കും എന്നെ അമ്പരിപ്പിച്ചു.

അദ്ദേഹമല്ലാതെ ഈ നഗരത്തിൽ എനിക്ക് ആരുമില്ല. ബാക്കിയെല്ലാവരും അങ്ങ് ദൂരെയല്ലേ, അങ്ങനെയാണെങ്കിൽ… ഞാൻ മരിക്കുമ്പോൾ… തൊണ്ട ഇടറിയതോടെ അവൾ തുടർന്ന് പറയാനാവാതെ കുഴങ്ങി.

ഞാൻ തീർച്ചയായും രാജീവുമായി സംസാരിക്കാം. കുട്ടി നീ എന്നെ നിന്‍റെ സഹോദരനായി കണ്ടോളൂ. നീ ഈ നഗരത്തിൽ തനിച്ചാണെന്ന് കരുതരുത്. ഞാൻ അവളുടെ ചുമരിൽ പതിയെ തട്ടിക്കൊണ്ടു പറഞ്ഞു.

ബോധത്തോടെ ഉള്ളപ്പോൾ അവളുമായി സംസാരിച്ച അവസാന സന്ദർഭമായിരുന്നു അത്. അവളുടെ ആരോഗ്യസ്ഥിതി തുടർച്ചയായി വഷളായി കൊണ്ടിരുന്നു. രാജീവിന് അന്ന് തന്നെ ഫോൺ ചെയ്ത് ഞാൻ അവളുടെ ആഗ്രഹം പറഞ്ഞു.

അവളുടെ ആഗ്രഹം ഞാൻ തീർച്ചയായും സാധിച്ചു കൊടുക്കും ഡോക്ടർ.

ഈ വിവരം അവളെ അറിയിച്ചപ്പോൾ അവളുടെ മുഖം സന്തോഷത്താൽ വിടർന്നു. ഒടുവിൽ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ഞങ്ങളുടെ എല്ലാ ശ്രമങ്ങളെയും നിഷ്ഫലമാക്കി കൊണ്ട് മരണത്തിന്‍റെ തണുത്ത നിഴലിലേക്ക് അവൾ യാത്രയായി. ഒരു മാസവും 25 ദിവസവും ആശുപത്രിയിൽ കഴിച്ചുകൂട്ടിയ അവൾ രോഗത്തിന്‍റെ കടുത്ത യാതനകളോട് വിട ചൊല്ലി.

ശവസംസ്കാരത്തിന്‍റെ ഒരുക്കങ്ങൾ ഞാൻ ഏറ്റെടുത്തു. അവളുടെ മരണം അടുത്തിരിക്കുന്നുവെന്ന സൂചന ഞാൻ ഏതാനും ദിവസം മുമ്പ് തന്നെ രാജീവിനെ അറിയിച്ചിരുന്നു.

മരണവിവരം ഞാൻ അയാളെ ഫോൺ ചെയ്ത് അറിയിച്ചു.

അവളെ കാണാൻ നിങ്ങൾ എത്തുമല്ലോ അല്ലേ?

ഇന്നെന്‍റെ വൈഫിന്‍റെ ബർത്ത് ഡേ ആണല്ലോ. ഞാനും കുടുംബവും ഇപ്പോൾ വൈഫ് ഹൗസിലാണ്. അതുകൊണ്ട് എനിക്ക് വരാൻ കഴിയില്ല ഡോക്ടർ. അയാം  വെരി സോറി.

അയാളുടെ മറുപടി കേട്ട് ഞാൻ ഞെട്ടിപ്പോയി. തുടർന്ന് ഞാൻ അയാളുടെ ഒന്നും പറയാനാവാതെ ഫോൺ കട്ട് ചെയ്തു. ബന്ധങ്ങളുടെ തീവ്രത മരണത്തോടെ മാഞ്ഞു പോകുമോ?

പ്രിയയുടെ ശവസംസ്കാര ചടങ്ങുകൾ ഞാൻ മുൻകൈയെടുത്ത് നടത്തി. അവളുടെ മാതാപിതാക്കളും ഏതാനും ബന്ധുക്കളും എത്തിയിരുന്നു. തികച്ചും തണുത്ത മരവിച്ച, അടുക്കിയൊതുക്കിയുള്ള തേങ്ങലുകൾ മാത്രം മുഴങ്ങുന്ന അന്തരീക്ഷം. ആർക്കും ആരോടും ഒന്നും പറയാനുമില്ല… കേൾക്കാനും ഇല്ല… എങ്കിലും ഒരു ചോദ്യം മാത്രം എന്‍റെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു.

തന്‍റെ സാന്നിധ്യം പ്രിയ മനസ്സുകൊണ്ട് കൊതിക്കുന്നുണ്ടെന്ന് രാജീവിന് നന്നായിട്ട് അറിയാമായിരുന്നു. എന്നിട്ടും ജീവനോടെ ഇരിക്കെ അവളെ ഒരു നോക്ക് കാണാൻ അയാൾ വരാതിരുന്നതെന്തേ? പിന്നെ എന്തുകൊണ്ടാണ് അയാൾ അവളുടെ ചികിത്സാ ചെലവുകൾ വഹിച്ചത്. ഒരുപക്ഷേ പ്രണയത്തിന് ഇങ്ങനെയൊരു മുഖം ഉണ്ടാകുമോ? ജനനത്തിനും മരണത്തിനും ഇടയിലുള്ള ദുരൂഹമായ ഒരു സമസ്യയെ തന്നെയല്ലേ ജീവിതം. ശവസംസ്കാര ചടങ്ങുകൾ കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങുമ്പോൾ ഒരാൾ കമ്പിളി പുതച്ച് മടങ്ങി പോകുന്നത് എന്‍റെ ശ്രദ്ധയിൽപ്പെട്ടു ആരാണ് അയാൾ?

Tags:
COMMENT