ഭരണം

ഇളയ മകൾ നയനയുടെ വിവാഹം കൂടി കഴിഞ്ഞതോടെ സാവിത്രിയമ്മ മംഗലം തറവാട്ടിൽ തീർത്തും തനിച്ചായി. വാർദ്ധക്യസഹജമായ രോഗങ്ങളും കാഴ്ചമങ്ങലും മൂലം അവർ ഏറെ അസ്വസ്ഥയായിരുന്നു.

സാവിത്രിയമ്മയ്ക്ക് മൂന്ന് പെൺമക്കളാണ്. മൂത്ത മകൾ നിഷയുടെ വീട്ടിലേയ്ക്ക് ഏതാണ്ട് ഒന്നരമണിക്കൂർ ദൂരം കാണും. മറ്റുള്ളവരുടെ വീടുകൾ അതിലും ദൂരെയാണെന്നതിനാൽ സാവിത്രിയമ്മ മൂത്ത മകളെയാണ് ഏതാവശ്യത്തിനും ആശ്രയിക്കാറ്.

“മോളേ നിഷേ, നീ ഇവിടം വരെയൊന്നു വരണം. കണ്ണിലാകെയൊരു മൂടൽ.”

സാവിത്രിയമ്മ വിളിച്ചപ്പോൾ നിഷ അന്നുതന്നെ വീട്ടിലെത്തി. ഡോക്ടറെ കണ്ടപ്പോൾ ഒരാഴ്ചയ്ക്കകം തിമിര ശസ്ത്രക്രിയ നടത്തണമെന്നാണ് പറഞ്ഞത്. പക്ഷേ ഓപ്പറേഷനു ശേഷം സാവിത്രിയമ്മയെ ആരു നോക്കും? നിഷയ്ക്ക് ആശങ്കയായി.

അനുജത്തി നീരജയെ ഫോണിൽ വിളിച്ചു. അമ്മയുടെ ഓപ്പറേഷനെക്കുറിച്ച് സൂചിപ്പിച്ചു.

“ഞാൻ അമ്മയേയും കൂട്ടി ഇവിടെ അടുത്തുള്ള ഡോ. രംഗനാഥന്‍റെ ആശുപത്രി വരെ പോയിരുന്നു. ഒരാഴ്ചയ്ക്കകം അമ്മയ്ക്ക് തിമിര ശസ്ത്രക്രിയ നടത്തണമെന്ന് പറഞ്ഞിട്ടുണ്ട്. എന്‍റെ കാര്യം നിനക്ക് അറിയാവുന്നതല്ലേ. ഓഫീസിൽ ആന്വൽ ക്ലോസിംഗ് തിരക്കാണ്. ഒരു ദിവസത്തെ ലീവ് കിട്ടാൻ പോലും പ്രയാസമാണ്.” ഓപ്പറേഷനു ശേഷം അമ്മയെ നോക്കാൻ പറ്റില്ലെന്ന കാര്യം നിഷയുടെ സംസാരത്തിൽ നിന്നും സ്പഷ്ടമായിരുന്നു.

“ങേ, അമ്മയെ ആരു നോക്കും? എന്‍റെ ആരോഗ്യസ്ഥിതി അറിയാവുന്നതല്ലേ… അപ്പോ പിന്നെ ഞാനെങ്ങനെ അവിടെ വന്നുനിന്ന്…” നീരജയുടെ ശബ്ദ്ദം നേർത്തു വന്നു.

“അമ്മയുടെ കാര്യം പറഞ്ഞപ്പോൾ നിനക്ക് അസുഖമായി. പുറത്തെവിടെയെങ്കിലും പോകണമെന്നു പറഞ്ഞാൽ നിനക്കൊരു കുഴപ്പവുമില്ലല്ലോ?” നിഷയുടെ സ്വരത്തിൽ പരിഹാസം കലർന്നു.

“ക്ലോസിംഗ് ഡേറ്റാണ്, ലീവെടുക്കാൻ പറ്റില്ല എന്നൊക്കെ വെറുതെ നുണ പറയേണ്ട. കഴിഞ്ഞ വർഷം നീ ഇതേ സമയത്തല്ലേ ചേട്ടന്‍റെ കൂടെ മലേഷ്യയിലേയ്ക്ക് കറങ്ങാൻ പോയത്?” തർക്കത്തിൽ തന്നെ തോല്പിക്കേണ്ട എന്ന ഭാവമായിരുന്നു നീരജയുടേത്.

“ചേട്ടൻ ഓഫീസിൽ നിന്നും വർഷാവർഷം ട്രാവൽ അലവൻസ് കിട്ടുന്നുണ്ട്. ആ ഓഫറങ്ങ് വെറുതെ കളയാൻ പറ്റുമോ? മണ്ടത്തരമല്ലേ…” നിവൃത്തികേടിന്‍റെ ലാഞ്ജന ആ സംസാരത്തിൽ പ്രകടമായിരുന്നു.

“ഇതേക്കുറിച്ചു നയനയോടു സംസാരിച്ചോ?” നീരജ സംസാരത്തിന്‍റെ ഗതി മാറ്റാൻ ശ്രമിച്ചു.

“ഞാൻ അവളെയും വിളിച്ച് സംസാരിക്കുന്നുണ്ട്. പക്ഷേ അവളുടെ അമ്മായിയമ്മ, ആ ഭയങ്കരി അതിനു സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ?”

“ശരിയാ, ആകാശം ഇടിഞ്ഞു വീണാലും അവര് നയനയെ അയയ്ക്കുമെന്നു തോന്നുന്നില്ല. അവരോട് സംസാരിച്ച് നാണം കെടാൻ ഞാനില്ല…”

“മൂന്നുമാസം മുമ്പ് നയനയുടെ വീട്ടിൽ വച്ചു നടന്ന ആ സംഭവം നീ മറന്നോ? നയനയുടെയും കിരണിന്‍റെയും വിവാഹം കഴിഞ്ഞ് ഏതാണ്ട് ഒരുമാസമായി കാണും…” ഒരു നിമിഷം നിശ്ശബ്ദയായ ശേഷം നിഷ തുടർന്നു.

“സ്വീറ്റ്സും ചോക്ലേറ്റുമൊക്കെയായി നമ്മൾ ആദ്യമായി അവിടെ പോയത്…”

“ചെറിയൊരു ഷോപ്പിംഗ്.. നയനയെ കുറച്ചു സമയത്തേക്ക് ഞങ്ങളുടെ കൂടെ പുറത്തേയ്ക്ക് അയയ്ക്കാമോ എന്ന് നീ അന്ന് എത്ര കെഞ്ചിയതാ… എന്നിട്ടവര് സമ്മതിച്ചില്ലല്ലോ.”

“ശരിയാവില്ലെന്ന്… എത്ര കർശനമായാണവർ പറഞ്ഞത്. നീരജയുടെ സംസാരത്തിലുടനീളം നയനയുടെ അമ്മായിയമ്മയോടുള്ള എതിർപ്പ് പ്രകടമായിരുന്നു.

“നീ അന്ന് ഇതേക്കുറിച്ച് വീണ്ടും സംസാരിക്കാൻ ഭാവിച്ചപ്പോൾ അവർ മുഖം കറുപ്പിച്ച് മറുപടി പറഞ്ഞത് ഓർക്കുന്നില്ലേ!’

“നയനയെ പുറത്തേക്കൊന്നും വിടാൻ പറ്റില്ല. മൂത്ത മകന്‍റെ രണ്ടു മക്കൾക്കും പരീക്ഷയാണ്. നയനയാണവർക്ക് ട്യൂഷനെടുക്കുന്നത്. ഇവൾ ഇവിടെ നിന്നും ഒരു മണിക്കൂർ മാറി നിന്നാൽ… ശരിയാവില്ല.” അന്തിമ തീരുമാനമെന്നോണം അവർ എത്ര രൂക്ഷമായാണ് നമ്മളെ നോക്കിയത്. ഞങ്ങളൊന്നും ഉത്തരവാദിത്തം മറന്നു ജീവിക്കുന്നവരല്ലെന്നു പറഞ്ഞ് എന്തൊക്കെയോ പിറുപിറുത്തു കൊണ്ടാണവർ അകത്തേയ്ക്കു. പോയത്. അന്നു നാണം കെട്ടതുപോലെ ഇനിയും നാണം കെടാനാണോ?”

“ദൈവകിയെന്നല്ലേ അവരുടെ പേര്? പക്ഷേ പ്രവൃത്തിയോ… മറ്റുള്ളവരോട് പെരുമാറുന്നതെന്ന് എത്ര മോശമായാണവർ. ഞാൻ നയനയോട് സൂചിപ്പിച്ചപ്പോൾ അവൾ അവരുടെ ഭാഗം ന്യായീകരിച്ച് സംസാരിക്കാനാണ് ശ്രമിച്ചത്. ”

“അത് അമ്മയുടെ പ്രകൃതമാണ്. അമ്മയുടെ സംസാരം നിങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നതു കൊണ്ടുള്ള പ്രശ്നമാണ്. ശുദ്ധമനസ്കയാണ് അമ്മ. അതുകൊണ്ടല്ലേ നിങ്ങൾ വന്നു വെന്നറിഞ്ഞ് ഉടനെ ചൂടുള്ള സമോസയും ജിലേബിയുമൊക്കെ വരുത്തിച്ചത്.”

“അമ്മായിയമ്മയുടെ ഭാഗം ചേർന്നുള്ള നയനയുടെ സംസാരം എനിക്ക് തീരെ ഇഷ്ടമായില്ല.” നിഷയും തന്‍റെ പരിഭവം അറിയിച്ചു.

അമ്മയെ കുറ്റപ്പെടുത്താനൊരവരം കിട്ടിയതും നീരജ നഷ്ടപ്പെടുത്തിയില്ല. “ശരിയാ… അമ്മ തിടുക്കം കൂട്ടി, അവളെ ഇങ്ങനെയൊരു വീട്ടിലേയ്ക്ക് വിവാഹം കഴിപ്പിച്ച് അയയ്ക്കേണ്ടിയിരുന്നില്ല. എങ്ങനെയാണാവോ ആ ശ്വാസം മുട്ടുന്ന ചുറ്റുപാടിൽ അവൾ ജീവിക്കുന്നത്? ആശ്ചര്യം തോന്നുന്നു. തുറന്നു പറഞ്ഞാൽ അവരുടെ ഹിറ്റ്ലർ ഭരണമാണ് ആ വീട്ടിൽ നടക്കുന്നത്. ദേവകിയമ്മയ്ക്ക് ദേഷ്യം വന്നാൽ പിന്നെ രണ്ടാൺമക്കളുടെ ശബ്ദം പോലും ആ വീട്ടിൽ കേൾക്കില്ല…”

രണ്ട് ആൺമക്കളും അവരുടെ ഭാര്യമാരും മൂത്തമകന്‍റെ രണ്ടു കുട്ടികളുമടങ്ങുന്നതായിരുന്നു ദേവകിയുടെ കുടുംബം. വീട്ടുജോലിയൊക്കെ ദേവകി രണ്ടു മരുമക്കൾക്കുമായി വീതിച്ചു കൊടുത്തിരുന്നു.

സ്കൂൾ അധ്യാപികയാണ് നയന. ഉദ്യോഗമുണ്ടോ ഇല്ലയോ എന്നതൊന്നും ദേവകിയമ്മയ്ക്ക് ഒരു പ്രശ്‌നമല്ല. അതായത് വീട്ടു ജോലിയുടെ കാര്യത്തിൽ യാതൊരു ഇളവും നൽകിയിരുന്നില്ല. ഇഷ്ടമുണ്ടെങ്കിൽ മാത്രമേ ദേവകി ജോലി ചെയ്യൂ. ഇല്ലെങ്കിൽ സദാ മരുമക്കൾക്ക് ആജ്‌ഞ നൽകിക്കൊണ്ടിരിക്കും.

രാവിലത്തെ ഭക്ഷണം, അത്താഴമൊരുക്കലും നയനയുടെ വർക്ക് ചാർട്ടിൽ പെട്ടതാണ്. സ്ത്രീധനമായി നൽകിയ. ആഭരണങ്ങൾ അണിയണമെങ്കിൽ പോലും അമ്മായിയമ്മയുടെ അനുവാദം വേണം. ഇത്രയൊക്കെ അഹങ്കാരിയും സ്ട്രിക്റ്റുമായ സ്ത്രീയോടൊപ്പം തങ്ങളുടെ സഹോദരി സന്തോഷത്തോടെ ജീവിക്കുന്നുവെന്ന് അവർക്ക് വിശ്വസിക്കാൻ തോന്നിയില്ല. അമ്മയുടെ കാര്യത്തിൽ നീരജയുടെ ഭാഗത്തു നിന്നും യാതൊരു സപ്പോർട്ടും ലഭിക്കില്ലെന്നറിഞ്ഞ് നിഷ ഫോൺ താഴെവച്ചു. നയനയുടെ വീട്ടിൽ വിളിച്ചാൽ എന്താവും പ്രതികരണം? അമ്മയെ ആരു നോക്കും… നിഷയുടെ മനസ്സ് അസ്വസ്ഥമായി. രണ്ടും കല്പിച്ചെന്നോണം നയനയുടെ വീട്ടിലേയ്ക്ക് നിഷ ഫോൺ ചെയ്‌തു. കിരൺ ആണ് ഫോൺ അറ്റൻഡ് ചെയ്തത്. അമ്മയുടെ ഓപ്പറേഷനെക്കുറിച്ച് നിഷ സൂചിപ്പിച്ചു.

കുടുംബഭാരം മുഴുവൻ തന്നിലാണെന്നോണം നിഷ സാവിത്രിയമ്മയുടെ മുഖത്തേയ്ക്ക് പരിഭവത്തോടെ നോക്കി.

“ഓപ്പറേഷനുള്ള 25,000 രൂപ ഞാനൊറ്റ ഒരുത്തി തന്നെ തരേണ്ടി വരും. ഫ്ളാറ്റിന്‍റെ ഇൻസ്‌റ്റാൾമെന്‍റ് അടയ്ക്കാനുണ്ടെന്നതിനാൽ നീരജ ഒരു നയാ പൈസ തരുമെന്നു തോന്നുന്നില്ല ഇത്രയും തുക ഞാനല്ലേ മുടക്കുന്നത്. അപ്പോ അമ്മയെ നോക്കേണ്ട ഉത്തരവാദിത്തമെങ്കിലും നീരജ ഏറ്റെടുക്കേണ്ടേ?”

നിഷയുടെ സംസാരത്തിലെ ഔദാര്യഭാവം സാവിത്രിയമ്മയ്ക്ക് തീരെ ഇഷ്ടമായില്ല. എന്നിട്ടും അവർ മറുപടിയൊന്നും പറഞ്ഞില്ല.

മൂന്നുനാലു മണിക്കൂറിനുള്ളിൽ നയനയും കിരണും വന്നു. “ഏതു ഹോസ്‌പിറ്റലിലാണ് ഓപ്പറേഷൻ?” കിരൺ തിരക്കി.

“ഇവിടെ അടുത്തുള്ള ഡോക്ടർ രംഗനാഥന്‍റെ ഐ ക്ലിനി ക്കിൽ… തിങ്കളാഴ്ചയാണ് ഓപ്പറേഷൻ പറഞ്ഞിരിക്കുന്നത്.”

“പ്രശസ്‌ത സർജൻ ഡോ. പ്രകാശിന്‍റെ ഐ ക്ലിനിക്ക് ഇവിടെയടുത്താണല്ലോ?”

“അയ്യോ, അയാളോ… ശരിക്കുമൊരു പണം വിഴുങ്ങിയാണയാൾ.” നിഷ ദേഷ്യത്തോടെ പറഞ്ഞു.

“ഇതാരു പറഞ്ഞു,” കിരണിന്‍റെ മുഖത്ത് ആശ്ചര്യം നിറഞ്ഞു.

“ഡോ. രംഗനാഥന്‍റെ ക്ലിനിക്കിനേക്കാൾ രണ്ടിരട്ടിയെങ്കിലും അവിടെ ചെലവാകും. ഇവിടെ 25,000മാണെങ്കിൽ അവിടെ 35,000ത്തിലധികമെങ്കിലുമാവും.” നിഷ പറഞ്ഞു.

“പക്ഷേ, കണ്ണ് പ്രധാനമല്ലേ. പ്രകാശിനെപ്പോലെ എക്സ്പെർട്ടായ ഒരു ഡോക്‌ടർ അടുത്തുള്ളപ്പോൾ…” കിരൺ സാവിത്രിയമ്മയെ നോക്കി. അവർ തല കുനിച്ചിരിപ്പാണ്.

“25,000ത്തിലധികം പണം. എന്‍റെ ബജറ്റിൽ ഒതുങ്ങുകയില്ല. കിരൺ നിങ്ങളൊരു ഫേവർ ചെയ്‌തു തന്നാൽ വലിയ ഉപകാരമായിരിക്കും. ഓപ്പറേഷൻ കഴിഞ്ഞാൽ അമ്മയെ നോക്കാൻ ആരുമില്ല. ദയവായി കുറച്ചു ദിവസം നയനയെ ഇവിടെ നിർത്തിയാൽ നന്നായിരുന്നു.” നിഷ സംസാരത്തിന്‍റെ ഗതി മാറ്റി.

“ഞാൻ അമ്മയോടൊന്നു സംസാരിച്ചു നോക്കട്ടെ.” കൃത്യമായ മറുപടി കിരണും നൽകിയില്ല.

കുറച്ചു സമയം കഴിഞ്ഞപ്പോൾ നയന രഹസ്യമായി നിഷയോട് പറഞ്ഞു, “ചേച്ചീ, എനിക്ക് ഇവിടെ വന്നു നിൽക്കണമെന്നും അമ്മയെ നോക്കണമെന്നുമൊക്കെ വലിയ ആഗ്രഹമുണ്ട്. പക്ഷേ അമ്മായിയമ്മ അതിന് സമ്മതിക്കുമെന്നു തോന്നുന്നില്ല. ഇദ്ദേഹത്തിന്‍റെ ജ്യേഷ്‌ഠന്‍റെ രണ്ടു മക്കൾക്കും നാളെ പരീക്ഷ തുടങ്ങുകയാണ്. ആന്വൽ എക്സാമാണ്.”

“ഓ! ദേവകിയമ്മയുടെ കൂടെ താമസിച്ച് നിന്‍റെ സ്വഭാവവും വല്ലാതെ മാറിയിട്ടുണ്ട്….” നയനയെയും വീട്ടുകാരെയും കുറിച്ച് നിഷ വളരെ മോശമായി സംസാരിച്ചു. കൂടുതൽ സംസാരിക്കാൻ കൂട്ടാക്കാതെ നയനയും ഭർത്താവും വീട്ടിലേയ്ക്കു മടങ്ങി.

ഇത്രയേറെ കുറ്റപ്പെടുത്തുന്ന വിധത്തിൽ സംസാരിക്കേണ്ടി യിരുന്നില്ല. നിഷയ്ക്ക് വിഷമം തോന്നി. പിറ്റേന്നേ് വരാമെന്ന വാക്കിന്മേൽ അവളും മടങ്ങി. അടുത്ത ദിവസം രാവിലെ തന്നെ നിഷ വീട്ടിലെത്തി. പക്ഷേ വീട് പൂട്ടിയിരിക്കുന്നു. നിഷ ശരിക്കുമൊന്നു പതറി. അവൾ വേഗം തന്നെ അയൽപക്കത്തുള്ള കമല ആന്‍റിയുടെ വീട്ടിലെത്തി.

“രാവിലെ തന്നെ നയനയും കിരണും ഇവിടെ വന്നിരുന്നു. അവർ അമ്മയേയും കൂട്ടി പ്രകാശ് ഐ ഹോസ്‌പിറ്റലിൽ പോയിട്ടുണ്ട്. നിഷ വന്നാൽ വിവരം പറയാൻ പറഞ്ഞിരുന്നു. ദാ, വീടിന്‍റെ താക്കോൽ എന്നെ ഏല്‌പിച്ചിട്ടുണ്ട്. ഒരു മണിക്കൂറിനകം അവർ മടങ്ങിവരുമായിരിക്കും.”

ഏതാണ്ട് ഉച്ചയോടെ അവർ മടങ്ങിയെത്തി. അമ്മയെ വീട്ടിൽ കൊണ്ടാക്കിയിട്ടാണ് കിരണും നയനയും മടങ്ങിയത്.

“പ്രകാശ് ഓപ്പറേഷൻ നടത്തിയാൽ മതിയെന്നാണ് കിരൺ പറയുന്നത്. അതാ രാവിലെ ചെക്കപ്പിന് അവിടെ പോയത്. ഓപ്പറേഷനും തീരുമാനിച്ചു.” സാവിത്രിയമ്മ ക്ഷീണിതയായി പറഞ്ഞു.

“അമ്മയ്ക്ക് വിഷമം തോന്നിയാലും ഇല്ലെങ്കിലും ഉള്ളത് അതുപോലെ പറയണമല്ലോ. 25,000 രൂപ ചെലവു വരെ താങ്ങാനുള്ള കെൽപ്പേ എനിക്കുള്ളൂ.” ഇടമുറിഞ്ഞ ശബ്‌ദത്തിലാണെങ്കിലും നിഷ തന്‍റെ അഭിപ്രായം പറഞ്ഞു.

താൻ ഒരുത്തിയെ പ്രതി ഇനി എന്തെല്ലാം പ്രശ്നങ്ങളാണ് സംഭവിക്കാൻ പോകുന്നത്? സാവിത്രിയമ്മയുടെ ഉള്ളൊന്നു പിടഞ്ഞു. എന്നാൽ അപ്രതീക്ഷിതമായ ചിലത് അവിടെ സംഭവിച്ചു. ഓപ്പറേഷന് ഒരു ദിവസം മുമ്പ് ദേവകിയമ്മ സാവിത്രിയമ്മയെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.

“നയനയെ അങ്ങോട്ടയയ്ക്കാൻ നിർവ്വാഹമില്ല. അതു കൊണ്ട് അമ്മയെ ഞങ്ങൾ ഇങ്ങോട്ടേയ്ക്ക് കൊണ്ടുവന്നു. ഇവിടെയാകുമ്പോൾ ആളനക്കമുണ്ട്. സഹായത്തിന് ഞങ്ങളൊക്കെയുണ്ട്.” ദേവകിയമ്മ പറഞ്ഞു

മകളുടെ വീടല്ല മറിച്ച് സഹോദരിയുടെ വീടാണിതെന്ന് കരുതിയാൽ മതിയെന്നു പറഞ്ഞ് അവർ സാവിത്രിയമ്മയെ ആശ്വസിപ്പിച്ചു.

നീരജയാകട്ടെ സാവിത്രിയമ്മയെക്കുറിച്ചോ, ഓപ്പറേഷൻ ചെലവിനെക്കുറിച്ചോ യാതൊരു ടെൻഷനുമില്ലായിരുന്നു. തന്‍റെ പ്രശ്ന‌ങ്ങളും പ്രാരബ്‌ധങ്ങളും നിരത്തി അവൾ ഒഴിഞ്ഞുമാറി. ഓപ്പറേഷൻ തീയറ്ററിൽ കൊണ്ടുപോകും മുമ്പായി സാവിത്രിയമ്മ ഈറൻ കണ്ണുകളോടെ ദേവകിയുടെ കൈകളിൽ പിടിച്ചു.

“ഈ ഉപകാരത്തിന് നന്ദി പറയാൻ എനിക്കു വാക്കുകളില്ല. ആപത്തിൽ സഹായിക്കുന്നവരാണ് ശരിയായ ബന്ധുക്കൾ.” ഒന്നും മിണ്ടാതെ തന്നെ ദേവകിയമ്മയുടെ കണ്ണുകൾ ധാരാളം സംസാരിച്ചു. ഓപ്പറേഷന് മുമ്പായി നിഷയും നീരജയും അവിടെയെത്തിച്ചേർന്നു.

“ഓപ്പറേഷൻ കഴിഞ്ഞു. കുഴപ്പമൊന്നുമില്ല. നാളെത്തന്നെ ഡിസ്‌ചാർജ്‌ജ്ജാവാം.” ഡോ. പ്രകാശ് പറഞ്ഞു. “കണക്കൊക്കെ നമുക്ക് പിന്നീട് സെറ്റിൽ ചെയ്യാം.” ദേവകിയമ്മ തന്നെ ഹോസ്‌പിറ്റൽ ബിൽ അടച്ചു. അതുകണ്ട് നിഷയും നീരജയും വിളറിവെളുത്തു.

ഓപ്പറേഷനു ശേഷം പത്ത് ദിവസത്തോളം സാവിത്രിയ ദേവകിയുടെ വീട്ടിലാണ് താമസിച്ചത്, സാവിത്രിയമ്മയെ ശുശ്രൂഷിക്കാനും അവർക്കു വേണ്ട സഹായങ്ങൾ ചെയ്‌തു കൊടുക്കാനും അവിടെ ആരും മടി കാണിച്ചില്ല.

നിഷയും നീരജയും ഒരു ദിവസം അമ്മയെ കാണാനായി ദേവകിയുടെ വീട്ടിലെത്തി. ചായസൽക്കാരങ്ങൾക്കു ശേഷം ദേവകിയമ്മ അവർക്കൊപ്പം വന്നിരുന്നു. “നിങ്ങൾ മൂന്നു പെൺമക്കളേയും സാവിത്രിയമ്മ ഒരുപോലെ കഷ്‌ടപ്പെട്ടു വളർത്തിയതാണ്. അപ്പോൾ അവരെ നോക്കേണ്ട ചുമതലയും നിങ്ങൾ മൂന്നുപേർക്കും ഒരുപോലെയുണ്ട്. ഒരിക്കൽ മംഗലം തറവാട് ഭാഗം വയ്ക്കും. അന്നും ഇതുപോലെ ഉത്തരവാദിത്തങ്ങളിലും അവകാശങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുമോ നിങ്ങൾ? പ്രായമായ അമ്മയെ നോക്കാൻ മക്കൾക്ക് പണവും സമയവുമില്ല. ഇതൊക്കെ ന്യായമാണോ?”

ദേവകിയമ്മ ഓരോരുത്തരേയും മാറിമാറി നോക്കി. ഹോസ്‌പിറ്റൽ ബിൽ തുക തുല്യമായി വീതിച്ചു നൽകാൻ മക്കളോട് ആവശ്യപ്പെട്ടു. നിഷയ്ക്കും നീരജയ്ക്കും കുറ്റബോധം തോന്നി.

തങ്ങൾ വിചാരിച്ചതു പോലെയല്ലല്ലോ കാര്യങ്ങൾ. ഒരാളുടെ പെരുമാറ്റത്തിൽ നിന്നുമാത്രം അയാളെ അളക്കുന്നത് ശരിയല്ലെന്ന് അവർക്ക് ബോധ്യമായി. അമ്മയെ കൂടെ കൂട്ടാൻ രണ്ടുപേരും തയ്യാറായെങ്കിലും സാവിത്രിയമ്മ ഉറച്ച ചുവടുകളോടെ മംഗലം തറവാട്ടിലേക്ക് തിരിച്ചു.

പ്രണയലഹരി

ഘടികാരസൂചി മുന്നോട്ട് ചലിക്കുന്നതിനനുസരിച്ച് എന്‍റെ ഹൃദയം സ്‌പന്ദിച്ചുകൊണ്ടിരുന്നു. എത്ര ശ്രമിച്ചിട്ടും ഉറക്കം വരുന്നില്ല. പ്രത്യൂഷ ഇതുവരേയും വീട്ടിൽ തിരിച്ചെത്തിയിട്ടില്ല.

സമയം കടന്നുപോയിക്കൊണ്ടിരിക്കുന്നു. ഹൃദയമിടിപ്പ് വർദ്ധിച്ചതോടെ ഞാൻ പതിയെ എഴുന്നേറ്റ് അരവിന്ദനെ മൊബൈലിൽ വിളിച്ചു. പക്ഷേ… മൊബൈൽ സ്വിച്ചോഫാണ്. ഒടുവിൽ രണ്ടും കല്പിച്ച് അദ്ദേഹത്തിന്‍റെ വീട്ടിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചു.

അദ്ദേഹത്തിന്‍റെ ഭാര്യയാണ് ഫോൺ എടുത്തത്. “നന്ദാ, ഞാൻ ലക്ഷ്‌മിയാണ്… അരവിന്ദൻ അവിടെയുണ്ടോ?” തെല്ലൊരു പതർച്ചയോടെ ഞാൻ ചോദിച്ചു.

എന്‍റെ ശബ്ദം തിരിച്ചറിഞ്ഞ് നന്ദയുടെ സ്വരം കനത്തു. “നിങ്ങളായിരുന്നോ? എത്ര തവണ പറഞ്ഞതാ ഈ ഫോണിലേക്ക് വിളിക്കരുതെന്ന്. നിങ്ങൾക്ക് കാമുകനോട് സംസാരിക്കണമെന്നുണ്ടെങ്കിൽ മൊബൈലിൽ വിളിച്ചുകൂടേ?”

“ഞാൻ… മൊബൈലിൽ ട്രൈ ചെയ്‌തിരുന്നു. സ്വിച്ചോഫാണ്.” വായിൽ ഊറിവന്ന ഉമിനീരിറക്കിക്കൊണ്ട് ഞാൻ പറഞ്ഞു.

“അരവിന്ദന് പ്രഷർ കൂടി. മരുന്ന് കഴിച്ച് കിടക്കുകയാ. ഇപ്പോ ഉണർത്താനാവില്ല.” ഇത്രയും പറഞ്ഞശേഷം നന്ദ ദേഷ്യത്തോടെ ഫോൺ വെച്ചു.

നന്ദയുടെ പെരുമാറ്റം എന്‍റെ ഉള്ളുലച്ചു. എന്‍റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. നന്ദ പറഞ്ഞതിലെന്താ തെറ്റ്. എന്‍റെ കാമുകനല്ലേ അരവിന്ദൻ. അല്ലാതെ ഭർത്താവല്ലല്ലോ. അതുകൊണ്ട് നന്ദയ്ക്കള്ള അത്ര അധികാരവും അവകാശവും അരവിന്ദനിൽ എനിക്കില്ലല്ലോ. മുമ്പ് കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ എൻറ ചെവിയിലെന്തോ ഉരുക്കിയൊഴിച്ച അനുഭവമായിരുന്നു. പക്ഷേ ഇപ്പോൾ ഇതെനിക്ക് ശീലമായി കഴിഞ്ഞിരിക്കുന്നു. വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു…

കോളിംഗ്ബെൽ മുഴങ്ങുന്ന ശബ്‌ദം കേട്ട് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നു. ഓടിച്ചെന്ന് വാതിൽ തുറന്നു. മുന്നിൽ പ്രത്യൂഷ ഏതോ ഒരു യുവാവിന്‍റെ തോളിൽ തല ചായ്ച്ചു നിൽക്കുന്നു. നൈറ്റ് പാർട്ടിയും കഴിഞ്ഞുള്ള വരവാണ്.

ഞാൻ എന്തെങ്കിലും പറയും മുമ്പേ പ്രത്യൂഷ തെല്ലും കൂസതെ ആ യുവാവിനൊപ്പം സ്വന്തം മുറിയിലേക്ക് നടന്നു. വാതിൽ വലിച്ചടച്ചു. ഒരു നിമിഷം ഉള്ള് നടുങ്ങി. കവിളിൽ അടി കിട്ടിയ പ്രതീതി…

ചുറ്റുമുള്ളവരുടെ വെറുപ്പും പരിഹാസവും സഹിച്ച് മതിയായിരിക്കുന്നു. ഇപ്പോൾ മകളും. എനിക്കത് സഹിക്കാവുന്നതിലപ്പുറമായിരുന്നു. ദേഷ്യം കൊണ്ട് അടിമുടി വിറച്ച ഞാൻ അവളുടെ വാതിലിൽ ശക്‌തിയായി ഇടിച്ചു. അവൾ വാതിൽ തുറക്കും വരെ.

പ്രത്യൂഷ ദേഷ്യത്തോടെ എന്‍റെ മുന്നിലേക്ക് വന്നു. “എന്താ മമ്മീ? എന്തിനാ എന്നെ ശല്യം ചെയ്യുന്നത്?”

“എന്ത്? ഞാൻ ശല്യം ചെയ്യുകയാണെന്നോ?” അവളുടെ കവിളിൽ ഞാൻ ആഞ്ഞടിച്ചു. “നിന്‍റെ ഈ ധിക്കാരം എന്‍റടുത്ത് വേണ്ട. ഒരാണിന്‍റെ കൂടെ…. നാണമില്ലേടീ?”

എന്‍റെ പെരുമാറ്റം അവളെ അരിശം കൊള്ളിച്ചു. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. “മമ്മീ പ്ലീസ്… എന്നെക്കൊണ്ടൊന്നും പറയിക്കരുത്. അത് കേട്ടാൽ മമ്മി ചിലപ്പോൾ കരഞ്ഞുപോകും.”

വിട്ടുകൊടുക്കാൻ ഞാനും തയ്യാറല്ലായിരുന്നു. “എന്താടീ?”

“നിങ്ങൾക്കൊന്നും അറിയില്ലേ. ഭർത്താവിനെ ഉപേക്ഷിച്ചിട്ട് അന്യപുരുഷന്‍റെ പിറകെ നടക്കുന്നത് നല്ല കാര്യമാണെന്നാണോ. എന്‍റെ കൂട്ടുകാർ വരെ കളിയാക്കുന്നു, എന്‍റെ തന്തയാരാണെന്ന്,” പ്രത്യൂഷ കരച്ചിലടക്കാനാവാതെ മുറിയിൽ കയറി വാതിലടച്ചു.

എനിക്കവളോട് ഒരുനിമിഷം അലിവു തോന്നി. പാവം കുട്ടി. അപമാനത്തിന്‍റെ പാപം പേറുന്നവൾ. മരവിച്ച മനസ്സോടെ ഞാൻ നിലത്തിരുന്ന് വിലപിച്ചു. തളർന്ന മനസ്സുമായി ഞാൻ കിടപ്പു മുറിയിലേക്ക് വേച്ചുവേച്ച് നടന്നു.

കിടക്കയിലേക്ക് തളർച്ചയോടെ ഞാൻ വീണു. കഴിഞ്ഞു പോയ കാര്യങ്ങൾ ഫ്രെയിം ബൈ ഫ്രെയിമായി എനിക്കു ചുറ്റും നൃത്തമാടിക്കൊണ്ടിരുന്നു. ഓർമ്മകൾ… എന്‍റെ നാശത്തിന് കാരണമായ ഓർമ്മകൾ…..

കോളേജ് ദിനങ്ങൾ എനിക്ക് ലഹരിയായിരുന്നു. കോളേജികൂട്ടിയായിരുന്നു ഞാൻ. അതിന്‍റെ ലഹരിയില്ലെങ്കിലേ അതി ചലിക്കേണ്ടു. ആരാധകരായി അന്ന് എത്രയോ പേർ എനിക്ക് ചുറ്റുമുണ്ടായിരുന്നു. അഹങ്കരിക്കാൻ അതിൽ കൂടുതൽ ഒരു പെൺകുട്ടിക്ക് മറ്റെന്ത് വേണം. അച്ഛനുമമ്മയും എന്‍റെ സൗന്ദര്യത്തിൽ അഭിമാനം കൊണ്ടു മകളെ വിവാഹം കഴിക്കാൻ ഒരു രാജകുമാരൻ തന്നെ വരുമെന്ന് അമ്മ സ്വപ്നം കാണുമായിരുന്നു അതിൽ അസുയ കൊള്ളുന്ന ബന്ധുക്കളെയോർത്ത് അമ്മ ഊറിച്ചിരിച്ചിരുന്നു.

മറ്റുള്ള പെൺകുട്ടികളിൽ വെച്ച് അതിസുന്ദരിയാണെന്ന ധാരണ എന്‍റെ ശരീരത്തിലും മനസ്സിലും പതിഞ്ഞു കിടന്നു. എന്‍റെ മനസ്സ് സ്വപനങ്ങളുടെ കൂടാരമായി ആ സ്വപ്നങ്ങളിലൊക്കെ ഏതോ അതിസുന്ദരനായ രാജകുമാരൻ വാസമുറപ്പിച്ചു.

എത്രയും പെട്ടെന്ന് നല്ലൊരു പയ്യനെ കണ്ടുപിടിച്ച് എന്നെ വിവാഹം കഴിപ്പിച്ചയയ്ക്കുക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു എന്‍റെ അച്ഛനും അമ്മയ്ക്കും.

പക്ഷേ… എനിക്കു വേണ്ടി അവർ കണ്ടുപിടിച്ച രാജകുമാരൻ ഒരു ഇടത്തരം കുടുംബാംഗമാണെന്ന് അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഒരായുസ്സു മുഴുവനും കഷ്ടപ്പാടുകൾ സഹിച്ച് ജീവിതത്തിന്‍റെ രണ്ടറ്റം മുട്ടിക്കാൻ പാടുപെടുന്ന സർക്കാരുദ്യോഗസ്‌ഥൻ… എന്‍റെ സ്വപ്നങ്ങൾ… പ്രതീക്ഷകൾ… മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകുന്നത് കണ്ണീരോടെ ഞാൻ നോക്കി നിന്നു.

എന്‍റെ സ്വപ്നങ്ങളെ ജീവസ്സുറ്റതാക്കുന്നതിന് ഒളിച്ചോട്ടം ആവശ്യമാണെന്ന് തോന്നി. പക്ഷേ… ആഗ്രഹിച്ചിട്ടും അത് സഫലമായില്ല. സാമൂഹിക മര്യാദകളെ ലംഘിക്കാൻ ഞാൻ അശക്തയായിരുന്നു. നിശ്ശബ്ദം ഞാനെന്‍റെ ആഗ്രഹത്തെ കടിച്ചമർത്തി ഹരിയുടെ ജീവിതത്തിന്‍റെ ഭാഗമാകാൻ ശ്രമിച്ചു.

തുടക്കത്തിൽ ഹരിക്കൊപ്പമുള്ള ജീവിതം ഞാൻ ആസ്വദിച്ചു. ഹരിയുടെ സ്പർശനത്തിനു പോലും എന്തോ മാന്ത്രികതയുള്ളതു പോലെ… ഞാനത് ഒരുപക്ഷേ സ്വയം സങ്കല്പിച്ചതാണോ… എനിക്കറിയില്ല…

പക്ഷേ… മനസ്സിൽ തലപൊക്കി തുടങ്ങിയ അമിതമായ മോഹങ്ങൾ… ദാമ്പത്യജീവിതം വിരസമായി തോന്നാൻ അധിക സമയം വേണ്ടിവന്നില്ല. മനസ്സിനുള്ളിൽ ഉറങ്ങിക്കിടന്ന മോഹങ്ങളേയും സ്വപ്‌നങ്ങളേയും അവഗണിക്കുന്നതെങ്ങനെ?

പക്ഷേ… ഞാൻ ഭയന്നത് തന്നെ സംഭവിച്ചു. എന്‍റെ വികാരങ്ങൾ എന്‍റെ മനോനിലയ്ക്ക് താങ്ങാവുന്നതിലപ്പുറമായതോടെ ജീവിതത്തിൽ സംഭവിച്ചതൊക്കെയും നിരർത്ഥകമാണെന്ന തോന്നൽ ശക്തമായി. അടുക്കളയെന്ന ചതുരത്തിനുള്ളിൽ ഒതുങ്ങിക്കൂടാനായിരുന്നോ എന്‍റെ നിയോഗം… എന്‍റെ സൗന്ദര്യം വീടിന്‍റെ നാലുചുവരുകൾക്കുള്ളിൽ കിടന്ന് പരിഹസിക്കപ്പെടുന്നത് എനിക്ക് സഹിക്കാനാവുമായിരുന്നില്ല.

