സാഗരസംഗമം ഭാഗം- 18

“ഹലോ…” അപ്പുറത്ത് കൃഷ്ണമോളുടെ സ്വരം കേട്ടപ്പോൾ ഏറെ ആഹ്ലാദം തോന്നി.

“ഹലോ… കൃഷ്ണമോളെ… മമ്മിയാണ്. നിങ്ങൾ എന്നാണ് ഇങ്ങോട്ടു വരുന്നത്? എനിക്ക് ടുട്ടുമോനേയും നിങ്ങൾ രണ്ടുപേരെയും കാണണമെന്ന് തോന്നുന്നു…”

“എങ്കിൽ മമ്മി ആ വീടു വിറ്റിട്ട് ഇങ്ങോട്ടു പോന്നോളൂ. പക്ഷെ മമ്മി അതു ചെയ്യുകയില്ലെന്ന് എനിക്കറിയാം. കാരണം മമ്മിയ്ക്ക് ആ വീടും സ്വന്തം ജോലിയുമാണ് വലുത്. പപ്പയെപ്പോലെയല്ല നിങ്ങൾ. സ്വാർത്ഥയാണ്. നിങ്ങളുടെ ലവറിനു വേണ്ടി നിങ്ങൾ എന്‍റെ പപ്പയെ കൊന്നതാണോ എന്നുപോലും ഞാനിപ്പോൾ സംശയിക്കുന്നു.”

കൃഷ്ണമോളുടെ വാക്കുകൾ കേട്ട് ഞാൻ നടുങ്ങിത്തെറിച്ചു. എന്താണിവൾ പറയുന്നത്? അവളുടെ പപ്പയെ ഞാൻ കൊന്നതാണെന്നോ? അതും ഫഹദ്സാറിനു വേണ്ടി. ജീവിതത്തിൽ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലാത്ത അല്ലെങ്കിൽ എന്നെക്കൊണ്ട് ചിന്തിക്കാനാവാത്ത ഒരു കാര്യത്തെപ്പറ്റിയാണല്ലോ അവൾ പറയുന്നതെന്നോർത്തു. ജീവിതകാലം മുഴുവൻ എന്നെ പ്രേമം കൊണ്ട് വരിഞ്ഞു മുറുക്കിയ നരേട്ടനെക്കുറിച്ച് എനിക്കങ്ങനെ ചിന്തിക്കാനാവുമോ? എന്തിനു വേണ്ടി ഞാനദ്ദേഹത്തെ കൊല്ലണം?

ഫഹദ്സാർ ഇന്നെവിടെയാണെന്നെനിക്കറിയില്ല. ലോകത്തിന്‍റെ ഏതോ കോണിൽ അജ്ഞാതവാസം നയിക്കുന്ന അദ്ദേഹത്തെ ഞാനെങ്ങനെ കണ്ടെത്താനാണ്? അഥവാ നേരത്തെ കണ്ടെത്തിയിരുന്നെങ്കിൽത്തന്നെ ഫഹദ്സാറിനു വേണ്ടി നരേട്ടനെ കൊല്ലുമായിരുന്നോ? ഒരിക്കലുമില്ല. ഫഹദ്സാറിനെ നേരത്തെ കണ്ടുമുട്ടിയിരുന്നെങ്കിൽ ഞാൻ നരേട്ടന്‍റെ അനുവാദത്തോടു കൂടിത്തന്നെ ഫഹദ്സാറിനോടൊപ്പം ജീവിക്കുമായിരുന്നു. കാരണം എന്‍റെ നരേട്ടൻ അത്ര വിശാല ഹൃദയനാണ്. ഹൃദയം നുറുങ്ങുന്ന വേദനയിലും മറ്റുള്ളവർക്കു വേണ്ടി ത്യാഗങ്ങൾ ചെയ്യാൻ തയ്യാറുള്ള ആൾ…

“എന്താ മമ്മീ… ഒന്നും മിണ്ടാത്തത്? നിങ്ങൾക്ക് ഉത്തരമില്ലേ? അല്ലെങ്കിൽ എന്‍റെ പപ്പ എങ്ങിനെയാണ് മരിച്ചത്? ഞങ്ങൾ അവിടെ നിന്നും പോരുമ്പോൾ പപ്പയ്ക്കു ഒന്നുമില്ലായിരുന്നല്ലോ? അതോ നിങ്ങൾ ഹൃദയ വേദന നൽകി നരകിപ്പിച്ച് അദ്ദേഹത്തെ ഒരു ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയായിരുന്നോ?” ഏതോ പ്രതികാര ദാഹത്തോടെ വീണ്ടും അതേ ചോദ്യം. അവളുടെ ചോദ്യത്തിന് മറുപടിയായി ഉതിർന്നു വീണ വാക്കുകൾക്ക് മൂർച്ച കൂടിയത് ഞാനറിയാതെയാണ്.

“എന്‍റെ രാഹുൽ മോനുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ചോദിക്കുമായിരുന്നില്ല. കൃഷ്ണമോളെ, നീയെന്ന മകൾക്ക് മാത്രമേ ഇത്തരമൊരു ചോദ്യം സ്വന്തം മാതാവിനോട് ചോദിക്കാനാവുകയുള്ളൂ. നിന്‍റെ നാക്കു മാത്രമേ ഇത്തരത്തിലുള്ള പാപ വചനങ്ങൾ ഉരുവിടുകയുള്ളൂ. നിന്‍റെ മമ്മിയെ നീ ഇതുവരെ മനസ്സിലാക്കിയിട്ടില്ലാത്തതു കൊണ്ടാണ് ഇത്തരത്തിൽ പറയുന്നതും, ചിന്തിയ്ക്കുന്നതും. എന്നാലും ഇത്രയും ക്രൂരമായി നിനക്ക് ചിന്തിക്കുവാൻ കഴിയുന്നതെങ്ങിനെയാണ് കൃഷ്ണമോളെ…

നിന്‍റെ മമ്മി അത്രയ്ക്ക് പാപിയാണെന്നാണോ നീ കരുതിയിരിക്കുന്നത്? വിവാഹത്തിനു മുമ്പ് മറ്റൊരാളെ പ്രേമിച്ചു എന്ന കുറ്റം മാത്രമേ മമ്മി ചെയ്തിട്ടുള്ളൂ. ദേവാനന്ദിനെ നീ സ്നേഹിച്ചതു പോലെ പക്ഷെ ദേവാനന്ദിനെ നിനക്കു ഞങ്ങൾ വിവാഹം കഴിച്ചു തന്നു. പക്ഷെ എന്‍റെ പിതാവാകട്ടെ കേവലമൊരു മുസൽമാനാണെന്ന കാരണത്താൽ ഫഹദ്സാറുമായുള്ള എന്‍റെ വിവാഹ ശേഷമുള്ള ബന്ധത്തിന് തടസ്സം നിന്നു. അതാണ് ആ വിവാഹബന്ധം നീണ്ടു നിൽക്കാതിരിക്കാൻ കാരണം. എന്നാൽ നിന്‍റെ പപ്പയെ വിവാഹം കഴിച്ചതോടെ ഞാൻ ഫഹദ്സാറിനെ മിക്കവാറും മറന്നു. അത്രയ്ക്ക് സ്നേഹമാണ്… പ്രേമമാണ്… നിന്‍റെ പപ്പ എനിക്കു നൽകിയത്.”

ഒടുവിലത്തെ വാക്കുകൾ പറയുമ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു പോയി. പിന്നെ ഒന്നും പറയുവാനാവാതെ ഫോൺ ഡിസ്കണക്ട് ചെയ്‌ത് ബെഡ്റൂമിലേയ്ക്ക് ഓടുമ്പോൾ ഒരിക്കൽ കൂടി ഞാനീ ഭൂമി പിളർന്നു പോകാൻ ആഗ്രഹിച്ചു. ഗർഭത്തിൽ പത്തുമാസം കൊണ്ടു നടന്ന് പെറ്റുവളർത്തിയ സ്വന്തം മകളിൽ നിന്നും ഇത്തരത്തിലുള്ള അപമാനം. അതു എനിക്കു സഹിക്കാവുന്നതിലും അപ്പുറമാണ്. ജീവിതത്തിൽ ഒരിക്കൽ പോലും ഞാൻ ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് അവൾ പറയുന്നത്. ഇതിലും ഭേദം അവൾ എന്നെ കുത്തിക്കൊല്ലുകയായിരുന്നു എന്നു തോന്നി. ഏതാനും നിമിഷം പൊട്ടിക്കരഞ്ഞു കഴിഞ്ഞപ്പോൾ മനസ്സു ശാന്തമായതു പോലെ തോന്നി. അപ്പോൾ കണ്ണുകൾ പതിഞ്ഞത് ഭിത്തിയിലെ നരേട്ടന്‍റെ ഫോട്ടോയിലാണ്. ആ ഫോട്ടോയിലേയ്ക്കു നോക്കിയപ്പോൾ മനസ്സു കേണു.

“എന്തിനാ നരേട്ടാ നമ്മുടെ മോൾ ഇങ്ങിനെയൊക്കെപ്പറഞ്ഞ് എന്നെ കുത്തി നോവിക്കുന്നത്. അവൾക്ക് എന്നോട് ശത്രുതയുണ്ടെങ്കിൽ അത് മറ്റൊരു വിധത്തിലാകാമായിരുന്നില്ലെ, എന്നോട് പ്രകടിപ്പിക്കുന്നത്. വെറുതെ ഇല്ലാക്കഥകൾ സങ്കൽപിച്ചു എന്നോടു പകരം വീട്ടുന്നത് എന്തിനാണ്. അവൾക്കറിയില്ലല്ലോ അവളുടെ പപ്പ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചത് അവളുടെ മമ്മിയെയാണെന്ന്. അവളുടെ പപ്പയ്ക്കല്ലാതെ മറ്റൊരു ഭർത്താവിനും മനസ്സും ശരീരവും കൊണ്ട് മറ്റൊരാളുടേതായിക്കഴിഞ്ഞ ഒരുവളെ ഇത്രയധികം സ്നേഹിക്കാനാവുകയില്ലെന്ന്…” ഹൃദയം വിങ്ങി വിതുമ്പുമ്പോൾ മനസ്സലറി.

അതെ! കൃഷ്ണമോളെ, നരേട്ടന്‍റെ ആ സ്നേഹമാണ് എന്നെ ഇത്രകാലവും ജീവിക്കാൻ പ്രേരിപ്പിച്ചത്. അല്ലെങ്കിൽ ഈ മമ്മി എന്നേ ആത്മഹത്യ ചെയ്‌തേനെ. അങ്ങിനെ അവളോട് ഉറക്കെ വിളിച്ചു പറയണമെന്നു തോന്നി. എന്‍റെ നരേട്ടന്‍റെ സ്നേഹം എനിക്കു നിരസിക്കപ്പെട്ടത് ജീവിതത്തിൽ ആകെ ഒരിക്കൽ മാത്രമായിരുന്നു എന്നും ഓർത്തു.

യാദൃഛികമായി ഫഹദ്സാറിനെ ഡൽഹിയിലെ കോണാട്ട് പ്ലേസിലെ ഷോപ്പിംഗ് മാളിൽ വച്ചു ഒരു ഭ്രാന്തിയെപ്പോലെ കണ്ട്, മനോനില തെറ്റിയ ഞാൻ കുടുംബം നോക്കാതെ, മക്കളെ നോക്കാതെ ഉഴറി നടന്നു. അപ്പോൾ മാത്രമാണ് അൽപനാളത്തേയ്ക്ക് മനസ്സുമടുത്ത് നരേട്ടൻ എന്നെ മാനസികമായി വേദനിപ്പിച്ചിട്ടുള്ളത്. അല്ലാതൊരിക്കൽ പോലും നരേട്ടൻ എന്നോട് സ്നേഹ ശൂന്യതയോടെ പെരുമാറിയിട്ടില്ല.

അല്ലെങ്കിൽ തന്നെ ഒരുറുമ്പിനെപ്പോലും നോവിയ്ക്കാൻ നരേട്ടനാവുകയില്ലല്ലോ.?ആ നരേട്ടനെ ഞാൻ കൊന്നു വെന്നു പറഞ്ഞാൽ.

കൃഷ്ണമോൾ പറഞ്ഞ വാക്കുകളോർക്കാൻ അശക്തയായി, ഹൃദയഭാരത്തോടെ കാലുകൾ വലിച്ചു വച്ച് സിറ്റൗട്ടിലേയ്ക്കു നടക്കുമ്പോളോർത്തത് ആ മരണത്തെക്കുറിച്ചാണ് അപ്പോൾ ഒരു നടുക്കത്തോടെ മനസ്സിലേയ്ക്ക് ആ ചിന്ത കടന്നു വന്നു.

അല്ലെങ്കിൽ എങ്ങിനെയാണ് അദ്ദേഹം ഈ ബാൽക്കണിയിൽ നിന്നും താഴെ വീണത്?

എങ്ങിനെയായിരുന്നു അത് സംഭവിച്ചത്? അദ്ദേഹം ബ്ലഡ് പ്രഷർ കൂടി തലകറങ്ങി താഴെ വീണപ്പോഴായിരുന്നുവോ അത് സംഭവിച്ചത്? ഈ ബാൽക്കണിയിൽ നിന്നും താഴെ വീഴാൻ മാത്രം അദ്ദേഹം അവിടെ എന്താണ് ചെയ്‌തു കൊണ്ടിരുന്നത്? മനസ്സ് ഒരു ഉത്തരം തേടി ഉഴറി നടന്നു.

പെട്ടെന്നാണ് ഗേറ്റിൽ കാവൽ നിൽക്കുന്ന രാംദേവ് ശ്രദ്ധയിൽപ്പെട്ടത്. പ്രായമുള്ള ആ മനുഷ്യനെ ഞാനും നരേട്ടനും രാമേട്ടാ എന്നാണു വിളിച്ചു കൊണ്ടിരുന്നത്. നരേട്ടൻ വീണു മരിച്ച അന്നത്തെ സാഹചര്യത്തിൽ അതിനു സാക്ഷിയായ അയാളോട് കൂടുതൽ ചോദിച്ചറിയാൻ കഴിഞ്ഞില്ല. തികച്ചും അസ്വാഭാവികമായ ആ മരണം സംഭവിച്ചത് എങ്ങിനെയാണെന്ന്? ഈ ദിനങ്ങളത്രയും ദുഃഖത്തിന്‍റെ തീവ്രത എന്നെ വരിഞ്ഞു മുറുക്കിയിരിക്കുകയായിരുന്നല്ലോ. അതുകൊണ്ടു തന്നെ അതെപ്പറ്റിയൊന്നും കൂടുതൽ ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാലിന് എനിക്കതിനുള്ള ഉത്തരം കണ്ടെത്തിയേ തീരൂ….

അന്ന് ഞാൻ കോളേജിലേയ്ക്കു പുറപ്പെടുമ്പോഴും അതിനുശേഷമുള്ള ഏതാനും മണിക്കൂറുകളും നരേട്ടൻ തികഞ്ഞ സന്തോഷത്തിലായിരുന്നു. അത് ഞാൻ അന്നു കാലത്ത് അനുഭവിച്ചറിഞ്ഞതാണ്. പിന്നീടെപ്പോഴാണ് അദ്ദേഹം ആ അപകടത്തിൽപ്പെട്ടത്? അതിനിടയാക്കിയ സാഹചര്യം എന്തായിരിക്കും?

മനസ്സ് ചോദ്യശരങ്ങളാൽ വീർപ്പുമുട്ടിയപ്പോൾ ഞാനറിയാതെ കാലുകൾക്ക് വേഗം കൂടി. പിന്നെ ഗേറ്റിലേയ്ക്കോടുകയായിരുന്നു. പരിഭ്രാന്തിയോടെ വേഗതയിൽ ഓടി വരുന്ന എന്നെക്കണ്ട് രാമേട്ടൻ പരിഭ്രമിച്ചു.

ആരോഗ്യ ദൃഡഗാത്രനെങ്കിലും പത്തെഴുപതു വയസ്സുള്ള വൃദ്ധനായ ആ മനുഷ്യന് ഞാൻ അനുജത്തിയെപ്പോലെയാണ്. പക്ഷെ എന്നെ മാഡം എന്നേ സംബോധന ചെയ്യുകയുള്ളൂ. അദ്ദേഹം ഓടി അടുത്തു വന്നു ഹിന്ദിയിൽ ചോദിച്ചു.

“എന്താ? എന്തുപറ്റി മാഡം? എന്തിനാണ് ഓടിയത്?” സ്റ്റെയർകെയ്സ് ഇറങ്ങി ഓടി വന്നതു കൊണ്ടുള്ള ശ്വാസവിമ്മിഷ്ടത്തോടെ ഞാൻ പറഞ്ഞു.

“രാമേട്ടാ… ഞാൻ ഓടി വന്നത് ഒരു കാര്യം അറിയാനാണ്? എന്‍റെ ചോദ്യങ്ങൾക്ക് അങ്ങ് വ്യക്‌തമായ ഉത്തരം നൽകണം…”

പരിഭ്രാന്തിയെങ്കിലും എന്‍റെ ഉറച്ച ശബ്ദം രാമേട്ടനെ നടുക്കിയിരിക്കണം.

എന്താ? എന്താണു മാഡം? എന്താണെങ്കിലും ചോദിച്ചോളൂ…

“അദ്ദേഹമന്ന് മുകളിൽ നിന്ന് താഴെ വീണത് എങ്ങിനെയാണ്? രാമേട്ടനോട് അദ്ദേഹം വല്ലതും പറഞ്ഞുവോ?” ഞാൻ ചോദിച്ചതിനു മറുപടിയായി അദ്ദേഹം ഒഴുക്കുള്ള ഹിന്ദിയിൽ പറഞ്ഞു തുടങ്ങി.

“അത് മാഡം… അദ്ദേഹമന്ന് ചെടികൾക്ക് വെള്ളമൊഴിക്കാനായി ബാൽക്കണിയിൽ വന്നതാണ്. ഞാൻ താഴെ നിന്ന് മുകളിലേയ്ക്കു നോക്കിയപ്പോൾ അദ്ദേഹം പറഞ്ഞു.”

“ചെടികളെല്ലാം വാടിക്കരിഞ്ഞല്ലോ രാമേട്ടാ… കുറച്ചു ദിവസം ഞങ്ങളിവിടെ ഇല്ലാതെ വന്നതാണ് എല്ലാറ്റിനു കാരണം.”

“അതെ സാബ്… മുകളിലായതു കൊണ്ട് എനിക്കും വെള്ളമൊഴിക്കാൻ പറ്റിയില്ല… സാബ് താഴത്തെ വാതിലുകളെല്ലാം പൂട്ടിയിട്ടല്ലെ പോയത്? ചെറുപ്പക്കാരാരെങ്കിലുമായിരുന്നെങ്കിൽ മുകളിലേയ്ക്ക് വലിഞ്ഞു കയറിയെങ്കിലും വെള്ളമൊഴിച്ചേനെ എന്ന് ഞാൻ പറഞ്ഞു.”

രാമേട്ടൻ പറഞ്ഞു നിർത്തി.

ഞങ്ങളന്ന് രാമേട്ടനെ കാവൽ ഏർപ്പെടുത്തിയിട്ടാണ് ഗുരുവായൂർക്ക് പോയത് എന്ന് ഞാനോർത്തു. ഗേറ്റിന് തൊട്ടടുത്തുള്ള ചെറിയ മുറിയിൽ തന്നെ അദ്ദേഹത്തിന് കഴിയാനുള്ള എല്ലാ സൗകര്യങ്ങളും ഞങ്ങൾ ഒരുക്കിയിരുന്നു. താഴെ ഗാർഡനിലെ ചെടികളും ലൗവ് ബേർഡിസിനേയും ഒക്കെ നോക്കുന്നത് രാമേട്ടനാണ്. നരേട്ടന് പ്രിയപ്പെട്ടവയാണ് അവയെല്ലാം. റിട്ടയറായപ്പോൾ അദ്ദേഹവും അവയുടെ കാര്യങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

താൻ പറഞ്ഞു വന്നതിന്‍റെ തുടർച്ചയെന്നോണം രാമേട്ടൻ പെട്ടെന്നു പറഞ്ഞു.

“ഞാൻ പറഞ്ഞതു കേട്ട് സാബ് പൊട്ടിച്ചിരിച്ചു. ആ പതിവുള്ള ചിരി മാഡം… ഞാനതൊരിക്കലും മറക്കില്ല. സാബിന്‍റെ നിഷ്ക്കളങ്കമായ ആ ചിരി. അതു കഴിഞ്ഞദ്ദേഹം പറഞ്ഞു. രാമേട്ടൻ ആളുകൊള്ളാമല്ലോ തമാശ പറയാനും മിടുക്കനാണല്ലോ എന്ന്.” അതു പറയുമ്പോൾ രാമേട്ടൻ കണ്ണു തുടച്ചിരുന്നു. നരേട്ടന്‍റെ ഓർമ്മകൾ അയാളെ വല്ലാതെ കീഴ്പ്പെടുത്തുന്നതു പോലെ തോന്നി. ഞാൻ രാമേട്ടന്‍റെ മുമ്പിൽ കരയാതെ പിടിച്ചു നിന്നു.

“എന്നിട്ട്… എന്നിട്ടദ്ദേഹം എന്തു ചെയ്തു? എങ്ങിനെയാണ് അദ്ദേഹം താഴെ വീണത്?” ജിജ്ഞാസയോടെയുള്ള എന്‍റെ ചോദ്യം കേട്ട് രാമേട്ടൻ പറഞ്ഞു.

“അതെനിക്കറിയില്ല കുഞ്ഞെ….” പക്ഷെ വീഴുന്നതിനു മുമ്പ് അദ്ദേഹം എന്നേ നോക്കി പറഞ്ഞു.

“രാമേട്ടാ എനിക്ക് തലകറങ്ങുന്നതു പോലെയും നെഞ്ചുവേദനിക്കുന്നതു പോലെയും തോന്നുന്നു. ഒന്ന് മുകളിലേയ്ക്ക് വരാമോ” എന്ന്. ഞാനതു കേട്ടയുടനെ മുകളിലേയ്ക്ക് ഓടിക്കയറി. താഴെ വാതിൽ തുറന്നു കിടന്നതു കൊണ്ട് എനിക്ക് ഓടി മുകളിലെത്താൻ പ്രയാസമുണ്ടായില്ല. പക്ഷെ ഞാൻ ചെന്നു നോക്കുമ്പോൾ അദ്ദേഹം താഴെ മണ്ണിൽ വീണു കിടക്കുകയായിരുന്നു.

അധികം പൊക്കമില്ലാത്ത ബാൽക്കണിയുടെ കൈവരിക്ക് മുകളിലൂടെ അദ്ദേഹം ബോധമില്ലാതെ താഴേയ്ക്ക് വീഴുകയായിരുന്നു. പക്ഷെ താഴെ വീണയുടൻ ബോധം വന്നുവെന്നു തോന്നുന്നു. ഞാൻ ഓടിച്ചെന്ന് നോക്കുമ്പോൾ തലപൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു. കൈകാലുകൾക്കും ശരീരത്തിനും മുറിവു പറ്റിയിട്ടുണ്ടായിരുന്നു. പക്ഷെ ബോധം നഷ്ടപ്പെട്ടിരുന്നില്ല.

(തുടരും)

സാഗരസംഗമം ഭാഗം- 17

അദ്ദേഹത്തെ മുഴുമിക്കാൻ സമ്മതിക്കാതെ ഞാൻ പറഞ്ഞു.

അരുത് നരേട്ടാ… ഇനിയും ഇങ്ങനെ പറയരുത്. എനിക്കതു സഹിക്കാനാവുകയില്ല. ഞാൻ ഹൃദയം പൊട്ടി മരിച്ചു പോകും.”

“അരുത് മീരാ… മരണം നിമ്മെ കവർന്നെടുക്കാൻ ഞാൻ ഒരിക്കലും സമ്മതിക്കുകയില്ല. ഇല്ല… ഒരു ദൈവത്തിനും അതാവികയില്ല. കാരണം നീ ഒരു പ്രേമ ദേവതയാണ്. ഞങ്ങളുടെ കാവൽ മാലാഖ. ഹൃദയത്തിൽ പ്രേമം മാത്രം നിറച്ചു വച്ചിട്ടുള്ള ഒരുവളെ സ്പർശിക്കുവാൻ ഒരു ദൈവത്തിനുമാവുകയില്ല.”

അങ്ങനെ പറഞ്ഞ് നരേട്ടൻ എന്നെ വീണ്ടും വീണ്ടും മുറുക്കിക്കൊണ്ടിരുന്നു. സ്‌ഥലകാല ഭേദങ്ങൾ മറന്ന് ശയനമഞ്ചത്തിൽ ഒന്നായിത്തീർന്ന രണ്ട് ആത്മക്കളായിരുന്നു അപ്പോൾ ഞങ്ങൾ. ആർത്തലയ്ക്കുന്ന തിരമാലയിലെന്ന പോലെ പ്രേമത്താൽ സുരഭിലമായ രണ്ടാത്മക്കൾ. അവിടെ പ്രകൃതിയും കാലവും നിമിഷങ്ങളും അസ്തപ്രജ്ഞരായി നിന്നു. ആർത്തലയ്ക്കുന്ന ഹൃദയങ്ങളുടെ നേരിയ മർമ്മരം മാത്രം അപ്പോൾ അവിടെ മുഴങ്ങിക്കൊണ്ടിരുന്നു. ചുംബനങ്ങളുടെ സീൽക്കാരവും.

ഒടുവിൽ സ്ഥലകാല ബോധം വന്നപ്പോൾ ഞാൻ പിടഞ്ഞെണീറ്റു.

“അയ്യോ…. സമയം ഒരുപാടായി നരേട്ടാ… ഇന്ന് കോളേജിലെത്തുമ്പോൾ ഒരു പാടു വൈകും.”

അങ്ങനെ പറഞ്ഞ് വീണ്ടും ഒന്നു കൂടി ഡ്രസ്സു ചെയ്‌ത് ഞാൻ കോളേജിലേയ്ക്കു പുറപ്പെട്ടു. അപ്പോൾ ഹൃദയത്തിൽ ആനന്ദം മാത്രം നിറഞ്ഞു നിന്നു. ഇറങ്ങുവാൻ നേരം നരേട്ടനെ ഞാനോർമിപ്പിച്ചു.

“ആ മരുന്നൊന്നും കഴിക്കാൻ മറക്കരുതേ നരേട്ടാ… പിന്നെ ഉച്ചയ്ക്ക് കഴിയ്ക്കാനുള്ള ആഹാരവും മേശപ്പുറത്ത് അടച്ചു വച്ചിട്ടുണ്ട്.”

ഇറങ്ങാൻ നേരം ഒരിക്കൽ കൂടി എന്നെ വലിച്ചടുപ്പിച്ച് ചുംബിക്കുമ്പോൾ നരേട്ടൻ പറഞ്ഞു.

“ഏറെ വൈകണ്ട… നീ വരുന്നതും നോക്കി കാത്തിരിക്കുന്ന ഒരുത്തൻ ഇവിടെയുണ്ടെന്ന് എപ്പോഴും ഓർമ്മിച്ചോളൂ.” എന്നെ വേർപെടാൻ മടിക്കുന്ന ആ കൈകൾ വിടർത്തി കൊണ്ട് ഞാൻ പറഞ്ഞു.

“ശരി നരേട്ടാ… ഞാൻ കഴിയുന്നത്ര വേഗം വരാൻ നോക്കാം…”

അങ്ങിനെ പറഞ്ഞ് പടിയ്ക്കൽ നിന്നിരുന്ന സെക്യൂരിറ്റി രാം ദേവിന്‍റെ അടുത്തെത്തി പറഞ്ഞു.

“അദ്ദേഹം ഒറ്റയ്ക്കേ ഉള്ളൂ… സുഖമില്ലാത്ത ആളാണ്. ഒന്നു ശ്രദ്ധിച്ചു കൊള്ളണം.”

അടുത്ത നാളിൽ പുതുതായി വന്നെത്തിയ രാമേട്ടൻ എന്ന് ഞങ്ങൾ വിളിക്കുന്ന സെക്യൂരിറ്റിയോട് ഹിന്ദിയിൽ അങ്ങിനെ പറഞ്ഞ ശേഷം തിരിഞ്ഞു നോക്കുമ്പോൾ നരേട്ടൻ എന്‍റെ നേരേ കൈവീശുന്നുണ്ടായിരുന്നു. അപ്പോൾ അദ്ദേഹം ഇന്നലെ കണ്ട മനുഷ്യനേ അല്ലായിരുന്നു. ഊർജ്‌ജസ്വലത തികഞ്ഞ ഒരു പുതിയ മനുഷ്യൻ. ആ മനസ്സിൽ അപ്പോൾ നിറഞ്ഞു നിന്നത് എന്നോടുള്ള പ്രേമം മാത്രമാണ്. അല്ലെങ്കിൽ തന്നെ സ്നേഹിക്കാൻ മാത്രമറിയുന്ന നരേട്ടന്‍റെ ഉള്ളിൽ എല്ലായ്പ്പോഴും അതല്ലാതെ മറ്റെന്താണുണ്ടാവുക…

ഞാനൊരു വിഡ്ഢിയാണല്ലോ എന്ന് സ്വയം പഴിച്ചു കൊണ്ട് വേഗത്തിൽ നടന്നു നീങ്ങി. കാർഷെഡിൽ നിന്നും കാർ റിവേഴ്സ് എടുത്ത് നേരെയാക്കിയ ശേഷം നിരത്തിലേയ്ക്ക് ഓടിച്ചു പോകാൻ തുടങ്ങുമ്പോൾ ഒരിക്കൽ കൂടി നരേട്ടനെ തിരിഞ്ഞു നോക്കി. പ്രേമം തുളുമ്പുന്ന കണ്ണുകളുമായി അദ്ദേഹം എന്നെത്തന്നെ നോക്കി നിൽക്കുന്നു. പക്ഷെ ആ കണ്ടുമുട്ടൽ… കണ്ണുകളുടെ ആ ഏറ്റുമുട്ടൽ… അതവാസത്തേതായിരുന്നുവെന്ന് ഞാനന്നറിഞ്ഞില്ല. പിന്നീടൊരിക്കലും അദ്ദേഹം എന്‍റേതാവുകയില്ലെന്നും.

നരേട്ടനെ ഒറ്റയ്ക്കാക്കിപ്പോരുമ്പോൾ മനസ്സ് അസ്വസ്ഥമായിരുന്നു. മുമ്പൊരിക്കലും ഉണ്ടാകാത്തവിധം മനസ്സ് വല്ലാതെ പിടഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്ക് കുറച്ചുനാൾ അസുഖം പ്രമാണിച്ച് ലീവെടുത്തതൊഴിച്ചാൽ ബാക്കി എല്ലാക്കാലവും നരേട്ടനും, ഞാനുമൊരുമിച്ചായിരുന്നു കോളേജിൽ പോയിക്കൊണ്ടിരുന്നത്. കോളേജ് വിട്ട് തിരിച്ചു വരുന്നതും അങ്ങിനെ തന്നെ എന്നാൽ ഇന്നിപ്പോൾ നരേട്ടനെ ഒറ്റയ്ക്കാക്കി എനിക്കു പോരേണ്ടി വന്നിരിക്കുന്നു. പോരെങ്കിൽ അസുഖബാധിതനുമാണ് അദ്ദേഹം. കരയ്ക്കു പിടിച്ചിട്ട മീനിനെപ്പോലെ മനസ്സ് ശ്വാസം കിട്ടാതെ ഉഴറി. പിന്നെ സ്വയം ശാസിച്ച് മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിച്ചു. അദ്ദേഹം രാവിലെ മുതൽ ഉൻമേഷവാനായിത്തീർന്നിരിക്കുന്നു. പഴയ ഊർജ്ജസ്വലത അദ്ദേഹം വീണ്ടെടുത്തത് കണ്ടിട്ടാണല്ലോ ഞാൻ പോന്നത്. എല്ലാം മനസ്സിന്‍റെ അകാരണമായ ഭയങ്ങൾ മാത്രം. അങ്ങനെ ആശ്വസിക്കാൻ ശ്രമിച്ചു.

കോളേജിലെത്തുമ്പോൾ വിദ്യാർത്ഥികൾ പലരും ഓടി എത്തി. “മാഡം ആപ് ഇത്നേ ദിൻ കഹാം ധേ?” ( മാഡം, അങ്ങ് ഇത്രയും ദിവസം എവിടെയായിരുന്നു?”

അവർ സ്നേഹ വചസ്സുകൾ കൊണ്ട് എന്നെ മൂടി. ഇത്ര ദിവസവും ഞാനില്ലാതെ അവർക്ക് ബോറടിച്ചുവത്രെ. അത! സ്വന്തം മക്കളെപ്പോലെയാണ് ഞാനവരെ സ്നേഹിക്കുന്നത്. എന്നവർക്കറിയാം. പ്രത്യേകിച്ച് രാഹുൽ പോയതിൽ പിന്നെ ഞാനവരെക്കാണുന്നത് സ്വന്തം മക്കളെപ്പോലെയാണ്. അല്ലെങ്കിൽ അവരാണല്ലോ ഇന്ന് എനിക്ക് എല്ലാ ആശ്വാസവും പകർന്നു നൽകുന്നത്.

പ്രിൻസിപ്പാലിന്‍റെ റൂമിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഒരിക്കൽ കൂടി നരേട്ടനെ വിളിക്കണമെന്ന് തോന്നി. അപ്പുറത്ത് നരേട്ടന്‍റെ ശബ്ദം കേട്ടപ്പോൾ ആശ്വാസം തോന്നി.

“ഹലോ…നരേട്ടാ… എങ്ങിനെയുണ്ടിപ്പോൾ? അസുഖമൊന്നുമില്ലല്ലോ?”

“ഹലോ… എനിക്കിപ്പോൾ ഒരു കുഴപ്പവുമില്ല. താനില്ലാത്തതിന്‍റെ ഒരു കുറവു മാത്രമേ ഉള്ളൂ…”

“ഞാൻ വൈകുന്നേരം ഓടി എത്തുകയില്ലെ നരേട്ടാ… അല്ലെങ്കിൽ തന്നെ കോളേജ് അത്ര ദൂരെയൊന്നുമല്ലല്ലോ…”

“ദൂരം ഉണ്ടെങ്കിൽ തന്നെ അതെന്നെ ബാധിക്കുകയില്ല. കാരണം താനെപ്പോഴും എന്‍റെ സമീപത്തു തന്നെയുണ്ട്. എന്‍റെ ഹൃദയത്തിൽ.”

“രാവിലെ തന്നെ ആളു നല്ല റൊമാൻസിലാണല്ലോ… ശരി… ശരി… മരുന്നും ആഹാരവും കൃത്യമായി കഴിക്കണം. ഞാൻ വരുന്നതു വരെ മറ്റൊന്നും ആലോചിക്കാതെ നല്ല കുട്ടിയായിരിക്കണം.”

“എനിക്കിപ്പോൾ നല്ല സന്തോഷം തോന്നുന്നുണ്ട് മീരാ… രാവിലെ താനെന്‍റെ മൂഡു തന്നെ മാറ്റിക്കളഞ്ഞല്ലോ.”

ശരി നരേട്ടാ… ഞാൻ ഫോൺ വയ്ക്കാൻ തുനിഞ്ഞപ്പോൾ “ഐ ലൗ യൂ… മൈ സ്വീറ്റ് കിസ്സെസ് റ്റു യൂ മീര…” നരേട്ടന്‍റെ ശബ്ദം ഫോണിലൂടെ വീണ്ടും ഒഴുകിയെത്തി. അന്ന് ആ സംഭാഷണം അവിടെ അവസാനിച്ചു. പിന്നീട് ഏറെ മനഃശാന്തിയോടെയാണ് അന്ന് ക്ലാസ്സിലെത്തിയത്. കുട്ടികൾക്ക് പാഠഭാഗങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ ഞാൻ ഏറെ സന്തോഷവതിയായിരുന്നു.

പക്ഷെ എത്ര പെട്ടെന്നാണ് കാലവും സമയവും മാറി മറിയുന്നത്. നിനച്ചിരിക്കാതെയാണ് വിധി തലയ്ക്കുമേൽ പ്രഹരങ്ങളേൽപ്പിക്കുന്നത് എന്ന് ഒരിക്കൽ കൂടി ഞാനറിഞ്ഞത് അന്നാണ്. അന്ന് ഏറെ സന്തോഷത്തോടെയും ആവേശത്തോടെയും കുട്ടികൾക്കിടയിൽ രസതന്ത്രത്തിലെ പല രാസപരിണാമങ്ങളെക്കുറിച്ച് വിശദമാക്കുകയായിരുന്നു. അപ്പോഴാണ് ആ ഫോൺ കോൾ വന്നെത്തിയത്.

“മാഡം ആപ് ധോഡാ ജൽ ദി ആവോ… ഇധർ സാബ് ഊപർ സേ നീചേ ഗിരാ… (മാഡം ദയവു ചെയ്‌ത് വേഗം വരൂ… ഇവിടെ സാബ് മുകളിൽ നിന്നും താഴെ വീണു)

ആ ഫോൺ കോൾ ഒരശനിപാതം പോലെയാണ് എന്‍റെ തലയ്ക്കു മേൽ പതിച്ചത്. തിരിച്ചെന്തെങ്കിലും പറയാനോ ചോദിക്കാനോ ആവാത്ത വിധം കൈകാലുകൾ വിറകൊള്ളുകയായിരുന്നു. വിറയ്ക്കുന്ന കരങ്ങളിൽ നിന്നും പഠിപ്പിച്ചു കൊണ്ടിരുന്ന പുസ്തകം താഴെ വീണു. ഹൃദയമിടിപ്പിന്‍റെ വേഗം കൂടി കാഴ്ചയ്ക്ക് മങ്ങലേൽക്കുന്നതു പോലെ.

ഒരിക്കൽ കൂടി വിധി എന്നെ പരീക്ഷിക്കുകയാണോ? നരേട്ടനെന്തെങ്കിലും കാര്യമായിട്ടു പറ്റിക്കാണുമോ? വിറയാർന്ന മനസ്സുമായി കാലുകൾ മുന്നോട്ടു വയ്ക്കലേ വിദ്യാർത്ഥികൾ അന്വേഷണവുമായി ഓടിയെത്തി.

“ക്യാ ഹുവാ മാഡം. ഖർമേം കിസികോ കുഛ് ഖത് രാ ഹുവാ ക്യാ?” ( എന്തുപറ്റി മാഡം വീട്ടിൽ ആർക്കെങ്കിലും അപകടം പറ്റിയോ?)

“ഹാം… മേരാ ഹസ്ബന്‍റ് കോ ഖത് രാ ഹുവാ… വഹ്… വഹ് ഊപർ സേ നീചേ ഗിരാ. (എന്‍റെ ഹസ്ബന്‍റിന് എന്തോ അപകടം പറ്റി അദ്ദേഹം മുകളിൽ നിന്നും താഴെ വീണു)

മുഴുവൻ പറയാൻ കഴിയാതെ ഞാൻ വിമ്മിഷ്ടപ്പെടുന്നതു കണ്ട് ഒരു വിദ്യാർത്ഥി ഓടി എത്തി.

മൈം ഭീ ആപ് കേ സാധ് ആരഹി ഹും. ഹം ഉൻകോ ഹോസ്പിറ്റൽ ലേ ജായേംഗേ (ഞാനും മാഡത്തിന്‍റെ കൂടെ വരാം… നമുക്ക് അദ്ദേഹത്തെ ഹോസ്പിറ്റലിൽ കൊണ്ടുപോകാം…)

ഒന്നു രണ്ടു വിദ്യാർത്ഥികളോടൊപ്പം ഞാൻ കാറിൽ കയറി. കാർ നീങ്ങിത്തുടങ്ങിയപ്പോൾ ഉൽകണ്ഠയാൽ എന്‍റെ ഹൃദയമിടിപ്പു കൂടി. അദ്ദേഹത്തിന് ഒന്നും സംഭവിക്കരുതേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് വഴിയിൽ വാഹന ബ്ലോക്കു കണ്ടപ്പോൾ മനസ്സ് പതറി. ഒടുവിൽ ഇരുപതു മിനിട്ടിനു പകരം നാൽപതു മിനിട്ടെടുത്ത് വണ്ടി വീട്ടിലെത്തിച്ചേർന്നപ്പോൾ സെക്യൂരിറ്റി ഓടി എത്തി.

“സാബിന് ബോധം നഷ്ടപ്പെട്ടിട്ടില്ല. അദ്ദേഹം മാഡം വരാതെ ഹോസ്പിറ്റലിൽ കൊണ്ടു പോകരുതെന്ന് വിലക്കി…”

സെക്യൂരിറ്റി പറഞ്ഞു കേട്ട് കാർ തുറന്ന് ഞാൻ നരേട്ടന്‍റെ അടുത്തേയ്ക്ക് ഓടുകയായിരുന്നു. അകലെ നിന്ന് ഞാൻ കണ്ടു. നരേട്ടനെ കസേരയിൽ താങ്ങി ഇരുത്തിയിരിക്കുന്നു, പാതി തുറന്ന കണ്ണുകൾ… നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്ന ചോരച്ചാൽ, താഴെ തളം കെട്ടിക്കിടക്കുന്നു. എല്ലാം കണ്ട് ഞെട്ടിത്തെറിച്ച ഞാൻ നരേട്ടന്‍റെ അടുത്തെത്തി ആ ചുമലിൽ കുലുക്കി വിളിച്ചു.

“എന്തുപറ്റി നരേട്ടാ… എന്തുപറ്റി? എങ്ങിനെയാണിതു സംഭവിച്ചത്?”

പരിഭ്രമത്താൽ ചിതറിയ എന്‍റെ വാക്കുകൾ കേട്ട്, അടഞ്ഞു പോകുന്ന കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു കൊണ്ട്, പാതി സുബോധത്തിൽ നരേട്ടൻ പറഞ്ഞു.

“മീരാ… നീ വന്നോ… ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു. നിന്‍റെ മടിയിൽ തലവച്ചു വേണം എനിക്കു മരിക്കാൻ…” നരേട്ടന്‍റെ ചുണ്ടുകളിൽ അപ്പോൾ ഒരു വിളറിയ പുഞ്ചിരി തങ്ങി നിന്നു.

അരുതേ നരേട്ടാ അങ്ങിനെ പറയരുത്…” ഞാനാ വായ് പൊത്തിക്കൊണ്ടു പറഞ്ഞു.

വിദ്യാർത്ഥികൾ കാർ അദ്ദേഹത്തിന്‍റെ അടുത്തേയ്ക്ക് കൊണ്ടു വന്നു. പിന്നെ ഞാനും അവരും കൂടി അദ്ദേഹത്തെ താങ്ങിയെടുത്ത് കാറിലിരുത്തി. അപ്പോൾ അദ്ദേഹം അസപ്ഷ്ടമായി പറഞ്ഞു കൊണ്ടിരുന്നു.

