അദ്ദേഹത്തെ മുഴുമിക്കാൻ സമ്മതിക്കാതെ ഞാൻ പറഞ്ഞു.
അരുത് നരേട്ടാ... ഇനിയും ഇങ്ങനെ പറയരുത്. എനിക്കതു സഹിക്കാനാവുകയില്ല. ഞാൻ ഹൃദയം പൊട്ടി മരിച്ചു പോകും.”
“അരുത് മീരാ... മരണം നിമ്മെ കവർന്നെടുക്കാൻ ഞാൻ ഒരിക്കലും സമ്മതിക്കുകയില്ല. ഇല്ല... ഒരു ദൈവത്തിനും അതാവികയില്ല. കാരണം നീ ഒരു പ്രേമ ദേവതയാണ്. ഞങ്ങളുടെ കാവൽ മാലാഖ. ഹൃദയത്തിൽ പ്രേമം മാത്രം നിറച്ചു വച്ചിട്ടുള്ള ഒരുവളെ സ്പർശിക്കുവാൻ ഒരു ദൈവത്തിനുമാവുകയില്ല.”
അങ്ങനെ പറഞ്ഞ് നരേട്ടൻ എന്നെ വീണ്ടും വീണ്ടും മുറുക്കിക്കൊണ്ടിരുന്നു. സ്‌ഥലകാല ഭേദങ്ങൾ മറന്ന് ശയനമഞ്ചത്തിൽ ഒന്നായിത്തീർന്ന രണ്ട് ആത്മക്കളായിരുന്നു അപ്പോൾ ഞങ്ങൾ. ആർത്തലയ്ക്കുന്ന തിരമാലയിലെന്ന പോലെ പ്രേമത്താൽ സുരഭിലമായ രണ്ടാത്മക്കൾ. അവിടെ പ്രകൃതിയും കാലവും നിമിഷങ്ങളും അസ്തപ്രജ്ഞരായി നിന്നു. ആർത്തലയ്ക്കുന്ന ഹൃദയങ്ങളുടെ നേരിയ മർമ്മരം മാത്രം അപ്പോൾ അവിടെ മുഴങ്ങിക്കൊണ്ടിരുന്നു. ചുംബനങ്ങളുടെ സീൽക്കാരവും.
ഒടുവിൽ സ്ഥലകാല ബോധം വന്നപ്പോൾ ഞാൻ പിടഞ്ഞെണീറ്റു.
“അയ്യോ.... സമയം ഒരുപാടായി നരേട്ടാ... ഇന്ന് കോളേജിലെത്തുമ്പോൾ ഒരു പാടു വൈകും.”
അങ്ങനെ പറഞ്ഞ് വീണ്ടും ഒന്നു കൂടി ഡ്രസ്സു ചെയ്‌ത് ഞാൻ കോളേജിലേയ്ക്കു പുറപ്പെട്ടു. അപ്പോൾ ഹൃദയത്തിൽ ആനന്ദം മാത്രം നിറഞ്ഞു നിന്നു. ഇറങ്ങുവാൻ നേരം നരേട്ടനെ ഞാനോർമിപ്പിച്ചു.
“ആ മരുന്നൊന്നും കഴിക്കാൻ മറക്കരുതേ നരേട്ടാ... പിന്നെ ഉച്ചയ്ക്ക് കഴിയ്ക്കാനുള്ള ആഹാരവും മേശപ്പുറത്ത് അടച്ചു വച്ചിട്ടുണ്ട്.”
ഇറങ്ങാൻ നേരം ഒരിക്കൽ കൂടി എന്നെ വലിച്ചടുപ്പിച്ച് ചുംബിക്കുമ്പോൾ നരേട്ടൻ പറഞ്ഞു.
“ഏറെ വൈകണ്ട... നീ വരുന്നതും നോക്കി കാത്തിരിക്കുന്ന ഒരുത്തൻ ഇവിടെയുണ്ടെന്ന് എപ്പോഴും ഓർമ്മിച്ചോളൂ.” എന്നെ വേർപെടാൻ മടിക്കുന്ന ആ കൈകൾ വിടർത്തി കൊണ്ട് ഞാൻ പറഞ്ഞു.
“ശരി നരേട്ടാ... ഞാൻ കഴിയുന്നത്ര വേഗം വരാൻ നോക്കാം...”
അങ്ങിനെ പറഞ്ഞ് പടിയ്ക്കൽ നിന്നിരുന്ന സെക്യൂരിറ്റി രാം ദേവിന്‍റെ അടുത്തെത്തി പറഞ്ഞു.
“അദ്ദേഹം ഒറ്റയ്ക്കേ ഉള്ളൂ... സുഖമില്ലാത്ത ആളാണ്. ഒന്നു ശ്രദ്ധിച്ചു കൊള്ളണം.”
അടുത്ത നാളിൽ പുതുതായി വന്നെത്തിയ രാമേട്ടൻ എന്ന് ഞങ്ങൾ വിളിക്കുന്ന സെക്യൂരിറ്റിയോട് ഹിന്ദിയിൽ അങ്ങിനെ പറഞ്ഞ ശേഷം തിരിഞ്ഞു നോക്കുമ്പോൾ നരേട്ടൻ എന്‍റെ നേരേ കൈവീശുന്നുണ്ടായിരുന്നു. അപ്പോൾ അദ്ദേഹം ഇന്നലെ കണ്ട മനുഷ്യനേ അല്ലായിരുന്നു. ഊർജ്‌ജസ്വലത തികഞ്ഞ ഒരു പുതിയ മനുഷ്യൻ. ആ മനസ്സിൽ അപ്പോൾ നിറഞ്ഞു നിന്നത് എന്നോടുള്ള പ്രേമം മാത്രമാണ്. അല്ലെങ്കിൽ തന്നെ സ്നേഹിക്കാൻ മാത്രമറിയുന്ന നരേട്ടന്‍റെ ഉള്ളിൽ എല്ലായ്പ്പോഴും അതല്ലാതെ മറ്റെന്താണുണ്ടാവുക...
ഞാനൊരു വിഡ്ഢിയാണല്ലോ എന്ന് സ്വയം പഴിച്ചു കൊണ്ട് വേഗത്തിൽ നടന്നു നീങ്ങി. കാർഷെഡിൽ നിന്നും കാർ റിവേഴ്സ് എടുത്ത് നേരെയാക്കിയ ശേഷം നിരത്തിലേയ്ക്ക് ഓടിച്ചു പോകാൻ തുടങ്ങുമ്പോൾ ഒരിക്കൽ കൂടി നരേട്ടനെ തിരിഞ്ഞു നോക്കി. പ്രേമം തുളുമ്പുന്ന കണ്ണുകളുമായി അദ്ദേഹം എന്നെത്തന്നെ നോക്കി നിൽക്കുന്നു. പക്ഷെ ആ കണ്ടുമുട്ടൽ... കണ്ണുകളുടെ ആ ഏറ്റുമുട്ടൽ... അതവാസത്തേതായിരുന്നുവെന്ന് ഞാനന്നറിഞ്ഞില്ല. പിന്നീടൊരിക്കലും അദ്ദേഹം എന്‍റേതാവുകയില്ലെന്നും.