എനിക്ക് സ്വതന്ത്രയാകണം. അതിനുള്ള വഴികൾ തേടി എന്‍റെ മനസ്സും ശരീരവും സഞ്ചരിച്ചുകൊണ്ടിരുന്നു. നല്ലൊരു ജോലിയായിരുന്നു എന്‍റെ ലക്ഷ്യം. ഒടുവിൽ എന്‍റെ അന്വേഷണം ഫലം കണ്ടു. വലിയൊരു കൺസ്ട്രക്ഷൻ കമ്പനിയിൽ സെക്രട്ടറിയായി ജോലികിട്ടി. നല്ല ഓഫീസ്, നല്ല ശമ്പളം. എന്‍റെ മനസ്സിൽ വീണ്ടും ആഹ്ളാദം വിരുന്നെത്തി.

സമയം പതിയെ കടന്നുപോയിക്കൊണ്ടിരുന്നു. എന്‍റെ ജീവിതവും അതോടൊപ്പം ഒഴുകിക്കൊണ്ടിരുന്നു. ആ സമയത്താണ് അരവിന്ദൻ എന്‍റെ ഓഫീസിൽ മേലുദ്യോഗസ്‌ഥനായി ചേർന്നത്.

കാഴ്ചയിൽ സുമുഖനായ അരവിന്ദൻ വിവാഹിതനായിരുന്നു. പക്ഷേ ഒരു അവിവാഹിതനെപ്പോലെയായിരുന്നു അയാളുടെ മട്ടും ഭാവവും. എൻജിനീയർ. വളരെ ചെറുപ്പത്തിലെ ഉയർന്ന പദവിയിലെത്തിയവൻ. ആരിലും അസൂയയുണർത്തുന്ന വ്യക്‌തിപ്രഭാവം. ആ വ്യക്തിപ്രഭാവം എന്നെ ആകർഷിച്ചു. ഒന്നോ രണ്ടോ ഔപചാരികവാക്കുകൾക്കപ്പുറം അദ്ദേഹവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. തികച്ചും ഒഫീഷ്യലായ ബന്ധം.

പക്ഷേ എപ്പോഴോ ഞങ്ങൾക്കിടയിൽ ഇഷ്ടം മൊട്ടിട്ടു. ഔദ്യോഗികമായ കാര്യങ്ങൾക്കപ്പുറമായി ഞങ്ങളുടെ സംഭാഷണം നീണ്ടുപോയി. ഒരു ദിവസം വലിയൊരു പ്രൊജക്റ്റ് കിട്ടിയതിന്‍റെ സന്തോഷത്തിൽ അരവിന്ദൻ എന്നെ ഡിന്നറിനായി ക്ഷണിച്ചു. എനിക്കത് നിരസിക്കാനാവുമായിരുന്നില്ല. ഞാൻ ആ സാമീപ്യവും കാംക്ഷിച്ചിരുന്നു.

ഫൈവ് സ്‌റ്റാർ ഹോട്ടലിലെ അരണ്ട വെളിച്ചത്തിൽ ഡിന്നർ… എന്നെ പ്രണയാതുരയാക്കി. അരവിന്ദൻ എന്‍റെ സ്വപ്നത്തിലെ രാജകുമാരനായി. ഹോട്ടൽ മുറിയിൽ പതിഞ്ഞ താളത്തിൽ ഒഴുകിയെത്തുന്ന സംഗീതം എനിക്ക് ചുറ്റിലുമായി പ്രണയവർണ്ണങ്ങൾ നിറച്ചു. ഒരു കൗമാരക്കാരിയുടെ കൗതുകത്തോടെ ഞാൻ അരവിന്ദന്‍റെ കൈകളിൽ പതിയെ സ്‌പർശിച്ചു. അത്തരമൊരു നീക്കം പ്രതീക്ഷിക്കുന്നതു പോലെ… അരവിന്ദൻ എന്‍റെ വിരലുകളെ കൈക്കുള്ളിലാക്കി.

“ലക്ഷ്മീ, എനിക്ക് നിന്‍റെ മനസ്സിനെ മനസ്സിലാക്കാനാവും. നിനക്കെന്നോടുള്ള ഇഷ്ട‌ംപോലെ ഞാനും നിന്നെ ഇഷ്ടപ്പെടുന്നുണ്ട്. ഒരുപക്ഷേ അതിലുമധികം…” എന്‍റെ മിഴികൾ നാണം കൊണ്ട് കൂമ്പിപ്പോയി.

“പക്ഷേ, സർ… എങ്ങനെ…?”

“അതെനിക്ക് മനസ്സിലായി. നിന്‍റെ സാമീപ്യത്തിൽ നിന്നും ഞാനത് എപ്പോഴേ മനസ്സിലാക്കിയിരുന്നു. അതാണ് ടെലിപ്പതിക്” അരവിന്ദൻ തെല്ലൊരു കുസൃതിയോടെ ചിരിച്ചു.

“ഇനിയൊരു സത്യം കൂടി പറയട്ടെ…” അരവിന്ദൻ ജ്യൂസ് ചുണ്ടോടടുപ്പിച്ചുകൊണ്ട് പറഞ്ഞു. “ഈ ഡിന്നർ അറേഞ്ച് ചെയ്ത‌തു തന്നെ ലക്ഷ്‌മിയെ അടുത്തു കാണാൻ വേണ്ടിയാണ്. ഐ മീൻ എ പർപ്പസ്‌ഫുൾ ഫ്രീക്ക് ഔട്ട്.” അരവിന്ദൻ ഊറിച്ചിരിച്ചു. നിലാവുപോലെ പരന്ന ആ പുഞ്ചിരി എന്‍റെ ശരീരത്തെ കോരിത്തരിപ്പിച്ചു. ഈ നിമിഷം ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ… എന്‍റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു. അരവിന്ദന്‍റെ വിരലുകളിൽ ഞാൻ അമർത്തിപ്പിടിച്ചു. അതിനുശേഷം ഓഫീസ് സമയം കഴിഞ്ഞ് ഞങ്ങൾ ഏറെ നേരം സംസാരിച്ചിരിക്കുന്നത് പതിവായി. പലപ്പോഴും സിറ്റിക്ക് പുറത്തുള്ള ഹോട്ടലുകളിൽ പോയി ഒരുമിച്ച് ഭക്ഷണം കഴിച്ചു. ചില ദിവസങ്ങളിൽ സിറ്റിയിൽ തന്നെയുള്ള അരവിന്ദന്‍റെ ഒഴിഞ്ഞ ബംഗ്ലാവിൽ ഞങ്ങൾ രഹസ്യമായി കണ്ടുമുട്ടി. അത്തരം വേളകളിൽ ഞങ്ങൾ എല്ലാം മറന്ന് ഒന്നുചേർന്നു. കാരണം വികാരങ്ങളുടെ വേലിയേറ്റങ്ങളെ നിയന്ത്രിക്കാൻ ഞങ്ങൾക്കായില്ല. അത്ര തീവ്രമായിരുന്നു എന്‍റെ പ്രണയം. ഓഫീസിൽ വെച്ച് അരവിന്ദൻ ഒരിക്കലും പരിചയഭാവം കാട്ടിയില്ല. ഒടുവിൽ ഞാൻ ഗർഭിണിയായതോടെ ഞങ്ങളുടെ കണ്ടുമുട്ടലുകൾ താല്ക്കാലികമായി അവസാനിച്ചു. ഞാൻ ബെഡ്‌റെസ്‌റ്റ് എടുക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചിരുന്നു.

ഹരിയാണെങ്കിൽ ഒരച്‌ഛനാവാൻ പോകുന്നതിന്‍റെ സന്തോഷത്തിൽ കൂട്ടുകാർക്ക് ഗംഭീരമായ പാർട്ടി തന്നെ നല്‌കി. പക്ഷേ അതൊന്നും എന്നെയൊട്ടും സന്തോഷിപ്പിച്ചില്ല. എന്നെ കാണാനാവാത്ത സങ്കടത്തിൽ അരവിന്ദൻ വിഷമിച്ചു കൊണ്ടിരുന്നു.

അരവിന്ദൻ തുടർച്ചയായി എന്നെ മൊബൈലിൽ വിളിച്ച് തന്‍റെ മാനസികാവസ്‌ഥയെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴൊക്കെയും ഞാൻ കരഞ്ഞു. ഒടുവിൽ ഞാൻ ഒരു തീരുമാനത്തിലെത്തി. ഹരിയേട്ടനെ ഉപേക്ഷിച്ച് അരവിന്ദന്‍റെ ജീവിതത്തിലേക്ക് കടന്നുചെല്ലുക.

ഹരിയേട്ടനെ ഉപേക്ഷിച്ചു പോകുമ്പോൾ അദ്ദേഹം ഒരു വാക്കുപോലും പറയാനാവാതെ നിശ്ചലനായി നിന്നു. എത്രയും വേഗം അരവിന്ദന്‍റെ അടുത്ത് എത്താൻ മനസ്സ് കൊതിച്ചിരുന്നതിനാൽ ഹരിയേട്ടന്‍റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് ഞാൻ അവജ്‌ഞയോടെയാണ് നോക്കിയത്. മനസ്സ് പറയുന്ന വഴിയിലൂടെ സഞ്ചരിക്കാനായിരുന്നു എനിക്കിഷ്ടം. എത്രയും വേഗം അരവിന്ദന്‍റെ ജീവിതത്തിൽ ചേരുക… പക്ഷേ അരവിന്ദന്‍റെ ഭാര്യാപദവി എനിക്ക് ലഭിച്ചില്ല.

ഭാര്യയെ ഉപേക്ഷിക്കുകയെന്നുള്ളത് അരവിന്ദന് അസാധ്യമായ കാര്യമായിരുന്നു. ഏകമകളോടുള്ള ഒരച്‌ഛന്‍റെ വാത്സല്യവും സ്നേഹവും അതിന് തടസ്സമായി. സ്വന്തം കുടുംബം ഭംഗിയുള്ള ഫ്രെയിമിലാക്കി സൂക്ഷിക്കാൻ അരവിന്ദൻ കൂടുതൽ ജാഗ്രത കാട്ടി.

അതറിഞ്ഞ് ഞാൻ ശരിക്കും തകർന്നുപോയി. ഹരിയേട്ടന്‍റെ വീട്ടിൽ തിരിച്ചു പോകാനാവാത്തതിനാൽ ഞാൻ താമസം സ്വന്തം വീട്ടിലാക്കി. ഒരു ദിവസം അരവിന്ദനെ കണ്ട് ഞാനെന്‍റെ അവസ്‌ഥയറിയിച്ചു. “നിങ്ങൾക്കുവേണ്ടി എല്ലാം ഉപേക്ഷിച്ചു വന്നിരിക്കുകയാ. നിങ്ങൾക്ക് നന്ദയെ ഉപേക്ഷിക്കാനാവില്ലേ?”

“നീ ചെയ്യുന്നതു പോലെ സ്നേഹത്തിനു വേണ്ടി എല്ലാം ത്യജിക്കേണ്ടതുണ്ടോ?” അരവിന്ദൻ എന്നെ ചേർത്തുനിർത്തി കവിളിൽ മുഖമമർത്തി. “നിന്‍റെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരാൻ ഞാൻ സദാ തയ്യാറാണ്. പിന്നെന്തിനാ വിഷമിക്കുന്നത്?”

“നിന്‍റെ ഈ കുഞ്ഞിന്‍റെ അവകാശവും ഞാൻ ഏറ്റെടുക്കാം… പിന്നെന്തിന് നന്ദയെ ഉപേക്ഷിക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കണം,” അരവിന്ദൻ എന്നെ ചേർത്തു പിടിച്ച് വികാരാധീനനായി പറഞ്ഞു.

“എനിക്ക് നന്ദയെ ഉപേക്ഷിക്കാൻ കഴിയില്ല. എന്‍റെ കുഞ്ഞിന്‍റെ അമ്മയാണവൾ. എന്‍റെ കുഞ്ഞിനു വേണ്ടിയെങ്കിലും അവൾ വേണം.” അതിനുശേഷം അരവിന്ദൻ എന്നിൽ കൂടുതൽ അധികാരം കാട്ടിത്തുടങ്ങി. അരവിന്ദനോടുള്ള കടുത്ത പ്രണയത്തിൽ ഞാൻ നിസ്സഹായതയോടെ കീഴടങ്ങിക്കൊണ്ടിരുന്നു. എന്‍റെയുള്ളിലെ അരക്ഷിതാവസ്‌ഥ ഇടയ്ക്കിടയ്ക്ക് തേങ്ങലുയർത്തി സമവാക്യം നഷ്‌ടപ്പെട്ട ജീവിതം വലിയൊരു ചോദ്യചിഹ്നമായി.

പക്ഷേ അന്നു രാത്രി എന്തുകൊണ്ടോ ഹരിയേട്ടനെക്കുറിച്ചുള്ള ഓർമ്മകൾ എന്‍റെ മനസ്സിൽ ഓടിയെത്തി. പക്ഷേ ആ ജീവിതത്തിലേക്ക് മടങ്ങി ചെല്ലാനുള്ള വഴി സ്വയം അടച്ചതിനാൽ എനിക്കതിനുള്ള ധൈര്യവുമുണ്ടായില്ല. ഈയവസ്‌ഥയിൽ നിന്നുള്ള മോചനം എനിക്ക് അസാധ്യമായിരുന്നു. അരവിന്ദന്‍റെ രഹസ്യഭാര്യയായി അയാളുടെ ജീവിതത്തിൽ നിശ്ശബ്ദയായി ഇഴുകിച്ചേരാനായിരുന്നു വിധി.

ഞങ്ങളുടെ ബന്ധം അറിഞ്ഞ് നന്ദ പൊട്ടിത്തെറിച്ചു ഞാനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് നന്ദ വാശി പിടിച്ചു. പക്ഷേ അരവിന്ദൻ തന്‍റെ തീരുമാനത്തിലുറച്ചു നിന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ നന്ദയുടെ എതിർപ്പിന്‍റെ ശക്‌തി കുറഞ്ഞു. അവൾ അരവിന്ദനെ ജീവനുതുല്യം സ്നേഹിച്ചിരുന്നു. മകൾക്ക് അച്‌ഛന്‍റെ സ്നേഹം നിഷേധിക്കുവാനും അവൾക്ക് ആകുമായിരുന്നില്ല.

പിന്നീട് ഒരിക്കൽ നന്ദ എന്‍റെയരികിൽ വന്ന് വളരെ പരുഷമായി സംസാരിച്ചു. “ലക്ഷ്മീ, എന്‍റെ തീരുമാനം എന്‍റെ ദൗർബല്യമായി നീ കാണരുത്.” അവളുടെ കണ്ണുകൾ അപ്പോഴേക്കും നിറഞ്ഞു തുളുമ്പി. “ആഴ്ചയിൽ തിങ്കളും ചൊവ്വയും അരവിന്ദൻ നിന്‍റെ കൂടെ താമസിക്കട്ടെ. ബാക്കി ദിവസം എന്‍റെ കൂടെ.”

ഭർത്താവിന്‍റെ സ്നേഹത്തെ പങ്കു വെക്കേണ്ടിവരുന്ന ഭാര്യയുടെ ഗതികേട് എന്നെയപ്പോൾ സ്പർശിച്ചതേയില്ല. നന്ദയുടെ ഈ തീരുമാനത്തോട് ഞാൻ ഇഷ്ട‌ക്കേട് കാട്ടിയില്ല.

ആഴ്ച‌യിൽ രണ്ടുദിവസം അരവിന്ദന്‍റെ സാന്നിധ്യത്തിൽ ഞാനെല്ലാ വേദനകളും മറന്നു. ഹ്രസ്വമായ സന്തോഷത്തിൽ തൃപ്തിപ്പെടാൻ എന്‍റെ മനസ്സ് എപ്പോഴോ പാകപ്പെട്ടു കഴിഞ്ഞിരുന്നു.

പെട്ടെന്ന് ആരോ ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ട് ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. കിടക്കയിൽ നിന്നും ചാടിയെഴുന്നേറ്റ് മുറിക്കു പുറത്തുവന്നു. മകൾ കൂട്ടുകാരനെ യാത്രയാക്കുകയാണ്.

“ഓകെ. വി വിൽ മീറ്റ് ഇൻ സാറ്റർഡേ… അന്ന് അരവിന്ദൻ അങ്കിൾ ഇവിടെ ഉണ്ടാവില്ല.”

ആ വാക്കുകൾ എന്‍റെ ശരീരത്തെ ചുട്ടുനീറ്റിച്ചു. കാഴ്ചകൾ മങ്ങിത്തുടങ്ങി… തല കറങ്ങുന്നു. എന്‍റെ മകൾ… തടയിടാൻ കഴിയാത്ത നദിപോലെ ഒഴുകിക്കൊണ്ടിരുന്നു… അവളുടെ ജീവിതത്തിൽ അമ്മയെന്ന നിലയിൽ എന്‍റെ സ്‌ഥാനം അപ്രസക്‌തമാണോ?

എന്നാലും എന്‍റെ ഭാര്യേ!

ഞായറാഴ്‌ചയായതു കൊണ്ട് അന്നേറെ വൈകിയാണ് ഞാനുണർന്നത്. വീട്ടിലാരുമില്ലായിരുന്നു. അവധിക്കാലമല്ലേ, ഭാര്യ മക്കളേയും കൂട്ടി ഒരാഴ്ച് മുന്നേ അവളുടെ വീട്ടിലേയ്ക്ക് പോയിരുന്നു. ഞാൻ അടുക്കളയിൽ ചെന്ന് ചായ തയ്യാറാക്കി മുൻവശത്തെ മുറിയിൽ വന്നിരുന്നു. ടി. വി. ഓൺ ചെയ്ത‌് വച്ച് പത്രവായന തുടങ്ങിയതേയുള്ളൂ… പെട്ടെന്ന് ഫോൺ ബെൽ മുഴങ്ങി. ഒരുപക്ഷേ മഞ്ജുളയുടെ ഫോണായിരിക്കും. ഞാൻ ധൃതിയിൽ ചെന്ന് ഫോണെടുത്തു. മറുതലയ്ക്കൽ അപരിചിതമായ ഒരു പതിഞ്ഞ ശബ്ദം,

“മഞ്ജു, ഞാനാ മനസ്സിലായോ… അപ്പോൾ നമ്മൾ തീരുമാനിച്ചതു പോലെ കാര്യങ്ങൾ നടക്കും. നാളെ രാത്രിയൊന്നു കരുതിയിരുന്നോ… അടുക്കളവശത്തെ വാതിലിന്‍റെ കുറ്റി ഊരിയിട്ടേക്ക്. ഭർത്താവിനെ വകവരുത്തുന്ന ജോലി എനിക്ക് വിട്ടു താ. ഇനി ഒന്നിച്ചു ജീവിക്കുന്നതിൽ നിന്നും നമ്മെ വിലക്കാൻ ആർക്കും ധൈര്യം കാണില്ല. എത്ര വർഷമായി ഞാൻ നിനക്കായി കാത്തിരിക്കുന്നു. ഈ വീർപ്പുമുട്ടുന്ന ജീവിതം നിനക്കും മടുത്തു തുടങ്ങിയില്ലേ? ആ… പിന്നെ നിന്‍റെ ഒരു ചെറിയ ഹെൽപ്പ് എനിക്ക് വേണം. എനിക്ക് അങ്ങോട്ട് കയറാൻ കഴിഞ്ഞില്ലെങ്കിൽ നാളെ രാത്രി എന്തെങ്കിലും ഒരു നുണ പറഞ്ഞ് ആനന്ദിനെ വീടിന് പുറത്തേയ്ക്ക് കൂട്ടിക്കൊണ്ടു വരണം. നന്ദനം കോളനിയിലെ ലൈബ്രറിയ്ക്കടുത്ത്…. ഓകെ. തല്ക്കാലം ഫോൺ വയ്ക്കുന്നു. കുറച്ചു കാര്യങ്ങൾ കൂടി ചെയ്‌തു തീർക്കാനുണ്ട്.” അയാൾ വലിയ ശബ്ദത്തോടെ റിസീവർ താഴെ വച്ചു.

ഫോണിലൂടെയുള്ള ഭൂകമ്പം നിലച്ചു. ഞാൻ ഒരു നിമിഷം സ്‌തബ്‌ധനായിരുന്നു പോയി. സോഫയിലിരുന്നതു നന്നായി. നിന്നാണ് ഫോൺ ചെയ്‌തിരുന്നതെങ്കിൽ തലകറങ്ങി വീണേനേ? അല്ല… ആരായിരിക്കും അയാൾ… ഓർക്കുന്തോറും സങ്കീർണ്ണമായ ചിന്തകൾ മനസ്സിനെ വല്ലാതെ കുഴച്ചു മറിച്ചു കൊണ്ടിരുന്നു. മഞ്ജു എന്ന ചെല്ലപ്പേരിലും മറ്റും വിളിക്കാനും മാത്രം അയാൾക്കിവളുമായി എന്തടുപ്പമായിരിക്കും. ഒരുപക്ഷേ കാമുകൻ… വിശ്വസിക്കാനാവുന്നില്ല.

എന്‍റെ പേര് മധുസൂദനനെന്നാണല്ലോ? പിന്നെ അയാൾ ആനന്ദ് എന്ന് തെറ്റിച്ചു പറഞ്ഞതെന്തിനാവും? ദുഷ്ട, ഞാനവരെ ജീവനു തുല്യം സ്നേഹിച്ചതാണ്. എന്നിട്ടും അവൾ എന്നെ ചതിക്കുകയായിരുന്നല്ലോ?

ഓഹോ! അപ്പോൾ ഇവൾ കാമുകനുമായി ചേർന്ന് എന്നെ കൊല്ലാനുള്ള ഗൂഢാലോചന നടത്തുകയായിരുന്നു….. ഈ ഘാതകിയെയാണല്ലോ ഞാനിതുവരെ നിഷ്കളങ്കയെന്നു കരുതി വിശ്വസിച്ചത്. ഇത്രയും നാൾ ഇവളെന്നെ വിഡ്ഢിയാക്കുകയായിരുന്നോ? എന്‍റെ കാലശേഷം എന്‍റെ കുട്ടികളുടെ ഗതിയെന്താവും? മഞ്ജുളയും കാമുകനും കൂടി എന്നെ കൊല്ലും? പക്ഷേ എന്‍റെ മക്കൾ… എന്തായാലും എന്‍റെ പണവും സ്വത്തും മക്കളുടെ പേരിൽ ഇന്നു തന്നെ എഴുതി വെയ്ക്കും. വഞ്ചകി മഞ്ജുളയ്ക്കും അവളുടെ കാമുകനും എന്‍റെ സ്വത്തിൽ നിന്നും ഒരു നയാപൈസ പോലും കൊടുക്കില്ല. ഇന്നുതന്നെ വക്കീലിനെ വിളിച്ച് വിൽപത്രം തയ്യാറാക്കാൻ പറയണം.

മരിക്കും മുമ്പ് ആഗ്രഹങ്ങളൊന്നും ബാക്കി വയ്ക്കരുതെന്ന് പറയുന്നത് വെറുതെയല്ല. ഇന്നും… നാളെയും…… എനിക്ക് മുന്നിൽ ഇനി രണ്ടേ രണ്ടു ദിവസങ്ങളേയുള്ളൂ. ഈ ചുരുങ്ങിയ ദിനങ്ങൾക്കുള്ളിൽ എന്‍റെ ആഗ്രഹങ്ങളെല്ലാം പൂർത്തിയാക്കണം. പുറത്ത് നിന്നും ഭക്ഷണം ആസ്വദിച്ച് കഴിച്ചിട്ട് എത്ര നാളായി. മഞ്ജുളയുണ്ടെങ്കിൽ പുറത്തെ ഭക്ഷണം എന്ന് പറയാൻ പോലും സമ്മതിക്കുകയേയില്ല. “പുറത്തെ ഭക്ഷണം കഴിച്ചാൽ ആരോഗ്യം മോശമാവുമെന്ന് നിങ്ങൾക്കറിയില്ലേ? നിങ്ങൾക്കെന്താ വേണ്ടതെന്നു പറഞ്ഞാൽ മതി. ഞാൻ തന്നെയുണ്ടാക്കി. തരാം.” ഹെൽത്ത് ഗൈഡിനെപ്പോലെ ഉപദേശം നൽകാൻ തുടങ്ങും അവൾ.

ഇന്ന് റെസ്റ്റോറന്‍റിൽ നിന്നും മതിയാവോളം പറോട്ടയും ചില്ലി ചിക്കനും കഴിക്കണം. വേണ്ടെന്നു പറയാനും മാത്രം ഇപ്പോൾ മഞ്ജുളയും അടുത്തില്ലല്ലോ. പക്ഷേ പുറത്തേയ്ക്ക് പോകേണ്ടേ… മനസ്സിൽ ചെറിയൊരു പേടി പോലെ. ഇനി ഞാനെപ്പോഴാ പുറത്തിറങ്ങുന്നതെന്നു നോക്കി അയാൾ പുറത്തെവിടെയെങ്കിലും ചുറ്റി നടക്കുന്നുണ്ടാവുമോ? ഒറ്റയ്ക്ക് കിട്ടിയാൽ ഒരുപക്ഷേ ഇന്നു തന്നെ എന്‍റെ കഥ കഴിക്കാനും മതി. വേണ്ട… വേണ്ട… ഞാനെങ്ങോട്ടും പോകുന്നില്ല. എനിക്കും ചില കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്, അതുകൊണ്ട് വീട്ടിൽ തന്നെയിരിക്കുന്നതാ ബുദ്ധി. എന്‍റെ മരണമടുത്തല്ലോ? ബന്ധുക്കളേയും മിത്രങ്ങളേയുമെല്ലാം വിളിച്ച് ഫോണിൽ സംസാരിച്ചേച്ചക്കാം. ഇനിയിപ്പോ ഇങ്ങനെ ഒരവസരം കിട്ടിയെന്നും വരില്ല. അല്ലെങ്കിലും ഇന്നല്ലെങ്കിൽ നാളെ ഈ ലോകത്തു നിന്നും പോയല്ലേ പറ്റൂ… ഒരു പക്ഷേ എല്ലാവരും എന്നെ ഓർക്കുമായിരിക്കും.

നാളെ രാവിലെയാവട്ടെ അപ്പുറത്തെ മീരയോടും മനസ്സു തുറന്നൊന്നു സംസാരിക്കണം. എന്തൊരു സൗമ്യമായ മുഖഭാവമാണവരുടേത്. എപ്പോ കണ്ടാലും മനോഹരമായൊന്നു പുഞ്ചിരിക്കും. സംസാരിക്കാൻ നിന്നാൽ മധുരഭാഷണം കൊണ്ട് ആരെയും മയക്കിക്കളയും. ശരിക്കുമൊന്ന് സംസാരിക്കണമെന്ന് എത്രയോ കാലമായി ആഗ്രഹിക്കുന്നു. അവരുടെ ഭർത്താവ് വിദേശത്താണ്. അല്പനേരം സംസാരിക്കുന്നതു പോലും മഞ്ജുളയ്ക്ക് ഇഷ്ടമില്ല. അവളെ പേടിയായതു കൊണ്ട് ഇതുവരെ മടിച്ചിരിക്കുകയായിരുന്നു. ഇനി ഉറപ്പായും സംസാരിക്കും…

എത്ര കഷ്ടപ്പെട്ടാണ് ഞാനീ വീട് പണിതത്. എന്‍റെ അധ്വാനം… എന്‍റെ ശ്രമം… എന്‍റെ സ്വപ്‌നങ്ങൾ ഒക്കെ വെറും വ്യാമോഹമായിരുന്നല്ലോ? മഞ്ജുളയോടും മക്കളോടുമൊപ്പം ആജീവനാന്തം സന്തോഷത്തോടെ കഴിയാമെന്നൊക്കെ കരുതിയതാ… പക്ഷേ ഇപ്പോ.. ഒന്നും കഴിക്കാതെയും കുടിക്കാതെയും ഞാൻ നേരത്തേ പുതച്ചു മൂടിക്കിടന്നു. മുറിയിലും പുറത്തും പൂ ന്തോട്ടത്തിലുമെല്ലാം ലൈറ്റിട്ടിട്ടാണ് ഞാൻ ഉറങ്ങാൻ കിടന്നത്. ചിന്തിച്ചു ചിന്തിച്ച് എപ്പോഴോ ഉറങ്ങി.

നേരം പരപരാ വെളുത്തപ്പോഴാണ് ഉറക്കമുണർന്നത്. നിമിഷനേരത്തിനകം ബ്രഡ് ടോസ്‌റ്റ് ചെയ്തെടുത്ത് ജാമും പുരട്ടി കഴിച്ചു. പടപടാ മിടിക്കുന്ന ഹൃദയതാളവുമായി ഓഫീസിലെത്തി. മരണമെന്ന ചിന്ത അപ്പോഴും മനസ്സിൽ നിന്നും വിട്ടകന്നിരുന്നില്ല. ഓഫീസിൽ ഇതെന്‍റെ അവസാന ദിവസമാണെന്നോർത്തപ്പോൾ…. ഹൃദയമിടിപ്പിനു വീണ്ടും വേഗത കൂടി രമേശിനേയും അമിതിനേയും എനിക്ക് പണ്ടേ കണ്ടുകൂടാ. എന്നാൽ ഇന്ന് ഞാനവരോട് തമാശ പറഞ്ഞ് വളരെ ഹൃദ്യമായി പെരുമാറി. മരണസമയം അടുത്തു. ഇനി ഈർഷയും ദേഷ്യവും എന്തിന്? മരണശേഷം മനുഷ്യൻ നന്മകളല്ലേ ആളുകൾ ഓർക്കാൻ ഇഷ്‌ടപ്പെടുകയുള്ളൂ. ഇക്കാലത്തിനിടയിൽ ഓഫീസ് ജോലികൾ ആദ്യമായാണ് ഞാൻ ഇത്രയും കൃത്യമായും സമയത്തിനും ചെയ്തു തീർക്കുന്നതും. (ഇന്ന് മധുസൂദനനെന്തു പറ്റി?) എന്‍റെ ഈ മാറ്റം സകലരേയും ആശ്ചര്യപ്പെടുത്തി. രാത്രി മനസ്സിൽ വലിയൊരു ഭാരവും പേറി ഒരു കണക്കിനു വീട്ടിലെത്തിച്ചേർന്നു.

ശൂന്യമായ വീട് എന്നെ വിഴുങ്ങാൻ വാ പിളർന്നു നിൽക്കുന്ന ഒരു വ്യാളിയായി തോന്നിച്ചു. മുഖം കഴുകി വന്ന് ഭക്ഷണം കഴിക്കാനിരുന്നതേയുള്ളൂ. കോൾബെൽ മുഴങ്ങി. ഞാൻ ഒറ്റയ്ക്കാണെന്നറിഞ്ഞ് എന്നെ കൊല്ലാൻ വന്നവർ വല്ലവരുമായിരിക്കും. ഞാൻ ഒരു നിമിഷം മഞ്ഞുമല കണക്കേ തണുത്തുറഞ്ഞിരുന്നു. രാത്രിയുടെ അന്ധകാരത്തിൽ കോൾ സെല്ലിന്‍റെ നിർത്താതെയുള്ള മുടക്കം ഒരു പ്രേതഭവനത്തിൽ വന്ന പ്രതീതി എന്നിലുളവാക്കി.

ഞാൻ ധൈര്യം സംഭരിച്ച് വാതിൽ തുറക്കാനാഞ്ഞു. കോൾ ബെല്ലിന്‍റെ മുഴക്കവും എന്‍റെ ഹൃദയമിടിപ്പിന്‍റെ ഗതിയും ഏതാണ്ട് ഒരു താളത്തിലായി. ഭ്രാന്തു പിടിക്കുമെന്നു തോന്നിയപ്പോൾ ഞാൻ ഓടിച്ചെന്നു വാതിൽ തുറന്നു. ങേ… മഞ്ജുളയും കുട്ടികളും വഞ്ചകി… എന്‍റെ കഥ കഴിഞ്ഞോ എന്നറിയാൻ വീട്ടിൽ വന്നതായിരിക്കും… അല്ലെങ്കിൽ ഇനിയിപ്പോ പ്ലാൻ മാറ്റിക്കാണും.

“എന്താ ബോധമില്ലാതെ ഉറങ്ങിപ്പോയോ.. എത്ര നേരമായി ബെല്ല് അടിക്കുന്നു. നിങ്ങൾ ആ വഴിയിൽ നിന്നൊന്നു മാറിക്കേ… ഞാനൊന്നു അകത്തു കയറട്ടെ.” മഞ്ജുള അദ്ഭുതത്തോടെ എന്നെ നോക്കി.

ഇന്നെന്താണാവോ മഞ്ജുളയുടെ ശബ്ദത്തിന് വല്ലാത്തൊരു ഇടർച്ച. എന്നെ കശാപ്പു ചെയ്യാൻ വന്ന യക്ഷിയാണോ ഇവൾ… ഞാൻ മഞ്ജുളയെ നിർനിമേഷനായി നോക്കി നിന്നു.

“ഇതെന്തുപറ്റി മനുഷ്യാ… ഭക്ഷണം വല്ലതും കഴിച്ചോ…” തീർന്നില്ല തുരുതുരെ എന്തെല്ലാമോ ചോദിച്ചു കൊണ്ടേയിരുന്നു. പക്ഷേ ഞാനൊന്നും കേട്ടതേയില്ല. മറ്റെന്തോ ചിന്തകളായിരുന്നു. കാമുകനും ഭാര്യയും ഗൂഢാലോചന നടത്തി ഭർത്താവിനെ കൊല്ലാൻ പോകുന്നു. “ഞാൻ ഓഫീസിൽ നിന്നിറങ്ങുമ്പോൾ ഭക്ഷണം കഴിച്ചിരുന്നു. വിശപ്പില്ല.”

ഇന്നത്തെ എന്‍റെ വിചിത്രപെരുമാറ്റം മഞ്ജുളയേയും ആശ്ചര്യപ്പെടുത്തി. ഇവളുടെയും കാമുകന്‍റെയും ഗൂഢാലോചനയെക്കുറിച്ച് സകലതും ഞാൻ മനസ്സിലാക്കിയിരിക്കുന്നു എന്ന സത്യം ഇവൾക്കറിയില്ലല്ലോ?

അവൾ അടുക്കളയിൽ ചെന്ന് ഭക്ഷണമുണ്ടാക്കി അവളും കുട്ടികളും കഴിച്ചു. കുട്ടികൾ നേരത്തേയുറങ്ങി. ഉറക്കി എന്നു പറയുന്നതാവും ശരി. അല്‌പസമയത്തിനു ശേഷം മഞ്ജുള എന്‍റെ അരികിലെത്തി, “ഹൊ! ഇന്നു ഭക്ഷണം കൂടിപ്പോയെന്നു തോന്നുന്നു. വാ ഒന്ന് നടന്നിട്ടു വരാം…”

വരട്ടെ, എന്നെ പുറത്തിറക്കാനുള്ള പരിപാടിയാണല്ലേ? പക്ഷേ ഞാനത്ര മണ്ടനല്ലല്ലോ! “വല്ലാത്ത ക്ഷീണം, ഞാനില്ല…” ഞാൻ ഭംഗിയായി ഒഴിഞ്ഞുമാറി.

ഭക്ഷണം കഴിച്ചിട്ട് ഇങ്ങനെയൊരു സവാരി… എന്‍റെ ഓർമ്മയിൽ ഇതാദ്യമായിട്ടാണ്. സാധാരണയായി ഭക്ഷണം കഴിച്ച് അടുക്കള ജോലിയൊതുക്കി ഉറങ്ങുകയല്ലേ പതിവ്…

അപ്പോൾ ഞാൻ കരുതുന്നതു പോലെയാണ് കാര്യങ്ങൾ നീങ്ങുന്നത്. കുട്ടികളെ കാലേകൂട്ടി ഉറക്കുക, സവാരിക്ക് ക്ഷണിക്കുക… ഞാൻ വരുന്നില്ലെന്ന് പറഞ്ഞിട്ടും അവൾ ഒറ്റയ്ക്ക് നടക്കാനിറങ്ങുക… അല്ല പോയല്ലേ പറ്റൂ… ഗൂഢാലോചന പാളിപ്പോയെന്നു കാമുകനെ അറിയിക്കണ്ടേ? അടുക്കളയുടെ കുറ്റി ഇട്ടോ എന്നു നോക്കണം. അവൾ മടങ്ങി വരുമെങ്കിൽ അവളോട് ഇതേക്കുറിച്ച് ചോദിച്ചിട്ട് തന്നെ കാര്യം. അങ്ങനെ വെറുതെ വിട്ടു കൂടല്ലോ…

“മഞ്ജുളേ, വിവാഹത്തിനു മുമ്പ് ആരെങ്കിലും നിന്നെ മഞ്ജു എന്നു വിളിച്ചിരുന്നോ?”

“ഏയ്… ഇല്ലല്ലോ?”

“അതിരിക്കട്ടെ നിനക്ക് ഇവിടെ അടുത്തേതെങ്കിലും മഞ്ജുവിനെ അറിയുമോ?”

“ആ… കമല ആന്‍റിയുടെ വീട്ടിൽ പുതിയ താമസക്കാർ വന്നിട്ടുണ്ട്. അവിടെ ഒരു മഞ്ജു ഉണ്ട്. അയാൾ ആ സ്ത്രീയെ മഞ്ജുവെന്ന് വിളിക്കുന്നതു കേട്ടു. അവരത്ര ശരിയല്ലെന്നു തോന്നുന്നു… അല്ല നിങ്ങൾക്കിതെന്തു പറ്റി? ഇതൊക്കെ നിങ്ങളെന്തിനാ തിരക്കുന്നത്?”

“അല്ല. ഇന്നലെ രണ്ടുപേർ വന്നിരുന്നു. അവരെക്കുറിച്ചാണെന്നു തോന്നുന്നു ചോദിച്ചത്… എനിക്കറിയില്ലെന്നു പറഞ്ഞു.” അടുത്ത ദിവസം രാവിലെ സൈറൻ ശബ്‌ദം കേട്ടാണ് ഞാനുണർന്നത്. വഴിവക്കിൽ രണ്ടു പോലീസ് ജീപ്പും ആംബുലൻസും കിടക്കുന്നതു കണ്ടു. ഞാൻ കൂടി നിന്നവരിൽ ഒരാളോട് കാരണമാരാഞ്ഞു.

“ഇന്നലെ രാത്രി കള്ളൻ കയറിയെന്നോ… അവരുടെ ഭർത്താവിനെ തലയ്ക്കടിച്ചെന്നോ… പറയുന്നതു കേട്ടു.”

നെറ്റിയിലെ വിയർപ്പു തുടച്ച് ഞാൻ വീട്ടിലെത്തി. “മഞ്ജുളേ വേഗമൊരുങ്ങിക്കോ… ഇന്നു സമയമുണ്ടെങ്കിൽ നമുക്ക് പാർക്കിൽ പോകാം… പുറത്തു നിന്നും ഭക്ഷണവും കഴിക്കാം. പിന്നെ ഏതു സിനിമ കാണണമെന്ന് നീ തീരുമാനിക്ക്.”

വൈകിയെത്തിയ യാത്രികർ

ലഞ്ച് ടൈമിന് സൂസനെ കാണാൻ ബിജു മുറിയിലെത്തി. കസേര മുന്നോട്ട് വലിച്ചിട്ട് അയാൾ ചെറുപുഞ്ചിരിയോടെ സൂസന് അഭിമുഖമായിരുന്നു. “അക്കൗണ്ട്സ് മാനേജരാണ്, ജോലിത്തിരക്കാണ് എന്നൊക്കെയറിയാം, നാളെ സൺഡേയല്ലേ. ഞാനങ്ങോട്ട് വരുന്നുണ്ട്. തന്‍റെ മമ്മിയേയും പപ്പയേയും കണ്ട് നമ്മുടെ വിവാഹക്കാര്യം സംസാരിക്കാൻ…”

“എന്താ ഇത്ര തിടുക്കം…” സൂസനൊന്ന് പരിഭ്രമിച്ചു. “സൂസൻ… ഞാനിത് മുമ്പ് സൂചിപ്പിച്ചപ്പോഴും നീ അതുമിതും പറഞ്ഞ് എന്‍റെ മനസ്സു മാറ്റാൻ ശ്രമിച്ചതാ. ഇനിയും കാത്തിരിക്കാൻ പറഞ്ഞാൻ ഞാൻ വയസ്സനായിപ്പോവും.”

