പതിവുപോലെ ലഞ്ച് ടൈമിൽ ചാന്ദിനിയും കൂട്ടുകാരികളും കോളേജിലെ തണൽ മരച്ചുവട്ടിൽ ഒത്തുകൂടി സൊറ പറഞ്ഞിരിക്കുവാൻ തുടങ്ങി. രാഗിണി കയ്യിലുള്ള പത്രം തിടുക്കത്തിൽ മറിച്ചു കൊണ്ടിരുന്നു. ദാ, ഇത് കണ്ടോ, അവസാന പേജിലെ വിവാഹ പംക്തിയിലേക്ക് അവൾ വിരൽ ചൂണ്ടി.
വിദേശത്ത് താമസിക്കുന്ന നല്ല ഉദ്യോഗമുള്ള ഇന്ത്യൻ യുവാവിന് സുന്ദരിയും വിദ്യാസമ്പന്നയും ആയ യുവതികളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. സ്ത്രീധനം, ജാതി ഒന്നും പ്രശ്നമല്ല. വധു സുന്ദരിയായിരിക്കണം. വിദേശത്ത് താമസിക്കാൻ തയ്യാറാവണം.
രാഗിണിയും നിഷയും മുഖാമുഖം നോക്കി. കൊള്ളാമല്ലോ, കാലണ ചെലവാക്കാതെ വിദേശത്ത് പോകാൻ ഒരു സുവർണ്ണ അവസരം. പക്ഷേ ഇതുകൊണ്ട് നമുക്ക് മൂന്നുപേർക്കും ഒരു കാര്യവുമില്ല. ചാന്ദിനി, നീ സുന്ദരിയാണ്. പോരാത്തതിന് വിദേശവാസം ഇഷ്ടപ്പെടുന്നുമുണ്ട്. മറുപടി അയയ്ക്ക്. കൂട്ടുകാരികൾ നിർബന്ധിച്ചു.
നിങ്ങൾക്ക് വിഡ്ഢിയാക്കാൻ എന്നെയേ കിട്ടിയുള്ളോ? വീട്ടിൽ എങ്ങാനും അറിഞ്ഞാൽ… ചാന്ദിനി പറഞ്ഞു.
അതിനു ഞങ്ങൾ വലിയ അപരാധമൊന്നുമല്ലല്ലോ ചെയ്യാൻ പോകുന്നത്. പരസ്യത്തിനുള്ള മറുപടി നൽകുന്നു. അത്രതന്നെ. അല്ലാതെ ഇതൊക്കെ അത്ര വലിയ ആനക്കാര്യം ഒന്നുമല്ലല്ലോ. വെറും നേരമ്പോക്കല്ലേ? നീ പേടിക്കേണ്ട ഈ കത്തിന് മറുപടിയൊന്നും വരാൻ പോകുന്നില്ല.
ചാന്ദിനിയുടെ പ്രായം, വിദ്യാഭ്യാസം, കുടുംബ പശ്ചാത്തലം ഇവ വ്യക്തമാക്കുന്ന ഒരു കത്തും ഫോട്ടോയും അവർ അയച്ചു കൊടുത്തു. രണ്ടുമാസം കഴിഞ്ഞു അവർ ആ സംഭവത്തെക്കുറിച്ച് പാടേ മറന്നിരുന്നു. പരീക്ഷ അടുത്തതിനാൽ എല്ലാവരും തിരക്ക് പിടിച്ച പഠനത്തിൽ ആയിരുന്നു. പെട്ടെന്നൊരു ദിവസം വിദേശത്തുനിന്നും ഒരു കത്ത് വന്നു. അതിൽ പയ്യന്‍റെ ഫോട്ടോയും നാട്ടിലുള്ള ബന്ധുക്കളുടെ അഡ്രസ്സും നൽകിയിരുന്നു.
പയ്യൻ കാലിഫോർണിയയിൽ എൻജിനീയറാണ്. പേര് അവിനാശ്. വയസ്സ് 38. 10 വർഷമായി വിദേശത്ത് ജോലി ചെയ്യുന്നു. അവിടെത്തന്നെ സെറ്റിൽഡുമാണ്. അമേരിക്കൻ പൗരത്വം ഉണ്ട്. ഗ്രീൻ കാർഡ് ഹോൾഡർ ആണ്. ആറു വർഷം മുമ്പ് ഒരു വിദേശ യുവതിയുമായുള്ള വിവാഹം നടന്നതാണ്. ഇപ്പോൾ വിവാഹമോചിതൻ.
ഫോട്ടോയിൽ അവിനാശിന്‍റെ ആകർഷകവും സൗമ്യവുമായ മുഖം കണ്ട് കൂട്ടുകാരികൾ അങ്കലാപ്പിലായി. ഇനി എന്ത് ചെയ്യും? കാര്യമായ ആലോചനയ്ക്കൊടുവിൽ അവർ ഒരു തീരുമാനത്തിലെത്തി. ചാന്ദിനി ഈ കത്തും ഫോട്ടോയും രക്ഷിതാക്കളെ ഏൽപ്പിക്കുക. എന്നിട്ട് നടന്നതൊക്കെ തുറന്നു പറയുക. ബാക്കി അവർ തീരുമാനിക്കുമല്ലോ.
ചാന്ദിനിയുടെ അച്ഛനമ്മമാർക്കിടയിൽ ഈ വിഷയത്തെക്കുറിച്ച് കാര്യമായ ചർച്ച തന്നെ നടന്നു.
മറ്റൊന്നും കുഴപ്പമില്ല. പയ്യന്‍റെ പ്രായം… നമ്മുടെ ചാന്ദിനിക്കാകെ 20 വയസല്ലേ ഉള്ളൂ. ഇതിപ്പോ 18 വയസ്സിന്‍റെ വ്യത്യാസം എന്നൊക്കെ പറയുമ്പോൾ… അമ്മയ്ക്ക് ചെറിയൊരു ടെൻഷൻ.
അയാൾ നേരിട്ട് വന്ന് പെണ്ണു കാണട്ടെ, എന്നിട്ട് ആലോചിക്കാം. ഈ വരുന്ന ഡിസംബറിൽ നാട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് മറുപടി അയക്കുന്നതിൽ തെറ്റൊന്നുമില്ല. സ്ത്രീധനം ഒന്നും വാങ്ങാതെ ലളിതമായ വിവാഹ ചടങ്ങോടെ കല്യാണത്തിന് തയ്യാറാവുന്ന ഇതുപോലെ യോഗ്യനും വിദ്യാസമ്പന്നനുമായ ഒരാളെ കിട്ടാൻ ഏറെ ബുദ്ധിമുട്ടും. അല്ലെങ്കിൽ തന്നെ സ്ത്രീധനം ഇല്ലാതെ ഇക്കാലത്ത് ആരാ വിവാഹം കഴിക്കാൻ തയ്യാറാവുക? നമുക്ക് രണ്ട് പെൺമക്കൾ കൂടിയുണ്ടെന്ന കാര്യം നീ മറക്കരുത്.