“ഹലോ...” അപ്പുറത്ത് കൃഷ്ണമോളുടെ സ്വരം കേട്ടപ്പോൾ ഏറെ ആഹ്ലാദം തോന്നി.
“ഹലോ... കൃഷ്ണമോളെ... മമ്മിയാണ്. നിങ്ങൾ എന്നാണ് ഇങ്ങോട്ടു വരുന്നത്? എനിക്ക് ടുട്ടുമോനേയും നിങ്ങൾ രണ്ടുപേരെയും കാണണമെന്ന് തോന്നുന്നു...”
“എങ്കിൽ മമ്മി ആ വീടു വിറ്റിട്ട് ഇങ്ങോട്ടു പോന്നോളൂ. പക്ഷെ മമ്മി അതു ചെയ്യുകയില്ലെന്ന് എനിക്കറിയാം. കാരണം മമ്മിയ്ക്ക് ആ വീടും സ്വന്തം ജോലിയുമാണ് വലുത്. പപ്പയെപ്പോലെയല്ല നിങ്ങൾ. സ്വാർത്ഥയാണ്. നിങ്ങളുടെ ലവറിനു വേണ്ടി നിങ്ങൾ എന്‍റെ പപ്പയെ കൊന്നതാണോ എന്നുപോലും ഞാനിപ്പോൾ സംശയിക്കുന്നു.”
കൃഷ്ണമോളുടെ വാക്കുകൾ കേട്ട് ഞാൻ നടുങ്ങിത്തെറിച്ചു. എന്താണിവൾ പറയുന്നത്? അവളുടെ പപ്പയെ ഞാൻ കൊന്നതാണെന്നോ? അതും ഫഹദ്സാറിനു വേണ്ടി. ജീവിതത്തിൽ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലാത്ത അല്ലെങ്കിൽ എന്നെക്കൊണ്ട് ചിന്തിക്കാനാവാത്ത ഒരു കാര്യത്തെപ്പറ്റിയാണല്ലോ അവൾ പറയുന്നതെന്നോർത്തു. ജീവിതകാലം മുഴുവൻ എന്നെ പ്രേമം കൊണ്ട് വരിഞ്ഞു മുറുക്കിയ നരേട്ടനെക്കുറിച്ച് എനിക്കങ്ങനെ ചിന്തിക്കാനാവുമോ? എന്തിനു വേണ്ടി ഞാനദ്ദേഹത്തെ കൊല്ലണം?
ഫഹദ്സാർ ഇന്നെവിടെയാണെന്നെനിക്കറിയില്ല. ലോകത്തിന്‍റെ ഏതോ കോണിൽ അജ്ഞാതവാസം നയിക്കുന്ന അദ്ദേഹത്തെ ഞാനെങ്ങനെ കണ്ടെത്താനാണ്? അഥവാ നേരത്തെ കണ്ടെത്തിയിരുന്നെങ്കിൽത്തന്നെ ഫഹദ്സാറിനു വേണ്ടി നരേട്ടനെ കൊല്ലുമായിരുന്നോ? ഒരിക്കലുമില്ല. ഫഹദ്സാറിനെ നേരത്തെ കണ്ടുമുട്ടിയിരുന്നെങ്കിൽ ഞാൻ നരേട്ടന്‍റെ അനുവാദത്തോടു കൂടിത്തന്നെ ഫഹദ്സാറിനോടൊപ്പം ജീവിക്കുമായിരുന്നു. കാരണം എന്‍റെ നരേട്ടൻ അത്ര വിശാല ഹൃദയനാണ്. ഹൃദയം നുറുങ്ങുന്ന വേദനയിലും മറ്റുള്ളവർക്കു വേണ്ടി ത്യാഗങ്ങൾ ചെയ്യാൻ തയ്യാറുള്ള ആൾ...
“എന്താ മമ്മീ... ഒന്നും മിണ്ടാത്തത്? നിങ്ങൾക്ക് ഉത്തരമില്ലേ? അല്ലെങ്കിൽ എന്‍റെ പപ്പ എങ്ങിനെയാണ് മരിച്ചത്? ഞങ്ങൾ അവിടെ നിന്നും പോരുമ്പോൾ പപ്പയ്ക്കു ഒന്നുമില്ലായിരുന്നല്ലോ? അതോ നിങ്ങൾ ഹൃദയ വേദന നൽകി നരകിപ്പിച്ച് അദ്ദേഹത്തെ ഒരു ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയായിരുന്നോ?” ഏതോ പ്രതികാര ദാഹത്തോടെ വീണ്ടും അതേ ചോദ്യം. അവളുടെ ചോദ്യത്തിന് മറുപടിയായി ഉതിർന്നു വീണ വാക്കുകൾക്ക് മൂർച്ച കൂടിയത് ഞാനറിയാതെയാണ്.
“എന്‍റെ രാഹുൽ മോനുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ചോദിക്കുമായിരുന്നില്ല. കൃഷ്ണമോളെ, നീയെന്ന മകൾക്ക് മാത്രമേ ഇത്തരമൊരു ചോദ്യം സ്വന്തം മാതാവിനോട് ചോദിക്കാനാവുകയുള്ളൂ. നിന്‍റെ നാക്കു മാത്രമേ ഇത്തരത്തിലുള്ള പാപ വചനങ്ങൾ ഉരുവിടുകയുള്ളൂ. നിന്‍റെ മമ്മിയെ നീ ഇതുവരെ മനസ്സിലാക്കിയിട്ടില്ലാത്തതു കൊണ്ടാണ് ഇത്തരത്തിൽ പറയുന്നതും, ചിന്തിയ്ക്കുന്നതും. എന്നാലും ഇത്രയും ക്രൂരമായി നിനക്ക് ചിന്തിക്കുവാൻ കഴിയുന്നതെങ്ങിനെയാണ് കൃഷ്ണമോളെ...
നിന്‍റെ മമ്മി അത്രയ്ക്ക് പാപിയാണെന്നാണോ നീ കരുതിയിരിക്കുന്നത്? വിവാഹത്തിനു മുമ്പ് മറ്റൊരാളെ പ്രേമിച്ചു എന്ന കുറ്റം മാത്രമേ മമ്മി ചെയ്തിട്ടുള്ളൂ. ദേവാനന്ദിനെ നീ സ്നേഹിച്ചതു പോലെ പക്ഷെ ദേവാനന്ദിനെ നിനക്കു ഞങ്ങൾ വിവാഹം കഴിച്ചു തന്നു. പക്ഷെ എന്‍റെ പിതാവാകട്ടെ കേവലമൊരു മുസൽമാനാണെന്ന കാരണത്താൽ ഫഹദ്സാറുമായുള്ള എന്‍റെ വിവാഹ ശേഷമുള്ള ബന്ധത്തിന് തടസ്സം നിന്നു. അതാണ് ആ വിവാഹബന്ധം നീണ്ടു നിൽക്കാതിരിക്കാൻ കാരണം. എന്നാൽ നിന്‍റെ പപ്പയെ വിവാഹം കഴിച്ചതോടെ ഞാൻ ഫഹദ്സാറിനെ മിക്കവാറും മറന്നു. അത്രയ്ക്ക് സ്നേഹമാണ്... പ്രേമമാണ്... നിന്‍റെ പപ്പ എനിക്കു നൽകിയത്.”