“എനിക്കു പറയാനുള്ളത് കൂടി നിങ്ങളൊന്ന് ശാന്തനായി കേൾക്കണം. പെട്ടെന്നൊരു വിവാഹമെന്നൊക്കെ പറഞ്ഞാൽ…. എനിക്കൊന്നു ചിന്തിക്കണം. എന്‍റെ മമ്മിയും പപ്പയും ബിജുവിനെ ശരിക്കും സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. അതല്ലേ. ബിജുവിന് ഇത്ര ധൈര്യം. പക്ഷേ…”

“ഒരു പക്ഷേയും വേണ്ട, സൂസൻ സന്തോഷത്തോടെ ജീവിച്ചു കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നീ റിയമോളേയും നോക്കി ഒറ്റയ്ക്കിങ്ങനെ എത്രനാൾ എന്നു കരുതിയാ. ബീ ഫ്രാങ്ക്, എനിക്ക് സൂസനെ ഇഷ്‌ടമാണ്. വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്. എന്നെപ്പോലെയൊരു ലൈഫ് പാർട്‌ണറോടൊപ്പം ജീവിക്കാൻ സൂസൻ തയ്യാറാണോ? അതുമാത്രം എനിക്കറിഞ്ഞാൽ മതി. സേ യെസ് ഓർ നോ?” അല്പം ഗൗരവത്തോടെയാണ് ബിജുവത് പറഞ്ഞത്.

“അ… അത്… ബിജുവിനെ എനിക്കിഷ്ടമാണ്. പക്ഷേ രണ്ടാമതൊരു വിവാഹം… എനിക്കൊന്നാലോചിക്കണം.”

“യെസ് എന്നു പറഞ്ഞാൽ എന്തു പ്രോബ്ലമാണുണ്ടാവുകയെന്നാണ് എനിക്ക് മനസ്സിലാവാത്തത്.”

“ഞാനിതിനു മുമ്പ് ഇതേ ടോപ്പിക്കിനെ കുറിച്ച് ബിജുവിനോട് എത്രയോ വട്ടം സംസാരിച്ചിട്ടുണ്ട്. മമ്മിക്കും പപ്പയ്ക്കും വയസ്സായി. ഒറ്റ മകളായതു കൊണ്ട് അവരുടെ കാര്യങ്ങൾ ഞാനല്ലേ നോക്കേണ്ടത്. പിന്നെ റിയമോൾ… പപ്പയും മമ്മിയുമൊക്കെയായി അവൾക്കിന്ന് ഞാൻ മാത്രമല്ലേയുള്ളൂ. ഞാൻ രണ്ടാമതൊരു വിവാഹം കഴിച്ചാൽ… അത് റിയമോൾക്ക് ഏതെങ്കിലും തരത്തിൽ വിഷമമുണ്ടാക്കിയാലോ… വേണ്ട… ശരിയാവില്ല.”

“അപ്പോ അതാണോ കാര്യം… നോ പ്രോബ്ലം. സൂസനെ ഞാൻ ജീവനു തുല്യം സ്നേഹിക്കുന്നു. എന്നെ വിവാഹം കഴിച്ചുവെന്നു കരുതി സൂസന് ഒരിക്കലും റിഗററ്റ് ചെയ്യേണ്ടി വരില്ല.”

“റിയലി.”

“യെസ്.” ബിജു ആത്മവിശ്വാസത്തോടെ അവളെ നോക്കി പുഞ്ചിരിച്ചു.

“പേരന്‍റ്സും മോളും… അവർക്ക് താല്‌പര്യമില്ലാത്ത ഒരു കാര്യത്തെക്കുറിച്ചും എനിക്ക് ചിന്തിക്കാനാവില്ല. അവരെല്ലാം സമ്മതിക്കുകയാണെങ്കിൽ…” സൂസന്‍റെ സംസാരം മുറിഞ്ഞിരുന്നുവെങ്കിലും മുഖത്ത് സമ്മതഭാവം പ്രകടമായിരുന്നു.

“നോ പ്രോബ്ലം. അവരെല്ലാവരും സമ്മതിച്ചാൽ നമ്മുടെ കാര്യം ഓകെയാണല്ലോ?”

“ഷുവർ…” സൂസൻ ലജ്ജയോടെ ബിജുവിന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി.

അടുത്ത ദിവസം ബിജു വരുന്നുണ്ടെന്ന് വീട്ടിലെത്തിയ ഉടനെ തന്നെ സൂസൻ പേരന്‍റ്സിനെ അറിയിച്ചു. ബിജുവിനെ വിവാഹം കഴിച്ചാൽ മകൾ സുരക്ഷിതയാവുമെന്നും അവൾക്ക് നല്ലൊരു തുണ കിട്ടുമല്ലോ എന്നും ആ വൃദ്ധദമ്പതികൾ പ്രത്യാശിച്ചിരുന്നു.

“പെരുമാറ്റം കണ്ടിട്ട് നല്ല പയ്യനാണെന്നു തോന്നുന്നു. നിന്നെയും റിയമോളേയും അയാൾ പൊന്നുപോലെ നോക്കും. ഇനിയെങ്കിലും നീയൊന്ന് സമ്മതിക്ക് മോളേ…” റോസ്‌ലിയുടെ കണ്ണു നിറഞ്ഞു.

“മമ്മീ, പുനർവിവാഹത്തിന് ഞാൻ എതിരല്ല. പക്ഷേ വിവാഹിതയെന്നു പറയിക്കാൻ വേണ്ടിയൊരു വിവാഹം. അതുവേണ്ട ആരെയും ഡിപ്പന്‍റ് ചെയ്യാതെ ഞാനിതുവരെ കാര്യങ്ങൾ ഭംഗിയായി നോക്കി നടത്തിയില്ലേ. മമ്മിക്കും പപ്പയ്ക്കും റിയമോൾക്കും എന്തെങ്കിലുമൊരു കുറവ് തോന്നിയിട്ടുണ്ടോ? പ്ലീസ് മമ്മീ.. വിവാഹത്തിന് എന്നെ നിർബന്ധിക്കരുത്.” മകൾ പറഞ്ഞതു കേട്ട് റോസ്‌ലിക്ക് കൂടുതൽ സംസാരിക്കാൻ തോന്നിയില്ല.

“മോളേ…” റോസ്‌ലി നിശ്ശബ്ദയായിരിക്കുന്നതു കണ്ട് മാത്യൂസാണ് തുടർന്നു സംസാരിച്ചത്. “റിയമോളുടെ പപ്പയുടെ സ്ഥാനത്ത് നിനക്ക് മറ്റൊരാളെ സങ്കല്പിക്കാനാവില്ലെന്ന് എനിക്കറിയാം. പക്ഷേ ഒരു ആൺതുണയില്ലാതെ ഒരു ജീവിതം… നിന്‍റെ ഭാവി… ഞങ്ങൾക്ക് വല്ലാത്ത ടെൻഷനുണ്ട്. നിനക്ക് ചെറുപ്പമാണ്. ജീവിതത്തിന്‍റെ സീരിയസ്നെസ്സ് അറിയാത്തതുകൊണ്ട് നിനക്കിങ്ങനെ തോന്നുന്നതാണ്… ബിജുവിനേയും റിയമോളുടെ പപ്പ വിവേകിനേയും കംപയർ ചെയ്യാതിരിക്കുന്നതാണ് നല്ലത്. എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു. ഇനി നിന്‍റെ ഇഷ്ടം.” മാത്യൂസ് ടൗവൽ കൊണ്ട് മുഖമൊന്ന് അമർത്തി തുടച്ചു.

ഞായറാഴ്ച്ച രാവിലെ 10 മണിയോടെ തന്നെ ബിജു അവരുടെ വീട്ടിലെത്തി. മാത്യൂസ്, റോസ്‌ലി, റിയമോൾ എല്ലാവരേയും ഇംപ്രസ്സ് ചെയ്യേണ്ടേ? ബിജു ശരിക്കും തയ്യാറായി തന്നെയാണ് അവിടെയെത്തിയത്. ഫ്രൂട്ട്സ്, മധുരപലഹാരങ്ങൾ കൂടാതെ റിയമോൾക്ക് വേണ്ടി ഫോറിൻ ചോക്ലേറ്റ്സും പ്രത്യേകം കരുതിയിരുന്നു. അകത്തേയ്ക്ക് കയറിയതും ബിജു സൂസന്‍റെ കൈയിൽ ഭംഗിയുള്ള ഒരു പൂച്ചെണ്ട് ഏല്പ്‌പിച്ചു. ബിജുവിനെ കണ്ട് എല്ലാവരും ഡ്രോയിംഗ് റൂമിലെത്തി.

“ഈ പാവക്കുട്ടിക്ക് ഒരു ക്യൂട്ട് ഡോൾ അങ്കിൾ കൊണ്ടു വന്നിട്ടുണ്ട്.” ബിജു റിയമോൾക്ക് ഒരു ജാപ്പനീസ് പാവക്കുട്ടി ഉപഹാരമായി നൽകി. പാവക്കുട്ടിയെ കിട്ടിയതും റിയ സന്തോഷം കൊണ്ട് തുള്ളിച്ചാടി.

“സൂസനെപ്പോഴും നിങ്ങളേയും റിയമോളേയും പറ്റി പറയാനേ നേരമുള്ളൂ. സൂസനെന്താവശ്യമുണ്ടെങ്കിലും ഞാൻ കൂടെ നിൽക്കും. ഞാൻ വാക്കു നൽകുന്നു.” ഇതുകേട്ട് റോസ്‌ലിക്കും മാത്യൂസിനും ആശ്വാസം തോന്നി.

ബിജു റിയമോളോടൊപ്പം ക്യാരം ബോർഡ് കളിക്കുവാൻ തുടങ്ങി, ബിജുവുമായി സൗഹൃദത്തിലാവാൻ റിയമോൾക്ക് കൂടുതൽ സമയം വേണ്ടിവന്നില്ല. ഇടയ്ക്ക് തനിച്ചായപ്പോൾ അയാൾ സൂസനരികിലെത്തി. “എന്‍റെ ഇന്നത്തെ പെർഫോമൻസിന് 10 മാർക്ക് കിട്ടുമോ?”

“20 മാർക്ക്” സൂസൻ ചിരിച്ചുകൊണ്ട് കളിയാക്കി.

“മമ്മിയേയും പപ്പയേയും എനിക്ക് ഇഷ്ടമായി. അവരോടൊപ്പം താമസിച്ച് അവരുടെ കാര്യങ്ങൾ നോക്കാൻ എനിക്ക് സന്തോഷമേയുള്ളൂ.”

“ബിജു ഞങ്ങളുടെ കാര്യത്തിൽ കൂടുതൽ കെയർ കാണിക്കുന്നത് കാണുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു.”

“നോക്കിക്കോ, ഒന്നുരണ്ടാഴ്ചയ്ക്കുള്ളിൽ ഞാനും റിയമോളും നല്ല കമ്പനിയാവും. നിന്നെക്കാൾ റിയമോൾക്ക് എന്നെയാവും കാര്യം… ബെറ്റ് വയ്ക്കുന്നോ?”

“ഐ ആം റിയലി ഹാപ്പി…” സൂസൻ ചിരിച്ചു.

“എങ്കിൽ ഡേറ്റ് തീരുമാനിക്കട്ടെ.”

“ഇത്ര തിടുക്കം വേണോ?” സൂസന്‍റെ മുഖഭാവം കണ്ട് ബിജു ഉറക്കെ ചിരിച്ചു. പുതിയ മരുമകനെ വരവേല്ക്കാനെന്നോണം റോസ്‌ലി കുറേയേറെ വിഭവങ്ങൾ തയ്യാറാക്കിയിരുന്നു. ചിക്കൻ കറിയും ഫിഷ് മോളിയുമൊക്കെ ബിജുവിന് ഏറെ ഇഷ്ടമായി. “മമ്മിയു ടെ സ്പെഷ്യൽ വിഭവങ്ങളാണ്” സൂസൻ കൂട്ടിച്ചേർത്തു. ബിജു നന്നായി ഭക്ഷണം കഴിച്ചു. മമ്മിയെ അകമഴിഞ്ഞ് പ്രശംസിക്കാനും മറന്നില്ല. വൈകുന്നേരം അയാൾ എല്ലാവരേയും കൂട്ടി ഷോപ്പിംഗിന് പോയി. റിയമോൾക്ക് ഇഷ്‌ടമുള്ള ഐസ്ക്രീം വാങ്ങിക്കൊടൂത്തു. ഒരു റെഡിമെയ്‌ഡ് ഷോപ്പിൽ ഡിസ്‌പ്ലേ വച്ചിരുന്ന ഫ്രോക്ക് വേണമെന്ന് റിയമോൾ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ സൂസനാണ് എതിർത്തത്.

“ബിജു, കണ്ണിൽ കണ്ടതൊക്കെ മോൾക്ക് വാങ്ങിക്കൊടുത്ത് വഷളാക്കണ്ട.”

റിയമോളുടെ മുഖം വാടുന്നതു കണ്ട് ബിജു റിയയോടായി പതിയെ പറഞ്ഞു, “മമ്മിയില്ലാത്ത ഒരു ദിവസം അങ്കിളിനും മോൾക്കും മാത്രം വന്ന് മേടിക്കാം.” റിയ കൈകൊട്ടിയാർത്ത് സന്തോഷം പ്രകടിപ്പിച്ചു.

അവരെ വീട്ടിൽ കൊണ്ട് വിട്ട് ബിജു മടങ്ങാനൊരുങ്ങിയപ്പോൾ റിയ വേണ്ട എന്ന അർത്ഥത്തിൽ കൈയിൽ പിടിച്ചു വലിക്കുന്നതു കണ്ട് സൂസൻ അവളെ മാറ്റിനിർത്തി. “അങ്കിൾ നാളെ വരും.”

“അങ്കിൾ, നാളെ നമുക്ക് കുറേനേരം കളിക്കാം… നേരത്തെ വരണം.” ബിജു സൂസനെ നോക്കി പുഞ്ചിരിച്ചു.

അടുത്ത മൂന്ന് ഞായറാഴ്‌ചകളിലും സൂസനും കുടുംബത്തിനുമൊപ്പമാണ് ബിജു ചെലവഴിച്ചത്. കുറഞ്ഞ സമയത്തിനുള്ളിൽ അവരുടെയെല്ലാം മനസ്സിൽ അർഹമായൊരു സ്ഥാനം നേടാൻ ബിജുവിന് സാധിച്ചു.

“റിയമോളേ, അങ്കിൾ ഒരു കാര്യം ചോദിക്കട്ടെ, നമുക്ക് എല്ലാവർക്കും ഒന്നിച്ചു താമസിക്കാം. എന്താ റിയമോളുടെ അഭിപ്രായം?” തമാശയെന്നു തോന്നും വിധം എല്ലാവരുമിരിക്കെ ബിജു റിയമോളോടു ചോദിച്ചു.

“ഹായ്, നല്ല രസമായിരിക്കും അങ്കിൾ.” റിയ മോളുടെ മുഖത്ത് സന്തോഷം നിറഞ്ഞു നിന്നു.

പതിവുപോലെ ഒരു ദിവസം സൂസനും കുടുംബാംഗങ്ങൾക്കുമൊപ്പം സമയം ചെലവഴിച്ച് മടങ്ങാനൊരുങ്ങുകയായിരുന്നു ബിജു. “ബിജു ആളൊരു മിടുക്കനാണ്. എത്ര പെട്ടെന്നാണ് ഇവിടെയുള്ളവരെയൊക്കെ മയക്കിയെടുത്തത്. റിയമോൾക്കിപ്പോൾ ബിജുവിനെക്കുറിച്ച് പറയാനേ നേരമുള്ളൂ.”

“ഇപ്പോ നിന്‍റെ ടെൻഷനൊക്കെ മാറിയില്ലേ?” സൂസന്‍റെ കൈകൾ ചേർത്തുപിടിച്ചു കൊണ്ട് ബിജു ചോദിച്ചു.

“ഊം… കുറച്ചൊക്കെ…”

“ഡിയർ സൂസൻ… കുറച്ചു ദിവസം കൂടി കഴിഞ്ഞോട്ടെ, നിന്‍റെ കംപ്ലീറ്റ് ടെൻഷനും ഞാൻ മാറ്റിത്തരാം. ഐ ആം റിയലി ഹാപ്പി ടുഡേ. എനിക്ക് നിന്നോട് ഒരുപാട് സംസാരിക്കണമെന്നുണ്ട്. വാ, നമുക്ക് പുറത്തെവിടെയെങ്കിലും കറങ്ങാൻ പോകാം.”

“എവിടെ?”

“എവിടെയെന്നു സൂസൻ തീരുമാനിക്ക്…”

“ശരി, ഞാനുടനെ റെഡിയായി വരാം.” നല്ല റൊമാന്‍റിക് മൂഡിലായിരുന്നു സൂസൻ. മമ്മി തയ്യാറാവുന്നതു കണ്ട് റിയമോളും ഒപ്പം വരാൻ വാശി കാട്ടി.

“മോളെ നാളെ കൊണ്ടുപോകാം.” സൂസനും മമ്മിയും പപ്പയും ഒരു നൂറാവർത്തി പറഞ്ഞു നോക്കിയെങ്കിലും റിയ തന്‍റെ തീരുമാനത്തിൽ ഉറച്ചു നിന്നു.

“ശരി, ഞാനാദ്യം റിയമോളെ കറങ്ങാൻ കൊണ്ടുപോകും. പിന്നെ മമ്മിയെ എന്‍റെയൊപ്പം അയയ്ക്കുമല്ലോ?” ബിജു റിയയുടെ മനസ്സു മാറ്റാൻ ശ്രമിച്ചു. പക്ഷേ റിയയുടെ മനസ്സു മാറിയില്ല.

“ഊം… ശരി, എങ്കിൽ വാ. അങ്കിൾ നിന്നെ തലയിലേറ്റി വച്ചിരിക്കുകയല്ലേ. അതിന്‍റെ വാശിയാ നീ ഈ കാണിക്കുന്നത്.” സൂസൻ സമ്മതം മൂളിയതോടെ റിയയൊന്നടങ്ങി. പക്ഷേ ബിജുവിന്‍റെ മുഖത്ത് അനിഷ്ടം പ്രകടമായിരുന്നു.

“ഐ ആം സോറി ബിജൂ, അടുത്ത തവണ ഞാൻ എന്തായാലും നിങ്ങളോടൊപ്പം കറങ്ങാൻ വരാം.” ബിജുവിന്‍റെ മനസ്സു വായിച്ചെന്നോണം സൂസൻ പറഞ്ഞു.

“റിയ ഇനിയും വാശി പിടിക്കില്ലെന്ന് എന്താ ഉറപ്പ്. നീ ഇന്നു തന്നെ നോ പറയേണ്ടിയിരുന്നു.” ബിജുവിന്‍റെ വാക്കുകളിൽ അസന്തുഷ്ടി നിറഞ്ഞു നിന്നു.

“എങ്കിൽ അവൾ കരഞ്ഞു കരഞ്ഞ് ഈ വീട്‌തന്നെ കലക്കി മറിച്ചേനേ…”

“കുട്ടികളാവുമ്പോൾ അല്പസ്വല്പമൊക്കെ കരഞ്ഞെന്നിരിക്കും, വാശി പിടിച്ചെന്നിരിക്കും. എന്നു കരുതി ശാസിക്കേണ്ടിടത്ത് ശാസിക്കണ്ടേ…. ഞാൻ പറഞ്ഞു വരുന്നതിന്‍റെ സീരിയസ്നെസ്സ് സൂസന് മനസ്സിലാവുന്നുണ്ടല്ലോ?”

“ഓകെ. ഞാനവളോടൊന്നു സംസാരിച്ചു നോക്കട്ടെ,” സൂസൻ മകളെ അടുത്തു വിളിച്ച് മയത്തിൽ സംസാരിക്കുന്നതിനു പകരം കൂടെ വരണ്ട എന്നു തറപ്പിച്ചു പറഞ്ഞു. സൂസൻ കരുതിയതു പോലെ തന്നെ വരേണ്ട എന്നു കേട്ടതും റിയ പൊട്ടിക്കരയാൻ തുടങ്ങി.

“സൂസൻ നീ ഇന്ന് എന്‍റെ കൂടെ വന്നേ തീരൂ… നമുക്ക് വേഗം മടങ്ങി വരാമല്ലോ… നിന്നെ പിരിഞ്ഞ് അല്പസമയം… അത് റിയയ്ക്കൊരു ട്രെയിനിംഗുമാവും.” സൂസൻ മകളുടെ കരച്ചിൽ നിർത്താൻ ശ്രമിക്കാതെ ബിജുവിനൊപ്പം പുറത്തേക്കിറങ്ങി.

വൈകിട്ട് അഞ്ചു മണിയായി കാണും. ബിജു റോഡരികിലുള്ള ഒരു റെ‌സ്റ്റോറന്‍റിനോട് ചേർന്ന് കാർ ഒതുക്കിയിട്ടു. “എന്താ… ഒരു കോഫിയാവാം അല്ലേ?”

“ഇപ്പോ ഒന്നും കഴിക്കാനുള്ള മൂഡില്ല. നമുക്ക് പാർക്കിൽ ചെന്നിരുന്ന് കുറച്ചു നേരം സംസാരിക്കാം.” ബിജു അടുത്തുള്ള പാർക്ക് ലക്ഷ്യമാക്കി കാർ ഓടിച്ചു. കുറച്ചു സമയം അവർക്കിടയിൽ നിശ്ശബ്‌ദത തളം കെട്ടിനിന്നു. സൂസൻ ഉത്സാഹം നഷ്‌ടപ്പെട്ട് ക്ഷീണിതയായി കാണപ്പെട്ടു.

“റിയ, അവൾ ഞാനുമായി വല്ലാതെ അറ്റാച്ച്ഡ് ആണ്. കണ്ടില്ലേ, കൂടെ വരണമെന്നു പറഞ്ഞ് അവൾ എന്തുമാത്രമാ ഇന്നു കരഞ്ഞതെന്ന്. ഇനി ഭാവിയിൽ ഈ പ്രശ്‌നങ്ങൾ നേരെയാവുമെന്നു തോന്നുന്നുണ്ടോ?” റിയമോൾ മാത്രമായിരുന്നു സൂസൻ സംസാരത്തിലുടനീളം.

“സൂസൻ… പ്രശ്നമെന്തായാലും സമാധാനമായി ചിന്തിച്ച് അതിന് പരിഹാരം കണ്ടെത്താമല്ലോ. ഇനി കുറച്ചു നേരത്തേയ്ക്ക് നീ റിയയെക്കുറിച്ചുള്ള സംസാരം മതിയാക്കൂ…” ബിജു നല്ല റൊമാന്‍റിക് മൂഡിലായിരുന്നു. സൂസന്‍റെ ചുണ്ടുകളിലും നേരിയ ഒരു പുഞ്ചിരി വിരിഞ്ഞു.

അല്പസമയത്തിനുള്ളിൽ തന്നെ ബിജു സൂസന്‍റെ മനസ്സു മാറ്റിയെടുത്തു. പിന്നീട് അവർ ചെറിയൊരു ഷോപ്പിംഗും നടത്തി. ബിജു സൂസന് ഒരു നെക്ലെസ് ഗിഫ്റ്റായി നൽകി. അവർ ഒന്നിച്ച് റെസ്‌റ്റോറന്‍റിൽ നിന്നും കാപ്പി കുടിച്ചു. ഒരുപാട് സംസാരിച്ചെങ്കിലും ബിജുവിന് എന്തോ ഒരതൃപ്തി തോന്നി.

നേരമിരുട്ടുന്നതു കണ്ട് അവർ വീട്ടിലേയ്ക്ക് തിരിച്ചു. വീട്ടിലെത്തിയപ്പോഴേയ്ക്കും 9 മണി കഴിഞ്ഞിരുന്നു. കാർ അടഞ്ഞു കിടക്കുന്ന ഗേറ്റിനു മുന്നിൽ വന്നു നിന്നു.

“നോക്കിക്കോ, റിയ നിങ്ങളുമായി ശരിക്കുമൊരു സ്റ്റണ്ട് തന്നെയുണ്ടാവും.” സൂസന്‍റെ മുഖം ടെൻഷൻ കൊണ്ട് വലിഞ്ഞു. അത്രയും നേരം ഹാപ്പി മൂഡിലായിരുന്ന ബിജുവിന്‍റെ മുഖത്തും ടെൻഷൻ പടർന്നു.

“നീ വൈകു ന്നേരം റിയമോളുടെ പ്രശ്നത്തിന് ഒരുത്തരം കണ്ടെത്തണമെന്ന് എന്നോട് ആവശ്യപ്പെട്ടിരുന്നില്ലേ. അതിന് ഞാനൊരു സജഷൻ തരാം.” ബിജു കാർ ഗെയിറ്റിന് വെളിയിൽ തന്നെ നിറുത്തിയിട്ടു.

“എന്തു പ്രശ്നം…?” സൂസൻ ബിജുവിന്‍റെ സംസാരം കൂടുതൽ ശ്രദ്ധിച്ചു.

*റിയമോൾ… അവൾ നീയുമായി ശരിക്കും അറ്റാച്ച്ഡ് ആണെന്നല്ലേ പറഞ്ഞത്. അക്കാര്യമാ ഞാൻ പറഞ്ഞുവരുന്നത്.

“ഊം… പറയൂ…. അവൾ കരയുന്നത് കാണുമ്പോൾ എനിക്കൊരു സമാധാനവുമില്ല.”

“വളരെ സ്ട്രേയ്‌റ്റായ സൊല്യൂഷനാണ്. പക്ഷേ നിനക്ക് ഇഷ്ടമാവുമോ എന്നറിയില്ല.” ബിജുവിന്‍റെ മുഖത്ത് ഗൗരവം നിറഞ്ഞു.

“ഭാവിയിലാണെങ്കിലും റിയമോൾ സ്വന്തം കാലിൽ നിൽക്കണം, മിടുക്കിയാവണമെന്നുണ്ടെങ്കിൽ നീ അവളെ ഹോസ്റ്റലിലയ്ക്കയക്കണം.”

“അതിനവൾ ഏഴ് വയസ്സുള്ള ഒരു കൊച്ചു കുട്ടിയല്ലേ, ബിജൂ” സൂസൻ ശരിക്കുമൊന്നു ഞെട്ടി.

“അതിനെന്താ, അവളെക്കാൾ ചെറിയ കുട്ടികളെ ഹോസ്റ്റലിൽ താമസിപ്പിക്കുന്നുണ്ടല്ലോ. അവിടെ ഹോസ്റ്റൽ ചിട്ടവട്ടങ്ങളും മറ്റു കുട്ടികളുമൊക്കെയായി അവളുടെ പേഴ്‌സണാലിറ്റി തന്നെ ശരിക്കും മാറും. നമുക്കിവിടെ സ്വസ്‌ഥമായ ദാമ്പത്യ ജീവിതവും നയിക്കാനാവും.” ബിജു സ്നേഹം കലർന്ന ഭാവത്തോടെയാണ് ഇത്രയും പറഞ്ഞത്.

അല്പസമയത്തെ നിശ്ശബ്ദതയ്ക്കു ശേഷം ഇടറിയ ശബ്ദത്തോടെ സൂസൻ സംസാരം തുടർന്നു. “ബിജു പറയുന്നതിലും കാര്യമുണ്ട്. പക്ഷേ, അവളെ ഹോസ്‌റ്റലിലേക്കയയ്ക്കാൻ എനിക്ക് മനസ്സു വരുന്നില്ല.”

“അതിന് മോൾക്ക് എപ്പോൾ വേണമെങ്കിലും വീട്ടിൽ വരാമല്ലോ. നിനക്ക് ഹോസ്‌റ്റലിലേയ്ക്ക് പോവുകയും ചെയ്യാം.”

“സത്യമാണോ?”

“നൂറുശതമാനം സത്യം.”

എന്തോ ആലോചിച്ചെന്നോണം സൂസൻ ബിജുവിനോടായി പറഞ്ഞു, “മമ്മിയുടെ കാര്യം അറിയാമല്ലോ. മമ്മിക്ക് എന്നും സുഖമില്ല. ഇല്ലെങ്കിൽ നമ്മുടെ വിവാഹശേഷം റിയമോളെ ഹോസ്‌റ്റലിൽ അയയ്ക്കാതെ മമ്മിയെ ഏല്പിക്കാമായിരുന്നു.”

“അ… അത് ശരിയാവില്ല, അവൾ അടുത്തുണ്ടെങ്കിൽ എപ്പോഴും കരച്ചിലും ബഹളവുമായിരിക്കും. നമ്മുടെ പ്രൈവസി നഷ്‌ടമാവും. നിനക്കെപ്പോഴും അവളെ കാണണമെന്നു തോന്നും.” ബിജുവിന് സൂസന്‍റെ തീരുമാനം ഇഷ്‌ടമായില്ല.

“മമ്മിയും പപ്പയും അവളെ ഹോസ്‌റ്റലിൽ നിർത്തുമെന്നും എനിക്ക് തോന്നുന്നില്ല.” സൂസൻ പറഞ്ഞു.

“നീയെന്തു വിഡ്ഢിത്തമാണീ പറയുന്നത്.” ബിജുവിന് ദേഷ്യം വന്നു തുടങ്ങിയിരുന്നു. “നീ സമ്മതിപ്പിക്കണം, നിർബന്ധിക്കണം. ഇങ്ങനെ ചെയ്യുന്നതെന്തു കൊണ്ടാണെന്ന് നീ വ്യക്തമായി പറഞ്ഞു മനസ്സിലാക്കിക്കണം.” ബിജുവിന്‍റെ ടോൺ മാറി തുടങ്ങി.

“എന്നിട്ടും സമ്മതിച്ചില്ലെങ്കിൽ…”

“മണ്ടത്തരം പറയാതിരിക്കൂ സൂസൻ. നിന്‍റെ അനിഷ്ടം, നിന്‍റെ ദേഷ്യം നീ ഫീൽ ചെയ്യിക്കണം. പിന്നെ അവർ നിന്നെ ഡിപ്പന്‍റ് ചെയ്‌തല്ലല്ലോ ജീവിക്കുന്നത്.”

“അതു പറഞ്ഞപ്പോഴാണ് ഓർത്തത്. നമ്മുടെ വിവാഹം കഴിഞ്ഞാലും ഞാൻ ഒറ്റമോളായതു കൊണ്ട് അവരുടെ കാര്യങ്ങൾ ഞാനല്ലേ നോക്കേണ്ടത്. ഞാനാണ് മമ്മിയേയും പപ്പയേയും ഡോക്ടറുടെയടുത്ത് കൊണ്ടു പോകാറുള്ളത്. വീട്ടുസാധനങ്ങളും മരുന്നുകളുമൊക്കെ ഞാൻ തന്നെയാണ് വാങ്ങാറുള്ളത്. അപ്പോൾ ഈ പ്രശ്‌നങ്ങൾക്കും ഒരു പരിഹാരം കണ്ടെത്തേണ്ടി വരും.”

“നോ പ്രോബ്ലം, മൈ ഡിയർ. അതിന് അവരെ ശുശ്രൂഷിക്കാൻ ഒരു ഹോം നേഴ്സിനെ ഏർപ്പെടുത്തിയാൽ പോരേ. അവരു ടെ പെയ്മെന്‍റ് നമുക്ക് നൽകാം. പെൻഷൻ ഉള്ളതുകൊണ്ട് പപ്പയ്ക്ക് വീട് മാനേജ് ചെയ്യാൻ വലിയ ബുദ്ധിമുട്ടുണ്ടാവുകയില്ല. എങ്ങനെയുണ്ട് എന്‍റെ ഐഡിയ!” ബിജുവിന്‍റെ മുഖത്ത് ഗൗരവവും അഭിമാനവും നിറഞ്ഞു.

“നമ്മളെ സംബന്ധിച്ച് ഇതൊക്കെ ഓകെയാണ്. പക്ഷേ…”

“പക്ഷേ എന്നൊക്കെ പറഞ്ഞ് വീണ്ടും കൺഫ്യൂസ്ഡ് ആവല്ലേ. മറ്റുള്ളവരുടെ സുഖസൗകര്യങ്ങളെന്ന പോലെ തന്നെ നമ്മുടെ കാര്യങ്ങളിലും ശ്രദ്ധ വേണം സൂസൻ.”

“സ്വന്തം സുഖസൗകര്യങ്ങൾ… സ്വാർത്ഥതയാവില്ലേയത്.”

“ഒരിക്കലുമല്ല. സ്വയം സന്തോഷമറിയാത്തവർ മറ്റുള്ളവരു ടെ ജീവിതത്തിൽ എങ്ങനെ സന്തോഷം നിറയ്ക്കും?” സൂസന്‍റെ ഓരോ സംശയത്തിനും ഉത്തരം നൽകാൻ ബിജുവിന് വാക്കുകൾ ഏറെയുണ്ടായിരുന്നു.

“സന്തോഷത്തിന്‍റെ കാര്യത്തിൽ ഇത്രയ്ക്ക് സാമർത്ഥ്യം, അതു വേണോ… ബിജൂ.”

“ഇതിപ്പോ നീയെന്നെ തർക്കിച്ചു തോൽപിക്കാനുള്ള പുറപ്പാടാണോ?” ബിജുവിന് ദേഷ്യം വരാൻ തുടങ്ങിയിരുന്നു.

“ശരി, ഇനി ഞാൻ മിണ്ടുന്നില്ല.” സൂസൻ തന്‍റെ ചൂണ്ടുവിരൽ ചുണ്ടിലമർത്തി ഇനി സംസാരിക്കുന്നില്ലെന്നർത്ഥത്തിൽ ബിജുവിനെ നോക്കി.

“നമ്മുടെ സന്തോഷത്തിനു വേണ്ടിയാണ് ഞാനിത്രയും പറഞ്ഞത്. ഞാൻ അകത്തേയ്ക്ക് വരുന്നില്ല. ഓകെ, ഗുഡ് നൈറ്റ്.”

സൂസൻ കാറിൽ നിന്നിറങ്ങി ഗെയിറ്റ് തുറന്ന് അകത്തെത്തിയതും റിയമോൾ സൂസനെ കെട്ടിപ്പിടിച്ച് ഏങ്ങിക്കരയാൻ തുടങ്ങി. അവളെ ആശ്വസിപ്പിക്കാൻ സൂസന് ഏറെ പാടുപെടേണ്ടി വന്നു. റിയ ഉറങ്ങിയ ശേഷം സൂസൻ മമ്മിയേയും പപ്പയേയും മാറി മാറി നോക്കി.

“ഞാൻ ബിജുവിനെ വിവാഹം കഴിക്കുന്നില്ല.” സൂസൻ തന്‍റെ തീരുമാനമറിയിച്ചു.

“ഏ…” മമ്മിയും പപ്പയും ഏകസ്വരത്തിൽ ചോദിച്ചു.

“ബിജു ഇത്രയും ദിവസം നമ്മളോടെല്ലാം സ്നേഹത്തോടെയും ഭവ്യതയോടെയും പെരുമാറിയത് എന്നെ വിവാഹം കഴിക്കാൻ വേണ്ടിയുള്ള അഭിനയമായിരുന്നു. സാഹചര്യങ്ങൾക്കനുസരിച്ച് സ്വഭാവം മാറ്റാൻ അയാളുടെയത്ര വലിയ വിരുതൻ വേറെ കാണില്ല.”

“നിങ്ങൾ പരിചയപ്പെട്ട സാധു മനുഷ്യനല്ല അയാൾ. അയാളുടെ മനസ്സു നിറയെ സ്വാർത്ഥതയാണ്. ദുഷ്ടനാണയാൾ. റിയമോളും നിങ്ങളുമൊക്കെ അയാൾക്കിപ്പോഴേ ഒരു ഭാരമായി തോന്നിത്തുടങ്ങിയിട്ടുണ്ട്. എനിക്ക് ഒരു കാര്യം മനസ്സിലായി. ഏതൊരു പ്രശ്‌നത്തെയും നോ പ്രോബ്ലം കണ്ണിലൂടെ നോക്കാനേ അയാൾക്കാവൂ. ഇത്രയും നീചനായ ഒരാളെ വിവാഹം കഴിക്കാൻ നിങ്ങൾ ഇനിയുമെന്നെ നിർബന്ധിക്കരുത്. പ്ലീസ്.”

രാത്രി ആകാശത്ത് നിലാവുദിച്ചു. സൂസൻ റിയമോളെ കെട്ടിപ്പിടിച്ചു കിടന്നു.

“ഇവൾ ഇല്ലാത്ത ഒരു സന്തോഷവും എനിക്ക് വേണ്ട.” സൂസൻ സ്ത്രീകൾക്ക് മാത്രം കഴിയുന്ന ദൃഢനിശ്ചയത്തോടെ മനസ്സിൽ ആ തീരുമാനം കുറിച്ചിട്ടു.

കേൾക്കാൻ മറന്നത്…

നീരജ് അന്നും ഓഫീസിൽ നിന്നിറങ്ങാൻ വൈകി, വീട്ടിലെത്തിയപ്പോൾ സമയം എട്ടുമണി. അഞ്ജന കുട്ടികൾക്ക് പാഠങ്ങൾ പറഞ്ഞു കൊടുക്കുകയാവും. നീരജ് സ്പെയർ താക്കോൽ കൊണ്ട് വാതിൽ തുറന്ന് അകത്തു കടന്നു. ബ്രീഫ്കേസ് മേശപ്പുറത്ത് വെച്ച് ബെഡ്റൂമിലേക്ക് നടക്കുമ്പോൾ തൊട്ടടുത്ത മുറിയിൽ അഞ്ജന ആരോടോ ഫോണിൽ പതിഞ്ഞ ശബ്ദത്തോടെ സംസാരിക്കുകയായിരുന്നു. നീരജ് ആകാംക്ഷയോടെ ശ്രദ്ധിച്ചു. “അതോ, രാവിലെ പതിനൊന്നു മണിയാകുമ്പോഴേക്കും വന്നാൽ മതി. എനിക്ക് നിങ്ങളെ റിസീവ് ചെയ്യാൻ സാധിക്കില്ല. രാവിലെ 10 മണിവരെ നീരജ് വീട്ടിലുണ്ടാകും. വൈകിട്ട് എനിക്ക് തിരിച്ചെത്തുകയും വേണം. നമ്മൾ സാധാരണ ഭക്ഷണം കഴിക്കാറുള്ള റെസ്റ്റോറൻറിൽ വച്ച് കണ്ടുമുട്ടാം. നേരിട്ടാകുമ്പോൾ മനസ്സുതുറന്നു സംസാരിക്കാമല്ലോ?”

പെട്ടെന്ന് നീരജ് വാതിൽ തുറന്ന് അകത്തുവന്നതു കണ്ട് അഞ്ജന തെല്ല് പകച്ചു. പിന്നീട് ചെറിയൊരു ചാമലോടെ നീരജിനെ നോക്കി.

“നിങ്ങളെപ്പോഴാ വന്നത്? ഞാൻ അറിഞ്ഞതുപോലുമില്ലല്ലോ?” “ഓ.കെ. ബൈ. ഞാൻ പിന്നെ വിളിക്കാം,” അവൾ ഫോൺ ഡിസ്കണക്ട് ചെയ്തു‌.

“നിങ്ങൾ കുളിച്ച് ഫ്രഷായി വരു. ഞാൻ ഭക്ഷണമെടുത്തു വയ്ക്കാം.” അഞ്ജനയുടെ ശബ്ദമിടറി.

“ആരായിരുന്നു ഫോണിൽ?”

“അതോ… ഓ… വെറുതെ…” മറുപടി നൽകാതെ അവൾ എഴുന്നേൽക്കുന്നതു കണ്ട് നീരജ് കുപിതനായി.

“വെറുതെയോ… തെളിച്ചു പറയ്.” നീരജിന്‍റെ സ്വരം കനത്തു.

“എന്‍റെ പഴയൊരു ക്ലാസ്മേറ്റാ… നിങ്ങൾക്ക് ഓർമ്മ കാണുമോ എന്തോ? കഴിഞ്ഞ അവധിക്കാലത്ത് ഊട്ടിയ്ക്കു പോയപ്പോൾ ഞാൻ നിങ്ങൾക്കൊരാളെ പരിചയപ്പെടുത്തിയത് മറന്നോ.

“ആര്? ആ പ്രദീപോ?” നീരജിന്‍റെ കണ്ണിൽ ദേഷ്യം ഇരമ്പി.

“ഓ… ഓർമ്മയുണ്ടല്ലേ?” അവൾ ചിരിച്ചു. പക്ഷേ, നീരജിന്‍റെ മുഖം വലിഞ്ഞുമുറുകി.

“മറ്റു പുരുഷന്മാരോടു നീ ഇങ്ങനെ കൊഞ്ചിക്കുഴഞ്ഞു സംസാരിക്കുന്നത് എനിക്കിഷ്ടമല്ല. പണ്ടും ഈ പ്രശ്‌നത്തിന്‍റെ പേരിൽ ചെറിയൊരു വഴക്കുണ്ടായതാ. ഞാനന്ന് നിന്നെ വിലക്കി. എന്നിട്ട് വീണ്ടും നീ അയാളോട് പഴയപോലെ…”

“മറ്റു വല്ലവരുമൊന്നുമല്ല പ്രദീപ്. പ്രദീപിനെ എനിക്ക് നേരത്തെ പരിചയമുണ്ട്. എന്‍റെ കളിക്കൂട്ടുകാരൻ… സ്‌കൂൾ മുതൽ ഞങ്ങൾ ഒന്നിച്ചാ പഠിച്ചത്. നാമ്മുടെ വിവാഹം കഴിഞ്ഞ് പത്തു വർഷത്തോളമായില്ലേ? എന്നിട്ടും ഇന്നും നിങ്ങൾക്കെന്നെ സംശയമാണല്ലേ?”

“നിങ്ങൾ തമ്മിലുള്ള റിലേഷനെങ്ങനെയാ? ഞാനറിയാതെ ഒരു രഹസ്യബന്ധം? ഞാൻ ഓഫീസിൽ പോയ ശേഷം നീ അയാളെ കാണാൻ പോകുന്നതെന്തിനാണ്?” നീരജ് സംശയ ദൃഷ്ടിയോടെ അഞ്ജ‌നയെ നോക്കി.

“നിങ്ങൾ വിചാരിക്കുപോലെ ഒന്നുമില്ല. നല്ല സൗഹൃദം മാത്രം.” അഞ്ജന അമർഷത്തോടെ പറഞ്ഞു.

“അതുശരി. ഞാനിത്രയും നേരം കേട്ടതൊക്കെ നുണയാണോ?”

“നിങ്ങളുടെ മനസ്സിലിരുപ്പെന്താണെന്ന നിങ്ങൾക്കുമാത്രമേ അറിയൂ. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അത്ര തന്നെ. ഇന്ന് ഫോണിലൊന്നു സംസാരിച്ചുവെന്ന് മാത്രം.” അഞ്ജനയ്ക്കും ദേഷ്യമടക്കാനായില്ല.

“എനിക്ക് നിന്‍റെ വാദമൊന്നും കേൾക്കേണ്ട. പഴയ കാമുകനായിരുന്നു ഫോണിലെന്നു പറയാനെന്താ ഇത്ര മടി.”

“നീരജ്…” വെറുതെ കള്ളക്കഥയുണ്ടാക്കരുത്. ഇതൊക്കെ തരംതാഴ്ന്ന കളിയാണ്. മതി. ഇനിയെന്തെങ്കിലും പറഞ്ഞാൽ…”

“പറഞ്ഞാൽ, നീയെന്തു ചെയ്യും? അയാളോടൊപ്പം ഒളിച്ചോടുമായിരിക്കും. രണ്ടിനേയും ഞാൻ ജീവനോടെ വെച്ചേക്കില്ല.”

“നീരജ്… പ്ലീസ് ഇനിയൊരക്ഷരം മിണ്ടരുത്.” പുച്‌ഛത്തോടെയും അമർഷത്തോടെയും അവൾ നീരജിനെ നോക്കി. നീരജ് അവളുടെ മുഖത്താഞ്ഞടിച്ചു.

“നീരജ്…”

“ഈഗോയാണ് നിങ്ങൾക്ക്, സംശയ രോഗം. ഇങ്ങനെയാണോ ഭർത്താവിന്‍റെ അധികാരമെടുക്കുന്നത്. ഛെ! എത്ര ഇടുങ്ങിയ മ്ലേച്‌ഛമായ മനസ്സാണ് നിങ്ങളുടേത്.”

“മര്യാദയ്ക്ക് എന്‍റെ കൺവെട്ടത്തു നിന്നും മാറിക്കോ… ഇല്ലെങ്കിൽ എന്‍റെ സ്വഭാവം നീ അറിയും.” നീരജ് കയർത്തു.

“വാസ്ത‌വം എന്താണെന്നറിയുമ്പോൾ നിങ്ങൾ പശ്ചാത്തപിക്കും. പക്ഷേ, നിങ്ങളോടിതൊക്കെ പറഞ്ഞിട്ടെന്തു കാര്യം!” കോപവും സങ്കടവുമടക്കാനാവാതെ അവൾ കിതയ്ക്കുകയായിരുന്നു.

അഞ്ജന തന്നോട് മാപ്പു പറയുമെന്നും ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുമെന്നും നീരജ് കരുതി. പക്ഷേ, അവൾ കുട്ടികളെ ഹോംവർക്കിൽ സഹായിക്കുകയായിരുന്നു. അവൾ തന്നെ വെല്ലുവിളിക്കുകയാണ്. ഞാൻ സംശയിച്ചതെത്ര ശരിയായി. നീരജ് കിടക്കയിൽ വന്നു കിടന്നു.

പ്രദീപിനെ ആദ്യമായി കണ്ടുമുട്ടിയ നാൾ ഓർമ്മയിൽ മിന്നിത്തെളിഞ്ഞു. കഴിഞ്ഞ വേനലവധിക്കാലത്താണ് നീരജും അഞ്ജനയും കുട്ടികളോടൊപ്പം ഊട്ടിയിലെത്തിയത്. ഒരു ഹോട്ടലിൽ മുറി ബുക്ക് ചെയ്തിരുന്നു. ലഗേജെല്ലാം മുറിയിലാക്കിയശേഷം റെസ്റ്റോറന്‍റിൽ ചെന്നപ്പോഴാണ് ആ പ്രശ്നമുണ്ടായത്. ഭക്ഷണത്തിനും കൂടി ചേർത്തുള്ള തുക മുൻകൂട്ടി നൽകിയിട്ടും വീണ്ടും ഒരു ബിൽ കൂടി. അതുകണ്ട് നീരജ് സപ്ലയറോട് കയർത്തു.

“നാലു ലഞ്ചും നാലു ഡിന്നറും പായ്ക്കേജിൽ ഉൾപ്പെടുത്തിയിരുന്നല്ലോ?”

“സർ, ഇന്നുച്ച മുതലുള്ള ഭക്ഷണത്തിന് പണം നൽകേണ്ട. പക്ഷേ, ഇപ്പോൾ ബില്ല് നൽകേണ്ടിവരും.”

“എവിടെ നിങ്ങളുടെ മാനേജർ? എനിക്ക് മാനേജറോട് സംസാരിക്കണം.” ബഹളം കേട്ട് ഹോട്ടൽ മാനേജർ അവിടെയെത്തി. അഞ്ജനയെ കണ്ട് ആശ്ചര്യത്തോടെ അയാൾ അവർക്കരികിലെത്തി.

“അഞ്ജന… നീ… ഇവിടെ?”

“നീരജ്!”‎

“ഞാനീ ഹോട്ടലിന്‍റെ മാനേജരാ…” വർഷങ്ങൾക്കുശേഷം ഇങ്ങനെയൊരു കൂടിക്കാഴ്ചയുണ്ടാകുമെന്നു വിചാരിച്ചതേയില്ല.

“ഇതെന്‍റെ ഹസ്ബന്‍റ്…” അഞ്ജന നീരജിനെ പരിചയപ്പെടുത്തി.

“കണ്ടതിൽ ഏറെ സന്തോഷമുണ്ട്. നിങ്ങൾക്ക് സ്പെഷ്യൽ കൺസിഡറേഷൻ നൽകാൻ ഞാൻ സ്‌റ്റാഫിനോടു പറയാം.” “പ്രദീപ്, ഫോർമാലിറ്റിയുടെ ആവശ്യമൊന്നുമില്ല. നീയെത്ര വർഷമായി ഇവിടെ?”

“ആറ്. ഈ ഹോട്ടലിനും അത്രതന്നെ പഴക്കം കാണും. ഒ.കെ. അല്പം തിരക്കുണ്ട്. തിരുവനന്തപുരത്തു നിന്നും ഒരു കൂട്ടരെത്തുന്നുണ്ട്. അവർക്ക് വേണ്ടത് ചെയ്യട്ടെ. അതിരിക്കട്ടെ… നിങ്ങളുടെ റൂം നമ്പർ?”

“207.”

‘ഹലോ’ അയാൾ ജോലിക്കാരനെ കൈ വീശി വിളിച്ചു വരുത്തി.

“ഇവരുടെ ലഗേജൊക്കെ 107 ലേയ്ക്ക് ഷിഫ്റ്റ് ചെയ്തോളു.”

“ശരി. സർ.”

“കൂടുതൽ സൗകര്യമുള്ള റൂമാണ്. ബാത്ത് ടബ്ബ്, ടീ മേയ്ക്കിംഗ് ഫെസിലിറ്റി. ഒപ്പം ഒരു റും എക്സ്ട്രാ അറ്റാച്ച്ഡ്. കുട്ടികളും കൂടെയുള്ളതല്ലേ. ശരിക്കും എൻജോയ് ചെയ്തോളൂ.” പ്രദീപ് തിടുക്കത്തിൽ മുകൾ നിലയിലേക്കു പോയി.

“ആരാ അയാൾ?” നീരജ് അഞ്ജനയെ ആശ്ച്ചര്യത്തോടെ നോക്കി.

“പ്രദീപ് ഞങ്ങൾ സ്കൂ‌ളിൽ ഒന്നിച്ചു ചഠിച്ചതാ. പ്ലസ് ടു വരെ അവൻ വാ തുറന്നൊന്നു സംസാരിക്കുക പോലുമില്ലായിരുന്നു. ഡിഗ്രി ഫസ്‌റ്റിയർ ആയപ്പോഴേക്കും കോളേജിലെ സൂപ്പർ താരമായി മാറി.” പ്രദീപിന്‍റെ നിർദ്ദേശപ്രകാരം ജീവനക്കാരൻ ലശ്ശേജൊക്കെ 107-ാം നമ്പർ റൂമിൽ കൊണ്ടുവച്ചു. അവർ കുളിച്ച് ഫ്രഷായി പുറത്തിറങ്ങാനൊരുങ്ങിയപ്പോഴേക്കും കോൾ ബെൽ മുഴങ്ങി. ‘മാഡം, പ്രദീപ് സാർ ഇവിടെ ഏൽപിക്കാൻ പറഞ്ഞിരുന്നു.’ അയാൾ പൂച്ചെണ്ടും ഒരു വലിയ കൂട നിറ യെ ഫ്രൂട്ട്‌സും അവർക്ക് നൽകി.

“ടു അഞ്ജന ആന്‍റ് ഫാമിലി.’ പൂച്ചെണ്ടിൽ വലിയ അക്ഷരത്തിൽ കുറിച്ചിട്ടിരിക്കുന്നത് കണ്ട നീരജിന് നീരസം തോന്നി.

“ഓ… ഇനിയിപ്പോ ഈ ഹോട്ടൽ തന്നെ നിന്‍റേതായല്ലോ? സന്തോഷമായില്ലേ.” മനസ്സിലെ അമർഷം പുറത്തു കാട്ടാതെ നീരജ് പറഞ്ഞു.

“വല്ലാത്ത ക്ഷീണം. കുറച്ചു നേരം വിശ്രമിച്ചിട്ട് വൈകുന്നേരം സ്‌ഥലമൊക്കെ ചുറ്റിക്കാണാൻ പോകാം.” നീരജ് കട്ടിലിൽ നിവർന്നു കിടന്നു.

അയാൾ ഉറക്കമുണർന്നപ്പോൾ മുറിയിലാരെയും കണ്ടില്ല. നീരജ് പെട്ടെന്ന് ഡ്രസ്സ് മാറി താഴെ ലോണിലെത്തി. കുട്ടികൾ ബാറ്റ്മിൻഡൻ കളിക്കുകയായിരുന്നു. “മമ്മി എവിടെ?”

“മമ്മി, അങ്കിളിന്‍റെ റൂമിലുണ്ട്.” നവീൻ മാനേജറുടെ മുറിയിലേക്ക് ചൂണ്ടി.

നീരജ് മുറി തുറന്നപ്പോൾ അഞ്ജന മാനേജറുടെ കസേരയിലിരിക്കുകയായിരുന്നു. പ്രദീപ് അൽപം മാറി നിന്ന് ഫോണിലാരോടോ സംസാരിക്കുന്നു.

“ആഹാ, ഇതെപ്പോ എഴുന്നേറ്റു. വിളിക്കാമായിരുന്നില്ലേ.” നീരജ് വാതിൽ തള്ളിത്തുറന്ന് അകത്തുവന്ന രീതി അവൾക്ക് ഇഷ്ടമായില്ല.

“ഓ.കെ. ഞാൻ റൂമിലേക്ക് പോവുന്നു. നിങ്ങൾ സംസാരിച്ചോളു.” നീരജ് നീരസത്തോടെ പറഞ്ഞു.

“സർ, പോകാൻ വരട്ടെ.” പ്രദീപ് നീരജിന്‍റെ കൈയിൽ പിടിച്ചു.

“സർ, കൂൾ ഡ്രിങ്ക്‌സ്… കാപ്പി…”

“വേണ്ട. ഒന്നും വേണ്ട.”

“അതൊന്നും പറ്റില്ല. ആദ്യമായി വന്നതല്ലേ. നല്ല ചൂടു ചായ എടുക്കാം.” പ്രദീപ് സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചു.

“വേണ്ട. എന്‍റെ മൂഡ് ശരിയല്ല. പിന്നെ വരാം.” നീരജ് ദേഷ്യത്തോടെ അഞ്ജനയെ നോക്കി.

“സൗകര്യം പോലെ വന്നാൽ മതി.” നീരജ് തിടുക്കത്തിൽ പുറത്തേക്കിറങ്ങി. അൽപസമയത്തിനുശേഷം അഞ്ജന വളരെ സന്തോഷത്തോടെയാണ് ലോണിലെത്തിയത്.

“പ്രദീപ് ഇറ്റ്സ് റിയലി ഗ്രേറ്റ്. 150 സ്‌റ്റാഫിനെയല്ലേ ഒറ്റയ്ക്ക് മാനേജ് ചെയ്യുന്നത്. 15,000 രൂപ ശമ്പളം, ഭക്ഷണം, താമസ സൗകര്യം ഇനിയെന്തു വേണം? നമുക്ക് വേണ്ടപ്പെട്ടവർ ഇങ്ങനെ നല്ല നിലയിൽ ജീവിക്കുന്നത് കാണുന്നതുതന്നെ സന്തോഷമുള്ള കാര്യമല്ലേ?” അഞ്ജന പറഞ്ഞു.

“മതി വിവരണം. ആരെങ്കിലും കേട്ടാലെന്തു കരുതും?” നീരജ് മുറുമുറുത്തു.

“എന്തു കരുതാൻ. പഴയൊരു സുഹൃത്തിനെ കണ്ടപ്പോൾ സുഖവിവരങ്ങൾ തിരക്കുന്നുവെന്നു കരുതും. അത്രതന്നെ.” അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു.

“സുഹൃത്തല്ല. പഴയ കാമുകൻ.” നീരജിന്‍റെ മുഖം ചുവന്നുതുടുത്തു. അയാൾ അവളെ കുത്തിനോവിക്കുന്ന വിധത്തിലെന്തൊക്കെയോ പിറുപിറുത്തു.

“ഇക്കാലത്ത് മറ്റുള്ളവരുടെ കാര്യം ശ്രദ്ധിക്കാൻ ആർക്കാ സമയം? ആൺപെൺ വ്യത്യാസമില്ലാതെ എല്ലാവരും നല്ല സുഹൃത്തുക്കളാ. നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ ഞാൻ കൂടുതലൊന്നും പറയുന്നില്ല. അല്പസമയം അവർക്കിടയിൽ നിശ്ശബ്ദത തളംകെട്ടി നിന്നു.

“ശരി, ഇനിയെന്താ പ്രോഗ്രാം?” നീരജ് പിണക്കം മാറ്റാൻ ശ്രമിച്ചു.

“ഇവിടെയടുത്ത് ഭംഗിയുള്ള പാർക്കുണ്ട്. ഹോട്ടൽ വണ്ടി അറേഞ്ച് ചെയ്തിട്ടുണ്ട്. ഒരു ഗൈഡിനേയും കൂടെ അയയ്ക്കും. ചിലപ്പോൾ പ്രദീപും നമ്മുടെ കൂടെ വരുമായിരിക്കും.” അഞ്ജന ഉത്സാഹത്തോടെ പറഞ്ഞു.

“എന്തിനാണ് അയാൾ വരുന്നത്?” നീരജ് മുഖം ചുളിച്ചു.

“അതിലെന്താ തെറ്റ്? നിങ്ങൾക്കിഷ്ടമില്ലെങ്കിൽ വരണ്ടെന്നു പറയാം.”

“വേണ്ട, വേണ്ട. നിന്‍റെ ഇഷ്ടംതന്നെ നടക്കട്ടെ. നിനക്കിപ്പോ എന്‍റെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ സമയമില്ലല്ലോ.”

പിറ്റേന്ന് രാവിലെ നീരജ് നല്ല ഉറക്ക ത്തിലായിരുന്നു. റൂം ബെൽ മുഴങ്ങുന്നത് കേട്ടാണ് അയാൾ ഉണർന്നത്. “ഹൊ! നാശം. ഇതെന്തു ഹോട്ടൽ? ഒന്നുറങ്ങാനും സമ്മതിക്കില്ലേ. അഞ്ജു… നീയൊന്നു ചെന്ന് വാതിൽ തുറന്നുനോക്ക്.” മറുപടിയൊന്നും ലഭിക്കാത്തതുകൊണ്ട് നീരജ് എഴുന്നേറ്റു.

“നീ ബാത്ത്റൂമിലാണോ?”

“അല്ല. പപ്പ ഞാനാ, മമ്മി താഴേക്കു പോയി.” നിമ്മി പറഞ്ഞു.

നീരജ് വാതിൽ തുറന്നു. ഒരു ഹോട്ടൽ ജീവനക്കാരൻ പൂച്ചെണ്ടുമായി പുറത്തു നിൽക്കുന്നുണ്ടായിരുന്നു.

“ഗുഡ്മോണിംഗ് സർ, മാനേജർ സർ ഇത് താങ്കളെ ഏൽപിക്കാൻ പറഞ്ഞു.”

“ഗോ ടു ഹെൽ.” നീരജ് വാതിലാഞ്ഞടച്ചു. അയാൾ വേഗം ഡ്രസ്സ് മാറി താഴെ ലോണിൽ വന്നിരുന്നു. മാനേജറുടെ റൂം ലോക്ക് ചെയ്തിരിക്കുന്നു. കുറച്ചുനേരം നീരജ് ലോണിലെ ബെഞ്ചിൽ തന്നെയിരുന്നു. അപ്പോഴാണ് അഞ്ജനയും പ്രദീപും പുറത്തുനിന്ന് കാര്യമായെന്തോ സംസാരിച്ചു വരുന്നത്. അയാൾ ദേഷ്യം കടിച്ചമർത്തി.

“ഗുഡ്‌മോണിംഗ് സർ, രാത്രി ഉറക്കം പ്രശ്ന‌മായില്ലല്ലോ?”

“നീ ഇത്ര രാവിലെ എവിടെപ്പോയി?* നീരജ് അയാളെ വകവയ്ക്കാതെ അഞ്ജനയോട് ചോദിച്ചു.

“നിങ്ങൾ ഉറങ്ങുകയായിരുന്നില്ലേ. വെറുതെ റൂമിൽ ചടഞ്ഞിരിക്കേണ്ടെന്നു കരുതി പ്രദീപിന്‍റെ വീടുവരെയൊന്നു പോയി.” അവൾ യാതൊരു ഭാവഭേദവും കൂടാതെ പറഞ്ഞു. ഉള്ളിൽ കത്തുന്ന തീനാളങ്ങൾ തന്നെ കത്തിച്ചാമ്പലാക്കുമോ എന്ന് നീരജ് ഭയപ്പെട്ടു.

“ശരി, എനിക്കല്പം തിരക്കുണ്ട്. ചായ കൊടുത്തുവിടാം. ഇവിടിരുന്നാൽ താഴ്വാരം വ്യക്തമായി കാണാം. നല്ലൊരനുഭവമായിരിക്കും.” പ്രദീപ് ഒഴിയാൻ ശ്രമിക്കുകയാണെന്ന് നീരജിന് മനസ്സിലായി.

“ഇതെന്തു തോന്ന്യാസമാ… ഇയാളോടൊപ്പം ഇങ്ങനെ പരസ്യമായി ചുറ്റിക്കറങ്ങാൻ നിനക്ക് നാണമില്ലേ?” പ്രദീപ് കൺവെട്ടത്തുനിന്നും മാറാൻ നോക്കിനിൽക്കുകയായിരുന്നു നീരജ്.

“നീരജ്, വെറുതെ അതുമിതും പറഞ്ഞ് സന്തോഷമില്ലാതാക്കല്ലേ. നിങ്ങൾക്കിഷ്ടമില്ലെങ്കിൽ ഞാനിനി അയാളോടു സംസാരിക്കുന്നില്ല. പോരേ?” നമ്മളിവിടെ താമസിക്കുന്നിടത്തോളം കാലം പ്രദീപ് നമ്മളോട് ഇതുപോലെയൊക്കെയാവും പെരുമാറുക. നിങ്ങളോടും മിങ്കിൾ ചെയ്യാൻ ശ്രമിച്ചതല്ലേ. പക്ഷേ, നിങ്ങളുടെ ഈ ഹാർഷ് പെരുമാറ്റം. അയാളുടെ ജീവിതം ശരിക്കുമൊരു ട്രാജഡി തന്നെയാ.”

“എനിക്കിനി അയാളെക്കുറിച്ചൊരക്ഷരം കേൾക്കണമെന്നില്ല.”

രണ്ടുദിവസം കൂടി ഊട്ടിയിൽ തങ്ങി അവർ മടങ്ങാനൊരുങ്ങുമ്പോൾ ഭംഗിയുള്ള പൂച്ചെണ്ടും വലിയൊരു ഗിഫ്റ്റുമായി പ്രദീപ് അവരുടെ മുറിയിലെത്തി.

“നീരജ്, ഈ അവധിക്കാലം എന്നെന്നും നിങ്ങളുടെ ഓർമ്മയിൽ നിറഞ്ഞു നിൽക്കട്ടെ. ഞാനും എന്‍റെ സ്‌റ്റാഫും താങ്കൾക്ക് മതിയായ സൗകര്യങ്ങളൊരുക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്തെങ്കിലും കുറവുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. താങ്കൾ കുറച്ചു ദി വസം കൂടി ഞങ്ങളുടെ അതിഥിയായി ഇവിടെ തങ്ങണമെന്നാണെന്‍റെ ആഗ്രഹം. നല്ല സുഹൃത്തുക്കളോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കാൻ വല്ലപ്പോഴുമല്ലേ ഇങ്ങനെ യൊരവസരം ലഭിക്കുകയുള്ളൂ.” അയാളുടെ ശബ്ദമിടറി. നീരജിന് കുറ്റബോധം തോന്നി. അയാളോടുള്ള ദേഷ്യം തെല്ലൊന്നടങ്ങി.

മാസങ്ങൾ പിന്നിട്ടിരിക്കുന്നു. “അന്നത്തെ സംഭവത്തിനുശേഷം അഞ്ജനയ്ക്ക് അയാളുമായി യാതൊരു ബന്ധവുമില്ലെന്നാണ് കരുതിയത്. എന്നാൽ ഇന്നിതാ അവൾ അയാളോട് ഫോണിൽ സം സാരിക്കുന്നു. ഒരുപക്ഷേ, അവർ എത്രവട്ടം റെ‌സ്റ്റോറന്‍റിൽ കണ്ടുമുട്ടിയിട്ടുണ്ടാവും….. അഞ്ജനയ്ക്കയാളെ ഇപ്പോഴും… ഓരോന്നാലോചിച്ച് നീരജിന് ഉറക്കം വന്നില്ല. നീരജ് ഒളികണ്ണോടെ അഞ്ജനയുടെ ഓരോ നീക്കവും ശ്രദ്ധിച്ചു. അവൾ അലമാരയിൽ നിന്നും ഡ്രസ്സ് തെരഞ്ഞെടുത്ത് ബാഗിൽ തിരുകുവാൻ തുടങ്ങി. ഒപ്പം ഏങ്ങി കരയുന്നുമുണ്ടായിരുന്നു. നിരജ് എപ്പോഴോ ഉറങ്ങിപ്പോയി.

രാവിലെ കണ്ണുതുറന്നപ്പോൾ അഞ്ജന നിറണ്ണുകളുമായി മുന്നിൽ വന്നു നിൽക്കുകയായിരുന്നു.

“നിങ്ങളെപ്പോലെ സംശയാലുവും സ്വർത്ഥനുമായ ഒരാളുടെ കൂടെ ജീവിക്കുക എളുപ്പമല്ല. ജീവിതത്തിന്‍റെ ഓരോ ചുവടും കരുതലോടെ വേണം മുന്നോട്ടു വയ്ക്കാൻ. അന്ന് ഞാൻ പ്രദീപുമായി സംസാരിക്കാനും വീട്ടിൽ പോകാനും കാരണമെന്താണെന്ന് നിങ്ങളറിഞ്ഞിരിക്കണം.” അവൾ തുടർന്നു.

“വിവാഹം കഴിഞ്ഞ് നാലുവർഷങ്ങൾ കഴിഞ്ഞാണ് അയാൾക്കൊരു മകനുണ്ടായത്. വലിയ ആഹ്ളാദത്തോടെ രണ്ടുവർഷം കടന്നുപോയി. എന്നാൽ ഈ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. പെട്ടെന്ന് കുഞ്ഞ് ന്യൂമോണിയ ബാധിച്ച് മരണമടഞ്ഞു. ആ വിഷമം അവർക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. കാലം ഓരോരുത്തർക്കുമായി എന്തെല്ലാമാണ് കരുതി വച്ചിരിക്കുന്നതെന്ന് ഒരിക്കലും പ്രവചിക്കുവാൻ സാധിക്കില്ല. ചില്ലുകൊട്ടാരം തകർന്നു വീഴുംപോലെ അവരുടെ ജീവിതവും ഛിന്നഭിന്നമായി.

മകന്‍റെ ആകസ്‌മിക മരണം അവരുടെ ജീവിതത്തെ അപ്പാടെ മാറ്റിമറിച്ചു. ഒരു കുഞ്ഞുണ്ടായാൽ ഈ വിഷമമൊക്കെ മാറുമെന്നവർ കരുതി. ഒരു വർഷത്തിനുശേഷം അവർക്കൊരു മകൾ ജനിച്ചു. ബുദ്ധിവൈകല്യമുള്ള കുഞ്ഞായിരുന്നു അത്. സംസാരശേഷിയുമില്ല. അതോടെ ആളുകൾ അവരോട് സഹതപിക്കുവാനും കുത്തുവാക്കുകൾ പറഞ്ഞ് നോവിക്കാനും തുടങ്ങി. ജീവിതം വ്യർത്ഥമായെന്നു തോന്നിയപ്പോഴാണ് നാടുപേക്ഷിച്ച് ഈ ഹിൽഹോട്ടലിലെത്തിയത്. മകൾക്ക് ബുദ്ധിമാന്ദ്യമുണ്ടെന്നറിഞ്ഞതോടെ അയാളുടെ ഭാര്യയുടെ മാനസ്സികനില തെറ്റി. അന്ന് ഇതേക്കുറിച്ചൊക്കെയാണ് ഞങ്ങൾ സംസാരിച്ചത്.

“എൻജോയ് ചെയ്യാനല്ലേ നിങ്ങൾ വന്നത്. എന്‍റെ പ്രശ്‌നങ്ങൾ കാരണം നിങ്ങളുടെ പിക്നിക് മൂഡ് നഷ്ടമാക്കേണ്ട. ഇതൊക്കെ പറഞ്ഞ് വെറുതെ നിങ്ങളുടെ സന്തോഷം കൂടി കളയേണ്ടെന്ന് പ്രദീപ് പറഞ്ഞതിനാലാണ് ഞാൻ അന്ന് ഒന്നും പറയാതിരുന്നത്. അയാളുടെ ഭാര്യയെ സമാധാനിപ്പിക്കുവാനും അവരുടെ വിഷമങ്ങൾ പങ്കുവയ്ക്കുവാനുമാണ് ഞാനന്നയാളുടെ വീട്ടിൽ ചെന്നത്. നമ്മുടെ നാട്ടിലെ പ്രശസ്തനായ സൈക്യാട്രിസ്റ്റിനോട് ചികിത്സ നടത്താമെന്നു വാക്കും നൽകി. ഞാനിതൊക്കെ നിങ്ങളോട് ഒന്നുരണ്ടുവട്ടം പറയാൻ തുനിഞ്ഞതുമാണ്. പക്ഷേ, നിങ്ങളുടെ മനസ്സിൽ മുഴുവനും വിഷമായിരുന്നില്ലേ. പത്തുവർഷത്തെ ദാമ്പത്യജീവിതം… അതത്രമാത്രം നിസ്സാരമാണോ? ഞാനെത്ര അഡ്‌ജസ്റ്റ് ചെയ്തിട്ടുണ്ട്. നിങ്ങൾക്കിതൊക്കെ നിസ്സാരം മാത്രം. സ്നേഹം നനച്ച് വളർത്തി വലുതാക്കിയ ഈ സ്വപ്നസൗധം സംശയത്തിന്‍റെ പേരിൽ ഒരു നിമിഷം കൊണ്ടല്ലേ നിങ്ങൾ തകർത്തുടച്ചത്. നിങ്ങളുടെ സംശയരോഗത്തിനൊരറുതി വരാതെ നമ്മുടെ ദാമ്പത്യജീവിതം എത്രനാൾ മുന്നോട്ടു നീങ്ങും?”

നീരജിന് തന്‍റെ തെറ്റ് മനസ്സിലായി. സത്യാവസ്‌ഥ തിരിച്ചറിയാൻ വൈകിയല്ലോ എന്നോർത്ത് അയാൾ വിഷമിച്ചു. യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാനുള്ള ധൈര്യവും സാഹസവും നഷ്ടപ്പെട്ടിരുന്നു. എന്തെല്ലാം കുത്തുവാക്കുകളും ഇല്ലാക്കഥകളുമാണ് താൻ ചമച്ചു തീർത്തത്. നീരജിന് കുറ്റബോധം തോന്നി.

“അഞ്ജു” നീരജിന്‍റെ ശബ്ദമിടറി.

“എന്നോടു ക്ഷമിക്കു… ക്ഷമ ചോദിക്കാൻ പോലും അർഹതയില്ലാത്ത തെറ്റാണ് ഞാൻ നിന്നോടു ചെയ്തത്.” നീരജ് കൂടുതലൊന്നും പറയാതെ കുറ്റബോധത്തോടെ തല താഴ്ത്തി നിന്നു.

പ്രദീപ് ഭാര്യയെയും കുട്ടി പട്ടണത്തിലെ പ്രശസ്ത സൈക്യാട്രിസ്റ്റിനെ കാണാൻ വന്നതാണെന്ന് നീരജിനു മനസ്സിലായി. അതിനുവേണ്ടിയാണ് അയാൾ അഞ്ജനയെ വിളിച്ചത്. നീരജ് ഉടനെ റിസീവറെടുത്ത് ട്രാവൽ ഏജന്‍റിന് ഫോൺ ചെയ്ത് ഒരു ടാക്സി അറേഞ്ച് ചെയ്തു.

“അഞ്ജന, ടാക്സി ഇപ്പോഴെത്തും. നീ പ്രദീപിനെ കൂട്ടി ഡോക്‌ടറുടെ പക്കൽ പോകണം. അയാളുടെ ഭാര്യക്ക് നല്ല ചികിത്സ നൽകണം. അവർ വേണമെങ്കിൽ രാത്രി ഇവിടെ താമസിക്കട്ടെ.”

അഞ്ജനയെ അഭിമുഖീകരിക്കാനാവാതെ നീരജ് പുറത്തേക്കിറങ്ങി. അന്നവൾ പലവട്ടം പറയാനൊരുങ്ങിയപ്പോൾ ഒരിക്കലെങ്കിലും താൻ ക്ഷമയോടെ കേട്ടിരുന്നെങ്കിൽ…. കുറ്റബോധം തോന്നിയെങ്കിലും തെളിഞ്ഞ ആകാശംപോലെ അയാളുടെ മനസ്സ് ശാന്തമായി.

തണൽ മരങ്ങളില്ലാത്ത പുഴയോരം

ഭാവന ഹോസ്‌റ്റലിലെത്തിയപ്പോൾ നേഹ വിസിറ്റിംഗ് റൂമിൽ നിഖിലിനോട് ചേർന്നിരുന്ന് സംസാരിക്കുകയായിരുന്നു. യാതൊരു ഭാവമാറ്റവും പ്രകടിപ്പിക്കാതെ ഭാവന നിഖിലിനെ പരിചയപ്പെട്ടുവെങ്കിലും നേഹയ്ക്ക് വല്ലാത്ത കുറ്റബോധം തോന്നി.

വാസ്‌തവത്തിൽ നേഹയ്ക്ക് ഭാവന ച്ചേച്ചിയെ പേടിക്കേണ്ട ഒരു കാര്യവുമില്ല. എന്നിട്ടും അവളെന്തുകൊണ്ടോ ഭാവനയെ ഭയന്നു. ബഹുമാനംകൊണ്ടുള്ള ഭയം. ഭാവനയാകട്ടെ എപ്പോഴും ഒരു സുഹൃത്തിനെപ്പോലെയാണ് നേഹയോട് പെരുമാറിയിരുന്നത്.

“മോളേ, ഇവളുടെ കാര്യം നോക്കാൻ ഞാനില്ലാതായാൽ ഒരമ്മയുടെ സ്‌ഥാനത്ത് നിന്ന് നീ വേണം എല്ലാം ശ്രദ്ധിക്കാൻ.” കാൻസർ ബാധിച്ച അമ്മ മരണക്കിടക്കയിൽ വച്ച് ഭാവനയോട് പറഞ്ഞിരുന്നു.

ഭാവന ആ ഉത്തരവാദിത്തം വളരെ ആത്മാർത്ഥതയോടെ നിർവഹിച്ചു. നേഹയും ഭാവനയെ ഏറെ ബഹുമാനിച്ചിരുന്നു. കാരണം ചേച്ചിയുടെ സ്നേഹത്തിൽ നിന്നും ഒളിച്ചോടാൻ അവൾക്ക് സാധ്യമല്ലായിരുന്നു.

അന്നു രാത്രി നേഹയ്ക്കും ഭാവനയ്ക്കും തീരെ ഉറക്കം വന്നില്ല. രാത്രിയേറെ ചെന്നപ്പോൾ ഭാവന നിഖിലിനെക്കുറിച്ച് നേഹയോട് അന്വേഷിച്ചു. നേഹയുടെ അടുത്ത കൂട്ടുകാരി കവിതയും അപ്പോൾ മുറിയിലുണ്ടായിരുന്നു.

“നേഹേ, നിനക്ക് എത്ര നാളായിട്ട് നിഖിലിനെ അറിയാം?” ഭാവനച്ചേച്ചി അവളുടെ കൈത്തടം തന്‍റെ കൈപ്പിടിയിൽ ഒതുക്കി സ്നേഹത്തോടെ ചോദിച്ചു.

തന്‍റെ പേഴ്‌സണൽ കാര്യങ്ങളെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ മറുപടി പറയാൻ ഇഷ്‌ടമില്ലാത്ത കൂട്ടത്തിലായിരുന്നു നേഹ. അതുകൊണ്ട് തന്നെ നേഹയ്ക്കക്ക് ഹോസ്‌റ്റലിൽ കൂട്ടുകാരികളും തീരെ കുറവായിരുന്നു. എന്നാൽ ശുദ്ധഗതിക്കാരിയും നിഷ്കളങ്കയുമായ ഭാവന ചേച്ചിയാവുമ്പോൾ, മറുപടി പറയാതിരിക്കാൻ വയ്യെന്ന അവസ്‌ഥയായി നേഹയ്ക്ക് ചെറിയ മൗനത്തിനുശേഷം നേഹ ആർദ്രയായി. “നാലഞ്ചു മാസത്തോളമായിട്ട് എനിക്ക് നിഖിലിനെ…” നേഹ ഒറ്റശ്വാസത്തിൽ പറഞ്ഞു.

“അപ്പോ നിങ്ങൾ പ്രണയത്തിലാണോ?” ഭാവന തിരക്കി.

മുറിയിൽ ശരിയ്ക്കും നിലാവ് ഉദിച്ചതുപോലെ നേഹയ്ക്ക് തോന്നി. മനസ്സിൽ ആകെ ഒരു കൺഫ്യൂഷൻ. ചേച്ചിയോട് എന്ത് പറയണം?

“ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് ചേച്ചി.”‎

“നീ നിഖിലിനോടു ചേർന്നിരുന്നതോ? സത്യം പറഞ്ഞോ, നിങ്ങൾ പ്രണയത്തിലാണോ?” സ്നേഹവും ശാസനയും കലർന്ന ഒരു നോട്ടമായിരുന്നു ഭാവനയുടേത്.

“ചേച്ചീ… നിഖിൽ എന്തുകൊണ്ടും നേഹയ്ക്ക് ചേർന്ന പയ്യനാ. സുന്ദരൻ, സ്‌മാർട്ട്, ധനികൻ, നിഖിൽ നേഹയെത്തന്നെ വിവാഹം കഴിക്കുമെന്ന് എനിക്കുറപ്പുണ്ട്.” നേഹയുടെ മുഖഭാവം മാറുന്നതു കണ്ട് കൂട്ടുകാരി കവിത ഇടയ്ക്കുകയറി പറഞ്ഞു.

കൂട്ടുകാരിയുടെ ഇടപെടൽ നേഹയ്ക്കും ഇഷ്ടമായി എന്നുതോന്നി. അവൾ ചിരിയ്ക്കാൻ ശ്രമിച്ചു. “അപ്പോൾ നേഹയെ വിവാഹം കഴിക്കാമെന്ന് അയാൾ ഇതുവരെ സമ്മതിച്ചിട്ടില്ലേ…? ഭാവന നെറ്റി ചുളിച്ചു.

“ഇപ്പോഴത്തെ പയ്യന്മാർക്ക് ഉടനെ വിവാഹം എന്ന് കേൾക്കുന്നതുതന്നെ അലർജിയാണ്. പരസ്‌പരം മനസ്സിലാക്കിയിട്ട് മതി വിവാഹമെന്ന അഭിപ്രായമാണവർക്ക്.”

“എന്തൊക്കെയായാലും കഴിയുന്നതും വേഗം വിവാഹം കഴിച്ച് സ്വസ്‌ഥമായ കുടുംബജീവിതം നയിക്കുന്നതാണ് നമ്മളെ പോലെയുള്ള പെണ്ണുങ്ങൾക്ക് നല്ലത്. എന്താ ഞാൻ പറഞ്ഞതിൽ തെറ്റുണ്ടോ നേഹേ?” ഭാവനയ്ക്ക് അപ്പോൾ മുതിർന്ന ഒരമ്മയുടെ ഭാവമായിരുന്നു.

“എനിക്ക് മനസ്സിലാവുന്നുണ്ട് ചേച്ചീ. പക്ഷേ പെട്ടെന്ന് ചെന്ന് വിവാഹം കഴിക്കാമോ എന്നൊക്കെ ഞാൻ നിഖിലിനോട് എങ്ങനെ ചോദിക്കാനാ?” നേഹയുടെ സ്വരത്തിൽ നീരസം കലർന്നു.

ഭാവനയ്ക്ക് ദേഷ്യം വന്നാൽ പെട്ടെന്നു മാറില്ല. എന്നാലും നേഹയോടുള്ള സ്നേഹം കാരണം ഭാവന വീണ്ടും അവളെ ഉപദേശിക്കുവാൻ മുതിർന്നു. “നിഖിൽ നിന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ പിന്നെ അയാളോട് ഇത്ര അടുത്തിടപഴകുന്നത് നല്ലതല്ല. എന്തെങ്കിലും പ്രശ്ന‌ങ്ങളുണ്ടായിട്ടു പിന്നെ പറഞ്ഞിട്ടു കാര്യമില്ല. നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ ഞാൻ നിഖിലിനോട് സംസാരിക്കാം.”

“വേണ്ട, വേണ്ട ചേച്ചിയിപ്പോഴൊന്നും നിഖിലിനോട് ഇതേക്കുറിച്ച് സംസാരിക്കേണ്ട…” നേഹ പതറിപ്പോയി.

“പിന്നെ നിഖിലിന്‍റെ മനസ്സിലെന്താണെന്ന് നമ്മളെങ്ങനെ അറിയും?” ഭാവന തിരക്കി.

“അനുയോജ്യമായ സമയവും അവസരവുമൊക്കെ വരട്ടെ, ഞാൻ തന്നെ ചോദിച്ചു കൊള്ളാം. ചേച്ചി ഇക്കാര്യത്തിൽ ഇടപെടേണ്ട. പ്ലീസ്.” നേഹ ദേഷ്യമടക്കാനാവാതെ അവിടെനിന്നും എഴുന്നേറ്റു പോയി. നിഖിൽ താനുമായുള്ള വിവാഹത്തിന് സമ്മതിക്കുമോ? ഇക്കാര്യം നേഹയെ വല്ലാതെ അലട്ടിയിരുന്നു.

ബാത്ത്റൂമിൽ നിന്നിറങ്ങി വന്ന നേഹ നേരെ കിടക്കയിൽ വന്ന് കിടന്നു. ഭാവന പതിഞ്ഞശബ്ദത്തിൽ നേരം വെളുക്കുന്നതുവരെ കൂട്ടുകാരി കവിതയോട് നിഖിലിനെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരുന്നു. പിറ്റേന്ന് ഭാവന നേഹയോട് നിഖിലിനെക്കുറിച്ച് ചോദിച്ചതേയില്ല. നേഹയ്ക്ക് അല്പമൊരു ആശ്വാസം തോന്നി.

ശനിയാഴ്ച്‌ച നിഖിൽ നേഹയെ കാണാൻ ഹോസ്‌റ്റലിലെത്തി. അല്പസമയം കഴിഞ്ഞപ്പോൾ ഭാവനയും അവിടെയെത്തി. ഭാവന കുറേനേരം നിഖിലിനോട് നാട്ടുവർത്തമാനം പറഞ്ഞശേഷം കുറച്ചു സമയം നിശ്ശബ്ദദയായിരുന്നു. “എങ്ങനെയുണ്ട് എന്‍റെ അനിയത്തി?”

“നേഹ നല്ല പെൺകുട്ടിയാ…” നിഖിൽ എങ്ങും തൊടാത്തവിധം മറുപടി നൽകി

“നിഖിലിന് നേഹയെ ഇഷ്ടമാണോ?” ഭാവന നിഖിൽ എന്ന പേരിന് കുടുതൽ ഊന്നൽ കൊടുത്ത് സംസാരിച്ചു.

“വളരെയേറെ” നിഖിൽ അല്പം അസ്വസ്‌ഥതയോടെ മറുപടി നൽകി.

“നേഹയ്ക്കെപ്പോഴും നിഖിലിന്‍റെ കാര്യം പറയാനേ നേരമുള്ളു. നിഖിൽ മിടുക്കനും വിവേകശാലിയുമാണെന്നു തന്നെയാണ് എന്‍റെയും അഭിപ്രായം.”

“താങ്ക്യൂ…” നിഖിൽ ചിരിച്ചു. ഭാവനച്ചേച്ചി നേഹയുടെ കൈയിൽ പിടിച്ചുകൊണ്ട് പതുക്കെ പറഞ്ഞു “നേഹ എന്നെക്കാൾ രണ്ടു വയസ്സിനിളയതാണ്. വിവാഹത്തിനുവേണ്ടി എല്ലാവരും എന്നെ നിർബന്ധിക്കുന്നുണ്ട്. പക്ഷേ തൽക്കാലം വിവാഹം വേണ്ടെന്ന നിലപാടാണെന്‍റേത്.”

“അതെന്താ ചേച്ചി?” നിഖിൽ ആശ്ചര്യത്തോടെ നേഹയെ നോക്കി.

“ആദ്യം നേഹയുടെ വിവാഹം. അതിനുശേഷമേ ഞാൻ വിവാഹം കഴിക്കുന്നുള്ളു. എന്‍റെ അനിയത്തിയുടെ വിവാഹമൊക്കെ കഴിഞ്ഞ് സ്വസ്‌ഥമായി കുടുംബ ജീവിതം നയിക്കുന്നതു കണ്ടിട്ടു വേണം…” ഭാവന തന്ത്രപൂർവ്വം സംസാരിച്ചു തുടങ്ങി.

“ചേച്ചീ, ചേച്ചി പറഞ്ഞുവരുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്. പക്ഷേ തിടുക്കത്തിലൊരു കല്ല്യാണം എനിക്ക് ചിന്തി ക്കാൻപോലും സാധ്യമല്ല.”

“നിഖിലിനു പറയാനുള്ളതെന്തായാലും തുറന്ന് പറയൂ…” നേഹയുടെ മുഖഭാവം ശ്രദ്ധിക്കാതെ ഭാവന പറഞ്ഞു.

“തൽക്കാലം ഞാൻ എന്‍റെ കരിയറിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.” നിഖിലാകെ അസ്വസ്‌ഥനായി.

“അതിന് നിഖിലിന് നല്ല ഉദ്യോഗമുണ്ടല്ലോ. സാമ്പത്തികമായി വലിയ ബുദ്ധിമുട്ടൊന്നുമില്ലതാനും. അച്‌ഛനോടു പറഞ്ഞാൽ ഏതു പ്രശ്‌നവും എളുപ്പം പരിഹരിക്കാൻ സാധിക്കുമല്ലോ.”

“ചേച്ചീ, ഞങ്ങൾ രണ്ടുവർഷം സ്വസ്ഥ‌മായി പ്രണയിച്ചു നടക്കട്ടെ. അതുകഴിഞ്ഞാവാം വിവാഹം.” നിഖിൽ അസ്വസ്‌ഥത മറയ്ക്കാനെന്നോണം ചിരിച്ചു.

“ഇടയ്ക്കെങ്ങാനും നിഖിലിന്‍റെ തീരുമാനത്തിൽ മാറ്റം വന്നാലോ?” ഭാവനയുടെ കണ്ണിൽ ആശങ്ക നിറഞ്ഞു.“

ഒരിക്കലുമില്ല.” നിഖിൽ ഭാവനയുടെ മുഖത്തു നിന്ന് കണ്ണെടുത്ത് നേഹയെ നോക്കി. പ്രണയിതാവിന്‍റെ കണ്ണിലെ നീരസം മനസ്സിലാക്കിയ നേഹ ഇടയ്ക്ക് കയറി പറഞ്ഞു, “മതി… ചേച്ചി. ഇനി നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം.”

അൽപസമയത്തിനുശേഷം ഭാവന അവിടെ നിന്നെഴുന്നേറ്റ് തന്‍റെ മുറിയിലേയ്ക്കു പോയി. രാത്രിയേറെ വൈകിയ ശേഷമാണ് നേഹ മുറിയിലേയ്ക്ക് വന്നത്. ഭാവന നോവൽ വായിച്ചിരിക്കുകയായിരുന്നു.

“ചേച്ചി, ദയവായി ഇനിയൊരിക്കലും നിഖിലിനോടു വിവാഹത്തെക്കുറിച്ച് ചോദി ക്കരുത്. പ്ലീസ്.” നേഹ പറഞ്ഞു.

“എന്താ, ഞാനവിടെ നിന്നു പോയ ശേഷം നിഖിൽ നിന്നോടു വഴക്കുകുടിയോ?” പുസ്തകത്തിൽ നിന്നും കണ്ണെടുക്കാതെ ഭാവന ചോദിച്ചു.

“വഴക്കൊന്നുമുണ്ടായില്ല. പക്ഷേ ചേച്ചിയുടെ ചോദ്യം ചെയ്യൽ നിഖിലിനു തീരെ ഇഷ്‌ടമായില്ല.”

“അതിനു ദേഷ്യപ്പെടേണ്ട കാര്യമൊന്നുമില്ല. ഞാൻ നിന്‍റെ ചേച്ചിയായതു കൊണ്ട് ഇതൊക്കെ ചോദിച്ചറിയാനെനിക്ക് അവകാശമുണ്ട്.” ഭാവന പുസ്‌തകം മടക്കി വെച്ചു.

“പക്ഷേ ചേച്ചീ, നിഖിലിനെ മുഷിപ്പിച്ച് എന്‍റെ ഭാവിജീവിതം അപായപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്തു സംഭവിച്ചാലും ഞാൻ സ്വയം തരണം ചെയ്തോളാം. ഗുഡ്‌നൈറ്റ്.” നേഹ കിടക്കയിൽ തിരിഞ്ഞു കിടന്നു. മനസ്സ് കലങ്ങിയതു കൊണ്ടാവണം അന്നവൾക്ക് ഉറക്കം വന്നതേയില്ല.

വല്ലാത്ത ഒരസ്വസ്‌ഥതയോടെ ആ ആഴ്‌ച കടന്നുപോയി. പിന്നീട് നിഖിലിനെക്കുറിച്ച് ഭാവന യാതൊന്നും സംസാരിച്ചില്ല. ഭാവനച്ചേച്ചി ദേഷ്യപ്പെടുന്നതിനു പകരം കൂടുതൽ ആലോചനയിൽ മുഴുകിയിരിക്കുന്നതായി നേഹയ്ക്കു തോന്നി.

ഭാവന നേഹയുടെ കൂട്ടുകാരി കവിത വഴി നിഖിലിനേയും കുടുംബത്തെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. കവിതയുടെ ഭാവിവരൻ രാഹുലിൽ നിന്നും നിഖിലിന്‍റെ സ്വഭാവ ദൂഷ്യത്തെക്കുറിച്ചും ഭാവന അറിഞ്ഞിരുന്നു. നിഖിൽ രണ്ടു യുവതികളുമായി നേരത്തെ പ്രണയത്തിലായിരുന്നുപോലും!

നാളെ മറ്റേതെങ്കിലും സുന്ദരിയെ പരിചയപ്പെട്ടാൽ നിഖിൽ നേഹയേയും തഴയുമോ? അനിയത്തിയെക്കുറിച്ചോർത്ത് ഭാവനയുടെ മനസ്സ് വല്ലാതെ നീറിക്കൊണ്ടിരുന്നു.

പട്ടണത്തിലെ ധനികരായ ബിസിനസ്സുകാരിൽ പ്രമുഖനായിരുന്നു നിഖിലിന്‍റെ അച്‌ഛൻ ഗംഗാധരൻ. ‘നേഹയെ പോലെ ഇടത്തരം കുടുംബത്തിലെ പെൺകുട്ടിയെ വധുവായി അംഗീകരിക്കാൻ അദ്ദേഹം തയ്യാറാവുമോ?’ ഓർക്കുന്തോറും ഭാവനയുടെ അസ്വസ്‌ഥത പെരുകി വന്നു.

ഒരു ശനിയാഴ്ച ഭാവന നിഖിലിന്‍റെ വീട്ടിലെത്തി. ഇക്കാര്യം നിഖിലോ നേഹയോ അറിഞ്ഞിരുന്നില്ല.

നിഷ്കളങ്കവും സൗമ്യവും ആത്മവിശ്വാസം തുളുമ്പുന്നതുമായ ഭാവനയുടെ സംസാരം നിഖിലിന്‍റെ അച്‌ഛനമ്മമാർ കൗതുകത്തോടെ കേട്ടിരുന്നു. നേഹയുമായുളള നിഖിലിന്‍റെ അടുപ്പത്തെക്കുറിച്ചറിഞ്ഞ അവർ ഉത്കണ്ഠാകുലരായി.

“നേഹയുടെ അച്ഛനെന്താ ജോലി?” നിഖിലിന്‍റെ അച്ഛൻ ഗംഗാധരൻ ഘനഗംഭീരസ്വരത്തിൽ തിരക്കി.

“സർക്കാരുദ്യോഗസ്ഥനാണ്. സർ” ഭാവന ഭവ്യതയോടെ മറുപടി നൽകി.

“വലിയ ഓഫീസറായിരിക്കുമല്ലോ?”

“അല്ല. പ്യൂൺ പോസ്റ്റ‌ിലായിരുന്നു. ഇപ്പോ പ്രമോഷനായിട്ടുണ്ട്.”

“ഒരു ഇടത്തരം കുടുംബത്തിലെ പെണ്ണ് ഈ വീട്ടിലേയ്ക്ക് വധുവായി വരികയോ… ആലോചിക്കാൻപോലും വയ്യ…” നിഖിലിന്‍റെ അമ്മ ഗായത്രിദേവിയുടെ ശബ്ദത്തിൽ തന്നെ അവരുടെ സ്വഭാവത്തിന്‍റെ സൂചനയുണ്ടായിരുന്നു.

എന്നാൽ ഗംഗാധരൻ അല്‌പംകൂടി മാന്യമായും സൗമ്യമായുമാണ് സംസാരിച്ചത്. “ഞാനെന്‍റെ രണ്ടു പെൺമക്കളെയും സമ്പന്നഗൃഹത്തിലേയ്ക്കാണ് വിവാഹം കഴിപ്പിച്ചയച്ചത്. നിഖിലിനും അതുപോലെ അനുയോജ്യമായ വിവാഹബന്ധം ഞങ്ങൾ കണ്ടെത്തും. കുട്ടി വേണം സഹോദരിയെ ഉപദേശിക്കാൻ. ഈ വീട്ടിൽ വധുവായി വരാൻ മോഹമുണ്ടെങ്കിൽ അത് ഉപേക്ഷിക്കണം.”

“അങ്കിൾ, നല്ല സ്വഭാവമാണ് നേഹയുടേത്. നിഖിലിന് പ്രാണനുമാണ്. അവർ തമ്മിൽ നല്ല ചേർച്ചയുമാണ്. സാമ്പത്തിക സ്‌ഥിതി മാറ്റി വച്ചാൽ…” കാര്യങ്ങൾ കൈവിട്ട് പോകുമെന്ന ഭയം ഉള്ളതു കൊണ്ടാവണം ഭാവന ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.

“നല്ല സ്വഭാവമുള്ള പെൺകുട്ടിയെ കൊണ്ടുതന്നെയാ അവനെ വിവാഹം കഴിപ്പിക്കുന്നത്. ഒരു സാധാരണ കുടുംബത്തിലെ പെൺകുട്ടിയെ വിവാഹം കഴിച്ച് സമുഹത്തിനു മുന്നിൽ നാണം കെടാൻ ഞങ്ങളുദ്ദേശിക്കുന്നില്ല.” ഗായത്രിയുടെ മുഖം ദേഷ്യംകൊണ്ടു ചുവന്നു. ഇതുകൂടി കേട്ടതോടെ ഭാവന ശരിക്കും വിളറിപ്പോയി.

ഭാര്യയുടെ പരുക്കൻ പെരുമാറ്റം കാരണം ഭാവനയുടെ കണ്ണു നിറയുന്നത് ഗംഗാധരൻ കണ്ടു. അയാൾ ഭാര്യയോട് മിണ്ടാതിരിയ്ക്കാൻ ആംഗ്യം കാട്ടി.

മൗനം തളംകെട്ടിയ ചെറിയ ഇടവേളയ്ക്കുശേഷം ഗംഗാധരൻ തുടർന്നു. “കുട്ടി എന്തുദ്ദേശ്യത്തോടെയാണ് ഞങ്ങളെ കാണാൻ വന്നതെന്നറിയില്ല.”

“അങ്കിൾ, നേഹയൊരിക്കലും വിഷമിക്കരുതെന്നാണെന്‍റെ ആഗ്രഹം. നിഖിൽ നേഹയെ വിവാഹം കഴിച്ചില്ലെങ്കിൽ അവളാകെ തകർന്നുപോവും. ഭാവന കണ്ണു തുടച്ചു.

“ഇങ്ങനെയൊക്കെ സംഭവിക്കണമെന്ന് ഞങ്ങളും ആഗ്രഹിക്കുന്നില്ല.” ശംഗാധരൻ പറഞ്ഞു.

“അങ്കിൾ നിഖിൽ സ്നേഹയ വിവാഹം കഴിക്കാൻ തയ്യാറാണെങ്കിൽ താങ്കളുടെ തീരുമാനമാന്തൊയിരിക്കും?” ഭാവന പൊടുന്നനെ ചോദിച്ചു.

“ഇതുവരെ നിഖിൽ ഞങ്ങളുടെ ഇഷ്ടത്തിന് എതിരായി പ്രവർത്തിച്ചിട്ടില്ല.” ഗായത്രിയുടെ മുഖഭാവം മാറി.

ഭാവന ഗായത്രിദേവിയുടെ സംസാരം ശ്രദ്ധിക്കാതെ ഗംഗാധരന്‍റെ മറുപടിയ്ക്കായി പ്രാർത്ഥനപോലെ ഇരുന്നു.

കുറച്ചു സമയം ചിന്താമഗ്നനായി നിന്ന ശേഷം ഗംഗാധരൻ തുടർന്നു. “എന്‍റെ മകൻ നിഖിലിനെക്കുറിച്ച് എനിക്ക് നന്നായറിയാം. അവന്‍റെ തീരുമാനമെന്താണോ അത് സഹർഷം സ്വീകരിക്കും.”

“അപ്പോൾ നിഖിലിന്‍റെയും ഭാവനയുടെയും വിവാഹം നടത്തി തരുമെന്നാണോ?” ആത്മവിശ്വാസത്തിന്‍റെ നേർത്ത രേഖയിലൂടെ കടന്നുപോകുന്നതായി ഭാവനയ്ക്ക് അനുഭവപ്പെട്ടു.

“ഒരിക്കലുമില്ല.” ഗായത്രി ദേവിയാണ് മറുപടി നൽകിയത്.

“എന്‍റെ മകനെ കണ്ണും കയ്യും കാണിച്ച് മയക്കി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയാണോ? നിങ്ങളുടെ ദുരാഗ്രഹം ഒരിക്കലും നടക്കാൻ പോവുന്നില്ല. നേഹ ഈ വീട്ടിൽ മരുമകളായി വരുന്ന പ്രശ്നമേയില്ല.” ഗായത്രിദേവി പൊട്ടിത്തെറിച്ചു. ഗായത്രിദേവിയുടെ സംസാരവും പെരുമാറ്റരീതിയും ഭാവനയ്ക്കൊട്ടും ഇഷ്ടമായില്ല. “ആന്‍റിയുടെ രണ്ടു പെൺമക്കളെ വിവാഹം കഴിപ്പിച്ചയ്ക്കുന്നതിനു മുമ്പ് അവരുടെ ഭർത്താക്കന്മാരുടെ കുടുംബത്തെക്കുറിച്ച് അന്വേഷിച്ചു കാണുമല്ലോ. ഞാനും എന്‍റെ ഇളയ സഹോദരിയ്ക്കു വേണ്ടി അത്രയേ ചെയ്‌തുള്ളൂ. ദയവായി എന്നെ അപമാനിക്കരുത്.” ആത്മനിയന്ത്രണം പാലിച്ചുകൊണ്ട് ഭാവന പറഞ്ഞു.

“ഗായത്രീ…” സംസാരിക്കരുതെന്ന ഭർത്താവിന്‍റെ നിർദ്ദേശം ലഭിച്ചതോടെ അവർ ദേഷ്യം കടിച്ചമർത്തി മിണ്ടാതെ നിന്നു.

“അങ്കിൾ, നിഖിൽ എന്താണ് ഉദ്ദേശി ക്കുന്നതെന്ന് അറിയുന്നത് നമുക്ക് രണ്ടു കൂട്ടർക്കും എന്തുകൊണ്ടും നല്ലതല്ലേ?”

“ശരിയാണ്.” ഗംഗാധരനും ഈ അഭിപ്രായത്തോടു യോജിച്ചു.

“അങ്ങനെയാണെങ്കിൽ ഞാനൊരു അഭിപ്രായം പറയട്ടെ.”

“എന്താ?”

“നമുക്കിന്നു വൈകുന്നേരം തന്നെ നിഖിലിന്‍റെ ഉദ്ദേശ്യമെന്തെന്ന് മനസ്സിലാക്കാം.”

“അതെങ്ങനെ?”

“നേഹയെ ഇഷ്ടമാണോ അല്ലയോ എന്ന കാര്യം അങ്കിൾ തന്നെ നേരിട്ട് നിഖിലിനോട് ചോദിക്കണം. നിഖിൽ നേഹയെ വിവാഹം കഴിക്കുമോ എന്നും തിരക്കണം.”

“അല്ലെങ്കിൽ തന്നെ അവനോട് ഇതേക്കുറിച്ച് ചോദിക്കണമെന്നു കരുതിയിരിക്കുകയായിരുന്നു ഞാൻ.”

“എങ്കിൽ ദയവായി മറഞ്ഞുനിന്ന് ഈ സംഭാഷണം കേൾക്കാൻ താങ്കളെന്നെ അനുവദിക്കണം.” ഭാവന കൈകുപ്പി.

“പക്ഷേ”

“അങ്കിൾ, എന്‍റെ സഹോദരിയുടെ ഭാവിയെക്കുറിച്ചോർത്ത് എനിക്ക് ഏറെ ഉത്കണ്ഠയുണ്ട്, നിഖിൽ നേഹയെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടോ ഇല്ലയോ എന്നെനിക്കറിയണം.” ഗംഗാധരന്‍റെ മുഖത്തെ അസ്വസ്‌ഥത കണ്ട് ഭാവന പറഞ്ഞു.

“മോളേ, നിഖിൽ നേഹയെ വിവാഹം കഴിക്കുമെന്ന് സമ്മതിച്ചാലും ഞങ്ങൾ ഈ ബന്ധം അംഗീകരിക്കില്ലെന്നു മനസ്സിലാക്കണം”

“ശരി അങ്കിൾ.” ഭാവന മറുപടി നൽകി.

“ഇനി അവൻ നേഹയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചാലോ?” ഗംഗാധരന്‍റെ സ്വരം കനത്തു.

“എങ്കിൽ നേഹയെ നിഖിലിൽനിന്നും അകറ്റുന്ന കാര്യം ഞാനേറ്റു. നേഹയുടെ വിഷാദവും ടെൻഷനുമൊക്കെ മാറ്റേണ്ട ഉത്തരവാദിത്തം എന്‍റേതാണ്.” ഭാവനയുടെ ശബ്ദം ഇടറി.

“ശരി. നിങ്ങൾ മാറിയിരുന്നു സംസാരം കേട്ടോളൂ. പക്ഷേ ഒരു കാരണവശാലും ഞങ്ങളുടെ മുന്നിൽ വരരുത്.”

“ശരി.” ഭാവന അവിടെ നിന്നു മടങ്ങാനൊരുങ്ങി.

“നിഖിൽ രാത്രി 8 മണിയ്ക്കാണ് മടങ്ങി വരുന്നത്. നിങ്ങൾ അതിനുമുമ്പ് ഇവിടെ വരണം.” ഗംഗാധരൻ സൂചിപ്പിച്ചു.

“താങ്ക്യൂ അങ്കിൾ. താങ്കളുടെ ഈ സഹായം ഞാനൊരിക്കലും മറക്കില്ല.” ഭാവന യാത്രപറയുവാനായി എഴുന്നേറ്റു നിന്നു.

ഗംഗാധരന് ഭാവനയുടെ പെരുമാറ്റം നന്നേ ഇഷ്ടമായി. അദ്ദേഹം വാത്സല്യപൂർവ്വം ഭാവനയെ യാത്രയാക്കി. ഗായത്രി വളരെ യാന്ത്രികമായാണ് ഇടപെട്ടത്.

വൈകുന്നേരം ഏഴ് മണിയോടെ ഭാവന നേഹയെയുംകൂട്ടി ഗംഗാധരന്‍റെ വീട്ടിലെത്തിച്ചേർന്നു. നേഹയെ കവിതയെന്നു പറഞ്ഞാണ് അവൾ ഗംഗാധരനു പരിചയപ്പെടുത്തിയത്.

നേഹയെ കാര്യമൊക്കെ പറഞ്ഞ് മനസ്സിലാക്കി കൂടെ കൊണ്ടുവരുന്നതിനു ഭാവന‌യ്ക്കേറെ ബുദ്ധിമുട്ടേണ്ടിവന്നു. വിവാഹത്തിനുമുമ്പ് നേഹയെ നിഖിലിന്‍റെ വീട്ടിലേയ്ക്ക് കൊണ്ടുവരേണ്ടി വന്നതിൽ ഭാവനയ്ക്ക് വല്ലാത്ത കുറ്റബോധം തോന്നിയിരുന്നു. പക്ഷേ നിഖിലിന്‍റെ മനസ്സിലിരുപ്പ് മനസ്സിലാക്കുന്നതിന് ഇതല്ലാതെ വേറെ മാർഗ്ഗങ്ങളില്ലായിരുന്നു.

എട്ടു മണിയോടടുത്ത് നിഖിലിന്‍റെ കാറിന്‍റെ ഹോൺ കേട്ട് വേലക്കാരൻ വന്ന് മുൻവശത്തെ വാതിൽ തുറന്നു. ഭാവനയും നേഹയും ഡ്രോയിംഗ് റൂമിൽ നിന്നും തൊട്ടടുത്ത മുറിയിലേയ്ക്കു മാറി. ഗംഗാധരൻ ഗായത്രിയോടു ശബ്ദിക്കരുതെന്ന് വിലക്കിയിരുന്നു. വീട് വളരെ ശാന്തമായിരുന്നു.

മുറിയിലേയ്ക്ക് പോകാനൊരുങ്ങിയ നിഖിലിനെ ഗംഗാധരൻ അടുത്തുവിളിച്ചിരുത്തി. “പപ്പാ, എന്താ വല്ലാതിരിക്കുന്നെ…” ഗംഗാധരന്‍റെ മുഖഭാവം കണ്ട് നിഖിൽ ചോദിച്ചു.

“ഇന്നൊരു പെൺകുട്ടിയെന്നെ കാണാൻ വന്നിരുന്നു. ഭാവന എന്നാണവളുടെ പേര്.” ഗംഗാധരൻ സ്വാഭാവികതയോടെ കാര്യം അവതരിപ്പിച്ചു.

“നേഹയുടെ അമ്മാവന്‍റെ മകളെന്നു പറഞ്ഞാ സ്വയം പരിചയപ്പെടുത്തിയത്. നീ അവരെ അറിയുമോ?”

“ഭാവനയെന്താ പറഞ്ഞത്?” നിഖിലിന്‍റെ മുഖം ചുവന്നു.

“നീയും നേഹയുമായി പ്രണയമാണെന്നോ നീ നേഹയെ വിവാഹം കഴിക്കാൻ പോവുകയാണെന്നോ ഒക്കെ പറഞ്ഞു. എന്താ ഇതിനർത്ഥം? വെറും മിഡിൽ ക്ലാസ്സ് ഫാമിലിയുമായുള്ള റിലേഷൻ. എന്തിനാ നിന്‍റെ പുറപ്പാട്?” ഗംഗാധരന്‍റെ മുഖം ദേഷ്യംകൊണ്ടു ചുവന്നു.

“പപ്പ ഭാവന പറഞ്ഞതൊന്നും കാര്യമാക്കേണ്ട. അവരുടെ തലയ്ക്ക് സുഖമില്ല.” നിഖിൽ പറഞ്ഞു.

“നീ നേഹയെയാണ് വിവാഹം കഴിക്കാനുദ്ദേശിക്കുന്നതെങ്കിൽ അതൊരിക്കലും നടക്കാൻ പോവുന്നില്ല. അവർ നമ്മുടെ നിലയ്ക്കും വിലയ്ക്കും തീരെ ചേർന്നവരല്ല. ഒരു സാധാരണക്കാരിയെ വിവാഹം കഴിക്കാമെന്നു നീ വാക്കു നൽകിയത് ഒന്നുകൊണ്ടും ശരിയായില്ല. ഞാൻ ജീവിച്ചിരിക്കുമ്പോൾ ഇത് നടക്കില്ല.”

“റിലാക്സ‌് പപ്പ. ഞാൻ നേഹയെ വിവാഹം കഴിക്കാൻ പോവുന്നില്ല. നേഹ എന്‍റെ നല്ലൊരു സുഹ്യത്ത് മാത്രമാണ്. മറ്റൊരു ബന്ധവുമില്ല.” നിഖിൽ പപ്പയെ സമാധാനിപ്പിക്കാനെന്നോണം പറഞ്ഞു.

“അപ്പോ ഭാവന പറഞ്ഞതൊന്നും സത്യമല്ലെന്ന് എനിക്ക് വിശ്വസിക്കാമല്ലോ അല്ലേ?” ഗംഗാധരൻ തിരക്കി.

“പപ്പ, മറ്റുള്ളവരുടെ ജീവിതം കലുഷമാക്കുന്നതിൽ അവർക്ക് പ്രത്യേക പാടവം തന്നെയുണ്ട്. നേഹയ്ക്ക് ഭാവനയെ തീരെ കണ്ടുകൂടാ.”

“നീ ഈ പറഞ്ഞതൊക്കെ സത്യമല്ലേ? അതോ വെറുതെ എന്നെ…?”

“പപ്പയ്ക്കെന്നെ ഇപ്പോഴും വിശ്വാസമായില്ലേ? ഞാൻ തന്നിഷ്‌ടത്തിനു വിവാഹം കഴിക്കാനോ? പപ്പ എനിക്ക് നല്ല നിലയും വിലയുമുള്ള കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയെത്തന്നെ അന്വേഷിക്ക് സൗഹൃദം വേറെ വിവാഹം വേറെ.” നിഖിൽ വലിയൊരു ആദർശവാദിയെപ്പോലെ പെരുമാറി.

“ഞാനപ്പോഴേ പറഞ്ഞില്ലേ ആ പെൺകൂട്ടിയ്ക്ക് തെറ്റുപറ്റിയതാണെന്ന്.” ഗായത്രിദേവി ആശ്വാസത്തോടെ പറഞ്ഞു.

“ഭാവന പറഞ്ഞതൊന്നും പപ്പ കാര്യമായെടുക്കേണ്ട. എല്ലാം കെട്ടുകഥയെന്ന് കരുതിയാൽ മതി.” പപ്പയെ ആശ്വസിപ്പിച്ച് നിഖിൽ മുറിയിലേയ്ക്ക് മടങ്ങി. ഗായത്രിദേവി നിഖിലിനു പുറകെയായി നടന്നു. ഗംഗാധരൻ എഴുന്നേറ്റ് ഭാവനയും നേഹയും നിന്ന മുറിയിലെത്തി. തന്നെ എതിർത്ത് മകൻ മറ്റൊരു വിവാഹത്തിനു മുതിരാതിരുന്നത് ഗംഗാധരനെ ഒരർത്ഥത്തിൽ സന്തോഷിപ്പിച്ചെങ്കിലും നേഹയെ പോലുള്ള പെൺകുട്ടിയെ പ്രണയിച്ച് ചതിക്കുകയായിരുന്നല്ലോ എന്ന വിചാരം ഗംഗാധര ൻ മനസ്സിനെ ഉലച്ചു.

യാഥാർത്ഥ്യം മനസ്സിലാക്കിയ നേഹ ഏങ്ങിക്കരയുവാൻ തുടങ്ങി. ഭാവന അവളെ സമാധാനിപ്പിച്ചു. ഇതൊക്കെ കണ്ട് ഗംഗാധരനും കണ്ണുനിറഞ്ഞു.

“നിങ്ങളുടെ സഹോദരി നേഹയോട് സത്യാവസ്‌ഥ പറയണം. നേഹയ്ക്ക് വല്ലാത്ത വിഷമമുണ്ടാകുമെന്ന് എനിക്ക് നന്നായറിയാം..” മുൻവശത്തെ വാതിലിനരികിൽ അവരെ യാത്രയാക്കാൻ എത്തിയ ഗംഗാധരൻ വിഷമത്തോടെ പറഞ്ഞു.

“അങ്കിൾ, എന്നോടു ക്ഷമിക്കണം. ഇത് കവിതയല്ല നേഹയാണ്.” ഭാവന നേഹയെ തലോടി. ഗംഗാധരൻ നേഹയെ സാന്ത്വനിപ്പിക്കാനെന്നോണം നെറുകയിൽ കൈവച്ച് ആശ്വസിപ്പിച്ചു.

“മോളേ, ഇനി നിഖിലുമായി യാതൊരു തരത്തിലുള്ള സൗഹൃദവും വേണ്ട. സത്യം എത്ര തന്നെ കയ്‌പുള്ളതായാലും നമുക്ക് സധൈര്യം അഭിമുഖീകരിക്കേണ്ടതായുണ്ട്. എന്‍റെ മകൻ കാരണം നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് ഞാൻ മാപ്പു ചോദിക്കുന്നു.”

“അങ്കിൾ, എന്നോടു ക്ഷമിക്കണം. ഇപ്പോഴെങ്കിലും സത്യാവസ്‌ഥ മനസ്സിലായല്ലോ.” നേഹ വിതുമ്പി.

“കാര്യങ്ങളെ വിവേകത്തോടെ നേരിടാൻ ഭാവന അതിസമർത്ഥയാണ്, ഏതുവലിയ പ്രതിസന്ധിയേയും നേരിടാനും, താങ്ങായി കൂടെ നിൽക്കാനും എന്നും അവൾ ഒപ്പമുണ്ടാകും. ഈ വേദനകളൊക്കെയും മറന്ന് നീ സന്തോഷത്തോടെ ജീവിക്കും. നിങ്ങൾക്കെന്നും നന്മയേ ഉണ്ടാവൂ.” ഗംഗാധരൻ നിയന്ത്രണം വിടാതെ പറഞ്ഞൊപ്പിച്ചു.

പിതൃതുല്യമായ ആ സ്നേഹത്തെയും പക്വതയെയും തൊട്ടറിഞ്ഞ ഭാവനയും നേഹയും പുഞ്ചിരിക്കാൻ ശ്രമിച്ച് പടിയിറങ്ങി.

ഇപ്പോഴത്തെ കുട്ടികൾ

ചെക്കനെക്കൊണ്ട് ഞാൻ തോറ്റു. പോത്തുപോലെ വളർന്നു. എന്നിട്ടെന്താ കാര്യം!” ബെഡ്‌റൂമിൽ താഴെ വീണുകിടക്കുന്ന തലയിണയും കിടക്ക വിരികളും എടുത്തുവച്ചുകൊണ്ട് നിർമ്മല പിറുപിറുത്തു.

ഇത് പുതുമയുള്ള കാര്യമൊന്നുമല്ല. വീട്ടിൽ പതിവായി നടക്കാറുള്ള സംഭവങ്ങളൊക്കെത്തന്നെ നിർമ്മലയുടെ പതിനാലു വയസ്സുകാരൻ മകൻ വിനീതിന് അനുസരണ തീരെയില്ല.

നാലുമണിയാകാറായി. വിനീതും ചിത്രയും ഇപ്പോൾ സ്‌കൂളിൽനിന്നു മടങ്ങിയെത്തും. എത്ര ഒതുക്കിവച്ചിട്ടെന്താ. വന്നു കേറുമ്പോൾ തുടങ്ങും അലങ്കോലമാക്കൽ. വിനീത് വന്നപാടെ ബാഗ് കിടക്കയിലേക്ക് വലിച്ചെറിഞ്ഞു. യൂണിഫോമും കോട്ടും ഊരിയയിടത്തുതന്നെ ഇട്ടു. പിന്നെ കിട്ടിയ ഉടുപ്പിട്ട് ഡ്രോയിംഗ് റൂമിലുള്ള സോഫയിൽ വന്നു കിടപ്പായി. റിമോട്ടെടുത്ത് ടി.വി. ചാനലുകൾ മാറ്റി മാറ്റി വയ്ക്കലാണവന്‍റെ പ്രധാന ഹോബി.

ചിത്രമോൾ ഡ്രസ്സ് മാറി ഡ്രോയിംഗ് റൂമിലെത്തുമ്പോൾ വിനീത് ചാനലുകൾ മാറ്റിക്കൊണ്ടിരിക്കുന്നു. “ചേട്ടാ, എത നേരമായി, ഏതെങ്കിലും ചാനൽ വയ്ക്ക്. അല്ലെങ്കിലാ റിമോട്ട് തരൂ.” വിനീതിന് അതുകേട്ടപ്പോൾ ദേഷ്യമായി. അവൻ അവളെ തല്ലാനാഞ്ഞു.

“പൊയ്ക്കോ. ഇല്ലെങ്കിൽ നീ തല്ലു മേടിക്കും.”

നിർമ്മല അടുക്കളയിലായിരുന്നു. മകനോട് തർ ക്കിച്ചിട്ട് കാര്യമില്ലെന്നറിയാം. എങ്കിലും അവർ ഡൈനിംഗ് ഹാളിലെത്തി.

“വിനു, ഇങ്ങനെ ടി.വി. കണ്ടിരുന്നാൽ മതിയോ? ഭക്ഷണം കഴിക്കണ്ടേ.” വിനീത് കേട്ട മട്ടില്ല.

“എന്താ, നിനക്ക് ചെവി കേൾക്കില്ലേ? സ്കൂ‌ളിൽ നിന്നു വന്നാൽ ടി.വി.യുടെ മുന്നിൽ ചടഞ്ഞിരിക്കാതെ ഭക്ഷണം കഴിക്കാൻ വരണമെന്ന് നിന്നോട് നൂറുവട്ടം പറഞ്ഞിട്ടുള്ളതല്ലേ?”

“ഹോ… എപ്പോ നോക്കിയാലും ഭക്ഷണം കഴിക്ക്… ഭക്ഷണം കഴിക്ക്.. എനിക്ക് വിശക്കുമ്പോൾ ഭക്ഷണം കഴിച്ചോളാം.” അവന്‍റെ മുഖം ചുവന്നു.

“ഈ ചെക്കനിതെന്തു പറ്റി? എന്തു ചോദിച്ചാലും തർക്കുത്തരം.”

“വിനു… മതി. വാശിപിടിച്ചിരിക്കാതെ വന്ന് ഭക്ഷണം കഴിക്ക്” നിർമ്മ നിർബന്ധിച്ചു. നിർമലയുടെ മുഖഭാവം മാറുന്നതുകണ്ട് മനസ്സില്ലാമനസ്സോടെ വിനു എഴുന്നേറ്റു.

ഡെനിംഗ് ടേബിളിൽ അടച്ചുവച്ച പാത്രത്തിന്‍റെ അടപ്പെടുത്തതും അവൻ ദേഷ്യപ്പെടാൻ തുടങ്ങി. “അയ്യേ! ദോശയും ചട്‌നിയും… എനിക്കു വേണ്ട. മമ്മിക്ക് ടേസ്‌റ്റിയായിട്ടുള്ള എന്തെങ്കിലും ഉണ്ടാക്കിക്കൂടെ?”

“ആഴ്ച‌യിൽ നാലുദിവസവും നിനക്കിഷ്ടപ്പെട്ട ഭക്ഷണമല്ലേ ഉണ്ടാക്കിത്തരുന്നത്. ദിവസവും പിസ ബർഗറും കോൺഫ്ളേക്സും! ചപ്പാത്തിയും ദോശയുമൊക്കെ കഴിച്ചു പഠിക്കണ്ടേ? ശരീരത്തിൽ വല്ലതും പിടിക്കാൻ ഇതും കഴിക്കണം.”

“മതി ക്ലാസ്സെടുത്തത്. ജാമോ സോസോ ഉണ്ടോ?”

നിർമ്മല ഫ്രിഡ്‌ജിൽ നിന്നും ജാമിന്‍റെ ബോട്ടിലെടുത്തു കൊടുത്തു. രണ്ടു മൂന്നു സ്‌പൂൺ ജാമിൽ മുക്കി വിനീത് ദോശ കഴിച്ചെന്ന് വരുത്തി. അവനോട് ഇനി ദേഷ്യപ്പെടില്ലെന്ന് നിർമ്മല മനസ്സിലുറപ്പിച്ചു. എന്നുമിങ്ങനെ ചീത്ത പറഞ്ഞിട്ട് ഒരു കാര്യവുമില്ല. പക്ഷേ, ജോലിയൊക്കെ ഒതുക്കി നിർമ്മല വിനീതിന്‍റെ മുറിയിലെത്തിയപ്പോൾ കണ്ട കാഴ്‌ച!

കിടക്കയിൽ പുസ്‌തകങ്ങളും കടലാസും… യൂണിഫോം, ഷൂ, ബോക്‌സ്‌ എല്ലാം വലിച്ചുവാരിയിട്ടിരിക്കുന്നു.

“വിനു, ആദ്യമിതൊക്കെയെടുത്ത് അതാതിടത്ത് കൊണ്ടുവയ്ക്ക്.” നിർമ്മല ദേഷ്യം പുറത്തുകാണിക്കാതെ പറഞ്ഞു.

“ഞാൻ പഠിക്കുവല്ലേ മമ്മീ. പിന്നെയാവാം.” അവൻ വായിക്കുകയാണല്ലോ എന്ന ഒറ്റക്കാര്യംകൊണ്ട് നിർമ്മല പതുക്കെ മുറി വൃത്തിയാക്കാൻ തുടങ്ങി. അമ്മായിയമ്മ അവൾക്കരികിലെത്തി. “നീയെന്തിനാ വിഷമിക്കുന്നത്. ഇപ്പോഴത്തെ കുട്ടികളല്ലേ? കണ്ടോ, വളർന്നു വലുതാവുമ്പോൾ അവൻ നിനക്കൊരു താങ്ങാവും.”

ഇതുകേട്ട് അവൾ തെല്ലൊരു പരിഹാസത്തോടെ പറഞ്ഞു, “അമ്മേ, ഞാൻ ദിവാസ്വപ്നം കാണാറില്ല. ഇവനെനിക്ക് താങ്ങാവും പോലും! ഒരു ഗ്ലാസ്സ് വെള്ളം പോലും സ്വയമെടുത്തു കുടിക്കാനറിയാത്ത ഇവൻ…”

അമിതമായി ലാളിക്കുകയും സ്നേഹിക്കുകയും ചെയ്‌താൽ കുട്ടികൾ വഷളാകും. ചിത്രമോൾക്ക് 9 വയസ്സേ ആയിട്ടുള്ളു. അമ്മയുടെ ഉപദേശങ്ങൾ ശ്രദ്ധയോടെ കേൾക്കാനും അനുസരിക്കാനും അവൾ പരമാവധി ശ്രമിച്ചിരുന്നു. പക്ഷേ, വിനീതോ? കഴിഞ്ഞ രണ്ടുവർഷമായി അവന്‍റെ പെരുമാറ്റത്തിലെന്തൊരു മാറ്റം. അവന്‍റെ വാശിയും അനുസരണയില്ലായയും കണ്ട് നിർമ്മലയ്ക്ക് ആധിയായി. ഓരോ സമയത്ത് ഓരോ പെരുമാറ്റം. ചിലപ്പോൾ പെട്ടെന്നു പ്രതികരിക്കും. ചിലപ്പോൾ നിശ്ശബ്ദനായിരിക്കും. ചിലപ്പോൾ ഏങ്ങിക്കരയും.

ആരെയും വകവയ്ക്കാത്ത പ്രകൃതം, വഴക്കാളി, അഹങ്കാരി. പക്ഷേ, പഠനത്തിൽ വിനീത് അത്രമോശക്കാരനൊന്നുമായിരുന്നില്ല. കലാപരമായും വിനീത് ഒന്നാമതായിരുന്നു. അദ്ധ്യാപകർ വിനീതിനെ പ്രശംസിക്കുന്നത് കേൾക്കുമ്പോൾ നിർമ്മലയ്ക്ക് അഭിമാനം തോന്നിയിരുന്നു.

മോശമായ കുട്ടുകെട്ടാണ് വിനീതിന്‍റെ പ്രശ്ന‌ം. പിസാ ഹട്ടിലും മക്ഡൊണാൾഡിലും പോകാനും സുഹൃത്തുക്കൾക്ക് പിറന്നാൾ സമ്മാനം നൽകാനും മറ്റ് ആഡംബരങ്ങളിലേർപ്പെടാനും എപ്പോഴും പണമാവശ്യപ്പെടാൻ തുടങ്ങി.

അച്ഛൻ രോഹിത്തിന് ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ നേരമില്ലല്ലോ. രോഹിത്തിന്‍റെ ജോലിത്തിരക്കു കാരണം മക്കളുടെ ഉത്തരവാദിത്വം മുഴുവനും നിർമ്മലയ്ക്കായിരുന്നു. എങ്കിലും മക്കളുടെയും കുടുംബത്തിന്‍റെയും ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കാൻ രോഹിത്ത് മറന്നില്ല.

ഇപ്പോഴത്തെ കുട്ടികളുടെ സ്വഭാവം എത്ര വിചിത്രമാണ്. സ്വാർത്ഥരും തൻകാര്യക്കാരുമാണവർ. സ്വന്തം സുഖ സൗകര്യങ്ങൾക്കാണ് അവർ പ്രാധാന്യം നൽകുന്നത്. കിട്ടുന്നതുകൊണ്ട് സന്തോഷത്തോടെ ജീവിക്കാൻ അവർക്കറിയില്ല. രക്ഷിതാക്കൾ എത്രമാത്രം വിയർപ്പൊഴുക്കിയും കഷ്‌ടപ്പെട്ടുമാണ് അവരെ വളർത്തുന്നതെന്നതൊന്നും അവർക്കൊരു പ്രശ്‌നമേയല്ല.

ഒരു ദിവസം എല്ലാവരും കൂടിയിരുന്ന് ടി.വി. സീരിയൽ കാണുകയായിരുന്നു. ഒരു വൃദ്ധൻ മരിച്ചു കിടക്കുന്ന ഹൃദയ ഭേദകമായ കാഴ്ച‌യായിരുന്നു അതിൽ. നിർമ്മലയ്ക്ക് പെട്ടെന്ന് സ്വന്തം അച്‌ഛനെ ഓർമ്മ വന്നു. അവളുടെ കണ്ണുകൾ ഈറനണിഞ്ഞു. പെട്ടെന്ന് ബഹളം വച്ചു കൊണ്ട് വിനീത് അവിടെയെത്തി. ടി.വി.യിലെ ഈ ദൃശ്യം കണ്ട് അവൻ പൊട്ടിച്ചിരിച്ചു.

“ഇയാൾ മരിച്ചോ? നന്നായി, ശരിക്കും ബോറടിച്ചു തുടങ്ങിയിരുന്നു.” ശോക മുകാന്തരീക്ഷത്തിൽ വിനീതിന്‍റെ ഈ അഭിപ്രായം കേട്ട് നിർമ്മലയ്ക്ക് ദേഷ്യം വന്നു. വിനീതിന്‍റെ ഇത്തരത്തിലുള്ള വികാര രഹിതമായ പെരുമാറ്റം അവനിലെ സംസ്കാര ശൂന്യതയല്ലെ വ്യക്തമാക്കുന്നത്.

നിർമ്മല ഭർത്താവിനോട് ഇതേക്കുറിച്ചു പറഞ്ഞു. അതുകേട്ട് രോഹിത്ത് പുഞ്ചിരിച്ചു. “ഇപ്പോഴത്തെ കുട്ടികൾ പ്രായോഗിക ബുദ്ധിയുള്ളവരാണ്. നിന്നെപ്പോലെ ഓവർ സെന്‍റിമെന്‍റലല്ലെന്നു മാത്രം.”

രു ദിവസം നല്ല മഴക്കാറ് കണ്ട് ഒനിർമ്മല തുണിയെടുക്കാനായി ടെറസ്സിലേക്കോടി. പെട്ടെന്ന് കാലിടറി സ്റ്റെപ്പിൽ നിന്നും താഴെ വീണു. അവൾ വേദനകൊണ്ട് നിലവിളിച്ചു. ജോലിക്കാരി നിർമ്മലയെ താങ്ങി കട്ടിലിൽ കൊണ്ടു വന്നു കിടത്തി.

ജോലിയ്ക്ക് പോയ പപ്പയെ ചിത്ര ഫോൺ ചെയ്ത് വിവരം ധരിപ്പിച്ചു. രോഹിത്ത് വേഗം വീട്ടിലെത്തി അവളെയും കുട്ടി ഡോക്ട‌റുടെ അടുത്തുചെന്നു. ചെറിയൊരു ഫ്രാക്‌ചറുണ്ട്. നിർമ്മലയുടെ കാലിൽ പ്ലാസ്‌റ്റർ വച്ചുകെട്ടി. കംപ്ലീറ്റ് ബെഡ് റെസ്‌റ്റെടുക്കുവാൻ ഡോക്‌ടർ ഉപദേശിച്ചു.

വേദന കുറഞ്ഞെങ്കിലും നിർമ്മല ചിന്താവിവശയായി. ഇനിയെന്തു ചെയ്യും? വീടിന്‍റെ അവസ്‌ഥയെന്താവും? രോഹിത്തിന്‍റെ അമ്മയാണെങ്കിൽ നാട്ടിൽ പോയിരിക്കുകയാണുതാനും. അവർ തനിക്കൊരു കൈ സഹായമായിരുന്നു. സഹായമാവശ്യപ്പെട്ട് ചെല്ലാൻ പട്ടണത്തിൽ കാര്യമായ ബന്ധുക്കളുമില്ല. തൊട്ടടുത്ത വീട്ടിൽ വൃദ്ധ ദമ്പതികളാണ് താമസിക്കുന്നത്.

നിവൃത്തിയില്ലാതെ നിർമ്മല കൂട്ടുകാരി പ്രിയയെ ഫോണിൽ വിളിച്ചു. പ്രിയ കുറച്ചുനേരം നിശ്ശബ്‌ദയായിരുന്നു. “എന്‍റെ അമ്മായിയമ്മയും നാത്തൂനും മകളുടെ വിവാഹഷോപ്പിംഗിനായി ഇവിടെ എത്തിയിട്ടുണ്ട്. അവരോടൊപ്പം ഷോപ്പിംഗിനു പോകണം. അതിനു മുമ്പ് ഞാൻ അവിടെ ഭക്ഷണമെത്തിക്കാം. സൗഹൃദത്തിന്‍റെ വിലയെന്തെന്നു മനസ്സിലാക്കിയ നിർമ്മല തെല്ലൊന്നാശ്വസിച്ചു.

പക്ഷേ, ഒരു ദിവസത്തേക്ക് ഭക്ഷണമുണ്ടാക്കിയതുകൊണ്ടു മാത്രം എന്താവാൻ? വീട്ടിലൊരു നൂറുകൂട്ടം ജോലികളുണ്ട്. കുട്ടികളെ ഒരുക്കുക, അവർക്കുള്ള ടിഫിനെടുത്തു വയ്ക്കുക എന്നിങ്ങനെ രാവിലത്തെ തിരക്കു പിടിച്ച ജോലികൾ. “നീ വിഷമിക്കണ്ട. ഞാനില്ലേ.” നിർമ്മലയെ രോഹിത്ത് ആശ്വസിപ്പിച്ചു. രാജസ്ഥാനും ഹിമാലയവും പോലുള്ള അന്തരമാണ് ഭർത്താവും അടുക്കളയും തമ്മിലെന്ന് അറിയാമായിരുന്ന നിർമ്മല അയാളെ നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചു. വളരെ വൈകിയുണരുന്ന ശീലമായിരുന്നു രോഹിത്തിന്‍റേത്. പഞ്ചസാരപ്പാത്രമെവിടെയാ വച്ചിരിക്കുന്നതെന്നോ, കുട്ടികളെപ്പോഴാണ് സ്‌കൂളിൽ പോകുന്നതെന്നോ അദ്ദേഹത്തിനറിയില്ല. ഇങ്ങനെയുള്ള ആളെങ്ങനെ…

നിർമ്മല ആറു മണിക്ക് അലാറം ക്ലോക്ക് സെറ്റു ചെയ്‌തുവച്ചു. പക്ഷേ, വേദനയും അസ്വസ്‌ഥതയും കാരണം ഉറങ്ങാനേ സാധിച്ചില്ല. നിർമ്മലയ്ക്കുവേണ്ട സഹായങ്ങൾ ചെയ്‌തു കൊടുക്കുന്നതിനിടയിൽ രോഹിത്തിനും ഉറക്കം വന്നില്ല. പക്ഷേ, രാവിലെ ആയപ്പോഴേക്കും അവർ ഒന്നു മയങ്ങി.

ആരോ നിർമ്മലയെ പതുക്കെ തട്ടിയുണർത്തി. തൊട്ടുമുന്നിൽ വിനീത്. സ്കൂ‌ളിൽ പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു അവൻ കൂടെ ചിത്രയുമുണ്ട്. രോഹിത്ത് ഇതൊന്നുമറിയാതെ ഉറക്കത്തിലായിരുന്നു. നിർമ്മല ക്ലോക്കിലേക്ക് നോക്കി, ഏഴര മണി.

“അയ്യോ! ഇതെന്താ അലാറമടിക്കാതിരുന്നത്?” നിർമ്മല ആശങ്കയോടെ ക്ലോക്കിലേക്ക് തുറിച്ചുനോക്കി.

“മമ്മിയെയും പപ്പയെയും ഉണർത്തേണ്ടെന്നു കരുതി ഞാനത് ഓഫ് ചെയ്തുവച്ചു.” വിനിതിന്‍റെ മറുപടി കേട്ട് നിർമ്മല ആശ്ചര്യപ്പെട്ടു.

“മമ്മീ, ഞങ്ങൾ സ്‌കൂളിലേക്കു പോകുന്നു. ബസ്സിപ്പോ വരും.” വിനീത് പറഞ്ഞു.

“ഒന്നും കഴിക്കാതെ പോവുകയാണോ?” നിർമ്മല പതുക്കെ കട്ടിലിൽ നിന്നെഴുന്നേൽക്കാൻ ശ്രമിച്ചു.

“ഞങ്ങൾ പാലും ബിസ്‌കറ്റും കഴിച്ചു. മമ്മി വിശ്രമിക്ക്.” “മമ്മീ, ഏട്ടൻ പാൽ തിളപ്പിച്ചു തന്നു.” ചിത്ര സന്തോഷത്തോടെ പറഞ്ഞു.

നിർമ്മല അതിശയത്തോടെ കേട്ടുകൊണ്ടിരുന്നു. “അപ്പോൾ നിങ്ങളുടെ ടിഫിനോ?”

“ജാമും ബ്രെഡും ബിസ്‌ക്കറ്റുമൊക്കെ എടുത്തിട്ടുണ്ട്. കുറച്ചു ന്യൂഡിൽസും തയ്യാറാക്കിയിട്ടുണ്ട്. ഇനി മമ്മിക്ക് സുഖമാകുന്നതു വരെ ഞങ്ങൾക്കിതൊക്കെ മതി.” വിനീത് പുറത്തേക്ക് നടന്നു.

എന്തോ മറന്നെന്നപോലെ അവൻ പെട്ടെന്ന് തിരിഞ്ഞു. “മമ്മിയ്ക്കും പപ്പയ്ക്കുമുള്ള ചായ തയ്യാറാക്കി ഫ്ളാസ്കിൽ വച്ചിട്ടുണ്ട്.”

“മോനേ, ചായ ഞാനുണ്ടാക്കുമായിരുന്നല്ലോ? നീ വെറുതെ കഷ്ടപ്പെടേണ്ടിയിരുന്നോ?” രോഹിത്ത് ചോദിച്ചു.

“പപ്പ ചായയുണ്ടാക്കിയാൽ പപ്പപോലും കുടിക്കില്ല. ഞാനുണ്ടാക്കിയ ചായ കുടിച്ചു നോക്ക്. അടിപൊളിയാ.” വിനീത് ചിത്രമോളുടെ കൈ പിടിച്ച് ബസ്സിനടുത്തേയ്ക്ക് നടന്നു.

ഓർമ്മകളിൽ ആ മുഖം

വീണ്ടും മഞ്ഞിന്‍റെ മറനീക്കി വിവേകിന്‍റെ ഓർമ്മകളിലേക്ക് സിംല കടന്നുവന്നപ്പോൾ പതിവു പോലെ അയാൾ അസ്വസ്‌ഥനായി. സിംല എന്നുമയാൾക്ക് മുറിപ്പാടുകളിൽ മഞ്ഞു വീഴ്ത്തുന്ന ഒരോർമ്മയാണ്. മനസ്സിന്‍റെ ഒരു പാതികൊണ്ട് മറക്കണമെന്നും മറുപാതികൊണ്ട് ഓർക്കണമെന്നും അയാൾ നിരന്തരം തന്നോടുതന്നെ കലഹിച്ചു.

ഇത്തവണ ഗീതയുടേതായിരുന്നു ആവശ്യം. ഗീതയുടെ കസിൻ സിസ്റ്ററുടെ മകൾ കനിയുടെ വിവാഹമാണ് അടുത്തയാഴ്ച‌, സിംലയിൽ വെച്ച്, ഗീതയും കനിയും തമ്മിലുള്ള അടുപ്പം വിവേകിന് നന്നായറിയാം. എത്ര തിരക്കുണ്ടെങ്കിലും അതെല്ലാം മാറ്റിവെച്ച് ഗീത ഓടിച്ചെല്ലുമെന്നറിയാം. വിവാഹത്തിന് ഗീതയ്ക്കൊപ്പം പോകണമോ എന്ന കാര്യത്തിൽ ഒരു തീരുമാനത്തിലെത്താൻ വിവേകിനു കഴിഞ്ഞില്ല. അയാൾ ഓർക്കുകയായിരുന്നു, എത്ര തവണ പോയിട്ടുണ്ട് താൻ സിംലയിൽ? ഓർമ്മയില്ല. സ്നേഹത്തിലേക്കുള്ള ഒരു തീർത്ഥാടനം പോലെ യാത്ര പോകുകയായിരുന്നു ഓരോ തവണയും. ഒരിക്കലും മടുപ്പു തോന്നിയില്ല. എന്നിട്ടും ഗീത ജാഗു മലനിരകളും സ്കേറ്റൽ പോയിന്‍റും കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അയാൾക്ക് എന്തു പറയണമെന്ന് അറിയില്ലായിരുന്നു. ഒന്നും ഗീതയോട് ഒളിയ്ക്കാൻ അയാൾ ആഗ്രഹിച്ചിട്ടില്ല. അതേസമയം മറന്നു കളഞ്ഞ, അവസാനിപ്പിച്ച തന്‍റെയാ പ്രണയകഥയെക്കുറിച്ച് പറഞ്ഞ് ഗീതയുടെ മനസ്സു വേദനിപ്പിക്കേണ്ട എന്നയാൾ ആഗിഹിക്കുകയും ചെയ്തിരുന്നു.

ജീവിതത്തിലെ കഴിഞ്ഞുപോയ അധ്യായങ്ങളിൽ ഏറ്റവും മനോഹരമായ ഒന്നായിരുന്നു വീണ എന്നിട്ടും എവിടെയോ നഷ്ടപ്പെട്ടുപോയി അവൾ.

ഒരിക്കൽ കുട്ടുകാരൻ സുധീർ ചോദിച്ചതോർമ്മയുണ്ട്. “ഈ ഭൂമിയിൽ കാണാൻ ഭംഗിയുള്ള എത്രയധികം സ്‌ഥലങ്ങൾ കിടക്കുന്നു. എന്നിട്ടും നീയെപ്പോഴും സിംലയിലേക്കു തന്നെ വണ്ടിപിടിക്കുന്നു. മടുക്കില്ലേ നിനക്കീ യാത്ര?”

സുധീറിന് എന്ത് ഉത്തരം കൊടുക്കാനാണ്. അവൻ പറഞ്ഞത് ശരിയാണ്. ഒന്നിൽ കൂടുതൽ തവണ ഒരാളെ ആകർഷിക്കാനുള്ള ഭംഗിയൊന്നും സിംലയ്ക്കില്ല. എന്നിട്ടും താനവിടെ പോയതിന് കൈയും കണക്കുമില്ല. അതൊന്നും ആർക്കുമറിയില്ല, തനിക്കല്ലാതെ. ബുദ്ധിയും മനസ്സും തമ്മിലുള്ള യുദ്ധമായിരുന്നു ഇക്കഴിഞ്ഞ അഞ്ചുവർഷവും. പ്രായോഗികതയുടെ തത്വശാസ്ത്രങ്ങൾ പറഞ്ഞ്, ഇപ്പോഴും ഓർമ്മകളെ കൂട്ടുപിടിക്കുന്നതിലെ വിഡ്ഢിത്തത്തെ കളിയാക്കി തന്നോടു തന്നെ തർക്കിക്കുകയായിരുന്നു. പക്ഷേ പ്രണയമെന്നും മനസ്സിനു മാത്രം മനസ്സിലാകുന്ന ഭാഷയാണല്ലോ. തോറ്റത് ബുദ്ധി തന്നെയായിരുന്നു. സിംലയിലെ മഞ്ഞു പുതച്ച താഴ്വരകളിലേക്ക് ഓരോ തവണയും ഓടിച്ചെല്ലുകയായിരുന്നു. വേണ്ടെന്ന് തീർത്തു ചൊല്ലാൻ തന്നെത്തന്നെ വിലക്കാൻ എന്തുകൊണ്ടോ അയാൾക്കു കഴിഞ്ഞില്ല.

സിംലയിൽ അത് ശൈത്യകാലമായിരുന്നു. വെള്ളപ്പട്ടു പുതച്ചുറങ്ങുന്ന ഒരു സുന്ദരിയാണ് സിംലയെന്ന് വിവേകിനു തോന്നി. തീക്ഷ്‌ണമായ സുര്യകിരണങ്ങൾക്കുപോലും തണുത്തുറഞ്ഞ അന്തരീക്ഷത്തിൽ മുടലല്ലാതെ മറ്റൊന്നും നിറയ്ക്കാനായില്ല. ആത്മാവോളം തണുക്കുന്നുണ്ടായിരുന്നു വിവേകിന്. വുളൻ വസ്ത്രങ്ങളും സ്വറ്ററും ഷോളുമെല്ലാം ആ തണുപ്പിൽ നോക്കുകുത്തികളാകുന്നത് അയാൾ അറിഞ്ഞു.

ചുറ്റും തണുത്തുമരവിച്ച നിശ്ശബ്‌ദതയിലൂടെ അയാൾ നടന്നു ചെന്നത് മാൽ റോഡിലേക്കാണ്. വാഹനങ്ങളുടെ ഇരമ്പലും ആളുകളുടെ ബഹളവും അന്തരിക്ഷത്തെ ചൂടുപിടിപ്പിക്കുന്നത് അയാൾ കണ്ടു. ഈ തണുപ്പിനെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് വിറയ്ക്കുന്ന കൈവിരലുകൾ അയാളെ ഓർമ്മപ്പെടുത്തി.

ആദ്യം കണ്ട ചായക്കടയിൽ കയറി ഒരു ചായയ്ക്ക് ഓർഡർ കൊടുക്കുമ്പോഴും അയാൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. പലവട്ടം സിംലയിൽ വന്നു പോയിട്ടുണ്ടെങ്കിലും വർഷങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് ഈ ചായക്കടയിൽ ഇങ്ങനെ… വിവേക് ഓർക്കുകയായിരുന്നു.

ഓർമ്മകളിൽ ഈ ചായക്കടയും കടക്കാരനും തണുത്തുറഞ്ഞ ഡിസംബർ പകലുകളും ഒളിമങ്ങാതെ ഇന്നുമുണ്ട്. കടക്കാരനും തന്നെ തിരിച്ചറിഞ്ഞെന്ന് അയാൾക്കുതോന്നി. വർഷങ്ങൾക്കപ്പുറം എത്രയോ പ്രഭാതങ്ങളിൽ ഈ ചായക്കടയിൽ താൻ കാത്തിരുന്നിട്ടുണ്ട്. പ്രിയപ്പെട്ട ഒരാൾക്കുവേണ്ടി സ്നേഹത്തിന്‍റെ സംഗീതം തന്നെ കേൾപ്പിച്ച ഭുതകാലത്തിലെ ആ പ്രിയപ്പെട്ട കൂട്ടുകാരി വീണയ്ക്കുവേണ്ടി…

ഒരുപക്ഷേ ഈ ചായക്കടക്കാരനും ചിലപ്പോൾ അതോർത്തു കാണും. അല്ലെങ്കിൽ പിന്നെയെന്തിനാണ് കണ്ണുകളിൽ ചിരപരിചിതമായ ഭാവം പേറി അയാൾ തന്നോടു ചിരിച്ചത്. പ്രണയം കൊണ്ട് ഭ്രാന്തെടുത്തവനെ പോലെ അലഞ്ഞ തന്നെ ഈ മലനിരകൾക്കു മറക്കാൻ കഴിയുന്നതെങ്ങനെ.

ഉള്ളിൽ തൊട്ട് തണുപ്പ് എന്തോ പറഞ്ഞപ്പോഴാണ് സ്വപ്നങ്ങളിൽ നിന്നയാൾ ഉണർന്നത്. അയാൾ ഓർക്കുകയായിരുന്നു കാലം വരുത്തിയ മാറ്റങ്ങളെ കുറിച്ച്. ഡിസംബർ പകലുകളിലെ കോടമഞ്ഞുപോലും വിറകൊള്ളിച്ചിട്ടില്ല അന്നൊന്നും. ഇപ്പോൾ നഷ്‌ടപ്രണയത്തിന്‍റെ വേദനയും വിങ്ങലും കൊണ്ട് ഇടറിപ്പോയ തന്‍റെ ആത്മാവോളം വീശിയടിക്കാമെന്നുള്ള ധാർഷ്ട്യവുമായാണ് കാറ്റ് ചുളം കുത്തി കുന്നിറങ്ങുന്നത്. തോറ്റുപോയവനെ വീണ്ടും വീണ്ടും തോൽവിയുടെ ചതു പ്പിലേക്കെറിയാൻ കാലത്തിനെന്നും ഇഷ്ടമാണ്. ഒടുവിൽ കണ്ടപ്പോൾ വീണയും അതുതന്നെയാണ് പറഞ്ഞത്. തന്‍റെ സ്വ‌പ്നങ്ങളിൽ സൂര്യകാന്തിപ്പുക്കളുടെ തേജസ്സോടെ ജ്വലിച്ചു നിന്ന ആ പഴയ വീണയല്ലല്ലോ ഇതെന്ന് മനസ്സ് സങ്കടപ്പെടുന്നുണ്ടായിരുന്നു അപ്പോൾ. ഭൂതകാലത്തിന്‍റെ നനുത്ത ഓർമ്മകളിൽ പ്രസരിപ്പ് എന്നതിനു നേരെ താനെഴുതി ചേർത്തത് വീണയെന്നായിരുന്നു.

കൃത്യം ഒമ്പതു മണിയ്ക്ക് വീട്ടിൽ നിന്നിറങ്ങി പേരറിയാത്ത ആ കുറ്റൻ മരത്തണലിനു കീഴിലെ ചായക്കടയിൽ കാത്തുനിൽക്കുന്ന തന്‍റെയരികിലേക്ക് അവൾ നടന്നുവരുമ്പോഴൊക്കെ ഞാനത് ഉറപ്പിച്ചു കൊണ്ടിരുന്നു. സ്‌കൂളിന്‍റെ പടിവാതിലോളം അവളെ അനുഗമിക്കുമ്പോഴാകും അവളുടെ സാന്നിദ്ധ്യത്തിൽ നിന്നും എന്നിലേക്ക് പടർന്ന ഉണർവ്വിന്‍റെ സാന്നിധ്യം ഞാനറിയുക. കൈവീശി കണ്ണിൽ നിന്നും മറയുന്ന വീണയെ നോക്കി. ഒടുവിൽ തിരിഞ്ഞു നടക്കുമ്പോൾ പലപ്പോഴും ഒരു മൂളിപ്പാട്ടിന്‍റെ ഈണം ചൂണ്ടിൽ തത്തിക്കളിക്കുന്നുണ്ടാകും.

വീണ തന്‍റെ അനിയത്തിയുടെ കൂട്ടുകാരിയായിരുന്നു. പോരാത്തതിന് വീണയുടെ കുടുംബവും തന്‍റെ കുടുംബവും തമ്മിൽ വർഷങ്ങൾ നീണ്ട സൗഹൃദവും ഉണ്ടായിരുന്നു. കയ്യെത്തി തൊടാവുന്ന അകലത്തിൽ അവളുണ്ടല്ലോ എന്നു കൊതിച്ചെങ്കിലും തന്‍റെ സ്നേഹത്തെ പണത്തിന്‍റെയും സമ്പത്തിന്‍റെയും ത്രാസിൽ വെച്ചു തൂക്കിയ വീണയുടെ അച്ഛനു മുന്നിൽ താൻ ഭൂമിയോളം ചെറുതായിപ്പോയി. യാഥാർത്ഥ്യത്തിൽ നിന്ന് സ്വപ്നത്തെ ധ്രുവങ്ങളിലേയ്‌ക്ക് അകറ്റിയതും ആ മനുഷ്യനായിരുന്നു. ജാതിയോ മതമോ ഒന്നുമല്ലായിരുന്നു വീണയുടെ അച്ഛന്‍റെ പ്രശ്നം. പണമായിരുന്നു അയാളുടെ മാനദണ്‌ഡം. അതിനുമുന്നിൽ തന്‍റെ ഉയർന്ന വിദ്യാഭ്യാസ യോഗ്യത പോലും അയാൾക്കൊന്നുമല്ലായിരുന്നു.

തന്‍റെ കഴിവിൽ വിശ്വസിച്ച് വിവാഹാലോചനയുമായി ചെന്ന തന്‍റെ മാതാപിതാക്കളെ അന്ന് വീണയുടെ അചചരൻ അപമാനിച്ചു വിട്ടപ്പോൾ മുറിപ്പെട്ട മനസ്സിന്‍റെ പിടച്ചിൽ വർഷങ്ങൾക്കിപ്പുറവും വിവേക് ഉള്ളു തൊട്ടറിഞ്ഞു.

അപമാനിതനായതിന്‍റെ വാശിയിൽ വേണ്ടെന്നുവെയ്ക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല അയാൾക്ക് വീണ. തന്‍റെ അനിയത്തിയുടെ കൂടെ സമയം കിട്ടുമ്പോഴൊക്കെ വീട്ടിലേക്കോടി വരുന്ന വീണ എന്നുമൊരു ആശ്വാസമായിരുന്നു. അവളുടെ നിഴലുപോലും സംസാരിക്കുന്നത് തന്‍റെ ഹൃദയത്തോടാണെന്ന് പലപ്പോഴും അയാൾക്കു തോന്നി. തന്‍റെ മുഖഭാവത്തിൽ നിന്നുകൂടി അവൾ വായിച്ചെടുക്കുമായിരുന്നു മനസ്സ്. വീണ ഇല്ലാതെയായാൽ ശൂന്യമായി പോകുന്ന ജീവിതം അസ്വസ്‌ഥനാക്കാൻ തുടങ്ങുകയായിരുന്നു വിവേകിനെ.

വീണയുടെ ഡിഗ്രി പരീക്ഷ കഴിഞ്ഞയുടനെ വിവാഹിതനാകാൻ അന്ന് വിവേക് തീരുമാനിച്ചു. പക്ഷേ പണം കൊണ്ട് മറ്റുള്ളവരുടെ സ്വ‌പ്നങ്ങളെ എങ്ങനെ മുറിപ്പെടുത്താം എന്ന് തെളിയിച്ചുകൊണ്ട് പ്രശസ്തനായ അഡ്വക്കറ്റ് രാമാനന്ദന്‍റെ മകൻ ദീപക്കുമായി വീണയുടെ വിവാഹം ഉറപ്പിച്ചത് അവളുടെ അച്ഛൻ തന്നെയായിരുന്നു. വാശിക്കാരനായ കുട്ടിയെ പോലെ വീണയ്ക്കു വേണ്ടി വാശിപിടിച്ചെങ്കിലും മറ്റുള്ളവരുടെ പ്രലോഭനങ്ങൾക്കു മുന്നിൽ പിന്മാറാതിരിക്കാൻ വിവേകിനു കഴിഞ്ഞില്ല.

ത്യാഗമെന്ന ഓമനപ്പേരിട്ട് അയാൾ തന്‍റെ പ്രണയത്തിന് മനസ്സിൽ കല്ലറയൊരുക്കി. വിവാഹമണ്ഡപത്തിൽ സുമംഗലിയായി നിൽക്കുന്ന വീണയുടെ കണ്ണിൽ നഷ‌്ട സ്വപ്നങ്ങളുടെ പിടച്ചിൽ കണ്ടില്ലെന്നു നടിച്ച് അയാൾ സിംലാ കുന്നുകളിറങ്ങി. കൊൽക്കത്തയിലേക്കുള്ള ആ പറിച്ചു നടൽ അന്ന് ഒഴിവാക്കാൻ കഴിയില്ലായിരുന്നു എന്ന കാര്യം വിവേക് വേദനയോടെ ഓർത്തു.

പിന്നീടൊരിക്കലും വീണയെ കാണരുതെന്നാഗ്രഹിച്ചിട്ടും അയാൾക്ക് സിംലയിൽ പോകാതിരിക്കാനായില്ല. സന്തോഷകരമായ ജീവിതം നയിക്കുന്ന ഒരു വീണയെ പ്രതീക്ഷിച്ച വിവേക് ശരിക്കും ദുഃഖിതനായി. ഭർത്താവിന്‍റെ ദുർനടപ്പിൽ സങ്കടപ്പെട്ട് കഴിയുന്ന വീണയെയാണ് അയാൾ കണ്ടത്. ധൂർത്തനായ ദീപക് അവളുടെ ജീവിതം സങ്കീർണ്ണമാക്കുകയായിരുന്നു. സർവ്വവിധ സൗകര്യങ്ങളോടെയും വളർന്ന വീണയുടെ ഇന്നത്തെ ജീവിതം അയാളെ അസ്വസ്‌ഥനാക്കി. വേദനയോടെയാണ് അയാൾ അത്തവണ സിംലയിൽ നിന്നും മടങ്ങിയത്.

പിന്നീട് വീണയെ കാണുമ്പോഴേക്കും അവൾ വളരെ പ്രയാസപ്പെട്ട് ഒരു പ്രൈമറി സ്‌കൂളിൽ താൽക്കാലികമായി ജോലി നേടിയിരുന്നു. സാഹചര്യങ്ങളെ അതിജീവിക്കാൻ അവൾ പഠിക്കുന്നു എന്ന സന്തോഷം അന്ന് വിവേകിനു കുട്ടായി. എങ്കിലും ഒന്നിച്ചു സ്വ‌പ്നം കണ്ട ആ സുന്ദരലോകത്തിലെ നിറയെ ചിരിക്കുന്ന വീണ എവിടെ പോയതെന്ന് അയാൾ പലപ്പോഴും തന്നോടുതന്നെ ചോദിച്ചു.

ഒഫീഷ്യൽ ആവശ്യത്തിനാണ് എന്നും പറഞ്ഞ് ഓരോ തവണയും വിവേക് സിംലയിലേക്ക് പോകുമ്പോഴും കയ്യിൽ വീണയ്ക്കു കൊടുക്കാൻ അമ്മ കൊടുത്തുവിടുന്ന മധുരപലഹാരങ്ങൾ കാണും. മരുമകളായി കുടുബത്തിലേക്കു കയറി വരേണ്ടവൾ കൈവിട്ടുപോയ സങ്കടം അമ്മയുടെ മുഖത്ത് വിവേക് പലപ്പോഴും വായിച്ചു. വീണയുടെ ഭർത്താവും അതിഥിമര്യാദകൾ മറക്കാതെ വിവേകിനെ സ്വീകരിച്ചിരുത്തി. മദ്യവും ധൂർത്തും നിറഞ്ഞ അയാളുടെ ജീവിതത്തിൽ വീണയെ സംബന്ധിച്ച് യാതൊന്നിനും പ്രസക്തിയില്ലായിരുന്നു. സ്നേഹത്തിന്‍റെതായ സ്വാർത്ഥത പോയിട്ട് സ്നേഹത്തിന്‍റെ ഒരു കണികപോലും അയാളുടെ മനസ്സിൽ ഇല്ലെന്ന് വിവേകിന് തോന്നി.

പക്ഷേ വീണ ആരോടും പരാതിപ്പെട്ടില്ല. സങ്കടങ്ങളുടെ ആ വൻതിരകളിൽ ചെന്നടിച്ചു വീഴുമ്പോഴും രക്ഷപ്പെടണമെന്ന് അവൾ ആഗ്രഹിച്ചില്ല. പരിഭവങ്ങൾ ഉറഞ്ഞുകൂടിയ ഒരു മഞ്ഞുമലയായിരുന്നു അവളുടെ മനസ്സ്. നിർവ്വികാരത കൂടുകൂട്ടിയപോലെ ഇരിക്കുന്ന വീണയെ കണ്ട് ഒരിക്കൽ വിവേക് ചോദിച്ചു: “രക്ഷപ്പെട്ടു കൂടെ നിനക്കീ ചതുപ്പിൽ നിന്ന്? എന്തിനാണ് ഈ ബന്ധം തുടരുന്നത്?”

“അങ്ങനെ വേർപെടുത്തി കളയാവുന്ന ഒന്നല്ല വിവേക് ദാമ്പത്യം, താലി കെട്ടുന്നത്ര എളുപ്പമല്ല അത് അഴിച്ചെടുക്കാൻ. ഇപ്പോൾ നിങ്ങൾക്കത് മനസ്സിലാവില്ല. നിറപ്പകിട്ടൊന്നുമില്ലെങ്കിലും ഞാൻ ജീവിച്ചു തീർക്കുന്നതും ജീവിതം തന്നെയാണ്. എനിക്കറിയാം നിങ്ങൾ ഞാൻ സന്തോഷിക്കുന്നത് കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരാളാണെന്ന്. പക്ഷേ ജീവിതത്തിന്‍റെ യാഥാർത്ഥ്യം ഞാനിന്നറിയുന്നു, ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാൻ കഴിഞ്ഞെന്നു വരില്ല.

ജീവിതത്തിൽ ചതിക്കപ്പെട്ടു എന്നതു ശരിയാണ്. പക്ഷേ അതു കരുതി ആത്മഹത്യ ചെയ്യാനോ ജീവിതത്തിൽ നിന്ന് ഒളിച്ചോടാനോ ഞാൻ തയ്യാറല്ല. നിങ്ങളോടൊക്കെ എനിക്ക് നന്ദിയുണ്ട്. അച്ഛനും അമ്മയും വിവേകും അമ്മാവന്മാരും ഏട്ടന്മാരും ഒക്കെ ഞങ്ങളെ രണ്ടുപേരെയും ഒരുപാട് സഹായിച്ചിട്ടുണ്ട്. എപ്പോഴും ഇങ്ങനെ ആരെങ്കിലുമൊക്കെ സഹായിക്കാനുണ്ടായതാണ് ഒരർത്ഥത്തിൽ ദീപകിനെ ഇത്ര ഉത്തരവാദിത്വമില്ലാത്തവനായി മാറ്റിയത്. ആരുമില്ല എന്ന തോന്നലുണ്ടായാൽ മതി, ഒരു പക്ഷേ അല്പ‌ം ഉത്തരവാദിത്വത്തോടെ അദ്ദേഹം പെരുമാറിക്കൂടാ എന്നില്ല. എനിക്കൊരൽപം സമയം കൂടി തരു എല്ലാവരും. അദ്ദേഹത്തെ മാറ്റിയെടുക്കാൻ പറ്റുമെന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്.

എന്നെക്കുറിച്ചോർത്ത് വിവേക് വിഷമിക്കേണ്ട. എന്‍റെ യാഥാർത്ഥ്യങ്ങളോട് ഞാൻ പൊരുത്തപ്പെട്ടു കഴിഞ്ഞു. പിന്നെ നിങ്ങളെന്നും എന്‍റെ കൂടെയുണ്ടല്ലോ. എന്‍റെ അഭ്യുദയകാംക്ഷിയായ്… എന്‍റെ നല്ല കുട്ടുകാരനായി. എനിക്ക് സന്തോഷിക്കാൻ ഇതൊക്കെ ധാരാളം.”

ഇതായിരുന്നു വിവേകിന്‍റെ അവസാന സിംലാ യാത്ര. തൊട്ടടുത്ത വർഷം ഗീതയുമായുള്ള വിവാഹം നടന്നു. സ്നേഹനിധിയായ ഗീത ജീവിതത്തിൽ ഒരു പുതിയ വെളിച്ചമായ് ഉണരുകയാണെന്ന് അയാൾക്കു തോന്നി. യാഥാർത്ഥ്യങ്ങളെ സ്നേഹിക്കാൻ വീണയെപ്പോലെ അയാളും ശ്രമിച്ചുകൊണ്ടിരുന്നു.

രണ്ടുവർഷങ്ങൾക്കുശേഷം ഇപ്പോൾ ഇങ്ങനെ ഈ മണ്ണിൽ നിൽക്കുന്നതും ഗീതയ്ക്കുവേണ്ടിയാണ്. കനിയുടെ വിവാഹത്തിനു നാലഞ്ചുദിവസം മുമ്പേ തന്നെ എത്തണമെന്നത് ഗീതയുടെ ആഗ്രഹമായിരുന്നു. ഗീതയുടെ ആഗ്രഹം പോലെതന്നെ സിംലയിൽ വന്നിറങ്ങുമ്പോൾ സന്തോഷപൂർവ്വം കനിയും കുടുംബവും അവരെ എതിരേറ്റു. മറ്റുള്ളവരുടെ നിറഞ്ഞ ചിരി കാണുന്നതും ഒരു സന്തോഷമാണെന്ന് വിവേക് അറിഞ്ഞു.

വിവാഹവസ്ത്രങ്ങൾ ഗീതയെ കാണിക്കുന്ന തിരക്കിലായിരുന്നു കനി. വ്യത്യസ‌തമായ ഡിസൈനുകളിലുള്ള ആ സാരികളും ചുരിദാറുകളും ഗീതയേയും ആകർഷിച്ചു. “ഇതെവിടെ നിന്നാ കനീ?” ചോദിക്കാതിരിക്കാനായില്ല.

“ഇവിടെ അടുത്ത് പുതിയതായി ഒരു ടെക്സ്‌റ്റയിൽസ് വന്നിട്ടുണ്ട് ചേച്ചി. ചാന്ദ്‌നി ടെക്‌സ്‌റ്റയിൽസ്. ഡിസൈനർ സാരികൾ കിട്ടും അവിടെ. ഇപ്പോൾ ഡ്രസ്ലെടുക്കാൻ ആരും ഡൽഹിയിലൊന്നും പോകാറില്ല. ഇവിടെത്തന്നെ ഉണ്ട് നല്ല സെലക്ഷൻ. വേണമെങ്കിൽ ചേച്ചീ നമുക്ക് നാളെ ഒരു ഷോപ്പിംഗിനിറങ്ങാം.”

“വേണ്ട കനീ. ഞാൻ ചോദിച്ചെന്നേയുള്ളൂ. ഏതായാലും നല്ല കളക്ഷൻ.” ഗീത പറഞ്ഞു.

പിറ്റേദിവസം, വിവേകും ഗീതയുംകൂടി കറങ്ങാനിറങ്ങിയപ്പോൾ അമ്മായിയാണ് വന്നു പറഞ്ഞത്. പോയി വരുന്ന വഴി ചാന്ദ്നി ടെക്സ്റ്റൈൽസിൽ കയറി തയ്ക്കാൻ കൊടുത്ത കനിയുടെ ചുരിദാറുകൾ വാങ്ങി കൊണ്ടുവരാൻ. ടെക്സ്‌റ്റൈൽസിനു മുന്നിലെത്തിയപ്പോൾ ഗീതയെ ടെക്സ്‌റ്റൈൽസിലാക്കി വിവേക് ചുറ്റി കറങ്ങാനിറങ്ങി. “നീ തയ്ച്ച ഡ്രസ്സ് വാങ്ങി വരുമ്പോഴേക്കും ഞാൻ ഒന്ന് ചുറ്റിയിട്ടു വരാം.”

ഇവിടെ അടുത്തെവിടെയോ പണ്ട് ദീപകിനൊരു വുളൻ ഡ്രസ്സുകളുടെ കടയുണ്ടായിരുന്നല്ലോ എന്ന കാര്യം വിവേകിനപ്പോഴാണ് ഓർമ്മ വന്നത്. ഒന്ന് അന്വേഷിച്ചു നോക്കിയാൽ ചിലപ്പോൾ ഒരു പക്ഷേ വീണയേയും ദീപകിനെയും കാണാനാകും, അയാൾ കരുതി. ആൾക്കൂട്ടത്തിനിടയിൽ, കടയുടെ കൗണ്ടറുകളിൽ പരിചയമുഖങ്ങളുണ്ടോ എന്ന് തിരയുകയായിരുന്നു വിവേക്. പക്ഷേ, കാണാൻ കഴിഞ്ഞില്ല. നിരാശനായാണ് അയാൾ മടങ്ങിയത്.

തിരിച്ച് ചാന്ദ്‌നി ടെക്സ്‌റ്റൈയിലിലെത്തുമ്പോൾ അയാൾ തളർന്നിരുന്നു. അപ്പോഴാണ് കൗണ്ടറിലിരിക്കുന്ന മനുഷ്യനെ വിവേക് ശ്രദ്ധിച്ചത്.

“ഇത്…..” ഓർമ്മകളിൽ ആ മുഖം പരതി കൊണ്ടിരിക്കുമ്പോഴാണ് പിന്നിൽ ഗീതയുടെ സ്വരം കേട്ടത്. “നോക്കിയേ, ഒരു സർപ്രൈസ്….” തിരിഞ്ഞുനോക്കിയ അയാൾ അത്ഭുതപ്പെട്ടുപോയി. ഗീതയ്ക്കൊപ്പം ആ പഴയ സുന്ദരമായ ചിരിയോടെ വീണ. “ശരിക്കും സർപ്രൈസ് തന്നെ ഗീത…” അയാൾ മനസ്സിൽ പറഞ്ഞു.

“ഇവരും നമ്മുടെ നാട്ടുകാരാണെന്ന് സംസാരിച്ചപ്പോഴല്ലേ മനസ്സിലായത്.” സിംലയിൽ ഒരു പരിചയക്കാരിയെ കണ്ടുകിട്ടിയ സന്തോഷമായിരുന്നു ഗീതയുടെ വാക്കുകളിൽ.

“അയ്യോ… സോറി. ഞാൻ പേരു ചോദിക്കാൻ മറന്നു.” ക്ഷമാരൂപേണ ഗീത വീണയോടു തിരക്കി. ഉത്തരം പറഞ്ഞത് വിവേകായിരുന്നു.

“ഗീതാ… ഇത് വീണ. നമ്മുടെ വിദ്യയുടെ കൂട്ടുകാരി അവർ ക്ലാസ്മേറ്റ്സ് ആയിരുന്നു. വിവാഹം കഴിഞ്ഞതോടെ രണ്ടുപേരും രണ്ടു വഴിയിലായി.”

“തിരക്കുകൾക്കിടയിൽ സൗഹൃദം കൈവിട്ടുപോയി എന്നു പറയുന്നതാകും ശരി. അച്‌ഛൻ മരിച്ചശേഷം അമ്മ ഞങ്ങൾക്കൊപ്പം താമസമായി. പഴയ വീടു വിറ്റ് ഞങ്ങൾ ഇവിടെ അടുത്തേയ്ക്കു മാറി. ഒന്നും ആരെയും അറിയിക്കാൻ പറ്റിയില്ല. അതോടെ വിദ്യയ്ക്ക് ഞങ്ങളെ തേടിവരാനുള്ള അഡ്രസ്സും നഷ്‌ടമായി.” നഷ്ടബോധത്തിന്‍റെ ചെറിയ വിങ്ങലോടെയാണ് വീണയത് പറഞ്ഞത്. അപ്പോഴേക്കും കൗണ്ടറിലിരിക്കുകയായിരുന്ന ദീപക് എണീറ്റ് അവർക്കരികിലേക്കു വന്നു.

“ഇപ്പോൾ നല്ല തിരക്കാണ്. ഈ ടെക്സ്റ്റൈയിൽസിലെ കാര്യങ്ങൾ നോക്കി നടത്താൻ തന്നെ സമയം തികയുന്നില്ല. വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നതും തയ്ച്ചെടുക്കുന്നതും സെലക്ട് ചെയ്യുന്നതും ഒക്കെ എന്‍റെ ഡിപ്പാർട്ട്മെന്‍റാണ്. ജോലിക്കാരുടെയും കൗണ്ടറിലെയും കാര്യം ദീപക് നോക്കും.” വീണ വിശേഷങ്ങൾ പറഞ്ഞു.

“അതു മാത്രമല്ല വിവേക്…. പിന്നെ ഞങ്ങളാണ് ഏറ്റവും ഭാഗ്യം ചെയ്തത ദമ്പതിമാർ. ദിവസത്തിൽ 24 മണിക്കൂറും ഞങ്ങളൊന്നിച്ചല്ലേ?” ദീപകിന്‍റെ വാക്കുകൾ കേട്ട് വീണയുടെ മുഖത്ത് നാണം വിരിയുന്നത് വിവേക് കണ്ടു. പ്രതീക്ഷകൾ വീണയെ സന്തോഷത്തിലേക്കു തന്നെയാണ് തുഴഞ്ഞു കൊണ്ടുപോയതെന്ന് അയാൾക്കു ബോധ്യമായി.

പിറ്റേദിവസം വീണയുടെ വീട്ടിൽ ചെന്നപ്പോൾ അമ്മയിൽ നിന്നുമാണ് വിവേക് കാര്യങ്ങൾ അറിഞ്ഞത്.

ടീച്ചറായി ജോലി ചെയ്യുമ്പോൾ തന്നെ ടെയ്‌ലറിംഗ് പഠിക്കാൻ വീണ സമയം കണ്ടെത്തിയിരുന്നു. വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാനും തയ്ക്കാനുമൊക്കെയായി വീട്ടിൽ തന്നെ ഒരു മെഷീനും വീണ വാങ്ങിച്ചു. വീണയുടെ പുത്തൻ ഡിസൈനിംഗു സെലക്ഷനുമൊക്കെ കസ്‌റ്റമേഴ്‌സിനു വളരെ പെട്ടെന്നാണ് ഇഷ്ടമായത്. പതിയെ സ്‌കൂളിലെ താൽക്കാലിക ഉദ്യോഗം കളഞ്ഞ് മുഴുവൻ സമയ തയ്യൽക്കാരിയായി അവൾ.

വീണ തയ്ച്ച വസ്ത്രങ്ങൾ ട്രെൻഡായതോടെ ദീപകിന്‍റെ ചെറിയ ടെക്‌സ്റ്റൈയിൽസും അഭിവൃദ്ധി പ്രാപിച്ചു. പതിയെ സിംലയിലെ നമ്പർ വൺ വസ്ത്രകേന്ദ്രമായി ‘ചാന്ദ്‌നി ടെക്സ് റ്റൈൽസ്. കുറേക്കൂടെ തിരക്കുള്ള സിംലയുടെ ഹൃദയഭാഗത്തേക്ക് ദീപകും വീണയും ചേർന്ന് തങ്ങളുടെ ടെക്സ്റ്റൈൽസ് മാറ്റി സ്‌ഥാപിച്ചതോടെ ദീപകിന്‍റെ ബിസിനസ്സ് ഗ്രാഫും കുത്തനെ ഉയർന്നു.

വീണയുടെ ജീവിതത്തിലെ സന്തോഷത്തിന്‍റെ തിളക്കം അവരുടെ വീട്ടിലും വിവേക് കണ്ടു. അടുക്കുംചിട്ടയുമുള്ള അവരുടെയാ ഇരുനിലവീടും പരിസരവും കുടുംബാന്തരീക്ഷവും വിവേകിന്‍റെ മനസ്സിനെ സ്‌പർശിച്ചു.

വീണയുടെ മകൾക്കു നൽകാനായി ആദ്യമേ കളിപ്പാട്ടങ്ങളും സമ്മാനങ്ങളും വാങ്ങി കരുതിയിരുന്നു ഗീത. സ്നേഹത്തോടെ ആ കുട്ടിയെ എടുത്ത് നെഞ്ചോട് ചേർത്തപ്പോൾ മനസ്സ് ആർദ്രമായ പോലെ അയാൾക്കുതോന്നി. തന്‍റെ വീണയുടെ മകൾ! ഒരു കുഞ്ഞു താന്തോന്നി വേദന അപ്പോഴത്തെ ആ വലിയ സന്തോഷങ്ങൾക്കിടയിലും അയാളുടെ മനസ്സിൽ നഖമാഴ്ത്തി.

ഋതുഭേദം

“നിന്‍റെ ഭൂതകാലം, അതെനിക്ക് ചികയേണ്ട ആവശ്യമില്ല. നിന്‍റെ കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള ചർച്ച ഞാൻ ആഗ്രഹിക്കുന്നില്ല.” ദേവേശ് വിവാഹശേഷം തന്നോട് പറഞ്ഞിരുന്നു

അഞ്ജുവും ദേവേശും സിംലയിലെത്തിയപ്പോൾ ഏതാണ്ട് പത്തു മണിയോടടുത്തിരുന്നു. ജലദോഷവും പനിയും കാരണം ദേവേശ് ആകെ അസ്വസ്ഥനായിരുന്നു. മരുന്നു കഴിച്ചിട്ടും പനി ഒട്ടും കുറയുന്നില്ല. സകല സുഖസൗകര്യങ്ങളുമുള്ള ഒരു വലിയ ഹോട്ടലിലാണ് അവർ തങ്ങിയത്.

അഞ്ജു രാവിലെയുണർന്ന് മുറിയോടടുത്തുള്ള ബാൽക്കണിയിൽ ചെന്നുനിന്നു. ചാറ്റൽ മഴ കണക്കേ മഞ്ഞു പൊടിയുന്നു. പുറത്ത് മഞ്ഞുവീഴ്ച്‌ചയുടെ കൗതുകദൃശ്യം കാണാൻ ഒരുപാട് പേരുണ്ടായിരുന്നു. ടൂറിസ്‌റ്റ് സീസണായതിനാൽ ഹോട്ടലിലെ റൂമെല്ലാം വിനോദസഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരുന്നു.

സിംല മനോഹരിയാണെന്ന കാര്യം അഞ്ജുവിന് നന്നായി അറിയാം. മുമ്പും പലവട്ടം സിംലയിൽ വന്നിട്ടുണ്ട് അഞ്ജു. സിംലയുമായി ഇഴചേർന്ന ധാരാളം ഓർമ്മകൾ അഞ്ജു ഒരു നിഴൽ പോലെ മനസ്സിൽ സൂക്ഷിക്കുന്നുമുണ്ട്.

വീണ്ടും സിംലയിലേക്കൊരു വരവ് അഞ്ജു ഒരിക്കലും ആഗ്രഹിച്ചതല്ല. ജീർണ്ണിച്ച അനുഭവങ്ങളാണ് സിംല തനിക്ക് സമ്മാനിച്ചിട്ടുള്ളത്. അതിനാലാണ് സിംലയിൽ ഹണിമൂൺ ആഘോഷിച്ചാൽ മതിയെന്ന് ദേവേശ് പറഞ്ഞപ്പോൾ അഞ്ജുവിന് ഒട്ടും രസിക്കാതിരുന്നത്. ഡൽഹൗസിയോ, മസൂറിയോ മറ്റേതെങ്കിലും ഹിൽസ്‌റ്റേഷനോ മതിയെന്ന് അഞ്ജു നിർബന്ധം പിടിച്ചതുമാണ്.

ദേവേശ് ആദ്യമായാണ് സിംലയിലേയ്ക്ക് വരുന്നത്. സ്നോ ഫാൾ കാഴ്ച കാണണമെന്നത് അവൻ വലിയൊരു മോഹവുമായിരുന്നു. അതുകൊണ്ട് തന്നെ ദേവേശിനെ സംബന്ധിച്ച് സിംലയുടെ ഓരോ കാഴ്ചയും പുതുമ സമ്മാനിക്കുന്നതായിരുന്നു.

സിംലയിലേയ്ക്ക് പോകേണ്ട എന്ന് പലവുരു പറഞ്ഞതിന്‍റെ പിന്നിലുള്ള താല്‌പര്യക്കുറവ് ദേവേശിനെ താനെങ്ങനെ പറഞ്ഞു ബോധിപ്പിക്കും? ഒരുപക്ഷേ താനത് പറഞ്ഞാൽ ദേവേശ് അത് ഏതു രീതിയിൽ ഉൾക്കൊള്ളും….

അഞ്ജുവിന്‍റെ മുൻ ഭർത്താവ് ദീപകിന്‍റെയും ദേവേശിന്‍റെയും സ്വഭാവത്തിലും ശീലങ്ങളിലും എന്തു വലിയ അന്തരമാണുള്ളത്. പേരുകേട്ട ബിസിനസ്‌കാരനായിരുന്നിട്ടു കൂടി ദേവേശിന്‍റെ പെരുമാറ്റത്തിൽ ലാളിത്യവും ആർദ്രതയും നിറഞ്ഞു നിന്നിരുന്നു. പ്രശ്‌നങ്ങൾ കൂടുതൽ ചികയുവാനോ, നിസ്സാരകാര്യങ്ങൾ സംസാരിച്ച് വഷളാക്കാനോ ദേവേശ് ഒരിക്കലും ശ്രമിച്ചില്ല. തുറന്ന പ്രകൃതമാണ് ദേവേശിന്‍റേത്. ഇഷ്ടമില്ലാത്തത് മനസ്സിൽ സൂക്ഷിക്കുന്ന സ്വഭാവക്കാരനുമല്ല.

കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ദേവേശിന്‍റെ പ്രകൃതവും ശീലങ്ങളും അഞ്ജു ഏറെ മനസ്സിലാക്കിയിരുന്നു. തനിക്ക് നേരിടേണ്ടി വന്ന മോശമായ അനുഭവങ്ങൾ കാരണം, ഏതൊരു പുരുഷനെയും കണ്ണുമടച്ച് വിശ്വസിക്കാൻ അഞ്ജു തയ്യാറായിരുന്നില്ല.

ദേവേശിന്‍റെ മുന്നിൽ സത്യം തുറന്നു പറയാൻ അഞ്ജുവിന് മടിച്ചു നിൽക്കേണ്ടി വന്നതും ഒരുപക്ഷേ, ഇതൊക്കെ കൊണ്ടായിരുന്നു.

താൻ മുമ്പും പലവട്ടം ദീപകിനൊപ്പം സിംലയിൽ വന്നിട്ടുണ്ട്. എന്ന് അഞ്ജു പറഞ്ഞാൽ ദേവേശേ അത് ഏതു രീതിയിൽ നോക്കിക്കാണും… അഞ്ജുവിന് ധൈര്യം തോന്നിയില്ല.

ഈ വലിയ ഹോട്ടലിൽ താൻ എത്രയോ വട്ടം ദീപകിനൊപ്പം തങ്ങിയിട്ടുണ്ടെന്ന് എങ്ങനെ പറയും? ദേവേശിന്‍റെ പ്രതികരണം എങ്ങനെയാവും? വേണ്ട അഞ്ജു പിൻവാങ്ങി.

*നിന്‍റെ ഭൂതകാലം- അതെനിക്ക് ചികയേണ്ട ആവശ്യമില്ല. നിന്‍റെ കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള ചർച്ച ഞാൻ ആഗ്രഹിക്കുന്നില്ല.” ദേവേശ് വിവാഹശേഷം തന്നോട് പറഞ്ഞിരുന്നു.

എന്നാൽ മനസ്സിൽ തീ കൂട്ടി വയ്ക്കാതെ എല്ലാം തുറന്നു പറയണമെന്ന അഭിപ്രായമായിരുന്നു അഞ്ജുവിന്. കാലാവസ്‌ഥയിലെ ചെറിയൊരു മാറ്റം മതി, ദേവേശിന്‍റെ ആരോഗ്യം മോശമാകാൻ. സിംലയിലേക്ക് വരുമ്പോൾ ഈയൊരു ഭയം മനസ്സിൽ ഇല്ലാതിരുന്നില്ല.

ആവി പറക്കുന്ന ചായയും ബ്രഡ്‌ഡും കഴിച്ചപ്പോൾ ദേവേശിന് തെല്ലൊരു ആശ്വാസം തോന്നി. ദേവേശ് ജനാലയിലെ കർട്ടൻ ഒരു വശത്തേയ്ക്ക് വകഞ്ഞു മാറ്റി. പുറത്ത് കടുത്ത മഞ്ഞു കാരണം മാൽറോഡിലെ വീഥികൾ മറഞ്ഞു തന്നെ കിടന്നു.

അസുഖം പൂർണ്ണമായും ഭേദമാകാതെ താൻ പുറത്തേക്കിറങ്ങുന്നില്ല. ദേവേശ് തീർത്തു പറഞ്ഞു. എന്നാൽ താൻ കാരണം അഞ്ജു ഈ അടഞ്ഞ മുറിയിലിരുന്നു ബോറടിക്കേണ്ടതുണ്ടോ? ദേവേശ് അഞ്ജുവിനെ അടുത്തു വിളിച്ചിരുത്തി. “എന്നെ സംബന്ധിച്ച് ഈ അവസ്‌ഥയിൽ ഹോട്ടലിന് പുറത്തിറങ്ങുക… അതു ശരിയാവില്ല. നീ ഒറ്റയ്ക്ക് പുറത്തൊക്കെ പോയി ഒന്നു കറങ്ങി വാ… ഒരു ചെറിയ റൗണ്ടടിച്ചു വന്നാൽ മതി. ഈ ജലദോഷമൊന്നു കുറഞ്ഞാൽ ഉച്ചയ്ക്ക് നമുക്കൊന്നിച്ചിറങ്ങാം.”

“വേണ്ട… ഒറ്റയ്ക്ക് കറങ്ങാൻ ഒരു രസവുമില്ല.” അഞ്ജു ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.

“എനിക്കൊപ്പം ഈ അടഞ്ഞ മുറിയിലിരുന്ന് നീ ബോറടിക്കേണ്ട. നമ്മളിവിടെ ഹണിമൂൺ ആഘോഷിക്കാൻ വന്നതല്ലേ. ഓരോ നിമിഷവും എൻജോയ് ചെയ്യേണ്ടതാണ്. നീ ഹിൽ സ്റ്റേഷന്‍റെ ഭംഗി ആസ്വദിക്കാതെ ഈ മുറിയിൽ ചടഞ്ഞിരിക്കുന്നത് വലിയ മണ്ടത്തരമാവും.”

ദേവേശിന്‍റെ നിർബന്ധം കൂടിയതോടെ അഞ്ജു പതുക്കെ മാൽറോഡിലൂടെ മുന്നോട്ടു നടന്നു. മാൽറോഡിലെ കടുത്ത മഞ്ഞും മരവിപ്പിക്കുന്ന തണുപ്പും… മുന്നിൽ തോളോടു തോളുരുമ്മി കൈകോർത്തു നടക്കുന്ന ജോഡികൾ… ശരിക്കുമൊരു റൊമാന്‍റിക് ഡറ്റിനേഷൻ തന്നെയാണ് സിംല.

ആവി പറക്കുന്ന മഞ്ഞിന്‍റെ ശീതള സ്‌പർശമേറ്റ് അഞ്ജുവിന്‍റെ കവിൾ മരവിച്ചു. ആ മരവിപ്പ് മനസ്സിലേക്കും ഇരച്ചു കയറിയതും പൊടുന്നനെയാണ്. കാലത്തിന് എല്ലാം മായ്ക്കാനു ള്ള കഴിവുണ്ട്. പഴയ ബന്ധങ്ങൾ അറ്റുപോയിട്ടും തനിക്കിതാ പുതിയൊരു ജീവിതം കരുപ്പിടിച്ചു വരുന്നു…

ജന്മജന്മാന്തരങ്ങളോളം നിലനിൽക്കേണ്ട ദൃഢബന്ധം ലോലമായൊരു നൂൽ കണക്കേ എത്ര പെട്ടെന്നാണ് അറ്റു പോയത്. ദീപകിനൊപ്പം സിംലയിൽ വന്ന ആദ്യനാളുകൾ എത്ര വേഗമാണ് കാലയവനികയിൽ മാഞ്ഞത്.

8- 9 വർഷം മുമ്പ്… ദീപക്കിനോട് ചേർന്ന് മാൽറോഡിലൂടെ നടക്കുമ്പോൾ നിലം തൊടാത്തത്ര സന്തോഷമായിരുന്നു അഞ്ജുവിന്. ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ സ്ത്രീകളിൽ ഒരാളാണ് താൻ എന്നവൾ അഭിമാനിച്ചു.

താൻ സ്വപ്നം കണ്ട അതേ ജീവിതപങ്കാളിയെയാണ് തനിക്ക് ലഭിച്ചത്. വിദ്യാസമ്പന്നൻ, സുമുഖൻ, കുറ്റം പറയാനും മാത്രം യാതൊരു കുറവുകളുമില്ല. ബാങ്ക് ഉദ്യോഗസ്‌ഥൻ. ഭാവിയെക്കുറിച്ചും സാമ്പത്തിക ഭദ്രതയെക്കുറിച്ചും ഒരു ഭയവും വേണ്ട. വിവാഹനാളുകളിൽ വലിയ വലിയ കാര്യങ്ങൾ മാത്രമാണ് ദീപക് സംസാരിച്ചിരുന്നത്. ഒന്നുരണ്ടു വർഷം ഹോട്ടൽ ഭക്ഷണം ഉല്ലാസയാത്രയുമൊക്കെയായി കടന്നുപോയി.

രണ്ടു വർഷങ്ങൾക്കു ശേഷം അഞ്ജുവിന്‍റെയും ദീപകിന്‍റെയും ജീവിതത്തിലേയ്ക്ക‌് കുഞ്ഞ് അഖില അതിഥിയായെത്തി. അഖിലയുടെ ജനനത്തോടെ അഞ്ജുവിന്‍റെ ഉത്തരവാദിത്തവും കൂടി. അതോടെ ജീവിതം യാഥാർത്ഥ്യത്തിന്‍റെ ചുവടു പറ്റി നീങ്ങിത്തുടങ്ങി.

ദീപകിന്‍റെ സംസാരത്തിലും പ്രകൃതത്തിലും കാര്യമായ മാറ്റം കണ്ടുതുടങ്ങി. വിവാഹശേഷം കണ്ട ആ പഴയ ദീപക്കല്ല ഇത്. സംശയാലുവായിരുന്നു ദീപക്. നിസ്സാര കാര്യങ്ങളുടെ പേരിൽ പോലും അഞ്ജുവിനെ ടെൻഷനടിപ്പിക്കും ദീപകിന്‍റെ ഉള്ളിലെ യഥാർത്ഥ മനുഷ്യൻ പുറത്തു വന്നതോടെ അഞ്ജുവിന്‍റെ ജീവിതത്തിന്റെ നിറവും മങ്ങിത്തുങ്ങിയിരുന്നു.

ദീപകിന്‍റെ അസ്വാഭാവികമായ മാറ്റം അഞ്ജുവിന്‍റെ ജീവിതത്തിൽ ശൂന്യത നിറച്ചു. ഈ ഒരു കുറവു നികത്താൻ അഞ്ജു മറ്റുള്ളവരുമായി നന്നായി ഇടപഴകാൻ തുടങ്ങി. എന്നാൽ സംശയാലുവായ ദീപകിനാകട്ടെ അഞ്ജുവിന്‍റെ പെരുമാറ്റം ഒട്ടും ഇഷ്ടമായില്ല. അവരുടെ ദാമ്പത്യം തകർച്ചയിലേയ്ക്ക് നീങ്ങി.

വിവാഹമോചനം എന്ന നിർണ്ണായകമായ തീരുമാനത്തിലെത്താൻ അഞ്ജുവിന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. ദീപകിനെപ്പോലെ സംശയാലുവും സാഡിസ്റ്റുമായ ഒരാളോടൊപ്പം ജീവിതം തള്ളിനീക്കുന്നതു ദുസ്സഹമാണെന്ന് അവൾക്ക് ബോധ്യമുണ്ടായിരുന്നു.

ജീവിതത്തിന്‍റെ താളം തെറ്റിയത് അഞ്ജുവിനെ ഏറെ വിഷമിപ്പിച്ചിരുന്നെങ്കിലും കുഞ്ഞ് അഖിലയെ പിരിഞ്ഞിരിക്കേണ്ടി വന്നതാണ് അവളെ ഏറെ കരയിച്ചത്. ഒരു പക്ഷേ അഖിലമോൾ തന്നെ തിരിച്ചറിയുന്നുണ്ടാവുമോ? അഞ്ജു ചിന്താമഗ്നയായി. ചിന്തകളുടെ ഭാരം പേറി പഴയ മാൽറോഡും കടന്ന് താഴെ കോർട്ട് റോഡിലേയ്ക്ക് കടന്നു. തണുപ്പ് കൂടിക്കൂടി വന്നു. ഇനിയും മുന്നോട്ടു നടക്കുന്നതു പന്തിയല്ലെന്ന് അവൾക്ക് തോന്നി. ടേണിംഗ് കഴിഞ്ഞതും അഞ്ജു ഒന്നു നിന്നു. റോഡിന്‍റെ ഒരു വശത്ത് ആഴമുള്ള കൊക്കയിലേയ്ക്ക് വീഴാതിരിക്കുന്നതിനായി റേലിംഗ് പിടിപ്പിച്ചിട്ടുണ്ടായിരുന്നു. അഞ്ജു റേലിംഗിൽ പിടിച്ച് പതിയെ കൊക്കയിലേയ്‌ക്കൊന്ന് എത്തിനോക്കി.

വെളുത്ത മൂടൽ മഞ്ഞ് മാത്രം. പുകപോലുള്ള മഞ്ഞുറഞ്ഞ് എപ്പോൾ ഐസാവുമെന്ന് പറയാനാവില്ല. എന്നാൽ സഞ്ചാരികളെ സംബന്ധിച്ച് ഇതൊക്കെ നയനാഭിരാമ ദൃശ്യങ്ങളാണ്.

അഞ്ജുവിന് താഴ്വാരത്തിലുയരുന്ന പുകമഞ്ഞിന്‍റെ ദൃശ്യം നോക്കി നിൽക്കണമെന്നുണ്ടായിരുന്നു. പക്ഷേ, പെട്ടെന്ന് ഒരു ഞെട്ടലോടെ അവൾ തിരിഞ്ഞുനോക്കി.

അഞ്ജുവിന്‍റെ പാദങ്ങളിൽ ആരോ സ്‌പർശിക്കുന്നു.

ഒരു നിമിഷം അഞ്ജുവൊന്നു ഭയന്നു. മൂടൽമഞ്ഞിന്‍റെ പുകമറ കാരണം പാദങ്ങളിൽ തൊട്ടു വന്ദിക്കുന്നയാളുടെ മുഖം വ്യക്തമായില്ല. പെട്ടെന്ന് അയാൾ മുഖമുയർത്തി അഞ്ജുവിനെ നോക്കി.

“സജീ, നീയോ?” അഞ്ജു അറിയാതെ പറഞ്ഞുപോയി. “ഭാഗ്യം, ചേച്ചീ എന്നെ തിരിച്ചറിഞ്ഞല്ലോ?”

“എന്‍റെ കാഴ്ച്‌ചയ്ക്ക് കുഴപ്പമൊന്നുമില്ല. പക്ഷേ ഇതിന്‍റെയൊന്നും ആവശ്യമില്ലായിരുന്നു.” അയാൾ കാൽ തൊട്ടു വന്ദിച്ചത് അഞ്ജുവിന് തീരെ ഇഷ്ടമായില്ല.

“എന്താ, ചേച്ചിയുടെ കാൽ തൊട്ടു വന്ദിക്കാൻ പോലും എനിക്ക് അവകാശമില്ലേ?”

“അതിന് നമ്മൾ തമ്മിൽ യാതൊരു ബന്ധവുമില്ലല്ലോ? പിന്നെ ഈ ആദരവിന്‍റെ ആവശ്യമുണ്ടോ?” അഞ്ജു മുഖത്ത് ചിരി വരുത്താൻ ശ്രമിച്ചു.

“അതിന് ചേട്ടനുമായി ഡിവോഴ്‌സ് ആയെന്നല്ലേയുള്ളൂ. ഞങ്ങളോടെന്തിനാണ് പിണങ്ങുന്നത്?” സജി പറഞ്ഞു.

“വളർന്നു വലുതായിട്ടില്ല. പക്ഷേ, നീ വലിയ വലിയ കാര്യങ്ങളാണ് സംസാരിക്കുന്നത്.”

“നാലു വർഷത്തിനുള്ളിൽ എല്ലാം മാറുമോ? അങ്ങനെയെങ്കിൽ ഞാൻ ഇനി മുതൽ ചേച്ചിയെ എങ്ങനെ അഭിസംബോധന ചെയ്യണം?” സജി ചോദിച്ചു.

“പേര് വിളിക്കാമല്ലോ?” സജിക്കതിന് ആവില്ലെന്നറിഞ്ഞു കൊണ്ട് അഞ്ജു പൊട്ടിച്ചിരിച്ചു.

“എനിക്ക് അതു പറ്റില്ലെന്ന് ചേച്ചിക്ക് അറിയാവുന്നതല്ലേ.”

“എന്നാൽ എന്നെ മിസിസ്സ് ദേവേശ് എന്നു വിളിച്ചാൽ മതി. എന്‍റെ വിവാഹം കഴിഞ്ഞു. എന്‍റെ ഭർത്താവിന്‍റെ പേര് ദേവേശ് നാരായൺ എന്നാണ്. ഹസ്‌ബന്‍റ് വന്നിട്ടുണ്ട്. സുഖമില്ലാത്തതു കൊണ്ട് ഹോട്ടലിൽ തങ്ങിയിരിക്കുകയാണ്.” അഞ്ജുവിന്‍റെ സംസാരം കേട്ട് സജി ശരിക്കും ഷോക്ക്ഡായി. ഉള്ളിലുണ്ടായ വേദന അവന്‍റെ മുഖത്ത് പ്രകടമാവുകയും ചെയ്തു‌.

“കേട്ടിട്ട് എനിക്ക് വലിയ സന്തോഷം തോന്നുന്നില്ല. എന്തായാലും ചേച്ചിക്കെന്‍റെ ശുഭാശംസകൾ. ചേച്ചിയെ മിസിസ്റ്റ് ദേവേശ് എന്നു വിളിക്കുവാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.”

“ഓകെ. ഇനി ഇത് അത്ര വലിയ പ്രശ്ന‌മാക്കേണ്ട. നിനക്ക് എന്നെ ചേച്ചിയെന്നു തന്നെ വിളിക്കാം. ഞാനത് ഒരിക്കലും തെറ്റായ അർത്ഥത്തിലെടുക്കില്ല.” അഞ്ജു പറഞ്ഞു.

“ജീവിത സാഹചര്യങ്ങൾ ഇത്ര പെട്ടെന്ന് മാറുമെന്ന് ഒരിക്കലും കരുതിയതല്ല.”

“വെറുതെ പഴയ കാര്യങ്ങളൊന്നും ഓർക്കേണ്ട. സിംലയിൽ ഒറ്റയ്ക്കാണോ വന്നത്?”

“അല്ല. ചില സുഹൃത്തുക്കളും ഒപ്പമുണ്ട്.” “പിന്നെ എന്തൊക്കെയുണ്ട്?”

“ഓ… ഒന്നുമില്ല.”

“വീട്ടിലെല്ലാവരും… അമ്മ. ദീപ്തി. ചിത്ര…”

“ചേച്ചി പോയതിനു ശേഷം വീടാകെ താറുമാറായി. അമ്മയ്ക്ക് സുഖമില്ല. ദീപ്‌തി ഈ വർഷം തന്നെ ഡിഗ്രി പൂർത്തിയാക്കും. ചിത്രയ്ക്ക് ഈ വർഷം കഴിഞ്ഞാൽ ഡൽഹൗസിയിലെ ഒരു ബോർഡിംഗ് സ്‌കൂളിൽ അഡ്‌മിഷൻ ശരിയാവും.” സജി പറഞ്ഞു.

“ബോർഡിംഗ് സ്‌കൂളിലോ? അതെന്തിനാ ചിത്രയെ വീട്ടിൽ നിറുത്തി പഠിപ്പിച്ചുകൂടേ?”

“അമ്മയ്ക്ക് സുഖമില്ലാത്തതു കൊണ്ട് ഇങ്ങനെ ഒരു തീരുമാനമെടുക്കേണ്ടി വന്നു.”

“വെറുതെ അമ്മയ്ക്ക് അസുഖമാണെന്നൊക്കെ പറയുന്നതെന്തിനാ? നിങ്ങളുടെ പുതിയ ഏടത്തി നിങ്ങളെയൊക്കെ പുറത്താക്കുകയാണെന്നു പറഞ്ഞാൽ മതിയല്ലോ.” അഞ്ജു തെല്ലൊരു ദേഷ്യത്തോടെയാണ് പറഞ്ഞത്.

“ചേച്ചി കരുതുന്നതു പോലെയല്ല. ചേട്ടൻ വേറെ വിവാഹമൊന്നും കഴിച്ചിട്ടില്ല.” സജി പറഞ്ഞു. പിന്നീട് ഇതേക്കുറിച്ച് സംസാരിക്കാൻ അഞ്ജുവിന് താല്പര്യം തോന്നിയതുമില്ല.

അഞ്ജു നിശ്ശബ്ദയായിരിക്കുന്നതു കണ്ട് സജി പറഞ്ഞു. “ഇന്ന് കനത്തിൽ തന്നെ മഞ്ഞു പെയ്യും.”

“ശരിയാ. എത്രനേരം ഇവിടെത്തന്നെ നിൽക്കും? നല്ല തണുപ്പുണ്ട്. നല്ല ആവി പറക്കുന്ന ഒരു കോഫിയാവാം. ഹോട്ടലിലേയ്ക്ക് വരൂ. അവിടെ സ്വസ്‌ഥമായിരുന്ന് കോഫി കുടിക്കാം. ദേവേശിനെ പരിചയപ്പെടുകയും ചെയ്യാം.” അഞ്ജു‌ പറഞ്ഞതു കേട്ട് സജി ഒരു നിമിഷം സ്‌തബ്ധനായി നിന്നു.

അവൾ സജിയെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു. “ദോശിന് നിങ്ങളെ കാണുമ്പോൾ വലിയ സന്തോഷമാവും. ഐ ആം ഷുവർ എബൗട്ട് ഇറ്റ്.”

“പക്ഷേ…”

“ഒരു പക്ഷേയുമില്ല. മിണ്ടാതെ എന്‍റെ കൂടെ വന്നോ. ഇനി കുറച്ചു നേരം കൂടി ഇവിടെ നിന്നാൽ ഐസു കട്ടപോലെ ഉറഞ്ഞു തീരും.”

“ശരി. ഞാനിതുവരെ ചേച്ചി പറഞ്ഞത് കേൾക്കാതിരുന്നിട്ടുണ്ടോ?”

“ഗുഡ് ബോയ്” അഞ്ജു ചിരിച്ചു. അഞ്ജുവുമായി ഡിവോഴ്‌സായ ശേഷം താനും ഏട്ടനുമായുള്ള ബന്ധം കൂടുതൽ വഷളാവുന്നതായാണ് സജിക്ക് തോന്നിയത്. ഇതിനു പിന്നിലുള്ള കാരണം എന്തായിരിക്കുമെന്ന് ഊഹിക്കാൻ സജിക്ക് സാധിച്ചതുമില്ല. അഞ്ജു- ദീപക് ബന്ധത്തിന്‍റെ തകർച്ചയിൽ താനൊരു കാരണക്കാരനാവുമെന്ന് സജിയൊരിക്കലും കരുതിയില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ തന്നെ ഈ പ്രശ്ന‌ത്തിലേയ്ക്ക് വലിച്ചിഴയ്ക്കുകയായിരുന്നില്ലേ ഏട്ടൻ?

പ്രായത്തിൽ സജിയെക്കാൾ മുതിർന്നതാണ് അഞ്ജു. ചിലപ്പോൾ അമ്മ പറയുന്നത് അനുസരിക്കാൻ കൂട്ടാക്കിയില്ലെങ്കിൽ കൂടി ചേച്ചി പറയുന്നത് തള്ളിക്കളയാൻ അവന് ധൈര്യമില്ലായിരുന്നു. ഒരുപക്ഷേ അഞ്ജുവിനെ ഭയക്കുന്നതു കൊണ്ടുതന്നെയാണ് സജി ഇങ്ങനെ പെരുമാറിയിരിക്കുന്നതും.

ഒരു ദിവസം മുറി വൃത്തിയാക്കുന്നതിനിടയിൽ സജിയുടെ മുറിയിൽ നിന്നും അഞ്ജുവിന് ഒരു പായ്ക്കറ്റ് കഞ്ചാവ് ലഭിച്ചു.

“ഇതൊക്കെയാണോ നിങ്ങളെ കോളേജിൽ പഠിപ്പിക്കുന്നത്?” അഞ്ജു കഞ്ചാവു പായ്ക്കറ്റെടുത്ത് സജിയെ രൂക്ഷമായൊന്നു നോക്കി.

“ഇതാരോടും പറയരുത്.” സജി ക്ഷമാപണം നടത്തി. സ്വന്തം സഹോദരനോടെന്ന പോലെ അഞ്ജു സജിയെ ഉപദേശിച്ചു നന്നാക്കാൻ ശ്രമിച്ചു. താനും സജിയുമായുള്ള പവിത്രബന്ധം ദീപക് ഇത്ര മോശമായി വ്യാഖ്യാനിക്കുമെന്ന് അഞ്ജു ഒരിക്കലും കരുതിയില്ല. ദീപകിന്‍റെ മനസ്സിൽ സംശയത്തിന്‍റെ കരിനാഗം കടന്നുകൂടിയിട്ടുണ്ടെന്നവൾക്കറിയില്ലായിരുന്നു.

മകൾ അഖിലയുടെ ജനനത്തോടെ അവൾ ഭാവി സ്വപ്നങ്ങൾ നെയ്യാൻ തുടങ്ങി. എന്നാൽ മനസ്സിനെ മുറിവേല്പിക്കുന്ന പലതും ദീപക് വിളിച്ചു പറഞ്ഞതോടെ അഞ്ജു ശരിക്കും തളർന്നു… മനസ്സ് തകർന്നു.

ജീവിതത്തിന് ഇങ്ങനെയും ഒരു കറുത്ത മുഖമുണ്ടെന്ന് അവൾ മനസ്സിലാക്കുകയായിരുന്നു. സംശയദൃഷ്ട‌ിയോടെ നോക്കുന്ന ഭർത്താവിനൊപ്പം ജീവിക്കാൻ ഏതൊരു ഭാര്യയാണ് ഇഷ്‌ടപ്പെടുക?

ദീപക്കുമൊത്തുള്ള ദാമ്പത്യം… അത് അഞ്ജുവിന് ഭാരമായി തോന്നിത്തുടങ്ങി. ദീപകിന്‍റെ മനസ്സിലെ സംശയം വരുത്തിത്തീർത്ത ആഴത്തിലുള്ള വിള്ളൽ പിന്നീടൊരിക്കലും നികത്താനായില്ല. ഭാര്യാ- ഭർത്യ ബന്ധമെന്നതു വിശ്വാസത്തിലധിഷ്ഠിതമാണ്. അത് തെറ്റുമ്പോൾ സ്നേഹത്തിന്‍റെ കൊട്ടാരം തകർന്നു വീഴുകയായി. വിവാഹമോചനമെന്ന വഴി മാത്രം അവർക്കു മുന്നിൽ തെളിഞ്ഞുവന്നു. എന്നാൽ ഇത് വലിയ തമാശയായി മാറും വിധം പരിണമിച്ചില്ലെന്നത് മാത്രമായിരുന്നു ഏക ആശ്വാസം. എല്ലാം അഞ്ജുവിലും ദീപകിലും മാത്രമായി ഒതുങ്ങുകയായിരുന്നു.

അധികമൊന്നും സംസാരിക്കാതെ അഞ്ജുവും സജിയും നടന്നു ഹോട്ടലിലെത്തി. ശരീരത്തിലേയ്ക്ക് തുളച്ചു കയറുന്ന തണുപ്പ്, ഹോട്ടലിനകത്ത് കയറിയപ്പോൾ തെല്ലൊരു ആശ്വാസം തോന്നി. ഒരുതരത്തിൽ അവൾ പഴയ ഓർമ്മകളിൽ നിന്നും പുറത്തേക്കിറങ്ങി വരികയായിരുന്നു.

സജിയുടെ മുഖത്ത് ചമ്മലും ചെറിയൊരു മടിയുമുണ്ടായിരുന്നു. അഞ്ജു സജിയെ ദേവേശിന് പരിചയപ്പെടുത്തിക്കൊടുത്തു.

ദേവേശ് വളരെ സ്വാഭാവികമായാണ് അയാളോട് സംസാരിച്ചത്. അഞ്ജു ഭൂതകാലത്തിനും വർത്തമാനകാലത്തിനുമിടയിൽ കിടന്ന് അസ്വസ്‌ഥയായി. മൂന്നുകപ്പ് കാപ്പിയും ഒരു പ്ലേയ്റ്റ് സ്‌നാക്സ്സും ഓർഡർ ചെയ്തു.

ദേവേശ് ഒറ്റമകനായിരുന്നു. അതിനാൽ രണ്ടാം വിവാഹത്തിനു ശേഷം ഭർതൃസഹോദരങ്ങൾ ഇല്ലെന്ന കുറവ് അവളെ അലട്ടിയിരുന്നു.

കോഫിയെത്തുന്നതു വരെ ദോവശ് സജിയോട് പഠനത്തെപ്പറ്റിയും ഭാവിപരിപാടികളെക്കുറിച്ചും ധാരാളം സംസാരിച്ചു. സജിയുടെ വ്യക്ത‌ിപരമായ ജീവിതത്തെക്കുറിച്ച് ദേവേശ് ഒരു വാക്കു പോലും സംസാരിച്ചില്ല.

റൂബോയ് കോഫിയുമായെത്തി സാവകാശം ചർച്ചാ വിഷയം തന്നെ മാറുവാൻ തുടങ്ങി അഞ്ജുജുവും അവരുടെ സംസരത്തിൽ പങ്കു ചേർന്നു. സിഷയുടെ സൗന്ദര്യമായി പിന്നെ ചർച്ച ചെന്നൈയിലേയ്ക്ക് വരുമ്പോൾ വീട്ടിലേയ്ക്ക് വരണമെന്ന് ദേവേശ് പറഞ്ഞു. സജി മറുപടിയൊന്നും പറഞ്ഞില്ല. ചെറിയൊരു മന്ദഹാസത്തോടെ അവൻ മുറിക്കു പുറത്തു കടന്നു. മനസ്സിൽ ഒരു നൂറായിരം ചിന്തകൾ തിളച്ചു പൊങ്ങുന്നുണ്ടെന്ന് സജിയുടെ മുഖം കണ്ടാൽ മനസ്സിലാവും.

“ഞങ്ങൾ മൂന്നുനാലു ദിവസം ഇവിടെത്തന്നെ കാണും. സാധിക്കുമെങ്കിൽ വീണ്ടും വരണം.”

“ശരി.”

“നിനക്ക് എന്തോ പറയണമെന്നുണ്ടല്ലോ?” അങ്ങ്‌ സജിയുടെ മുഖത്തേയ്ക്ക് നോക്കി.

“ചേച്ചി തെറ്റിദ്ധരിക്കില്ലെങ്കിൽ…”

“നീ തുറന്നു പറയ്, എന്നാലല്ലേ ശരിയാണോ തെറ്റാണോ എന്നു പറയാനാവൂ.”

സജി ഒരു നിമിഷം നിശ്ശബിദനായി പറയണമെന്ന് ഉദ്ദേശിച്ച കാര്യങ്ങൾ പറയാൻ അവന് സങ്കോചം തോന്നി.

“മുമ്പെന്നതു പോലെ ചേച്ചിയെ ഞാനേറെ ബഹുമാനിക്കുന്നു. ചേച്ചി ശകാരിക്കുമെന്ന ഭയവും എനിക്കുണ്ട്. ഞാൻ പറയുന്നതു തെറ്റാണെങ്കിൽ എന്നോട് ക്ഷമിക്കണം. ദീപക് ചേട്ടനുമായുള്ള വിവാഹമോചനം നടന്നുവെങ്കിലും ഈയൊരു സംഭവം മറ്റുള്ളവരെ എത്രമാത്രം വിഷമിപ്പിച്ചുവെന്നോ. ലോകത്തിൽ വിവാഹിതമായ സ്ത്രീപുരുഷന്മാർ തമ്മിൽ വഴക്കു കൂടാറുണ്ട്. അവർക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടാകാറുണ്ട്. എങ്കിലും അവർ പരസ്‌പരം ഉപേക്ഷിച്ചു പോകാറില്ല. അഥവാ വഴക്കുണ്ടായാൽ തന്നെ ഒത്തു തീർപ്പിനുള്ള അവസരങ്ങളുമുണ്ടാകാറുണ്ട്. എടുത്തു ചാടി ഇത്ര വലിയ തീരുമാനത്തിലെത്തേണ്ട കാര്യമുണ്ടായിരുന്നോ? ഈയൊരു അവസ്ഥയിൽ ഇതേക്കുറിച്ച് സംസാരിക്കാൻ എനിക്ക് അർഹതയില്ലെന്നറിയാം.” സജിയുടെ ശബ്‌ദത്തിൽ വേദന കലർന്നു. യാത്ര പറഞ്ഞ് പിരിയാനൊരുങ്ങവേ അഞ്ജു സജിയുടെ ചുമലിൽ തട്ടി സമാധാനിപ്പിച്ചു.

“സജീ, നിന്‍റെ ഈ ചോദ്യത്തിന് ഇനി എന്തു പ്രസക്‌തിയാണുള്ളത്? കഴിഞ്ഞതു കഴിഞ്ഞു. ഇനി അതൊക്കെ തിരികെ പിടിക്കാൻ സാധിക്കുമോ?”

തന്‍റെ മറുപടി ഏതർത്ഥത്തിൽ ഉൾക്കൊണ്ടു, സ്വീകരിച്ചു എന്നൊന്നും അഞ്ജുജുവിന് മനസ്സിലായില്ല “ശരി… ഞാനിറങ്ങുന്നു.” സജി അഞ്ജുവിന്‍റെ കാൽ തൊട്ടു വന്ദിച്ചു.

അഞ്ജുവിന്‍റെ മനസ്സൊന്നു പിടഞ്ഞു. ഒരു ബന്ധത്തിന്‍റെ തകർച്ച എത്രയെത്ര ബന്ധങ്ങളുടെ തകർച്ചയ്ക്കാണ് വഴിയൊരുക്കിയത്… അഞ്ജുവിന്‍റെ കണ്ണുകൾ ഈറനണിഞ്ഞു. മഞ്ഞിൻ നേർത്ത പുകമറയ്ക്കുള്ളിൽ മാഞ്ഞു പോകുന്ന സജിയെ അവൾ ഈറൻ കണ്ണുകളോടെ നോക്കിനിന്നു.

സായന്തനത്തിന്‍റെ മൗനം

നാട്ടിൽ പോകണമെന്ന് പലവട്ടം ഗീതു പറഞ്ഞിട്ടുള്ളതാണ്. കല്യാണം കഴിഞ്ഞിട്ട് ആകെ ഒരു പ്രാവശ്യമേ അവളുടെ വീട്ടിലേയ്ക്ക് പോയിട്ടുള്ളൂ. അവൾക്ക് അവധി കിട്ടാൻ പ്രയാസമില്ല. എന്നാൽ രവി ജോലി ചെയ്യുന്ന സ്‌ഥാപനത്തിന് ഒരാഴ്ച്‌ചക്കാലം അവധി നൽകാൻ കഴിയാത്ത അവസ്‌ഥയാണ്.

കുമരകത്തെക്കുറിച്ച് ഒരു ഫീച്ചർ വായിച്ചപ്പോൾ പെട്ടെന്ന് തോന്നി, ശരി ഒന്നു പോകണം കുമരകത്ത്. ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ സ്വർഗ്ഗത്തിലേയ്ക്ക്. ഗീതുവിനോട് പറഞ്ഞപ്പോൾ, ഭർത്താവിന്‍റെ തിടുക്കം കണ്ട് അവൾ അമ്പരന്നു. ശനിയും ഞായറും അവധിയാണ്. തിങ്കളാഴ്‌ച ഒരു ദിവസത്തെ അവധി മാത്രമെടുത്തു രണ്ടാളും.

കുമരകത്തിന്‍റെ പ്രകൃതിസൗന്ദര്യം, സിനിമകളിൽ കണ്ട് ആസ്വദിച്ചിട്ടുണ്ട്. വീടിന്‍റെ തൊട്ടടുത്താണെങ്കിലും ഇതുവരെ ഒന്നു പോകാൻ സാധിച്ചിട്ടില്ല. എന്നെങ്കിലും ഒരിക്കൽ കുമരകത്തു പോകണം. എന്നിട്ട് അവിടമെല്ലാം ചുറ്റി നടന്നു കാണണം.

ഗീതുവിന്‍റെ മനസ്സിൽ അത്തരമൊരു ആശയുണ്ടായിരുന്നു. ചെന്നൈയിൽ നിന്ന് ചേർത്തലയിലെത്തുമ്പോൾ സമയം പത്തു മണിയായിരുന്നു. കേരളത്തിലെ കാലാവസ്‌ഥയ്ക്ക് വലിയ കുഴപ്പമൊന്നും തോന്നിയില്ല. ചൂട് അധികമില്ല. എന്നാലും വിയർത്തിരുന്നു.

ചേർത്തലയിൽ നിന്ന് ഏകദേശം പതിനഞ്ച് കിലോമീറ്റർ ദൂരമുണ്ട് കുമരകത്തേക്ക്. പെട്ടെന്നായിരുന്നെങ്കിലും യാത്ര രസകരമായിരുന്നു. കണ്ട ദൃശ്യങ്ങൾ ഉള്ളിൽ തട്ടി.

രവിയുടെ അടുത്തേയ്ക്ക് ഗീതു നീങ്ങിയിരുന്നു. രവി അവളുടെ വലത് കൈ തന്‍റെ കയ്ക്കുള്ളിലാക്കി ആ കൈകളു ടെ സ്പർശനം തന്നെ ഒരു ധൈര്യം, ഒരു രക്ഷാകവചം പോലെ തോന്നി. മുൻസീറ്റിൽ, കാറോടിച്ചു കൊണ്ടിരിക്കുന്ന മോഹൻ ഉണ്ടെന്നുള്ള കാര്യം അവർ മറന്നു.

ബോട്ടിന്‍റെ ഇരമ്പൽ കേട്ടു. കുമരകത്ത് എത്തിയെന്ന് മനസ്സിലായി.

“എന്താ ഹണിമൂൺ ആണോ?” മോഹൻ ചിരിച്ചുകൊണ്ടു ചോദിച്ചു

ചമ്മിപ്പോയി രണ്ടുപേരും. മോഹൻ അവരെയും കൂട്ടി ഹോട്ടലിലേക്ക് നടന്നു. ഹോട്ടൽ റൂമിൽ വച്ച് രവി ഗീതുവിനോട് ചോദിച്ചു, “അയാൾ ചോദിച്ചത് ശരിയാണോ?” ഗീതു ചിരിച്ചുകൊണ്ട് തല കുനിച്ചു.

“ഈ യാത്രയ്ക്ക് ഒരു ഉദ്ദേശ്യമുണ്ട്.” രവി പറഞ്ഞു.

“ഉദ്ദേശ്യമോ?”

“ങും, ഉദ്ദേശ്യം നടക്കുമോ എന്നറിയില്ല. ശ്രമിക്കണം.”

“സസ്പെൻസാണോ?”

“അല്ല, സസ്പെൻസല്ല. എന്‍റെ ജീവിതം പോലെ.”

എന്തോ രഹസ്യം ആ വർത്തമാനത്തിൽ ഒളിഞ്ഞിരിപ്പുള്ളതായി തോന്നി. ഈ യാത്രയ്ക്കുള്ള കാരണവും അതു തന്നെയായിരിക്കും. എന്തായാലും കാര്യങ്ങൾ ഇതുവരെ തന്നോടുപോലും പറഞ്ഞിട്ടില്ല.

ഗീതുവിനെ കണ്ടെത്തുന്നതുവരെ രവിക്ക് മോഹങ്ങളേ ഉണ്ടായിരുന്നില്ല. നല്ല ഓർമ്മകളുണ്ടായിരുന്നില്ല. ഒരു ഓർമ്മയെ തൊടാനാണ് ഈ യാത്രയെന്ന് അയാൾ ഭാര്യയോട് പറഞ്ഞതുമില്ല.

കുമരകത്തിന്‍റെ സൗന്ദര്യം ആസ്വദിക്കാനെത്തുമ്പോൾ സൂര്യൻ പടിഞ്ഞാറേക്ക് ചായാൻ തുടങ്ങിയിരുന്നു. സായാഹ്നം മാനത്തെ സിന്ദൂരരശ്‌മികളണിയിച്ച് സുന്ദരിയാക്കിയിരുന്നു.

അടിയൊഴുക്കുള്ള കായൽ. കായലിന്‍റെ മാറിൽ അങ്ങിങ്ങായി ഹൗസ്ബോട്ടുകൾ. കായൽപ്പരപ്പിലെ ശാന്തത കണ്ടാൽ അടിയിൽ ശക്തിയേറിയ ഒഴുക്കുണ്ടെന്ന് തോന്നുകയില്ല.

മോഹൻ മൂന്നുതവണ ടൂറിസ്റ്റു‌കളെ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ട് അവന് കുമരകത്തോട് വലിയ താല്പര്യം തോന്നിയില്ല. ഒരു വള്ളക്കാരനെ ഏല്പ‌ിച്ചു തന്നു. അയാൾക്ക് വേണ്ട നിർദ്ദേശങ്ങളും നൽകി. അത്രതന്നെ.

കായലിലൂടെ വള്ളത്തിലിരുന്ന് യാത്ര തുടങ്ങിയപ്പോൾ പുതിയൊരനുഭവം, പുതിയ കാഴ്ച‌കളിലൂടെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നപ്പോൾ രോമാഞ്ചമണിഞ്ഞുപോയി.

നിലാവ് കായലിൽ പെയ്‌തലിഞ്ഞു. മധുരിക്കുന്ന ദൃശ്യങ്ങളുടെ മധുവിധുവിൽ പഞ്ചാരയുമ്മ കുടിച്ച് കൈവിരലുകൾ, വേമ്പനാട്ടു കായലിനെ തഴുകിപ്പോകുമ്പോൾ വള്ളക്കാരനോട് ചോദിച്ചു. “ഇവിടെ ഒരു ക്രിസ്‌ത്യൻ പള്ളിയും അനാഥാലയവും അതിനോട് ചേർന്ന് ഒരു സ്‌കൂളും ഉണ്ട്. അതിന്‍റെ പേര് ഓർമ്മയില്ല. അറിയുമോ?”

“ഉണ്ട് സാർ. ഇക്കരയിലല്ല, അത് അങ്ങ് അക്കരയ്ക്ക് പോണിടത്താണ്. നാളെ രാവിലെ സാറിന് വേണമെങ്കിൽ ഞാനവിടെ കൊണ്ടുപോകാം.” വള്ളക്കാരന് വലിയ സന്തോഷമായി.

“ആട്ടെ, തന്‍റെ പേരെന്താ?”

“കുട്ടപ്പൻ” അയാൾ മറുപടി നൽകി.

“എന്നാൽ നാളെ രാവിലെ മുതൽ കുട്ടപ്പൻ കൂടെ വേണം. എന്നാലേ ഉദ്ദേശിച്ച കാര്യം നടക്കൂ.” അയാളെ രവി വശീകരിച്ചു.

“പണം അനുസരണ നൽകുന്നു.”

ഗീതു കാര്യം മനസ്സിലാക്കാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. തന്നെ പുണരുമ്പോഴും സ്നേഹം ചൊരിയുമ്പോഴും തന്‍റെ പ്രിയന്‍റെ ഉള്ള് ചുട്ടു നീറുകയാണെന്ന് അവൾക്ക് മനസ്സിലായി.

പള്ളിയുടെ അടുത്തേക്ക് വള്ളം അടുപ്പിക്കുമ്പോൾ കുട്ടപ്പൻ പറഞ്ഞു, “പള്ളിയിൽ കയറി വികാരിയെ കണ്ടിട്ട് പോകാം. അദ്ദേഹത്തെയും കൂട്ടി ഓർഫനേജിൽ പോകാം. അതല്ലേ നല്ലത്, അല്ലേ സാർ.”

രവി ശരിയെന്ന് തലയാട്ടി.

വികാരിയെ കണ്ടപ്പോൾ പഴയ ചില ഓർമ്മകൾ രവിയുടെ മനസ്സിൽ നുരകുത്തി. വികാരിയച്ചൻ അവരെ സ്വീകരിച്ചിരുത്തി വർത്തമാനം തുടങ്ങി,

“ഫാദർ, ഫിലിം സ്‌റ്റാർ വിമലാ രാമൻ ഇപ്പോൾ എവിടെയാണെന്ന് താങ്കൾക്കറിയാമോ?”

രവിയുടെ പെട്ടെന്നുള്ള ചോദ്യം. വികാരിയച്ചനിൽ ഒരു മിനിട്ട് മൗനം തത്തിക്കളിച്ചു.

“ഇപ്പോൾ എവിടെയാണെന്നറിയില്ല. കഴിഞ്ഞയാഴ്ച ഇവിടെ ഒരിടത്ത് ഷൂട്ടിംഗിന് വന്നുവെന്നറിഞ്ഞു. വേണമെങ്കിൽ അഡ്രസ് അന്വേഷിച്ച് തരാം. പോയോ ഇല്ലയോ എന്നറിയില്ല.” വികാരിയച്ചൻ വിമലാരാമന്‍റെ അഡ്രസ് തേടിപ്പിടിച്ച് രവിക്കു കൊടുത്തു.

വിമലാരാമന്‍റെ കാർത്തിക എന്ന വീട്ടിലേയ്ക്ക് കയറിച്ചെല്ലുമ്പോൾ രവിയിൽ ഒരപരിചിതത്വവും കാണാൻ കഴിഞ്ഞില്ല. ഏതോ പരിചയമുള്ള ഒരു വീട്ടിലേയ്ക്ക് കയറിപ്പോകുന്നതുപോലെ ഗീതുവിനായിരുന്നു സങ്കോചം മുഴുവൻ.

“ഇതല്ലേ വിമലാ മാഡത്തിന്‍റെ വീട്?” രവി ഉറക്കെ വിളിച്ചു ചോദിച്ചു. അങ്ങിങ്ങായി നരച്ച മുടി ഒതുക്കി കെട്ടിവച്ച ഒരമ്മ വെളിയിലേക്ക് ഇറങ്ങി വന്നു.

“ആരാ അത്?”

“അല്ല, ഇതല്ലേ വിമലാ രാമന്‍റെ വീട്?”

“അതേല്ലോ, നിങ്ങൾ ആരാ? എവിടുന്നാ വരുന്നത്?”

“ഞങ്ങൾ കുറച്ച് ദൂരെ നിന്നും വരുന്നവരാണ്. ഞങ്ങൾക്ക് വിമലാമ്മയെ ഒന്നു കാണണം.” രവിയുടെ സ്വരം ഉറച്ചതായിരുന്നു.

“അതിനെന്താ, ഞാനാ വിമലാമ്മ കുട്ടിക്ക് എന്താ പറയാനുള്ളത്. പറഞ്ഞോളൂ. എനിക്കിഷ്ടാ ഇവിടെ ഇങ്ങനെ ആളുകൾ എന്നെ തേടി വരുന്നത്.”

രവിയിൽ പെട്ടെന്ന് അമ്പരപ്പാണ് ഉണ്ടായത്. ഇത്രയും പ്രതീക്ഷിച്ചില്ല. കുലീനയായ ഒരു തറവാട്ടമ്മ. സ്നേഹം തുളുമ്പുന്ന മിഴികൾ. അവൻ അമ്പരപ്പോടെ അവരെ നോക്കി നിന്നു. തന്‍റെയുള്ളിൽ കടൽത്തിരകൾ ആഞ്ഞു മറിയുന്നതു പോലെ അവന് തോന്നി. ഗീതു അത്ഭുതത്തോടെ രണ്ടുപേരേയും മാറി മാറി നോക്കി നിന്നു. അവൾക്കൊന്നും തന്നെ മനസ്സിലായില്ല.

വിമലാമ്മയുടെ ശ്രീത്വം തുളുമ്പുന്ന മുഖത്തേയ്ക്ക് നോക്കി രവി നിന്നു. എന്തെങ്കിലും സംസാരിക്കുവാൻ അയാൾക്ക് കഴിഞ്ഞില്ല. തന്നിലെ ശക്തി മുഴുവൻ ചോർന്നു പോകുന്നതായി അയാൾക്ക് തോന്നി. സംസാരിക്കണം, ആശിർവാദം വാങ്ങണം. അവന്‍റെ മനസ്സ് അവനെ ഓർമ്മപ്പെടുത്തി.

“എന്‍റെ പേര് രവി. ഇതെന്‍റെ ഭാര്യ ഗീതു ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ.” രവി പറഞ്ഞു. ഒരുനിമിഷം വിമലാമ്മയുടെ മുഖം വിവർണ്ണമായതു പോലെ ഗീതുവിന് തോന്നി.

“വിവാഹക്ഷണക്കത്ത് ഞാൻ മാഡത്തിനയച്ചിരുന്നു. എന്നോ ഒരിക്കൽ ഒരു സിനിമാവാരികയിൽ കണ്ട മേൽവിലാസത്തിൽ.”

“അങ്ങനെയൊരു ക്ഷണക്കത്ത് എനിക്ക് കിട്ടിയതായി ഞാൻ ഓർക്കുന്നില്ല.”

“വിലാസം തെറ്റായിരിക്കാം. അതാവാം മാഡത്തിന് കിട്ടാതിരുന്നത്. ചെന്നൈയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു പത്രത്തിൽ മാഡത്തിന്‍റെ ഫോട്ടോയും ഷൂട്ടിംഗ് റിപ്പോർട്ടും കണ്ടു. അതാണ് ഇങ്ങോട്ട് വരാൻ തീരുമാനിച്ചത്. മാഡത്തെ കാണാൻ വേണ്ടി മാത്രം.”

“അത്ഭുതം തോന്നുന്നു. ഇങ്ങനെ എന്നെ ആരാധിക്കുന്നവർ ഇപ്പോഴും ഉണ്ടോ?” വിമലാമ്മയുടെ ശബ്‌ദത്തിൽ സ്നേഹവും വാത്സല്യവും നിറഞ്ഞു തുളുമ്പുന്നതായി രവിക്ക് തോന്നി. അംഗീകരിക്കാത്ത വഴിയിലെ അജ്‌ഞാത യാത്രക്കാരിയുടെ മുഖഭാവമല്ല. പാടാൻ മറന്ന… അല്ല കഴിയാതെ പോയ താരാട്ടിന്‍റെ വരികൾ… ഈ നിമിഷങ്ങൾ പാടുന്നതായി അയാൾക്ക് തോന്നി.

“വരൂ, അകത്തേക്ക് വരൂ. ഇന്ന് എന്‍റെ ഒപ്പം കൂടാം.” വിമലാമ്മ ക്ഷണിച്ചപ്പോൾ അറിയാതെ തന്നെ രവിയുടെയും ഗീതുവിന്‍റെയും കാലുകൾ അകത്തേക്ക് ചലിച്ചു.

നെറ്റിയിൽ വലിയ പൊട്ടും കാതിൽ നീണ്ട കമ്മലും മൂക്കിൽ മൂക്കുകുത്തിയും ധരിച്ച, സുന്ദരിയായ വിമലാരാമനെ കണ്ടത് വർഷങ്ങൾക്കു മുമ്പാണ്. അന്ന് രവിക്ക് ആറ് വയസ്സായിരുന്നു പ്രായം. എപ്പോഴൊക്കെയോ തന്‍റെ ചോദ്യങ്ങൾക്ക് അറിയാതെ മറുപടി തന്നുപോയ വാര്യരുടെ ഒളിച്ചുകളികൾ. ചെറുപ്പം മുതൽ ആശിച്ചത് സഫലമായതിന്‍റെ പിന്നാലെ സായാഹ്നമുഹൂർത്തങ്ങൾക്ക് പൂ വിതറാൻ നിമിഷങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.

“നമുക്കീ കായലിലൊന്ന് ചുറ്റിക്കറങ്ങാം, എന്താ വിഷമമുണ്ടോ?” വിമലാമ്മയുടെ ചോദ്യം അവരെ സന്തോഷിപ്പിച്ചു.

അവർ വള്ളത്തിൽ കയറി സന്ധ്യ സിന്ദൂരം ചാലിച്ച് തുടങ്ങിയിരുന്നു. വിമലാമ്മ ഒരു കോട്ടൺ സാരി നല്ല ശ്രദ്ധയോടെയാണ് ഉടുത്തിരുന്നത്. രവിക്ക് സംസാരിക്കാൻ ഒരുപാട്. മൗനം ഒഴുക്കു പോലെ നീങ്ങിത്തുടങ്ങി.

“നിങ്ങളുടെ ലൗ മാര്യേജായിരുന്നോ?” വിമലാമ്മ ചോദിച്ചു.

“അതെങ്ങനെ അമ്മയ്ക്ക് മനസ്സിലായി?” ഗീതു ആശ്ചര്യപ്പെട്ടു.

“നിങ്ങൾ സമപ്രായക്കാരാണെന്ന് തോന്നി. അതുകൊണ്ട് സംശയിച്ചതാണ്.”

“ഞാൻ ഇവിടെ ഒരനാഥാലയത്തിലാണ് വളർന്നത്.” രവി പറഞ്ഞു തുടങ്ങി.

“ഞാൻ എന്താണ്, എങ്ങനെയാണ് എന്നൊക്കെ അറിഞ്ഞതിന് ശേഷമാണ് ഗീതു എനിക്ക് തണലായ് വന്നത്. എന്‍റെ എല്ലാ കഥയും അറിഞ്ഞുകൊണ്ടാണ് ഗീതുവിന്‍റെ മാതാപിതാക്കൾ മോളെ എന്നെ ഏല്‌പിച്ചത്.”

തെല്ലിടവേളയ്ക്കു ശേഷം രവി തുടർന്നു. “എനിക്ക് ആറു വയസ്സ് പ്രായമുള്ളപ്പോൾ, ഒരു രാത്രി ഒരു സ്ത്രീ അനാഥാലയത്തിൽ വന്നു. അവർക്ക് എന്നെ മാത്രമാണ് കാണേണ്ടിയിരുന്നത്. അവരെന്നെ കൈയിലെടുത്ത് മാറോട് ചേർത്ത് കവിളിൽ ഒരു ഉമ്മ തന്നു. ആ ദിവസം മുതൽ ഞാനവരെ എന്‍റെ മനസ്സിൽ സൂക്ഷിച്ചു. പൂജിച്ചു.”

വിമലാമ്മ ആശ്ചര്യപ്പെട്ടില്ല. പ്രതികരിച്ചില്ല.

“രവി എന്ന പേര് എനിക്കിട്ടത് എന്‍റെ അമ്മയാണെന്ന് വാര്യർ അറിയാതൊരിക്കൽ എന്നോടു പറഞ്ഞുപോയി. എന്‍റെ അമ്മ മരിച്ചുപോയി എന്നാണ് വാര്യർ പറഞ്ഞത്. വാര്യരായിരുന്നു എന്നെ അനാഥാലയത്തിൽ ആക്കിയത്.”

ഭർത്താവിന്‍റെ കഥയ്ക്ക് മാറ്റം വരുന്നത് ഗീതു അറിഞ്ഞു. തന്നോട് പറയാത്ത കാര്യങ്ങളാണീ കേൾക്കുന്നത്. രവി തുടർന്നു.

“എന്‍റെ പിറന്നാൾ ജൂൺ ഇരുപത്തൊൻപതാണ്. അന്നത്തെ ദിവസം, എല്ലാക്കൊല്ലവും അനാഥാലയത്തിൽ ഏതോ ഒരു സ്പോൺസറിന്‍റെ വകയായി വിഭവസമൃദ്ധമായ ആഹാരം ഉണ്ടാവും. ആ സ്പോൺസർ തന്നെയാണ് എന്നെ പഠിപ്പിച്ച് എം.ബി.എക്കാരനാക്കിയത്. ബാംഗ്ലൂരിലെ മികച്ച കോളേജിൽ പഠിച്ചിരുന്ന എന്നെ ഒരു വലിയ കമ്പനി ജോലിക്ക് തെരഞ്ഞെടുക്കുന്നതു വരെ ആ സ്പോൺസർ എന്നെ സംരക്ഷിച്ചു.”

വിമലാമ്മയ്ക്ക് ഒട്ടും അത്ഭുതം തോന്നിയില്ല. ഗീതുവിന് ആശ്ചര്യമായി. തന്‍റെ ഭർത്താവിന്‍റെ കഥ കേട്ട് എന്തുകൊണ്ട് ഇവർ അദ്ഭുതപ്പെടുന്നില്ല. കാറ്റും മർമ്മരവും ഇല്ലാത്ത ഒരു മുഖം ഗീതു കണ്ടു.

“ജീവിതം സംഭവങ്ങളാണ്. ഒരു വെള്ളച്ചാട്ടം പോലെയാണത്.” അവരുടെ വായിൽ നിന്നും വീണത് ഈ രണ്ട് വാചകങ്ങൾ മാത്രം. ഇലകൊഴിഞ്ഞ മരക്കൊമ്പുകൾ തളിർത്തു തുടങ്ങി. മരത്തിന്‍റെ കീഴെ ഗീതു ഇരുന്നു. വിമലാമ്മ കൈക്കുമ്പിളിൽ വെള്ളമെടുത്ത് മുഖം കഴുകി.

“നല്ല വിശപ്പുണ്ട്. ഉച്ചയ്ക്ക് ഞാനൊന്നും കഴിച്ചില്ല. നമുക്ക് വീട്ടിലേയ്ക്ക് തിരിച്ചുപോകാം.” അവർ പറഞ്ഞു

“ഞങ്ങൾക്കും വിശക്കുന്നുണ്ട്.” ഗീതുവും പറഞ്ഞു. അവർ വള്ളം കരയോടടുപ്പിക്കാൻ പറഞ്ഞു.

ആകാശത്ത് നിലാവ് പരന്നിരുന്നു. നക്ഷത്രങ്ങൾക്കളിച്ചിരുന്നു. ഭക്ഷണം തേടി ഞങ്ങൾ ആ കരയിലൂടെ നടന്നും കുമരകത്ത് ടൂറിസ്റ്റുകൾക്കായി, ചൂടോടെ, ഭക്ഷണം പാകം ചെയ്തുകൊടുക്കുന്ന സ്ത്രീയെ കണ്ടു. മത്സ്യം വറുത്തതാണ് കേമം, പരിപ്പുവടയും ഉള്ളിവടയും വിൽക്കുന്നുണ്ട്. സ്വാദ് ഇഷ്ടമായി. വയർ നിറയെ മീൻ വറുത്തതും പരിപ്പുവടയും കഴിച്ചു.

“വിശപ്പ് മാറിയപ്പോൾ ആശ്വാസം തോന്നുന്നു.” ഗീതു പറഞ്ഞു.

“എന്‍റെയും വിശപ്പ് മാറി.” വിമലാമ്മയും പറഞ്ഞു. ദിവസം അവസാനിക്കാറായി. യാത്ര പറയാനുള്ള സമയം അടുത്തുകൊണ്ടിരുന്നു. മൂന്നുപേരുടേയും മനസ്സിൽ പിടിവലി. വിട പറഞ്ഞ നിമിഷത്തിൽ വിമലാമ്മ പറഞ്ഞു, “ഞാൻ പ്രാർത്ഥിക്കും. നിങ്ങൾക്ക് രണ്ടുപേർക്ക് വേണ്ടിയും. നല്ലൊരു ദിവസം സമ്മാനിച്ച എന്‍റെ ആരാധകരായ നിങ്ങൾക്ക് നന്ദി. ഇനി ഞാൻ വിട ചോദിക്കുന്നു.”

വഴികൾ! ഇരുവഴികളാവുന്നു. പിരിയണം.

“അമ്മേ ഒരാശ കൂടി എനിക്കുണ്ട്.” രവി പറഞ്ഞു,

“പറയൂ, കേൾക്കട്ടെ, മോന്‍റെ ആശ എന്താണെന്ന്.” “അമ്മ ചെന്നൈയിൽ വരുമ്പോൾ ഞങ്ങളുടെ വീട്ടിൽ വരണം. ഒന്ന് ഫോൺ ചെയ്‌താൽ മതി. ഞാൻ വന്നു കൂട്ടിക്കൊണ്ടു പോന്നോളാം.” ഇത്രയും പറഞ്ഞിട്ട് രവി വിസിറ്റിംഗ് കാർഡ് വിമലാമ്മയ്ക്ക് കൊടുത്തു.

“ഞാൻ നിങ്ങളുടെ വീട്ടിൽ വരാമെന്ന് ഉറപ്പു പറയാൻ കഴിയില്ല.” വിമലാമ്മ പറഞ്ഞു.

“എന്‍റെ നമ്പറിൽ എന്നെങ്കിലും എന്നെ വിളിക്കണം.” രവി കരച്ചിലിന്‍റെ വക്കിലെത്തി.

“ഗുഡ്നൈറ്റ്.” അവർ തിരിഞ്ഞു നടന്നു. രവിയുടെ മനസ്സിൽ ദുഃഖത്തിന്‍റെ വിങ്ങൽ. പാടുപെട്ട് അമർത്തുകയാണയാൾ ഗീതു ഭർത്താവിന്‍റെ മനസ്സിലെ കരച്ചിലറിഞ്ഞു. അവൾ രവിയെ സമാധാനിപ്പിച്ചു. തിരിച്ചു നടക്കുമ്പോൾ അവൾ പറഞ്ഞു, “വിമലാമ്മയ്ക്ക് രവിയെ മറക്കാനാവില്ല.”

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें