മുരളിധരൻ എന്ന ഈ ഞാൻ ഈയിടയായി തീർത്തും ഖിന്നനാണ്. അതിന്‍റെ പ്രധാന കാരണം നല്ലൊരു വിവാഹബന്ധം ഒത്തുവരുന്നില്ല എന്നതാണ്. ഇക്കാലത്തിനിടക്ക് നാട്ടിലും മറുനാട്ടിലുമായി എത്രയോ പെണ്ണുകാണലിനു പോയി. ഇതു വരെ കാണാൻ പോയ പെൺകുട്ടികളുടെ കണക്കെടുത്താൽ തല ചുറ്റും. എന്നാൽ ഒന്നും തന്നെ വിവാഹമെന്ന മംഗളകർമ്മത്തിലേക്കെത്തിയില്ല. വെറുതെ ഒന്നു വീടിനു പുറത്തിറങ്ങിയാൽ മതി സൗന്ദര്യവും കുലീനതയുമുള്ള എത്രയോ പെൺകുട്ടികളെ കാണാറുണ്ട്. എന്നാൽ ഒന്നു പെണ്ണുകാണാൻ പോയാലോ! നിരാശ മാത്രമായിരിക്കും ഫലം.
എന്തു കൊണ്ടു തനിക്കിങ്ങനെ സംഭവിക്കുന്നു എന്ന് മാത്രം പിടി കിട്ടുന്നില്ല. എന്തിനേറെ പറയുന്നു മനസ്സിനു മടുപ്പും നിരാശയും ബാധിച്ചു തുടങ്ങി. ചിലപ്പോൾ ചിന്തിക്കാറുണ്ട് തനിക്ക് ഒരു പെണ്ണു കിട്ടാതിരിക്കാൻ മാത്രം എന്താണ് ഒരു കുറവെന്ന്? ഞാൻ സൽസ്വഭാവിയും നല്ല തറവാട്ടു കാരനുമാണ്. നല്ല സാമ്പത്തിക ശേഷിയുണ്ട്. ഏറെക്കാലം അധ്യാപികയായി, പിന്നീട് പ്രിൻസിപ്പാളായി വിരമിച്ച ഭവാനി ടീച്ചറുടെ ഏകമകൻ എഞ്ചിനീയർ മുരളി തികഞ്ഞ മര്യാദക്കാരനാണെന്ന് നാട്ടുകാർ അംഗീകരിച്ചതാണ്.
നാട്ടിലെ അറിയപ്പെടുന്ന എഞ്ചിനീയറാണ് ഞാൻ. സമയബന്ധിതമായി വൃത്തിയായി സിവിൽ ജോലികൾ ചെയ്തു കൊടുക്കും. ആർക്കും ഇന്നുവരെ ഒരു പരാതി പറയാൻ ഇട നല്കിയിട്ടില്ല. നാട്ടുകാരുടെ പ്രശ്നങ്ങളിലിടപെടാനും പരിഹാരം കാണുവാനും മുന്നിൽ തന്നെ കാണും. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. നാട്ടിൽ ജനങ്ങൾക്ക് ഉപകാരമായ എത്രയോ പരിപാടികൾ ഞാൻ മുൻകൈ എടുത്തു നടത്തിയിട്ടുണ്ട്.
പിന്നെ വ്യക്തിപരമായി പറയുകയാണെങ്കിൽ സിഗററ്റ് ,മദ്യപാനം തുടങ്ങിയ യാതൊരു വിധ ദുശ്ശീലങ്ങളൊന്നുമില്ല. നല്ല തൂവെള്ള നിറമുണ്ട്. സിനിമാ താരത്തിന്‍റെ ഒരു ഗരിമയും ഗാംഭീര്യവും ഉണ്ട്. സിനിമയിൽ ഒന്ന് ഭാഗ്യം പരീക്ഷിക്കരുതോ? എന്ന് നമ്മുടെ സുഹൃത്തുക്കൾ പറയുന്നത് ചിരിച്ചു കൊണ്ട് ആസ്വദിക്കാറുണ്ട്. എനിക്കും ഒന്നു ശ്രമിച്ചാലെന്തെന്ന് തോന്നാറുമുണ്ട്. പിന്നെ എവിടെയാണ് കുഴപ്പം?
ജാതകത്തിന്‍റെ പ്രശ്നങ്ങളൊന്നുമില്ല. എല്ലാ ഗ്രഹങ്ങളും സർവ്വ ഐശ്വര്യങ്ങളും നല്കിക്കൊണ്ട്, യാതൊരു ദോഷവും കാണിക്കാതെ തനിക്കനുകൂലമായിത്തന്നെ നിൽപ്പുണ്ട് പണ്ട് ഒപ്പം പഠിച്ചവർ മിക്കവരും വിവാഹം കഴിച്ച് സ്വസ്ഥമായ കുടുംബ ജീവിതം നയിക്കുന്നു. പഠന കാലത്തെ കാമ്പസ് ഹീറോയും പെൺകുട്ടികളുടെ കണ്ണിലുണ്ണിയുമായിരുന്ന താൻ ഇപ്പോഴും ഒരു കുടുംബ ജീവിതമാകാതെ നടക്കുന്നു.
ഇടക്ക് ചിന്തിക്കാറുണ്ട്. പഠിക്കുന്ന കാലത്ത് എന്തുമാത്രം സുന്ദരികൾ കാമ്പസിലുണ്ടായിരുന്നു. അവരുടെ പ്രണയം വഴിഞ്ഞൊഴുകുന്ന മിഴിമുനകൾ എത്രയോ തവണ തന്നെത്തേടി വന്നിരുന്നു! എന്തുകൊണ്ടോ അത്തരം മിഴിമുനകളുടെ മുനയൊടിക്കുകയാണ് താൻ ചെയ്തത്. താൻ വലിയ ആദർശവാനായിരുന്നു.
പ്രേമിച്ച് വിവാഹം കഴിക്കലൊന്നും ശരിയല്ല എന്നായിരുന്നു ധാരണ . നാട്ടുനടപ്പനുസരിച്ച് പെണ്ണുകണ്ട് കുടുംബാഗങ്ങൾക്കൊക്കെ ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുന്നതാണ് നല്ലത് എന്നായിരുന്നു വിവാഹവുമായി ബന്ധപ്പെട്ട അന്നത്തെ ചിന്തകൾ. ചിലപ്പോൾ പ്രണയ വിവാഹം നമുക്കു വേണ്ടപ്പെട്ടവരുടെ മനസ്സു വേദനിപ്പിക്കും എന്നാണ് ചെറുപ്പം മുതലേ മനസ്സിൽ വേരൂന്നിയ മുൻവിധി. അതു കൊണ്ട് പ്രണയ വിവാഹമേ വേണ്ടെന്നു നിശ്ചയിച്ചു. അതു കൊണ്ട് മനസ്സ് പ്രലോഭനങ്ങളിൽ കൈവിട്ട് പോകാതെ നല്ല പോലെ പഠിച്ചു. ഉന്നത വിജയം നേടി. മികച്ച ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിയും നേടി.