“എനിക്ക് ഹോസ്പിറ്റലിൽ പോകണ്ട… എനിക്ക് എനിക്കെന്‍റെ മീരയുടെ മടിയിൽ തലവച്ച് മരിക്കണം. എവിടെ മീരാ… അവളോട് എന്‍റെ തല ആ മടിയിൽ വയ്ക്കാൻ പറയ്…”

ഞാൻ അദ്ദേഹത്തിന്‍റെ അടുത്തിരുന്ന് ആ തല എന്‍റെ മടിയിൽ വച്ചു. എന്‍റെ കണ്ണുനീർ ആ ശിരസ്സിൽ വീണ് ചിതറി. അപ്പോൾ നരേട്ടൻ വിറയാർന്ന സ്വരത്തിൽ പറഞ്ഞു കൊണ്ടിരുന്നു.

“എനിക്ക് … എനിക്കെന്‍റെ രാഹുൽമോന്‍റെ അടുത്തു പോകണം മീര… അവൻ… അവൻ എന്നെ കാത്തിരിയ്ക്കയാണ്. പാവം ഒറ്റയ്ക്കു ബോറടിച്ചു കാണും. ഞാനങ്ങോട്ട് ചെല്ലട്ടെ… ഞാൻ… ഞാൻ പോയാൽ നിനക്കും ബോറടിക്കും. നീ മറ്റൊരു വിവാഹം കഴിച്ച് സുഖമായി ജീവിക്കണം. അതാണെന്‍റെ ആഗ്രഹം. പറ്റുമെങ്കിൽ ഫഹദിനെത്തന്നെ. എനിക്കുറപ്പുണ്ട്, അദ്ദേഹം നിന്നെ കാത്തിരിക്കുന്നുണ്ടാവും.” മുഴുവൻ പറയുന്നതിനു മുമ്പേ ആ കണ്ണുകൾ മെല്ലെ അടഞ്ഞു വന്നു. ഒരു നിമിഷം അസ്തപ്രജ്ഞയായി ഞാനിരുന്നു. പിന്നീട് ആർത്തലച്ചു കൊണ്ട് ആ ചുണ്ടുകളിൽ ഉമ്മ വച്ചു. എന്‍റെ അന്ത്യചുംബനം…

എന്നും എന്നെ പ്രേമപൂർവ്വം ചേർത്തണച്ച ആ മാറിലേയ്ക്ക് ഞാൻ കുഴഞ്ഞു വീണു.

പിന്നെ അബോധത്തിന്‍റെ മഞ്ഞുപടലങ്ങൾക്കുള്ളിൽ ഞാൻ നരേട്ടനെ മാറോണടച്ച് ഇറുകെ പുണർന്നുറങ്ങി.

എത്ര മണിക്കൂറുകൾ അങ്ങിനെ കടന്നുപോയെന്നറിയില്ല. ഓർമ്മ വന്നപ്പോൾ ഞാൻ ഹോസ്പിറ്റലിലായിരുന്നു. ഹോസ്പിറ്റൽ ബെഡ്ഡിൽ കിടന്ന് എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഒടുവിൽ എന്‍റെ നരേട്ടൻ പോയി എന്ന സത്യവുമായി പൊരുത്തപ്പെടാനാവാതെ ഞാൻ ഉറക്കെ നിലവിളിച്ചു. അത് ഒരു ഹോസ്പിറ്റലാണെന്ന സത്യം പോലും മറന്ന്… ഡോക്ടർമാരും, നഴ്സുമാരും ഓടി എത്തി.

“മാഡം പ്ലീസ്, യൂ കൺട്രോൾഡ് യുവേഴ്സെൽഫ്”

ഡോക്ടർ ഓർമ്മിപ്പിച്ചു. അവർ ഇഞ്ചക്ഷൻ തന്ന് എന്നെ മയക്കി. ഒടുവിൽ ഉണരുമ്പോൾ കൃഷ്ണമോൾ അടുത്തുണ്ടായിരുന്നു.

“പപ്പായ്ക്കെന്താണ് സംഭവിച്ചത് മമ്മീ?…”

പ്രിയപ്പെട്ട പപ്പായുടെ വേർപാട് അവൾക്ക് ഉൾക്കൊള്ളാനാവുന്നില്ലെന്നു തോന്നി. കരഞ്ഞു കൊണ്ടുള്ള അവളുടെ ചോദ്യത്തിന് ഉത്തരം നൽകാനാവാതെ ഞാൻ ചലനരഹിതയായി ഒരു പ്രേതം കണക്കെ ഇരുന്നു. ഒന്നുറക്കെ കരയാനോ, എന്തെങ്കിലും പറയാനോ, ആവാതെ!

മനസ്സിനേറ്റ് ആഘാതം എന്നെ ഒരു ഭ്രാന്തിയാക്കിത്തീർക്കുമോ എന്ന് കൃഷ്ണമോൾ ഭയന്നു. ഒടുവിൽ ഒരു സൈക്കോളജിസ്റ്റിന്‍റെ അടുത്ത് എന്നെ എത്തിച്ച് അവൾ അതിനു പരിഹാരം തേടി. അങ്ങിനെ ഇരുട്ടുമൂടിയ ദിനരാത്രങ്ങൾക്കൊടുവിൽ ബോധത്തിന്‍റെ നറും വെളിച്ചം എന്നെത്തേടിയെത്തി. ഉറക്കെ കരഞ്ഞു കൊണ്ട് ഞാനാദിനങ്ങളിൽ ആശ്വാസം നേടാൻ ശ്രമിച്ചു. മാനസികാരോഗ ക്ലിനിക്കിൽ ആരും എന്നെ തടഞ്ഞില്ല. മറിച്ച് കരയുവാൻ അനുവാദം നൽകി. ഒടുവിൽ എങ്ങിനെയൊക്കെയോ ദുഃഖത്തിന്‍റെ ആ ആവരണത്തിൽ നിന്നും ഞാൻ പുറത്തു കടന്നു. മെല്ലെ മെല്ലെ ഹൃദയം ആശ്വാസ തീരങ്ങളിൽ അഭയം തേടി.

എന്നെ ക്ലിനിക്കിലെത്തിച്ച് കൃഷ്ണമോൾ ബാംഗ്ലൂർക്ക് തിരിച്ചു പോയിരുന്നു. ഏതോ പകവീട്ടൽ അപ്പോഴും അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു എന്നു തോന്നി. ആ ദിനങ്ങളിൽ എനിക്കു തുണയായി അരുണും മറ്റേതാനും വിദ്യാർത്ഥികളും ഉണ്ടായിരുന്നു. ഞാൻ നോർമലായി എന്നു തോന്നിത്തുടങ്ങിയപ്പോൾ അരുൺ നിർബന്ധിക്കാൻ തുടങ്ങി.

“മാഡം, കോളേജിലേയ്ക്ക് വരൂ… അപ്പോൾ ഈ മാനസികാവസ്‌ഥ കുറെയൊക്കെ മാറും.”

അരുണിന്‍റെ ഏതാനും ദിവസത്തെ നിർബന്ധത്തിനൊടുവിൽ ഞാൻ കോളേജിലേയ്ക്കു പുറപ്പെട്ടു. വിദ്യാർത്ഥി – വിദ്യാർത്ഥിനികൾ സഹതാപപൂർവ്വം എന്നോടു പെരുമാറി.

അവർ ചോദ്യങ്ങൾ ചോദിച്ച് കുച്ചി നോവിയ്ക്കാതെ എനിക്ക് പരിപൂർണ്ണ പിന്തുണ നൽകി. എന്നെ സന്തോഷിപ്പിക്കാനുള്ള വഴികൾ തേടി. അരുൺ പലപ്പോഴും ഒരു മകനെപ്പോലെ ഫ്ളാറ്റിൽ വന്ന് കിടന്നു.

കാലം അതിന്‍റെ വികൃതികൾ തുടർന്നപ്പോൾ, എഴുതിത്തീരാത്ത പുസ്തകമായി എന്‍റെ ജീവിതം പരിണമിച്ചു. നരേട്ടൻ എന്നെ വിട്ടകന്നപ്പോൾ ജീവിതത്തിന്‍റെ ആ ഏട് വീണ്ടും അപൂർണ്ണതയിൽ തുടർന്നു. അപൂർണ്ണതയുടെ ആ ഏടുകൾ ആരോ കുത്തി വരച്ചിട്ടതു പോലെ അതു പൂർത്തിയാക്കാനോ വലിച്ചു കീറാനോ ആവാതെ ഞാൻ നിന്നു.

ഒറ്റയടിപ്പാതയിലൂടെ തനിയെ ദീർഘയാത്ര തുടരുമ്പോൾ ഡൽഹിയിലെ ആ യൂണിവേഴ്സിറ്റി എനിക്കഭയമായി തീർന്നു. മീരാ നാരായണൻ എന്ന പ്രൊഫസർ പുസ്തകങ്ങൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ സ്വജീവിതം തളച്ചിട്ടു.

എന്നിട്ടും വീട്ടിലെത്തുമ്പോൾ ഒറ്റപ്പെടലിന്‍റെ വേദന വല്ലാതെ അലട്ടി. ഏകാന്ത പഥികയെപ്പോലെയുള്ള ജീവിതം നരേട്ടൻ പറഞ്ഞതു പോലെ എനിക്ക് വല്ലാതെ ബോറടിച്ചു തുടങ്ങി. ടുട്ടുമോനേയും കൃഷ്ണമോളെയും ദേവാനന്ദിനെയും കാണണമെന്ന് തോന്നി. കൃഷ്ണമോളെ ഫോണിൽ വിളിച്ചു. അപ്പുറത്ത് ഫോൺ റിംഗ് ചെയ്‌തു കൊണ്ടിരുന്നു.

(തുടരും)

നാട്ടിലെ സുന്ദരൻ

മുരളിധരൻ എന്ന ഈ ഞാൻ ഈയിടയായി തീർത്തും ഖിന്നനാണ്. അതിന്‍റെ പ്രധാന കാരണം നല്ലൊരു വിവാഹബന്ധം ഒത്തുവരുന്നില്ല എന്നതാണ്. ഇക്കാലത്തിനിടക്ക് നാട്ടിലും മറുനാട്ടിലുമായി എത്രയോ പെണ്ണുകാണലിനു പോയി. ഇതു വരെ കാണാൻ പോയ പെൺകുട്ടികളുടെ കണക്കെടുത്താൽ തല ചുറ്റും. എന്നാൽ ഒന്നും തന്നെ വിവാഹമെന്ന മംഗളകർമ്മത്തിലേക്കെത്തിയില്ല. വെറുതെ ഒന്നു വീടിനു പുറത്തിറങ്ങിയാൽ മതി സൗന്ദര്യവും കുലീനതയുമുള്ള എത്രയോ പെൺകുട്ടികളെ കാണാറുണ്ട്. എന്നാൽ ഒന്നു പെണ്ണുകാണാൻ പോയാലോ! നിരാശ മാത്രമായിരിക്കും ഫലം.

എന്തു കൊണ്ടു തനിക്കിങ്ങനെ സംഭവിക്കുന്നു എന്ന് മാത്രം പിടി കിട്ടുന്നില്ല. എന്തിനേറെ പറയുന്നു മനസ്സിനു മടുപ്പും നിരാശയും ബാധിച്ചു തുടങ്ങി. ചിലപ്പോൾ ചിന്തിക്കാറുണ്ട് തനിക്ക് ഒരു പെണ്ണു കിട്ടാതിരിക്കാൻ മാത്രം എന്താണ് ഒരു കുറവെന്ന്? ഞാൻ സൽസ്വഭാവിയും നല്ല തറവാട്ടു കാരനുമാണ്. നല്ല സാമ്പത്തിക ശേഷിയുണ്ട്. ഏറെക്കാലം അധ്യാപികയായി, പിന്നീട് പ്രിൻസിപ്പാളായി വിരമിച്ച ഭവാനി ടീച്ചറുടെ ഏകമകൻ എഞ്ചിനീയർ മുരളി തികഞ്ഞ മര്യാദക്കാരനാണെന്ന് നാട്ടുകാർ അംഗീകരിച്ചതാണ്.

നാട്ടിലെ അറിയപ്പെടുന്ന എഞ്ചിനീയറാണ് ഞാൻ. സമയബന്ധിതമായി വൃത്തിയായി സിവിൽ ജോലികൾ ചെയ്തു കൊടുക്കും. ആർക്കും ഇന്നുവരെ ഒരു പരാതി പറയാൻ ഇട നല്കിയിട്ടില്ല. നാട്ടുകാരുടെ പ്രശ്നങ്ങളിലിടപെടാനും പരിഹാരം കാണുവാനും മുന്നിൽ തന്നെ കാണും. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. നാട്ടിൽ ജനങ്ങൾക്ക് ഉപകാരമായ എത്രയോ പരിപാടികൾ ഞാൻ മുൻകൈ എടുത്തു നടത്തിയിട്ടുണ്ട്.

പിന്നെ വ്യക്തിപരമായി പറയുകയാണെങ്കിൽ സിഗററ്റ് ,മദ്യപാനം തുടങ്ങിയ യാതൊരു വിധ ദുശ്ശീലങ്ങളൊന്നുമില്ല. നല്ല തൂവെള്ള നിറമുണ്ട്. സിനിമാ താരത്തിന്‍റെ ഒരു ഗരിമയും ഗാംഭീര്യവും ഉണ്ട്. സിനിമയിൽ ഒന്ന് ഭാഗ്യം പരീക്ഷിക്കരുതോ? എന്ന് നമ്മുടെ സുഹൃത്തുക്കൾ പറയുന്നത് ചിരിച്ചു കൊണ്ട് ആസ്വദിക്കാറുണ്ട്. എനിക്കും ഒന്നു ശ്രമിച്ചാലെന്തെന്ന് തോന്നാറുമുണ്ട്. പിന്നെ എവിടെയാണ് കുഴപ്പം?

ജാതകത്തിന്‍റെ പ്രശ്നങ്ങളൊന്നുമില്ല. എല്ലാ ഗ്രഹങ്ങളും സർവ്വ ഐശ്വര്യങ്ങളും നല്കിക്കൊണ്ട്, യാതൊരു ദോഷവും കാണിക്കാതെ തനിക്കനുകൂലമായിത്തന്നെ നിൽപ്പുണ്ട് പണ്ട് ഒപ്പം പഠിച്ചവർ മിക്കവരും വിവാഹം കഴിച്ച് സ്വസ്ഥമായ കുടുംബ ജീവിതം നയിക്കുന്നു. പഠന കാലത്തെ കാമ്പസ് ഹീറോയും പെൺകുട്ടികളുടെ കണ്ണിലുണ്ണിയുമായിരുന്ന താൻ ഇപ്പോഴും ഒരു കുടുംബ ജീവിതമാകാതെ നടക്കുന്നു.

ഇടക്ക് ചിന്തിക്കാറുണ്ട്. പഠിക്കുന്ന കാലത്ത് എന്തുമാത്രം സുന്ദരികൾ കാമ്പസിലുണ്ടായിരുന്നു. അവരുടെ പ്രണയം വഴിഞ്ഞൊഴുകുന്ന മിഴിമുനകൾ എത്രയോ തവണ തന്നെത്തേടി വന്നിരുന്നു! എന്തുകൊണ്ടോ അത്തരം മിഴിമുനകളുടെ മുനയൊടിക്കുകയാണ് താൻ ചെയ്തത്. താൻ വലിയ ആദർശവാനായിരുന്നു.

പ്രേമിച്ച് വിവാഹം കഴിക്കലൊന്നും ശരിയല്ല എന്നായിരുന്നു ധാരണ . നാട്ടുനടപ്പനുസരിച്ച് പെണ്ണുകണ്ട് കുടുംബാഗങ്ങൾക്കൊക്കെ ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുന്നതാണ് നല്ലത് എന്നായിരുന്നു വിവാഹവുമായി ബന്ധപ്പെട്ട അന്നത്തെ ചിന്തകൾ. ചിലപ്പോൾ പ്രണയ വിവാഹം നമുക്കു വേണ്ടപ്പെട്ടവരുടെ മനസ്സു വേദനിപ്പിക്കും എന്നാണ് ചെറുപ്പം മുതലേ മനസ്സിൽ വേരൂന്നിയ മുൻവിധി. അതു കൊണ്ട് പ്രണയ വിവാഹമേ വേണ്ടെന്നു നിശ്ചയിച്ചു. അതു കൊണ്ട് മനസ്സ് പ്രലോഭനങ്ങളിൽ കൈവിട്ട് പോകാതെ നല്ല പോലെ പഠിച്ചു. ഉന്നത വിജയം നേടി. മികച്ച ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിയും നേടി.

അത്യാവശ്യം പ്രവൃത്തി പരിചയം ആയപ്പൊൾ നാട്ടിൽ വന്ന് സ്വന്തം കൺസ്ട്രക്ഷൻ കമ്പനി തുടങ്ങി. ഫ്ലാറ്റുകളുടെയും വില്ലകളുടെയും നിർമ്മാണവുമായി കമ്പനി ഒന്നാന്തരമായി മുന്നോട്ടു പോകുന്നു. കുറെ കുടുംബങ്ങൾക്ക് ആശ്രയമാകുന്നു . പിന്നെ ഒരു കുടുംബ ജീവിതത്തെക്കുറിച്ച് വീട്ടുകാർ സംസാരിച്ചു തുടങ്ങിയപ്പോൾ സമ്മതമറിയിച്ചു. പഴയ കാലത്തെ മിഴിമുനകളുടെ ഓർമ്മയിൽ ഏതൊരു പെൺകുട്ടിക്കും തന്നെ ഇഷ്ടപ്പെടും എന്ന് ചിന്തിച്ചിടത്താണ് തനിക്കു പറ്റിയ പിഴവ് മനസ്സിലായിത്തുടങ്ങിയത്. അണ്ടിയോടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ എന്നത് അക്ഷരാർത്ഥത്തിൽ ജീവിതത്തിൽ നടപ്പാവുകയായിരുന്നു.

ഒരു വിവാഹം നടക്കാതിരിക്കാൻ ഇത്രയേറെ കാരണങ്ങളോ? തനിക്ക് ഇത്രയേറെ കുറവുകളോ? എന്നത് നീരസമല്ല. വിസ്മയത്തോടെയാണ് ചിന്തിക്കുന്നത്. പഴയ കാലത്തെ ധാരണകൾ തെറ്റായിരുന്നെന്ന അഭിപ്രായം ഇപ്പോഴുമില്ല. അതു കൊണ്ടു തന്നെയാണ് ഇപ്പോഴും പെണ്ണുകാണാൻ പോകുന്നതും വീട്ടുകാർക്കിഷ്ടപ്പെട്ട്, നാട്ടുനടപ്പനുസരിച്ചുള്ള ഒരു വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതും. ഇക്കാര്യത്തിൽ ശുഭാപ്തി വിശ്വാസം തന്നെയാണ് മനസ്സിലുള്ളതും.

ഈയടുത്ത് പഴയ കോളേജ് സുഹൃത്തുക്കൾ ഗ്രൂപ്പു തുടങ്ങി. ഓരോരുത്തരുടെയും വിവരങ്ങൾ അറിഞ്ഞു വന്നപ്പോൾ അവിവാഹിതൻ ഞാൻ മാത്രം. നാലക്ഷരം കൂട്ടി വായിക്കാനറിയാത്ത തെങ്ങുകയറ്റക്കാരൻ വിജയന്‍റെ മകൻ കരുമാടി ശശി വിവാഹ ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നു. അവന്‍റെ വിവേകം പോലും തനിക്കില്ലാതെ പോയി എന്നു തോന്നിയ നിമിഷം. അവൻ കോളേജ് അഡ്മിഷൻ ലഭിച്ചതു മുതൽ സമ്പന്നയും ഐശ്വര്യാറായിയുടെ മുഖശ്രീയും റാങ്ക് ഹോൾഡറുമായ സുസ്മിതയുടെ പുറകെ ആയിരുന്നു. ആ കുട്ടിക്ക് വേണ്ടി ഫോട്ടോസ്റ്റാറ്റ് എടുത്തു കൊടുക്കലും തുടങ്ങി അവൾക്കു വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുക മാത്രമായിരുന്നു അവന്‍റെ പരിപാടി.

അവൾക്ക് ബാംഗ്ലൂരിൽ ഇൻഫോസിസിൽ സെലക്ഷൻ കിട്ടിപ്പോയപ്പോൾ എണ്ണിയാൽ തീരാത്ത ബാക്ക് പേപ്പറുകളുള്ള പഠനമുപേക്ഷിച്ച് ശശിയും ബാംഗ്ലൂരിലേക്ക് വണ്ടി കയറി. തുടർന്ന് അവൾക്കായി വീട്ടുകാർ കൊണ്ടുവന്ന യു.എസ്, യു.കെ വിവാഹാലോചനകൾ സുസ്മിതയുടെ എതിർപ്പുമൂലം അലസിപ്പോയി. അങ്ങിനെ കാലം നീങ്ങവെ പെട്ടെന്നൊരു നാൾ അവളുടെ വീട്ടുകാർ ശശിയുടെയും സുസ്മിതയുടേയും വിവാഹം നടത്തിക്കൊടുത്തു. അവളുടെ വീട്ടുകാർ ഇപ്പോഴും പറയുക രണ്ടു പേരും ഇൻഫോസിസിൽ ജോലി ചെയ്യുന്നു എന്നാണ്.

സുസ്മിതയുടെ ശുപാർശയിൽ കരുമാടിക്ക് ഇൻഫോസിസിൽ ഒരു ഡ്രൈവർ ജോലി തരപ്പെടുത്തിയിരുന്നു. രണ്ടു പേരും ബാംഗ്ലൂരിൽ അടിച്ചു പൊളിച്ച് ജീവിതം നയിക്കുന്നു. അവരുടെ വിവാഹ ഫോട്ടോക്കു താഴെ made for each other എന്ന് ആശംസിച്ച കഥാകാരി ദീപക്ക് നല്ല നമസ്കാരം. എന്തുകൊണ്ടൊ ഞാൻ ആ ഗ്രൂപ്പിൽ നിന്നും ഒഴിവായി… ഗ്രൂപ്പ് ലീഡർ ദീപ വിളിച്ചു. ഞാൻ പറഞ്ഞു ജോലിത്തിരക്ക് ഒരുപാടുണ്ട്, നമ്മളുമായി ബന്ധപ്പെട്ട മെസേജുകൾക്ക് നേരെ മറുപടി കൊടുക്കാൻ കഴിയുന്നില്ല… അങ്ങിനെ ഓരോന്നു പറഞ്ഞ് ഒഴിവായി…..

പൂമുഖത്ത് അങ്ങിനെ ഓരോന്നു ചിന്തിച്ച് ഇരുന്നതായിരുന്നു. അമ്മ മുൻപിൽ വന്നു നിന്നത് കണ്ടില്ല. കയ്യിൽ ഒരു ഫോട്ടോയും ഉണ്ട്. കാര്യം ഗ്രഹിച്ച ഞാൻ പെട്ടെന്നു പറഞ്ഞു.

അമ്മേ എനിക്കിനി കല്യാണം വേണ്ട. ഇനിയീ നാട്ടിൽ എനിക്ക് പെണ്ണുകാണാനായി ആരും തന്നെ ബാക്കിയില്ല.

അമ്മ വിഷമത്തോടെ പറഞ്ഞു.

ഇനി ഞാൻ ഒരാലോചനയും കൊണ്ടു വരില്ല. ഇതു മാത്രം നീ ഒന്നു പോയിക്കാണണം. നല്ല കുട്ടിയാണ് കഴിഞ്ഞാഴ്ച ഞാൻ അമ്പലത്തിൽ നിന്നൊന്നു കണ്ടു. നല്ല മുഖശ്രീ. ഇന്നത്തെ കാലത്ത് പോലൊരു കുട്ടിയെ കാണാൻ കിട്ടില്ല.

കഴിഞ്ഞ പെണ്ണുകാണലിനും ഏതാണ്ടിതു പോലെയാണ് അമ്മ പറഞ്ഞതെന്ന് ഞാൻ ഓർത്തു. ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന ഒരു പെണ്ണുകാണലായിരുന്നു അത്. അതി സുന്ദരിയായ ഒരു കുട്ടി. ഇലക്ടിസിറ്റിബോർഡിൽ അസിസ്റ്റന്‍റ് എഞ്ചിനീയർ. പത്തിൽ പത്തു പൊരുത്തം ഇത്തരത്തിൽ വിശേഷപ്പെട്ട ഒരു ചേർച്ച അപൂർവ്വമായേ ലഭിക്കൂ എന്ന് പണിക്കരു ചേട്ടൻ പറഞ്ഞപ്പോൾ എല്ലാവർക്കും വലിയ സന്തോഷമായി. കുടുംബപരമായും എല്ലാത്തരത്തിലും യോജിച്ച നല്ല ഒരു ബന്ധം. തനിക്കും വലിയ ഉത്സാഹമായി…

മുൻ കാല ചില അനുഭവങ്ങൾ കൊണ്ട് ജാതകവും മറ്റെല്ലാ കാര്യങ്ങളും യോജിക്കുമെന്ന് ഉറപ്പു വരുത്തിയിട്ടേ പെണ്ണുകാണാൻ വരുന്ന ദിവസം ആ കുട്ടിയുടെ വീട്ടുകാരെ അറിയിച്ചുള്ളൂ. എന്തുകൊണ്ടോ ഇതു നടക്കും എന്നുള്ള ഒരു വിശ്വാസമായിരുന്നു മനസ്സിൽ. പുലർകാലത്ത് അമ്പലത്തിൽ പോയി ഇഷ്ട ദൈവത്തെ പ്രാർത്ഥിച്ചു. വഴിപാടുകളൊക്കെ കഴിച്ചു.പിന്നെ നമ്മുടെ സ്ഥിരം അകളെ കൂട്ടി പുറപ്പെട്ടു.

ആ കുട്ടിയുടെ വീട്ടുകാർ നിറഞ്ഞ മനസ്സോടെത്തന്നെ സ്വീകരിച്ചു. നല്ല പോലെ സംസാരിക്കുന്ന സഹൃദയനായ അച്ഛൻ. അദ്ദേഹത്തിന്‍റെ വാതോരാ സംസാരത്തിനിടക്ക് എപ്പോഴോ കുട്ടിയോട് വരാൻ പറഞ്ഞു. അപ്പോൾ വാതിൽ വലിയ ശബ്ദത്തിൽ അടക്കുകയും തുറക്കുകയും ചെയ്യുന്ന ശബ്ദങ്ങൾ കേട്ടു. പിന്നെ അടക്കിപ്പിടിച്ച സംസാരങ്ങളും. അത് അസ്വഭാവികമായി തോന്നിയെങ്കിലും ഞാനത് ഗൗനിച്ചില്ല.

അല്പസമയത്തിനുള്ളിൽ കുട്ടി വന്നു. ചായ തന്നു. കുട്ടിയെ നോക്കി. നിഷ്കളങ്കമായ, അരുമയുള്ള മുഖം. വല്ലാതെ ഇഷ്ടം തോന്നി. പക്ഷേ ഒറ്റനോട്ടത്തിൽത്തന്നെ ഒരു പെണ്ണുകാണലിനായുള്ള ഒരുക്കങ്ങളൊന്നും ആ കുട്ടി ചെയ്തിട്ടില്ലെന്ന് വ്യക്തമായി. ഉലഞ്ഞ വേഷവും വെറുതെ വാരിക്കെട്ടിയ മുടിയും. ഒരു പൊട്ടു പോലും ഇല്ല. കരഞ്ഞു കലങ്ങിയ പോലുള്ള മുഖഭാവവും. മുഖത്തൊന്നു നോക്കുക പോലും ചെയ്യാതെ അവൾ വേഗം അകത്തേക്കു പൊയ്ക്കളഞ്ഞു.

പൊതുവെ അന്തരീക്ഷം മൂകമായി. കുട്ടിക്ക് പെയിന്‍റിംഗിനോടുള്ള താത്പര്യവും ഒരു എക്സിബിഷൻ നടത്തിയ കഥയൊക്കെ പറഞ്ഞ് രംഗം കൊഴുപ്പിച്ച് ആഹ്ളാദകരമാക്കാൻ അവളുടെ അച്ഛൻ ശ്രമിച്ചു കൊണ്ടിരുന്നു. ഞങ്ങൾ എല്ലാം കേട്ടിരുന്നു. ഒടുവിൽ അവരോട് യാത്ര പറഞ്ഞ് വിവരം അറിയിക്കാമെന്ന് പറഞ്ഞ് ഞങ്ങൾ പുറത്തിറങ്ങി.അതിനു ശേഷം ഒരാഴ്ച കഴിഞ്ഞ് ആ കുട്ടിയുടെ വിവാഹം പള്ളിയിലും അമ്പലത്തിലുമായി നടന്നു.

വരൻ -പെണ്ണുങ്ങളെ പോലെ മുടി നീട്ടിവളർത്തി നടക്കുന്ന, പുക ചുറ്റിയ കണ്ണുകളുള്ള ആർട്ടിസ്റ്റ് തോമസുകുട്ടി. അപ്പോൾ അവരൊരു അവസാന ശ്രമം നടത്തി നോക്കിയതാണ്. അറിഞ്ഞു കൊണ്ടാണ് ഇങ്ങിനെയൊരു നാടകം. അതിന് കരുവാക്കപ്പെട്ടത് താനും. ശരി, പലർക്കും കരുവാക്കപ്പെടാൻ വേണ്ടി മാത്രം ഈയൊരു ജൻമം…

ബീച്ചിലെ പഞ്ചസാര പോലത്തെ വെള്ളമണലിൽ മലർന്നു കിടക്കുമ്പോൾ ആകാശത്ത് വലിയ പഞ്ഞിക്കെട്ടു പോലെ മേഘങ്ങൾ പറന്നലയുന്നത് കണ്ടു. ഒപ്പം കൂട്ടം തെറ്റിയ ഒരു കിളിയുടെ കാറിക്കരച്ചിലും… അല്ലെങ്കിൽത്തന്നെ ഇത്രക്ക് വിഷമിക്കുന്നതെന്തിനാണ്. സർവ്വേശ്വരൻ എല്ലാ സൗഭാഗ്യങ്ങളും തനിക്ക് അകമഴിഞ്ഞ് തന്നിട്ടുണ്ട്.

വിവാഹം കഴിക്കാതെത്തന്നെ എത്രയോ ആളുകൾ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്. തനിക്കും അതുപോലെയായിക്കൂടെ? ഈയടുത്ത് ഒരു സിനിമ കണ്ടതോർക്കുന്നു. ഒരമ്മയും മധ്യവയസ്സിനോടടുത്ത് പ്രായമായ മകനും. പിന്നീട് ഒരു പയ്യൻ മകനാണെന്ന് പറഞ്ഞ് വരുന്ന സിനിമ. ആ ഒരു ഭാഗം ഒഴിവാക്കിയാൽ എന്തു മനോഹരമായ ജീവിതം! പക്ഷേ സമൂഹം ഒരു അവിവാഹിതനെ ഉൾക്കൊളളാൻ പൊതുവെ മടിക്കും.

പിന്നെ വിവാഹം കഴിക്കാതിരുന്നാൽ നേരിടേണ്ടി വരുന്ന പല പല പ്രശ്നങ്ങൾ ചിന്തയിലുയർന്നു വന്നു. ശരി. ഇനി ഒരു പ്രാവശ്യം കൂടി. ഒരവസാന ശ്രമം. അമ്മ ഇന്നൊരു കുട്ടിയുടെ കാര്യം പറഞ്ഞിരുന്നല്ലോ? താൻ വിസമ്മതം അറിയിച്ചിരുന്നതാണ്. അമ്മ അതൊന്നും സാരമാക്കില്ല. അങ്ങിനെയെങ്കിൽ നാളെത്തന്നെ പോകണ്ടതായി വരും. ഇതൊന്നു കൂടെ. ഇനി ഒരു പെണ്ണുകാണലിനില്ല. തീർച്ച…..

വേണ്ടപ്പെട്ടവരൊടൊപ്പം പുതുതായി വാങ്ങിയ കാറിൽ പോകുമ്പോൾ അറിയാവുന്ന ദൈവങ്ങളെ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അങ്ങിനെ പുതുതായി ടാറിട്ട വഴിയിലൂടെ പുത്തൻ കാറിലിലെ സുഖകരമായ സവാരിക്കൊടുവിൽ പെൺകുട്ടിയുടെ വീട്ടിലെത്തി. തൊണ്ണൂറുകളിലെ സിനിമകളെ ഓർമ്മിപ്പിക്കുന്ന പച്ച പിടിച്ച പറമ്പുകൾക്കു നടുവിലെ ഒരു ഓട്ടു വീട്.

വീട്ടിലേക്കുള്ള നടപ്പാതക്കിരുവശവും തെങ്ങും കവുങ്ങും പച്ച തഴച്ച മരങ്ങളും സമൃദ്ധമായുണ്ട്. തുളസിത്തറയും കറുപ്പു മെഴുകിയ തിണ്ണയും ദൂരെ നിന്നു തന്നെ കാണാം. രണ്ടു കാരണവൻമാർ തങ്ങളെ പ്രതീക്ഷിച്ച് അക്ഷമരായി മുറ്റത്ത് ഉലാത്തുന്നു. പടി കടന്ന് വീട്ടിൽ പ്രവേശിച്ചതും എങ്ങോ പെയ്‌ത മഴയുടെ തണവുപേറിയ തണുത്ത കാറ്റ് വീശി. യാത്രയുടെ ക്ഷീണം എങ്ങൊ പൊയ്മറഞ്ഞു.

കാരണവൻമാർ പരസ്പരം പരിചയപ്പെടുത്തിക്കൊണ്ട് ധൃതിയിൽ സംസാരമാരംഭിച്ചു. ഒരാൾ കുട്ടിയുടെ അമ്മയുടെ അച്ഛനാണ് അടുത്തയാൾ അമ്മാവനും. ആ വീടിരിക്കുന്ന പറമ്പിലുള്ള, അറ്റ വേനൽക്കാലത്തുപോലും വറ്റാത്ത കിണറിനെപ്പറ്റി കാരണവരു കഥ പറഞ്ഞു. അതിന്‍റെ മറ്റൊരു പുതുമ കിണറ്റിനടിയിൽ നെല്ലിപ്പടി പാകിയിട്ടുണ്ടത്ര? ആ വെള്ളത്തിന്‍റെ മാധുര്യവും കുളിർമ്മയും കുടിച്ചു തന്നെ അറിയണം പോലും. ഓഹോ അപ്പോൾ അതാണ് നെല്ലിപ്പടി.

നെല്ലിപ്പടി ഞാനെത്ര കണ്ടിരിക്കുന്നു! കിണറിന്‍റെ അഗാധതയിലുള്ളതല്ല, ക്ഷമയുടെ! ആ കാരണവർ പറഞ്ഞത് ശരിയാണ്. പ്രത്യേക രുചിയുള്ള വെള്ളം. പൊതുവെ നല്ല അന്തരീക്ഷം. ഈശ്വരാ കാണാൻ ഭേദപ്പെട്ട കുട്ടിയാവണം, ഒപ്പം നടക്കുമ്പോൾ ചേർച്ചക്കുറവ് തോന്നരുത്. പിന്നെ വിദ്യഭ്യാസം വേണം. മറ്റൊന്നും തന്നെ വിഷയമല്ല.

അമ്മയുടെ കൈയ്യിൽ ഫോട്ടോയുണ്ട്. പക്ഷേ നീരസപ്പെട്ട് അതൊന്നു നോക്കിയിരുന്നില്ല. പാദസരത്തിന്‍റെ കിലുക്കം അടുത്തു വരുന്നു. കുട്ടി വന്നു. വല്ലാത്തൊരു നാണം പോലെ. നേരെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ശർക്കര അട, ശർക്കരയുപ്പേരി, വറുത്ത കായ… നാടൻ പലഹാരങ്ങൾ രുചിച്ച കൊണ്ടിരുന്നപ്പോഴാണ് കുട്ടിയോട് സംസാരിക്കേണ്ടതായ വിഷയം കാരണവരിലൊരാൾ എടുത്തിട്ടത്.

സന്തോഷം. ആ കാരണവർക്ക് മനസ്സിൽ ആയുരാരോഗ്യം നേർന്നു കൊണ്ട്, തന്നെ ചൂഴ്ന്നു നോക്കുന്ന കണ്ണുകൾക്കിടയിലൂടെ അകത്തളത്തേക്കു നടന്നു. പഴമയുടെ സുഖകരമായ ഗന്ധം പേറുന്ന മരത്തിന്‍റെ പലകതട്ട് തണുപ്പു പകരുന്ന മുറിയിൽ ജനലിനോട് ചേർന്ന് പെൺകുട്ടി നിൽപ്പുണ്ട്.

ഇളം കറുപ്പ് നിറം. കാച്ചെണ്ണ തേച്ച സമൃദ്ധമായ മുടി, അതിൽ തുളസിക്കതിര്, നെറ്റിയിൽ നേർത്ത ചന്ദനക്കുറി. അപാര സൗന്ദര്യമെന്നൊന്നും പറയാനാകില്ല എങ്കിലും നല്ല മുഖശ്രീ. പഴയ കാല ബ്ലാക്ക് & വൈറ്റ് സിനിമയിലെ നായികയുടെ ഒരു ഛായ. നസീറിനെ അടുത്തു കണ്ട ജയഭാരതിയുടെ ഒരു ശരീര ഭാഷ. ആ ഒരു പരിഭ്രമം.

പേരൊക്കെ ചോദിച്ചു. നാണവും പേടിയും കലർന്ന മറുപടി. പിന്നെ പേടിയൊക്കെ കുറെശെ മാറി. വലിയ കുഴപ്പൊന്നുമില്ല. ആലോചിക്കാവുന്നതാണ്. ഇനി ഇതും ഒഴിവായിപ്പോയാൽ പിന്നെ ചിന്തിക്കാൻ വയ്യ. ഫോൺ നമ്പർ ഒന്നു വാങ്ങണം. നിഷ്കളങ്കതയോടെ പറഞ്ഞു

“എന്‍റെ ചേച്ചി സ്റ്റേസ്റ്റിലാ’ണ്.കുട്ടിയുടെ ഫോട്ടോ ചേച്ചിക്ക് കണ്ടാൽ കൊള്ളാമെന്നുണ്ട്. വാട്ട്സപ്പിൽ ഒന്ന് അയച്ചുതരുമോ?”

ഞാൻ എന്‍റെ വാട്ട്സപ്പ് നമ്പർ പറഞ്ഞു കൊടുത്തു. അവൾ ആകെ സംശയത്തിലായി. ഞാൻ അപ്പോൾ ഒന്നുകൂടെ വിശദീകരിച്ചു “അല്ല ഫോട്ടോ വാട്ട്സപ്പിൽ അയച്ചാൽ ഇപ്പോൾത്തന്നെ ചേച്ചിക്ക് ഫോർവേഡ് ചെയ്യാമല്ലോ” അവളുടെ സംശയം മാറിയില്ല… അവൾ നിഷ്കളങ്കയായി മെല്ലെ പറഞ്ഞു

“അതെനിക്കറിയില്ല അത്”

ഇപ്പോൾ എനിക്കായി സംശയം. അല്പനേരത്തിനു ശേഷം എന്‍റെ സംശയം മാറി. അവൾക്ക് വാട്ട്സപ്പ് എന്ന സംഭവത്തെക്കുറിച്ച് യാതൊന്നും അറിയില്ല. എന്‍റെ മനസ്സിൽ കനത്ത നിരാശ പടർന്നു. ഇക്കാലത്ത് ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്കു പോലും അറിയുന്ന വാട്ട്സപ്പ്. ഇതറിയാത്ത ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഇരുപത്തഞ്ചു വയസ്സുള്ള ഈ പെൺകുട്ടിക്ക് അറിയില്ല പോലും. ഈ കുട്ടി സ്കൂളിൽ പോലും പോയിക്കാണില്ല എന്നു വേണം കരുതാൻ. പിന്നെ ഒന്നും പറഞ്ഞില്ല.

വിളറിയ ചിരിയോടെ അവളോട് യാത്ര പറഞ്ഞ് എഴുന്നേറ്റു. എന്‍റെ മുഖഭാവം കണ്ട് എന്‍റെ കൂടെ വന്നവരും തെല്ലിട കഴിഞ്ഞ് ചർച്ച മതിയാക്കി എഴുന്നേറ്റു. പുറത്തിറങ്ങി കാറിൽ കയറി. വന്നവരെയെല്ലാം അവരവരുടെ വീട്ടിൽ കൊണ്ടാക്കി. അരോടും ഒരക്ഷരം മിണ്ടാതെ കാറുമെടുത്ത് ഒരു ലക്ഷ്യവുമില്ലാതെ ഡ്രൈവ് ചെയ്തു. ഒന്നും പറയാനില്ല. യാതൊരു വിവരമോ വിദ്യഭ്യാസമോ ഇല്ലാത്ത ഒരുവളുടെ കൂടെ എങ്ങിനെ ജീവിതം മുന്നോട്ടു കൊണ്ടു പോകും.

ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ചേച്ചിയുടെ കുട്ടി അല്പസമയം മുന്നേ തന്നെ വീഡിയോ കാൾ ചെയ്തതേ ഉള്ളു. ഇത്രക്ക് വിവരദോഷികളായ പെൺകുട്ടികൾ ഇക്കാലത്ത് കാണുമോ? എന്തിനേറെ പറയുന്നു താൻ കണ്ടു കഴിഞ്ഞല്ലോ! അമ്മ തന്നിൽ നിന്ന് കുട്ടിയെക്കുറിച്ചുള്ള പലതും ഒളിച്ചു വച്ചു. അമ്മയെ കുറ്റം പറയാനാകില്ല. എങ്കിലും.

കാർ ബീച്ച് റോഡിലേക്ക് ഒഴുകി നീങ്ങി. കാറിനകത്തെ ശീതളിമയിൽ ഇരുന്നിട്ടും വിയർപ്പിന്‍റെ ചാലുകൾ നെറ്റിത്തടത്തിൽ നിന്നും കിനിഞ്ഞിറങ്ങി. കാറിന്‍റെ ഗ്ലാസ്സ് തുറന്നു. ഉപ്പു മണത്തിന്‍റെ ചുവയുള്ള കാറ്റ് കാറിലേക്ക് തിരതല്ലി. അപ്പോഴാണ് വഴിയിൽ ഒരാൾ കാറിന് കൈകാണിച്ചത്. ഒറ്റ നോട്ടത്തിൽ ആളെ മനസ്സിലായി. പുക ചുറ്റിയ ആ കണ്ണുകൾ.. ആർട്ടിസ്റ്റ് തോമസ് കുട്ടി. അടുത്തു തന്നെ അയാളുടെ ജാംബവാന്‍റെ കാലത്തെ ബുള്ളറ്റുമുണ്ട്.

കാറിന്‍റെ ആക്സിലേറ്റർ അമർത്തിച്ചവിട്ടാനായിരുന്നു തോന്നിയത്. പിന്നെ വേണ്ടെന്നു വച്ചു വണ്ടി നിർത്തി. ആർട്ടിസ്റ്റിനെ നേരിട്ടു പരിചയമില്ല. പലയിടത്തായി കണ്ടിട്ടുണ്ട് എന്നുമാത്രം. ആർട്ടിസ്റ്റാകട്ടെ ചിരപരിചിതനെ പോലെ മുരളിയേട്ടൻ എന്നൊക്കെ പറഞ്ഞ് കാറിൽ കയറിയിരുന്നു. അദ്ദേഹത്തിന്‍റെ ബുള്ളറ്റിന് ഒരു സ്റ്റാർട്ടിങ്ങ് പ്രോബ്ളം. കുറെ സമയമായി പുള്ളി ബുള്ളറ്റിൽ പണിയെടുക്കുന്നു. പലരേയും വിളിച്ചു. ഒടുവിൽ സഹികെട്ട് സർവ്വീസുകാരെ നേരിട്ട് കാണാൻ പോകാൻ ഒരുങ്ങുമ്പോഴാണ് തന്‍റെ കാറു കണ്ടത്. വിവരം അറിഞ്ഞ ഞാൻ എന്‍റെ പരിചയത്തിലുള്ള ബുള്ളറ്റ് മെക്കാനിക്കിനെ വിളിച്ച് ആർട്ടിസ്റ്റിന്‍റെ വിഷമാവസ്ഥ പരിഹരിച്ചു കൊടുത്തു. പണി തീർത്ത ശേഷം ബുള്ളറ്റ് അയാളുടെ വീട്ടിലെത്തിക്കാനുള്ള ഏർപ്പാട് ചെയ്തു. അല്ലെങ്കിലും ആരുടെയെങ്കിലും പ്രയാസം കാണുന്നത് എനിക്കിഷ്ടമല്ല ആർട്ടിസ്റ്റിന് വലിയ സന്തോഷമായി. പുള്ളി സ്വല്പം മദ്യപിച്ചിട്ടുണ്ടെന്നെനിക്ക് തോന്നി.

ഞാൻ പെട്ടെന്ന് പറഞ്ഞു. നല്ല മൂഡ് അല്പം മദ്യപിച്ചാലോ?

ജീവിതത്തിൽ ആദ്യമായുള്ള ഒരു തോന്നൽ, ഒരാഗ്രഹം… ആർട്ടിസ്റ്റിന് പെരുത്ത സന്തോഷം… തല പലയാവർത്തി കുലുക്കി ഒപ്പം അത്ഭുതത്തോടെ അയാളെന്നെ നോക്കിക്കൊണ്ടിരുന്നു. അങ്ങിനെ അയാൾ പറഞ്ഞ വഴികളിലൂടെ കാർ മുന്നോട്ടു നീങ്ങി. ആ വഴികളിൽ ചിരപരിചിതനാണ് ആർട്ടിസ്റ്റ്. കണ്ണുകെട്ടി വിട്ടാൽ പോലും അയാൾ അണുവിട തെറ്റാതെ സ്ഥലത്തെത്തിയിരിക്കും എന്നു തോന്നി……

അരണ്ട വെളിച്ചത്തിൽ ആദ്യത്തെ മധുപാത്രം മെല്ലെ കുടിച്ചു തീർത്തപ്പോൾ ആദ്യമായാണ് കഴിക്കുന്നതെന്ന ഫീലിങ്ങ് തോന്നിയില്ല. ആദ്യത്തെ ഗ്ലാസ്സോടെ ആർട്ടിസ്റ്റ് പെട്ടെന്ന് ഉഷാറായി. ഓരോ കഥകൾ പൊലിപ്പിച്ച് പറയാനാരംഭിച്ചു. കുഴഞ്ഞ നാക്കിലൂടെ കഥകൾ ഉതിർന്നു വീണു കൊണ്ടിരുന്നു.

വിവാഹശേഷം കലാരംഗത്ത് തനിക്ക് സ്വാതന്ത്ര്യവും സപ്പോർട്ടും കൈവന്നുവെന്ന് പറഞ്ഞു. മുൻപ് വീട്ടുകാരിൽ കലാപ്രവർത്തനമൊക്കെ അവസാനിപ്പിച്ച് മറ്റെന്തെങ്കിലും ജോലിക്ക് പോകണമെന്ന സമ്മർദ്ദം വളരെയുണ്ടായിരുന്നെന്ന് അയാൾ ഓർത്തു . ഒരു വേള വീട്ടിൽ നിന്നും ഇറങ്ങി പോരേണ്ട അവസ്ഥ പോലും ഉണ്ടായിയത്രേ. എല്ലാ പ്രശ്നങ്ങളും അവസാനിച്ചത് വിവാഹത്തോടെയെന്നയാൾ തീർത്തുപറഞ്ഞു.

അപ്പോഴാണ് അമ്മയുടെ ഫോൺ. ഒന്നും പറയാതെ എങ്ങോട്ടു പോയതെന്ന് പറഞ്ഞ് പരിഭവം. പിന്നെ പെണ്ണുകാണാൻ പോയ വീട്ടുകാർക്ക് തന്നെ വലിയ താത്പര്യമായത്ര… നമ്മുടെ തീരുമാനം അറിയിച്ചാൽ ഈ മാസം തന്നെ കല്യാണത്തിന് തയ്യാറെന്ന്. ഒന്നും മിണ്ടിയില്ല. ഫോൺ കട്ടു ചെയ്തു… അടുത്ത നിമിഷം ചേച്ചിയുടെ കുട്ടിയുടെ വാട്ട്സ് അപ്പ് വീഡിയോ കോൾ. അതും കട്ടു ചെയ്ത് ഫോൺ ഓഫ് ചെയ്തു……

ആർട്ടിസ്റ്റിനേയും കൂട്ടി ബാറിൽ നിന്നിറങ്ങുമ്പോൾ ചുമപ്പു നിറം പോയ സന്ധ്യ കറുക്കാൻ തുടങ്ങിയിരുന്നു. കാറിലിരിക്കുമ്പോൾ ചൂളം കുത്തുന്ന തണുത്ത കാറ്റ് വീശി. ആർട്ടിസ്റ്റ് പറഞ്ഞു

മുരളിയേട്ടനറിയുമോ ഞാൻ ഭാഗ്യവാനാണ്. ഭാര്യക്കെന്നോട് വലിയ സ്നേഹമാണ്. ഇപ്പൊ നോക്കിക്കോ ആഹാരം കഴിക്കാതെ എന്നെക്കാത്ത് ഇരിക്കുന്നുണ്ടാവും… എന്നെ ജീവനാണവൾക്ക്

ആർട്ടിസ്റ്റ് അതും പറഞ്ഞ് വിതുമ്പാൻ തുടങ്ങി. അയാളെ അയാളുടേതായ വൈകാരിക പ്രകടനങ്ങൾക്ക് വിട്ട് ഞാൻ നിശ്ശബ്ദമായി കാറോടിച്ചു. അയാളെ വീട്ടിലെ ഗേറ്റു വരെ കൊണ്ടാക്കി തിരിച്ചുപോരാൻ നേരം ഞാൻ പറഞ്ഞു..

“തോമസ് എനിക്ക് ഒരു വാക്ക് തരണം. ഇനി ഒരിക്കലും മദ്യപിക്കില്ലെന്ന് .

അയാൾ ഒന്നു പകച്ചു. അത്ഭുതത്തോടെ എന്നെ നോക്കി. പിന്നെ പൊടുന്നനെ എന്‍റെ കയ്യിലടിച്ചു എന്നിട്ട് പറഞ്ഞു. സത്യം. ഞാൻ ഈ ശീലം നിർത്തും.. ശീലിച്ചുപോയി… ഇപ്പോൾ കൺട്രോൾ ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വൈഫിന് ഇത് തീരെ ഇഷ്ടമില്ല. ഞാനിത് നിർത്തും നൊ ഡൗട്ട്.

അയാൾ നിർത്തി നിർത്തി പറഞ്ഞു. ആശ്വാസത്തോടെ അയാളെ യാത്രയാക്കി

വീട്ടിലേക്ക് കാറോടിക്കുമ്പോൾ മനസ്സ് ശാന്തമായിരുന്നു. കാലുഷ്യവും നീരസവുമെല്ലാം എങ്ങോ പോയ് മറഞ്ഞപോലെ.. അല്ലെങ്കിൽത്തന്നെ വിദ്യഭ്യാസത്തിൽ എന്താണുള്ളത്? മികച്ച വിദ്യഭ്യാസം നേടിയവരെല്ലാം ജീവിത വിജയം നേടുന്നുണ്ടോ? സ്കൂളിന്‍റെ പടി പോലും ചവിട്ടാത്ത ഒരു പാട് പേരെ നേരിട്ടറിയാം. ജീവിത വിജയം നേടുന്നവർ, നേടിക്കൊണ്ടിരിക്കുന്നവർ..

ജീവിത വിജയം നേടുന്നത് അവനവന്‍റെ കഴിവും മിടുക്കും കൊണ്ടു തന്നെയാണ്. വിദ്യഭ്യാസം ജീവിത വിജയത്തിലേക്കുള്ള ഒരു ഘടകം മാത്രമെന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ വാട്സപ്പും ഫേസ് ബുക്കും. ഇന്നത്തെ കാലത്ത് ഇത്തരം സമയം കൊല്ലി സംഭവങ്ങളിൽ അധികം താത്പര്യം കാട്ടാതിരിക്കുന്നതാണ് നല്ലത്. എന്തൊക്കെ മോശമായ വാർത്തകൾ ഇതുമായി ബന്ധപ്പെട്ടു ദിവസവും കേൾക്കുന്നു. ഇത്തരം സാമൂഹ്യ മാധ്യമങ്ങളെക്കുറിച്ച് അറിവില്ല എന്നത് ക്വാളിറ്റി ആയാണ് കാണേണ്ടത്… ശരി. അമ്മയോട് നേരിട്ട് തന്‍റെ ജീവിതത്തിലെ സുപ്രധാനമായ ഒരു തീരുമാനം അറിയിക്കണം. പുതുതായി ടാറിട്ട റോഡിലൂടെ വേഗതയിൽ കാറോടിക്കുമ്പോൾ മനസ്സിൽ ആഹ്ലാദം തിരതല്ലുകയായിരുന്നു…..

എന്‍റെ എല്ലാമെല്ലാമല്ലെ എന്‍റെ ചേലൊത്ത കൺമണിയല്ലെ… കുയിൽ നാദം കേട്ടപ്പോഴാണ് ചെറുമയക്കത്തിൽ നിന്നുണർന്നത്. ഉച്ചക്ക് ആഹാരം കഴിഞ്ഞാൽ ഓഫീസിലെ സുഖശീതളിമയിൽ അല്പനേരം മയങ്ങാറുണ്ട്. ഇന്നെന്തോ ഒരു പാട് മയങ്ങിപ്പോയി. ഫോൺ സൈലന്‍റിൽ ആക്കുവാൻ മറന്നും പോയി. ഭാര്യയുടെ വീഡിയോ കോൾ ആണ്. ഫോൺ എടുത്തു. അവൾ വളരെ സന്തോഷത്തിലാണ്.

കാര്യമെന്തെന്നാൽ അവളുടെ യുടൂബ് ചാനലിന് ഒരു മില്യൺ ഉപഭോക്താക്കൾ ആയി പോലും. നാടൻ പലഹാരങ്ങളും നാടൻ കറികളും ഉൾക്കൊള്ളുന്ന പാചകവിധികളാണ് ‘അമ്മൂസ് കിച്ചൻ’ എന്ന് അറിയപ്പെടുന്ന അവളുടെ ചാനലിനുള്ളത്. നല്ലൊരു തുക വരുമാനവുമുണ്ട്. ലോകമെമ്പാടും ആരാധകരും. ഞാൻ അഭിനന്ദനം അറിയിച്ചു. ഉടനെ അവളുടെ ചോദ്യം

‘ഇന്നത്തെ നാലു മണി ഡിഷ് എന്താണെന്നറിയാമോ? ഇടിയപ്പവും കുമ്പളങ്ങയിട്ട ചിക്കൻ കറിയും പത്തു മിനിറ്റിനുള്ളിൽ ഒക്കെയാവും.

പിന്നെ എനിക്ക് ഓഫീസിൽ ഇരിപ്പുറച്ചില്ല…..

സാഗരസംഗമം ഭാഗം- 16

എങ്കിലും കൃഷ്ണമോളുടെ കൈയ്യിലിരുന്ന ടുട്ടുമോന്‍റെ സമീപമെത്തി അവനു മുത്തം നൽകുമ്പോൾ എന്‍റെ ഹൃദയത്തിലും ഏതോ ഭാരം വന്നു നിറയുന്നതു പോലെ തോന്നി. ഇത്ര ദിവസവും നരേട്ടനെപ്പോലെ രാഹുൽമോന്‍റെ സാമീപ്യം ഞാനും അവനിലൂടെ അറിഞ്ഞിരുന്നു. ഒരു പേരക്കുട്ടിയെന്നതിലുപരിയായി അവൻ ഞങ്ങൾക്കു മകൻ തന്നെയായിരുന്നുവല്ലോ എന്നോർത്തു. ആ ഓർമ്മ ഹൃദയഭാരം ഇരട്ടിപ്പിച്ചു. കണ്ണുകൾ തുളുമ്പാതിരിക്കാൻ നന്നേ പരിശ്രമിക്കേണ്ടി വന്നു. ഒരു പക്ഷെ ഞാനും കൂടി ദുർബ്ബലയായാൽ അത് നരേട്ടനു താങ്ങാനാവുകയില്ലെന്നു തോന്നി. ഇറങ്ങുമ്പോൾ ദേവാനന്ദ് ഞങ്ങളിരുവരുടേയും കാൽതൊട്ട് വന്ദിച്ചു. നരേട്ടൻ ഒരിക്കൽ കൂടി കൃഷ്ണമോളുടെ പക്കൽ നിന്ന് ടുട്ടുമോനെ വാങ്ങി അവനെ മുത്തങ്ങൾക്കൊണ്ടു മൂടി. വേദന കടിച്ചമർത്തി അവനെ തിരികെ ഏല്പിക്കുമ്പോൾ നരേട്ടൻ പൊട്ടിക്കരഞ്ഞേക്കുമെന്നു തോന്നി.

“ഇനി നിങ്ങൾ വരുമ്പോൾ ഈ മുത്തശ്ശനിവിടുണ്ടാകുമെന്ന് തോന്നുന്നില്ല കുഞ്ഞെ… ഒരു നീണ്ട യാത്ര മുത്തശ്ശനു വേണ്ടി വന്നേക്കുമെന്ന് മനസ്സു പറയുന്നു. മടക്കമില്ലാത്ത ഒരു യാത്ര.”

“അരുത് പപ്പാ… ഇത്തരം വാക്കുകൾ ഇനി പപ്പ പറയരുത്. അത് ഞങ്ങളെ എല്ലാവരേയും സങ്കടപ്പെടുത്തും.”

പപ്പായെ ജീവനായ ഒരു മകളുടെ വാക്കുകളായിരുന്നു അവ. അവൾ പപ്പയെ കെട്ടിപ്പിടിച്ചു. ആ കവിളിൽ ഉമ്മ വച്ചു. നരേട്ടനും മോളുടെ നെറ്റിയിൽ ഉമ്മ നൽകിക്കൊണ്ടു പറഞ്ഞു.

“പപ്പ വെറുതെ പറഞ്ഞതാണ് മോളെ… മോൾ അതോർത്ത് വിഷമിക്കണ്ട.”

“ഇനി ഞങ്ങൾ വരുമ്പോൾ പപ്പ സന്തോഷമായിട്ടിരിക്കുന്നതു കാണണം. അതിനു പറ്റിയില്ലെങ്കിൽ ഈ വീടു വിറ്റിട്ടു ഞങ്ങളുടെ അടുത്തേയ്ക്കു പോരണം. പപ്പ സന്തോഷമായിട്ടിരിക്കുന്നതു കാണാനാണ് ആഗ്രഹമെങ്കിൽ മമ്മി അതിനു സമ്മതിക്കും. ഇല്ലേ മമ്മീ…”

അവൾ ഒരിക്കൽ കൂടി അനുനയരൂപത്തിൽ എന്നെ നോക്കി. പക്ഷെ അവളുടെ ആഗ്രഹം നടക്കുകയില്ലെന്ന് എന്‍റെ മനസ്സു പറഞ്ഞു. പപ്പയിലൂടെ അവൾ സാധിച്ചെടുക്കാൻ ശ്രമിക്കുന്ന ഗൂഡ ലക്ഷ്യത്തെക്കുറിച്ച് ഞാൻ ബോധവതിയായിരുന്നു. വീടു വിറ്റു കിട്ടുന്ന പണത്തിൽ കുറെ ഭാഗം അവൾക്ക് സ്ത്രീധനക്കാശായി കൊടുക്കണം. ബാക്കി പണം അവൾക്ക് ധൂർത്തടിയ്ക്കാനും. അങ്ങനെ ഞങ്ങൾ ഭവനരഹിതരും ആലംബഹീനരുമായിത്തീരാനും. ഒരു ജീവിതകാലം മുഴുവൻ ഞങ്ങൾ അദ്ധ്വാനിച്ചു നേടിയ ആ വീട് ഇങ്ങനെ ദുരുപയോഗിക്കാനായി ആ മകൾക്ക് നൽകണോ എന്ന് ഞാൻ മനഃസാക്ഷിയോടു ചോദിച്ചു നോക്കി.

എന്നാൽ അതിനുത്തരം ഇല്ല എന്നായതിനാൽ അത്തരമൊരു ചിന്ത തന്നെ ഉപേക്ഷിക്കുവാൻ എനിക്ക് നരേട്ടനെ പ്രേരിപ്പിക്കേണ്ടി വരുമല്ലോ എന്നോർത്തു.

ചിന്തകൾ കാടു കയറിയ മനസ്സുമായി നിൽക്കുമ്പോൾ കൃഷ്ണമോൾ വീണ്ടും പറഞ്ഞു.

“അപ്പോൾ അങ്ങിനെ തന്നെ. ഞാൻ അവിടെ ചെന്നിട്ട് പപ്പയേയും മമ്മിയേയും വിളിക്കാം. അപ്പോൾ തീരുമാനം അറിയിച്ചാൽ മതി.”

മുന്നോട്ടു വച്ച കാൽ പിന്നോട്ടില്ല എന്ന മട്ടിലുള്ള കൃഷ്ണമോളുടെ ഉറച്ച നിലപാട് എനിക്ക് ഒട്ടും ബോധിക്കുന്നുണ്ടായിരുന്നില്ല. എന്‍റേയും ഇളക്കമില്ലാത്ത നിലപാട് കണ്ടിട്ടാവാം അവൾ പപ്പയോടു മാത്രം യാത്ര ചോദിച്ച് ഇറങ്ങി നടന്നു.

അവൾ വഞ്ചിക്കുന്നത് അവളുടെ പപ്പയുടെ നിർമ്മലമായ ഹൃദയത്തെക്കൂടിയാണെന്ന് അവൾ അറിയുന്നില്ലല്ലോ എന്ന് ഞാനപ്പോളോർത്തു.

സ്നേഹിക്കാൻ മാത്രമറിയുന്ന നരേട്ടൻ അവളുടെ ആവശ്യങ്ങൾക്ക് വഴങ്ങി എന്നു വരാം. പക്ഷെ ഒടുവിൽ വീടും, കുടിയുമില്ലാത്ത അനാഥരെപ്പോലെ ഞങ്ങൾ അലഞ്ഞു നടക്കേണ്ടി വരും. അല്ലെങ്കിൽ മകളോടും അവളുടെ ഭർത്താവിന്‍റെ കുടുംബത്തോടുമൊപ്പം കഴിയേണ്ടി വരും. ഏറെനാൾ കഴിയുമ്പോൾ അടിമകളെപ്പോലെ അവരോടൊപ്പം അവരുടെ ആട്ടും തുപ്പുമേറ്റ്… അപ്പോൾ, അതിൽ കൂടുതൽ ആലോചിക്കുവാൻ എനിക്കായില്ല. നോക്കുമ്പോൾ കൃഷ്ണമോൾ പടിക്കലെത്തി കഴിഞ്ഞിരുന്നു. ദേവാനന്ദ് ഏറെ മുൻപേ പടി കടന്ന് പോയിക്കഴിഞ്ഞിരുന്നു. കൃഷ്ണമോൾ പടിയ്ക്കലെത്തി തിരിഞ്ഞു നിന്ന് പപ്പായുടെ നേർക്ക് കൈവീശുന്നതു കണ്ടു.

പല്ലില്ലാത്ത മോണകാട്ടി, കൃഷ്ണമോളുടെ കൈയ്യിലിരുന്ന് ടുട്ടുമോൻ ചിരിച്ചു, അവന്‍റെ മുത്തച്ഛനെ സന്തോഷിപ്പിക്കാനെന്നോണം.

ഒരു നിമിഷം രാഹുൽമോൻ ശൈശവ രൂപത്തിൽ ഞങ്ങളുടെ മുന്നിലിരുന്ന് ചിരിക്കുന്നതു പോലെ തോന്നി.

അവർ പടി കടന്നു പോകുന്നതു കാണുവാനാത്തതു കൊണ്ടോ എന്തോ നരേട്ടൻ കണ്ണുകൾ തുടച്ച് പിന്തിരിഞ്ഞു നടന്നു കഴിഞ്ഞിരുന്നു.

കൃഷ്ണമോൾ പടി കടന്നു പോയപ്പോൾ ഞാനാലോചിച്ചു. കൃഷ്ണമോളുടെ സ്‌ഥാനത്ത് രാഹുൽ മോനായിരുന്നെങ്കിലോ. അവനൊരിക്കലും ഇതുപോലെ സമ്മർദ്ദം ചെലുത്തുമായിരുന്നില്ല. ഇത്തരമൊരു കാര്യത്തിനു വേണ്ടി ഞങ്ങളെ വേദനിപ്പിക്കുമായിരുന്നില്ല. മറ്റുള്ളവർ വേദനിക്കുന്നതും, കഷ്ടപ്പെടുന്നതും കാണുവാൻ അവൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. മാത്രമല്ല കഴിയുന്നത്ര മറ്റുള്ള വരെ സഹായിക്കുകയും ചെയ്യുമായിരുന്നു.

എന്നാൽ വേദനകളുടെ ഒരു ശവകുടീരമായിരുന്നു അവന്‍റെ മനസ്സും ശരീരവും. പലപ്പോഴും ഞങ്ങളിൽ നിന്ന് അവനതു മറച്ചു പിടിച്ചു. സ്വയം വേദന കടിച്ചു പിടിച്ച് പുറമേ പുഞ്ചിരിച്ചു. പപ്പയേയും മമ്മിയേയും വേദനിപ്പിക്കാതിരിക്കാൻ സ്വന്തം വേദനകൾ മറ്റുള്ളവർ അറിയാതിരിക്കാൻ അവൻ ശ്രമിച്ചു. അവന്‍റെ വേദനകളും സ്വപ്നങ്ങളും അവൻ പങ്കുവച്ചത് ചിലരോടു മാത്രം.

അവന്‍റെ പ്രിയപ്പെട്ട കൂട്ടുകാരു സംഗീതയോടും, ആത്മസുഹൃത്ത് അരുണിനോടും…

സ്നേഹത്തിന്‍റെ പ്രേമത്തിന്‍റെ നനുത്ത നൂലിഴകൾ പാകി അവൻ ആ ബന്ധങ്ങളെ അരക്കിട്ടുറപ്പിച്ചിരുന്നു. എല്ലായ്പ്പോഴും സുഹൃത്തുക്കൾ അവന്‍റെ ദൗർബ്ബല്യമായിരുന്നു. അവനു ചുറ്റും എപ്പോഴും ഒരു സുഹൃത്ത് വലയം തന്നെ ഉണ്ടായിരുന്നു. അവർക്കു വേണ്ടി ജീവത്യാഗം ചെയ്യാൻ വരെ അവൻ ഒരുക്കമായിരുന്നു. ഒരിക്കൽ വെള്ളത്തിൽ മുങ്ങിത്താണ ഒരു സുഹൃത്തിനെ അവൻ രക്ഷിച്ച കഥ അരുൺ പറഞ്ഞതോർത്തു.

ഒരു ടൂർ പ്രോഗ്രാമിനിടയ്ക്കാണ് അത് സംഭവിച്ചത്. ആഹാരം കഴിച്ച ശേഷം കൈകഴുകാനായിട്ടാണ് അവനും, സുഹൃത്തുക്കളും ആ ചെറിയ വെള്ളച്ചാട്ടത്തിനരുകിലേയ്ക്ക് ചെന്നത്. മുകളിലെ പാറക്കല്ലിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം നുരപത ചിതറി താഴേയ്ക്കു പതിക്കുന്നതു കണ്ട് അവർ നോക്കി നിന്നു പെട്ടെന്നാരോ വഴുക്കുന്ന പാറക്കല്ലിൽ കയറി ഫോട്ടോ എടുക്കാൻ തുനിഞ്ഞു. പാറക്കല്ലിൽ കാൽ വഴുതി താഴേയ്ക്കു നിപതിച്ച ആ സുഹൃത്തിനെ കണ്ട് രാഹുലും മറ്റു സുഹൃത്തുക്കളും അമ്പരന്നു നിന്നു. പക്ഷെ ഒട്ടും അമാന്തിക്കാതെ രാഹുൽ ഒരു കയർ സംഘടിപ്പിച്ച് വെള്ളത്തിലേയ്ക്ക് എടുത്തു ചാടി. എങ്ങിനെയോ നീന്തി ആ സുഹൃത്തിനടുത്തെത്തിയ അവൻ കയർ ആ സുഹൃത്തിനു നേർക്കിട്ടു കൊടുത്തു പിടിക്കാൻ പറഞ്ഞു. പക്ഷെ അവനതിനു കഴിയാതിരുന്നപ്പോൾ അവന്‍റെ അരക്കെട്ടിൽ കയർ ചുറ്റി വരിഞ്ഞു കെട്ടി അപ്പോഴേയ്ക്കും വെള്ളച്ചുഴിയിലകപ്പെട്ടുവെങ്കിലും രാഹുൽ കയറിലെ പിടിവിട്ടില്ല. ബോധം മറഞ്ഞു തുടങ്ങിയ ആ സുഹൃത്തിനെ എങ്ങിനെയോ ആഞ്ഞു നീന്തി അവൻ കരയ്ക്കെത്തിച്ചു. ഒടുവിൽ ബോധം വന്ന സുഹൃത്തിനു പകരം മരണാസന്നനായിക്കിടന്ന രാഹുലിനെ രക്ഷിച്ചത് സംഗീതയുടെ കരസ്പർശമായിരുന്നത്രെ. ആ മാന്ത്രിക വിരലുകൾ അവന്‍റെ ഹൃദയ താളമുയർത്തി. പക്ഷെ പിന്നീടൊരിക്കൽ കാൻസർ രോഗത്തിന്‍റെ പിടിയിൽ നിന്നും അവനെ രക്ഷിക്കുവാൻ ആ മാന്ത്രിക വിരലുകൾക്ക് കഴിഞ്ഞില്ലല്ലോ എന്നും ഞാനോർത്തു. എന്നാൽ മുമ്പൊരിക്കൽ മദ്യത്തിന്‍റേയും മയക്കു മരുന്നിന്‍റേയും പിടിയിലകപ്പെട്ട് നാശത്തിന്‍റെ പടുകുഴിയിലേയ്ക്ക് ചുവടു വച്ചു കൊണ്ടിരുന്ന അവനെ രക്ഷിച്ചത് സംഗീതയാണെന്നും അവന്‍റെ മരണ ശേഷം അരുൺ പറഞ്ഞറിഞ്ഞിട്ടുണ്ട്. പ്രേമത്തിന്‍റെ മാന്ത്രിക സ്പർശത്താൽ അവൾ അവന്‍റെ ഹൃദയ തന്ത്രികളെ തൊട്ടുണർത്തി. ആ ഹൃദയത്തിൽ പ്രേമത്തിന്‍റെ കുളിർമഴ പെയ്യിച്ചു. അനുരാഗത്തിന്‍റെ മാസ്മരിക സ്പർശം, അവനിലൊളിഞ്ഞു കിടന്ന നിർമ്മല ഹൃദയത്തെ, കൂടുതൽ പരിശുദ്ധിയുള്ളതാക്കി പരിണമിപ്പിച്ചു.

അവനിലെ നല്ല മാറ്റം ഞങ്ങളെ സന്തോഷിപ്പിച്ചപ്പോഴും ഒരിക്കൽ പോലും അവൻ തന്‍റെ പ്രേമഭാജനത്തെക്കുറിച്ച് ഞങ്ങളോട് പറഞ്ഞില്ല. അതറിഞ്ഞാൽ ഞങ്ങൾ പൊട്ടിത്തെറിച്ചേക്കുമെന്ന് അവൻ കരുതിയതു പോലെ.

ഒടുവിൽ കൃഷ്ണമോളെ തന്‍റെ പ്രേമദൂതികയാക്കിയപ്പോഴേയ്ക്കും മരണം അവനെ കവർന്നെടുത്ത് പൊയ്ക്കഴിഞ്ഞിരുന്നു. ഒരിക്കലും അണയാത്ത ഒരു ചിത ഞങ്ങളുടെ മനസ്സിൽ കൊളുത്തി വച്ച് അവൻ വിദൂരതയിലേയ്ക്ക് യാത്രയായി. ഇന്നും കത്തിയുയരുന്ന ആ ചിതയുടെ നീറ്റലിൽ നരേട്ടൻ പിടഞ്ഞു കൊണ്ടിരിക്കുന്നു. ഒരിറ്റു കുളിർമഴയ്ക്കായി നീട്ടിയ ആ കൈകളിലേയ്ക്ക് വിധി പിന്നെയും പിന്നെയും കോരിയിടുന്നത് ചുട്ടുപൊള്ളുന്ന കനൽക്കട്ടകൾ മാത്രം. അകത്ത് പിടഞ്ഞു തീരുന്ന ആ മനുഷ്യനെക്കുറിച്ചോർത്തപ്പോൾ ഉള്ളിൽ കുറ്റബോധം തോന്നി. ഞാനിത്ര നേരവും നരേട്ടനെ മറന്നു പോയതോർത്ത്. ആ മനസ്സിന് ഒരിറ്റു ആശ്വാസം പകരാൻ ഇന്നു ഞാൻ മാത്രമേ ഉള്ളൂ. ടുട്ടുമോനെ വേർപിരിഞ്ഞതിലുള്ള വേദനയോടെ അകത്ത് കട്ടിലിൽ കിടക്കുന്ന, നരേട്ടന്‍റെ അടുത്തെത്തി ആ കരങ്ങളിൽ തലോടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

“വിഷമിക്കാതെ നരേട്ടാ… ടുട്ടുമോനെക്കാണാൻ നമുക്കെപ്പോൾ വേണമെങ്കിലും അങ്ങോട്ടു പോകാമല്ലോ.”

“ശരിയാണു മീര. പക്ഷെ ഇത്തവണ അവൻ പോയപ്പോൾ എന്തോ കൈവിട്ടു പോയതു പോലെയുള്ള വേദന തോന്നുന്നു.”

“നരേട്ടൻ വെറുതെ അതുമിതും ആലോചിക്കുന്നതു കൊണ്ട് തോന്നുന്നതാണത്. നമുക്കൊരു കാര്യം ചെയ്യാം. ഇന്ന് പുറത്തുപോയി ഒരു സിനിമ കണ്ട്, പുറത്തു നിന്നും ആഹാരം കഴിച്ച് മടങ്ങി വരാം. നാളെ മുതൽ എനിക്ക് കോളേജിൽ പോകേണ്ടതുള്ളതു കൊണ്ട് ഇനിയുമിതു പോലെ ഒരവസരം കിട്ടുകയില്ല നരേട്ടാ…”

ഏറെ നേരത്തെ എന്‍റെ നിർബന്ധത്തിനു വഴങ്ങി നരേട്ടൻ യാത്ര പുറപ്പെടുവാൻ തയ്യാറായി. വേഗം കുളിച്ച്, ഭക്ഷണവും കഴിച്ച് ഞങ്ങൾ വീട് പൂട്ടിയിറങ്ങി. നരേട്ടൻ കാർ ഡ്രൈവു ചെയ്യുമ്പോൾ ഞാൻ നിശബ്ദയായിരുന്നു. ഞങ്ങൾക്കിടയിൽ മൗനം കനത്തു നിന്നെങ്കിലും ഉള്ളിലെ പിടയ്ക്കുന്ന ഹൃദയം വാചാലമായി കലമ്പി ക്കൊണ്ടിരുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങളെറിഞ്ഞ് അത് നിരന്തരം ഞങ്ങളെ കുത്തി മുറിവേൽപിച്ചു കൊണ്ടിരുന്നു.

ഷോ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് എത്തിയെങ്കിലും ടിക്കറ്റു വിൽക്കുന്നിടത്തെ നീണ്ട ക്യൂ കണ്ട് ഞങ്ങൾ അമ്പരന്നു നിന്നു. ഇന്നിനി സിനിമ കാണാനാവുമോ എന്ന് സംശയിച്ചു നില്ക്കുമ്പോഴാണ് എന്‍റെ സ്റ്റുഡന്‍റായ സഞ്ജയിനെ കണ്ടു മുട്ടുന്നത്.

“ഹലോ മാഡം… താങ്കൾ ടിക്കറ്റു കിട്ടാതെ വിഷമിച്ചു നിൽക്കുകയാണോ? എനിക്കിവിടെ സുഹൃത്തുക്കളുണ്ട്. ഞാൻ ടിക്കറ്റു സംഘടിപ്പിച്ചു തരാം. അങ്ങിനെ ഹിന്ദിയിൽ പറഞ്ഞു കൊണ്ട് സഞ്ജയ് ഞങ്ങളുടെ അടുത്തെത്തി.

“വളരെ ഉപകാരം സഞ്ജയ്. ഞങ്ങൾക്കു രണ്ടുപേർക്കും രണ്ടു ടിക്കറ്റു സംഘടിപ്പിച്ചു. തന്നാൽ വളരെ ഉപകാരമായിരുന്നു.” ഞാൻ പ്രതിവചിച്ചു.

പെട്ടെന്നു തന്നെ സഞ്ജയ് ടിക്കറ്റ് കൗണ്ടറിനകത്തു ചെന്ന് ഞങ്ങൾക്കും കൂടി രണ്ടു ടിക്കറ്റ് സംഘടിപ്പിച്ചു കൊണ്ടു വന്നു.

“ബഹുത് ശുക്രിയ സഞ്ജയ്…”

ഞാൻ നന്ദി പറഞ്ഞു കൊണ്ട് നടന്നു നീങ്ങി. അപ്പോൾ നരേട്ടൻ ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി ചോദിച്ചു.

“എവിടെ ചെല്ലുമ്പോഴും തന്നെ സഹായിക്കാൻ ആളുണ്ടല്ലോ?”

“ഒരു അദ്ധ്യാപികയായതിന്‍റെ ഗുണം. ഞാൻ പറയാതെ തന്നെ നരേട്ടനും അതറിയാമല്ലോ?”

“ശരിയാണെടോ… നമുക്കു കിട്ടിയ അപൂർവ്വം ചില ഭാഗ്യങ്ങളിലൊന്നാണിത്. ഈ ശിഷ്യഗണങ്ങൾ ഇവരും കൂടി ഇല്ലായിരുന്നുവെങ്കിൽ ജീവിതം ആകെ ബോറാകുമായിരുന്നു അല്ലേടോ?”

“ശരിയാണ് നരേട്ടാ… കുറെപ്പേരുടെ കണ്ണു തെളിയിച്ചു കൊടുക്കുന്നതിന് ദൈവം നമുക്കു നൽകുന്ന പ്രതിഫലമായി ഇതിനെ കരുതാം. നമ്മുടെ മക്കളെപ്പോലെയുള്ള ഈ ശിഷ്യഗണങ്ങൾ.”

“അതെ മീര… എത്ര കൊള്ളരുതാത്തവനും സ്വന്തം അദ്ധ്യാപകരോട് ഒരു ബഹുമാനമൊക്കെ ഉണ്ടാകും. ഏതു വിഷമ സന്ധിയിലും നമ്മെ സഹായിക്കാനും ഇവരുണ്ടാകും.”

നരേട്ടൻ ഇത്രയും തുറന്നു സംസാരിച്ചതിൽ എനിക്ക് സന്തോഷം തോന്നി. ഏറെ നേരമായി ഞങ്ങൾക്കിടയിൽ കനത്തു നിന്ന വീർപ്പുമുട്ടലകന്നു. മനസ്സിനയവു വന്നതു പോലെ നരേട്ടനൽപം ഉത്സാഹഭരിതനായി. അൽപ നേരത്തെക്കെങ്കിലും നരേട്ടനിൽ നിന്ന് വിഷാദ ചിന്തകളെ ആട്ടിയോടിക്കാൻ കഴിഞ്ഞതിൽ ഞാൻ സംതൃപ്തയായി.

എങ്കിലും തീയേറ്ററിനകത്ത് സിനിമ കണ്ടു കൊണ്ടിരുന്നപ്പോൾ നരേട്ടൻ വീണ്ടും വിഷാദമൂകനായതു പോലെ തോന്നി. ഞാൻ വിചാരിച്ചതു പോലെയല്ല, മറിച്ച് തമാശയെക്കാളേറെ ദുഃഖനിമഗ്നമായ പ്രമേയം ഉൾക്കൊള്ളുന്ന ആ കഥ നരേട്ടനെ വീണ്ടും വിഷാദ ചിന്തകളിലേയ്ക്ക് നയിച്ചു. അൽപം മാറി നിന്ന വേദനകൾ ആ ഹൃദയത്തെ വീണ്ടും ഗ്രസിക്കുന്നതു പോലെ ആ സിനിമ പൂർത്തിയാകുന്നതിനു മുമ്പു തന്നെ നരേട്ടൻ പറഞ്ഞു തുടങ്ങി. വരൂ… മീരാ… നമുക്കു പോകാം. ഈ സിനിമ ഇങ്ങിനെ കണ്ടു കൊണ്ടിരിക്കാൻ എനിക്കാവുകയില്ല.”

“അൽപം കൂടി അല്ലേ ഉള്ളൂ നരേട്ടാ നമുക്കിതു മുഴവൻ കാണാം.”

അങ്ങിനെ പറഞ്ഞു കൊണ്ട് ഞാൻ നരേട്ടനെ പിടിച്ചിരുത്തി. പക്ഷെ ആ കഥയും അവസാനിച്ചത് അതിലെ ദമ്പതികളുടെ മകൻ പെട്ടെന്നു മരിക്കുന്നതും അതിനെത്തുടർന്ന് അവരനുഭവിക്കുന്ന ദുഃഖവുമായിട്ടാണ്. അതുകണ്ട് നരേട്ടൻ വീണ്ടും അസ്വസ്ഥനായിക്കൊണ്ടിരുന്നു. ആ കണ്ണുകൾ പിന്നെയും പിന്നെയും നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. സിനിമ കാണുമ്പോൾ ദുഃഖം വഴിയുന്ന സീനുകൾ മുമ്പും നരേട്ടന്‍റെ കണ്ണുനിറയ്ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഇത്രത്തോളം ദുഃഖം അദ്ദേഹം അനുഭവിക്കുന്നത് കാണുന്നത് ആദ്യമായിട്ടാണ്.

മനസ്സിൽ കുറ്റബോധം തോന്നി. ഏതെങ്കിലും തമാശ നിറഞ്ഞ സിനിമ കണ്ടാൽ മതിയായിരുന്നു. ഈ സിനിമയെക്കുറിച്ച് ഒന്നുമറിയാതെയാണ് ഞാൻ നരേട്ടനെ കൂട്ടി വന്നത്. അദ്ദേഹത്തിന്‍റെ മനസ്സിനെ സന്തോഷിപ്പിക്കുന്നതിനു പകരം കൂടുതൽ അസ്വസ്ഥമാക്കുന്നതിനു മാത്രമേ സിനിമ ഉപകരിച്ചുള്ളൂ. സിനിമ മുഴുവൻ പൂർത്തിയാകുന്നതിനു മുമ്പ് ഞങ്ങൾ തീയേറ്ററിൽ നിന്നും പുറത്തു കടന്നു.

മനസ്സിന്‍റെ അസ്വാസ്‌ഥ്യം ശരീരത്തിനെ ബാധിച്ച പോലെ നരേട്ടൻ വളരെ പതുക്കെയാണ് നടന്നത്. ഉള്ളിൽ തിങ്ങിവിങ്ങുന്ന വേദന ആ മുഖത്തു പ്രകടമായിരുന്നു. ബൈപ്പാസ് ഓപ്പറേഷൻ നരേട്ടനെ കൂടുതൽ ദുർബ്ബലനാക്കാനെ ഉപകരിച്ചുള്ളൂ എന്നു തോന്നി ഏതായാലും ഞാൻ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇനിയും ഒരു ഹൃദയാഘാതം അദ്ദേഹത്തിന് ഉണ്ടായിക്കൂടെന്നില്ല.

“കൂടുതൽ ദുഃഖപൂർണ്ണമായ അനുഭവങ്ങൾ ആ ഹൃദയത്തിനിനിയും താങ്ങാനാവുകയില്ല.” ഡോക്ടറുടെ വാക്കുകൾ ഓർത്തു.

അന്ന് ഹോട്ടലിൽ നിന്നു ആഹാരവും കഴിച്ച് ഞങ്ങൾ മടങ്ങി. പോരുന്ന വഴിയ്ക്ക് അൽപം സമയം പാർക്കിൽ ചെലവിടാൻ ഞാൻ നിർബന്ധിച്ചു. നരേട്ടന് അൽപം റിലാക്സേഷൻ കിട്ടിക്കോട്ടെ എന്നു കരുതിയാണ് അങ്ങിനെ പറഞ്ഞത്. എന്നാൽ നരേട്ടൻ “ആകെ ക്ഷീണം തോന്നുന്നു. ഒന്നു കിടക്കണം.” എന്നു പറഞ്ഞ് എന്‍റെ അഭ്യർത്ഥനയെ നിരസിച്ചു.

വീട്ടിൽ മടങ്ങിയെത്തിയ ഉടനെ നരേട്ടൻ കട്ടിലിൽ കയറിക്കിടന്നു. പിറ്റേന്ന് കോളേജിൽ പോകേണ്ടതുണ്ടായിരുന്നതു കൊണ്ട് ഞാൻ നോട്ടുകൾ പ്രിപ്പയർ ചെയ്യുന്ന തിരക്കിലേക്കു തിരിഞ്ഞു. ഏറെ ദിവസത്തെ ലീവിനു ശേഷമാണ് കോളേജിൽ മടങ്ങിയെത്തുന്നത് എന്നതിനാൽ ധാരാളം പോർഷൻസ് എടുത്തു തീർക്കാനുണ്ടായിരുന്നു. പിന്നെ റിസർച്ച് സ്ക്കോളേഴ്സിനു വേണ്ടി കുറെ ഗൈഡൻസ് വർക്കുകളും കോളേജിലെ കാര്യങ്ങളിൽ മുഴുകിയതിനാൽ ഞാൻ സമയം ഏറെ കടന്നു പോയതറിഞ്ഞില്ല.

നരേട്ടനുള്ള മരുന്നുകൾ കൊടുക്കേണ്ട സമയമായിയെന്ന് മനസ്സിലിരുന്ന് ആരോ ഓർമ്മിപ്പിച്ചു. പെട്ടെന്ന് ഞാനെഴുന്നേറ്റ് ഞങ്ങളുടെ ബെഡ്റൂമിലെത്തി. അവിടെ നരേട്ടൻ സുഖ സുഷുപ്തിയിലാണ്ടു കിടക്കുന്നതു കണ്ടു.

രാത്രിയിൽ കാര്യമായിട്ടൊന്നും കഴിക്കുന്ന പതിവ് നരേട്ടനുണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹത്തിനും എനിക്കും വേണ്ടി ഓട്സുണ്ടാക്കി രണ്ടു പാത്രങ്ങളിലാക്കി ഞാനദ്ദേഹത്തിന്‍റെ സമീപം ചെന്നു.

“നരേട്ടാ… എണീക്ക് ഈ ഓട്സു കഴിച്ചിട്ട് കിടന്നുറങ്ങിക്കോളൂ.”

ഞാനദ്ദേഹത്തെ കുലുക്കി വിളിച്ചു. പക്ഷെ ഉറക്കത്തിന്‍റെ അഗാധതയിൽ ആണ്ടു മുങ്ങിയതു പോലെ അദ്ദേഹം കിടന്നു.

ഏറെ നേരം കുലുക്കി വിളിച്ചപ്പോൾ അദ്ദേഹം കണ്ണു തുറന്നു എന്നെ നോക്കി.

“എന്തൊരുറക്കമാ നരേട്ടാ ഇത്. ഉച്ചയ്ക്കു ശേഷം ആഹാരമൊന്നും ഇതുവരെ കഴിച്ചിട്ടില്ല. പിന്നെ മരുന്നും.

ഞാൻ ഉൽക്കണ്ഠയോടെ പറഞ്ഞു കൊണ്ട് നരേട്ടനെ നോക്കി.

“എനിക്കൊന്നും വേണമെന്നില്ല മീര. വല്ലാത്ത ക്ഷീണം ഞാനൊന്നുറങ്ങിക്കൊള്ളട്ടെ.”

“നരേട്ടാ ഈ ഓട്സ് അൽപം കഴിക്കൂ. പിന്നെ ഈ മരുന്നും.”

ബൈപ്പാസ് കഴിഞ്ഞതിൽപ്പിന്നെ നരേട്ടൻ കഴിച്ചിരുന്ന ഗുളികകൾ ഇപ്പോഴും തുടരുന്നുണ്ട്. എന്തെങ്കിലും ആഹാരം കഴിക്കാതെ ഗുളികകൾ കഴിക്കാനാവുകയില്ല. എന്‍റെ നിർബന്ധം മൂലം നരേട്ടൻ എഴുന്നേറ്റിരുന്ന് അൽപം ആഹാരം കഴിച്ചു. പിന്നെ ഞാൻ നൽകിയ മരുന്നും കഴിച്ച് അദ്ദേഹം ക്ഷീണത്തോടെ ഉറക്കമായി. പാവം! നരേട്ടൻ…

ആ മനസ്സ് വല്ലാതെ തളർന്നിരിക്കുന്നു. അതാണ് ഈ ക്ഷീണം. അങ്ങനെ മനസ്സിലോർത്തു കൊണ്ട് ഞാൻ അവിടെ നിന്നും എഴുന്നേറ്റു പോന്നു.

അടുക്കള ജോലികളെല്ലാം ഒതുക്കി രാത്രിയിൽ ഞാൻ കിടക്കാനൊരുങ്ങുമ്പോൾ കൃഷ്ണമോളുടെ ഫോൺ വന്നു.

“പപ്പാ ഉറക്കമായോ? ഫോൺ പപ്പയ്ക്കൊന്നു കൊടുക്കുമോ?” എന്നോട് സംസാരിക്കാൻ അവൾക്ക് ബുദ്ധിമുട്ടുള്ളതു പോലെ തോന്നി. അവളുടെ പിണക്കം മാറിയിട്ടില്ലെന്ന് സാരം.

“പപ്പ നല്ല ഉറക്കമായല്ലോ കൃഷ്ണമോളെ. പപ്പയ്ക്കു നല്ല ക്ഷീണമുണ്ടെന്നു തോന്നുന്നു.” ഞാൻ അവളുടെ പരിഭവം കണ്ടില്ലെന്ന് നടിച്ചു പറഞ്ഞു.

“എങ്കിൽ ഞാൻ നാളെ വിളിക്കാം.”

അങ്ങിനെ പറഞ്ഞ് അവൾ ഫോൺ ഓഫ് ചെയ്‌തു. അതോടെ എന്നോടുള്ള അവളുടെ പരിഭവം മാറിയിട്ടില്ലെന്ന് എനിക്ക് പൂർണ്ണബോദ്ധ്യമായി. അവൾ വാശിയിൽ ത്തന്നെയാണ്. ആ വാശിയ്ക്ക് ഞാൻ വഴങ്ങുകയില്ലെന്ന് അവൾ മനസ്സിലാക്കിയിരിക്കുന്നു. എങ്ങിനെയെങ്കിലും പപ്പയെ സോപ്പിട്ട് കാര്യം സാധിക്കാനാണ് അവളുടെ നീക്കമെന്ന് മനസ്സിലായി. സ്വന്തം സ്വാർത്ഥലാഭത്തിനു മുന്നിൽ മറ്റാരുടെ ബുദ്ധിമുട്ടുകളും അവൾക്കു പ്രശ്നമല്ലെന്ന് ഒരിക്കൽ കൂടി അവൾ തെളിയിച്ചു കൊണ്ടിരിക്കുന്നു എന്ന് ഞാനോർത്തു.

അവൾ വേഗം ഫോൺ ഓഫ് ചെയ്‌തതിനാൽ ടുട്ടുമോന്‍റെ കാര്യങ്ങളും ഒന്നും ചോദിച്ചറിയാൻ കഴിഞ്ഞില്ല. അവൻ പിന്നീടെപ്പോഴെങ്കിലും കരഞ്ഞോ?. ആഹാരം കഴിച്ചോ? അങ്ങനെ നൂറു ചോദ്യങ്ങൾ മനസ്സിൽ പൊന്തി വന്നു. ഇനി എന്നാണ് അവനെ കാണാനാവുക? ആ പിഞ്ചിളം മേനി മാറോടു ചേർത്ത് പുണരാനാവുക?

നരേട്ടനെപ്പോലെ എന്‍റെ മനസ്സും വിങ്ങിക്കൊണ്ടിരുന്നു. ആ വിങ്ങലോടെയാണ് ഉറങ്ങാൻ കിടന്നത്. രാത്രിയിൽ നരേട്ടൻ ഞരങ്ങുകയും, മൂളുകയും ചെയ്‌തു കൊണ്ടിരുന്നു. ഇടയ്ക്ക് തേങ്ങിക്കരയുന്നതും കേൾക്കാമായിരുന്നു. അദ്ദേഹം എന്തൊക്കെയോ ദുഃസ്വപ്നങ്ങൾ കാണുന്നുണ്ടാവുമെന്ന് എനിക്കു തോന്നി. ദുഃഖകരമായ എന്തൊക്കെയോ സ്വപ്നങ്ങൾ.

പിറ്റേന്ന് അതിരാവിലെ ഉണർന്നെണീറ്റ ഞാൻ നരേട്ടനെ ഉണർത്താതെ തന്നെ പതിഞ്ഞ കാൽ വയ്പുകളോടെ അടുത്ത മുറിയിലേയ്ക്കു നടന്നു, ഒരു പുതിയ പ്രഭാതത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. മനസ്സിൽ ഉൻമേഷം നിറയ്ക്കാൻ ശ്രമിച്ചെങ്കിലും ഏതോ വിങ്ങൽ മനസ്സിന്‍റെ കോണിൽ ഒളിഞ്ഞു കിടന്നു. ഒരു പക്ഷെ നരേട്ടനായിരിക്കാം. അതിനു കാരണം ആ മനസ്സിന്‍റെ വിങ്ങലുകൾ എന്നിലേയ്ക്കും പടരുകയായിരുന്നു.

രണ്ടാഴ്ചത്തെ ഇടവേളയിൽ വീണ്ടും കോളേജിലേയ്ക്കു പുറപ്പെടുമ്പോൾ സാധാരണയായി മനസ്സിൽ എന്തെന്നില്ലാത്ത ഉൻമേഷം നിറയുമായിരുന്നു. അതിനു പകരം അസ്വാസ്ഥ്യത്തിന്‍റെ വേരുകൾ എന്നിലേയ്ക്കും പടർന്നു തുടങ്ങിയിരിക്കുന്നു. അസ്വാഭാവികമായി എന്തോ ഒന്ന് സംഭവിക്കുമെന്നൊരു തോന്നൽ മനസ്സിനെ ഗ്രസിച്ചു കൊണ്ടിരുന്നു.

രാവിലെ എനിക്കും നരേട്ടനും പ്രഭാത ഭക്ഷണം ഒരുക്കുമ്പോഴും മനസ്സിൽ നിന്നും ആ ഭീതി വിട്ടുമാറിയിരുന്നില്ല. തിരക്കിട്ട ജോലികളിൽ മുഴുകി ആ അസ്വാസ്ഥ്യത്തെ തുടച്ചു നീക്കുവാനുള്ള ശ്രമമായിരുന്നു പിന്നീട്. എങ്ങിനെയോ അടുക്കള ജോലികൾ തീർത്ത് നരേട്ടനുള്ള പ്രഭാത ഭക്ഷണം ഊണു മുറിയിൽ വിളമ്പി വച്ച് ഞാൻ അദ്ദേഹത്തെ ഉണർത്താനായി കിടക്ക മുറിയിലെത്തി. അപ്പോഴേയ്ക്കും നരേട്ടൻ ഉണർന്നു കഴിഞ്ഞിരുന്നു. ബാത്ത്റൂമിൽ നിന്നും മടങ്ങിയെത്തിയ അദ്ദേഹത്തിന്‍റെ മുഖത്ത് തലേ ദിവസത്തെ ക്ഷീണത്തിന്‍റെ അടയാളങ്ങൾ തെളിഞ്ഞു കിടന്നു. എങ്കിലും അദ്ദേഹം ഉൻമേഷവാനാണെന്നു തോന്നി.

“എന്താ മീര… ഇന്നെനിക്ക് ബെഡ്കോഫി കൊണ്ടുവരാൻ താൻ മറന്നു പോയോ?”

നരേട്ടന്‍റെ അന്വേഷണം കേട്ട് ഞാൻ ഒന്നു പതറിയെങ്കിലും ചിരിച്ചു കൊണ്ട് ഉത്തരം നൽകി.

“നരേട്ടൻ നല്ല ഉറക്കമായിരുന്നല്ലോ. അതുകൊണ്ട് ഉണർത്തേണ്ടെന്നു കരുതി. മാത്രമല്ല ഇന്നലെ നല്ല ക്ഷീണമുണ്ടായിരുന്നുവല്ലൊ. നല്ലവണ്ണം ഉറങ്ങി ആ ക്ഷീണമൊക്കെ മാറിക്കോട്ടെ എന്നും കരുതി.”

“ശരിയാണു മീര… ഇന്നലെ ആ ഉറക്കത്തിൽ നിന്നും ഞാൻ ഉണരാതിരുന്നെങ്കിൽ എന്ന് മനസ്സു കൊണ്ട് ആഗ്രഹിച്ചു പോയി. ഒരിക്കലും ഉണരാത്ത ഒരുറക്കം. അതെന്നെ തേടി വന്നിരുന്നെങ്കിൽ ഈ വേദനകളിൽ നിന്നും ഒരു മുക്തി ലഭിക്കുമായിരുന്നുവല്ലോ എന്നും ഓർത്തു പോയി.”

“അരുത് നരേട്ടാ… ഇത്തരം വാക്കുകൾ പറഞ്ഞ് എന്നെ വേദനിപ്പിക്കരുത്. ഞാനും ഒന്നും ചെയ്യാനാവാതെ ആ വേദനയുടെ പിടിയിലമർന്നു പോവും.”

“ഇല്ല മീരാ നിന്നെ ഇനി ഞാൻ വേദനിപ്പിക്കുകയില്ല. നീ എല്ലായ്പ്പോഴും സന്തോഷമായിരിക്കണം. അതുകാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്.”

“സന്തോഷം… അതൊരു കിട്ടാക്കനിയായിത്തീർന്നില്ലെ നരേട്ടാ നമ്മുടെ ജീവിതത്തിൽ, രാഹുൽ മോൻ പോയതോടെ എല്ലാം തീർന്നില്ലെ? എന്നിട്ടും മനസ്സിന് കടിഞ്ഞാണിട്ട് നമ്മൾ ജീവിക്കാൻ ശ്രമിക്കുന്നു. മറ്റാരെയോ ഒക്കെ കണ്ട് സന്തോഷിക്കാൻ ശ്രമിക്കുന്നു. ടുട്ടുമോൻ നമ്മുടെ ജീവിതത്തിന്‍റെ വെളിച്ചമല്ലേ നരേട്ടാ. അവനെക്കാണുമ്പോൾ നരേട്ടനും എല്ലാം മറന്ന് സന്തോഷിക്കുന്നില്ലെ?”

“ശരിയാണു മീരാ… അവനെ ക്കാണുമ്പോൾ ഞാൻ എല്ലാം മറന്നു പോകുന്നു. ഹൃദയത്തിൽ സന്തോഷം വന്നു നിറയുന്നു. പ്രത്യേകിച്ചും അവന് രാഹുൽമോന്‍റെ ഛായയുള്ളതു കൊണ്ടു കൂടിയാവാം അത്. പക്ഷെ അതുകൊണ്ടു തന്നെ അവൻ പോയപ്പോൾ ഞാൻ ആകെ തകർന്നു പോകുന്നതു പോലെ. പിടിച്ചു നിൽക്കാൻ എനിക്കു കിട്ടിയ ഒരു പിടി വള്ളിയായിരുന്നു അവൻ. അവനില്ലാത്തപ്പോൾ ആഴമേറിയ ഏതോ ജലാശയത്തിൽ ഞാൻ ആഴ്ന്നു പോകുന്നതു പോലെ. ഏതോ ദുഃഖ കൂപത്തിൽ ഞാൻ ആഴ്ന്നു മുങ്ങുന്നു. വയ്യ മീരാ… ഈ വേദന എന്നെ കാർന്നു തിന്നുകയേ ഉള്ളൂ. ഞാൻ മരിച്ചു പോകും… മീരാ ഞാൻ മരിച്ചു പോകും…”

നരേട്ടൻ എന്‍റെ മടിയിൽ കിടന്ന് പൊട്ടിക്കരയുവാൻ തുടങ്ങി. അദ്ദേഹത്തെ എങ്ങിനെയാണ് ആശ്വസിപ്പിക്കേണ്ടതെന്നറിയാതെ ഞാൻ കുഴങ്ങി. ഒടുവിൽ അദ്ദേഹത്തെ തലോടി കൊണ്ട് ഞാൻ പറഞ്ഞു.

“നരേട്ടനിങ്ങനെ അതുമിതും ആലോചിച്ച് ഒറ്റയ്ക്കിരിക്കുന്നതു കൊണ്ടാണ് ഇങ്ങനെയൊക്കെ തോന്നുന്നത്. ഈ മുറിയിൽ ചടഞ്ഞു കൂടാതെ വെളിയിലേയ്ക്കിറങ്ങണം. പുറത്തെ ശുദ്ധവായു കൊള്ളുമ്പോൾ ഈ വേദനയ്ക്ക് കുറെയൊക്കെ ശമനം കിട്ടും.”

എന്‍റെ മടിയിൽ കിടന്ന് കുറെ കരഞ്ഞു കഴിഞ്ഞപ്പോൾ നരേട്ടന് കുറെയൊക്കെ ആശ്വാസം ലഭിച്ചുവെന്നു തോന്നി. അറിയാതെ നിറഞ്ഞു വന്ന കണ്ണുനീർ നരേട്ടൻ കാണാതെ തുടച്ചു കൊണ്ട് ഞാൻ നരേട്ടനെ പിടിച്ചെഴുന്നേൽപ്പിച്ചു. അപ്പോൾ മനസ്സു പറഞ്ഞു.

“ഈ സന്ദർഭത്തിൽ നീ അധീരയാകരുത്. നരേട്ടന് ആത്മബലം നൽകേണ്ടത് നീയാണ്…” പെട്ടെന്ന് നരേട്ടൻ മനസ്സിലെ ഭാരം ഒഴിഞ്ഞതു പോലെ എഴുന്നേറ്റിരുന്നു കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.

“സോറി… മീരാ… ഞാൻ പെട്ടെന്ന് വല്ലാതെ അപ്സെറ്റായിപ്പോയി. സാരമില്ല… നിന്‍റെ മടിയിൽ തലവച്ചു കരഞ്ഞു കഴിഞ്ഞപ്പോൾ എന്‍റെ വേദനകൾ മുക്കാലും പോയിക്കഴിഞ്ഞിരിക്കുന്നു. ഇനി നീ കോളേജിൽ പൊയ്ക്കോളൂ. ഞാൻ സമാധാനമായിട്ടിരുന്നോളാം.”

“അല്ല… നരേട്ടനു വിഷമാണെങ്കിൽ ഞാനിന്നു പോകുന്നില്ല. അല്ലെങ്കിലും നരേട്ടനെ ഈ സ്‌ഥിതിയിൽ കണ്ടിട്ട് എനിക്കു മനഃസമാധാനമായിട്ട് അവിടെച്ചെന്നിരിക്കാനാവില്ല. ഞാൻ ഇന്നത്തേയ്ക്കു കൂടി ലീവെഴുതിക്കൊടുക്കാൻ തീരുമാനിച്ചു.

“വേണ്ട മീരാ… താൻ വെറുതെ ഒരു ലീവു കൂടി എടുത്ത് കളയണ്ട. എന്‍റെ വിഷമമൊക്കെ മാറി. താൻ നോക്കിക്കോളൂ… അൽപ സമയത്തിനുള്ളിൽ ഞാൻ ഒരു മിടുക്കനാകും.”

അങ്ങനെ പറഞ്ഞു കൊണ്ട് അദ്ദേഹം അവശതയൊക്കെ മറന്ന് എന്നെ പിടിച്ചു വലിച്ച് എഴുന്നേൽപ്പിച്ചു. എന്നിട്ടു ബാത്ത്റൂമിൽ കൊണ്ടുപോയാക്കിയിട്ടു പറഞ്ഞു.

“താൻ വേഗം കുളിച്ചു റെഡിയായി കോളേജിൽ പോകുവാൻ നോക്ക്. ഞാനും എന്‍റെ പ്രഭാത കൃത്യങ്ങൾ എല്ലാം നടത്തി ഒന്നു കുളിക്കട്ടെ. അപ്പോൾ ഈ ക്ഷീണമെല്ലാം മാറി ഒന്നു ഫ്രഷാകും. അല്ല ഇനി ഞാൻ കുളിപ്പിച്ചു തരണം എന്നുണ്ടോ. വേണമെങ്കിൽ അതുമാവാം…” അദ്ദേഹം പൊട്ടിച്ചിരിച്ചു.

അപ്പോൾ അൽപം മുമ്പു കണ്ട നരേട്ടനല്ല അതെന്നു തോന്നി. അദ്ദേഹം ഉൻമേഷവാനായിരിക്കുന്നു. എനിക്ക് മനഃസമാധാനമായി.

വേഗം കുളി കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ നരേട്ടനും കുളിച്ചുക്കഴിഞ്ഞിരുന്നു. അദ്ദേഹം പഴയ ഉൻമേഷം വീണ്ടെടുത്തതു പോലെ തോന്നി. മാത്രമല്ല ചെറുപ്പകാലത്തെ ഊർജ്ജസ്വലതയോടെ അദ്ദേഹം എന്‍റെ അടുത്തെത്തി. കണ്ണാടിയ്ക്കു മുന്നിൽ അണിഞ്ഞൊരുങ്ങിക്കൊണ്ടിരുന്ന എന്‍റെ അടുത്തെത്തി. മുഖം പിടിച്ചുയർത്തി ആവേശത്തോടെ ചുംബിച്ചു കൊണ്ട് പറഞ്ഞു.

“കാലമിത്രയായിട്ടും തന്‍റെ പഴയ സൗന്ദര്യത്തിന് ഒരു മങ്ങലുമേറ്റിട്ടില്ല മീരാ… താനിപ്പോഴും എന്‍റെ പഴയ മീര തന്നെയാണ്. ഒരുപാടു സ്നേഹം ഉള്ളിലൊതുക്കി നടക്കുന്നവൾ…”

ശരിയാണു നരേട്ടാ… ഇന്നിപ്പോൾ അങ്ങനെ ആവേശത്തോടെ സ്നേഹിക്കാൻ ഞാനും കൊതിക്കുന്നു. പക്ഷെ അങ്ങ് എനിക്കു നൽകുന്ന സ്നേഹത്തിന് പകരം നൽകാൻ ഈ ജന്മത്ത് ഞാനെത്ര ശ്രമിച്ചാലും എനിക്കാവുമെന്ന് തോന്നുന്നില്ല. കാരണം അളവറ്റ ആ സ്നേഹം, നിറഞ്ഞു തുളുമ്പുന്ന ഒരു പാനപാത്രം പോലെയാണ്. അതിൽ മുങ്ങിത്താണ് മരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആ സ്നേഹം അതേ അളവിൽ തിരിച്ചു നൽകാൻ എനിക്കൊരിക്കലുമാവില്ല നരേട്ടാ… എന്നോടു ക്ഷമിക്കൂ.

ആത്മഗതം പോലെ എന്‍റെ മനസ്സ് ഉരുവിട്ടു കൊണ്ടിരുന്നു.

പെട്ടെന്ന് അടക്കിപ്പിടിച്ച എന്‍റെ നിശ്വാസങ്ങളെ ചുണ്ടു കൊണ്ടമർത്തി അദ്ദേഹം എന്നെ വരിഞ്ഞു മുറുക്കി. എന്നിട്ട് ആവേശത്തോടെ പറഞ്ഞു.

“നിന്നെ എപ്പോഴുമിങ്ങനെ കണ്ടു കൊണ്ട് എനിക്കു മരിക്കണം മീരാ… നിന്‍റെ മടിയിൽ തലവച്ച്. അവസാന ശ്വാസം എടുത്തു കൊണ്ട്.”

(തുടരും)

സാഗരസംഗമം ഭാഗം- 15

നരേട്ടൻ പെട്ടെന്ന് അവന്‍റെ അടുത്തെത്തി അവനെ ആലിംഗനം ചെയ്‌തു കൊണ്ടു പറഞ്ഞു.

“അരുൺ… ഇനി മുതൽ നീ ഞങ്ങൾക്ക് മകനാണ്. ഞങ്ങളുടെ രാഹുൽ മോന് പ്രിയപ്പെട്ടവൻ ഞങ്ങൾക്കും പ്രിയപ്പെട്ടവനാണ്. ഞങ്ങൾക്ക് അവനെപ്പോലെ ഒരു മകനെക്കിട്ടിയതിൽ അവൻ മുകളിലിരുന്ന് സന്തോഷിക്കട്ടെ…”

അവർ അൽപം നേരം കൂടി ആലിംഗനബദ്ധരായി നിന്നു. അങ്ങകലെ ചക്രവാള സീമയിൽ രാഹുൽ മോൻ എല്ലാം കണ്ട് പുഞ്ചിരി വിരിയിച്ചു നിൽക്കുന്നതായി തോന്നി. ഒരു ഈറൻ കാറ്റ് ഞങ്ങളെ കടന്നു പോയി. ആരുടെയോ നേർത്ത സ്പന്ദനം പോലെ.

മമ്മീ… പപ്പാ… കരയരുത്. ഞാനിവിടെത്തന്നെയുണ്ട് എന്ന് ആ കാറ്റ് ഞങ്ങളോട് മൂകമായി മന്ത്രിയ്ക്കും പോലെ തോന്നി.

അൽപം കഴിഞ്ഞ് നരേട്ടനിൽ നിന്നും വേർപെട്ട് അരുൺ പറഞ്ഞു.

“ഞാൻ ഇടയ്ക്ക് വീട്ടിൽ വരാം സാർ… എന്താവശ്യമുണ്ടെങ്കിലും എന്നെ അറിയിച്ചോളൂ. ഒരു മകനെ പോലെ ഞാൻ അടുത്തുണ്ടാകും.” ഒരു നിമിഷം നിർന്നിമേഷരായി ഞങ്ങൾ പരസ്പരം നോക്കി നിന്നു. രാഹുലിന്‍റെ സ്‌ഥാനത്ത് ഒരു മകനെക്കിട്ടിയ നിർവൃതിയോടെ.

അകലങ്ങളിൽ അപ്പോൾ സന്ധ്യാബരം തുടുത്തു തുടങ്ങിയിരുന്നു. വികാരവിവശനായ ഒരച്ഛനെപ്പോലെ സൂര്യനും ചുവന്നു തുടുത്ത് ഞങ്ങളെ നോക്കി. താഴേയ്ക്കു ഗമനം തുടർന്നു കൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്കു കാണുന്ന വെള്ളി മേഘക്കീറുകളും, വെള്ളിൽപ്പറവകളും ആകാശത്തിൽ അഭൗമാന്തരീക്ഷമൊരുക്കി  ഞങ്ങളെ ആഹ്ലാദഭരിതരാക്കി. ഒരു നിമിഷം ഞങ്ങൾ നിശബ്ദരായി ആ ജഗന്നിയന്താവിന്‍റെ ഗതിവിഗതികളെക്കുറിച്ച് ഓർത്തു. ഒന്നു നഷ്ടപ്പെടുമ്പോൾ മറ്റൊന്നു നൽകി നമ്മെ സന്തോഷിപ്പിക്കാൻ അദ്ദേഹത്തിനാവുന്നു. ഒരിക്കൽ കൂടി അരുണിന്‍റെ ശബ്ദം ഞങ്ങളെ ഉണർത്തി.

“ഞാൻ വരാം സർ… ഇപ്പോൾ ഞങ്ങൾ പോകട്ടെ.”

“അരുൺ തീർച്ചയായും വരണം. ഞങ്ങൾ അരുണിനെ പ്രതീക്ഷിച്ചിരിക്കും.”

അവൻ കൈവീശി ബൈക്കിൽക്കയറി യാത്രയാകുന്നതു നോക്കി ഞങ്ങൾ ഒരു നിമിഷം നിർന്നിമേഷരായി നിന്നു. പിന്നെ തിരികെ കൈവീശി അവനെ യാത്രയാക്കുമ്പോൾ രാഹുലിനെപ്പോലെ ഒരു മകനെക്കിട്ടിയതിൽ ഞങ്ങളുടെ ഹൃദയം ആനന്ദതുന്ദിലമായിത്തീർന്നു.

ഫ്ളാറ്റിൽ തിരിച്ചെത്തിയിട്ടും രണ്ടു ദിവസത്തേയ്ക്ക് അവിടെ മൂകത തളം കെട്ടി നിന്നു. രാഹുൽമോന്‍റെ ഓർമ്മകൾ എല്ലാവരും അയവിറക്കുകയാണെന്നു തോന്നി. കൃഷ്ണമോൾ, രാഹുൽമോന്‍റെ ഫോട്ടോകൾ എടുത്തു നോക്കുന്നതും, അവന്‍റെ സ്വകാര്യ ആൽബത്തിലെ ഫോട്ടോകൾ ദേവാനന്ദിനെ കാണിക്കുന്നതും കണ്ടു. ദേവാനന്ദ് താൻ അതുവരെ കാണാത്ത രാഹുലിനെ ഉറ്റുനോക്കി പറയുന്നതു കേട്ടു.

“എത്ര നിഷ്ക്കളങ്കവും സുന്ദരവുമായ മുഖം. ഈ മുഖത്തിന്നുടമ തീർച്ചയായും ഒരു നല്ല ഹൃദയത്തിനുടമയായിരിക്കും.”

“അതെ ദേവേട്ടാ… ചേട്ടൻ ഒരു നല്ല ഹൃദയത്തിനുടമയായിരുന്നു. സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു നിഷ്ക്കളങ്ക ഹൃദയത്തിന്നുടമ. ചേട്ടന് സംഗീതയോടുണ്ടായിരുന്ന പ്രേമത്തെക്കുറിച്ച് എന്നോടു പറയാറുണ്ടായിരുന്നു. മെഡിസിൻ പഠനം കഴിഞ്ഞ് അവർ ഒരുമിച്ചു ജീവിക്കാൻ തയ്യാറെടുക്കുകയായിരുന്നു. അതേക്കുറിച്ച് പപ്പയോടും മമ്മിയോടും സംസാരിക്കാൻ എന്നെ ചട്ടം കെട്ടിയിരുന്നു. പക്ഷെ സംഗീത ഒരു മാർവാഡിയുടെ മകളാണ്. പണം പലിശയ്ക്ക് കൊടുത്ത് ആൾക്കാരെ ദ്രോഹിക്കുന്ന ഒരു മാർവാഡിയുടെ മകൾ. അത്തരമൊരു ബന്ധത്തിന് പപ്പയും മമ്മിയും സമ്മതിയ്ക്കുമോ എന്ന് ചേട്ടൻ ഭയന്നിരുന്നു. പക്ഷേ സ്കൂൾ കാലഘട്ടം മുതൽ ഒന്നിച്ചു പഠിക്കുകയും, സ്നേഹിക്കുകയും ചെയ്‌ത അവർക്കു തമ്മിൽ പിരിയാനാവുകയില്ലെന്ന് എനിക്കറിയാമായിരുന്നു. ഏറെ സ്നേഹം വരുമ്പോൾ മാത്രം അവൾ രാഹുലിനെ സംബോധന ചെയ്യാറുള്ള ചേട്ടാ എന്ന വിളി ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. “ആ സംഗീത എന്നു പേരുള്ള പെൺകുട്ടി ഇന്നെവിടെയാണ്?” ദേവാനന്ദ് താൽപര്യപൂർവ്വം ചോദിക്കുന്നതു കേട്ടു.

“അവർ മെഡിസിനു പഠിക്കുകയാണ്. എംഡിയ്ക്ക്. ഇപ്പോൾ കൽക്കത്തയിലോ മറ്റോ ആണ്. ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. രാഹുൽ ചേട്ടനെ ഓർത്ത് കാലം കഴിയ്ക്കാനാണ് അവർക്കിഷ്ടം.”

“ഓ ഗോഡ്… എ റിയൽ ലൗ…” ദേവാനന്ദ് അതിശയം കൂറുന്നതു കേട്ടു. ആ പ്രതിവചനം എന്‍റെ മനസ്സിലും മുഴങ്ങി. അറിയാതെ മനസ്സു കേണു. ഓ… മകനെ… നിന്‍റെ മനസ്സിന്‍റെ മൃദുല അറകളിൽ നീ നിന്‍റെ പ്രേമം ഒളിച്ചുവച്ചതെന്തിനാണ്? അതൊളിച്ചു വച്ച് ആ ആത്മസംഘർഷം മുഴുവൻ പേറിയതെന്തിനാണ്? നിന്നെ ഹൃദയത്തിലേറ്റിയ നിന്‍റെ പപ്പയും മമ്മിയും നിന്നെ എതിർക്കുമെന്നു വിചാരിച്ചോ?

ഒരിയ്ക്കലുമില്ല. കാരണം പ്രേമത്തിന്‍റെ ബലിപീഠത്തിൽ സ്വയം ബലി കഴിച്ചവളാണ് നിന്‍റെ മമ്മി. ആളുന്ന അഗ്നി കുണ്ഠത്തിൽ സ്വയം ചൂടേറ്റു തപിച്ചവളാണ്. ആ കനൽ തീയിൽ വെന്തു നീറുന്ന രണ്ടാത്മാക്കളുടെ തപിക്കുന്ന വേദന എന്തെന്ന് അറിഞ്ഞവളാണ്. ഒരിക്കലും നിന്നെ എതിർക്കുമായിരുന്നില്ല ഈ മമ്മി. നിന്‍റെ പപ്പയും പ്രേമത്തിന്‍റെ ആത്മസംഘർഷങ്ങൾ മാറി നിന്നെങ്കിലും കണ്ടറിഞ്ഞവനാണ്. അതൊന്നും നിന്നെ അറിയിക്കാതിരുന്നതു കഷ്ടമായിപ്പോയി എന്നു ഞാനിപ്പോൾ മനസ്സിലാക്കുന്നു. പക്ഷെ നീ ചിലതെല്ലാം കാണുകയും അറിയുകയും ചെയ്തുവെന്ന് ഞാൻ കരുതി.

ഒരു കാലത്ത് ഞങ്ങൾ ഇരുവരുടേയും മനസ്സിൽ ഊറിക്കൂടിയ ആത്മസംഘർഷങ്ങൾ നിന്നെയും ബാധിച്ചിരുന്നല്ലൊ. എന്നിട്ടും നീയതെന്തു കൊണ്ടാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു. നിന്‍റെ നിഷ്ക്കളങ്കമായ കൊച്ചുമനസ്സിന് അതിന്‍റെ കാരണങ്ങൾ ഊഹിച്ചെടുക്കാൻ കഴിഞ്ഞില്ലായിരിക്കാം. പക്ഷെ പപ്പയുടേയും മമ്മിയുടേയും അകൽച്ച നിന്‍റെ മനസ്സിനെ ഒരു കാലഘട്ടത്തിൽ വളരെയേറെ വേദനിപ്പിച്ചിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അതായിരിക്കാം സംഗീതയോട് നിന്നെ അടുപ്പിച്ചത്. നിന്‍റെ വേദനകൾ പങ്കുവയ്ക്കാനുള്ള അത്താണിയായിരുന്നോ അവൾ.

നിന്നെ മനസ്സിലാക്കുവാൻ ഞങ്ങൾ വൈകിപ്പോയി. മനസ്സിലാക്കിയപ്പോഴേയ്ക്കും നിന്നെ ഞങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്തത്ര അകലത്തിൽ നീ എത്തി. ഒരിക്കലും കൈയ്യെത്തിപ്പിടിക്കാനാവാത്തത്ര അകലത്തിൽ…

ഊറി വന്ന കണ്ണീർക്കണങ്ങൾ കൈ കൊണ്ട് തുടച്ചു മാറ്റി എഴുന്നേറ്റു. എത്രനേരമായി ഞാനീ സെറ്റിയിൽ വന്നിരുന്നിട്ട്. നേരം സന്ധ്യയോടടുക്കുന്നു. നരേട്ടൻ അകത്തെവിടെയോ വിശ്രമിക്കുകയാണ്. കൃഷ്ണമോളും ദേവാനന്ദും മോനേയും കൂട്ടി പാർക്കിലോ മറ്റോ പോയിരിക്കുന്നു. അവർ തിരിച്ചെത്തും മുമ്പ് വൈകിട്ടത്തെ ആഹാരമുണ്ടാക്കണം.

രണ്ടു ദിവസം കഴിഞ്ഞാൽ കോളേജിൽ പോയിത്തുടങ്ങണം. കുറെ നോട്ട്സ് പ്രിപ്പയർ ചെയ്യാനുണ്ട്. ധൃതിയിൽ എഴുന്നേറ്റ് അടുക്കളയിലേയ്ക്ക് നടന്നു. നരേട്ടൻ ശബ്ദം താഴ്ത്തി വച്ച് ഏതോ ഹിന്ദി ഗാനം കേൾക്കുന്നു. ദുഃഖത്തിന്‍റെ ആഴത്തിൽ നിന്നും പൊന്തി വന്ന് ഹൃദയത്തെ വലയം ചെയ്യുന്ന ഒരു ഹിന്ദി ഗാനം. അതിന്‍റെ നേർത്ത കൈപ്പിടിയിൽ ഒതുങ്ങി. ആ വേദനയിൽ മുങ്ങിത്താഴ്ന്നെന്നപ്പോലെ നരേട്ടൻ കിടക്കുന്നു. ഒരിക്കലും മോചനമില്ലാത്ത ഒരു തടവറയിലെന്ന പോലെ.

അടുക്കളയിൽ ചപ്പാത്തിയും കറികളും ഉണ്ടാക്കുന്ന തിരക്കിൽ ഞാൻ മറ്റെല്ലാം മറന്നു. ആഹാരം ഉണ്ടാക്കി കാസ്സറോളിലാക്കി മേശപ്പുറത്തു വയ്ക്കുമ്പോളോർത്തു. രാഹുലിന് ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങിലൊന്നായിരുന്നു ചപ്പാത്തിയും, ക്വാളിഫ്ളവർ കറിയും. അവനു വേണ്ടി ഒരു പ്ലേറ്റ് മാറ്റി വച്ചു.

ഒരുപക്ഷേ ആരും കാണാതെ ഏതോ അജ്ഞാത തീരത്തു നിന്ന് അവൻ അവന്‍റെ പ്രിയപ്പെട്ടവരെത്തേടി വന്നാലോ. ഈ മേശപ്പുറത്തു വന്നിരുന്ന് അവന്‍റെ പ്രിയപ്പെട്ട വിഭവം ആസ്വദിക്കാൻ ഒരിക്കൽ കൂടി, അവന്‍റെ പ്രിയപ്പെട്ട പപ്പയെയും മമ്മിയെയും കൃഷ്ണമോളെയും കാണാൻ ആത്മാക്കളുടെ ലോകത്തു നിന്ന് അവൻ ഇറങ്ങി വന്നാലോ. അങ്ങനെ മനസ്സ് വെറുതെ വ്യാമോഹിച്ചു.

ഒരു പക്ഷേ നഷ്ടപ്പെട്ടതിനെ തിരികെക്കിട്ടുവാനുള്ള മനസ്സിന്‍റെ തീവ്രമായ ആഗ്രഹം. അതിനു വേണ്ടിയുള്ള മനസ്സിന്‍റെ മൂഢ പ്രേരണയായിരിക്കാം അത്. എങ്കിലും അത്തരം വിശ്വാസങ്ങളെ മുറുകെപ്പിടിക്കുവാൻ ഹൃദയം കൊതിച്ചു.

രാഹുൽ മോൻ കടന്നു പോയ ദിനങ്ങളൊന്നിൽ എവിടെ നിന്നോ പറന്നെത്തിയ ഒരു കൊച്ചു കുരുവി എന്നിലെ ശ്രദ്ധയെ പിടിച്ചു നിർത്തിയതോർത്തു. സിറ്റൗട്ടിന്‍റെ കൈവരികളിലും ചവിട്ടു പടിയിലും പിന്നെ വാതിൽപ്പടിയിലും വന്നിരുന്ന് പ്രിയപ്പെട്ട ആരേയോ പ്രതീക്ഷിച്ചെന്നപ്പോലെ പറന്നു കളിച്ചിരുന്ന ഈ കുഞ്ഞിക്കുരുവി.

ഞാനടുത്തു ചെന്നിട്ടും ഭയമേതുമില്ലാതെ എന്നെ ഉറ്റുനോക്കിയിരുന്ന ആ കുഞ്ഞിക്കിളിക്ക് രാഹുൽമോന്‍റെ ഛായയുണ്ടെന്നു തോന്നി. ഒരു പക്ഷേ രാഹുൽ മോന്‍റെ ആത്മാവ് കിളിയായി വന്നതായിരിക്കുമോ? ഞാനടുത്ത് ചെന്നിരുന്ന് അതിനെ കൈകളിലെടുത്തപ്പോൾ എന്‍റെ വാത്സല്യം പ്രതീക്ഷിച്ചെന്ന പോലെ അത് എന്‍റെ കൈകളിലൊതുങ്ങി ഇരുന്നത്.

ഒടുവിൽ വേദന സ്ഫുരിക്കുന്ന ചിലമ്പിച്ച സ്വരത്തിൽ ചിലച്ചു കൊണ്ട് അത് പറന്നകന്നത് ആത്മാക്കളുടെ ലോകത്തു നിന്നും അവൻ എന്നെ തേടിയെത്തിയതാണെന്നു തോന്നി. ഒരു നിമിഷനേരത്തേയ്ക്കെങ്കിലും എന്‍റെ വാത്സല്യം നുകരാനുള്ള അത്യുൽക്കടമായ ദാഹത്തോടെ അതിൽപ്പിന്നെ ആരെയോ പ്രതീക്ഷിച്ചെന്ന പോലെ അവനുള്ള ആഹാരവും വിളമ്പി വയ്ക്കുക പതിവായി.

കോളിംഗ് ബെല്ലിൽ ശക്തിയായി വിരലമർത്തുന്നത് കേട്ടാണ് ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നത്. എഴുന്നേറ്റു ചെന്ന് വാതിൽ തുറന്നപ്പോൾ ദേവാനന്ദും, കൃഷ്ണമോളും, ടുട്ടുമോനുമായിരുന്നു.

കൃഷ്ണമോളുടെ കൈയ്യിൽ നിന്നും ടുട്ടുമോനെ വാങ്ങി. അവനെ കൊഞ്ചിച്ചു കൊണ്ട് തിരിഞ്ഞു നടക്കുമ്പോൾ കൃഷ്ണമോൾ പറയുന്നതു കേട്ടു “മമ്മീ… നാളെ രാവിലെ ഞങ്ങൾ ബാംഗ്ലൂർക്ക് തിരികെപ്പോവുകയാണ്.”

“ഇത്ര പെട്ടെന്നോ… കുറച്ചു ദിവസം കൂടി കഴിഞ്ഞ് തിരിച്ചു പോയാൽ പ്പോരേ… മോനെക്കണ്ട് ഞങ്ങളുടെ കൊതി തീർന്നില്ല…” ഞാൻ ദുഃഖത്തോടെ പറഞ്ഞു.

“അത് മമ്മീ… ഞങ്ങളുടെ ലീവ് തീർന്നു. മറ്റന്നാൾ ഞങ്ങൾക്ക് രണ്ടുപേർക്കും കമ്പനിയിൽ ജോയിൻ ചെയ്യണം.”

ഇതറിയുമ്പോൾ നരേട്ടന്‍റെ പ്രതികരണം എന്തായിരിക്കുമെന്ന് ഞാനോർത്തു നോക്കി. രാഹുൽ മോന്‍റെ സഹപാഠിയായിരുന്നു അരുണുമായുള്ള കൂടിക്കാഴ്ച അദ്ദേഹത്തെ വീണ്ടും തകർച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. ഇന്നിപ്പോൾ ടുട്ടുമോനായിരിക്കും ആ മനസ്സിന് അൽപം ആശ്വാസം നൽകുന്നത്. അവനും കൂടി തന്നെ വിട്ടു പോവുകയാണെന്നറിയുമ്പോൾ ദുർബ്ബല ഹൃദയനായ നരേട്ടന് അത് താങ്ങാനാവുമോ? ആശങ്കകൾ ഹൃദയത്തെ കീറി മുറിച്ച് കടന്നു പോയിക്കൊണ്ടിരുന്നു. ടുട്ടുമോനെയും കൊണ്ട് നരേട്ടന്‍റെ മുറിയിലേയ്ക്കു നടക്കുമ്പോൾ പറഞ്ഞു.

“രണ്ടുപേരും വസ്ത്രം മാറി വന്ന് ആഹാരം കഴിച്ചോളൂ… ഞാൻ മൂടി വച്ചിട്ടുണ്ട്.”

“മമ്മീ ഞങ്ങൾ പുറത്തു നിന്നും ആഹാരം കഴിച്ചു. ദേവേട്ടന് ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയുമാണിഷ്ടം. പിന്നെ മമ്മിയെ ബുദ്ധിമുട്ടിയ്ക്കേണ്ടെന്നു വിചാരിച്ചു.” അവർക്കു വേണ്ടി ഞാൻ പാടുപ്പെട്ടുണ്ടാക്കിയതെല്ലാം വെറുതെയായല്ലോ എന്ന് മനസ്സിലോർത്തു. പിന്നെപ്പറഞ്ഞു.

“ഞാനും ചപ്പാത്തിയും കോളിഫ്ളവർ കറിയുമാണുണ്ടാക്കിയത്. ദേവാനന്ദിനിഷ്ടം അതായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു.”

പെട്ടെന്ന് എന്‍റെ മലയാളം മനസ്സിലാക്കിയിട്ടെന്ന പോലെ ദേവാനന്ദ് ഹിന്ദിയിൽ പറഞ്ഞു.

“സോറി മമ്മീ… മമ്മീ പാടുപെട്ട് ഞങ്ങൾക്കു വേണ്ടി ഉണ്ടാക്കിയതല്ലെ. ഞാനൽപം കഴിക്കാം…” അയാൾ അങ്ങനെ പറഞ്ഞ് മേശയുടെ സമീപമിരുന്ന് പ്ലേറ്റ് തുറന്നു വച്ചു. എന്നിട്ട് മണം പിടിച്ച് കൊണ്ട് പറഞ്ഞു.

“അരേ വാഹ് കോളിഫ്ളവർ. ഇതിന്‍റെ മണം കേൾക്കുന്നതു  തന്നെ എനിക്ക് എന്തിഷ്ടമാണെന്നോ…”

ദേവാനന്ദ് വാഷ് ബേസിന്‍റെ അടുത്തു പോയി കൈകൾ കഴുകി തിരിച്ചു വന്നു. എന്നിട്ട് ചപ്പാത്തി ഒന്നു രണ്ടെണ്ണമെടുത്ത് കോളിഫ്ളവർ  കറി കൂട്ടി കഴിക്കാൻ തുടങ്ങി. അയാൾ സ്വാദോടെ കഴിക്കുന്നതു കണ്ട് സംതൃപ്തിയോടെ ഞാൻ തിരിഞ്ഞു നടന്നു.

നരേട്ടന്‍റെ മുറിയിലെത്തി ടുട്ടുമോനെ ആ കൈകളിൽ നൽകി. നരേട്ടന്‍റെ കണ്ണുകളിൽ നിറഞ്ഞു നിന്ന ശോകഛവി ആ കൺതടങ്ങൾക്കു താഴെ കറുപ്പു പടർത്തിയിരുന്നു. ഹൃദയത്തിൽ തിങ്ങി വിങ്ങുന്ന വേദന നെറ്റിയിലും മുഖത്തും ചുളിവു പടർത്തിയിരിക്കുന്നു. അടക്കാനാവാത്ത വൃഥയുടെ നിഴൽപ്പാടുകൾ അദ്ദേഹത്തെ കൂടുതൽ വയസ്സനാക്കിയിരിക്കുന്നു. പക്ഷേ ടുട്ടുമോനെ കൈകളിൽ വാങ്ങുമ്പോൾ ആ മുഖം അൽപ നേരത്തേയ്ക്കെങ്കിലും പ്രകാശമാനമായി. അതിന്‍റെ സ്ഫുരണങ്ങൾ ആ ചുണ്ടുകളിൽ നേർത്ത വേദനയുടെ നിഴൽപ്പാടോടെ തത്തിക്കളിച്ചു. അവനെ കൊഞ്ചിച്ചു കൊണ്ട് അദ്ദേഹം ചുണ്ടുകളിൽ നേർത്ത വേദനയുടെ നിഴൽപ്പാടോടെ തത്തിക്കളിച്ചു. അവനെ കൊഞ്ചിച്ചു കൊണ്ട് അദ്ദേഹം വിളിച്ചു.

“മുത്തച്ഛന്‍റെ പൊന്നു മോനെ… നീയും മുത്തച്ഛനെ വിട്ട് നിന്‍റെ അമ്മയുടെയും അച്‌ഛന്‍റെയും കൂടെ പോകുമോടാ… നീയാണ് മുത്തച്ഛനിപ്പോൾ ഏക ആശ്വാസം. നീയും കൂടി പോയാൽ മുത്തച്ഛൻ തകർന്നു പോകുമെടാ…” ആ വാക്കുകൾ ഹൃദയത്തിലെവിടെയോ തറഞ്ഞു നിന്ന് വേദനയുളവാക്കി.

നാളെ അവൻ അച്‌ഛനമ്മമാരോടൊപ്പം മടങ്ങിപ്പോവുകയാണ് എന്നറിയുമ്പോൾ നരേട്ടന്‍റെ പ്രതികരണമെന്തായിരിക്കും. അതിന്‍റെ ഉത്തരം തേടി നിമിഷനേരത്തേയ്ക്ക് ഞാനാ കട്ടിലിൽ ചലനമറ്റിരുന്നു. ബൈപ്പാസ് ശസ്ത്രക്രിയ കഴിയുമ്പോൾ ഡോക്ടർ പറഞ്ഞിരുന്നതോർത്തു.

“കൂടുതൽ ആഘാതമൊന്നും ആ ഹൃദയത്തിനിനി താങ്ങാനാവുകയില്ല. അതുകൊണ്ടു തന്നെ അത്തരം സന്ദർഭങ്ങൾ ജീവിതത്തിൽ ഒഴിവാക്കാൻ ശ്രമിക്കണം.”

നരേട്ടനെ എന്തു പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടത്? ടുട്ടുമോനെ പിരിയാതിരിക്കാൻ അദ്ദേഹത്തിനു മുമ്പിൽ എന്തു പോംവഴിയാണ് എനിക്കു നിർദ്ദേശിക്കാനുള്ളത്?

ഒരുത്തരം തേടി ഞാൻ മുകളിലേയ്ക്കു മിഴി പായിച്ചു. അവിടെ വലകൾ നെയ്തു കൊണ്ടിരുന്ന ഒരെട്ടുകാലിയെ കണ്ടു. അതുപോലെ എന്‍റെ ഹൃദയത്തിലും വേദനയുടെ നനുത്ത വലകൾ പടർന്നു തുടങ്ങിയിരുന്നു. എട്ടുകാലിയുടെ കരങ്ങളിൽ ഇരയെ എന്നപോലെ ആ വേദനയ്ക്കിടയിലും എന്‍റെ മനസ്സ് ഒരുത്തരത്തിനായി പിടഞ്ഞു കൊണ്ടിരുന്നു നരേട്ടനെ എന്തുപറഞ്ഞു സമാധാനിപ്പിക്കും?

അന്ന് ടുട്ടുമോനെ അദ്ദേഹം കളിപ്പിക്കുന്നതും നോക്കി വേവലാതിയോടെ ഏറെ നേരം ഞാൻ കട്ടിലിലിരുന്നു.

പിന്നീടവനെ നരേട്ടന്‍റെ കൈകളിൽ നിന്നും അടർത്തി മാറ്റി, കൃഷ്ണമോളുടെ അടുത്തേയ്ക്കു കൊണ്ടു പോകുവാൻ തുടങ്ങുമ്പോൾ നരേട്ടൻ ചോദിച്ചു.

“ഇന്നവനെ എന്‍റെയടുത്ത് കിടത്തിക്കൂടെ… അവനെ കൊഞ്ചിച്ച്, കളിപ്പിച്ചിരിക്കുമ്പോൾ വലിയ മനഃസമാധാനം തോന്നുന്നു.”

“അത് നരേട്ടാ…” ഞാൻ അർദ്ധോക്തിയിൽ നിർത്തി മൂകയായി നിന്നു.

ഉം… എന്താ… തനിയ്ക്കെന്തോ പറയാനുണ്ടല്ലോ? എന്താണെങ്കിലും പറഞ്ഞോളൂ.

“നരേട്ടൻ വിഷമിക്കരുത്. നാളെ കാലത്ത് അവർ ബാംഗ്ലൂർക്ക് മടങ്ങിപ്പോവുകയാണ്. കൃഷ്ണമോളുടേയും ദേവാനന്ദിന്‍റെയും ലീവ് തീർന്നത്രെ.”

എന്‍റെ വാക്കുകൾ കേട്ട് അദ്ദേഹം ഞെട്ടിത്തരിച്ചെന്നു തോന്നി.

“ഇത്ര പെട്ടെന്നോ? കുറച്ചു ദിവസം കൂടി അവർക്കിവിടെ കഴിഞ്ഞാലെന്താ? അവരുടേയും കൂടി വീടല്ലെ ഇത്? മാത്രമല്ല ടുട്ടുമോനെ കണ്ട് കൊതി തീർന്നിട്ടില്ല. അതിനു മുമ്പ്.”

നരേട്ടൻ പൊട്ടിത്തെറിക്കുന്ന പോലെ പറഞ്ഞു. അവസാനത്തെ അത്താണിയും നഷ്ടപ്പെടുമ്പോഴുള്ള വേദന ആ വാക്കുകളിൽ നിറഞ്ഞു നിന്നു.

“നീ അവരോട് പറയ് കുറച്ചു ദിവസം കൂടി കഴിഞ്ഞു പോകാം എന്ന്. അല്ലെങ്കിൽ വേണ്ട ഞാൻ പറയാം.”

നരേട്ടൻ അങ്ങനെ പറഞ്ഞ് എഴുന്നേൽക്കാൻ ഭാവിച്ചപ്പോൾ നരേട്ടനെ തടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു.

“വേണ്ട നരേട്ടാ… കൃഷ്ണമോൾ നമ്മൾ പറയുന്നതൊന്നും കേട്ടുവെന്ന് വരികയില്ല. മാത്രമല്ല ചില കമ്പനികൾ അത്ര നീണ്ട അവധിയൊന്നും ആർക്കും നൽകുകയില്ല. തിരിച്ചു ചെല്ലുമ്പോൾ അവരുടെ ജോലി നഷ്ടമായാൽ നാമായിരിക്കും അതിന്‍റെ പഴി കേൾക്കേണ്ടി വരിക.”

“ഓ… അങ്ങിനെയെങ്കിൽ വേണ്ട. ഞാനായിട്ട് അവരുടെ ഭാവി നശിപ്പിക്കുന്നില്ല. അവർ മോനെ കൊണ്ടുപോയിക്കൊള്ളട്ടെ.”

നരേട്ടൻ പിന്തിരിഞ്ഞു കൊണ്ട് പറഞ്ഞു. എങ്കിലും മോനെ വിട്ടു പിരിയാനുള്ള വേദന അദ്ദേഹത്തിൽ നിറഞ്ഞു നിന്നു. അദ്ദേഹം അവനെ കൈകളിലെടുത്ത് ആ ഓമന മുഖം മുത്തങ്ങൾ കൊണ്ടു മൂടി. തന്‍റെ കണ്ണുനീരാൽ അദ്ദേഹം ആ കുഞ്ഞു മുഖത്തെ അഭിഷേകം ചെയ്‌തു. അപരീഹാര്യമായ നഷ്ടങ്ങൾക്കിടയിൽ ഒരു ചെറിയ മഞ്ഞുതുള്ളിയായിരുന്നു നരേട്ടനാ കുഞ്ഞ്.

രാഹുൽമോന്‍റെ ദർശനം സാദ്ധ്യമാക്കിയ കുരുന്നു പൈതൽ. എന്നാൽ ജീവിതത്തിൽ ഒന്നും ശാശ്വതമല്ല എന്ന സത്യം ഓർമ്മിപ്പിച്ചു കൊണ്ട് ഈ കുരുന്നും അദ്ദേഹത്തെ വിട്ടുപിരിയാൻ തുടങ്ങുന്നു.

പെട്ടെന്ന് എന്തോ ഓർത്ത് നരേട്ടൻ ചോദിച്ചു.“മീരാ… ഇന്നൊരു രാത്രിയിൽ ഈ ഒരു രാത്രിയിലേയ്ക്ക് മാത്രം ടുട്ടുമോനെ എന്‍റടുത്തു കിടത്താൻ മോളാടൊന്നു പറയുമോ. അവനെ ഈ രാത്രി മുഴുവൻ ഞാൻ കണ്ടു കൊള്ളട്ടെ.”

നരേട്ടന്‍റെ ആ ആഗ്രഹം എന്‍റെ മനസ്സിലും ചലനങ്ങളുളവാക്കി. ഒരു രാത്രി കൂടി തന്‍റെ രാഹുൽ മോന്‍റെ ഛായയുള്ള പേരക്കുഞ്ഞിനെ അടുത്തു കിടത്തി ലാളിക്കുവാനുള്ള അദ്ദേഹത്തിന്‍റെ അന്ത്യമമായ മോഹം. ആ മോഹത്തെ അംഗീകരിക്കുവാൻ ഞങ്ങളുടെ മകൾക്കാവുകയില്ലെ? അവളെ കൈകളിലെടുത്തുലാളിച്ചതും ആ കൈകൾ തന്നെയല്ലെ.

ഞാൻ കൃഷ്ണമോളുടെ മുറിയിലെത്തി അവളോടുള്ള വാത്സല്യം മുഴുവൻ വാക്കുകളിലൂടെ പുറത്തെടുത്തു. എന്നിട്ട് സ്നേഹപൂർവ്വം ചോദിച്ചു.

“കൃഷ്ണമോളെ…. പപ്പ ചോദിക്കുന്നു ഇന്ന് ഒരു രാത്രിയിൽ അവനെ അദ്ദേഹത്തിന്‍റെ അടുത്ത് കിടത്തിക്കോട്ടെ എന്ന്. നാളെ നിങ്ങൾ മടങ്ങിപ്പോവുകയല്ലെ…”

ബെഡ്റൂമിലെ ടിവിയിൽ ദേവാനന്ദിനോടൊപ്പം മിഴിനട്ടിരുന്ന കൃഷ്ണമോൾ പെട്ടെന്ന് ഒരു മങ്ങിയ ചിരിയോടെ എന്നെ നോക്കി. പിന്നെ ജിജ്‌ഞാസയോടെ ചോദിച്ചു.

“പപ്പാ ഇനി അവനെ ഞങ്ങൾക്കു വിട്ടു തരികയില്ലെന്നു വരുമോ മമ്മി. പപ്പായ്ക്ക് അവനെ വിട്ടുപിരിയാൻ വലിയ വിഷമമാണല്ലോ.”

“ശരിയാണ് മോളെ. രാഹുൽ മോൻ പോയതിൽ പിന്നെ പപ്പാ ആകെ അപ്സെറ്റാണ്. അതിൽ നിന്നും ഒരു ചെറിയ മോചനം കിട്ടിയത് ടുട്ടുമോനെ കണ്ടപ്പോഴാണ്. അവനെയും ഇത്ര പെട്ടെന്ന് പിരിയുകയെന്നു വച്ചാൽ അതദ്ദേഹത്തിന് താങ്ങാനാവുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന് വല്ലതും വന്നു പോകുമോ എന്നാണ് എന്‍റെ പേടി.

“എങ്കിൽ മമ്മിയും, പപ്പയും കൂടി ഈ വീടുവിറ്റ് ഞങ്ങളുടെ കൂടെപ്പോരൂ… അപ്പോൾ എപ്പോഴും ടുട്ടുമോനെ കാണാമല്ലോ…”

കൃഷ്ണമോൾ പലപ്പോഴുമെന്നതു പോലെ ആ വാക്കുകൾ വീണ്ടും ആവർത്തിച്ചത് എന്നെ വല്ലാതെ ഞെട്ടിച്ചു. ഈ വീടുവിറ്റു പോവുകയെന്നാൽ അതു പലതരത്തിൽ ഞങ്ങളെ ബാധിക്കും. ഈ വീടും പരിസരവുമാണ് രാഹുൽമോന്‍റെ സാന്നിദ്ധ്യം എല്ലായ്പ്പോഴും ഞങ്ങളെ അനുഭവിപ്പിക്കുന്നത്. ആ ഓർമ്മകൾ നിലനിർത്തുന്നതും ഈ വീടു തന്നെ. ഇവിടം വിട്ടുപോവുകയെന്നാൽ അതു ഞങ്ങളുടെ മനസ്സിനെ വല്ലാതെ പീഡിപ്പിക്കും. ഒരു പക്ഷേ ഞങ്ങളുടെ മനോനില തന്നെ തെറ്റിയെന്നു വരും. അതിലുപരിയായി എന്‍റെ ജോലി. അതുപേക്ഷിച്ചു പോകുന്നതെങ്ങിനെ?

റിട്ടയർ ചെയ്യുവാൻ ഇനിയും രണ്ടു മൂന്നു കൊല്ലം കൂടി ബാക്കിയുണ്ട്. മാത്രമല്ല ഇപ്പോൾ ഈ ജോലിയാണ് എന്‍റെ ഏക ആശ്വാസം. ഇതെല്ലാം ഓർത്തു കൊണ്ട് ഞാൻ പറഞ്ഞു.

“കൃഷ്ണമോൾ ഇപ്പോൾ പറഞ്ഞത് ഒട്ടും പ്രാവർത്തികമല്ല. ഇവിടുന്ന് ഞങ്ങൾ ബാംഗ്ലൂർക്ക് വരികയെന്നു വച്ചാൽ അതിന് പല തടസ്സങ്ങളുണ്ട്. ഒന്നാമത് എന്‍റെ ജോലി ഞാൻ ഉപേക്ഷിക്കേണ്ടി വരും. റിട്ടയർ ചെയ്യാൻ ഇനി ഏതാനും കൊല്ലം കൂടിയേ ഉള്ളൂ. അതുകഴിഞ്ഞ് പോരേ അതേപ്പറ്റിയൊക്കെ ആലോചിക്കാൻ.

“പക്ഷെ മമ്മി ഞാൻ പറഞ്ഞെന്നേ ഉള്ളൂ. എല്ലാം മമ്മിയുടേയും, പപ്പയുടേയും ഇഷ്ടം.” അവൾ ഒഴിഞ്ഞു മാറിയെങ്കിലും അവളുടെ ഉള്ളിൽ ആ ആഗ്രഹം കനത്തു കിടക്കുന്നുണ്ടെന്ന് അന്ന് എനിക്കു മനസ്സിലായി.

ഒരു കനൽക്കട്ട പോലെ ഉള്ളിൽ എരിയുന്ന ആ ആഗ്രഹത്തിനു പുറകേയാണ് അവളെന്ന് മനസ്സിലാക്കുവാൻ പ്രയാസമുണ്ടായിരുന്നില്ല. ഈ വീടു വിറ്റ് ഒരു നല്ല തുക നേടുകയാണ് അവളുടെ ലക്ഷ്യം. അതിനെപ്പറ്റി അവളിപ്പോൾ തുറന്നു സംസാരിക്കാതിരുന്നത് ദേവാനന്ദ് അടുത്തുള്ളത് കൊണ്ടായിരിക്കാം. പക്ഷെ അവൾ മുഖം വീർപ്പിച്ച് മിണ്ടാതിരുന്നപ്പോൾ എനിക്കു മനസ്സിലായി. അവൾ കോപത്തിലാണെന്ന്. അതുകണ്ട് അവളെ അനുനയിപ്പിക്കാനായി ഞാൻ പറഞ്ഞു.

“നമുക്കതെപ്പറ്റിയൊക്കെ സാവധാനം ആലോചിക്കാം കൃഷ്ണമോളെ. ഇപ്പോൾ ഞാൻ ചോദിച്ചതിന് ഉത്തരം പറയൂ. ടുട്ടുമോനെ ഈ രാത്രി കൂടി പപ്പയുടെ അടുത്ത് കിടത്തിക്കോട്ടെ…”

അവൾ എന്തെങ്കിലും പറയുന്നതിനു മുമ്പ് തന്നെ ദേവാനന്ദ് ഇടപെട്ടു കൊണ്ട് ഹിന്ദിയിൽ പറഞ്ഞു.

“ഹാം മാംജി. നിങ്ങൾ ഈ രാത്രി കൂടി മോനെ അടുത്തു കിടത്തിക്കോളൂ. നാളെ രാവിലെ ആറുമണിയാകുമ്പോൾ ഞങ്ങളുടെ അടുത്ത് എത്തിച്ചാൽ മതി. രാവിലെ എട്ടുമണിയ്ക്കുള്ള ട്രെയിനിന് ഞങ്ങൾക്ക് ബാംഗ്ലൂർക്ക് മടങ്ങിപ്പോകണം.”

ദേവാനന്ദ് എല്ലാം മനസ്സിലാക്കി എന്ന് എനിക്കു മനസ്സിലായി. ആ വാക്കുകൾ എന്നെ ഏറെ സന്തോഷിപ്പിക്കുകയും ചെയ്‌തു. കൃഷ്ണമോളെപ്പോലെ സ്വാർത്ഥനല്ല ദേവാനന്ദെന്ന് ഒരിക്കൽ കൂടി എനിക്കുറപ്പായി. ഇങ്ങനെ ഒരു മരുമകനെ ആണല്ലോ ഞങ്ങൾ ആഗ്രഹിച്ചത് എന്ന് ഓർത്തു പോയി. പക്ഷെ കൃഷ്ണമോൾ ശാഠ്യക്കാരിയാണ് അവളുടെ പിടിവാശിയ്ക്കു മുന്നിൽ ദേവാനന്ദ് കീഴ്വഴങ്ങിപ്പോവുകയേ ഉള്ളൂ എന്നും ഓർത്തു.

ദേവാനന്ദ് സമ്മതം അറിയിച്ചതനുസരിച്ച് ഞാൻ തിരികെ മുറിയിലേയ്ക്കു നടന്നു. നരേട്ടനെ വിവരം അറിയിച്ചപ്പോൾ ആ മുഖം സന്തോഷം കൊണ്ട് വിടർന്നു.

“മീരാ… ഈ ഒരു രാത്രി… ഈ ഒരു രാത്രി കൂടി എനിക്ക് എന്‍റെ പേരക്കുട്ടിയെ സ്വന്തമാക്കാൻ കഴിഞ്ഞിരിക്കുന്നു. അവനു വേണ്ടി എന്‍റെ ഓരോ നിമിഷവും മണിക്കൂറുകളും മാറ്റിവയ്ക്കപ്പെടുമ്പോൾ എന്‍റെ ഹൃദയത്തിൽ നിറയുന്നത് സന്തോഷത്തിന്‍റെ ഒരു അലകടലാണ്.”

നരേട്ടന്‍റെ ചുണ്ടുകൾ അങ്ങിനെ എന്നോട് മന്ത്രിക്കും പോലെ തോന്നി.

അന്ന് രാത്രിയിൽ അവൻ ഉറങ്ങുന്നതു വരെ അവനെ കളിപ്പിച്ച്, കൊഞ്ചിച്ച് നരേട്ടനിരുന്നു. പിന്നെ അവൻ ഉറങ്ങിത്തുടങ്ങിയപ്പോൾ അവനെ അരികിൽ ചേർത്തു കിടത്തി ഒരു കമ്പിളി കൊണ്ട് പുതപ്പിച്ചു. പിന്നെ ഏതോ ഹിന്ദി മൂവിയിൽ കമലഹാസൻ ശ്രീദേവിയെ ഉറക്കുന്ന താരാട്ടു മൂളി അവനെ ഉറക്കി. നരേട്ടന്‍റെ നാദമധുരിമയിൽ ഞാനും ആ താരാട്ടു കേട്ട് മെല്ലെ കണ്ണുകൾ പൂട്ടി, നരേട്ടന്‍റെ അരികിൽ ചേർന്നു കിടന്നു. സുഖ സുഷുപ്തിയിലാണ്ടു.

പിറ്റേന്ന് കാലത്ത് വാതിൽക്കൽ മുട്ടു കേട്ടാണ് ഞങ്ങൾ ഉണർന്നത്. വാതിൽ തുറന്നു നോക്കുമ്പോൾ ദേവാനന്ദും, കൃഷ്ണമോളും പുഞ്ചിരിയോടെ നിൽക്കുന്നു.

“ഞങ്ങൾക്ക് യാത്ര പുറപ്പെടാൻ സമയമായി മമ്മീ… മോനെ ഇങ്ങു തരൂ…”

കൃഷ്ണമോൾ ധൃതി കൂട്ടിക്കൊണ്ട് പറഞ്ഞു. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ നരേട്ടൻ മോനെ കെട്ടിപ്പിടിച്ചു കിടന്ന് നല്ല ഉറക്കമാണ്. ആ സുഖ സുഷുപ്തിയിൽ നിന്ന് അവരെ ഉണർത്തുവാൻ മടി തോന്നി. എങ്കിലും ഇനിയും താമസിച്ചാൽ കൃഷ്ണമോൾക്ക് ബാംഗ്ലൂർക്കുള്ള ട്രെയിൻ ലഭിക്കാതെ വന്നാലോ എന്നാലോചിച്ച് നരേട്ടനെ കുലുക്കി വിളിച്ച് പറഞ്ഞു.

“നരേട്ടാ… ഇതാ കൃഷ്ണമോളും, ദേവാനന്ദും പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. നരേട്ടൻ മോനെ അവർക്കു കൊടുക്കൂ.”

അപ്പോഴേയ്ക്കും കൃഷ്ണമോൾ നരേട്ടന്‍റെ അടുത്തെത്തിപ്പറഞ്ഞു.

“പപ്പാ… ബാംഗ്ലൂർക്കുള്ള ട്രെയിൻ എട്ടു മണിയ്ക്കു തന്നെ വന്നെത്തും. ഞങ്ങൾ താമസിച്ചാൽ ആ ട്രെയിൻ കിട്ടുകയില്ല.”

നരേട്ടൻ പെട്ടെന്ന് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു കൊണ്ടു പറഞ്ഞു.

“ഓ… ഞാനോർത്തില്ല നിങ്ങൾക്കിന്ന് ബാംഗ്ലൂർക്ക് പോകേണ്ടതാണെന്ന് വൈകിക്കിടന്നതു കാരണം അറിയാതെ ഉറങ്ങിപ്പോയി. മോനെ കളിപ്പിച്ചു കൊണ്ട് കിടന്നതു കാരണം രാത്രിയിൽ അൽപം വൈകിയാണ് ഞാനുറങ്ങിയത്.”

“അതു സാരമില്ല പപ്പാ… മോനെ ചൂടുവെള്ളത്തിൽ ഒന്നു മേൽക്കഴുകിച്ചെടുക്കണം. നല്ല തണുപ്പായത് കൊണ്ട് കുളിപ്പിക്കുന്നില്ല. വേഗം തരൂ പപ്പാ…”

അവൾ വല്ലാതെ ധൃതി കൂട്ടിക്കൊണ്ട് നരേട്ടന്‍റെ കൈയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങാൻ തുനിഞ്ഞു. ഒരു കമ്പിളിത്തൊപ്പിയും കമ്പിളി ഉടുപ്പും ധരിച്ച് നരേട്ടന്‍റെ തോളിൽക്കിടന്നുറങ്ങിയിരുന്ന അവനെ കൃഷ്ണമോൾ അദ്ദേഹത്തിന്‍റെ പക്കൽ നിന്നും പിടിച്ചു വാങ്ങുകയായിരുന്നു. മനസ്സില്ലാ മനസ്സോടെ അവനെ നൽകുമ്പോൾ നരേട്ടന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒപ്പം ഉണർന്നെണീറ്റ കുഞ്ഞും ഉറക്കെ കരയാൻ തുടങ്ങി. മുത്തച്ഛന്‍റെ ഇളം ചൂടുള്ള സ്നേഹ സ്പർശത്തിൽ നിന്ന് അവനെ അടർത്തിയെടുത്തതിലുള്ള വിദ്വേഷത്തോടെ അവൻ ഉറക്കെക്കരഞ്ഞു. അപ്പോൾ കൃഷ്ണമോൾ പറഞ്ഞു.

“കണ്ടില്ലേ പപ്പയ്ക്കും, കൊച്ചുമോനും തമ്മിൽപ്പിരിയാൻ ഇപ്പോൾത്തന്നെ വലിയ വിഷമം. ഇത്ര കുറച്ചു ദിവസങ്ങൾ കൊണ്ട് നിങ്ങൾ തമ്മിൽ ഇത്രയേറെ അടുത്തു. അപ്പോൾപ്പിന്നെ കൂടുതൽ ദിവസങ്ങൾ ഞങ്ങൾ ഇവിടെ തങ്ങിയിരുന്നുവെങ്കിൽ പപ്പ പിന്നെ മോനെ ഞങ്ങൾക്ക് തന്നു വിടുകയേ ഇല്ലായിരുന്നല്ലോ…” കൃഷ്ണമോൾ അങ്ങിനെ പറഞ്ഞു കൊണ്ട് നരേട്ടനെ നോക്കി ചിരിച്ചു. അപ്പോൾ അവർ ഇത്ര പെട്ടെന്ന് തിരികെപ്പോകാനുള്ള ഒരു കാര്യം അതാണെന്നു തോന്നി. അതുകേട്ട് തൊണ്ടയിടറി കൊണ്ട് നരേട്ടൻ പറഞ്ഞു.

“ശരിയാണ് കൃഷ്ണമോളെ… ഇവനെപ്പിരിയേണ്ടി വരുമ്പോൾ എനിക്കു വലിയ വിഷമം തോന്നുന്നു. ഹൃദയത്തിന് വല്ലാത്ത ഭാരം.”

“പപ്പയും, മമ്മിയും എങ്കിൽ പിന്നെ ഞങ്ങളടെ കൂടെപ്പോരൂ… അതു മാത്രമേ ഇതിനു പരിഹാരമായുള്ളൂ പപ്പാ…”

കൃഷ്ണമോൾ അതു തന്നെ വീണ്ടും ആവർത്തിക്കുന്നതു കേട്ടപ്പോൾ ഞാനിടയിൽക്കയറി പറഞ്ഞു.

“അതിനീ വീടു വിൽക്കുകയും എന്‍റെ ജോലി ഉപേക്ഷിക്കുകയും ഒക്കെ വേണ്ടെ… അതുടനെയൊന്നും നടക്കുമെന്ന് തോന്നുന്നില്ല.”

എന്‍റെ വാക്കുകൾ കൃഷ്ണമോളെ ചൊടിപ്പിച്ചുവെന്നു തോന്നി. “എങ്കിൽ മമ്മി ഈ വീടും ജോലിയും ഉപേക്ഷിക്കാതെ കെട്ടിപ്പിടിച്ചിരുന്നോ. പപ്പായ്ക്ക് വിഷമം മൂത്ത് എന്തെങ്കിലും സംഭവിക്കുമ്പോൾ മമ്മിയ്ക്കു സമാധാനവുമല്ലോ…”

അങ്ങനെ പറഞ്ഞ് അവൾ ടുട്ടുമോനെയുമെടുത്ത് വേഗത്തിൽ അവിടെ നിന്നും നടന്നു മറഞ്ഞു. കൃഷ്ണമോൾ ഒടുവിൽ പറഞ്ഞ വാക്കുകൾ അറം പറ്റുകയായിരുന്നു വെന്ന് പിന്നീട് ഞാനറിഞ്ഞു.

അന്ന് കാലത്ത് എട്ടുമണിയോടെ മോനെയുമെടുത്ത് യാത്രയാകുമ്പോൾ നൊമ്പരം കടിച്ചിറക്കി വാതിൽക്കൽ നിന്നിരുന്ന നരേട്ടനോടു മാത്രം അവൾ യാത്ര പറഞ്ഞു. എന്നെ മനഃപൂർവ്വം അവഗണിക്കുകയാണെന്ന് മനസ്സിലായി.

(തുടരും)

പെയ്തൊഴിയാതെ…

തകർത്തു പെയ്ത മഴയുടെ ശേഷിപ്പുകൾ മരച്ചില്ലകളിൽ നിന്ന് ഉതിർന്നു വീണു കൊണ്ടിരുന്നു. റോഡിൽ കിടന്ന ചെളി വെള്ളം തെറിപ്പിച്ച് വാഹനങ്ങൾ കടന്നു പോയി. ഇതൊന്നുമറിയാതെ ജോസഫ് റോഡരുകിലിരുന്ന് കല്ലുകൾ പെറുക്കി സഞ്ചിയിലാക്കി കൊണ്ടിരുന്നു. ഒന്നിനു പുറകേ ഒന്നായി അവ സഞ്ചിയിലേയ്ക്ക് വീണു.

ചുണ്ടിലിരുന്ന ബീഡി ആവുന്നത്ര ആഞ്ഞു വലിക്കാൻ അയാൾ ശ്രമിച്ചു. പക്ഷേ മഴത്തുള്ളികൾ അത് കെടുത്തിക്കളഞ്ഞു. എങ്കിലും അറിയാതെ അയാൾ ആഞ്ഞുവലി തുടർന്നുകൊണ്ടേയിരുന്നു. ഒപ്പം കല്ലു പെറുക്കുന്നതും.

ശിരസ്സിൽ വീണ ഒരു വലിയ മഴത്തുള്ളി മുതുകിലൂടെ ഒഴുകിയിറങ്ങി താഴേക്ക് പതിച്ചു. അയാളുടെ മുഴുവൻ പാപക്കറയും താൻ ഒഴുക്കിക്കളഞ്ഞതായി ആ മഴത്തുള്ളി അഹങ്കരിച്ചു.

അടുത്ത ബസ്സറ്റോപ്പിൽ പലവിധ നിറങ്ങൾ ആളുകൾ ഇറങ്ങുകയും കയറുകയും ചെയ്‌തു. പലജാതിയിൽപ്പെട്ട പല പ്രായക്കാരായ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അക്കൂട്ടത്തിലുണ്ടായിരുന്നു. അതും ജോസഫ് അറിഞ്ഞില്ല.

അയൽ സംസ്ഥാനത്ത് നിലവിലിരുന്ന പാർട്ടിയുടെ ഭരണം പോയതും എതിർകക്ഷികൾ ഭരണം തുടങ്ങിയതും അയാൾ അറിഞ്ഞില്ല. ആണവക്കരാറിലും ആസിയാൻ കരാറിലും കേന്ദ്രം ഒപ്പു വച്ചതും ജോസഫ് അറിഞ്ഞില്ല.

കാലം കണക്കുകൂട്ടി വച്ച കല്ലുകൾ തെറ്റാതെ അയാൾ സഞ്ചിയിലാക്കുമ്പോഴും തന്‍റെ ജീവിതത്തിലെ കണക്കുകൾ തെറ്റിയതും അയാൾ അറിഞ്ഞില്ല.

അയാളുടെ മനസ്സ് നിറഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ എഴുന്നേറ്റ് നിന്ന് നിറഞ്ഞ സഞ്ചി ആകാശത്തിലേയ്ക്കുയർത്തി പാപം ചെയ്യാത്തവർക്ക് എറിയാനുള്ള കല്ലുകൾ ഭൂമിയിലേയ്ക്ക് കുടഞ്ഞിടുമ്പോഴും താൻ ചെയ്യുന്നതെന്തെന്ന് അയാൾ അറിഞ്ഞിരുന്നില്ല.

ഒന്നിനു പിറകേ ഒന്നായി കല്ലുകൾ താഴേയ്ക്ക് പതിച്ചു. അവ കൂട്ടിയിടിച്ചുണ്ടാകുന്ന ശബ്ദം ഒരാർത്തനാദം പോലെ അയാളുടെ കാതുകളിൽ മുഴങ്ങി. അയാൾ ചിരിച്ചു. ചിരി അട്ടഹാസമായി മാറി. അതിൽ വെറുപ്പും ദൈഷ്യവും സങ്കടവും എല്ലാം അടങ്ങിയിരുന്നു.

ഇരുകൈകളും ആകാശത്തിലേയ്ക്കുയർത്തി അയാൾ നിൽക്കവേ, മഴത്തുള്ളികൾ അയാളുടെ കണ്ണുകളിൽ പതിച്ചു. അത് ചാലുകളായി താഴേയ്ക്ക് ഒഴുകിയൊഴുകി ഒരു ജലാശയമായി തീർന്നു. അതിലൂടെ ജോസഫ് നീന്തി നടന്നു. പെട്ടെന്ന് എല്ലാം ഒരു ജലാശയമായി തീർന്നു. അതിലൂടെ ജോസഫ് നീന്തി നടന്നു.

പെട്ടെന്ന് എല്ലാം നിലച്ചു. അയാൾ താഴേയ്ക്ക് ഇരുന്നു. വീണ്ടും കല്ലുകൾ പെറുക്കി സഞ്ചിയിലേയ്ക്ക് ഇടാൻ തുടങ്ങി. അത് നിറയുകയും ഒഴിയുകയും ചെയ്‌തു കൊണ്ടിരുന്നു.

നേരം വൈകിയപ്പോൾ, അവസാന കല്ലും കുടഞ്ഞിട്ട് സഞ്ചിമടക്കി കക്ഷത്തിൽ വച്ച് ഒരു ബീഡി എടുത്ത് തീ കൊളുത്തി ആഞ്ഞാഞ്ഞ് വലിച്ച് പുകയൂതി വിട്ട് അയാൾ ധൃതിയിൽ കിഴക്കോട്ട് നടന്നു. പുന്നമടക്കായലായിരുന്നു ലക്ഷ്യം. കായലിൽ മുങ്ങി നിവർന്ന് മുഷിഞ്ഞു കീറിത്തുടങ്ങിയ ഷർട്ടും മുണ്ടും ധരിച്ച് വടക്കോട്ട് നടന്നു തുടങ്ങി. പൂന്തോപ്പ് പള്ളിക്കു മുന്നിലെത്തി റോഡ് മുറിച്ച് കടന്ന് കുഞ്ഞുമോന്‍റെ കടയിലെത്തി, മിഠായി ഭരണിയുടെ അടപ്പിൽ തട്ടി അകത്തോട്ടു നോക്കി വിളിച്ചു പറഞ്ഞു. “ചായ…ചായ…” ചായ കുടിക്കുന്നതിനിടയിൽ അടുത്ത ചോദ്യം:

“ബീഡി തരുവോ?” അതാണ് പതിവ്. പരിചയക്കാരല്ലാത്തവരോട് ജോസ്ഫ് ഒന്നും ചോദിക്കാറില്ലായിരുന്നു.

ബീഡി ആഞ്ഞു വലിച്ച് ആരോ ഏൽപ്പിച്ചതു പോലുള്ള ജോലി മുഴുവൻ ചെയ്‌തു തീർത്ത സംതൃപ്തിയിൽ അയാൾ നടന്നു.

ആ കാലടിപ്പാടുകൾ ചെറുതായി ചെറുതായി വന്നു. തെളിഞ്ഞ ആകാശത്തിനു കീഴെ തലയെടുപ്പോടെ നിൽക്കുന്ന മരങ്ങൾ, അവയിൽ കിളികൾ കൂടു കൂട്ടിയിരുന്നു. ഒരു തുമ്പിയെ പിടിക്കാൻ ജോസഫും റോസ്മേരിയും മരങ്ങൾക്കിടയിലൂടെ പതുങ്ങി പതുങ്ങി നടന്നു. രണ്ടുപേരെയും കബളിപ്പിച്ച് ഒരു ചെടിയിൽ നിന്നും മറ്റൊരു ചെടിയിലേയ്ക്ക് തുമ്പി പറന്നു നടന്നു.

കറുത്ത കൺപീലികളോടു കൂടിയ വലിയ കണ്ണുകളായിരുന്നു അവളുടേത്. പേരു പോലെ നിറമുള്ള ചുണ്ടുകളും. സ്കൂളിലും പള്ളിയിലും പോകുന്നത് ജോസഫും റോസ്മേരിയും ഒരുമിച്ചായിരുന്നു. സ്കൂളിൽ പോകാൻ അവൾ വരുമ്പോൾ മുറ്റത്തു നിൽക്കുന്ന ചാമ്പമരത്തിൽ നിന്നും റോസ് നിറത്തിലുള്ള ചാമ്പയ്ക്കാ പറിച്ച് അവൻ അവൾക്ക് കൊടുക്കുമായിരുന്നു.

ഒരു ദിവസം ചാമ്പയ്ക്കാ കിട്ടിയില്ലെങ്കിൽ അവൾ പിണങ്ങും. ചെറിയ കാര്യം മതിയായിരുന്നു അവൾക്ക് പിണങ്ങാൻ. ഇണങ്ങിയും പിണങ്ങിയും രാത്രിയും പകലും കടന്നു പോയ്ക്കൊണ്ടിരുന്നു.

നക്ഷത്രങ്ങളില്ലാത്ത ആകാശം. ഇരുട്ടിന് കട്ടി കൂടി കൂടി വന്നു. തണുത്ത കാറ്റ് ആഞ്ഞുവീശി. മരത്തിനു മുകളിലിരുന്ന കൂമൻ ചിറകടിച്ച് പറന്നു പോയി. നായ്ക്കളുടെ ഓരിയിടൽ മാത്രമായിരുന്നു ആ ഭീകര രാത്രിക്ക് കൂട്ടായിരുന്നത്.

ഇരുട്ടിന്‍റെ കരിമ്പടം മാറ്റി സൂര്യൻ പതിയെപ്പതിയെ പുറത്തേയ്ക്ക് വന്നു. എന്തൊക്കെയോ ഉച്ചത്തിൽ പറഞ്ഞു കൊണ്ട് ആൾക്കാർ ഓടിപ്പോകുന്ന ശബ്ദം കേട്ടു കൊണ്ടാണ് കണ്ണും തിരുമ്മി ജോസഫ് വീടിനു പുറത്തേയ്ക്ക് വന്നത്. റോസ്മേരിയുടെ വീടിനെ ലക്ഷ്യം വച്ച് ഓടിയവരുടെ കൂടെ ജോസഫും കൂടി.

അവളുടെ വീടിന് തൊട്ടടുത്ത പറമ്പിൽ ആൾക്കാർ വട്ടം കൂടി നിൽക്കുന്നു. അവരുടെ ഇടയിലൂടെ തിക്കിത്തിരക്കി എത്തിയ ജോസഫിന് ഒന്നേ നോക്കാൻ കഴിഞ്ഞുള്ളൂ.

ദേഹം മുഴുവൻ ചോരയിൽ കുളിച്ച്, ഏതോ കാമദ്രോഹി കടിച്ചു തുപ്പിയ കരിമ്പിൻ ചണ്ടിയായി റോസ്മേരി കിടക്കുന്നു. ആ വലിയ കണ്ണുകൾ അടഞ്ഞിരുന്നില്ല. ചുണ്ടുകളിലെ നിറം മാഞ്ഞു പോയിരുന്നു. അലറിക്കരഞ്ഞു കൊണ്ട് അവൻ പിൻതിരിഞ്ഞോടി.

ഒരുപാട് കൈകൾ തന്നെപ്പിടിക്കാൻ വരുന്നതായി ജോസഫിന് തോന്നി. പെട്ടെന്ന് കല്ലുകളെടുത്ത് അവൻ തലങ്ങും വിലങ്ങും എറിയാൻ തുടങ്ങി. ഒടുവിൽ കുറേ കല്ലുകൾ വാരി നെഞ്ചോട് അടുക്കിപ്പിടിച്ചു. പാപം ചെയ്യാത്തവർക്ക് എറിയാനുള്ള കല്ലുകളായിരുന്നു അതെല്ലാം. ദിവസങ്ങൾ ഏൽപ്പിക്കുന്ന മുറിവുകളുടെ ബാക്കി ഏറ്റെടുത്തു കൊണ്ട് മാസങ്ങളും വർഷങ്ങളും കടന്നു പോയി.

കാലം തെറ്റാതെ. എല്ലാം സംഹരിക്കാനുള്ള ആഗ്രഹത്തോടെ മഴ തകർത്തു പെയ്തു.

“ജില്ലാക്കോടതി പാലത്തിനരുകിലിരുന്ന് കല്ല് പെറുക്കി സഞ്ചിയിലാക്കുന്ന ആ വട്ടനുണ്ടല്ലോ- ജോസഫ് അയാൾ മരിച്ചു.”

ആരോ പറഞ്ഞതു കേട്ട് കുഞ്ഞുമോൻ ഒഴിഞ്ഞ ചായ ഗ്ലാസിലേയ്ക്കും ബീഡി പാത്രത്തിലേയ്ക്കും മാറി മാറി നോക്കി. തോരാതെ പെയ്യുന്ന മഴയിൽ പാപം ചെയ്യാത്തവർക്ക് എറിയാനുള്ള കല്ലുകൾ അപ്പോഴും കോടതിപ്പാലത്തിന് സമീപം കൂടിക്കിടക്കുന്നുണ്ടായിരുന്നു.

കെമിസ്ട്രി

ബൈ, അമ്മേ ദേ ഞാൻ പോകുവാ… പിന്നെ അമ്മേ, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കും മുമ്പ് മരുന്ന് കഴിക്കാൻ മറക്കരുതെ.” പല്ലവി ഓഫീസിലേക്ക് തിരക്കിട്ടിറങ്ങും മുമ്പ് അമ്മയെ ഓർമ്മിപ്പിച്ചു.

“ഈ ടിഫിൻ കൂടി എടുക്ക്. എന്നും മറന്നു വച്ചിട്ട് ഒറ്റപ്പോക്കാ… ഓഫീസിൽ എത്തിയിട്ട് വിളിക്കണേ” ലളിതാമ്മ പിറകെ വന്നു പറഞ്ഞു.

“ഞാൻ മറന്നാലെന്താ, എന്നെ ഓർമ്മിപ്പിക്കാൻ ഈ പുന്നാരയമ്മയില്ലേ?” പല്ലവി ടിഫിൻ വാങ്ങി കൊണ്ട് അമ്മയുടെ ചുമലിൽ സ്നേഹത്തോടെ പിടിച്ചു.

അമ്മയും വാത്സല്യത്തോടെ പല്ലവിയുടെ കവിളിൽ നുള്ളി. കാന്‍റീനിൽ നിന്നും ഭക്ഷണം കഴിക്കരുതെന്ന് അമ്മ ഓർമ്മിപ്പിക്കാനും മറന്നില്ല.

“ഇല്ലമ്മേ, ഞാൻ കഴിക്കില്ല… പിന്നെ അമ്മേ വൈകിട്ട് 5 മണിക്ക് റെഡിയായിരിക്കണം. ഞാൻ വേഗം വരാൻ നോക്കാം.” പല്ലവി അമ്മയുടെ ചെവിയിൽ പിറുപിറുത്തു.

“എന്താ രണ്ടുപേരും കൂടി ഒരു സ്വകാര്യം?” പല്ലവിയും അമ്മയും തമ്മിലുള്ള പതിഞ്ഞ സംസാരം കേട്ട് വിനീത് ചോദിച്ചു.

“അച്‌ഛാ നമ്മൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇവിടെ അമ്മായിയമ്മയും മരുമകളും തമ്മിൽ എന്തോ ഗൂഢാലോചന നടക്കുകയാ.”

വിനീത് ഉച്ചത്തിൽ പറയുന്നത് കേട്ട് സ്വീകരണ മുറിയിലിരുന്ന് പത്രം വായിക്കുകയായിരുന്ന വാസുദേവന് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. പക്ഷേ പ്രശ്നം അങ്ങനെ വിടാൻ വിനീത് തയ്യാറായില്ല.

അയാൾ കാര്യമറിയാനായി അമ്മയുടെ പിന്നാലെ നടന്നു. സ്വകാര്യമെന്താണെന്ന് അറിയാൻ വിനീത് അമ്മയോട് ആവർത്തിച്ചാവർത്തിച്ച് അപേക്ഷിച്ചു കൊണ്ടിരുന്നു. പക്ഷേ അമ്മ വിദഗ്ദ്ധമായി ഒഴിഞ്ഞു മാറി.

“അത് ഞങ്ങൾ അമ്മയും മരുമകളും തമ്മിലുള്ള കാര്യമാണ്.” ലളിതാമ്മ കുസൃതിയോടെ വിനീതിന്‍റെ ചെവി പിടിച്ച് നുള്ളി.

അമ്മയുടെ പിന്നാലെ നടന്നിട്ട് കാര്യമില്ലെന്ന് അറിഞ്ഞതോടെ വിനീത് ഓഫീസിലേക്ക് പുറപ്പെട്ടു. ഇരുവരും ഓഫീസിലേക്ക് പോയ ശേഷം ലളിതാമ്മ 2 കപ്പ് ചായയുമായി ചിരിച്ചു കൊണ്ട് വാസുദേവനരികിൽ ചെന്നിരുന്നു. ലളിതാമ്മയുടെ കയ്യിൽ നിന്നും ചായ വാങ്ങി കുടിച്ചു കൊണ്ടിരിക്കെ ഭാര്യയെ നോക്കി വാസുദേവൻ പുഞ്ചിരിച്ചു കൊണ്ടിരുന്നു.

“എന്താ ഇങ്ങനെ ചിരിക്കുന്നത്? എന്തോ ഒന്ന് മനസിലൊളിപ്പിക്കുന്നുണ്ടല്ലോ…?” ലളിതാമ്മ പൊട്ടിച്ചിരിയോടെ വാസുദേവനെ നോക്കി.

“നിന്‍റെ കുട്ടിക്കളി ഇതുവരെ മാറിയില്ലല്ലോയെന്നോർത്ത് ചിരിച്ചതാ. നിങ്ങൾ തമ്മിൽ പറഞ്ഞ കാര്യം ആ പാവത്തിനോട് എന്താ പറയാതിരുന്നത്. പക്ഷേ, എന്തൊക്കെ പറഞ്ഞാലും നിങ്ങൾ അമ്മായിയമ്മയും മരുമകളും തമ്മിലുള്ള സ്നേഹം… അപാരമാ… അത് കാണുന്നത് തന്നെ സന്തോഷമാണ്.” വാസുദേവൻ പറഞ്ഞത് കേട്ട് ലളിതാമ്മ ദീർഘമായി നിശ്വസിച്ചു.

“ശരിയാ, നമ്മുടെ സമൂഹത്തിലാണെങ്കിൽ പെണ്ണിനെ കെട്ടിച്ചയക്കുന്നതോടെ അവളുടെ ജീവിതത്തിന്‍റെ നല്ലൊരു ഭാഗം ഭർത്താവിന്‍റെ വീട്ടിലായിരിക്കും. ഭർത്താവിന്‍റെ വീട്ടിൽ ആദ്യമായി കാലുകുത്തുന്നത് തന്നെ വലിയ പേടിയോടെയാവും. ഭർത്താവിന്‍റെ വീട്ടുകാർ തന്നെ അംഗീകരിക്കുമോ ഇല്ലയോ എന്നൊക്കെ ഓർത്ത് ആശങ്കപ്പെടും. പക്ഷേ മിക്ക വീടുകളിലും സംഭവിക്കുന്നതെന്താ, വന്ന് കയറുന്ന മരുമകളെ കൊണ്ട് അമ്മായിയമ്മ വീട്ടിലെ മുഴുവൻ ജോലിയും ചെയ്യിക്കും. പോരാത്തതിന് കുറ്റപ്പെടുത്തലും കലഹവും. നേരെ തിരിച്ചും സംഭവിക്കാറുണ്ട്. പരസ്പരം സ്നേഹവും ബഹുമാനവും ഇല്ലാത്തതു കൊണ്ടാ അങ്ങനെ സംഭവിക്കുന്നത്. അംഗീകരിക്കാനുള്ള മനസ്സും കാണിക്കണം. ഭാഗ്യത്തിന് ഞങ്ങൾ രണ്ടാൾക്കും അതുണ്ട്.”

“വീടിന്‍റെ നല്ലതിനു വേണ്ടി മരുമകൾക്ക് തീരുമാനമെടുക്കാനുള്ള അവകാശമില്ലേ? അവളുടെ അഭിപ്രായങ്ങളെ മാനിക്കേണ്ടതല്ലേ? തന്‍റെ മകനെ വീട്ടിൽ വന്ന് കയറുന്ന മരുമകൾ തട്ടിയെടുക്കുമെന്ന് എന്തു കൊണ്ടാ അമ്മായിയമ്മ ചിന്തിക്കുന്നത്? അങ്ങനെ തോന്നുവാണെങ്കിൽ മോനെ പിടിച്ച് പെണ്ണ് കെട്ടിക്കുന്നതെന്തിനാ? സാരി തുമ്പിൽ കെട്ടിയിട്ട് കൊണ്ട് നടന്നാൽ പോരെ. വിവാഹശേഷം മോൻ വല്ലതും എതിർത്ത് പറഞ്ഞാലോ… മരുമകളുടെ തലയിണ മന്ത്രമാണെന്നായിരിക്കും അമ്മായിയമ്മയുടെ കണ്ടുപിടുത്തം.” ലളിതാമ്മ വികാരധീനയായി പറഞ്ഞു കൊണ്ടിരുന്നു. അവരുടെ മുഖത്തെ ഭാവ മാറ്റം വാസുദേവൻ ശ്രദ്ധിച്ചു.

ലളിതാമ്മയുടെ മനസ്സിൽ വർഷങ്ങൾക്ക് മുമ്പ് ഊറി കൂടിയ സങ്കടങ്ങളാണ് പുറത്തേക്ക് വരുന്നതെന്ന് വാസുദേവന് മനസിലായി. തന്‍റെ അമ്മയിൽ നിന്നും എന്തുമാത്രം കഷ്ടതകളാണ് ലളിത സഹിച്ചത്.

ഒരിക്കലും അമ്മ അവളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിച്ചിരുന്നില്ല. നിസ്സാര കാര്യത്തിനുപോലും അമ്മ ലളിതയെ ക്രൂരമായി ശകാരിച്ചിരുന്നു. ദേഷ്യം വന്ന് അമ്മ അടിച്ച സംഭവം വരെയുണ്ടായി. അന്നൊക്കെ ലളിത നിശബ്ദയായി തേങ്ങിക്കരഞ്ഞ്, സങ്കടങ്ങളെയൊക്കെ ഉള്ളിലൊളിപ്പിച്ച് വീട്ടിലെ മുഴുവൻ ജോലിയും ഒരു യന്ത്രം കണക്കെ ചെയ്‌തു തീർക്കും.

പക്ഷേ ഒരു കാര്യത്തിൽ മാത്രം ലളിത അമ്മയോട് പ്രതികരിക്കുമായിരുന്നു. തന്‍റെ അമ്മയേയും അച്‌ഛനേയും അമ്മായിയമ്മ അനാവശ്യമായി കുറ്റപ്പെടുത്തുമ്പോൾ ലളിതയ്ക്ക് സഹിക്കില്ല. അപ്പോഴൊക്കെ ലളിതയെ വീട്ടിൽ കൊണ്ടു വിടുമെന്ന് പറഞ്ഞ് അമ്മ ഭീഷണി മുഴക്കും. തന്‍റെ മകന് പെൺകുട്ടികളെ കിട്ടാൻ വിഷമമൊന്നും ഇല്ലെന്നും അമ്മ പറഞ്ഞ് ലളിതയെ താക്കീതും ചെയ്‌തിരുന്നു. പാവം വാസുദേവനും ഇക്കാര്യത്തിൽ നിസ്സഹാനായി ഇരിക്കാനെ കഴിഞ്ഞുള്ളൂ.

സങ്കടവും നിസ്സഹായവസ്‌ഥയും ഉള്ളിൽ കടിച്ചമർത്തുകയല്ലാതെ അമ്മയെ എതിർത്ത് ഒരക്ഷരവും പറയാൻ അദ്ദേഹത്തിനായില്ല. അഥവാ ചെറുതായി പോലും എന്തെങ്കിലും അമ്മയെ കുറ്റപ്പെടുത്തിയാൽ പെൺകോന്തൻ, നാണമില്ലാത്തവൻ എന്നിങ്ങനെയുള്ള ആക്ഷേപ പദങ്ങൾ കൊണ്ട് അമ്മ വാസുദേവന്‍റെ നാവടപ്പിച്ചിരുന്നു. അതിനും കുറ്റം മുഴുവനും ലളിതാമ്മയ്ക്കായിരുന്നു. ആ കയ്പ്പുനിറഞ്ഞ ഓർമ്മകൾ ഇന്നലെയെന്നോണം ഇരുവരുടേയും മനസ്സിലേക്ക് ഓടി വന്നു.

“നമ്മുടെ വീട്ടിൽ ഒരു മരുമകൾ കടന്നുവരികയാണെങ്കിൽ ഞാനൊരിക്കലും അമ്മായിയമ്മ ആകില്ലെന്നും വീട്ടിലെ മുഴുവൻ ഭാരങ്ങളും മരുമകളുടെ തലയിൽ കെട്ടി വച്ച് ബുദ്ധിമുട്ടിക്കില്ലെന്നും ഞാനന്നേ വിചാരിച്ചതാ. കാരണം ആ പെൺകുട്ടിയും ഏറെ പ്രതീക്ഷയോടെയായിരിക്കുമല്ലോ ഈ വീടിന്‍റെ പടി ചവിട്ടുക.”

“പക്ഷേ, നിന്‍റെ മരുമകൾ നല്ലവളല്ലായിരുന്നെങ്കിലോ? അപ്പോൾ എന്ത് ചെയ്തേനെ” വാസുദേവൻ ചെറുചിരിയോടെയാണ് ലളിതാമ്മയോട് ചോദിച്ചു.

ഭർത്താവിന്‍റെ ചോദ്യം കേട്ട് ലളി താമ്മ പൊട്ടിച്ചിരിച്ചു. “എന്‍റെ ആഗ്രഹമനുസരിച്ചുള്ള മരുമകൾ വരാതിരിക്കട്ടെയെന്നും ഞാൻ ചിന്തിച്ചിരുന്നു. എന്നാലും ഞാൻ നല്ല അമ്മയാവുമായിരുന്നു. എല്ലാ പെൺകുട്ടികളും നല്ല മരുമകളാകണമെന്ന് ആഗ്രഹിക്കാറുണ്ട്. പക്ഷേ അതിനായി അമ്മായിയമ്മമാരും സ്വന്തം ഉത്തരവാദിത്വങ്ങളെപ്പറ്റി ബോധമുള്ളവരാകണം. അയ്യോ സംസാരിച്ച് സമയം പോയതറിഞ്ഞില്ല.” ക്ലോക്കിലേക്ക് നോക്കിയ ലളിതാമ്മ സോഫയിൽ നിന്നും ചാടിയെണീറ്റു.

“ഇന്ന് ഷോപ്പിലേക്ക് പോകുന്നില്ലേ?” ലളിതാമ്മ വാസുദേവനെ ഓർമ്മിപ്പിച്ചു.

“ഇന്ന് അവധിയെടുത്താലോ എന്ന് ആലോചിക്കുകയാണ്. തന്നെയുമല്ല ലേറ്റ് ആവുകയും ചെയ്‌തു. പൊതുവെ കസ്റ്റമേഴ്സും കുറവായിരിക്കും. ഇന്ന് സ്റ്റാഫ് കാര്യങ്ങൾ നോക്കട്ടെ” വാസുദേവൻ പറഞ്ഞു.

വാസുദേവന് സിറ്റിയിൽ സ്വന്തമായി ഒരു ടെക്സ്റ്റെയിൽ ഷോറൂം ഉണ്ട്. പണ്ടു തുടങ്ങിയുള്ള ബിസിനസ്സാണ്. അതുകൊണ്ടാണ് കുടുംബം ഈ നിലയിലായത്.

“നീയും മരുമകളും എന്താ പ്ലാൻ ചെയ്‌തിരിക്കുന്നതെന്ന് പറ?” വാസുദേവൻ ആകാംക്ഷയോടെ ലളിതാമ്മയെ നോക്കി.

വാസുദേവന്‍റെ ചോദ്യത്തിന് മുന്നിൽ ലളിതാമ്മ ആദ്യമൊന്ന് ഒഴിഞ്ഞു മാറാൻ ശ്രമിച്ചുവെങ്കിലും അയാളുടെ ആവർത്തിച്ചുള്ള ചോദ്യത്തിൽ ലളിതാമ്മയ്ക്ക് ആ രഹസ്യം പറയേണ്ടി വന്നു. “ഇന്ന് ഞങ്ങൾ രണ്ടുപേരും കൂടി ഒരു സിനിമ കാണാൻ പോകുവാ.”

“ഏത് സിനിമ?” വാസുദേവന്‍റെ കണ്ണുകൾ തിളങ്ങി.

“അതൊക്കെയുണ്ട്. ഇന്ന് നിങ്ങൾ ഇവിടെയുള്ള സ്‌ഥിതിക്ക് വീട്ടിലെ കാര്യങ്ങൾ നോക്കേണ്ട ചുമതല നിങ്ങൾക്കാണ്.” ലളിതാമ്മ ഗൂഢമായി പുഞ്ചിരിച്ചു.

“ഓഹോ, നിങ്ങൾ അമ്മയും മോളും കൂടി സിനിമ കാണുമ്പോൾ ഞങ്ങൾ അച്ഛനും മോനും കൂടി വീട്ടിലെ കാര്യങ്ങൾ നോക്കണമല്ലേ ഇതല്ലേ പറയാൻ ആഗ്രഹിക്കുന്നത്.”

“അതെ, അങ്ങനെ തന്നെയാണ്” എന്ന് ചിരിച്ചു കൊണ്ട് ലളിതാമ്മ അടുക്കളയിലേക്ക് പോയി.

“എങ്കിൽ ശരി, ഞങ്ങൾ ഫുഡ് ഉണ്ടാക്കിക്കോളാം. പക്ഷേ ഇപ്പോ ഒരു കപ്പ് ചായ ഉണ്ടാക്കി തരാമോ” ലളിതാമ്മ പരിഭവം നടിച്ചുകൊണ്ട് ചായ തയ്യാറാക്കാൻ അടുക്കളയിലേക്ക് പോയി.

എന്തൊക്കെയായാലും ലളിതാമ്മയും വാസുദേവനും മാതൃകാദമ്പതികളായിരുന്നു. അവർ സ്വന്തം ജീവിതത്തിൽ ഏറെ സന്തുഷ്ടരായിരുന്നു. അവരുടെ ലോകത്തേക്ക് കടന്നു വന്ന പല്ലവിയാകട്ടെ മരുമകളായിരുന്നില്ല. മകൾ തന്നെയായിരുന്നു. താനൊരു മരുമകളാണെന്ന ചിന്ത പല്ലവിയിൽ ഉണ്ടാകാത്ത വിധമായിരുന്നു അവരുടെ പെരുമാറ്റവും.

അയൽവാസികൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പല്ലവിയും ലളിതാമ്മയും തമ്മിലുള്ള ബന്ധം അദ്ഭുതമായിരുന്നു. അമ്മയും മരുമകളും തമ്മിലുള്ള ബന്ധത്തെയും അടുപ്പത്തേയും കുറിച്ച് അവരെല്ലാവരും അസൂയ കലർന്ന അഭിമാനത്തോടെയാണ് സംസാരിച്ചിരുന്നത്. ഒരുമിച്ച് സന്തോഷത്തോടെ ഇങ്ങനെ കഴിയാൻ പറ്റുമോയെന്നായിരുന്നു അവർക്ക് സംശയം. അവർ അമ്മായിയമ്മയും മരുമകളുമാണെന്ന് പെരുമാറ്റത്തിൽ നിന്നും തിരിച്ചറിയുക പോലുമില്ലായിരുന്നു.

ഒരു മൾട്ടി നാഷണൽ കമ്പനിയിലായിരുന്നു പല്ലവിയ്ക്ക് ജോലി. അവിടെ വച്ച് വിനീതുമായി പരിചയത്തിലാവുകയായിരുന്നു. ആ പരിചയം പ്രണയമായി മാറി. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ അവർ വിവാഹിതരുമായി.

കുട്ടിക്കാലം മുതൽക്കേ, പല്ലവിയ്ക്ക് അമ്മായിയമ്മ, അമ്മായിയച്ഛൻ എന്നിങ്ങനെയുള്ള വ്യക്തികൾ പേടിയുളവാക്കുന്ന കാര്യങ്ങളായിരുന്നു. അമ്മായിയമ്മയ്ക്കും മരുമകൾക്കും തമ്മിൽ ഒരിക്കലും സ്നേഹപൂർവ്വം ഇടപഴകാൻ കഴിയില്ലെന്ന ധാരണ അവളുടെ മനസിൽ പണ്ടുതൊട്ടെ അടിയുറച്ചിരുന്നു. അതിന് വ്യക്തമായ കാരണവുമുണ്ട്.

തന്‍റെ അമ്മയും അച്‌ഛമ്മയും പരസ്പരം കലഹിക്കുന്നതിന് അവൾ കുട്ടിക്കാലം മുതൽക്കേ സാക്ഷിയായിരുന്നു. അവർ ഒരിക്കലും പരസ്പരം സ്നേഹത്തോടെ ഇടപഴകുന്നത് അവൾ കണ്ടിരുന്നില്ല. അതുപോലെയായിരുന്നു അവൾക്കടുപ്പമുണ്ടായിരുന്ന ബന്ധുവീടുകളിലെല്ലാം. പരിസരത്തുള്ള വീടുകളിലും സ്ഥിതി ഇങ്ങനെയൊക്കെ തന്നെ.

പല്ലവിയുടെ വീട്ടിൽ അച്‌ഛമ്മയും മോശമായിരുന്നില്ല. അച്ഛമ്മ ഒരു കാര്യം പറയുമ്പോൾ അമ്മ ആയിരം തവണ അതിനെ എതിർത്തു പറയും. പിന്നെ അടുത്ത നിമിഷം എന്താ ഉണ്ടാകുന്നതെന്ന് പറയേണ്ടതുണ്ടോ…

അങ്ങനെയിരിക്കെ പല്ലവിയുടെ അച്‌ഛമ്മ എന്നന്നേക്കുമായി വിട പറഞ്ഞു. അച്‌ഛമ്മയുടെ മരണാനന്തരച്ചടങ്ങിൽ തന്‍റെയമ്മ എല്ലാവരുടെയും മുന്നിൽ കള്ളക്കണ്ണീർ ഒഴുക്കുന്നത് കണ്ട് പല്ലവിയ്ക്ക് ആശ്ചര്യം തോന്നി. തന്‍റെ അമ്മായിയമ്മയല്ല, തന്‍റെ സ്വന്തം അമ്മയാണ് മരിച്ചതെന്ന് പറഞ്ഞ് വിലപിക്കുന്ന അമ്മയെ കണ്ടപ്പോൾ പല്ലവി അമ്പരന്നു. ആ സമയത്ത് സത്യാവസ്ഥ എല്ലാവരോടും തുറന്ന് പറയാൻ തോന്നിയിരുന്നുവെങ്കിലും അവൾ നിശബ്ദത പാലിക്കുകയായിരുന്നു.

അമ്മായിയമ്മയും മരുമകളും തമ്മിലുള്ള കലഹം കണ്ടും കേട്ടും വളർന്ന പല്ലവിയ്ക്ക് വിവാഹത്തിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടിരുന്നു. വിവാഹത്തെ കുറിച്ച് കേൾക്കുമ്പോൾ തന്നെ അവൾക്ക് ഞെട്ടലായിരുന്നു. തന്‍റെ വരനാകാൻ പോകുന്നയാളുടെ വീട് എങ്ങനെയായിരിക്കും. ഭാവി ഭർത്താവിന്‍റെ അമ്മ തന്നോട് കലഹിക്കുമോ എന്നൊക്കെയുള്ള ആശങ്കകളായിരുന്നു അവളുടെ മനസ്സിൽ. അവളുടെ മനസ്സിൽ വിവാഹത്തെ ക്കുറിച്ച് കേൾക്കുമ്പോഴൊക്കെ ആധികൾ കടന്നുവന്നു.

തന്‍റെ മനസിലുള്ള ഈ ആശങ്കയെ പറ്റി അവൾ വിനീതിനോടും പറഞ്ഞിരുന്നു. അത് കേട്ട് വിനീത് അന്ന് കുറേനേരം ചിരിക്കുകയും ചെയ്‌തു.

“അയ്യോ ആകെ കുഴപ്പാമാ, എന്‍റെ അമ്മ ശരിക്കും ഒരു ഭീകര ജീവിയാ. ഹൊ എന്‍റെ കാര്യമൊക്കെ വീട്ടിൽ മഹാ കഷ്ടമാ… അപ്പോ ഞാൻ കല്യാണം കഴിക്കുന്ന പെണ്ണിന്‍റെ കാര്യം പറയാനുണ്ടോ? നീ ഒന്നു കൂടി ആലോചിച്ചിട്ട് മതി കല്യാണം. പിന്നീട് പശ്ചാത്തപിക്കേണ്ടി വരരുത്.” പല്ലവി മിഴിച്ചിരുന്നു.

“ഒന്നു പോ പെണ്ണേ, എന്‍റെയമ്മ പഴയകാലത്തെ അമ്മായിയമ്മയൊന്നുമല്ല. നിനക്ക് അമ്മയെ കണ്ട് കഴിയുമ്പോൾ മനസിലാവും.”

വിനീതിന്‍റെ മറുപടി അവളുടെ ഭയത്തെ അകറ്റിയെങ്കിലും അത് പൂർണ്ണമായും മാറിയിരുന്നില്ല. എന്നാലും അമ്മായിയമ്മയെ ചൊല്ലി ഉള്ളിലെവിടെയോ ഒരു വെറുപ്പ് ഉണ്ടായിരുന്നു. വിനീതിന്‍റെ വീട്ടിൽ കാലുകുത്തും വരെ അവളുടെ മനസ്സിൽ അമ്മായിയമ്മയ്ക്ക് ഒരിക്കലും ഒരമ്മയാകാൻ പറ്റില്ലായെന്ന ആശങ്ക മാത്രമായിരുന്നു.

പോരാത്തതിന് വിവാഹം അടുത്ത സമയങ്ങളിലൊക്കെ അമ്മായിയമ്മയോടുള്ള പെരുമാറ്റം എങ്ങനെയായിരിക്കണമെന്ന് അമ്മ അവൾക്ക് ഉപദേശവും നൽകിയിരുന്നു.

“നോക്ക് മോളെ, അമ്മായിയമ്മയെ അമ്മയായി കരുതരുത്. അങ്ങനെയൊരു മണ്ടത്തരം നീ കാട്ടരുത്. അമ്മായിയമ്മ ഒരു ഭദ്രകാളിയായിരിക്കും. അമ്മേ അമ്മേന്ന് വിളിച്ചിട്ട് അവരെ തലയിൽ കയറ്റിയിരുത്തരുത്. ചെന്നപാടെ വീട്ടിലെ മുഴുവൻ ജോലിയും ചെയ്യരുത്. പരമാവധി ചെയ്യാതിരിക്കുക. അങ്ങനെ ചെയ്താൽ അവർ നിന്‍റെ തലയിൽ കയറില്ല. മറ്റൊന്ന് ഭർത്താവിനെ കയ്യിലൊതുക്കുകയെന്നതാ. നിന്‍റെ അറിവോടെ മാത്രമേ വിനീത് ഏത് കാര്യവും ചെയ്യാൻ പാടുള്ളൂ. ഞാൻ പറഞ്ഞതൊക്കെ മനസിലാവുന്നുണ്ടല്ലോ?”

അമ്മ പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധിച്ചെങ്കിലും മറ്റ് ചില കാര്യങ്ങൾ അവൾ തള്ളിക്കളഞ്ഞു.

ഭർതൃവീട്ടിൽ ആദ്യമായി വലത് കാൽ വച്ച് കയറിയപ്പോൾ അവൾ ലളിതാമ്മയുടെ മുഖത്തേക്ക് ആദ്യമായി സൂക്ഷിച്ച് നോക്കി. അവരുടെ തടിച്ചുരുണ്ട മുഖവും തടിച്ച ശരീര പ്രകൃതവുമൊക്കെ കണ്ടപ്പോൾ അവൾക്ക് ഉള്ളിൽ ഭയം തോന്നി.

നിറഞ്ഞ ആത്മവിശ്വാസത്തോടെയുള്ള അവരുടെ സംസാരം കേൾക്കുമ്പോഴൊക്കെ പല്ലവിയ്ക്ക് വിറയൽ അനുഭവപ്പെട്ടു. അപ്പോഴെ അവളുടെ മനസിൽ ഒരു വിചാരം കടന്നു കൂടി. ഇനിയുള്ള തന്‍റെ ജീവിതത്തിൽ ഒരു പാവം മരുമകൾ സഹിക്കേണ്ട എല്ലാ യാതനകളും സഹിക്കേണ്ടി വരുമെന്ന വിചാരം.

ഒരു ദിവസം തന്‍റെ അമ്മയെക്കുറിച്ചോർത്ത് പല്ലവി കരയുന്നത് കണ്ട് ലളിതാമ്മ നെഞ്ചോട് ചേർത്തു പിടിച്ച് അവളെ ആശ്വസിപ്പിച്ചു. തന്നെ സ്വന്തം അമ്മയെപ്പോലെ കരുതുകയെന്നവരുടെ സ്നേഹപൂർവ്വമായ നിർദ്ദേശം അവളുടെ മനസിന് ആശ്വാസം പകർന്നു.

“ഇവിടെ ഒരു കാര്യത്തിനും ഒരു തടസ്സവും നിയന്ത്രണവുമുണ്ടാകില്ല. ഇത് നിന്‍റെയും കൂടി വീടാണ് മോളെ. മോള് എന്‍റെ സ്വന്തം മകൾ തന്നെയാ.” ലളിതാമ്മയുടെ സ്നേഹ നിർഭരമായ വാക്കുകൾ അവളുടെ മനസിലെ സകല ആശങ്കകളേയും തൂത്തെറിഞ്ഞു. ആ വീടുമായി ഇണങ്ങിച്ചേരാനും ബന്ധുക്കളെ പരിചയപ്പെടാനും ലളിതാമ്മ അവൾക്ക് വേണ്ട അവസരങ്ങൾ ഒരുക്കി കൊടുത്തു. അവർ മരുമകളേയും കൂടി ബന്ധുവീടുകളിലും അമ്പലങ്ങളിലും പോയി.

പല്ലവിയിൽ നിന്നും എന്തെങ്കിലും തെറ്റ് പിണഞ്ഞാൽ തന്നെ ഒരമ്മയുടെ സ്നേഹ വാത്സല്യത്തോടെ അവരത് തിരുത്തിയിരുന്നു. ലളിതാമ്മ തന്നെ അവളെ പാചകകല പരിശീലിപ്പിച്ചു. അതുവരെ പല്ലവിയ്ക്ക് ഓംലറ്റ് ഉണ്ടാക്കാനും മാഗി തയ്യാറാക്കാനും കഷ്ടിച്ച് ചായയുണ്ടാക്കാനും മാത്രമേ അറിയുമായിരുന്നുള്ളൂ. പക്ഷേ അതിന്‍റെ പേരിൽ ലളിതാമ്മ അവളെ ഒരിക്കലും ശകാരിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്‌തിരുന്നില്ല. ആരെങ്കിലും കുറ്റപ്പെടുത്താൻ മുതിർന്നാൽ തന്നെ ലളിതാമ്മ അവരുടെ വായടപ്പിക്കുകയും ചെയ്‌തിരുന്നു.

ലളിതാമ്മയുടെ സ്നേഹത്തോടെയുള്ള പെരുമാറ്റവും കരുതലും പല്ലവിയുടെ മനസിൽ പുതിയ ചിന്തകൾ ഉണർത്തി. ഇനി മുതൽ താൻ വിനീതിന്‍റെ അമ്മയെ സ്വന്തം അമ്മയായി മാത്രമേ കരുതുകയുള്ളൂവെന്ന് അവൾ മനസു കൊണ്ട് തീരുമാനിച്ചു.

വിനീത് തന്‍റെ മകനാണ് അതുകൊണ്ട് മകനിലുള്ള തന്‍റെ അധികാരവും അവകാശവും കഴിഞ്ഞിട്ടെയുള്ളൂ ഭാര്യയ്ക്കുള്ള അവകാശമെന്ന വിചാരം അവരുടെ പെരുമാറ്റത്തിൽ ഉണ്ടായിരുന്നില്ല. ഭർത്താവിൽ തനിക്ക് മാത്രമേ അവകാശമുള്ളൂവെന്ന ചിന്തയോ പല്ലവിയിലുമുണ്ടായില്ല. എപ്പോഴെങ്കിലും മകനും മരുമകളും തമ്മിൽ കലഹമുണ്ടായാലും ലളിതാമ്മ മരുമകളുടെ പക്ഷം പിടിച്ചേ സംസാരിച്ചിരുന്നുള്ളൂ. അതിനാൽ ലളിതാമ്മയോടുള്ള സ്നേഹവും ബഹുമാനവും അവളുടെ മനസിൽ വർദ്ധിച്ചതേയുള്ളൂ. അടുക്കളയിൽ എന്തെങ്കിലും ജോലിയുണ്ടെങ്കിൽ തന്നെ പല്ലവി അമ്മയോട് ചോദിച്ച് മനസ്സിലാക്കി അത് പൂർത്തിയാക്കും.

താൻ നല്ലൊരു മകളാണെങ്കിൽ തനിക്കെന്തുകൊണ്ട് നല്ലൊരു മരുമകളായി കൂടാ?

അമ്മയും അച്‌ഛമ്മയും എന്നും പരസ്പരം കലഹിച്ചിരുന്നു. പക്ഷേ അതിൽ അച്‌ഛമ്മ മാത്രമാണ് കുറ്റക്കാരിയെന്ന് പറയാനാവുമോ? അമ്മ വിചാരിച്ചിരുന്നുവെങ്കിൽ അമ്മായിയമ്മ മരുമകൾ ബന്ധം ഊഷ്മളമായ ഒന്നാക്കാമായിരുന്നു. പക്ഷേ അമ്മയുടെ തെറ്റായ സമീപനം ബന്ധത്തെ വഷളാക്കിയതേയുള്ളൂ. പക്ഷേ അമ്മ പറഞ്ഞ് തന്നതും കാട്ടി തന്നതുമായ യാതൊന്നും താൻ സ്വീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്‌തില്ല.

എന്‍റെ സീനിയറായ അമ്മ ജൂനിയറായ എനിക്ക് നൽകുന്ന പാഠം എന്തായിരിക്കുമെന്ന് കൃത്യമായി അറിയാമായിരുന്നു. ഭർത്താവിന്‍റെ വീട്ടിലുള്ള അംഗങ്ങളുമായും ഹൃദ്യമായതും ആഴത്തിലുള്ളതുമായ ബന്ധം സ്‌ഥാപിക്കാനാവുമെന്ന് എന്തുകൊണ്ട് പെൺകുട്ടികൾ തിരിച്ചറിയുന്നില്ല. പല്ലവിയുടെ മനസിൽ ഓരോരോ ചിന്തകൾ കടന്നു പോയികൊണ്ടിരുന്നു.

അതിനാൽ താൻ വേറിട്ട തരത്തി ലുള്ള ബന്ധം സൃഷ്ടിച്ചെടുക്കുമെന്ന് അവൾ ദൃഢനിശ്ചയമെടുത്തു. ഇനിയെന്ത് കാര്യം ചെയ്താലും വിനീതിന്‍റെ അമ്മയേയും ഒപ്പം കൂട്ടും.

പല്ലവി പതിയെ വിനീതിന്‍റെ അമ്മയെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന രീതി പഠിപ്പിച്ചു കൊടുത്തു. എന്തിന് കാർ ഡ്രൈവിംഗ് വരെ പല്ലവി അമ്മയെ പഠിപ്പിച്ചു. എല്ലാവരും ജോലിക്കായി പുറത്തു പോയി കഴിഞ്ഞാൽ വീട്ടിലിരുന്ന് അമ്മ ബോറടിക്കാൻ പാടില്ലെന്ന് പല്ലവിയ്ക്ക് നിർബന്ധമായിരുന്നു. അതുകൊണ്ട് പല്ലവി അമ്മയെ നിർബന്ധിച്ച് കൂട്ടുകാരികൾക്കൊപ്പം ഷോപ്പിംഗിനും പാർട്ടിയ്ക്കും മറ്റും അയച്ചു.

ആദ്യമൊക്കെ ലളിതാമ്മയ്ക്ക് ഇത്തരം കാര്യങ്ങൾ വിചിത്രമായി അനുഭവപ്പെട്ടെങ്കിലും പിന്നീടത് രസകരമായി തോന്നി. ലളിതാമ്മ സ്വന്തം വേഷവിതാനങ്ങളിലും ശ്രദ്ധിച്ചു തുടങ്ങി. പുതിയ സ്റ്റൈലിലുള്ള സാരി വാങ്ങി ധരിച്ചു. ഇടയ്ക്ക് സൽവാറും ചുരിദാറും ധരിച്ച് ഔട്ടിംഗിന് പോയി. നടന്ന് ശരീരഭാരം കുറച്ചു.

അമ്മയും മരുമകളും എന്നും രാവിലെ ഒരുമിച്ച് നടക്കാൻ പോകുന്നത് മറ്റുള്ളവർക്ക് പതിവുള്ള കാഴ്ചയായി. തന്‍റെ ശരീരഭാരം കുറഞ്ഞതിൽ ലളിതാമ്മയ്ക്ക് അഭിമാനവും മതിപ്പും തോന്നി. എല്ലാം പല്ലവിയുടെ ശ്രമഫലമായിരുന്നു. അതോർത്തപ്പോൾ ലളിതാമ്മയ്ക്ക് പല്ലവിയോട് വാത്സല്യം കൂടി. അല്ലായിരുന്നുവെങ്കിൽ ഈ തടിയും വച്ച് താൻ വെറുതെ ജീവിച്ചു പോകുമായിരുന്നില്ലേ..?

ലളിതാമ്മയിലുണ്ടായ മാറ്റം കണ്ട് വാസുദേവൻ ഒരിക്കൽ ചിരിയോടെ പറയുകയും ചെയ്‌തു.“ നീ കരീന കപൂറിനെ പോലെ സീറോ സൈസ് ആകുവാണോ ലളിതെ… ഇങ്ങനെ പോയാൽ നീ ചെറുപ്പക്കാരിയും ഞാൻ വയസ്സനുമാകും.”

“ഹാ സീറോ സൈസ് ആകാനാ എന്‍റെ പ്ലാൻ എന്നോട് അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല.” ലളിത തമാശ പറഞ്ഞു.

“ഞാനെന്തിന് അസൂയപ്പെടണം. നല്ല കാര്യമല്ലേ. നീ ആരോഗ്യത്തോടെയിരുന്നാൽ എനിക്ക് നല്ല ഭക്ഷണം കിട്ടുമല്ലോ.” വാസുദേവൻ പറഞ്ഞു.

ഇരുവരും തമ്മിലുള്ള സംഭാഷണം കേട്ട് പല്ലവിയും വിനീതും പൊട്ടിച്ചിരിച്ചു. തന്‍റെ ഈ വീട് ഒരു കൊച്ച് വലിയ സ്വർഗ്ഗമായതു പോലെ അവൾക്ക് തോന്നി. ചില ശരിയായ ചിന്തകൾ എത്ര വലിയ ശരികളിലേക്കും സമാധാനത്തിലേക്കുമാണ് നയിക്കുന്നത്. പല്ലവി അമ്മയെ കെട്ടിപ്പിടിച്ചു.

സാഗരസംഗമം ഭാഗം- 14

ഞങ്ങളുടെ ഫ്ളൈറ്റ് ഡൽഹിയിലെത്തുമ്പോൾ നേരം സന്ധ്യയോടടുത്തിരുന്നു. കേരളത്തിൽ നിന്നും ഡൽഹിയിലെത്തുമ്പോഴുള്ള കാലാവസ്‌ഥാ വ്യതിയാനം ഫ്ളൈറ്റ് ഇറങ്ങിയയുടനെ ശരീരം തൊട്ടറിഞ്ഞു.

കേരളത്തിൽ മനുഷ്യ ഹൃദയത്തിലെന്ന പോലെ കാലാവസ്‌ഥയിലും മാറ്റങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. മഴ പ്രതീക്ഷിച്ചിരിക്കുന്ന അവസ്‌ഥയിൽ കനത്ത വേനൽച്ചൂടാവും അനുഭവപ്പെടുക.

സ്നേഹത്തിന്‍റേയും ആത്മാർത്ഥതയുടേയും അഭാവം മൂലം മനുഷ്യഹൃദയം വരണ്ടുണങ്ങിയതു പോലെ പ്രകൃതിയും മഴയുടെ അഭാവത്തിൽ വരണ്ടു തുടങ്ങിയിരിക്കുന്നു. കാലം തെറ്റി പെയ്യുന്ന മഴയാകട്ടെ ഒരു പ്രയോജനവും ചെയ്യുന്നുമില്ല. സമ്പത്തിലും, സ്വാർത്ഥ താൽപര്യങ്ങൾക്കും വേണ്ടി പാപങ്ങൾ ചെയ്‌തു കൂട്ടുന്ന മനുഷ്യരെ നോക്കി പ്രകൃതി പൊട്ടിച്ചിരിക്കുകയാണെന്നു തോന്നി. ഇടയ്ക്കിടയ്ക്കു പെയ്യുന്ന മഴയിൽ പോലും ചൂടു കനത്തു കണ്ടപ്പോൾ.

കേരളമെന്ന ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ അമ്പലങ്ങളിൽ പോലും ഇന്നിപ്പോൾ ദൈവമുണ്ടോ എന്നു സംശയമാണ്.

നാം പരിപാവനത നൽകി ദൈവത്തെ ആരാധിക്കുന്ന ക്ഷേത്രങ്ങളിൽ പലതും പണത്തിനു വേണ്ടി മാത്രം നിലകൊള്ളുന്നവയായി മാറിക്കഴിഞ്ഞു. ആരാധനാലയങ്ങളെല്ലാം കച്ചവട സ്‌ഥാപനങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ദൈവത്തെ വിറ്റഴിക്കുന്ന ജനങ്ങൾ.

“മീരാ, താനെന്താ ഗൗരവമായി ആലോചിച്ചു കൊണ്ടു നടക്കുന്നത്. ഡൽഹിയിലെത്തിയിട്ടും തനിക്കൊരു സന്തോഷമില്ലല്ലോ.”

“ഞാൻ… ഞാൻ വെറുതെ എന്തൊക്കെയോ ആലോചിച്ചു പോയി നരേട്ടാ. പൊതുവായ ചില കാര്യങ്ങൾ.”

“നമുക്ക് എന്തെങ്കിലും ആഹാരം കഴിച്ചശേഷം വീട്ടിലേയ്ക്കു മടങ്ങാം. അതായിരിക്കും നല്ലത് അല്ലേ. നരേട്ടന്‍റെ തീരുമാനത്തെ കൃഷ്ണമോളും പിന്താങ്ങി.

“അതു ശരിയാണച്ഛാ. നല്ല വിശപ്പുണ്ട്. ടുട്ടുമോനും വിശക്കുന്നുണ്ടാവും. അവന് പാലു കൊടുക്കണം.”

എയ്റോ ഡ്രോമിനടുത്തുള്ള ഒരു നല്ല ഹോട്ടലിൽ ഞങ്ങൾ കയറി. വിദേശിയരായ ചിലരേയും അവിടെ കണ്ടു. സിമ്മിംഗ് പൂളും മറ്റുമുള്ള അവിടെ വിദേശിയരിൽ പലരും സുഖവാസത്തിനെത്താറുണ്ട്. ഓർഡർ ചെയ്‌ത് മിനിട്ടുകൾ പിന്നിട്ടിട്ടും വിഭവങ്ങളെത്താതിരുന്നപ്പോൾ ഞാൻ പുറത്തെ കാഴ്ചകളിലേയ്ക്ക് കണ്ണുകൾ പായിച്ചു. സ്വദേശീയരും, വിദേശീയരുമായ അനേകം പേർ വർണ്ണ വസ്ത്രങ്ങളണിഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. പെട്ടെന്ന് എന്‍റെ മുന്നിലേയ്ക്ക് കടന്നു വന്ന ചെറുപ്പക്കാർ എന്നെ നോക്കി അഭിവാദ്യം ചെയ്‌തു. “ഗുഡ്നൈറ്റ് മാഡം… ആപ് യഹാം…” എന്‍റെ വിദ്യാർത്ഥികളാണവരെന്നു തിരിച്ചറിഞ്ഞപ്പോൾ പറഞ്ഞു.

“ഞാൻ കുടുംബത്തോടൊപ്പം കേരളത്തിൽ പോയിട്ട് മടങ്ങുന്ന വഴിയാണ്.”

“ഓ… ആപ് അകേലേ ഹൈ…”

അപ്പോഴാണ് ഞാനൊറ്റയ്ക്കാണെന്നറിഞ്ഞത്. ദേവാനന്ദും, കൃഷ്ണമോളും നേരത്തെ തന്നെ മോന് പാലുകൊടുക്കേണ്ട ആവശ്യത്തിനായി എങ്ങോട്ടോ മാറിയിരുന്നു. നരേട്ടൻ അൽപം മാറി നിന്ന് കാഴ്ചകൾ കാണുകയായിരുന്നു.

വിദ്യാർത്ഥികളുടെ സംസാരം കേട്ടപ്പോൾ അത് ശ്രദ്ധിച്ചു കൊണ്ട് അദ്ദേഹം അടുത്തെത്തി.

“ഓ… ആപ് കെ സാഥ് വിഷ്ണുനാരായണൻ സാർ ഹെ. ഹം ആപ്കോ ദേഖാ നഹിം…” തുടർന്നദ്ദേഹം അവരെ പരിചയപ്പെട്ടു. ഒരേ കോളേജിൽ പ്രവർത്തിച്ചിരുന്നവരാണെങ്കിലും അവർ എന്‍റെ മാത്രം വിദ്യാർത്ഥികളായിരുന്നതിനാലാണ് നരേട്ടൻ അവരെ തിരിച്ചറിയാതിരുന്നത്.

“നരേട്ടാ ഇത് അരുൺ. പാതി മലയാളിയാണ്. പിന്നെ ഇത് വിവേക്. അവർ നമ്മുടെ കോളേജിലെ റിസേർച്ച് സ്ക്കോളേഴ്സ് ആണ്. ഇവർ നമ്മുടെ രാഹുൽ മോനോടൊപ്പം സ്ക്കൂളിൽ പഠിച്ചിട്ടുണ്ട്.”

ഞാനവരെ നരേട്ടന് പരിചയപ്പെടുത്തി. രാഹുൽ മോന്‍റെ കൂട്ടുകാരാണെന്നറിഞ്ഞപ്പോൾ നരേട്ടന് അവരോടുള്ള താൽപര്യം വർദ്ധിച്ചു. അവരുടെ വീടും, നാടും മറ്റു വിശേഷങ്ങളും അദ്ദേഹം ചോദിക്കാൻ തുടങ്ങി. പെട്ടെന്ന് ഞാൻ പറഞ്ഞു. “നരേട്ടാ അരുണിന്‍റെ അമ്മ മലയാളിയും അച്‌ഛൻ പഞ്ചാബിയുമാണ്. അരുണിന് മലയാളം പറഞ്ഞാൽ മനസ്സിലാകും. പിന്നെ സംസാരിക്കുകയും ചെയ്യും.”

“ഓഹോ അതു നന്നായി. ഏതായാലും നിങ്ങളെക്കണ്ടതിൽ സന്തോഷം. നിങ്ങൾ എന്തെങ്കിലും ആഹാരം കഴിച്ചോ? ഇല്ലെങ്കിൽ നമുക്കൊരുമിച്ചിരിക്കാം.” നരേട്ടൻ അവരെ ക്ഷണിച്ചു കൊണ്ടു പറഞ്ഞു.

നരേട്ടൻ ക്ഷണിച്ചതനുസരിച്ച് അവർ രണ്ടുപേരും ഞങ്ങൾക്കരികിലിരുന്നു. അപ്പോഴേയ്ക്കും വെയിറ്റർ ആഹാര സാധനങ്ങളുമായി ഞങ്ങളുടെ മേശയ്ക്കരികിലെത്തി. മുന്നിൽ വച്ച പ്ലേറ്റുകളിലേയ്ക്ക് ഞങ്ങൾ ആഹാരം വിളമ്പിത്തുടങ്ങിയപ്പോൾ കൃഷ്ണമോളും, ദേവാനന്ദും മോനേയും കൊണ്ട് മടങ്ങി വന്നു. പാലു കുടിച്ച് വയർ നിറഞ്ഞ അവൻ ആഹ്ലാദപൂർവ്വം ഞങ്ങളെ നോക്കി ചിരിച്ചു.

കൃഷ്ണമോളിൽ നിന്നും നരേട്ടൻ അവനെ കയ്യിൽ വാങ്ങി മടിയിൽ വച്ചു. കൊഞ്ചിക്കാൻ തുടങ്ങി. പാലു കുടിച്ചോ കുട്ടാ. നമുക്കിനി അൽപം “പാപ്പം” കൂടി കഴിച്ചാലോ?

നരേട്ടൻ അവന്‍റെ വായിലേയ്ക്ക് ചപ്പാത്തിയുടെ ഒരു നുറുങ്ങു വച്ചു കൊടുത്തു. അപ്പോൾ കൃഷ്ണമോൾ നരേട്ടനെ തടഞ്ഞു കൊണ്ട് പറഞ്ഞു.

“വേണ്ടച്ഛാ… അവന് പെട്ടെന്ന് ശീലമില്ലാത്തവ നൽകിയാൽ വയറിന് വല്ല അസുഖവും പിടിക്കും.” അതുകേട്ട് നരേട്ടൻ അൽപം വിഷമത്തോടെ കൈ പിൻവലിച്ച് മിണ്ടാതിരുന്നു.

“ഹലോ കൃഷ്ണ ഹൗ ആർ യൂ…?”

അതുവരെ മോനെയും തന്‍റെ പപ്പായെയും മാത്രം ശ്രദ്ധിച്ച് നരേട്ടന്‍റെ അടുത്തു നിന്ന കൃഷ്ണമോൾ ആ സംബോധന കേട്ട് തിരിഞ്ഞു നോക്കി.

“ഹലോ അരുൺ. തും യഹാം” കൃഷ്ണമോൾ അൽപം അദ്ഭുതത്തോടെ ചോദിച്ചു.

“നിങ്ങൾ തമ്മിൽ നേരത്തെ പരിചയമുണ്ടോ?” നരേട്ടൻ പെട്ടെന്ന് തലയുയർത്തി നോക്കി ചോദിച്ചു.

“ങ്ഹാ പപ്പാ… അരുണിനെ എനിക്ക് നേരത്തെ അറിയാം. രാഹുലിന്‍റെ ഫ്രണ്ടാണിവൻ. രാഹുലിന്‍റെ ബെസ്റ്റ് ഫ്രണ്ട്.”

രാഹുലിന്‍റെ പേരു കേട്ടയുടനെ നരേട്ടന്‍റെ മുഖം ശോകമൂകമായിത്തീർന്നു. ആ നെറ്റിയിലെ ചുളിവുകൾക്ക് ആക്കം കൂടി.

“ജീ ഹാം… സാർ… രാഹുൽ സ്ക്കൂളിൽ എന്‍റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് പന്ത്രണ്ടാം ക്ലാസ്സു വരെ പഠിച്ചത്.”

“അതെ അച്ഛാ… ഇവർ ഒരുമിച്ചാണ് സ്കൂളിൽ പഠിച്ചത്. രാഹുൽ മരിച്ച സമയത്ത് ഇവൻ വീട്ടിൽ വന്നിരുന്നു.

രാഹുൽമോന്‍റെ ഓർമ്മകൾ ഞങ്ങളുടെ ഉള്ളിലും ഇരച്ചെത്തുകയായിരുന്നു. വർഷങ്ങൾക്കുശേഷം അവന്‍റെ പ്രിയപ്പെട്ട കൂട്ടുകാരൻ ഇതാ ഞങ്ങളുടെ മുമ്പിൽ. ഒരു പക്ഷെ ഇന്ന് രാഹുൽ മോനും ഞങ്ങളടെ കൂടെ ഈ യാത്രയിൽ ഉണ്ടാകേണ്ടതായിരുന്നില്ലെ? പക്ഷെ ഈശ്വരൻ തനിക്കേറ്റവും പ്രിയപ്പെട്ട അവനെ തന്‍റെ അരികിൽ ചേർത്തു നിർത്തിയിരിക്കുന്നു.

അരുണിനോട് കൃഷ്ണമോൾ എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു. അവരുടെ സ്കൂൾ ദിനങ്ങൾ അയവിറക്കുകയാണെന്നു തോന്നി. ചെറുപ്പത്തിൽ രാഹുലും, കൃഷ്ണമോളും ഒരുമിച്ചാണ് സ്കൂളിൽ പോയിരുന്നതും തിരികെ വന്നിരുന്നതും. അവർ ഇണപിരിയാത്ത കൂട്ടുകാരെപ്പോലെയായിരുന്നു. തന്നെക്കാൾ മൂന്നു വയസിനിളപ്പമുണ്ടെങ്കിലും കൃഷ്ണമോളോട് അവൻ പറയാത്ത കാര്യങ്ങളുണ്ടായിരുന്നില്ല. കൂട്ടുകാരെപ്പോലെയായിരുന്നതിനാൽ കൃഷ്ണമോൾ പലപ്പോഴും ചേട്ട എന്നു വിളിക്കുന്നതിനു പകരം അവരെ രാഹുൽ എന്നു തന്നെ വിളിച്ചു. എനിക്കും നരേട്ടനും ഒരു കാലത്ത് അവർക്ക് നൽകാൻ കഴിയാതിരുന്ന സ്നേഹത്തിനു പകരം അവർ പരസ്പരം ആവേശത്തോടെ സ്നേഹിച്ച് സഹോദര സ്നേഹം പങ്കിട്ടു.

“ങാ… പപ്പാ… പപ്പായ്ക്കറിയുമോ? ചെറുപ്പത്തിൽ ഇവനും, രാഹുലും കൂടി ബെറ്റുവയ്ക്കുമായിരുന്നു. പഠിത്തത്തിലും, സ്പോർട്സിലുമെല്ലാം. പക്ഷെ എല്ലായ്പ്പോഴും ഫസ്റ്റാകുന്നത് രാഹുൽ തന്നെയായിരുന്നു. ഇവനക്കാര്യത്തിൽ രാഹുലിനോട് അൽപം അസൂയയായിരുന്നു.”

കൃഷ്ണമോൾ പറഞ്ഞതു കേട്ട് അരുൺ പറഞ്ഞു. “അതെ സാർ… എവിടെയും രാഹുൽ തന്നെയായിരുന്നു ഒന്നാമൻ.”

എനിക്കവന്‍റെ ഒപ്പമെത്താൻ ഒരിക്കലും കഴിഞ്ഞിരുന്നില്ല. മെഡിസിനു പോകുവാനും ഞങ്ങൾ ഒരുമിച്ചാണ് മത്സരിച്ചത്. പക്ഷെ അവൻ തന്നെ ജയിച്ചു. ഒടുവിൽ പരലോകത്തേയ്ക്കുള്ള യാത്രയിലും അവൻ ഒന്നാമനായി. ഞാൻ മാത്രം ഇവിടെ ഒറ്റയ്ക്കായി. അതുപറയുമ്പോൾ അരുണിന്‍റെ കണ്ണുകൾ നിറഞ്ഞു വന്നു. അരുൺ പറഞ്ഞതു കേട്ട് ഞങ്ങളുടേയും കണ്ണുകൾ നിറഞ്ഞു. അന്ന് പിന്നെ ആഹാരം കഴിച്ചെന്നു വരുത്തി ഞങ്ങൾ എഴുന്നേറ്റു. നരേട്ടൻ ദുഃഖം താങ്ങാനാവാതെ നെഞ്ചമർത്തിപ്പിടിച്ചു കൊണ്ടിരുന്നു. എഴുന്നേൽക്കാൻ തുടങ്ങിയ അദ്ദേഹം കുഴഞ്ഞു വീഴാൻ പോകുന്നതു കണ്ട് ഞാൻ ഓടിച്ചെന്നു പിടിച്ചു.

“എന്താ നരേട്ടാ… എന്തുപറ്റി?” എന്‍റെ ചോദ്യം കേട്ട് അദ്ദേഹം ഒന്നുമില്ലായെന്ന് കൈകൊണ്ട് വിലക്കി. കൃഷ്ണമോൾ അതിനകം കുഞ്ഞിനെ കൈയ്യിൽ വാങ്ങിയിരുന്നു.

“അൽപ നേരം കൂടി ഇരുന്നിട്ട് എഴുന്നേറ്റാൽ മതി പപ്പാ…” കൃഷ്ണമോൾ നരേട്ടനെ തടഞ്ഞു കൊണ്ടു പറഞ്ഞു.

അരുണും വിവേകും എന്തു സഹായവും നൽകാനായി തയ്യാറായി നിന്നു. അൽപ സമയം കൂടി വിശ്രമിച്ച ശേഷം നരേട്ടൻ എഴുന്നേറ്റ് കൈകഴുകി. ഞങ്ങളുടെയെല്ലാം ഭയചകിതമായ കണ്ണുകൾ കണ്ടിട്ടാകാം നരേട്ടൻ ചോദിച്ചത്.

“എന്താ എല്ലാവരും പേടിച്ചു പോയോ? എനിക്കൊന്നുമില്ലെന്ന് ഞാൻ പറഞ്ഞില്ലെ? പെട്ടെന്ന് രാഹുൽമോന്‍റെ കാര്യങ്ങൾ കേട്ടപ്പോൾ ഒരു വിഷമം.” നരേട്ടൻ ഞങ്ങളെ സമാശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു.

ദേവാനന്ദ് അതിനകം ബിൽ പേ ചെയ്‌തു കഴിഞ്ഞിരുന്നു. ഇറങ്ങാൻ നേരം നരേട്ടന്‍റെ കൈയ്യിൽ പിടിച്ച എന്നോട്, “താനെന്താ എന്നെ രോഗിയാക്കുവാനുള്ള ശ്രമമാണോ.” എന്ന് ചോദിച്ച് നരേട്ടൻ കളിയാക്കി.

പിന്നെ എന്‍റെ കൈവിടുവിച്ച് നരേട്ടൻ മുന്നേ നടന്നു. കാറിനടുത്തെത്തിയപ്പോൾ അടുത്തെത്തിയ അരുണിനോട് നരേട്ടൻ ചോദിച്ചു.

“നിങ്ങളെങ്ങിനെയാ വന്നത്?”

ഞങ്ങൾ ബൈക്കിലാണ് വന്നതെന്ന അരുണിന്‍റേയും വിവേകിന്‍റേയും മറുപടി കേട്ട് നരേട്ടൻ വീണ്ടും പറഞ്ഞു.

“നിങ്ങൾ രണ്ടുപേരും ഇടയ്ക്കൊക്കെ വീട്ടിൽ വരണം. രാഹുൽമോനെ കാണുന്നതു പോലെയാണ് നിങ്ങളെക്കാണുമ്പോഴെനിക്ക് തോന്നുന്നത്.”

“വരാം സാർ… രാഹുലിന്‍റെ ഓർമ്മകൾ ഞങ്ങളെയും വിട്ടു പിരിയുകയില്ല. മരിക്കുന്നതുവരെ അവൻ ഞങ്ങളോടൊപ്പമുണ്ടാകും. അത്രയ്ക്കു സ്നേഹമുള്ളവനായിരുന്നു അവൻ.” അരുണിന്‍റെ കണ്ണുകൾ അതു പറയുമ്പോൾ നിറഞ്ഞു വന്നു.

ശരിയാണ്, കൂട്ടുകാരെന്നു വച്ചാൽ അവനു ജീവനായിരുന്നു. മറ്റുള്ളവരെ സ്നേഹിക്കാനും തനിക്കു സ്നേഹം പകർന്നു നൽകുന്നവർക്ക് ജീവൻ വരെ പകരം നൽകാനും അവൻ എല്ലായ്പ്പോഴും തയ്യാറായിരുന്നു. പെട്ടെന്ന് അരുൺ പറഞ്ഞു.

“നിങ്ങൾക്കറിയുമോ… അവന് ഒരു പ്രണയമുണ്ടായിരുന്നു. സംഗീത എന്നു പേരുള്ള ഒരു പെൺകുട്ടി. സ്കൂളിൽ ഞങ്ങളോടൊപ്പമുണ്ടായിരുന്ന അവൾ രാഹുലിനൊപ്പം മെഡിസിനു പഠിക്കുകയായിരുന്നു. സ്വപ്നങ്ങൾ പങ്കു വച്ച് വിവാഹിതരാകാൻ തീരുമാനിച്ചവരായിരുന്നു അവർ. രാഹുൽ മരിച്ചപ്പോൾ അവൾ ആത്മഹത്യയ്ക്കു ശ്രമിച്ചെങ്കിലും പിന്നീട് രക്ഷപ്പെട്ടു. ഞങ്ങൾ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞിട്ട് പരസ്പരം പിരിഞ്ഞുവെങ്കിലും രാഹുൽ എല്ലാക്കാര്യങ്ങളും എന്നോട് പറയുമായിരുന്നു.” മുഴുവൻ പറയുന്നതിനു മുമ്പുതന്നെ അരുൺ വിങ്ങിക്കരഞ്ഞു തുടങ്ങി. ഇപ്പോൾ അവനെ സമാധാനിപ്പിക്കേണ്ടതെങ്ങിനെയെന്നറിയാതെ ഞങ്ങൾ കുഴങ്ങി.

അൽപം കരഞ്ഞ ശേഷം സ്വയം നിയന്ത്രിച്ചവൻ പറഞ്ഞു.

“സോറി… ഞാൻ കരഞ്ഞ് നിങ്ങളെക്കൂടി വിഷമിപ്പിച്ചുവല്ലേ. ഇന്നവന്‍റെ ഓർമ്മകൾ എന്നെ വല്ലാതെ ഹാണ്ട് ചെയ്യുന്നു. ഒറ്റയ്ക്കിരിക്കുമ്പോൾ അവൻ മുമ്പിൽ വന്നു നിൽക്കുന്നതു പോലെ തോന്നാറുണ്ട്. അരുൺ എന്നെ മറന്നുവോ എന്നു ചോദിച്ച്.”

അവൻ തൂവാലയെടുത്ത് മുഖം തുടച്ചു കൊണ്ട് പറഞ്ഞു. അൽപനേരം നിശബ്ദനായിരുന്ന ശേഷം ദുഃഖനിമഗ്നമായ മിഴികളുയർത്തി അവൻ ഞങ്ങളോട് പറഞ്ഞു.

ഒരു മരണം എത്രമാത്രം നമ്മെ ബാധിക്കുന്നുവെന്ന് രാഹുലിന്‍റെ മരണശേഷമാണ് ഞാൻ അറിഞ്ഞത്. അവൻ എനിക്ക് സഹോദരതുല്യനായിരുന്നു. ഒരാത്മാവും രണ്ടുടലുമെന്നതു പോലെ. അതുകൊണ്ടു തന്നെ അവൻ മരിച്ചപ്പോൾ എനിക്കതേറ്റവും വേദനാജനകമായിത്തീർന്നു. പലപ്പോഴും അവൻ മുമ്പിൽ വന്നു നിന്നു പറയുന്നതു പോലെ തോന്നാറുണ്ട്.

അരുൺ, എന്‍റെ അച്ഛനമ്മമാർക്ക് നീ തുണയായുണ്ടാകണം. ഒരു മകനെപ്പോലെ അവർക്ക് മറ്റാരും തുണയായില്ല എന്ന്.

(തുടരും)

മഞ്ഞമരണങ്ങൾ

പടർന്നു പന്തലിച്ച നാട്ടുമാവിന്‍റെ ചോടെ, മുൻ നിശ്ചയപ്രകാരം യോഗം കൂടുന്നതിനായി അയൽക്കൂട്ടം പ്രവർത്തകയെല്ലാവരും നേരത്തെത്തന്നെ എത്തിച്ചേർന്നു. ഈയിടെയായി അന്തരീക്ഷം പെട്ടെന്നു തന്നെ ചുട്ടുപഴുക്കുകയാണ്. അടുത്ത കാലത്തായി കാലാവസ്ഥ പ്രവചനാതീതമാണ്. ഈ അറ്റ വേനൽക്കാലത്തു പോലും പൊടുന്നനെയാണ് മാനം കറുത്ത് മഴ പെയ്യുക.

തെല്ലിട പെയ്ത ശേഷം ഏറെ താമസിയാതെത്തന്നെ മഴയങ്ങു ശമിക്കുകയാണ്. മഴക്കാ പഴയ തണവില്ല. വെയിലിനാകട്ടെ കടുത്ത കാഠിന്യവും. മനുഷ്യനിലുള്ള ജലാംശമെല്ലാം ഊറ്റിയെടുക്കുന്ന സൂര്യന്‍റെ ഉഷ്ണ തരംഗങ്ങൾ. അതുകൊണ്ടു തന്നെ വേഗം യോഗം തീർത്ത് വീട്ടിലേക്ക് മടങ്ങേണ്ടതുണ്ട്.

ഈയിടെ ചുമതലയേറ്റ അയൽക്കൂട്ടം പ്രസിഡന്‍റ് രമ ടീച്ചർ മാത്രം യോഗത്തിനെത്തിയിട്ടില്ല. കൃത്യനിഷ്ഠക്കു മാതൃകയായ ടീച്ചറുടെ അസാന്നിധ്യം അവിടെ കൂടിയിരുന്നവരെ തെല്ലു ആശങ്കയിലാഴ്ത്തി.

അര മണിക്കൂർ കൂടി കൂടി കാക്കാമെന്ന സെക്രട്ടറിയുടെ നിർദേശം എല്ലാവരും ശരിവച്ചു. ആ സമയം വീട്ടുവിശേഷങ്ങളാൽ സമ്പന്നമായി. അര മണിക്കൂർ കഴിഞ്ഞു എന്നിട്ടും ടീച്ചറെത്തിയില്ല.

അയൽക്കൂട്ടം സെക്രട്ടറി സാവിത്രി വിജയൻ അപ്പോൾ തന്നെ രമ ടീച്ചറുടെ വീട്ടിലേക്ക് ഫോൺ ചെയ്തു. തെല്ലിട നേരം കഴിഞ്ഞാണ് ടീച്ചറുടെ ഭർത്താവ് പുരുഷോത്തമൻ മാഷ് ഫോൺ എടുത്തത്.

യോഗത്തിനു മുന്നോടിയായി സെക്രട്ടറി, അവിടെ കൂടിയിരുന്ന വീട്ടമ്മമാരോടായി പുരുഷോത്തമൻ മാഷ് അറിയിച്ച വിവരം പറഞ്ഞപ്പോൾ അവിടെ കൂടിയിരുന്നവരുടെ മുഖങ്ങൾ മ്ലാനമായി.

ടീച്ചർക്ക് നല്ല സുഖമില്ല! കടുത്ത പനി. തല ചുറ്റൽ. ഡോക്ടറെ കാണിച്ചു മരുന്നു കഴിക്കുന്നുണ്ട്. എങ്കിലും പനിക്കും ക്ഷീണത്തിനും തെല്ലു പോലും കുറവില്ല. വല്ലാത്ത ഒരു തളർച്ചയിൽ ടീച്ചർ മയക്കത്തിലാണ്. പ്രസിഡന്‍റ് രമ ടീച്ചറെ അയൽക്കൂട്ടം പ്രവർത്തകർക്കെല്ലാം വലിയ ബഹുമാനവും സ്നേഹവുമാണ്. റിട്ടയേഡ് ടീച്ചറായ അവർ കുടുംബശ്രീ പ്രസിഡന്‍റായി വന്ന ശേഷമാണ് അവിടുത്തെ കാര്യങ്ങൾക്ക് ഒരടുക്കും ചിട്ടയും കൈവന്നത്.

മുൻപ് അതല്ലായിരുന്നു സ്ഥിതി. ഒരു കൃത്യനിഷ്ഠയുമില്ലാതെ തോന്നുമ്പോൾ ചിലർ വന്ന് യോഗം വിളിക്കും. എന്തെങ്കിലുമൊക്കെ പറയും. ആർക്കും യാതൊരു പ്രയോജനവുമില്ലാതെ യോഗവും തീരും. അങ്ങിനെയിരിക്കെയാണ് ചില പ്രവർത്തകരുടെ അഭ്യർത്ഥന പ്രകാരം രമ ടീച്ചർ കുടുംബശ്രീയുടെ നേതൃത്യത്തിലേക്കെത്തുന്നത്.

കുട്ടികളെ പഠിപ്പിക്കുന്ന ലാഘവത്തോടെ ചെറിയ കാലത്തിനള്ളിൽ ടീച്ചർ വീട്ടമ്മമാരെ കൈയ്യിലെടുത്തു. അവരുടെ പ്രശ്നങ്ങൾക്ക് നിയമത്തിന്‍റെ പരിധിയിൽ നിന്നു കൊണ്ടു തന്നെ പരിഹാരമായിത്തുടങ്ങി.

കാര്യങ്ങളെക്കുറിച്ച് അറിവുള്ള ഒരു നേതൃത്വത്തിന്‍റെ ഗുണഫലങ്ങൾ താമസിയാതെ ഏവരും അറിഞ്ഞു തുടങ്ങി. എല്ലാവർക്കും അല്പം വരുമാനവും കിട്ടിത്തുടങ്ങി. വിറ്റഴിക്കാനാകാതെ കിടന്ന തുന്നൽ ഉല്പന്നങ്ങൾക്ക് ടീച്ചറുടെ ഇടപെടലിലൂടെ വിപണി കണ്ടെത്തിയതോടെയാണ് അത് സാധ്യമായത്.

ഓരോ കാര്യങ്ങളുമായി എവിടെപ്പോയാലും ടീച്ചറുടെ ശിഷ്യൻമാരും ശിഷ്യകളും തന്നെ! അതു കൊണ്ടു തന്നെ കാര്യങ്ങളെല്ലാം തടസ്സങ്ങളില്ലാതെത്തന്നെ മുന്നോട്ടു നീങ്ങി.

മൂത്രസഞ്ചിയിൽ കല്ലിന്‍റെ അസുഖം മൂലം കാർന്നുതിന്നുന്ന വേദനയാൽ വല്ലാതെ ബുദ്ധിമുട്ടിയിരുന്ന ആളായിരുന്നു ശാന്തയുടെ ഭർത്താവ് ഭാസ്ക്കരൻ. ഡോക്ടർ എത്രയും വേഗം ഓപ്പറേഷൻ നിർദേശിച്ചിരുന്നെങ്കിലും സാമ്പത്തിക പ്രയാസം മൂലം അതിന് കഴിഞ്ഞിരുന്നില്ല.

ആ ദിവസം ശാന്ത ഓർക്കുകയായിരുന്നു. അന്നു രാവിലെ മടിച്ചു മടിച്ചാണ് ടീച്ചറുടെ വീട്ടിലേക്കു പോയത്. ടീച്ചറോട് വിഷയം പറഞ്ഞതും അങ്ങിനെത്തന്നെ. അതു കേട്ടതും ടീച്ചറുടെ മുഖം വിവർണ്ണമാകുന്നതു കണ്ടു. ഉടനെത്തന്നെ അവർ അകത്തേക്കു പോയി.

ഒരു ഫോമെടുകൊണ്ട് വന്ന് പൂരിപ്പിക്കാൻ തുടങ്ങി. പിന്നെ കാറ് സ്വയം ഓടിച്ച് വീട്ടിലേക്ക്. അവിടെ ഭാസ്കരേട്ടന്‍റെ അസുഖവുമായി ബന്ധപ്പെട്ട എല്ലാ അനുബന്ധ രേഖകളും വാങ്ങി പുറപ്പെട്ടു. കയറിയിറങ്ങിയ ഓഫീസിലെല്ലാം ടീച്ചറുടെ പഴയ കാല വിദ്യാർത്ഥികൾ. ടീച്ചറോടുള്ള അവരുടെ ആദരവ് കണ്ട് മനസ്സു നിറഞ്ഞു. അതു കൊണ്ടു തന്നെ കാലതാമസമില്ലാതെ കാര്യങ്ങളെല്ലാം മുന്നോട്ടു നീങ്ങി.

രണ്ടു ദിവസത്തിനകം പണം തയ്യാറായി. അതപ്പോൾ തന്നെ ആശുപത്രിയിൽ പോയി കെട്ടിവച്ചു. വലിയ പ്രശ്നങ്ങളില്ലാതെ ഓപ്പറേഷനും കഴിഞ്ഞു. ഭാസ്കരേട്ടന്‍റെ അസുഖം പൂർണ്ണമായും മാറി. പഴയ പോലെ ഇപ്പോൾ തുണിക്കടയിൽ ജോലിക്കു പോകുന്നുണ്ട്. അങ്ങിനെ തന്‍റെ മനസ്സിനെ കാലങ്ങളായി കാർന്നു കൊണ്ടിരുന്ന പ്രശ്നത്തിന് പരിഹാരമായി.

അതൊടൊപ്പും ഭാവിയിലെ സൗജന്യ മെഡിക്കൽ ആവശ്യങ്ങൾക്കായി ഒരു മെഡിക്കൽ കാർഡും ടീച്ചറുടെ ഇടപെടൽ മൂലം ലഭിച്ചു. ഭാസ്ക്കരേട്ടനു മാത്രമല്ല എനിക്കും.ഇത്തരം അർഹതപ്പെട്ട ഒരു പാട് ആനുകൂല്യങ്ങളുണ്ടെന്ന് ആർക്കാണ് നിശ്ചയം?

ആ സംഭവത്തിനു ശേഷം ടീച്ചറെ കാണുമ്പോഴൊക്കെ കൃതജ്ഞത കൊണ്ട് കണ്ണിമ നിറയും. ഒരു കുടുംബമാണവർ രക്ഷപ്പെടുത്തിത്തന്നത്. ഇവിടെ അയൽക്കൂട്ടം യൂണിറ്റ് തുടങ്ങുമ്പോൾ തന്നെ ഞാനതിൽ മെമ്പറാണ്. എന്നിട്ട് എന്ത് പ്രയോജനമാണുണ്ടായിട്ടുള്ളത്? ടീച്ചർ വന്ന ശേഷമല്ലേ എന്‍റെ പ്രയാസങ്ങൾക്കൊരു പരിഹാരമായത്?

എല്ലാവരും കൂടെ ടീച്ചറെ പോയിക്കാണുന്നത് ഈയൊരവസ്ഥയിൽ ടീച്ചർക്ക് പ്രയാസമാകുമെന്ന് ഏവരും അഭിപ്രായം പറഞ്ഞു. അതുശരി വച്ച് അല്പം ഭേദമായാൽ പോയിക്കാണാമെന്ന് തീരുമാനമെടുത്ത ശേഷം യോഗം പിരിഞ്ഞു.

വീട്ടിൽ ഒരു പാട് ജോലി ബാക്കിയുണ്ടെങ്കിലും ശാന്തക്ക് വീട്ടിൽ പോകാൻ തോന്നിയില്ല. അവൾ തെല്ലിട നേരം നാട്ടു മാഞ്ചോട്ടിൽ ചുറ്റിപ്പറ്റി നിന്നു. വെയിലേറേറ്റ് മാമ്പൂക്കൾ ഒരു പാട് ഉതിർന്നു വീണു കൊണ്ടിരുന്നു.

ഇലകൾ കാണാൻ പോലും പറ്റാറില്ല. അതു പോലെയാണ് ഈ നാട്ടു മാവിൽ തുരുതുരാ മാമ്പൂക്കൾ പിടിക്കുക. ഇപ്പോഴിതാ പകുതിയിലേറെയും കൊഴിഞ്ഞു പോയിരിക്കുന്നു. ഇനിയും ഒരുപാട് കൊഴിയുമായിരിക്കും. ഒടുവിൽ വിരലിലെണ്ണാവുന്ന മാമ്പഴമേ അവശേഷിക്കൂ. വിങ്ങുന്ന മനസ്സോടെ അവർ ടീച്ചറുടെ വീട് ലക്ഷ്യമാക്കി നടന്നു.

ആക്കം കൂടിയ വെയില് തിളച്ചു മറിയുന്നു. ഉച്ചൂടേറ്റ് മയങ്ങിക്കിടന്ന ഭൂമിയിൽ നിന്നും നെടുവീർപ്പുയരുന്നുണ്ട്. വെയിലേറുകൊണ്ട് ഹരിതകം മങ്ങിയ മരഞ്ചില്ലയിലെ മഞ്ഞച്ച ഇലകൾ വഴിയോരങ്ങളിൽ പൊഴിഞ്ഞു വീണു കൊണ്ടിരുന്നു. അങ്ങിനെ രമ ടീച്ചറുടെ വീടെത്തി.

വാതിൽ തുറന്ന പുരുഷോത്തമൻ മാഷ് ടീച്ചർ കിടക്കുന്നിടത്തേക്ക് ശാന്തയെ കൂട്ടിക്കൊണ്ടുപോയി. തളർന്ന് മയക്കിക്കിടക്കുന്ന ടീച്ചർ. അവർക്കരികിലെ കസേരയിൽ പാതിവരച്ച ഒരു ചിത്രം. ഒരു ജനലിനപ്പുറം ഏതാനും ഇതളുകളടർന്ന് നിൽക്കുന്ന ഒരു വലിയ മഞ്ഞപ്പൂവിന്‍റെ ചിത്രം. ഒപ്പം ഒരു ബാലന്‍റെ രേഖാചിത്രവും.

ചിത്രത്തിലാകമാനം മഞ്ഞരാശി പടർന്നിരിക്കുന്നു. ചിത്രം മുഴുവനാക്കിയിട്ടില്ല.പനിക്കിടക്കയിലെ അസ്വസ്ഥതകൾക്കിടയിൽ അല്പം ആശ്വാസം തേടി വരച്ചതാവണം. വലതു വശത്തെ സ്റ്റൂളിൽ ഓറഞ്ചും ഒന്നു രണ്ടു മരുന്നു കുപ്പികളും. പുരുഷോത്തമൻ മാഷ് അപ്പോഴേക്കും ഒരു ഗ്ലാസ്സിൽ നാരങ്ങാനീരുമായി എത്തിയിരുന്നു. മാഷെക്കണ്ടതും ശാന്ത എഴുന്നേറ്റു. നാരങ്ങാനീര് ശാന്തയെ ഏൽപ്പിക്കുന്നതിനിടയിൽ മാഷ് പറഞ്ഞു.

“കഴിഞ്ഞാഴ്ച മോനെക്കാണാൻ പോയിരുന്നു. തിരിച്ചിവിടെ വീടെത്തിയതും തുടങ്ങി പൊള്ളുന്ന പനി. കുഴഞ്ഞങ്ങു വീണു പോയി. യാത്രക്കിടയിലെങ്ങാനും ആയിരുന്നെങ്കിലോ?” ഓർക്കാൻ വയ്യ!

ടീച്ചറുടെ മകനെ ചെറുപ്പത്തിൽ കണ്ടതോർമ്മയുണ്ട്. ബാംഗ്ലൂരിലെവിടെയോ എൻജിനീയറിങ്ങിന് പഠിക്കുകയാണെന്നറിയാം. പിന്നെയുള്ളത് രണ്ടു പെൺകുട്ടികൾ. അവർ വിവാഹമെല്ലാം കഴിഞ്ഞ് നോർത്തിലെവിടോ ആണ്.

“കുട്ട്യോൾടെ അടുത്ത് വിവരമൊന്നും അറിയിച്ചില്ലേ?” ശാന്ത ആരാഞ്ഞു.

“അവരോട് പറഞ്ഞില്ല. അവർക്ക് വെഷമാവും അവർക്കങ്ങനെ ഓടിപെടഞ്ഞ്‌ വരാനും കഴിയില്ലാലോ?” മാഷു പ്രയാസത്തോടെ പറഞ്ഞു.

തളർന്നു മയങ്ങുന്ന ടീച്ചറെ ഉണർത്താൻ നിൽക്കാതെ ശാന്ത അടുക്കളയിൽ ചെന്നു. മാഷു പൊടിയരി കഞ്ഞിയും മോരു കാച്ചിയതും തോരനുമെല്ലാം ഉണ്ടാക്കി പാത്രത്തിൽ പകർന്ന് വച്ചിട്ടുണ്ട്.

സിങ്കിൽ കുറച്ചു പാത്രം കഴുകാനായി കിടപ്പുണ്ട്. ആ പാത്രങ്ങളെല്ലാം കഴുകി വച്ചശേഷം കുരുമുളകും തുളസിയുമെല്ലാം ചേർന്ന കടും കാപ്പിയുണ്ടാക്കി ഫ്ലാസ്ക്കിൽ നിറച്ച് ടീച്ചറുടെ അരികെ കൊണ്ടു വച്ചു.

കടും കാപ്പി കുടിച്ച് ഒന്നുഷ്ണിച്ചാൽ പനിക്കല്പം ശമനമാകും. അപ്പോഴും ടീച്ചർ മയക്കത്തിൽത്തന്നെ. ടീച്ചറൊന്ന് കൺമിഴികൾ തുറക്കാനായി അല്പനേരം കാത്തു. ഇല്ല.കടുത്ത ക്ഷീണം മൂലം മയങ്ങിക്കിടപ്പാണ്. തെല്ലുനേരം കൂടെ സംശയിച്ചു നിന്ന ശേഷം, എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കണമെന്ന് മാഷോട് പറഞ്ഞ് ശാന്ത പുറത്തിറങ്ങി.

ചൂടുൾക്കൊണ്ട കാറ്റിന്‍റെ ഇരമ്പം. തിളച്ചുരുകുന്ന വെയല്. തെല്ലു പോലും ശമനമില്ലാത്ത ഉഷ്ണരാശികൾ. പൊടുന്നനെ ഇരമ്പിയ ചുടു കാറ്റിൽ മൺതാരയിലാകമാനം പൊഴിഞ്ഞു വീണ മഞ്ഞയിലകൾ ഉയർന്നു പൊങ്ങി.

മാഷ് കുട്ടികളെ അറിയിക്കാഞ്ഞതെന്താണ്? ശാന്തയുടെ മനസ്സിൽ അതൊരു പോറലായിക്കിടന്നു. പിന്നെ സ്വയം സമാധാനിച്ചു. മാഷ് പറഞ്ഞതാണ് ശരി.മക്കളെ പ്രയാസപ്പെടുത്താതിരിക്കുക. ഒന്ന് നാട്ടിലെത്തിപ്പെടാൻ എന്തൊക്കെ കാര്യങ്ങൾ നോക്കണം. കുട്ടികളുടെ പഠിപ്പ്, ജോലി, ലീവ്.. അങ്ങിനെ പോകും ഓരോരോ കാര്യങ്ങൾ.

താത്കാലികമെങ്കിലും ഒരു പറിച്ചുനടൽ, അത് അത്ര എളുപ്പമല്ല. എല്ലാമൊന്നു ശരിപ്പെടുത്തി നാട്ടിലേക്ക് വണ്ടി കയറുന്നതു വരെ എന്താ ഒരു പാട്. ഓരോന്ന് ഓർത്തുകൊണ്ട് നടക്കുന്നതിനിടെ ടീച്ചർക്ക് മകൻ രാമനുണ്ണിയോടാണ് ഏറെ സ്നേഹമുണ്ടായിരുന്നതെന്ന് ശാന്ത ഓർമ്മിച്ചെടുത്തു.

ആദ്യത്തെ രണ്ടു പെൺകുട്ടികൾക്കു ശേഷം ഉണ്ടായ ആൺതരിയായിരുന്നു രാമനുണ്ണി. അവനെപ്പോഴും ടീച്ചറുടെ ഒക്കത്തു കാണും. ടീച്ചർ വാരിക്കൊടുക്കാതെ ഒരു വക കഴിക്കില്ല. ടീച്ചർ താരാട്ടുപാടിയുറക്കാതെ ഉറങ്ങുകയുമില്ല. പിന്നീട് വലുതായപ്പോർ ടീച്ചർ പഠിപ്പിക്കുന്ന സ്കൂളിൽത്തന്നെ മകനേയും ചേർത്തു. അങ്ങിനെയെങ്കിൽ ഇടനേരവും ഇന്‍റർവെല്ലിനുമൊക്കെ മകനെ കാണാമല്ലോ? അതായിരുന്നു ടീച്ചറുടെ ചിന്ത.

ഈ ചൂടുകാലത്ത് ടീച്ചർക്ക് ദൂരയാത്രയുടെ ആവശ്യമുണ്ടായിരുന്നോ? പ്രായവും നോക്കണ്ടെ? അല്ലെങ്കിൽ രാമനുണ്ണിക്ക് ഇടക്കു വന്നു കണ്ടു കൂടെ? അമ്മയും അച്ഛനുമല്ലേ? എഞ്ചിനീയറിങ് കോളേജിലും കോളേജ് പൂട്ടലൊക്കെ ഉണ്ടല്ലോ?

ടീച്ചർക്ക് നല്ല പോലെ പനിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമായ തളർച്ച മൂലം കുഴഞ്ഞു വീണതാവാം. ടീച്ചർക്കു വേഗം സുഖം പ്രാപിക്കാൻ അറിയാവുന്ന ഈശ്വരൻമാരോടൊക്കെ പ്രാർത്ഥിച്ചും വഴിപാടു നേർന്നും ശാന്ത വീടു പറ്റി. വിശപ്പില്ല. ഭാസ്ക്കരേട്ടന് കഞ്ഞി വിളമ്പിക്കൊടുത്ത ശേഷം വന്നു കിടന്നു.

നെറുകുന്തലയിൽ വെയിലേറ്റിട്ടാവണം, ഉറക്കം വരുന്നില്ല. പുറത്ത് കാറ്റിന്‍റെ സീൽക്കാരം കേട്ടും ചീവീടുകളുടെ മൂളിപ്പെരുക്കങ്ങൾക്ക് കാതോർത്തും തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരു വിധം നേരം വെളുപ്പിച്ചു.

രാവിലെ മുറ്റമടിക്കുമ്പോൾ മുറ്റത്തെമ്പാടും പതിവിലേറെ ചപ്പുചവറുകൾ. മുറ്റത്തെ ഒന്നു രണ്ടു വാഴ ഒടിഞ്ഞു തൂങ്ങിക്കിക്കുന്നതു കണ്ടു. തലേന്ന് ചീറിയടിച്ച കാറ്റിന്‍റെ സീൽക്കാരം ശാന്തക്കോർമ്മ വന്നു.

ഒരു വിധം മുറ്റമടിച്ചു തീർത്തപ്പോഴാണ് മുൾവേലിപ്പുറത്തു നിന്നും അയലോക്കക്കാരി വത്സല വിളിച്ചത്. കൈയ്യിൽ ഒരു കെട്ട് മുരിങ്ങയിലത്തണ്ടും മുരിങ്ങക്കോലുമുണ്ട്. മുൾവേലിക്കരികിലേക്ക് ചെന്നപ്പോൾ അവൾ പറഞ്ഞു.

“ഞങ്ങടെ മുരിങ്ങമരം ഒടിഞ്ഞു വീണു. എന്തൊരു കാറ്റാ ഇന്നലെ വീശീത്. കൊലച്ചു നിക്കണ പൂവൻ കൊല ചൊവടേടെയാ മറിഞ്ഞു വീണത്. ഭാഗ്യത്തിന് വീടിനൊന്നും പറ്റീല്ല.” മുരിങ്ങക്കെട്ട് വാങ്ങുന്നതിനിടെ അവർ ചോദിച്ചു.

“എന്താ പറ്റീത്. മൊഖം വല്ലാണ്ടുണ്ടല്ലോ?”

“ഇന്നലെ നേരെ ഉറങ്ങീല. ഇന്നലെ യോഗത്തില്‍ പറഞ്ഞില്ലേ രമ ടീച്ചറുടെ കാര്യം. ഞാൻ പോയി കണ്ടിരുന്നു. തീരെ വയ്യ. ബോധം കെട്ട പോലെ കെടക്കന്നെ. ഞാൻ വന്നതും പോയതും ഒന്നും അറിഞ്ഞമട്ടില്ല.

“അതിന് ശാന്തേടത്തി എപ്പഴാ പോയത്?”

“ഇന്നലെ നമ്മട യോഗം കഴിഞ്ഞില്ലെ? അപ്പത്തന്ന ഞാനിറങ്ങി.”

മുരിങ്ങക്കെട്ടും വാങ്ങി തിരിഞ്ഞു നടക്കുമ്പോൾ വത്സല പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“ശാന്ത്യോടത്തിക്കറിയില്ലേ ന്‍റ മോൻ ബാംഗ്ലൂരാന്ന്. ഞാനിന്നലെ അവനെ വിളിച്ചാരുന്നു. അവൻ പറയാ രാമനുണ്ണി അവടെ കോളേജിലൊന്നും പോണില്ലാത്രേ. അവിടെ ഒരിടത്ത് ചികിത്സയിലാത്രേ!”

“എന്ത് ചികിത്സ?”

“ശാന്തേടത്തി തിരിഞ്ഞു നിന്ന് ഉദ്യോഗത്തോടെ ആരാത്തു.”

“അതോ, മയക്കുന്നത് ഒക്കെ ഉപയോഗിക്കുന്നവരില്ലെ? അതീന്നൊക്കെ രക്ഷപ്പെടാനുള്ള ചികിത്സ. രാമനുണ്ണി അതൊക്കെ വല്ലാണ്ട് ഉപയോഗിച്ചിരുന്നൂത്ര. രക്ഷപ്പെടല് കഷ്ടിയാന്നാ ന്‍റ മോൻ പറേണെ.”

തീത്തുള്ളിയായാണ് ആ വാക്കുകൾ കാതുകളിൽ വന്നലച്ചതെന്ന്‌ ശാന്തക്കു തോന്നി. രാമനുണ്ണിയെ ഒക്കത്തു വച്ച് ചോറു കുഴച്ച് കൊടുത്തിരുന്ന ടീച്ചറുടെ രൂപം ശാന്തക്ക് പൊടുന്നനെ ഓർമ്മ വന്നു. അതൊടൊപ്പം പൂർത്തിയാകാതെ വരച്ചു വച്ച ഒരു ബാലന്‍റെ പശ്ചാത്തലത്തിലുള്ള മഞ്ഞപൂവിന്‍റെ ചിത്രവും.

ഒറ്റയ്ക്ക് പാർക്കുന്ന ഇലകൾ

ഇത് വളരെ നല്ല ബന്ധമാണെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ തനു വന്ന് കഴിഞ്ഞേ ഇത് ഉറപ്പിക്കാനാവൂ. തനുവിന്‍റെ അച്‌ഛൻ ഗിരീഷ് വളരെ പ്രതീക്ഷയോടെ ഭാര്യയോട് പറഞ്ഞു.

“ഇനി അവൾ തീരുമാനിക്കട്ടെ. എത്ര നല്ല നല്ല ബന്ധങ്ങൾ വന്നതാ അവളെന്തെങ്കിലും കുറവ് കണ്ടെത്തും. കൂട്ടുകുടുംബം എന്ന് കേൾക്കുന്നതേ അവൾക്ക് കലിയാ. ഇനി അവൾ പറയുന്നതൊന്നും ഞാൻ കേൾക്കില്ല. അവളുടെ നിബന്ധനകളനുസരിച്ച് ഒത്തു വന്ന ബന്ധമാണിത്. പക്ഷേ എന്ത് പറയാനാ ചെറുക്കന്‍റെ കുടുംബം വലുതാണെന്ന് പറഞ്ഞ് അവൾ അങ്കം തുടങ്ങിയില്ലേ… എന്താ ഇപ്പോഴത്തെ ഈ പെൺകുട്ടികൾക്ക് പറ്റിയത്.” തനുവിന്‍റെ അമ്മ സുധ തെല്ല് സങ്കടത്തോടെ പറഞ്ഞു.

“ഇതൊക്കെ അവളുടെ ബെസ്റ്റ്ഫ്രണ്ടില്ലേ റിയാ അവള് കാരണമാണ്. നമ്മൾ പറയുന്നതിലും കൂട്ടുകാർ പറയുന്നതിലാണല്ലോ അവൾക്ക് കാര്യം.” ഗിരീഷ് അരിശത്തോടെ പറഞ്ഞു.

ഗിരീഷും സുധയും മകളുടെ പിടിവാശിയെ പറ്റി ആകുലതയോടെ പറഞ്ഞു കൊണ്ടിരിക്കെ തനു ഓഫീസിൽ നിന്നും മടങ്ങിയെത്തി. അച്‌ഛന്‍റെയും അമ്മയുടെയും മുഖം ഗൗരവം പൂണ്ടിരിക്കുന്നത് കണ്ട് തനു ചോദ്യഭാവത്തിൽ നോക്കി. തന്‍റെ കല്യാണ കാര്യമാണ് വിഷയം എന്ന് പിടികിട്ടിയതോടെ അവൾ പൊട്ടിച്ചിരിയോടെ പറഞ്ഞു.

“ഓ… പിന്നെയും വല്ല കല്യാണാലോചനയും വന്ന് കാണുമല്ലോ?”

തനുവിന്‍റെ തമാശ കലർത്തിയുള്ള സംസാരം കേട്ട് ഇരുവർക്കും ചിരിപൊട്ടി. നിമിഷനേരം കൊണ്ട് അന്തരീക്ഷമാകെ മാറി. അപ്പോഴേക്കും തനുവിന്‍റെ അമ്മ അടുക്കളയിൽ പോയി ചായയുമായി വന്നു.

ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടെ ഗിരീഷ് കണ്ണുകൊണ്ട് ആംഗ്യം കാട്ടിയതനുസരിച്ച് സുധ പുതിയ വിവാഹാലോചനയെ സംബന്ധിച്ചുള്ള വിഷയം എടുത്തിട്ടു.

“വളരെ നല്ല ബന്ധമായിട്ടാ ഞങ്ങൾക്ക് തോന്നിയത്. പയ്യന്‍റെ അച്‌ഛനും അമ്മയും മൂത്തമകന്‍റെ കുടുംബത്തിനുമൊപ്പം ഇവിടെയാ താമസം. ഇളയ മകന് മുംബൈയിലാ ജോലി. അവനൊരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ പ്രൊഡക്റ്റ് മാനേജരാ.”

“അപ്പോൾ തനിച്ച് താമസിക്കുകയാ അല്ലേ?” തനു ഒരു നിമിഷം ആലോചിച്ച ശേഷം ചിരിച്ചു കൊണ്ട് പറഞ്ഞു.

“അതെ”

“അങ്ങനെയാണെങ്കിൽ ഞാൻ ഓകെ. പയ്യന്‍റെ അച്‌ഛനും അമ്മയും ഇടയ്ക്കിടയ്ക്ക് മുംബൈയിൽ വന്ന് ശല്യപ്പെടുത്താതിരുന്നാൽ മതി.” തനു വലിയൊരു പൊട്ടിച്ചിരിയോടെ പറഞ്ഞു. തനുവിന്‍റെ നിസാരഭാവത്തിലുള്ള മറുപടി ഇഷ്ടപ്പെടാതെ സുധ പൊട്ടിത്തെറിച്ചു.

“നീയെന്ത് വിഡ്ഢിത്തമാണ് പറയുന്നത്? അത് അവരുടെ മകനാണ്. അവർക്ക് അവരുടെ മകനെ കാണാൻ അവിടെ ചെന്നു കൂടെ? നീ എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്? എന്തൊരു ചിന്താഗതിയാ നിന്‍റേത്? കഷ്ടമാ ഇത്. നീ ഇത് എന്ത് വിചാരിച്ചാ. ഭർതൃ വീട്ടിൽ ഭർത്താവ് മാത്രമല്ല ഉള്ളത്. മറ്റ് ബന്ധുക്കളും ഉണ്ടാകും. അവരുമായും ഊഷ്മളമായ ബന്ധമുണ്ടാകണം.”

“വേണ്ടമ്മേ, എനിക്ക് അതൊക്കെ ഓർക്കുമ്പോഴെ ടെൻഷനാ, റിയ പറഞ്ഞത് എന്താണെന്ന് അറിയാമോ…”

തനു കൂട്ടുകാരിയുടെ പേര് പറയുന്നത് കേട്ടതോടെ സുധയുടെ ദേഷ്യം മൂർഛിച്ചു.

“എനിക്ക് ആ പെണ്ണ് പറഞ്ഞതൊന്നും കേൾക്കണ്ട. അവളൊറ്റ ഒരുത്തി കാരണമാ നീ ഇങ്ങനെ തലതിരിഞ്ഞു പോയത്. നമ്മുടെ കുടുംബത്തിൽ നമ്മൾ 3 പേരെയുള്ളൂ. ഒരു വലിയ കുടുംബത്തിൽ കുറേ അംഗങ്ങളുണ്ടാകും. അവരെല്ലാം ഒത്തുചേരുമ്പോൾ എന്ത് രസമായിരിക്കും.”

“കുറച്ച് ദിവസം മുമ്പ് നീ തന്നെ പറഞ്ഞതല്ലേ കുറേയംഗങ്ങളുള്ള കുടുംബം മതിയെന്ന്. എത്ര പെട്ടെന്നാ ആ പെണ്ണ് പറഞ്ഞത് കേട്ട് നീ മനസ്സ് മാറ്റിയത്. എന്‍റെ മോളെ അവൾ പറഞ്ഞ് തിരുത്തി.” സുധ പറഞ്ഞ് പറഞ്ഞ് കരച്ചിലിന്‍റെ വക്കിലെത്തി.

തനുവിനും ദേഷ്യം വന്നു. അവൾ സ്വന്തം മുറിയിൽ കയറി കതകടച്ചു. സുധയും ഗിരീഷും എന്ത് ചെയ്യണമെന്നറിയാതെ തലയ്ക്ക് കയ്യും കൊടുത്തിരുന്നു.

തനുവിന്‍റെ ഏറ്റവുമടുത്ത കൂട്ടുകാരിയാണ് റിയ. 6 മാസം മുമ്പായിരുന്നു അവളുടെ വിവാഹം. സമ്പന്ന കുടുംബത്തിലേക്കാണ് അവളെ വിവാഹം കഴിപ്പിച്ചയച്ചത്. വലിയ കുടുംബം. റിയക്കും നല്ല ജോലിയുണ്ട്. റിയയുടെ ഓരോ വിശേഷങ്ങളും തനു സുധയോട് പറയുമായിരുന്നു.

അവധി ദിവസങ്ങളിലും ഓഫീസ് ടൈമിലുമെല്ലാം ഇരുവരും വാട്സാപ്പിൽ പരസ്പരം ചാറ്റ് ചെയ്യുന്നതു കൊണ്ട് പരസ്പരം എല്ലാ കാര്യങ്ങളും അപ്പപ്പോൾ അറിഞ്ഞിരുന്നു.

ചിലപ്പോൾ ഏറെ സമയം ഇരുവരും തമ്മിൽ ഫോൺ ചെയ്യുന്നതു വഴിയും സുധ ചില കാര്യങ്ങളൊക്കെ കേൾക്കുകയും ചെയ്യുമായിരുന്നു. അതൊക്കെ കേൾക്കുമ്പോൾ സുധയ്ക്ക് വല്ലാത്ത നിരാശ ഉള്ളിൽ തോന്നിയിരുന്നു. മിക്കപ്പോഴും ഭർതൃവീട്ടുകാരേയും ഭർത്താവിനെപ്പറ്റിയുമൊക്കെ കുറ്റം പറഞ്ഞു കൊണ്ടുള്ള കോളുകളായിരുന്നു റിയയുടേത്.

ഭർത്താവിന്‍റെ വീട്ടിലുണ്ടാകുന്ന എല്ലാ കുറ്റവും കുറവുകളും അവൾ അപ്പപ്പോൾ തനുവിനെ വിളിച്ചറിയിക്കും. അവളുടെ അടുത്ത കൂട്ടുകാരിയാണല്ലോ തനു. അതുകൊണ്ട് റിയയെപ്പറ്റി ആരെങ്കിലും കുറ്റപ്പെടുത്തി പറയുന്നത് തന്നെ അവൾക്ക് സഹിക്കുമായിരുന്നില്ല. മാത്രവുമല്ല റിയ പറയുന്ന എല്ലാ കാര്യവും തനു അമ്മയുമായും പങ്കുവച്ചിരുന്നു.

ചിലപ്പോൾ അവൾ ഓടി വന്ന് പറയും. “ഇന്ന് റിയയുടെ മൂഡ് അത്ര ശരിയല്ല. അവളുടെ ഭർത്താവ് മോണിംഗ് വാക്കിന് പോകാൻ അവളെ രാവിലെ വിളിച്ചുണർത്തിയിരിക്കുന്നു. അവൾക്കാണെങ്കിൽ നല്ല ഉറക്കവും. സ്വന്തമിഷ്ടമനുസരിച്ചു പോലും പാവത്തിന് ജീവിക്കാൻ കഴിയുന്നില്ലല്ലോ.”

മറ്റൊരു അവസരത്തിൽ മറ്റൊരു കാരണവും പറഞ്ഞാണ് തനു വന്നത്. “റിയയുടെ അമ്മായിയമ്മ ഭയങ്കര ഹെൽത്ത് കോൺഷ്യസ് ആണമ്മേ. അതുകൊണ്ട് അവൾക്ക് ലഞ്ചിന് രുചിയോടെ ഒന്നും കഴിക്കാൻ പറ്റുന്നില്ല.” സുധ ഉടനടി മറുചോദ്യം ചോദിച്ചു.

“അവളുടെ അമ്മായിയമ്മയാണോ ലഞ്ച് തയ്യാറാക്കുന്നത്?”

“അതെ, റിയയ്ക്ക് ഓഫീസിൽ പോകേണ്ടതു കൊണ്ട് വീട്ടിലെ മുഴുവൻ ജോലിയും അവരാണ് ചെയ്യുന്നത്. ഒരു മെയിഡ് ഉണ്ടെങ്കിലും അമ്മായിയമ്മ പറയുന്നതനുസരിച്ചുള്ള ഭക്ഷണമേ അവരുണ്ടാക്കൂ.”

“അത് നല്ല കാര്യമാണ്. റിയയ്ക്ക് കുറേക്കൂടി എളുപ്പമായല്ലോ. അതിന് പരാതിപ്പെടാൻ ഒന്നുമില്ല.” സുധ നിസ്സാരമട്ടിൽ മറുപടി പറഞ്ഞു.

“എന്ത് സന്തോഷമാ അമ്മേ. ഓഫീസിൽ കൊണ്ടു പോകുന്ന ഉച്ചഭക്ഷണം അവൾക്ക് കഴിക്കാനേ തോന്നില്ല. അതവൾ ഓഫീസിൽ ആർക്കെങ്കിലും കൊടുത്ത് പുറത്ത് പോയി വേറെ ഫുഡ് കഴിക്കും.”

“ഇതിലെന്തിരിക്കുന്നു പരാതി പറയാൻ. അവളുടെ അമ്മായിയമ്മ നല്ല ഭക്ഷണമല്ലേ ഒരുക്കുന്നത്.”

അമ്മയുടെ ന്യായീകരണം കേട്ട് തനുവിന് ദേഷ്യം വന്നു. “അമ്മയ്ക്കെന്താ അവളുടെ വിഷമം മനസ്സിലാകാത്തത്?”

“കാരണം അതൊന്നും ഒരു വിഷമമേയല്ല. അനാവശ്യമായ കാര്യങ്ങൾ കേട്ട് നീ നിന്‍റെ സമയം നഷ്ടപ്പെടുത്തുകയാ.” സുധ തീർത്തു പറഞ്ഞു.

അതിനു ശേഷം രണ്ട് ദിവസം തനു പിന്നെ അതെക്കുറിച്ചൊന്നും സംസാരിച്ചതേയില്ല. മൂന്നാമത്തെ ദിവസം അവൾ പതിവുപോലെ പറഞ്ഞു തുടങ്ങി.

“റിയയുടെ മുഴുവൻ ബന്ധുക്കളും അടുത്തടുത്താ താമസിക്കുന്നത്. എല്ലാ ദിവസവും എന്തെങ്കിലും ഫംഗ്ഷൻ അവരുടെ ആരുടെയെങ്കിലും വീട്ടിലുണ്ടാകും. മാത്രവുമല്ല എല്ലാവരും അവധി ദിവസം എന്തെങ്കിലും പ്രോഗ്രാം തയ്യാറാക്കും. പാവം റിയ ആകെ വശം കെട്ടു.”

സുധ അതിന് മറുപടിയൊന്നും പറയാതെ നിശബ്ദത പാലിച്ചു. റിയയുടെ കാര്യം കേട്ട് അവർക്ക് മടുപ്പ് തോന്നിയിരുന്നു. തനുവിന്‍റെ ചിന്താ രീതിയ്ക്ക് പാടെ മാറ്റം വന്നിരിക്കുന്നത് സുധ ശ്രദ്ധിച്ചു. ഏത് കാര്യത്തേയും സൗമ്യവും സ്നേഹവും നിറഞ്ഞ മാനസികാവസ്‌ഥയോടെ സമീപിച്ചിരുന്ന തനുവിന്‍റെ മനസ്സിലിപ്പോൾ ശുഭാപ്തി വിശ്വാസം ഒട്ടുമില്ലാതായിരിക്കുന്നു.

കുറച്ച് ദിവസങ്ങൾക്കു ശേഷം തനുവിന് വന്ന വിവാഹാലോചന ഉറപ്പിച്ചു. തനുവും രജത്തും പരസ്പരം കണ്ട് ഇഷ്ടപ്പെട്ടു. എല്ലാം സന്തോഷപൂർവ്വം തീരുമാനിക്കപ്പെട്ടു. രജത്ത് മുംബൈയിൽ തനിച്ചായിരുന്നു താമസം. വിവാഹം എത്രയും പെട്ടെന്ന് നടത്തണമെന്നായിരുന്നു രജത്തിന്‍റെ അച്‌ഛന്‍റെയും അമ്മയുടെയും ആഗ്രഹം. അതുകൊണ്ട് തനുവിന്‍റെയും രജത്തിന്‍റെയും വിവാഹം വളരെ വേഗം തന്നെ നടന്നു. വിവാഹത്തിൽ പങ്കെടുക്കാൻ ഭർത്താവ് അനുജിനെയും കൂട്ടിയാണ് റിയ എത്തിയത്.

വന്നപാടേ റിയ തനുവിനെ ചേർത്തു പിടിച്ച് അഭിനന്ദിച്ചു. “തനു നിനക്ക് ലോട്ടറി അടിച്ചിരിക്കുകയാ. എല്ലാ ബന്ധുക്കളിൽ നിന്നും അകലെ ഭർത്താവിനൊപ്പമല്ലേ താമസിക്കാൻ പോകുന്നത്. എനിക്കും ഇതുപോലെയുള്ള ഒരു ബന്ധം കിട്ടിയിരുന്നെങ്കിൽ.”

റിയയുടെ അഭിപ്രായ പ്രകടനം കേട്ട് സുധയ്ക്ക് ദേഷ്യം വന്നു. വിവാഹത്തിന് ഒരാഴ്ച കഴിഞ്ഞ് രജതും തനുവും മുംബൈയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി. തനു ജോലി ചെയ്‌തിരുന്ന ഓഫീസിന് മുംബൈയിലും ബ്രാഞ്ചുണ്ടായിരുന്നതിനാൽ അവൾ മുംബൈ ഓഫീസിലേക്ക് മുൻകൂട്ടി ട്രാൻസ്ഫർ വാങ്ങി.

രജത്തിന്‍റെ മൂത്ത സഹോദരൻ വിജയ് ഭാര്യ രേഖയുടേയും അവരുടെ നാലും രണ്ടും വയസ്സുള്ള കുഞ്ഞുങ്ങളുടെയും രജത്തിന്‍റെ മാതാപിതാക്കളുടേയും സ്നേഹനിർഭരമായ പെരുമാറ്റവും സാമീപ്യവും തനുവിന്‍റെ മനസ്സിനെ വല്ലാതെ മാറ്റിയിരുന്നു. എങ്കിലും അവരുടെ ഇടപെടലുകളില്ലാത്ത ഒരിടത്താണല്ലോ താനും ഭർത്താവും താമസിക്കാൻ പോകുന്നതോർത്ത് അവൾ സന്തോഷിച്ചു.

ഇടയ്ക്കിടെ ഫോണിൽ വിളിച്ച് റിയ അവളെ ഉപദേശിക്കാനും മറന്നില്ല. “നീ ഒരിക്കലും അച്‌ഛനോടും അമ്മയോടും മുംബൈയിലേക്ക് വരാൻ ക്ഷണിക്കരുത്. വന്നാൽ പിന്നെ അവർ അവിടെ തന്നെ താമസമാക്കും.” രജത്തിന്‍റെയും തനുവിന്‍റെയും മാതാപിതാക്കളും ബന്ധുക്കളും നിറഞ്ഞ സ്നേഹത്തോടെയും ആശീർവാദത്തോടെയും അവരെ എയർപോർട്ടിൽ നിന്നും യാത്രയാക്കി.

മുംബൈയിലെത്തിയ ഇരുവരും പുതിയൊരു ജീവിതത്തിന് തുടക്കം കുറിച്ചു. രജത്തിനൊപ്പമുള്ള അവളുടെ ജീവിതം ആഹ്ലാദത്തിന്‍റേതായിരുന്നു. ഇരുവരും ഓഫീസിലേക്ക് രാവിലെ പുറപ്പെടും. വീക്കെന്‍റേൽ മാത്രമാണ് മനസ്സ് തുറന്ന് ഇരുവരും ഒന്ന് സംസാരിച്ചിരുന്നത് തന്നെ.

രാവിലെ സർവ്വന്‍റ് ലതാഭായി വന്ന് വീട്ടിലെ മുഴുവൻ ജോലിയും ചെയ്‌ത് പോകും. അടുക്കളയിലെ കാര്യം നോക്കുന്നതിനിടെ തനു ഓഫീസിലേക്ക് പോകാനുള്ള തയ്യാറെടുപ്പും നടത്തും. ഫ്ളാറ്റിൽ 2 പേർ മാത്രമായതിനാൽ ജോലിയൊന്നും അധികം ഉണ്ടായിരുന്നില്ല. പകൽ മുഴുവനുമുള്ള തളർച്ചയ്ക്കൊടുവിൽ വൈകുന്നേരം വീട്ടിൽ മടങ്ങിയെത്തി അടുക്കളയിൽ കയറി എന്തെങ്കിലും ചെയ്യാനുള്ള മൂഡ് ഒട്ടും ഉണ്ടാവികയില്ല. തനുവിന്‍റെ ബുദ്ധിമുട്ട് കണ്ട് വൈകുന്നേരത്തേക്ക് കൂടി ഒരു മെയിഡിനെ വച്ചാലോയെന്ന് രജത്ത് തനുവിനോട് ചോദിച്ചു.

“പക്ഷേ നമ്മൾ വരുന്ന ടൈം കൃത്യമായി പറയാനാവില്ലല്ലോ. തന്നെയുമല്ല വീടിന്‍റെ താക്കോൽ ഏൽപ്പിക്കുന്നത് അത്ര സേയ്ഫുമല്ല.”

“എന്നാൽ സാരമില്ല. നമുക്ക് രണ്ടുപേർക്കും ചേർന്ന് എന്തെങ്കിലും തയ്യാറാക്കാം.” രജത്ത് അതിനും പരിഹാരം കണ്ടെത്തി. ഇതിനിടെ റിയയും തനുവും വാട്സാപ്പിൽ ചാറ്റ് ചെയ്യുന്നത് തുടർന്നു കൊണ്ടിരുന്നു. തനുവിന്‍റെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ അനുഭവങ്ങൾ കേട്ട് റിയ നെടുവീർപ്പിട്ടു കൊണ്ടിരുന്നു.

തനുവിന്‍റെ വിവാഹം കഴിഞ്ഞിട്ട് 5 മാസങ്ങൾ കടന്നു പോയിരുന്നു. രജത്തിന് കമ്പനി സംബന്ധമായി പരിശീലനത്തിനായി ഒരാഴ്ചത്തേക്ക് സിംഗപ്പൂരിലേക്ക് പോകേണ്ടതായി വന്നു. തനു ഫ്ളാറ്റിൽ തനിച്ചാകുമല്ലോയെന്നോർത്ത് രജത്തിന് ആധി തോന്നി.

“തനിച്ചെങ്ങനെ കഴിയും? നമുക്ക് നാട്ടിൽ നിന്നും അച്‌ഛനേയും അമ്മയേയും വരുത്താം. അവൻ ഇതുവരേയും ഇവിടെ വന്നിട്ടില്ല.” രജത്ത് ഒരു നിർദ്ദേശം മുന്നോട്ട് വച്ചു,

“അയ്യോ സാരമില്ല ഞാൻ തനിച്ചല്ലല്ലോ. റിയയ്ക്ക് ഇവിടെ വരണമെന്ന് വലിയ ആഗ്രഹമുണ്ട്. അവൾ വരികയാണെങ്കിൽ അച്‌ഛനേയും അമ്മയേയും നമുക്ക് പിന്നീട് രജത്ത് മടങ്ങി വന്ന ശേഷം വിളിക്കാം.” തനുവിന്‍റെ തീരുമാനത്തോട് രജത്തും യോജിച്ചു. തന്‍റെ ഇഷ്ടത്തിനനുസരിച്ച് കാര്യം സാധിച്ചെടുത്തതിൽ തനുവിന് സന്തോഷം തോന്നി.

സമയം കിട്ടിയപ്പോൾ തനു ഉടനടി ഫോൺ ചെയ്ത് റിയയെ മുംബൈയിലേക്ക് ക്ഷണിച്ചു.

“നീ വാക്ക് മാറരുത്. വന്നേ പറ്റൂ.”

“ഉറപ്പായും ഞാൻ വരും. എനിക്കും ഈ തിരക്കിൽ നിന്നും ഒന്ന് ഒഴിഞ്ഞു നിൽക്കാമല്ലോ. ഒരാഴ്ച നിന്‍റെ കൂടെ സന്തോഷത്തോടെ കഴിച്ചു കൂട്ടാമല്ലോ.”

രജത്ത് സിംഗപ്പൂരിലേക്ക് യാത്ര പുറപ്പെട്ട അന്ന് വൈകുന്നേരം തന്നെ റിയ മുംബൈയിലെത്തി. ഏറെ നാളിനു ശേഷമുള്ള കൂടിക്കാഴ്ചയായതിനാൽ ഇരുവരും പരസ്പരം കണ്ടയുടനെ ആശേഷിച്ചു.

ഇത്രയും നാളത്തെ ഇടവേളയിൽ സംഭവിച്ച വിശേഷങ്ങൾ ഇരുവരും പങ്കുവച്ചു കൊണ്ടിരുന്നു. എത്ര പറഞ്ഞാലും തീരാത്തത്ര വിശേഷങ്ങളാണ് അവർക്കുണ്ടായിരുന്നത്. രാത്രി ഏറെ കഴിഞ്ഞു അവർ ബന്ധുക്കളെപ്പറ്റിയും കൂട്ടുകാരെപ്പറ്റിയുമുള്ള വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.

പിറ്റേദിവസം തനു ഓഫീസിൽ നിന്നും അവധിയെടുത്തു. ഇരുവരും അന്ന് കുറേ കറങ്ങി നടന്നു. ഉച്ചയ്ക്ക് സിനിമ കണ്ടശേഷം കുറേ ഷോപ്പിംഗും നടത്തി. രാത്രി ഏറെ കഴിഞ്ഞാണ് അവർ ഫ്ളാറ്റിൽ മടങ്ങിയെത്തിയത്. ഏറെ നേരത്തെ ഷോപ്പിംഗും കറക്കവുമൊക്കെയായി റിയയ്ക്ക് സന്തോഷമടക്കാനായില്ല.

“ഹാവൂ… മറ്റൊരു ലോകത്തെത്തിയ പോലെയാ തോന്നുന്നത്. നീ ലക്കി തന്നെ. സ്വസ്ഥമായി കറങ്ങി നടക്കാം. ഇഷ്ടം പോലെ ഷോപ്പിംഗ് ചെയ്യാം. ഇവിടെ നിൽക്കാൻ കൊതിയാവുന്നു.”

“ഹൊ തളർന്നു. ഇനി നമുക്ക് ഉറങ്ങാം. എനിക്ക് നാളെ ഓഫീസിൽ പോകാനുള്ളതാ വൈകുന്നേരം വേഗമെത്താം. രാവിലെ മെയിഡ് വന്ന് ജോലിയൊക്കെ ചെയ്യും.” തനു കൂട്ടുകാരിയോട് ഗുഡ്നൈറ്റ് പറഞ്ഞ ശേഷം കിടന്നു.

പിറ്റേന്ന് അതിരാവിലെ ഉണർന്ന് അത്യാവശ്യം ജോലിയൊക്കെ ചെയ്‌തശേഷം തനു ഓഫീസിലേക്ക് യാത്രയായി. റിയ അപ്പോഴും ഉണർന്നിരുന്നില്ല. 11 മണിയായതോടെ റിയ തനുവിനെ ഫോണിൽ വിളിച്ചു.

“തനു ഗുഡ്മോണിംഗ്. ഞാൻ സുഖമായി ഉറങ്ങി. എഴുന്നേറ്റിട്ട് കുറച്ച് നേരമായി. എത്ര ശാന്തമാണ് നിന്‍റെ വീട്. ശല്യമുണ്ടാക്കുന്ന ഒരു ശബ്ദം പോലുമില്ല.”

അൽപസമയം ഇരുവരും ഫോണിൽ സംസാരിച്ചു. തനു നേരത്തെ തന്നെ റിയ മുംബൈയിൽ വരുന്ന വിവരം അമ്മയെ വിളിച്ചറിയിച്ചിരുന്നു.

“അവളുടെ വീട്ടുകാർ എത്ര നല്ലവരാ. ഒരാഴ്ചക്കാലം കൂട്ടുകാരിക്കൊപ്പം കഴിയാൻ മരുമകളെ അയച്ചത് കണ്ടില്ലേ. എന്നിട്ടും റിയ അവരെ സ്നേഹിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലല്ലോ.” സുധ പരിഹാസ രൂപേണ മറുപടി പറഞ്ഞു.

റിയ കുളി കഴിഞ്ഞ ശേഷം ഭക്ഷണം കഴിച്ചു. ഏറെ നേരം ടിവിയിൽ സിനിമ കണ്ടശേഷം വീണ്ടും ഉറങ്ങി. വൈകുന്നേരമായതോടെ തനു ഓഫീസും കഴിഞ്ഞെത്തി. ഇരുവരും ഒരുമിച്ചിരുന്ന് ചായ കുടിക്കുകയും വിശേഷങ്ങൾ പങ്കു വയ്ക്കുകയും ചെയ്‌തു.

“ഇനി നീ പറയെടീ നിന്‍റെ വിശേഷങ്ങൾ” റിയ തനുവിനോടായി ചോദിച്ചു. “എന്ത് പറയാനാ ഞങ്ങൾ രാവിലെ പോയി രാത്രി മടങ്ങിയെത്തും. ആഴ്ച മുഴുവനും അങ്ങനെയായിരിക്കും. വീക്കെന്‍റിലാ ഒന്ന് റെസ്റ്റ് എടുക്കുക. ഇവിടെയാണെങ്കിൽ ആരും സംസാരിക്കാനുമില്ല. ആരും വരികയുമില്ല.”

“അവിടെയാണെങ്കിൽ വീട്ടിൽ കയറിയാലുടൻ അമ്മായിയമ്മ ചായ, പലഹാരം, രാത്രി ഭക്ഷണം എന്നൊക്കെ ചോദിച്ചു കൊണ്ടിരിക്കും. അതൊക്കെ ഞാൻ എടുത്തു കഴിക്കില്ലേ. അതൊക്കെ കേട്ട് മടുത്തു ഇപ്പോ വന്ന് വന്ന് അല്ലറ ചില്ലറ പ്രശ്നങ്ങളൊക്കെയുണ്ട്.”

തനു അൽപനേരം സ്വന്തം മനോഭാവത്തെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചുമോർത്ത് വ്യസനിച്ചു. അവളുടെ മനസ്സ് ഉദാസീനമായി. റിയ പറഞ്ഞതോർത്തു കൊണ്ട് തനു ഇരുവർക്കുമുള്ള ഡിന്നർ തയ്യാറാക്കി. ഇടയ്ക്കിടെ റിയയുടെ ഫോണിലേക്ക് വിശേഷങ്ങൾ തിരക്കി കൊണ്ട് അവളുടെ ഭർത്താവും അമ്മായിയമ്മയും വിളിച്ചു കൊണ്ടിരുന്നു.

ഉറങ്ങാൻ കിടന്നപ്പോൾ ഇരുവരുടേയും മനസ്സിൽ വ്യത്യസ്തങ്ങളായ ചിന്തകൾ ഉണർന്നു. എത്ര സുന്ദരമായ ജീവിതമാണ് തനുവിന്‍റേതെന്ന് റിയയോർത്തു. സ്വസ്ഥവും ശാന്തവുമായ വീട്. ആരുടേയും ഇടപെടലുകളില്ല. ഇഷ്ടം പോലെ ജീവിക്കാം. എവിടെയെങ്കിലും പോകാം. സ്വന്തമിഷ്ടമനുസരിച്ച് എന്തും ചെയ്യാം. എത്ര സുന്ദരമായ ജീവിതമാണ്. എന്നാൽ തനുവിന്‍റെ മനസ്സിലെ ചിന്തകൾ മറ്റൊരു വിധത്തിലായിരുന്നു.

ഭർതൃവീട്ടുകാർക്കൊപ്പം കഴിയാതെ റിയയ്ക്ക് ഒറ്റയ്ക്ക് താമസിക്കാൻ ചിലപ്പോൾ സന്തോഷം തോന്നിയേക്കാം. പക്ഷേ തനിക്കോ! അതിന് കഴിയില്ല. ഏകാകികളായി ജീവിക്കുന്നതിൽ എന്ത് സന്തോഷമാണുള്ളത്?

ഇവിടെയാണെങ്കിൽ ഞങ്ങൾ രണ്ടുപേരുമൊഴിച്ചാൽ പിന്നെ ഈ ഫ്ളാറ്റിൽ കാണുന്നത് മെയിഡിനെയാണ്. അവർ കൃത്യസമയത്ത് വന്ന് യന്ത്രത്തെപ്പോലെ ഓരോന്നും ചെയ്‌ത് കൃത്യ സമയത്ത് മടങ്ങി പോകും. സ്നേഹത്തോടെയുള്ള ഒരു നോട്ടമോ, ഒരു സ്പർശനമോ വാക്കുകളോ ഇല്ല. എല്ലാവരും കീ കൊടുത്ത യന്ത്രങ്ങളെ പോലെ പാഞ്ഞ് നടന്ന് പകലന്തിയോളം എന്തൊക്കെയോ ചെയ്‌ത് വീടണയുന്നു. ഉറങ്ങുന്നു. പിറ്റേന്നും അതേ ജീവിതം ആവർത്തിക്കുന്നു.

വീട്ടിൽ ഞങ്ങൾ 3 പേർ മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് വലിയൊരു കുടുംബത്തിൽ മരുമകളായി എല്ലാവരുമായി ഹൃദ്യമായ ബന്ധം കാത്തു സൂക്ഷിച്ച് ജീവിക്കാൻ എന്ത് മോഹമായിരുന്നു ആദ്യമെനിക്ക്. ഇവിടെ ഓരോ വീക്കെന്‍റിലും ഏതെങ്കിലും മാളിലോ അല്ലെങ്കിൽ തീയറ്ററിലോ പോയി സിനിമ കണ്ട് സമയം ചെലവഴിക്കും. വീട്ടിലെത്തുമ്പോഴേക്കും മനസ്സും ശരീരവും തളർന്നിരിക്കും. ആരും നമുക്ക് ഇവിടെ സ്വന്തക്കാരായില്ല. ഇത്രയും വലിയ ഒരു നഗരത്തിൽ എന്ത് സന്തോഷമാണ് ലഭിക്കുക. അതിനാണല്ലോ റിയയും കൊതിക്കുന്നത്.

ബന്ധുക്കളുടെയോ സ്വന്തക്കാരുടെയോ സ്നേഹ നിർഭരമായ സാമീപ്യമില്ലാത്ത നിർജ്ജീവമായ ഈ നഗര ജീവിതത്തെ അവൾക്കെങ്ങനെയാണ് ഉൾക്കൊള്ളാനാവുന്നത്. ഉറ്റ സുഹൃത്തുക്കളായ അവർ ജീവിതത്തെക്കുറിച്ച് ഓരോന്നും ചിന്തിച്ചു കൊണ്ടിരുന്നു. പക്ഷെ തനു അന്ന് രാത്രി തന്നെ ഉറച്ച ഒരു തീരുമാനമെടുത്തു. നേരം വെളുത്താലുടൻ രജത്തിന്‍റെ വീട്ടിൽ വിളിച്ച് അമ്മയേയും അച്‌ഛനേയും മുംബൈയിലേക്ക് ക്ഷണിക്കണം. ജീവിതത്തിൽ വീണു കിട്ടുന്ന അസുലഭമായ ആഹ്ലാദ നിമിഷങ്ങൾ ആസ്വദിക്കണം. അവ നഷ്ടപ്പെടുത്തി കൂടാ… പെട്ടെന്ന് അവൾ തിരിഞ്ഞ് കിടന്ന് റിയയെ നോക്കി പുഞ്ചിരിച്ചു.

“എന്താ നീ ആലോചിക്കുന്നത്?” റിയ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

“നിന്നെക്കുറിച്ച്, നീയോ?”

“നിന്നെക്കുറിച്ച്, ഒരേ മറുപടി കേട്ട് ഇരുവരും പൊട്ടിചിരിച്ചു. പക്ഷേ തനുവിന്‍റെ ചിരിയിലുണ്ടായ ആത്മനിർവൃതിയും സന്തോഷവും റിയയ്ക്ക് മനസ്സിലാക്കാൻ പറ്റുന്നതിലപ്പുറമായിരുന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें